Sunday, February 21, 2016

ടൈംപീസ്‌ [ഷോർട്ട് ഫിലിം] - റിവ്യൂ


ടൈംപീസ്‌ എന്നഷോർട്ട് ഫിലിം കണ്ടു. 15 മിനുട്ടിൽ കൂടുതൽ ഉള്ള ഈ ഷോർട്ട്ഫിലിം ദൃശ്യചാരുതയാൽ സമ്പന്നമാണ്. ഒരു സത്യൻ അന്തികാട് സിനിമയുടെ കാഴ്ച ഭംഗി കാണാനാകും. ഗ്രാമവും, പുഴയും, വയലേലകളും, തെങ്ങിൻ തോപ്പുകളും (മണ്ട പോയതാണെങ്കിലും!) ഒക്കെ നന്നായി ഒപ്പിയെടുത്തിരിക്കുന്ന ക്യാമറമാന്റെ കഴിവിനെ അന്ഗീകരിക്കാതെ വയ്യ.

തുടക്കം ഒരു സിനിമയുടെ പോലെയാണ് ടൈംപീസ്‌ തുടങ്ങുന്നത്. ടൈറ്റിൽ, ഗാനം, സസ്പെന്സ് നൽകി ആകർഷണത്വം നിറച്ചു മുന്നേറുന്ന കഥാഘടന.

ഒരു വ്യക്തിയുടെ ജീവിതത്തിലും അതുപോലെ അയാളുടെ ഗ്രാമത്തിന്റെ തുടിപ്പിലും ചെറുതെങ്കിലും ഒരു ടൈംപീസ്‌ ചെലുത്തുന്ന സ്വാധീനം വർണ്ണിക്കാൻ സംവിധയകാൻ ശ്രമിച്ചിരിക്കുന്നു. ഓരോ ഷോട്ടും സിനിമയുടെ ഭംഗികൊണ്ടുവരൂവാൻ സംവിധയകാൻ ശ്രദ്ധിച്ചി ട്ടുണ്ട്. ഒരു ലോങ്ങ്‌ഫിലിം ആയിരുന്നെങ്കിൽ ഇനിയും കുറേകൂടി കഥ വികസിപ്പിച്ചു നന്നാക്കാൻ കഴിയുമായിരുന്നു എന്ന് കണ്ടു കഴിയുമ്പോൾ നമുക്ക് തോന്നിപ്പോകും.


വെറുതെ സമയംകൊല്ലാൻ എടുത്ത ഒരു ഷോർട്ട്ഫിലിം അല്ല ഇത് എന്ന് കണ്ടുകഴിയുമ്പോൾ നമുക്ക് മനസ്സിലാകും. വളരെ സീരിയസ്സായി ചിന്തിച്ച് അടുക്കും ചിട്ടയുമായി ഫ്രേമുകൾ ഒരുക്കിയിരിക്കുന്നു.

അഭിനേതാക്കളുടെ പ്രകടനം കൂടി എടുത്തുപറയേണ്ടതാണ്. പ്രത്യകിച്ചു അമ്മയും കുട്ടിയും, ചായക്കടയും ഒക്കെ. തുടക്കവും ഒടുക്കവും ഉള്ള സമരക്കാരുടെ മുദ്രാവാക്യം വിളിക്ക് ശക്തി ഒന്നുകൂടെ ആകാമായിരുന്നു. കൂലി സമരക്കരാണോ എന്ന് തോന്നുന്ന ഒരു മുദ്രാവാക്യം വിളി. എങ്കിലും അതിന്റെ പാശ്ചാത്തലം അതിഗംഭീരം ആയി ചിത്രീകരിച്ചിട്ടുണ്ട്. അല്ലെങ്കിലും ഏതു ഷോർട്ട് ഫിലിമിന്റെയും ജീവനാഡി കഥയും ക്യാമറയും ആണല്ലോ.


