Friday, April 29, 2016

നിരീശ്വരൻ: ഒരു ആസ്വാദനക്കുറിപ്പ്‌

നിരീശ്വരനെ പറ്റി അറിയുന്നത് ഏതാണ്ട് ഒരു വർഷം മുൻപാണ്.  എൻറെ ഫേസ്ബുക്ക് സുഹൃത്തുക്കളിൽ നിന്നും. പലരുടെയും ആസ്വാദനകുറിപ്പുകൾ വായിച്ചു കഴിഞ്ഞപ്പോൾ ഒരു കോപ്പി സ്വന്തമാക്കാനും വായിക്കാനും തീരുമാനിച്ചു.  ഒപ്പം വായനക്ക് ശേഷം ഒരു റിവ്യൂ എഴുതണം എന്നും. ഒരുവർഷത്തിനു ശേഷംവും കോപ്പി കിട്ടിയില്ല.  അവസാനം, ദുബായ് കരാമയിലുള്ള ഡി.സി. ബുക്സിൽ വിളിച്ചു, ഭാഗ്യം.. സാധനം കയ്യിലുണ്ട്!

പെരുമാൾ മുരുഗന്റെ 'One Part Women' വായനക്കിടയിലാണ് നിരീശ്വരൻ കയ്യിൽ അവതരിച്ചത്. അത് നിരീശ്വരന്റെ കൃപയോ, നിമിത്തമോ ആയിരിക്കും എന്ന് ഞാൻ മനസ്സിലാക്കുന്നു.
വിവാദമായ അർ ദ്ധനാരീശ്വരൻ എഴുതിയ ശേഷം, പെരുമാൾ മുരുകൻ എഴുത്തേ നിർത്തിക്കളഞ്ഞു എന്ന്  കൂടി കൂട്ടിച്ചേർത്തു വായിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും ഞാൻ ഗീർവാണം അടിക്കുകയല്ല എന്ന്.

എന്തായാലും "നിരീശ്വരൻ" വായിച്ചു തീർത്ത് ഷെൽഫിലേക്ക് നിരീശ്വര പ്രതിഷ്ഠ യും നടത്തി. ആസ്വാദന കുറിപ്പ് എഴുതണം എന്ന് മുമ്പ് കരുതിയത് മനപൂർവ്വം മറന്നു.  എന്നാൽ നിരീശ്വരൻ ഉണ്ടോ വിടുന്നു?  ഷെൽഫിൽ ഇരുന്നും നിരീശ്വരൻ പ്രവർത്തിക്കും എന്ന് മനസ്സിലായി. അല്ലേൽ  തലയും, കയ്യും, കാലും ഇല്ലെങ്കിലും എൻറെ തിരക്കിനിടയിലും എന്നെക്കൊണ്ട് ഇതെഴുതിക്കില്ലല്ലോ!

ഓം നിരീശ്വരായ നമ !

ആർഭാടമായി വിമർശനം ഒന്നും നടത്താൻ ഈയുള്ളവനു പാങ്ങില്ല.  അങ്ങനെ വേണമെന്നുള്ളവർ എന്നെ തെറി വിളിക്കാതെ നേരെയങ്ങ് പോയി നോവലിൻറെ ആദ്യപേജുകളിൽ ഡോ: എസ്. എസ്  ശ്രീകുമാർ നടത്തിയിരിക്കുന്ന പഠനം പോയി വായിച്ചോണം.  ഇത്   ഒരു സാധാരണ ആസ്വാദന കുറിപ്പ് മാത്രം.

മനസ്സിൽതട്ടിയ കുറെ കഥാപാത്രങ്ങളും, സംഭവങ്ങളും, സ്ഥലങ്ങളും പറയാം.

ആഭാസന്മാർ 
ആന്റണി, ഭാസ്കരൻ, സഹീർ.  ഇവരുടെ ആദ്യാക്ഷരം കൂട്ടിചേർത്താൽ ആഭാസന്മാർ ആയി.  ദേവത്തെരുവ്  ആഭാസത്തെരുവ് എന്ന് അവർ മാറ്റി. നിരീശ്വര ൻറെ ബീജാപജാപം നടന്നത് ആ തലകളിൽ ആണ്. എന്നാൽ സൃഷ്ടാവിനേക്കാൾ സൃഷ്ടി അത്ഭുതം ആയി മാറുന്നതാണ് പിന്നീട് കാണുന്നത്.

ജാനകി 
നാട്ടിലെ സ്വയം പ്രഖ്യാപിത വേശ്യ.  തൻറെ ജോലിയിൽ പൂർണ്ണ ആത്മാർഥത കാട്ടുന്നവൾ.  എങ്കിലും അവളിലെ യഥാർത്ഥ സ്ത്രീ ഉണരുന്നത് ദാമുവിന്റെ ഗന്ധം ഏൽകുമ്പോൽ മാത്രമാണ്.  ജാനകിയുടെ ജീവിത പരിണാമവും, റോബർട്ടോയുമായുള്ള സഹവാസവും രസകരം ആണ്.

ഘോഷയാത്ര അന്നാമ്മ 
ആ പേരിൻറെ ഗുട്ടൻസ് പിടികിട്ടണം എങ്കിൽ നിങ്ങൾ നിരീശ്വരൻ വായിക്കുക തന്നെ വേണം.  അല്ലെങ്കിൽ, അന്നമ്മയുടെയും മക്കളുടെയും സൈക്കിൾ യജ്ഞക്കാരൻ ഭർത്താവിന്റെയും പിന്നീട് അവരിലേക്ക്‌ അടിയും വഴക്കുമായി കയറിവരുന്ന ബാർബർ മണിയും നിരീശ്വരന്റെ പേജുകൾ മറിക്കുന്നത് നമ്മൾ അറിയുകയില്ല. അളമുട്ടുമ്പോൾ ശത്രുക്കളുടെ അടുത്ത് അന്നാമ്മ എടുക്കുന ഒരു അത്യുഗ്രൻ  ആയുധം ഉണ്ട്.  അതെന്താണന്നല്ലെ?  അയ്യട മനമേ.... നിരീശ്വര ശാപം ഏറ്റു വാങ്ങാൻ എനിക്ക് മനസ്സില്ല.  പോയി വായിക്ക്. എന്നിട്ട് ആ കൃപ അനുഭവിക്ക്.

