Tuesday, October 12, 2010

സുന്ദര സ്മരണകള്‍ - സീ ബ്രീസിലെ അന്തേവാസി (ചെറുകഥ)


ഓര്‍മകള്‍ എത്ര സുന്ദരമാണ്! ഓര്‍മകള്‍ ഇല്ലാത്ത ഒരു മനസ്സ് തീര്‍ച്ചയായും നിര്‍ജീവം ആയിരിക്കും. പിന്നിട്ട പാതകള്‍ മുഴുവന്‍ മുന്നില്‍ നിന്ന് മാഞ്ഞു പോയാല്‍ അതില്‍പരം ക്രൂരമായ ഒരു വിധി എന്താണുള്ളത് ?! ദുഖകരമായ സംഭവങ്ങള്‍ പില്‍കാലത്ത് ഓര്‍മയുടെ മൂശയില്‍ ഇട്ടു വാര്‍ക്കുമ്പോള്‍ സുഖകരമായി മാറുന്നു. അനുഭവിച്ച സമയത്ത്  ദുഖകരമായിരുന്നവ ഇന്നോര്‍കുമ്പോള്‍ അവിശ്വസനീയമായ ഒരു ആനന്ദം തിരയടിച്ചുയര്‍ന്നു വരുന്നു.

1998 മാര്‍ച്ച് നാലാം തീയതി . ജീവിതത്തില്‍ രണ്ടാമതായി കിട്ടിയ ജോലിയില്‍ പ്രവേശിക്കുവാന്‍ കൊച്ചിയിലേക്ക് പത്തനംതിട്ടയില്‍  നിന്ന് വണ്ടിയില്‍ കയറുമ്പോള്‍ ആഹ്ലാദത്താല്‍ മനസ്സ് തുള്ളുകയായിരുന്നു. സ്വപ്നങ്ങള്‍ നെയ്തുകൂട്ടി ഞാന്‍ അങ്ങനെ ആ സര്‍ക്കാര്‍ വാഹനത്തില്‍ ചിന്തിച്ചിരുന്നു.

എല്ലാം പ്രതീക്ഷിച്ച പോലെ സംഭവിച്ചു. അഭിമുഖവും, ജോലി പ്രവേശനവും ഒരു ദിവസം തന്നെ. ഒരു വര്‍ഷം പ്രൊബേഷന്‍ അല്ലെങ്കില്‍ ട്രെയ്നിങ്ങ്. ആ കാലയളവില്‍ ആയിരം രൂപ മാസ പ്രതിഫലം. ഇടകൊച്ചിയിലെ ആ മറൈന്‍ എഞ്ചിനീറിംഗ് കമ്പനിയില്‍  മണവറയില്‍  കയറുന്ന മണവാട്ടിയെ പോലെ ഞാന്‍ കാലെടുത്തു വച്ചു (എനിക്ക് ആദ്യം ജോലി  കിട്ടിയത് ഇവിടെ കയറുന്നതിനു ഒരു മാസം മുമ്പാണ്. ആരുടെയോ ഭാഗ്യത്താല്‍ - അതോ നിര്‍ഭാഗ്യത്താലോ  - അത് ഒരു ദിവസം മാത്രം ഉള്ള ജോലിയായിരുന്നു. രണ്ടാമത്തെ ദിവസം തന്നെ ആ ജോലിയോട് സലാം പറഞ്ഞു ഞാന്‍ യാത്രയായി) സ്വപ്നത്താല്‍ പൂത്തുലഞ്ഞ മനസെന്ന മരം ഉന്മാദത്തിന്റെ കാറ്റിലാടി. സ്വന്തമായി ശമ്പളം വാങ്ങുന്ന സുഖവും അത് വീതം വച്ചു ചെലവ് ചെയ്യുന്ന അതി സുഖവും കേവലം ഒരു ബിരുദം മാത്രം വാലറ്റത്ത്‌ ഉള്ള  കൃശഗാത്രനായ എന്നില്‍ നിറഞ്ഞു തുളുമ്പി.

