Wednesday, September 25, 2019

മുട്ട മോഷണം

മുട്ട മോഷണം
------------------

'കുഞ്ഞുംനാളിൽ കുരുന്നുകൾ ചെയ്യും
കരവിരുതല്ലോ മോഷണം'

മൊട്ടയിൽ നിന്ന് വിരിയും മുമ്പ് മോഷണം കുട്ടികൾക്ക് ഒരു ഭൂഷണം എന്ന് മേൽപറഞ്ഞ കവിവാക്യങ്ങളിൽ നിന്നും വ്യക്തമാണല്ലോ. എന്നാൽ അതൊരു കലയായി കൊണ്ടുനടക്കുമ്പോൾ ഉണ്ടാകുന്ന തൊല്ലകൾ ചില്ലറയല്ല. ഇത് കേൾക്കുമ്പോൾ നിങ്ങൾ കരുതും ഭൂലോകകള്ളനായ ഞാൻ കാട്ടികൂട്ടിയ  എന്തേലും കോപ്രായം ആയിരിക്കും ഇതെന്ന്. എന്നാൽ തികച്ചും സ്മാർട്ടും, മാന്യന്മാരുമായ ജനമേ അറിഞ്ഞുകൊള്ളൂ; ഇത് ഈയുള്ളവൻറെ മോഷണകഥ അല്ല. പിന്നെയോ ഈയുള്ളവനെ മോഷ്ടിച്ച കഥയാകുന്നു.

പാത്ത, കൂത്ത, കോത്ത.  വീട്ടിൽ മുട്ടയിടുന്ന പക്ഷിവർഗ്ഗത്തിൽ പെടുത്താവുന്ന മൂന്ന് സ്ത്രീജനങ്ങൾ അഥവാ പിടക്കോഴികൾ ആകുന്നു ഇവളുമ്മാർ. വീട്ടിൽ ഞങ്ങൾ വിത്തുകാളയെപ്പോലെ ഒരു മുട്ടൻ പൂവനെന്ന ആൺപ്രജയെ ഇവളുമ്മാർക്ക് കൂട്ടായി വളർത്തുന്നുണ്ട്. പെനട്ടി, പെനട്ടി ഇവളുമ്മാരുടെ കൂടെനടക്കുന്ന ലവനെ കാണുമ്പോൾ സ്‌കൂളിൽ പഠിക്കുവാണേലും എനിക്കൊരു കുശുമ്പുണ്ട് കേട്ടോ. അത് പിന്നെ ഏത് പുരുഷപ്രജയ്ക്കും ഉണ്ടാകുന്ന വികാരപരതന്ത്രത ആണല്ലോ ഇത്തരം കുശുമ്പുകൾ.  മൂന്ന് ലലനാമണികൾ പോരാഞ്ഞ് ഈ എരണം കെട്ടവൻ ഇടയ്ക്കിടെ അയൽപക്കത്തുള്ള പിള്ളയുടെയും, അമ്മാനുവിന്റെയും വീട്ടിലെ പിടക്കോഴികളുടെ പുറകെ  കുണുകുണാ ശബ്ദവും ഉണ്ടാക്കി മണപ്പിച്ചു നടക്കും. ഇത് കാണുമ്പോൾ എനിക്ക് ചൊറിഞ്ഞ് കേറി വരും.  ഒരു കോഴിയായി ജനിച്ചാൽ മതിയായിരുന്നു. ചുമ്മാ പറമ്പിൽ തേരാപാരാ നടന്നാൽ ഭക്ഷണം കിട്ടും. ഇതുപോലെ മൂന്നോ, നാലോ, പത്തോ പെൺപ്രജകളുടെ കൂടെ കൂത്താടി നടക്കാം.  തരം കിട്ടുമ്പോൾ അയൽപക്കത്തുള്ള പെൺപ്രജകളുടെ അടുത്തത് പോയി ഒളിഞ്ഞു നോക്കാം, ചാടിക്കേറാം. ഇതെല്ലാം പോരാഞ്ഞ് കച്ചിത്തുറുവിന്റെ മുകളിലും, കോഴിക്കൂടിന്റെ പുറത്തും ഒക്കെ കേറി നിന്ന് 'ഇന്നാ പിടിച്ചോ' എന്നമട്ടിൽ  'കൊക്കരകോ' വിളിച്ച് കൂകാം. നോക്കണേ പൂവനായി ജനിച്ചാൽ സൗന്ദര്യം മാത്രമല്ല, ഇത്തരം ചില ഗുണങ്ങളും ഇൻബോൺ ക്വളിറ്റിയാണ്.

ഈ പൂവനെ കാണുമ്പോൾ തൊഴിക്കാനും കല്ലെടുത്തെറിയാനും എനിക്ക് തോന്നുവാൻ വേറൊരു കാരണം കൂടിയുണ്ട്. കൊച്ചുവെളുപ്പാൻ കാലത്ത് ഈ പാതാളവൈരഭൻ എണീറ്റ് നിന്ന് കൂകിവിളിച്ച് വീട്ടിലെ അപ്പനാരെ കുത്തിയുണർത്തും.  മൂപ്പിലാൻ ആണേൽ അത് കേൾക്കേണ്ട താമസം 'പിതാവും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയായിരിക്കട്ടെ' എന്നും പറഞ്ഞ് എണീറ്റ് നിന്ന് മൂരിനിവർത്തി "ടാ ചെറുക്കാ" എന്നൊരു വിളിയാണ്.  ഇനി അഥവാ നിദ്രാദേവി കേറിമേഞ്ഞ് ഞാൻ പുതപ്പിനുള്ളിൽ നിന്നും എണീറ്റ് വന്നില്ലേൽ "ടാ പൊട്ടാ" എന്ന് വീണ്ടും വിളി മുഴങ്ങും. ഇനി മൂന്നാമത് അലാറം അല്ല. കാർന്നോരുടെ കിടയ്‌ക്കയ്‌ക്കരികെ ഞങ്ങൾ പോക്കണംകേട് കാണിക്കുമ്പോൾ പൂശാനും പാമ്പോ, പഴുതാരയോ, എലിയോ വരുമ്പോൾ പെരുമാറാനും വച്ചിരിക്കുന്ന മുട്ടൻ കാപ്പികമ്പ് മുതുകത്ത് കേറും.  ആയതിനാൽ 'മുടിഞ്ഞ കോഴി' എന്ന പ്രാക്കുമായി ഞാൻ എണീക്കും.  എന്നെ പഠിപ്പിച്ച് സിവിൽ സർവീസുകാരനാക്കാം എന്ന മിഥ്യാധാരണയുടെ പുറത്തൊന്നുമല്ല അപ്പൻ ഈ കുത്തിത്തിരുപ്പ് ഉണ്ടാകുന്നത്.  പിന്നെയോ, മാന്യദേഹത്തിന് രാവിലെ കട്ടൻകാപ്പി ഇട്ടുകൊടുക്കാനാണ്.(ആ കഥ പണ്ട് എഴുതിയിട്ടുണ്ട്. വായിക്കാത്തവർ പോയി പണിനോക്ക്).

അപ്പൊ നമ്മൾ പറഞ്ഞുവന്നത്;  ഞാൻ പേരിട്ട പാത്ത, കൂത്ത, കോത്ത എന്നീ പിടക്കോഴികളെപ്പറ്റിയാണല്ലോ.  ഒള്ളത് പറയാവല്ലോ, ഇവളുമാർ നല്ല മുഴുത്ത് കൊഴുത്ത മൊട്ടകൾ നൽകും. അമ്മ കോഴിക്കൂട്ടിൽ ഡൺലപ് മെത്ത ഇട്ടുകൊടുത്താലും ഇവളുമ്മാർ അതിൽ കേറി മുട്ട ഇടുകയില്ല. പാത്ത കച്ചി തുറുവിനകത്തും, കൂത്ത കിങ്ങിണിയാടിന്റെ തൊഴുത്തിലെ വിറക് അടുക്കിവച്ചിരിക്കുന്ന മേൽക്കൂരഭാഗത്തും, കോത്ത എൻറെ മുറിയ്ക്കകത്തുമാകുന്നു മുട്ട ഉത്പാദനം നടത്തുന്നത്. കോഴിക്കും വേണ്ടേ മൊട്ട ഇടുന്നതിന് പ്രൈവസി?  അമ്മയോ, ഞാനോ, അനിയനോ പോട്ടെ വീട്ടിലെ ജാൻസിറാണിമാരായ എൻറെ ത്രിമൂർത്തികളായ പെങ്ങന്മാർക്കോ ആർക്കും തന്നെ ഈ മുട്ടയിടീൽ സ്ഥലം മാറ്റാൻ പറ്റാത്തതാകുന്നു. എന്നൊക്കെ കോഴിക്കൂട്ടിൽ മുട്ടയിടാൻ പിടിച്ചിട്ടോ അന്നൊക്കെ ഞങ്ങളോട്  'പോയി പണിനോക്ക്' എന്നമട്ടിൽ 'കോകോകോ' പാട്ടുംപാടി സമയം കളയുകയും, വാശിതീർത്ത് പ്രതിഷേധ സൂചകമായി കോഴികൂട്ടിനകത്തെല്ലാം കാഷ്ടിച്ച് വെക്കുകയും ചെയ്യുന്ന താന്തോന്നികളും ആയിരുന്നു പാത്ത, കൂത്ത, കോത്തമാർ. കുറുമ്പും കുശുമ്പും കുന്നായ്‌മയും ഒക്കെ ഉള്ളവരാണ് എങ്കിലും മുട്ടകൾക്ക് പഞ്ഞമില്ല കേട്ടോ. ഈ മുട്ടകൾ പൊരിച്ച്, ചോറിൻറെകൂടെ പാളയംകോടൻ വാഴയിലയിൽ പൊതിഞ്ഞ് കെട്ടി ഫുട്‌ബോൾ ആകൃതിയിൽ സകൂളിൽ  കൊണ്ടുപോകുന്നത് ആനന്ദദായകം തന്നെ.

അമ്മ മൊട്ട വച്ചുതരുന്ന ദിവസം ഉച്ചയാവാൻ കൊതിച്ച് മനസ്സും വയറും കാഞ്ഞാണിരിക്കുന്നത്.   പ്യുൺ അമ്മാവൻ ഉറക്കച്ചുവടോടെ വന്ന 'ക് ണാ' എന്ന ശബ്ദത്തിൽ ഉച്ചമണി അടിക്കുമ്പോൾ ഈയൽപുറ്റ് പൊട്ടിയപോലെ പിള്ളേർ നെട്ടോട്ടമോടും. പൈപ്പിന്റെ ചുവട്ടിൽ ചെന്ന് കൈകഴുകി ഓടിക്കിതച്ച് വന്ന് ഉച്ചവരെ പഠിച്ച ക്ഷീണം തീർക്കാനായി ഡെസ്കിൽ പൊതിച്ചോറ് തുറന്ന് പൊരിച്ചമുട്ട കഴിക്കുന്നത് വായിൽ ആറൻമുള വള്ളം കളി നടത്തുന്ന അനുഭവം.  അങ്ങനെ ഉച്ചയാവാനും പെട്ടെന്ന് അമ്മാവൻറെ ബെല്ലടി കേൾക്കാനും കാതോർത്തിരുന്ന കോഴിമുട്ട പൊതിക്കുള്ളിലടക്കി,  കൊതി ഉള്ളിലടക്കാനാകാത്ത ആ ദിവസം യുദ്ധക്കളത്തിൽ ജയിച്ചവൻ എന്നപോലെ കൈകഴുകി  ഓടിവന്ന് ഇലപ്പൊതി തുറന്നപ്പോൾ കണ്ട കാഴ്ച്ച!