ഇന്ദ്രജിത്ത് 
ഇയാളിലാണ് നിരീശ്വരന്റെ ഏറ്റവും വലിയ അത്ഭുതം നടന്നത്. അവിശ്വസനീയം എന്ന് തോന്നാമെങ്കിലും കണ്മുന്നിൽ  കാണുന്നത് വിശ്വസിക്കാതിരിക്കാൻ ആകുമോ?  ഭാര്യ സുധയും, റോബർട്ടോയും,  മക്കളും, മേഘ എന്ന പെൺകുട്ടിയും ഒക്കെ നിറഞ്ഞു നിൽക്കുന്ന ഇന്ദ്രജിത്ത് എന്ന കഥാപാത്രത്തിന്റെ ചിന്തകൾനമ്മിൽ തത്രിപ്പുണ്ടാക്കും.  പലപ്പോഴും പരസ്പര വിരുദ്ധമായ ചിന്തകൾ. തുടക്കവും ഒടുക്കവും ഇല്ലാത്ത വിചാരങ്ങൾ.

റോബർട്ടോ 
വന്ന് കേറി മേഞ്ഞു പോകുന്ന ഒരു ഉഷ്ണകാലം പോലെ തോന്നി ഈ കഥാപാത്രം.  ആഭാസത്തെരുവിന്റെ കഥയിൽ പ്രയോജനം ഇല്ലാത്ത ഒരു കഥാപാത്രം.  ഉണ്ടെങ്കിൽ അത് ജാനകിക്ക് മാത്രം.  ശാസ്ത്ര ജ്നൻ ആയ ഇയാൾ എന്തൊക്കെയോ ചിന്തിക്കുന്നു,  പ്രവർത്തിക്കുന്നു, ഇടക്ക് മലമുകളിൽ കൃഷ്ണൻഎഴുത്തച്ചനെ കാണാൻ പോകുന്നു.  എന്തായാലും നിരീശ്വരൻറെ കുറെ പേജുകൾ ഈ കഥാപാത്രം തിന്നു തീർക്കുന്നുണ്ട്.  ഇന്ദ്രജിത്തിന്റെയും,  റോബർട്ടോയുടെ യും ചിന്തകൾ ഏതാണ്ട് ഒരുപോലെ വരും. എന്നാൽ ജാനകിയും റോബർട്ടോ യും തമ്മിലുള്ള രംഗങ്ങൾ സുന്ദരങ്ങൾ ആണ് (ജാനകി ആരാ മോൾ!).

ബാക്കി കഥാ പാത്രങ്ങൾ 
ഇനിയും കുറെയേറെ കഥാപാത്രങ്ങൾ കഥയിൽ വന്നു പോകുന്നുണ്ട്.  സുമിത്രൻ (ആദ്യ നിരീശ്വര അത്ഭുതം നടന്ന വ്യക്തി), സുധർമ്മൻ (നിരീശ്വരനെ എങ്ങനെ വാണിജ്യ വൽക്കരിക്കം എന്ന് അയാൾ പറഞ്ഞു തരും),  ഈശ്വരൻ എമ്പ്രാതിരി (പ്രതിഷ്ഠ നടത്തുന്നയാൾ),  അർണോസ്, അത്മാവിൽ കേറി എങ്ങോ പോയി മറഞ്ഞ വേടൻ, അന്നമ്മയുടെ ആട്, പശു, പശുവിനെ പ്രണയിക്കാൻ വരുന്ന നിരീശ്വരന്റെ കാള,  വിരുന്നു വന്ന മയിൽ ഒക്കെയൊക്കെ മനസ്സിൽ ചിരിയും ചിന്തയും ഉണർത്തി നിൽക്കുന്ന മുഖങ്ങൾ ആണ്.

നിരീശ്വരൻ 
അവിശ്വാസികൾ ആയ ആഭാസന്മാരുടെ മനസ്സിൽ ഉദിച്ച സങ്കല്പം.  നിലവിലുള്ള സകല ഈശ്വര സങ്കല്പങ്ങളും നിഷേധിക്കുന്ന പുതിയ ഒരു ഈശ്വരൻ.  ഈശ്വരനെ നേരിടാൻ മറ്റൊരു ഈശ്വരൻ!!  അവന് അവർ 'നിരീശ്വരൻ ' എന്ന് പേരിട്ടു.  അത്മാവിൽ ചോട്ടിൽ അതിനെ പ്രേതിഷ്ടി ച്ചു.  അതിനു ശേഷം ഉണ്ടാകുന്ന സംഭവ വികാസങ്ങൾ നമ്മളെ സസ്പെന്സിലേക്ക് നയിക്കും.  നിരീശ്വര അത്ഭുതങ്ങൾ ചില്ലറയല്ല.  അവയൊക്കെ ആഭാസ ത്തെരുവു കാരെ എങ്ങിനെ ബാധിക്കുന്നു എന്നതാണ് നോവലിൻറെ ഇതിവൃത്തം.

ആൽമാവ് 
ആലും, മാവും ചേർന്നാൽ ആൽമാവ്. വിചിത്രവും രസകരവും ആയ കഥകൾ പറയുന്ന നാടിന്റെ ചരിത്രം ഉറങ്ങുന്ന, ജീവ സ്പന്ദനം ഉൾകൊള്ളുന്ന ആൽമാവിൽ നിന്ന് പൊഴിയുന്ന മാമ്പഴ ത്തിന്റെ സ്വാദുപോലെ തന്നെയാണ് ആൽമാവിന്റെ കഥകളും.

ദേവത്തെരുവ്
ദേവത്തെരുവ് ആണ് പിന്നീട് ആഭാസ ത്തെരുവായി മാറുന്നത്.  ആ മാറ്റം വായിച്ചുതന്നെ നിങ്ങൾ മനസ്സിലാക്കി കൊള്ളണം.  അല്ലാതെ ഞാനിങ്ങനെ വള, വളാ  പറഞ്ഞു തന്നാൽ ജയിംസ് തൻറെ തൂലികയിൽ വരച്ചിട്ട മനോഹര ചിത്രത്തിൽ  ഒരു കുസൃതി ക്കാരൻ ചെക്കൻ കേറി മൂതമോഴിച്ചത് പോലെയിരിക്കും (മൂത്രമൊഴിച്ച് രസിക്കുന്ന  രംഗങ്ങൾ കുറെ നിരീശ്വരനിൽ ജയിംസ് എഴുതി ച്ചേർത്തിട്ടുണ്ട്!).

