Sunday, November 20, 2016

പ്രവാസത്തിലെ മഞ്ഞുത്തുള്ളികൾ 1-4

04 ) കറക്കികുത്തിക്കിട്ടിയ പ്രവാസം 

ജനിച്ച് വളർന്ന,  പാതയടികൾ പതിഞ്ഞു കിടക്കുന്ന സ്വന്തം മണ്ണിൽ നിന്നും പ്രവാസത്തിലേക്ക്  പാദമൂന്നുന്നതിന് ഓരോരുത്തർക്കും ഓരോ കഥയുണ്ടാകും. എനിക്കുമുണ്ട് ഒരു കഥ.

ബോംബജീവിതത്തിനിടെ പത്രത്തിലെ 'തൊഴിലവസരങ്ങൾ' എന്ന കോളത്തിൽ  പരസ്യം കണ്ട് ഒരിക്കൽപോലും പോയിട്ടില്ലാത്ത കർണ്ണാക് ബന്ധറിലേക്ക് ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുകയാണ് ഞാൻ. രണ്ട് പേജുള്ള ബയോഡേറ്റയും, പത്താം ക്ലാസ്സുമുതൽ പിജി വരെയുള്ള സർട്ടിഫിക്കറ്റുകളും നിറഞ്ഞ ഫയലും മുറുക്കെപ്പിടിച്ച്  ഇരിക്കുമ്പോൾ ഒരുപാട് ചിന്തകൾ മനസ്സിൽ കയറിവന്നു.  കറുപ്പും, വെളുപ്പും എരിവും പുളിയും, പണക്കിലുക്കവും ഒക്കെ ഉയർന്നു താണ ചിന്തകൾ.

ഗൾഫിൽ പോകരുത്. തലയ്ക്ക് മേൽ ജീവനുണ്ടെങ്കിൽ..... നാട്ടിൽ പഠിച്ച്, നാടിനോട് കൂറുകാണിച്ച്, പി.എസ്.സി. ടെസ്റ്റും എഴുതി ഏതെങ്കിലും സർക്കാരാപ്പീസിൽ കയറിപ്പറ്റുകയോ, ബിഎഡ് എടുത്ത് വാധ്യാരാകുകയോ ചെയ്യണം എന്നതായിരുന്നു സ്വപ്നം.  ബിരുദം കടന്നപ്പോൾ തിളയ്ക്കുന്ന ഞരമ്പിലെ ചോര ശരീരത്തിലെ ഓരോ കോശങ്ങളോടും പറഞ്ഞതും അതുമാത്രമായിരുന്നു.  എന്നാൽ എന്നെ ഗൾഫ് ജീവിതത്തിൽ നിന്നും വിലക്കിയിരുന്നത് ഈ സ്വദേശി പ്രേമം മാത്രമായിരുന്നില്ല. ചെറുപ്പം മുതൽ കൺമുമ്പിൽ കണ്ടുവന്ന കാഴ്ചകൾ അതിന് വളവും നൽകി.

സ്‌കൂൾകാലം മുതൽ ഞാൻ കാണുന്നത് പരദേശിയായി പാർത്ത്, രണ്ടുവർഷമോ അതിൽ കൂടുതലോ കാലം ഗൾഫിൽ ജോലിചെയ്ത് ഒന്നോ രണ്ടോ മാസം അനുവദിച്ചുകിട്ടുന്ന പരോൾ പോലെ നാട്ടിൽ വന്നു തിരികെ പോകുന്ന എൻറെ മൂത്ത ജേഷ്ഠന്മാരെയാണ്.  വീട്ടിലെങ്ങും ഉത്സവപ്രതീതി വിതറി അവർ വരും. ഫോറിൻ ഗന്ധം, ഫോറിൻ മധുരം, ടേപ് റിക്കാർഡർ, ഓഡിയോ കാസറ്റുകൾ  എന്നുവേണ്ട  പേന പെൻസിൽ തുടങ്ങി ഉടുവസ്ത്രം വരെ നിറയുന്ന ഫോറിൻ ദിനങ്ങൾ. ആ ദിവസങ്ങളിൽ വീടുവിട്ട് സ്‌കൂളിൽ പോകാൻ മടിയായിരുന്നെങ്കിലും, പുതിയ ഉടുപ്പ്, ഹീറോ പെന്നിൽ തുടങ്ങി പലതരം പേനകൾ , കളർ പെൻസിലുകൾ, ഒക്സ്ഫോർഡിന്റെ സ്റ്റീൽ നിറമുള്ള ഇൻസ്ട്രമെന്റ് ബോക്സ്, ഹാപ്പി ടീഷർട്  ഒക്കെ കൂട്ടുകാരെ കാണിക്കാനുള്ള വിരുത് കാരണം തുള്ളിച്ചാടി തന്നെ സ്‌കൂളിലേക്കോടും. എന്നാൽ ഒന്നോ രണ്ടോ മാസങ്ങൾക്കു ശേഷം ഈ പുതുമ മങ്ങി മാഞ്ഞുപോകും. കരഞ്ഞുകലങ്ങിയ കണ്ണുകളും, തുടിക്കുന്ന മനസ്സുമായി നിൽക്കുന്ന ജേഷ്ഠൻമാരുടെഭാര്യമാരുടെയും എൻറെ വീട്ടുകാരുടെയും ചിത്രം വേദനയുടെ പുഴുക്കുത്തുകൾ മനസ്സിൽ സമ്മാനിച്ചുകൊണ്ടിരുന്നു. കാത്തിരിപ്പിൻറെ അടുത്ത രണ്ട് വർഷം വീട്ടുപടിക്കൽ ബാക്കി നിർത്തി, ഭാര്യമാരെയും, കുട്ടികളെയും, സഹോദരങ്ങളെയും വിട്ടകന്ന് പോകുന്ന ആ കാഴ്ച... ഒരംബാസിഡർ കാറും, എയർപോർട്ടും പറന്നുയരുന്ന വിമാനവും ഓർമ്മയിൽ ബാക്കിനിർത്തിപ്പോകുന്ന പ്രവാസം. വീണ്ടും രണ്ടുവർഷം കഴിഞ്ഞ് എയർപോർട്ടിലെ 'ആഗമനം' ബോർഡിനടുത്ത് കാത്തു, കാത്ത് നിൽക്കുന്നതോ, കാറിൻറെ ഹോണടി വീട്ടുപടിക്കൽ മുഴങ്ങുന്നതോ ഒക്കെ ചിന്തയിൽ നിറച്ച് പോകുന്ന പ്രയാസം. ഫോണോ, മൊബൈലോ, ഇന്റെർനെറ്റൊ ഒന്നും വീട്ടുപടിക്കൽ കാലുകുത്താത്ത കാലത്ത് മനോഹരമായ ബോർഡറും പിങ്കും, ഇളം പച്ചയും, നീലയും നിറത്തിൽ അറബിനാടിന്റെ മണവുമായി എത്തുന്ന എയർമെയിലുകൾക്കുള്ളിൽ ജീവൻ തുടിക്കുന്ന, പിടയ്ക്കുന്ന അക്ഷരമുത്തുകൾ മാത്രം ബാക്കിയാക്കി പോകുന്ന പോക്ക്.  മെഴുകുതിരിപോലെ ഉരുകിത്തീരുന്ന ജീവിതം. ഈ വിരഹവും, വേദനയും ഒക്കെ എത്രമാത്രം മനസ്സിൽ പതിഞ്ഞുപോയോ അത്രമാത്രം ഗൾഫുജീവിതത്തോട് വെറുപ്പും നിറഞ്ഞുനിറഞ്ഞുവന്നു. പ്രവാസി എന്നും സ്വന്തം വീട്ടിൽ, അവൻറെ നാട്ടിൽ വിരുന്നുകാരൻമാത്രമാണ്. ഒരു പ്രവാസത്തിൽ നിന്നും വന്ന് അടുത്ത പ്രവാസത്തിലേക്ക് ഊളിയിടുന്നവൻ.

പാസ്സ്‌പോർട്ട് എടുക്കുവാൻ പ്രായമായാൽ അന്നുമുതൽ തന്നെ ചെറുപ്പക്കാർ ഗൾഫ് ജീവിതം സ്വപ്നം കണ്ടു നടക്കുന്ന മധ്യതിരുവതാംകൂറുകാരനാണ് ഞാനും. പക്ഷേ ഉള്ളിന്റെയുള്ളിൽ ഞാൻ സ്വയം മന്ത്രിച്ചുകൊണ്ടിരുന്നു- 'ഗൾഫിൽ പോകരുത്'

ബിരുദവും ബിരുദാനന്തര ബിരുദവും ഒക്കെ കരസ്ഥമാക്കി,  കമ്പനികൾ ജോലിക്കായി വിളിച്ചുകൊണ്ടു പോകും എന്ന മലർപൊടിക്കാരന്റെ സ്വപ്നത്തിൻറെ കാലയളവ് കഴിഞ്ഞപ്പോൾ ബോംബെയിലേക്ക് ചേക്കേറി. പി.എസ്.സി പരീക്ഷകളും, അപേക്ഷകളും ഒക്കെ നിറഞ്ഞു നിന്ന ആ കാലത്ത് ഞാനും ഒരു ലുങ്കിവാല അല്ലെങ്കിൽ മദ്രാസിയായി.

കല്യാണം. കടമുറ്റത്തച്ചൻ യക്ഷിയുടെ തലയിൽ ചുണ്ണാമ്പ് പുരട്ടിയ ആണിയടിച്ചുകയറ്റിയ പോലെ ഒരു ബന്ധനം. അതുവരെ ഓടിച്ചാടി നടന്നവനെ പിടിച്ചു 'കെട്ടി'യിട്ടു (കല്യാണത്തിന് 'കെട്ടുക' എന്നും ഞങ്ങളുടെ നാട്ടിൽ പറയും). ഭാര്യയുടെ കരവലയത്തിലെ 'ബന്ധനം, ബന്ധനം തന്നെ പാരിൽ' ആയി ഹണിമൂൺ. അപ്പോളാണ് ചില സീരിയസ്സ് ചിന്തകൾ സുനാമിതിരമാലകൾ പോലെ വന്നടിച്ചുകേറിയത്. ഒരു പെണ്ണിനെ പോറ്റാൻ, ഒരു കുഞ്ഞിനെ വളർത്താൻ, വീടുവയ്ക്കാൻ ഒക്കെപണം വേണം. ഇത്തിരി അല്ല ഒത്തിരി. കയ്യിൽ അതുവരെ കൂട്ടിവച്ചിരുന്ന പണം ഡ്രയിനേജിലൂടെ ഒലിച്ചുപോകും പോലെ കയ്യിൽ നിന്നും ഒലിച്ചുപോയി.

