Saturday, April 21, 2018

രണ്ട് മുടിവെട്ടുകടകൾ

"എവിടെ പോകുവാടാ?"

"ചന്തയിൽ"

"എന്തിന്?

"ചുമ്മാ...."

"ചുമ്മാ ചന്തേൽ പോകാൻ നിനക്കെന്താ വട്ടുണ്ടോ ?"

അതിനുത്തരം നിശബ്ദത മാത്രം. ആ നിശബ്ദതയെ കൂട്ടുപിടിച്ച് ഞാനും എന്നെക്കാൾ രണ്ടുവയസ്സ് ഇളപ്പമുള്ള അനിയനും മുന്നോട്ടു നടക്കും. ലക്ഷ്യം കുടലിൽ പുതുതായി തുടങ്ങിയ അണ്ണാച്ചിയുടെ ബാർബർ ഷോപ്പാണ്.

ശ്രീദേവി ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി, കാവ്, കുരങ്ങയം ജങ്ഷൻ (ഇന്ന് സ്റ്റേഡിയം ജങ്ഷൻ) ഒക്കെ കടന്ന് മുന്നോട്ടുപോയാൽ തടിമില്ലിന് അടുത്ത് പുതുതായി തുടങ്ങിയ ബാർബർ ഷോപ്പിന്റെ കാര്യം വീട്ടിൽ അപ്പൻ പറയുന്നത് കേട്ടപ്പോൾ മുതൽ ഒരു വലിയ ആഗ്രഹം മനസ്സിൽ കയറി പറ്റിപ്പിടിച്ചതാണ്. അവിടെപ്പോയി തലമുടി വെട്ടണം.

കഴിഞ്ഞമാസം വരെ തലമുടി വെട്ടിയിരുന്നത് ഭാസ്കരൻ ചേട്ടന്റെ കടയിലാണ്. കാവും ബാലൻപിള്ളയുടെ കടയും കഴിഞ്ഞാൽ വലതുവശത്ത് കാണുന്ന ഒരു ഏറുമാടക്കട. മുഴുവൻ തടികൊണ്ട് നിർമിച്ച, മേൽക്കൂര ഓടുപാകിയ, വലിയ നാല് തടികാലുകളുടെ ബലത്തിൽ തറയിൽ ഉറച്ചുനിൽക്കുന്ന ഭാസ്കരൻ ചേട്ടൻറെ കടയാണ്  വർഷങ്ങളായി ഞങ്ങളുടെ ഒക്കെ തലയുടെ സൗന്ദര്യത്തിന്റെ കാവൽക്കാരൻ. അതിൻറെ അധികാരം ചേട്ടന് ഞങ്ങളോട് ഉണ്ടുതാനും. ആ അധികാരമാണ്  നടന്നുപോകുന്ന എന്നോടും അനിയനോടും മുകളിൽ ചോദിച്ച ചോദ്യം ചോദിയ്ക്കാൻ കാരണവും.

അക്കാലത്ത് അതങ്ങനെ തന്നെയാണ്. കടക്കാരൻ വെറും കച്ചവടക്കാരൻ  മാത്രമല്ല. നമ്മുടെ വീട്ടിലെ കാര്യങ്ങൾ അറിയുന്ന ഒരംഗം പോലെയാണ്.  അവർ തന്നെയാണ് നമ്മുടെ കസ്റ്റമർ കെയറും. അപ്പൻറെ കൂട്ടുകാരനാണ് ഭാസ്കരൻ ചേട്ടൻ. വീട്ടിൽ പറയാതെ ഇറങ്ങി എവിടേലും പോകുവാണോ എന്നാണ് ഞങ്ങളോട് ചേട്ടൻ ചോദ്യം ചോദിച്ചതിന്റെ ഉദ്ദേശം. പക്ഷേ  ഉത്തരം ഞാൻ പറഞ്ഞത്  കള്ളമായിരുന്നു. പച്ചക്കള്ളം. പാവത്തിന്റെ ഒരു കസ്റ്റമർ  പുതിയ മുരുകവിലാസം  കടയിലേക്ക് പോകുന്നത് പറയാനുള്ള ധൈര്യം ഇല്ലാത്തതിന്റെ കള്ളം പറച്ചിൽ.

ഓർമ വച്ച നാൾമുതൽ എന്റെയും അനിയന്റെയും എന്നല്ല അയൽപക്കത്തുള്ള എല്ലാ കുട്ടികളുടെയും തലമുടി വെട്ടാനുള്ള അധികാരം ഭാസ്കരൻ ചേട്ടന്റെ നാലുകാലിൽ ഉറപ്പിച്ചു നിർത്തിയ മടക്കടയുടെ അവകാശമാണ്. എല്ലാ മാസവും തലമുടി വളർന്ന് വരികയും  അപ്പൻറെ കീശ കനംവയ്ക്കുകയും ചെയ്യുമ്പോൾ ഒരുവട്ടം അവിടേക്ക് പോകും. ആദ്യമൊക്കെ അപ്പൻറെ കൂടെയായിരുന്നു പോക്ക്.  അപ്പോൾ ഞങ്ങൾ മൂന്ന് കസ്റ്റമർ ആണ്. ആദ്യം അപ്പൻറെ തലമുടി വെട്ടി, ഷേവ് ഒക്കെ ചെയ്ത്  അപ്പനെ  കൂടലിലെ  ഏറ്റവും വലിയ സുന്ദരനാക്കും. പിന്നെ എന്റെയും അനിയന്റെയും ഊഴം.

ഞങ്ങൾ  ഊഴം കാത്ത് കാത്ത് ഇങ്ങനെ ഇരിക്കുമ്പോൾ കടയിൽ നിരത്തിവച്ചിരിക്കുന്ന കത്രിക, ഷേവ് ചെയ്യാനുള്ള സോപ്പ്, അത് പതപ്പിക്കാനുള്ള ബ്രഷ്, കുട്ടിക്യൂറായുടെ പുട്ടുകുറ്റി പോലുള്ള ഓറഞ്ചും വെള്ളയും കലർന്ന ടാൽക്കം പൗഡർ ടിൻ, ഞങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മുഖം നോക്കുന്ന കണ്ണാടി, പച്ചയും, മഞ്ഞയും, ചുവപ്പും നിറത്തിലുള്ള നീളത്തിലും വട്ടത്തിലും ഉള്ള ചീപ്പുകൾ, ടോപാസിന്റെ ബ്ലേഡുകൾ പിന്നെ ഭിത്തിയിൽ നിരനിരയായി തൂക്കിയിട്ടിരിക്കുന്ന ബോംബെ ഡയിങ്, വിമൽ ഇവയുടെ സാരി ചുറ്റി ചരിഞ്ഞ്  വശീകരിക്കുന്ന നോട്ടം നോക്കി നിൽക്കുന്ന സൗത്ത് ഇന്ത്യൻ നടിമാരുടെ വലിയ കലണ്ടറുകൾ.  ഇതൊക്കെ മാസത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന സൗഭാഗ്യങ്ങൾ ആയിരുന്നു.

മുടിവെട്ട് ഒരു പ്രേത്യേക താളത്തിലാണ്. കത്രികയും ചീപ്പും തമ്മിൽ നിർമ്മിക്കുന്ന താളം. ആ താളലയത്തിയിൽ  മുടി  നമ്മെ പുതച്ചിരിക്കുന്ന  വെള്ളത്തുണിയിലും ബാക്കി തറയിലും  മുറിഞ്ഞ് ചിന്നിച്ചിതറി വീണ് അനാഥമാക്കപ്പെടും. അതുവരെ നമ്മുടെ ചൂടും ചൂരും ഏറ്റ് വളർന്ന കാച്ചെണ്ണയാൽ ഒതുക്കപ്പെട്ട് കുരുവികൂടും, കിളിക്കൂടും ഒക്കെ തലയിൽ നിർമിച്ച് വിലസിയിരുന്ന മനോഹരമെന്ന് നമ്മൾ കരുതിയിരുന്ന തലമുടി ആർക്കും വേണ്ടാതെ ചവിട്ടി അരയ്ക്കപെട്ടശേച്ചം ഭാസ്കരൻ ചേട്ടൻറെ കടയുടെ മൂലയ്ക്ക്  കീറചാക്കിനകത്തേക്ക് വലിച്ചെറിയപ്പെടും. ജീവിതത്തിലെ വലിയ ഒരു പാഠമാണ് ആ കടയിലെ മുറിഞ്ഞുവീഴുന്ന മുടികളിൽ നിന്ന്  പഠിക്കാനുള്ളത്.

