Monday, September 26, 2016

ഷെമി-മലയാള സാഹിത്യത്തിലെ ആൻഫ്രാങ്ക്

വായനയുടെ പശ്ചാത്തലം
2015-ൽ ഒരു ബുക്ക്ഫെസ്റ്റിവലിൽ വച്ചാണ് ഷെമിയുടെ 'നടവഴിയിലെ  നേരുകൾ' കാണുന്നത്. ബെസ്റ്റ്സെല്ലർ പട്ടികയിൽ, മുൻനിരയിൽ വച്ചിരിക്കുന്ന ബുക്ക് ഒന്നെടുത്തുനോക്കി. കറുത്ത വസ്ത്രം ധരിച്ച്, തലയിൽ തട്ടവുമിട്ട്, കറുത്ത ഫ്രേമുള്ള കണ്ണടയിലൂടെ മൊണാലിസയുടെ നോട്ടം പോലെ ചിരിയുംചിന്തയും ഒളിപ്പിച്ച്, വായനക്കാരന് നോട്ടം തരാതെ അകലങ്ങളിലേക്ക് മിഴിപായിച്ച് നിൽക്കുന്ന  മെല്ലിച്ച ഒരു പെണ്ണ് ! ഇതാണോ പുതുമുഖം ഷെമി? ബുക്ക് തിരികെവച്ച് പുറത്തിറങ്ങുമ്പോൾ ഒരുപാട് ചോദ്യങ്ങൾ വേട്ടയാടുന്നുണ്ടായിരുന്നു. പിന്നീട് ഷെമിയുടെ ഈ പുസ്തകത്തെപ്പറ്റിയുള്ള നിരൂപണം, ആസ്വാദനം ഒക്കെ ഒരുപാട് പരതി. അവസാനം തീരുമാനിച്ചു വായിച്ചിട്ടു തന്നെ കാര്യം!

നോവൽ എന്ന നോവൽ
സാധാരണ നോവലുകളിൽ കാണുന്നതിൽ നിന്നും വ്യത്യസ്തമായി അധ്യായങ്ങൾ ഇല്ലാതെ, മൊത്തം ആറുഭാഗങ്ങൾ ആയി തിരിച്ച് ഒന്നിനൊന്ന് ബന്ധപ്പെട്ടു കിടക്കുന്ന ഒരുപാട് ചെറുകഥകളുടെ സമാഹാരമാണിത്. ഓരോ കഥയ്ക്കും ഓരോ താളമുണ്ട്, ലയമുണ്ട് പിന്നെ ചിരിയും ചിന്തയുമുണ്ട്.

തൻറെ ജീവിത്തത്തിൽ ഒന്നൊന്നായി നായിക നേരിടേണ്ടിവരുന്ന അഗ്നിപരീക്ഷണങ്ങൾ ഏറെ ചങ്കിടിപ്പോടും, കൺകോണുകളിൽ ഉതിർന്നുവരുന്ന ആർദ്രതയോടുമല്ലാതെ വായനക്കാരന് 'നടവഴികൾ' വായിച്ചുതീർക്കാനാകില്ല. മലയാള അക്ഷരങ്ങൾ അടുക്കോടും ചിട്ടയോടും കൂടി എടുത്ത് ആകർഷണീയമായി എങ്ങനെ എഴുതാം എന്ന് ഷെമി ഇവിടെ കാണിച്ചു തരുന്നു. ജീവിതത്തിൽ ഒരു പെൺകുട്ടി ഇത്രമാത്രം പരീക്ഷണങ്ങൾ എങ്ങനെ അതിജീവിക്കും എന്ന് നമ്മൾ അതിശയിച്ചു പോകും. മനുഷ്യൻറെ ബേസിക് ആവശ്യങ്ങളായ ഭക്ഷണത്തിനും, പാർപ്പിടത്തിനും വേണ്ടി അമ്മയുടെയും, അപ്പൻറെയും കൂടെ അലയുന്ന ഒരു ബാല്യം.  അതിനിടയിൽ മൂത്തആങ്ങളമാരുടെ വില്ലന്മാരെപ്പോലെയുള്ള  ശല്യപ്പെടുത്തലും, സഹോദരിമാരോടുള്ള ദയാവായ്‌പും, അനുജനോടുള്ള കരുതലും മനസ്സിൽ നിറച്ച നായികയുടെ ജീവിതം ഏറെ നോവുളവാക്കുന്നതാണ്. എത്ര കഴുകിക്കളഞ്ഞാലും മനസ്സിൽനിന്നും മായാത്ത കറപോലെ അതങ്ങനെ തെളിഞ്ഞു നിൽക്കുന്നു.