ഇനിമുതൽ നമുക്ക് കാലഘട്ടത്തെ രണ്ടായി തിരിക്കാം. നിരീശ്വരന് മുമ്പും... നിരീശ്വരന് ശേഷവും!

മേൽപറഞ്ഞതൊക്കെ എൻറെ മനസ്സിൽ തട്ടിയതും ഏറെക്കാലത്തേക്ക് പറിച്ചെറിയാൻ പറ്റാത്തതുമായ കഥാപാത്രങ്ങളും സംഭവങ്ങളും ആണ്. നോവലിൻറെ 75 ശതമാനവും ഊറിചിരിക്കാനും ചിന്തിക്കാനും വക നല്കുന്നതാണ്. തോമസ്‌ പാലയുടെ പള്ളിക്കൂടം കഥകളും, ബഷീറി ൻറെ നർമ്മങ്ങളും, മുകുന്ദന്റെ കഥാപാത്രങ്ങൾ പോലെയും ഒക്കെയാണ്.  എന്നാൽ ബാക്കി 25 ശതമാനം ആനന്ദിന്റെ മരുഭൂമികൾ ഉണ്ടുകുന്നത് പോലെയും, ആരച്ചാരിൽ മീര വരയ്ക്കുന്ന ചേതനാ ഗ്യദ്ധ്യാ മല്ലിക് എന്ന ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാർ യധീന്ദ്ര നാഥ് ബാനർജി യുടെ കൊലക്കയറിനു മുന്നിൽ അനുഭവിക്കുന്ന മാനസിക സംഘർഷം പോലെയോ ഒക്കെയാണ്. അസ്വാദർക്ക് ഇഷ്ടപ്പെടുന്ന ബാക്കി 75 ശതമാന ത്തെക്കാൾ ജയിംസ് ഈ 25 ഭാഗത്തിനു വേണ്ടി ഊർജ്ജവും സമയവും വിനിയോഗിച്ചു കാണും.   ഈശ്വര വിശ്വാസവും, നിരീശ്വരത്വവും തമ്മിലുള്ള സംഘട്ടനം ആകുമ്പോൾ ഇത്തിരി തത്വശാസ്ത്രം ഒക്കെ ഇല്ലെങ്കിൽ എന്ത് എന്ന് കഥാകാരൻ ചിന്തിച്ചി ട്ടുണ്ടാകും.

ഇത്തിരി അസൂയയോടെ ഒരു കാര്യം കൂടി പറഞ്ഞേക്കാം.  എൻറെ ഗ്രാമത്തിനെപറ്റി എന്ത് എഴുതണം എന്ന്  ഞാൻ കരുതി യിരുന്നുവോ, അത് ജയിംസ് ആൽമാവിൻ തറയിലും പരിസരത്തിലും കൂടി  എഴുതി ക്കളഞ്ഞു. നമ്മുടെയൊക്കെ ചെറുപ്പകാലത്തെ ഒരു പക്കാ ഗ്രാമം.  "രസകരമായ പറയുന്നതാണ് മനുഷ്യ ജന്മം" എന്ന അയ്യപ്പ പണിക്കരുടെ വാക്ക് ഡോ : ശ്രീകുമാർ പഠനത്തിൽ ആവർത്തിക്കുമ്പോൾ അത് നിരീശ്വര സൃഷ്ടിയിൽ സത്യമാണെന്ന് സമ്മതിക്കേണ്ടി വരും.

ബോണി സെബാസ്റ്റ്യൻ രൂപകൽപന ചെയ്ത കവർ മോശമില്ല.  ക്രൈസ്റ്റ് ദ റെഡീമർ ബ്രസീലിൽ നിൽക്കുന്ന പോലെ ഇല്ലാത്ത തല ഉയർത്തി നിൽക്കുന്നു നിരീശ്വരൻ.  പശ്ചാത്തലത്തിന്റെ മങ്ങൽ കുറച്ച്,  ഇത്തിരി കൂടി കളർഫുൾ ആക്കിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി- കഥയും കവറും ഗുണത്തിന്റെ കാര്യത്തിൽ താരതമ്യം ചെയ്യേണ്ടതില്ലെങ്കിലും.

കൺസ്യൂമർ
250 രൂപയാണ്  320 പേജുള്ള ബുക്കിന് ഡി.സി. ബുക്സ് ഇട്ടിരിക്കുന വില.  അത് വല്ല അഞ്ചോ പത്തോ ഡിസ്കൌണ്ട് കിട്ടിയാൽ ഭാഗ്യം.  നാട്ടിൽ പോയി വാങ്ങാൻ പറ്റാത്തതിനാൽ ദുബായിലെ ഡി.സി. ബുക്സിൽ നിന്നും വാങ്ങി (ഇങ്ങ് ദുബായിലും നിരീശ്വരൻ എത്തിക്കഴിഞ്ഞു.. ഇനി രക്ഷയില്ല!) 31.50 യു.എ.ഇ  ദിർഹം വില.   ഇല്ലാത്തത് പറയരുതല്ലോ എനിക്ക് ഓഫർ കിട്ടി! 1.50 ദിർഹം.  അതായത് ഇന്ത്യൻ രൂപ ഏകദേശം 540/- രൂപ കൊടുത്താണ് ഞാനിതു വാങ്ങിയത്.  എങ്കിലും  ഒരു കൺസ്യൂമർ എന്ന നിലയിൽ എനിക്ക് നഷ്ടബോധം ഒന്നും തോന്നിയിട്ടില്ല. അതിന് കാരണം ഡോ: ശ്രീകുമാർ തന്നെ പറഞ്ഞിട്ടുണ്ട്. "മലയാള നോവലിൻറെ വളർച്ചയെ നിസ്സംശയമായും ഈ രചന അടയാള പ്പെടുത്തിയിട്ടുണ്ട്" എന്നെപ്പോലെ പലരും നിരീശ്വരനിൽ കൂടി വി. ജെ ജയിംസി ൻറെ മറ്റു രചനകളിലേക്കും എത്തിയിട്ടുണ്ടാകും എന്ന് കരുതുന്നു.