എൻറെ കോഴിമുട്ട ഇരുന്നിടത്ത് ഫോസിൽകിടന്നപോലെ  പോലെ ഒരു പാടുമാത്രം! ഏതോ തന്തക്ക് മുമ്പേ ഉണ്ടായവൻ എൻറെ പൊരിച്ചമുട്ട മോട്ടിച്ച് അണ്ണാക്കിലിട്ടേച്ച് പോയി!

തറവാനം മറിച്ചുവന്നു. ഏത് എരപ്പാളിയാണ് ഈ പോക്കണംകേട് കാണിച്ചത്? ജീവിതത്തിൽ ഇന്നേവരെ ഒരുത്തന്റെയും മൊട്ടയോ, കൊട്ടയോ കട്ടിട്ടില്ലാത്ത എനിക്ക് വന്നുഭവിച്ച ഗതി!

മൊട്ടയില്ലാതെ ചോറ് വിഷംപോലെ വായിൽ തള്ളി, കയ്യും കഴുകി നത്തുളുക്കിയ മട്ടിൽ ഓഞ്ഞ നടത്തം നടന്നുവന്ന എനിക്കെതിരെ ആണ്ടടാ പൊന്നമ്മസാർ നീട്ടിപ്പിടിച്ച ചൂരലുമായി വരുന്നു!  കാളയെ കാളവണ്ടിക്കാരൻമാർ പ്രേത്യേകിച്ച് ഒരു കാരണവും ഇല്ലേലും ചുമ്മാ അടിചോണ്ടിരിക്കും എന്ന് പറഞ്ഞതുപോലാണ് പൊന്നമ്മസാർ. ചുമ്മാ പോന്ന പിള്ളേരുടെ കുണ്ടിക്ക് നോക്കി ഓരോന്ന് കൊടുത്തില്ലേൽ സാറിൻറെ കൈ ചൊറിയും. അടിയിൽ നിന്ന് രക്ഷപെടനായായി അവരെ കണ്ടപ്പോളേ ഞാൻ കൈകൂപ്പി എളിമചിത്തനായി.

"എന്താടാ?" പൊന്നമ്മ സാർ അന്തരീക്ഷത്തിൽ വടി ചുഴറ്റി.

"സാറേ, എൻറെ മൊട്ട ക്ലാസിൽ ആരോ കട്ടുതിന്നു!"

സഡൻ ബ്രേക്കിട്ടപോലെ പൊന്നമ്മസാർ നിന്നു. എന്ത്? മോഷണമോ? അതും തൻറെ അധികാരപരിധിയിൽ? എന്നാൽ അതൊന്ന് തെളിയിച്ചിട്ട് തന്നെ കാര്യം. "വാടാ", മോങ്ങാൻ ഇരുന്ന നായുടെ തലയിൽ തേങ്ങാ വീണു എന്ന് പറഞ്ഞപോലെ എൻറെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് പൊന്നമ്മ സാർ വെടികൊണ്ട പന്നിയെപ്പോലെ ക്ലസ്സിലേക്ക് ഒരു നടപ്പ്. തൽക്കാലം ഞാൻ അടിയിൽനിന്നും രക്ഷപെട്ടു. ഇനി ക്ലാസിൽ ചെന്ന്  മൊട്ട മോട്ടിച്ച ആ കള്ളക്കാവൂരിന് അടിയുടെ പൂരം പൊടിയരി കഞ്ഞി. കള്ളനെ പൊന്നമ്മസാർ  കസ്റ്റഡിയിൽ എടുത്ത് ക്വസ്റ്റിൻ ചെയ്യന്നത് കാണാൻ എന്നിൽ ത്വരയേറി.

"ഏതവനാടാ ഇവൻറെ മൊട്ട മോട്ടിച്ചെ?  സത്യം പറഞ്ഞോണം? അല്ലേൽ എല്ലാത്തിനേം അടിച്ച് കുണ്ടി പപ്പടമാക്കും"  സാരി തൊറൂത്ത് കേറ്റി സാർ വടി ചുഴറ്റി മേശയിൽ 'ടപ്പോ ടപ്പോ' എന്ന ശബ്ദത്തിൽ ഒന്ന് രണ്ട് അടി. മേശപ്പുറത്ത് മാസംതികഞ്ഞ് പെറാൻ എന്നപോലെ കിടന്ന ഡസ്റ്റർ പൊടിപടർത്തി തുള്ളിച്ചാടി.

ക്ലാസ് നിശബ്ദം. ഒറ്റയൊരുത്തനും കമാ എന്നൊരക്ഷം മിണ്ടുന്നില്ല. കള്ളപ്പറയും ചെറുനാഴിയും.. എള്ളോളമില്ല പൊളിവചനം എന്നപോലെ പൊന്നമ്മ സാറിൻറെ മുന്നിൽ മാവേലി നാടുവാണീടും കാലം. എല്ലാവനും ഫുൾ സൈലൻസ്.

"പറയിനെടാ കുട്ടിച്ചാത്തന്മാരെ!"

നോ കമന്റ്സ്. ങേഹേ, എല്ലാവനും മൗനവ്രതത്തിൽ. പൊന്നമ്മസാറിന് അരിശം കാലിൽ നിന്നും നരച്ച തലമുടി വരെ പെരുത്ത് കേറി. ഏറ്റവും മുന്നിലെ ബഞ്ചിൽ എൻറെ തൊട്ടടുത്ത് നിന്ന സജിയെ സാർ ഒന്ന് നോക്കി. സജി തലകുനിച്ചു.

"നീയെന്നൊടാ മൊട്ട കട്ടേ?" ഇതും പറഞ്ഞ് പൊന്നമ്മസാർ തലങ്ങ് വിലങ്ങ് ഒന്ന് രണ്ട് പൊട്ടീര് അവന് കൊടുത്തു.  അവൻ അടികൊണ്ട് പുളഞ്ഞു. എന്നിട്ട് കൈകൂപ്പി പറഞ്ഞു.

"എൻറെ പൊന്നുസാറേ, ഞാനല്ല. ഞാനല്ല മൊട്ട മോട്ടിച്ചേ"

"പിന്നെ നീ എന്തിനാ കള്ളൻറെ കൂട്ട് കുനിഞ്ഞു നിന്നെ?" ഇതും പറഞ്ഞ് പൊന്നമ്മ സാർ ഒരെണ്ണം കൂടി അവൻറെ ചന്തിക്ക് കൊടുത്തു.

"അടി പേടിച്ചിട്ടാ സാറേ"  ഒത്തു. അടിപേടിച്ച് കുനിഞ്ഞുനിന്ന ഈ നത്തിന് കിട്ടിയത് മൂന്നടി!  പൊന്നമ്മസാർ വീണ്ടും മേശമേൽ തൻറെ വാശി തീർത്തു.

"ഞാൻ ഒന്നേ, രണ്ടേ, മൂന്നേ എന്ന് പത്തുവരെ എണ്ണും. എന്നിട്ടും സത്യം പറഞ്ഞില്ലേൽ മലയാലപ്പുഴ അമ്മയ്ക്ക് നേർച്ച നേരും. അമ്മയ്ക്ക് നേർച്ചനേർന്നാൽ എന്താ ഉണ്ടാകുക എന്നറിയാമല്ലോ എല്ലാത്തിനും?"

ഞാൻ ഒന്ന് ഞെട്ടി. ദൈവമേ! അറ്റകൈ ആണല്ലോ പൊന്നമ്മസാർ പ്രയോഗിക്കുന്നത്. അയ്യോ! വേണ്ടായിരുന്നു. സാറിനോട് പറയണ്ടായിരുന്നു. മലയാലപ്പുഴ അമ്മയ്ക്ക് നേർച്ചനേർന്നാൽ മൊട്ട മോട്ടിച്ചവൻ തൂറിതൂറി ഊപ്പാട് വരും. അമ്മ കോപിച്ചാൽ തൂറ്റൽ ഉറപ്പാ!

പൊന്നമ്മ സാർ പത്തുവരെ എണ്ണി. ആദ്യം കെ. എസ്. ആർ. ടി. സിയുടെ എക്സ്പ്രസ് വേഗതയിലും അവസാനം ഗട്ടറുള്ള റോഡിൽ ഷട്ടിൽ ബസ്സ് പോലെയും. പത്ത് വരെ എണ്ണിയിട്ടും പഠിച്ചകള്ളൻ മനസ്സ് തുറന്നില്ല. ഭാവിയിൽ പൊലീസിന് പണിയുണ്ടാക്കാൻ ജനിച്ച ഏതോ കുടിലജന്മമാണ്. അല്ലേൽ മലയാലപ്പുഴ അമ്മയ്ക്ക് നേർച്ച എന്നുകേട്ടാൽ ഞെട്ടിത്തരിച്ച് സത്യം പറയേണ്ടതല്ലേ?

പത്തുവരെ എണ്ണി പൊന്നമ്മ സാർ നിശബ്ദം നിന്നു. സൂചിയിട്ടാൽ കേൾക്കാം. അവസാനം ഇങ്ങനെ ഒരു വർത്തമാനം പറഞ്ഞ് സാർ തിരിഞ്ഞു.

"നീയൊക്കെ നോക്കിക്കോ, മലയാലപ്പുഴ അമ്മയാണേ, കട്ടവൻ അനുഭവിക്കും. സത്യം, സത്യം, സത്യം" ഇതും പറഞ്ഞ് മേശമേൽ ഒന്നൂടെ അടിച്ച് കൊടുങ്കാറ്റുപോലെ സാർ ഒരു പോക്ക്.

വൈകിട്ട് സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോൾ ഞാൻ സജിയോട് ചോദിച്ചു.

"ടാ.. നെനക്ക് നൊന്തോ? എനിക്കറിയാം നീ അല്ല എടുത്തതെന്ന്. പോട്ടെ. എടുത്തവൻ കൊണം പിടിക്കില്ല കട്ടായം"

സജി ഒന്നും പറഞ്ഞില്ല. ചുമ്മാതെ നിന്ന് തച്ചും പുറത്ത് മൂന്നടി കിട്ടിയത് അവന്റെ കയ്യിലും കാലിലും കനാൽ രൂപത്തിൽ ചുവന്ന് തടിച്ച് കിടക്കുന്നു.  നിരപരാധിയായ യേശുതമ്പുരാനെ എമ്പോക്കികൾ കുരിശിൽ തറച്ച് കൊന്നു. ഒത്തിരി മാങ്ങായുള്ള മാവിനെ ഏറു കിട്ടൂ എന്നിങ്ങനെ സണ്ടേസ്‌കൂളിൽ പഠിച്ച ഗുണപാഠം ഒക്കെ പറഞ്ഞ് ഞാൻ അവനെ ആശ്വസിപ്പിച്ചു. മോമ്പൊടിക്ക് അമ്മയുടെ അലമാരയിൽ നിന്ന് ഓസിയ പൈസാ കൊണ്ട് രണ്ട് തേങ്ങാപ്പീര മുട്ടായി വാങ്ങിക്കൊടുത്ത് അതും നുണഞ്ഞ് വീട്ടിലേക്ക് നടന്നു. മധുരം അവൻറെ കൈകാൽ വേദനയും എൻറെ മനസ്സിൻറെ വേദനയും അകറ്റി.