മുന്നിൽ ആവശ്യങ്ങളുടെ നിര ഒന്നൊന്നായി നീണ്ടപ്പോൾ എന്നിലെ സ്വദേശാഭിമാനി മാറിചിന്തിക്കാൻ തുടങ്ങി. ആവശ്യം സൃഷ്ടിയുടെ മാതാവ്. നാട്ടിലെ പി.എസ്.സി ക്ക്, സ്വകാര്യസ്ഥാപങ്ങങ്ങൾക്ക് ഒന്നും എൻറെ 'സർവീസ്' വേണ്ടാ.  പാഴ്ക്കടലാസുപോലെ കയ്യിലിരിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്കുലിസ്റ്റുകൾ, ബയോഡേറ്റ എല്ലാം എന്നെ നോക്കിപല്ലിളിക്കുന്നു. അങ്ങിനെ മറ്റെല്ലാ വാതിലും അടഞ്ഞപ്പോൾ ഏറെ ആലോചനയ്ക്ക് ശേഷം ഞാൻ അതങ്ങു തീരുമാനിച്ചു-ഗൾഫിലേക്ക് പോവുക.  ജീവിതസഖിയാകട്ടെ അതിന് ഇത്തിരി ഫാക്ടൻഫോസും വെള്ളവും കോരി പരിപോഷിപ്പിക്കുകയും ചെയ്തു.

കർണാക് ബന്ദറിലെ 'ജസീന മറൈൻ സർവീസ്' എന്ന ട്രാവൽ ഏജൻസിയിയുടെ പടികൾ കയറും വരെ ഇങ്ങിനെ വിവിധ ചിന്തകൾ എന്നെ മദിച്ചുകൊണ്ടിരുന്നു. റിസപ്‌ഷനിൽ നിന്നും ഒരു ഫോം പൂരിപ്പിക്കാൻ തന്നു. അതിനുശേഷം  ബാബു എന്നെ അകത്തെ മുറിയിൽ ഒരു കമ്പൂട്ടറിന്റെ മുമ്പിലേക്ക് കൊണ്ടുപോയി. എനിക്കപ്പോൾ അതുഭുതം തോന്നി. ഞാൻമാത്രമേ ഇന്റർവ്യൂ-ടെസ്റിനുള്ളോ?  അത് ഞാൻ ബാബുവിനോട് ചോദിച്ചപ്പോളാണറിയുന്നത്  കഴിഞ്ഞകുറെ ദിവസങ്ങളായി  നൂറിലധികം ഉദ്യോഗാർത്ഥികൾ വന്നുപോയി എന്ന്!  എക്സലിലും, വേർഡിലും ഉള്ള ടെസ്റ്റ് കഴിഞ്ഞപ്പോൾ  റിസപ്‌ഷനടുത്തുള്ള കസേര ചൂണ്ടിക്കാട്ടി എന്നോട് അവിടെ വെയ്റ്റ് ചെയ്യാൻ അയാൾ പറഞ്ഞു.  ഇന്റർവ്യൂ ചെയ്യാൻ ജസീനമറൈൻ ഉടമ ചാക്കോസാർ വരണം. ഞാൻ അവിടെ കാത്തിരുന്നു. മണിക്കൂറുകളോളം.  ആ ഇരുപ്പ് മടുപ്പ് തോന്നിയെങ്കിലും പ്രവാസജീവിതത്തിൽ ഏറ്റവും വേണ്ടത് ക്ഷമയും, സഹനവും ആണെന്ന ബോധം എന്നെ നിശ്ശബ്ദനാക്കി.

അവസാനം ചാക്കോസാർ വന്നു. ബാബു കുറെ ഫയലുകളും താങ്ങിയെടുത്ത് അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് കയറി. വീണ്ടും കാത്തിരിപ്പ്. ആളുകൾ വരുന്നു, പോകുന്നു. "ഇപ്പൊ വിളിക്കും ട്ടോ" എന്ന ബാബുവിന്റെ ഇടക്കിടെയുള്ള ഉറപ്പ് താലോലിച്ച് ഞാൻ ഇരുന്നു. ഞാൻ വാച്ചിൽ നോക്കി. രാവിലെ പത്തുമണിമുതൽ ഇരുപതുടങ്ങിയതാണ്. ഇപ്പോൾ നാലുമണി! കുറച്ചുനേരം കൂടി കഴഞ്ഞപ്പോൾ ബാബു അടുത്തുവന്ന് പറഞ്ഞു.

"സാർ വിളിക്കുന്നു.."

ഗൾഫിൽ പോകാനുള്ള ഇൻറർവ്യൂ ..!! ഏറിയ നെഞ്ചിടിപ്പോടെ ഞാൻ ചാക്കോസാറിൻറെ ക്യാബിനുള്ളിലേക്ക് ചുവടുകൾ വച്ചു. എന്നെ വരവേറ്റത് ഒരു മൃദു പുഞ്ചിരിയായിരുന്നു. നാല്പത്തിഅഞ്ച് മിനിറ്റോളം നീണ്ട ഇന്റർവ്യൂ. കമ്പനി, ജോലി, ശമ്പളം ആനുകൂല്യങ്ങൾ.. എല്ലാം എല്ലാം ഒന്നൊന്നായി അദ്ദേഹം വിവരിച്ചു. അന്ന് ഒരു ദിർഹത്തിന്റെ മൂല്യം  12.50 രൂപയാണ്. ആ ക്യാബിനിൽ നിന്ന് പുറത്തിറങ്ങവേ ഏതൊരു പ്രവാസിയെയും പോലെ ഞാൻ കൺവെർഷൻ തുടങ്ങി വച്ചിരുന്നു.

"താൻ പി.ജി യാണല്ലേ?" ചാക്കോസാറിന്റെ സ്വരം.
"അതേ ..."

അതെന്തിനാണ് ചോദിച്ചത് എന്ന ആശങ്കയിൽ ഞാൻ നിൽക്കവേ അടുത്ത വാക്കുകൾ.
"ആകെ അഞ്ച് വേക്കൻസിയാണ് ഉള്ളത്. ഇത് ആദ്യ റൗണ്ട് ഇന്റർവ്യൂവാണ്. ഇതിൽ നിങ്ങൾ ജയിച്ചാൽ ഫൈനൽ ഇന്റർവ്യൂ ക്ലയന്റുമായി ഇവിടെയും കൊച്ചിയിലും ഉണ്ട്.  കൊച്ചിയിലും  ഇപ്പോൾ നൂറിൽ കൂടുതൽ പേർ ആദ്യ ഇന്റർവ്യൂ കഴിഞ്ഞു.... എനി വേ, ആൾ ദി ബെസ്ററ് .."

ചാക്കോസാറിന്റെ വാക്കുകൾ തലക്ക് കൊട്ടുവടികൊണ്ട് കിട്ടിയ പ്രഹരംപോലെവാങ്ങിയാണ് ഞാൻ ജസീനയുടെ പടികൾ ഇറങ്ങിയത്.  ഒരു നിരാശകാമുകനെപ്പോലെ വീട്ടിൽ എത്തിയപ്പോൾ കണ്ണുതള്ളി നിന്ന ഭാര്യയോട് പറഞ്ഞു. "നോ ഹോപ്.."

ദിവസങ്ങൾ കഴിഞ്ഞു. ഞാൻ പ്രതീക്ഷിച്ചപോലെ തന്നെ ജസീനയിൽ നിന്നും വിളി ഒന്നും വന്നില്ല.  നൂറുകണക്കിന് അപേക്ഷകരിൽ നിന്നും ജയിച്ചുകയറാൻ തക്ക ആളല്ല ഞാൻ എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. എന്തായാലും ജസീനയിൽ വിളിച്ച് ആ പ്രോസസ്സ് അങ്ങ് അവസാനിപ്പിക്കാം. ഞാൻ വിളിച്ചു. ചാക്കോസാറിനെ ലൈനിൽ കിട്ടി. "ഫൈനൽ സെലക്ഷൻ ലിസ്റ്റ് രണ്ട് ദിവസങ്ങൾക്കുള്ളിൽ വരും" ആ കിട്ടിയ മറുപടി കേട്ടപ്പോൾ ഭാര്യ പറഞ്ഞു "വിളിക്കുമായിരിക്കും" ഞാൻ കോട്ടുവായിട്ടു. എങ്കിലും ഇന്ത്യ വേൾഡ് കപ്പ് ക്രിക്കറ്റ് കളിയ്ക്കാൻ പോകുമ്പോൾ ചെയ്യാറുള്ളപോലെ വിജയത്തിന്റെ സങ്കീർണമായ കാൽകുലേഷൻ ഞാൻ നിശബ്ദം ചെയ്യാൻ തുടങ്ങി.

അടുത്ത ദിവസം എൻറെ യാഹൂ മെയിലിൽ ഒരു ഇമെയിൽ വന്നു വീണു. ജസീനയിൽ നിന്ന്. ഞാൻ ഫൈനൽ ഇന്റർവ്യൂവിന് സെലക്ടായിരിക്കുന്നു!! ഉടനെതന്നെ ചാക്കോസാറിനെ കാണണം. ഫൈനൽ ഇന്റർവ്യൂ കൊച്ചിയിൽ അടുത്ത ആഴ്ച. ഏറെനേരം കണ്ണുതള്ളി നിന്ന ശേഷം ഞാൻ കർണാക് ബന്ദറിലേക്ക് തിരിച്ചു. ക്ലയന്റ് ഇന്റർവ്യൂ എങ്ങിനെ ഫേസ്ചെയ്യണം എന്നൊക്കെ ചാക്കോസാർ ക്ലാസ്സ് തന്നു. കൂട്ടത്തിൽ ഒന്നുകൂടി പറഞ്ഞു.
"ഇവിടെ ടെസ്റ്റ് എഴുതിയവരിൽ നിങ്ങളെ മാത്രമേ ഞങ്ങൾ കൊച്ചിയിലേക്ക് സെലക്ട് ചെയ്തിട്ടുള്ളൂ. സൊ പെർഫോം വെൽ.."

തിരിച്ച് വീട്ടിൽ എത്തിയപ്പോളും, നാട്ടിലേക്ക് ഭാര്യയുമൊത്ത് നേത്രാവതി എക്സ്പ്രെസ്സിൽ നാട്ടിലേക്ക് യാത്രതിരിക്കുമ്പോളും എന്നിലെ അത്ഭുതം മുഴച്ചുതന്നെ നിന്നു. അത്രയും ആൾക്കാർക്കിടയിൽ ഞാൻ ആണോ ഏറ്റവും മിടുക്കൻ?! ജീവിതത്തിൽ എങ്ങും കിട്ടാത്ത പരിഗണന...! ആ ചിന്ത എന്നിൽ ആത്മവിശ്വാസം വാനോളം ഉയർത്തി.

കൊച്ചിയിൽ ഇന്റർവൂവിന് ഒരു പട തന്നെയുണ്ടായിരുന്നു. അഞ്ച് വേക്കന്സി. നൂറുകണക്കിന് ആൾക്കാർ... എന്നാൽ എന്നിൽ ആത്മവിശ്വാസം ഒത്തിരി ഉയരത്തിൽ ആയിരുന്നു. ബോംബയിൽ നൂറിൽ ഒരാൾ ആകാമെങ്കിൽ ഇവിടെ അഞ്ചിൽ ഒരാളാകാം. ആത്മവിശ്വാസത്തിന്റെ ഹോർമോണുകൾ എന്റെ ഓരോ കോശത്തിലും തിക്കിത്തിരക്കി. റാസൽഖൈമയിലെ സ്റ്റീവൻ റോക്ക് എന്ന കമ്പനിയെപ്രതിനിധീകരിച്ച് ഇന്റർവ്യൂ ചെയ്യാൻവന്ന ബറൻഡ് ജാൻ കൂപ്പർ എന്ന ഹോളണ്ടുകാരനും, ജസീന കൊച്ചി മാനേജർ ജോസഫ് സാറിനും ഇടക്കിരുന്നു ഇന്റർവ്യൂ. എല്ലാം കഴിഞ്ഞ് രാത്രി ഞാൻ പത്തനംതിട്ടയിലേക്ക് മടങ്ങി.