അവസാനമായി ഒരു വാക്ക്....ഈ എഴുതിയതൊന്നും ഈയുള്ളവന്റെതല്ല. അത് ഞാൻ ആദ്യമേ പറഞ്ഞിട്ടുണ്ട്.  എല്ലാം നിരീശ്വരന്റെ ലീലാവിലാസം. അല്ലേൽ തിരക്കിനിടയിൽ പേന എടുത്ത് വിരലുകൾക്കിടയിൽ തിരുകി, ഇതൊക്കെ കുത്തിക്കുറിക്കാൻ എങ്ങനെ പറ്റും? (ഒരു കിളിപ്പാട്ട് പോലെ ഇതിൻറെ പേരിൽ അറം വല്ലതും പറ്റുവാന്നേൽ ആ തലയില്ലത്തവന്റെ തലയിൽ ഇരിക്കട്ടെ!). അതിനാൽ എല്ലാ ഉത്തരവാദിത്തവും നിരീശ്വരനിൽ ആണെന്ന് ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഓം നിരീശ്വരായ നമ...!

Thursday, April 21, 2016

എയർപോർട്ടു മുതൽ യൂണിയൻ വരെ

ദുബായ് മെട്രോ- എയർപോർട്ട് ടെർമിനൽ-01 സ്റ്റേഷൻ

എല്ലാ വഴികളും ദുബായിലേക്ക്.  ടെർമിനൽ ഒന്നിലെ മെട്രോസ്റ്റേഷനിൽ നിന്ന് ഞാൻ ദൂരേക്ക്‌ നോക്കി.  ഒന്നിനുപുറകെ ഒന്നായി നഗരത്തിലേക്ക് വന്നിറങ്ങുന്ന വിമാനങ്ങൾ.  അന്ധകാരത്തിൽ നഗരം തിളങ്ങുകയാണ്.  തലയുയർത്തി നിൽക്കുന്ന ടവറുകൾ, ഹോട്ടലുകൾ. എങ്ങും ആൾതിരക്ക് മാത്രം.  ആൾ തിരക്കല്ലാതെ വേറൊന്നും കാണുന്നില്ല.   എൻറെ മുന്നിൽ വിശ്രമം എന്തെന്നറിയാത്ത ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ.

"പപ്പാ.. ദേ, ട്രെയിൻ !!"

മകൾ എൻറെ കയ്യിൽ പിടിച്ച് തുള്ളിച്ചാടി.  അറബിയിലും, ഇംഗ്ലീഷിലും അനൗൺസ്മെന്റ് മുഴങ്ങി.  ഞങ്ങൾ അകത്തേക്ക് ഇടിച്ചു കയറി.  ഡ്രൈവർ ഇല്ലാതെ, തലയേതാ, വാലേതാന്നറിയാൻ കഴിയാത്ത ഒരട്ടയെപ്പോലെ ട്രെയിൻ വന്നു നിന്നു.

ട്രെയിന്റെ ആകാശ നീലിമക്കുള്ളിലേക്ക്  കയറി.  സീറ്റിലിരുന്ന ഫിലിപ്പിനിപയ്യൻ മകളെക്കണ്ട് അവൾക്കായി എണീറ്റുകൊടുത്തു.  ഞാൻ അയാളെ നന്ദിയോടെ ഒന്ന് ചിരിച്ചുകാണിക്കാൻ ശ്രെമിച്ചു. എന്നാൽ എതിർവശത്തിരുന്ന ഗേൾഫ്രെണ്ട് അയാളെ ശകാരിക്കുന്നത് കേട്ടപ്പോൾ എൻറെ ചിരി എവിടെയോ മാഞ്ഞുപോയി.

"നെക്സ്റ്റ് സ്റ്റേഷൻ ഈസ് ജിജികോ " ആൺ ശബ്ദത്തിൽ അനൗൺസ്മെന്റ് മുഴങ്ങി.  പുറംലോകത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് കുതിക്കാൻ വെമ്പി നിൽക്കുന്നവർ തിക്കി തിരക്കി ഇറങ്ങാൻ റെഡിയായി.

ട്രെയിൻ ബ്രേക്കിട്ടു.

ജിജികോ മുതൽ ദെറാസിറ്റി സെന്റെർ വരെ
ട്രെയിന് വേഗത കൂടി.  ഏതോ പാകിസ്ഥാനിയുടെ മൊബൈലിൽ അദാൻ വിളി മുഴങ്ങി.  ഇഷാഹ്  നമസ്കാരം.

കയറ്റം. ഇറക്കം. ട്രെയിൻ മുന്നോട്ടാഞ്ഞു.  ഒപ്പം യാത്രക്കാരും.  മകൾ എൻറെ  മൊബൈലിൽ ഏതോ ഗയിം കളിക്കുകയാണ്.  ഇടക്കിടെ അവൾ എന്നെ കണ്ണിറുക്കി നോക്കുന്നുണ്ട്.   അമ്മയില്ലാതെ അച്ഛൻറെ കൂടെ യാത്ര ചെയ്യുന്നതിൻറെ അസ്വസ്ഥത അവൾക്കുണ്ടായിരിക്കാം.

കാതിൽ പല്ലിചിലക്കുന്ന പോലെ ഒരു ശബ്ദം കേട്ട്  ഞാൻ തിരിഞ്ഞു നോക്കി.  ട്രെയിനിന്റെ വാതിലിനടുത്ത് രണ്ടിണക്കുരുവികൾ.  കാമുകനും, കാമുകിയുമോ? അതോ ബോയ്‌ഫ്രെണ്ട് ഗേൾഫ്രെണ്ടോ? എന്തായാലും ഭാര്യാ ഭർത്താക്കൻമാർ അല്ല. കൌമാരം കഴിഞ്ഞിട്ടേയുണ്ടാകുകയുള്ളൂ.  പല്ലിചിലച്ച ശബ്ദം അവൾ അവന് ഒരു ചുംബനം നൽകിയതാണ്.  ഈശ്വരാ... ഇതുങ്ങൾ എന്തു ഭാവിച്ചാണ്?  ഞാൻ കൌതുകത്തോടെ നോക്കി.

പെണ്ണിൻറെ കരങ്ങൾ അവൻറെ മുഖത്തുകൂടി ഒഴുകി നടക്കുന്നു.  അവളുടെ മുഖഭാവം അവർണ്ണനീയം.  വീർത്ത്, വീർത്ത് പൊട്ടാൻ  വെമ്പി നിൽക്കുന്ന ബലൂൺ പോലെ എന്തോ ഒന്ന് അവളുടെ മുഖത്ത് തെറിച്ചു നിൽക്കുന്നു.  അവൻറെ കവിളിൽ അവൾ പിടിച്ചു വലിച്ചു.  തലമുടിയിൽ തലോടി,  ചുണ്ടിൽ വിരലുകൾ പരതി.  ഏന്തിവലിഞ്ഞു നിന്ന് അവൻറെ നെറ്റിക്ക് അവളൊരു ഉമ്മ നൽകി.  ഒരിക്കൽക്കൂടി പല്ലിചിലക്കുന്ന ശബ്ദം.

