Sunday, October 23, 2016

സമാധാനസേന

കുറവൻ മലയുടെ താഴ്വാരത്തിൽ നിന്ന് നേതാവ് ഗർജ്ജിച്ചു.
"കൂട്ടരേ.. എല്ലാം മനസ്സിലായല്ലോ..?"
"മനസ്സിലായേ "
"ആരാണ് നമ്മൾ ?"
"നമ്മൾ ശാന്തിസേന ... സമാധാന സേന..."
"എന്താണ് നമ്മുടെ ദൗത്യം?"
"താഴ്വാരത്തിൽ സമാധാനം സ്ഥാപിക്കൽ "
"അതിനു നമ്മൾ എന്ത് ചെയ്യും?"
"എന്തും ചെയ്യും ...."

നേതാവ് ചിരിച്ചു. ആ ചിരി കുറവൻമലയുടെ അങ്ങേയറ്റം വരെ പരന്നുകിടന്നു.

"നിങ്ങളുടെ തോക്കുകൾ തയ്യാറാണോ?"
"തയ്യാറാണ് "
"നിങ്ങളുടെ വടിവാളുകൾ മൂർച്ചകൂട്ടിയാതാണോ?"
"അതേ "
"കുറുവടികൾ??.."
"ആവശ്യത്തിനുണ്ട് "
"നല്ലത്... താഴ്വാരത്തിൽ  സമാധാനം സംസ്ഥാപിക്കാൻ ഇതെല്ലം അത്യാവശ്യമാണെന്നറിയാമല്ലോ?"
"അറിയാമേ..."
"കൊള്ളാം... ചുണക്കുട്ടികളേ, നിണത്തിന്റെ ചൂരുംചൂടും നിങ്ങളെ പിന്തിരിപ്പിക്കുമോ?"
"ഇല്ലേയില്ല "
"നല്ലത്. യോദ്ധാക്കൾ ചോരപ്പുഴകണ്ട് പതറുവാൻ പാടില്ല..."

"ശരി പുറപ്പെടാൻ സമയമായി. നിരനിരയായി നിൽക്കുവിൻ. എല്ലാവരിലും ആയുധം ഉണ്ടെന്ന് ഉറപ്പുവരുത്തുക. വിജയം നമ്മുടേതാണ്.. സമാധാനവും.."
"വിജയം നമ്മുടേതാണ് സമാധാനവും" സേന ആർത്തുവിളിച്ചു.

"ധീരന്മാരെ പോയിവരൂ... വീരന്മാരെ  ജയിച്ചുവരൂ... താഴ്വരയിൽ ശാന്തി വിതക്കൂ...സമാധാനം സ്ഥാപിക്കൂ..."

കുറവന്മലയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ശാന്തിസേന മുന്നോട്ടു നീങ്ങി.

അവരുടെ ലക്ഷ്യം സമാധാനം.
അവരുടെ ആശയം താഴ്‌വരയിൽ ഐശ്വര്യം.

ആശീർവാദം നൽകി നേതാവ് കുറവൻ മലയിലെ പൊത്തിലേക്കെവിടേക്കോ തിരിഞ്ഞു നടന്നു. അവിടെ അയാളെ കാത്ത് മദ്യചഷകങ്ങളും, കാമിനിമാരും, മുന്തിയതരം ഭക്ഷണപാനീയങ്ങളും നിരന്നു.

അപ്പോൾ സൂര്യകിരണത്തിന് താപം കുറവായിരുന്നു, പക്ഷേ  ചോരചുവപ്പായിരുന്നു. ആ ചുവന്ന കിരണം കുറത്തിമലയുടെ ഇടിവുവീഴാതെ ആകാശത്തേക്കുയർന്നുനിൽക്കുന്ന കറുത്തമുലകളിൽ തട്ടി തെളിഞ്ഞു നിന്നു.

Friday, October 14, 2016

അവൾ... ആ പെൺകുട്ടി

ഞാൻ ആ പെൺകുട്ടിയെ ഇതിനു മുമ്പും കണ്ടിട്ടുണ്ട്. അവനെയും കണ്ടിട്ടുണ്ട്.

