Thursday, November 24, 2016

ആ മൺസൂൺ രാത്രിയിൽ - വായനാനുഭവം

വായനയുടെ പശ്ചാത്തലം 

ഒരു ഇടവേളക്ക് ശേഷമാണ്  മലയാള കുറ്റാന്വേഷക കഥ വായിക്കുന്നത്. ലോകത്തെ മുഴുവൻ അക്ഷരങ്ങളുടെ ലോകത്തേക്ക് മാടിവിളിക്കുന്ന ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ പ്രവാസ എഴുത്തുകാരനായ പോൾ സെബാസ്റ്റിനിൽ നിന്നുതന്നെ ബുക്ക് വാങ്ങിയപ്പോൾ തീരുമാനിച്ചു; എടുത്ത ഒരുഡസനിൽ പരം ബുക്കുകളിൽ ആദ്യം വായിക്കുക 'ആ മൺസൂൺ രാത്രിയിൽ' തന്നെ. അതിന് പ്രേരകമായത് വേറെന്നുമല്ല-ചെറുപ്പം മുതലേ സസ്പെൻസ് കഥകളോടും, ത്രില്ലറുകളോടും ഉള്ള അടങ്ങാത്ത അഭിനിവേശം.

നോവൽ

കുഴിമറ്റം ഗ്രാമത്തിൽ ഒന്നിനൊന്നായി അരങ്ങേറുന്ന കൊലപാതക പരമ്പരകൾ. അതന്വേഷിക്കുന്ന നായികയും, അവളെ ചുറ്റിപ്പറ്റി ഉള്ള മറ്റു കഥാപാത്രങ്ങളും.

ദീപ. അതാണ് നായിക. ഈ കഥയെ മറ്റുള്ള കുറ്റാന്വേഷണ കഥകളിൽ നിന്നും വ്യത്യസ്തമാക്കുന്നതും നായിക തന്നെയാണ്.  ദീപ ഒരു പ്രൊഫഷണൽ കുറ്റാന്വേഷകയോ, സർക്കാർ ഉദ്യോഗസ്ഥയോ അല്ല. മന്ത്രവാദത്തിൻറെ ലോകത്ത് സഞ്ചരിക്കുന്നെണ്ടെകിലും മന്ത്രവാദി അല്ല. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം, ആത്മമിത്രം ശോഭയുടെ അസ്വാഭാവിക മരണം നൽകുന്ന സംശയങ്ങളും  ചോദ്യചിന്ഹങ്ങളും ദീപയെ മനസ്സാന്നിദ്ധ്യം ഉള്ള ഒരു കുറ്റാന്വേഷക ആക്കുന്നു. പെരുമഴയുള്ള ഒരു രാത്രിയിൽ, തൻറെ വീട്ടിൽ പാതിരാത്രിയിൽ ശോഭയുടെ പ്രേതത്തെ സെമിത്തേരിയിൽ കണ്ട് , നായ്ക്കളാൽ കടിയേറ്റ്, ചോരയൊലിപ്പിച്ച് കയറിവരുന്ന രാജൻ എന്ന ഗ്രാമത്തിലെ കള്ളന് സംഭവിക്കുന്ന  ഭീതിജനകമായ  അവസ്ഥ ദീപയെ അന്വേഷണത്തിന്റെ പാതയിലേക്ക് നയിക്കുന്നു.  ഒന്നിനൊന്ന് അഴിക്കാൻ പ്രയാസമേറിയ പ്രശ്നങ്ങളിലേക്ക് ദീപ എത്തിച്ചേരുന്നു. ദീപയ്ക്ക് ആകെ കൈമുതൽ ധൈര്യവും, കൂർമ്മബുദ്ധിയും, ഭട്ടതിരിയിൽ നിന്നും  ശവേലച്ചനിൽനിന്നും കിട്ടുന്ന അറിവും ആണ്. മന്ത്രവും, തന്ത്രവും, ഹിപ്നോട്ടിസവും കൂടിക്കുഴഞ്ഞുള്ള കഥയുടെ പോക്ക്.  വായനക്കാരനെ പിടിച്ചിരുത്തുന്ന രംഗങ്ങൾ.

ദീപ ശവേലച്ചൻ, ഭട്ടതിരി, ദീപയുടെ ഉറ്റമിത്രം ശോഭ, ഇൻസ്‌പെക്ടർ സോജൻ, സീനത്ത്, സീനത്തിന്റെ കാമുകൻ ഗിരീഷ്, ഫ്രാങ്കോ, കള്ളൻ രാജൻ ഇതിലൊക്കെ ഉപരി ഇരുട്ടിലെവിടെയോ ഇരുന്ന് കരുക്കൾ നീക്കുന്ന വില്ലൻ. കഥാപാത്രങ്ങൾ എല്ലാം നോവലിൽ ഒന്നിനൊന്ന് പ്രാധാന്യം ഉള്ളവരാണ്. എല്ലാവരെയും തമ്മിൽ തമ്മിൽ ബന്ധിപ്പിക്കുന്ന കഥയുടെ രസച്ചരട് എഴുത്തുകാരൻ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

നോവലിൻറെ തുടക്കവും, ഒടുക്കവും അത്യന്തം സസ്പെൻസ് നിറയ്ക്കുവാൻ പോൾ സെബാസ്റ്യൻ ശ്രമിച്ചിട്ടുണ്ട്. പേജുകൾ നമ്മുടെ കയ്യിൽ മറിയുന്നത് നാം അറിയില്ല.  ആദ്യ ഇരുപത്തഞ്ച് ശതമാനവും, അവസാന അമ്പത് ശതമാനവും വായനക്കാരെ ആകാംഷയുടെ ലോകത്തേക്ക് കഥാകാരൻ കൊണ്ടുപോകുന്നു. വലിയ ഏച്ചുകെട്ടലുകൾ ഇല്ലാതെ കഥ പറഞ്ഞുപോകുന്ന രീതിയാണ് എഴുത്തുകാരൻ അനുവർത്തിച്ചിട്ടുള്ളത്.അതിനാൽ തന്നെ അമ്പതിനാല് ചെറിയ അധ്യായങ്ങളിൽ കഥ പറഞ്ഞു തീർക്കുന്നു. പോൾ സെബാസ്റ്യന്റെ ലളിതമായ, ഗ്രാമീണ ഗന്ധമുള്ള എഴുത്ത് ഏതുതരം വായനക്കാരെയും ആകർഷിക്കുന്നതാണ്.

കാകദൃഷ്ടി

നോവലിൻറെ മധ്യത്തിലുള്ള ഇരുപത്തിയഞ്ച് ശതമാനം ബാക്കി ഭാഗങ്ങളുടെപോലെ ആകർഷണീയമല്ല. വളരെ കഷ്ടപ്പെട്ട് ദീപ ശവേലച്ചനിൽ നിന്നും, ഭട്ടതിരിപ്പാടിൽ നിന്നും പഠിക്കുന്നതൊന്നും ഉപയോഗിക്കുന്നതായി കാണുന്നുമില്ല (ചെറിയ ഹിപ്നോട്ടിസം ഒഴിച്ചാൽ). ഒരുപക്ഷെ അടുത്ത കഥകളിൽ അവ ഉപയോഗിക്കാനുള്ള വകയായിരിക്കാം. ദീപയുടെ ഭാഷയിൽ പറഞ്ഞാൽ "കണ്ണാടിയിൽ കാണുന്ന മുഖം കാണാൻ കൈ കണ്ണാടിയാക്കരുത്"

പല അദ്ധ്യായങ്ങളും സസ്പെൻസ് നിലനിർത്തി ഇത്തിരികൂടി മിനുസപ്പെടുത്തി വലുതാക്കിയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി.  അങ്ങെനെയെങ്കിൽ കുറേക്കൂടി ആകർഷണീയത കൈവരികയും, എഴുത്തുകാരന് കുറേക്കൂടി സ്വാതന്ത്ര്യം കിട്ടുകയും ചെയ്യുമായിരുന്നു. ചില രംഗങ്ങൾ പെട്ടെന്ന് തുടങ്ങി അവസാനിക്കുന്ന പോലെ.

സംഗ്രഹം 

വായന തുടങ്ങി അമ്പതിനാലാമത്തെ അദ്ധ്യായത്തിൽ എത്തിച്ചേരാൻ അധികം സമയം എടുത്തെന്ന് വായനക്കാരന് തോന്നാത്ത എഴുത്ത്. അവസാന അധ്യായങ്ങൾ എല്ലാം ആകാംഷയുടെ പരകോടിയിലൂടെ വായനക്കാരനെ നടത്തിക്കുന്നു. കൗതുകത്തിന് തിരയിളക്കം നൽകി കഥ കഴിഞ്ഞാലും ദീപയുടെ ലോകത്തുനിന്ന് നമ്മൾ ഉടനെ വിമോചിതരാവില്ല. എന്തൊക്കെയോ മനസ്സിൽ പറയാനും, ചിന്തിക്കാനും ബാക്കി.

കൺസ്യൂമർ

മുടക്കുന്ന പൈസ തിരികെത്തരുന്ന വായനാനുഭവം. മറ്റുള്ള  പ്രവാസ എഴുത്തുകാരിൽ നിന്നും വ്യത്യസ്തമായ എഴുത്താണ് പോൾ സെബാസ്റ്യൻ അവലംബിച്ചിരിക്കുന്നത്. കുഴിമറ്റം ഗ്രാമവും, നാട്ടുകാരും ഒക്കെ ചേർന്ന് ഒരു ചലച്ചിത്രം പോലെ കഥ മുന്നിൽ ആടിത്തീരുന്നു. ഒറ്റയിരിപ്പിനു വായിച്ചുതീർക്കാൻ ഇഷ്ടപെടുന്ന നോവലാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ 'ആ മൺസൂൺ രാത്രിയിൽ' നിങ്ങളെ നിരാശപ്പെടുത്തില്ല.

----------------------------------------------------------
പുസ്തകം: ആ മൺസൂൺ രാത്രിയിൽ
രചന: പോൾ സെബാസ്റ്യൻ
പ്രസാധകർ: കറന്റ് ബുക്ക്സ് ത്യശൂർ
പേജ് : 186
വില : 160 രൂപ 

Sunday, November 20, 2016

പ്രവാസത്തിലെ മഞ്ഞുത്തുള്ളികൾ 1-4

04 ) കറക്കികുത്തിക്കിട്ടിയ പ്രവാസം 

ജനിച്ച് വളർന്ന,  പാതയടികൾ പതിഞ്ഞു കിടക്കുന്ന സ്വന്തം മണ്ണിൽ നിന്നും പ്രവാസത്തിലേക്ക്  പാദമൂന്നുന്നതിന് ഓരോരുത്തർക്കും ഓരോ കഥയുണ്ടാകും. എനിക്കുമുണ്ട് ഒരു കഥ.

ബോംബജീവിതത്തിനിടെ പത്രത്തിലെ 'തൊഴിലവസരങ്ങൾ' എന്ന കോളത്തിൽ  പരസ്യം കണ്ട് ഒരിക്കൽപോലും പോയിട്ടില്ലാത്ത കർണ്ണാക് ബന്ധറിലേക്ക് ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുകയാണ് ഞാൻ. രണ്ട് പേജുള്ള ബയോഡേറ്റയും, പത്താം ക്ലാസ്സുമുതൽ പിജി വരെയുള്ള സർട്ടിഫിക്കറ്റുകളും നിറഞ്ഞ ഫയലും മുറുക്കെപ്പിടിച്ച്  ഇരിക്കുമ്പോൾ ഒരുപാട് ചിന്തകൾ മനസ്സിൽ കയറിവന്നു.  കറുപ്പും, വെളുപ്പും എരിവും പുളിയും, പണക്കിലുക്കവും ഒക്കെ ഉയർന്നു താണ ചിന്തകൾ.

ഗൾഫിൽ പോകരുത്. തലയ്ക്ക് മേൽ ജീവനുണ്ടെങ്കിൽ..... നാട്ടിൽ പഠിച്ച്, നാടിനോട് കൂറുകാണിച്ച്, പി.എസ്.സി. ടെസ്റ്റും എഴുതി ഏതെങ്കിലും സർക്കാരാപ്പീസിൽ കയറിപ്പറ്റുകയോ, ബിഎഡ് എടുത്ത് വാധ്യാരാകുകയോ ചെയ്യണം എന്നതായിരുന്നു സ്വപ്നം.  ബിരുദം കടന്നപ്പോൾ തിളയ്ക്കുന്ന ഞരമ്പിലെ ചോര ശരീരത്തിലെ ഓരോ കോശങ്ങളോടും പറഞ്ഞതും അതുമാത്രമായിരുന്നു.  എന്നാൽ എന്നെ ഗൾഫ് ജീവിതത്തിൽ നിന്നും വിലക്കിയിരുന്നത് ഈ സ്വദേശി പ്രേമം മാത്രമായിരുന്നില്ല. ചെറുപ്പം മുതൽ കൺമുമ്പിൽ കണ്ടുവന്ന കാഴ്ചകൾ അതിന് വളവും നൽകി.

സ്‌കൂൾകാലം മുതൽ ഞാൻ കാണുന്നത് പരദേശിയായി പാർത്ത്, രണ്ടുവർഷമോ അതിൽ കൂടുതലോ കാലം ഗൾഫിൽ ജോലിചെയ്ത് ഒന്നോ രണ്ടോ മാസം അനുവദിച്ചുകിട്ടുന്ന പരോൾ പോലെ നാട്ടിൽ വന്നു തിരികെ പോകുന്ന എൻറെ മൂത്ത ജേഷ്ഠന്മാരെയാണ്.  വീട്ടിലെങ്ങും ഉത്സവപ്രതീതി വിതറി അവർ വരും. ഫോറിൻ ഗന്ധം, ഫോറിൻ മധുരം, ടേപ് റിക്കാർഡർ, ഓഡിയോ കാസറ്റുകൾ  എന്നുവേണ്ട  പേന പെൻസിൽ തുടങ്ങി ഉടുവസ്ത്രം വരെ നിറയുന്ന ഫോറിൻ ദിനങ്ങൾ. ആ ദിവസങ്ങളിൽ വീടുവിട്ട് സ്‌കൂളിൽ പോകാൻ മടിയായിരുന്നെങ്കിലും, പുതിയ ഉടുപ്പ്, ഹീറോ പെന്നിൽ തുടങ്ങി പലതരം പേനകൾ , കളർ പെൻസിലുകൾ, ഒക്സ്ഫോർഡിന്റെ സ്റ്റീൽ നിറമുള്ള ഇൻസ്ട്രമെന്റ് ബോക്സ്, ഹാപ്പി ടീഷർട്  ഒക്കെ കൂട്ടുകാരെ കാണിക്കാനുള്ള വിരുത് കാരണം തുള്ളിച്ചാടി തന്നെ സ്‌കൂളിലേക്കോടും. എന്നാൽ ഒന്നോ രണ്ടോ മാസങ്ങൾക്കു ശേഷം ഈ പുതുമ മങ്ങി മാഞ്ഞുപോകും. കരഞ്ഞുകലങ്ങിയ കണ്ണുകളും, തുടിക്കുന്ന മനസ്സുമായി നിൽക്കുന്ന ജേഷ്ഠൻമാരുടെഭാര്യമാരുടെയും എൻറെ വീട്ടുകാരുടെയും ചിത്രം വേദനയുടെ പുഴുക്കുത്തുകൾ മനസ്സിൽ സമ്മാനിച്ചുകൊണ്ടിരുന്നു. കാത്തിരിപ്പിൻറെ അടുത്ത രണ്ട് വർഷം വീട്ടുപടിക്കൽ ബാക്കി നിർത്തി, ഭാര്യമാരെയും, കുട്ടികളെയും, സഹോദരങ്ങളെയും വിട്ടകന്ന് പോകുന്ന ആ കാഴ്ച... ഒരംബാസിഡർ കാറും, എയർപോർട്ടും പറന്നുയരുന്ന വിമാനവും ഓർമ്മയിൽ ബാക്കിനിർത്തിപ്പോകുന്ന പ്രവാസം. വീണ്ടും രണ്ടുവർഷം കഴിഞ്ഞ് എയർപോർട്ടിലെ 'ആഗമനം' ബോർഡിനടുത്ത് കാത്തു, കാത്ത് നിൽക്കുന്നതോ, കാറിൻറെ ഹോണടി വീട്ടുപടിക്കൽ മുഴങ്ങുന്നതോ ഒക്കെ ചിന്തയിൽ നിറച്ച് പോകുന്ന പ്രയാസം. ഫോണോ, മൊബൈലോ, ഇന്റെർനെറ്റൊ ഒന്നും വീട്ടുപടിക്കൽ കാലുകുത്താത്ത കാലത്ത് മനോഹരമായ ബോർഡറും പിങ്കും, ഇളം പച്ചയും, നീലയും നിറത്തിൽ അറബിനാടിന്റെ മണവുമായി എത്തുന്ന എയർമെയിലുകൾക്കുള്ളിൽ ജീവൻ തുടിക്കുന്ന, പിടയ്ക്കുന്ന അക്ഷരമുത്തുകൾ മാത്രം ബാക്കിയാക്കി പോകുന്ന പോക്ക്.  മെഴുകുതിരിപോലെ ഉരുകിത്തീരുന്ന ജീവിതം. ഈ വിരഹവും, വേദനയും ഒക്കെ എത്രമാത്രം മനസ്സിൽ പതിഞ്ഞുപോയോ അത്രമാത്രം ഗൾഫുജീവിതത്തോട് വെറുപ്പും നിറഞ്ഞുനിറഞ്ഞുവന്നു. പ്രവാസി എന്നും സ്വന്തം വീട്ടിൽ, അവൻറെ നാട്ടിൽ വിരുന്നുകാരൻമാത്രമാണ്. ഒരു പ്രവാസത്തിൽ നിന്നും വന്ന് അടുത്ത പ്രവാസത്തിലേക്ക് ഊളിയിടുന്നവൻ.

പാസ്സ്‌പോർട്ട് എടുക്കുവാൻ പ്രായമായാൽ അന്നുമുതൽ തന്നെ ചെറുപ്പക്കാർ ഗൾഫ് ജീവിതം സ്വപ്നം കണ്ടു നടക്കുന്ന മധ്യതിരുവതാംകൂറുകാരനാണ് ഞാനും. പക്ഷേ ഉള്ളിന്റെയുള്ളിൽ ഞാൻ സ്വയം മന്ത്രിച്ചുകൊണ്ടിരുന്നു- 'ഗൾഫിൽ പോകരുത്'

ബിരുദവും ബിരുദാനന്തര ബിരുദവും ഒക്കെ കരസ്ഥമാക്കി,  കമ്പനികൾ ജോലിക്കായി വിളിച്ചുകൊണ്ടു പോകും എന്ന മലർപൊടിക്കാരന്റെ സ്വപ്നത്തിൻറെ കാലയളവ് കഴിഞ്ഞപ്പോൾ ബോംബെയിലേക്ക് ചേക്കേറി. പി.എസ്.സി പരീക്ഷകളും, അപേക്ഷകളും ഒക്കെ നിറഞ്ഞു നിന്ന ആ കാലത്ത് ഞാനും ഒരു ലുങ്കിവാല അല്ലെങ്കിൽ മദ്രാസിയായി.

കല്യാണം. കടമുറ്റത്തച്ചൻ യക്ഷിയുടെ തലയിൽ ചുണ്ണാമ്പ് പുരട്ടിയ ആണിയടിച്ചുകയറ്റിയ പോലെ ഒരു ബന്ധനം. അതുവരെ ഓടിച്ചാടി നടന്നവനെ പിടിച്ചു 'കെട്ടി'യിട്ടു (കല്യാണത്തിന് 'കെട്ടുക' എന്നും ഞങ്ങളുടെ നാട്ടിൽ പറയും). ഭാര്യയുടെ കരവലയത്തിലെ 'ബന്ധനം, ബന്ധനം തന്നെ പാരിൽ' ആയി ഹണിമൂൺ. അപ്പോളാണ് ചില സീരിയസ്സ് ചിന്തകൾ സുനാമിതിരമാലകൾ പോലെ വന്നടിച്ചുകേറിയത്. ഒരു പെണ്ണിനെ പോറ്റാൻ, ഒരു കുഞ്ഞിനെ വളർത്താൻ, വീടുവയ്ക്കാൻ ഒക്കെപണം വേണം. ഇത്തിരി അല്ല ഒത്തിരി. കയ്യിൽ അതുവരെ കൂട്ടിവച്ചിരുന്ന പണം ഡ്രയിനേജിലൂടെ ഒലിച്ചുപോകും പോലെ കയ്യിൽ നിന്നും ഒലിച്ചുപോയി.

മുന്നിൽ ആവശ്യങ്ങളുടെ നിര ഒന്നൊന്നായി നീണ്ടപ്പോൾ എന്നിലെ സ്വദേശാഭിമാനി മാറിചിന്തിക്കാൻ തുടങ്ങി. ആവശ്യം സൃഷ്ടിയുടെ മാതാവ്. നാട്ടിലെ പി.എസ്.സി ക്ക്, സ്വകാര്യസ്ഥാപങ്ങങ്ങൾക്ക് ഒന്നും എൻറെ 'സർവീസ്' വേണ്ടാ.  പാഴ്ക്കടലാസുപോലെ കയ്യിലിരിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്കുലിസ്റ്റുകൾ, ബയോഡേറ്റ എല്ലാം എന്നെ നോക്കിപല്ലിളിക്കുന്നു. അങ്ങിനെ മറ്റെല്ലാ വാതിലും അടഞ്ഞപ്പോൾ ഏറെ ആലോചനയ്ക്ക് ശേഷം ഞാൻ അതങ്ങു തീരുമാനിച്ചു-ഗൾഫിലേക്ക് പോവുക.  ജീവിതസഖിയാകട്ടെ അതിന് ഇത്തിരി ഫാക്ടൻഫോസും വെള്ളവും കോരി പരിപോഷിപ്പിക്കുകയും ചെയ്തു.

കർണാക് ബന്ദറിലെ 'ജസീന മറൈൻ സർവീസ്' എന്ന ട്രാവൽ ഏജൻസിയിയുടെ പടികൾ കയറും വരെ ഇങ്ങിനെ വിവിധ ചിന്തകൾ എന്നെ മദിച്ചുകൊണ്ടിരുന്നു. റിസപ്‌ഷനിൽ നിന്നും ഒരു ഫോം പൂരിപ്പിക്കാൻ തന്നു. അതിനുശേഷം  ബാബു എന്നെ അകത്തെ മുറിയിൽ ഒരു കമ്പൂട്ടറിന്റെ മുമ്പിലേക്ക് കൊണ്ടുപോയി. എനിക്കപ്പോൾ അതുഭുതം തോന്നി. ഞാൻമാത്രമേ ഇന്റർവ്യൂ-ടെസ്റിനുള്ളോ?  അത് ഞാൻ ബാബുവിനോട് ചോദിച്ചപ്പോളാണറിയുന്നത്  കഴിഞ്ഞകുറെ ദിവസങ്ങളായി  നൂറിലധികം ഉദ്യോഗാർത്ഥികൾ വന്നുപോയി എന്ന്!  എക്സലിലും, വേർഡിലും ഉള്ള ടെസ്റ്റ് കഴിഞ്ഞപ്പോൾ  റിസപ്‌ഷനടുത്തുള്ള കസേര ചൂണ്ടിക്കാട്ടി എന്നോട് അവിടെ വെയ്റ്റ് ചെയ്യാൻ അയാൾ പറഞ്ഞു.  ഇന്റർവ്യൂ ചെയ്യാൻ ജസീനമറൈൻ ഉടമ ചാക്കോസാർ വരണം. ഞാൻ അവിടെ കാത്തിരുന്നു. മണിക്കൂറുകളോളം.  ആ ഇരുപ്പ് മടുപ്പ് തോന്നിയെങ്കിലും പ്രവാസജീവിതത്തിൽ ഏറ്റവും വേണ്ടത് ക്ഷമയും, സഹനവും ആണെന്ന ബോധം എന്നെ നിശ്ശബ്ദനാക്കി.

അവസാനം ചാക്കോസാർ വന്നു. ബാബു കുറെ ഫയലുകളും താങ്ങിയെടുത്ത് അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് കയറി. വീണ്ടും കാത്തിരിപ്പ്. ആളുകൾ വരുന്നു, പോകുന്നു. "ഇപ്പൊ വിളിക്കും ട്ടോ" എന്ന ബാബുവിന്റെ ഇടക്കിടെയുള്ള ഉറപ്പ് താലോലിച്ച് ഞാൻ ഇരുന്നു. ഞാൻ വാച്ചിൽ നോക്കി. രാവിലെ പത്തുമണിമുതൽ ഇരുപതുടങ്ങിയതാണ്. ഇപ്പോൾ നാലുമണി! കുറച്ചുനേരം കൂടി കഴഞ്ഞപ്പോൾ ബാബു അടുത്തുവന്ന് പറഞ്ഞു.

"സാർ വിളിക്കുന്നു.."

ഗൾഫിൽ പോകാനുള്ള ഇൻറർവ്യൂ ..!! ഏറിയ നെഞ്ചിടിപ്പോടെ ഞാൻ ചാക്കോസാറിൻറെ ക്യാബിനുള്ളിലേക്ക് ചുവടുകൾ വച്ചു. എന്നെ വരവേറ്റത് ഒരു മൃദു പുഞ്ചിരിയായിരുന്നു. നാല്പത്തിഅഞ്ച് മിനിറ്റോളം നീണ്ട ഇന്റർവ്യൂ. കമ്പനി, ജോലി, ശമ്പളം ആനുകൂല്യങ്ങൾ.. എല്ലാം എല്ലാം ഒന്നൊന്നായി അദ്ദേഹം വിവരിച്ചു. അന്ന് ഒരു ദിർഹത്തിന്റെ മൂല്യം  12.50 രൂപയാണ്. ആ ക്യാബിനിൽ നിന്ന് പുറത്തിറങ്ങവേ ഏതൊരു പ്രവാസിയെയും പോലെ ഞാൻ കൺവെർഷൻ തുടങ്ങി വച്ചിരുന്നു.

"താൻ പി.ജി യാണല്ലേ?" ചാക്കോസാറിന്റെ സ്വരം.
"അതേ ..."

അതെന്തിനാണ് ചോദിച്ചത് എന്ന ആശങ്കയിൽ ഞാൻ നിൽക്കവേ അടുത്ത വാക്കുകൾ.
"ആകെ അഞ്ച് വേക്കൻസിയാണ് ഉള്ളത്. ഇത് ആദ്യ റൗണ്ട് ഇന്റർവ്യൂവാണ്. ഇതിൽ നിങ്ങൾ ജയിച്ചാൽ ഫൈനൽ ഇന്റർവ്യൂ ക്ലയന്റുമായി ഇവിടെയും കൊച്ചിയിലും ഉണ്ട്.  കൊച്ചിയിലും  ഇപ്പോൾ നൂറിൽ കൂടുതൽ പേർ ആദ്യ ഇന്റർവ്യൂ കഴിഞ്ഞു.... എനി വേ, ആൾ ദി ബെസ്ററ് .."

ചാക്കോസാറിന്റെ വാക്കുകൾ തലക്ക് കൊട്ടുവടികൊണ്ട് കിട്ടിയ പ്രഹരംപോലെവാങ്ങിയാണ് ഞാൻ ജസീനയുടെ പടികൾ ഇറങ്ങിയത്.  ഒരു നിരാശകാമുകനെപ്പോലെ വീട്ടിൽ എത്തിയപ്പോൾ കണ്ണുതള്ളി നിന്ന ഭാര്യയോട് പറഞ്ഞു. "നോ ഹോപ്.."

ദിവസങ്ങൾ കഴിഞ്ഞു. ഞാൻ പ്രതീക്ഷിച്ചപോലെ തന്നെ ജസീനയിൽ നിന്നും വിളി ഒന്നും വന്നില്ല.  നൂറുകണക്കിന് അപേക്ഷകരിൽ നിന്നും ജയിച്ചുകയറാൻ തക്ക ആളല്ല ഞാൻ എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. എന്തായാലും ജസീനയിൽ വിളിച്ച് ആ പ്രോസസ്സ് അങ്ങ് അവസാനിപ്പിക്കാം. ഞാൻ വിളിച്ചു. ചാക്കോസാറിനെ ലൈനിൽ കിട്ടി. "ഫൈനൽ സെലക്ഷൻ ലിസ്റ്റ് രണ്ട് ദിവസങ്ങൾക്കുള്ളിൽ വരും" ആ കിട്ടിയ മറുപടി കേട്ടപ്പോൾ ഭാര്യ പറഞ്ഞു "വിളിക്കുമായിരിക്കും" ഞാൻ കോട്ടുവായിട്ടു. എങ്കിലും ഇന്ത്യ വേൾഡ് കപ്പ് ക്രിക്കറ്റ് കളിയ്ക്കാൻ പോകുമ്പോൾ ചെയ്യാറുള്ളപോലെ വിജയത്തിന്റെ സങ്കീർണമായ കാൽകുലേഷൻ ഞാൻ നിശബ്ദം ചെയ്യാൻ തുടങ്ങി.

