Tuesday, May 30, 2017

കണ്ണുകളിൽ ഒളിപ്പിച്ചത്

"ജയശ്രീ നിൻറെ മുടിയിൽ ഞാനൊന്ന് തൊട്ടോട്ടെ"
"എന്തിനാ?"
"വെറുതെ"
"വെറുതെയോ?"
"ഉം"
"വെറുതെ എന്തിനാ തൊടുന്നെ?  എന്തേലും കാര്യമുണ്ടേൽ തൊട്ടോ?"

ഞാനന്നു സംശയിച്ചു. എന്താണ് കാര്യം?

പിന്നെ ഞാനെൻറെ വലതുകരം നീട്ടി മുൻബെഞ്ചിലിരിക്കുന്ന അവളുടെ തലമുടിയിൽ തൊട്ടു. നിതംബംവരെയും കറുത്തിരുണ്ട് കൂടിക്കിടക്കുന്ന ജയശ്രീയുടെ മുടി കാണുമ്പോളൊക്കെ ഞാൻ ഇഷ്ടത്തോടെ നോക്കും.

ജയശ്രീ പുറകോട്ട് തിരിഞ്ഞു.  എന്നെ സൂക്ഷിച്ചു നോക്കി.  എൻറെ കൈ അപ്പോളും അവളുടെ കാർകൂന്തലിൽ ഇഴയുകയായിരുന്നു.

"കാരണം പറഞ്ഞില്ല.."

ഞാൻ ചിരിക്കാൻ ശ്രമിച്ചില്ല. കവിളിലെത്തുംമുമ്പ് മുമ്പ് ആ ചിരി ആവിയായിപ്പോയി.

"നിൻറെ മുടിയിലെ തുളസിക്കതിർ കണ്ടിട്ട് ഇഷ്ടം തോന്നീട്ട്"
"ഉവ്വോ?"
"ഉം"
"എന്നാൽ ഞാൻ ഒരു കാര്യം പറയട്ടെ?"
"എന്താ?"
"തുളസിക്കതിർ ചൂടിവരാൻ ഒരുകാരണമുണ്ട്.  കഴിഞ്ഞാഴ്ചയിൽ താൻ പറഞ്ഞില്ലേ, 'ജയേ, നിൻറെ മുടിയിൽ തുളസിക്കതിർ ചൂടിവന്നാൽ നല്ല ചന്തമായിരിക്കുന്ന്. മറന്നു പോയി അല്ലേ?"

ഞാൻ ചിരിച്ചു. ആ ചിരി ആവിയായിപ്പോയില്ല.

"ഓ... നമ്മൾ പറഞ്ഞാലും പെണ്ണുങ്ങൾ അനുസരിക്കുമോ?"

"ഓ അങ്ങനെയൊന്നുമില്ല. ചുമ്മാ തോന്നി. അപ്പോൾ താൻ പറഞ്ഞതോർത്തു. എന്നാപ്പിന്നെ ആയിക്കോട്ടേന്നുകരുതി"

"ഗുഡ്" ഞാൻ ചിരിക്കാൻ ശ്രമിച്ചതേയുള്ളു.

"നളചരിതം ആട്ടക്കഥ..."

കൃഷ്ണൻകുട്ടിസാർ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്താൽ ചീറിയടിച്ച് കയറിവന്ന മഴപോലെ ക്ലാസ്സിലിലെത്തി ദൗത്യം തുടങ്ങി.

സാർ നളചരിതം ആടുമ്പോൾ എൻറെ കൈ ജയയുടെ മുടിയിൽ തന്നെയായിരുന്നു.  ബഞ്ചിനുപുറകിലൂടെ.  ഇടയ്ക്കവൾ എന്നെ ഒന്നുതിരിഞ്ഞുനോക്കി പുഞ്ചിരിച്ചു. അപ്പോൾ ആ കണ്ണുകൾക്ക് എന്നോടെന്തോ പറയാൻ ബാക്കിയുണ്ടെന്നെനിക്ക് തോന്നിപ്പോയി.

"നിനക്ക് വേറെ പണിയൊന്നുമില്ലെഡേയ്?"

സുനിലാണ്. അവനും ജയയും മുന്നാളാണ്.  അതിൻറെ കലിപ്പാണവന്.  ജയയുടെ മുടി അവന് ഇഷ്ടവുമല്ല.  അവനിഷ്ടം സിന്ധുവിനെയാണ്. സിന്ധുവിനും മുടിയുണ്ട്. പക്ഷേ നീളം ജയയുടെ അത്രയുമില്ല.  എന്നാൽ കുഴപ്പം അതല്ല,  അവളുടെ തലയിൽ നിറയെ പേനാണ്.  പേൻപുഴുപ്പി എന്നാണ് ജയ രഹസ്യമായി അവളെ വിളിക്കുന്നത്.  ഞാനും കണ്ടിട്ടുണ്ട് - സിന്ധുവിൻറെ തലയിലൂടെ പേനുകൾ മുങ്ങാകുഴിയിട്ടു നീന്തുന്നത്.

"പോടാ... നീയാ പേൻപുഴുപ്പിയുടെ തലേൽപോയിപ്പിടി"

അവൻ മിണ്ടിയില്ല.

"സൈലൻസ്.." കൃഷ്ണൻകുട്ടി സാർ ക്ലാസ്സിൽപറയുന്ന ആകെയുള്ള ആംഗലേയം സൈലൻസറില്ലാതെ ചെവിയിൽ വന്നു പതിച്ചു.

******                        ******                              *****

"ഡാ.. നീയെനിക്ക് ബുക്കുതന്നില്ല"
"നാളെയാകെട്ടെടീ.  ഓ.വി വിജയൻ മതിയോ?"
"വേണ്ട.."
"കാര്യം?"
"ഓ.. അയ്യാളുടെ നോവൽ തുടങ്ങുന്നത് തന്നെ രാജാവ് അപ്പിയിടുന്നതിനെപ്പറ്റിയാ... നിക്ക് വേണ്ടാ!!"

ഹ്യുമർസെൻസ്! സ്ത്രീകളിലേറ്റം തമാശപറയുന്നവളേ... ഞാനത് മനസ്സിൽ പൂർത്തിയാക്കിയില്ല.

"വായിക്കാൻ കൊള്ളാവുന്നത് വല്ലതും കൊണ്ടു താ"

അടുത്ത ദിവസം ഞാൻ ജയശ്രീക്ക്‌ 'ദൈവത്തിൻറെ വികൃതികൾ' കൊണ്ടുകൊടുത്തു. അവളുടെ കവിൾ തുടുത്തു. കണ്ണുകൾ വിടർന്നു.

"എം. മുകുന്ദൻറെ ബുക്കൊന്നും ഇതുവരെ വായിച്ചിട്ടില്ല. വായിച്ചു നോക്കട്ടെ,  എന്നിട്ട് പറയാം"

"ആയിക്കോട്ടെ.."

ബുക്കും വാങ്ങി പിരിയുമ്പോൾ ചോദിച്ചു.
"ഇന്ന് തലയിൽ ചൂടിയിരിക്കുന്ന പൂ കണ്ടോ?"
"കണ്ടിരുന്നു. അതിന് കേരള സാഹിത്യ അക്കാദമി അവാർഡും മനസ്സിൽ കൊടുത്തല്ലോ.."

"താങ്ക്സ്. എന്നാൽ ഒരുകാര്യം കൂടി ചോദിച്ചുകൊള്ളട്ടെ? താൻ എതിരുപറയരുത്"

"എന്നതാ?" ഞാൻ കുതുകം പൂണ്ടു.

"വരുന്ന തിങ്കളാഴ്ച എന്റെ ജന്മദിനമാ. എൻറെ കൂടെ ഊരമ്മൻകോവിലിൽ വരുമോ?"

ഞാനൊന്നും മിണ്ടാതെ നിന്നു.  സത്യത്തിൽ എൻറെ പകുതി മനസ്സുമാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ.

"ഊരമ്മൻകോവിലിൽ....."
"വരാല്ലോ ... ക്ലാസ്സ് കട്ടുചെയ്യണോ ?"
"പിന്നെ ചെയ്യാതെ? അന്നത്തെ ദിവസം എനിക്ക് തരണം. കോവിലിൽ പോയി ഒന്ന് പ്രാർത്ഥിക്കണം, സിറ്റിയിൽ ഒന്ന് കറങ്ങണം, എവർഗ്രീനിൽ പോയി ഒന്ന് കഴിക്കണം. എല്ലാം എൻറെ ചെലവ്.."

"ജയ ... സത്യത്തിൽ ഇത്‌ നിൻറെ ജന്മദിനമോ അതോ...?"

"ൻറെ തലമുടീടെ .."  ജയ ചിരിച്ചപ്പോൾ അവളുടെ മുല്ലപ്പൂദന്തങ്ങളും, ചുണ്ടുകളും പറയാൻ എന്തോ ബാക്കിവച്ചിരുന്നതുപോലെ തോന്നി.

കാച്ചെണ്ണയുടെ ഗന്ധം സമ്മാനിച്ച് ജയശ്രീ നടന്നകന്നു.  ആ പോക്കിൽ അവൾ ദർഭമുനകൊണ്ടെന്നപോലെ എന്നെ ഒന്ന് തിരിഞ്ഞുനോക്കിയാലോ എന്ന് ഞാൻ ശങ്കിച്ചുപോയി.

