Monday, February 25, 2013

പ്രിയതമക്ക് ഒരു പ്രണയ ലേഖനം

എന്‍റെ സുപ്രഭാതാങ്ങളില്‍ രാവിന്‍റെ  തലോടല്‍ ഏറ്റ്‌  സുഖസുഷുപ്തിയില്‍ നിന്നും  ഉണര്‍ന്ന്  വിടര്‍ന്നുവരുന്ന  നറുപുഷ്പമാണ്‌  നീ .... നിന്നെ  തലോടുവാന്‍, നിന്നെ ലാളിക്കാന്‍, നിന്നെ അറിയുവാന്‍ എന്‍റെ പ്രഭാതങ്ങള്‍ വെമ്പുന്നു. എന്‍റെ സ്നേഹം നിന്നിലൂടോഴുകി ആ പരിമളം ലോകം മുഴുവന്‍ പരക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചുപോകുന്നു.   എന്‍റെ  പ്രിയയാണ്‌ എന്‍റെ  സമ്പത്തെന്നും അവളുടെ അനുരാഗമാണ്  എന്‍റെ ജീവത്മാവെന്നും ഈ  ലോകം  മുഴുക്കെ വിളിച്ചറിയിക്കുന്നത്ര പരിമളം .


ഈ ലോകം മുഴുവന്‍ നശ്വരതയില്‍  ഉറങ്ങുമ്പോഴും എന്‍റെ മനസ്സിന്‍റെ ചാരെ നീ എന്നെ ഉറക്കമില്ലാത്തവനാക്കുന്നു.  എന്‍റെ നയനങ്ങള്‍ക്ക് ഉറക്കത്തെക്കാള്‍ പ്രിയം നിന്നുടെ വദനദര്‍ശനസുഖം മാത്രം.  ആത്മാവിന്‍റെ കോണില്‍ അനന്തമായി നീണ്ടുനിവര്‍ന്നു കിടക്കുന്ന നിന്‍റെ സ്നേഹമാകുന്ന മുടിയിഴകള്‍ ഞാന്‍ തഴുകി ഉറക്കട്ടെ ... നിന്‍റെ  നിര്‍മ്മലമായ പുഞ്ചിരിയില്‍ ഞാന്‍ ഈ ലോകം മറന്നു പോകട്ടെ ... നിന്‍റെ ചുണ്ടുകള്‍ക്കിടയിലെ മുല്ലമൊട്ടുകള്‍ എന്‍റെ  പരാജയമായി മാറുന്ന നിമിഷം  ഞാന്‍ എന്‍റെ പ്രണയത്തെ നിന്നിലേക്ക്‌ അര്‍പ്പിക്കട്ടെ.  സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ വയ്ക്കുന്ന ഇളംസ്പര്‍ശനം എന്‍റെ  മനസ്സിന്‍റെ  കോണുകളില്‍ നിന്നും പറന്നു, പരന്നുയരട്ടെ.

നീയെന്‍റെ  എല്ലാമെല്ലാമാണ്. ആരെയൊക്കെയോ എന്‍റെ വഴിത്താരയില്‍ എനിക്ക്  നഷ്ടമായോ അതൊക്കെ ഞാന്‍ നിന്നിലൂടെ കണ്ടെത്തി. ആത്മാവിന്‍റെ  വേദന കണ്ണീര്‍ക്കണമായി ഒലിച്ചി റങ്ങവെ  നിന്‍റെ  കര സ്പര്‍ശനമാകുന്ന ദൈവീക സ്വാന്ത്വനം ഒരു തണലായി എന്നിലേക്കിറങ്ങി  ആ നൊമ്പരം ഒപ്പിയെടുത്തു.