ഓഗസ്റ്റ്, സെപ്റ്റംബർ , ഒക്ടോബർ ... ജസീന കൊച്ചിയിൽ നിന്നും ഒരു വിവരവും ഇല്ല.  ഇതിൽ കൂടുതൽ ഇനി ബോംബെ വിട്ടുനിൽക്കാൻ പറ്റില്ല. ഞാൻ പലവട്ടം ജസീനയിലേക്ക് വിളിച്ചു. 'സെലക്ഷൻ ഫൈനൽ ആയില്ല' ഇതുമാത്രം മറുപടി.

പക്ഷേ ഒക്ടോബർ അവസാനം വിളിവന്നു. അഞ്ചുപേരിൽ ഒരാളായി ഞാനും കയറിപ്പറ്റി. മെഡിക്കൽ, ട്രാവൽ ഡോക്കുമെന്റേഷൻ ഒന്നിനൊന്നായി പെട്ടെന്ന് ദിനങ്ങൾ കടന്നുപോയി.

അങ്ങിനെ 2003 നവംബർ 18-ന് ഞാൻ യു.എ.ഇ, റാസൽഖൈമയിൽ എത്തി പ്രവാസി എന്ന ലേബൽ ചുമലിൽ അടിച്ചു. കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള ഇന്ത്യൻ എയർലൈൻസ് വിമാനത്തിലും അവിടെനിന്ന് റാസൽഖൈമയിലേക്കുള്ള ബസ്സ്‌യാത്രയിലും ഞാൻ ജസീനമറൈനിലെ ആദ്യയാത്രമുതൽ അന്നുവരെയുള്ളതെല്ലാം തികട്ടിയെടുത്തു. ബോംബയിൽനിന്നും നൂറുകണക്കിന് ആൾക്കാർക്കിടയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട ആത്മവിശ്വാസം അപ്പോഴെല്ലാം  അമിതമായി എന്നിൽ നിറഞ്ഞുവന്നു.

കാലങ്ങൾ കഴിഞ്ഞു. കയറ്റവും ഇറക്കവും ഉള്ള മലമ്പാതപോലെ എൻറെ പ്രവാസജീവിതം മുന്നോട്ടുപോയി.  അതിനിടയിൽ പലരോടും ഞാൻ എൻറെ ബോംബൈ സെലക്ഷന്റെ കഥ നെഞ്ചിൽ കൈവച്ച് പറഞ്ഞു. ചിലർ അതുഭുതം കൂറിയിരിക്കാം. ചിലർ എൻറെ ഗർവെന്നോ അഹങ്കാരം എന്നോ ഉള്ളിൽ ചിന്തിച്ച് പുഞ്ചിരിയും, അത്ഭുതവും മുഖത്ത് വരുത്തിത്തീർത്ത് പോയിരിക്കാം.

അങ്ങനെയിരിക്കെ ഒരുദിവസം എൻറെ കൂട്ടുകാരൻ വിനോദ് എന്നോട് ആ കഥ പറഞ്ഞു. എന്നിൽ ആത്മവിശ്വാസത്തിന്റെ ഹോർമോണുകൾ അമിതമായി ഉത്പാദിപ്പിച്ച കഥയ്ക്കുള്ളിലെ  യഥാർത്ഥ കഥ.

നൂറുകണക്കിന് ആൾകാർ ജസീന ബോംബൈ ഓഫീസിൽ ടെസ്റ്റും ഇന്റർവ്യൂവും കഴിഞ്ഞ സമയം. ക്ലയന്റ് ബോംബെ വരവ് ക്യാൻസൽ ചെയ്ത്  കൊച്ചിയിലേക്ക് മാത്രം വരുമെന്നറിയിച്ചു. അതിനാൽ ബോംബയിലെ ടെസ്റ്റ് ഇന്റർവ്യൂ റിസൾട് മരവിപ്പിച്ച് കൊച്ചിയിലെ മാത്രം ലിസ്റ്റ് എടുക്കാൻ അവർ  തീരുമാനിക്കുന്നു. വീണ്ടും ദിവസങ്ങൾ കഴിഞ്ഞു. അപ്പോൾ ചാക്കോസാറിന് മറ്റൊന്ന് തോന്നി. അത് കമ്പനിയുടെ ഗുഡ്‌വിൽ അല്ലെങ്കിൽ റെപ്യൂട്ടേഷനെക്കുറിച്ചായിരുന്നു. നൂറുകണക്കിനാൾക്കാർ മെനക്കെട്ടുവന്ന് ഇന്റർവ്യൂ ടെസ്റ്റ് എഴുതിയിട്ടും അത് പരിഗണിച്ചില്ലെങ്കിൽ  മോശമാണ്. അവസാനം ചാക്കോസാർ ഒരുപേജിൽ നിറയുന്ന ഒരു ലിസ്റ്റ് ഉണ്ടാക്കാൻ ബാബുവിനോട് പറയുന്നു. ബാബു അതുണ്ടാക്കി. അതിൽ നിന്നും ഒരേയൊരാളെ തിരഞ്ഞെടുക്കാൻ ബാബുവിനെ നിയോഗിച്ചു. ബാബു വിഷമത്തിലായി.  ആ ലിസ്റ്റിൽ നോക്കി ഏറെ തലപുകച്ചശേഷം ബാബു പ്രതിവിധിയും കണ്ടെത്തി.

എൻറെ അഹംഭാവത്തിൻറെ പത്തി താഴ്ത്തിക്കെട്ടിയ വാക്കുകൾ ആയിരുന്നു പിന്നീട് കൂട്ടുകാരനിൽ നിന്നും ഞാൻ കേട്ടത്.

ബാബു  ഒരു പേന കയ്യിലെടുത്തു.  എന്നിട്ട് കണ്ണുകൾ  ഇറുക്കിയടച്ചു. പേന കറക്കി ആ ലിസ്റ്റിലേക്ക് ഒരു കുത്തുകുത്തി! ബാബു കണ്ണുതുറന്നു. ആ പേനയുടെ മുനചെന്നുനിന്നത് എൻറെ പേരിനുപുറത്ത്. ഞാൻ സെലക്ടായി. കൊച്ചിയിലേക്ക് യാതയുമായി!

തന്റെ  യാത്രയുടെ കഥ ഓരോ പ്രവാസിക്കും പൊടിപ്പും തൊങ്ങലും വച്ച് പറയാൻ ഉണ്ടാകും. നല്ലതും തീയതും എല്ലാം ആ കഥയിലുണ്ടാകാം. എങ്കിലും ഏതെങ്കിലും താങ്ങ്, ആശീർവാദം  അല്ലെങ്കിൽ തണൽപറ്റാതെ ആർക്കും ഇവിടെ ഒന്നുമായിത്തീരാൻ പറ്റില്ല. നമ്മുടെ കഴിവുകൾ, വിദ്യാഭ്യാസം ഒക്കെ ഓർത്ത് നമുക്ക് അഭിമാനിക്കാം, ആത്മവിശ്വാസം വയ്ക്കാം. എന്നാൽ അഹങ്കാരവും ഗർവ്വും ഒരിക്കലും അതിന് മേമ്പൊടിയാക്കരുത്.  ആത്മവിശ്വാസം നല്ലതുതന്നെ, ആത്മവിശ്വാസമാണ്  അന്ന് ബറാൻഡ് ജാൻ കൂപ്പറെന്ന ഹോളണ്ടുകാരൻറെ മുന്നിൽ ഞാൻ തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒരു കാരണവും.  എന്നാൽ നമ്മുടെ വിജയത്തിൽ നമ്മൾപോലും അറിയാത്ത വേറെയാർക്കെങ്കിലും ഒക്കെ പങ്കുണ്ടെന്ന് നാം അറിയുന്നില്ല. ആരുടെയൊക്കെയോ ദൃശ്യവും അദൃശ്യവും ആയ കരങ്ങൾ നമ്മെ ഉയർത്തുന്നതിൽ പങ്കുവഹിക്കുന്നു.

പിതാവിൻറെ ലക്ഷക്കണക്കിന് ബീജങ്ങളിൽ ബാക്കിയെല്ലാത്തിനേയും കടത്തിവെട്ടി ഒന്നാമതായി അമ്മയുടെ അണ്ഡത്തിലേക്ക് ഒട്ടിച്ചേർന്ന്, ഫലോപ്പിയൻ ട്യൂബിലൂടെ തെന്നിനീങ്ങി,  ഗർഭപാത്രത്തിൽ പറ്റിപ്പിടിച്ച്,  ഒമ്പതുമാസം പ്യൂപ്പപൊലെ സുഷ്പ്തിയിലാണ്ട്,  ഒരുനാൾ കരഞ്ഞുകൊണ്ട് ആകാശവും, ഭൂമിയും അതിലെ സകല ചരാചരങ്ങളെയും കാണാനും നമുക്കനുവദിച്ചുകിട്ടിയ ഭാഗ്യം. അവസാനം കാതങ്ങൾ നടന്നു നീങ്ങി, ഒരിക്കൽ വാടിയ തണ്ടുപോലെ വീണ് പ്രകൃതിയിലേക്ക് തന്നെ എരിഞ്ഞടങ്ങുന്ന പ്രതിഭാസം.

നമ്മുടെ ജീവിതം തന്നെ കറക്കിക്കുത്തികിട്ടിയ ഒന്നാണ്. ഇന്ന് ഓർമ്മകൾ മനസ്സിൽ കിലുങ്ങുമ്പോൾ, പ്രവാസത്തിന്റെ തീരത്തിരുന്ന് ഞാനിത് കുറിച്ചുപോകുന്നു. എൻറെ പ്രവാസം വെറും ഒരു പേനത്തുമ്പിൽ നിന്ന് പിറന്നതാണ്. മറ്റാർക്കോ കിട്ടേണ്ടത് എനിക്ക് വന്നുചേരുകയായിരുന്നു.


3 ) ജീവിതം ഒരു ദാനം 

അന്നൊരു ഞായറാഴ്ചയായിരുന്നു.  ദുബായ് നഗരത്തിനെ സായന്തനത്തിന്റെ മൂടുപടം പൊതിയുമ്പോൾ  ഞാൻ മുനിസിപ്പാലിറ്റി ബസ്സിനകത്ത് ചാഞ്ഞിരുന്ന് മങ്ങിയ ചിന്തകളും, മറയുന്ന ഓർമ്മകളും താലോലിക്കുകയാണ്.  സംശയം വേണ്ട, നാടും, തോടും, പുഴയും, കിളികളുടെ പാട്ടും ഒക്കെതന്നെ.