********                               *******                                     ************

പത്തനംതിട്ട ഊരമ്മൻ കോവിലിനു മുമ്പിലുള്ള ആൽത്തറയിലെ ഇരുപ്പ് പുതുതല്ല.  മനസ്സ് ശാന്തമാക്കാനും, ചിന്തകൾക്ക് മേച്ചിൽപ്പുറംതേടാനും എനിക്കിഷ്ടപ്പെട്ട സ്ഥലമിതാണ്. തലയ്ക്ക് മുകളിൽ പക്ഷികളുടെ കളകള നാദം, മഴത്തുള്ളികൾ പോലെ പൊഴിയുന്ന ആലിൻകായ്കൾ ലക്ഷ്യമില്ലാതലയുന്ന പോലെ കണ്ണെത്തും ദൂരെ ആൾത്തിരക്ക്, അനുരാഗ് തിയേറ്ററിലെ രഹസ്യസങ്കേതത്തിലേക്കെന്നപോലെ തോന്നിക്കുന്ന ടിക്കറ്റ് കൗണ്ടർ.

"ഒത്തിരി നേരമായോ?"
ഞാൻ തലയൊന്നുയർത്തി. ശകുന്തള മുന്നിൽ പ്രത്യക്ഷയായിരിക്കുന്നു.
"ഏയ്.. ല്ല "
"വരൂ.."

ഞാനെണീറ്റ് ജയയോടൊപ്പം നടന്നു. പോകുന്ന പോക്കിൽ ഞാൻ പറഞ്ഞു.
"ഡോ .. ഞാനൊരച്ചായനാ, എനിക്കീ അമ്പലത്തിലെ  ചടങ്ങുകൾ ഒന്നും അറിയില്ല. താൻ മുമ്പിൽ നിന്നോണം. ഞാൻ തന്നെ ഇമിറ്റേറ്റ്‌ ചെയ്തോളാം"

"ഓ .. ആയിക്കോട്ടെ. ഞങ്ങൾക്ക് വലിയ ചടങ്ങുകൾ ഒന്നുമില്ല മാഷേ, സിംപിൾ.  ആ ക്യൂവിൽ നിൽക്കുക, കണ്ണടച്ചൊന്നു പ്രാർത്ഥിക്കുക, പ്രസാദംവാങ്ങിപ്പോരുക. അല്ലാതെ അച്ചായന്മാരെപ്പോലെ വിശുദ്ധന്മാരുടെ പ്രതിമയോട് മത്സരിച്ച് കുറ്റിയടിച്ച് നിൽക്കണ്ടതില്ല"

"പറയാൻ മറന്നു.. ഒരച്ചായന്റെ ജന്മദിനാശംസകൾ. ഹിന്ദുപെൺകുട്ടിക്ക്.."

അവളുടെ വാക്കുകൾ സത്യമായിരുന്നു. എല്ലാം പെട്ടെന്ന് കഴിഞ്ഞു. കണ്ണടച്ച് കൈകൾകൂപ്പിനിൽപ്പും, പ്രസാദം വാങ്ങലും എല്ലാം.  തിരികെ ആൽത്തറയിൽ എത്തിയപ്പോൾ ജയ പറഞ്ഞു.

"തനിക്ക് ഞാൻ കുറിയിട്ട് തരാം"

അവൾ എൻറെ നെറ്റിയിൽ കുറിതൊട്ടു. ചന്ദനതിന്റെ ഒപ്പം അവളുടെ സ്പർശനം കുളിരണിയിക്കുന്നതായിരുന്നു. അപ്പോൾ മനസ്സ് മന്ത്രിച്ചു.  'വിഡ്ഡീ, ഈ പെൺകുട്ടി നിൻറെ സുഹൃത്ത് മാത്രമാണ്. കേവലം സഹപാഠി മാത്രം.. കാമുകി അല്ല'

"എന്തേ ചിന്തിക്കുന്നെ ?"
"ഒന്നൂല്ല.  നെറ്റിയിലൊരു കുളിര് "
"നല്ലത്. തൻറെ മനസ്സൊന്ന് തണുക്കട്ടെ"

ഞാനൊന്ന് ഞെട്ടി. മനസ്സിൻറെ ചൂട് അവൾ എങ്ങിനെ അറിഞ്ഞു?

ഞങ്ങൾ നടന്നു. അവൾ പറഞ്ഞത് സത്യമായിരുന്നു. അന്നേ ദിവസം അവളുടെ മാത്രമായിരുന്നു. ഞാൻ യന്ത്രവും.

ഡി.സി ബുക്‌സിന്റെ പുസ്തകമേള, ഒന്നുരണ്ട് പി.എസ്.സി. അപേക്ഷ അയക്കൽ, എവർഗ്രീനിൽ ഉച്ചയൂണ്, പിന്നെ എയ്ഞ്ചൽ ഐസ്ക്രീം പാർലറിലെ ചെറുകസേരകളിൽ ഫ്രൂട്സലാഡ്‌ കാത്തിരിപ്പ്.

"അങ്ങിനെ ടീനേജ് വിടപറഞ്ഞു"  വെട്ടിമിനുക്കി പോളീഷ് സുന്ദരമാക്കിയ വിരലുകൾ കൊണ്ട് മേശയിൽ താളംപിടിച്ചവൾ പറഞ്ഞു.

"വലിയ പെണ്ണായി"  ഞാൻ ആ താളം ഏറ്റുപിടിച്ചു.

"അതൊക്കെ എന്നെയായി...എല്ലാമാസവും അതിൻറെ അനുസ്മരണവും നടക്കുന്നുണ്ട്" അതുംപറഞ്ഞവൾ എന്നെ കളിയാക്കാനെന്നപോലെ ചിരിച്ചു. അവളുടെ മുല്ലമൊട്ടുകൾ ചുണ്ടുകളുടെ ശ്രീകോവിൽ തുറന്നു ദർശനം നൽകി.

എയ്ഞ്ചൽ അണ്ണാച്ചി ഫ്രൂട്സലാഡ്‌ കൊണ്ടുവച്ചു.  അതിൻറെ മുകളിൽ അലങ്കാരമായിക്കിടന്ന ചെറിപ്പഴം ഞാൻ വായിലേക്കിട്ടു.

ജയ ഞാൻ വാങ്ങിയ ബുക്കുകൾ മറിച്ചുനോക്കികൊണ്ടിരുന്നു. പെട്ടെന്ന് എന്തോ ഓർത്തെന്നപോലെ പറഞ്ഞു.

"ദൈവത്തിൻറെ വികൃതികൾ വായിച്ച് തുടങ്ങി... എന്തോ അത്ര സുഖമില്ല"

ഞാൻ ഒന്നും മിണ്ടാതെ ആ വിരൽത്തുമ്പുകളിലെ സൗന്ദര്യം ഊറ്റിക്കുടിക്കുകയായിരുന്നു.

"ഇതിനു മുമ്പ് താൻ തന്ന ബ്രോം സ്റ്റോക്കറുടെ ഡ്രാക്കുള നമ്മൾ പറയുന്നപോലെയൊന്നുമില്ല.  എനിക്കത് വായിച്ചിട്ട് പേടിയൊന്നും തോന്നീല്ല..."

"ഉം" ഞാൻ മൂളി.

"പിന്നെ താൻ കഴിഞ്ഞമാസം ഒരു സാധനം തന്നില്ലേ..'മരുഭൂമികൾ ഉണ്ടാകുന്നത്'?  എന്ത് സാധനമാ മാഷേ അത്? നോവലോ അതോ നോവലോ? പ്രബന്ധം എഴുതിവച്ചിട്ട് നോവലെന്ന പേരിട്ടാൽ വായനക്കാർ വന്ന് വാങ്ങിക്കോളുമല്ലോ.."

"ഉം.." എൻറെ വായിൽ അപ്പോളും ഫ്രൂട്സ്‍ലാടും, കണ്ണിൽ നെയിൽപോളിഷ് പുരട്ടിയ വിരലുകളുമാണ്.

അവൾ എൻറെ കൈയിൽ കയറിപിടിച്ചുകൊണ്ട് പറഞ്ഞു "ടോ .. താനെനിക്ക് വായിക്കാൻ കൊള്ളാവുന്ന എന്തേലും കൊണ്ടുത്തരുമോ?  തൻറെ പുലരി ഗ്രന്ഥശാലയിൽ പറ്റിയവല്ലതും ഉണ്ടോ?"

ഞാൻ കണ്ണുകൾ ഉയർത്തി.  ജയേ, നിൻറെ കണ്ണുകൾ എന്താണാഗ്രഹിക്കുന്നത്?

"തനിക്ക് പറ്റിയ ബുക്കേതാ ? എഴുത്തുകാരനാരാ?" ഞാൻ ചോദിച്ചു.

അവൾ ഒന്ന് നിശബ്ദയായി.   ചുറ്റും ഒന്നുകണ്ണോടിച്ചു.  ഐസ്ക്രീം പാർലറിൽ ഞങ്ങൾ മാത്രമേയുള്ളൂ.  അണ്ണാച്ചി പണിയിലാണ്.  കൈ മേശയിലൂന്നി അവൾ എന്നിലേക്കടുത്തു.  എന്നിട്ട് ശബ്ദമടക്കി പറഞ്ഞു.

"പമ്മൻറെ ബുക്കുകൾ തൻറെ ലൈബ്രറിയിൽ ഉണ്ടോന്ന് നോക്ക്.. എനിക്കതുവേണം"

മനസ്സിലെ കൊള്ളിയാൻ മാറുന്നതിന് മുമ്പ് ഞാൻ ജയയുടെ മുഖത്ത് സൂക്ഷിച്ച് നോക്കി.  അവൾ ഊറിച്ചിരിക്കുകയായിരുന്നു.  നെയിൽപോളിഷ് വിരലുകൾ അപ്പോളും താളംപിടിച്ചുകൊണ്ടിരുന്നു.  ഞാൻ എന്നോട്തന്നെ ചോദിച്ചു 'ജയേ, ഇതാണോ നിൻറെ നയനങ്ങളിൽ ഒളിപ്പിച്ചുവച്ചിരുന്നത്?"