വീട്ടിൽ ചെന്നപ്പോൾ ഞാൻ ത്രിമൂർത്തികൾ ചേച്ചിമാരോട് സംഭവം ഒന്ന് പൊലിപ്പിച്ചു. പാവം കൂട്ടുകാരൻ സജിക്ക് അടി ഞാൻ വാങ്ങികൊടുത്തിൽ അവർക്കും അതിയായ ദുഃഖം.

'പാത്ത, കൂത്ത, കോത്ത.. മൂന്ന് കോഴിമണികൾ ഇനിയും മുട്ടയിടും. നിനക്ക് പൊരിച്ച് തരാം. വിഷമിക്കേണ്ട, ട്ടോ' പെങ്ങന്മാരുടെ സ്വാന്തനം ഏറ്റ് ഞാൻ അന്നുറങ്ങി.

പിറ്റേന്ന് മലയാലപ്പുഴദേവി ശപിച്ച് തൂറ്റൽ പിടിച്ചവനെ ഞാൻ ക്ലാസിൽ തപ്പി. ഇല്ല സൂക്ഷം പോലെ എല്ലാവന്മാരും ക്ലാസിൽ ഉണ്ട്. ഈശ്വരാ, പൊന്നമ്മസാർ ഇനി നേർച്ച മറന്നോ? മലയാലപ്പുഴഅമ്മ കോപിച്ചില്ലിയോ? ഞാൻ സജിയോട് കാര്യം പറഞ്ഞു. "ടാ, കട്ടവൻ ക്രിസ്ത്യാനിയോ മുസ്ലീമോ ആയിരിക്കും. അതാ. ഈ ദേവിമാർ കോപിച്ചാൽ മറ്റ് മതക്കാർക്ക് ഏക്കുകേല"  അവൻ പറഞ്ഞത് ഞാൻ ചുമ്മാകേട്ടു. ഇതെന്തോ കൂത്ത്? കള്ളനെപ്പിടിക്കാനും പള്ളിയും പിള്ളയുമോ?

ദിവസങ്ങൾ വേഗം ഓടിപ്പോയി. പിന്നെയും ക്ലാസിൽ പലരുടെയും മൊട്ട പൊതിയിൽനിന്നും കാണാതായി. ആരും പരാതി പറഞ്ഞില്ല. കട്ടവനെ കിട്ടിയില്ലേൽ കണ്ടവനെ കള്ളനാക്കുന്ന പൊന്നമ്മസാറിനെപ്പോലെ ഉള്ളവരോട് പരാതി പറഞ്ഞ് കീറ് വാങ്ങിക്കെട്ടുവാൻ ആരും മിനക്കെട്ടില്ല എന്നതാണ് സത്യം. 'തിന്നേച്ച് അവനൊക്കെ കിളന്നപാറയിൽ പോയിരുന്ന് തൂറിക്കോട്ടെ" അങ്ങനെ സജിയോട് പറഞ്ഞ് ഞാൻ ആശ്വസിച്ചു.

ഒരുദിവസം  രാവിലെ സ്‌കൂളിൽ പോകാൻ നേരം മൂന്നാമത്തെ പെങ്ങൾ എന്നെ അടുത്ത് വിളിച്ചു, തോളിൽ കൈവച്ച് ചെവി ചെവി തിന്നാൻ വരുന്നപോലെ അടക്കം പറഞ്ഞു. "ടാ...പിന്നേ, നിൻറെ പൊതിക്കകത്ത് ഇന്ന് പൊരിച്ച മൊട്ട വച്ചിട്ടുണ്ട്" അതുകേട്ട് ഞാൻ ഒന്നും മിണ്ടിയില്ല. ഉച്ചക്ക് കിട്ടിയാൽ കിട്ടി. അത്രതന്നെ.

ഉച്ചക്ക് പൊതിതുറന്നപ്പോൾ സൂക്ഷംപോലെ മൊട്ടയില്ല. മൊട്ട ഇരുന്ന പാട് മാത്രം.  ഒന്നും മിണ്ടാതെ ഞാൻ ചോറും തിന്നേച്ച് കുത്തിയിരുന്നു. ആര് പ്രാകിയാലും, ഏത് ദേവി കോപിച്ചാലും ഏൽക്കാത്ത ഏതോ വേന്ദ്രനാണ് മൊട്ട മോഷ്ടാവ്. 'വലിയ രാഷ്ട്രീയക്കാരുടെ മുന്നിലും, മുട്ടൻ കള്ളന്മാരുടെ മുന്നിലും, പോലീസുകാരുടെ മുന്നിലും മിണ്ടാതെ നിന്നാൽ നമുക്ക് നല്ലത്' അപ്പൻ ഒരിക്കൽ പറഞ്ഞത് ഞാൻ കിങ്ങിണി ആടിനെപ്പോലെ അയവിറക്കി.

വൈകിട്ട് വീട്ടിൽ വന്നപ്പോൾ പെങ്ങൾ ഓടി വന്നു. "ടാ, നിൻറെ മൊട്ട ഇന്നും ആരേലും തപ്പിക്കൊണ്ട് പോയോ?"

"പോയി" ഞാൻ തലകുനിച്ചു. പെങ്ങളുടെ മുഖം നിലാവ് വീണപോലെ.

പിറ്റേന്ന് കാലത്ത് സ്‌കൂളിൽ ചെന്നപ്പോൾ സജി ക്ലാസിൽ വന്നട്ടില്ല. അവനെവിടെ? ഏതോ കല്യാണത്തിന്റെ കാര്യം പറയുന്നത് കേട്ടു. സാമദ്രോഹി ഒരു വാക്ക് പറയാതെ പൊക്കളഞ്ഞല്ലോ. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന പഴമൊഴി മാറ്റിയാലോ എന്ന കഠോരചിന്തയിൽ ഞാൻ ദിവസം മുഴുപ്പിച്ചു. വീട്ടിലേക്ക് പോകവെ, സജിയെക്കണ്ട്  കല്യാണത്തിന് പോയി എന്തൊക്കെ വയറ്റിൽ അടിച്ചുകേറ്റി എന്നറിയാനുള്ള ത്വരയിൽ അവൻറെ വീട്ടിലേക്ക് ഓടിച്ചെന്ന ഞാൻ കണ്ടത് കട്ടിലിൽ പനിച്ചുകിടക്കുന്ന സതീർഥ്യനെയാണ്.

"എന്നാ പറ്റിയെടാ ഉവ്വേ?" എൻറെ ചോദ്യം കേട്ട് അവൻ പുതപ്പ് മാറ്റി ആമ തോടിനുള്ളിൽനിന്നെന്നപോലെ എന്നെ നോക്കി. ഇവനപ്പോൾ കല്യാണത്തിന് പോകാതെ പനിച്ച് കിടപ്പായിരുന്നോ? കഷ്ടം!

"ചെറുക്കൻ രാവിലെതൊട്ടേ പോയി വെളിക്കിരിപ്പാ എൻറെ കൊച്ചെ, താഴെ വീണുകിടന്ന വല്ല പറങ്ങാപ്പഴമോ, പുഴുത്ത മാങ്ങയോ കേറ്റിയേച്ച് വന്ന് ബാക്കിയുള്ളവന് പണിയുണ്ടാക്കും. തൂറിതൂറി അവൻറെ അടപ്പ് ഇളകി കിടക്കുവാ"

ഞാൻ സജിയെ ഒന്ന് നോക്കി. ഞാൻ കേട്ടത് സത്യമാണെന്ന് എൻറെ ആത്മസുഹൃത്ത് ദയനീയമായി കണ്ണുകൾകൊണ്ട് കഥ പറഞ്ഞു. ഞാൻ അവൻറെ കയ്യിൽ കേറി പിടിച്ചു.

"പോട്ടെടാ, തൂറ്റൽ നാളെ നിക്കും. നീ തേയിലവെള്ളോം, വൈദ്യരുടെ മരുന്നും ഒക്കെ കുടിച്ചിരി. ഞാൻ പോവാ" ഇതും പറഞ്ഞ് തിരികെ ഇറങ്ങാൻ ഭാവിച്ചപ്പോൾ അവൻ എൻറെ കയ്യിൽ ഒരു ഉടുമ്പ്പിടുത്തം.

"എൻറെ കൂട്ടെ, ഞാനൊരു പൊക്കണംകേട് ഇന്നലെ കാണിച്ചെടാ.  അതിന്റെ ഏനക്കെടാ ഇത്"

"എന്താടാ പുള്ളേ?" ഞാൻ ചോദിക്കുന്നതിന് മുമ്പ് അവൻ മറുപടി തന്നു. "എൻറെടാ, ഇന്നലെ നിൻറെ മൊട്ട എടുത്ത് തിന്നത് ഞാനാ. തിന്നുമ്മച്ച് വീട്ടി വന്നപ്പോ മുതൽ പരിപ്പ് കലത്തിന്റെ വാ തുറന്ന പോലെയല്ലായിരുന്നോ? എൻറെ പൊന്നച്ചോ, കുത്തിയിരുന്ന് കുത്തിയിരുന്ന് എൻറെ പന്തീരടി വന്നടാ ഉവ്വേ"

എടായെടാ! അപ്പോ ഇവനായിരുന്നോ ആ കള്ള റാസ്‌കൽ? തികട്ടിവന്ന ദേഷ്യം പക്ഷേ എന്നിൽനിന്ന് പുറത്തു വന്നില്ല. ശരീരത്തിലെ ജലാംശം എല്ലാം വറ്റിവരണ്ട്‍ കിടക്കുന്ന ഇവനോട് എന്തോന്ന് ദേഷ്യപ്പെടാൻ?

"എന്റെ പൊന്നുമോനെ, ഒരു കാര്യം സത്യമാ.  ഏത് മതക്കാരനായാലും മലയാലപ്പുഴ അമ്മയുടെ ശാപം ഏറ്റാൽ ഏറ്റതാ. എൻറെ പൊന്നേ, നീ ഇത് ക്ലാസിൽ പോയി പറയല്ലേ. എനിക്കാണേൽ മുൻപേർ പൊന്നമ്മസാറിൻറെ അടി കിട്ടിയത് നീ ഓർക്കുന്നില്ലേ?  ഇനിയും എനിക്ക് അടി മേടിച്ച് തരല്ലേടാ" അവൻ കിതച്ചു.

ഞാൻ തിരികെ ഇറങ്ങി നടന്നു. മലയാലപ്പുഴ അമ്മയുടെ ശാപമേറ്റ് ഊപ്പാട് വന്നു കിടക്കുന്നവന്  ഇനി അടി വാങ്ങികൊടുത്തിട്ട് എന്ത് കാര്യം?

വീട്ടിലെത്തിയപ്പോൾ പെങ്ങൾ ചോദിച്ചു "ടാ, ഇന്ന് ക്ലാസിൽ ആരേലും തൂറ്റൽ പിടിച്ച് വരാതിരുന്നോ?"

എന്റെ ദേവിയെ! പെങ്ങൾക്ക് ദേവി ദർശനം കൊടുത്തോ? "മലയാലപ്പുഴ ദേവീ കോപം" പെങ്ങളെ ദയനീയമായി നോക്കി ഞാൻ പറഞ്ഞു. അത് കേട്ടതും പെങ്ങൾ എന്നെ വലിച്ചോണ്ട് അടുക്കളയിലേക്ക് ഒറ്റപോക്ക്. ഇതെന്നാ കൂത്ത് എന്ന് ഞാൻ ചിന്തിച്ചതും പെങ്ങൾ വാപൊത്തി ചിരിച്ചുകൊണ്ട് പറഞ്ഞു.

