Friday, November 4, 2016

അകത്തേക്കുള്ള വാതിൽ - വായനാസ്വാദനം

ഒരു മുൻവിധിയും ഇല്ലാതെ വായിക്കാനെടുത്ത പുസ്തകമാണ് ഡോ: അനൂപിൻറെ 'അകത്തേക്കുള്ള വാതിൽ' എന്ന കവിത സമാഹാരം.

അകത്തേക്ക് വാതിൽ തുറന്നുകയറിയാൽ മുപ്പത് കവിതകൾ. ആധുനികതയുടെയോ, അത്യന്താധുനികതയുടെയോ അലങ്കാരപ്പണികളോ ജാടയോ ഇല്ലാതെ സാധാരണക്കാരന് വായിച്ചു മനസ്സിലാക്കാനും, ആസ്വദിക്കാനും പറ്റിയ കുറെ കവിതാമുത്തുകൾ. അറുപത്തിനാല് പേജുകളിലായി സാധാരണക്കാരനോട് കവി സമ്മേളിക്കുന്നു.  അകത്തേക്ക് കയറിയാൽ പുറത്തേക്കുള്ള വാതിൽ തുറന്നു ഇറങ്ങിപ്പോകാൻ നന്നേപ്രയാസം. അകത്തേക്ക് കയറിയ വായനക്കാരനെ നഷ്ടബോധവും, ഗൃഹാതുരത്വവും, പൊയ്‌പ്പോയ നല്ലനാളുകളുടെ ഓർമ്മകകളുമായി ചിന്തയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന, വരികൾക്കിടയിലൂടെ വായിക്കാൻ പ്രേരിപ്പിക്കുന്ന ഒരുപിടി കവിതകൾ.

കവിതകൾ
മനുഷ്യനും പ്രകൃതിയും, പ്രണയവും, നഷ്ടമാകുന്ന സംസ്കാര മൂല്യങ്ങളും ഒന്നിനൊന്നായി ഇഴപിരിച്ച് നിർമ്മിച്ച സമാഹാരമാണിത്. ലോകത്തോട് തനിക്ക് പറയാനുള്ള തുറന്നുപറച്ചിലിനുള്ള വേദി. അതിന് കവിക്ക് കടിച്ചാൽ പൊട്ടാത്ത പദങ്ങളോ, ആശയപരാക്രമമോ വേണ്ട. ദാഹിച്ചവന് തെളിനീരാണ് അമൃത്.  എന്താണ് കവിയെന്നും കവിതയെന്നും കവിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ

കവിത
ദർപ്പണം മാത്രമല്ല
ദർശനവുമാകണം
....................................
കവിത എല്ലാമാണ്
കവിയോ?
കവിതയാകണം.

'ബാക്കിപത്രം' എന്ന കവിതയിൽ 'ഇരയായ് കീഴ്പെടുത്തുന്നതിന് മുൻപ്, ഞാൻ ചെറുത്തുനിന്നിരുന്നതിന് തെളിവായ് ........ എൻ കവിതകൾ തിരുശേഷിപ്പുകളായിടട്ടെ !' എന്ന് പറയുന്നത്കൂടി നാം ഇതിനോട് കൂട്ടിച്ചേർത്തുവായിക്കണം.