എനിക്ക് ഒരു ഭാരിച്ച ജോലിയും ഉണ്ടായിരുന്നില്ല. എല്ലാ ജോലിയും എന്റെ സീനിയര്‍ ആയിരുന്ന ആള്‍ക്ക്  കിട്ടും. അദ്ധേഹത്തിന്റെ മേശപുറത്ത്‌ നിന്ന് വീഴുന്ന അപ്പകഷണങ്ങള്‍ മാത്രമായിരുന്നു ഈ 'വരത്തന്റെ'  ജോലികള്‍. എന്തിനെന്നെ ഈ ചെറു ജോലികള്‍കായി ഇവിടെ എടുത്തു എന്ന് ഞാന്‍ അധികം ആലോച്ചു തല പുണ്ണക്കേണ്ടി വന്നില്ല, എന്‍റെ സുഹൃത്തും ഈ കമ്പനിയിലേക്ക് എന്നെ ശുപാര്‍ശ ചെയ്ത ആളുമായ കാഞ്ഞിരപള്ളിക്കാരന്‍ സജു ആ സത്യം എന്നിലേക്ക്‌ ഓതിതന്നു. എന്‍റെ സീനിയര്‍ ഉടനെ തന്നെ കമ്പനിയില്‍ നിന്ന്  പോവുകയാണ്!!  ഉടനെ  തന്നെ ആ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ മുഴുവന്‍ എന്‍റെ തലയിലേക്ക് വീഴും! കമ്പനി മാനേജുമെന്റിന്റെ നയം എത്ര തന്ത്രപരം ആയിരുന്നു എന്ന് ഞാന്‍ പില്‍കാലത്ത് ആലോചിചിടുണ്ട്. സീനിയര്‍ ആയ ഒരാള്‍ പോകുന്നു, പകരം ഒരു ട്രെയിനിയെ ഇട്ടു ആ വിടവ് നികത്തുക. സ്റ്റാഫിന് കൊടുക്കുന്ന ആനുകൂല്യങ്ങളായ ഓവര്‍ ടൈം, പ്രോവിണ്ടാന്ഫണ്ട് , ഇ. ഐ.സി , ബോണസ് തുടങ്ങി  ആനുകൂല്യങ്ങള്‍  ഒന്നും കൊടുക്കണ്ട ആവശ്യം ഇല്ല. മാനേജര്‍ക്ക് എത്ര വേണമെങ്കിലും ചീത്ത വിളിക്കാം. പാതിരാത്രി വരെ നിര്‍ബന്ധിച്ചു ജോലിക്കിരുത്താം.  അവധി ദിവസങ്ങളില്‍  വിരട്ടി ജോലിക്ക് വരുത്തിക്കാം. മാനേജുമെന്റിന്റെ പല ഗുണങ്ങളില്‍ ഒന്നായ എല്ലാ കുറ്റങ്ങളും ജോലിക്കരനില്‍ ആരോപിച്ചു അടിച്ചമര്‍ത്തി കഴിയുമ്പോള്‍ എല്ലാ ജോലിയും പേടിച്ചു ചെയ്തോളും എന്നും, അവന്‍ ഒരിക്കലും ശമ്പളം കൂട്ടി ചോദികില്ല എന്നും അഥവാ ചോദിച്ചാല്‍ തന്നെ ജോലിയിലെ കുറ്റം കുറവുകള്‍ ഒക്കെ എണ്ണം ഇട്ടു നിരത്തി ഒതുക്കി നിര്‍ത്താം എന്നുള്ള നയം!!