ഞങ്ങളുടെ മുടിവെട്ടാൻ തുടങ്ങുമ്പോൾ അപ്പൻ പറയും

"പാക്കരാ... പറ്റെ വെട്ടിക്കോ... അല്ലേൽ രണ്ടു ദിവസം കഴിയുമ്പോൾ പിള്ളേർക്ക് കാടുപിടിച്ച് പനിയും ദണ്ണവും വന്ന്  കിടക്കും.."

ഭാസ്കരൻ ചേട്ടൻ ഒന്ന് മൂളും. അപ്പൻ പറയാതെ തന്നെ ഞങ്ങളുടെ ഹെയർ സ്റ്റൈൽ ആൾക്ക് അറിയാം. ഞങ്ങളുടെ എന്നല്ല ഗ്രാമത്തിലെ എല്ലാ കുട്ടികൾക്കും ഒരേ ഹെയർ സ്റ്റൈൽ ആയിരുന്നു എന്നതായിരുന്നു സത്യം. നേവി കട്ടുപോലെ ഒരു സംഭവം.

അങ്ങനെ സുന്ദരിമാരുടെ കലണ്ടറും, മുന്നിൽ നിരത്തി വച്ചിരിക്കുന്ന കൗതുക വസ്തുക്കളും നോക്കിയിരുന്നിരുന്ന് ചിലപ്പോൾ നമ്മൾ അങ്ങുറങ്ങിപ്പോകും. അപ്പോൾ കത്രികതാളം ഒന്ന് നിലയ്ക്കും പിന്നെ ചേട്ടൻ വായകൊണ്ട് താളം ഇടും.

"എന്താടാ... ഇരുന്ന് തൂക്കികെട്ടുന്നേ...?"

അതുകേട്ട് ഞാൻ ഞെട്ടിയുണരും. ചേട്ടൻ പണി തുടരുകയും ചെയ്യും.

അങ്ങനെ ആ കടയിലെ കറങ്ങുന്ന കസേരയിൽ കുട്ടികൾക്കായി ചെറിയ ഒരു പലക കസേരയുടെ കൈപിടിയുടെ മേൽ ഫിറ്റ് ചെയ്ത്  ഞങ്ങൾ രാജസിംഹാസനത്തിലെന്നപോലെ മൂടിപ്പുതച്ച് ചാരി അങ്ങനിരിക്കുമ്പോൾ മുടിവെട്ട് എന്ന കർമ്മം പൂർത്തിയാകും.

മുട്ടയിൽ നിന്നും പുറത്തു ചാടിയ സുന്ദര കോഴികുഞ്ഞുങ്ങൾ പോലെ ഞങ്ങൾ മുടിവെട്ട് കഴിഞ്ഞ് കറങ്ങുന്ന കസേരയിൽ നിന്ന് ഇറങ്ങുമ്പോൾ എന്തോ മൊത്തത്തിൽ ഒരു പുതുമയാണ്.  ചെവിക്ക് പുറകിലും കൃതാവിന്റെ ഭാഗത്തും അപ്പോൾ  ഒരു നീറ്റൽ അനുഭവപ്പെടും. അതിനെ മൂടിക്കിടക്കുന്ന  കുട്ടിക്യൂറാ പൗഡറിന്റെ മണം അവിടെങ്ങും പരത്തി അപ്പനെക്കാൾ വലിയ സുന്ദരന്മാരായി ഞങ്ങൾ  പുറത്തിറങ്ങി നെഞ്ചുംവിരിച്ച് നടക്കും.

ഇനി ഒന്ന് ചിണുങ്ങിയാൽ ചിലപ്പോൾ വാസുദേവന്റെ കടയിലെ കണ്ണാടി അലമാരയിൽ ഇരുന്ന് കൊതിപ്പിക്കുന്ന ബോണ്ടായോ പരിപ്പുവടയോ കിട്ടിയേക്കാം. അതും പൊതിഞ്ഞുകെട്ടി യുദ്ധം ജയിച്ചവരുന്ന സന്തോഷത്തോടെ ഞാനും അനിയനും അപ്പൻറെകൂടെ വീട്ടിലേക്ക് തിരികെ നടക്കും.

വൃത്തിയായി വേഷം ചെയ്ത്, മുടിയൊക്കെ നന്നായി വെട്ടി സ്വയം ബ്രാൻഡ് അംബാസിഡറെപ്പോലെ ആയിരുന്നു ഭാസ്കരൻ ചേട്ടൻ.  കടയ്ക്ക് പേരില്ല.  ഭാസ്‌കരന്റെ കട-അതായിരുന്നു ആകെയുള്ള പേര്.

സ്‌കൂളിൽ പോകാൻ തുടങ്ങിയപ്പോൾ അപ്പൻറെ തുണയില്ലാതെ ഞങ്ങൾ മുടിവെട്ടാൻ ഒറ്റയ്ക്ക് പോയിത്തുടങ്ങി. കടയിൽ ഊഴം നോക്കിയിരിക്കുമ്പോൾ  എന്തെങ്കിലും കുസൃതി കാണിച്ചാൽ നല്ല ഒന്നാന്തരം ചെവിക്ക് പിടി ഭാസ്കരൻ ചേട്ടൻറെ കയ്യിൽനിന്നും ഉറപ്പാണ്. കുട്ടികളുടെ മേൽ നാട്ടുകാർക്ക് ഉള്ള കരുതലിന്റെയും ഉത്തരവാദിത്വത്തിന്റെയും ഭാഗമായിരുന്നു ഈ വഴക്ക് പറച്ചിലും, ചെവിക്ക് പിടുത്തവും വെരുട്ടിവിടലും ഒക്കെ.  ഇന്ന്, അണുകുടുംബങ്ങളായി നമ്മളുടെ കുട്ടികളൊക്കെ നാലുചുമരുകൾക്കുള്ളിൽ പൂട്ടപ്പെടുന്നതിന്   അപവാദമായിരുന്ന കാലം.

അങ്ങനെയിരിക്കെയാണ് വീട്ടിൽ ഒരു സംഭാഷണം ഞങ്ങൾ കേട്ടത്. കൂടലിൽ  തടിമില്ലിനടുത്ത് ആധുനിക സൗകര്യങ്ങളോടെ പുതിയ ഒരു മുടിവെട്ടുകട തുടങ്ങിയിരിക്കുന്നത്രെ!  അത് കേട്ടപ്പോൾ മുതൽ  അവിടെ ഒന്ന് പോയി തല അലങ്കരിക്കണം എന്ന പൂതി  അലട്ടാൻ തുടങ്ങി. ഒരുവിധത്തിൽ അത് അപ്പനോട് പറഞ്ഞ് സമ്മതിപ്പിച്ചു. അങ്ങനെ ഞാനും അനിയനും കൂടി പുതിയ കടയിലേക്ക് 'ഭാസ്കരൻ ചേട്ടൻ കാണരുതേ' എന്ന് പ്രാർത്ഥിച്ച് നടക്കുമ്പോൾ ആണ് നക്ഷത്രം പോലെ അദ്ദേഹം കടയുടെ പുറത്തേക്ക് വന്നതും ഞങ്ങളോട് 'എവിടെപോകുവാ' എന്ന് ചോദിച്ചതും ഞാൻ കള്ളം പറഞ്ഞ് തടിതപ്പിയതും.

ഞങ്ങളെ നോക്കി ഭാസ്കരൻ ചേട്ടൻ കുറേനേരം നിന്നു. മുടിവെട്ടാൻ സമയം ആയിട്ടുണ്ട്. പള്ളിയിൽ പോകാനോ, ശിവൻ ചേട്ടന്റെ കടയിലോ വട്ടുവേലി ബേബിച്ചായന്റെ കടയിലോ പോകാൻ മാത്രമേ  ഇതുപോലെ വല്ലപ്പോളും   ഞങ്ങൾ പുറത്ത്  പോകാറുള്ളൂ. ഞങ്ങളെ നോക്കിയുള്ള ആ നിൽപ്പ് കണ്ടപ്പോൾ പറഞ്ഞ കള്ളം ആൾക്ക് മനസ്സിലായിക്കാണും എന്ന പേടി മനസ്സിൽ തിരയടിച്ച്കയറി.