കാമുകി തഴുകി ഉണർത്തുമ്പോൾ അവൻ വെറുതെയിരിക്കുമോ? അവൻ അവളെ ചേർത്തണച്ചു.  അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.  അവളുടെ പുറത്തുകൂടി അവൻറെ സ്നേഹ തലോടൽ അനസ്യൂതം.... ഹോ! ഞാൻ ഒരു കവിയായിരുന്നെങ്കിൽ?!  ഇപ്പോളൊരു പ്രണയകാവ്യം ഇവിടെ പിറന്നുവീണേനെ....

"നെക്സ്റ്റ് സ്റ്റേഷൻ ഈസ്  ദെറാ സിറ്റിസെന്റെർ"  പുരുഷ ശബ്ദത്തിൽ അറിയിപ്പ്. ഇണക്കുരുവികൾ ഒന്നും കേൾക്കുന്നില്ല ... ഒന്നും കാണുന്നുമില്ല. അവർ തമ്മിൽതമ്മിൽ മാത്രമേ കാണുന്നുള്ളൂ.  ഫിലിപ്പിനിപെണ്ണ് ബോയ്‌ ഫ്രെണ്ടിനോട് ഉറക്കത്തിൽ പേടികിട്ടിയപോലെ  എന്തോ പറയുന്നു. ചിരിക്കുന്നു.

ട്രെയിൻ നിന്നു.  ആളിറങ്ങി... ആൾകയറി.  ഒപ്പം തിരക്കും കൂടി.

ദെറാ സിറ്റിസെന്റെർ മുതൽ അൽ റിഗ്ഗ വരെ
"പപ്പാ... ആ ആന്റി എന്തിനാ അങ്കിളിനെ ഇത്ര കിസ്സ്‌ ചെയ്യുന്നെ?!"
മൊബൈലിൽ കളിച്ചുകൊണ്ടിരുന്ന മകൾ എന്നോടീചോദ്യം ചോദിച്ചത് ഉറക്കെയായിരുന്നു.  അല്ലേലും ഈ കൊച്ചു കുട്ടികൾക്ക് വേണ്ടാത്തത് കാണാനും, ചോദിക്കാനും വലിയ മിടുക്കാണ്.  'സൈലെൻസ്...' ഞാൻ ആഗ്യം കാണിച്ചു. കണ്ണുരുട്ടി.  എന്നാൽ അവൾ വിടാൻ ഭാവം ഇല്ല, അതേ ചോദ്യം ഒരിക്കൽ കൂടി ചോദിച്ചപ്പോൾ ഉത്തരം പറയാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല.

"അവർ ബ്രദർ സിസ്റർ ആണ്.... നോക്ക് അവർ തമ്മിൽ എന്തുസ്നേഹം ആണെന്നു?... പപ്പയും അമ്മയും നിനക്ക് ഉമ്മ തരില്ലേ.. അതുപോലെ..."

എൻറെ മറുപടി അവൾ വിശ്വസിച്ചു എന്ന് ഞാൻ വിശ്വസിച്ചു.  അടുത്ത സ്റ്റേഷൻ കൂടി എത്രയും പെട്ടെന്ന് കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി.  ഡ്രൈവർ ഇല്ലാത്ത ട്രെയിൻ എത്ര പതുക്കെയാണ് പോകുന്നത് എന്ന് ഞാൻ അപ്പോൾ മനസ്സിലാക്കി.  വീണ്ടും പല്ലി ചിലക്കുന്നു.   ഇപ്പോൾ പ്രണയപരവശൻ അവൻ ആണ്.  അവളുടെ മുഖത്തും, കഴുത്തിലും, കൈകളിലും തഴുകുന്നു.

തൊട്ടടുത്ത്‌ നിന്ന നൈജീരിയാക്കാരൻ എന്നെ നോക്കിയൊന്ന് ചിരിച്ചു.  ഫിലിപ്പിനി പെണ്ണുങ്ങൾ പരസ്പരം ചിരിക്കുന്നു.  തൊട്ടടുത്തുള്ള സ്ത്രീകളുടെ കമ്പാർട്ടുമെന്റിൽ നിന്നും കൌതുകം നിറഞ്ഞ കണ്ണുകൾ തുറിച്ചുനോക്കുന്നു. ചിലർ അമർഷം കടിച്ചമർത്തി. ഒരു പാലസ്തീനി കൂട്ടുകാരനോട് ദേഷ്യത്തിൽ അറബിയിൽ  എന്തോ പറഞ്ഞു.  ഭാഗ്യം.... പത്തു വർഷം അറബിനാട്ടിൽ ജോലി ചെയ്തിട്ടും ഞാൻ അറബി പഠിച്ചിട്ടില്ല!

ചുറ്റിലും വിവിധ വികാരങ്ങൾ. എന്നാൽ  നമ്മുടെ നായകനും നായികയ്ക്കും ഒരേയൊരു വികാരം.

ടിക്കറ്റ്‌ എടുത്തു  അഡൾസ് ഒൺലി സിനിമയ്ക്ക് കയറിയ പോലെയായിപ്പോയി!

നെക്സ്റ്റ് സ്റ്റെഷൻ ഈസ് അൽ റിഗ്ഗ....പബ്ലിക് അഡ്രസ്‌ സിസ്റ്റം മുഴങ്ങി.

അൽ റിഗ്ഗ മുതൽ യൂണിയൻ വരെ
പ്രേമത്തിനാണോ, കാമത്തിനാണൊ കണ്ണില്ലാതതു എന്നെനിക്കറിയില്ല. കൊക്കുരുമ്മി നിൽക്കുന്ന ഇണക്കുരുവികളെ പിടിച്ച് രണ്ട് പൊട്ടിക്കാൻ സത്യമായും എനിക്ക് തോന്നിപ്പോയി.  വല്ല ഇരുട്ടിന്റെ മറവിലോ, എകാന്തയിലോ പോയി ഇതുങ്ങൾക്ക് സ്നേഹം പ്രകടിപ്പിച്ചു കൂടെ?  അതിനു പകരം പബ്ലിക്കായി....ട്രെയിനിനുള്ളിൽ ?   ചെന്ന് രണ്ടു പറഞ്ഞാലോ എന്ന് ഞാൻ ചിന്തിച്ചു. എന്നെ അതിനു പ്രേരിപ്പിച്ചത് മകളുടെ കൌതുകത്തോടെയുള്ള നോട്ടം മാത്രമായിരുന്നു. വേണ്ട. സദാചാരപോലീസ് ഒക്കെ അങ്ങ് നാട്ടിൽ .. ഇവിടെ വേണ്ട.  ഞാൻ പിന്തിരിഞ്ഞു.