ഉറക്കമില്ലാത്ത രാത്രികള്‍ എന്നെ കടന്നക്രമിക്കാന്‍ തുടങ്ങി. അതിനു എരിതീയില്‍ എണ്ണ ഒഴിക്കുന്ന മാതിരി എന്റെ സീനിയര്‍ "ഞാന്‍ പോയി കഴിഞ്ഞാല്‍ കാണാം.." എന്ന് ഇടക്കിടെ പറയുന്നത് കേള്‍കുമ്പോള്‍ എങ്ങനെ സമാധാനത്തോടെ ഉറങ്ങാന്‍ പറ്റും? താന്‍ പോയി കഴിഞ്ഞാല്‍ തന്നെ ചീത്ത വിളിക്കുന്ന മാനേജരെ എന്നെ വച്ച് പാഠം പഠിപ്പിക്കാം എന്ന് അദ്ദേഹം ചിന്തിക്കുകയാണ് എന്ന് എനിക്ക് തോന്നി. അതാവാം എനിക്ക് പണി ഒന്ന് കാര്യമായി പറഞ്ഞു തരാന്‍ ഇഷ്ടന്‍ മിനകെടതിരുതിരുന്നത്!  ആദ്യം കിട്ടിയ ജോലി ഒരു ദിവസം കൊണ്ട് ഉപേക്ഷിച്ചു ഓടിയപോലെ  വാലും ചുരുട്ടി തിരികെ വീടിലേക്ക്‌ പോയാല്‍ കരിപുരണ്ട മുഖങ്ങള്‍ കാണേണ്ടിവരില്ലെ ? ചത്താലും ജോലി ഉപേക്ഷിക്കുന്ന പരിപാടി ഇല്ല! അഭിമാനം (അതും സ്വന്തം ദേശത്ത് ) എന്നൊന്ന് ഉണ്ടല്ലോ?

വിധു (അതായിരുന്നു എന്‍റെ സീനിയറിന്റെ പേര് ) പോയി. കാത്തിരുന്ന ആ വിധി ദിവസം വന്നെത്തി. ഉരുള്‍ പൊട്ടി എല്ലാം തലയിലേക്ക് നിപതിച്ച അനുഭവം..അതായിരുന്നു ആ ദിവസങ്ങളില്‍.

ജാതകതിലുള്ളത് തൂത്താല്‍ മാറുമോ? എനിക്കായി കരുതി വച്ചിരുന്നത് ഒക്കെ ഞാന്‍ തന്നെ അനുഭവിക്കണം. ഓരോ രാത്രികളും നിദ്രാവിഹീനം. അടുത്ത ദിവസം ചെയ്യേണ്ട ജോലികള്‍, മാനേജരുടെ ചീത്തവിളി, രാവിലെ കൃത്യമായി ഓഫീസില്‍ എത്തണം എന്നാല്‍ വൈകിട്ട് എത്രയും താംസിച്ചുമേ പോകാന്‍ പറ്റൂ. ശമ്പളമായ ആയിരം രൂപ മാസത്തിന്റെ പകുതിക്ക് മുമ്പേ വാങ്ങി തീര്‍ന്നിരിക്കും. ശമ്പളം കിട്ടുന്നതിനു ഒരു വ്യവസ്ഥയും ഇല്ല. കമ്പനിയില്‍ പയ്മെന്റ്റ്‌ കിട്ടുന്നത് അനുസരിച്ചിരിക്കും ജീവനക്കാരുടെ വേതനവും. ആകെ ആശ്വാസം ഇകക്കിടെ കിട്ടുന്ന അഡ്വാന്‍സ്‌ മാത്രം!