'മുരുകവിലാസം ബാർബർ ഷോപ്പ്'

ചുവന്ന അക്ഷരത്തിലുള്ള ആ എഴുത്ത് വായിച്ച് അകത്തേക്ക് ഞങ്ങൾ കയറി. അകത്ത് ഭാസ്‌കരൻ ചേട്ടൻറെ പുതിയ ബിസിനസ്സ് എതിരാളി  അണ്ണാച്ചി പണിത്തിരക്കിലാണ്.  ഞങ്ങൾ ബഞ്ചിൽ ഇരുന്നു. ഇവിടെ എന്തോ പ്രത്യക ഗന്ധം. കുട്ടിക്യൂറാ മാത്രമല്ല ലിറിൽ, എക്സോട്ടിക്ക അങ്ങനെ പുതിയ പുതിയ  ടാൽക്കം പൗഡറുകൾ.  സുബ്രഹ്മണ്യന്റെയും മധുര മീനാക്ഷി ക്ഷേത്രത്തിന്റെയും ഒക്കെ തമിഴ് കലണ്ടറുകൾ ഭിത്തിയിൽ അലങ്കരിക്കുന്നു.  ചെറിയ ഒരു മേശയിൽ കളർ ചിത്രങ്ങൾ ഉള്ള തമിഴ്  മാസികകൾ .... എന്നുവേണ്ട കെട്ടിലും മട്ടിലും എല്ലാം പുതുമ.

അണ്ണാച്ചിയുടെ രൂപം സിനിമ നടൻ പൂജപ്പൂര രവിയും പറവൂർ ഭരതനും സമ്മേളിച്ചപോലെ.  അടുത്തുവരുമ്പോൾ ഒരു പ്രത്യക സുഗന്ധം. സംസാരം അധികം ഇല്ല. കൂടുതൽ പ്രവർത്തനം മാത്രം. ചീപ്പ് കത്രിക ഉണ്ടാക്കുന്ന താളലയം വേറെ ഏതോ രാഗം പോലെ തോന്നിച്ചു.

എടുത്തുപറയേണ്ട ഒരു സാധനം മുടി വെട്ടുന്ന ഒരു സ്റ്റീൽ മെഷീൻ ആയിരുന്നു. കത്രികപോലെ പിടിച്ച് ചെവിപ്പുറകിലും പുറകുവശത്തും അമർത്തി അതങ്ങനെ ഓടിക്കും. അതായത് ഇന്നത്തെ നമ്മുടെ ട്രിമ്മറിൻറെ ഒരു പ്രോട്ടോ ടൈപ്പ് എന്ന് പറയാം. അത് തലയ്ക്ക് പുറകിൽ പിടിക്കുമ്പോൾ എനിക്ക് തണുപ്പും ഇക്കിളിയും തോന്നി. രോമകൂപങ്ങൾ എഴുനേറ്റ്  ഒരു പ്രത്യേക അനുഭവം.  'കിഡുക്ക്'  'കിഡുക്ക്' ശബ്ദം മുഴക്കി അത് തലയുടെ അതിർവരമ്പുകൾ എല്ലാം കയറി നിരങ്ങും.  ആദ്യം പ്രത്യേക സുഖം ഒക്കെ തോന്നിയെങ്കിലും ഇടയ്ക്കിടെ തലമുടി അതിനകത്ത് കുരുങ്ങുമ്പോൾ ജീവൻ പോകുന്ന വേദനയായിരിക്കും. അപ്പോൾ ഭാസ്‌കരൻ ചേട്ടന്റെ ശാപം പോലെ 'കിഡുക്ക്' 'കിഡുക്ക്' ശബ്ദം മുഴങ്ങി നിൽക്കും.

വേറൊരു പുതുമയായിരുന്നു മെഴുകുപോലെ ചെറിയൊരു പാറക്കഷണത്തിന്റെ രൂപത്തിൽ മുടിവെട്ടൊക്കെ കഴിയുമ്പോൾ ബ്ലേഡിന്റെ മുറിവുകളെ ഉണക്കാൻ തേക്കുന്ന ഒരു സാധനം. ഒരു രത്‌നമോ വജ്രമോ പോലെ ആ അത്ഭുത വസ്തുവിനെ  ഞങ്ങൾ നോക്കി. അതിന്റെ തിളക്കം ഞങ്ങളെ ആകർഷിച്ചു.

ആദ്യമൊക്കെ ആ ട്രിമ്മർ മെഷീൻ ഇഷ്ടമായിരുന്നെങ്കിലും ഇടയ്ക്കിടെ തലമുടി ഉടക്കി അതിൻറെ വേദന ഓർക്കുമ്പോൾ റോയൽ ആശുപത്രിയിലെ നേഴ്സിന്റെ ഇൻജെക്ഷൻ പോലെ പേടിപ്പെടുത്തുന്ന ഓർമ്മപോലെയായി അത് മാറി.

അണ്ണാച്ചിയുടെ ഗുണം എന്തെന്നാൽ; മുടിവെട്ടുമ്പോൾ ഉറങ്ങിപ്പോയാലും, അശ്രദ്ധമായിരുന്നാലും ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കുകയോ അല്ലെങ്കിൽ ചരിഞ്ഞ തല നേരെപിടിച്ച്  വയ്ക്കുകയോ ചെയ്ത് പണി തുടരും എന്നതാണ്. ഭാസ്കരൻ ചേട്ടനെപോലെ വഴക്കുപറച്ചിൽ ഇല്ല. എന്നാൽ ഭാസ്‌കരൻ ചേട്ടൻറെ വഴക്ക് പറച്ചിലും അധികാരവും സ്വന്തം നാട്ടിലെ കുട്ടികളോടുള്ള സ്നേഹത്തിന്റെ പങ്കിനെപ്പോലെയായിരുന്നു എന്ന് കാലം ഏറെ കഴിഞ്ഞാണ് മനസ്സിലായത്.

മുരുകവിലാസം അണ്ണാച്ചി പതുക്കെ തൻറെ ബിസിനസ്സ്  പകുത്ത്കൊണ്ടുപോകുന്നത് ഭാസ്കരൻ ചേട്ടൻ അറിഞ്ഞു. എനിക്ക് പാവം തോന്നി. അപ്പോൾ അതിന് അപ്പൻ ഒരു ബുദ്ധി പറഞ്ഞുതന്നു. രണ്ടു കടയിലും മാറിമാറി മുടിവെട്ടുക. അങ്ങനെ പുതുമയുടെ മണവും പഴമയുടെ കുളിരും മാറി മാറി ഞങ്ങൾ അനുഭവിച്ചു. പിന്നീട് ഹൈസ്‌കൂൾ കടക്കുംവരെ ഇത് തുടർന്നുകൊണ്ടേയിരുന്നു.

കാലംഅടർന്നുവീണുകൊണ്ടിരുന്നപ്പോൾ ഒരിക്കൽ ഭാസ്ക്കരൻ ചേട്ടൻറെ കട അടഞ്ഞു. ശരീര സുഖം ഇല്ലാത്തതിനാൽ ചേട്ടൻ മുടിവെട്ട് ഒക്കെ നിർത്തി എന്ന് ആരോ പറഞ്ഞു. ദൃഷ്ടിയിൽ നിന്ന് മാഞ്ഞുപോയെങ്കിലും മനസ്സിൻറെ കോണിലെ ദർപ്പണത്തിൽ ആ കടയ്ക്കുള്ളിൽ വലിയ കണ്ണാടിയിൽ എന്നപോലെ ആ മുഖം ഇന്നും തെളിഞ്ഞങ്ങനെ നിൽക്കുന്നുണ്ട്.

മുരുകവിലാസം കട എന്നാണ് പൂട്ടിപ്പോയത് എന്നറിയില്ല. ഉത്സവം കഴിഞ്ഞ പറമ്പുപോലെയോ, അരങ്ങൊഴിഞ്ഞ നായകനെപ്പോലെയോ അതും ഒരിക്കൽ അപ്രത്യക്ഷമായി.  അണ്ണാച്ചിക്ക് സുഖമില്ലാത്തതോ, തിരികെ തമിഴ് നാട്ടിലേക്ക് പോയതോ ആകാം. കുറേക്കാലം ആ കടയും അടഞ്ഞുകിടന്നു. അണ്ണാച്ചി എന്നല്ലാതെ ആ മനുഷ്യൻറെ പേരോ ഊരോ ഞങ്ങൾ ചോദിക്കുകയോ അറിയുകയോ ചെയ്തിരുന്നില്ല. ഒരു പാപഭാരം പോലെ അത് മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു.

പിൽക്കാലത്ത് ഡൈയും, മുടി ചുരുട്ടുകളും നീട്ടുകയും ഒക്കെ ചെയ്യുന്ന  ഹീറ്ററും, പിന്നെ ട്രിമ്മറും, ഷേവിങ് ലോഷനും, പുതിയ നിറവും ഗന്ധവും  ഏന്തിവന്ന  സൗന്ദര്യ വർദ്ധക സാമഗ്രികളുടെ തള്ളിക്കയറ്റവും ഉണ്ടായെങ്കിലും ഓർമ്മയിൽ  ഇന്നും പച്ചപിടിച്ച് നിൽക്കുന്നത് ഈ രണ്ടു കടകളാണ്.