"ദാണ്ടിരിക്കുന്നു ദേവിയുടെ ശാപം! ഇതിട്ട് മൊട്ട പൊരിച്ചാൽ ദേവീകോപം അച്ചാട്ടാ" ഇതും പറഞ്ഞ് പെങ്ങൾ ഒരു സാധനം എന്നെ പൊക്കിയെടുത്ത് കാണിച്ചു. മലായാളം മീഡിയം സ്‌കൂളിൽ ക്യാറ്റ്, റാറ്റ് തുടങ്ങിയ ആംഗലേയ പദങ്ങൾ വായിക്കാൻ പഠിച്ച ഞാൻ പെങ്ങളുടെ കൈയിലിരിക്കുന്ന മൂന്നക്ഷരമുള്ള ആ സമാധാനത്തിന്റെ പേര് ഇങ്ങനെ വായിച്ചു.

"വി.ഐ.എം.... വിം"

അപ്പോൾ ഞാൻ പെങ്ങളോട് ഒരു ചോദ്യം ചോദിച്ചു. "എൻറെ പൊന്നു ചേച്ചീ, ഒരു പക്ഷേ എൻറെ മൊട്ട അവൻ മോട്ടിച്ച് കൊണ്ടുപോയില്ലായിരുനെങ്കിലോ?"

"പഞ്ചമാ പതാകാ.." എൻറെ ചോദ്യം കേട്ട് പെങ്ങൾ ചിരിയോട് ചിരി. ഞാൻ ആലോചനയോട് ആലോചന. 

ഓണം കഴിഞ്ഞ് അടയോണം

ഓണം കഴിഞ്ഞാൽ അടയോണം
-----------------------------------

കാണം വിൽക്കാതെയും ബീവറേജസ് സേവാന്ത്യം കോണാൻ ഉടുക്കാതെയും ഓണം ഉണ്ണുന്നവരാണ് ഇന്നത്തെ മലയാളികൾ.  ഇവിടെ, നേരെചൊവ്വേ ഒരു പപ്പടം പോലും കാച്ചാൻ അറിയാത്തവനായ ഈയുള്ളവനും കഴിഞ്ഞ കുറെ നാളുകളായി മൂക്കുമുട്ടെ ഉണ്ടുവരുന്ന ഒന്നാണല്ലോ ഈ ദേശീയോത്സവം. എന്നാൽ ഇത്തവണ ദുബായിൽ ഓണം കഴിഞ്ഞ് പൊന്നോണം ആയിരുന്നു എന്ന് പറയുന്നതാവും ശരി.

സഹമുറിയന്മാർ ആഞ്ഞുകുത്തികിടന്ന് ഉണ്ടാക്കിയ ഓണസദ്യ അശേഷം ഉളുപ്പില്ലാതെ തട്ടി, മേമ്പൊടിയായി രണ്ട് വാട്ടീസും വിട്ട് അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയ മാതിരി അന്റാർട്ടിക്ക ഭൂഖണ്ഡത്തെ ഓർമ്മിപ്പിക്കുന്ന സെൻട്രൽ എസിയുടെ തണുപ്പിൽ കിടക്കുമ്പോളാണ് രണ്ട് കാര്യം ഓർത്തത്. ഒന്ന്, ഓണത്തിന് സദ്യ ഉണ്ടശേഷം ബാക്കിവന്ന കുറെ വാഴയില ബാക്കിയിരിക്കുന്നു, അതെന്ത് ചെയ്യും? സൂപ്പർ മാർക്കറ്റിൽ നിന്നും ദിർഹംകൊടുത്ത് വാങ്ങിയ ഇലയാണ്.  രണ്ട്,  സുസു എ. ടി. എമ്മിൽ പോയി ഉലുത്തിയെടുത്ത പൈസകൊണ്ട് ഓണം ഉണ്ട് ഇപ്പോൾ മാവേലിനാട്ടിൽ സുഖസമൃദ്ധിയിൽ കഴിയുകയായിരിക്കും. ഒന്ന് വിളിച്ചാലോ?. ശുഭസ്യ ശീഘ്രം എന്നാണല്ലോ പ്രമാണം, ഉടനെതന്നെ ഫോൺ വിളിക്കാൻ തോന്നി.

"സുസു"
"ഉം"
"ഉറങ്ങിയോ?"
"ആ.. ഉറങ്ങി. ഇപ്പോൾ വിളിച്ച് ഉണർത്തിയെ എന്തോത്തിനാ?"
"ചുമ്മാ"

'എനിക്ക് വിളിക്കാൻ തോന്നുമ്പം വിളിക്കും, അത് ചോദിക്കാൻ നിനക്കെന്നതാടീ അവകാശം? നീ വെറും പെണ്ണല്ലേ..?' എന്നൊക്ക കടുപ്പത്തിൽ പറയാൻ തോന്നിയെങ്കിലും ചോദിക്കാൻ ഒക്കുവോ? പെണ്ണുങ്ങളോട് തഞ്ചത്തിൽ നിന്നില്ലേൽ നമ്മൾ ആണുങ്ങൾക്കാ ഏനക്കേട്.
"എന്നാപോ, എനിക്ക് ഒറക്കം വരുന്നു"
"ഡീ പോത്തേ, ചുമ്മാ കെടന്ന് ഒറങ്ങാതെ. ഓണം നിനക്ക്  എങ്ങനെയുണ്ടായിരുന്നു?"

"ഓ, ഓണം. എന്തോ ഓണമാ? ചുമ്മാ പെണ്ണുങ്ങൾ ടിവിയുടെ മുന്നിലും ആണുങ്ങൾ കുപ്പിയുടെ മുന്നിലും കുത്തിയിരുന്ന് സമയം കളയുന്നതല്ലിയോ ഓണം?"

ഞാൻ പുതപ്പിനടിയിൽ കിടന്ന് തഞ്ചത്തിൽ നാലുപാടും നോക്കി. വാട്ടീസ് രണ്ടെണ്ണം വിട്ടത് പെമ്പ്രന്നോർ അറിഞ്ഞോ? ഓരോരോ ഉപമകൾ വരുന്ന വഴിയേ. എന്തായാലും പറഞ്ഞ് പറഞ്ഞ് വെറുതെ ബിൽഡിങ്ങിലെ ചൂട്ടിൽ എടുത്തുകളയുവാൻ വച്ചിരിക്കുന്ന വാഴയിലയിൽ ഓണവിശേഷം വന്നെത്തി.

"ഇനിയിപ്പോ ഈ വാഴയില എന്നാ ചെയ്യാനാടീ? കളഞ്ഞേക്കാം അല്ലേ?"

ചോദ്യം കേട്ട് ഒരു നിശ്വാസത്തിൻറെ ഗ്യാപ്പുകഴിഞ്ഞപ്പോൾ സുസു മുരണ്ടു.

"മാണ്ട"
"പിന്നെ?"
"അത് വച്ച് നല്ല ഇലയട ഉണ്ടാക്കാം. ഞാൻ ഉണ്ടാക്കിത്തന്നിട്ടുള്ളത് ഓർമയില്ലേ?"

"ഓ, പിന്നേ, എന്നാ ടേസ്റ്റ്ആരുന്നു! മറക്കാനൊക്കുവോ?"

എന്ന് എപ്പോൾ എവിടെവെച്ച് ഉണ്ടാക്കി, തിന്നു എന്നൊക്കെ എൻറെ ഓർമ്മയുടെ പാതാളക്കുഴിയിൽ പോലും കിടപ്പില്ലെങ്കിലും പെണ്ണുങ്ങളെ മുഷിപ്പിക്കാൻ ഒക്കുവോ? നമ്മൾ ഡീസൻറ് പുള്ളികൾ.

"എന്നാൽ പെട്ടെന്ന് പോയി അരിപ്പൊടി ഒക്കെ വാങ്ങിക്കൊണ്ട് വാ. രാവിലെ എണീക്കുമ്പോൾ എന്നേം വിളിക്ക്. എങ്ങനാ ഉണ്ടാകുന്നതെന്ന് ഞാൻ പറഞ്ഞു തരാം"

"നീ ഇപ്പൊ അങ്ങ് പറഞ്ഞ് തൊലയ്ക്ക് ൻറെ സുസു. നാളത്തേക്ക് ആക്കുന്നത് എന്നാത്തിനാ?"

"പിന്നേ, എനിക്ക് ഒറക്കം വരുന്നു. നാളെ രാവിലെ വിളിക്കെന്നേ. അല്ലേൽ മെസേജ് ഇട്ടാലും മതി. ഞാൻ എണീക്കാം" ഇതും പറഞ്ഞ് അവൾ ഫോൺവച്ചു. പെണ്ണുമ്പുള്ള പറഞ്ഞാൽ പിന്നെ മാന്യനായ ഭർത്താവിന് അപ്പീലില്ലല്ലോ. ഞാൻ ചാടിയെണീറ്റ്  നേരെ അടുത്തുള്ള തലാൽ സൂപ്പർമാർക്കറ്റിലേക്ക് വച്ചുപിടിച്ചു. തിരികെവന്ന് അരിപ്പൊടിയും ഒക്കെ ഭദ്രമായി അടുക്കളയിൽ വച്ച് ഉറങ്ങാൻ കിടന്നു. രാവിലെ എണീക്കുമ്പോൾ സഹമുറിയൻമാർ ഞെട്ടണം. നല്ല ഒന്നാന്തരം ഇലയട അവന്റെയൊക്കെ അണ്ണാക്കിലേക്ക് വച്ചുകൊടുക്കാം.  ഊപ്പയായ ഈ എനിക്കും ദേഹണ്ഡം വഴങ്ങും എന്ന് കാണിക്കാൻ ഇതിൽ കൂടുതൽ ഏതാണ് അവസരം? രാവിലെ മൂന്ന് മുപ്പതിന് അലാറം സെറ്റ് ചെയ്ത് ഞാൻ കിടന്നുറങ്ങി. അല്ല പിന്നെ.

എനിക്ക് മനസാക്ഷി ഉണ്ടെങ്കിലും അലാറത്തിന് അതില്ലാത്തതിനാൽ കൃത്യം മൂന്നരയ്ക്ക് തന്നെ അടിതുടങ്ങി. എണീറ്റ് നിന്ന് മൂരിനിവർത്തി അടുക്കളയിലേക്ക് വച്ചുപിടിച്ചു. അടിച്ച പൊട്ടന്റെ കേടുതീരാൻ ഒരു കട്ടനൊക്കെ ഇട്ട് ഞാൻ സുസുവിന് ഒന്ന് രണ്ട് മെസേജുകൾ അയച്ചു. 'ടീ, എണീക്ക്. ഞാൻ റെഡിയായി. റൂമിലുള്ള പൂത്തക്കോടൻമാർ എണീറ്റ് വരുന്നതിന് മുമ്പ് ഇലയട  ഉണ്ടാക്കിത്തീരണം. ലവന്മാർക്ക് ഒരു സർപ്രൈസ്, യേത്?!