അടുത്ത ദിവസം എൻറെ യാഹൂ മെയിലിൽ ഒരു ഇമെയിൽ വന്നു വീണു. ജസീനയിൽ നിന്ന്. ഞാൻ ഫൈനൽ ഇന്റർവ്യൂവിന് സെലക്ടായിരിക്കുന്നു!! ഉടനെതന്നെ ചാക്കോസാറിനെ കാണണം. ഫൈനൽ ഇന്റർവ്യൂ കൊച്ചിയിൽ അടുത്ത ആഴ്ച. ഏറെനേരം കണ്ണുതള്ളി നിന്ന ശേഷം ഞാൻ കർണാക് ബന്ദറിലേക്ക് തിരിച്ചു. ക്ലയന്റ് ഇന്റർവ്യൂ എങ്ങിനെ ഫേസ്ചെയ്യണം എന്നൊക്കെ ചാക്കോസാർ ക്ലാസ്സ് തന്നു. കൂട്ടത്തിൽ ഒന്നുകൂടി പറഞ്ഞു.
"ഇവിടെ ടെസ്റ്റ് എഴുതിയവരിൽ നിങ്ങളെ മാത്രമേ ഞങ്ങൾ കൊച്ചിയിലേക്ക് സെലക്ട് ചെയ്തിട്ടുള്ളൂ. സൊ പെർഫോം വെൽ.."

തിരിച്ച് വീട്ടിൽ എത്തിയപ്പോളും, നാട്ടിലേക്ക് ഭാര്യയുമൊത്ത് നേത്രാവതി എക്സ്പ്രെസ്സിൽ നാട്ടിലേക്ക് യാത്രതിരിക്കുമ്പോളും എന്നിലെ അത്ഭുതം മുഴച്ചുതന്നെ നിന്നു. അത്രയും ആൾക്കാർക്കിടയിൽ ഞാൻ ആണോ ഏറ്റവും മിടുക്കൻ?! ജീവിതത്തിൽ എങ്ങും കിട്ടാത്ത പരിഗണന...! ആ ചിന്ത എന്നിൽ ആത്മവിശ്വാസം വാനോളം ഉയർത്തി.

കൊച്ചിയിൽ ഇന്റർവൂവിന് ഒരു പട തന്നെയുണ്ടായിരുന്നു. അഞ്ച് വേക്കന്സി. നൂറുകണക്കിന് ആൾക്കാർ... എന്നാൽ എന്നിൽ ആത്മവിശ്വാസം ഒത്തിരി ഉയരത്തിൽ ആയിരുന്നു. ബോംബയിൽ നൂറിൽ ഒരാൾ ആകാമെങ്കിൽ ഇവിടെ അഞ്ചിൽ ഒരാളാകാം. ആത്മവിശ്വാസത്തിന്റെ ഹോർമോണുകൾ എന്റെ ഓരോ കോശത്തിലും തിക്കിത്തിരക്കി. റാസൽഖൈമയിലെ സ്റ്റീവൻ റോക്ക് എന്ന കമ്പനിയെപ്രതിനിധീകരിച്ച് ഇന്റർവ്യൂ ചെയ്യാൻവന്ന ബറൻഡ് ജാൻ കൂപ്പർ എന്ന ഹോളണ്ടുകാരനും, ജസീന കൊച്ചി മാനേജർ ജോസഫ് സാറിനും ഇടക്കിരുന്നു ഇന്റർവ്യൂ. എല്ലാം കഴിഞ്ഞ് രാത്രി ഞാൻ പത്തനംതിട്ടയിലേക്ക് മടങ്ങി.

ഓഗസ്റ്റ്, സെപ്റ്റംബർ , ഒക്ടോബർ ... ജസീന കൊച്ചിയിൽ നിന്നും ഒരു വിവരവും ഇല്ല.  ഇതിൽ കൂടുതൽ ഇനി ബോംബെ വിട്ടുനിൽക്കാൻ പറ്റില്ല. ഞാൻ പലവട്ടം ജസീനയിലേക്ക് വിളിച്ചു. 'സെലക്ഷൻ ഫൈനൽ ആയില്ല' ഇതുമാത്രം മറുപടി.

പക്ഷേ ഒക്ടോബർ അവസാനം വിളിവന്നു. അഞ്ചുപേരിൽ ഒരാളായി ഞാനും കയറിപ്പറ്റി. മെഡിക്കൽ, ട്രാവൽ ഡോക്കുമെന്റേഷൻ ഒന്നിനൊന്നായി പെട്ടെന്ന് ദിനങ്ങൾ കടന്നുപോയി.

അങ്ങിനെ 2003 നവംബർ 18-ന് ഞാൻ യു.എ.ഇ, റാസൽഖൈമയിൽ എത്തി പ്രവാസി എന്ന ലേബൽ ചുമലിൽ അടിച്ചു. കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള ഇന്ത്യൻ എയർലൈൻസ് വിമാനത്തിലും അവിടെനിന്ന് റാസൽഖൈമയിലേക്കുള്ള ബസ്സ്‌യാത്രയിലും ഞാൻ ജസീനമറൈനിലെ ആദ്യയാത്രമുതൽ അന്നുവരെയുള്ളതെല്ലാം തികട്ടിയെടുത്തു. ബോംബയിൽനിന്നും നൂറുകണക്കിന് ആൾക്കാർക്കിടയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട ആത്മവിശ്വാസം അപ്പോഴെല്ലാം  അമിതമായി എന്നിൽ നിറഞ്ഞുവന്നു.

കാലങ്ങൾ കഴിഞ്ഞു. കയറ്റവും ഇറക്കവും ഉള്ള മലമ്പാതപോലെ എൻറെ പ്രവാസജീവിതം മുന്നോട്ടുപോയി.  അതിനിടയിൽ പലരോടും ഞാൻ എൻറെ ബോംബൈ സെലക്ഷന്റെ കഥ നെഞ്ചിൽ കൈവച്ച് പറഞ്ഞു. ചിലർ അതുഭുതം കൂറിയിരിക്കാം. ചിലർ എൻറെ ഗർവെന്നോ അഹങ്കാരം എന്നോ ഉള്ളിൽ ചിന്തിച്ച് പുഞ്ചിരിയും, അത്ഭുതവും മുഖത്ത് വരുത്തിത്തീർത്ത് പോയിരിക്കാം.

അങ്ങനെയിരിക്കെ ഒരുദിവസം എൻറെ കൂട്ടുകാരൻ വിനോദ് എന്നോട് ആ കഥ പറഞ്ഞു. എന്നിൽ ആത്മവിശ്വാസത്തിന്റെ ഹോർമോണുകൾ അമിതമായി ഉത്പാദിപ്പിച്ച കഥയ്ക്കുള്ളിലെ  യഥാർത്ഥ കഥ.

നൂറുകണക്കിന് ആൾകാർ ജസീന ബോംബൈ ഓഫീസിൽ ടെസ്റ്റും ഇന്റർവ്യൂവും കഴിഞ്ഞ സമയം. ക്ലയന്റ് ബോംബെ വരവ് ക്യാൻസൽ ചെയ്ത്  കൊച്ചിയിലേക്ക് മാത്രം വരുമെന്നറിയിച്ചു. അതിനാൽ ബോംബയിലെ ടെസ്റ്റ് ഇന്റർവ്യൂ റിസൾട് മരവിപ്പിച്ച് കൊച്ചിയിലെ മാത്രം ലിസ്റ്റ് എടുക്കാൻ അവർ  തീരുമാനിക്കുന്നു. വീണ്ടും ദിവസങ്ങൾ കഴിഞ്ഞു. അപ്പോൾ ചാക്കോസാറിന് മറ്റൊന്ന് തോന്നി. അത് കമ്പനിയുടെ ഗുഡ്‌വിൽ അല്ലെങ്കിൽ റെപ്യൂട്ടേഷനെക്കുറിച്ചായിരുന്നു. നൂറുകണക്കിനാൾക്കാർ മെനക്കെട്ടുവന്ന് ഇന്റർവ്യൂ ടെസ്റ്റ് എഴുതിയിട്ടും അത് പരിഗണിച്ചില്ലെങ്കിൽ  മോശമാണ്. അവസാനം ചാക്കോസാർ ഒരുപേജിൽ നിറയുന്ന ഒരു ലിസ്റ്റ് ഉണ്ടാക്കാൻ ബാബുവിനോട് പറയുന്നു. ബാബു അതുണ്ടാക്കി. അതിൽ നിന്നും ഒരേയൊരാളെ തിരഞ്ഞെടുക്കാൻ ബാബുവിനെ നിയോഗിച്ചു. ബാബു വിഷമത്തിലായി.  ആ ലിസ്റ്റിൽ നോക്കി ഏറെ തലപുകച്ചശേഷം ബാബു പ്രതിവിധിയും കണ്ടെത്തി.

എൻറെ അഹംഭാവത്തിൻറെ പത്തി താഴ്ത്തിക്കെട്ടിയ വാക്കുകൾ ആയിരുന്നു പിന്നീട് കൂട്ടുകാരനിൽ നിന്നും ഞാൻ കേട്ടത്.

ബാബു  ഒരു പേന കയ്യിലെടുത്തു.  എന്നിട്ട് കണ്ണുകൾ  ഇറുക്കിയടച്ചു. പേന കറക്കി ആ ലിസ്റ്റിലേക്ക് ഒരു കുത്തുകുത്തി! ബാബു കണ്ണുതുറന്നു. ആ പേനയുടെ മുനചെന്നുനിന്നത് എൻറെ പേരിനുപുറത്ത്. ഞാൻ സെലക്ടായി. കൊച്ചിയിലേക്ക് യാതയുമായി!

തന്റെ  യാത്രയുടെ കഥ ഓരോ പ്രവാസിക്കും പൊടിപ്പും തൊങ്ങലും വച്ച് പറയാൻ ഉണ്ടാകും. നല്ലതും തീയതും എല്ലാം ആ കഥയിലുണ്ടാകാം. എങ്കിലും ഏതെങ്കിലും താങ്ങ്, ആശീർവാദം  അല്ലെങ്കിൽ തണൽപറ്റാതെ ആർക്കും ഇവിടെ ഒന്നുമായിത്തീരാൻ പറ്റില്ല. നമ്മുടെ കഴിവുകൾ, വിദ്യാഭ്യാസം ഒക്കെ ഓർത്ത് നമുക്ക് അഭിമാനിക്കാം, ആത്മവിശ്വാസം വയ്ക്കാം. എന്നാൽ അഹങ്കാരവും ഗർവ്വും ഒരിക്കലും അതിന് മേമ്പൊടിയാക്കരുത്.  ആത്മവിശ്വാസം നല്ലതുതന്നെ, ആത്മവിശ്വാസമാണ്  അന്ന് ബറാൻഡ് ജാൻ കൂപ്പറെന്ന ഹോളണ്ടുകാരൻറെ മുന്നിൽ ഞാൻ തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒരു കാരണവും.  എന്നാൽ നമ്മുടെ വിജയത്തിൽ നമ്മൾപോലും അറിയാത്ത വേറെയാർക്കെങ്കിലും ഒക്കെ പങ്കുണ്ടെന്ന് നാം അറിയുന്നില്ല. ആരുടെയൊക്കെയോ ദൃശ്യവും അദൃശ്യവും ആയ കരങ്ങൾ നമ്മെ ഉയർത്തുന്നതിൽ പങ്കുവഹിക്കുന്നു.

പിതാവിൻറെ ലക്ഷക്കണക്കിന് ബീജങ്ങളിൽ ബാക്കിയെല്ലാത്തിനേയും കടത്തിവെട്ടി ഒന്നാമതായി അമ്മയുടെ അണ്ഡത്തിലേക്ക് ഒട്ടിച്ചേർന്ന്, ഫലോപ്പിയൻ ട്യൂബിലൂടെ തെന്നിനീങ്ങി,  ഗർഭപാത്രത്തിൽ പറ്റിപ്പിടിച്ച്,  ഒമ്പതുമാസം പ്യൂപ്പപൊലെ സുഷ്പ്തിയിലാണ്ട്,  ഒരുനാൾ കരഞ്ഞുകൊണ്ട് ആകാശവും, ഭൂമിയും അതിലെ സകല ചരാചരങ്ങളെയും കാണാനും നമുക്കനുവദിച്ചുകിട്ടിയ ഭാഗ്യം. അവസാനം കാതങ്ങൾ നടന്നു നീങ്ങി, ഒരിക്കൽ വാടിയ തണ്ടുപോലെ വീണ് പ്രകൃതിയിലേക്ക് തന്നെ എരിഞ്ഞടങ്ങുന്ന പ്രതിഭാസം.

നമ്മുടെ ജീവിതം തന്നെ കറക്കിക്കുത്തികിട്ടിയ ഒന്നാണ്. ഇന്ന് ഓർമ്മകൾ മനസ്സിൽ കിലുങ്ങുമ്പോൾ, പ്രവാസത്തിന്റെ തീരത്തിരുന്ന് ഞാനിത് കുറിച്ചുപോകുന്നു. എൻറെ പ്രവാസം വെറും ഒരു പേനത്തുമ്പിൽ നിന്ന് പിറന്നതാണ്. മറ്റാർക്കോ കിട്ടേണ്ടത് എനിക്ക് വന്നുചേരുകയായിരുന്നു.


3 ) ജീവിതം ഒരു ദാനം 

അന്നൊരു ഞായറാഴ്ചയായിരുന്നു.  ദുബായ് നഗരത്തിനെ സായന്തനത്തിന്റെ മൂടുപടം പൊതിയുമ്പോൾ  ഞാൻ മുനിസിപ്പാലിറ്റി ബസ്സിനകത്ത് ചാഞ്ഞിരുന്ന് മങ്ങിയ ചിന്തകളും, മറയുന്ന ഓർമ്മകളും താലോലിക്കുകയാണ്.  സംശയം വേണ്ട, നാടും, തോടും, പുഴയും, കിളികളുടെ പാട്ടും ഒക്കെതന്നെ.

ദുബായ് എയർപോർട്ട് ടെർമിനൽ ഒന്ന് കഴിഞ്ഞ്  യാത്രചെയ്യുന്ന നാലാം നമ്പർ ബസ്സ്  വലത്തോട്ട് തിരിഞ്ഞ് റാഷിദിയ ലക്ഷ്യമാക്കി നീങ്ങുന്നു.  ഞാൻ പുറത്തേക്ക് നോക്കി.  എവിടെയും തകൃതിയിൽ നടക്കുന്ന കൺസ്ട്രക്ഷൻ താളമേളങ്ങൾ. ദുബായ് എയർപോർട്ട് ടെർമിനൽ മൂന്നിന്റെ പണി, ബുർജ് ഖലീഫ, ഫെസ്റ്റിവൽ സിറ്റി, റാഷിദിയയിലേക്ക് നീളുന്ന മേൽപാലങ്ങളുടെയും, സങ്കീർണമായ റോഡുകളുടെയും  എന്നുവേണ്ട ദുബായ് നഗരത്തിൻറെ മുഖച്ഛായ മാറ്റാൻപോകുന്ന വികസന പ്രവർത്തനങ്ങൾ എങ്ങും, എവിടെയും.

'Work in  Progress' എന്ന മഞ്ഞ നിറത്തിലുള്ള  ബോർഡുകൾ എവിടെയും കാണാം. താത്കാലികമായി തിരിച്ചുവിട്ടിരിക്കുന്ന റോഡുകളിൽ ട്രാഫിക്കിന്റെ ഭാണ്ഡം തുറന്നിട്ടമാതിരി ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന വാഹനങ്ങൾ.

ചില്ലുജനാലക്കപ്പുറത്തുള്ള ഇരുളിനെ നോക്കി ഞാനിരുന്നു. ഒന്നും ചെയ്യാനില്ലാത്തപ്പോൾ അല്ലെങ്കിലും അങ്ങിനാണ്. വിളിക്കാത്ത അതിഥിയെപ്പോലെ നാടും, വീടും, തോടും, വയലും ഒക്കെ മനസ്സിലേക്കിങ്ങനെ ചാടിക്കേറി വരും.

ഫെസ്റ്റിവൽസിറ്റി ഭാഗത്ത് വണ്ടിയൊന്ന് നിന്നു. ഓട്ടോമാറ്റിക് വാതിൽ തുറന്നപ്പോൾ യാത്രക്കാരോടൊപ്പം രാവുംപകലും ഇടതടവില്ലാതെ പ്രവർത്തിക്കുന്ന ക്രയിനിന്റെയും, ബുൾഡോസറുകളുടെയും, ട്രക്കുകളുടെയും അരോചകശബ്ദം  അകത്തേക്ക് വെപ്രാളത്തിൽ ചാടിക്കയറുകയും വാതിൽ അടഞ്ഞപ്പോൾ അകത്തുകിടന്ന് ശ്വാസംമുട്ടിച്ചാവുകയും ചെയ്തു.

വണ്ടി കൊക്കോകോളയും  കഴിഞ്ഞ് എയർപോർട്ട് ടണലിലേക്കുള്ള റോഡിൽ ഒരുവിധം എത്തിച്ചേർന്നു.  ഇനി രണ്ട് സ്റ്റോപ്പ് കഴിഞ്ഞാൽ എനിക്കിറങ്ങേണ്ട സ്ഥലമായി. പിന്നീട്  നൂറുമീറ്റർ നടന്നാൽ,  അവിടെ എന്നെ കാത്തിരിക്കുന്നത് ദുബായിലേക്ക് എൻറെ ഭാര്യക്കൊപ്പം വിസയോ, ടിക്കറ്റോ ഒന്നുമില്ലാതെ കയറിവന്ന ഉപ്പേരിയും, ശർക്കരപിരട്ടിയും, ഹൽവായും ഒക്കെയാണ്.  നാട്ടിൽനിന്നും മലയാളിയുടെ  ഇങ്ങോട്ടുള്ള  യാത്രയിൽ  പാസ്പോർട്ടുപോലെ ഒഴിവാക്കാനാകാതെ  ഒട്ടിച്ചേർന്നുപോയ സംഗതികൾ.  അത് വളയിട്ടകൈകളിലൂടെ മുന്നിലേക്ക് നീട്ടുമ്പോൾ ഉണ്ടാകുന്ന ഇരട്ടിമധുരം  ബസ്സിനുള്ളിൽ തന്നെയിരുന്ന് ഞാൻ നുണഞ്ഞിറക്കി.

ഷോപ് ആൻഡ് സേവ് സൂപ്പർമാർക്കറ്റ് കഴിഞ്ഞ്  സ്റ്റാർവേസൂപ്പർമാർക്കറ്റിനു എതിരായി വണ്ടി വലതുവശത്തേക്ക് തിരിഞ്ഞ്  സ്റ്റോപ്പിൽ ഞരങ്ങി കരഞ്ഞു നിന്നു. ഒരു ഫിലിപ്പിനോ പെൺകുട്ടി പുറത്തിറങ്ങി, ഡോർ താനെയടഞ്ഞു.  ഞാൻ ബാഗിൽ മുറുക്കിപിടിച്ചു. ഇനി എൻറെ സ്റ്റോപ്പാണ് - റാഷിദിയ പോലീസ്‌സ്റ്റേഷൻ.

ഞാൻ  സീറ്റിൽ നിന്നും മെല്ലെ  എണീറ്റ് ചുവന്ന സ്റ്റോപ്പ് ബട്ടൺ അമർത്തിയിട്ട് വാതിലിനടുത്തുള്ള കമ്പിയിൽ പിടിച്ചു. ബസ്സ്സ്റ്റോപ്പിൽ വണ്ടി നിന്നു. മുമ്പിലെ വാതിലിൽ കൂടി ഒരാൾ അകത്തേക്ക് കയറി. എനിക്കിറങ്ങേണ്ട പുറകിലെ ഡോർ തുറക്കുന്നില്ല.  ഞാൻ ഡ്രൈവറോട് ഒച്ചത്തിൽ കാര്യം പറഞ്ഞു.  അയാൾ അത് കേട്ടോ ഇല്ലയോ എന്നറിയില്ല,  എന്നാൽ വാതിൽ തുറന്നു വന്നു.   ഞാൻ ബാഗ് തോളിലേക്കിട്ട് പെട്ടെന്ന് പുറത്തേക്ക് വലതുകാലിട്ടു.  പക്ഷേ എൻറെ ഇടതുകാൽ വണ്ടിക്കുള്ളിൽ നിന്നും പുറത്ത് കടക്കും മുമ്പ് ഡോർ അതിവേഗത്തിൽ അടയാൻ തുടങ്ങി.

പിന്നെ എന്താണ് സംഭവിച്ചത് എന്ന് ഓർത്തെടുക്കാൻ എനിക്ക്  ഏറെനേരം  വേണ്ടിവന്നു. ഒരു സ്ലോമോഷൻ സിനിമപോലെ ഞാനത് കണ്ടു.

എൻറെ വലതുകാലും ശരീരവും പുറത്തേക്ക്.  ഇടതുകാൽ ബസ്സിനകത്ത്. ഡോർ അടയുന്നു... ഒപ്പം ബസ്സ്  മുന്നോട്ട് നീങ്ങുകയും !?

ആ ഡോർ അടഞ്ഞാൽ എൻറെ കാൽ അതിനകത്താകും. എന്നെയും വലിച്ചുകൊണ്ട് വണ്ടി മുന്നോട്ടു നീങ്ങും... ഒരുപക്ഷെ വണ്ടിക്കടിയിലേക്ക് ഞാൻ തെന്നിവീണു പോകാനും മതി !!

എൻറെ വലതുകാൽ താഴെ റോഡിൽ മുട്ടി. ഡോർ അടയുകയാണ്. നിമിഷങ്ങൾ... നിമിഷങ്ങൾ... എനിക്ക് തല കറങ്ങുന്നതുപോലേ തോന്നി. ഞാൻ റോഡിലേക്ക് വീഴുന്നു.  ബസ്സിനുള്ളിൽ ഇരുന്ന ആൾകാർ അലമുറയിടുന്നത് എനിക്ക് കാണാം. ചിലർ കൈകാട്ടി എന്തൊക്കെയോ പറയുന്നു... ഡ്രൈവറോടുള്ള അവരുടെ ആക്രോശം എനിക്ക് കേൾക്കാനേ കഴിയുന്നില്ല.

നിമിഷങ്ങൾ.....!!! ബസ്സിന്റെ ഡോർ ഏകദേശം അടഞ്ഞുകഴിഞ്ഞു. ബാലൻസുതെറ്റിയ ഞാൻ  ഇപ്പോൾ റോഡിൽ മറിഞ്ഞു വീഴും...

പൊടുന്നനെ എന്നെ  ആരോ ശക്തമായി വലിച്ചു പുറത്തേക്കിടുന്നതുപോലെ എനിക്ക് തോന്നി. ബസ്സിന്റെ ഡോറിനകത്തേക്ക് കിടക്കുന്ന ഇടതുകാൽ   അതിശക്തിയായി വലിച്ച് പുറത്തേക്കിട്ടു!!  ഞാൻ മുട്ടിടിച്ച്, കൈ നിലത്തുകുത്തി  പുറത്തേക്ക് തെറിച്ചു വീണു. തോളിൽകിടന്ന ബാഗ് കാൽനടപ്പാതയുടെ അപ്പുറത്തേക്കും ഷൂസ് ഇപ്പുറത്തേക്കും പറന്നു.

ഞാൻ കണ്ണ് തുറന്ന് നോക്കുമ്പോൾ എന്നെവിട്ട് അകന്നു പോകുന്ന ബസ്സ് ആണ് കാണ്ടത്. ഞാൻ യാത്ര ചെയ്ത ബസ്സ്!! ഏതോ വലിയ അപകടമാണ് അല്ലെങ്കിൽ മരണമാണ് ആ അകന്നുപോകുന്നത്..!

ആ കിടന്ന കിടപ്പിൽ ഞാൻ അത്ഭുതപരതന്ത്രനായി സ്വയം ചോദിച്ചു.
"അഗാധഗർത്തത്തിൽ നിന്നെന്നപോലെ എൻറെ കാൽ വലിച്ച് പുറത്തേക്കിട്ടതാരാണ്?? !!  എങ്ങിനെയാണ് എൻറെ കാൽ അടഞ്ഞുവന്ന ഡോറിനകത്തുനിന്ന് പുറത്തേക്ക് എത്തിയത്? എന്താണ് ചെയ്യേണ്ടതെന്നറിയാതെ അബോധാവസ്ഥയിലേക്ക് കൂപ്പുകുത്തിയ എൻറെ തലച്ചോറിന് മിന്നൽവേഗത്തിൽ ആ ആജ്ഞ നല്കിയതാരാണ്? "

റാഷിദിയായിൽ ഇരുൾ പടർന്നു കയറി. തെരുവ് വിളക്കിന്റെ മഞ്ഞ വെളിച്ചത്തിൽ ഞാൻ എണീറ്റു.  കാൽമുട്ടും, കയ്യും നീറുന്നു. കൈത്തണ്ടയിൽ  കറുത്ത പൊട്ടുകൾ പോലെ ചോരപൊടിഞ്ഞു വരുന്നത് ഞാൻ കണ്ടു.

ബാഗെടുത്ത് തോളിലിട്ട്, ഷൂസ് കാലിലിട്ട് ഞാൻ ഒന്ന് നിവർന്നു നിന്നു.   നീണ്ടു കിടക്കുന്ന റോഡും റൗണ്ടെബൗട്ടും, റാഷിദിയ സൂക്കും. അങ്ങ് ദൂരെ ഒന്നുരണ്ട് ആൾരൂപങ്ങൾ കറുത്തപൊട്ടുപോലെ  നടന്നു നീങ്ങുന്നു. റാഷ്ദിയായുടെ  ശാന്തത എന്നത്തേയുംപോലെ തന്നെയായിരുന്നു അപ്പോളും.

എൻറെ കാലുകൾ വിറച്ചുകൊണ്ടിരുന്നു. നെഞ്ചിടിപ്പ് ഉയർന്നുകൊണ്ടുമിരുന്നു. അപ്പോൾ എനിക്ക് മനസ്സിലായി.  നടന്നതൊന്നും മിഥ്യയോ, സ്വപ്നമോ അല്ല. അവശ്വസനീയമായ ഒരു രക്ഷപെടൽ! ഒരു നിമിഷം കൊണ്ട് സംഭവിച്ച ഒരത്ഭുതം.

വീട്ടിൽ, എൻറെ പ്രിയപ്പെട്ടവൾ നാട്ടിൽനിന്നും കൊണ്ടുവന്ന മധുരവും വിളമ്പി, എന്നെയും കാത്തിരിക്കുന്നു.

വീട്ടിലേക്ക്  നടന്നപ്പോഴും, ഇന്ന് വർഷങ്ങൾ പിന്നിടുമ്പോളും  ഉത്തരം തരാതെ ഒരു ചിലമ്പൊലി പോലെ ഇടയ്ക്കിടെ ആ ചോദ്യം മുഴങ്ങും.
'എങ്ങിനെയാണ് ഞാൻ അടഞ്ഞ ആ വാതിലിനുള്ളിൽ നിന്ന് രക്ഷപെട്ടത്? ആരാണ് എന്നെ രക്ഷിച്ചത്?'  എന്നാൽ ചോദ്യം മാത്രം ബാക്കി. അന്നും... ഇന്നും.

നമ്മൾ പലപ്പോഴും സഞ്ചരിക്കുന്നത് ഉത്തരമില്ലാത്ത ചോദ്യങ്ങളിലൂടെയാണ്.  നാലുചുമരുകൾക്കുള്ളിലെ വിശ്വാസവും, പ്രതീക്ഷയും, ആഗ്രഹങ്ങളും നിറഞ്ഞ ഹോർമോൺ പ്രവാഹം തന്നെയാണ് ജീവിതം.