എന്നാൽ അന്ന് ഇതുപോലെ ചുറ്റും മൂകതയില്ല, മുരൾച്ചയില്ല, കരച്ചിൽ ഇല്ല, നെഞ്ചുപിടയുന്ന നിലവിളി ഇല്ല. ഭ്രാന്തമായ നെഞ്ചത്തടിയില്ല. കാഴ്ചക്കാരിൽ നെഞ്ചിടിപ്പുമില്ല.

ചിരിമുത്തുകൾ വാരി വിതറിക്കൊണ്ട്,  കണ്ണെത്താദൂരം നീണ്ടുകിടക്കുന്ന വയൽവരമ്പിലൂടെ അവൻറെ കൈകൾ പിടിച്ച് അവൾ നടന്നു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്.  അവർ ചിരിക്കും, കൊഞ്ചും, സല്ലപിക്കും. കൗമാരത്തിൻറെ പടികൾ ചവിട്ടിയിട്ടേയുള്ളുവെങ്കിലും, വിവാഹം വിദൂരത്തെവിടെയോ ആയിരുന്നെങ്കിലും അന്ന് മനസ്സിൽ പറഞ്ഞു "കല്യാണം കഴിഞ്ഞാൽ എനിക്കും ഇതുപോലെ ഒരു പെണ്ണിൻറെ കരംപിടിച്ച് നടക്കണം"

അവൻറെ അരക്കെട്ടിൽ അമർത്തിപ്പിടിച്ച് ഇരുചക്രവാഹനത്തിൽ അവൾ ചിരിച്ചുല്ലസിച്ച് നീങ്ങുമ്പോൾ ആ ബൈക്കിൽ നിന്നും ചിതറിത്തെറിച്ചുവീണ പ്രേമത്തിൻറെ നുറുങ്ങുകൾ കണ്ട് ഞാൻ മനസ്സിൽ പറഞ്ഞിട്ടുണ്ട് "ഒരിക്കൽഎനിക്കും ഇവരെപ്പോലെയാകണം"

കിടക്കയിൽ, രാവിൻറെ മഞ്ചലിൽ എൻറെ ഭാവിസ്വപ്നങ്ങൾക്ക് അവരുടെ ചിരിയും കളിയും ഭാവനയേകി, നിറങ്ങൾ നൽകി പിന്നെ ചിറകുകൾ നൽകി. അവരുടെ പ്രേമത്തിൻറെയും പ്രതീക്ഷയുടെയും മുഖങ്ങൾ  എൻറെ മനസ്സിൽ തുടികൊട്ടികൊണ്ടേയിരുന്നു.

എന്നാൽ ഇന്ന്.....??

അവളുടെ അലർച്ചയും കണ്ണീർചാലുകളും കാഴ്ചക്കാരുടെ മുഖങ്ങളിൽ ദുഃഖത്തിന്റെ മുള്ളുകൾ വാരി വിതറികൊണ്ടിരുന്നു. വേദനയുടെ ചീളുകൾ കണ്ണിലും, കരളിലും കുത്തിക്കയറുന്ന നിമിഷംങ്ങൾ!

ഡെഡ്ബോഡി !

ഭംഗിയുള്ള ശവപ്പെട്ടി. അതിൽ ജീവൻ വിട്ടകന്നുപോയ അവൻറെ മുഖംമാത്രം കാണാം. ആ കണ്ണുകളിലും കവിളുകളിലും അവൾക്കു വേണ്ടിയാകണം അവസാനമായി ഒരു ചെറുപുഞ്ചിരി ഒളിപ്പിച്ചുവച്ചിട്ടുണ്ടായിരുന്നു. മനസ്സിലേക്ക് തീനാളങ്ങൾ കോരിയിടുന്ന അവസാനപുഞ്ചിരി.

അവന് വിദേശത്തായിരുന്നു ജോലി. കഴിഞ്ഞ ദിവസം അവളുടെ ഫോണിൽ മുഴങ്ങിയത് മരണമണി ആയിരുന്നു. കമ്പനിയുടെ എച്ച്.ആർ. ഡിപ്പാർട്ടുമെന്റിൽ നിന്നും വന്ന ഫോൺ കോൾ. വാഹനാപകടം.  ഇന്നിവിടെ മുഖംമാത്രം കാണുന്ന കിളിവാതിലിട്ട് മനോഹരമായി നിർമ്മിച്ച വലിയ പെട്ടിയിൽ അവളുടെ മൃദുലകരം പിടിച്ച് താലോലിച്ച വിരലുകൾ തണുത്തുറഞ്ഞ് കണ്ണുകൾക്കന്യമായി കിടക്കുന്നു.