ഇതേപോലെ കൂടൽ ജങ്ഷനിലും കടകൾ ഉണ്ടായിരുന്നെങ്കിലും അവയൊക്കെ അന്ന് ഞങ്ങളുടെ ലക്ഷ്മണ രേഖയ്ക്ക്  പുറത്തായിരുന്നു.

അങ്ങനെ, കൂടൽ ജങ്ഷൻ വരെ ഞങ്ങളെ നടത്താതെ, നേവി കട്ടുമാതിരി ഒരുപാട് മൊട്ടക്കുഞ്ഞുങ്ങളെ സൃഷ്ടിച്ച ഗ്രാമത്തിലെ ഒരുകാലത്തെ ഈ രണ്ട് 'മെൻസ് ബ്യൂട്ടി പാർലറുകളും'  കണ്ണിൽനിന്നും മനസ്സിൽനിന്നും മാഞ്ഞ് മാഞ്ഞുപോവുകയാണ്. എങ്കിലും താലോലിക്കാൻ ഒരുപിടി ഓർമ്മകൾ ആണ് അവയൊക്കെ ഇന്നും സമ്മാനിക്കുന്നത്.

പഴയ കാലത്തിലേക്ക് ഒന്ന് തിരിഞ്ഞുനടക്കാൻ ഇത്തരം ഓർമ്മകൾ   നമ്മളിൽ വസന്തവും, പൂക്കാലവും  തീർക്കുകയാണ്.

ഇന്നും ആ മുടിവെട്ട് കടകളിലെ  മേശപ്പുറത്ത് നിരത്തിവച്ചിരിക്കുന്ന സാധനങ്ങൾ  കണ്ണിൽ തെളിഞ്ഞു നിൽക്കുന്നു.  അവയുടെയൊക്കെ സുഗന്ധം മൂക്കിനെ താലോലിക്കുന്നു.  'കിഡുക്ക്'  'കിഡുക്ക്' മെഷീൻറെ ശബ്‌ദവും, ചീപ്പും കത്രികയും  പുറപ്പെടുവിക്കുന്ന താളവും കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.

Tuesday, April 10, 2018

കാത്തിരിപ്പ് - ഉയിർത്തെഴുന്നേൽപ്പിന്റെ കഥയ്ക്കായ്

ദുബായ്  സബീൽ പാർക്കിന്റെ പച്ചപ്പിൽ ഞങ്ങളിരുന്നു. അങ്ങകലെ ചെമ്മാനം ചുവപ്പ്തുപ്പി ആകാശത്ത് നിന്നും കടലിലേക്ക്  സൂര്യൻ ഊർന്നുവീണ് അലിഞ്ഞുപോകുന്ന നിമിഷം.  ഈ കൂടിവരവിൻറെ ഉദ്ദേശം ഓരോരുത്തരും അവരവരുടെ കഥകളിലൂടെ ഷാർജാ ബുക്ക് ഫെയറിൽ ഒരു പുസ്തകം പ്രകാശനം ചെയ്യുക എന്നതാണ്. അതിൻറെ ആദ്യ റൗണ്ട് ചർച്ചയാണിവിടെ നടക്കുന്നത്.
അവൾ ഒന്ന് കണ്ഠശുദ്ധിവരുത്തി. പിന്നെ എന്തോ, ഞങ്ങളെ നോക്കാൻ കണ്ണുകൾക്ക് ത്രാണിയില്ലാത്തപോലെ അശക്തമായി കാണപ്പെട്ടു.

ജീവിതം വലിയൊരു സമസ്യയായി അനുഭവിച്ച നേരത്ത് അസ്തമിക്കാതെ തിളങ്ങിനിന്ന നേത്രങ്ങൾ ആണത്. ഒരസ്തമയത്തിന് ശേഷം അങ്ങ് കിഴക്ക് പകലോൻറെ വെള്ളിവെളിച്ചം അടുത്ത പ്രഭാതത്തിൽ ഉയർന്നുയർന്ന് വരും എന്ന പ്രതീക്ഷയുടെ തിരകൾ ആഞ്ഞടിച്ച കപോലങ്ങളാണത്.

പക്ഷേ സച്ചൂ.. ഇന്ന് ഞങ്ങളുടെ മുന്നിൽ  നിൻറെ കണ്ണുകൾ, നിൻറെ കവിളുകൾ സജലങ്ങളോ നിശ്ചലമോ  ആകുന്നുവോ?

"സച്ചൂ.. നീ കഥ പറയൂ.."

ആരോ പറഞ്ഞു. അതവൾ കേട്ടോ എന്നറിയില്ല. കേട്ട് കാണണം.  ഒരു വിളിപ്പാടകലെയെന്നോണം ഉയർന്നു നിൽക്കുന്ന ദുബായ് ഫ്രേമിന്റെ സ്വർണനിറം അന്തിച്ചോപ്പിന്റെ ഛായയിൽ മുങ്ങിക്കിടക്കുമ്പോൾ, തൻറെ ജീവിതകഥയുടെ സംക്ഷിപ്ത രൂപം എങ്ങിനെ അവതരിപ്പിക്കണം എന്ന ചോദ്യചിഹ്നം ആ മുഖത്ത് പ്രതിഫലിച്ചുകൊണ്ടിരുന്നു. അതിൻറെ ബാക്കിയെന്നോണം ഒരു ബുക്ക്  അവളുടെ കൈകളിലിരുന്ന് തലോടലേൽക്കുന്നുണ്ടായിരുന്നു. 

അന്ധകാരത്തിൽ സ്‌ക്രീനിലേക്ക് പെട്ടെന്ന് വെളിച്ചം വിതറി കഠോര ശബ്ദത്താൽ  കാതുകളെ  ഞെട്ടിച്ച് മിന്നിമായുന്ന ചില സിനിമാ രംഗങ്ങൾ പോലെ സച്ചു പറഞ്ഞതൊക്കെ ഞങ്ങൾ  കേട്ടു. കണ്ടു എന്നതായിരുന്നു സത്യം. അബുദാബിയിൽ നിന്നും പാതിരാത്രിയിൽ ദുബായിലേക്ക്  വിധിയുടെ കൈകളിൽ അമ്മാനമാടപ്പെട്ട  ഒരു യാത്ര.  ഇരുട്ടിൻറെ കമ്പളം പാതയെ മൂടിക്കിടക്കുമ്പോൾ മുന്നോട്ട് ചീറിത്തെറിക്കുന്ന വാഹനത്തിൻറെ പ്രകാശവലയത്തിൽ സംഭവിക്കുന്ന ഒരഅപകടം.  എന്താണ് സംഭവിക്കുന്നതെന്ന് അറിയുമുമ്പേ മങ്ങിമങ്ങി പോകുന്ന ബോധവും ചിതറിപ്പോകുന്ന ചിന്തകളും.

പ്രതീക്ഷകളും പ്രഭാതങ്ങളും അസ്തമിപ്പിക്കുന്ന മരണം അതിൻറെ അഴിക്കാനാകാത്ത പാശം തൻറെ കഴുത്തിൽ മുറുക്കുന്നത്  അവൾ എപ്പഴോ അറിഞ്ഞു. അതൊരു അവസ്ഥയായിരുന്നു. അവർണ്ണനീയമായ ദുരവസ്ഥ.

ജീവിതം ഒരു വലിയ ഫുൾ സ്റ്റോപ്പിൽ എത്തിയ ആശുപത്രികിടക്ക. എല്ലാം മാഞ്ഞുപോകുന്നു. എല്ലാം മറന്നുപോകുന്നു.  ഇനി എനിക്ക് ഈ ലോകം വെറും നഷ്ടസ്വർഗ്ഗം. ബന്ധുക്കൾ, സുഹൃത്തുക്കൾ, ഡോക്ടർമാർ  നേഴ്സുമാർ ..... എല്ലാവരുടെയും കണ്ണുകളിൽ മരണക്കിടക്കയിൽ കിടക്കുന്ന ഒരു രോഗിയോടുള്ള അനുകമ്പ അല്ലെങ്കിൽ  അലിവ് - അതുമാത്രം.  പാമ്പിൻറെ വായിൽ ഭക്ഷണത്തിന് അപേക്ഷിക്കുന്ന തവളയുടെ കഥ പാർത്ഥസ്വാർഥി വീണ്ടും ഉരചെയ്യുന്ന പോലെ തോന്നി.  ജീവിതം ഒരു വെറും നീർക്കുമിള മാത്രം.  ഉയർന്നുപൊങ്ങി ജലപ്പരപ്പിൽ ആർഭാടത്തോടെ നീന്തിത്തുടിക്കുമ്പോൾ അതുപോലും അറിയുന്നില്ല ഏതുനിമിഷവും ഒരാവശിഷ്ടംപോലും ബാക്കിയാക്കാതെ പൊട്ടിപോകുന്ന ഒരു ചെറു പ്രതിഭാസം മാത്രമാണ് അതെന്ന്.  വെട്ടിപ്പിടിച്ചതല്ല ഈ ജീവിതം, പിന്നെയോ ആരുടെയൊക്കെയോ കരുണയുടെ ബാക്കിപത്രം മാത്രം.