ജീവിതം ആരോ തന്ന ദാനമാണ്.  ജീവൻറെ മൊട്ടിനെ പൊന്നുപോലെ  കാത്ത അമ്മയുടെ ഉദരത്തിന്റെയോ, അച്ഛന്റെ കനിവിന്റെയോ, കാലാകാലങ്ങളിൽ പിന്നിട്ട പടവുകളിൽ ഒക്കെ ഒളിച്ചിരുന്ന അപകടങ്ങളെ തൂത്തെറിഞ്ഞ് നമ്മെ പരിപാലിച്ച പ്രകൃതിയുടെയോ, ദൈവത്തിന്റെയോ ഇതൊന്നുമല്ലാതെ ഏതെങ്കിലും അദൃശ്യ ശക്തിയുടെയോ ദാനം.

---------------------------------------------------------


2 ) പ്രസവിക്കുന്ന കാമുകി 

അശാന്തിയുടെ തിരകൾ മനസ്സിൻറെ തീരം തല്ലിത്തകർക്കുമ്പോൾ മനസ്സമാധാനത്തിനു വേണ്ടിമാത്രം എന്തെങ്കിലും കുത്തിക്കുറിക്കുന്ന ഒരാൾ ഒരിടത്തുണ്ടായിരുന്നു.  ഇടയ്ക്കിടെ അയാൾക്ക് തലയ്ക്ക് ഓളമിളകും. പിന്നെ പേനയും പിടിച്ചിങ്ങനെ ഒരിരുപ്പാണ്. മുണ്ട് മുട്ടിനുമേൽ ചുരച്ചുകയറ്റി കാലിന്മേൽ കാൽ വച്ച് വിരലും കടിച്ചുള്ള ആ ഇരിപ്പുണ്ടല്ലോ (അയാളുടെ ഭാര്യയുടെ ഭാഷയിൽ 'പൊട്ടൻ കടിച്ചപോലെ')  അതാണിരിപ്പ്!

മനസ്സും ചിന്തയും തമ്മിൽ പരിഗ്രഹിച്ച്, തലയിൽ ഗർഭംധരിച്ച്, പേറ്റുനോവോടെ കഥകൾ പ്രസവിക്കും.  അതിൽ കുറെയൊക്കെ ചാപിള്ളകളായും, ചിലത് മുപ്പതും, ചിലത് അറുപതും മേനിയുള്ളതായും വിളയും.

ഒരിക്കൽ അയാൾ ഒരു പേന വാങ്ങി. ഫിഷ് റൗണ്ട് എബൗട്ടിനടുത്തുള്ള ഫാറൂഖ് സ്റ്റേഷനറിയിൽ നിന്നും. ഒരു നല്ല പേന.  നല്ല പേന എന്നു പറഞ്ഞാൽ സാക്ഷാൽ ക്രോസ്സ്. നൂറ്റി അൻപതോളം ദിർഹം വില. ഒത്തിരി ആഗ്രഹിച്ച് വാങ്ങിയതിനാലാകും അയാൾക്ക് ആ പേനയോടെ എന്തെന്നില്ലാത്ത ഒരു ഇഷ്ടം ഉണ്ടായിരുന്നു. അല്ലെങ്കിൽ പ്രേമം ആയിരുന്നു. ഒരു കാമുകിയെപ്പോലെ!  സുന്ദരങ്ങളായ രചനകൾ തൻറെ കാമുകി പ്രസവിക്കുന്നത് അയാൾ ദിവാസ്വപ്നം പോലും കണ്ടു. കാമുകി അയാളെ നിരാശപ്പെടുത്തിയുമില്ല. ചാപിള്ളകളോ, മുടിയനായപുത്രനോ , ജാരസന്തതികളോ അല്ലാത്ത കുറെ കഥകൾ അവൾ പ്രസവിച്ചു. അതോടുകൂടി അയാൾക്ക് അവളോട് പ്രേമവും ഏറി വന്നു. ഓഫീസിലും, വീട്ടിലും എന്തിന്,  ഭാര്യയോടൊപ്പം ഷോപ്പിങ്ങിന് പോകുമ്പോളും ക്രോസ്സ് എന്ന അഞ്ചക്ഷരം അയാളുടെ പോക്കറ്റിനുവെളിയിലൂടെ എത്തിനോക്കി ഞെളിഞ്ഞു നിന്നു.

അന്നൊരിക്കൽ അയാൾ ലുലു ഹൈപ്പർമാർക്കറ്റിൽ വീട്ടുസാധങ്ങൾ വാങ്ങാൻ പോയി തിരികെ വരവെ യാന്ത്രികമായി വലതുകൈ പോക്കറ്റിൽ ഒന്ന് തലോടി. കാമുകിയെ കാണാനില്ല!! തലയ്ക്കുമീതെ ഒരു വെള്ളിടി പാഞ്ഞുപോയി.

"എൻറെ പേനാ പോയെടീ.." സഹധർമ്മിണിയോട്ട് അയാൾ ദയനീയതയോടെ പറഞ്ഞു.

"പോയേ പോട്ട് ... ഒന്നോ രണ്ടോ ദിർഹം കൊടുത്ത് വേറൊരെണ്ണം വാങ്ങിക്ക്" കഴിഞ്ഞു. ഇത്രേയുള്ളൂ നാരികൾ! കൂപമണ്ഡൂകങ്ങൾ. അരി, വെളിച്ചെണ്ണ, ചുരിദാർ, സ്വർണ്ണം ഇത്യാദികൾ അല്ലാതെ ബാക്കിയെല്ലാം ചീളുകേസ് എന്ന ഈ ഭാവമുണ്ടല്ലോ.... ' പണ്ടാരമടങ്ങാൻ, നിൻറെ മാലേം വളേം എല്ലാം എവിടേലും കളഞ്ഞുപോകെട്ടെടീ' അയാളിലെ ദുർവാസാവ് സടകുടഞ്ഞെണീറ്റെങ്കിലും നല്ല ഭർത്താവായതിനാൽ ശബ്ദം പുറത്ത് വന്നില്ല.

അയാളുടെ എഴുത്ത് നിന്നു. സരസ്വതീ ദേവി ഖിന്നയായി. കളഞ്ഞുപോയ സാധനത്തിന് വാറണ്ടി കിട്ടുകയില്ലാത്തതിനാലും, തൻറെ ഉപാസകനായ പാവം എഴുത്തുകാരൻ കവചകുണ്ഡലങ്ങൾ അടിച്ചുമാറ്റപെട്ടവനായ കർണ്ണനെപ്പോലെയോ, കേശം മുറിക്കപ്പെട്ട സാംസനെപ്പോലെയോ ആയിത്തീർന്നതിനാലും, ഒപ്പം സത്യാഗ്രഹം പോലെ മുണ്ടുച്ചുരച്ചുകയറ്റാതെ,  താടിക്ക് കയ്യുംകൊടുത്ത് ഇരിപ്പുതുടങ്ങിയതിനാലും വാഗ്ദേവത പുതിയ ഒരു ക്രോസ്സ് പേന വാങ്ങാൻ ഉള്ള ആഗ്രഹം അയാളിൽ മുളപ്പിച്ചു.

അയാൾ നേരെ ഫാറൂഖ് സ്റ്റേഷനറിയിലേക്ക് നടന്നു.

"സർജി വോ മോഡൽ ഖലാസ് ഹോഗയാ... ദൂസറാ മോഡൽ ദേഖോനാ .." സെയിൽസ്മാൻ

'ദൂസരാ മോഡൽ... നിൻറെ ....' നല്ല കസ്റ്റമർ ആയതിനാൽ അപ്പോളും അയാൾ മനസ്സിൽ വന്നത് അടിച്ചമർത്തി.

ഗൂഗിളോ രക്ഷതൂ. അയാൾ നന്നായി അദ്ധ്വാന്ദിച്ച് സേർച്ച് ചെയ്തു. കിട്ടി !  വില 150 ദിർഹം + കുരിയർ ചാർജ്ജ്. ഓൺലൈനിൽ add to cart പിന്നെ payment ക്ലിക്കിയപ്പോൾ അയാളുടെ നിഞ്ചിടിപ്പിനും ഒപ്റ്റിക്കൽ മൗസിലെ വിറയലിനും ഒരേ റേഞ്ച് ആയിരുന്നു. കാരണം കുടുംബ ബഡ്ജറ്റ് എന്നെ ഡെമോക്ലസ്സിന്റെ വാൾ ഏതു പ്രവാസിയേയും പോലെ അയാളുടെ തലയ്ക്കുമീതെയും തൂങ്ങിക്കിടപ്പുണ്ടായിരുന്നല്ലോ.

രണ്ടാം ദിവസം കൊറിയർകാരൻ സാധനം കൊണ്ടുവന്നു. ഓഫീസിലെ മേശപ്പുറത്ത് അയാൾ കവർപൊട്ടിച്ച് പേന കയ്യിലെടുത്തു. ലേബർ റൂമിൽനിന്നും നേഴ്സ്‌മാർ എടുത്തുകൊണ്ടുവരുന്ന ആദ്യത്തെ കണ്മണിയെപ്പോലെ അയാൾ അത് കയ്യിലെടുത്തു. അതേ പേന ! അതേ കാമുകി! സത്യമായും ഇരട്ടപെട്ടപോലെ.

സരസ്വതി ദേവി സംപ്രീതയായി. അയാളുടെ പുതിയ കാമുകി തുരുതുരെ പ്രസവിച്ചുതുടങ്ങി. മാസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞുവീണു. കാലാവസ്ഥ മാറി, ദുബായിൽ ചൂടുതുടങ്ങി. ഉയർന്ന ചൂടിൽ നഗരവും ജനങ്ങളും ഉരുകിയൊലിച്ച ദിവസം അയാൾ പേനയെടുത്തു. പൊരിവെയിലത്ത് കഷ്ടപ്പെടുന്ന ജോലിക്കാരെപ്പറ്റി ഒരു കഥയെഴുതണം. ഏസിയിൽ ഇരിക്കുന്നവന്റെ  മുതലക്കണ്ണീർ. പക്ഷേ തുടക്കത്തിൽ തന്നെ  ഗർഭം അലസി.

പേനയുടെ പുറത്ത് ചിക്കൻപോക്സ് പോലെ ഒന്നുരണ്ട് കുമിളകൾ! അയാൾ പേന തിരിച്ചും മറിച്ചും നോക്കി. കാണുന്നത് സത്യമോ മിഥ്യയോ?

പക്ഷേ ദിവസങ്ങൾകഴിഞ്ഞു സംഗതി ഗൗരവമുള്ളതായി. കുമിളകൾ കൂടി. ചിക്കൻപോക്സ് അതും ക്രോസ്സ് പേനയ്ക്ക്?! 'എൻറെ പ്രിയപെട്ടവളേ .. നിനക്ക് എന്തുപറ്റി? അയാൾ നെഞ്ചുതിരുമ്മി.

ആയുഷ്കാല വാറണ്ടി ഉള്ളതല്ലേ? അയാൾ ഓൺലൈൻ കമ്പനിക്കാരെ വിളിച്ചു. "Sorry sir, your item have only five days replacement warranty" ഏതോ കബായനാണ്. ഇനിയെന്ത് ചെയ്യും?

കിടക്കയിൽ അയാൾ തിരിഞ്ഞും, മറിഞ്ഞും കിടന്നു. തൻറെ പ്രിയപ്പെട്ട തൂലികയ്ക്ക് വന്നുഭവിച്ച ദുർഗതി അയാളെ വിഷാദത്തിൻറെ കയത്തിലേക്ക് തള്ളിയിട്ടു. തന്നെക്കാൾ വില കേവലം ഒരു പേനയ്ക്കുകൊടുക്കുന്ന അയാളെ നോക്കാതെ ഭാര്യ ചന്തിതിരിഞ്ഞു കിടന്ന് പ്രേതിഷേധം അറിയിച്ചു. അയാളാകട്ടെ തനിക്ക് പേന വിറ്റ ഓൺലൈൻകാർ 'ഒരിക്കലും ഗതിപിടിക്കാതെ പോകട്ടെ' എന്ന് വീണ്ടും വീണ്ടും ശപിച്ചുകൊണ്ടിരുന്നു.

വീണ്ടും ഗൂഗിൾ. ക്രോസ്സ് അമേരിക്കയിലേക്ക് ഒരു മെയിൽ അയച്ചാലോ? അവസാനം അയാൾ ക്രോസ്സ് മിഡിൽ ഈസ്റ്റിലേക്ക് ഒരു മെയിൽ അയച്ചു, കോപ്പി അമേരിക്കയിലേക്കും. അടുത്ത ദിവസം മറുപടി വന്നു. ദുബായിലുള്ള ക്രോസിന്റെ ഡീലറുടെ വിവരങ്ങൾ, വിളിക്കേണ്ട ആളുടെ നമ്പർ ഒക്കെ. അമാന്തിച്ചില്ല ജേഷ്‌നമാളിലേക്ക് അയാൾ വിളിച്ചു. അവർ വളരെ മാന്യമായി പറഞ്ഞു "നിങ്ങൾ ഏതു ഷോപ്പിൽനിന്നാണോ വാങ്ങിയത് അവിടെ കൊണ്ടുകൊടുക്കുക" ഇതാണോ വാറണ്ടി? അയാൾ വീണ്ടും താടിക്ക് കൈകൊടുത്തു.

കിംഗ് ട്രേഡേഴ്സ് അഥവാ പെൻസ് കോർണർ, മീനാ ബസാർ, ബർദുബായ്. ബോംബയിലെ ഗല്ലികൾക്കിടയിൽ നടന്ന് നല്ല ശീലം അയാൾക്ക്  ഉണ്ടായിരുന്നകാരണം അധികം പാടുപെടാതെ കട കണ്ടു പിടിച്ചു. ഇവരാണ് അയാൾക്ക് പേന വിറ്റത്. അക്കൗണ്ടന്റ് സുബിൻ പതിഞ്ഞസ്വരത്തിൽ ചിരിയോടെ അയാളെ എതിരേറ്റു. അയാൾ അതികം വളച്ചുകെട്ടില്ലാതെ സുബിനോട് കാര്യം പറഞ്ഞു.

"ഞങ്ങൾ  ക്രോസ്സ് കമ്പനിയിലേക്ക് ഇത് അയക്കാം. മാനുഫാക്ച്ചറിങ് ഫോൾട്ട് ആണേൽ അവർ മാറ്റിതരും.."  സുബിൻ ബിൽബുക്കിൽ അയാൾക്ക് പേനയുടെ വിവരങ്ങൾ എഴുതിക്കൊടുത്തു.

"എന്നത്തേക്ക് വിവരം അറിയാൻ പറ്റും ?"
"ഒന്നും പറയാൻ പറ്റില്ല ചേട്ടാ... ഞാൻ വിളിക്കാം"

അയാൾ തലകുനിച്ച് മീനബസാർ വിട്ടു. നേരെ വീട്ടിൽ ചെന്ന് എന്തൊക്കെയോ എഴുതാൻ തോന്നി. എന്നാൽ ജാരസന്തതികളുടെ പിതാവാകാൻ അയാൾക്ക് ആഗ്രഹമില്ലാഞ്ഞതുകൊണ്ട് ആ ആശ മുളയിലേ നുള്ളിയെടുത്ത് മുറ്റത്തേക്ക് വലിച്ചെറിഞ്ഞു."പോ... പോയിത്തുലയ് "

മാസം ഒന്ന്, രണ്ട് .... പെൻസ്‌കോർണറിൽ പലവട്ടം വിളിച്ചു. വേഴാമ്പലിനെപോലെ കാത്തിരിപ്പ്. സരസ്വതി ദേവിക്ക് അതുകണ്ട് വിഷമം തോന്നി. ക്രോസ്സ് കാമുകിയില്ലാതെ അയാളുടെ മനസ്സും ചിന്തയും വേഴ്ചയിൽ ഏർപ്പെടുകയോ തലയിൽ ഗർഭം ഉണ്ടാവുകയോ അംനോട്ടിക്‌ സാക്കും പ്ലാസെന്റായും കുഞ്ഞും ഒന്നും പുറത്തേക്ക് വരികയോ ചെയ്തില്ല.

പിറ്റേദിവസം അയാൾ ഓഫീസിൽ നിന്നും താമസസ്ഥലത്തേക്ക് യാത്രചെയ്യുമ്പോൾ മൊബൈൽ ശബ്‌ദിച്ചു.

"ചേട്ടാ... നാളെ ഇങ്ങോട്ട് വാ. നിങ്ങൾക്ക് പുതിയ പെൻ തരാൻ ഓർഡർ ആയിട്ടുണ്ട്" ശബ്ദം തിരിച്ചറിഞ്ഞു. സുബിൻ.  കണ്ണിമ ഒന്നുവെട്ടിച്ച് താൻ കേൾക്കുന്നത് സത്യം തന്നെയെന്ന് അയാൾ ഉറപ്പുവരുത്തി.

പുതിയ പേനയുടെ പായ്ക്ക് സുബിൻ അയാളുടെ കയ്യിൽ കൊടുത്തപ്പോൾ അയാളിൽ നുരഞ്ഞുപൊന്തിവന്ന വികാരം ഇതുവരെ എങ്ങും രേഖപ്പെടുത്താത്ത ഒന്നായിരുന്നുവത്രെ. പുതുപുത്തൻ പേന. 'ഇത് താൻടാ ക്രോസ്സ്' കവറിനുള്ളിൽ നിന്നും പുറത്തേക്ക് ഒഴുകിയ ഏതോ ഗന്ധം വിളിച്ചുപറയുംപോലെ അയാൾക്ക് തോന്നി.

"സുബിൻറെ വീടെവിടാ? നാട്ടിൽ?"
"കൊല്ലത്ത്"
"ഞാൻ പത്തനംതിട്ട.."
"ഉവ്വോ"
"ഉം "

സന്തോഷം തിരയടിക്കുമ്പോൾ ഉണ്ടാകുന്ന  കാരണമില്ലാത്ത ചില ചോദ്യങ്ങൾ. ചില ഉത്തരങ്ങൾ.

അയാൾ പുറത്തിറങ്ങി. നേരെപോയത് വീട്ടിലേക്കാണ്. വീട്ടിൽ ചെന്ന് അയാൾ ഇരുന്നു. മുണ്ട് തുടയ്ക്കുമേൽ ചുരച്ചുകയറ്റി, കാലിൻറെ പുറത്ത് കാലെടുത്ത് വച്ച്... ചുണ്ടത്ത് വിരൽകൊണ്ട് താളം പിടിച്ച് പുതിയ കാമുകിയെ വിരലുകൾക്കിടയിൽ പിടിച്ച് ഇരയിമ്മൻതമ്പിയുടെ വരികൾ മൂളി ഭാര്യാകാണാതെ ഇങ്ങനെയെഴുതി.

"I Love You"
ആരാണ് അയാൾ? ആ പേനയുടെ കാമുകൻ? കഥ തീരുമ്പോൾ സസ്പെൻസ് ബാക്കി നിർത്തി വായനക്കാരുടെ ശാപം ഏറ്റുവാങ്ങാൻ തയ്യാറല്ലാത്തതിനാൽ പറയാം.

അത് ഞാനാണ്. ഞാനാണ്. ഈ ഞാൻ തന്നെയാണ്. ഈ വരികളാകട്ടെ  എൻറെ പുതിയ (മൂന്നാമത്തെ) കാമുകി പെറ്റിട്ടതും.

--------------------------------------------------------------------------------------------------------

1 ) ഉമ്മയും പൂമ്പാറ്റക്കുട്ടികളും

സോഷ്യൽമീഡിയായിൽ കഴിഞ്ഞദിവസം ഒരു ചിത്രം കണ്ടു. അതിനുതാഴെ  കണ്ട വാക്കുകളിൽ കൂടി കണ്ണുകൾ ഇഴഞ്ഞപ്പോൾ  ഒരുനിമിഷം  ഒരുതരം ഇലക്ട്രിക്‌ഷോക്ക് ഉള്ളിലൂടെ പാഞ്ഞുപോയി. മുന്നിലുള്ളതെല്ലാം മാഞ്ഞ് മാഞ്ഞ് ഓർമ്മകൾ പിന്നിലേക്ക്.

ന്യൂ ഇന്ത്യൻ മോഡൽ  സ്‌കൂൾ, ദുബായ്.

നരച്ച താടിയിൽ ചെമ്പൻനിറം പൂശി വാർദ്ധക്യത്തിന്റെ ക്ഷീണം വകവയ്ക്കാതെ വരുന്നവരെയും പോകുന്നവരെയും വിവരാന്വേഷണക്കാരെയും ഒരേപോലെ നിയന്ത്രിക്കുന്ന പ്രധാനകവാടത്തിലെ  സെക്യൂരിറ്റി.  വാർദ്ധക്യം കോറിവരച്ചിട്ട ചുളിവുകൾ ആ മുഖത്ത് ഏറെയാണ്.  എങ്കിലും അയാളുടെ ചിരി ആകർഷണീയമായിരുന്നു.

എൻറെ മൂന്നാമത്തെ സന്ദർശനമാണിവിടെ.  ആഗമനോദ്ദേശ്യം വേറൊന്നുമല്ല, നാട്ടിൽനിന്നും ഞാനില്ലാതെ ഒരു ജീവിതം ഇല്ലെന്നുപറഞ്ഞ്  ഉടുമ്പ് പിടിച്ചപോലെ വന്നുകൂടിയിരിക്കുന്ന ഭാര്യയോടൊപ്പമെത്തിയ  മൂന്നാംക്ലാസ്സുകാരി മകൾക്ക് ഒരു അഡ്മിഷൻ എന്ന സാഹസത്തിനാണ്.  പല പല സ്‌കൂൾവരാന്തകൾ കയറിയിറങ്ങി അവസാനത്തെ ആശ്രയം എന്നനിലയിലാണ് ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിൽ എത്തിയത്. ഭാഗ്യം ! മൂന്നുസീറ്റുകൾ മൂന്നാം ക്ലാസ്സിലെ പെൺകുട്ടികൾക്ക് ഒഴിവുണ്ട്. ഒന്നിൽപിഴച്ചാൽ മൂന്ന്. ഇനി മകൾക്കൊരു കോച്ചിങ്ങ് ഒക്കെ കൊടുത്ത് എൻട്രൻസ് എഴുതിക്കേറി വരണം.

മൂന്നേ മൂന്ന് സീറ്റ്.... പലനായ്ക്കൾക്ക് ഒരെല്ലുകിട്ടിയാലത്തെപോലെയുള്ള ഒരിത്. 'ഈശ്വരാ..!!'   സത്യത്തിൽ നിരീശ്വരവാദികൾപോലും ഒതുക്കത്തിലെങ്കിലും ഒന്ന്  വിളിച്ചുപോകും.

സ്‌കൂളിനുപുറത്തും അകത്തും എന്തോ സൗജന്യവിതരണം നടക്കുംപോലെ  തിരക്കിൻറെ ചന്ത.  സ്‌കൂൾ അഡ്മിനിസ്ട്രേഷൻ ഓഫീസിൽ  കോയസാറിന്റെ ക്യാബിനുള്ളിൽ നിസ്സായവസ്ഥയുടെ ഭാണ്ഡക്കെട്ടും ഏന്തി സാക്ഷാൽ കുചേലൻ ഭഗവാൻ ശ്രീകൃഷ്ണനെ കാണാൻ പോയപോലെ വന്നിരിപ്പാണ് ഞാൻ. സുന്ദരമായി വെട്ടിനിർത്തിയ താടിയിൽ തലോടി കോയാസാർ എന്നെ നോക്കി ഒന്ന് ചിരിച്ചു. 'കണ്ടിട്ടുണ്ട്.. കണ്ടിട്ടുണ്ട്.. ഇതിലും വലിയ വേന്ദ്രന്മാരെ കണ്ടിട്ടുണ്ട്' എന്നാണോ ആ നോട്ടത്തിന്റെയും തലോടലിന്റെയും അർത്ഥം എന്ന് എനിക്ക് തോന്നാതിരുന്നില്ല. ഉള്ളതുപറയാമല്ലോ, ആ ചിരിഎനിക്കങ്ങ് ഇഷ്ടപ്പെട്ടു.

"മൂന്നാംക്‌ളാസ്സിൽ മൂന്ന് സീറ്റ് കണ്ടുപിടിക്കാൻ പെട്ട പാടേ ....  മോളെ നന്നായി ട്രെയിനിങ് കൊടുത്തോണം. എൻട്രൻസേ .. എൻട്രൻസ്...അതീൽപോയാ  ... അള്ളാ പിന്നെ പറഞ്ഞിട്ട് ഒരുകാര്യോം ഇല്ലേട്ടോ "

ഞാൻ പരമാവധി ദൈന്യത പ്രകടിപ്പിച്ചുതന്നെ കോയസാറിനെ നോക്കിയിരുന്നു.

"ദാ ... ഈ ഫോമൊന്നു ഫില്ലുചെയ്‌തുകൊണ്ട് വാ..."

കൊയസാറിന്റെ മുറിയിൽനിന്നും ഫോമും കയ്യിലേന്തി ഞാൻപുറത്തിറങ്ങി. ഫോം പൂരിപ്പിക്കുന്നിടത്ത് നല്ല തിരക്ക്. കുട്ടികളുടെ കാറിച്ച അതിന് മേമ്പൊടിയായി നിന്നു. ഒരു നിമിഷം എൻറെ ഓർമ്മകൾ ബാല്യത്തിലേക്കും, പൂത്തമരങ്ങളുടെ വർണ്ണവും, പച്ചമരത്തണലുമുള്ള  നാട്ടിലെ സ്‌കൂൾവരാന്തയിൽ പോയി തിരിച്ചുവന്നു.

ലോകത്തിൽ ഏറ്റവും മടുപ്പുള്ള പണികൾ ഉണ്ടെങ്കിൽ  ലിഫ്‌റ്റിനുമുന്നിലെ കാത്തുനിൽപും ,  ഫോം പൂരിപ്പിക്കലും പിന്നെ ക്യൂവിൽ നിൽപ്പുമാണ്. ആ ദേഷ്യം ഉള്ളിൽ നിന്നും പുറത്തേക്ക് തുളുമ്പാതെ ഞാൻ മാന്യനായി ഫോം പൂരിപ്പിക്കാൻ തുടങ്ങി. ഭീമസേനൻ കല്യാണസൗഗന്ധികം പറിക്കാൻ വാക്കുകൊടുത്തിട്ട് പോയപോലെ ഭാര്യക്ക് മകളുടെ  അഡ്മിഷൻ ഉറപ്പുകൊടുത്തിട്ടു വന്നുള്ള നിൽപ്പാണ്. അപ്പോൾ ഇതല്ല ഇതിലും വലിയ പരീക്ഷണങ്ങൾ നേരിടാൻ മനസ്സൊരുക്കം വേണ്ടതാണ്.

ഒരു ഹെർക്കുലീയൻ ടാസ്ക് കഴിഞ്ഞപോലെ ഞാൻ ഫോംപൂരിപ്പിച്ച് അതിൻറെ ഭംഗി ഒന്നാസ്വദിച്ചു. സ്വന്തം വീട്ടുമുറ്റത്തെ ചപ്പുചവറുകൾ അയൽപക്കത്തെ  മുറ്റത്തെക്ക് വാരിയിട്ടമാതിരി എൻറെ കൈപ്പട! വാച്ചിൽ നോക്കി. ദൈവമേ.. മാനേജരുടെകയ്യിൽ നിന്ന് വാങ്ങിയ ഒരുമണിക്കൂർ പെർമിഷൻ കഴിയാറായി. ഫോം കൊടുത്ത് എത്രയും വേഗം ഓഫീസിലേക്ക് തിരികെപ്പോകണം. പൂരിപ്പിച്ച ഫോമുമായി ഞാൻ കോയസാറിന്റെ ക്യാബിൻ ലക്ഷ്യമാക്കി നടക്കാനൊരുങ്ങവേ പിന്നിൽ നിന്നൊരുവിളി.

"മോനേ... നീയ്യ് മലയാളിയാ ??"

പതറിയ ഒരൊച്ച. ഞാൻ തിരിഞ്ഞുനോക്കി. ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ വന്ന് മലയാളിയാണെന്നോ? അതും ദുബായിൽ? ഇതാരെടാ?