ദുബായ് എയർപോർട്ട് ടെർമിനൽ ഒന്ന് കഴിഞ്ഞ്  യാത്രചെയ്യുന്ന നാലാം നമ്പർ ബസ്സ്  വലത്തോട്ട് തിരിഞ്ഞ് റാഷിദിയ ലക്ഷ്യമാക്കി നീങ്ങുന്നു.  ഞാൻ പുറത്തേക്ക് നോക്കി.  എവിടെയും തകൃതിയിൽ നടക്കുന്ന കൺസ്ട്രക്ഷൻ താളമേളങ്ങൾ. ദുബായ് എയർപോർട്ട് ടെർമിനൽ മൂന്നിന്റെ പണി, ബുർജ് ഖലീഫ, ഫെസ്റ്റിവൽ സിറ്റി, റാഷിദിയയിലേക്ക് നീളുന്ന മേൽപാലങ്ങളുടെയും, സങ്കീർണമായ റോഡുകളുടെയും  എന്നുവേണ്ട ദുബായ് നഗരത്തിൻറെ മുഖച്ഛായ മാറ്റാൻപോകുന്ന വികസന പ്രവർത്തനങ്ങൾ എങ്ങും, എവിടെയും.

'Work in  Progress' എന്ന മഞ്ഞ നിറത്തിലുള്ള  ബോർഡുകൾ എവിടെയും കാണാം. താത്കാലികമായി തിരിച്ചുവിട്ടിരിക്കുന്ന റോഡുകളിൽ ട്രാഫിക്കിന്റെ ഭാണ്ഡം തുറന്നിട്ടമാതിരി ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന വാഹനങ്ങൾ.

ചില്ലുജനാലക്കപ്പുറത്തുള്ള ഇരുളിനെ നോക്കി ഞാനിരുന്നു. ഒന്നും ചെയ്യാനില്ലാത്തപ്പോൾ അല്ലെങ്കിലും അങ്ങിനാണ്. വിളിക്കാത്ത അതിഥിയെപ്പോലെ നാടും, വീടും, തോടും, വയലും ഒക്കെ മനസ്സിലേക്കിങ്ങനെ ചാടിക്കേറി വരും.

ഫെസ്റ്റിവൽസിറ്റി ഭാഗത്ത് വണ്ടിയൊന്ന് നിന്നു. ഓട്ടോമാറ്റിക് വാതിൽ തുറന്നപ്പോൾ യാത്രക്കാരോടൊപ്പം രാവുംപകലും ഇടതടവില്ലാതെ പ്രവർത്തിക്കുന്ന ക്രയിനിന്റെയും, ബുൾഡോസറുകളുടെയും, ട്രക്കുകളുടെയും അരോചകശബ്ദം  അകത്തേക്ക് വെപ്രാളത്തിൽ ചാടിക്കയറുകയും വാതിൽ അടഞ്ഞപ്പോൾ അകത്തുകിടന്ന് ശ്വാസംമുട്ടിച്ചാവുകയും ചെയ്തു.

വണ്ടി കൊക്കോകോളയും  കഴിഞ്ഞ് എയർപോർട്ട് ടണലിലേക്കുള്ള റോഡിൽ ഒരുവിധം എത്തിച്ചേർന്നു.  ഇനി രണ്ട് സ്റ്റോപ്പ് കഴിഞ്ഞാൽ എനിക്കിറങ്ങേണ്ട സ്ഥലമായി. പിന്നീട്  നൂറുമീറ്റർ നടന്നാൽ,  അവിടെ എന്നെ കാത്തിരിക്കുന്നത് ദുബായിലേക്ക് എൻറെ ഭാര്യക്കൊപ്പം വിസയോ, ടിക്കറ്റോ ഒന്നുമില്ലാതെ കയറിവന്ന ഉപ്പേരിയും, ശർക്കരപിരട്ടിയും, ഹൽവായും ഒക്കെയാണ്.  നാട്ടിൽനിന്നും മലയാളിയുടെ  ഇങ്ങോട്ടുള്ള  യാത്രയിൽ  പാസ്പോർട്ടുപോലെ ഒഴിവാക്കാനാകാതെ  ഒട്ടിച്ചേർന്നുപോയ സംഗതികൾ.  അത് വളയിട്ടകൈകളിലൂടെ മുന്നിലേക്ക് നീട്ടുമ്പോൾ ഉണ്ടാകുന്ന ഇരട്ടിമധുരം  ബസ്സിനുള്ളിൽ തന്നെയിരുന്ന് ഞാൻ നുണഞ്ഞിറക്കി.

ഷോപ് ആൻഡ് സേവ് സൂപ്പർമാർക്കറ്റ് കഴിഞ്ഞ്  സ്റ്റാർവേസൂപ്പർമാർക്കറ്റിനു എതിരായി വണ്ടി വലതുവശത്തേക്ക് തിരിഞ്ഞ്  സ്റ്റോപ്പിൽ ഞരങ്ങി കരഞ്ഞു നിന്നു. ഒരു ഫിലിപ്പിനോ പെൺകുട്ടി പുറത്തിറങ്ങി, ഡോർ താനെയടഞ്ഞു.  ഞാൻ ബാഗിൽ മുറുക്കിപിടിച്ചു. ഇനി എൻറെ സ്റ്റോപ്പാണ് - റാഷിദിയ പോലീസ്‌സ്റ്റേഷൻ.

ഞാൻ  സീറ്റിൽ നിന്നും മെല്ലെ  എണീറ്റ് ചുവന്ന സ്റ്റോപ്പ് ബട്ടൺ അമർത്തിയിട്ട് വാതിലിനടുത്തുള്ള കമ്പിയിൽ പിടിച്ചു. ബസ്സ്സ്റ്റോപ്പിൽ വണ്ടി നിന്നു. മുമ്പിലെ വാതിലിൽ കൂടി ഒരാൾ അകത്തേക്ക് കയറി. എനിക്കിറങ്ങേണ്ട പുറകിലെ ഡോർ തുറക്കുന്നില്ല.  ഞാൻ ഡ്രൈവറോട് ഒച്ചത്തിൽ കാര്യം പറഞ്ഞു.  അയാൾ അത് കേട്ടോ ഇല്ലയോ എന്നറിയില്ല,  എന്നാൽ വാതിൽ തുറന്നു വന്നു.   ഞാൻ ബാഗ് തോളിലേക്കിട്ട് പെട്ടെന്ന് പുറത്തേക്ക് വലതുകാലിട്ടു.  പക്ഷേ എൻറെ ഇടതുകാൽ വണ്ടിക്കുള്ളിൽ നിന്നും പുറത്ത് കടക്കും മുമ്പ് ഡോർ അതിവേഗത്തിൽ അടയാൻ തുടങ്ങി.

പിന്നെ എന്താണ് സംഭവിച്ചത് എന്ന് ഓർത്തെടുക്കാൻ എനിക്ക്  ഏറെനേരം  വേണ്ടിവന്നു. ഒരു സ്ലോമോഷൻ സിനിമപോലെ ഞാനത് കണ്ടു.

എൻറെ വലതുകാലും ശരീരവും പുറത്തേക്ക്.  ഇടതുകാൽ ബസ്സിനകത്ത്. ഡോർ അടയുന്നു... ഒപ്പം ബസ്സ്  മുന്നോട്ട് നീങ്ങുകയും !?

ആ ഡോർ അടഞ്ഞാൽ എൻറെ കാൽ അതിനകത്താകും. എന്നെയും വലിച്ചുകൊണ്ട് വണ്ടി മുന്നോട്ടു നീങ്ങും... ഒരുപക്ഷെ വണ്ടിക്കടിയിലേക്ക് ഞാൻ തെന്നിവീണു പോകാനും മതി !!

എൻറെ വലതുകാൽ താഴെ റോഡിൽ മുട്ടി. ഡോർ അടയുകയാണ്. നിമിഷങ്ങൾ... നിമിഷങ്ങൾ... എനിക്ക് തല കറങ്ങുന്നതുപോലേ തോന്നി. ഞാൻ റോഡിലേക്ക് വീഴുന്നു.  ബസ്സിനുള്ളിൽ ഇരുന്ന ആൾകാർ അലമുറയിടുന്നത് എനിക്ക് കാണാം. ചിലർ കൈകാട്ടി എന്തൊക്കെയോ പറയുന്നു... ഡ്രൈവറോടുള്ള അവരുടെ ആക്രോശം എനിക്ക് കേൾക്കാനേ കഴിയുന്നില്ല.

നിമിഷങ്ങൾ.....!!! ബസ്സിന്റെ ഡോർ ഏകദേശം അടഞ്ഞുകഴിഞ്ഞു. ബാലൻസുതെറ്റിയ ഞാൻ  ഇപ്പോൾ റോഡിൽ മറിഞ്ഞു വീഴും...

പൊടുന്നനെ എന്നെ  ആരോ ശക്തമായി വലിച്ചു പുറത്തേക്കിടുന്നതുപോലെ എനിക്ക് തോന്നി. ബസ്സിന്റെ ഡോറിനകത്തേക്ക് കിടക്കുന്ന ഇടതുകാൽ   അതിശക്തിയായി വലിച്ച് പുറത്തേക്കിട്ടു!!  ഞാൻ മുട്ടിടിച്ച്, കൈ നിലത്തുകുത്തി  പുറത്തേക്ക് തെറിച്ചു വീണു. തോളിൽകിടന്ന ബാഗ് കാൽനടപ്പാതയുടെ അപ്പുറത്തേക്കും ഷൂസ് ഇപ്പുറത്തേക്കും പറന്നു.

ഞാൻ കണ്ണ് തുറന്ന് നോക്കുമ്പോൾ എന്നെവിട്ട് അകന്നു പോകുന്ന ബസ്സ് ആണ് കാണ്ടത്. ഞാൻ യാത്ര ചെയ്ത ബസ്സ്!! ഏതോ വലിയ അപകടമാണ് അല്ലെങ്കിൽ മരണമാണ് ആ അകന്നുപോകുന്നത്..!

ആ കിടന്ന കിടപ്പിൽ ഞാൻ അത്ഭുതപരതന്ത്രനായി സ്വയം ചോദിച്ചു.
"അഗാധഗർത്തത്തിൽ നിന്നെന്നപോലെ എൻറെ കാൽ വലിച്ച് പുറത്തേക്കിട്ടതാരാണ്?? !!  എങ്ങിനെയാണ് എൻറെ കാൽ അടഞ്ഞുവന്ന ഡോറിനകത്തുനിന്ന് പുറത്തേക്ക് എത്തിയത്? എന്താണ് ചെയ്യേണ്ടതെന്നറിയാതെ അബോധാവസ്ഥയിലേക്ക് കൂപ്പുകുത്തിയ എൻറെ തലച്ചോറിന് മിന്നൽവേഗത്തിൽ ആ ആജ്ഞ നല്കിയതാരാണ്? "

റാഷിദിയായിൽ ഇരുൾ പടർന്നു കയറി. തെരുവ് വിളക്കിന്റെ മഞ്ഞ വെളിച്ചത്തിൽ ഞാൻ എണീറ്റു.  കാൽമുട്ടും, കയ്യും നീറുന്നു. കൈത്തണ്ടയിൽ  കറുത്ത പൊട്ടുകൾ പോലെ ചോരപൊടിഞ്ഞു വരുന്നത് ഞാൻ കണ്ടു.