ഭാര്യ എന്ന തിന്‍റെ  പൂര്‍ണ്ണ അര്‍ത്ഥം നിന്നിലൂടെ ഞാന്‍ അനുഭവിച്ചറിഞ്ഞു . അതിന്‍റെ തത്ത്വം, അതിന്‍റെ പൊരുള്‍, അതിന്‍റെ  ചേതന , മൂല്യത  എല്ലമെല്ലാം നീയെനിക്കു പകര്‍ന്നു തന്നു. കൊക്കുരുമ്മി കഥകള്‍മെനയുന്ന പക്ഷികള്‍പോലെ അനശ്വര കാവ്യങ്ങളിലെ പ്രണയത്തിന്‍റെ ചൂടും, ചൂരും  എന്നിലേക്ക്‌ പകര്‍ത്തി ഒരു പങ്കാളിയുടെ പരിപാവനത എന്നില്‍ നീ നിറച്ചു തന്നു.

എന്‍റെ  ജന്മത്തിനു ശേഷം ഈശ്വരനു  വര്‍ഷങ്ങള്‍ വേണ്ടിവന്നു  എനിക്കൊത്ത ഒരു പങ്കാളിയെ മെനയുവാന്‍. ആ വര്‍ഷങ്ങളില്‍ ദൈവം എന്നെ പഠിച്ചു .  എന്‍റെ മനസ്സിനെ തൊട്ടറിഞ്ഞു. രുചിച്ച റിഞ്ഞു .  എന്‍റെ  സ്വപ്നങ്ങള്‍, എന്‍റെ  ചിന്തകള്‍, എന്‍റെ  ചലനങ്ങള്‍, എന്‍റെ  പ്രണയ മുത്തുകള്‍, എന്‍റെ  നിശബ്ദ  വികാരങ്ങള്‍ എവയെല്ലമാകുന്ന എന്‍റെ  വാരിയെല്ലുകള്‍ പറിച്ചെടുത്ത് നിന്നെ മേനെഞ്ഞെടുത്തു. ഞാന്‍ എന്ത് ചിന്തിച്ചുവോ അതായിരുന്നു നിന്‍റെ രൂപം.  ഞാന്‍ എന്ത്ചലനം പ്രതീക്ഷിച്ചുവൊ അതായിരുന്നു നിന്‍റെ  വികാരം. ഞാന്‍മെനഞ്ഞ പ്രണയമുത്തുകള്‍ നീ കൊരുത്തെടുത്തുഹാരമായി, ഉപഹാരമായി  എനിക്ക് തന്നു.  എന്‍റെ  നിശബ്ദവികാരങ്ങള്‍നിറഞ്ഞ വികാരങ്ങളായി  നീ തിരിച്ചു നല്‌കി.

എന്തിനാണ് ഇനി എനിക്കൊരു ജന്മം? എന്തിനാണ് ഇനി എനിക്കൊരുപെണ്‍ സ്പര്‍ശനം ? ഈ ജന്മത്തില്‍ കിട്ടിയ മുത്ത്‌  ഞാന്‍ എങ്ങനെ അടുത്ത ജന്മത്തിലേക്ക്  മാറ്റിവയ്ക്കും?  എനിക്ക് ഈ ജന്മം മാത്രം മതി.  നിന്‍റെ  മടിയില്‍ കിടന്നുറങ്ങുന്ന കാമുകനായി എനിക്ക് ഈ ജന്മംമുഷുവന്‍ കഴിഞ്ഞാല്‍മതി. അതെന്‍റെ ചെറിയ ആഗ്രഹവും വലിയ സന്തോഷവും ആകുന്നു. അതിനു വേണ്ടി ഞാന്‍ ഈശ്വരനു  മുമ്പില്‍ കൈകള്‍ കൂപ്പുന്നു..... 