കഥ പെട്ടെന്ന് തീർന്നുപോയ പോലെ തോന്നി. അത് ഏതു ഷോർട്ട് ഫിലിമിന്റെയും പോരയ്മതന്നെ ആണല്ലോ. പ്രമേയം ഇത്തിരി കൂടെ ശക്തമായിരുന്നേൽ ഒരു നല്ല സിനിമ കണ്ട അനുഭൂതി നൽകുമായിരുന്നു.

മൊത്തത്തിൽ പറഞ്ഞാൽ, പരിമിതി ക്കുള്ളിൽനിന്ന് തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു. പശ്ചാത്തലം, എഡിറ്റിങ്ങ്, അവതരണം ഒക്കെ നന്നായിട്ടുണ്ട്. ഒരു വട്ടം കണ്ടാൽ ഒരിക്കൽ കൂടി കാണാൻ നമ്മെ പ്രേരിപ്പിക്കുന്ന ത് നല്ലത് തന്നെ എന്ന് പറയണം. ടൈംപീ സിന് അത് കഴിഞ്ഞിട്ടുണ്ട്.

അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.

link: 

Thursday, February 11, 2016

അമ്മക്കുള്ള സമ്മാനം

ജനുവരി.  ഹോർ  അൽ അൻസിലെ തണുത്ത പ്രഭാതം-ബെഡ് റൂം

ദുബായ് എയർപോർട്ടിന്റെ മൂന്ന് ടെർമിനലുകളിൽ നിന്നും വായുവിലേക്ക് ചീറിപ്പാഞ്ഞ് ഉയർന്ന് അൽഷാബ് കോളനിയുടെ മുകളിലൂടെ ഇടവിട്ടിടവിട്ട്‌ പറന്നകലുന്ന ചെറുതും, വലുതുമായ വിമാനങ്ങൾ.

ചീവീടുപോലെ മൊബൈലിൽ നിന്നുയുരുന്ന അലാറം കേട്ട് പുതപ്പിനുള്ളിലെ ചൂടിൽ നിന്നും, 12-14 ഡിഗ്രിയിലേക്ക് ഇറങ്ങുമ്പോൾ ഉണ്ടാകുന്ന മടുപ്പുമായി ബാത്ത്റൂമിലേക്ക്. അവിടെ കള്ളുകുടംചാരിവച്ചിരിക്കുന്നപോലെ ഫിറ്റുചെയ്തിരിക്കുന്ന ഹീറ്ററിൽ നിന്നും ഇറ്റുവീഴുന്ന ചൂടുവെള്ളത്തിലേക്ക് അഭയം പ്രാപിച്ചു.

കട്ടനും മോന്തി ഗൾഫ് ന്യൂസിന്റെ ഹെഡ് ലൈനുകളിലൂടെ കണ്ണോടിക്കവേ അന്തരീക്ഷത്തിൽ നിന്നെന്നവണ്ണം ഒരു കുട്ടിച്ചെകുത്താൻ മുന്നിൽ ചാടിവീണു. പിന്നെ ഒരു കാരണം ഒന്നുമില്ലെങ്കിലും  അതൊന്നുണ്ടാക്കി ഭാര്യയുമായി എന്നെക്കൊണ്ട് അവൻ ഒരു ഉടക്കുണ്ടാക്കി. അങ്ങോട്ടും ഇങ്ങോട്ടും പൊട്ടലും, ചീറ്റലും....

അൽപനേരം മുമ്പുവരെ ഒരേപുതപ്പിനുള്ളിൽ പറ്റി ച്ചേർന്നുറങ്ങിയവർ മുഖം വീർപ്പിചിരിക്കുന്നത് കണ്ടപ്പോൾ കുട്ടിച്ചെകുത്തനുസന്തോഷം ആയി. "മിഷൻ സക്സസ്..." അവൻ ജനൽവഴി അൽ യാസ്മിൻ ബിൽഡിങ്ങും, അബു ഹയിൽ മെട്രോസ്റ്റെഷനും മുകളിലൂടെ പമ്പകടന്നു.