പ്രാണൻ വിട്ടകന്ന് ജീവിതത്തിന് അവസാനമേകി പോകാൻ വെമ്പിനിൽക്കുന്ന ജീവശ്വാസം. ഒരു നിമിഷം. ഒരേനിമിഷം. അതുമതി. തണുത്തുറഞ്ഞ് ആർക്കും വേണ്ടാത്ത ഒരു 'ബോഡി' മാത്രമായിത്തീരാൻ.

അത് പറയുമ്പോൾ  അവളുടെ കണ്ണുകൾ ആർദമാകുന്നത് ഞാൻ അറിഞ്ഞു. മനസ്സ് പിടയുന്നത് ഞാൻ കേട്ടു. ഒരു അവിശ്വസനീയ സിനിമാകഥപോലെ കേൾവിക്കാരായ ഞങ്ങൾ  ഇമചിമ്മാതെ ഇരുന്നുപോയി.

എന്തൊക്കെ അനുഭവങ്ങൾ... എന്തൊക്കെ ജീവിതങ്ങൾ.  മരണകിടക്കയിലും ജീവിതം വിട്ടുകൊടുക്കില്ല എന്ന വാശിയിൽ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ സച്ചു ഉയർത്തെഴുന്നേറ്റുവന്നു.  ഇന്നവൾ ഈ സബീൽപാർക്കിന്റെ ഹരിതാഭനിറഞ്ഞ സായന്തനത്തിൽ, മിടിക്കുന്ന ഹൃദയവും നിറയുന്ന കണ്ണുകളുമായി അതിൻറെ സംക്ഷിപ്‌ത രൂപത്തിലൂടെ ഒരു വലിയ പാഠം ഞങ്ങൾക്ക് പകർന്നുതന്നു.

സ്വന്തം ജീവിതം വലിയ അനുഭവമാണ് എന്ന് കരുതുന്ന വിഡ്ഢികൾ ആണ് നാമെല്ലാം. പലരുടെയും ജീവിതം നമ്മെക്കാൾ പൊരുതിനേടിയ വിജയഗാഥകൾ ആണെന്നുള്ള സത്യം ഞാൻ അന്ന് മനസ്സിലാക്കി.

"സച്ചൂ... നീ എഴുതണം.  ഇതേ വികാരം, ഇതേ വേദന, ഇതേ പ്രത്യാശ വായനക്കാരിൽ നീ നിറയ്ക്കണം. നിൻറെ വരികൾക്കായി ഈ ലോകം കാത്ത് നിൽക്കുന്നു. തകർച്ചയും തളർച്ചയും വെമ്പലോടെ നോക്കി ജീവിതം അവസാനിപ്പിച്ച് തീർക്കാൻ കാത്തിരിക്കുന്ന ഒരുപിടി മാനസിക രോഗികൾ നമ്മുടെ  ചുറ്റുമുണ്ട്.  ദാനമായി കിട്ടിയ ജീവൻറെ വില എത്രയാണെന്ന്  അറിയാത്ത രോഗികളാണവർ.

സബീൽ പാർക്കിൽ നിന്നും തിരികെ ഇറങ്ങിയപ്പോളും മനസ്സിലും ചിന്തയിലും വട്ടമിട്ടു പറന്നുകൊണ്ടിരുന്നത് സച്ചുവിന്റെ മുഖമായിരുന്നു. അവളുടെ മരണം വട്ടമിട്ടുപറക്കുന്ന ആശുപത്രികിടക്ക മാത്രമായിരുന്നു.  നീർതുളുമ്പി പിന്നെ മന്ദഹാസത്തിൻറെ വസന്തം പൂക്കൾ വിരിയിച്ച അവളുടെ കപോലങ്ങൾ മാത്രമായിരുന്നു.

സച്ചൂ.. നീ  എഴുതൂ  പെണ്ണെ.. നിൻറെ കഥ. നിൻറെ മാത്രം കഥ.   ജീവൻ തിരികെവന്ന് ആവേശിച്ച നിൻറെ മാത്രം വിരൽത്തുമ്പിൽ ഒളിപ്പിച്ച തൂലികകൊണ്ട്.

ഞങ്ങൾ കാത്തിരിക്കുന്നു. ലോകം കാത്തിരിക്കുന്നു.

Wednesday, April 4, 2018

ഒരു ഫേസ്‌ബുക്ക് പ്രശ്‌നം

"പിള്ളേച്ചോ, പിള്ളേച്ചോ ദാണ്ടേ ഇങ്ങോട്ടൊന്നു നോക്കിയേ"

വെടികൊണ്ട പന്നിയെപ്പോലെ ചാടിക്കേറി വരുന്ന അമ്മാനുവിനെ കണ്ട് പിള്ളേച്ചൻ ഒന്നമ്പരന്നു.

"എന്നടാ ഉവ്വേ?.. എന്തുപറ്റി? എലിവാണം വിട്ടമാതിരി?"

അതിനുത്തരമായി അമ്മാനു തൻറെ കയ്യിലിരിക്കുന്ന ഫോൺ പിള്ളേച്ചന് കാണിച്ചു കൊടുത്തു.

"പിള്ളേച്ചാ, ഇങ്ങോട്ടു നോക്കിയേ.. ഇങ്ങോട്ട്.  ഇന്നൊരുത്തൻ  നമ്മുടെ മതത്തെ കേറി ഒണ്ടാക്കാൻ വരുന്നു. എവിടാ? ഫേസ്‌ബുക്കിൽ... ഞാൻ വിടുമോ? അവനെയും  അവൻറെ വീട്ടിലിരിക്കുന്നവരെയും തുമ്മിപ്പിക്കുന്ന പണിയല്ലിയോ ഞാൻ മറുപടിയായി കൊടുത്തേ... അമ്മാനുവിനോടാ കളി.."

ചായ നീട്ടി അടിച്ചുകൊണ്ട് പിള്ള മൊബൈലിലേക്ക് കാക്കയുടെ ഒളികണ്ണിട്ടു നോക്കി. ഫേസ്‌ബുക്കില്ലാത്തത് അന്തസ്സിനു നിരക്കാത്ത കാര്യമാണെന്ന് പിള്ളേച്ചൻ ചിന്തിക്കാൻ തുടങ്ങിയ കാലമായതിനാൽ അതൊന്നു നോക്കിയേക്കാം എന്ന ചിന്തയാണ് ആ കാകദൃഷ്ടിക്ക് കാരണം.

"ഇതെന്തുവാടാ... ഏതോ ഒരു തെണ്ടി നിൻറെ മതത്തെ വല്ലോം പറഞ്ഞതിന് നീ തന്തക്കുപിറക്കാഴിക എഴുതി മറുപടി കൊടുത്തേക്കുന്നെ? നിൻറെ കർത്താവീശോ മിശിഹാ ഒരു കരണത്ത് അടിക്കുന്നവന് മറ്റേ കരണം കൂടി കാണിച്ചുകൊടുക്കാനല്ലെടാ എന്തരവനെ പറഞ്ഞേച്ച് പോയെ?"

പിള്ളേച്ചന്റെ വാചകത്തിൽ ഒളിഞ്ഞിരിക്കുന്ന ചൊറിച്ചിൽ കേട്ട് മുണ്ട് ചുരച്ചുകയറ്റി, കാലൊന്നുയർത്തി, പാളക്കരയൻ അണ്ടർവയർ കാണിച്ച്  അമ്മാനു നിന്നുകിതച്ചു.

"പിള്ളേച്ചാ.. കാര്യമൊക്കെ ശരിയാ. എന്നാൽ കർത്താവീശോ മിശിഹായുടെ അണ്ണാക്കിലടിക്കാൻ വന്നാൽ നമ്മൾ അച്ചായന്മാർ വിടുവോ? പശൂനെ തിന്നാനും, വാട്ടീസടിക്കാനും മാത്രമല്ല ഇച്ചിരി മതത്തിനുവേണ്ടി രക്തസാക്ഷിയാകാനും നമ്മൾ തയ്യാറാ പുള്ളേ. നിങ്ങള് സ്തേഫാനോസ് എന്ന് കേട്ടിട്ടുണ്ടോ... സ്തേഫാനോസ് ?"

