Friday, August 25, 2017

പ്രവാസത്തിലെമഞ്ഞുത്തുള്ളികൾ -10

ഭീതിയുടെ ഒന്നരമണിക്കൂർ

ഒരു ഫോണിൻറെ നിലവിളിയോടെ  പാഞ്ഞുവന്ന സന്ദേശം ഞരമ്പുകളെ പിടിച്ചുമുറുക്കിയ മണിക്കൂറുകൾ നിങ്ങൾക്ക് ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ?  2008-ലെ ഒരു തണുത്ത പ്രഭാതത്തിൽ എന്നെ തേടിവന്ന അപായമണിയുടെ അലകൾ ഇന്നും ഇടയ്ക്കിടെ മനസ്സിലേക്ക് പാഞ്ഞുകയറി വരാറുണ്ട്.

ഞരമ്പുകളെ ത്രസിപ്പിച്ച ഒന്നരമണിക്കൂർ.  എന്നെ ഭീതിയുടെ ചുഴലിയിലിട്ടുകറക്കിയ നിമിഷങ്ങൾ...


ഓഫീസ് (ജുമൈറ ഗോൾഫ് എസ്റ്റേറ്റ്, ദുബായ്) : സമയം രാവിലെ 9.15 
ജെ. ജി.ഇ യിലെ എൻട്രൻസിൽ  അലസമായി ഇളംകാറ്റിൽ ഉലയുന്ന വലിയ കൊടിപോലെ വീക്കെന്ഡിന്റെ എല്ലാ ആലസ്യവും കേറി ബാധിച്ചൊരുദിവസം.  വ്യാഴാഴ്‌ച  വേഷം ടീഷർട്ടിലേക്ക് മാറ്റി വീട്ടിൽനിന്നും ഇറങ്ങുന്നതോടെ തുടങ്ങുന്നു മനസ്സിൽ വീക്കെൻഡ്  തിമിർപ്പ്.

ഓഫീസിലെ റിപ്പോർട്ടുകളുടെ എക്സൽ ഷീറ്റുകളിൽ മല്ലിടുമ്പോഴും ഉച്ചയായിക്കിട്ടാൻ ശരീരവും മനസ്സും മിടിച്ചുകൊണ്ടിരുന്നു.  ഒരുമണിക്ക്  പഠാൻ ഗുൽ പതിനാല്‌ സീറ്ററുമായി വരുന്നതും, ഷാർജ അൽ യാർമുക്കിലേക്ക് പറന്നുപോകുന്നതും, മെഗാമാളിലൊക്കെ ഒന്നുകറങ്ങി, പുറത്തുനിന്ന് ഭക്ഷണം ഒക്കെ കഴിച്ച് ...... ഞാൻ കമ്പ്യൂട്ടർ മോണിറ്ററിനുമുന്നിൽ സ്വപ്‌നങ്ങൾ വിരിയിച്ചു.

ഏറ്റവും കുറച്ച്‌പണിയെടുക്കാൻ നമ്മൾ ആഗ്രഹിക്കുന്ന വീക്കെൻഡ് ദിവസമായിരിക്കും ഏറ്റവും കൂടുതൽ പണി തലയിൽ വന്നുകേറുന്നത്. അങ്ങിനെ തിരക്കിൻറെ ഉത്സവത്തിൽ നിൽക്കുമ്പോളാണ് മൊബൈൽ ചിലച്ചത്.

മൂന്ന് .. നാല് .. അഞ്ച്... ഫോൺവിളി നിർത്താതെ തുടരുന്നത് എന്നിൽ ദേഷ്യം ഇരച്ചുകയറ്റി.  എടുത്തെറിയാനുള്ള ദേഷ്യത്തോടെ ഫോണെടുത്തപ്പോൾ ഡിസ്‌പ്ലെ ഭാര്യയുടെ പേരാണ്.  മനസ്സൊന്നു കാളി.  എന്താണിത്ര അത്യാവശ്യം?  വൈകിട്ടത്തെ ഷോപ്പിംഗ് പ്ലാനിങ് വിളമ്പാൻ ആണോ? അത്യാവശ്യത്തിനേക്കാൾ അനാവശ്യത്തിനു വിളിക്കുന്നതാണല്ലോ അവളുടെ രീതി.