പട്ടിണിയുടെ ദിവസങ്ങള്‍ ആണ് എന്നെ കാത്തിരുന്നത്. എന്താണ് വിശപ്പ്‌ എന്ന അവസ്ഥ എന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞ ദിനങ്ങള്‍. മാസത്തിന്റെ പകുതി ആകുംപോഴേക്കും  കൈയിലെ കാശൊക്കെ തീരും. പിന്നീട് ഉന്തിതള്ളാന്ണ്‌. മുകളില്‍ ആകാശം താഴെ ഭൂമി.... അതായിരുന്നു അവസ്ഥ. വൈകുന്നേരം ആകുംപോളെക്കും  വിശപ്പ്‌ ആര്‍ത്തു വിളിക്കാന്‍ തുടങ്ങും. അന്ന് മിക്ക ദിവസങ്ങളിലും വൈകുന്നെരങ്ങള്ളില്‍ പള്ളുരുത്തിവെളിയിലെ റോഡരുകില്‍ തട്ടുകടകളുടെ ആടുന്ന കാലുകള്‍ ഉള്ള ബഞ്ചില്‍ ഇരുന്നു തട്ടുദോശ, ഒമ്ല്ലെറ്റ്‌, പിന്നെ വായില്‍ വെള്ളമൂറിക്കുന്ന ഉഴുന്നുവട...ഇതായിരുന്നു (കാശുള്ള ദിവസങ്ങളിലെ) മെനു. ചില ദിവസങ്ങളില്‍  ബോണ്‍വിറ്റ ഇട്ട ഒരു ഗ്ലാസ് പാല്‍ കൂടി ഉണ്ടെങ്കില്‍ കാര്യം കുശാലായി.  എന്നാല്‍ മാസത്തിലെ തുച്ചമായ ദിവസങ്ങളിലെ ഇതൊക്കെ സാധിചിരുനുള്ളൂ  ബാക്കി ദിവസങ്ങളില്‍ ഹോട്ടലിലെ വെള്ളച്ചോറും,  വായ്ക്കു  പിടിക്കാത്ത മീന്‍കറി, സാമ്പാര്‍ ഒക്കെ കഴിച്ചു കഴിയേണ്ടി വരും. എന്നിട്ട് പാള്ളുരുത്തി വെളിയിലെ വിശാലമായ മൈതാനത് ഇരുന്നു സഹമുറിയന്മാര്‍ കമ്പനിയിലെ പ്രശ്നങ്ങളും ഒക്കെ പറഞ്ഞിരിക്കും.

സ്വന്തമായി ജോലി കിട്ടിയശേഷം വിശപ്പിന്റെ വേദന അറിഞ്ഞ ഒരു ദിവസത്തിന്റെ കഥ കൂടി പറഞ്ഞു ഈ ഓര്‍മ്മകുറിപ്പ് നിര്‍ത്തിയേക്കാം...

കൈയ്യിലെ കാശെല്ലാം തീര്‍ന്നു കീശ കാലിയായ ഒരു ദിവസം. എന്റെ സഹമുറിയന്‍ ത്രിശൂര്‍ക്കാരന്‍ ഞായറാഴ്ച ആയതിനാല്‍ വീട്ടില്‍ പോയിരിക്കുന്നു. മുറിയില്‍ ഞാന്‍ തനിയെ. കമ്പനി ഞങ്ങള്‍ ജീവനക്കാര്‍ക്ക് എടുത്തു തന്നിരിക്കുന്ന "സീ ബ്രീസ്' എന്ന കെട്ടിടത്തിലെ ഒരിക്കലും നിലക്കാത്ത കൊതുകുകളുടെ മൂളലുള്ള മുറിയില്‍ എന്റെ വയര്‍ മുരളാന്‍ തുടങ്ങി.   വിശന്നിട്ടിരിക്കാനും നിക്കാനും വയ്യ. തലേ ദിവസം പാതിരാ വരെ ജോലി ചെയ്തതിന്റെ പറഞ്ഞരിയിക്കനകാത്ത  തളര്‍ച്ച. ജോലിയുടെ ടെന്‍ഷന്‍ കാരണം ഉച്ചക്ക് ഭക്ഷണം കണക്കാണ്. സമയം എഴുമണി. ഞാന്‍ എന്റെ അലമാര, പെട്ടി, ബാഗ് ഒക്കെ അരിച്ചു പറക്കി..വിശപ്പ്‌ ശമിപിക്കാന്‍ പോന്ന വല്ല നാണയതുട്ടുകളും  ഉണ്ടോ എന്നായിരുന്നു എന്റെ പരതല്‍. ആരോടും ചോദിയ്ക്കാന്‍ അഭിമാനം അനുവദിക്കുന്നില്ല (അല്ലേല്‍ തന്നെ ആരോട് ചോദിയ്ക്കാന്‍.. എല്ലാവരും അവരവരുടെ വീടുകളില്‍ പോയിരിക്കുകയല്ലെ) അല്ല  ഉണ്ടേല്‍ തന്നെ അവര്‍  ഒക്കെയും  എന്റെ അവസ്ഥയില്‍ തന്നെ ആയിരിക്കും !! എന്തായാലും അവസാനം പെട്ടിയില്‍ നിന്നും രണ്ടു അമ്പത് പൈസാ നാണയവും പിന്നെ കഴുകാന്‍  ഇട്ടിരുന്ന പാന്റിന്റെ പോക്കറ്റില്‍ നിന്നും ഒരു അമ്പത് പൈസാ നാണയവും എന്റെ കൈകള്‍ പരത്തി കണ്ടെടുത്തു ..... ഒന്നര രൂപ അല്ല ഒന്നര ലക്ഷം രൂപയുടെ ആഹാരം കഴിക്കാന്‍ ഉള്ള ആര്‍ത്തി മുന്നിലുണ്ട്.