തുടക്കം മുതൽ ഒടുക്കം വരെ ആകാംഷയുടെ രസച്ചരട് പൊട്ടിപ്പോകാതെ വായനക്കാരെ നടത്തിക്കൊണ്ടുപോകാൻ ഷെമിക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ, പേജുകൾ മറിയുന്നത് നമ്മൾ അറിയുകയില്ല. കുപ്പയിൽ കിടക്കുന്ന മാണിക്യങ്ങളെ പെറുക്കിയെടുത്ത് വായനക്കാരൻറെ വീഥികളിൽ വിതറിയിരിക്കുകയാണ് ഷെമി എന്നു പറയാം. വിധിയുടെ ക്രൂരതയിലും നമ്മുടെ ചുണ്ടുകളിൽ ചിരിയും ചിന്തയും  പടർത്താനും, താൻ ജീവിതത്തിൽ എന്തനുഭവിച്ചോ, അതെല്ലാം അതേ തുടിപ്പോടെ വായനക്കാരിൽ എത്തിക്കാനുമുള്ള  എഴുത്തുകാരിയുടെ ശ്രമം ശ്‌ളാഘനീയമാണ്.

കഥാപാത്രങ്ങൾ
ഉപ്പ, ഉമ്മ, മൂത്ത സഹോദരന്മാർ, സഹോദരിമാർ, അനിയൻ ഇവരുടെ ഇടയിലുള്ള നായികയുടെ ബാല്യകാലത്തിലാണ് കഥ തുടങ്ങുന്നത്. ഓരോ കഥാപാത്രങ്ങൾക്കും ഓരോ കഥയുണ്ട്.  അമ്മിഞ്ഞപ്പാലുപോലും നിഷേധിക്കപ്പെട്ട് പിൽക്കാലത്ത് കൊടുംപട്ടിണിയെ പുണരേണ്ടിവന്ന അമ്മ കുഞ്ഞാമിന. നെഞ്ചും തടവി, കഫവും ചോരയും തുപ്പി തൻറെ കുടുംബമാകുന്ന ഹതഭാഗ്യരുടെ മുന്നിൽ തളർന്നു നിൽക്കുന്ന ഉപ്പ. കഥയുടെ തുടക്കം മുതൽ ഏതാണ്ട് അവസാനം വരേയോളം ദുസ്വപ്നം പോലെ നമ്മെ  പിടിവിടാതെ ഇടയ്ക്കിടെ കയറിവരുന്ന മൂത്ത ആങ്ങളമാരായ മുനീറും, തൗസറും,  അവരവരുടേതായ ലോകത്ത് ജീവിക്കുന്ന മൂത്തസഹോദരിമാർ,   കോഴിയേയും, ആടിനെയും പോലെയുള്ള ജീവികളുടെ ലോകത്ത് ജീവിക്കുന്ന അനിയൻ റാഫി. ലോകത്തിൻറെ ഏതു കോണിൽ പോയാലും എൻറെ ജീവിതാന്ത്യത്തോളം ഞാൻ നിന്നോടൊപ്പം ഉണ്ടാകും പെണ്ണേ എന്ന് പറയുന്ന ആർസൽ. അയ്മുട്ടിക്ക, അഹംഭാവം മുറ്റിനിൽക്കുന്ന കെ.റ്റി.ഡി അനാഥാലയത്തിന്റെ സെക്രെട്ടറി, അനാഥാലയം തേടിയിറങ്ങി പോലീസ് സ്റ്റേഷനിൽ എത്തുമ്പോൾ ദയയോടെ പെരുമാറുന്ന പോലീസ്..... ഒക്കെയൊക്കെ  മാഞ്ഞുപോകാതെ നിൽക്കുന്ന കഥാപാത്രങ്ങൾ ആണ്.