മനസ്സില്ലാ മനസ്സോടെ ഞാൻ  ഫോൺഎടുത്തു.

എൻറെ മനസ്സിനെ പിടിച്ചുലച്ച വാക്കുകൾ ആയിരുന്നു മറുതലക്കൽ നിന്നും കേട്ടത്.  തുറന്നുവിട്ട ഡാം പോലെ ഭീതിയും കണ്ണീരും എൻറെ കാതിലേക്ക് ആണികൾ പോലെ നിർദ്ദയം വന്നു തറച്ചു.

"...... അയ്യോ ഓടിവാ... എൻറെ കൊച്ചിനെ രക്ഷിക്ക് !!"

ആപൽഘട്ടത്തിന്റെ അങ്ങേത്തലക്കൽ നിന്നും ഉയരുന്ന വാക്കുകൾ എന്നെ പിടിച്ചുലച്ചു.  ഇത്ര പേടിയോടെ ഭാര്യ സംസാരിക്കുന്നത് ആദ്യമായാണ്.  നെഞ്ചിടിപ്പോടെ ഞാൻ കാര്യം തിരക്കി.

ഈശ്വരാ..!!  അവളുടെ വാക്കുകൾ കേട്ട് ഞാൻ നെഞ്ചത്ത് കൈവച്ചു.

രാവിലെ  9 മണി.  ഫ്ലാറ്റ് (അൽയാർ മുക്ക്, ഷാർജ)
മകൾക്ക് കളിക്കാൻ കളിപ്പാട്ടങ്ങൾ  നൽകിയിട്ട് ഭാര്യയും അവളുടെ ചേച്ചിയും അടുക്കളയിൽ തിരക്കിലായിരുന്നു.  പെട്ടെന്ന് ബെഡ്റൂമിന്റെ കതകടയുന്ന ശബ്ദം ഭാര്യ കേട്ടത്.  ചെന്ന് കതക് തുറക്കാൻ നോക്കിയപ്പോൾ  മനസ്സിൽ ഒരു മിന്നൽ!  ഒന്നരവയസ്സുള്ള മകൾ അടഞ്ഞ കതകിൽ കിടന്ന താക്കോലിൽ പിടിച്ചപ്പോൾ ലോക്ക് വീണിരിക്കുന്നു!  കതകിന്റെ പിടിയിൽ ഒന്നുരണ്ടുവട്ടം പിടിച്ചുകഴിഞ്ഞപ്പോൾ ഭാര്യക്ക് കാര്യം മനസ്സിലായി.

കതക് അകത്തുനിന്ന് പൂട്ടിയിരുന്നു!!

ഞെട്ടലിൽ നിന്നും മുക്തയാകുന്നതിനുമുമ്പ് അവൾ ചേച്ചിയെ വിളിച്ചു. കാര്യത്തിന്റെ ഗൗരവം കൊള്ളിയാൻപോലെ അവരിൽ മിന്നി.  താക്കോൽ പഴുതിലൂടെ അകത്തേക്ക് നോക്കിയ ഭാര്യ കണ്ടത് , ഇതൊന്നും അറിയാതെ, കൂസലില്ലാതെ കതക് അടച്ചിട്ട് തറയിലിരുന്ന് കളിക്കുന്ന മകളെയാണ്.

ദൈവമേ..!  എന്താ ചെയ്ക?

രണ്ടു സ്ത്രീകൾ മനസ്സിലെ പെരുമ്പറമുഴക്കത്തോടെ പരസ്പരം നോക്കി. കുഞ്ഞിനോട് അവൾക്ക് മസസ്സിലാകുന്ന ഭാഷയിൽ താക്കോൽ ഒന്നുകൂടെ തിരിക്കാൻ പുറത്തുനിന്നും പറഞ്ഞുനോക്കി.  അവൾ അതൊന്നും ശ്രദ്ധിക്കുന്നേയില്ല. മൂളിപ്പാട്ട് പാടി, കളിയോടുകളി.