"പമ്മൻറെ നോവലുകൾ" അവൾ ഊന്നിപ്പറഞ്ഞു.

അപ്പോൾ എൻറെ മനസ്സ് അപ്പൂപ്പൻതാടി പോലെ ഭാരമില്ലാതായി.  അത് പറന്നുപറന്ന് അങ്ങ് ചുട്ടിപ്പാറയുടെ മേൽ ചെന്നുനിന്നു.  എന്നിട്ട് താഴെക്കൊന്നു നോക്കി.  ഊരമ്മൻ കോവിലിൽ, വലിയ ആൽത്തറ,  കിളികൊഞ്ചലുകൾക്ക് പകരം കാക്കകളുടെ 'കാ... കാ....'  കരച്ചിൽ മാത്രം.

അപ്പോൾ ആൽത്തറയിൽ മഴത്തുള്ളികൾ പോലെ ആലിൻകായ്കൾ പൊഴിഞ്ഞുവീണുകൊണ്ടിരുന്നു.  

Friday, May 26, 2017

പ്രവാസത്തിലെ മഞ്ഞുത്തുള്ളികൾ 5, 6,

കുചേലന്റെ അവിലും വിധവയുടെ കാണിക്കയും 

ബർദുബായ് മന്ദിർ ലക്ഷ്യമാക്കി ഞാൻ നടക്കുകയാണ്.

മീനബസ്സാറിൽ പകലിൻറെ ചൂടുംചൂരും മങ്ങിത്തുടങ്ങി.  സൂര്യൻ മുഖംചുവപ്പിച്ച്  പടിഞ്ഞാറേക്ക്  പോകുന്ന സന്ധ്യ.  നഗരത്തിൽ രാവ് പകലാവുകയാണ്. എൻറെ ഇടതുവശത്ത് ദീപാലങ്കാരത്തിൽ കളിച്ചുനിൽകുന്ന ബോർഡുകൾ-റോസ്‌തമാനി എക്സ്ചേഞ്ച്, ജോയ് ആലുക്കാസ്, കല്യാൺ ജ്യൂവലേഴ്‌സ്.  ഷോപ്പുകൾ കഴിഞ്ഞപ്പോൾ മുന്നിൽ വലിയൊരു മോസ്‌ക്. മോസ്കിന്റെ ആകാശച്ചെരുവിലേക്ക് ഉയർന്നുനിൽക്കുന്ന മിനാരം ഇരുട്ടത്ത് തിളങ്ങിനിൽക്കുന്നു.

പാതയോരത്ത് രണ്ടുവശത്തായും തിങ്ങിനിരന്നുകിടക്കുന്ന കടകളിലേക്ക് കണ്ണുകൾ ഓട്ടപ്രദക്ഷിണം നടത്തുമ്പോൾ കൊച്ചിയിലെ ജൂതത്തെരുവിലൂടെ നടക്കുന്ന അനുഭൂതി എനിക്കുണ്ടായി. ഷോലെപ്ലസ്സാ ടെക്സ്റ്റയിൽസ്, ധർമേന്ദ്ര സാജനാനി ട്രേഡിങ്ങ് ഒക്കെ എഴുപതുകളിലെ ഹിന്ദി സിനിമാ സ്മരണകൾ ഉള്ളിലെവിടെയോ അലയടിപ്പിച്ചു. നൂറ്റാണ്ടുകളുടെ കച്ചവടസംസ്കാരത്തിന്റെ കുടിയേറ്റത്തിന്റെ കഥകൾ ദയറയിലെയും, ബർദുബായിലേയും തെരുവുകൾക്കും ഇടവഴികൾക്കും പറയാനുണ്ടാകും.

"അല്ലാഹു അക്ബർ ....

മഗ്‌രിബിനുള്ള വിളി മുഴങ്ങി.  സർവശക്തനും, കാരുണ്യവാനായ ദൈവത്തെ നമ്സകരിക്കുവാൻ അവൻറെ ആലയത്തിലേക്ക് നാലുദിക്കിൽനിന്നും ജനം വന്നുകൂടുന്നു.

മൂക്കിന്റെ അറ്റത്തേക്ക് മത്സരിച്ചോടിയെത്തിയ ഗോൽകൊണ്ട, പനിനീർ പൂക്കളുടെ ഗന്ധം ക്ഷേത്രസാമീപ്യം വിളിച്ചറിയിച്ചു. കാംബോജി രാഗവും, യമുനയിലെ ഓളങ്ങളും, വൃന്ദാവനത്തിലെ സൗരഭ്യവും എന്നെ തേടിവരുന്നു!

ബർദുബായിൽ ക്രീക്കിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന മന്ദിറിന് 1958-ൽ ആണ് ദുബായ് രാജാവായിരുന്ന ഷേഖ് റാഷിദ് ബിൻ സായിദ് അൽ മക്ത്തും അനുവാദം നൽകിയത്. രാജ്യത്തെ ജനസംഖ്യയിൽ മുൻപന്തിയിൽ നില്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റിയെ സ്വന്തം പ്രജകളെപ്പോലെ  ഭരണകൂടം സ്വീകരിച്ചതിൻറെ പ്രതിഫലനം  ഇവിടം മാത്രമല്ല, കരാമയിലെ സെന്റ് മേരീസ് ചർച്ചും, ട്രിനിറ്റി ചർച്ചും, സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചും, ജബൽ അലി ഗുരുദ്വാരയും, ചർച്ച് കോംപ്ലക്‌സും  ഒക്കെ പറയുന്നുണ്ട്. അതിഥി ദേവോ ഭവ!

അർച്ചനക്കെത്തിയ പൂക്കളുടെ ഗന്ധം ഏറിയപ്പോൾ സായംസന്ധ്യയുടെ പൂമുഖത്ത് നിന്ന് മന്ദിറിനു മുന്നിലെ മരച്ചുവട്ടിലെ മങ്ങിയ വെളിച്ചം എന്നെ മാടിവിളിച്ചു. 'പെരുമാൾ സ്റ്റാർസ് ജനറൽ ട്രേഡിങ്ങ്' നീലനിറത്തിൽ അറബിയിലും, ചുവന്ന നിറത്തിൽ ഇഗ്ളീഷിലും എഴുതിയിരിക്കുന്ന കടയിൽ നല്ല തിരക്ക്.  ഭക്തരുടെ ആവശ്യത്തിനുള്ള പൂജാസാമഗ്രികൾ വിൽക്കുന്ന കടയാണത്.

പെരുമാൾ സ്റ്റോഴ്സിന്റെ ഇടതുവശത്തായി ഷൂറാക്കിൽ ഞാൻ ഷൂ ഊരിവച്ചു. മുമ്പിൽ ശ്രീകൃഷ്ണ മന്ദിറിലേക്ക് പോകുന്ന സ്ത്രീകളുടെ പിന്നിൽ ഞാനും നടന്നു.  ക്ഷേത്രത്തിലേക്കായാലും നാരീമണികളുടെ കലപില ശബ്ദത്തിന് കുറവുണ്ടായിരുന്നില്ല.  അല്ലെങ്കിൽ തന്നെ വായടച്ച വനിതാ വാ പോയ ആയുധമാണല്ലോ. ഭഗവാനത് മനസ്സിലാകും.  അമ്പാടിയിലെ അമ്മമാരുടെ മുന്നിൽ കുറുമ്പുകാട്ടി ഓടിനടക്കുന്ന ഉണ്ണിക്കണ്ണനെ ഞാനൊന്ന് മനസ്സിൽ കണ്ടു.

മന്ദിറിനകത്തേക്ക് ഞാൻ പാദങ്ങൾ എടുത്തു വച്ചു.  കാതിലേക്ക് കൃഷ്ണസ്തുതികൾ വന്നുപുണരുമ്പോൾ എൻറെ കണ്ണുകൾ അമ്പാടിയിലെ ആ കള്ളക്കണ്ണനെ കാണാൻ കൊതിച്ചു. കൃഷ്ണാ... നീയെവിടെ? മുന്നിലെ ആൾത്തിരിക്ക് കാരണം എനിക്ക് ആരൂപം കാണാൻ കഴിയുന്നില്ല. ക്ഷേത്രം എന്നുപറയുന്നതിനേക്കാളും ഒരു ഹാൾ എന്നുപറയുന്നതായിരിക്കും ഉത്തമം. അകത്തേക്ക് കയറുമ്പോൾ വലതുകോണിൽ കുറെ സ്ത്രീകൾ ഭഗവാന് പൂക്കൾകൊണ്ട് മാല ഉണ്ടാക്കുകയാണ്.  ഞാൻ അൽപനേരം അത് നോക്കിനിന്നു.  ആ സ്ത്രീകൾ അവരുടേതായ ലോകത്താണ്.  ഉണ്ണിക്കണ്ണൻറെ അമ്മമാരാകാൻ കൊതിക്കുന്ന അമ്മമുഖങ്ങൾ.