എൻറെ നോട്ടം ചെന്നുപതിച്ചത് അറുപത് വസ്സിൽകൂടുതൽ തോന്നിക്കുന്ന ബുർക്ക ധരിച്ച ഒരു സ്ത്രീയുടെ മുഖത്തേക്കാണ്. പ്രായം വിളിച്ചുപറയുന്ന മുഖം. തളർന്ന കണ്ണുകൾ. എൻറെ നോട്ടത്തിന് മറുപടിയായി അവർ ഒരു ചിരി സമ്മാനിച്ചു. എങ്കിലും ആ ചിരിയിലും മുഖത്ത് നിറഞ്ഞുനിന്നത് മുഴുവൻ  ദൈന്യത തന്നെയായിരുന്നു.

"അതെ.."  ഞാൻ മറുപടി പറഞ്ഞ് മുന്നോട്ടാഞ്ഞു.

"മോനെ.... എനിക്കൊരുസഹായം ചെയ്യോ??"

ഈ മരുഭൂമിയിൽ എന്നെ ആദ്യമായിട്ടാണ് 'മോനെ' എന്നൊരാൾ വിളിക്കുന്നത്! കൊള്ളിയാൻ പോലെ എന്തോ ഒന്ന് എന്നിലൂടെ കടന്നുപോയി...'മോൻ!!'

"എന്ത് സഹായം?" ഞാൻ കൂടുതൽ ധൃതി അഭിനയിച്ചു. അതിനുത്തരമായി അവർ കയ്യിലിരുന്ന ബാഗിൽനിന്നും ഒരുഫയൽ പുറത്തെടുത്തു. ഉടനെ എവിടെനിന്നോ ഒരേ ഛായയുള്ള രണ്ട് കുട്ടികൾ പറന്നുവന്നു. ആ ഇരട്ടക്കുട്ടികൾ ആ സ്ത്രീയുടെ ബുർക്കയിൽ പിടിച്ച് വലിച്ച് കളിക്കാൻ തുടങ്ങി.

"ഇതുങ്ങളുടെ അഡിമിഷന് വേണ്ടിയാ... എനിക്ക് എഴുത്തും വായനയും ഒന്നും അറിയൂല്ല മോനെ.  കുറേനേരമായി ഇവിടെ വരുന്ന പലരോടും പറഞ്ഞു. ആരും തിരിഞ്ഞുനോക്കുന്നില്ല. ചിലർ ൻറെ മലയാളം കേട്ട് ഹിന്ദിയിൽ എന്തൊക്കെയോ പറഞ്ഞിട്ടു പോയി... ന്നെ ഒന്നു സഹായിക്കുമോ?"

ഞാൻ അവരുടെ മുഖത്തെ ദൈന്യതയിലേക്കും അവർക്കു ചുറ്റും പൂമ്പാറ്റകളെപ്പോലെ പറന്നുനടക്കുന്ന കുഞ്ഞുങ്ങളേയും നോക്കി ഒരുനിമിഷം നിന്നു.  ആ പെൺകുട്ടികൾ എൻറെ മകളേക്കാൾ ഇളപ്പമാണെന്നുതോന്നുന്നു. ഈ കുട്ടികൾ എന്തായാലും ഇവരുടെയാകാൻ വഴിയില്ല.  എൻറെ മനസ്സിൻറെ സന്ദേഹം ഗ്രഹിച്ചിട്ടാകും അവർ ശബ്ദം താഴ്ത്തി പറഞ്ഞു.

"... ൻറെ മോടെ കുട്ടികളാ... ഇരട്ടകൾ. അവൾക്കാവതില്ല. കുട്ടികളുടെ കാര്യമല്ലേ.. ഉപേക്ഷവിചാരിക്കാൻ പറ്റ്വോ? ഞാൻ തന്നെ ഇങ്ങു പോന്നു "

അപ്പോൾ കുട്ടികളുടെ അച്ഛൻ ?? ചോദിക്കാൻ തോന്നി. പക്ഷേ എന്തോ ഞാൻ ചോദിച്ചില്ല.

നിസംഗതയുടെ ഒരു ഭാവത്തോടെ ഞാൻ അവരുടെ കയ്യിൽനിന്നും ഫോമുകൾ വാങ്ങി. ഒന്നല്ല രണ്ടെണ്ണം! ഓരോകോളവും ഞാൻ അവരിൽനിന്നും ചോദിച്ചറിഞ്ഞ് പൂരിപ്പിച്ചു. ഇടയ്ക്കിടെ സ്പെല്ലിങ് സംശയം വരുമ്പോൾ അവരുടെ കയ്യിലിരിക്കുന്ന പാസ്സ്‌പോർട്ട് നോക്കണ്ടാതായിട്ട് വരും. എനിക്ക് മാനേജർ അനുവദിച്ച ഒരുമണിക്കൂറും കഴിഞ്ഞു.. ഒന്നരമണിക്കൂർ ആയി!

പക്ഷേ ക്ഷമയോടെ ആ ഫോമുകൾ ഞാൻ പൂരിപ്പിച്ചു.

ഒരുവിധത്തിൽ ആ വലിയ സംരംഭം തീർത്ത് ഞാൻ ഒന്ന് നിവർന്നു നിന്നു. പിന്നെ ഫോമുകൾ അവർക്ക് തിരികെനൽകി വേഗം കോയസാറിന്റെ മുറിയിലേക്ക് നടന്നു. തുരുതുരെ മൊബൈൽഫോൺ ചിലക്കാൻ തുടങ്ങി. ഒട്ടും സമയം ഇനി ബാക്കിവെക്കാൻ ഇല്ല. എത്രയും പെട്ടെന്ന് ഓഫീസിൽ എത്തണം.

കോയസാറിന്റെ കൈയ്യിൽ ഫോം കൊടുത്ത് തിരികെ ഇറങ്ങുമ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി. എവിടെ ആ സ്ത്രീ? എവിടെ ആ പൂമ്പാറ്റക്കുട്ടികൾ?

കാർപാർക്കിലേക്കെത്തി ഒരിക്കൽക്കൂടി ഞാൻ തിരിഞ്ഞു നോക്കി. എന്നിൽ അപ്പോൾ ദേഷ്യത്തിൻറെ അളവ് കൂടിവന്നു. ഇത്രയും സഹായിച്ചിട്ട് ഒരു നന്ദിവാക്കുപോലും പറയാതെ അവർ പൊയ്ക്കളഞ്ഞല്ലോ എന്നതായിരുന്നു ദേഷ്യത്തിന് കാരണം. ഇക്കാലത്ത് ആരെയും സഹായിക്കാൻ പാടില്ല.  ഇങ്ങനെയൊക്കെ ആലോചിച്ചാലോച്ച് ഞാൻ ഓഫീസിൽ എത്തി. ബൈബിളിൽ പലവട്ടം വായിച്ചിട്ടുള്ള 'ഈ എളിയവനിൽ ഒരുവന് ചെയ്‌താൽ എനിക്കുതന്നെയാണ് നിങ്ങൾ ചെയ്തത്' എന്ന് യേശു പറഞ്ഞതൊന്നും അപ്പോൾ ഓർമ്മ വന്നില്ല. അല്ലെങ്കിലും മതഗ്രന്ഥങ്ങളിലെ നല്ല ഉപദേശങ്ങൾ ഒക്കെ ആരാധനാലയങ്ങളുടെ മതിൽക്കെട്ടിനുപുറത്തേക്ക് കൊണ്ടുപോകേണ്ടതില്ല എന്നാണല്ലോ നമ്മുടെ ഒക്കെ ചിന്ത.

 മകൾക്ക് എൻ.ഐ.മോഡൽ സ്‌കൂളിൽ അഡ്മിഷൻ കിട്ടി. ആ വാർത്ത  അക്കാദമിക് ഇയറിന്റെ ഇടക്ക് സ്‌കൂളിൽ മകളെയുംകൊണ്ട് വലിഞ്ഞുകയറിയ എൻറെ ടെൻഷൻ ഒത്തിരി കുറച്ചു.  മൂന്നാം ക്ലാസ്സിൽ മൂന്ന് സീറ്റുകൾ ബാക്കിയുണ്ടായിരുന്നതിൽ ഒന്ന് അവൾക്ക് കിട്ടി. അതിൻറെ ക്രെഡിറ്റ് മുഴുവൻ എൻട്രൻസ് ട്രെയിനിങ് നൽകിയ ഭാര്യ കരസ്ഥമാക്കുകയും ചെയ്തു. അല്ലെങ്കിലും ഫെമിനിസത്തിൻറെ ഈ കാലഘട്ടത്തിൽ ആണുങ്ങൾ ചെയ്യുന്നതൊന്നും അളക്കപ്പെടുന്നില്ലല്ലോ.

മാസങ്ങൾ കഴിഞ്ഞു. സ്‌കൂളിലെ  മകളുടെ ഓപ്പൺഹൌസ്  ദിനം. കൂടിക്കാഴ്ച കഴിഞ്ഞു മകളുടെ മാർക്കും ഉത്തരക്കടലാസും ക്ലാസ്സ്ടീച്ചറിന്റെ കയ്യിൽനിന്നും വാങ്ങി തിരികെ നടക്കവെ പിന്നിൽനിന്നും ഒരു വിളി.

"മോനെ..."

ഞാൻ വെട്ടിത്തിരിഞ്ഞു. ആ ഉമ്മ! ആ ഇരട്ടക്കുട്ടികളുടെ വല്യമ്മ. അവർ എൻറെ അടുത്തേക്ക് വേഗം നടന്നുവന്നു. ആ ഉത്സാഹവും, മുഖത്തെ പ്രസാദവും ഒരിക്കൽ മനസ്സിലെവിടെയോ തോന്നിയ ദേഷ്യത്തിൻറെ കണികകൾ മായ്ചുകളഞ്ഞു.

".. ത്തിരി നന്ദിയുണ്ട്. അന്ന് നിന്നോടൊന്ന് നന്ദി പറയാൻ കഴിഞ്ഞില്ല"

അവരുടെ കൂടെ ചിരിച്ചുകൊണ്ടുനിൽക്കുന്ന ആ പൂമ്പാറ്റക്കുട്ടികളെ നോക്കി ഞാൻ പറഞ്ഞു.

"ഏയ് സാരമില്ല ഉമ്മാ.. അതുവലിയ കാര്യമൊന്നുമല്ലല്ലോ."

ആ ഉമ്മ ചിരിച്ചു. എന്നിട്ട്  യൂണിഫോമിൽ സുന്ദരിക്കുട്ടികളായി നിൽക്കുന്ന ബാലികമാരോട് പറഞ്ഞു

"ചേട്ടനൊരു നന്ദി പറയൂ..."

അവർ പരസ്പരം നോക്കി. എന്തിനാണെന്നറിയില്ലെങ്കിലും ആ ചേലുള്ള ഇരട്ടപ്പൂമ്പാറ്റകൾ എന്നോട് പറഞ്ഞു

"താങ്ക്‌സ് അങ്കിൾ... താങ്ക്‌സ് അങ്കിൾ.."

ചിരി മായാതെ ഞാൻ നടന്നു. അങ്ങ് കാർപാർക്കിൽ ചെന്ന് തിരിഞ്ഞു നോക്കി.  അപ്പോളും എനിക്ക് കാണാം എന്നെനോക്കി  നിൽക്കുന്ന മൂന്ന് മുഖങ്ങൾ....

ഈ പ്രവാസത്തിൽ കഴിയാൻ തുടങ്ങിയിട്ട് എത്രവർഷങ്ങൾ. പക്ഷെ ഇവിടെ, ഈ മരുഭൂമിയിൽ എന്നെ 'മകനെ' എന്നൊരു വിളി കേൾക്കുന്നത് ആദ്യമായിട്ടാണ്.  അവരുടെ നാടേതെന്നോ, താമസം എവിടെയെന്നോ എന്നൊന്നും ഞാൻ ചോദിച്ചില്ല, അറിഞ്ഞതുമില്ല. അവർ തിരിച്ചും. എങ്കിലും അവർ എന്നെ 'മോനെ' എന്നും ഞാൻ അവരെ തിരിച്ച് 'ഉമ്മാ ' എന്നും വിളിച്ചു. നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന ആ ബന്ധം ദേശത്തിനും, മതങ്ങൾക്കും, ഇസങ്ങൾക്കുമപ്പുറമുള്ള ഒന്നായിരുന്നു. മനുഷ്യനെന്ന ബന്ധം.

ഇനിയെന്നിലേക്ക് ഇലക്ട്രിക്‌ഷോക്ക് പായിച്ച ആ വരികൾ കുറിച്ചിടാം.

"നിങ്ങളുടെ വഴികളിലെവിടെങ്കിലും പ്രായമുള്ള ഒരാൾ വരുമ്പോൾ ദയവായി അവരോട് സഹായം വല്ലതും വേണമോ എന്ന് ചോദിക്കുക. ഓർക്കുക... നിങ്ങളുടെ അറിവും വിദ്യാഭ്യാസവും വേണ്ടസമയത്ത് വേണ്ടവർക്ക്  ഉപയോഗപ്പെടുത്തുന്നില്ലെങ്കിൽ അത് വെറും വിലയില്ലാത്തതാണ്"

ഓർമ്മകൾ ഓളങ്ങൾ പോലെയാണ്. തീരത്തെ ചുംബിച്ച്, പുണർന്ന് അത് വരും. തിരികെപോകും.  ഓർമ്മകളുടെ ഓളപ്പരപ്പിൽ ഉയർന്നും, താഴ്ന്നും സഞ്ചരിക്കുക എന്നത് ഏറെ സുഖമുള്ള  ഒരു വികാരവും.

Friday, November 11, 2016

പേസ്റ്റും ബൈബിൾ വചനവും

"ദേ പേസ്റ്റ് തീർന്നു"
വെള്ളിയാഴ്ച രാവിലെ കിടക്കയിൽ ചുരുണ്ടുകൂടി കിടക്കുന്ന എന്നോട് സഹധർമ്മിണിയാണ്.

"ഉം"

ഞാൻ അലസതയുടെ ഒരു മൂളൽ അങ്ങ് വച്ചുകൊടുത്തു.

"പേസ്റ്റില്ലാതെ എങ്ങിനെ പല്ലുതേക്കും ?"

അതൊരു ചോദ്യമാണ്. വലിയ ചോദ്യം.  കേവലം ഉമിക്കരികൊണ്ട് പല്ലുതേച്ചു വളർന്നവനാണീ കെ.കെ.ജോസഫ് എന്ന് പറയാൻ തോന്നി. എന്നാൽ അപ്പോൾ ചങ്ങമ്പുഴ വിലക്കി "പാടില്ല.. പാടില്ല.. നമ്മെ നമ്മൾ......"

"അമ്മേ എനിക്ക് പല്ലുതേക്കണം"

പുന്നാര മകൾ പുതപ്പിനടിയിൽനിന്നും വെള്ളപ്പൊക്കത്തിൽ തല പൊന്തിച്ച് പൊങ്ങിവരുന്ന തവളയെപ്പോലെ ഉയിർത്തെഴുന്നേറ്റു വന്നു. ഞാൻ അവളെ ഒന്ന് നോക്കി. ഇന്നലെ പഠിക്കാൻ പറഞ്ഞതിൻറെ കണക്ക് തീർക്കുകയാണവൾ. അമ്പടീ! ഒരു വലിയ പല്ലുതേപ്പുകാരി... ഇതെനിക്കിട്ടു പണിതരാൻ തന്നെയാണ് !!

"എടീ, നന്നായി ഒന്ന് അമർത്തി നോക്ക് .. താഴേന്നു മേളിലോട്ടു .... ഒരുനേരത്തേക്കുള്ളത് അതിലുണ്ടാകും .."

സത്യം, കോട്ടയ്ക്കൽ ആര്യവൈദ്യശാലയും തിരുമ്മുകേന്ദ്രവും ഒക്കെ മനസ്സിൽ ധ്യാനിച്ച് ഒരു പെടയങ്ങ് പെടച്ചു.

അതിനവൾ, ഞാനെന്ന ഭർത്താവിനെ നോക്കിയ നോട്ടം ഉണ്ടല്ലോ..... അഞ്ഞൂറിൻറെയും ആയിരത്തിന്റേയും നോട്ട് നിരോധിച്ച പ്രധാനമന്ത്രിയെ നാട്ടുകാർ നോക്കിയാ നോട്ടം ?ഏതാണ്ട് അതുപോലെയായിരുന്നു.

പട്ടിയുടെ വാൽ ഏതു കുഴലിൽ ഇട്ടാലാ നേരെയാകുന്നത് എന്നമട്ടിൽ ഒരു നിപ്പവൾ അങ്ങ് നിന്നു.  അപ്പോൾ ആണ് ഇന്ന് കടപ്പെട്ട ദിവസമാണല്ലോ എന്നോർമ്മവന്നത് (നാട്ടിൽ ഞായറാഴ്ച ആണ് അച്ചായന്മാർക്ക് കടപ്പെട്ട ദിവസം എങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ഇവിടെ പെർഷ്യേക്കാർക്ക് അത് വെള്ളിയാഴ്ച ആകുന്നു!). എന്നാൽ ഇനിയൊരു ബൈബിൾ വാക്കങ്ങുരചെയ്യാം..

"എടീ അന്വേഷിപ്പീൻ കണ്ടെത്തും എന്നല്ലേ പ്രമാണം.... അതിനാൽ ഞെക്കുവീൻ പേസ്റ്റ്  കണ്ടെത്തപ്പെടും "

"നാല് ദിവസമായി ഞെക്കിക്കൊണ്ടിരിക്കുവാ.... ഇനി എന്നെക്കൊണ്ടാവില്ല. ആ പേസ്റ്റിന്റെ ആത്മാവിനുപോലും നിത്യശാന്തി കിട്ടില്ല"

ഞാൻ ആലോചിക്കും മുമ്പ് മറുപടി വന്നു. അല്ലേലുംതറുതല പറയാൻ ഈ പെണ്ണുങ്ങൾക്ക് നല്ല വിരുതു തന്നെയാ. പണ്ട് പള്ളിയിൽ വച്ച് നാട്ടുകാരുടെ മുമ്പാകെ ഈ സാധനത്തിന്റെ കൈ എൻറെ കയ്യിൽ പിടിച്ചേപ്പിച്ചോണ്ട് പള്ളീലച്ചൻ യെക്ഷിയുടെ തലയിൽ ചുണ്ണാമ്പാണി അടിച്ചുകേറ്റിയ പോലെ ഒരു എഗ്രിമെൻറ് ചെയ്യിച്ചിട്ടുണ്ട് "നീ കഴിച്ചില്ലെങ്കിലും ഇവളെ കഴിപ്പിക്കണം... നീ ഉടുത്തില്ലെങ്കിലും ഇവളെ ഉടുപ്പിക്കണം..." വേദപുസ്തകത്തിലെ വാക്കുകൾ തന്നെ എന്നെ തിരിഞ്ഞുകൊത്തുകയാണ്. സത്യം പറഞ്ഞാൽ കല്യാണത്തിന്റെ അവസാന ചടങ്ങായ ഈ 'ചെയ്തു'ണ്ടല്ലോ അതുകാരണമാണ് എന്നെപ്പോലെ പലഭർത്താക്കന്മാരും മിണ്ടാതെയങ്ങ് ഇരിക്കുന്നത്. ഇതിനുപകരം  മനസമ്മതം ചോദിക്കുന്ന സമയത്തുവല്ലോം  ഇങ്ങനെ ചോദിച്ചിരുന്നെങ്കിൽ കാണാമായിരുന്നു പൂരം??!!

"അമ്മേ എനിക്ക് പല്ലു തേക്കണം"

മകൾ ചിണുങ്ങി. അല്ലേലും ഈ വീട്ടിൽ സ്ത്രീ മേധാവിത്തം ആണല്ലോ. അമ്മയും മോളും പെണ്ണ്. ഞാൻ ഒരേയൊരു ആൺതരി. ഈ രണ്ടുപെണ്ണുങ്ങളോട് മല്ലിട്ടു മല്ലിട്ട് എൻറെ ജീവിതം കോഞ്ഞാട്ടയായിടും എന്ന് പലപ്പോളും തോന്നിയിട്ടുള്ളതാണ്. ഇപ്പോൾ അത് സത്യം ആണെന്നുതോന്നി.

"ഒന്നെണീറ്റെ ... കിടന്നുറങ്ങിയത് മതി... ഇങ്ങനേം ഒരു ഉറക്കമൊണ്ടോ..!!"

അമ്പടി കേമീ .. അഞ്ചുമിനിറ്റ് മുമ്പുവരെ എന്നോട് പറ്റിച്ചേർന്ന് കിടന്നുറങ്ങിയാളാ ഈ പറയുന്നെ! കൊള്ളാലോ വനമാല!

"ചെല്ല് ... ചെന്ന് വേഗം പേസ്റ്റ് വാങ്ങിക്കൊണ്ടുവാ... വെള്ളിയാഴ്ച്ചയാ... കട വേഗം അടക്കും.. പറഞ്ഞേക്കാം"

അതൊരു വാർണിംഗാണല്ലോ. ഞാൻ കണ്ണുതിരുമ്മി എണീറ്റു.

"അച്‌ഛാ .. എനിക്കൊരു സ്നിക്കർ കൂടി.."  പുന്നാര മോൾ സ്നേഹം നടിച്ചു. അവളുടെ പല്ലുതേക്കാനുള്ള ആക്രാന്തം ഇതിനായിരുന്നോ?  അതെങ്ങനാ മത്തകുത്തിയാൽ  കുമ്പളം മുളക്കുമോ? ഞാൻ ശ്രീമതിയെ ആപാദചൂഡം ഒന്ന് നോക്കി.

ആരെയൊക്കെയോ പ്രാകികൊണ്ട് പേഴ്‌സും പോക്കറ്റിൽ തിരുകി പുറത്തേക്കിറങ്ങവേ പിന്നിൽ നിന്നും ഒരു ശബ്ദം.

"എന്തായാലും പുറത്തേക്കു പോകുവല്ലേ... മന്നാ ഹോട്ടലിൽ നിന്നും ബ്രെക്ഫാസ്റ്റിനുള്ള ദോശസെറ്റുകൂടി  വാങ്ങിയെര് ... പിന്നെ ഒരു ബ്രെഡും പഴവും.."

'പഴം !!' ഞാൻ പിറുപിറുത്തു.

നിസ്സഹായാവസ്ഥ എന്നൊന്ന് ഈ ലോകത്തിൽ ഉണ്ടെങ്കിൽ. അതിതാണ്.... ഇതാണ്.... ഇതുതന്നെയാണ്.

"ബൈബിൾ വാക്കുകളെ ബഹുമാനമില്ലാത്ത കൺട്രി ഫെല്ലോസ്" കണ്ണുതിരുമ്മി തലാൽ സൂപ്പർമാർക്കറ്റിലേക്ക് നടക്കുമ്പോൾ ഞാൻ എന്നോടുതന്നെ പറഞ്ഞു.

Friday, November 4, 2016

അകത്തേക്കുള്ള വാതിൽ - വായനാസ്വാദനം

ഒരു മുൻവിധിയും ഇല്ലാതെ വായിക്കാനെടുത്ത പുസ്തകമാണ് ഡോ: അനൂപിൻറെ 'അകത്തേക്കുള്ള വാതിൽ' എന്ന കവിത സമാഹാരം.

അകത്തേക്ക് വാതിൽ തുറന്നുകയറിയാൽ മുപ്പത് കവിതകൾ. ആധുനികതയുടെയോ, അത്യന്താധുനികതയുടെയോ അലങ്കാരപ്പണികളോ ജാടയോ ഇല്ലാതെ സാധാരണക്കാരന് വായിച്ചു മനസ്സിലാക്കാനും, ആസ്വദിക്കാനും പറ്റിയ കുറെ കവിതാമുത്തുകൾ. അറുപത്തിനാല് പേജുകളിലായി സാധാരണക്കാരനോട് കവി സമ്മേളിക്കുന്നു.  അകത്തേക്ക് കയറിയാൽ പുറത്തേക്കുള്ള വാതിൽ തുറന്നു ഇറങ്ങിപ്പോകാൻ നന്നേപ്രയാസം. അകത്തേക്ക് കയറിയ വായനക്കാരനെ നഷ്ടബോധവും, ഗൃഹാതുരത്വവും, പൊയ്‌പ്പോയ നല്ലനാളുകളുടെ ഓർമ്മകകളുമായി ചിന്തയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന, വരികൾക്കിടയിലൂടെ വായിക്കാൻ പ്രേരിപ്പിക്കുന്ന ഒരുപിടി കവിതകൾ.

കവിതകൾ
മനുഷ്യനും പ്രകൃതിയും, പ്രണയവും, നഷ്ടമാകുന്ന സംസ്കാര മൂല്യങ്ങളും ഒന്നിനൊന്നായി ഇഴപിരിച്ച് നിർമ്മിച്ച സമാഹാരമാണിത്. ലോകത്തോട് തനിക്ക് പറയാനുള്ള തുറന്നുപറച്ചിലിനുള്ള വേദി. അതിന് കവിക്ക് കടിച്ചാൽ പൊട്ടാത്ത പദങ്ങളോ, ആശയപരാക്രമമോ വേണ്ട. ദാഹിച്ചവന് തെളിനീരാണ് അമൃത്.  എന്താണ് കവിയെന്നും കവിതയെന്നും കവിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ

കവിത
ദർപ്പണം മാത്രമല്ല
ദർശനവുമാകണം
....................................
കവിത എല്ലാമാണ്
കവിയോ?
കവിതയാകണം.

'ബാക്കിപത്രം' എന്ന കവിതയിൽ 'ഇരയായ് കീഴ്പെടുത്തുന്നതിന് മുൻപ്, ഞാൻ ചെറുത്തുനിന്നിരുന്നതിന് തെളിവായ് ........ എൻ കവിതകൾ തിരുശേഷിപ്പുകളായിടട്ടെ !' എന്ന് പറയുന്നത്കൂടി നാം ഇതിനോട് കൂട്ടിച്ചേർത്തുവായിക്കണം.

'പിതൃതർപ്പണം' എന്ന കവിതയിൽ പിതൃതർപ്പണത്തിനെത്തുന്ന കവിയോട് പുഴയും, കാക്കകളും പ്രകൃതിയും ഒക്കെ ചോദിക്കുകയാണ് ജലതർപ്പണവും, ശ്രാദ്ധവും ഒക്കെ ഞങ്ങൾക്ക് വേണ്ടിയാണോ എന്ന്. അതുകേട്ട് അച്ഛനോട് മാപ്പുചോദിക്കുന്ന കവി പറഞ്ഞുവക്കുന്നത് ഒരുപാട് ആശയങ്ങൾ ആണ്. 'കിണർ', 'വാർദ്ധക്യം',  'ഉല്പത്തി',  'ഔഷധി',  'അകത്തേക്കുള്ള വാതിൽ',  'ഉഷ്ണനൃത്തം' ഈ കവിതകൾ എല്ലാം നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന പ്രകൃതി സാമ്പത്തിനെക്കുറിച്ചും, സംസാരത്തിനെക്കുറിച്ചും ഉള്ള തേങ്ങലുകൾ ആണ്. പ്രകൃതി കേഴുന്നു. തിരികെ തന്നിലേക്ക് മടങ്ങിവരാൻ മനുഷ്യനോട് യാചിക്കുന്നു.

ചെറുക്കള്ളങ്ങൾ ബാല്യത്തിൽ പറഞ്ഞ് പലകള്ളങ്ങൾ തുടരുന്ന ജീവിതത്തിൽ, ഹൈപ്പർ മാളിൻറെ ആളൊഴിഞ്ഞ കോണിൽ കണ്ണുകാണാത്ത അമ്മയെ നിർത്തി അവധിക്കാല വിനോദയാത്രക്ക് പോകുന്ന മക്കളെ 'നുണ' എന്ന കവിതയിൽ വരച്ചുകാണിക്കുന്നു. 'ഐ.സി.യു' എന്ന കവിതയിൽ 'ചുണ്ടിലൊരിറ്റു വെള്ളമിറ്റിച്ചാൽ മതി..' എന്ന അന്ത്യാഭിലാഷത്തോടെ കിടക്കുന്ന വാർദ്ധക്യം. സമൂഹത്തിനു നേരെ, രോഷത്തിൻറെ പടവാൾ ഉയർത്തി 'മൃതരതി; എന്ന കവിതയിൽ കവി ആക്രോശിക്കുന്നു;

മിഠായിയും ബലൂണും കാണിച്ച്
കളിപ്പിച്ചെടുത്ത, വിടരാത്ത
മൊട്ടുകളിൽ കഴുവേറികൾ
എന്തുമണമാണ് നുകരുന്നത്
......................................................
പുതുനോട്ടിന്റെ മണം
അമ്മയെയും മത്തുപിടിപ്പിച്ചോ?
ഇരുണ്ടറക്കുള്ളിൽ നിന്ന്
ഇതിനാണോ മുക്കി, മുക്കി
എന്നെ പുറത്തേക്കിട്ടത്?