ഒന്നര രൂപയ്ക്കു എന്ത് കിട്ടും? തട്ടുദോശയുടെ മണം മനസിലെക്കും പിന്നെ മൂക്കിലെകും ഓടി എത്തി..വിശപ്പിന്റെ വെപ്രാളം അട്ടഹാസം മുഴക്കി അഴിഞ്ഞാടാന്‍ തുടങ്ങി.ഞാന്‍ കുപ്പിയില്‍ പിടിച്ചു വച്ചിരുന്ന പൈപ് വെള്ളം അകത്താക്കാന്‍ തുടങ്ങി. എത്രമാത്രം വെള്ളം സ്വീകരിക്കാനും ശരീരം തയ്യാറാവുന്നത് ഭാഗ്യം, കാരണം രാവിലെ മുതല്‍ കുടിക്കാന്‍ തുടങ്ങിയതാണീ ക്ലോറിന്‍ ചുവയുള്ള വെള്ളം.

 സീ ബ്രീസ് എന്ന് പേരുള്ള ഈ ലോഡ്ജു മുറിയില്‍ കടലിന്റെ ഇളം കാറ്റ് അടിക്കാറില്ല. കാരണം കടല് കാണണം എങ്കില്‍ ഇനിയും ഒത്തിരി പോകണം? നഗര തിരക്കിന്റെയും, അടുത്ത മുറികളില്‍ നിന്ന്  വമിക്കുന്ന  സിഗരട്ട് പുകയുടെയും കാറ്റ് മാത്രമെ നാസാരന്ധ്രങ്ങള്‍ക്ക്‌ പരിചിതമുള്ളൂ. പക്ഷെ ഇപ്പോള്‍ ഈ വിശപ്പിന്റെ കാറ്റാടി എങ്ങനെ നിര്‍ത്താം?

ഒന്നര രൂപ ആയി. ഇനി എന്റെ സ്ഥപരജങ്ങമ വസ്തുക്കള്‍ ഒക്കെ തപ്പിയിട്ടു കാര്യം ഇല്ല. സഹമുറിയന്റെ തൂക്കിയിട്ടിരിക്കുന്ന വസ്ത്രങ്ങളിലെ പോക്കറ്റുകളില്‍  തപ്പിയാലോ? ശ്ശെ ....അത് മോഷണം ആകില്ലേ? അതും അവന്‍ ഇല്ലാത്തപ്പോള്‍?എന്നാല്‍ തത്വചിന്തകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതല്ലയിരുന്നു വിശപ്പിന്റെ വിളി... അതിനാല്‍ ഞാന്‍ വേഗം അവന്റെ കീശകള്‍ തപ്പാന്‍ തുടങ്ങി. അവസാനം രണ്ടു ഇരുപത്തി അഞ്ചിന്റെ നാണയങ്ങള്‍ തടഞ്ഞു!!! അപ്പോള്‍ മൊത്തം ഇപ്പോള്‍ രണ്ടു രൂപ....

ഇനി പുറത്തൊന്നു റോന്തു ചുറ്റി വരാം. ആരും കൂട്ടിനില്ല... എല്ലാരും വീടുകളില്‍ പോയിരികുകയണല്ലോ.. എന്റെ കയ്യില്‍ പണം ഇല്ലാത്തതിനാല്‍ എന്റെ പോക്ക് മുടങ്ങി...