ബാഗെടുത്ത് തോളിലിട്ട്, ഷൂസ് കാലിലിട്ട് ഞാൻ ഒന്ന് നിവർന്നു നിന്നു.   നീണ്ടു കിടക്കുന്ന റോഡും റൗണ്ടെബൗട്ടും, റാഷിദിയ സൂക്കും. അങ്ങ് ദൂരെ ഒന്നുരണ്ട് ആൾരൂപങ്ങൾ കറുത്തപൊട്ടുപോലെ  നടന്നു നീങ്ങുന്നു. റാഷ്ദിയായുടെ  ശാന്തത എന്നത്തേയുംപോലെ തന്നെയായിരുന്നു അപ്പോളും.

എൻറെ കാലുകൾ വിറച്ചുകൊണ്ടിരുന്നു. നെഞ്ചിടിപ്പ് ഉയർന്നുകൊണ്ടുമിരുന്നു. അപ്പോൾ എനിക്ക് മനസ്സിലായി.  നടന്നതൊന്നും മിഥ്യയോ, സ്വപ്നമോ അല്ല. അവശ്വസനീയമായ ഒരു രക്ഷപെടൽ! ഒരു നിമിഷം കൊണ്ട് സംഭവിച്ച ഒരത്ഭുതം.

വീട്ടിൽ, എൻറെ പ്രിയപ്പെട്ടവൾ നാട്ടിൽനിന്നും കൊണ്ടുവന്ന മധുരവും വിളമ്പി, എന്നെയും കാത്തിരിക്കുന്നു.

വീട്ടിലേക്ക്  നടന്നപ്പോഴും, ഇന്ന് വർഷങ്ങൾ പിന്നിടുമ്പോളും  ഉത്തരം തരാതെ ഒരു ചിലമ്പൊലി പോലെ ഇടയ്ക്കിടെ ആ ചോദ്യം മുഴങ്ങും.
'എങ്ങിനെയാണ് ഞാൻ അടഞ്ഞ ആ വാതിലിനുള്ളിൽ നിന്ന് രക്ഷപെട്ടത്? ആരാണ് എന്നെ രക്ഷിച്ചത്?'  എന്നാൽ ചോദ്യം മാത്രം ബാക്കി. അന്നും... ഇന്നും.

നമ്മൾ പലപ്പോഴും സഞ്ചരിക്കുന്നത് ഉത്തരമില്ലാത്ത ചോദ്യങ്ങളിലൂടെയാണ്.  നാലുചുമരുകൾക്കുള്ളിലെ വിശ്വാസവും, പ്രതീക്ഷയും, ആഗ്രഹങ്ങളും നിറഞ്ഞ ഹോർമോൺ പ്രവാഹം തന്നെയാണ് ജീവിതം.

ജീവിതം ആരോ തന്ന ദാനമാണ്.  ജീവൻറെ മൊട്ടിനെ പൊന്നുപോലെ  കാത്ത അമ്മയുടെ ഉദരത്തിന്റെയോ, അച്ഛന്റെ കനിവിന്റെയോ, കാലാകാലങ്ങളിൽ പിന്നിട്ട പടവുകളിൽ ഒക്കെ ഒളിച്ചിരുന്ന അപകടങ്ങളെ തൂത്തെറിഞ്ഞ് നമ്മെ പരിപാലിച്ച പ്രകൃതിയുടെയോ, ദൈവത്തിന്റെയോ ഇതൊന്നുമല്ലാതെ ഏതെങ്കിലും അദൃശ്യ ശക്തിയുടെയോ ദാനം.

---------------------------------------------------------


2 ) പ്രസവിക്കുന്ന കാമുകി 

അശാന്തിയുടെ തിരകൾ മനസ്സിൻറെ തീരം തല്ലിത്തകർക്കുമ്പോൾ മനസ്സമാധാനത്തിനു വേണ്ടിമാത്രം എന്തെങ്കിലും കുത്തിക്കുറിക്കുന്ന ഒരാൾ ഒരിടത്തുണ്ടായിരുന്നു.  ഇടയ്ക്കിടെ അയാൾക്ക് തലയ്ക്ക് ഓളമിളകും. പിന്നെ പേനയും പിടിച്ചിങ്ങനെ ഒരിരുപ്പാണ്. മുണ്ട് മുട്ടിനുമേൽ ചുരച്ചുകയറ്റി കാലിന്മേൽ കാൽ വച്ച് വിരലും കടിച്ചുള്ള ആ ഇരിപ്പുണ്ടല്ലോ (അയാളുടെ ഭാര്യയുടെ ഭാഷയിൽ 'പൊട്ടൻ കടിച്ചപോലെ')  അതാണിരിപ്പ്!

മനസ്സും ചിന്തയും തമ്മിൽ പരിഗ്രഹിച്ച്, തലയിൽ ഗർഭംധരിച്ച്, പേറ്റുനോവോടെ കഥകൾ പ്രസവിക്കും.  അതിൽ കുറെയൊക്കെ ചാപിള്ളകളായും, ചിലത് മുപ്പതും, ചിലത് അറുപതും മേനിയുള്ളതായും വിളയും.

ഒരിക്കൽ അയാൾ ഒരു പേന വാങ്ങി. ഫിഷ് റൗണ്ട് എബൗട്ടിനടുത്തുള്ള ഫാറൂഖ് സ്റ്റേഷനറിയിൽ നിന്നും. ഒരു നല്ല പേന.  നല്ല പേന എന്നു പറഞ്ഞാൽ സാക്ഷാൽ ക്രോസ്സ്. നൂറ്റി അൻപതോളം ദിർഹം വില. ഒത്തിരി ആഗ്രഹിച്ച് വാങ്ങിയതിനാലാകും അയാൾക്ക് ആ പേനയോടെ എന്തെന്നില്ലാത്ത ഒരു ഇഷ്ടം ഉണ്ടായിരുന്നു. അല്ലെങ്കിൽ പ്രേമം ആയിരുന്നു. ഒരു കാമുകിയെപ്പോലെ!  സുന്ദരങ്ങളായ രചനകൾ തൻറെ കാമുകി പ്രസവിക്കുന്നത് അയാൾ ദിവാസ്വപ്നം പോലും കണ്ടു. കാമുകി അയാളെ നിരാശപ്പെടുത്തിയുമില്ല. ചാപിള്ളകളോ, മുടിയനായപുത്രനോ , ജാരസന്തതികളോ അല്ലാത്ത കുറെ കഥകൾ അവൾ പ്രസവിച്ചു. അതോടുകൂടി അയാൾക്ക് അവളോട് പ്രേമവും ഏറി വന്നു. ഓഫീസിലും, വീട്ടിലും എന്തിന്,  ഭാര്യയോടൊപ്പം ഷോപ്പിങ്ങിന് പോകുമ്പോളും ക്രോസ്സ് എന്ന അഞ്ചക്ഷരം അയാളുടെ പോക്കറ്റിനുവെളിയിലൂടെ എത്തിനോക്കി ഞെളിഞ്ഞു നിന്നു.

അന്നൊരിക്കൽ അയാൾ ലുലു ഹൈപ്പർമാർക്കറ്റിൽ വീട്ടുസാധങ്ങൾ വാങ്ങാൻ പോയി തിരികെ വരവെ യാന്ത്രികമായി വലതുകൈ പോക്കറ്റിൽ ഒന്ന് തലോടി. കാമുകിയെ കാണാനില്ല!! തലയ്ക്കുമീതെ ഒരു വെള്ളിടി പാഞ്ഞുപോയി.

"എൻറെ പേനാ പോയെടീ.." സഹധർമ്മിണിയോട്ട് അയാൾ ദയനീയതയോടെ പറഞ്ഞു.

"പോയേ പോട്ട് ... ഒന്നോ രണ്ടോ ദിർഹം കൊടുത്ത് വേറൊരെണ്ണം വാങ്ങിക്ക്" കഴിഞ്ഞു. ഇത്രേയുള്ളൂ നാരികൾ! കൂപമണ്ഡൂകങ്ങൾ. അരി, വെളിച്ചെണ്ണ, ചുരിദാർ, സ്വർണ്ണം ഇത്യാദികൾ അല്ലാതെ ബാക്കിയെല്ലാം ചീളുകേസ് എന്ന ഈ ഭാവമുണ്ടല്ലോ.... ' പണ്ടാരമടങ്ങാൻ, നിൻറെ മാലേം വളേം എല്ലാം എവിടേലും കളഞ്ഞുപോകെട്ടെടീ' അയാളിലെ ദുർവാസാവ് സടകുടഞ്ഞെണീറ്റെങ്കിലും നല്ല ഭർത്താവായതിനാൽ ശബ്ദം പുറത്ത് വന്നില്ല.

അയാളുടെ എഴുത്ത് നിന്നു. സരസ്വതീ ദേവി ഖിന്നയായി. കളഞ്ഞുപോയ സാധനത്തിന് വാറണ്ടി കിട്ടുകയില്ലാത്തതിനാലും, തൻറെ ഉപാസകനായ പാവം എഴുത്തുകാരൻ കവചകുണ്ഡലങ്ങൾ അടിച്ചുമാറ്റപെട്ടവനായ കർണ്ണനെപ്പോലെയോ, കേശം മുറിക്കപ്പെട്ട സാംസനെപ്പോലെയോ ആയിത്തീർന്നതിനാലും, ഒപ്പം സത്യാഗ്രഹം പോലെ മുണ്ടുച്ചുരച്ചുകയറ്റാതെ,  താടിക്ക് കയ്യുംകൊടുത്ത് ഇരിപ്പുതുടങ്ങിയതിനാലും വാഗ്ദേവത പുതിയ ഒരു ക്രോസ്സ് പേന വാങ്ങാൻ ഉള്ള ആഗ്രഹം അയാളിൽ മുളപ്പിച്ചു.

അയാൾ നേരെ ഫാറൂഖ് സ്റ്റേഷനറിയിലേക്ക് നടന്നു.

"സർജി വോ മോഡൽ ഖലാസ് ഹോഗയാ... ദൂസറാ മോഡൽ ദേഖോനാ .." സെയിൽസ്മാൻ

'ദൂസരാ മോഡൽ... നിൻറെ ....' നല്ല കസ്റ്റമർ ആയതിനാൽ അപ്പോളും അയാൾ മനസ്സിൽ വന്നത് അടിച്ചമർത്തി.

ഗൂഗിളോ രക്ഷതൂ. അയാൾ നന്നായി അദ്ധ്വാന്ദിച്ച് സേർച്ച് ചെയ്തു. കിട്ടി !  വില 150 ദിർഹം + കുരിയർ ചാർജ്ജ്. ഓൺലൈനിൽ add to cart പിന്നെ payment ക്ലിക്കിയപ്പോൾ അയാളുടെ നിഞ്ചിടിപ്പിനും ഒപ്റ്റിക്കൽ മൗസിലെ വിറയലിനും ഒരേ റേഞ്ച് ആയിരുന്നു. കാരണം കുടുംബ ബഡ്ജറ്റ് എന്നെ ഡെമോക്ലസ്സിന്റെ വാൾ ഏതു പ്രവാസിയേയും പോലെ അയാളുടെ തലയ്ക്കുമീതെയും തൂങ്ങിക്കിടപ്പുണ്ടായിരുന്നല്ലോ.