ആറ്റിൻകരയിൽ മീൻപിടിക്കാൻ വെള്ളത്തിലോട്ട് നോക്കിയിരിക്കുന്ന കൊക്കിനെപ്പോലെ ഞാൻ മൊബൈലിൽ നോക്കിനോക്കി വശപ്പെശകായത് മിച്ചം. ഇവൾ ഇതെന്നാ ഉറക്കമാ? അല്ലേലും ചില പെണ്ണുങ്ങൾ ഉറങ്ങിക്കഴിഞ്ഞാൽ ടിപ്പർ വന്നിടിച്ചാലും അറിയില്ലല്ലോ. നിദ്രാദേവിയും പെണ്ണ്, നിദ്രപൂണ്ട് കിടക്കുന്നതും പെണ്ണ്. അവര് തമ്മിൽ അങ്ങനെ പല എടപാടുകളും ഉണ്ട്. എന്നിട്ട് ഉറങ്ങുന്നവർക്ക് പേര് കുംഭകർണ്ണൻ എന്ന്! കൊച്ചുവെളുപ്പാൻ കാലത്ത് കുത്തിപ്പിടിച്ച് എണീറ്റ ഞാനാകുന്ന പുരുഷകേസരിയെ നോക്കി വാഴയിലയും അരിപ്പൊടിയും കോക്രി കാട്ടാൻ തുടങ്ങി. എൻറെ മാവേലിപൊന്നുതമ്പുരാനെ, ഇങ്ങേരു വരുന്നെന്ന് പറഞ്ഞ് സദ്യയുണ്ടാക്കി നാട്ടുകാര് മുഴുവൻ മൂക്കുമുട്ടെ തട്ടും. അടിച്ച് പിമ്പിരിയായി നടക്കും. പെണ്ണുങ്ങൾ പോത്ത്പോലെ കിടന്നുറങ്ങും. നിങ്ങൾക്കിത് വല്ലതും അറിയാമോ? സകലമാന വേണ്ടാദീനവും ഇങ്ങേരുടെ പേരിൽ കാണിച്ചുകൂട്ടിയിട്ട് ഓണമാണത്രെ, ഓണം. എനിക്കരിശം വന്നു.

എന്തായാലും ഒരു കാര്യം ഉറപ്പാ. അരിപ്പൊടി ചുമ്മാതെ കവറിൽ ഇരുന്നാൽ അപ്പമാകില്ല. അയ്യായിരം പേർക്ക് തൊള്ളനിറയെ കഴിക്കാൻ ഒരു ഓഞ്ഞചെറുക്കൻ അഞ്ചപ്പവും രണ്ട് മീനുമായി വന്നില്ലായിരുന്നെങ്കിൽ യേശുതമ്പുരാൻ എന്തോ കാണിച്ചേനെ? താൻ പാതി, ദൈവം പാതി. എന്തായാലും ഒരു പാത്രത്തിൽ അത് തൂകാം. പിന്നെ ഇൻഗ്രേഡിയൻസ് ആയ ശർക്കര, തേങ്ങാ ഇത്യാദി അവിടേം ഇവിടേം ഒക്കെ ഇരിപ്പുണ്ട്. എന്തായാലും അരിപ്പൊടി വെള്ളമൊഴിച്ച് കുഴച്ചു വച്ചേക്കാം. അപ്പോളേക്കും സുസു വിളിക്കും. ഞാൻ വാഴയില എടുത്ത് ഭംഗിയായി മുറിച്ചു. വെള്ളമൊഴിച്ച് മാവ് കുഴച്ച് വീണ്ടും മൊബൈലിൽ വിളി, മെസേജ് അയപ്പ് എന്നിവ പൂർവ്വാധികം ശക്തിയോടെ പുനരാരംഭിച്ചു.

പഞ്ചമാപാതകാ, പെണ്ണുംപുള്ളയ്ക്ക് ഒരനക്കവും ഇല്ലല്ലോ കർത്താവേ! ഞാൻ ലാൻഡ് ലൈൻ, മൊബൈൽ ഇമ്മാതിരി എല്ലാത്തരം കുണ്ടാമണ്ടികളിലും വിളി തുടങ്ങി. നോ രക്ഷ! ദൈവം സഹായിച്ച് പുരയ്ക്കകത്ത് ഒരുവിധപെട്ട
മൊബൈൽ കമ്പനിക്കാരന്റെയൊന്നും സിഗ്നൽ പിടിക്കുകേല. ഇനി എന്തോ ചെയ്യും?

വെള്ളം ഒഴിച്ചുവച്ച മാവ് ഒരുമാതിരി വർക്കപണിക്ക് കുഴച്ചുവച്ച കോൺക്രീറ്റ് മാതിരി എന്നെ നോക്കി പല്ലിളിക്കുന്നു. വാഴയില ചൂടാക്കണോ അതോ പച്ചയ്ക്ക് വയ്ക്കണോ? പശപോലെ കയ്യേൽ ഒട്ടിപിടിക്കുന്ന ഈ കുന്ത്രാണ്ടം എങ്ങനെ ഇലയിൽ തേച്ച് പിടിപ്പിക്കും? മോസസ് മേശിരി പണ്ട് കോൺക്രീറ്റ്, കരണ്ടിവച്ച് ഭിത്തിയിൽ തേച്ച് പിടിപ്പിക്കുന്നത് ഓർമ്മവന്നു. ഇത് എത്രനേരം ഇഡ്ഡലികുട്ടകത്തിൽ വച്ച് ചൂടാക്കണം? ചോദ്യങ്ങൾ ഒന്നല്ല, ഒരായിരം എന്നെയിട്ട് അമ്മാനമാടി. അമ്മാനം എന്ന് പറയാൻ ഒക്കില്ല, നല്ല ഒന്നാന്തരം ഊഞ്ഞാലാട്ടവും ചില്ലാട്ടവും. മുക്രയിട്ട് ഉറങ്ങുന്ന സഹമുറിയന്മാരാകുന്ന എരണംകെട്ടവന്മാർ എണീറ്റ് വരുമ്പോൾ മാവ് കുഴച്ച് വച്ച് മണ്ണപ്പം ചുട്ടുകളിക്കുന്ന മാതിരി നിൽക്കുന്ന എൻറെ കാര്യം ആലോചിച്ചപ്പോൾ ഉടുത്ത ഓണക്കോടി ഉറിയടി മത്സരത്തിനിടെ അഴിഞ്ഞുപോയതുപോലെ ഒരു ഫീലിംഗ്!

ലവൾ എണീക്കുമെന്നോ എന്നെവിളിച്ച് ഇലയട ഉണ്ടാക്കാൻ കോച്ചിങ്ങ് തരുമെന്നോ ഇനി ആലോചിച്ച് നിൽക്കാൻ എവിടെ സമയം? കുളി, ജപം എല്ലാം കഴിച്ച് ജോലിക്കും പോകേണ്ടതല്ലേ? പെണ്ണുംപുള്ളയെ  നിന്നനിൽപ്പിനു ആഞ്ഞുകുത്തി രണ്ട് പ്രാക്ക് പ്രാകി എന്നാലിനി അറ്റകൈ അങ്ങ് നോക്കുകതന്നെ എന്നങ്ങ് തീരുമാനിച്ചു.

ഒരു പരുവത്തിൽ കോൺക്രീറ്റ് ചാന്ത് എടുത്ത് മോസസ് മേശിരിയെപ്പോലെ ഇലയിൽ തേച്ച് പിടിപ്പിച്ചു. ശർക്കര, തേങ്ങാ എന്നിവ ഇളക്കി വച്ചപ്പോൾ ഒരു ഐഡിയ. ഇച്ചിരി അണ്ടിപ്പരിപ്പ്, ഏലക്ക, ഉണക്കമുന്തിരി, ഈന്തപ്പഴം, നെയ്യ് ഇവയൊക്കെ കൂട്ടത്തിൽ ഒന്ന് ചാമ്പി നോക്കിയാലോ? ഈ പറഞ്ഞ സാധനങ്ങൾ ഒന്നും ദോഷകാരികൾ അല്ല. രണ്ടുംകൽപിച്ച് ആ പുതിയ മിശ്രിതം അങ്ങുണ്ടാക്കി, അത് കൂട്ടിച്ചേർത്ത് സംഗതി അങ്ങ് പൊലിപ്പിച്ചു. 'ഈശോമറിയം യൗസേപ്പേ' വിളിച്ച് സഹമുറിയന്മാർക്കുള്ളത് റെഡിയാക്കി എൻറെ പങ്കും എടുത്ത് കുളീം തേവരോം കഴിച്ച്  ഓഫീസിൽ പോകാൻ റെഡിയായി. അപ്പോളും ഞാൻ അയച്ച മെസേജ് എൻറെ പൊന്നുമോൾ നോക്കുകയോ മറുപടി അയക്കുകയോ തിരിച്ച് വിളിക്കുകയോ ചെയ്തട്ടില്ല. നഃ സ്ത്രീ സ്വാതന്ത്ര്യം അർഹതി!  തുള്ളപ്പനി പിടിച്ചവനെപ്പോലെ കതകും അടച്ച് ഞാൻ ഓഫീസിലേക്ക് ഇറങ്ങി.

സമയം പത്ത് മണി. ഓഫീസിൽ നല്ല എരിപൊരിയൻ മീറ്റിംഗ് നടക്കുന്നു. പലരുടെയും ഉടുതുണി വലിച്ചുകീറി നിൽക്കുന്ന അവസ്ഥ. അപ്പോൾ ആണ്ടെടാ 'കിണിം' എന്നൊരു ഒച്ച. ഞാൻ ഒതുക്കത്തിൽ ആരും കാണാതെ മൊബൈൽ ഒന്ന് നോക്കി. സുസുവിന്റെ മെസേജ്! 'പെട്ടെന്ന് ഒന്ന് വിളിച്ചേ. അർജന്റാ'

ഈശ്വരാ! ഇവൾക്കെന്തോ പറ്റി. അയ്യോ! ഇനി വല്ല ദീനമോ ദണ്ണമോ, മറ്റെന്തെങ്കിലും കുണ്ടാമണ്ടിയും ആണോ? ഞാൻ 'എക്സ്യൂസ് മീ' പറഞ്ഞ് പെട്ടെന്ന് മീറ്റിംഗിൽ നിന്നും പുറത്ത് ചാടി. നേരെ സുസുവിനെ ഫോൺവിളിച്ചു.   ഈശ്വരാ, എൻറെ ആര്യപുത്രിയെ രാവിലെ നീണ്ടുനിവർന്നുനിന്ന് പ്രാകണ്ടായിരുന്നു. അവൾക്ക് വല്ല ഏനക്കേടും പറ്റിയോ എന്നുപോലും ആലോചിക്കാതെ ഓരോ എടുത്തുചാട്ടം. സ്വയം പഴിച്ച് ഞാൻ വിളിച്ചപ്പോൾ അപ്പുറത്ത് 'അലോ' കേട്ടു.

"സുസു എന്നതാടി പറ്റിയെ? പെട്ടെന്ന് പറ. ഞാൻ മീറ്റിംഗിലാ"

"നിങ്ങൾക്ക് ഓഫീസിൽ ചെന്നാൽ ഈ മീറ്റിങ്ങ് അല്ലാതെ വേറെ പണിയൊന്നും ഇല്ലേ? എപ്പോ ഞാൻ വിളിച്ചാലും മീറ്റിംഗ്, മീറ്റിംഗ്. ചുമ്മാ എന്നെ പറ്റിക്കാൻ പറയുവല്ലിയോ? സത്യം പറ?"

"സുസു നീ കളിക്കാതെ കാര്യം പറ" എനിക്ക് ചൊറിഞ്ഞുകേറി വന്നു. ഭാര്യമാരോ മാനേജർമാരോ നമ്മുടെ ദേഹത്ത് നായിക്കരണപ്പൊടി വാരി വിതറിയാലും മിണ്ടാതെ നിന്നോണം. അതിൻറെ ഗുണം കിട്ടാതിരിക്കില്ല. എന്തെന്നാൽ അവർക്ക് തൃപ്‌തിയും, നമ്മൾക്ക് ഭാവിയിൽ മനസ്സമാധാനവും കൈവരും.