പുറത്തേക്കിറങ്ങി. രണ്ടു രൂപയ്ക്കു ഊണ്, തട്ട് ദോശ ഒന്നും കഴിക്കാന്‍ പറ്റില്ല. പിന്നെ എന്തുചെയ്യും...?? കുറഞ്ഞ വിലക്ക് കൂടുതല്‍ കിട്ടുന്ന എന്ത് സാധനം ആണുള്ളത്? ഞാന്‍ പതുക്കെ നടപ്പ് റോഡിന്റെ വലതു വശത്തേക്ക് മാറ്റി. മുന്നിലെ ബേക്കറിയിലെ കണ്ണാടിക്കൂട്ടിലെ സാധനങ്ങള്‍ കണ്ടു അകത്തു കയറി അതിന്റെ ഒക്കെ വില ചോദിക്കന്‍ തുടങ്ങി... കയ്യില്‍ ഇരിക്കുന്ന തുച്ചമായ നാണയതുട്ടുകള്‍ക്ക് വിലയുള്ള എന്ത് സാധനം കിട്ടും ? അവസാനം മഞ്ഞക്കളറില്‍ എന്നെ മാടിവിളിച്ച രണ്ടു ലഡ്ഡു ഞാനെടുത്തു..കയ്യിലുള്ള കാശും കൊടുത്തു ഞാന്‍ തിരികെ നടന്നു...

ഒരു ദിവസത്തെ മുഴുവന്‍ ആഹാരം ആണിത്..രാവിലെ മുതല്‍ പട്ടിണി ആണല്ലോ. അതിനെ പ്രധിരോധിക്കാന്‍ സര്‍ക്കാര്‍ വക വെള്ളവും പിന്നെ ഉറക്കവും ആയിരുന്നു മരുന്ന്..മുറിയില്‍ എത്തി.. ആദ്യം ഒരു കവിള്‍ വെള്ളം കുടിച്ചു...ആര്‍ത്തിയോടെ ഒരു ലഡ്ഡു അകത്താക്കി. വെള്ളത്തിന്‌ ഒരു കൂട്ടാന്‍ എന്നപോലെ..

സമയം അതിവേഗം മുന്നോട്ടു നീങ്ങി..  രാവിലെ മുതല്‍ പണി ഇല്ലാതിരുന്ന വയറിനു പണി നല്‍കി ഞാന്‍ ഉറങ്ങാന്‍ കിടന്നു...ഞാന്‍ അപ്പോള്‍ ഒന്ന് ഓര്‍ത്തുപോയി..അങ്ങകലെ എന്റെ വീട്ടില്‍ മേശയില്‍ മുന്നില്‍ കിട്ടുന്ന ഭക്ഷണത്തെ പറ്റി. എന്നും ഏറ്റവും കുറച്ചുഭക്ഷണം കഴിക്കുന്നതിനു എന്നെ എല്ലാരുംഅവിടെ വഴക്ക് പറയുന്നത്, ഇഷ്ടമില്ലാത്ത കറിയും കൂട്ടാനും ഒക്കെ നീക്കി തെള്ളി കളയുന്നത്..കഴിച്ചു കഴിഞ്ഞ ശേഷം അതുണ്ടാക്കിയ അമ്മയെ ഉപ്പില്ല, രുചി ഇല്ല എന്നൊക്കെ പറഞ്ഞു കുറ്റപ്പെടുത്തുന്നത്...ചിന്തയിലെ ആ ഭക്ഷണം ഒക്കെ ഇന്ന്ഈ കിടക്കയില്‍ അമൃതായി മാറുന്നു..എന്റെ കണ്‍ തടത്തിലേക്കു നീര്‍മണികള്‍ ഉരുണ്ടു വീഴുവാന്‍ തുടങ്ങി...ആത്മസംഖര്‍ഷതിന്ടെ ആ വേലിഏറ്റം മൂര്ചിച്ചു നിന്നപ്പോള്‍ എപ്പോളോ നനവാര്‍ന്ന ആ  നിന്ദ്ര കണ്‍ തടത്തിലേക്കു വന്നു തലോടി. .ജീവിതത്തിലെ ഏതു രാത്രി മറന്നാലും ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു രാത്രി ആയിരുന്നു അത്..വിശപെന്തനെന്നു ഞാന്‍ അറിഞ്ഞ രാത്രി..
*********                             **********                                 *********
നേരം വെളുത്തു . ഓഫീസില്‍ പോകാന്‍ കുളിച്ചു റെഡിയായി. അഞ്ചുപൈസാ കയ്യില്‍ ഇല്ല . എങ്ങനെ ബസ്സില്‍ കയറും? ചോദ്യത്തിനും ഉത്തരത്തിനും ഒന്നും സമയം ഇല്ല. അഞ്ചു മിനിട്ട് താമസിച്ചാല്‍ അതൊരു വലിയ പ്രശ്നം ആകും. ഓഫീസ് സെക്യൂരിറ്റി ദേവസിയെട്ടനാണ് 'ടൈം കീപ്പറുടെ' പണി ആളാണ്‌ ചെയ്യുന്നത്. തന്റെ കയ്യില്‍ ഉള്ള മുഷിഞ്ഞ പുസ്തകത്തില്‍ ദേവസിയേട്ടന്‍ ഓരോരുത്തരും വരുന്ന സമയം കുറിച്ച് വയ്ക്കും (തിരികെ പോകുന്ന സമയം ഒട്ടു എഴുതുകയും ഇല്ല!!) മാനേജര്‍ ചിലപ്പോള്‍ ഓഫീസിലേക്ക് വിളിപ്പിച്ചു ആ മുഴിഞ്ഞ പുസ്തകം നോക്കും...