"എടാ മരഊളേ, സ്തേഫാനോസ് ഫേസ്ബുക്കിലാണോ രക്തസാക്ഷിയായേ?  നിന്നെ കൊള്ളാമല്ലോടാ അമ്മാനൂ.."

"പിള്ളേച്ചാ... അയാൾ എവിടേലും വച്ച് രക്തസാക്ഷിയായിക്കോട്ടെ, നമ്മക്ക് പറയാൻ ഒരുത്തനുണ്ടോ? അതാണ്. അപ്പോൾ നമ്മൾ വിട്ടുകൊടുക്കുമോ? ഇക്കാലത്ത്  കാര്യങ്ങൾ പൊലിപ്പിക്കാൻ കിട്ടിയ സാധനമാ സുക്കറണ്ണൻറെ ഫേസ്‌ബുക്ക്. അവിടെ വരുന്നവനെ ഒക്കെ നമ്മൾ പഞ്ചറാക്കും"

"എടാ വിവരംകെട്ടവനെ, നീ ഈ ഫേസ്‌ബുക്കിൽ കിടന്ന് ഒണ്ടാകി ഒണ്ടാക്കി  കാലാകാലങ്ങളായി വിവരമുള്ള തലമുറകൾ പടുത്തുയർത്തിയ മാനോം മര്യാദയും കളഞ്ഞുകുളിക്കണോ?   ഈ കമന്റിട്ടവനെ തന്തക്ക് വിളിച്ച് നിൻറെ മതം അങ്ങ് കോമ്പത്തേതാണെന്നു സ്ഥാപിക്കും മുമ്പ് ഞാൻ പറയുന്ന ഒരു കാര്യം നിനക്ക് ചെയ്യാമോ?"

ചായയടി ഒന്ന് നിർത്തി പിള്ള ബെഞ്ചിലിരുന്നു. തൻറെ മുന്നിൽ പ്രതിഷ്ഠിക്കപ്പെട്ട കാലിച്ചായ അണ്ണാക്കിലേക്കൂതി ഇറക്കി അമ്മാനു പിള്ളേച്ചന്റെ ചോദ്യം കേട്ട് പൊട്ടൻ ആനയെ കണ്ടപോലെ നോക്കിനിന്നു.

"അതെന്താ പുള്ളേ? നിങ്ങൾ പറയാൻ പോകുന്ന കാര്യം?  ദാണ്ടേ നമ്മുടെ പുണ്യപരിപാവന മതത്തിനുവേണ്ടി ഞാൻ എന്തുവേണേലും ചെയ്യും.. നിങ്ങൾ പറഞ്ഞാട്ട്"  തൻറെ വിശ്വാസത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ പോന്ന പോരാളിയായി തീർന്ന അമ്മാനു പിള്ളയുടെ മുഖത്തേക്ക് വായും പൊളിച്ച് നോക്കി നിന്നു.

"അതേ... മഹാഭാരത്തിന്റെ അവസാനഭാഗത്ത് മഹാപ്രസ്ഥാനിക പർവ്വം എന്നൊരു സംഭവം ഉണ്ട്. നീ അതൊന്ന് വായിച്ചിട്ട് വാ. എന്നിട്ട് നിൻറെ മതത്തിനുവേണ്ടിയുള്ള മദമിളക് നടത്ത്"

"പിള്ളേച്ചാ.. നിങ്ങൾ ഒന്നുകൂടി പറഞ്ഞേ? മഹാപ്രസ്ഥാനമോ? അതെന്ത് കുന്തമാ? പുടികിട്ടുന്നില്ലല്ലോ? അല്ല ഞാൻ എന്തിനാ ഹിന്ദുക്കളുടെ സുനാപ്പി ഒക്കെപ്പോയി വായിക്കുന്നെ? മാനം മര്യാദയായിട്ട് ബൈബിൾ വായിക്കാൻ പറ്റുന്നില്ല.. പിന്നാ.."

അതിന് പിള്ളേച്ചൻ ഒന്ന് ചിരിച്ചു.  "അതെ. മാനംമര്യാദക്ക് നീയൊക്കെ മതഗ്രന്ഥങ്ങൾ വായിക്കാത്തതിന്റെ കൊഴപ്പം നന്നായിട്ടുണ്ട്... നീ ഏതാണ്ട് നമ്പൂരി മുങ്ങി ക്രിസ്ത്യാനിയായന്നൊക്കെയല്ലേ തള്ളുന്നെ.  വേണേൽ പോയി ഞാൻ പറഞ്ഞ മഹാപ്രസ്ഥാനിക പർവ്വം വായിച്ചിട്ടു വാ.. എന്നിട്ട് ബാക്കി പറയാം"

അമ്മാനു ഒരു നിമിഷം ചിന്താവിഷ്ടയായ സീതയായി. ഫേസ്‌ബുക്കിൽ തനിക്ക് ആളാകാൻ പറ്റിയ കാര്യമാണ് പിള്ള പറയുന്നത്. എന്തോ കുന്തമായാലും വേണ്ടില്ല വായിച്ചു നോക്കിയേക്കാം"

"എന്നാ പിള്ളേ.. നിങ്ങളുടെ ആ സംഭവം വായിച്ചിട്ട് തന്നെ കാര്യം. നോക്കിക്കോ നാളെ അമ്മാനൂ ഇവിടെ ഇതേ സമയത്ത് വന്ന് നിൽക്കും. അപ്പൊ കാണാം"

ഇതും പറഞ്ഞ് അമ്മാനു വന്ന ഉശിരോടെ തന്നെ തിരികെ വിട്ടു. പിള്ളേച്ചൻ അടുത്ത കസ്റ്റമറെ സേവിക്കനായി ചായപാത്രം ഉയർത്തിയടി തുടരുകയും ചെയ്തു.


അടുത്ത ദിവസം.

പിള്ള തലേൽകെട്ട് മുറുക്കിയുടുത്ത് നിൽക്കുമ്പോളാണ് അമ്മാനു പ്രത്യക്ഷനായത്.  കോൻ ബനേഗ കരോർപതി ജയിച്ചുവന്ന തലക്കനം ആ മുഖത്തുണ്ടായിരുന്നു.

"ഹോ... പിള്ളേച്ചോ, സംഭവം കഴിഞ്ഞു. നമ്മുടെ അമ്പലത്തിലെ പോറ്റിയോടാ പോയി സംഭവം ഒപ്പിച്ചെ. വായിച്ചാൽ ഇതെങ്ങാണ്ട് മനസ്സിലാകുമോ? ഇതിയാനാ പിന്നെ കാര്യം വ്യക്തമായി പറഞ്ഞുതന്നെ..."

അതുകേട്ട് പിള്ളേച്ചൻ ഒന്ന് ചിരിച്ചു. "അന്നോ... എന്നാൽ പറഞ്ഞേ  നീ എന്തുവാ പഠിച്ചെ?"

അമ്മാനു ഒന്ന് നിവർന്നു. എന്നിട്ട് തുടർന്നു "എന്ന് വച്ചാ..നമ്മുടെ പഞ്ചപാണ്ഡവന്മാർ രാജ്യഭരണം ഒക്കെ കഴിഞ്ഞ് അവരുടെ അവസാന യാത്ര ഇന്ത്യമൊത്തം കറങ്ങി സുമേരു പർവ്വതത്തിലേക്ക് പോയ സംഭവമല്ലിയോ?"

"അതെ" പിള്ള ചിരിച്ചു.

"ങാ... ഇവന്മാർ പോന്ന വഴിയിൽ ആണ്ടടാ ഒരു പട്ടിയും കൂടെക്കൂടി.  പിന്നെ ദാണ്ടേ ഇങ്ങോട്ട് നോക്കിയേ.. ആ പോന്ന പോക്കിൽ പൊത്തടിയോന്നും പറഞ്ഞ് ഇവന്മാരുടെ പെണ്ണുമ്പുള്ള ദ്രൗപതി വീണു.  പിന്നെ സഹദേവനും, നകുലനും, അർജുനനും എന്നുവേണ്ട പിള്ളേ, ഒള്ളത് പറയാലോ ഇവന്മാരിൽ അവസാനം സ്വർഗത്തെത്തിയത് ആരൊക്കെയാണെന്നാ വിചാരം?"