ഇത്തിരി നേരം കഴിഞ്ഞപ്പോൾ അവൾ കട്ടിലിൽ വലിഞ്ഞു കയറി അടുത്ത കളി തുടങ്ങി. കട്ടിലിൽ ഇരുന്ന ലാപ്ടോപിന്റെ കേബിളിൽ കയറി പിടിക്കുന്നു.  ലാപ്ടോപിന്റെ പവ്വർ വരുന്ന എക്സ്റ്റൻഷൻ ബോർഡ് തൊട്ടപ്പുറത്ത് കത്തിക്കിടക്കുകയാണ്.  അപ്പോൾ നടുക്കത്തോടെ ഭാര്യ ഓർത്തു, മകൾക്ക്  ഇലക്ട്രിക് സ്വിച്ച് വലിയ ക്രേസ് ആണ്.  അത് ഓൺ ഓഫ് ചെയ്യാൻ വേണ്ടികരയാറുണ്ട്.  സോക്കറ്റിൽ എന്തെങ്കിലും സാധനങ്ങൾ കണ്ണുതെറ്റിയാൽ കുത്തിക്കയറ്റാൻ ശ്രമിക്കാറുണ്ട്.

കത്തിക്കിടക്കുന്ന എക്സ്റ്റൻഷൻ ബോർഡ്!!  ഭാര്യയുടെ നെഞ്ചിടിപ്പ് കൂടി. അതിലെങ്ങാനം മകൾപോയി തൊട്ടാൽ??!

സമയം- 9.18 
മനസ്സിന്റെ പിരിമുറുക്കം ഉയർന്നുപൊങ്ങി. ഞാൻ എൻറെ കസിനെ വിളിച്ചു. ആൾ കാറുമായി എത്തി. ഉടനെ തന്നെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിൽ നിന്നും ടയോട്ട കൊറോള അൽ യാർ മുക്ക് ലക്ഷമാക്കി കുതിച്ചു.

എൻറെ ഫോണിന് വിശ്രമം ഇല്ലാത്ത മിനിറ്റുകൾ.  ആരെ സഹായത്തിന് വിളിക്കും?  താമസം മാറിയിട്ട് മാസങ്ങൾ ആകുന്നതേയുള്ളു. ആകെ പരിചയം  ഫ്‌ളാറ്റിന് തൊട്ടടുത്തുള്ള മലയാളി ഗ്രോസറിക്കാരനെയാണ് ഞാൻ അയാളുടെ നമ്പറിലേക്ക് വിളിച്ചു.

കാര്യം മനസ്സിലാക്കിയ ഗ്രോസറിക്കാരൻ എൻറെ ഫ്‌ളാറ്റിലേക്ക് ഓടിയെത്തി.   ജനൽ വഴി എങ്ങനെയെങ്കിലും അകത്തേക്ക് കയറാൻ പറ്റുമോ എന്ന് നോക്കാൻ ഞാൻ ചോദിച്ചു.  പക്ഷേ അത്ര ഉയരത്തിലെത്താനുള്ള വഴിയില്ല എന്നയാൾ പറഞ്ഞു.

അണ്ഡ റൗണ്ട് എബൗട്ടിൽ നിന്നും രക്ഷപെട്ട്, പണിനടന്നുകൊണ്ടിരിക്കുന്ന മോട്ടോർ സിറ്റിയും കടന്ന് പായുമ്പോൾ നിർത്താതെ ചിലക്കുന്ന ഫോൺ ശബ്ദത്തിനിടയിൽ ഞാൻ തലയിൽ കൈകൊടുത്തു.  ഇനി എന്ത് ചെയ്യും? ഫയർഫോഴ്സിനെ വിളിക്കണോ?

"ഒരു വഴിയുണ്ട്..."

അതുകേട്ട് ഞാൻ കേസിന്റെ മുഖത്തേക്ക് അമ്പരപ്പോടെ നോക്കി.

"ഒരു കാർപ്പന്ററുടെ നമ്പർ ഗ്രോസറിക്കാരൻറെ കയ്യിൽ ഉണ്ട്. അയാളെ വിളിച്ചു വരുത്തി പൂട്ട് പൊളിക്കണം.."