"അല്ല. നിങ്ങൾ ഇന്നലെ രാത്രി ഏതാണ്ട് കുന്ത്രാണ്ടം ഉണ്ടാക്കണം എന്നൊക്കെ വീരവാദം അടിക്കുന്നത് കേട്ടല്ലോ. എന്നിട്ട് അതുണ്ടാക്കിയില്ലേ? ഞാനാണേൽ ചെറുതായി ഒന്ന് മയങ്ങിയും പോയി"

കുംഭകർണ്ണന്റെ ഉറക്കം ഉറങ്ങിയിട്ട് ചെറുതായി ഒന്ന് മയങ്ങിയെന്ന്! വിവരക്കേട് കാണിക്കുന്നതും പോരാ നമ്മളെ കുറ്റക്കാരാകുകയും ചെയ്യുന്ന നാരീവംശമേ..!

"ഇതെന്നാ, വായിൽ നാക്കില്ലേ? വേറെ വല്ലോളുമ്മാരുമായി ചാറ്റുകയാണോ? രാവിലെ ആ കുന്തം ഉണ്ടാക്കിയില്ലേന്ന്, അട??"

അരിയും തിന്ന് ആശാരിയേം കടിച്ചിട്ടും പട്ടിക്ക് മുറുമുറുപ്പ്.  'നീയൊന്ന് പോയേ സുസു ചുമ്മാ ചൊറിയാതെ' എന്ന് പറയാൻ തോന്നിയെങ്കിലും ഞാൻ ആരാ മോൻ? പറയുമോ? അപ്പോൾ ദാണ്ടടാ രണ്ടാമത്തെ സിമ്മിൽ മാനേജരുടെ ഫോൺ. മീറ്റിംഗ് റൂമിൽ നിന്നും ഒതുക്കത്തിൽ ഊർന്നിറങ്ങി ഞാൻ ഫോണും പിടിച്ച് രക്ഷപെടാൻ ഒരുങ്ങുകയാണെന്ന് തോന്നിയ ഇതിയാൻ ബലിമൃഗമായ എനിക്ക് ബാക്കിയുള്ള കാടിയും കഞ്ഞിവെള്ളവും തരാൻ വിളിക്കുകയാണ്.

"ആ ഒണ്ടാക്കി... നീയൊന്ന് പോ. വൈകിട്ട് വന്നിട്ട് പറയാം"

ചത്തകോച്ചിന്റെ ജാതകം ചുളുവിന് നീ കേൾക്കണ്ട എന്നമട്ടിൽ ക്ഷമയുടെ നെല്ലിപ്പലക കണ്ട ഞാൻ ഫോൺ കട്ടാക്കി ഓടിച്ചെന്ന് മീറ്റിംഗ് റൂമിൽ കേറി.

വരാനുള്ളത് വഴിയിൽ തങ്ങുമോ? മീറ്റിംഗ് റൂമിൽ കിട്ടാനുള്ളത് വയറുനിറച്ച് തന്ന് മാനേജർ ഇറക്കിവിട്ടു. തിരികെ വന്ന് ബ്രേക്ക്ഫാസ്റ്റ് തിന്നാൻ നോക്കുമ്പോൾ, കൂടെ ജോലിചെയ്യുന്ന ഏതോ മരമാക്രി അതെടുത്ത് അണ്ണാക്കിലും ഇട്ടു! മീറ്റിംഗിൽ പോയി ഞാൻ ലേറ്റായാൽ എൻറെ പ്രഭാതഭക്ഷണം എടുത്തുകൊള്ളാൻ മുമ്പ് ഇവൻമാർക്ക് അനുമതി കൊടുത്തിട്ടുള്ളതാണ്. എന്തൊരനുസരണ! കടിച്ചതും പോയി, പിടിച്ചതും പോയി.

കുരു ഞൊട്ടിയ ഈന്തപ്പഴം കണക്കെ ഞാൻ ജോലി കഴിഞ്ഞ് ഒരുവിധത്തിൽ ഫ്ലാറ്റിൽ എത്തിയപ്പോൾ എൻറെ പൊന്നോ, റൂമിലുള്ള ദൈവത്തിൻറെ സ്വന്തം നാട്ടിലെ സഹമുറിയന്മാർ ഒരു പാചക അപ്രന്റീസിന് ഇങ്ങനെ ഒരു അപ്രീസിയേഷൻ.

"അളിയോ.. ഇന്ന് എന്നാ സാധനമാ ഉണ്ടാക്കിയെ?. കിടിടിലോൽക്കിടിലം. ദാണ്ടേ, ഇപ്പളും അതിൻറെ ടേസ്റ്റ് വായിൽ നിൽക്കുന്നു. ഇനി മാസത്തിൽ ഒരിക്കലെങ്കിലും ഇലയട അളിയൻ തന്നെ ഉണ്ടാക്കണം"

സ്ഥലജലവിഭ്രാന്തി ബാധിച്ചവനെപ്പോലെ ഞാൻ നിന്നു. എന്താ, ഏതാ എന്നറിയാതെ ഞാൻ വാരിതട്ടിയ അണ്ടിപ്പരിപ്പ്, ഈന്തപ്പഴം, ഏലക്ക ഇത്യാദി ഐറ്റംസ് അങ്ങ് പൊലിച്ചു. ഈ സാധനത്തിന് വത്സൻ എന്നും പേരുണ്ടത്രേ. എന്നാലും എൻറെ പൊന്നു വത്സാ!

അപ്പോൾ സുസുവിൻറെ വിളിയുടെ സൈറൺ. നയിക്കരണപ്പൊടി വിതരണം തുടങ്ങാൻ സമയമായി. ഞാൻ ഫോണെടുത്തു.

"അലോ" അപ്പുറത്ത് വിളിമുഴങ്ങി.

പൂക്കുല ലേഹ്യം

പൂക്കുല ലേഹ്യം 
----------------------------

ആണുങ്ങൾ ഗർഭം ധരിക്കുമോ?

ചോദ്യം കേട്ട് മാന്യന്മാരായ വായനക്കാർ എന്നെ കല്ലുപറക്കി എറിയരുത്, വിരോധം തോന്നുകയുമരുത് എന്നപേക്ഷ. ജീവശാസ്ത്രപരമായി പോക്കണംകേടാണ് പറയുന്നതെങ്കിലും പ്രായപൂർത്തിയായ ഒരു ആൺപ്രജയാണിതെന്ന് നിങ്ങൾ ധരിച്ചുകൊള്ളണം. കാര്യകാരണസഹിതം ഞാനത് വിശദീകരിക്കാൻ ബാധ്യസ്ഥനുമാകുന്നു.

കഥ നടന്നത് ഇമ്മിണി കാലങ്ങൾക്ക് മുമ്പാണ്. ഡേറ്റും തീയതിയും പറയും എന്ന് കരുതി വായ്‌പൊളിച്ച് എനിക്കിട്ട് ആപ്പടിക്കാൻ കാത്തിരിക്കുന്ന കൂപമണ്ഡൂകങ്ങൾ പോയി പണി നോക്കിക്കോണം. അല്ലേലും, ഞാനും എൻറെ അരുമക്കൊരുമയായ (എരുമ എന്ന് ആരും വായിച്ചുപോകരുത്) സുസുവും മനോഗുണത്തോടെ മാതൃകാ ദമ്പതിമാരായി ലബനോൻ താഴ്വരകളിൽ വാണരുളുന്നത് കണ്ട് അവിടേം ഇവിടേം ചൊറിഞ്ഞോണ്ട് നടക്കുന്ന അണലിസന്തതികളെ നിങ്ങൾക്ക് നാശം. എൻറെ മണ്ടേൽ കയറാൻ വരാതെ, നിങ്ങളെയും നിങ്ങളുടെ പെണ്ണുമ്പുള്ളമാരെയും ഓർത്ത് വിലപിക്കുവിൻ. അവരെ സ്നേഹിക്കുവിൻ. അന്ന് തീയതിയും സമയവും ഇല്ലാത്ത ആ കൂരാപ്പിന് ഞാൻ ജോലികഴിഞ്ഞു വന്നവേളയിൽ വാമഭാഗം ആകെ ഒരു ക്ഷീണാവസ്ഥയിൽ കസേരയിൽ കാലും നീട്ടിയിരിക്കുന്നു.

"സുസു, നിനക്ക് എന്നതാ പറ്റിയെ? ആശൂത്രീ പോണോ പെണ്ണേ?"

"മാണ്ട,  ആ പെണ്ണുമ്പുള്ള എന്നെ സൂചിവയ്ക്കും"

മാനംമര്യാദയ്ക്ക് എം. ബി. ബി. എസ്സ്. എടുത്ത ഒരു ഡോക്ടറെയാണ് ഇവൾ പെണ്ണുമ്പുള്ള എന്ന് അഭിസംബോധന ചെയ്യുന്നത്! ഇതിപ്പോ, മാസങ്ങൾ കഴിഞ്ഞ് ആശുപത്രിയിൽ പോയി പ്രസവവാർഡിൽ സുസുവും, വാർഡിന് പുറത്ത് ഈ ഞാനും അകക്കാമ്പ് വെട്ടി കിടക്കുകയും, ഇരിക്കുകയും ചെയ്യേണ്ടതാണ്. അതാണ് നിയമവും. പെറാൻ കിടക്കുന്നതിനേക്കാൾ വലുതാണോ ഉറുമ്പ് കടിക്കുന്ന സൂചിവപ്പ്? ഈ പെണ്ണുങ്ങളുടെ ഒരു കാര്യം. വെളിവുകേട്‌ ലോണെടുത്ത് കയ്യിൽ വച്ചിരിക്കുന്ന നാരീജന്മങ്ങൾ.

"പിന്നെ എന്നതാ നിനക്ക് ഒരു മന്ദിപ്പ്?" സ്നേഹനിധിയായ ഭർത്താവായ ഞാൻ വിടാൻ കൂട്ടാക്കിയില്ല.

"ഓ, ഒന്നുമില്ലന്നെ.  വയറ്റുകണ്ണികൾക്ക് അങ്ങനെ പല ക്ഷീണോംകാണും. അതൊക്കെ ഈ സമയത്ത് ഉള്ളതാ" ഇതും പറഞ്ഞ് അവൾ ചടഞ്ഞുകൂടിയിരുന്നു. ഞാൻ അടുത്തുചെന്ന് തഞ്ചത്തിൽ പറ്റിക്കൂടി. പെണ്ണുമ്പുള്ളയേയും ഉള്ളിൽ വവ്വാലിനെ പോലെ കിഴുക്കാംതൂക്ക് കിടക്കുന്ന കൊച്ചിനെയും ഒന്ന് പുന്നാരിക്കാൻ കിട്ടിയ സമയം. അമ്മ ചിരിച്ചാൽ കുഞ്ഞും ചിരിക്കും. അമ്മ കരഞ്ഞാൽ കുഞ്ഞും. അങ്ങനെയൊക്കെയാണല്ലോ നാട്ടുനടപ്പും പ്രമാണവും. അപ്പോൾ ഇവളുമ്മാരെ പരമാവധി സന്തോഷിപ്പിക്കുക എന്നത് ഞാനുൾപ്പെടെയുള്ള ഹതഭാഗ്യന്മാരായ ഭർത്താക്കന്മാരുടെ കടമയാണ്. നമുക്ക് നാട്ടുനടപ്പ് മാറ്റാനൊക്കുമോ?.