"ങ്ങും.. പറ.." പിള്ളേച്ചൻ ഊറിയ ചിരിച്ചിരിച്ചു

"എൻറെ പൊന്നോ... ദാണ്ടേ നമ്മുടെ യുധിഷ്ഠിരനും, ആ ചാവാലിപ്പട്ടിയും. എന്തൊരു കൂത്താണെന്ന് നോക്കിയേ. എനിക്കന്നേൽ ലവനെ പണ്ടേ  അത്ര പിടുത്തമില്ല ചൂതുകളിച്ച് രാജ്യവും പെണ്ണുംപുള്ളേം എല്ലാം പണയം വച്ച മോനാ ഇതിയാൻ. പറഞ്ഞിട്ടെന്താ.. ധർമപുത്രരല്ലെ .. ധർമ്മപുത്രർ. ങാ.. പിള്ളേ, ഈ വഴിയിൽ അനിയന്മാർ എല്ലാം വീണതിന് കാരണമാ രസം"

"എന്താ.."?

"എല്ലാവന്റേയും തണ്ടും പൊണ്ണക്കാര്യവും. ഞാൻ വലിയ സംഭവമാണെന്നുള്ള വിചാരവും. പിന്നെ ആ പെങ്കൊച്ചിനെ തള്ളിയിട്ടത് അവൾ ഇച്ചിരി പക്ഷപാതം കാണിച്ചതുകൊണ്ടാ... അവൾക്കേ നമ്മുടെ അർജ്ജുനനോട് പ്രത്യേകം ഒരിത് ഉണ്ടായിരുന്നത്രേ .. ഏതാ,  പ്രേമം.."

ഇതും പറഞ്ഞ് ചന്തി ചൊറിഞ്ഞ് അമ്മാനു  ചോദിച്ചു.. "അല്ല പുള്ളേച്ചാ... നിങ്ങൾ എന്നെകൊണ്ട് ഈ കുന്ത്രാണ്ടം വായിപ്പിച്ചത് എന്തിനാ ?"

പിള്ള തലയൊന്ന്  മാന്തി  "അപ്പോൾ നിനക്ക് ഇത്രേം വായിച്ചിട്ടും കാര്യം പുടികിട്ടിയില്ലേ അമ്മാനു?"

"പിടികിട്ടിയോന്ന് ചോദിച്ചാ... ഒരു പോക പോലാ... ഈ ലോകത്ത് തണ്ടും പൊണ്ണക്കാര്യവും ഒന്നും കാണിച്ചിട്ട് കാര്യമില്ല. എത്ര വലിയ വില്ലനാന്നേലും സ്വർഗത്ത് പോകത്തില്ലെന്ന്.. യേതാ"

"അതെ.. ഇനി നീ പോയി ആ ലോത്തിന്റെ കഥ കൂടി വായിക്കണം.. നിന്റെ ബൈബിളിലെ പഴയനിയമത്തിലെ തിരിഞ്ഞുനോക്കാതെ ഓടുന്ന ഒരു ആശാനുണ്ടല്ലോ.."

"ഏതാ .. നമ്മുടെ സൊദോം ഗോമോറാ കേസാണോ ?"

"അതെ.. അതൂടെ നീ പോയി ഒന്ന് വായിച്ചിട്ടുവാ.. അപ്പോൾ നിനക്ക് ഫേസ്‌ബുക്കിൽ തകർക്കാം"

കാര്യം ഇതൊക്കെ പറഞ്ഞാലും ലോത്തിൻറെ കഥ വിശാലമായി അമ്മാനു വായിച്ചിട്ടില്ലായിരുന്നു. ഫേസ്‌ബുക്കിൽ തൻറെ എതിരാളികളെ തകർക്കാനുള്ള വലിയ വടി കിട്ടുവാന്നേൽ ആകട്ടെ എന്ന ചിന്ത തള്ളിക്കേറി വന്നപ്പോൾ അമ്മാനു അമാന്തിച്ചില്ല. നേരെ പോയി പഴനിമയം കയ്യിലെടുത്തു.

ലോകത്തെ ഏറ്റവും കൂറകളായ ആൾക്കാർ തിങ്ങിനിറഞ്ഞ സൊദോം ഗൊമോറ നഗരങ്ങളെ ദൈവം അഗ്നിയും ഗന്ധകവും വീഴ്ത്തി ചുട്ടുകരിച്ച് കളഞ്ഞ സംഭവം ഒന്നുകൂടി മനസ്സിരുത്തി വായിച്ചു. എന്നിട്ട് വൈകിട്ട് പിള്ളേച്ചന്റെ കടയിലെത്തി തടിബഞ്ചിൽ കാല് കേറ്റി ഒരു വെപ്പ്. പിന്നെ പറഞ്ഞു.

"പിള്ളേച്ചാ.. കഴിഞ്ഞു"

"കഴിഞ്ഞോ.. എന്നിട്ട്?"

"എൻറെ പിള്ളേ. ഭൂലോകത്തിൽ ഇതുപോലെ തന്തക്ക് പിറക്കാത്തവന്മാർ ഉണ്ടായിരുന്നില്ലെന്നാ എൻറെ ഒരിത്.  അതൊക്കെ വച്ച് നോക്കുമ്പോൾ നമ്മളൊക്കെ ദാണ്ടേ ഇങ്ങോട്ടു നോക്കിയേ... നമ്മൊളൊക്കെ ഒന്നുമല്ല പിള്ളേ.. ഒന്നുമല്ല"

"ങാ... അത് ശരിയാ.. നീ പഠിച്ചത് എന്താണെന്ന് പറ അമ്മാനു"

"അതോ... ഇവന്മാർ വേണ്ടാതീനം കാണിച്ച്, കാണിച്ച് അവസാനം കൊണമുള്ള ഒരുത്തനുണ്ടായിരുന്നു. നമ്മുടെ ലോത്ത്.  അയാളോടും പിള്ളേരോടും നിങ്ങൾ പോയി രക്ഷപെട്ടോ എന്ന് ദൂതന്മാർ പറഞ്ഞു. അവർ ഒട്ടെടാ ഓട്ടം. തിരിഞ്ഞുനോക്കരുതെന്ന് പറഞ്ഞിട്ടും ആ പോക്കിലും  ലോത്തിൻറെ കെട്ടിയോൾ എൻറെ പെമ്പ്രന്നോത്തിയെപ്പോലെ എന്താ അവിടെ സംഭവിക്കുന്നെ എന്നറിയാനുള്ള ആഗ്രഹം കൊണ്ട് ഒതുക്കത്തിൽ ഒരു നോട്ടം നോക്കി. ദൈവം തമ്പുരാനെല്ലിയോ മോൻ.. പറഞ്ഞാൽ കേൾക്കാത്തവളുമാരെ അങ്ങേർക്ക് പിടിക്കുവോ?  അതുമാത്രമല്ല പണ്ട് ഹവ്വാ പെണ്ണുമ്പുള്ള അനുസരണക്കേട് കാട്ടി പാമ്പിനെ കൊണപെടുത്താൻ പോയി മുടിഞ്ഞ പാപം ചെയ്ത ഒരു കലിപ്പ് ദൈവംതമ്പുരാൻറെ ഉള്ളിൽ കെടപ്പുമുണ്ടായിരിക്കും.  തിരിഞ്ഞു നോക്കിയ ലോത്തിന്റെ കെകെട്ടിയോൾ ആണ്ടെടാ.. ഉപ്പുതൂണായി നിൽക്കുന്നു!!"

"അത് ശരിയാടാ അമ്മാനു, ആണുങ്ങൾ പറഞ്ഞാൽ കേൾക്കുന്ന സ്വഭാവം അല്ലേലും നിന്റെം, എന്റേം പെണ്ണുമ്പുള്ളമാർക്കില്ലല്ലോ. തലവര എന്ന് പറഞ്ഞാൽ മതിയല്ലോ..എന്നിട്ട് നീ പറ"

അമ്മാനു താടിക്ക് കൈ കൊടുത്ത് മൊബൈലിൽ നോക്കി ഒരിരിപ്പിരുന്നു.  എന്നിട്ട് തുടർന്നു "എന്തോ പറയാനാ എൻറെ പിള്ളേ... ഈ പാണ്ഡവന്മാരുടെ അവസാന യാത്രയും ലോത്തിൻറെ ജീവനെ പേടിച്ചുള്ള  ഓട്ടവും ഓർക്കുമ്പൾ ചിരി വരുവാ. നമ്മൾ ഇവിടെക്കിടന്ന് അടിപിടി ഉണ്ടാക്കുവാ.. അവസാനം എന്തായിത്തീരുമോ എന്തോ.. രണ്ടും വായിച്ച് ചുമ്മാതിങ്ങനെ താടിക്ക് കൈ കൊടുത്ത് ഓഞ്ഞ ഇരിപ്പിരിക്കാനാ തോന്നുന്നെ"

പിള്ളേച്ചൻ ഇതുകേട്ട് ഒറ്റച്ചിരി. എന്നിട്ട് അമ്മാനുവിന്റെ അടുത്തേക്ക് നീങ്ങി നിന്നു.