അകത്ത് അധികം തിരക്കില്ല.  ഭഗവാൻറെ ദർശനസുഖം ഏൽക്കാൻ വലതുവശത്ത് സ്ത്രീകളും, ഇടതുവശത്ത് പുരുഷന്മാരും നിരന്നു നിൽക്കുന്നു. ചിലർ കണ്ണുകൾ അടച്ച് ഭഗവാൻറെ സൂക്തങ്ങൾ ഉരുവിടുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്നു.  ആ മുഖങ്ങളിൽ പ്രസരിപ്പോടെ നിൽക്കുന്ന ഭക്തിയുടെ സൗന്ദര്യം എൻറെ മുഖത്തില്ലല്ലോ എന്ന് സ്വയം ചിന്തിച്ച് ദർശനസായൂജ്യം നേടാൻ ഞാൻ ചുവടുകൾ വച്ചു.

രാധയും കൃഷ്ണനും! മനസ്സിന് പരിചിതമായ ഉദാത്തമായ പ്രണയജോഡി.   ശ്രിനാഥ്ജി ബാബയുടെ മൂർത്തിക്ക്  മുൻപിൽ ഞാൻ നിന്നു.  നെറ്റിയിൽ ആകർഷകമായ കുറിച്ചാർത്തി  ഒരു ബ്രാജ്വാസി ഭഗവാൻറെ രൂപത്തിനടുത്തായി ശ്രദ്ധയോടെ നിൽക്കുന്നു. ശ്രീകോവിലിനും (അങ്ങനെ പറയാമോ?) ഭക്തർക്കുമിടയിൽ വേർതിരിച്ചിരിക്കുന്ന സ്ഥലത്ത് വലിയ ഒരു പാത്രത്തിലെ ജലത്തിൽ താമരപ്പൂക്കൾ തുള്ളിക്കളിക്കുന്നു. ഞാൻ സാകൂതം നോക്കി. എത്രയോ നാളുകൾക്ക് ശേഷമാണ് താമരപ്പൂക്കൾ മൺമുന്നിൽ വിരുന്നെത്തുന്നത്!

ഞാൻ കണ്ണുകൾ അടച്ചുനിന്നു.  ശ്വസിക്കുന്നത് വൃന്ദാവനത്തിലെ കുസുമങ്ങൾ പരത്തുന്ന ഗന്ധവും, കാണുന്നത് കണ്ണൻറെ പുഞ്ചിരിതൂകുന്ന വദനവും, കേൾക്കുന്നത് പാഴ്മുളംതണ്ടിലൂടെ ഒഴുകുന്ന നാദധാരയും. മനസ്സ് ഗോകുലത്തിലേക്ക് ഓടിപ്പോയി.  ഗോവർദ്ധനഗിരിയും, കാലിക്കൂട്ടവും, കാളിയമർദ്ദനവും എല്ലാമെല്ലാം മുന്നിൽ വന്ന് നിരന്നുനിന്നു. പൂതന മരണവെപ്രാളത്തിൽ പിടയുമ്പോൾ ആ മുലയിൽ പുഞ്ചിരിയോടെ പറ്റിപിടിച്ചു കിടക്കുന്നവൻ. വെണ്ണ മോഷ്ടിക്കാൻ നീണ്ട ആ കരംതന്നെ തേർത്തട്ടിൽ അശക്തനായി കിടക്കുന്ന പാർത്ഥനെ പിടിച്ചുയർത്തി മാറോട് ചേർത്ത് വീരനാക്കുന്നു. ആ നിൽപ്പ് എത്ര നേരം നിന്നു എന്നെനിക്കറിയില്ല. അങ്ങകലെ  ഗ്രാമത്തിലെ ക്ഷേത്രത്തിൽ നിന്നും ദാസേട്ടൻറെ ശബ്ദവീചികൾ കാതുകളിൽ ഓടിയെത്തിയപോലെ..

"ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ
ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം
ഒരുമാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ
മുരളി പൊഴിക്കുന്ന ഗാനാലാപനം
മുരളി പൊഴിക്കുന്ന ഗാനാലാപനം...."

കൃഷ്ണലീലകളിൽ ലയിച്ചു നിന്ന ആ സമയം പള്ളിയിലെ ക്രൂശിതനായ ക്രിസ്തുവിന്റെ മുന്നിൽ നിൽക്കുംപോലെ എനിക്ക് തോന്നി. അതേ വികാരം, അതേ ആഡ്രിലിൻ ആണ് സിരകളിൽ പാഞ്ഞുകൊണ്ടിരിക്കുന്നത്.

ഉയർന്നു താഴുന്ന ഭക്തരുടെ ശബ്ദവും, മണിയൊച്ചയും മനസ്സിനെ തിരികെ മന്ദിറിനകത്തേക്ക് കൂട്ടിക്കൊണ്ടുവന്നു.  ഭഗവാൻറെ മുന്നിൽ നിന്നിരുന്ന ആ ബ്രാഹ്മണൻ സന്ധ്യാആരതി ഉഴിയുകയാണ്. അപ്പോൾ നെയ്യുരുകുന്ന ഗന്ധം എവിടെനിന്നോ വിരുന്നുവന്നു.

മുമ്പിൽ നിൽക്കുന്നവരിൽ ചിലർ ഭഗവാനായി പൂക്കളും, പഴങ്ങളും സമർപ്പിച്ചുകൊണ്ടിരുന്നു.  ചിലർ ഡോക്കുമെന്റുകൾ ആ ബ്രാഹ്മണന്റെ കയ്യിൽ കൊടുത്തു.  അതയാൾ ഭഗവാൻറെ മുന്നിൽകൊണ്ടുചെന്ന് മൂർത്തിക്ക് മുന്നിൽ ഒന്ന് ഉഴിഞ്ഞ്, സ്പർശനം നൽകി തിരികെ കൊണ്ടുകൊടുത്തു. ആ കൊടുക്കൽ വാങ്ങലിനിടയിൽ യു.എ.ഇ. ദിർഹം മൂകസാക്ഷിയായി.

ഇടയ്ക്ക്  മലവെള്ളപ്പാച്ചിൽ പോലെ കയറിവന്ന തിരക്ക് ഒഴിഞ്ഞു.  ഒരിക്കൽക്കൂടി ഭഗവാൻറെ രൂപവും നോക്കിയിട്ട്  ഞാൻ തിരിഞ്ഞു.  തിരികെ നടക്കുമ്പോൾ ഇടതുവശത്ത് ഭിത്തിയിൽ ശ്രീനാഥ്ജി ബാബായുടെ ചിത്രം. ഞാനതിലൊന്ന് തൊട്ടു.  അപ്പോൾ  തുളുമ്പിവന്നത് ഭക്തിയേക്കാൾ ആ വീരനായകൻറെ മുഖമാണ്.  ഭിത്തിയിൽ തൂങ്ങിക്കിടക്കുന്ന ചിത്രങ്ങളിൽ ഒന്നും സാധാരണ കാണുന്ന സുന്ദര കോമള നീലക്കണ്ണനെ ദർശിക്കാനാകുന്നില്ല. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള പെയിന്റിങ്ങിന്റെ കോപ്പിയോ പുനരവതരണമോ ആണ്. എല്ലാം റോയൽ ബ്‌ളാക്ക്.

ഞാൻ ഭിത്തിയോട് ചേർന്ന് ഭക്തർ ഇരിക്കുന്ന സ്ഥലത്തേക്ക് ചെന്നിരുന്നു.  ചിലർ ഇരുന്ന് ജപിക്കുന്നു. ചിലർ സാഷ്ടാംഗം വീണ് പ്രണമിക്കുന്നു. ജീവിതത്തിലെ എല്ലാ അഹംഭാവവും താഴ്ത്തിവച്ച് ഭഗവാനുമുമ്പിൽ വണങ്ങുന്നവരെ നോക്കി ഞാനിരുന്നു. അവിടെ ഭക്തനും ഈശ്വരനും മാത്രം. ലഭിച്ചതും, ലഭിക്കാനുള്ളതുമായ നന്മകൾക് ഒരു പ്രണാമം.

ഞാൻ എണീറ്റു. പടവുകൾ താഴേക്കിറങ്ങി. അവിടെ ഒരു വിളക്ക് തെളിയിച്ചുവച്ചിരിക്കുന്നു.  വിളക്കിൽ നിന്നും കത്തിയമരുന്ന നെയ്യുടെ ഗന്ധം ഒരു ഹോമകുണ്ഡത്തിന്റെ മുന്നിൽ നിൽക്കുംപോലെ തോന്നിപ്പിച്ചു. അഗ്‌നി ഭഗവാനെ ഒന്ന് വണങ്ങി ഞാൻ പുറത്തേക്കിറങ്ങി.

പുറത്തേക്ക് പോകും മുമ്പ് വീണ്ടും ഒരു ചെറിയ ഹാൾ ആണ്. അവിടെ ഭിത്തിയിൽ നിറയെ ഭഗവാൻറെ വിവിധ രൂപങ്ങൾ, ഭാവങ്ങൾ.  കണ്ണുകൾ ചിത്രങ്ങളിലേക്ക് നീണ്ടു.   ഹിന്ദിയിൽ ഓരോ ചിത്രത്തിനും അടിക്കുറിപ്പുണ്ട്.   മംഗലാ, ഉദ്യാൻ, സന്ധ്യാ ആരതി,  ശൃംഗാർ,  രാജഭോഗ്,  ശയൻ ....  ഭഗവാൻറെ ഓരോരോ ചേഷ്ടകൾ ചിത്രീകരിച്ചിരിക്കുന്നു. ആ  ചിത്രങ്ങളിലെ കണ്ണൻറെ മുഖത്ത് നിറഞ്ഞുനിന്നത് സൗമ്യവും ശാന്തവും മാത്രമായിരുന്നു.