വണ്ടി നാഷണൽ പെയിൻറ് ലക്ഷ്യമാക്കി പാഞ്ഞുകൊണ്ടിരുന്നപ്പോൾ ഞാൻ ഫോണെടുത്ത് ഗ്രോസറിക്കാരനെ വീണ്ടും വിളിച്ചു.

സമയം- 10 .10 
ഞങ്ങൾ ഷാർജ നാഷണൽ പെയിൻ്റിലെത്തി.  ട്രാഫിക്കിൽ കാർ ഇഴയാൻ തുടങ്ങിയിട്ട് ഏറെനേരമായി.  എന്നത്തേയുംകാൾ അന്ന് ട്രാഫിക്കിനെ കൂടുതൽ ശപിച്ചു.  ബിൻ ലാദിൻ റൗണ്ട് എബൗട്ടിൽ നിന്നും കാർ വലതുവശത്തേക്ക് തിരിഞ്ഞു.  കസിന്റെ കാൽ ആക്‌സിലേറ്ററിൽ ആഞ്ഞമരുന്ന ശബ്ദം എനിക്ക് കേൾക്കാം.

ഫോൺ പാട്ടുപാടി തിളങ്ങി. ഗ്രോസറിക്കാരൻറെ  നമ്പർ.

"എന്തായി ചേട്ടാ..?!"

"കാർപെന്ററെ കിട്ടി. ഉടനെയെത്തും... കതക് പൊളിച്ച് അകത്തുകയറുകയേ രക്ഷയുള്ളൂ.."

കാറിലെ ഏസിയിൽ  എൻറെ വിയർക്കാത്ത നെറ്റി വിയർത്തു.  ഞാൻ ഭാര്യയെ വിളിച്ചു. അപ്പോൾ കടക്കാരനും, സഹായിയും എല്ലാം എൻറെ ബെഡ്‌റൂമിന്റെ മുന്നിൽ നിസായവസ്ഥയിൽ നിൽക്കുന്ന ചിത്രം മുന്നിൽ തെളിഞ്ഞുവന്നു.

സമയം- 10 .15  
മകൾ കളി മതിയാക്കി കട്ടിലിൽ നിന്നും എണീറ്റു. കതകിനടുത്ത് വന്ന് വീണ്ടും ഹാൻഡിലിൽ പിടിക്കാൻ തുടങ്ങി. സാധാരണ താൻ പിടിക്കുമ്പോൾ തുറക്കുന്ന കതക് തുറക്കാത്തതിൽ ശുണ്ഠി തോന്നി. പിന്നെ പേടിതോന്നിയപോലെ  "അമ്മാ.. അമ്മാ.. ." എന്ന് വിളിച്ച് കരയാൻ തുടങ്ങി. അതുകേട്ട് കണ്ണൂനീർ പൊടിഞ്ഞത് മുറിക്ക് പുറത്ത്‌നിൽക്കുന്ന അമ്മയുടെ കണ്ണിലാണ്.  മകൾ ഉറക്കെയുറക്കെ വിളിക്കാൻ തുടങ്ങി. കരച്ചിൽ ഉച്ചത്തിൽ ഉയരാൻ തുടങ്ങി.

പുറത്ത് നിന്നവർ താക്കോൽ പഴുതിലൂടെ ആ രംഗമെല്ലാം കാണുന്നുണ്ടായിരുന്നു.  പുറത്തെ ആൾകൂട്ടത്തിന്റെ ഒച്ച ഒരുപക്ഷേ കുഞ്ഞിനെ കൂടുതൽ പേടിപ്പെടുത്തിയിട്ടുണ്ടാകും.

"അമ്മാ.. അമ്മാ..." അവൾ നിർത്താതെ കരയുന്നു.  ഒപ്പം കതകിൽ കൈയ്യിട്ടടിക്കുകയും ഹാൻഡിലിൽ പിടിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.

"മോളേ ... എൻറെ മോളേ ...." പുറത്തുനിന്നും അമ്മയുടെ ശബ്ദം കേട്ട് മകൾ കൂടുതൽ ഉച്ചത്തതിൽ കരയാൻ തുടങ്ങി.