"എടാ അമ്മാനു, ഇതുവരെ വായിക്കാത്ത ഒരു സാധനം ഉണ്ടെന്നു കേട്ട്, മറ്റുള്ള മതക്കാർക്കിട്ട് പണിയാൻ നീ പോയി വായിച്ചത് മഹാഭാരതം.  വീണ്ടും ഞാൻ പറഞ്ഞപ്പോൾ നീപോയി പൊക്കിനോക്കിയത് നീയും, മുസ്ലീങ്ങളും, ജൂതന്മാരും വിശ്വസിക്കുന്ന ലോത്തിൻറെ കഥ.  മനുഷ്യന്റെ പോക്രിത്തരത്തിന് ദൈവം അവന്മാരുടെ ഒക്കെ അണ്ണാക്കിലാപ്പടിച്ച് കത്തിച്ച് ചാമ്പലാക്കിയ നഗരങ്ങൾ.  ഇന്ന് ആ സ്ഥലത്താ നമ്മുടെ മാനും മഞ്ചാതീം ഇല്ലാതെ കിടക്കുന്ന ചാവുകടൽ അറിയാമോ?"

പിള്ള ഒന്ന് നിർത്തി. എന്നിട്ട് തുടർന്നു "നാളെ ഞാൻ പോയി ഖുർആൻ വായിക്കാൻ പറഞ്ഞാലും നീ ഓടും. എന്തിനാ.. കണ്ടവന് പണികൊടുക്കാനുള്ള ആക്രാന്തം.  എന്നിട്ട് നീ അതിലും വലിയ പണി മേടിച്ച് കെട്ടും"

അമ്മാനു പിള്ളയുടെ മുഖത്ത് തന്നെ നോക്കിയിരിക്കുകയാണ്.

"എടാ അമ്മാനു നീ ഈ ഫേസ്‌ബുക്കിൽ കിടന്ന് തേച്ച് തേച്ച് കളയുന്ന സമയം വല്ല നല്ലകാര്യത്തിനും ഉപയോഗിക്കരുതോ?  നീയൊക്കെ ഇതിൽ കിടന്ന് അടിയുണ്ടാക്കുമ്പോൾ ലവന്മാർ കാശുണ്ടാക്കുവാ.. യേത്? സുക്കറണ്ണൻ. മോട്ടേന്ന് വിരിഞ്ഞപ്പോളേ ബിസ്സിനസ്സ് ബിസിനസ് എന്ന് പറഞ്ഞുനടക്കുന്ന പയ്യൻ.  നീയൊക്കെ രാവും പകലും ശവക്കുഴി മാന്തി മാന്തി അവനൊക്കെ ഒണ്ടാക്കികൊട്.. നാണോം മാനോം ഉണ്ടോടാ നിനക്കൊക്കെ? ആരേലും പറയുന്നത് കേട്ട് എവിടെ വേണേലും ഓടും, എന്ത് വേണേലും വായിക്കും. അവനെ തന്തക്ക് വിളി എന്ന് പറഞ്ഞാൽ വിളിക്കും, ഇവനെ വിളി എന്ന്  പറഞ്ഞാലും വിളിക്കും. എന്തിനാ..? നിന്റെയൊക്കെ അമ്മെകെട്ടിക്കാൻ മതവും കൊതവും നന്നാകാൻ..."

"പിള്ളേച്ചാ.. സത്യം പറ.. നിങ്ങൾ നിരീശ്വരവാദിയാണോ?!" പിള്ളയുടെ ആഞ്ഞുകുത്തിയുള്ള നിൽപ്പുകണ്ടപ്പോൾ അമ്മാനുവിന് സംശയം മുളപൊട്ടി.

"ഇതിലും ഭേദം അതാടാ അമ്മാനു.  നിന്നെയൊക്കെ ആരൊക്കെയോ ഹൈജാക്ക് ചെയ്തേക്കുവാ.. അത് മതമായാലും, രാഷ്ട്രീയമായാലും. കണ്ട തെണ്ടികൾക്കൊക്കെ തലച്ചോറ് പണയം വച്ചിട്ട്  വയറിന് അസുഖവും, അർശസും പിടിച്ച അവന്റെയൊക്കെ തീട്ടം വാരി തിന്നോണ്ട്  നടക്കുവാ നീയൊക്കെ.. ഫൂ.."

ഇതും പറഞ്ഞ് പിള്ള റോഡിലേക്ക് ആഞ്ഞൊരു തുപ്പും ആട്ടും വച്ചുകൊടുത്തു.

"നീയൊക്കെ ഫേസ്ബുക്കിലും വാട്‍സ്ആപ്പിലും കേറി കേറിക്കോ. എന്നാൽ അതിനകത്ത് കിടന്ന് ചന്തികൊണ്ട് നടത്തണ്ടത് വാകൊണ്ട് നടത്താതിരുന്നാ മതി, മനസ്സിലായോ?"

ഇത് കേട്ടുകൊണ്ട് മണിസാർ അങ്ങോട്ട് കയറി വന്നു. അമ്മാനുവിന്റെ നത്തുളുക്കിയ ഇരിപ്പിരിക്കുന്നത് കണ്ട്  ഒരു ചോദ്യവും ചോദിച്ചുകൊണ്ടാണ് വരവ്.

"എന്താടാ  അമ്മാനു, എന്ത് പറ്റി?"

അമ്മാനു ആദിവാസിമൂപ്പൻ തീകായാൻ ഇരിക്കുന്ന ഇരിപ്പിൽ നിന്ന് ഒന്നിളകിയിരുന്നു.

"ഓ.. ഈ പിള്ളേച്ചൻ എനിക്കിട്ടൊരു എട്ടിന്റെ പണി തന്നു സാറേ.. നാട്ടുകാർക്ക് ഫേസ്‌ബുക്കിൽ പണികൊടുക്കാനിരുന്ന എനിക്ക് ഇപ്പോൾ ഒരു വൈക്ലബ്യം. ഇതിപ്പോൾ ഒരുമാതിരി മറ്റേ ഇടപാടായിപോല്ലോ പിള്ളേ.."

പിള്ള മാണിസാറിനായുള്ള ചായ നീട്ടിയടിക്കുമ്പോൾ തുടർന്നു.

"അമ്മാനു നീ ഈ പ്രന്തൊക്കെ വിട്ട് നിൻറെ പണിചെയ്യ്‌. നിൻറെ കൊച്ച് വിശന്നു കീറുമ്പോൾ  ഈ എന്തരവന്മാരൊന്നും കാണില്ല നിന്നെ സഹായിക്കാൻ. നീ നിൻറെ ദൈവത്തിനേം വിളിച്ച് മാനം മര്യാദക്ക് ജീവിക്ക്. നാളെ നീ ഒന്ന് വീണാൽ നിന്നെ പിടിക്കാൻ മതോം രാഷ്ട്രീയവും പറഞ്ഞ് എനിക്കോ ഈ മണിസാറിനോ മാറി നിക്കാനൊക്കുമോ?  നീ ഉള്ളസമയത്ത് ആൾക്കാരെ പിണക്കാതെ നേരും നെറിയുമായി ജീവിക്കടാ ഉവ്വേ.."

അപ്പോൾ മണിസാർ  ഏറ്റുപിടിച്ചു. "അത് ശരിയാ പിള്ളേ.. നമ്മുടെ ഗാന്ധിജങ്ഷനിൽ മതവും ജാതിയും, രാഷ്ട്രീയവും നമുക്ക് വേണ്ട. മനുഷ്യൻ മതി. എന്നിട്ട് പണ്ട് നമ്മുടെ കവി പാടിയ പാട്ടങ്ങ് പാടിക്കോ"

അമ്മാനു മണിസാറിനെ ഒന്ന് നോക്കി. "അതേതു പാട്ടാ സാറെ..?"

"അതോ..."  മണിസാർ ഒന്ന് ചിരിച്ചു. പിന്നെ പൊട്ടിച്ചിരിച്ചു.  നാടകാന്തം കവിത്വം എന്ന പോലെ പിന്നെ ചിരിയുടെ അന്ത്യത്തിൽ ഇപ്രകാരം ഉരചെയ്തു.

"കേരളമെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ"

അതുകണ്ട്  ആ ചിരിയിൽ പിള്ളേച്ചനും അമ്മാനുവും കൂട്ടുചേർന്നു.

ആ ചിരി കഴിഞ്ഞപ്പോളേക്കും അമ്മാനു തൻറെ ഫേസ്‌ബുക്കിലെ ചീത്തവിളി കമന്റുകൾ എല്ലാം ഡിലീറ്റ് ചെയ്തും കളഞ്ഞു.