ഇതിനിടയിൽ, മരംകോച്ചുന്ന ആ തണുപ്പിൽ, ഭാര്യ എട്ടുവയസ്സുകാരി, മൂന്നാം ക്ലാസ്സ് സ്റ്റുഡന്റിനെ കുത്തിയുണർത്തി. വെളുപ്പാൻകാലത്ത് കൊച്ചുപിള്ളേരെ സ്കൂളിൽ അയക്കുന്ന സിസ്റ്റത്തെ ചീത്തവിളിക്കുന്നത് എന്നോടുള്ള ദേഷ്യം കാരണമാണെന്ന് എനിക്കറിയാം. എന്റെ കണ്ണ് ഗൾഫ് ന്യൂസിന്റെ പേജുകളിൽ തന്നെ ഒട്ടിപ്പിടിച്ചിരുന്നു. പതിവിനുവിപരീതമായി അന്ന് മകൾക്ക് കുളിപ്പിക്കുമ്പോഴും, യൂണിഫോം ഇടുമ്പോഴും ചൂടുവാക്കുകൾ കിട്ടിക്കൊണ്ടിരുന്നു.  തലേദിവസം രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഉള്ള അന്തരീക്ഷം അല്ല മുന്നിലിപ്പോൾ എന്ന് മകൾക്ക് മനസ്സിലായി എന്ന് തോന്നുന്നു.

കുട്ടിച്ചെകുത്തൻ വീണ്ടും കയറിവന്നോ എന്നനിക്കറിയില്ല. പെട്ടെന്ന് നിയന്ത്രണാതീതമായ കോപം എവിടുന്നോ കയറിവന്ന് ബാഗും മൊബൈലും എടുത്ത് യാത്രപോലും പറയാതെ ഞാൻ കതകും വലിച്ചടച്ചു പുറത്തിറങ്ങി. അപ്രതീക്ഷിതമായ എന്റെ പ്രവൃത്തിയിൽ നിസ്സഹായാവസ്ഥയിൽ നാലുകണ്ണുകൾ പിന്നിൽ നിന്ന് നോക്കുന്നത് ഞാൻ അറിഞ്ഞില്ല.

"എന്താമ്മേ പപ്പാക്ക് പറ്റിയെ ..?"  ഫ്ലാറ്റിന്റെ പടവുകൾ ഇറങ്ങുമ്പോൾ മകളുടെ അമ്മയോടുള്ള ചോദ്യം എന്റെ ചെവികളിൽ ചിലമ്പിച്ചു നിന്നു.

ശക്തമായ കാറ്റ്. ഹോർ അൽ അൻസിൽ പ്രഭാതം പൊട്ടിവിടർന്ന് സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെളിച്ചത്തിൽ നിഴലുകൾ പോലെ നടന്നു നീങ്ങുന്ന ആൾക്കാർ.  തലക്കുമീതെ എമിറേറ്റ്സിന്റെ വലിയൊരു എ-380 വിമാനം പറന്നുയരുന്നു. അപ്പോൾ തണുപ്പ് എന്റെ ജാക്കറ്റിന്റെ പുറത്തു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശരീരവുംമനസ്സും ചൂടിൽ തന്നെയായിരുന്നു.