തൻറെ കരച്ചിലിന് പ്രതികരണം കിട്ടുന്നില്ലെന്ന് മനസ്സിലാക്കിയോ എന്തോ മകൾ തിരിഞ്ഞു നിന്നു. ഒരുനിമിഷം അവളുടെ കണ്ണിൽ ലാപ്ടോപ്പിലേക്ക് പോകുന്ന ചുവന്ന വെളിച്ചം വിതറുന്ന ഇലക്ട്രിക് എക്സ്റ്റൻഷൻ ബോർഡ് കണ്ടു. കിനിഞ്ഞിറങ്ങുന്ന കണ്ണുനീർ തുടച്ച നനഞ്ഞകയ്യോടെ അവൾ അതിനടുത്തേക്ക് നടന്നു.

"അയ്യോ... മോളേ ...." പുറത്തുനിന്ന് അതുകണ്ട അമ്മ ഉച്ചത്തിൽ നിലവിളിച്ചു. നിലവിളിയുടെ വീചികൾ അകത്തേക്ക് ചെന്ന് കുഞ്ഞിൻറെ കാതിലെത്തിയോ എന്തോ; അവൾ ഒന്ന് അമാന്തിച്ചു നിന്നു.

പുറത്തുനിന്നവരുടെ ഉള്ളിൽ ഭീതിയുടെ പെരുമ്പറ മുഴങ്ങി. ഒന്നല്ല ഒരുപാടുവട്ടം.

ഒന്നമാന്തിച്ച് മകൾ വീണ്ടും കരഞ്ഞുകൊണ്ട് കതകിനടുത്തേക്ക് വന്നു.

സമയം- 10 .30
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും വിളിച്ചു.

"എന്തായി.. കാർപെന്റെർ വന്നോ?"

"എത്തിയില്ല ...."  അവളുടെ മറുപടിയോടൊപ്പം കോളിംഗ് ബെല്ലിന്റെ ശബ്ദം മുഴങ്ങി.

".... കാർപെന്റർ !"  തുടർച്ചയെന്നോണം അതുപറഞ്ഞ് അവൾ ഫോൺ കാട്ടുചെയ്തു.

ഗോൾഡ്എ സൂക്കിന്റെ ഭാഗത്തേക്ക് വണ്ടി തിരിച്ച് മുന്നോട്ടുപോകുമ്പോൾ ഞാൻ പറഞ്ഞു

"കാർപെന്റർ വന്നു..."

സമയം- 10 .35 
ആദ്യത്തെ അവലോകനത്തിൽ തന്നെ യു.പിക്കാരൻ കാർപെന്റർക്ക് കതകിന്റെ ലോക്കും ഹാൻഡിലും ഇരിക്കുന്ന ഭാഗം പൊളിക്കണം എന്ന് മനസ്സിലായി.

അയാൾ ചെറിയ ഉളി സഞ്ചിയിൽ നിന്നും പുറത്തെടുത്തു. ശക്തമായി അടിച്ച് ഹാന്ഡിലിന്റെ ഭാഗം പൊളിക്കാൻ ശ്രമംതുടങ്ങി.  ഫ്‌ളാറ്റിനുള്ളിലെങ്ങും ശബ്ദം മുഴങ്ങി ഒരു ഭീകരാന്തരീക്ഷം സംജാതമായി.

താൻ പിടിച്ചുനിൽക്കുന്ന കതകിൽ നിന്നും ശക്തമായ അടിയും ശബ്ദവും ഉയർന്നതുകേട്ട് മകൾ ഞെട്ടിത്തരിച്ചു. പേടിയോടെ അവൾ ഓടിച്ചെന്ന് കട്ടിലിലേക്ക് വലിഞ്ഞു കയറി. തലയിണയെടുത്ത് അതിൽകെട്ടിപ്പിടിച്ച് അലറിക്കരയാൻ തുടങ്ങി.  അവസാന രക്ഷയെന്നവണ്ണം മടക്കിവച്ചിരുന്ന പുതപ്പ് വലിച്ചെടുത്ത് അതിനകത്തേക്ക് വലിഞ്ഞു കയറി. എന്നിട്ട് തല പുറത്തിട്ട് പേടിയോടെ ആ ഭീകര ശബ്ദത്തിൻറെ പ്രഭവസ്ഥാനത്തേക്ക് നോക്കിക്കൊണ്ടിരുന്നു.  അവളുടെ കുഞ്ഞുശരീരം ഓരോ അടിക്കും ഞെട്ടുന്നുണ്ടായിരുന്നു.