'പിതൃതർപ്പണം' എന്ന കവിതയിൽ പിതൃതർപ്പണത്തിനെത്തുന്ന കവിയോട് പുഴയും, കാക്കകളും പ്രകൃതിയും ഒക്കെ ചോദിക്കുകയാണ് ജലതർപ്പണവും, ശ്രാദ്ധവും ഒക്കെ ഞങ്ങൾക്ക് വേണ്ടിയാണോ എന്ന്. അതുകേട്ട് അച്ഛനോട് മാപ്പുചോദിക്കുന്ന കവി പറഞ്ഞുവക്കുന്നത് ഒരുപാട് ആശയങ്ങൾ ആണ്. 'കിണർ', 'വാർദ്ധക്യം',  'ഉല്പത്തി',  'ഔഷധി',  'അകത്തേക്കുള്ള വാതിൽ',  'ഉഷ്ണനൃത്തം' ഈ കവിതകൾ എല്ലാം നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന പ്രകൃതി സാമ്പത്തിനെക്കുറിച്ചും, സംസാരത്തിനെക്കുറിച്ചും ഉള്ള തേങ്ങലുകൾ ആണ്. പ്രകൃതി കേഴുന്നു. തിരികെ തന്നിലേക്ക് മടങ്ങിവരാൻ മനുഷ്യനോട് യാചിക്കുന്നു.

ചെറുക്കള്ളങ്ങൾ ബാല്യത്തിൽ പറഞ്ഞ് പലകള്ളങ്ങൾ തുടരുന്ന ജീവിതത്തിൽ, ഹൈപ്പർ മാളിൻറെ ആളൊഴിഞ്ഞ കോണിൽ കണ്ണുകാണാത്ത അമ്മയെ നിർത്തി അവധിക്കാല വിനോദയാത്രക്ക് പോകുന്ന മക്കളെ 'നുണ' എന്ന കവിതയിൽ വരച്ചുകാണിക്കുന്നു. 'ഐ.സി.യു' എന്ന കവിതയിൽ 'ചുണ്ടിലൊരിറ്റു വെള്ളമിറ്റിച്ചാൽ മതി..' എന്ന അന്ത്യാഭിലാഷത്തോടെ കിടക്കുന്ന വാർദ്ധക്യം. സമൂഹത്തിനു നേരെ, രോഷത്തിൻറെ പടവാൾ ഉയർത്തി 'മൃതരതി; എന്ന കവിതയിൽ കവി ആക്രോശിക്കുന്നു;

മിഠായിയും ബലൂണും കാണിച്ച്
കളിപ്പിച്ചെടുത്ത, വിടരാത്ത
മൊട്ടുകളിൽ കഴുവേറികൾ
എന്തുമണമാണ് നുകരുന്നത്
......................................................
പുതുനോട്ടിന്റെ മണം
അമ്മയെയും മത്തുപിടിപ്പിച്ചോ?
ഇരുണ്ടറക്കുള്ളിൽ നിന്ന്
ഇതിനാണോ മുക്കി, മുക്കി
എന്നെ പുറത്തേക്കിട്ടത്?

'ഫുഡ് വെപ്പൺ' എന്ന കവിതയിൽ 'അധിനിവേശത്തിന്റെ അദൃശ്യകരങ്ങൾ ആഹാരത്തിലൂടെ നമ്മളിലേക്ക് ആഴ്ന്നിറങ്ങുന്നത്, ദൈവമേ നമുക്ക് മനസ്സിലാകുന്നില്ലല്ലോ' എന്ന് സ്വയം വിലപിക്കുന്ന കവി വായനക്കാരനെ ഇരുത്തി ചിന്തിപ്പിക്കുന്നു.

'വലതുവശത്തുള്ള കാള', യിൽ വണ്ടിക്കാരന്റെ വലതു വശത്ത് ഉള്ള കാളക്ക് കൂടുതൽ പ്രഹരം കിട്ടുന്നതുപോലെ വിധിയുടെ വലതുവശത്ത് നിന്ന് പ്രഹരം ഏൽക്കുന്നതോർത്ത് വിലപിക്കുന്ന ഹൃദയം കാണാം. 'ഇടയന്റെ കൂടെ' യിൽ 'ദാവീദിൻറെ സിംഹാസനം പനിനീർ പൂക്കളാലല്ല, കൂർത്ത മുള്ളുകളാൽ തീർത്തതാണെന്ന് ' എന്ന്  കാനായിലെ വീഞ്ഞുവീപ്പകളിൽ വീണുകിടക്കുന്നവരോട് കവി ഗിരിപ്രഭാഷണം നടത്തുന്നു.