അവർ തമ്മിൽ സംസാരിക്കുന്നത് ഹിന്ദിയാണ്‌!

അവൾ വീണ്ടും അവൻറെ കവിളിൽ പിടിച്ച് വലിക്കുക്കുന്നു.  അവൻ തിരിച്ചും.  ഒരു ബോളിവുഡ് സിനിമ കാണുന്ന പ്രതീതി.  കഹോന പ്യാർ ഹേ... ദിൽ വാലെ ദുൽഹാനിയ ലേ ജായേംഗേ..  റ്റൈറ്റാനിക് ... ഷാരൂഖ്‌ ഖാനും-കാജലും,  ഹൃദിക് റോഷനും-അമീഷാ പട്ടേലും,  ലിയനാർഡോ കാപ്രിയോ-കേറ്റ് വിൻസ് ലെറ്റ്‌ ഒക്കെ ഒരുനിമിഷം മുന്നിൽ അവതരിച്ച പോലെ തോന്നി.

എൻറെ ആർ.ടി.എ  ഭഗവാനെ.... ഇതുങ്ങളെ വന്ന് ഒന്നു പിടിച്ചോണ്ട് പോണേ... ഞാൻ മാത്രമല്ല കണ്ടുനിന്നവരും ഇത് തന്നെ പറഞ്ഞിട്ടുണ്ടാകും.

ഇടയ്ക്ക് ആ കാമുകൻറെ കണ്ണ് എൻറെ കണ്ണിൽ ഒന്നുടക്കി.  എന്നിലെ ദുർവ്വസ്വാവിനെ കണ്ടിട്ടാകണം, പെട്ടെന്ന് അവൻ കണ്ണ് വെട്ടിച്ചു കളഞ്ഞു. അപ്പോഴേക്കും അവൾ അവനിൽ പടർന്നു കയറാൻ തുടങ്ങി. അണയാൻ പോകുന്ന തിരി ആളിക്കത്തുന്നത് പോലെ ചുംബനമേള തുടങ്ങി. ഓരോ ചുംബനവും ഒരൊന്നന്നര വീതം കാണും.

"നെക്സ്റ്റ് സ്റ്റേഷൻ ഈസ് യൂണിയൻ ...."

ഞാൻ മകളെ ആഗ്യം കാട്ടി വിളിച്ചു. അവൾ വന്ന് എന്നോട് പറ്റിച്ചേർന്നു. എങ്കിലും അവളുടെ കണ്ണുകൾ  ആ ബ്രദർ-സിസ്റ്ററിൽ  ഒട്ടിപ്പിടിച്ചിരിക്കുകയായിരുന്നു.  അവളെ മാത്രം എന്തിനാ കുറ്റം പറയുന്നെ. എല്ലാവരും ആ ഇണക്കുരുവികളെ  തന്നെ ഉറ്റുനോക്കുകയാണ്.

യൂണിയൻ സ്റ്റേഷൻ അടുക്കുന്നു.  ടണലിലൂടെ ട്രെയിൻറെ വേഗത കുറഞ്ഞു വരുന്നു.

എന്നന്നേക്കുമായി പിരിയുംപോലെ കാമുകനും, കാമുകിയും കൊക്കുരുമ്മി നിൽക്കുകയാണ്.  അവൾ ഇപ്പോൾ അവനെ കടിച്ചു പറിക്കും എന്നു തോന്നുന്നു. അവൻറെ കൈകൾ  അവളെ തഴുകി കൊണ്ടേയിരുന്നു.

ട്രെയിൻ യൂണിയൻ മൊട്രോ സ്റ്റേഷനിൽ നിന്നു .

ട്രെയിനിന്റെ ഓട്ടോമാറ്റിക് ഡോർ തുറന്നു. മലവെള്ള പാച്ചിൽ പോലെ ആൾകൂട്ടം ഒഴുകുന്നു. ഞാൻ മകളെ അമർത്തി പിടിച്ച് പുറത്തിറങ്ങി.   എൻറെ മുന്നിൽ കാമുകി ഇറങ്ങി. ഒരു നല്ല ചൂരൽ എടുത്ത് അവളുടെ ചന്തിക്ക് ഒരു പെടപെടക്കാൻ കൈകൾ തരിച്ചു.

"പപ്പാ... സിസ്റ്ററുടെ കൂടെ എന്താ ബ്രദർ ഇറങ്ങാത്തെ?.."

ദേ കിടക്കുന്നു! കൊച്ചു പിള്ളാരുടെ ഓരോ സംശയങ്ങൾ ?!

"ആ... എനിക്കറിയില്ല... നീ വാ.." ഞാൻ അവളുടെ കൈകൾ വലിച്ചു നടന്നു. എന്നാൽ ഞാൻ സഡൻ ബ്രേക്കിട്ട പോലെ ഒന്ന് നിന്നു .  മുന്നിൽ  ഒരു പോലീസുകാരൻ!  ഒപ്പം ഒരു വനിതാ പോലീസും കറുത്ത കോട്ടിട്ട ഒരു ആർ.ടി.എ  സ്റ്റാഫും ഉണ്ട്.  പോലീസ് കാമുകിയെ തടഞ്ഞു നിറുത്തി എന്തൊക്കെയോ ചോദിക്കാൻ തുടങ്ങി. അവളുടെ എമിറേ റ്റ്സ്  ഐഡി വാങ്ങി നോക്കുന്നു.  പോലീസുകാരൻ ട്രെയിനിൽ നിന്ന കാമുകനെ കൈ കാട്ടി വിളിച്ചു.  അവൻ മടിച്ച്, മടിച്ച് പുറത്തിറങ്ങി.  പോലീസ് ഇംഗ്ലീഷിലും,  ആർ.ടി.എ സ്റ്റാഫ് ഹിന്ദിയിലും അവരോട് സംസാരിക്കുന്നു.

അനുൺസ്മെന്റ് മുഴങ്ങി.  ട്രെയിൻ അകന്നുപോയി.