ബാഗ് തൂക്കി ഞാൻ പുറത്തേക്കിറങ്ങി.  പെരുമാൾ ട്രേഡേഴ്‌സിന്റെ മുന്നിൽ വച്ചിരുന്ന ഷൂ എടുത്തിട്ടു.

ചക്രവാളക്കോണിൽ ചുവപ്പ് പരവതാനി വിരിച്ച് ഭഗവാൻ യാത്രയായിട്ട് ഏറെനേരമായി.  തെരുവുവിളക്കുകൾ സൂര്യൻറെ ജോലി ഏറ്റുപിടിച്ചു.  പുറത്തേക്കുള്ള ചെറുബഞ്ചിൽ ഞാൻ ഇത്തിരി നേരം ഇരുന്നു. നാട്ടിലുള്ള ഭക്തന്മാർ എത്ര ഭാഗ്യവാന്മാരാണെന്ന് വെറുതെ ഒന്നാലോചിച്ചുപോയി.  അമ്പലക്കുളം, മണ്ഡപം,  ഉത്സവപ്പറമ്പ്,  ആൽത്തറ, ചെണ്ടമേളം, നാദസ്വരം....

വലിയ മോസ്‌കും കടന്ന് ഞാൻ തിരികെ നടന്നു.  കണ്ണുകൾ ആ മിനാരത്തിൽ നിന്ന് പുറത്തേക്ക് പ്രവഹിക്കുന്ന ഇളം മഞ്ഞനിറത്തിലേക്ക് തറച്ച് നിന്നു.

മുന്നിൽ വീണ്ടും ഊടുവഴികൾ.  വീക്കെന്റിന്റെ മധുനുകരാൻ എത്തുന്നവരാൽ എങ്ങും തിരക്കേറുകയാണ്‌. ഞാനെൻറെ കഴുത്തിൽ കിടക്കുന്ന കൊന്തയിൽ ഒന്ന് തലോടി. വീണ്ടും ക്രീക്കിൽനിന്നും ഒരിളംകാറ്റ് എന്നെ തഴുകി കടന്നുപോയി.

അപ്പോൾ മനസ്സിൻറെ കോണിലെവിടെയോ, ഗുരു സന്ദിപന്റെ ആശ്രമത്തിൽ ഒപ്പം കഴിഞ്ഞ നാളുകൾ അയവിറക്കി അവൽപൊതിയുമായി  ഭഗവാൻറെ ദർശനം തേടി പോകുന്ന കുചേലനെ ഓർമ വന്നു.  തിരികെ, അളവറ്റ ധനത്തിനുടമയായി അതറിയാതെ കുചേലൻ നടക്കുകയാണ്.

വിധവയുടെ കാണിക്കയും (മാർക്കോസ് 12 : 41 - 44), കുചേലൻറെ അവിൽപൊതിയും (ഭാഗവത പുരാണം) പ്രതീകങ്ങളാണ്.  ഭക്തിയുടെ ഓളപ്പരപ്പിലേക്ക് മനസ്സുകളെ ആകർഷിക്കുന്ന പ്രതീകങ്ങൾ.
--------------------------------------------------------------------------------------------------------


ഓഫീസിലെ പൂച്ച 
മേഘക്കൂട്ടങ്ങൾ ആകാശവിതാനത്തുള്ള വെളിച്ചത്തെയാകെ കാർന്നുതിന്നുനിന്നപ്പോൾ  താഴെ മരുഭൂമിയിലെ മണൽത്തരികൾ അതുനോക്കി വെള്ളമിറക്കി.  അപ്പോൾ ഒരിരമ്പലോടെ പാഠാന്റെ വണ്ടി പഴയ പ്രൊജക്റ്റ് ഓഫിസിനുമുന്നിൽ നിന്നു. ഞാൻ പുറത്തേക്കിറങ്ങി.  കണ്ണുകൾചുറ്റുപാടും ഒരോട്ടപ്രദിക്ഷിണം നടത്തി.  ഉത്സവം കഴിഞ്ഞ് നാടും നാട്ടാരും ഉപേക്ഷിച്ചുപോയ അമ്പലപ്പറമ്പുപോലെ  വിജനത എങ്ങുംതളംകെട്ടിനിൽക്കുന്നു.  ഇനിയൊരുത്സവത്തിൻറെ പ്രതീക്ഷ ബാക്കി നിർത്തി താളവും, മേളവും, വർണ്ണശോഭയും, വെടിക്കെട്ടിന്റെ മാറ്റൊലികളും,  ഉറങ്ങാത്ത രാവുകളൂം എല്ലാം പടിയിറങ്ങി.

അത്യാവശ്യം ചില ഫയലുകൾ എടുക്കണം. ഞാൻ പോക്കറ്റിൽനിന്നും താക്കോൽ എടുത്ത് ഓഫീസിൻറെ വാതിൽ തുറന്നു.  അടച്ചിട്ടിരിക്കുന്ന മുറിയിൽനിന്നും മുഷിപ്പൻ ഗന്ധം പുറത്തേക്ക് ചാടിയിറങ്ങി എന്നെ കൊഞ്ഞനം കാട്ടി.  കറണ്ടും വെള്ളവും കട്ട് ചെയ്തിട്ട് ഒരാഴ്ച്ചയായി.  അൻപതോളം സ്റ്റാഫുകളും, അഞ്ഞൂറിൽപ്പരം വർക്കേഴ്‌സും വിഹരിച്ചിരുന്ന പ്രൊജക്റ്റ് ആയിരുന്നു ഇത്.  ഇന്ന് ഒരാളെകാണണമെങ്കിൽ പാടുപെടണം. ഇത്തിരി വെട്ടത്തിനായി ഞാൻ ജനാല തുറന്നു.  അങ്ങുദൂരെയെവിടെയോ ഹാൾ ട്രക്കിന്റെ ഇരമ്പൽ മാത്രം മുഴങ്ങുന്നു.

"മ്യാവൂ..."

എവിടെനിന്നോ ഒരു പൂച്ചയുടെ കരച്ചിൽ കാതിൽ വന്നലച്ചു.  ഞാൻ പുറത്തേക്ക് ആകാംഷയോടെ തലനീട്ടി.  എൻറെ തല കണ്ടതും ആ വെളുത്തപൂച്ച ഓടിവന്നു.  എന്നെ നോക്കി കരയാൻ തുടങ്ങി. അതൊരു സാധാരണ കരച്ചിൽ ആയിരുന്നില്ല. ഒരു നിലവിളി പോലെ...വന്യമായ അലർച്ചപോലെ. പൂച്ച ഓഫീസിലേക്ക് കയറിവരാൻ തുടങ്ങിയപ്പോൾ ഞാൻ കൈകൊണ്ട് ഓടിക്കാൻ ശ്രമിച്ചു.

"പോ പൂച്ചേ... പോ  " അറബിനാടാണെങ്കിലും ഞാൻ മലയാളത്തിൽ പൂച്ചയെ ഓടിക്കാൻ കൈകൾ ഓങ്ങി.  പക്ഷെ പൂച്ചയുണ്ടോ പോകുന്നു? കാർ പാർക്കിൽ ഡ്രൈവർ പഠാൻ അല്ലാതെ അടുത്തെങ്ങും ആരുമില്ല.  അങ്ങുദൂരെ ഈ മരുഭൂമിയിലെ  ജീവൻറെ അവശേഷിപ്പുപോലെ കുടുസ്സുക്യാബിൽ സെക്യൂരിറ്റി ഉറക്കംതൂങ്ങുന്നുണ്ടാകാം.  പൂച്ചയുടെ കരച്ചിൽ ഉച്ചത്തിലായി. പേപിടിച്ച നായയെപ്പോലെ അത് എന്നെ നോക്കി നിലവിളിച്ചുകൊണ്ട് നടക്കാൻ തുടങ്ങി.  അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത് ... ഈ പൂച്ച ഗർഭിണിയാണോ? അതിൻറെ ഉന്തിനിൽക്കുന്ന വയറ്റിനുള്ളിൽ മൂന്നുനാലു ജീവനെങ്കിലും കാണും.

ആവശ്യമുള്ള ഫയലുകൾ എടുത്ത് ഞാൻ പുറത്തേക്കിറങ്ങി. കതക് പൂട്ടുമ്പോൾ പൂച്ച എൻറെ കാലിൻറെ അടുത്തുവന്നു. ഞാൻ നടന്നപ്പോൾ അത് പിന്നാലെ നിലവിളിയുമായി ഓടിവരുന്നു.  ഇത് കരച്ചിലോ അതോ നിലവിളിയോ?  പൂച്ചക്ക് ഭ്രാന്തുപിടിച്ചോ? സത്യത്തിൽ എനിക്കപ്പോൾ പേടിതോന്നിപ്പോയി.  ഈ പൂച്ചയങ്ങാനം എന്നെആക്രമിച്ചാലോ?  ഞാൻ വേഗം ചാടി വണ്ടിയിൽ കയറി.  പഠാൻ ആക്‌സിലേറ്ററിൽ കാലമർത്തിയപ്പോൾ ഒരിരമ്പലോടെ പിക്കപ്പ് പാഞ്ഞു. ഓഫീസ് വിജനതയിൽ നിന്നും നാഗരികതയുടെ ശബ്ദമലിനീകരണത്തിലേക്കുള്ള ഓട്ടം.  ഞാൻ ഒന്ന് തിരിഞ്ഞുനോക്കി.  നിലവിളിയോടെ  എന്നെതന്നെ  നോക്കിനിൽക്കുന്ന പൂച്ച. അതിൻറെ കലങ്ങിയ കണ്ണുകളിൽ നിന്നും നീർകണങ്ങൾ പുറത്തേക്ക് പടരുന്നുണ്ടോ?