വൈകുന്നേരം- അൽ ഷാബ് കോളനി
ജോലിയിലെടെൻഷൻ ആണൊ, അതോ വീട്ടിലെടെൻഷൻ ആണൊ വലുത് എന്ന് അന്നോഴികെ ഞാൻ ഒരിക്കലും ആലോചിച്ചിട്ടില്ല.  ഒരിക്കലും വീട്ടിൽ കോപാകുലൻ ആകാത്ത ഞാൻ ഇന്നെന്താണ് ഇങ്ങിനെ? കോപവും ശാന്തതയും എല്ലാം നമ്മൾ തന്നെയാണ് ഉണ്ടാകുന്നത്എന്നാണ് ഇതുവരെ ചിന്തിച്ചിരുന്നത്. എന്നാൽ ഇന്ന്..... ഇന്ന് എല്ലാം തലതിരിഞ്ഞു പോയി. ജോലിക്ക് പോകും മുമ്പ് എന്നും മകൾക്ക് കൊടുക്കാറുള്ള ചുടുചുംബനം പോലും മറന്നുപോയി.  ഒരു ചെറുചുംബനത്തിന്റെ കുറവ് ഇത്രമേൽ വേദന സമ്മനിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ആ നൊമ്പരത്തിന്റെ കയ്പ്നീർ ഞാൻ രുചിക്കവെ ബസ്സ് തലാൽ സൂപ്പർ മാർക്കറ്റിന്റെ മുന്നിൽ നിർത്തി.

ഞാൻ പുറത്തിറങ്ങി. മകളെ ട്യൂഷൻ കഴിഞ്ഞ് വിളിക്കണം.

അവളുടെ കുഞ്ഞിക്കയ്യും പിടിച്ച് വീട്ടിലേക്ക് നടക്കവെ, പതിവുപോലെ അവൾ വാചാലയാകുന്നില്ല.  മിഠായി വേണമെന്നോ, കളിപ്പാട്ടം വേണമെന്നോ കൊഞ്ചി പറയുന്നില്ല. അവസാനം ഞാൻ നിശബ്ദത ഭഞ്ചിച്ചു.  "മോൻ എന്താ ഒന്നും മിണ്ടാത്തെ?"

"ഒന്നൂല്ല...." എന്തോ ആലോചനയിൽ എന്നപോലെ അവൾ പറഞ്ഞു.

"പപ്പാ, അമ്മയോട് സത്യമായിട്ടും കെറുവാണോ ?" ഞാൻ ഒരു നിമിഷം ആലോചിച്ചു. ഇവളോട്‌ കള്ളം പറയുന്നത് എങ്ങിനെ?

"ഇപ്പോൾ ഇല്ല... എന്നാൽ രാവിലെ ഉണ്ടായിരുന്നു" എന്റെ മുഖത്തേക്ക് മാത്രം മിഴികൂർപ്പിചിരിക്കുന്ന അവളുടെ കുഞ്ഞിക്കണ്ണുകളിലെ ആകാംഷ ഞാനറിഞ്ഞു.

"സത്യം?"
"അതെ സത്യം. ഇപ്പോൾ ഒരു വിരോധവും ഇല്ല"
"ങും.... ബട്ട്‌ പപ്പാ, പപ്പയ്ക്കറി യാമോ..ഗോഡ് പപ്പയോടു ദേഷ്യം ആയിരിക്കും...!!"

"വൈ??" ഞാനൊന്നു ചിരിച്ചു. അവൾ നടത്തയുടെ  വേഗം കുറച്ചു. കൈ ഉയർത്തി സംസാരിക്കാൻ തുടങ്ങി.

"അമ്മ ഇന്നു രാവിലെ കരഞ്ഞു.... എൻറെ അമ്മ..." അവളുടെ കണ്ണുകൾ ഈറൻ അണിയുന്നുണ്ടോ? അതോ പടിഞ്ഞാറേക്ക് ഇറങ്ങിപ്പോകുന്ന സൂര്യൻ കാരണം എൻറെ കാഴ്ച മങ്ങിയതോ? ഞാൻ അവളെ ചേർത്ത്പിടിച്ചു.

"ഗോഡ് വിൽ പണിഷ് യൂ.... ഹീ ഈസ് ആങ്ഗ്രി .."