'ഫുഡ് വെപ്പൺ' എന്ന കവിതയിൽ 'അധിനിവേശത്തിന്റെ അദൃശ്യകരങ്ങൾ ആഹാരത്തിലൂടെ നമ്മളിലേക്ക് ആഴ്ന്നിറങ്ങുന്നത്, ദൈവമേ നമുക്ക് മനസ്സിലാകുന്നില്ലല്ലോ' എന്ന് സ്വയം വിലപിക്കുന്ന കവി വായനക്കാരനെ ഇരുത്തി ചിന്തിപ്പിക്കുന്നു.

'വലതുവശത്തുള്ള കാള', യിൽ വണ്ടിക്കാരന്റെ വലതു വശത്ത് ഉള്ള കാളക്ക് കൂടുതൽ പ്രഹരം കിട്ടുന്നതുപോലെ വിധിയുടെ വലതുവശത്ത് നിന്ന് പ്രഹരം ഏൽക്കുന്നതോർത്ത് വിലപിക്കുന്ന ഹൃദയം കാണാം. 'ഇടയന്റെ കൂടെ' യിൽ 'ദാവീദിൻറെ സിംഹാസനം പനിനീർ പൂക്കളാലല്ല, കൂർത്ത മുള്ളുകളാൽ തീർത്തതാണെന്ന് ' എന്ന്  കാനായിലെ വീഞ്ഞുവീപ്പകളിൽ വീണുകിടക്കുന്നവരോട് കവി ഗിരിപ്രഭാഷണം നടത്തുന്നു.

ഒരു മഴക്കുളിർപോലെ സുഖാനുഭവം പകരുന്ന വായനാനുഭവം. മടുപ്പുതോന്നാത്ത എഴുത്ത്. കവിതയുടെ ലോകത്തുനിന്നും പുറത്തേക്കുള്ള വാതിൽ തുറന്ന് പുറത്തിറങ്ങുമ്പോൾ എന്തൊക്കെയോ മനസ്സിൽ തങ്ങിനിൽക്കുന്ന പ്രതീതി.

മഴയെ നിങ്ങൾ ഇഷ്ടപെടുമെങ്കിൽ, പക്ഷിമൃഗാദികളെ നിങ്ങൾ സ്നേഹിക്കുന്നുവെങ്കിൽ, ഹരിതവർണ്ണം പൂശി നൃത്തം ചെയ്യുന്ന മരച്ചില്ലകളെയും, മരത്തണലുകളെയും നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ; തീർച്ചയായും 'അകത്തേക്കുള്ള വാതിൽ' നിങ്ങൾ ഇഷ്ടപ്പെടും.  ഇതൊക്കെ താൻ എന്തിനാണ് കുത്തിക്കുറിക്കുന്നതെന്ന് കവിതന്നെ പറയുന്നു;

കവിതയെന്ന
ഒളിയിടമില്ലാതിരുന്നെങ്കിൽ
ചുമരിലൊരു പൂമാലയുമായി
ഞാനൊടുങ്ങിയേനെ..

ഈ കവിതകൾക്കെല്ലാം ചിത്രങ്ങൾ വരച്ചിരിക്കുന്നത് ഡോ:ആനന്ദ് ആണ്. കവിതയുടെ മനോഹാരിത ചിത്രങ്ങളിൽ സന്നിവേശിപ്പിക്കാൻ ആനന്ദിന് കഴിഞ്ഞിട്ടുണ്ട്. ശിലയിൽ തീർത്ത കൊത്തുപണികൾ പോലെ ആശയത്തിനൊത്ത വര.

ദൃഷ്ടിദോഷം
ഒരു കവിയെന്ന നിലയിൽ ഡോ: അനൂപിൻറെ വളർച്ചയിൽ ഒരു നാഴികക്കല്ലാണ് ഈകവിത സമാഹാരം. ഇതിൽ നിന്ന് കിട്ടുന്ന ഊർജ്ജം കവിയുടെ ഇനിയുള്ള എഴുത്തിനെ കൂടുതൽ തെളിർമ്മയും, കുളിർമ്മയും ഇല്ലാതാക്കും. ഒരേ ആശയത്തിലുള്ള കവിതകൾ ഒഴിവാക്കി വ്യത്യസ്തമായ കവിതകൾ ആ സ്ഥാനത്ത് വയ്ക്കാമായിരുന്നു എന്ന് തോന്നാതിരുന്നില്ല. കവിയുടെ ഫേസ്‌ബുക്കിൽ വ്യത്യസ്തവും മനോഹരവുമായ ഒട്ടേറെ കവിതകൾ കാണുന്നുണ്ട്.  പേജുകൾ കുറഞ്ഞുപോയി. കുറച്ചുകൂടി കവിതകൾ ഉൾക്കൊള്ളിച്ച് 150 - 200 പേജുകൾ ആയി അടുത്ത കവിതാസമാഹാരം പുറത്തിറക്കാൻ ശ്രമിക്കും എന്ന് കരുതുന്നു.
----------------------------------------------------------
അകത്തേക്കുള്ള വാതിൽ - കവിതകൾ
ഉണ്മ പബ്ലിക്കേഷൻസ്- നൂറനാട്, ആലപ്പുഴ
വില : 75 രൂപ
പേജ്: 64
ഇമെയിൽ: dranupsai@ymail.com

Sunday, October 23, 2016

സമാധാനസേന

കുറവൻ മലയുടെ താഴ്വാരത്തിൽ നിന്ന് നേതാവ് ഗർജ്ജിച്ചു.
"കൂട്ടരേ.. എല്ലാം മനസ്സിലായല്ലോ..?"
"മനസ്സിലായേ "
"ആരാണ് നമ്മൾ ?"
"നമ്മൾ ശാന്തിസേന ... സമാധാന സേന..."
"എന്താണ് നമ്മുടെ ദൗത്യം?"
"താഴ്വാരത്തിൽ സമാധാനം സ്ഥാപിക്കൽ "
"അതിനു നമ്മൾ എന്ത് ചെയ്യും?"
"എന്തും ചെയ്യും ...."

നേതാവ് ചിരിച്ചു. ആ ചിരി കുറവൻമലയുടെ അങ്ങേയറ്റം വരെ പരന്നുകിടന്നു.

"നിങ്ങളുടെ തോക്കുകൾ തയ്യാറാണോ?"
"തയ്യാറാണ് "
"നിങ്ങളുടെ വടിവാളുകൾ മൂർച്ചകൂട്ടിയാതാണോ?"
"അതേ "
"കുറുവടികൾ??.."
"ആവശ്യത്തിനുണ്ട് "
"നല്ലത്... താഴ്വാരത്തിൽ  സമാധാനം സംസ്ഥാപിക്കാൻ ഇതെല്ലം അത്യാവശ്യമാണെന്നറിയാമല്ലോ?"
"അറിയാമേ..."
"കൊള്ളാം... ചുണക്കുട്ടികളേ, നിണത്തിന്റെ ചൂരുംചൂടും നിങ്ങളെ പിന്തിരിപ്പിക്കുമോ?"
"ഇല്ലേയില്ല "
"നല്ലത്. യോദ്ധാക്കൾ ചോരപ്പുഴകണ്ട് പതറുവാൻ പാടില്ല..."

"ശരി പുറപ്പെടാൻ സമയമായി. നിരനിരയായി നിൽക്കുവിൻ. എല്ലാവരിലും ആയുധം ഉണ്ടെന്ന് ഉറപ്പുവരുത്തുക. വിജയം നമ്മുടേതാണ്.. സമാധാനവും.."
"വിജയം നമ്മുടേതാണ് സമാധാനവും" സേന ആർത്തുവിളിച്ചു.

"ധീരന്മാരെ പോയിവരൂ... വീരന്മാരെ  ജയിച്ചുവരൂ... താഴ്വരയിൽ ശാന്തി വിതക്കൂ...സമാധാനം സ്ഥാപിക്കൂ..."

കുറവന്മലയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ശാന്തിസേന മുന്നോട്ടു നീങ്ങി.

അവരുടെ ലക്ഷ്യം സമാധാനം.
അവരുടെ ആശയം താഴ്‌വരയിൽ ഐശ്വര്യം.

ആശീർവാദം നൽകി നേതാവ് കുറവൻ മലയിലെ പൊത്തിലേക്കെവിടേക്കോ തിരിഞ്ഞു നടന്നു. അവിടെ അയാളെ കാത്ത് മദ്യചഷകങ്ങളും, കാമിനിമാരും, മുന്തിയതരം ഭക്ഷണപാനീയങ്ങളും നിരന്നു.

അപ്പോൾ സൂര്യകിരണത്തിന് താപം കുറവായിരുന്നു, പക്ഷേ  ചോരചുവപ്പായിരുന്നു. ആ ചുവന്ന കിരണം കുറത്തിമലയുടെ ഇടിവുവീഴാതെ ആകാശത്തേക്കുയർന്നുനിൽക്കുന്ന കറുത്തമുലകളിൽ തട്ടി തെളിഞ്ഞു നിന്നു.

Friday, October 14, 2016

അവൾ... ആ പെൺകുട്ടി

ഞാൻ ആ പെൺകുട്ടിയെ ഇതിനു മുമ്പും കണ്ടിട്ടുണ്ട്. അവനെയും കണ്ടിട്ടുണ്ട്.

എന്നാൽ അന്ന് ഇതുപോലെ ചുറ്റും മൂകതയില്ല, മുരൾച്ചയില്ല, കരച്ചിൽ ഇല്ല, നെഞ്ചുപിടയുന്ന നിലവിളി ഇല്ല. ഭ്രാന്തമായ നെഞ്ചത്തടിയില്ല. കാഴ്ചക്കാരിൽ നെഞ്ചിടിപ്പുമില്ല.

ചിരിമുത്തുകൾ വാരി വിതറിക്കൊണ്ട്,  കണ്ണെത്താദൂരം നീണ്ടുകിടക്കുന്ന വയൽവരമ്പിലൂടെ അവൻറെ കൈകൾ പിടിച്ച് അവൾ നടന്നു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്.  അവർ ചിരിക്കും, കൊഞ്ചും, സല്ലപിക്കും. കൗമാരത്തിൻറെ പടികൾ ചവിട്ടിയിട്ടേയുള്ളുവെങ്കിലും, വിവാഹം വിദൂരത്തെവിടെയോ ആയിരുന്നെങ്കിലും അന്ന് മനസ്സിൽ പറഞ്ഞു "കല്യാണം കഴിഞ്ഞാൽ എനിക്കും ഇതുപോലെ ഒരു പെണ്ണിൻറെ കരംപിടിച്ച് നടക്കണം"

അവൻറെ അരക്കെട്ടിൽ അമർത്തിപ്പിടിച്ച് ഇരുചക്രവാഹനത്തിൽ അവൾ ചിരിച്ചുല്ലസിച്ച് നീങ്ങുമ്പോൾ ആ ബൈക്കിൽ നിന്നും ചിതറിത്തെറിച്ചുവീണ പ്രേമത്തിൻറെ നുറുങ്ങുകൾ കണ്ട് ഞാൻ മനസ്സിൽ പറഞ്ഞിട്ടുണ്ട് "ഒരിക്കൽഎനിക്കും ഇവരെപ്പോലെയാകണം"

കിടക്കയിൽ, രാവിൻറെ മഞ്ചലിൽ എൻറെ ഭാവിസ്വപ്നങ്ങൾക്ക് അവരുടെ ചിരിയും കളിയും ഭാവനയേകി, നിറങ്ങൾ നൽകി പിന്നെ ചിറകുകൾ നൽകി. അവരുടെ പ്രേമത്തിൻറെയും പ്രതീക്ഷയുടെയും മുഖങ്ങൾ  എൻറെ മനസ്സിൽ തുടികൊട്ടികൊണ്ടേയിരുന്നു.

എന്നാൽ ഇന്ന്.....??

അവളുടെ അലർച്ചയും കണ്ണീർചാലുകളും കാഴ്ചക്കാരുടെ മുഖങ്ങളിൽ ദുഃഖത്തിന്റെ മുള്ളുകൾ വാരി വിതറികൊണ്ടിരുന്നു. വേദനയുടെ ചീളുകൾ കണ്ണിലും, കരളിലും കുത്തിക്കയറുന്ന നിമിഷംങ്ങൾ!

ഡെഡ്ബോഡി !

ഭംഗിയുള്ള ശവപ്പെട്ടി. അതിൽ ജീവൻ വിട്ടകന്നുപോയ അവൻറെ മുഖംമാത്രം കാണാം. ആ കണ്ണുകളിലും കവിളുകളിലും അവൾക്കു വേണ്ടിയാകണം അവസാനമായി ഒരു ചെറുപുഞ്ചിരി ഒളിപ്പിച്ചുവച്ചിട്ടുണ്ടായിരുന്നു. മനസ്സിലേക്ക് തീനാളങ്ങൾ കോരിയിടുന്ന അവസാനപുഞ്ചിരി.

അവന് വിദേശത്തായിരുന്നു ജോലി. കഴിഞ്ഞ ദിവസം അവളുടെ ഫോണിൽ മുഴങ്ങിയത് മരണമണി ആയിരുന്നു. കമ്പനിയുടെ എച്ച്.ആർ. ഡിപ്പാർട്ടുമെന്റിൽ നിന്നും വന്ന ഫോൺ കോൾ. വാഹനാപകടം.  ഇന്നിവിടെ മുഖംമാത്രം കാണുന്ന കിളിവാതിലിട്ട് മനോഹരമായി നിർമ്മിച്ച വലിയ പെട്ടിയിൽ അവളുടെ മൃദുലകരം പിടിച്ച് താലോലിച്ച വിരലുകൾ തണുത്തുറഞ്ഞ് കണ്ണുകൾക്കന്യമായി കിടക്കുന്നു.

അവളുടെ നിലവിളി ദൂരേന്ന് കേട്ടാണ് ഞാൻ ഞെട്ടി ഉണർന്ന് ഇവിടേക്ക് വന്നത്.  ഡെഡ്ബോഡി! ചിരിയും, കളിയും, സുഗന്ധവും പരത്തി ഗ്രാമത്തിലേക്ക് പറന്നിറങ്ങാറുള്ള അവൻ ഇന്ന് വിഷാദത്തിൻറെ കാർമേഘം മാത്രം പടർത്തി തണുത്തുറഞ്ഞൊരു ബോഡിയായി വന്നിറങ്ങി.  ഒരിക്കലും ആരും ആഗ്രഹിക്കാത്ത പ്രവാസിയുടെ ഒരു മടങ്ങിവരവ്.

അവൾ ആ മുഖത്തേക്ക് വീണു. അവനൊരു ചുംബനം നൽകുവാൻ മാത്രം. പക്ഷേ അവൾ ചുംബനം മുഴുപ്പിക്കുംമുമ്പ് ആരൊക്കെയോ അവളെ വലിച്ചു മാറ്റി. അവൾ അലമുറയിട്ടു. ആൾക്കാർ അവളെ നിശബ്ദയാക്കാൻ ശ്രമിക്കുന്നു. അവൾ പുലമ്പുന്നു, കരയുന്നു, നെഞ്ചത്തടിക്കുന്നു. ഒരു മനോരോഗിയെ നോക്കുംപോലെ അവൾക്ക് വട്ടംകൂടി നിൽക്കുന്നവർ, ശാസിക്കുന്നു. പിറുപിറുക്കുന്നു.

ഒരിക്കൽ അവളുടെ മാത്രമായിരുന്ന ദേഹം....
ഒരിക്കൽ സ്വന്തം എന്നുമാത്രം അവൾ കരുതിയ മുഖം....
ഒരിക്കൽ അവളെ  ചുംബിച്ചുറക്കുകയും ഉണർത്തുകയും ചെയ്ത ചുണ്ടുകൾ...
ഒരിക്കൽ അവളുടെ പ്രേമത്തിൻറെ പൊരുൾ കേട്ട കാതുകൾ...
ഒരിക്കൽ അവളെ മാത്രം വാരിപ്പുണർന്ന കരങ്ങൾ...
ഒരിക്കൽ അവളിലേക്ക് തൻറെ ചൂട് പകർന്നുനൽകിയ വിരിമാറ്...
ഒരിക്കൽ അവളുടെ മനസ്സിനെയും, ശരീരത്തേയും ആപാദചൂഡം കുളിരണിയിച്ച വിരൽത്തുമ്പുകൾ...
ഒരിക്കൽ അവളുടെ ഇഷ്ടങ്ങൾ പൊന്നുപോലെ സാധിച്ചു കൊടുത്ത മനസ്സ്...

ഇന്ന് ... ഒന്നും അവളുടേതല്ല...... തൻെറമാത്രം എന്നവൾ കരുതിയതെല്ലാം വേറെ ആർക്കൊക്കെയോ സ്വന്തം. ജീവിച്ചിരിക്കുമ്പോൾ അവൻ ഒരിക്കലും കാണുകപോലും ചെയ്യാത്തവർ ഇന്ന് അവൻറെ ചേതനയറ്റ ശരീരത്തിൻറെ കാർമ്മികർ ആകുന്നു.

അവളുടെ അവകാശങ്ങൾ എല്ലാം അകലെയെവിടെയോ നഷ്ടപ്പെടുത്തി, ഒരു കുഞ്ഞിൻറെ ജന്മം ബാക്കി നൽകി അവൻ യാത്രയായി. അവളെ അവസാനം ഒന്ന് കാണാതെ, കേൾക്കാതെ. അവൾ അറിയാത്ത ലോകത്തേക്ക്. കാണാത്ത വിജനതയിലേക്ക്.....

ഇന്ന് അവളുടെ ഇഷ്ടം ആരും അറിയുന്നില്ല. എല്ലാവർക്കും  സൂര്യൻ പടിഞ്ഞാറ് അന്തിയുറങ്ങും മുമ്പ് ആ ശരീരം മറവുചെയ്യണം. അവളെ അവനിൽനിന്നും വലിച്ചകറ്റണം.

ഇന്നവൻ ആറടിമണ്ണിൽ നിദ്രയാകും. അവളുടെ ഗന്ധം ഇല്ലാത്ത രാത്രി. മണ്ണും, പുഴുക്കളും കീടങ്ങളും അവന് ഇണയും തുണയും ആകുമ്പോൾ അവൾ വറ്റാത്ത കണ്ണീരുമായി വഴിവക്കിലേക്ക് നോക്കി വിങ്ങിപ്പൊട്ടിക്കൊണ്ടിരിക്കും.

എനിക്ക് തല കറങ്ങുന്നു. ആ പെൺകുട്ടിയുടെ നിലവിളി കുത്തേറ്റു പിടയുന്നവൻറെ നെഞ്ചിൽ നിന്നും ചീറ്റിത്തെറിക്കുന്ന ചുടുചോരപോലെ എന്നിലേക്ക് തെറിച്ചുവീണു.

അസഹനീയമായ കാഴ്ച്ച! അസഹനീയമായ കേൾവി! അവിശ്വസനീയമായ ചിന്താധാരകൾ!

ഞാൻ വെറും കാഴ്ചക്കാരൻ. ഇതെല്ലം ഒരു നിമിഷത്തിനുശേഷം പെയ്തൊഴിയുന്ന ഒരു മഴയെപ്പോലെ മാഞ്ഞുപോകുന്ന മനസ്സുള്ളവൻ.

എന്നാൽ പെൺകുട്ടി .... നീയോ?

തുടിക്കുന്ന ഹൃദയവുമായി ഞാൻതിരികെ വീട്ടിലേക്ക് നടക്കവെ അവളുടെ മുഖം മനസ്സിൽ മായാതെ നിന്നു. ചിരിക്കുന്ന ആ പഴയമുഖം അല്ല.

പ്രാണപ്രിയന് ഒരു ചുടുചുംബനംപോലും  നൽകാൻ സ്വാതന്ത്ര്യം തരാത്ത ലോകത്ത് ഭ്രാന്തിയെപ്പോലെ അലറിക്കരയുന്ന മുഖം.

സ്വന്തമായിരുന്നവൻ ആരുമല്ലാതായിത്തീരുന്ന നിമിഷംത്തെയോർത്ത് തന്നെയും, ലോകത്തെയും, വിധിയെയും, എല്ലാത്തിനെയും ശപിക്കുന്ന മുഖം.

അവളുടെ ഉദരത്തിൽ ഇതൊന്നും അറിയാതെ അമ്നിയോട്ടിക് ഫ്ലൂയിഡിനുള്ളിൽ ശാന്തമായി ഉറങ്ങുന്ന അവൻറെ കുഞ്ഞിൻറെ മുഖം.

Wednesday, October 12, 2016

ഒരു ഇന്ത്യൻ പൈങ്കിളിക്കഥ

വായനയുടെ പശ്ചാത്തലം 
ആറ് ബെസ്ററ് സെല്ലറുകളുടെ എഴുത്തുകാരൻ. ഇന്ത്യാചരിത്രത്തിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ബുക്കുകളുടെ രചയിതാവ്. ഒട്ടുമിക്കവാറും എല്ലാ ബുക്കുകളും സിനിമയാക്കപ്പെട്ടുകഴിഞ്ഞു. ലോകത്ത് മറ്റുള്ളവരിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന 100 വ്യക്തിത്വങ്ങളിൽ ഒരാൾ. ചേതൻ ഭഗത്തിന്റെ ഏതു ബുക്ക് എടുത്താലും ആദ്യപേജിൽ മുഴച്ചു നിൽക്കുന്ന വചനങ്ങൾ ആണിത്. 'വൺ ഇന്ത്യൻ ഗേൾ' - ജെ.കെ റൗളിങ്ങിന്റെ പുതിയ പുസ്തകമായ 'ഹാരിപോട്ടർ ആൻഡ് ദി കഴ്സ്ഡ് ചൈൽഡ്' ൻറെ റെക്കോർഡ്പോലും ആമസോൺ പോർട്ടൽവഴി പ്രീ-പബ്ലിക്കേഷനായി തിരുത്തിക്കുറിച്ച കൃതി! പോരെ പൂരം! ഇതിൽ കൂടുതൽ വായനക്കാർക്ക് എന്ത് വേണം?

ചേതൻറെ 'ഫൈവ് പോയിൻറ് സം വൺ' , 'ടു സ്റ്റേറ്റ് ' ഇവയൊക്കെ വായിച്ച് ആസ്വദിച്ച ഒരു മൂഡിൽ ആണെന്ന് തോന്നുന്നു വായനക്കാർ ഇപ്പോളും 'ഹാഫ് ഗേൾഫ്രണ്ടും' 'വൺ ഇന്ത്യൻ ഗേളും' ഒക്കെ വായിക്കുന്നത്. അതേ  ആവേശംകൊണ്ടുതന്നെയാണ് പ്രസിദ്ധീകരിച്ച് ഉടൻ തന്നെ എൻറെ കൈവശവും 'ഒരു ഇന്ത്യൻ പെൺകുട്ടി' എത്തപ്പെട്ടത്. എന്നാൽ കാത്ത്, കാത്തിരുന്നു കിട്ടിയ കുഞ്ഞ് ചാപിള്ളയായിപോയപോലെ ആണ് വായന കഴിഞ്ഞപ്പോൾ അനുഭവപ്പെട്ടത്.

കഥ / കഥാപാത്രങ്ങൾ 
കഥയെപ്പറ്റി പുസ്തകത്തിൻറെ പുറംചട്ടയിൽ തന്നെ പറയുന്നുണ്ട് "ഞാൻ രാധിക,കല്യാണം കഴിക്കാൻ പോകുന്നു. ഒരു ഇൻവെസ്റ്മെന്റ് ബാങ്കിൽ ജോലി ചെയ്യുന്നു. ചിലപ്പോൾ നിങ്ങൾ എൻറെ കഥ ഇഷ്ടപ്പെട്ടേക്കില്ല. ഞാൻ ഒത്തിരി പണം ഉണ്ടാക്കുന്നുണ്ട്. എനിക്ക് എന്റേതായ അഭിപ്രായം എല്ലാത്തിലും ഉണ്ട്. എനിക്ക് മുമ്പ് രണ്ടു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു (എന്നാൽ അകംപേജിൽ -പേജ്  07 - രാധിക പറയുന്നു എനിക്ക് വിവാഹേതര ലൈംഗിക ബന്ധം ഉണ്ടായിരുന്നു ; അത് പുറംചട്ടയിൽ ഒഴിവാക്കിയത് മനഃപൂർവ്വം ആയിരിക്കണം)'

ഗോവയിൽ തുടങ്ങി, ന്യുയോർക്കിലും, ഹോങ്കോങ്ങിലും, ഫിലിപ്പീൻസിലും തിരികെ ഗോവയിൽ നാടകീയ രംഗങ്ങളുമായും, പിന്നെ പെറുവിലൂടെ സാൻഫ്രാൻസിസ്കോയിൽ ഫേസ്‌ബുക്ക് ക്യാമ്പസിനു പുറത്ത് കഥ അവസാനിക്കുന്ന 272 പേജുകൾ ആണ് നോവലിനുള്ളത്.

ഗോവയിൽ ഒരു കല്യാണഒരുക്കത്തിന്റെ സെറ്റിലേക്കാണ് (ഹോട്ടൽ മാരിയോട്ട് എന്നും പറയാം) ചേതൻ തുടക്കത്തിൽ നമ്മളെ കൊണ്ടുപോകുന്നത്. അവിടെ പെൺകൂട്ടർ കല്യാണ ചെറുക്കന്റെ വീട്ടുകാരെ സ്വീകരിക്കാൻ ഉള്ള തിരക്കാണ്. 200-ൽ പരം ആൾക്കാർ ആഴ്ചയോളം വന്ന് വിവിധ പരിപാടികളോടെ നടക്കാൻ പോകുന്ന കല്യാണം. ചെറുക്കനും വീട്ടുകാരും വരുന്നു, രാധികയും പ്രതിസുതവരൻ ബ്രിജേഷും തമ്മിൽ കുശലം പറയുന്നു. മംഗളകരമായി നടക്കാൻ പോകുന്ന ചടങ്ങുകൾ. എന്നാൽ രാധികയ്ക് യു എസിൽ നിന്നും വരുന്ന ദേബഷീഷിന്റെ ഫോൺവിളി കഥയുടെ ഗതി മാറ്റി മറിക്കുന്നു. വർഷങ്ങൾക്ക് മുമ്പ്  രാധിക ന്യൂയോർക്കിൽ ജോലിക്ക് പോകുന്ന സീനിലേക്ക് ഫ്‌ളാഷ്ബാക്ക്. അവിടെ നിന്ന് വീണ്ടും സീൻ  ഗോവയിൽ തിരിച്ചെത്തുമ്പോൾ രാധികയ്ക്ക്  അടുത്ത ഒരു മെസേജ് ശ്രീലങ്കയിൽ നിന്നെന്നെത്തുന്നു-നീൽ. കല്യാണ ചെറുക്കൻ ബ്രിജേഷ്, രണ്ട് പഴയ ബോയ്ഫ്രണ്ടുകൾ. അവരുടെ ഇടയിൽ അന്തിച്ചു നിൽക്കുന്ന നായിക. തികച്ചും നാടകീയ രംഗങ്ങൾ.

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ: ചേതൻറെ മറ്റെല്ലാ ബുക്കുകൾ പോലെ ഒരെണ്ണം കൂടി. മറ്റെല്ലാത്തിലും ആണുങ്ങൾ കഥ പറയുന്നു, ഇവിടെ ഒരു പെണ്ണ് പറയുന്നു. ഒരു പെണ്ണിൻറെ പുറകെ രണ്ട് ബോയ്ഫ്രണ്ട് ഒരു പ്രതിശുതവരൻ. കാരണം ലോകത്തിലേക്കും ഏറ്റവും പെർഫെക്ട് ആയ പെണ്ണാണ് അവർക്ക് രാധിക.  അതാണ് സോ കാൾഡ് 'ഒരു ഇന്ത്യൻ പെൺകുട്ടി' രാധിക.

മാതാപിതാക്കൾ, അതിഥി (സഹോദരി), ബിജേഷ് (പ്രതിസുതവരൻ), ദേബഷീഷ് (ആദ്യ കാമുകൻ), നീൽ (രണ്ടാമത്തെ കാമുകൾ) ഇവരൊക്കെയാണ് മുഖ്യകഥാപാത്രങ്ങൾ.