കണ്ണിൽനിന്നും മറയുന്നതുവരെ ഞാൻ ആ ജീവിയെതന്നെ തിരിഞ്ഞുനോക്കിയിരുന്നു.  യാത്രായിലുടെനീളം മനസ്സിൽ ആ വെളുത്ത പൂച്ചയുടെ മുഖമായിരുന്നു.  ഒരപായമണിനാദം പോലെ ആ ശബ്ദം കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരുന്നു.

ഓഫീസിൽ ഈ കഥ ഞാൻ പറഞ്ഞപ്പോൾ ഒരു സഹപ്രവർത്തകൻ പറഞ്ഞ വാക്കുകൾ എന്നെ ഞെട്ടിച്ചുകളഞ്ഞു.  മനസ്സിൽ നൊമ്പരത്തിന്റെ വലിയൊരുമുറിപ്പാടുണ്ടാക്കിയ വാക്കുകൾ ആയിരുന്നു അത്.

"ആ പൂച്ച വിശന്നിട്ടു കരയുവാ ൻറെ ഭായീ. ...!!"

മനസ്സിലേക്ക് വലിയൊരു വാൾ തുളഞ്ഞുകയറിയ വേദന !  പൂച്ചയുടെ നിലവിളി ഇപ്പോഴും കാതിൽ മുഴങ്ങുന്നു.   ദൈവമേ, എനിക്കത് അപ്പോൾ ചിന്തിക്കാൻ കഴിഞ്ഞില്ലല്ലോ..... എൻറെ ബാഗിൽ ഭാര്യ കൊടുത്തവിട്ട ഉച്ചഭക്ഷണം ഉണ്ടായിരുന്നല്ലോ.  അത് ആ പൂച്ചക്ക് കൊടുക്കാമായിരുന്നു. ആ  ഓഫീസ് അടച്ച് എല്ലാവരും സ്ഥലം വിട്ടിട്ട് ദിവസങ്ങൾ ആകുന്നു.  അപ്പോൾ ഇത്രയും ദിവസം ആ പൂച്ച പട്ടിണിയായിരുന്നോ??

എനിക്ക് എന്നോടുതന്നെ ദേഷ്യവും  പുച്ഛവും തോന്നിപ്പോയി നിമിഷം.  പാവം ജീവിയുടെ കരച്ചിലിന്റെ അർത്ഥം മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ലല്ലോ.

മനസ്സിൻറെ വെള്ളിത്തിരയിൽ ചില ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പോലെ ചില രംഗങ്ങൾ മിന്നി മായാൻ തുടങ്ങി.

പ്രൊജക്റ്റ് വർക്കിൻറെ  മൂർദ്ധന്യാവസ്ഥ.  ആറ് ഓഫീസ് ക്യാബിനുകൾ നിറയെ സ്റ്റാഫുകൾ, എല്ലാവരും തിരക്കോടുതിരക്ക്. ഓഫീസിനു പുറത്ത്  സൈറ്റിൽ എവിടെ തിരിഞ്ഞാലും നീലയും മഞ്ഞയും കവറോൾധാരികൾ. ഓഫീസിൽ എല്ലാവരേക്കാളും ഹാർഡ് വർക്ക് ചെയ്യുന്ന ക്യോസേര പ്രിൻറർ.  ആയിരക്കണക്കിന് കറുപ്പുംവെളുപ്പും കുഞ്ഞുങ്ങളെയാണത് ദിവസവും പ്രിന്റർ  പെറ്റിടുന്നത്.

ലഞ്ചുസമയത്ത് നിമിഷനേരം കൊണ്ട് വെസ്റ്റ് ബിൻ നിറയും. ലേബർ ക്യാമ്പിലെ മുതൽ ഫൈവ് സ്റ്റാർ ഹോട്ടൽ ഫുഡിന്റെ അവശിഷ്ടം വരെ അതിലുണ്ടാകും.

അങ്ങിനെയിരിക്കെ ഒരിക്കൽ ഒരു പൂച്ചക്കുട്ടി അവിടെ വന്നുപെട്ടു. വെളുത്ത് മെല്ലിച്ച പൂച്ച ദിവസങ്ങൾകൊണ്ട് തടിച്ചു കൊഴുത്തു. മട്ടൻ, ചിക്കൻ, മീൻ... എന്നുവേണ്ട പൂച്ചയോട് പ്രീയം തോന്നിയ പലരും തങ്ങൾ കൊണ്ടുവരുന്നതിന്റെ ഒരു ഭാഗം അതിനുകൊടുക്കാൻ തുടങ്ങി. അവശിഷ്ടങ്ങൾ തിന്നാൻ വന്നുകൂടിയ പൂച്ച ക്രമേണ മീനും, ചിക്കനും ഒന്നുമില്ലാതെ കഴിക്കാതെയായി.  ഭക്ഷണം കഴിച്ചശേഷം ക്യാബിനടിയിലെവിടെയോ പൂച്ച പോയി നീണ്ടുനിവർന്നുറങ്ങും. ഓഫീസ് ജോലിക്കിടയിൽ "മ്യാവൂ" എന്ന ശബ്ദം മുഴക്കി അവൾ തൻറെ സാന്നിധ്യം അറിയിച്ചുകൊണ്ടിരുന്നു.

അങ്ങനെ ഒരു തറവാടിയെപ്പോലെ അവൾ വിരാചിച്ചിരുന്ന കാലത്താണ് ഞാൻ നാട്ടിൽ ഒരുമാസത്തെ ലീവിന് പോകുന്നത്. ക്രിസ്മസ്, പുതുവർഷം.. മുപ്പതുദിവത്തെ ഗുളികപ്പരുവത്തിലുള്ള ഒരു പാക്കേജിന് പ്ലാൻ നൽകി ഏതു പ്രവാസിയെയും പോലെ ഞാനും നാട്ടിലേക്ക് വിമാനം കയറി.

ഒരു രാത്രിയിൽ, ക്രിസ്മസികരോളിന്റെ മേളക്കൊഴുപ്പിനിടയിൽ ദുബായിൽ നിന്നും  വാട്സാപ്പിൽ വന്നൊരു മെസേജ് കണ്ട് തീകനലിൽ ചവിട്ടിയപോലെ ഞാൻ നിന്നു.  തലയ്ക്കുമുകളിലോ അകത്തോ ഒരു വെള്ളിടിപായിച്ച ആ മെസേജിലേക്ക് ഞാൻ കണ്ണുകൾ ഒട്ടിച്ചുവച്ചു നിന്നു.

'നമ്മുടെ പ്രൊജക്റ്റ് സസ്പെൻഡായിരിക്കുന്നു... വിത്ത് ഇമ്മീഡിയേറ്റ് ഇഫെക്ട് ..'

എൻറെ നെഞ്ചിടിപ്പ് ക്രിസ്മസ് പാട്ടിന്റെയും, സാന്താക്ളോസിന്റെയും താളമേളങ്ങൾക്കിടയിൽ അലിഞ്ഞുചേരാൻ പാടുപെട്ടു. അവധിയുടെ ബാക്കിയുള്ള പത്തുദിവസങ്ങൾ ഉന്തിത്തള്ളിയാണ് നീങ്ങിപ്പോയത്.  തുലാസിൽ നിൽക്കുന്ന പ്രവാസിയുടെ ജീവിതാനുഭവം ഇതാദ്യമായിട്ടല്ല നേരിടേണ്ടിവരുന്നത്. എങ്കിലും....

ജനുവരി ഓഫീസിൽ തിരിച്ചെത്തിയപ്പോൾ എങ്ങും നിറഞ്ഞുനിന്നത് മരണവീട്ടിലെ മൂകതമാത്രമായിരുന്നു.  പത്ത് വർക്കേഴ്സ്, അത്രത്തോളം സ്റ്റാഫ്.  ആരും അധികം മിണ്ടുന്നില്ല.  രാവിലെ മുതൽ കിട്ടുന്ന സമയത്ത് ജോലിതീർക്കാൻ പറ്റാതിരുന്നവർ ഒരുജോലിയുമില്ലാതെ മൂകമായിരിക്കുന്നു.  ഇരുന്ന് മുഷിയുമ്പോൾ പുറത്തിറങ്ങി നടക്കുന്നു.  എല്ലാ മുഖങ്ങളിലും ഒരേ ചോദ്യം. പ്രൊജക്റ്റ് വീണ്ടും തുടങ്ങുമോ?  നമ്മുടെ ഭാവി എന്താണ്?

ദിവസങ്ങൾ കഴിയുംതോറും സ്റ്റാഫിന്റെ എണ്ണം കുറഞ്ഞു കുറഞ്ഞുവന്നു. ചിലർ മറ്റ് പ്രൊജെക്ടുകളിലേക്ക് ട്രാൻസ്ഫർ ആയി. ചിലർ കമ്പനിയോട് വിടപറഞ്ഞു, ചിലർ ലോങ്ങ് ലീവ്, ലോക്കൽ ലീവ്, ചിലർ ടെർമിനേഷൻ.... വൈകാതെ ഓഫീസിൽ ഒന്നോ രണ്ടോ പേർമാത്രമായി.