കുഷ്ഠരോഗികൾക്ക് വേണ്ടി പിരിവിനായി സ്‌കൂളിൽ കൊടുക്കുന്ന കാർഡ്  നിറക്കാൻ വിശന്ന് പൊരിഞ്ഞിട്ടും തൻറെ  ഒരുനേരത്തെ ഭക്ഷണത്തിനുള്ള പണംകൊണ്ട് അവസാന കോളവും വെട്ടി  കൂട്ടിവച്ച  പൈസയ്ക്കുണ്ടാകുന്ന ദുർഗതി, അതുമൂലം ഉണ്ടായ നഷ്ടങ്ങൾ, സഹോദരിമാർ എല്ലാം കൂടി 'കഷ്ടപ്പെട്ട്' ഉണ്ടാക്കുന്ന പണം കൊണ്ട് ടൂർ പോകുമ്പോൾ രാത്രിയിൽ നാഗം പോലെ ദേഹത്തേക്ക് ഇഴഞ്ഞുകയറുന്ന കരങ്ങൾ, അനാഥാലയത്തിൽ വളർച്ച മുരടിച്ച, ഭക്ഷണം എത്ര കഴിച്ചാലും മതിവരാത്ത നൂറുദ്ദീൻ ഒരിക്കൽ ഛർദ്ദി വാരിക്കഴിക്കുന്നത് കണ്ട് നായിക ഹൃദയം നുറുങ്ങിയോടുന്ന രംഗം. റാഫിയുടെ ആട്  അമ്മിണിയുടെയും കോഴികുഞ്ഞുങ്ങളുടെയും ദുരന്താന്ത്യം, ദിവസങ്ങളോളം വെള്ളം കിട്ടാതെ കുളിക്കാൻ കഴിയാതെ സഹപാഠി സജ്നയുടെ വീട്ടിലെ കുളിമുറിയിൽ ജലകണങ്ങൾ ദേഹത്തേക്ക് ഉതിർന്നു വീഴുമ്പോൾ നായികയ്ക്കുണ്ടാകുന്ന നിർവൃതി,  സ്തനാർബുദ 'ചികിത്സ' നടത്തുന്ന ഡോക്ടർ, ആർസലുമായി ജീവിതം അവസാനിപ്പിക്കാനായി ഒരുങ്ങുന്ന രംഗം, പ്രസവം അടുക്കാറാകുമ്പോൾ ഒരു സ്ത്രീക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ, ഒരു കുഞ്ഞിന് ജന്മംനൽകാൻ ആശുപത്രിക്കിടക്കയിൽ കിടക്കുമ്പോൾ ഉള്ള അവസ്ഥ, ആശുപത്രി ജീവനക്കാരുടെ കുത്തുവാക്കുകൾ, ഇവയൊക്കെ ഇതിലും പച്ചയായി എന്നാൽ മാന്യമായി വേറെ എങ്ങും വായിച്ചിട്ടില്ല.

വായന ഏറെ മുന്നോട്ടുപോയപ്പോൾ സ്വയം ചോദിച്ചു....  ഇതേ നെഞ്ചിടിപ്പോടെ, ഇതേ വികാരത്തോടെ ഇതിനു മുമ്പ് ഞാൻ ഏതോ ബുക്ക് വായിച്ചിട്ടുണ്ട്. ഏതാണത്? റിവേഴ്‌സ് ഗിയറിൽ മനസ്സ് കുറെ പാഞ്ഞപ്പോൾ ഉത്തരം കിട്ടി! ഹോളോകോസ്റ്റിന്റെ ഇരയായിത്തീർന്ന്, പതിനഞ്ചാമത്തെ വയസ്സിൽ നാസിജർമനിയിലെ കോണ്സെന്ട്രേഷൻ ക്യാംപിൽ 1945-ൽ  വീണുടഞ്ഞ സുന്ദര പുഷ്പം! ആൻഫ്രാങ്ക്! 'എ ഡയറി ഓഫ് യങ് ഗേൾ' ! ചുരുക്കിപ്പറഞ്ഞാൽ ഷെമിയുടെ ഈ രചനയെ ഇങ്ങനെ ഉപമിക്കാം 'ഷെമി-മലയാളസാഹിത്യത്തിലെ ആൻഫ്രാങ്ക്'

കുറ്റവും, കുറവും 
നോവലിൻറെ ആദ്യവും അവസാനവും എന്തിനാണെന്ന് വായനക്കാരന് ഒരു സംശയം തോന്നാം. അവസാനം നമ്മൾ പ്രേതീക്ഷിക്കുന്ന ഒരന്ത്യമല്ല നോവലിൽ. (ഒരു പക്ഷെ അതായിരിക്കും എഴുത്തുകാരിയുടെ പ്രേത്യേകതയും). അവസാന ചില പേജുകളിൽ കൃത്രിമത്വം കുത്തി നിറച്ചപോലെ തോന്നിപ്പോയി. ഇതല്ലാതെ ഇനി ഒരു കുറ്റം കൂടി കണ്ടുപിടിക്കണമെങ്കിൽ നിങ്ങൾ വലിയ പരിശ്രമം തന്നെ നടത്തേണ്ടിവരും!