നോവലിൽ അധ്യായങ്ങളേക്കാൾ സീനുകൾ ആണ് പ്രധാനം. അതുകൊണ്ടായിരിക്കും പ്രസിദ്ധീകരിക്കും മുമ്പ് വായിച്ചിട്ട് സിനിമാ നടി കങ്കണ റൗത് ഇതിലെ നായിക ആകാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞത്. സിനിമയ്ക്ക് വേണ്ടി തട്ടിക്കൂട്ടിയ മാതിരി ആണ് ചേതൻറെ കഴിഞ്ഞ കുറെ ബുക്കുകൾ.  ഒന്നുകിൽ ചേതൻ സിനിമയ്ക്ക് തിരക്കഥ എഴുതണം, അല്ലെങ്കിൽ നോവൽ എഴുതണം. അല്ലാതെ കുറെ നാടകീയ മുഹൂർത്തങ്ങൾ എഴുതിപിടിപ്പിച്ച്,  ഒരുമാതിരി രണ്ടു വള്ളത്തിൽ കാലുവച്ച് വായനക്കാരെ കടലിൻറെ നടുക്ക് തള്ളിയിടുന്ന  ഏർപ്പാട് നല്ലതല്ല.

ഗോവയിലെ ഒരു  ക്‌ളൈമാക്‌സ് രംഗത്തിൽ അതിരാവിലെ പഴയ രണ്ടു കാമുകന്മാരുമായി രാധിക കോഫി കുടിച്ച് ജീവിതത്തിലെ സുപ്രധാനമായ തീരുമാനം അറിയിക്കുന്നുണ്ട്. അത് സീരിയസ്സ് ആണോ തമാശയാണോ എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

ഫെമിനിസം
നോവൽ വായിച്ച് കഴിക്കുമ്പോൾ ഫെമിനിസം എന്നാൽ വിവാഹത്തിന് മുമ്പ് മൂന്ന് നാല് ബോയ്ഫ്രണ്ട്ആയി കറങ്ങുക, വീട് വിട്ട് വലിയ നഗരത്തിൽ ഏതേലും ഒരുവൻറെകൂടെ കയറിതാമസിക്കുക, വലിയ ശമ്പളത്തിൽ ജോലി ചെയ്യുക, ബ്രെസീലിയൻ വാക്സ് ചെയ്യുക (വാക്സ് ചെയ്തത്  ബോയ്ഫ്രണ്ടിനെ കാണിക്കാനായി ഹൃദയം തുടിക്കുക), സമയം കിട്ടുമ്പോൾ ഒക്കെ നന്നായി മദ്യപിക്കുക  ഇതൊക്കെ ആണെന്ന് നമ്മൾ വായനക്കാർ തെറ്റിദ്ധരിച്ചുപോകും. കഥ തുടങ്ങും മുമ്പ്, ചേതൻ താൻ പരിചയപ്പെട്ടതും, തൻറെ ജീവിതത്തിൽ കൂടി കടന്നുപോയതുമായ പല പെൺകുട്ടികൾ ഈ 'ഇന്ത്യൻ പെൺകുട്ടി'യുടെ രചനയിൽ സഹായകമായിട്ടുണ്ട് എന്ന് പറയുമ്പോൾ, അയ്യേ... ഇയാൾ കണ്ടതെല്ലാം ഇത്തരം പെൺകുട്ടികളെ മാത്രം ആണോ എന്ന് വായനക്കാർ മൂക്കത്ത് വിരൽവച്ചാൽ അത്ഭുതപ്പെടാനില്ല.

രാധികയുടെ ഭാഷയിൽ "സ്ത്രീകൾക്ക് രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, വ്യക്തിപരമായ, സാമൂഹികമായ തുല്യത  അന്വേഷിക്കുകയും നിർവചിക്കുകയും അത് നേടുകയും, സ്ഥാപിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് ഫെമിനിസം. അതിൽ വിശ്വസിക്കുന്ന ആൾ ഫെമിനിസ്റ്റും"  ഈ നിർവചനം മാത്രം ബാക്കിനിർത്തി ഒരുമാതിരി ചീറ്റിപ്പോയ ഫെമിനിസം ആണ് കഥയിൽ കാണുന്നത്.

നായിക വലിയ ഫെമിനിസ്റ്റ് ഒക്കെ ആണെങ്കിലും ഇടക്കിടെ ഒക്കെ വികാരപരമായി സംസാരിക്കുകയും, കരയുകയും, മിഴികൾ തുടക്കുകയും ചെയ്യുന്നുണ്ട് എന്നൊരു ആശ്വാസം വായനക്കാർക്ക് ഇല്ലാതില്ല. എന്താണ് കഥാകാരൻ ഫെമിനിസം എന്നത് കൊണ്ട് ഈ കഥയിൽ ഉദ്ദേശിക്കുന്നത് എന്ന് വായനക്കാർക്ക് തുടക്കത്തിൽ ഉണ്ടാകുന്ന സംശയം കഥകഴിഞ്ഞാലും ബാക്കിനിൽക്കും.

അശ്ലീലം
പക്കാ അശ്ലീലം കൊണ്ട് 'സമ്പന്ന'മാണ് ചില അദ്ധ്യായങ്ങൾ. അദ്ധ്യായം ആറിൽ ബ്രെസീലിയൻ വാക്സ് എന്താണെന്നും, അത് എങ്ങിനെ ചെയ്യണം എന്നും നല്ല രീതിയിൽ വർണ്ണിക്കുന്നുണ്ട്.  എട്ടാമത്തെ അദ്ധ്യായത്തിൽ ആകട്ടെ നായിക ആദ്യമായി  ബോയ്‌ഫ്രണ്ടിന്റെ കൂടെ കിടപ്പറ പങ്കിടുന്നത് നല്ല രീതിയിൽ വിവരിച്ച് ചേതൻ വായനക്കരെ ഇക്കിളിപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അതുപോലെ ഫിലിപ്പിയൻ പെൻഗാലുസിയാൻ ദീപിൽ (ഇരുപത്തിയാറാമത്തെ അദ്ധ്യായത്തിൽ) അടുത്തൊരു സീൻ. സിനിമയ്ക്കിടെ ബിറ്റിടുന്നപോലെ!

അല്ലെങ്കിൽതന്നെ ഇതിനു മുമ്പുള്ള  എല്ലാ കൃതികളിലും പുട്ടിനിടക്ക് തേങ്ങ വിതറുംപോലേ  വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം ചേതൻ ഭഗത് കുത്തിത്തിരുകിയിട്ടുണ്ട്. തൻറെ കൃതികൾക്ക് അതില്ലെങ്കിൽ എന്തോ വലിയ കുറവ് ഉണ്ട് എന്ന് അദ്ദേഹത്തിന് തോന്നുന്നുണ്ടാകും. ആണും, പെണ്ണും, ലൈഗിംകതയും ഒക്കെ എത്രയോ എഴുത്തുകാർ മനോഹരമായി, അറപ്പുളവാകാത്ത രീതിയിൽ  എഴുതിയിരിക്കുന്നു. എന്നാൽ ഇവിടെ എഴുത്തുകാരൻറെ സംതൃപ്തിക്കുവേണ്ടിമാത്രം ന്യൂജനറേഷൻ രീതിയിൽ  കുത്തിത്തിരുകിയിരിക്കുന്ന അശ്ലീല രംഗങ്ങൾ വല്ലാത്ത വെറുപ്പ് ഉണ്ടാക്കുന്നുണ്ട് (നിങ്ങൾ ഞരമ്പ് രോഗി അല്ലെങ്കിൽ).

കൺസ്യൂമർ 
'ഇന്ത്യൻ പെണ്ണിൻറെ' മുഖവില 176 രൂപയാണ്. എന്നാൽ ഒരു ഒരു ഉപഭോക്താവ് എന്ന നിലയിൽ ഒരു 'മ ' പ്രസിദ്ധീകരണത്തിന് നമ്മൾ കൊടുക്കുന്ന വിലയിൽ കൂടുതൽ ഇടാൻ ഒരിക്കലും കഴിയില്ല. തൻറെ ആദ്യകാല കൃതികളുടെ പച്ചയിൽ ആണ് ചേതൻറെ അടുത്ത കാലത്തിറങ്ങിയ ബുക്കുകൾ ഒക്കെ വിറ്റുപോയിട്ടുള്ളത് എന്നതാണ് സത്യം.

അവസാന വാക്ക്
വെറുതെ വായിച്ച് സമയം തള്ളിനീക്കാൻ പറ്റുന്ന ഒരു പക്കാ മസാലനോവൽ മാർക്കെറ്റിങ്ങിലൂടെ എങ്ങിനെ ബെസ്ററ് സെല്ലർ ആക്കാം എന്നതിന് ഉദാഹരണമാണ് ഈ ബുക്ക്. എഴുപത് എൺപതുകളിലെ സിനിമാസ്റ്റൈൽ (നായകൻ, നായിക, കാബറെഡാൻസ്, വില്ലൻ, ബലാത്സംഗം... ക്ളൈമാക്സ്) പോലെ ഒരു സാധനം, ഇപ്പോൾ ഇറങ്ങുന്ന സിനിമകളുടെ ചുവടു പിടിച്ചുള്ള  മാർക്കറിങ്ങ് തന്ത്രം. അതിൽ ചേതനും പ്രസാധകർ രൂപാ പബിക്കേഷൻസും നന്നായി വിജയിച്ചിരിക്കുന്നു.

അവസാനമായി രണ്ട് ഉപദേശം മാത്രം:
01) ചേതൻ തൻറെ ആദ്യ ജോലിയായിരുന്ന ഹോങ്കോങ്ങിലെ ഗോൾഡ്മാൻ ബാങ്കിൽ തന്നെ തിരികെ കയറാൻ നോക്കണം
02) അല്ലെങ്കിൽ നല്ല ഒരു ഇടവേള എടുത്ത് നല്ല ഒരു നോവൽ  എഴുതുക (സിനിമകൾക്കുള്ള സീനുകൾ അല്ല). അതല്ലെങ്കിൽ  "വല്ല വാർക്ക പണിക്കും പോയ്കൂടെടോ" എന്ന് വായനക്കാരൻ നിലവിളിക്കേണ്ടി വരും.Monday, September 26, 2016

ഷെമി-മലയാള സാഹിത്യത്തിലെ ആൻഫ്രാങ്ക്

വായനയുടെ പശ്ചാത്തലം
2015-ൽ ഒരു ബുക്ക്ഫെസ്റ്റിവലിൽ വച്ചാണ് ഷെമിയുടെ 'നടവഴിയിലെ  നേരുകൾ' കാണുന്നത്. ബെസ്റ്റ്സെല്ലർ പട്ടികയിൽ, മുൻനിരയിൽ വച്ചിരിക്കുന്ന ബുക്ക് ഒന്നെടുത്തുനോക്കി. കറുത്ത വസ്ത്രം ധരിച്ച്, തലയിൽ തട്ടവുമിട്ട്, കറുത്ത ഫ്രേമുള്ള കണ്ണടയിലൂടെ മൊണാലിസയുടെ നോട്ടം പോലെ ചിരിയുംചിന്തയും ഒളിപ്പിച്ച്, വായനക്കാരന് നോട്ടം തരാതെ അകലങ്ങളിലേക്ക് മിഴിപായിച്ച് നിൽക്കുന്ന  മെല്ലിച്ച ഒരു പെണ്ണ് ! ഇതാണോ പുതുമുഖം ഷെമി? ബുക്ക് തിരികെവച്ച് പുറത്തിറങ്ങുമ്പോൾ ഒരുപാട് ചോദ്യങ്ങൾ വേട്ടയാടുന്നുണ്ടായിരുന്നു. പിന്നീട് ഷെമിയുടെ ഈ പുസ്തകത്തെപ്പറ്റിയുള്ള നിരൂപണം, ആസ്വാദനം ഒക്കെ ഒരുപാട് പരതി. അവസാനം തീരുമാനിച്ചു വായിച്ചിട്ടു തന്നെ കാര്യം!

നോവൽ എന്ന നോവൽ
സാധാരണ നോവലുകളിൽ കാണുന്നതിൽ നിന്നും വ്യത്യസ്തമായി അധ്യായങ്ങൾ ഇല്ലാതെ, മൊത്തം ആറുഭാഗങ്ങൾ ആയി തിരിച്ച് ഒന്നിനൊന്ന് ബന്ധപ്പെട്ടു കിടക്കുന്ന ഒരുപാട് ചെറുകഥകളുടെ സമാഹാരമാണിത്. ഓരോ കഥയ്ക്കും ഓരോ താളമുണ്ട്, ലയമുണ്ട് പിന്നെ ചിരിയും ചിന്തയുമുണ്ട്.

തൻറെ ജീവിത്തത്തിൽ ഒന്നൊന്നായി നായിക നേരിടേണ്ടിവരുന്ന അഗ്നിപരീക്ഷണങ്ങൾ ഏറെ ചങ്കിടിപ്പോടും, കൺകോണുകളിൽ ഉതിർന്നുവരുന്ന ആർദ്രതയോടുമല്ലാതെ വായനക്കാരന് 'നടവഴികൾ' വായിച്ചുതീർക്കാനാകില്ല. മലയാള അക്ഷരങ്ങൾ അടുക്കോടും ചിട്ടയോടും കൂടി എടുത്ത് ആകർഷണീയമായി എങ്ങനെ എഴുതാം എന്ന് ഷെമി ഇവിടെ കാണിച്ചു തരുന്നു. ജീവിതത്തിൽ ഒരു പെൺകുട്ടി ഇത്രമാത്രം പരീക്ഷണങ്ങൾ എങ്ങനെ അതിജീവിക്കും എന്ന് നമ്മൾ അതിശയിച്ചു പോകും. മനുഷ്യൻറെ ബേസിക് ആവശ്യങ്ങളായ ഭക്ഷണത്തിനും, പാർപ്പിടത്തിനും വേണ്ടി അമ്മയുടെയും, അപ്പൻറെയും കൂടെ അലയുന്ന ഒരു ബാല്യം.  അതിനിടയിൽ മൂത്തആങ്ങളമാരുടെ വില്ലന്മാരെപ്പോലെയുള്ള  ശല്യപ്പെടുത്തലും, സഹോദരിമാരോടുള്ള ദയാവായ്‌പും, അനുജനോടുള്ള കരുതലും മനസ്സിൽ നിറച്ച നായികയുടെ ജീവിതം ഏറെ നോവുളവാക്കുന്നതാണ്. എത്ര കഴുകിക്കളഞ്ഞാലും മനസ്സിൽനിന്നും മായാത്ത കറപോലെ അതങ്ങനെ തെളിഞ്ഞു നിൽക്കുന്നു.

തുടക്കം മുതൽ ഒടുക്കം വരെ ആകാംഷയുടെ രസച്ചരട് പൊട്ടിപ്പോകാതെ വായനക്കാരെ നടത്തിക്കൊണ്ടുപോകാൻ ഷെമിക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ, പേജുകൾ മറിയുന്നത് നമ്മൾ അറിയുകയില്ല. കുപ്പയിൽ കിടക്കുന്ന മാണിക്യങ്ങളെ പെറുക്കിയെടുത്ത് വായനക്കാരൻറെ വീഥികളിൽ വിതറിയിരിക്കുകയാണ് ഷെമി എന്നു പറയാം. വിധിയുടെ ക്രൂരതയിലും നമ്മുടെ ചുണ്ടുകളിൽ ചിരിയും ചിന്തയും  പടർത്താനും, താൻ ജീവിതത്തിൽ എന്തനുഭവിച്ചോ, അതെല്ലാം അതേ തുടിപ്പോടെ വായനക്കാരിൽ എത്തിക്കാനുമുള്ള  എഴുത്തുകാരിയുടെ ശ്രമം ശ്‌ളാഘനീയമാണ്.

കഥാപാത്രങ്ങൾ
ഉപ്പ, ഉമ്മ, മൂത്ത സഹോദരന്മാർ, സഹോദരിമാർ, അനിയൻ ഇവരുടെ ഇടയിലുള്ള നായികയുടെ ബാല്യകാലത്തിലാണ് കഥ തുടങ്ങുന്നത്. ഓരോ കഥാപാത്രങ്ങൾക്കും ഓരോ കഥയുണ്ട്.  അമ്മിഞ്ഞപ്പാലുപോലും നിഷേധിക്കപ്പെട്ട് പിൽക്കാലത്ത് കൊടുംപട്ടിണിയെ പുണരേണ്ടിവന്ന അമ്മ കുഞ്ഞാമിന. നെഞ്ചും തടവി, കഫവും ചോരയും തുപ്പി തൻറെ കുടുംബമാകുന്ന ഹതഭാഗ്യരുടെ മുന്നിൽ തളർന്നു നിൽക്കുന്ന ഉപ്പ. കഥയുടെ തുടക്കം മുതൽ ഏതാണ്ട് അവസാനം വരേയോളം ദുസ്വപ്നം പോലെ നമ്മെ  പിടിവിടാതെ ഇടയ്ക്കിടെ കയറിവരുന്ന മൂത്ത ആങ്ങളമാരായ മുനീറും, തൗസറും,  അവരവരുടേതായ ലോകത്ത് ജീവിക്കുന്ന മൂത്തസഹോദരിമാർ,   കോഴിയേയും, ആടിനെയും പോലെയുള്ള ജീവികളുടെ ലോകത്ത് ജീവിക്കുന്ന അനിയൻ റാഫി. ലോകത്തിൻറെ ഏതു കോണിൽ പോയാലും എൻറെ ജീവിതാന്ത്യത്തോളം ഞാൻ നിന്നോടൊപ്പം ഉണ്ടാകും പെണ്ണേ എന്ന് പറയുന്ന ആർസൽ. അയ്മുട്ടിക്ക, അഹംഭാവം മുറ്റിനിൽക്കുന്ന കെ.റ്റി.ഡി അനാഥാലയത്തിന്റെ സെക്രെട്ടറി, അനാഥാലയം തേടിയിറങ്ങി പോലീസ് സ്റ്റേഷനിൽ എത്തുമ്പോൾ ദയയോടെ പെരുമാറുന്ന പോലീസ്..... ഒക്കെയൊക്കെ  മാഞ്ഞുപോകാതെ നിൽക്കുന്ന കഥാപാത്രങ്ങൾ ആണ്.

കുഷ്ഠരോഗികൾക്ക് വേണ്ടി പിരിവിനായി സ്‌കൂളിൽ കൊടുക്കുന്ന കാർഡ്  നിറക്കാൻ വിശന്ന് പൊരിഞ്ഞിട്ടും തൻറെ  ഒരുനേരത്തെ ഭക്ഷണത്തിനുള്ള പണംകൊണ്ട് അവസാന കോളവും വെട്ടി  കൂട്ടിവച്ച  പൈസയ്ക്കുണ്ടാകുന്ന ദുർഗതി, അതുമൂലം ഉണ്ടായ നഷ്ടങ്ങൾ, സഹോദരിമാർ എല്ലാം കൂടി 'കഷ്ടപ്പെട്ട്' ഉണ്ടാക്കുന്ന പണം കൊണ്ട് ടൂർ പോകുമ്പോൾ രാത്രിയിൽ നാഗം പോലെ ദേഹത്തേക്ക് ഇഴഞ്ഞുകയറുന്ന കരങ്ങൾ, അനാഥാലയത്തിൽ വളർച്ച മുരടിച്ച, ഭക്ഷണം എത്ര കഴിച്ചാലും മതിവരാത്ത നൂറുദ്ദീൻ ഒരിക്കൽ ഛർദ്ദി വാരിക്കഴിക്കുന്നത് കണ്ട് നായിക ഹൃദയം നുറുങ്ങിയോടുന്ന രംഗം. റാഫിയുടെ ആട്  അമ്മിണിയുടെയും കോഴികുഞ്ഞുങ്ങളുടെയും ദുരന്താന്ത്യം, ദിവസങ്ങളോളം വെള്ളം കിട്ടാതെ കുളിക്കാൻ കഴിയാതെ സഹപാഠി സജ്നയുടെ വീട്ടിലെ കുളിമുറിയിൽ ജലകണങ്ങൾ ദേഹത്തേക്ക് ഉതിർന്നു വീഴുമ്പോൾ നായികയ്ക്കുണ്ടാകുന്ന നിർവൃതി,  സ്തനാർബുദ 'ചികിത്സ' നടത്തുന്ന ഡോക്ടർ, ആർസലുമായി ജീവിതം അവസാനിപ്പിക്കാനായി ഒരുങ്ങുന്ന രംഗം, പ്രസവം അടുക്കാറാകുമ്പോൾ ഒരു സ്ത്രീക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ, ഒരു കുഞ്ഞിന് ജന്മംനൽകാൻ ആശുപത്രിക്കിടക്കയിൽ കിടക്കുമ്പോൾ ഉള്ള അവസ്ഥ, ആശുപത്രി ജീവനക്കാരുടെ കുത്തുവാക്കുകൾ, ഇവയൊക്കെ ഇതിലും പച്ചയായി എന്നാൽ മാന്യമായി വേറെ എങ്ങും വായിച്ചിട്ടില്ല.

വായന ഏറെ മുന്നോട്ടുപോയപ്പോൾ സ്വയം ചോദിച്ചു....  ഇതേ നെഞ്ചിടിപ്പോടെ, ഇതേ വികാരത്തോടെ ഇതിനു മുമ്പ് ഞാൻ ഏതോ ബുക്ക് വായിച്ചിട്ടുണ്ട്. ഏതാണത്? റിവേഴ്‌സ് ഗിയറിൽ മനസ്സ് കുറെ പാഞ്ഞപ്പോൾ ഉത്തരം കിട്ടി! ഹോളോകോസ്റ്റിന്റെ ഇരയായിത്തീർന്ന്, പതിനഞ്ചാമത്തെ വയസ്സിൽ നാസിജർമനിയിലെ കോണ്സെന്ട്രേഷൻ ക്യാംപിൽ 1945-ൽ  വീണുടഞ്ഞ സുന്ദര പുഷ്പം! ആൻഫ്രാങ്ക്! 'എ ഡയറി ഓഫ് യങ് ഗേൾ' ! ചുരുക്കിപ്പറഞ്ഞാൽ ഷെമിയുടെ ഈ രചനയെ ഇങ്ങനെ ഉപമിക്കാം 'ഷെമി-മലയാളസാഹിത്യത്തിലെ ആൻഫ്രാങ്ക്'

കുറ്റവും, കുറവും 
നോവലിൻറെ ആദ്യവും അവസാനവും എന്തിനാണെന്ന് വായനക്കാരന് ഒരു സംശയം തോന്നാം. അവസാനം നമ്മൾ പ്രേതീക്ഷിക്കുന്ന ഒരന്ത്യമല്ല നോവലിൽ. (ഒരു പക്ഷെ അതായിരിക്കും എഴുത്തുകാരിയുടെ പ്രേത്യേകതയും). അവസാന ചില പേജുകളിൽ കൃത്രിമത്വം കുത്തി നിറച്ചപോലെ തോന്നിപ്പോയി. ഇതല്ലാതെ ഇനി ഒരു കുറ്റം കൂടി കണ്ടുപിടിക്കണമെങ്കിൽ നിങ്ങൾ വലിയ പരിശ്രമം തന്നെ നടത്തേണ്ടിവരും!

കൺസ്യൂമർ 
മലയാളത്തിൽ അടുത്തകാലത്ത് ഇറങ്ങിയ ഏറ്റവും പേജുകളും (640 പേജ്) വിലയും (495 രൂപ) ഉള്ള നോവലാണ് 'നടവഴിയിലെ നേരുകൾ'.  2015-ൽ  പ്രസിദ്ധീകരിച്ച്‌ കേവലം ഏഴുമാസംകൊണ്ട് ഇറങ്ങിയ അഞ്ചാമത്തെ പതിപ്പാണ് ഞാൻ വായിച്ചത്. വില കണ്ട് നെറ്റിചുളിക്കുന്നതിനുമുമ്പ് നിങ്ങൾ അകത്ത് അഞ്ചാമത്തെ പേജിൽ ഷെമി സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുന്നത് വായിക്കുമ്പോൾ 'പേജിന് ഒരു രൂപ വിലയിട്ടാലും വാങ്ങിക്കാം' എന്ന് പറഞ്ഞുപോകും. ഒരു വായനക്കാരൻ എന്ന നിലയിൽ മുടക്കുമുതലിന് തൃപ്തിനൽകുന്ന ഉത്പന്നം കൂടിയാണിത്.

അവസാനവാക്ക് 
കഴിയുമെങ്കിൽ വായന അന്യംനിന്നുപോയ നമ്മുടെ പുതിയ തലമുറയെ ഈ കൃതി ഒന്ന് വായിപ്പിക്കണം. വിശപ്പിൻറെ വിലയറിയാത്ത, പണത്തിൻറെ മൂല്യമറിയാത്ത, കരുണയും ബഹുമാനവും സഹിഷ്ണുതയും എന്തെന്നറിയാത്ത, ഒരു തലമുറ നമുക്കുമുന്നിൽ വളർന്നുവരുന്നുണ്ട്. അവരിൽ  മുട്ടത്തോടും, ഉച്ചിഷ്ടവും ഒക്കെ കഴിച്ച് ജീവിക്കുന്ന ഒരു കൂട്ടം ആൾക്കാർ ഇന്നും നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നുന്നുള്ള ബോധം ഉണ്ടാക്കാനായാൽ അതിൽപരം ഒരു ഉപദേശം വേറെ കൊടുക്കാനില്ല.

ജീവിതമാകുന്ന ഉലയിൽ സ്പുടംചെയ്തെടുത്ത തിളക്കമാർന്ന ആഖ്യാന ശൈലി. മലയാള സാഹിത്യത്തിൽ വലതുകാൽ വച്ച് ഷെമി കയറുകയാണ്. സാഹിത്യത്തിൻറെ വസന്തവും സുഗന്ധവും വായനക്കാരൻറെ മനോതലങ്ങളിൽ മങ്ങാതെ നിറഞ്ഞുനിൽക്കുന്ന കാൽവയ്പ്. ഓരോ എഴുത്തുകാർക്കും ഓരോ കൈയ്യൊപ്പുണ്ട്. ഒ വി വിജയൻ -ഖസാക്ക്, എം. മുകുന്ദൻ-മയ്യഴിപ്പുഴ, തകഴി-ചെമീൻ, ബെന്യാമീൻ-ആടുജീവിതം, മീര-ആരാച്ചാർ. ഇവിടെ ഷെമി-നടവഴികൾ.

ഷെമിയെ ഞാൻ കണ്ടിട്ടില്ല. പക്ഷേ എന്നെങ്കിലും, എവിടെവച്ചെങ്കിലും കാണുകയാണെങ്കിൽ മുത്തുകൾ പെറുക്കിക്കൂട്ടി വായനയുടെ നടവഴികളിൽ പാകിത്തന്ന ആ കയ്യിൽ ഒരു ഹസ്തദാനം നടത്തണം. എന്നിട്ട് പറയും "വെൽഡൺ , നിങ്ങൾ നന്നായി എഴുതിയിരിക്കുന്നു"

Friday, September 16, 2016

പ്രവാസത്തിന്റെ തിരുശേഷിപ്പുകൾ

ആകാശത്ത് നക്ഷത്രങ്ങൾ ഒന്നല്ല ഒരായിരങ്ങൾ ഉണ്ട്. അവയിൽ കുറെയെണ്ണത്തിന്റെയെങ്കിലും സ്ഥാനം എനിക്ക് കൃത്യവുമാണ്.  ഏകാന്തതയെ പുണരാൻ  ഇഷ്ടപ്പെടുമ്പോൾ, എന്റേതായ ഒരു ലോകം മാത്രം ആഗ്രഹിക്കുമ്പോൾ  ഇലപൊഴിയാത്ത ഈ മരച്ചോട്ടിൽ ഇരുന്ന് അവയൊക്കെ ഞാൻ എണ്ണും. ചന്ദ്രഗോളം ചെറുതാകുന്നതും വലുതാകുന്നതും എനിക്ക് കാണാപ്പാഠമാണ്.  ഏകാന്തത മേയുന്ന രാവുകളിൽ,  ഈ മരച്ചോട്ടിലിരുന്ന് മരുഭൂവിലെ മണ്ണിന്റെ ഗന്ധം കണ്ണുകൾക്കളക്കാവുന്ന ദൂരത്തിനപ്പുറത്തുള്ള ഖബറിസ്ഥാനും പിന്നിട്ട് എൻറെ നാസാരന്ധ്രങ്ങളിലേക്ക് ചേക്കേറും.  പകൽസൂര്യനിൽ പൊടിയുന്ന ആയിരങ്ങളുടെ വിയർപ്പിന്റെ ചൂരും, അനശ്വരതയിലേക്ക് ചേക്കേറിയ ആയിരങ്ങളുടെ നിശ്വാസവും അതിൽ ഇഴകലർന്നിട്ടുണ്ടാകും.