ഇനി ഒരു കാര്യംകൂടി പറഞ്ഞേക്കാം.  കല്യാണം കഴിഞ്ഞ പെണ്ണും, കല്യാണം കഴിക്കാത്ത പെണ്ണും ഓക്കാനിക്കുന്നതിന് നമ്മുടെ നാട്ടിൽ വെവ്വേറെ അർത്ഥം ആണുളളത്. വന്ന് വന്ന് ഇന്ന് ഫ്രഞ്ച് വിപ്ലവത്തിലെ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം പിന്നെ ഭരണഘടനയിലെ മൗലിക അവകാശങ്ങൾ എന്നൊക്കെ പറഞ്ഞ് രണ്ടും തമ്മിൽ വല്യ അർത്ഥവ്യതിയാനങ്ങളില്ലാത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെങ്കിലും, എൻറെ സുസു കല്യാണം കഴിഞ്ഞ് വാളുവച്ചത് കണ്ട് ഞാനും വീട്ടുകാരും തുള്ളിച്ചാടി. ഇതാണ് യഥാർത്ഥ ഫ്രഞ്ച് വിപ്ലവം! ലോകത്ത് മനുഷ്യനുണ്ടാകുന്ന ഏനക്കേട്‌ കണ്ട് ചുള്ളിച്ചാടുന്ന പ്രതിഭാസം ഈ ചർദ്ധിലിന് മാത്രം സ്വന്തം. എന്തായാലും നിലത്തു നിൽക്കാതെ കാലുംപറിച്ച് ചാടിയ എനിക്ക് മൂടിടിച്ച് വീണ അനുഭവമായിരുന്നു പിന്നീട്. പെണ്ണിനെ ആശുപത്രിയിൽ കൊണ്ടുപോണം,  ഗൈനോക്കോളജിസ്റ്റിനെ കാണിക്കണം, മരുന്നുകൾ വാങ്ങി കൊടുക്കണം (ഗർഭം രോഗമാണോ എന്നൊരു ശങ്ക) എന്നിങ്ങനെ പലതരം കിടുവടികൾ. അമ്മയ്ക്കും സുസുവിനും ഗൈനോക്കോളജിസ്റ്റ് ലേഡിഡാക്കിട്ടർ തന്നെ വേണം. തിരുവായ്ക്ക് എതിർവാ ഉണ്ടോ? നമ്മൾ വീട്ടിലെ പ്രസിഡണ്ട്, പെണ്ണുങ്ങൾ പ്രധാനമന്തി. യുദ്ധമോ സമാധാനമോ എന്തോ വേണമെന്ന് അവളുമ്മാർ പാർലമെൻറ്റ് കൂടി തീരുമാനിക്കും. നമ്മൾ  വെറും റബ്ബറും സ്റ്റാമ്പും കയ്യിൽപിടിച്ച് കുത്തിയിരിക്കും, അത്ര തന്നെ.

നേരുബുദ്ധിക്ക് സുസുവിനെ ഒരു പെണ്ണ് ഡാക്കിട്ടർ തന്നെ കണ്ടാൽ മതിയെന്ന് ഞാനും ഏറ്റു. പക്ഷേ അതിന്റ തപ്പുകേട്‌ പിന്നെയാണ് മനസ്സിലായത്.  ഡാക്കിട്ടറും, ഗർഭിണിയും എൻറെ തള്ളയും പെണ്ണ്. ഈ സ്ത്രീമഹാജനങ്ങൾ ഒന്നിച്ച് കൂടി എനിക്കിട്ട് ആപ്പടിക്കുമോ എന്നൊരുതമിശയം സ്വാഭാവികമാണല്ലോ. 'എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഫെമിനിസം കാഴ്ച്ച കാണാം' എന്നൊരു അവസ്ഥയാണല്ലോ ഇപ്പോൾ നാട്ടുനടപ്പ്.  എൻറെ തമിശയം വൈകാതെ ദൂരീകരിക്കപ്പെട്ടു.  അടിയാൻ കൂടിയാൻ വ്യവസ്ഥയായിരുന്നു പിന്നെ വീട്ടിൽ. ഒടുക്കത്തെ വീട്ടുപണി മുഴുവൻ എൻറെ തലയിൽ. ഓഫീസിൽ മാനേജരുടെ കാട്ടുപണി കഴഞ്ഞ് വീട്ടിൽ വരുമ്പോളാണ് ഈ മാരണം. അങ്ങനെ സ്വന്തം ഗർഭിണിയും, പെണ്ണാച്ചി ഗൈനോക്കോളജിസ്റ്റും എന്നെ അണ്ണാക്കിലടിച്ച കാലത്താണ് അന്തികൂരാപ്പിന് കാലുവെന്ത നായെപ്പോലെ വീട്ടിൽ ഞാൻ വന്നുകയറുന്നതും, ആര്യപുത്രി തേർത്തട്ടിൽ നട്ടും ബോൾട്ടും പോയി ഊപ്പാടുവന്ന് കിടന്ന പാർത്ഥനെപ്പോലെ കസേരയിൽ കാലും നീട്ടി ഇരിയ്ക്കുകയും ചെയ്‌തത്‌.   പാവം,  എൻറെ കൊച്ചിന്റെ അമ്മയാവാൻ നേർച്ചനേർന്ന് ഇറങ്ങിയ  പെൺകൊച്ചല്ലേ? ഒന്ന് പുന്നാരിച്ച് വിട്ടേക്കാം. വവ്വാൽ കൊച്ചും ഹവ്വാ അമ്മയും സന്തോഷിക്കട്ടെ. ഒരു നിമിഷം ഞാൻ ഉത്തമഗീതത്തിലെ സോളമനായി രൂപാന്തരപ്പെട്ടു. സുസുവിന്റെ നീരുപിടിച്ച കാലുകൾ തടവികൊടുത്തു. സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു; സത്യവേദപുസ്തകം ഇങ്ങനെ ചില അവസരങ്ങളിൽ ഭർത്താക്കന്മാർക്ക് ഉപകാരപ്പെടും. പള്ളിക്കാർക്ക് സ്തോത്രം.

സന്തോഷ സൂചകമായി സുസു ചിരിച്ചു. എന്തെങ്കിലും മാരകപണികൾ പിന്നാലെ വരുന്നുണ്ട്. ഈ ചിരി അതിനുമുന്നോടിയാകാം- ഞാൻ സ്വാഭാവികമായും നിരൂപിച്ചു. അല്ലേലും ഈ സുസുവിന്റെ ജാതിയെല്ലാം ഗർഭിണി ആയെന്നുകണ്ടുകഴിഞ്ഞാൽ പിന്നെ നീണ്ടുനിവർന്നുകിടന്ന് വിശ്രമമമാണ്. നമ്മൾ ഏതാണ്ട് വേണ്ടാധീനം ഇവളുമ്മാരോട് ചെയ്‌തതുപോലെ ഒരു ചെറഞ്ഞുനിൽപ്പ്. പിന്നെ നാടും, വീടും എല്ലാം കൊട്ടിഘോഷിച്ച് ഇവളുമ്മാരുടെ കൂടെ. നമ്മൾ വെറും കൊജ്ഞാണന്മാർ. എട്ടും പത്തും പെറ്റിട്ട് പയറുപോലെ പെണ്ണുങ്ങൾ നടന്ന നാടാണിത്.  അന്ന് അമ്മച്ചിമാർ വയറ്റുകണ്ണിമാരായാൽ വല്ല പുളിയോ മാങ്ങയോ ഒക്കെ വേണമെന്ന ആവശ്യമേ പറയൂ. പിന്നെ നല്ല അണ്ടമുണ്ടത്തടി പോലുള്ള പിള്ളേരെ അങ്ങോട്ട് പെറും.  ഇതിപ്പോ അങ്ങനെവല്ലതും ആണോ? ഇരിക്കാൻ വയ്യ, കിടക്കാൻ വയ്യ എന്റമ്മോ.. എന്തൊരു പുകില്.  എന്നാൽ, പണ്ടത്തെ ചേട്ടായിമാരെക്കാൾ സ്നേഹസമ്പന്നന്മാരായ എന്നെപ്പോലുള്ള മാതൃകാ ഭർത്താക്കന്മാർ ഇത്തരം പുകിലുകൾ ദൈവംതമ്പുരാനെ ഓർത്ത് അങ്ങ് സഹിക്കും. ലോകത്ത് സൊലൂഷ്യൻ ഇല്ലാത്ത ചില കാര്യങ്ങളും ഉണ്ടല്ലോ.  പോട്ടെ, എല്ലാം ആദ്യത്തെ കൺമണിക്ക് വേണ്ടിയുള്ള ത്യാഗമല്ലേ. സഹിക്കാം. അല്ലാതിപ്പോ എന്നാ ചെയ്യും?

സന്ധ്യ കഴിഞ്ഞ് രാത്രി കനത്തു. ദൈവത്തെ വിളിച്ച് പ്രാർത്ഥിച്ച് വല്യ തട്ടുകേടില്ലാത്ത അത്താഴവും അകത്താക്കി കിടക്കാൻ ഒരുങ്ങിയപ്പോൾ സുസുവിന് വീണ്ടും ക്ഷീണം.

"എന്നാതാടീ?"
"വയ്യ, ഭയങ്കര ഷീണം"
"എന്നാ കുരിശ് വരച്ചുമ്മച്ച് കേറികിടന്ന് ഒറങ്ങിക്കോ"
"ചുമ്മാ, കിടന്ന് ഒറങ്ങിയാ മതിയോ? ഒരുപറ മരുന്നും ഗുളികയും ഉണ്ട്. അത് നിങ്ങള് കഴിക്കുമോ?

'എലി വിഷം തിന്നാൽ കോഴി ചാകുമോ' എന്നൊരു ചോദ്യംപോലെ അവൾ  എന്നെ ഒരു നോട്ടം. അയ്യോ,  പാവം പറഞ്ഞത് ശരിയാ. എൻറെ ആര്യപുത്രിക്ക് ഒരുകെട്ട് മരുന്ന് നമ്മുടെ ഫെമിനിസ്റ്റ് ഗൈനോക്കോളജിസ്റ്റ് കുറിച്ച് കൊടുത്തിട്ടുണ്ട്. കാൽസ്യം, അയൺ, ഫോളിക് ആസിഡ്, ഡുഫാസ്റ്റോൺ... എന്നുവേണ്ട നീണ്ട ലിസ്റ്റ്. കൊച്ചും തള്ളയും കൂടി കുറെ മാസങ്ങളായി ചില്ലറയല്ല ഗുളിക അകത്താക്കുന്നത്.

ചാഞ്ഞു കിടക്കുന്ന എൻറെ കോച്ചിന്റെ ഭാവി അമ്മയെ കണ്ടപ്പോൾ അലിവ് തോന്നി. കുമാരനാശാൻറെ വീണപൂവ് അപ്പോൾ ഉപമാലങ്കാരമായി മനസ്സിലേക്കോടിയെത്തുകയും ചെയ്‌തു.