രണ്ടാഴ്‌ചത്തെ ലോക്കൽ ലീവിൽനിന്നും മോചനം നേടി ഞാൻ പുതിയൊരു പ്രൊജക്ടിലേക്ക് മാറി. അതിനിടയിൽ പഴയ ഓഫീസിലെ കറണ്ടും വെള്ളവും സപ്പ്ളെ നിന്നു. ഓഫീസ് ക്യാബിനുകൾ എല്ലാം പൂട്ടി താക്കോലുമായി പടിയിറങ്ങുംപ്പോൾ ഒരുപാട് ഓർമ്മകൾ ബാക്കിയായിരുന്നു. എവിടെയോ ഒരു പിൻവിളി ഞാൻ പ്രതീക്ഷിച്ചിരുന്നപോലെ...

ഇതിനിടെ നമ്മുടെ പൂച്ചക്കെന്തുസംഭവിച്ചു?  മട്ടനും, ചിക്കനും,  മീനും മാത്രം കഴിച്ചിരുന്നവൾ പട്ടിണി അറിയാൻ തുടങ്ങി.  ഓഫീസ് പൂട്ടി എല്ലാവരും പോയതോടെ താൻ കടിച്ചു തള്ളിക്കളഞ്ഞ ഉണങ്ങിയ എല്ലിൻ കഷണങ്ങൾ കടിച്ച് വിശപ്പടക്കാൻ ശ്രമിച്ചു. എൻറെ  അവധിക്കാലത്തിനിടയിൽ അവൾ ഗർഭിണിയാവുകയും ചെയ്തു.  രാജകീയമായി ജീവിച്ചു ഇണചേർന്നപ്പോൾ അവളൊരിക്കലും ചിന്തിച്ചുകാണില്ല തനിക്കുണ്ടാകുന്ന കുഞ്ഞുങ്ങൾ മരുഭൂമിയിലെ പട്ടിണിക്കിടയിലേക്കാണ് ജനിക്കാൻ പോകുന്നതെന്ന്.

വേസ്റ്റ് ബിന്നിനടുത്തൊക്കെ കിടന്ന ഉണങ്ങിയ ഭക്ഷണ തരികൾ ഒക്കെയും  കഴിഞ്ഞു. അങ്ങനെയിരിക്കെയാണ് ഫയലുകൾ എടുക്കാനായി ഞാൻ ഓഫീസിൽ എത്തുന്നത്.  ഉന്തിയ വയറും, കലങ്ങിയ കണ്ണുകളുമായി അവൾ ദയനീയമായി എന്നെ നോക്കി  നിലവിളിച്ചത്. അതൊന്നുമറിയാതെ, ശ്രദ്ധിക്കാതെ ആ പൂച്ചയെ ആട്ടിപ്പായിച്ച് മുഖംതിരിച്ച് നടന്നുകളഞ്ഞ ഞാനെന്ന ക്രൂരൻ.

സഹപ്രവർത്തകൻറെ വാക്കുകൾ മുള്ളുകൾ പോലെ ഉള്ളിൽ തറഞ്ഞുകയറുന്നു.

"അത് വിശന്നിട്ടാ കരയുന്നെ ... ആ മരുഭൂമിയിൽ ഭകഷണമില്ലാതെ അത് മരിച്ചുപോവുകയേയുള്ളൂ..."

ഒരു ചൂടുള്ള നിശ്വാസം എന്നിൽനിന്നുതിർന്നു. അതുമാത്രമോ... അപ്പോൾ ഉള്ളിലുള്ള മൂന്നുനാലു ജീവനുകളോ?  കണ്ണുകളിൽ തീജ്വാല പടർന്നുകയറിയപോലെ എനിക്ക് തോന്നി ..

"ഖാൻ ... തോടാ ആയിയെ.... ഹംകൊഅർജന്റ് പുരാനാ ഓഫിസ് തക് ജാനേക്കാ...."

ബാഗും തൂക്കി ഞാൻ പാഠാന്റെ വണ്ടിയിൽ കയറി.  വണ്ടി അതിവേഗം പഴയ ഓഫീസിൻറെ വിജനതയിലേക്ക് പാഞ്ഞെത്തി.

വണ്ടിയിൽ നിന്നിറങ്ങി ഞാൻ ചെവി വട്ടം പിടിച്ചു.  എവിടെ അവളുടെ കരച്ചിൽ...? എൻറെ കണ്ണുകൾ ചാറ്റുപാടും സ്കാനിങ് തുടർന്നു. ചുണ്ടുകൊണ്ട് ശബ്ദമുണ്ടാക്കി വിളിച്ചു.

പൊടുന്നനെ ക്യാബിന്റെ അടിയിലെവിടെയോ നിന്നും നിലവിളിയോടെ അവൾ എൻറെ അടുത്തേക്ക് പാഞ്ഞടുത്തു.  അവൾ കരയുകയായിരുന്നില്ല.. അലറുകയായിരുന്നു.  ഞാൻ കൈനീട്ടി അവളെ അടുത്തേക്ക് വിളിച്ചു. റോബിൻസൺ ക്രൂസോയെപ്പോലെയോ 'കാസ്റ്റ് ആവൈ' യിലെ ടോം ഹാങ്ക്സിനെപ്പോലെയോ എനിക്കാരംഗം തോന്നിപ്പോയി.

ഞാൻ ബാഗ് തുറന്നു. എനിക്കായി ഭാര്യ സ്നേഹം ചാലിച്ച് കൊടുത്തുവിട്ട ബ്രെക്ഫാസ്റ്, ലഞ്ച്... എല്ലാം ഞാൻ ഒരു പേപ്പർവിരിച്ച് അതിലേക്ക് അവൾക്കിട്ടുകൊടുത്തു. ദോശയും ചമ്മന്തിയും വെട്ടിവിഴുങ്ങി നാക്കു നുണയുന്ന ആ ചെറുജീവിയുടെ മുഖം എൻറെ വിശപ്പ് ശമിപ്പിച്ചു.  ഇടക്കിടെ എന്നെ നോക്കി അവൾ 'മ്യാവു' എന്ന് കേൾപ്പിക്കും.  നന്ദിയുടെ സ്വരമാണത്.  ഞാൻ അവളുടെ തലയിൽ തലോടി.  കുഞ്ഞുജീവനുകൾ തുടിക്കുന്ന വയറിൽ തലോടി. നന്ദിപ്രകടനമായി അവൾ വാല് ഉയർത്തി പലതരത്തിൽ ചുഴറ്റി തീറ്റയിൽ മുഴുകി.

"ആപ്കോ ക്യാ ഹോഗയാ..? പഠാൻ അതുഭുതം മറച്ചുവയ്ക്കാതെ ചോദിച്ചു.  എനിക്കെന്തോ മാനസിക വിഭ്രാന്തി ഭവിച്ചിരിക്കുന്നതായി അയാൾക്ക് തോന്നിയോ?  വീട്ടിൽനിന്നും കൊണ്ടുവന്ന ഭക്ഷണമെല്ലാം ഇവിടെകൊണ്ടുവന്ന് ഈ പൂച്ചയുടെ മുന്നിൽ കൊണ്ടിടുന്നത് വട്ടല്ലാതെ എന്താണ്?

"കുച്ച്.. നഹി.." ഒരു കൈകൊണ്ട് പൂച്ചയെ തലോടി ഞാൻ മറുപടി പറഞ്ഞു. എന്നിട്ട് ഞാൻ പൂച്ചയോട് പറഞ്ഞു..

"ഞാൻ നാട്ടിൽ പോയ തക്കം നോക്കി നീ പ്രഗ്‌നെൻന്റ് ആയോടീ ..." അതിനു മറുപടിയായി അവൾ എന്നെനോക്കി ഒന്നുകണ്ണിറുക്കി കാണിച്ചു. എന്നിട്ടൊന്ന് മുരണ്ടു.

ഞാൻ എണീറ്റു.  സെക്യൂരിറ്റി പയ്യനെ വിളിച്ചു. നാളെ മുതൽ അവൻ കൊണ്ടുവരുന്ന ഭക്ഷണത്തിൻറെ ഇത്തിരി ഭാഗം പൂച്ചയ്ക്കും കൊടുക്കാൻ പറഞ്ഞു.

"ആയിക്കോട്ടെ ...  ആ വെള്ളപ്പൂച്ചയല്ലേ ... എനിക്കറിയാം.."

ലോകം ഉപേക്ഷിച്ചുപോയ ആ ഓഫീസ് പരിസരത്തുനിന്നും തിരികെ പോരുമ്പോൾ ആ പൂച്ച കരഞ്ഞില്ല. നിലവിളിച്ചുമില്ല. ഒരു മുരൾച്ചയും, നന്ദിപ്രകടനവും മാത്രമേ ആ സാധു ജീവിയുടെ മുഖത്ത് എനിക്ക് കാണാൻ കഴിഞ്ഞുള്ളു.

"കമാൽ കാ ബാത് ഹൈ ..." പഠാൻ എന്നെ നോക്കി ചിരിച്ചു. ഞാനും.

-------------------------------------------------------------------------------------------------------------

പ്രദീപ് നൽകിയ പാഠം 

അബുദാബി ഖലീഫാസിറ്റിയിൽ ആദ്യമായി എത്തി  പ്രോജക്ട് ഓഫീസ് പണിയേണ്ട സ്ഥലം കണ്ടപ്പോൾ കുറേനേരം അങ്ങനെയങ്ങ് നിന്നുപോയി. ഒന്നുമില്ലായ്മയിൽ നിന്നും തുടങ്ങണം.  45 പേർക്കെങ്കിലും ഇരുന്ന് വർക്ക്ചെയ്യാൻ പറ്റുന്ന ഓഫീസ് ഉണ്ടാക്കണം.  മുന്നിലുള്ള ഹെർക്കുലീയൻ ടാസ്ക് ഓർത്ത് നെടുവീർപ്പിടുമ്പോൾ  മാനേജർ ഒരു ചോദ്യം

"ഇന്റർനെറ്റ് എപ്പോൾ ശരിയാകും?"