ഇതെൻറെ ലേബർക്യാമ്പ്.  ഇലപൊഴിയാത്ത എൻറെ പ്രിയപ്പെട്ട  മരച്ചുവട്.  ജീവസ്പന്ദനം പോലെ എൻറെ കൈവെള്ളയിൽ അമർന്നിരിക്കുന്ന എൻറെ കിങ്ങിണി. ചന്ദ്രൻറെ പാൽനിലാവിൽ  എത്രകണ്ടാലും മതിവരാത്ത കാഴ്ചകൾ തേടി ഞാൻ ആകാശക്കോണുകളിലേക്ക് നോക്കിനോക്കിയിരിക്കും.

നാട്ടിൽനിന്നും അവധി കഴിഞ്ഞ് വന്നിട്ട് മൂന്ന് ദിവസമായി.  പാസ്സ്‌പോർട്ട് ക്യാമ്പ്ബോസ്സിന്റെ കൈവശം കൊടുത്തെങ്കിലും ഇതുവരെ ജോലിക്ക് കയറാൻ അനുമതിയായിട്ടില്ല. നാളെയോ മറ്റെന്നാളോ സൈറ്റ് അലോക്കേഷൻ വരും. അതുവരെ ക്ഷമയോടെ കാത്തിരിക്കുക.

ഞാൻ കിങ്ങിണിയുടെ  ബട്ടൺ അമർത്തി വെള്ളയോ ഇളംമഞ്ഞയോ ഇടകലർന്ന വെളിച്ചത്തിൽ സമയം നോക്കി. കിങ്ങിണി എന്ന എൻറെ നോക്കിയ 1100 മൊബൈൽ ഫോണിൻറെ ഡിസ്‌പ്ലെയ്ക്കും അങ്ങ് ദൂരെക്കാണുന്ന മസ്ജിദിന്റെ മിനാരത്തിൽ നിന്നും ഇരുട്ടിലേക്ക് ചിതറിത്തെറിക്കുന്ന  വെളിച്ചത്തിനും ഒരേ നിറം.  കിങ്ങിണി സമയം അറിയിച്ചു, രാത്രി രണ്ട് പത്ത്.

ഞാൻ അവളെ ചെവിയോടടുപ്പിച്ച് നമ്പർ ഡയൽ ചെയ്തു.  ഒന്ന്.. രണ്ട് ....മൂന്ന്.  മറുതലക്കൽ ഉറക്കത്തിൻറെ ആലസ്യം നിറഞ്ഞ ഒരു 'ഹലോ'

"നിങ്ങൾ ഒറങ്ങീല്ലേ...?"
'ഇല്ല.  ഓരോന്ന് ഓർത്തോർത്തിരിക്കുവാരുന്നു.."
"ഈ വയസ്സാംകാലത്ത് ഇനി എന്തോന്ന് ഓർക്കാൻ ചന്ദ്രേട്ടാ..?"
അതിനൊപ്പം ചിലമ്പിൻ താളം പോലെ അവളുടെ ചിരിയും.

"ഈ അവധിക്ക് വന്ന്  രണ്ടുമാസം നിന്നപ്പോൾ നിനക്കെങ്ങനെ തോന്നിയോ രാധേ?"

മൗനം. രാധ ആലോചനയിൽ ആയിരിക്കും. കഴിഞ്ഞ അറുപത് ദിവസങ്ങളിൽ അവളുടെ തനുവും മനവും നിയന്ത്രിച്ചിരുന്നത് എൻറെ വികാരങ്ങളും, കരചലനങ്ങളും ആയിരുന്നല്ലോ.  ഏതു പാതിരാത്രിയിലും, അന്ധകാരത്തിലും, അതിൻറെ  അർത്ഥവ്യാപ്തി അവൾക്ക് ഹൃദിസ്ഥം.  പിന്നെ അവൾ എന്നിലേക്ക് ചായും.  അവളുടെ വിരൽത്തുമ്പുകൾ എൻറെ നെഞ്ചിൽ മൃദുവായ് നൃത്തം വയ്ക്കും.  എൻറെ കരവലയത്തിനുള്ളിൽ  അവൾ  കളിപ്പാവയാവും.

"അവൻറെ റിസൾട്ട് വരുന്നതെന്നാണെന്നറിഞ്ഞോ രാധേ?"
"അടുത്ത മാസം എന്ന് പറയുന്നു"
"അവനെന്തു പറയുന്നു?"
"എന്ത് പറയാൻ?  ചന്ദ്രേട്ടനോട് പറഞ്ഞത് തന്നെ ..."
"ഉം .... ശരി എന്നാൽ നീ ഉറങ്ങിക്കോ"
"ഒറങ്ങാനോ?.... അതെന്താ ഏട്ടാ നിങ്ങൾ വിളിച്ചുണർത്തിയിട്ട് അത്താഴം ഇല്ലെന്ന് പറയും പോലെ?"

എന്ത് പറയാൻ? രാവും പകലും ഇവിടെഎരിഞ്ഞടങ്ങുന്നു.  അത് പങ്കുവയ്ക്കാൻ രാധാപോലും ഇഷ്ടപെടുന്നുണ്ടാകില്ല.  പ്രേത്യേകിച്ച് അവധികഴിഞ്ഞു കണ്ണുകളിലും മനസ്സുകളിലും ഈറനണിയിച്ച് വീടിൻറെ പടി തിരികെയിറങ്ങിവരുമ്പോൾ ദേഹമാസകലം പടരുന്ന നഷ്ടബോധം. തിരികെ ഇവിടെ എത്തിയാൽ വേട്ടപ്പട്ടികളെ പോലെ പിന്തുടരുന്ന അശാന്തിയുടെ രാവും പകലും.

ഞാൻ ഊറിച്ചിരിച്ചു.  എൻറെ വിരലുകൾ കിങ്ങിണിയെ തലോടിക്കൊണ്ടിരുന്നു.  പെട്ടെന്ന് മൊബൈലിലെ ബാലൻസ് തീർന്ന് ലൈൻകട്ടായി.  മറുതലയ്ക്കൽ ശാപവാക്കുകൾ ഉരുവിട്ടുകൊണ്ട് അവൾ തിരിഞ്ഞു കിടന്നിട്ടുണ്ടാകും.

കിങ്ങിണിയെ മുറുകെപ്പിടിച്ചുകൊണ്ട് ഞാൻ തിരിഞ്ഞു നടന്നു.

കിങ്ങിണിയെ ഞാൻ വാങ്ങിയത് തന്നെ ഒരു കഥയാണ്.  വാശിയുടെ കഥ.

ക്യാമ്പിലെ ഫോൺ ബൂത്തിൽ നിന്നുമായിരുന്നു വെള്ളിയാഴ്ചകളിൽ നാട്ടിലേക്കുള്ള എന്റെ ഫോൺ വിളികൾ. വെള്ളിയാഴ്ച അതിരാവിലെ തന്നെ അതിനു മുന്നിൽ നീണ്ട ക്യൂ തുടങ്ങും. അതിൽ കയറിപ്പറ്റണം. വീട്ടിൽ ഫോണില്ലാത്തതിനാൽ രാധാമണിയെ വിളിക്കാൻ അയൽപത്തെ വീട്ടിൽ വിളിക്കും.  അവർ ചെന്ന് അവളെ വിളിച്ച് കൊണ്ടുവരും. അപ്പോളേക്കും വീണ്ടും ഞാൻ പുതുതായി ക്യൂവിൽ കയറേണ്ടി വരും. ചിലദിവസം അടുത്ത ഊഴം വരാൻ ഞാൻ മണിക്കൂറുകളോളം വെയിലത്ത് നിൽക്കേണ്ടതായും, അവൾ അയൽപക്കത്ത് ഇരിക്കേണ്ടതായും വരും.  എങ്കിലും തമ്മിൽ സംസാരിക്കുമ്പോൾ ആ മടുപ്പ് എല്ലാം മാറിപ്പോകുമായിരുന്നു.  അന്നൊരു വെള്ളിയാഴ്ച പതിവുപോലെ രാധാമണിയെ വിളിക്കാൻ ശ്രമിക്കുകയായിരുന്നു. ലൈൻ കിട്ടുന്നില്ല.  എൻറെ പിന്നിൽ നിൽക്കുന്ന ബംഗാളി ഒച്ചപ്പാടുണ്ടാക്കി. അത് വഴക്കിലേക്കും, ഉന്തിലുംതള്ളിലേക്കും നീണ്ടു. അവസാനം ക്യാമ്പ്ബോസ്സ് വന്നാണ് പിടിച്ചുമാറ്റിയത്.

"നിനക്ക് സ്വന്തായി ഒരു ഫോൺ വാങ്ങിക്കൂടെ ചന്ത്രാ ?!! ..... വെറുതെ കെടന്ന് ഇതുങ്ങളുമായി വക്കാണം ഉണ്ടാക്കാതെ?"

ക്യാമ്പ്ബോസ്സിന്റെ വാക്കുകൾ കൂടി കേട്ടപ്പോൾ വിഷമം തോന്നി. ഇതിനേക്കാൾ ഒക്കെ വേവലാതിപ്പെടുത്തിയത് രാധാമണി അയല്പക്കത്ത് എൻറെ വിളിക്കായി കാത്തിരിക്കുന്നതാണ്. പ്രതീക്ഷ  നഷ്ടപ്പെട്ടോ, പരാജയഭാവത്തോടെയോ അന്നവൾ അവിടെ നിന്ന് ഇറങ്ങിപ്പോകുന്ന ചിത്രം മനസ്സിനെ ഒത്തിരി മഥിച്ചു.  പുതിയ ഒരു മൊബൈൽ വാങ്ങണം. അന്നുമുതൽ അടുത്ത ശമ്പളം കിട്ടുന്ന ദിവസം കാത്തിരിപ്പായി.

ഒരു കോഴിയെ പത്തായികീറി വിൽക്കുന്ന ബംഗാളി, നസ്വാറിൻറെ   മടുപ്പിക്കുന്ന ഗന്ധമുയരുന്ന പഠാണി, രാത്രിയിൽ പ്ലാസ്റ്റിക് ബോട്ടിലുകളിൽ മൂത്രശങ്കതീർത്ത്, ക്യാമ്പ്ബോസ്സിന്റെ ക്യാബിനു കീഴേക്കൊണ്ടിടുന്ന ഫിലിപ്പീനി, ഗോവയുടെയും, മണിക് ചന്ദിന്റെയും കറനിറഞ്ഞ പല്ലുകളുള്ള രാജസ്ഥാനി, തമ്പാക്കും ചുണ്ണാമ്പും പ്രേത്യേക അനുപാതത്തിൽ കൂട്ടിയിണക്കിയ മിശ്രിതം ഉരുട്ടി ചുണ്ടിനടിയിൽ തിരുകുന്ന ബോംബെക്കാരൻ ..... വേണ്ട, ഈ ക്യൂവിൽ ഇനി നിൽക്കണ്ട.

ഇന്നലെപോലെ ഓർക്കുന്നു. 2004 ലെ ഒരു തണുത്ത പ്രഭാതം.  മുനിസിപ്പാലിറ്റി ബസ്സിൽ കയറി, നഗരത്തിലെ ടാക്സി സ്റ്റേഷനിൽ ഇറങ്ങി, ഒരു വിളിപ്പാടകലെ ദൂരത്തിൽ ഒരു ചരിത്ര സ്മാരകം പോലെ തോന്നിച്ച, ടെലിഫോൺ കമ്പനിയുടെ ഓഫീസിനകത്തെത്തി.  ക്യൂവിൽ നിന്ന്,  ഫോറം നിറച്ച്, പാസ്സ്പോർട്ട് കോപ്പിയും വച്ച് 200 ദിർഹത്തിന്റെ നോട്ട് നൽകി.  അതുവാങ്ങി അറബി 15 ദിർഹം ബാക്കിയും ഒരു കവറും തന്നു.  ആകാംഷയുടെ പാരമ്യത്തിൽ ആ കവർ തുറന്ന് പച്ചനിറത്തിലുള്ള കാർഡ് തിരിച്ചും, മറിച്ചും നോക്കി.  എൻറെ പുതിയ സിം കാർഡ്!  അതുനുമേൽ വലിയ അക്ഷരത്തിൽ എനിക്കുള്ള മൊബൈൽ നമ്പർ. ഈ മരുഭൂമിയിൽ സ്വന്തമായി ഒരു വ്യക്തിത്വം എനിക്ക് ജന്മം കൊണ്ട ദിവസമായിരുന്നു അന്ന്.

നേരെ കോംടെല്ലിന്റെ ഷോപ്പിലേക്ക് നടന്നു. പല മോഡലുകളിൽ ഫോണുകൾ നിരത്തി വച്ചിരിക്കുന്നു.  കൂട്ടത്തിൽ മാർക്കറ്റിൽ പുതുതായി വന്ന നോക്കിയാ 1100 എന്ന മോഡൽ സെയിൽസ്മാൻ കാണിച്ചു തന്നു.  ഫ്‌ളാഷ് ലൈറ്റ്, അലാറം,  സ്റ്റോപ്പ് വാച്ച്, കാൽക്കുലേറ്റർ, അമ്പത് മെസേജ് സ്റ്റോറേജ്..... അവസാനം അത് തന്നെ തിരഞ്ഞെടുത്തു. സെയിൽസ്മാൻ സിംകാർഡ് അപ്പോൾ തന്നെ ഫോണിൽ  ഇട്ടു തന്നു.  ഒപ്പം പാന്റിൽ തൂക്കിയിടാൻ പാകത്തിൽ ക്ലിപ്പുള്ള ഒരു കുട്ടിക്കുപ്പായവും ഫോണിന് ഇടുവിച്ചു. തിരികെ മുറിയിൽ എത്തി മൊബൈലിനെ തലോടി ഞാൻ വിളിച്ചു  "കിങ്ങിണി"

സ്വന്തം ഫോണിലൂടെ ആവേശത്തിമിർപ്പോടെ അവളെ വിളിച്ചത് ഓർക്കുമ്പോൾ ഇന്നും കുളിരുകോരും. ഞങ്ങൾ എല്ലാ വെള്ളിയാഴ്ചയും ഒരു സമയം തീരുമാനിച്ചു. ആ സമയത്ത്  അവൾ അയല്പക്കത്തെ വീട്ടിൽ വന്നിരിക്കും.  വീട്ടിലെ ചേട്ടത്തി ഇത്തിരി സ്പൈ വർക്കിന്റെ ആളാണോ എന്ന് രാധക്ക് ഒരു സംശയം ഇല്ലാതില്ല. അവരുടെ മുന്നിൽ ജയിൽ സൂപ്രണ്ടിന്റെ മുന്നിൽ  തടവുപുള്ളി ഫോൺ വിളിക്കും പോലെ എന്നോട് സംസാരിക്കും.  എൻറെ വാക്കുകൾ അതിർവരമ്പ് കടക്കുകയാണെങ്കിൽ അവൾ ചിരിക്കുകയോ, വെറുതെ മൂളുകയോ മാത്രം ചെയ്യും. ഉള്ളിൽ ചിരിപൊട്ടി അവളെ എത്ര തവണഅങ്ങനെ വിഷമസ്ഥിതിയിൽ നിർത്തിയിട്ടുണ്ട് !!

എൻറെ കിങ്ങിണീ ... ഒരുകാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റിരുന്ന നോക്കിയായുടെ ഇലക്ട്രോണിക് ഉപകരണമായിരുന്നു നീ.  നീയെനിക്ക് വെറുമൊരു ഫോൺ അല്ല.  എന്നിലെ ഒരവയവം തന്നെയാണ്. എൻറെ ഇണയെപ്പോലെ കിടക്കയിൽ നീയെന്നെ പറ്റിച്ചുചേർന്നു കിടക്കുന്നു.  എത്രയോ ഫോണുകൾ മാർക്കറ്റിൽ മാറിമാറി  വന്നു. എങ്കിലും നിന്നെ വിട്ട് ഞാൻ എങ്ങും പോയിട്ടില്ല.  ഇവിടെ നീയെനിക്ക് എല്ലാമെല്ലാമാണ്.  എൻറെ രാധാമണിക്കുള്ള ചുംബനങ്ങൾ ഏറ്റുവാങ്ങി നൽകിയത് നീയാണ്.  ഞങ്ങൾ തമ്മിലുള്ള പരസ്യവും രഹസ്യവുമായ എല്ലാ ഇടപാടുകളും നിന്നിൽകൂടെയായിരുന്നു.  രാധയെക്കാൾ കൂടുതൽ നിന്നോടൊപ്പമാണ് ഞാൻ ജീവിതം കഴിച്ചുകൂട്ടിയത്.   മക്കൾ പരീക്ഷകൾ ജയിച്ചു കയറിയപ്പോളും,  പ്രധാന ജീവിത മുഹൂർത്തങ്ങൾ പിന്നിട്ടപ്പോഴും നീ മാത്രമേ എന്നോടൊപ്പം ഉണ്ടായിരുന്നുള്ളു. എൻറെ കണ്ണീരും, കിനാവും, സന്തോഷവും എല്ലാം നീ ചാരെയിരുന്ന് കണ്ടു.  ഇന്ന് കീപാഡുകൾ ഒക്കെ തേഞ്ഞ് അക്ഷരങ്ങൾ എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. എങ്കിലും നീയില്ലെങ്കിൽ എൻറെ രാവും പകലും അപൂർണ്ണമായിപ്പോകുന്നു.

പഴയ ക്യാമ്പ്ബോസ്സ് പ്രവാസ ജീവിതം മതിയാക്കിപോകവെ  ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഇനിയെങ്കിലും തൻറെ രണ്ടാം ഭാര്യയെ ഉപേക്ഷിക്കെൻറെ ചന്ത്രാ.. നാട്ടിൽ പോയി ആദ്യ ഭാര്യയുടെ ഒപ്പം കെടക്ക്.."

ഒരു ദിവസം ഇലപൊഴിയാ മരത്തിൻറെ ചുവട്ടിൽ ആകാശത്തേക്ക് നോക്കിയിരിക്കുമ്പോൾ ഞാൻ രാധാമണിയോട് പറഞ്ഞു.

"മടുത്തു രാധേ....ഞാൻ തിരികെ വരികയാ..."  ഞാൻ പതിവിലും സീരിയസ്സ് ആണെന്ന് അവൾക്ക് മനസ്സിലായി.

"ചെക്കന്റെ പഠിത്തം...?? അവൻ ഒരു കരയെത്താതെ എങ്ങിനെയാ ചന്ദ്രേട്ടാ..?"

ആ ചോദ്യത്തിന് ഞാൻ ഉത്തരം പറഞ്ഞില്ല. പക്ഷെ അതെന്റെ മനസ്സിൽ പൊന്തിയ ആശയുടെ മുകുളം നശിപ്പിച്ചുകളഞ്ഞിരുന്നു.

അതിരാവിലെ എണീറ്റ് ബാത്‌റൂമിലേക്ക് ഓടി, തിരികെ വന്ന് നീല കവറോളും ഇട്ട്, റിഫ്ലെക്‌ടർ ജാക്കറ്റും, ഹെൽമെറ്റും ധരിച്ച് വരിവരിയായി തമ്പാക്കിന്റെയും, മുഴിഞ്ഞ വസ്ത്രത്തിന്റെയും, വിലകുറഞ്ഞ മദ്യത്തിന്റെയും ഗന്ധം പരത്തുന്ന, എസിയോ, ഫാനോ ഇല്ലാത്ത 83 സീറ്റർ ബസ്സിലേക്ക്. ഒരു കൺസ്ട്രക്ഷൻസൈറ്റിൽ നിന്നും അടുത്ത സൈറ്റിലേക്ക്. തിരികെ, വൈകുന്നേരം വരിവരിയായി നിന്ന് സൈഡ്സീറ്റിനുവേണ്ടി ഇടികൂടുന്നവർക്കിടയിലൂടെ വിയർപ്പിന്റെ ഒട്ടലും ഏറ്റ് മടക്കയാത്ര. രാധാമണിയുടെ ആ ചോദ്യം ഇതിലേക്കെല്ലാംഉള്ള തിരിച്ചുപോക്കായിരുന്നു.

"ചന്ദ്രേട്ടാ.... ഇങ്ങനെ കിടന്ന് കുടുമ്പത്തെ സേവിക്കാതെ വല്ലപ്പോഴും ഇച്ചിരി വാട്ടീസൊക്കെ അടി... ഞങ്ങളെ നോക്ക്!  ഇടക്കൊക്കെ സൂക്കിൽ ഒക്കെ ഒന്ന് കറങ്ങാൻ വാ..."

ഉപദേശിക്കുന്നത് എൻറെ മകൻറെ പ്രായമുള്ള സാബുവാണ്. അപ്പോൾ ചിരിച്ച് കൊണ്ട് ഞാൻ പറയും.

"ഇഷ്ടമില്ലാത്തത് ചെയ്‌താൽ സന്തോഷം കിട്ടുവോ എൻറെ സാബുവേ ?"
"നിങ്ങളോട് തർക്കിച്ച് ജയിക്കാനാവില്ലപ്പാ.."  അതും പറഞ്ഞ് സാബു ചുരുണ്ടു കൂടും.  അവനെപ്പോലെ ഇനി നാലുപേർ കൂടിയുണ്ട് റൂമിൽ.  അവധി ദിവസങ്ങളിൽ അവർ സൂഖിൽ പോകും, ക്യാമ്പിന്റെ അതിർത്തിക്കപ്പുറത്ത് ചിക്കൻഫ്രൈയും, മുട്ടപുഴുങ്ങി വിൽക്കുന്നവരെയും കടന്ന് മണൽ കൂനകൾക്കപ്പുറത്തേക്ക്.  രാത്രിയുടെ യാമത്തിൽ എപ്പഴോ ഉറയ്ക്കാത്തകാലുകളും, നിലയ്ക്കാത്ത ജല്പനങ്ങളുമായി തിരികെവന്ന് കിടക്കയിൽ വീഴും.

ഇവിടെ ക്യാമ്പിലെ ഓരോമുറിയും പ്രവാസത്തിൻറെ പ്രീതിരൂപങ്ങൾ ആണ്. അവയ്ക്കിടയിൽ ഒരു അപൂർവ്വജീവിയെപ്പോലെ ഞാനും.

അടുത്ത മാസം വലിയൊരു അത്താണിയായി മകൻറെ എഞ്ചിനീറിങ് റിസൾട്ട് വരും.  ജോലിസ്ഥലത്ത് എഞ്ചിനീർമാരെ കണ്ടു തുടങ്ങിയ നാൾ മുതൽ  കൊതി തോന്നിയാണ് അവനെ ഇതിനു വിട്ടത്.  ഞാൻ ചിന്തിയ ഒരുപാട് വിയർപ്പുതുള്ളികൾ അവൻറെ പഠനത്തിന് വേണ്ടി യായിരുന്നു. എൻറെ ആഗ്രഹ പൂർത്തീകരണം എന്ന് പറയുന്നതാകും ശരി.  ഓരോ ചില്ലിക്കാശും ഞാൻ കരുതി വച്ചു.   ചൂടിൻറെ കാഠിന്യത്തിൽ ക്യാമ്പിലെ മെസ്സിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കേടാവുമ്പോൾ കൂട്ടുകാർ നീട്ടുന്ന കുബ്ബൂസോ,  കറിയോ, തൈരോ കഴിക്കാതെ എസിയുടെ കറുത്ത  ഇൻസുലേഷൻ ടേപ്പ് കൊണ്ട് മൂടിയ പെപ്സിയുടെ വലിയ കുപ്പിയിലെ വെള്ളം ചുണ്ടോടടുപ്പിക്കും. അപ്പോൾ മനസ്സ് പറയും 'ഞാൻ സേവ് ചെയ്യുന്ന ഓരോ നാണയവും എൻറെ കുടുംബത്തിൻറെ വിധി നിർണ്ണയിക്കാനുള്ളതാണ്'.

മരുഭൂവിലെ ജീവിതത്തിന് മുപ്പത്തിരണ്ട് വർഷം ആകുന്നു. കൂടെ വന്നവരും, ജീവിച്ചവരും ഒന്നൊന്നായി നാട്ടിൽ പോയി ചേക്കേറി. ചിലർ പ്രമോഷൻ കിട്ടി സൂപ്പർവൈസറായി,  എൻജിനീയറായി, മാനേജരായി.  എന്നാൽ ഞാൻ ഇന്നും ഗ്രേഡ് വൺ ടെക്‌നീഷ്യൻ ആയി തുടരുന്നു.  എങ്കിലും ഞാൻ ഭാഗ്യവാനാണ്.  ഈ മുപ്പതു വർഷത്തിൽ ഒരിക്കലും ജോലിയില്ലാതോ, ശമ്പളം ഇല്ലാതോ കഴിയേണ്ടി വന്നിട്ടില്ലാത്ത ഭാഗ്യവാൻ!!

പുറത്ത്  ആകാശക്കോണിൽ നക്ഷത്രങ്ങൾ എന്നെ നോക്കി ചിരിക്കുകയാണോ?  ഇങ്ങനെ രാവേറെച്ചെല്ലുന്ന നേരത്ത് കിങ്ങിണിയെയും തലോടി, ചന്ദ്രബിംബവും നോക്കി, നക്ഷത്രങ്ങളെയും എണ്ണി  ഇനി എത്രനാൾ?  താടിയും മുടിയും നരച്ചു. തൊലിയുടെ നിറം മങ്ങി ചുളിവുകൾ നിറയുന്നു.  ശ്വാസം വലിച്ചെടുക്കാൻ മുമ്പത്തേക്കാൾ പ്രയാസം തോന്നുന്നു.  ഷുഗർ ലെവൽ കൂടുതലാണ്.  കൊളസ്‌ട്രോൾ ബോർഡറിൽ നിൽക്കുന്നു.  പ്രഷർ ആവശ്യത്തിൽ അധികം.....  എൻറെ ശരീരം മെല്ലെമെല്ലെ ജീർണ്ണിച്ചുതുടങ്ങുകയായി.

ഞാൻ ഇലകൊഴിയാത്ത മരച്ചുവട്ടിൽ നിന്ന് എഴുന്നേറ്റു.  കിടക്കയിൽ പോയി കിടക്കുമ്പോൾ മനസ്സിൽ പറഞ്ഞു. നാളെ സൈറ്റ് അലോക്കേഷൻ വരും.  രാവിലെ ക്യാമ്പ്ബോസ്സിൻന്റെ വിളി വരും. കയ്യെത്തും ദൂരത്ത് കിങ്ങിണിയെ കിടത്തി ചിന്തകൾക്ക് വിടനൽകി ഞാൻ കണ്ണുകൾ അടച്ചു.

ഡോറിൽ തുടരെത്തുടരെയുള്ള കൊട്ട് കേട്ടാണ് ഉണർന്നത്.  നേരം വെളുത്തിരുന്നു. കതക് തുറക്കുന്നതിനും മുമ്പ് ക്യാമ്പ് ബോസ്സിന്റെ അസിസ്റ്റന്റ് ബീഹാറി അകത്തേക്ക് ഇരച്ചു കയറി.

"ചന്ദ്ര ബായി....ജൽദി ആയിയെ.... ആപ്കോ ക്യാമ്പ് ബോസ്സ് ബുലാരഹാഹൂം "

അങ്ങിനെ നാലാംദിവസം അലോക്കേഷൻ വന്നിരിക്കുന്നു! ഞാൻ നടന്നു. എൻറെ മുമ്പിൽ ആയുധം ഏന്തിയ ഭടനെപ്പോലെ നെഞ്ചുവിരിച്ച് അവനും.

ക്യാമ്പ്ബോസ്സ് കുളിച്ച് കുറിതൊട്ട് സീറ്റിലിരിക്കുന്നു.  എന്നെ കണ്ടതും ചിരിച്ചുകൊണ്ട് അകത്തേക്ക് ക്ഷണിച്ചു.  പക്ഷെ ആ ചിരിക്ക് സത്യസന്ധതയുടെ കനംകുറവായിരുന്നപോലെ.