നിന്‍റെ  വേദന  എന്‍റെയും വേദനയാകുന്ന നിമിഷങ്ങളില്‍  അത് നേര്‍ത്തു  ... നേര്‍ത്ത്  അലിഞ്ഞു പോകുന്നത് ഞാന്‍ അറിയുന്നു. നിന്‍റെ  ഒരു തലോടല്‍, ഒരു സ്പര്‍ശനം .... അതുമതി എന്‍റെ സ്വപ്നങ്ങള്‍ എല്ലാം ഒന്നിച്ചു പൂവണിയുവാന്‍.  ആ തലോടല്‍ ആകുന്ന വസന്തം നോമ്പരങ്ങള്‍ക്ക് കുളിരാകുന്ന ഭിഷ്വഗരന്‍ ആയിമാറുന്നു .

പ്രഭാതത്തില്‍ മഞ്ഞു കണങ്ങളുടെ പരിശുദ്ധി  നീയെനിക്കു തരുമ്പോള്‍, ഉദിച്ചുയരുന്ന പകലോ ന്‍റെ  തെളിച്ചം എന്നിലൂടെ നീയറിഞ്ഞു. കാമമാകുന്ന സര്‍പ്പത്തെ  മകുടിയൂതിയുറക്കുന്ന സ്നേഹമാകുന്നു നിന്നുടെ പുഞ്ചിരി. ആ പുഞ്ചിരിക്കപ്പുറം  ഒരു ലോകം എനിക്കില്ല. ആ കൊഞ്ചലുകള്‍ക്കതീതമായി  വേറൊരു ചിന്ത എനിക്കില്ല.  നാനാവര്‍ണ്ണങ്ങള്‍  കൂടിചേര്‍ന്നലിഞ്ഞ്  വരുന്ന തൂവെള്ള മൃദു സ്പര്‍ശനം ഞാനറിഞ്ഞു പൊകുന്നു.

നീ എന്‍റെ  സ്വന്തം.  എന്‍റെ  മാത്രം.  നീ സ്നേഹത്തിന്‍റെ  കോവില്‍.  സഹനത്തിന്‍റെ  രൂപം. പങ്കിടീലിന്‍റെ  പ്രതീകം. കാതുകള്‍ക്ക് അരുമയായ വീചികള്‍, എന്നിലെ കുട്ടിത്തത്തെ മടക്കി കൊണ്ട് വരുന്ന കൊഞ്ചലുകള്‍ . ...

കാറ്റും കടലും മാറിയേക്കാം . ..  തിരമാലകള്‍ നിലച്ചേക്കാം. സൂര്യന്‍ തന്‍റെ  പ്രയാണം കിഴക്കുനിന്നും മാറ്റിയേക്കാം . .. എന്നാല്‍ നിന്‍റെ സ്നേഹം, അതില്‍ എന്‍റെ സ്നേഹം .... അത് എന്നെങ്കിലും മാറുമോ? അത് മറക്കാനാകുമോ ? നമ്മുടെ സ്നേഹം ഇല്ലെങ്കില്‍  ഈ ലോകമുണ്ടോ? പകലും രാതിയും ഉണ്ടോ? മഞ്ഞും, മഴയും, കുളിരും, വസന്തവും, വേനലും ഒക്കെയുണ്ടോ?

നമ്മുടെ സ്നേഹമില്ലാത്ത ഒരു ലോകം ..... അവിടൊന്നുമില്ല . അന്ധത മാത്രം. മൂകത മാത്രം. ഗൂഡമായ  അന്ധകാരം. .... അതി ഗൂഡമായ മൂകത ... അത്രമാത്രം.

എന്ന് ..... ഈ ലോകത്ത് ആരാണോ നിന്‍റെ മാത്രം .... ആരാണോ നിന്‍റെ  സ്വന്തം ....
------------------------------------------------------------------------------------------------------------
എന്‍റെ  പ്രിയതമയുടെ ജന്മദിനത്തില്‍ അവള്‍ക്കെഴുതിയ  ഒരു  കത്ത് .  ഈ ലോകത്ത് ഭാര്യമാരെ  ആത്മാര്‍ഥമായി സ്നേഹിക്കുന്ന  എല്ലാ ഭര്‍ത്താക്കന്മാര്‍ക്കും ഇത് സമര്‍പ്പിക്കുന്നു ....