അവളുടെ നിലവിളി ദൂരേന്ന് കേട്ടാണ് ഞാൻ ഞെട്ടി ഉണർന്ന് ഇവിടേക്ക് വന്നത്.  ഡെഡ്ബോഡി! ചിരിയും, കളിയും, സുഗന്ധവും പരത്തി ഗ്രാമത്തിലേക്ക് പറന്നിറങ്ങാറുള്ള അവൻ ഇന്ന് വിഷാദത്തിൻറെ കാർമേഘം മാത്രം പടർത്തി തണുത്തുറഞ്ഞൊരു ബോഡിയായി വന്നിറങ്ങി.  ഒരിക്കലും ആരും ആഗ്രഹിക്കാത്ത പ്രവാസിയുടെ ഒരു മടങ്ങിവരവ്.

അവൾ ആ മുഖത്തേക്ക് വീണു. അവനൊരു ചുംബനം നൽകുവാൻ മാത്രം. പക്ഷേ അവൾ ചുംബനം മുഴുപ്പിക്കുംമുമ്പ് ആരൊക്കെയോ അവളെ വലിച്ചു മാറ്റി. അവൾ അലമുറയിട്ടു. ആൾക്കാർ അവളെ നിശബ്ദയാക്കാൻ ശ്രമിക്കുന്നു. അവൾ പുലമ്പുന്നു, കരയുന്നു, നെഞ്ചത്തടിക്കുന്നു. ഒരു മനോരോഗിയെ നോക്കുംപോലെ അവൾക്ക് വട്ടംകൂടി നിൽക്കുന്നവർ, ശാസിക്കുന്നു. പിറുപിറുക്കുന്നു.

ഒരിക്കൽ അവളുടെ മാത്രമായിരുന്ന ദേഹം....
ഒരിക്കൽ സ്വന്തം എന്നുമാത്രം അവൾ കരുതിയ മുഖം....
ഒരിക്കൽ അവളെ  ചുംബിച്ചുറക്കുകയും ഉണർത്തുകയും ചെയ്ത ചുണ്ടുകൾ...
ഒരിക്കൽ അവളുടെ പ്രേമത്തിൻറെ പൊരുൾ കേട്ട കാതുകൾ...
ഒരിക്കൽ അവളെ മാത്രം വാരിപ്പുണർന്ന കരങ്ങൾ...
ഒരിക്കൽ അവളിലേക്ക് തൻറെ ചൂട് പകർന്നുനൽകിയ വിരിമാറ്...
ഒരിക്കൽ അവളുടെ മനസ്സിനെയും, ശരീരത്തേയും ആപാദചൂഡം കുളിരണിയിച്ച വിരൽത്തുമ്പുകൾ...
ഒരിക്കൽ അവളുടെ ഇഷ്ടങ്ങൾ പൊന്നുപോലെ സാധിച്ചു കൊടുത്ത മനസ്സ്...

ഇന്ന് ... ഒന്നും അവളുടേതല്ല...... തൻെറമാത്രം എന്നവൾ കരുതിയതെല്ലാം വേറെ ആർക്കൊക്കെയോ സ്വന്തം. ജീവിച്ചിരിക്കുമ്പോൾ അവൻ ഒരിക്കലും കാണുകപോലും ചെയ്യാത്തവർ ഇന്ന് അവൻറെ ചേതനയറ്റ ശരീരത്തിൻറെ കാർമ്മികർ ആകുന്നു.

അവളുടെ അവകാശങ്ങൾ എല്ലാം അകലെയെവിടെയോ നഷ്ടപ്പെടുത്തി, ഒരു കുഞ്ഞിൻറെ ജന്മം ബാക്കി നൽകി അവൻ യാത്രയായി. അവളെ അവസാനം ഒന്ന് കാണാതെ, കേൾക്കാതെ. അവൾ അറിയാത്ത ലോകത്തേക്ക്. കാണാത്ത വിജനതയിലേക്ക്.....