"അമ്മാ... അമ്മാ..."  കാതുകളെ തുളയ്ക്കുന്ന നിലവിളി കാർപെന്ററുടെ ചുറ്റിയയുടെ അടിയോടൊപ്പം ലയിച്ചുചേർന്നു.  അമ്മ എന്തൊക്കെയോ ആശ്വസവചനങ്ങൾ പറയുന്നുണ്ട്. പക്ഷേ ആ കുഞ്ഞുമനസ്സിൽ നിറഞ്ഞു നിൽക്കുന്നഭീതിയെ അകറ്റാൻ അതൊന്നും പ്രാപ്തമായിരുന്നില്ല.

ഓരോ ചുറ്റികയടിക്കും അവൾ ഞെട്ടിക്കൊണ്ടേയിരുന്നു....
നിലവിളിച്ചുകൊണ്ടേയിരുന്നു.....
അതുകേട്ട് അമ്മയുടെ ഹൃദയം നുറുങ്ങിക്കൊണ്ടിരുന്നു....

സമയം- 10 .40 
കാർ അൽ യാർ മുക്കിലെത്തി.  നാട്ടിലെ റോഡിനോട് സാമ്യമുള്ള റോഡിലേക്ക് പൊടിപറത്തിക്കൊണ്ട് ഞങ്ങൾ എത്തുമ്പോൾ. മനസ്സ് നിറയെ ആകാംഷ, ഭയം... പറഞ്ഞറിയിക്കാനാകാത്ത വികാരങ്ങൾ മുട്ടിനിന്നു.  മുറിക്കുള്ളിലെ ഇലക്ട്രിക് എക്സ്റ്റൻഷൻ ബോർഡിനെക്കുറിച്ചോർത്തപ്പോൾ മനസ്സിലെ സമാധാനമെല്ലാം എങ്ങൊപറന്നുപോയിരുന്നു.  താമസിക്കുന്ന ഫ്‌ളാറ്റ് അവലിയൊരു പ്രുകൃതിദുരന്തഭൂമിയുടെ പ്രതീതി എന്നിലുണ്ടാക്കിയിരുന്നു.

നിമിഷങ്ങൾ.. ഭീതിയുടെ നിമിഷങ്ങൾ...

കസിന്റെ കാൽ ബ്രേക്കിലമർന്നു.

കാർ നിർത്തിയതും ഞാൻ ഇറങ്ങിയോടുകയായിരുന്നു.

സമയം- 10 .41 ഫ്‌ളാറ്റ് 
പൂട്ടിന്റെ അവസാന ബന്ധനവും പൊളിച്ച് ലോഹങ്ങൾ തമ്മിലുള്ള അവസാന ശബ്ദവും നിലച്ചു.  ഭ്രാന്തിയെപ്പോലെ അകത്തേക്കിരച്ചുകയറിയ  അമ്മ പേടിച്ചലറിക്കരയുന്ന മകളെ വാരിയെടുത്ത് തുരുതുരെ ചുംബിക്കാൻ തുടങ്ങി.  അമ്മയുടെ നെഞ്ചത്തെ സുരക്ഷിതത്വത്തിനുവേണ്ടി നിലവിളിച്ചുകൊണ്ടിരുന്ന കുഞ്ഞ് അതുകിട്ടിയപ്പോൾ സന്തോഷമോ സന്താപമോ എന്തെന്നറിയാത്ത ഒരു മുഖഭാവത്തോടെ അമ്മയെ ഇറുക്കിപ്പിടിച്ച് എന്തൊക്കെയോ പറയാൻ തുടങ്ങി.  താൻ അനുഭവിച്ച മാനസിക-ശാരീരിക വ്യഥ അമ്മയോട് അവൾക്കറിയാവുന്ന ഭാഷയിൽവിവരിക്കുക്കുകയാണ്.. അപ്പോഴും അവളുടെ വിറയലും ഞെട്ടലും മാറിയിരുന്നില്ല.