കൺസ്യൂമർ 
മലയാളത്തിൽ അടുത്തകാലത്ത് ഇറങ്ങിയ ഏറ്റവും പേജുകളും (640 പേജ്) വിലയും (495 രൂപ) ഉള്ള നോവലാണ് 'നടവഴിയിലെ നേരുകൾ'.  2015-ൽ  പ്രസിദ്ധീകരിച്ച്‌ കേവലം ഏഴുമാസംകൊണ്ട് ഇറങ്ങിയ അഞ്ചാമത്തെ പതിപ്പാണ് ഞാൻ വായിച്ചത്. വില കണ്ട് നെറ്റിചുളിക്കുന്നതിനുമുമ്പ് നിങ്ങൾ അകത്ത് അഞ്ചാമത്തെ പേജിൽ ഷെമി സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുന്നത് വായിക്കുമ്പോൾ 'പേജിന് ഒരു രൂപ വിലയിട്ടാലും വാങ്ങിക്കാം' എന്ന് പറഞ്ഞുപോകും. ഒരു വായനക്കാരൻ എന്ന നിലയിൽ മുടക്കുമുതലിന് തൃപ്തിനൽകുന്ന ഉത്പന്നം കൂടിയാണിത്.

അവസാനവാക്ക് 
കഴിയുമെങ്കിൽ വായന അന്യംനിന്നുപോയ നമ്മുടെ പുതിയ തലമുറയെ ഈ കൃതി ഒന്ന് വായിപ്പിക്കണം. വിശപ്പിൻറെ വിലയറിയാത്ത, പണത്തിൻറെ മൂല്യമറിയാത്ത, കരുണയും ബഹുമാനവും സഹിഷ്ണുതയും എന്തെന്നറിയാത്ത, ഒരു തലമുറ നമുക്കുമുന്നിൽ വളർന്നുവരുന്നുണ്ട്. അവരിൽ  മുട്ടത്തോടും, ഉച്ചിഷ്ടവും ഒക്കെ കഴിച്ച് ജീവിക്കുന്ന ഒരു കൂട്ടം ആൾക്കാർ ഇന്നും നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നുന്നുള്ള ബോധം ഉണ്ടാക്കാനായാൽ അതിൽപരം ഒരു ഉപദേശം വേറെ കൊടുക്കാനില്ല.

ജീവിതമാകുന്ന ഉലയിൽ സ്പുടംചെയ്തെടുത്ത തിളക്കമാർന്ന ആഖ്യാന ശൈലി. മലയാള സാഹിത്യത്തിൽ വലതുകാൽ വച്ച് ഷെമി കയറുകയാണ്. സാഹിത്യത്തിൻറെ വസന്തവും സുഗന്ധവും വായനക്കാരൻറെ മനോതലങ്ങളിൽ മങ്ങാതെ നിറഞ്ഞുനിൽക്കുന്ന കാൽവയ്പ്. ഓരോ എഴുത്തുകാർക്കും ഓരോ കൈയ്യൊപ്പുണ്ട്. ഒ വി വിജയൻ -ഖസാക്ക്, എം. മുകുന്ദൻ-മയ്യഴിപ്പുഴ, തകഴി-ചെമീൻ, ബെന്യാമീൻ-ആടുജീവിതം, മീര-ആരാച്ചാർ. ഇവിടെ ഷെമി-നടവഴികൾ.

ഷെമിയെ ഞാൻ കണ്ടിട്ടില്ല. പക്ഷേ എന്നെങ്കിലും, എവിടെവച്ചെങ്കിലും കാണുകയാണെങ്കിൽ മുത്തുകൾ പെറുക്കിക്കൂട്ടി വായനയുടെ നടവഴികളിൽ പാകിത്തന്ന ആ കയ്യിൽ ഒരു ഹസ്തദാനം നടത്തണം. എന്നിട്ട് പറയും "വെൽഡൺ , നിങ്ങൾ നന്നായി എഴുതിയിരിക്കുന്നു"

No comments:

Post a Comment