രണ്ടാം ദിവസം കൊറിയർകാരൻ സാധനം കൊണ്ടുവന്നു. ഓഫീസിലെ മേശപ്പുറത്ത് അയാൾ കവർപൊട്ടിച്ച് പേന കയ്യിലെടുത്തു. ലേബർ റൂമിൽനിന്നും നേഴ്സ്‌മാർ എടുത്തുകൊണ്ടുവരുന്ന ആദ്യത്തെ കണ്മണിയെപ്പോലെ അയാൾ അത് കയ്യിലെടുത്തു. അതേ പേന ! അതേ കാമുകി! സത്യമായും ഇരട്ടപെട്ടപോലെ.

സരസ്വതി ദേവി സംപ്രീതയായി. അയാളുടെ പുതിയ കാമുകി തുരുതുരെ പ്രസവിച്ചുതുടങ്ങി. മാസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞുവീണു. കാലാവസ്ഥ മാറി, ദുബായിൽ ചൂടുതുടങ്ങി. ഉയർന്ന ചൂടിൽ നഗരവും ജനങ്ങളും ഉരുകിയൊലിച്ച ദിവസം അയാൾ പേനയെടുത്തു. പൊരിവെയിലത്ത് കഷ്ടപ്പെടുന്ന ജോലിക്കാരെപ്പറ്റി ഒരു കഥയെഴുതണം. ഏസിയിൽ ഇരിക്കുന്നവന്റെ  മുതലക്കണ്ണീർ. പക്ഷേ തുടക്കത്തിൽ തന്നെ  ഗർഭം അലസി.

പേനയുടെ പുറത്ത് ചിക്കൻപോക്സ് പോലെ ഒന്നുരണ്ട് കുമിളകൾ! അയാൾ പേന തിരിച്ചും മറിച്ചും നോക്കി. കാണുന്നത് സത്യമോ മിഥ്യയോ?

പക്ഷേ ദിവസങ്ങൾകഴിഞ്ഞു സംഗതി ഗൗരവമുള്ളതായി. കുമിളകൾ കൂടി. ചിക്കൻപോക്സ് അതും ക്രോസ്സ് പേനയ്ക്ക്?! 'എൻറെ പ്രിയപെട്ടവളേ .. നിനക്ക് എന്തുപറ്റി? അയാൾ നെഞ്ചുതിരുമ്മി.

ആയുഷ്കാല വാറണ്ടി ഉള്ളതല്ലേ? അയാൾ ഓൺലൈൻ കമ്പനിക്കാരെ വിളിച്ചു. "Sorry sir, your item have only five days replacement warranty" ഏതോ കബായനാണ്. ഇനിയെന്ത് ചെയ്യും?

കിടക്കയിൽ അയാൾ തിരിഞ്ഞും, മറിഞ്ഞും കിടന്നു. തൻറെ പ്രിയപ്പെട്ട തൂലികയ്ക്ക് വന്നുഭവിച്ച ദുർഗതി അയാളെ വിഷാദത്തിൻറെ കയത്തിലേക്ക് തള്ളിയിട്ടു. തന്നെക്കാൾ വില കേവലം ഒരു പേനയ്ക്കുകൊടുക്കുന്ന അയാളെ നോക്കാതെ ഭാര്യ ചന്തിതിരിഞ്ഞു കിടന്ന് പ്രേതിഷേധം അറിയിച്ചു. അയാളാകട്ടെ തനിക്ക് പേന വിറ്റ ഓൺലൈൻകാർ 'ഒരിക്കലും ഗതിപിടിക്കാതെ പോകട്ടെ' എന്ന് വീണ്ടും വീണ്ടും ശപിച്ചുകൊണ്ടിരുന്നു.

വീണ്ടും ഗൂഗിൾ. ക്രോസ്സ് അമേരിക്കയിലേക്ക് ഒരു മെയിൽ അയച്ചാലോ? അവസാനം അയാൾ ക്രോസ്സ് മിഡിൽ ഈസ്റ്റിലേക്ക് ഒരു മെയിൽ അയച്ചു, കോപ്പി അമേരിക്കയിലേക്കും. അടുത്ത ദിവസം മറുപടി വന്നു. ദുബായിലുള്ള ക്രോസിന്റെ ഡീലറുടെ വിവരങ്ങൾ, വിളിക്കേണ്ട ആളുടെ നമ്പർ ഒക്കെ. അമാന്തിച്ചില്ല ജേഷ്‌നമാളിലേക്ക് അയാൾ വിളിച്ചു. അവർ വളരെ മാന്യമായി പറഞ്ഞു "നിങ്ങൾ ഏതു ഷോപ്പിൽനിന്നാണോ വാങ്ങിയത് അവിടെ കൊണ്ടുകൊടുക്കുക" ഇതാണോ വാറണ്ടി? അയാൾ വീണ്ടും താടിക്ക് കൈകൊടുത്തു.

കിംഗ് ട്രേഡേഴ്സ് അഥവാ പെൻസ് കോർണർ, മീനാ ബസാർ, ബർദുബായ്. ബോംബയിലെ ഗല്ലികൾക്കിടയിൽ നടന്ന് നല്ല ശീലം അയാൾക്ക്  ഉണ്ടായിരുന്നകാരണം അധികം പാടുപെടാതെ കട കണ്ടു പിടിച്ചു. ഇവരാണ് അയാൾക്ക് പേന വിറ്റത്. അക്കൗണ്ടന്റ് സുബിൻ പതിഞ്ഞസ്വരത്തിൽ ചിരിയോടെ അയാളെ എതിരേറ്റു. അയാൾ അതികം വളച്ചുകെട്ടില്ലാതെ സുബിനോട് കാര്യം പറഞ്ഞു.

"ഞങ്ങൾ  ക്രോസ്സ് കമ്പനിയിലേക്ക് ഇത് അയക്കാം. മാനുഫാക്ച്ചറിങ് ഫോൾട്ട് ആണേൽ അവർ മാറ്റിതരും.."  സുബിൻ ബിൽബുക്കിൽ അയാൾക്ക് പേനയുടെ വിവരങ്ങൾ എഴുതിക്കൊടുത്തു.

"എന്നത്തേക്ക് വിവരം അറിയാൻ പറ്റും ?"
"ഒന്നും പറയാൻ പറ്റില്ല ചേട്ടാ... ഞാൻ വിളിക്കാം"

അയാൾ തലകുനിച്ച് മീനബസാർ വിട്ടു. നേരെ വീട്ടിൽ ചെന്ന് എന്തൊക്കെയോ എഴുതാൻ തോന്നി. എന്നാൽ ജാരസന്തതികളുടെ പിതാവാകാൻ അയാൾക്ക് ആഗ്രഹമില്ലാഞ്ഞതുകൊണ്ട് ആ ആശ മുളയിലേ നുള്ളിയെടുത്ത് മുറ്റത്തേക്ക് വലിച്ചെറിഞ്ഞു."പോ... പോയിത്തുലയ് "

മാസം ഒന്ന്, രണ്ട് .... പെൻസ്‌കോർണറിൽ പലവട്ടം വിളിച്ചു. വേഴാമ്പലിനെപോലെ കാത്തിരിപ്പ്. സരസ്വതി ദേവിക്ക് അതുകണ്ട് വിഷമം തോന്നി. ക്രോസ്സ് കാമുകിയില്ലാതെ അയാളുടെ മനസ്സും ചിന്തയും വേഴ്ചയിൽ ഏർപ്പെടുകയോ തലയിൽ ഗർഭം ഉണ്ടാവുകയോ അംനോട്ടിക്‌ സാക്കും പ്ലാസെന്റായും കുഞ്ഞും ഒന്നും പുറത്തേക്ക് വരികയോ ചെയ്തില്ല.

പിറ്റേദിവസം അയാൾ ഓഫീസിൽ നിന്നും താമസസ്ഥലത്തേക്ക് യാത്രചെയ്യുമ്പോൾ മൊബൈൽ ശബ്‌ദിച്ചു.

"ചേട്ടാ... നാളെ ഇങ്ങോട്ട് വാ. നിങ്ങൾക്ക് പുതിയ പെൻ തരാൻ ഓർഡർ ആയിട്ടുണ്ട്" ശബ്ദം തിരിച്ചറിഞ്ഞു. സുബിൻ.  കണ്ണിമ ഒന്നുവെട്ടിച്ച് താൻ കേൾക്കുന്നത് സത്യം തന്നെയെന്ന് അയാൾ ഉറപ്പുവരുത്തി.

പുതിയ പേനയുടെ പായ്ക്ക് സുബിൻ അയാളുടെ കയ്യിൽ കൊടുത്തപ്പോൾ അയാളിൽ നുരഞ്ഞുപൊന്തിവന്ന വികാരം ഇതുവരെ എങ്ങും രേഖപ്പെടുത്താത്ത ഒന്നായിരുന്നുവത്രെ. പുതുപുത്തൻ പേന. 'ഇത് താൻടാ ക്രോസ്സ്' കവറിനുള്ളിൽ നിന്നും പുറത്തേക്ക് ഒഴുകിയ ഏതോ ഗന്ധം വിളിച്ചുപറയുംപോലെ അയാൾക്ക് തോന്നി.

"സുബിൻറെ വീടെവിടാ? നാട്ടിൽ?"
"കൊല്ലത്ത്"
"ഞാൻ പത്തനംതിട്ട.."
"ഉവ്വോ"
"ഉം "

സന്തോഷം തിരയടിക്കുമ്പോൾ ഉണ്ടാകുന്ന  കാരണമില്ലാത്ത ചില ചോദ്യങ്ങൾ. ചില ഉത്തരങ്ങൾ.

അയാൾ പുറത്തിറങ്ങി. നേരെപോയത് വീട്ടിലേക്കാണ്. വീട്ടിൽ ചെന്ന് അയാൾ ഇരുന്നു. മുണ്ട് തുടയ്ക്കുമേൽ ചുരച്ചുകയറ്റി, കാലിൻറെ പുറത്ത് കാലെടുത്ത് വച്ച്... ചുണ്ടത്ത് വിരൽകൊണ്ട് താളം പിടിച്ച് പുതിയ കാമുകിയെ വിരലുകൾക്കിടയിൽ പിടിച്ച് ഇരയിമ്മൻതമ്പിയുടെ വരികൾ മൂളി ഭാര്യാകാണാതെ ഇങ്ങനെയെഴുതി.

"I Love You"
ആരാണ് അയാൾ? ആ പേനയുടെ കാമുകൻ? കഥ തീരുമ്പോൾ സസ്പെൻസ് ബാക്കി നിർത്തി വായനക്കാരുടെ ശാപം ഏറ്റുവാങ്ങാൻ തയ്യാറല്ലാത്തതിനാൽ പറയാം.

അത് ഞാനാണ്. ഞാനാണ്. ഈ ഞാൻ തന്നെയാണ്. ഈ വരികളാകട്ടെ  എൻറെ പുതിയ (മൂന്നാമത്തെ) കാമുകി പെറ്റിട്ടതും.