"ഇല്ലെടാ... ഐ ലവ് യൂ ബോത്ത്‌...." ഞാൻ പിടിത്തും വിട്ടില്ല. അവൾ വീണ്ടും കൈയ്യെടുത്ത് ആങ്ങ്യം കാണിച്ച് സംസാരിക്കുകയാണ്

"ങ്ഹും...പപ്പാ.. പപ്പയ്ക്കറിയാമോ  അമ്മ എത്രകഷ്ടപെടുന്നു എന്ന്. രാവിലെ നമ്മളെക്കാൾ മുമ്പ് എണീറ്റ് നമുക്ക് കാപ്പിയും ഫുഡ്ഡും എല്ലാം ഉണ്ടാക്കിത്തരില്ലേ?... എന്നെ എത്ര കഷ്ടപ്പെട്ടാണ് അമ്മ നോക്കുന്നത്... എനിക്ക് എല്ലാം ഉണ്ടാക്കി ത്തരുന്നത് അമ്മ... സ്കൂളിൽ വിടുന്നതും, വിളിച്ചുകൊണ്ടു വരുന്നതും അമ്മ ...എല്ലാം ചെയ്യുന്നത് നമ്മുടെ അമ്മയല്ലേ? പപ്പായെ സഹായിക്കുനതും അമ്മയല്ലേ...."

എനിക്കൊന്നും പറയാനില്ലായിരുന്നു. ചിലപ്പോൾ കുഞ്ഞു മനസ്സുകളുടെ മുമ്പിൽ പോലും നമ്മൾ തല കുനിക്കേണ്ടി വരും. പാപബോധം അതിൻറെ പാരമ്യത്തിൽ നിൽക്കുമ്പോൾ പ്രായപരിധിയുണ്ടോ?. എൻറെ നിശബ്ദതയിൽ അവൾ എന്തോ മനസ്സിലാക്കി. എൻറെ കരം അമർത്തിപ്പിടിച്ചുകൊണ്ട് അവൾ തുടർന്നു,

"പപ്പയ്ക്ക് അറിയുമോ .... ഇത്രമാത്രം കഷ്ടപ്പെടുന്നതിനാലാണ് അമ്മമാരെ നമ്മൾ 'മാതാവ്' എന്ന് വിളിക്കുന്നത്" !

മാതാവ്....! മാതാവിൻറെ അർത്ഥവ്യാപ്തി ഒരു കുഞ്ഞിൽ നിന്നും ഗ്രഹിക്കെണ്ടിവന്നപോലെ ഞാൻ ഒന്ന് പരിഭ്രമിച്ചു പോയി. എന്നെക്കാൾ അവൾ വളർന്നു വലുതായപോലെ എനിക്ക് തോന്നിപ്പോയ നിമിഷം. എൻറെ മുഖം ആ മുഖത്തെത്തി. അവളെ ഗാഡമായി ആലിംഗനം ചെയ്ത്, എത്രയോ സ്നേഹചുംബനങ്ങൾ ഞാൻ നൽകി. പാതയുടെ ഓരത്താണെന്ന് പോലും ഞാൻ മറന്നുപോയി.

"സോറി ഡാ...ഐ ആം വെരി സോറി...എനിക്ക് പിണക്കമൊന്നും ഇല്ല ..എല്ലാം ഒരു തമാശയല്ലേ..."

"പപ്പാ... പ്ലീസ്... ഇതുപോലുള്ള തമാശ നമുക്ക് വേണ്ട....ഗോഡ് വിൽ പണിഷ് അസ്.."

അവളുടെ കൊഞ്ചലിൽ നൊമ്പരം മാറി പുഞ്ചിരി ആ കവിളിലേക്ക് അതിക്രമിച്ചു കയറുന്നത് ഞാൻ കണ്ടു.  നിമിഷം കൊണ്ട് അവൾ സന്തോഷവതിയായി. ഉള്ളിലൊതുക്കിവച്ചിരിക്കുന്ന വലിയൊരു ഭാരം എവിടെയോ ഇറക്കി വച്ചപോലെ എനിക്ക് അനുഭവപ്പെട്ടു. ഞാൻ അവളുടെ കൈകളിളല്ല, അവൾ എൻറെ കൈകളിൽ പിടിച്ചിരിക്കുന്ന പോലെ എനിക്ക് തോന്നി.