അധികം നേരം വീണ്ടും നിൽക്കാൻ തോന്നിയില്ല. റെഡ് ലൈൻ പ്ലാടുഫോമിൽ നിന്നും ഞാൻ ഗ്രീൻ ലൈൻ പ്ലാട്ഫോമിലെക്ക് നടന്നു.  ആ നടത്തയിൽ കാമുകനെയും കാമുകിയെയും പോലീസ് തൂക്കിയെടുത്തു കൊണ്ട് പോകുന്നതും കണ്ടു.  ചിലർ ചിരിച്ചു... ചിലർ കൌതുകത്തോടെ നോക്കി. അത്രമാത്രം.

"ആർ.ടി.എ മിനിമം ഇരുനൂറ്റി പത്തുവീതം എങ്കിലും ഫൈൻ  കൊടുക്കും..". ഒരു നോർത്ത് ഇന്ത്യാക്കാരൻ  പിറുപിറു ത്തുകൊണ്ട് നടന്നു.

കുറിപ്പ്:
നാടോടുമ്പോൾ നടുകെ ഓടണം.  പാമ്പിനെ തിന്നുന്നിടത്ത് ചെന്നാൽ നടുത്തുണ്ടം തിന്നണം. പക്ഷെ അതിനു മുമ്പ് നിൽക്കുന്നത് എവിടെയാണെന്നും, ആ രാജ്യത്തിൻറെ സംസ്കാരം എന്താണെന്നും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പരിസരം നോക്കാതെ വികാരങ്ങൾക്ക് അടിമപ്പെടരുത്.  നാട്ടുകാരുടെ മുന്നിൽ പ്രേമത്തെ വ്യഭിച്ചരിക്കരുത്. നിയമങ്ങൾക്കും, സാമൂഹിക സങ്കൽപങ്ങൾക്കും  അതീതരാണെന്ന അമിത ആത്മ വിശ്വാസം അപകടം.

മാംസനിബദ്ധമല്ല അനുരാഗം...
---------------------------------------------------------------
RTA - Roads & Transport Authority (Dubai)
Red Line & Green Line - Two different lines in Dubai Metro

Monday, April 11, 2016

ഇടിമുഴക്കം നിലയ്ക്കുന്നില്ല.

പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഉണ്ടായ ദുരന്തത്തിൻറെ  ഇടിമുഴക്കം നിലയ്ക്കുന്നില്ല. നമ്മുടെ അലംഭാവവും,  ശ്രദ്ധക്കുറവും ഉത്സവമേലങ്ങളിക്കിടെ നാം മറന്നുപോയി.  ഫലമോ, നൂറിൽപരം സഹജീവികളുടെ വേർപാടും, വേദനയും ബാക്കി. ഒപ്പം ശേഷിക്കുന്നവരിൽ  നിന്നുയരുന്ന ദീനരോദനങ്ങളും

ഈ ദുരന്തത്തിനു ശേഷം പലയിടങ്ങളിൽ നിന്നും  ആദ്യം ഉയർന്ന അഭിപ്രായം ഉത്സവങ്ങളിൽനിന്നും,  പെരുന്നാളുകളിൽ നിന്നും കരിമരുന്ന് പ്രയോഗം നിരോധിക്കുക എന്നതാണ്.  ഗവന്മെന്റു തലത്തിൽ അതിനുള്ള ആലോചനകൾ നടുക്കുന്നു എന്നും കേൾക്കുന്നു.  ഇതെത്രമാത്രം പ്രാവർത്തിക മാണ് ? വർണ്ണങ്ങൾ വാരി വിതറാത്ത ഉത്സവങ്ങൾക്ക് എന്ത് ഭംഗി?

നമ്മുടെ നാട് ഉത്സവങ്ങളുടെ നാടാണ്.  പ്രത്യേകിച്ച് ക്ഷേത്ര ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും താള മേളങ്ങളുടെ അരങ്ങാണ്. വർണ്ണവും, താളവും, കമ്പവും കലാവിരുന്നും എല്ലാമെല്ലാം നമ്മുടെ സാംസ്കാരത്തിന്റെ ഭാഗവുമാണ്.  അവയിൽ നിന്നെല്ലാം പെട്ടെന്ന് ഒരു പിന്തിരിയൽ പ്രാവർത്തികമാണോ?

എന്താണ് പിന്നെ  പ്രതിവിധി?

പരവൂർ  ക്ഷേത്രത്തിൻറെ ഫേസ്ബുക്ക് പേജിൽ ഒന്ന് കയറി നോക്കിയാൽ മനസ്സിലാകും എത്ര ലഘവമായാണ്  ഇത്തരം വെടിക്കെട്ടുകൾ കൈകാര്യം ചെയ്തത് എന്ന്.  ഒരു സുരക്ഷയും ഇല്ലാതെ വെടിക്കോപ്പുകളുടെ കൈകാര്യം ചെയ്യൽ, കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർ ലോഡിംഗ് അൺലോഡിംഗ് സമയത്ത് കതിനകൾക്കൊപ്പം..... ഭയപ്പെടുത്തുന്ന ചിത്രങ്ങൾ.  നിയമപരമായി വിലക്കുണ്ടായിട്ടും അതെല്ലാം ഉൽസവത്തിമർപ്പിൽ മറന്ന് ആചാരങ്ങൾ അനാചാരങ്ങൾക്കു വഴിമാറുന്നു. നഗ്നമായ നിയമ ലംഘനം!  മത്സര വെടിക്കെട്ട്‌ നിരോധിച്ചുകൊണ്ടുള്ള കത്തിൽ കോപ്പി പോലീസിന് വച്ച് നിയമ ലങ്ഘനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കണം എന്നും കാണിച്ചിട്ടുണ്ട്. അത് പോലീസ് ചെയ്തോ?  അതിനുതക്ക പോലീസ് സന്നാഹം സ്ഥലത്ത് ഉണ്ടായിരുന്നോ? അന്വേഷിക്കേണ്ട കാര്യങ്ങൾ ആണ്.