--------------------------------------------------------------------------------------------------------

1 ) ഉമ്മയും പൂമ്പാറ്റക്കുട്ടികളും

സോഷ്യൽമീഡിയായിൽ കഴിഞ്ഞദിവസം ഒരു ചിത്രം കണ്ടു. അതിനുതാഴെ  കണ്ട വാക്കുകളിൽ കൂടി കണ്ണുകൾ ഇഴഞ്ഞപ്പോൾ  ഒരുനിമിഷം  ഒരുതരം ഇലക്ട്രിക്‌ഷോക്ക് ഉള്ളിലൂടെ പാഞ്ഞുപോയി. മുന്നിലുള്ളതെല്ലാം മാഞ്ഞ് മാഞ്ഞ് ഓർമ്മകൾ പിന്നിലേക്ക്.

ന്യൂ ഇന്ത്യൻ മോഡൽ  സ്‌കൂൾ, ദുബായ്.

നരച്ച താടിയിൽ ചെമ്പൻനിറം പൂശി വാർദ്ധക്യത്തിന്റെ ക്ഷീണം വകവയ്ക്കാതെ വരുന്നവരെയും പോകുന്നവരെയും വിവരാന്വേഷണക്കാരെയും ഒരേപോലെ നിയന്ത്രിക്കുന്ന പ്രധാനകവാടത്തിലെ  സെക്യൂരിറ്റി.  വാർദ്ധക്യം കോറിവരച്ചിട്ട ചുളിവുകൾ ആ മുഖത്ത് ഏറെയാണ്.  എങ്കിലും അയാളുടെ ചിരി ആകർഷണീയമായിരുന്നു.

എൻറെ മൂന്നാമത്തെ സന്ദർശനമാണിവിടെ.  ആഗമനോദ്ദേശ്യം വേറൊന്നുമല്ല, നാട്ടിൽനിന്നും ഞാനില്ലാതെ ഒരു ജീവിതം ഇല്ലെന്നുപറഞ്ഞ്  ഉടുമ്പ് പിടിച്ചപോലെ വന്നുകൂടിയിരിക്കുന്ന ഭാര്യയോടൊപ്പമെത്തിയ  മൂന്നാംക്ലാസ്സുകാരി മകൾക്ക് ഒരു അഡ്മിഷൻ എന്ന സാഹസത്തിനാണ്.  പല പല സ്‌കൂൾവരാന്തകൾ കയറിയിറങ്ങി അവസാനത്തെ ആശ്രയം എന്നനിലയിലാണ് ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിൽ എത്തിയത്. ഭാഗ്യം ! മൂന്നുസീറ്റുകൾ മൂന്നാം ക്ലാസ്സിലെ പെൺകുട്ടികൾക്ക് ഒഴിവുണ്ട്. ഒന്നിൽപിഴച്ചാൽ മൂന്ന്. ഇനി മകൾക്കൊരു കോച്ചിങ്ങ് ഒക്കെ കൊടുത്ത് എൻട്രൻസ് എഴുതിക്കേറി വരണം.

മൂന്നേ മൂന്ന് സീറ്റ്.... പലനായ്ക്കൾക്ക് ഒരെല്ലുകിട്ടിയാലത്തെപോലെയുള്ള ഒരിത്. 'ഈശ്വരാ..!!'   സത്യത്തിൽ നിരീശ്വരവാദികൾപോലും ഒതുക്കത്തിലെങ്കിലും ഒന്ന്  വിളിച്ചുപോകും.

സ്‌കൂളിനുപുറത്തും അകത്തും എന്തോ സൗജന്യവിതരണം നടക്കുംപോലെ  തിരക്കിൻറെ ചന്ത.  സ്‌കൂൾ അഡ്മിനിസ്ട്രേഷൻ ഓഫീസിൽ  കോയസാറിന്റെ ക്യാബിനുള്ളിൽ നിസ്സായവസ്ഥയുടെ ഭാണ്ഡക്കെട്ടും ഏന്തി സാക്ഷാൽ കുചേലൻ ഭഗവാൻ ശ്രീകൃഷ്ണനെ കാണാൻ പോയപോലെ വന്നിരിപ്പാണ് ഞാൻ. സുന്ദരമായി വെട്ടിനിർത്തിയ താടിയിൽ തലോടി കോയാസാർ എന്നെ നോക്കി ഒന്ന് ചിരിച്ചു. 'കണ്ടിട്ടുണ്ട്.. കണ്ടിട്ടുണ്ട്.. ഇതിലും വലിയ വേന്ദ്രന്മാരെ കണ്ടിട്ടുണ്ട്' എന്നാണോ ആ നോട്ടത്തിന്റെയും തലോടലിന്റെയും അർത്ഥം എന്ന് എനിക്ക് തോന്നാതിരുന്നില്ല. ഉള്ളതുപറയാമല്ലോ, ആ ചിരിഎനിക്കങ്ങ് ഇഷ്ടപ്പെട്ടു.

"മൂന്നാംക്‌ളാസ്സിൽ മൂന്ന് സീറ്റ് കണ്ടുപിടിക്കാൻ പെട്ട പാടേ ....  മോളെ നന്നായി ട്രെയിനിങ് കൊടുത്തോണം. എൻട്രൻസേ .. എൻട്രൻസ്...അതീൽപോയാ  ... അള്ളാ പിന്നെ പറഞ്ഞിട്ട് ഒരുകാര്യോം ഇല്ലേട്ടോ "

ഞാൻ പരമാവധി ദൈന്യത പ്രകടിപ്പിച്ചുതന്നെ കോയസാറിനെ നോക്കിയിരുന്നു.

"ദാ ... ഈ ഫോമൊന്നു ഫില്ലുചെയ്‌തുകൊണ്ട് വാ..."

കൊയസാറിന്റെ മുറിയിൽനിന്നും ഫോമും കയ്യിലേന്തി ഞാൻപുറത്തിറങ്ങി. ഫോം പൂരിപ്പിക്കുന്നിടത്ത് നല്ല തിരക്ക്. കുട്ടികളുടെ കാറിച്ച അതിന് മേമ്പൊടിയായി നിന്നു. ഒരു നിമിഷം എൻറെ ഓർമ്മകൾ ബാല്യത്തിലേക്കും, പൂത്തമരങ്ങളുടെ വർണ്ണവും, പച്ചമരത്തണലുമുള്ള  നാട്ടിലെ സ്‌കൂൾവരാന്തയിൽ പോയി തിരിച്ചുവന്നു.

ലോകത്തിൽ ഏറ്റവും മടുപ്പുള്ള പണികൾ ഉണ്ടെങ്കിൽ  ലിഫ്‌റ്റിനുമുന്നിലെ കാത്തുനിൽപും ,  ഫോം പൂരിപ്പിക്കലും പിന്നെ ക്യൂവിൽ നിൽപ്പുമാണ്. ആ ദേഷ്യം ഉള്ളിൽ നിന്നും പുറത്തേക്ക് തുളുമ്പാതെ ഞാൻ മാന്യനായി ഫോം പൂരിപ്പിക്കാൻ തുടങ്ങി. ഭീമസേനൻ കല്യാണസൗഗന്ധികം പറിക്കാൻ വാക്കുകൊടുത്തിട്ട് പോയപോലെ ഭാര്യക്ക് മകളുടെ  അഡ്മിഷൻ ഉറപ്പുകൊടുത്തിട്ടു വന്നുള്ള നിൽപ്പാണ്. അപ്പോൾ ഇതല്ല ഇതിലും വലിയ പരീക്ഷണങ്ങൾ നേരിടാൻ മനസ്സൊരുക്കം വേണ്ടതാണ്.

ഒരു ഹെർക്കുലീയൻ ടാസ്ക് കഴിഞ്ഞപോലെ ഞാൻ ഫോംപൂരിപ്പിച്ച് അതിൻറെ ഭംഗി ഒന്നാസ്വദിച്ചു. സ്വന്തം വീട്ടുമുറ്റത്തെ ചപ്പുചവറുകൾ അയൽപക്കത്തെ  മുറ്റത്തെക്ക് വാരിയിട്ടമാതിരി എൻറെ കൈപ്പട! വാച്ചിൽ നോക്കി. ദൈവമേ.. മാനേജരുടെകയ്യിൽ നിന്ന് വാങ്ങിയ ഒരുമണിക്കൂർ പെർമിഷൻ കഴിയാറായി. ഫോം കൊടുത്ത് എത്രയും വേഗം ഓഫീസിലേക്ക് തിരികെപ്പോകണം. പൂരിപ്പിച്ച ഫോമുമായി ഞാൻ കോയസാറിന്റെ ക്യാബിൻ ലക്ഷ്യമാക്കി നടക്കാനൊരുങ്ങവേ പിന്നിൽ നിന്നൊരുവിളി.

"മോനേ... നീയ്യ് മലയാളിയാ ??"

പതറിയ ഒരൊച്ച. ഞാൻ തിരിഞ്ഞുനോക്കി. ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ വന്ന് മലയാളിയാണെന്നോ? അതും ദുബായിൽ? ഇതാരെടാ?

എൻറെ നോട്ടം ചെന്നുപതിച്ചത് അറുപത് വസ്സിൽകൂടുതൽ തോന്നിക്കുന്ന ബുർക്ക ധരിച്ച ഒരു സ്ത്രീയുടെ മുഖത്തേക്കാണ്. പ്രായം വിളിച്ചുപറയുന്ന മുഖം. തളർന്ന കണ്ണുകൾ. എൻറെ നോട്ടത്തിന് മറുപടിയായി അവർ ഒരു ചിരി സമ്മാനിച്ചു. എങ്കിലും ആ ചിരിയിലും മുഖത്ത് നിറഞ്ഞുനിന്നത് മുഴുവൻ  ദൈന്യത തന്നെയായിരുന്നു.

"അതെ.."  ഞാൻ മറുപടി പറഞ്ഞ് മുന്നോട്ടാഞ്ഞു.

"മോനെ.... എനിക്കൊരുസഹായം ചെയ്യോ??"

ഈ മരുഭൂമിയിൽ എന്നെ ആദ്യമായിട്ടാണ് 'മോനെ' എന്നൊരാൾ വിളിക്കുന്നത്! കൊള്ളിയാൻ പോലെ എന്തോ ഒന്ന് എന്നിലൂടെ കടന്നുപോയി...'മോൻ!!'

"എന്ത് സഹായം?" ഞാൻ കൂടുതൽ ധൃതി അഭിനയിച്ചു. അതിനുത്തരമായി അവർ കയ്യിലിരുന്ന ബാഗിൽനിന്നും ഒരുഫയൽ പുറത്തെടുത്തു. ഉടനെ എവിടെനിന്നോ ഒരേ ഛായയുള്ള രണ്ട് കുട്ടികൾ പറന്നുവന്നു. ആ ഇരട്ടക്കുട്ടികൾ ആ സ്ത്രീയുടെ ബുർക്കയിൽ പിടിച്ച് വലിച്ച് കളിക്കാൻ തുടങ്ങി.

"ഇതുങ്ങളുടെ അഡിമിഷന് വേണ്ടിയാ... എനിക്ക് എഴുത്തും വായനയും ഒന്നും അറിയൂല്ല മോനെ.  കുറേനേരമായി ഇവിടെ വരുന്ന പലരോടും പറഞ്ഞു. ആരും തിരിഞ്ഞുനോക്കുന്നില്ല. ചിലർ ൻറെ മലയാളം കേട്ട് ഹിന്ദിയിൽ എന്തൊക്കെയോ പറഞ്ഞിട്ടു പോയി... ന്നെ ഒന്നു സഹായിക്കുമോ?"