മുന്നോട്ടു നടക്കുമ്പോൾ അവൾ വീണ്ടും കൊഞ്ചി..."പപ്പാ... ഞാനൊരു കാര്യം പറഞ്ഞാൽ നോ പറയുമോ?"

"എന്താ..."

"നോ പറയരുത് പ്ലീസ്.. അമ്മ ഒത്തിരി വിഷമിച്ചതല്ലെ. നമുക്ക് അമ്മയെ ഒന്ന് സന്തോഷിപ്പിക്കണം..... എഗ്രീഡ്‌ ?"

"എഗ്രീഡ്‌ .."

നമുക്ക് ഇപ്പോൾ അമ്മക്ക് ഏറ്റവും ഇഷടപെട്ട എന്തെങ്കിലും വാങ്ങികൊടുക്കാം.."

"എന്താണ് കൊടുക്കുക?? " കൂട്ടം, കൂട്ടമായി ആകാശ മുറ്റത്ത് പറന്നു നടക്കുന്ന പക്ഷിക്കൂട്ടങ്ങളിൽ നിന്നും ഞാൻ അവളിലേക്ക് കണ്ണ് തൊടുത്തു.

"ഗോൾഡ്‌..??"

ഞാനൊന്നമ്പരന്നു." ഗോൾഡോ " എൻറെ ചോദ്യത്തിൻറെ അർഥം അവൾക്കു മനസ്സിലായി.

"എന്നാൽ ചുരിദാർ..?

"ചുരിദാറോ? ഇപ്പോളോ?"

"പപ്പാ,,അമ്മക്ക് ഇതുരണ്ടുമാണ് ഏറ്റവും ഇഷ്ടം ഉള്ളത്.... ഇതല്ലാതെ പിന്നെന്താ?" അവൾ നടത്തക്കൊപ്പം ചിന്തക്കും വേഗം കൂട്ടി.

അവസാനം ഇത്തിരി കൂടി മുന്നുട്ടു നടന്നു. വിലകൂടിയ സമ്മാനങ്ങൾ വരുത്തിവയ്ക്കുന്ന സാമ്പത്തിക ബാദ്ധ്യത അറിഞ്ഞിട്ടാണോ എന്തോ അവസാനം അവൾ ഒരു ചെറിയ സമ്മാനത്തിന്റെ പേര് പറഞ്ഞു. ഞാനത് സമ്മതിച്ചു.

ഞങ്ങൾ അൽ സഫിയ സൂപ്പർമാർക്കറ്റിലേക്ക് കയറി.അവൾക്ക് ഒരു ലോലിപോപ്പ്, അവളുടെ അമ്മക്ക് ഞങ്ങൾ തീരുമാനിച്ച സമ്മാനം ഒക്കെ വാങ്ങി പുറത്തിറങ്ങുമ്പോൾ മുന്നിലെ മസ്ജിദിൽ  നിന്നും അദാൻ മുഴങ്ങിത്തുടങ്ങി.

രാത്രി. ഫ്ലാറ്റ് നമ്പർ ബി-102 
കോളിംഗ് ബൽ മുഴങ്ങി. വിഷാദത്തിൽ മുങ്ങിയ മുഖത്തോടെ ഭാര്യ വന്ന് കതക് തുറന്നു. നിശബ്ദമായി ഞങ്ങൾ ബെഡ് റൂമിലേക്ക് കയറി. പെട്ടെന്ന് അവൾ തിരിഞ്ഞു നിന്നു. പൊന്തിവരുന്ന ഈറൻ ആ നയനങ്ങളിൽ ഞാൻ കണ്ടു. അവൾക്കു പിടിച്ചു നിൽക്കാനായില്ല. " സോറി.... ഒത്തിരി സോറി..."  ഇതും പറഞ്ഞ് എൻറെ നെഞ്ചിലേക്ക് അവൾ വീണു. ഞാൻ ആ മുഖം പിടിച്ചുയർത്തി. എൻറെ നെഞ്ചിലേക്ക് ആശ്വാസം കണ്ടെത്തി ചേക്കേറിയ ആ മുഖത്തും, തലമുടി ചുരുളുകൾ ക്കിടയിലൂടെയും എൻറെ കരങ്ങൾ ഇഴഞ്ഞു നടന്നു.എൻറെ  നെഞ്ചിൽ ഊറിക്കൂടുന്ന അവളുടെ കണ്ണുനീർ കണങ്ങളുടെ സാന്ദ്രത എനിക്കപോൾ അളക്കമായിരുന്നു.