ലോകത്ത് കരിമരുന്ന് പ്രയോഗം നടത്തുന്ന ഒരേയൊരു സ്ഥലം കേരളം മാത്രമല്ല. ഒളിമ്പിക്സ് മുതൽ ഇങ്ങ് ചെറിയ ദുബായ് നഗരത്തിലെ ബുർജ്‌ ഖലീഫാ (ടവറിൽ) വരെ കരിമരുന്നു പ്രയോഗം നടക്കുന്നുണ്ട്.  പുതുവർഷം ലോകത്താകമാനം കരിമരുന്നു പ്രയോഗങ്ങളുടെ മേളകൂടിയാണ്. പക്ഷെ അതിനൊക്കെ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയോ സുരക്ഷാക്രമീകരണങ്ങളോ നമ്മൾ ശ്രദ്ധിക്കുന്നില്ല.  നമ്മൾ ഇപ്പോളും ഓലപ്പടക്കത്തിന്റെയും നിരോധിച്ച വെടിമരുന്നുകളുടെയും ലോകത്ത് തന്നെയാണ്.  നാം ഉറങ്ങുകയല്ല.. ഉറക്കം നടിക്കുക മാത്രമാണ്. നമ്മളെ താരാട്ടി ഉറക്കാൻ ഒരുപാട് ആൾക്കാരും സംവിധാനങ്ങളും ഉണ്ടുതാനും.

കരിമരുന്നുപ്രയോഗം നിരോധിക്കുക അല്ല, പകരം നിയന്തിക്കുകയാണ് ചെയ്യേണ്ടത്. സുരക്ഷാ മാനദണ്ഡം പാലിക്കാത്ത ഒരു കരിമരുന്നു പ്രയോഗവും ഇനി കേരളത്തിൽ ഉണ്ടാകരുത്. നിയമം പാലിക്കാത്തവരെ കർശന നിയമ നടപടികൾക്ക് വിധേയരാക്കണം. കരിമരുന്ന് പ്രയോഗം നടത്തുന്ന സ്ഥലം, ക്രമീകരങ്ങങ്ങൾ എല്ലാം അതീവ ജാഗ്രതയോടെ, സുരക്ഷയോടെ വേണം ക്രമീകരിക്കാൻ.  ജന സാന്ദ്രമായ സ്ഥലങ്ങളിൽ നിന്നും അകന്ന് സുരക്ഷയുടെ അകലത്തിൽ വേണം നടത്താൻ.  കമ്പ്യൂട്ടർ നിയന്ത്രണത്തിൽ നടത്തുന്ന കരിമരുന്നുപ്രയോഗം സുരക്ഷിതവും, അന്തരീക്ഷ മലിനീകരണം കുറഞ്ഞതും, കാതുകൾക്ക് സുരക്ഷിതവും ആയിരിക്കും. അല്ലെങ്കിൽ ഇനിയും ഇതുപോലെ മനുഷ്യക്കുരുതി തുടർന്നു കൊണ്ടേയിരിക്കും.

അനുഭവങ്ങളിൽ നിന്നും നാം പഠിക്കണം, അല്ലെങ്കിൽ അനുഭവങ്ങൾ നമ്മളെ പഠിപ്പിക്കും. മുഷ്യക്കുരുതിനടത്തി ഇനിയൊരിക്കലും ദേവപ്രീതി നടത്തരുത്.

അതുപോലെ തന്നെ ഉത്സവ പറമ്പുകളിൽ നാം നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ മരെകൂടി  നാം  ഇവിടെ പരിഗണിക്കുന്നത് നല്ലതായിരിക്കും. ക്ഷേത്രങ്ങളിൽ നിന്നും ക്ഷേത്രങ്ങളി ലേക്ക് പാവം ജീവികളെ ആവശ്യത്തിന് വിശ്രമം, ഭക്ഷണം ഒന്നും ഇല്ലാതെ പീഡിപ്പിക്കുന്നത് നിയന്ത്രിക്കണം.  അവയും ദൈവത്തിന്റെ സൃഷ്ടിയാണെന്ന് നാം മറന്നു പോകരുത്. എല്ലാ ജീവജാലങ്ങൾക്കും അതീതനാണ് മനുഷ്യൻ എന്നാ ധാർഷ്ട്യം നാം ഉപേക്ഷിക്കണം. ക്രൂരതയുടെ ആഘോഷങ്ങൾ നമുക്ക് ഉപേക്ഷിക്കാം.

ബാല്യവും കൌമാരവും ഒക്കെ ക്ഷേത്രങ്ങൾക്കൊപ്പവും, ഉത്സവപറമ്പിലും ആഘോഷിച്ച ജീവിതമായിരുന്നു എന്റെതും.  ഉത്സവം നാടിന്റെ തന്നെ ഉത്സവം ആയിരുന്നു. ജാതി മത ഭേതമെന്യേ. അന്ന് ഞാൻ നോക്കികണ്ട ഒന്ന്, വെടിക്കെട്ട് നടത്തുന്ന സ്ഥലമാണ്. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ ആയിരുന്നു വെടിക്കെട്ട്.  വെടിപ്പുര താൽകാലികമായി നിർമ്മിച്ച ഓലപ്പുര മാത്രമായിരുന്നു. അടുത്ത് നിന്ന് നമുക്ക് വെടിക്കെട്ട്‌ കാണാൻ  പറ്റില്ല.  പക്ഷേ പരവൂർ ക്ഷേത്രത്തിൽ അതല്ല ഉണ്ടായത്.  ആൾക്കാർക്കിടായിലേക്ക് അന്തരീക്ഷത്തിൽ  ഉയർന്നു പൊങ്ങി താണുവരുന്ന വെടിക്കെട്ടിന്റെ അവശിഷ്ടങ്ങൾ വന്നു വീഴുന്ന വീഡിയോ ദൃശ്യങ്ങൾ ഭീതിജനകമാണ്.

ഇവിടെ നിയമം നിയമത്തിൻറെ വഴിക്ക് കാറ്റിൽ പറന്നു പോയി. ഒപ്പം ഒരുപറ്റം മനുഷ്യ ജീവനുകളും.

നമുക്ക് ചിന്തിക്കാം... നമുക്ക് തീരുമാനിക്കാം. നമുക്ക് പ്രതിജ്ഞയെടുക്കം. ഇനി ഒരു മനുഷ്യ ജീവനും ഇത്തരത്തിൽ കൊഴിഞ്ഞു പോകാൻ പാടില്ല.  ഇത് നമ്മുടെ കടമയാണ്. നമ്മുടെ ജീവനാണ്.

അകാലത്തിൽ പൊലിഞ്ഞുപോയ സഹോദരങ്ങൾക്ക് ഒരുപിടി കണ്ണീർപൂക്കൾ. ഒപ്പം ചികിത്സയിൽ കഴിയുന്നവർ എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്ന പ്രാർഥനയും.