ഇന്ന് അവളുടെ ഇഷ്ടം ആരും അറിയുന്നില്ല. എല്ലാവർക്കും  സൂര്യൻ പടിഞ്ഞാറ് അന്തിയുറങ്ങും മുമ്പ് ആ ശരീരം മറവുചെയ്യണം. അവളെ അവനിൽനിന്നും വലിച്ചകറ്റണം.

ഇന്നവൻ ആറടിമണ്ണിൽ നിദ്രയാകും. അവളുടെ ഗന്ധം ഇല്ലാത്ത രാത്രി. മണ്ണും, പുഴുക്കളും കീടങ്ങളും അവന് ഇണയും തുണയും ആകുമ്പോൾ അവൾ വറ്റാത്ത കണ്ണീരുമായി വഴിവക്കിലേക്ക് നോക്കി വിങ്ങിപ്പൊട്ടിക്കൊണ്ടിരിക്കും.

എനിക്ക് തല കറങ്ങുന്നു. ആ പെൺകുട്ടിയുടെ നിലവിളി കുത്തേറ്റു പിടയുന്നവൻറെ നെഞ്ചിൽ നിന്നും ചീറ്റിത്തെറിക്കുന്ന ചുടുചോരപോലെ എന്നിലേക്ക് തെറിച്ചുവീണു.

അസഹനീയമായ കാഴ്ച്ച! അസഹനീയമായ കേൾവി! അവിശ്വസനീയമായ ചിന്താധാരകൾ!

ഞാൻ വെറും കാഴ്ചക്കാരൻ. ഇതെല്ലം ഒരു നിമിഷത്തിനുശേഷം പെയ്തൊഴിയുന്ന ഒരു മഴയെപ്പോലെ മാഞ്ഞുപോകുന്ന മനസ്സുള്ളവൻ.

എന്നാൽ പെൺകുട്ടി .... നീയോ?

തുടിക്കുന്ന ഹൃദയവുമായി ഞാൻതിരികെ വീട്ടിലേക്ക് നടക്കവെ അവളുടെ മുഖം മനസ്സിൽ മായാതെ നിന്നു. ചിരിക്കുന്ന ആ പഴയമുഖം അല്ല.

പ്രാണപ്രിയന് ഒരു ചുടുചുംബനംപോലും  നൽകാൻ സ്വാതന്ത്ര്യം തരാത്ത ലോകത്ത് ഭ്രാന്തിയെപ്പോലെ അലറിക്കരയുന്ന മുഖം.

സ്വന്തമായിരുന്നവൻ ആരുമല്ലാതായിത്തീരുന്ന നിമിഷംത്തെയോർത്ത് തന്നെയും, ലോകത്തെയും, വിധിയെയും, എല്ലാത്തിനെയും ശപിക്കുന്ന മുഖം.

അവളുടെ ഉദരത്തിൽ ഇതൊന്നും അറിയാതെ അമ്നിയോട്ടിക് ഫ്ലൂയിഡിനുള്ളിൽ ശാന്തമായി ഉറങ്ങുന്ന അവൻറെ കുഞ്ഞിൻറെ മുഖം.

Wednesday, October 12, 2016

ഒരു ഇന്ത്യൻ പൈങ്കിളിക്കഥ

വായനയുടെ പശ്ചാത്തലം 
ആറ് ബെസ്ററ് സെല്ലറുകളുടെ എഴുത്തുകാരൻ. ഇന്ത്യാചരിത്രത്തിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ബുക്കുകളുടെ രചയിതാവ്. ഒട്ടുമിക്കവാറും എല്ലാ ബുക്കുകളും സിനിമയാക്കപ്പെട്ടുകഴിഞ്ഞു. ലോകത്ത് മറ്റുള്ളവരിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന 100 വ്യക്തിത്വങ്ങളിൽ ഒരാൾ. ചേതൻ ഭഗത്തിന്റെ ഏതു ബുക്ക് എടുത്താലും ആദ്യപേജിൽ മുഴച്ചു നിൽക്കുന്ന വചനങ്ങൾ ആണിത്. 'വൺ ഇന്ത്യൻ ഗേൾ' - ജെ.കെ റൗളിങ്ങിന്റെ പുതിയ പുസ്തകമായ 'ഹാരിപോട്ടർ ആൻഡ് ദി കഴ്സ്ഡ് ചൈൽഡ്' ൻറെ റെക്കോർഡ്പോലും ആമസോൺ പോർട്ടൽവഴി പ്രീ-പബ്ലിക്കേഷനായി തിരുത്തിക്കുറിച്ച കൃതി! പോരെ പൂരം! ഇതിൽ കൂടുതൽ വായനക്കാർക്ക് എന്ത് വേണം?