"പോട്ടെ..... മറന്നുകള .." ഞാൻ കരങ്ങൾ വിടർത്തി അമ്മയെയും മകളെയും വരിഞ്ഞു പിടിച്ചു.

"അമ്മാ... അമ്മക്ക് പപ്പയുടെ ഗിഫ്റ്റ്...!!" സഫിയ സൂപ്പർ മാർക്കറ്റിന്റെ കവർ മകൾ തുറന്നു കാണിച്ചു.  ഭാര്യ ആ കവർ പിടിച്ചുവാങ്ങി. സമ്മാനം കണ്ട് അവൾ ഉറക്കെ ചിരിച്ചു. ഞാനും ചിരിച്ചു.... ഞങ്ങൾ മൂന്നും ചിരിച്ചു. ആ ചിരിയുടെ അലകൾ ജനൽ വഴി അൽ ഷാബ് കോളനിയും കടന്ന്, ഹോർ അൽ അൻസും, മംസാർ റോഡും കടന്ന് കടലിലെവിടെയോ പോയി ലയിച്ചു.

ആ വിലയേറിയ ഗിഫ്റ്റ്‌ അവൾ പുറത്തെടുത്തു. ആർ. ജെ. ഫുഡ്സ്, അജ്മാൻ, യു.എ. ഇ എന്നെഴുതിയ ഒരുപാക്കറ്റ് കടല മിഠായി!!

അൽ ഷാബിൽ രാത്രി വന്ന് പുതപ്പു വിരിച്ചു. പുറത്ത് മൂന്ന് ടെർമിനലുകളിൽ നിന്നും നിന്നും മിനിട്ടുകൾ ഇടവിട്ട്‌ പറന്നു പൊങ്ങി വളഞ്ഞുപുളഞ്ഞു വിമാനങ്ങൾ ലോകത്തിൻറെ വിവിധ കോണുകളി ലേക്ക് നീങ്ങിക്കൊണ്ടിരുന്നു.  വലിയ ശബ്ദം മൂളലായി മാറി, പിന്നെ പൊട്ടുപോലെ, ചെറു നക്ഷത്രം പോലെ  ദൂരത്തിന്റെയും അന്ധകാരത്തിന്റെയും യവനികയ്ക്കുള്ളിൽ ആ വലിയ പക്ഷികൾ അപ്രത്യക്ഷമായി.

ആകാശം വീണ്ടും തണുപ്പിൻറെ വാതിൽ തുറന്നിട്ടു. കടല മിഠായിയും ചായയും നുണഞ്ഞിരിക്കുമ്പോൾ ഞാൻ പ്രിയതമയോട് ചോദിച്ചു.

"ഈ അമ്മമാരെ 'മാതാവ്' എന്ന് വിളിക്കുന്നത്‌ എന്തിനാണെന്ന് അറിയുമോ നിനക്ക്?"

"എന്തിനാ??"

ഞാൻ ചിരിച്ചു... എന്നിട്ട് മകളെ ചൂണ്ടി ക്കൊണ്ട് പറഞ്ഞു.

"അവളോട്‌ ചോദിക്ക്.... അവൾക്ക് എല്ലാരെക്കാളും അതിൻറെ അർത്ഥം അറിയാം..."
-------------------------------------------------------------------------------------------------------