കതക്‌തുറന്ന് അകത്തേക്ക് കയറിയ ഞാൻ കണ്ടത് ഒരമ്മയുടെയും മകളുടെയും ആശ്ലേഷത്തിന്റെ ആ രംഗമാണ്.  അതിശയിപ്പിക്കുന്ന പറഞ്ഞറിയിക്കാനാകാത്ത ഒരു അമൂല്യബന്ധം ഞാൻ കൺമുന്നിൽ കണ്ടു.   അച്ഛനും അമ്മയും തമ്മിലുള്ള വ്യത്യാസം ഞാൻ മനസ്സിലാക്കി. അമ്മയെപറ്റിപ്പിടിച്ച് കിടന്ന് ലോകത്തോടുമൊത്തം ഞാൻ സുരക്ഷിതയാണെന്ന് വിളിച്ചുപറയുന്ന കുഞ്ഞിനുഭാവത്തിനുമുന്നിൽ എൻറെ സ്നേഹഭവങ്ങൾ പുതിയൊരു അർത്ഥം തേടി.

അമ്മയും കുഞ്ഞും. അമൂല്യഭാവങ്ങൾ. പൊക്കിൾകൊടിയിലൂടെ ഒമ്പതുമാസം പകർന്നുനൽകിയതൊന്നും പൊക്കിൾക്കൊടിബന്ധം വിട്ടാലും അവസാനിക്കുന്നില്ല. സ്വന്തം രക്തത്തിൻറെ രക്തവും, മാംസത്തിൻറെ മാംസവുമായി ഗര്ഭപാത്രത്തിന്റെ സുരക്ഷിതത്വത്തിൽ അവളെ മനുഷ്യരൂപമാക്കിമാറ്റി ലോകത്തിലേക്കു മാലാഖകുഞ്ഞുങ്ങൾക്ക് പിറവികൊടുക്കുന്ന അമ്മയെന്ന അതുല്യ ശക്തി.  അത് അന്നുഞാൻ എൻറെ കണ്മുന്നിൽ കണ്ടു.

എന്നെ കണ്ടതും അമ്മയുടെ തോളിൽക്കിടന്ന് അവൾ എന്നോട് തൻറെ ഭാഷയിൽ സംസാരിക്കാൻ തുടങ്ങി.  അതെന്താണെന്ന് എനിക്ക് വ്യക്തമായിരുന്നു.

ഞാൻ അമ്മയിൽ നിന്നും അവളെ വേർപെടുത്തി  എന്നിലേക്കടുപ്പിച്ചു.  ഞാൻ ചോദിക്കാതെ എൻറെ മകൾ എന്നെ കെട്ടിപ്പിടിച്ച് അന്നെനിക്ക് ഒത്തിരി ഉമ്മ തന്നു.  അവളുടെ കണ്ണീരിൻറെ ഉപ്പിൽക്കുതിർന്ന ശിശുഗന്ധവും മൃദുസ്പർശവും ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരുന്നു. 

സമയം- വൈകിട്ട് 6.10
മകളെ കുളിപ്പിച്ച് സുന്ദരിക്കുട്ടിയാക്കി ചേർത്തുപിടിച്ചപ്പോൾ ഞാൻ ഭാര്യയുടെ നെറ്റിയിൽ ഒരു ചുംബനം നൽകികൊണ്ട് ചോദിച്ചു.

"അപ്പോൾ വീക്കെൻഡ്? മെഗാമാളിൽ പോവുകയല്ലേ ??"

എൻറെ കൈത്തണ്ടയിൽ ഒരു ചൂട്‌സ്പർശനം നൽകികൊണ്ടവൾ പറഞ്ഞു.

"വേണ്ട...  നമുക്കെങ്ങും പോകണ്ട.  ഇന്ന് നമുക്കൊന്നിച്ചിരിക്കാം.... മോളെകെട്ടിപ്പിടിച്ച് .."

ഞാൻ ചിരിച്ചു. ചിരിക്കുകമാത്രം ചെയ്തു.