ചേതൻറെ 'ഫൈവ് പോയിൻറ് സം വൺ' , 'ടു സ്റ്റേറ്റ് ' ഇവയൊക്കെ വായിച്ച് ആസ്വദിച്ച ഒരു മൂഡിൽ ആണെന്ന് തോന്നുന്നു വായനക്കാർ ഇപ്പോളും 'ഹാഫ് ഗേൾഫ്രണ്ടും' 'വൺ ഇന്ത്യൻ ഗേളും' ഒക്കെ വായിക്കുന്നത്. അതേ  ആവേശംകൊണ്ടുതന്നെയാണ് പ്രസിദ്ധീകരിച്ച് ഉടൻ തന്നെ എൻറെ കൈവശവും 'ഒരു ഇന്ത്യൻ പെൺകുട്ടി' എത്തപ്പെട്ടത്. എന്നാൽ കാത്ത്, കാത്തിരുന്നു കിട്ടിയ കുഞ്ഞ് ചാപിള്ളയായിപോയപോലെ ആണ് വായന കഴിഞ്ഞപ്പോൾ അനുഭവപ്പെട്ടത്.

കഥ / കഥാപാത്രങ്ങൾ 
കഥയെപ്പറ്റി പുസ്തകത്തിൻറെ പുറംചട്ടയിൽ തന്നെ പറയുന്നുണ്ട് "ഞാൻ രാധിക,കല്യാണം കഴിക്കാൻ പോകുന്നു. ഒരു ഇൻവെസ്റ്മെന്റ് ബാങ്കിൽ ജോലി ചെയ്യുന്നു. ചിലപ്പോൾ നിങ്ങൾ എൻറെ കഥ ഇഷ്ടപ്പെട്ടേക്കില്ല. ഞാൻ ഒത്തിരി പണം ഉണ്ടാക്കുന്നുണ്ട്. എനിക്ക് എന്റേതായ അഭിപ്രായം എല്ലാത്തിലും ഉണ്ട്. എനിക്ക് മുമ്പ് രണ്ടു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു (എന്നാൽ അകംപേജിൽ -പേജ്  07 - രാധിക പറയുന്നു എനിക്ക് വിവാഹേതര ലൈംഗിക ബന്ധം ഉണ്ടായിരുന്നു ; അത് പുറംചട്ടയിൽ ഒഴിവാക്കിയത് മനഃപൂർവ്വം ആയിരിക്കണം)'

ഗോവയിൽ തുടങ്ങി, ന്യുയോർക്കിലും, ഹോങ്കോങ്ങിലും, ഫിലിപ്പീൻസിലും തിരികെ ഗോവയിൽ നാടകീയ രംഗങ്ങളുമായും, പിന്നെ പെറുവിലൂടെ സാൻഫ്രാൻസിസ്കോയിൽ ഫേസ്‌ബുക്ക് ക്യാമ്പസിനു പുറത്ത് കഥ അവസാനിക്കുന്ന 272 പേജുകൾ ആണ് നോവലിനുള്ളത്.