"ചന്ദ്രേട്ടാ... ഇപ്പോളാണ്  എച്ച്. ആർ ഡിപ്പാർട്ടുമെന്റിൽ നിന്നും ഇൻഫർമേഷൻ വന്നത്"
"ഉം" ഞാൻ മൂളി.
"പുതിയ മാനേജ്‌മെന്റ് തീരുമാനമാണ്... നിങ്ങൾ മാത്രമല്ല, അമ്പത്തഞ്ചുവയസ്സ് കഴിഞ്ഞ ആരുടേയും വിസ പുതുക്കുന്നില്ല !!"

ഞാൻ ക്യാമ്പ്ബോസ്സിന്റെ മുഖത്തേക്ക് അവിശ്വസനീയതയോടെ നോക്കി. കയ്യിൽ ഇരിക്കുന്ന പേപ്പറിൽ നിന്നും മിഴിയെടുക്കാതെ അയാൾ പറയുകയാണ്.

"റീടെൻഡൻസി ....ചന്ദ്രേട്ടന് മനസ്സിലാകുന്നുണ്ടല്ലോ.. അല്ലേ ? കമ്പനിക്ക് പുതിയ പ്രോജക്ടുകൾ ഒന്നുമില്ല. ആദ്യമായി 55 കഴിഞ്ഞവരെ ടെർമിനേറ്റ് ചെയ്യുകയാണ്.  ഈ സ്ഥിതി തുടരുകയാണെങ്കിൽ മറ്റുള്ളവർക്കും ഇതേ ഗതി വരും... എനിക്കും"

പെരുവിരലിൽ ഒരു പെരുപ്പ്ബാധിച്ച് മുകളിലേക്ക് കയറി.  ജീവൻ വിട്ടകന്നപോലെ ഞാൻ നിന്നുപോയി.

"ചന്ദ്രേട്ടനിനി എന്ത് നോക്കാനാ? മകളെ കെട്ടിച്ചു വിട്ടു. മകൻ എൻജിനീയർ ആകാൻ പോകുന്നു... ഞങ്ങളുടെ ഒക്കെ കാര്യം അതോപോലെയാണോ?"

സത്യം. ഇനി എനിക്ക് എന്താണ് നേടാനുള്ളത്? ഞാൻ ചിരിച്ചു. ചിരിമായാതെ എൻറെ പ്രവാസത്തിൻറെ വേരുകൾ പിഴുതെറിയുന്ന രേഖയിൽ ഞാൻ ഒപ്പിട്ടു. ആ ചിരിയിലും സത്യസന്ധതയുടെ കനം കുറവായിരുന്നു.

അന്നുരാത്രി വീണ്ടും ഇലപൊഴിയാത്ത മരച്ചുവട്ടിൽ ഞാൻ ഇരുന്നു. കണ്ണിമവെട്ടി പ്രിയതാരകങ്ങൾ എന്നോട് കുശലം ചോദിച്ചു.  വൃത്താകൃതി പൂർത്തിയാകുന്നതിന്റെ പൊങ്ങച്ചം അമ്പിളിക്കുണ്ടോ?  എൻറെ വിരലുകൾ കിങ്ങിണിയെ മൃദുവായി തലോടി, അങ്ങ് ദൂരെ രാധാമണി ഫോൺ എടുത്തു.

"എന്താ ചന്ദ്രേട്ടാ...?"
"ഒന്നൂല്ല... നിന്നോട് ഒത്തിരി ഇഷ്ടം തോന്നുന്നു"
അവൾക്ക് നാണം വന്നോ? അവളെ പുണരാൻ എന്നോണം എൻറെ കരങ്ങൾ വായുവിൽ നീണ്ടു. അവളുടെ മാറ് എൻറെ നെഞ്ചിൽ ആശ്വാസം കണ്ടെത്തുകയും, അവളുടെ വദനം എൻറെ തോളിൽ നിശ്വാസം ഉതിർക്കുകയും ചെയ്യുകയാണോ?

"ചന്ദ്രേട്ടാ... നിങ്ങൾ ഇങ്ങനെ ഓരോന്ന് പറഞ്ഞെന്നെ കുഴപ്പിക്കരുത്.... ഇനി രണ്ടു വർഷം കഴിഞ്ഞല്ലേ നിങ്ങൾ വരൂ.."

അപ്പോളും ചിരിച്ചു. അത് പക്ഷെ ഞാൻ അല്ല എന്നിലെ പ്രവാസിയായിരുന്നു എന്നുമാത്രം. ഒപ്പം നീയും ചിരിക്കുന്നുണ്ടോ കിങ്ങിണി??!!

എയർപോർട്ട്. പുതിയ ടെർമിനൽ.

"ഇൻഷാ  അള്ളാ ...." കമ്പനിഡ്രൈവർ പാസ്സ്‌പോർട്ട് കൊണ്ടുതന്നു.  എൻറെ വിസാപേജിൽ 'ക്യാൻസൽഡ്' എന്ന നീലനിറത്തിലുള്ള  സീൽ തെളിഞ്ഞുനിന്നു.

സാബുവും കൂട്ടരും എന്നോടൊപ്പം ഉണ്ട്. അവരെ അവസാനമായി കൈ വീശിക്കാണിച്ചിട്ട് പ്രേവാസത്തിന്റെ അവസാന ശേഷിപ്പുപോലെ ട്രോളിയും ഉന്തി ഞാൻ നടന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് ഞാൻ കടന്നുവന്ന പ്രവാസത്തിൻറെ വാതിൽ എൻറെമുന്നിൽ ഒരിക്കൽക്കൂടി തുറന്നുവന്നു. ഒരേയൊരു ടെർമിനൽ.  തിക്കും തിരക്കും ഇല്ലാത്ത എയർപോർട്ട്. അംബരചുംബികൾ അല്ലാത്ത കെട്ടിടങ്ങൾ. ചതുപ്പുനിലങ്ങളും, കണ്ണെത്താദൂരത്ത് നീണ്ടുനിവർന്നു കിടക്കുന്ന മണൽപ്പരപ്പുകളും. ഇന്ന് അവയുടെ ഒക്കെസ്ഥാനത്ത് കൂറ്റൻ കെട്ടിടങ്ങളും, നെടുനീളൻപാതകളും, തിരക്കും മാത്രം.

മനസ്സിൻറെഫ്രേമുകളിൽ മൂന്നുപതിറ്റാണ്ടുകൾ ഒന്നൊന്നായി മാറി മറിഞ്ഞുകൊണ്ടിരുന്നു,  ലേബർക്യാമ്പ്, കുടുംബ പ്രാരാബ്ധങ്ങൾ, പ്രണയം, വിവാഹം അഥവാ വിരഹം,  അതിൽ പുഷ്പിച്ച മക്കൾ, അവരുടെ ചിരി- കളി-വളർച്ച.

ഏതോ അതുഭുതലോകത്ത് നിന്നും തിരികെ പോകുന്ന പോലെ ട്രോളി ഉന്തി ഞാൻ നടന്നു.  എൻറെ കൺതടങ്ങൾ അപ്പോൾ തുടിച്ചു കൊണ്ടിരുന്നു.

രാത്രിയാവുന്നു. ലോഞ്ചിലിരുന്ന് പുറത്തേക്ക് നോക്കാൻ ഞാൻ ഒരു വിഫലശ്രമം നടത്തി.  ഇലകൊഴിയാത്ത മരവും, പൂർത്തിയായ ചന്ദ്രബിംബവും, കണ്ണുചിമ്മുന്ന നക്ഷത്രകുട്ടന്മാരും ഇല്ലാത്ത രാത്രി. അപ്പോൾ കൺതടങ്ങളിൽ എവിടെയോ ഉറവപൊടിയുന്നുണ്ടായിരുന്നു.

അപ്പോഴും പൂർത്തിയാകാത്ത പ്രവാസത്തിൻറെ ബാക്കിപത്രം പോലെ എൻറെ വലതുകൈകുമ്പിളിൽ നോക്കിയ 1100 എന്ന കിങ്ങിണി ഉണ്ടായിരുന്നു. അവൾക്ക് എൻറെ ഹൃദയമിടിപ്പിൻറെ വേഗത അളക്കാം. കൈകളുടെ വിറയൽ ഗ്രഹിക്കാം.

അനൗൺസ്‌മെന്റ് മുഴങ്ങി.  ഒരിക്കലും തിരിഞ്ഞു നോക്കാതെ. ഒരിക്കലും തിരികെ വരാതെ ഞാൻ മുന്നോട്ടു മാത്രം നടന്നു.

Saturday, August 6, 2016

ബർത്ഡേ ഗിഫ്റ്റ്

ദുബായ്മാളിൻറെ ആട്രിയത്തനു നടുക്ക് ഞാൻ നിന്നു.  എങ്ങും തിരക്ക്.  അഞ്ചുലക്ഷത്തിൽ പരം ചതുരശ്രമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ലോകത്തെ ഏറ്റവും വലിയ മാളുകളിൽ ഒന്ന്.  ഇവിടെ ആട്രിയത്തിൽ നിന്നാൽ ലോകം മുന്നിലൂടെ തെന്നി നീങ്ങുന്ന പ്രതീതി തോന്നും. വിവിധ ഭാഷക്കാർ, രാജ്യാക്കാർ, ടൂറിസ്റ്റുകൾ എന്നുവേണ്ട മാൾ തിരക്കിൻറെ പാരമ്യത്തിലാണ്.

നീണ്ടു നിവർന്നു കിടക്കുന്ന 1200-ൽ പരം ഷോപ്പുകൾക്കിടയിൽ നിന്ന് എനിക്ക് പോകേണ്ട സ്ഥലം കണ്ടുപിടിക്കുക ആയാസമാണ്.  മുന്നിൽ നീഗ്രോയെപ്പോലെ തോന്നിക്കുന്ന, ബോഡിബിൽഡറുടെ ആകാരമുള്ള  സെക്ക്യൂരിറ്റിയിൽ എൻറെ കണ്ണുകൾ ഉടക്കി.  തന്നെയാണ് ശ്രെദ്ധിക്കുന്നതു എന്ന് മനസ്സിലായ ആറടിയിൽ കൂടുതൽ ഉയരമുള്ള ആ അതികായൻ എൻറെ അടുത്തേക്ക് വന്നു.

" Yes Sir..."
" Could you please help me to find Book World?""
" You mean Kunokiniya?"
"Yes.. of course"
" Use the Escalator... Level Two"

അയാൾ എസ്‌കലേറ്റർ ചൂണ്ടിക്കൊണ്ട് പറഞ്ഞു. ഒരു ചിരി സമ്മാനിച്ച് ആ അതികായൻ എന്നിൽ നിന്നും നടന്നകന്നു.

ലെവൽ ടു' ഞാൻ മനസ്സിൽ പറഞ്ഞു.

കിനോകുനിയാ ബുക്ക്സ്റ്റോർ ഓഫ് സിംഗപ്പൂർ.  ബുക്ക് വേൾഡിന്റെ കവാടത്തിനു മീതെ എഴുതിയിരിക്കുന്നത് വായിച്ച് കൊണ്ട് ഞാൻ അകത്തേക്ക് കയറി. പുതുപുസ്തകങ്ങളുടെ ഗന്ധം എന്നെ എതിരേറ്റു.  ദുബായ് എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീഷോപ്പിൽ എത്തിയ പോലെ ഒരു പ്രെതീതി.  ശരിക്കും പുസ്തക ലോകം തന്നെ.  അറുപത്തെണ്ണായിരം ചതുരശ്ര അടി വലുപ്പം ഉള്ള ബുക്ക്ഷോപ്പ്.  പ്രേവേശനകവാടത്തിനടുത്തതായി പുതുതായി പബ്ലിഷ് ചെയ്ത  ചെയ്ത ബുക്കുകളുടെ നീണ്ട നിര.  വലത് വശത്തതായി ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തും രചിച്ച രണ്ടു ബുക്കുകൾ ഭംഗിയുള്ള പുറംചട്ടയിൽ കണ്ടു. ' Flashes of Thought',  ' Poems from Desert'. അതിനു ശേഷം അറബിക് ബുക്കുകളും കടന്നു ഞാൻ നടന്നു. ഈ ബുക്കുകളുടെ കൂമ്പാരത്തിൽ നിന്നും എനിക്ക് വേണ്ടത് ചികഞ്ഞെടുക്കുക്ക വലിയ ജോലിതന്നെയാണ്. ഞാൻ സെയിൽസ് കൗണ്ടറിലേക്ക് നടന്നു.  ഇന്ത്യാക്കാരി എന്ന് തോന്നുന്ന കൗണ്ടർ സ്റ്റാഫ് പുഞ്ചിരിയുമായി വരവേറ്റു.

"I need box set of Khaled Hosseini"

പെൺകുട്ടി കമ്പ്യൂട്ടറിൽ മോണിറ്ററിൽ നോക്കി അതിവേഗത്തിൽ കീബോർഡിൽ ടൈപ്പ് ചെയ്യുന്നു.  അവസാനം ഒരു ചെറിയ സ്ലിപ് എടുത്ത് അതിൽ ബുക്ക്, ഏരിയ, റാക്ക്നമ്പർ ഒക്കെ എഴുതി എനിക്ക് നീട്ടി. ഔപചാരികമായ നന്ദിവാക്ക് നൽകി ഞാൻ ഖാലിദ് ഹൊസൈനിയുടെ ലോകത്തേക്ക് നടന്നു.

എലീന കുമാരപ്രായത്തിലേക്ക് കടക്കുകയാണ്. എൻറെ മകളും അവളും ഒരേ പ്രായം.  അവളുടെ ഈ ജന്മദിനത്തൽ വ്യത്യസ്തമായ എന്തെങ്കിലും സമ്മാനമായി നൽകണം എന്ന് ഞാൻ ചിന്തിച്ചു.  അതിനാൽതന്നെ ഭാര്യയുടെ വാക്ക് അവഗണിച്ച് ഞാൻ ഈ ബുക്കുകളിലേക്ക് തിരിഞ്ഞത്.  ചെറുപ്പത്തിൽ എൻറെ മകൾക്കൊപ്പം ട്വിങ്കിലും, അമർചിത്ര കഥകളും അവൾ വായിക്കുന്നത് എൻറെ മനസ്സിൽ പതിഞ്ഞു കിടപ്പുണ്ട്.  ചോക്കലേറ്റിന്റെയും കളിപ്പാട്ടത്തിന്റെയും ലോകത്ത് നിന്ന് അവൾ പുറത്ത് കടന്നിട്ടുണ്ടാകണം.

പ്രേത്യേകം ഗിഫ്റ്റ്റാപ്പിംഗ് ചെയ്ത് ആ സമ്മാനപൊതിയുമായി ഞാൻ തിരിഞ്ഞു.  പുത്തൻബുക്കുകളുടെയും, അച്ചടി മഷിയുടെയും മാസ്മരിക ഗന്ധത്തിൽ നിന്നും പുറത്തിറങ്ങി.  വന്ന വഴി തന്നെ നടന്നു.  എസ്‌കലേറ്റർ, ആട്രിയം, റീൽ സിനിമാ പാർക്കിങ്.

എൻറെ വണ്ടി പുറത്തേക്ക്  നീങ്ങി.  പുറകിൽ രണ്ടായിരത്തി എണ്ണൂറോളം അടി ഉയരത്തിൽ തലയെടുത്ത് നിൽക്കുന്ന ബുർജ് ഖലീഫ യിൽ ഏവിയേഷൻ ലെറ്റുകൾ മിന്നി തിളങ്ങുന്നു.   ദുബായ് ഫൗണ്ടനിൽ നിന്നും ഏതോ അറബി സംഗീതം പൊഴിഞ്ഞു വീഴുന്നണ്ട്.  ആ താളത്തിനൊത്ത് ജലധാര നൃത്തം വയ്ക്കുന്നുണ്ടാകണം.  വാഹനത്തിൻറെ മുന്നോട്ടുള്ള കുതിപ്പിൽ ചെവിയിൽ നിന്നും ആ ശബ്ദം അകന്നകന്ന് പോയി.

എൻറെ വണ്ടി നേരെ ചെന്നുനിന്നത് അൽ ഖിസൈസിലാണ്.  ഗ്രാൻഡ് ഹോട്ടലിൻറെ പുറകിൽ ഉള്ള സിറിയക്കിന്റെ ഫ്‌ളാറ്റിനടുത്തുള്ള പാർക്കിങ്ങിൽ വണ്ടിയിട്ട്  ഞാൻ പുറത്തിറങ്ങി.  ഖിസൈസ് സുന്ദരമായിരിക്കുന്നു.  റസിഡൻഷ്യൽ ഏരിയായായ ഇവിടെങ്ങും സ്ട്രീറ്റ് ലൈറ്റുകൾ പകൽ തീർക്കുന്നു.  ഇത്തരി ദൂരെ ചെറിയ റൗണ്ട്എബൗട്ടിനടുത്ത് തലാൽ സൂപ്പർ മാർക്കററ്റിന്റെ ചുവപ്പും പച്ചയും നിറത്തിലുള്ള സൈൻബോർഡ് തിളങ്ങുകയാണ്. ഞാൻ ലിഫ്റ്റിലേക്ക് നടന്നു.

മനോഹരമായ ബർത്ത്ഡേ സന്ധ്യ.  നന്നായി അലങ്കരിച്ചിരിക്കുന്ന ഹാൾ. വിവിധ വർണ്ണങ്ങളിൽ മിഴിചിമ്മുന്ന വിളക്കുകൾ ക്രിസ്മസ് ന്യൂ ഇയർ ഫീലിംഗ് മനസ്സിലിലേക്ക് വലിച്ചിട്ടു.  വളരെ കുറച്ച് അതിഥികൾ മാത്രം. കേക്ക് മുറിച്ചു, സമ്മാനപ്പൊതി ഞാൻ എലീനക്ക് നീട്ടി.

"എന്താണ് അങ്കിൾ ഇത്?" അവൾ കൗതുകത്തോടെ ചോദിച്ചു.
"തുറന്നു നോക്കൂ.."  ഞാൻ ചിരിച്ചു.
"Welcome to Teenage ..... Welcome to serious Reading.." എൻറെ കൈപ്പടയിൽ എഴുതിയ ലേബൽ അവൾ ഉറക്കെ വായിച്ചു.

"Thank you very much uncle..."

സന്തോഷം ഉദ്ധീപിച്ച മുഖത്തോടെ അവൾ പറഞ്ഞു.  ഞാൻ ചിരിക്കുകമാത്രം ചെയ്തു.  സിറിയക്കും ഭാര്യയും ആ സന്തോഷത്തിൽ പങ്കാളികളായി.

ഭക്ഷണവും നീണ്ടു നിന്ന സംഭാഷണവും കഴിഞ്ഞ് ഞാൻ യാത്ര പറഞ്ഞു.  സിറിയക്കിനോട് ഔപചാരികതയുടെ ആവശ്യം ഒന്നുമില്ല. സ്‌കൂൾതലം മുതൽ ഞങ്ങൾ ഒന്നിച്ചു പഠിച്ചതാണ്. കുടുംബ സുഹൃത്താണ്. തമ്മിൽ അഭ്യുദയ കാംഷികളാണ്.

"അങ്കിൾ ഞാൻ ഖാലിദ് ഹോസിനിയെ പറ്റി ഒത്തിരി കേട്ടിട്ടുണ്ട്. പ്രേത്യേകിച്ച് ഈ കൈറ്റ് റണ്ണർ ..... ഒത്തിരി താങ്ക്സ് അങ്കിൾ"

ഒന്നുകൂടി ചിരിച്ച് ഞാൻ എലീനായുടെ തോളത്ത് ഒന്ന് തട്ടി.  പിന്നെ പുറത്തിറങ്ങി.

തീപ്പെട്ടി അടുക്കിവച്ചിരിക്കുന്ന പോലെ പലപല അക്കങ്ങളിൽ ഷെയ്ഖ് കോളനി കെട്ടിടങ്ങൾ.  തറനിരപ്പിൽ നിന്നും ഉയരത്തിൽ നിൽക്കുന്ന ഷോപ്പുകൾ,  സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ.  ഞാൻ വണ്ടി മുന്നോട്ടെടുത്തു.  വലതു വശത്ത് മിലൻ വെജിറ്റേറിയൻ ഹോട്ടൽ,  ഖിസൈസിൻറെ തിരക്കിലേക്ക് വായ തുറന്നിരിക്കുന്ന ദുബായ് എയർപോർട് ഫ്രീസോൺ മെട്രോയുടെ കവാടവും,  ഒരു ചരിത്ര സ്മാരകം പോലെ പുരാതനത്വം തോന്നിക്കുന്ന എമിറേറ്സ് എൻ ബി ഡി യുടെ എടിഎമ്മും കടന്ന് എൻറെ വണ്ടി നീങ്ങി. ഞാൻ പ്രധാന പാതയിലേക്ക് കടന്നു.  നല്ല ക്ഷീണം. നന്നായി ഒന്നുറങ്ങണം. ആക്സിലേറ്ററിലേക്ക് കാല് ആഞ്ഞു ചവിട്ടുമ്പോൾ ഞാൻ എന്നോട് തന്നെ പറഞ്ഞു.

ഒരു നാല് ദിവസം കഴിഞ്ഞിട്ടുണ്ടാകണം. വീണ്ടു ഖിസൈസ്. സൂര്യൻ സായന്തനത്തിലേക്ക് ചാഞ്ഞു തുടങ്ങിയ സമയം.

ഓഫീസിലേക്ക് അത്യാവശ്യം ചില ഫയലുകൾ വാങ്ങണം.  ഞാൻ റാംസീസ് സ്റ്റേഷനറി & ബുക്ക് ഷോപ്പിലേക്ക് കയറി.  ഖിസൈസിലെ സ്‌കൂൾകുട്ടികളുടെ ആശാകേന്ദ്രം പോലെയാണ് ഈ ഷോപ്പ്.  എപ്പോളും കുട്ടികളും മാതാപിതാക്കളും തിക്കിതിരക്ക് കൂട്ടുന്ന കടയ്ക്കകത്തേക്ക് ഞാൻ കയറിയപ്പോൾ സെയിൽസ്മാൻ നേപ്പാളി ചിരിച്ചു, കുശലം ചോദിച്ചു.

ഞാൻ വേണ്ട ഫയൽ എടുത്തു.  ഇടതു വശത്തെ ബുക്ക് ഷെൽഫുകളിലേക്ക് നോക്കി. ഒരേ സമയം ചെറിയ ഒരു ലൈബ്രറിയും, സെക്കൻഡ് ഹാൻഡ് ബുക്കുകളുടെ വിൽപ്പനയും ഉണ്ട്. പുതിയ ഏതെങ്കിലും മലയാളം ബുക്കുകൾ വന്നിട്ടുണ്ടോ? എൻറെ കണ്ണുകൾ ബുക്ക്റാക്കുകളിൽ ഉടക്കി നിന്നു.

പെട്ടന്നാണ്  പുതുതായി വന്ന കുറെ ഇംഗ്ലീഷ് ബുക്കുകൾ കണ്ണിൽ പെട്ടത്.  ആർ കെ നാരായണൻ, അഗതാ ക്രിസ്റ്റി... എൻറെ കൈകൾ ഓരോന്നിലായി പരാതി. അതിനപ്പുറത്തായി കണ്ട മൂന്നു ബുക്കുകൾ കണ്ട് ഒരു വൈദ്യുതി പ്രെവാഹം എന്നിലേക്ക്‌ പാഞ്ഞു കയറി!  കണ്ണുകൾ ചിമ്മിയടഞ്ഞു. ഞാൻ കണ്ണ് തുറന്ന് നോക്കി.

ഖാലിദ് ഹോസിനി ...!!? ഞാൻ പിറുപിറുത്തു.  എൻറെ കരങ്ങൾ ആ ബുക്കുകളിൽ തൊട്ടു.  ഞാനതെടുത്ത് തിരിച്ചും മറിച്ചും നോക്കി.  പുതുമണം ഒട്ടും മാറാത്ത എൻറെ കൈപ്പട പതിഞ്ഞ ലേബൽ പോലും ഇളകാതെ ആ ബോക്സ് സെറ്റ്!!  കിനോകുനിയായിലെ സ്റ്റിക്കറിൽ എൻറെ വിരലുകൾ മൃദുവായ് തൊട്ടു.

"ബാബു... ഈ ബുക്ക് എവിടുന്നാ?"

എൻറെ ചോദ്യം ഒരുനിമിഷം നേപ്പാളി സെയിൽസ്മാനെ ചിന്താധീനനാക്കി. തലയിൽ കൈ വച്ച് അയാൾ ആലോചിച്ചു. പെട്ടന്ന് ഞെട്ടിത്തിരിഞ്ഞ പോലെ പറഞ്ഞു.

"ഇത് ഇവിടെ അടുത്തുള്ള ഒരു പെൺകുട്ടി സെക്കൻഡ് ഹാൻഡ് ബുക്ക് കൊണ്ട് വിറ്റതാണ്.... എന്താണ് ഭായി?"

"എന്നാണ് ഇത് അവൾ കൊണ്ടിവിടെ തന്നത്?"
"രണ്ടു ദിവസം മുമ്പ്"
"എന്ത് പറഞ്ഞാണ് അവൾ കൊണ്ട് തന്നത്?"
"Unwanted Gift.."

ഞാൻ മുഖം ഉയർത്താതെ ആ ബുക്കുകളിലേക്ക് നോക്കികൊണ്ട്‌ തന്നെ നിന്നു.

"ഒന്നുമില്ല... ഈ ബുക്കുകൾ കുറെ നാളുകളായി ഞാൻ തപ്പി നടക്കുകയായിരുന്നു.... എന്താണിതിനു വില?"

"എന്തെങ്കിലും താ ഭായി.... അങ്ങയോട് ഞാൻ വില പേശുന്നതെങ്ങനെയാ?"

ഞാൻ ഒരു അൻപത് ദിർഹത്തിന്റെ നോട്ട് എടുത്ത് നീട്ടി. ഇരുപത് ദിർഹം ബാക്കി തിരികെതന്ന് നേപ്പാളി ക്യാഷ് ട്രേ അടച്ചു.

പുറത്തിറങ്ങുമ്പോൾ മനസ്സിലാകെ ഒരു വിങ്ങൽ ആയിരുന്നു.  നിരാശയായിരുന്നു.  തകർച്ചയായിരുന്നു.

ഖിസൈസ് സുന്ദരമാണ്. തിരക്കിലുമാണ്. ഇടതടവില്ലാതെ പാഞ്ഞു പോകുന്ന വാഹനങ്ങൾ.  ജോലിഭാരം കഴിഞ്ഞ് തിരികെ കൂടണയുന്നവർ നിരനിരയായി പോകുന്നു.  ജാതിയില്ല, മതമില്ല, വർണ്ണമില്ല... എല്ലാവരും മനുഷ്യർ മാത്രം.

ഞാൻ മൊബൈലെടുത്ത്  സിറിയക്കിന്റെ വീട്ടിലെ ലാൻഡ് ലൈനിലേക്ക് വിളിച്ചു.  ഫോണെടുത്തത് എലീനയാണ്.

"Hi uncle... how are you?"
"Fine Elena..... മോളെ നീ ഖാലിദ് ഹോസിനി വായിച്ച് തുടങ്ങിയോ?"
"ഉവ്വ് അങ്കിൾ.... കൈറ്റ് റണ്ണർ...."
"How is it?"
"Awesome.... Superb..."
"നല്ലത്....  ഒന്നറിയാൻ വിളിച്ചു എന്നേ ഉള്ളൂ... ബൈ.."
"ബൈ അങ്കിൾ..."

ഞാൻ മൊബൈൽ പോക്കറ്റിലേക്കിട്ടു.  കൈവെള്ളയിലെ വിയർപ്പുകണങ്ങൾ എൻറെതന്നെ കൈപ്പടയിൽ എഴുതിയ വാക്കുകളിലേക്ക് പടർന്നിറങ്ങി. Welcome to Teenage ..... Welcome to serious Reading.

ഞാൻ വണ്ടിയെടുത്തു.  ജോസഫ് ക്ലിനിക്കും കടന്ന് എൻറെ കറുത്തകാർ പ്രധാന പാത ലക്ഷ്യമാക്കി നിരങ്ങി നീങ്ങി.

സ്ട്രീറ്റ് ലൈറ്റുകളുടെ വെട്ടത്തിൽ  ഖിസൈസ് അപ്പോഴും സുന്ദരമായിരുന്നു. തിരക്കിലുമായിരുന്നു.