ഞാൻ അവരുടെ മുഖത്തെ ദൈന്യതയിലേക്കും അവർക്കു ചുറ്റും പൂമ്പാറ്റകളെപ്പോലെ പറന്നുനടക്കുന്ന കുഞ്ഞുങ്ങളേയും നോക്കി ഒരുനിമിഷം നിന്നു.  ആ പെൺകുട്ടികൾ എൻറെ മകളേക്കാൾ ഇളപ്പമാണെന്നുതോന്നുന്നു. ഈ കുട്ടികൾ എന്തായാലും ഇവരുടെയാകാൻ വഴിയില്ല.  എൻറെ മനസ്സിൻറെ സന്ദേഹം ഗ്രഹിച്ചിട്ടാകും അവർ ശബ്ദം താഴ്ത്തി പറഞ്ഞു.

"... ൻറെ മോടെ കുട്ടികളാ... ഇരട്ടകൾ. അവൾക്കാവതില്ല. കുട്ടികളുടെ കാര്യമല്ലേ.. ഉപേക്ഷവിചാരിക്കാൻ പറ്റ്വോ? ഞാൻ തന്നെ ഇങ്ങു പോന്നു "

അപ്പോൾ കുട്ടികളുടെ അച്ഛൻ ?? ചോദിക്കാൻ തോന്നി. പക്ഷേ എന്തോ ഞാൻ ചോദിച്ചില്ല.

നിസംഗതയുടെ ഒരു ഭാവത്തോടെ ഞാൻ അവരുടെ കയ്യിൽനിന്നും ഫോമുകൾ വാങ്ങി. ഒന്നല്ല രണ്ടെണ്ണം! ഓരോകോളവും ഞാൻ അവരിൽനിന്നും ചോദിച്ചറിഞ്ഞ് പൂരിപ്പിച്ചു. ഇടയ്ക്കിടെ സ്പെല്ലിങ് സംശയം വരുമ്പോൾ അവരുടെ കയ്യിലിരിക്കുന്ന പാസ്സ്‌പോർട്ട് നോക്കണ്ടാതായിട്ട് വരും. എനിക്ക് മാനേജർ അനുവദിച്ച ഒരുമണിക്കൂറും കഴിഞ്ഞു.. ഒന്നരമണിക്കൂർ ആയി!

പക്ഷേ ക്ഷമയോടെ ആ ഫോമുകൾ ഞാൻ പൂരിപ്പിച്ചു.

ഒരുവിധത്തിൽ ആ വലിയ സംരംഭം തീർത്ത് ഞാൻ ഒന്ന് നിവർന്നു നിന്നു. പിന്നെ ഫോമുകൾ അവർക്ക് തിരികെനൽകി വേഗം കോയസാറിന്റെ മുറിയിലേക്ക് നടന്നു. തുരുതുരെ മൊബൈൽഫോൺ ചിലക്കാൻ തുടങ്ങി. ഒട്ടും സമയം ഇനി ബാക്കിവെക്കാൻ ഇല്ല. എത്രയും പെട്ടെന്ന് ഓഫീസിൽ എത്തണം.

കോയസാറിന്റെ കൈയ്യിൽ ഫോം കൊടുത്ത് തിരികെ ഇറങ്ങുമ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി. എവിടെ ആ സ്ത്രീ? എവിടെ ആ പൂമ്പാറ്റക്കുട്ടികൾ?

കാർപാർക്കിലേക്കെത്തി ഒരിക്കൽക്കൂടി ഞാൻ തിരിഞ്ഞു നോക്കി. എന്നിൽ അപ്പോൾ ദേഷ്യത്തിൻറെ അളവ് കൂടിവന്നു. ഇത്രയും സഹായിച്ചിട്ട് ഒരു നന്ദിവാക്കുപോലും പറയാതെ അവർ പൊയ്ക്കളഞ്ഞല്ലോ എന്നതായിരുന്നു ദേഷ്യത്തിന് കാരണം. ഇക്കാലത്ത് ആരെയും സഹായിക്കാൻ പാടില്ല.  ഇങ്ങനെയൊക്കെ ആലോചിച്ചാലോച്ച് ഞാൻ ഓഫീസിൽ എത്തി. ബൈബിളിൽ പലവട്ടം വായിച്ചിട്ടുള്ള 'ഈ എളിയവനിൽ ഒരുവന് ചെയ്‌താൽ എനിക്കുതന്നെയാണ് നിങ്ങൾ ചെയ്തത്' എന്ന് യേശു പറഞ്ഞതൊന്നും അപ്പോൾ ഓർമ്മ വന്നില്ല. അല്ലെങ്കിലും മതഗ്രന്ഥങ്ങളിലെ നല്ല ഉപദേശങ്ങൾ ഒക്കെ ആരാധനാലയങ്ങളുടെ മതിൽക്കെട്ടിനുപുറത്തേക്ക് കൊണ്ടുപോകേണ്ടതില്ല എന്നാണല്ലോ നമ്മുടെ ഒക്കെ ചിന്ത.

 മകൾക്ക് എൻ.ഐ.മോഡൽ സ്‌കൂളിൽ അഡ്മിഷൻ കിട്ടി. ആ വാർത്ത  അക്കാദമിക് ഇയറിന്റെ ഇടക്ക് സ്‌കൂളിൽ മകളെയുംകൊണ്ട് വലിഞ്ഞുകയറിയ എൻറെ ടെൻഷൻ ഒത്തിരി കുറച്ചു.  മൂന്നാം ക്ലാസ്സിൽ മൂന്ന് സീറ്റുകൾ ബാക്കിയുണ്ടായിരുന്നതിൽ ഒന്ന് അവൾക്ക് കിട്ടി. അതിൻറെ ക്രെഡിറ്റ് മുഴുവൻ എൻട്രൻസ് ട്രെയിനിങ് നൽകിയ ഭാര്യ കരസ്ഥമാക്കുകയും ചെയ്തു. അല്ലെങ്കിലും ഫെമിനിസത്തിൻറെ ഈ കാലഘട്ടത്തിൽ ആണുങ്ങൾ ചെയ്യുന്നതൊന്നും അളക്കപ്പെടുന്നില്ലല്ലോ.

മാസങ്ങൾ കഴിഞ്ഞു. സ്‌കൂളിലെ  മകളുടെ ഓപ്പൺഹൌസ്  ദിനം. കൂടിക്കാഴ്ച കഴിഞ്ഞു മകളുടെ മാർക്കും ഉത്തരക്കടലാസും ക്ലാസ്സ്ടീച്ചറിന്റെ കയ്യിൽനിന്നും വാങ്ങി തിരികെ നടക്കവെ പിന്നിൽനിന്നും ഒരു വിളി.

"മോനെ..."

ഞാൻ വെട്ടിത്തിരിഞ്ഞു. ആ ഉമ്മ! ആ ഇരട്ടക്കുട്ടികളുടെ വല്യമ്മ. അവർ എൻറെ അടുത്തേക്ക് വേഗം നടന്നുവന്നു. ആ ഉത്സാഹവും, മുഖത്തെ പ്രസാദവും ഒരിക്കൽ മനസ്സിലെവിടെയോ തോന്നിയ ദേഷ്യത്തിൻറെ കണികകൾ മായ്ചുകളഞ്ഞു.

".. ത്തിരി നന്ദിയുണ്ട്. അന്ന് നിന്നോടൊന്ന് നന്ദി പറയാൻ കഴിഞ്ഞില്ല"

അവരുടെ കൂടെ ചിരിച്ചുകൊണ്ടുനിൽക്കുന്ന ആ പൂമ്പാറ്റക്കുട്ടികളെ നോക്കി ഞാൻ പറഞ്ഞു.

"ഏയ് സാരമില്ല ഉമ്മാ.. അതുവലിയ കാര്യമൊന്നുമല്ലല്ലോ."

ആ ഉമ്മ ചിരിച്ചു. എന്നിട്ട്  യൂണിഫോമിൽ സുന്ദരിക്കുട്ടികളായി നിൽക്കുന്ന ബാലികമാരോട് പറഞ്ഞു

"ചേട്ടനൊരു നന്ദി പറയൂ..."

അവർ പരസ്പരം നോക്കി. എന്തിനാണെന്നറിയില്ലെങ്കിലും ആ ചേലുള്ള ഇരട്ടപ്പൂമ്പാറ്റകൾ എന്നോട് പറഞ്ഞു

"താങ്ക്‌സ് അങ്കിൾ... താങ്ക്‌സ് അങ്കിൾ.."

ചിരി മായാതെ ഞാൻ നടന്നു. അങ്ങ് കാർപാർക്കിൽ ചെന്ന് തിരിഞ്ഞു നോക്കി.  അപ്പോളും എനിക്ക് കാണാം എന്നെനോക്കി  നിൽക്കുന്ന മൂന്ന് മുഖങ്ങൾ....

ഈ പ്രവാസത്തിൽ കഴിയാൻ തുടങ്ങിയിട്ട് എത്രവർഷങ്ങൾ. പക്ഷെ ഇവിടെ, ഈ മരുഭൂമിയിൽ എന്നെ 'മകനെ' എന്നൊരു വിളി കേൾക്കുന്നത് ആദ്യമായിട്ടാണ്.  അവരുടെ നാടേതെന്നോ, താമസം എവിടെയെന്നോ എന്നൊന്നും ഞാൻ ചോദിച്ചില്ല, അറിഞ്ഞതുമില്ല. അവർ തിരിച്ചും. എങ്കിലും അവർ എന്നെ 'മോനെ' എന്നും ഞാൻ അവരെ തിരിച്ച് 'ഉമ്മാ ' എന്നും വിളിച്ചു. നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന ആ ബന്ധം ദേശത്തിനും, മതങ്ങൾക്കും, ഇസങ്ങൾക്കുമപ്പുറമുള്ള ഒന്നായിരുന്നു. മനുഷ്യനെന്ന ബന്ധം.

ഇനിയെന്നിലേക്ക് ഇലക്ട്രിക്‌ഷോക്ക് പായിച്ച ആ വരികൾ കുറിച്ചിടാം.

"നിങ്ങളുടെ വഴികളിലെവിടെങ്കിലും പ്രായമുള്ള ഒരാൾ വരുമ്പോൾ ദയവായി അവരോട് സഹായം വല്ലതും വേണമോ എന്ന് ചോദിക്കുക. ഓർക്കുക... നിങ്ങളുടെ അറിവും വിദ്യാഭ്യാസവും വേണ്ടസമയത്ത് വേണ്ടവർക്ക്  ഉപയോഗപ്പെടുത്തുന്നില്ലെങ്കിൽ അത് വെറും വിലയില്ലാത്തതാണ്"

ഓർമ്മകൾ ഓളങ്ങൾ പോലെയാണ്. തീരത്തെ ചുംബിച്ച്, പുണർന്ന് അത് വരും. തിരികെപോകും.  ഓർമ്മകളുടെ ഓളപ്പരപ്പിൽ ഉയർന്നും, താഴ്ന്നും സഞ്ചരിക്കുക എന്നത് ഏറെ സുഖമുള്ള  ഒരു വികാരവും.

No comments:

Post a Comment