ഗോവയിൽ ഒരു കല്യാണഒരുക്കത്തിന്റെ സെറ്റിലേക്കാണ് (ഹോട്ടൽ മാരിയോട്ട് എന്നും പറയാം) ചേതൻ തുടക്കത്തിൽ നമ്മളെ കൊണ്ടുപോകുന്നത്. അവിടെ പെൺകൂട്ടർ കല്യാണ ചെറുക്കന്റെ വീട്ടുകാരെ സ്വീകരിക്കാൻ ഉള്ള തിരക്കാണ്. 200-ൽ പരം ആൾക്കാർ ആഴ്ചയോളം വന്ന് വിവിധ പരിപാടികളോടെ നടക്കാൻ പോകുന്ന കല്യാണം. ചെറുക്കനും വീട്ടുകാരും വരുന്നു, രാധികയും പ്രതിസുതവരൻ ബ്രിജേഷും തമ്മിൽ കുശലം പറയുന്നു. മംഗളകരമായി നടക്കാൻ പോകുന്ന ചടങ്ങുകൾ. എന്നാൽ രാധികയ്ക് യു എസിൽ നിന്നും വരുന്ന ദേബഷീഷിന്റെ ഫോൺവിളി കഥയുടെ ഗതി മാറ്റി മറിക്കുന്നു. വർഷങ്ങൾക്ക് മുമ്പ്  രാധിക ന്യൂയോർക്കിൽ ജോലിക്ക് പോകുന്ന സീനിലേക്ക് ഫ്‌ളാഷ്ബാക്ക്. അവിടെ നിന്ന് വീണ്ടും സീൻ  ഗോവയിൽ തിരിച്ചെത്തുമ്പോൾ രാധികയ്ക്ക്  അടുത്ത ഒരു മെസേജ് ശ്രീലങ്കയിൽ നിന്നെന്നെത്തുന്നു-നീൽ. കല്യാണ ചെറുക്കൻ ബ്രിജേഷ്, രണ്ട് പഴയ ബോയ്ഫ്രണ്ടുകൾ. അവരുടെ ഇടയിൽ അന്തിച്ചു നിൽക്കുന്ന നായിക. തികച്ചും നാടകീയ രംഗങ്ങൾ.

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ: ചേതൻറെ മറ്റെല്ലാ ബുക്കുകൾ പോലെ ഒരെണ്ണം കൂടി. മറ്റെല്ലാത്തിലും ആണുങ്ങൾ കഥ പറയുന്നു, ഇവിടെ ഒരു പെണ്ണ് പറയുന്നു. ഒരു പെണ്ണിൻറെ പുറകെ രണ്ട് ബോയ്ഫ്രണ്ട് ഒരു പ്രതിശുതവരൻ. കാരണം ലോകത്തിലേക്കും ഏറ്റവും പെർഫെക്ട് ആയ പെണ്ണാണ് അവർക്ക് രാധിക.  അതാണ് സോ കാൾഡ് 'ഒരു ഇന്ത്യൻ പെൺകുട്ടി' രാധിക.

മാതാപിതാക്കൾ, അതിഥി (സഹോദരി), ബിജേഷ് (പ്രതിസുതവരൻ), ദേബഷീഷ് (ആദ്യ കാമുകൻ), നീൽ (രണ്ടാമത്തെ കാമുകൾ) ഇവരൊക്കെയാണ് മുഖ്യകഥാപാത്രങ്ങൾ.

നോവലിൽ അധ്യായങ്ങളേക്കാൾ സീനുകൾ ആണ് പ്രധാനം. അതുകൊണ്ടായിരിക്കും പ്രസിദ്ധീകരിക്കും മുമ്പ് വായിച്ചിട്ട് സിനിമാ നടി കങ്കണ റൗത് ഇതിലെ നായിക ആകാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞത്. സിനിമയ്ക്ക് വേണ്ടി തട്ടിക്കൂട്ടിയ മാതിരി ആണ് ചേതൻറെ കഴിഞ്ഞ കുറെ ബുക്കുകൾ.  ഒന്നുകിൽ ചേതൻ സിനിമയ്ക്ക് തിരക്കഥ എഴുതണം, അല്ലെങ്കിൽ നോവൽ എഴുതണം. അല്ലാതെ കുറെ നാടകീയ മുഹൂർത്തങ്ങൾ എഴുതിപിടിപ്പിച്ച്,  ഒരുമാതിരി രണ്ടു വള്ളത്തിൽ കാലുവച്ച് വായനക്കാരെ കടലിൻറെ നടുക്ക് തള്ളിയിടുന്ന  ഏർപ്പാട് നല്ലതല്ല.