"എന്നാ, നീ കെടന്നോ. ഞാൻ ഗുളികേം വെള്ളവും എടുത്തു തരാം"  ഇതും പറഞ്ഞ് ഞാൻ രാത്രിയിലേക്കുള്ള ഗുളികകൾ എടുത്തു. എന്നിട്ട് തിരിച്ചും മറിച്ചും നോക്കി. എന്തരോ എന്തോ? രണ്ട്  ഗുളികകൾ ഓരോന്നായി പൊളിച്ച് വലതുകയ്യിൽ വച്ച് അടുക്കളയിലേക്ക് നടന്നു. തിളപ്പിച്ച വെള്ളം ഒരു ഗ്ലാസ്സിൽ പകർന്ന് തിരികെ കിടക്കമുറിയിൽ എത്തി. ഞാൻ ലാസ്യഭാവത്തോടെ അവളെയൊന്ന് നോക്കി. പണ്ടാറം ഗുളിക കഴിച്ചുകഴിഞ്ഞാൽ ഉറങ്ങാം എന്ന മട്ടിൽ ചാഞ്ഞ് ചരിഞ്ഞ് ലവൾ കിടക്കുന്നു. മാസങ്ങൾ കഴിഞ്ഞാൽ ഈ വീട്ടിൽ ഒരു കുഞ്ഞുകൊച്ച് വിരുന്നു വരും.  സുസുവിനെ പറ്റിപ്പിടിച്ച് കുഞ്ഞുവാവ കിടക്കുന്നത് ഓർത്ത് നിന്നപ്പോൾ എനിക്ക് അറിയാതെ കുളിര് കോരി, ഒപ്പം വലിയൊരു തപ്പുകേടും പറ്റി.

തപ്പുകേട്‌ എന്ന് പറഞ്ഞാൽ ഒരു ഭർത്താവും ഈ ഭൂമിമലയാളത്തിൽ കാണിക്കാത്ത പൊക്കണംകേട് തന്നെ. അതെന്താണെന്ന് വച്ചാൽ, വലതുകയ്യിൽ രണ്ട് ഗുളികയും മേശപ്പുറത്ത് വെള്ളവും വച്ച് അവളെ നോക്കിനിന്ന ഞാൻ അറിയാതെ ഗുളിക രണ്ടും എൻറെ വായിലേക്ക് ഇട്ട് ശടേന്ന് വെള്ളം എടുത്ത് ഒറ്റക്കൂടി!

എങ്ങനുണ്ട് എൻറെ വിവരക്കേട്?! ഏതേലും ആൺപിറന്നവന്മാർ കാണിക്കുമോ ഇമ്മാതിരി ഫൂളിഷ്‌നസ്? എന്താ പറ്റിയെ എന്ന് എനിക്ക് ആദ്യം മനസ്സിലായില്ല. ജനിക്കാൻ പോകുന്ന കോച്ചിന്റെ ചിന്തയിൽ ഗുളിക കയ്യിൽ വച്ച് അറിയാതെ അണ്ണാക്കിലിട്ടുപോയി. മേമ്പൊടിയായി വെള്ളവും തള്ളിവിട്ടു. ഏതാണ്ട് പാറ്റാഗുളിക വിഴുങ്ങിയ മട്ടിൽ നിന്ന എന്നോട് അപ്പോൾ സുസു എരണംകെട്ട ഒരു വർത്തമാനം.

"നിങ്ങളെന്നതിനാ ആ കുന്തം എടുത്ത് വിഴുങ്ങിയെ? നിങ്ങക്കെന്നതാ ഗർഭം ഉണ്ടോ?"

ഇതികർത്തവ്യാമൂഢനായ ഞാൻ സത്യം പറഞ്ഞാൽ തലയിൽ കൈവയ്ക്കാതെ പള്ളയിൽ ഒന്ന് കൈവച്ച് പോയി.  എന്തൊരു മഠയത്തരമാണ് കാട്ടിക്കൂട്ടിയത്? ചുമ്മാതിരുന്ന സുസുവിനെ സുഖിപ്പിക്കാനായി സഹായിക്കാൻ പോയി പേറ്റുഗുളിക വിഴുങ്ങി നിൽക്കുന്ന എനിക്ക് നഞ്ചുതിന്ന കുരങ്ങന്റെ അവസ്ഥയായിരുന്നു അപ്പോൾ. മേലാകെ കടിയനുറുമ്പ് ഇറുക്കുന്ന പ്രതീതി.

"എന്നാത്തിനാ വാപൊളിച്ച് നിൽക്കുന്നെ? വന്ന് വന്ന് പോതോം പൊക്കണോം ഇല്ലാണ്ടായോ കർത്താവേ!?"

ഭൂലോക വിവരക്കേട് കാണിച്ച ഞാൻ ഒന്നും പറയാതെ  പോയി കട്ടിലിൽ കിടന്നപ്പോൾ ചൊറിയൻ വർത്തമാനം അകമ്പടി നൽകി സുസു മെല്ലെപോയി തനിക്ക് വേണ്ട ഗുളിക കഴിച്ച് തിരികെ വന്ന് ലൈറ്റും അണച്ച് കിടന്നു.

"എന്നാലും ഓരോ സോക്കേടെ, പെണ്ണുങ്ങളുടെ ഗുളികഎടുത്ത് തിന്നാൻ എന്തോ വിരുതാ"

ഞാനെന്ന വിരുതൻ ശങ്കു മിണ്ടിയില്ല.  അപാകത നമ്മുടെ ഭാഗത്താണ്. അപ്പോൾ മിണ്ടാതിരുന്നോണം. മിണ്ടിയാൽ താലികെട്ടിയ അന്നുമുതൽ ഉള്ള പാളിച്ചകൾ ഒന്നൊന്നായി ക്ലാവർ, ഇസ്‌പേഡ്‌, ഗുലാൻ എന്നമട്ടിൽ നിരത്തി നമ്മുടെ ചീട്ട് കീറും പെണ്ണുങ്ങൾ.  ഇവളുമ്മാർ പലതരം ചൂണ്ട നമ്മുടെ വീക്നെസ് കാലത്ത് ഇട്ടു തരും. കണ്ടില്ല, കേട്ടില്ല എന്നമട്ടിൽ കിടന്നോണം. ഞാൻ മാന്യനായതിനാൽ 'ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണഃ' എന്നമട്ടിൽ പുതച്ച്മൂടിയങ്ങ് കിടന്നു. മൗനം ഭർത്താവിന് ഭൂഷണം.

പാതിരാത്രി. ലോകം എല്ലാം ഉറങ്ങുന്നു. എനിക്ക് ഉറക്കംവരുമോ? ചില്ലറ കേസാണോ, പേറ്റുഗുളികയാണ് ഉള്ളിൽ കിടക്കുന്നത്! വയറെരിച്ചിൽ പോലെ എന്തോ ഏനക്കേട് ഫീൽ ചെയ്യുന്നുണ്ട്. അതോ വെറും തോന്നലോ? എണീറ്റ് ഒന്ന് രണ്ട് വട്ടം ബാത്‌റൂമിൽ പോയി, മുഖം ഒക്കെ കഴുകി വന്നു. വെള്ളം എടുത്തു കുടിച്ചു. ഇപ്പോളും തൊണ്ടക്ക് എന്തോ തടഞ്ഞ് ഇരിക്കുന്ന പ്രതീതി.  ഇനി ഗുളിക വല്ലതും അവിടെ തടഞ്ഞ് ഇരിക്കുന്നുണ്ടോ? പണ്ട് ആദം പാപം ചെയ്യാൻ ആപ്പിൾ കഴിച്ചപ്പോൾ ഇതിയാന്റെ തൊണ്ടക്ക് ആപ്പിൾ കുരുങ്ങിയാണ് ആണുങ്ങൾക്ക് ആദംസ് ആപ്പിൾ എന്ന സുനാപ്പി ഉണ്ടായത് എന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോൾ അതുപോലെ വല്ല കുരുങ്ങലും? മുറിയിലെ അന്ധകാരത്തിൽ നിശാചരനെപ്പോലെ എന്നെ കണ്ടിട്ടാണോ എന്തോ, സുസു ചുമ്മാ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു.  എനിക്കാണേൽ അവളുടെ മുതുകിന് നോക്കി ഒരു ആഞ്ഞ ചവിട്ട് കൊടുക്കാനുള്ള സർവ്വമാനം മറിച്ചുവന്നു. ഗർഭിണികളെ വല്ലോം ചെയ്യാൻ ഒക്കുമോ? നാട്ടുകാരെല്ലാം കൂടി എൻറെ നേരെ പുക്കാറിന് വരത്തില്ലിയോ?

സ്വത്വം നഷ്ടമായ അണ്ണാനെപ്പോലെ ഞാൻ വീണ്ടും വന്നുകിടന്നു. സമാധാനമില്ലാതെ അങ്ങനെ ഏറെനേരം കടന്നപ്പോൾ  അറിയാതെ അവളെ വിളിച്ചു.

"സുസു?"
"ഉം"

"ഈ ഗുളിക ഞാൻ കഴിച്ചതിൽ വല്ല കൊഴപ്പവും ഉണ്ടോ?"

"അതിന് നിങ്ങക്ക് വയറ്റിൽ ഉണ്ടോ? അവളുടെ മറുചോദ്യം കേട്ട് ഞാനൊന്ന് ഞെട്ടി.

"ഇല്ല"

"എന്നാൽ സൂക്ഷിച്ചോ, ഗർഭിണികൾ ഉള്ള വീട്ടിലെ ആണുങ്ങൾ ഈ ഫോളിക് ആസിഡും, ഡുഫാസ്റ്റോണും ഒക്കെ കഴിച്ചാൽ അപകടമാ"  ഇതും പറഞ്ഞ് അവൾ ആർത്തു ചിരിച്ചു.  ഭർത്താവിന് പ്രസവ വേദന, ഭാര്യക്ക് ഗുളികചേതന.

ഒരു പരിധി കഴിഞ്ഞാൽ നമ്മൾ ആണുങ്ങളുടെ ധൈര്യവും, മസിലുപിടുത്തവും പെണ്ണുങ്ങൾക്ക് മുന്നിൽ ഏശുകയില്ലല്ലോ. കാണിച്ച പോഴത്തരം ഓർത്ത് ഞാനും മേലും കീഴും നോക്കാതെ ചിരിച്ചു. പിന്നെ അവളെ അള്ളിപ്പിടിച്ച് കിടന്നോണ്ട് ഒന്നുകൂടി ചോദിച്ചു.

"സുസു?"
"ഉം"
"ഈ ഫോളിക് ആസിഡും, ഡുഫാസ്റ്റോണും കഴിച്ചാൽ ആണുങ്ങളും പെറും അല്ലേ?"

അവൾ കൈവിടുവിച്ച് എന്നെ തള്ളിമാറ്റി ഇങ്ങനെ പറഞ്ഞു.

"അങ്ങോട്ട് മാറിക്കിടന്നേ. ജീരകമുട്ടായി തിന്നപോലെ ഗുളികേം വെട്ടി വിഴുങ്ങിയേച്ച് വയ്യാതെ കിടക്കുന്ന എന്നോട്  ഒലിപ്പിച്ചോണ്ട് വരാതെ പോ. ഇനി ഞാൻ പെറ്റുകഴിയുമ്പോൾ പൂക്കുലലേഹ്യം കൂടി നിങ്ങൾ തിന്നോണം. എനിക്ക് പണ്ടേ ഈ ലേഹ്യവും കൊഴമ്പും ഒക്കെ വെറുപ്പാ. ആയുർവേദം എനിക്ക് പിടിക്കുകേല"

മാതാവേ! പൂക്കുല ലേഹ്യം!! ആ രാത്രിയിൽ എൻറെ തലയിൽ പൂക്കുല വിരിഞ്ഞു.