ഒരു മഴക്കുളിർപോലെ സുഖാനുഭവം പകരുന്ന വായനാനുഭവം. മടുപ്പുതോന്നാത്ത എഴുത്ത്. കവിതയുടെ ലോകത്തുനിന്നും പുറത്തേക്കുള്ള വാതിൽ തുറന്ന് പുറത്തിറങ്ങുമ്പോൾ എന്തൊക്കെയോ മനസ്സിൽ തങ്ങിനിൽക്കുന്ന പ്രതീതി.

മഴയെ നിങ്ങൾ ഇഷ്ടപെടുമെങ്കിൽ, പക്ഷിമൃഗാദികളെ നിങ്ങൾ സ്നേഹിക്കുന്നുവെങ്കിൽ, ഹരിതവർണ്ണം പൂശി നൃത്തം ചെയ്യുന്ന മരച്ചില്ലകളെയും, മരത്തണലുകളെയും നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ; തീർച്ചയായും 'അകത്തേക്കുള്ള വാതിൽ' നിങ്ങൾ ഇഷ്ടപ്പെടും.  ഇതൊക്കെ താൻ എന്തിനാണ് കുത്തിക്കുറിക്കുന്നതെന്ന് കവിതന്നെ പറയുന്നു;

കവിതയെന്ന
ഒളിയിടമില്ലാതിരുന്നെങ്കിൽ
ചുമരിലൊരു പൂമാലയുമായി
ഞാനൊടുങ്ങിയേനെ..

ഈ കവിതകൾക്കെല്ലാം ചിത്രങ്ങൾ വരച്ചിരിക്കുന്നത് ഡോ:ആനന്ദ് ആണ്. കവിതയുടെ മനോഹാരിത ചിത്രങ്ങളിൽ സന്നിവേശിപ്പിക്കാൻ ആനന്ദിന് കഴിഞ്ഞിട്ടുണ്ട്. ശിലയിൽ തീർത്ത കൊത്തുപണികൾ പോലെ ആശയത്തിനൊത്ത വര.

ദൃഷ്ടിദോഷം
ഒരു കവിയെന്ന നിലയിൽ ഡോ: അനൂപിൻറെ വളർച്ചയിൽ ഒരു നാഴികക്കല്ലാണ് ഈകവിത സമാഹാരം. ഇതിൽ നിന്ന് കിട്ടുന്ന ഊർജ്ജം കവിയുടെ ഇനിയുള്ള എഴുത്തിനെ കൂടുതൽ തെളിർമ്മയും, കുളിർമ്മയും ഇല്ലാതാക്കും. ഒരേ ആശയത്തിലുള്ള കവിതകൾ ഒഴിവാക്കി വ്യത്യസ്തമായ കവിതകൾ ആ സ്ഥാനത്ത് വയ്ക്കാമായിരുന്നു എന്ന് തോന്നാതിരുന്നില്ല. കവിയുടെ ഫേസ്‌ബുക്കിൽ വ്യത്യസ്തവും മനോഹരവുമായ ഒട്ടേറെ കവിതകൾ കാണുന്നുണ്ട്.  പേജുകൾ കുറഞ്ഞുപോയി. കുറച്ചുകൂടി കവിതകൾ ഉൾക്കൊള്ളിച്ച് 150 - 200 പേജുകൾ ആയി അടുത്ത കവിതാസമാഹാരം പുറത്തിറക്കാൻ ശ്രമിക്കും എന്ന് കരുതുന്നു.
----------------------------------------------------------
അകത്തേക്കുള്ള വാതിൽ - കവിതകൾ
ഉണ്മ പബ്ലിക്കേഷൻസ്- നൂറനാട്, ആലപ്പുഴ
വില : 75 രൂപ
പേജ്: 64
ഇമെയിൽ: dranupsai@ymail.com

No comments:

Post a Comment