ഗോവയിലെ ഒരു  ക്‌ളൈമാക്‌സ് രംഗത്തിൽ അതിരാവിലെ പഴയ രണ്ടു കാമുകന്മാരുമായി രാധിക കോഫി കുടിച്ച് ജീവിതത്തിലെ സുപ്രധാനമായ തീരുമാനം അറിയിക്കുന്നുണ്ട്. അത് സീരിയസ്സ് ആണോ തമാശയാണോ എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

ഫെമിനിസം
നോവൽ വായിച്ച് കഴിക്കുമ്പോൾ ഫെമിനിസം എന്നാൽ വിവാഹത്തിന് മുമ്പ് മൂന്ന് നാല് ബോയ്ഫ്രണ്ട്ആയി കറങ്ങുക, വീട് വിട്ട് വലിയ നഗരത്തിൽ ഏതേലും ഒരുവൻറെകൂടെ കയറിതാമസിക്കുക, വലിയ ശമ്പളത്തിൽ ജോലി ചെയ്യുക, ബ്രെസീലിയൻ വാക്സ് ചെയ്യുക (വാക്സ് ചെയ്തത്  ബോയ്ഫ്രണ്ടിനെ കാണിക്കാനായി ഹൃദയം തുടിക്കുക), സമയം കിട്ടുമ്പോൾ ഒക്കെ നന്നായി മദ്യപിക്കുക  ഇതൊക്കെ ആണെന്ന് നമ്മൾ വായനക്കാർ തെറ്റിദ്ധരിച്ചുപോകും. കഥ തുടങ്ങും മുമ്പ്, ചേതൻ താൻ പരിചയപ്പെട്ടതും, തൻറെ ജീവിതത്തിൽ കൂടി കടന്നുപോയതുമായ പല പെൺകുട്ടികൾ ഈ 'ഇന്ത്യൻ പെൺകുട്ടി'യുടെ രചനയിൽ സഹായകമായിട്ടുണ്ട് എന്ന് പറയുമ്പോൾ, അയ്യേ... ഇയാൾ കണ്ടതെല്ലാം ഇത്തരം പെൺകുട്ടികളെ മാത്രം ആണോ എന്ന് വായനക്കാർ മൂക്കത്ത് വിരൽവച്ചാൽ അത്ഭുതപ്പെടാനില്ല.

രാധികയുടെ ഭാഷയിൽ "സ്ത്രീകൾക്ക് രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, വ്യക്തിപരമായ, സാമൂഹികമായ തുല്യത  അന്വേഷിക്കുകയും നിർവചിക്കുകയും അത് നേടുകയും, സ്ഥാപിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് ഫെമിനിസം. അതിൽ വിശ്വസിക്കുന്ന ആൾ ഫെമിനിസ്റ്റും"  ഈ നിർവചനം മാത്രം ബാക്കിനിർത്തി ഒരുമാതിരി ചീറ്റിപ്പോയ ഫെമിനിസം ആണ് കഥയിൽ കാണുന്നത്.

നായിക വലിയ ഫെമിനിസ്റ്റ് ഒക്കെ ആണെങ്കിലും ഇടക്കിടെ ഒക്കെ വികാരപരമായി സംസാരിക്കുകയും, കരയുകയും, മിഴികൾ തുടക്കുകയും ചെയ്യുന്നുണ്ട് എന്നൊരു ആശ്വാസം വായനക്കാർക്ക് ഇല്ലാതില്ല. എന്താണ് കഥാകാരൻ ഫെമിനിസം എന്നത് കൊണ്ട് ഈ കഥയിൽ ഉദ്ദേശിക്കുന്നത് എന്ന് വായനക്കാർക്ക് തുടക്കത്തിൽ ഉണ്ടാകുന്ന സംശയം കഥകഴിഞ്ഞാലും ബാക്കിനിൽക്കും.

അശ്ലീലം
പക്കാ അശ്ലീലം കൊണ്ട് 'സമ്പന്ന'മാണ് ചില അദ്ധ്യായങ്ങൾ. അദ്ധ്യായം ആറിൽ ബ്രെസീലിയൻ വാക്സ് എന്താണെന്നും, അത് എങ്ങിനെ ചെയ്യണം എന്നും നല്ല രീതിയിൽ വർണ്ണിക്കുന്നുണ്ട്.  എട്ടാമത്തെ അദ്ധ്യായത്തിൽ ആകട്ടെ നായിക ആദ്യമായി  ബോയ്‌ഫ്രണ്ടിന്റെ കൂടെ കിടപ്പറ പങ്കിടുന്നത് നല്ല രീതിയിൽ വിവരിച്ച് ചേതൻ വായനക്കരെ ഇക്കിളിപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അതുപോലെ ഫിലിപ്പിയൻ പെൻഗാലുസിയാൻ ദീപിൽ (ഇരുപത്തിയാറാമത്തെ അദ്ധ്യായത്തിൽ) അടുത്തൊരു സീൻ. സിനിമയ്ക്കിടെ ബിറ്റിടുന്നപോലെ!