വണ്ടിയില്‍ രണ്ടും കല്പിച്ചു കയറി .. പുറകില്‍ നിന്ന് കയറി മുമ്പിലേക്ക് നടന്നു. കണ്ടക്ടരില്‍ നിന്നും വഴുതി ആയിരുന്നു ആ നടപ്പ്. ഒരു കണ്ടക്ടറെ ഉള്ളൂ. അതിനാല്‍ അയാള്‍ വരുമ്പോള്‍ മുന്നോട്ടും പുറകോട്ടും വരാലിനെ പോലെ നടന്നാല്‍ മതി ! എന്നാല്‍ തോപ്പുംപടിയില്‍ നിന്നും ഇടകൊച്ചിയിലേക്ക് പോകുന്ന ബസുകളുടെ ഒരു പ്രത്യേകത  - ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങുക - എന്നില്‍ പേടി ഉണ്ടാക്കി. ലോകത്ത് ഇത്ര പതുക്കെ വണ്ടികള്‍ പോകുന്നത് ഞാന്‍ എങ്ങും കണ്ടിട്ടില്ല.

അവസാനം എന്റെ ദൌത്യം വിജയിച്ചു ! ടിക്കറ്റ്‌ ഇല്ലാതെ യാത്ര ??!!

കാലുകള്‍ കമ്പനി മതില്‍ കേട്ടിനകത്തു. സമയം കൃത്യം ഒമ്പത് മണി. ടെവസിയേട്ടന്‍  പഴഞ്ചന്‍ പുസ്തകത്തില്‍ കോറിയിടാന്‍ തുടങ്ങി..മാനേജരുടെ ചുവന്ന കാര്‍ വാതുക്കല്‍ കിടക്കുന്നു..!! രാവിലെ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കും..എന്തേലും കാരണത്താല്‍ കുറെ ചീത്തവിളി ഉറപ്പു..മനസ്സ് പിടയാന്‍ തുടങ്ങി. രാവിലെ ഒന്നും കഴിച്ചിട്ടില്ല. ഉച്ചക്ക് കഴിക്കാന്‍ കൈയ്യില്‍ കാശും ഇല്ല.. വൈകിട്ടും വീണ്ടും  ടിക്കറ്റ്‌ ഇല്ലാതെ യാത്ര ചെയ്യേണ്ടി വരും. എന്നാല്‍ അതൊക്കെ മറന്നു, പേടിയോടെ, വിരകുന്ന മനസ്സോടെ ഞാന്‍ ഒഫീസിലക്ക് നടന്നു കയറി . എന്റെ കമ്പ്യുട്ടറിന്റെ മുന്നില്‍ ഞാന്‍ കീബോര്‍ഡില്‍ നോക്കി അങ്ങനെ ഇരിക്കുകയാണ്...മനജരുടെ  മുറിയില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും വിളി വരം...." ജോയ്"......

******                                       *******                                            ******