അല്ലെങ്കിൽതന്നെ ഇതിനു മുമ്പുള്ള  എല്ലാ കൃതികളിലും പുട്ടിനിടക്ക് തേങ്ങ വിതറുംപോലേ  വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം ചേതൻ ഭഗത് കുത്തിത്തിരുകിയിട്ടുണ്ട്. തൻറെ കൃതികൾക്ക് അതില്ലെങ്കിൽ എന്തോ വലിയ കുറവ് ഉണ്ട് എന്ന് അദ്ദേഹത്തിന് തോന്നുന്നുണ്ടാകും. ആണും, പെണ്ണും, ലൈഗിംകതയും ഒക്കെ എത്രയോ എഴുത്തുകാർ മനോഹരമായി, അറപ്പുളവാകാത്ത രീതിയിൽ  എഴുതിയിരിക്കുന്നു. എന്നാൽ ഇവിടെ എഴുത്തുകാരൻറെ സംതൃപ്തിക്കുവേണ്ടിമാത്രം ന്യൂജനറേഷൻ രീതിയിൽ  കുത്തിത്തിരുകിയിരിക്കുന്ന അശ്ലീല രംഗങ്ങൾ വല്ലാത്ത വെറുപ്പ് ഉണ്ടാക്കുന്നുണ്ട് (നിങ്ങൾ ഞരമ്പ് രോഗി അല്ലെങ്കിൽ).

കൺസ്യൂമർ 
'ഇന്ത്യൻ പെണ്ണിൻറെ' മുഖവില 176 രൂപയാണ്. എന്നാൽ ഒരു ഒരു ഉപഭോക്താവ് എന്ന നിലയിൽ ഒരു 'മ ' പ്രസിദ്ധീകരണത്തിന് നമ്മൾ കൊടുക്കുന്ന വിലയിൽ കൂടുതൽ ഇടാൻ ഒരിക്കലും കഴിയില്ല. തൻറെ ആദ്യകാല കൃതികളുടെ പച്ചയിൽ ആണ് ചേതൻറെ അടുത്ത കാലത്തിറങ്ങിയ ബുക്കുകൾ ഒക്കെ വിറ്റുപോയിട്ടുള്ളത് എന്നതാണ് സത്യം.

അവസാന വാക്ക്
വെറുതെ വായിച്ച് സമയം തള്ളിനീക്കാൻ പറ്റുന്ന ഒരു പക്കാ മസാലനോവൽ മാർക്കെറ്റിങ്ങിലൂടെ എങ്ങിനെ ബെസ്ററ് സെല്ലർ ആക്കാം എന്നതിന് ഉദാഹരണമാണ് ഈ ബുക്ക്. എഴുപത് എൺപതുകളിലെ സിനിമാസ്റ്റൈൽ (നായകൻ, നായിക, കാബറെഡാൻസ്, വില്ലൻ, ബലാത്സംഗം... ക്ളൈമാക്സ്) പോലെ ഒരു സാധനം, ഇപ്പോൾ ഇറങ്ങുന്ന സിനിമകളുടെ ചുവടു പിടിച്ചുള്ള  മാർക്കറിങ്ങ് തന്ത്രം. അതിൽ ചേതനും പ്രസാധകർ രൂപാ പബിക്കേഷൻസും നന്നായി വിജയിച്ചിരിക്കുന്നു.

അവസാനമായി രണ്ട് ഉപദേശം മാത്രം:
01) ചേതൻ തൻറെ ആദ്യ ജോലിയായിരുന്ന ഹോങ്കോങ്ങിലെ ഗോൾഡ്മാൻ ബാങ്കിൽ തന്നെ തിരികെ കയറാൻ നോക്കണം
02) അല്ലെങ്കിൽ നല്ല ഒരു ഇടവേള എടുത്ത് നല്ല ഒരു നോവൽ  എഴുതുക (സിനിമകൾക്കുള്ള സീനുകൾ അല്ല). അതല്ലെങ്കിൽ  "വല്ല വാർക്ക പണിക്കും പോയ്കൂടെടോ" എന്ന് വായനക്കാരൻ നിലവിളിക്കേണ്ടി വരും.