അമ്മയ്ക്ക് പ്രസവവേദന, മകൾക്ക് വീണവായന. ചുണ്ടിലേക്ക് മനസ്സിൽ നിന്നും പതഞ്ഞുവന്ന വാക്കുകൾ ഞാൻ വിഴുങ്ങി.

"എല്ലാം ഉടനെ ശരിയാകും സർ .."

'മൊയ്തീനെ... ആ ചെറിയേ സ്പാനർ ഇങ്ങെടുത്തേ... ഇപ്പ ശരിയാക്കിത്തരാം' പപ്പുവിന്റെ ഡയലോഗ് മനസ്സിലേക്ക് വിരുന്നുവന്നു. അല്ലെങ്കിലും 'നോ' എന്നോ 'ഡിലെ' എന്നോ കേൾക്കാൻ ഇഷ്ടമില്ലാത്ത മാനേജരോട് പപ്പുവിന്റെ ഡയലോഗ് തന്നെ ഉത്തമം.

ചുറ്റും പച്ചപ്പുകൾ നിറച്ച് ഖലീഫാസിറ്റിയിൽ അബുദാബി ഗോൾഫ് ക്ലബ്ബിനോട് ചേർന്ന് ടി.ഡി.ഐ.സി യുടെ വെസ്റ്റിൻ ഹോട്ടൽ 2012-ൽ പണിതുതീർന്നു. അവിടെയുണ്ടായിരുന്ന  എൻറെ രണ്ടുവർഷക്കാലം മനസ്സിൽ മങ്ങാത്ത ഒരുപിടി അനുഭവങ്ങൾ സമ്മാനിച്ചാണ് കടന്നുപോയത്.
------------------------------------------------------------------------------------
ഓഫീസിൽ എണ്ണത്തെയുംപോലെതന്നെ അന്നും തിരക്കോടുതിരക്ക്. മാനേജരുടെ മുറിയിൽ രാവിലെ മുതൽ മാരത്തോൺ മീറ്റിംഗുകൾ, പൊട്ടിത്തെറിക്കലുകൾ. പ്രോജക്ടിലെ എന്തോ സീരിയസ്സ് വിഷയമാണ് കാരണം. അതിനിടയിൽ പലപല പ്രശ്നങ്ങളുമായി കടന്നുവരുന്ന സ്റ്റാഫും, വർക്കേഴ്‌സും, കോൺട്രാക്ടർമാരും, ഫോണും  ഒക്കെചേർന്ന് ഓഫീസ് തിരക്കിൻറെ ചന്തയാക്കിത്തീർക്കുന്നു. ഓരോരുത്തരെയും അതിന്റേതായ രീതിയിൽ ഡീൽ ചെയ്യണം. അവിടെയാണ് നമ്മുടെ മിടുക്ക്.

"സർ ....."

വലതുകൈയ്യിൽ കമ്പ്യൂട്ടർ മൗസും, ഇടതുകൈയിൽ ഫോണും, കണ്ണുകൾ മോണിറ്ററിലും ആയിരുന്ന സമയത്താണ് ആ സ്വരം കേട്ടത്. ഞാൻ തലയുയർത്തി നോക്കി. ഹെഡ്ഡോഫീസിൽ നിന്നുള്ള ഫോൺ തിരികെ വെച്ച് ഞാൻ കാര്യം തിരക്കി.  അതുവരെ ഞാൻ കണ്ടിട്ടില്ലാത്ത ഒരു വർക്കർ എന്നോട് നേരിട്ട് വന്ന് മലയാളത്തിൽ സംസാരിക്കുകയാണ്. നീല കവറോൾ, അതിനുമേലെ മഞ്ഞ റിഫ്‌ളക്‌ടർ ജാക്കറ്റ്, വിഷാദം അലയടിക്കുന്ന കണ്ണുകൾ.

".... അച്ഛന് തീരെ സുഖമില്ല,  എനിക്ക് അത്യാവശ്യമായി നാട്ടിൽ പോകണം"

ഞാൻ അയാളെ സൂക്ഷിച്ചൊന്നുനോക്കി.  വ്യാഴാഴ്ച രാത്രി പോകണം. അതിന് ലീവ് അപ്രൂവാക്കാൻ സഹായിക്കണം. അതാണാവശ്യം. ഞാൻ അയാളോട് കൂടുതൽ കാര്യങ്ങൾ തിരക്കി. നാട്ടിൽ എവിടെയാണ്, എന്താണ് അച്ഛനസുഖം,  എവിടെയാണ് ഇപ്പോൾ .... എല്ലാത്തിനും അയാൾ ഉത്തരം നൽകി.  സാധാരണ വ്യാഴ്ച വരുന്ന എമർജൻസി ലീവുകൾ ഒക്കെ സംശയത്തോടെയാണ് കാണുന്നത്. എന്നാൽ അയാളുടെ സംസാരത്തിൽനിന്നുതന്നെ അതിലടങ്ങിയിരിക്കുന്ന സത്യസന്ധത മനസ്സിലാക്കി ഞാൻ ഫോം എടുത്ത് പൂരിപ്പിച്ച് കൊടുത്തു. അത് അയാളുടെ സൂപ്പർവൈസറെകാണിച്ച് ഒപ്പുവാങ്ങിക്കൊണ്ട് വരാൻ പറഞ്ഞ് വിട്ടു.

വീണ്ടും തിരക്കിൻറെ പൂരപ്പറമ്പിലേക്ക്...

ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ ലീവ് ഫോമിൽ ഒപ്പും വാങ്ങി അയാൾ തിരികെയെത്തി.  എമർജൻസി ലീവായതിനാൽ ഇനി എടിപിടീന് കാര്യം നടത്തണം. പ്രൊജക്റ്റ് എൻജിനീയറുടെ ഒപ്പും, മാനേജരുടെ ഒപ്പും, സ്റ്റോർ കക്ലിയറൻസും കഴിഞ്ഞാൽ ഫോം എച്ച്.ആർ. ഡിപ്പാർട്ടുമെന്റിലേക്ക് ഇമെയിൽ അയക്കണം,ഒപ്പം വൈകുന്നേരമാകുമ്പോളേക്കും പാസ്സ്‌പോർട്ടും റെഡിയാക്കണം. ആ ഫോം പരിശോധിച്ചുകൊണ്ടിരിക്കുമ്പൾ തന്നെ അയാളുടെ പ്രോജക്ട് എഞ്ചിനീയർ മീറ്റിങ്ങും കഴിഞ്ഞ് അവിടേക്ക് വന്നു. ഞാൻ ആ ആ  ലീവ് ആപ്ലിക്കേഷൻ എൻജിനീയറെ ഉയർത്തിക്കാണിച്ചു.

"ഇതിൽ നിങ്ങളുടെ ഒപ്പുവേണം... എമർജൻസി ലീവാണ്"

ഞാൻ നീട്ടിയ പേപ്പർ എഞ്ചിനീയർ ലിംഗനിർണയം നടത്താനെന്നപോലെ  തിരിച്ചും മറിച്ചും നോക്കി.  എന്നിട്ട് ആ ടെക്‌നീഷ്യനോട്‌ ഹിന്ദിയിൽ ചോദിച്ചു.

"എന്താണ് നിൻറെ പേര്?"
"പ്രദീപ്" തളർന്ന സ്വരം
"നോക്കൂ പ്രദീപ്,  സൈറ്റിൽ ഇപ്പാൾ അർജന്റ് പണിനടന്നുകൊണ്ടിരിക്കുകയാണ്.  ഇപ്പോൾ തന്നെ എനിക്ക് പണി തീർക്കാൻ ആൾക്കാർ കുറവാണ്... പിന്നെ ഞാൻ എങ്ങിനെ തൻറെ ലീവിൽ ഒപ്പിടും?"

ഷോക്കേറ്റപോലെ പ്രദീപ് എന്നെയും എൻജിനീയറെയും നോക്കി.

"സാർ, എനിക്ക് ലീവ് മാറ്റിവയ്ക്കാനാകില്ല.  അച്ഛന്റെ അവസ്ഥ അത്ര ഗുരുതരമാണ്.... എൻറെ ലീവ് പാസ്സാക്കിത്തരണം സാർ... പ്ലീസ്..."

അയാൾ ഒരുതരം കരച്ചിലിന്റെ വക്കത്താണെന്നെനിക്ക് മനസ്സിലായി.  പക്ഷേ എഞ്ചിനീയർ ശാന്തനാകുന്നില്ല.  എന്നിട്ട് എൻറെ നേരെ തിരിഞ്ഞ് ആംഗലേയത്തിൽ ഇങ്ങിനെ പറഞ്ഞു.

"Why you are allowing this type of workers in morning? They have to come at their break time only. And who told you to give leave application form without my knowledge? "

സംഗതിയുടെ പോക്ക് വേറൊരുവഴിക്കാണ് പോകുന്നതെന്ന് എനിക്ക് മനസ്സിലായി. ഇപ്പോൾ മീറ്റിങ്ങിൽ കിട്ടിയ ഡോസിന്റെ പ്രീതിഫലനമായിരിക്കുമിത്. ഞാൻ ശാന്തനായിത്തന്നെ മറുപടി പറഞ്ഞു.

"It is an emergency case, so we have to break normal protocols on a humanitarian basis.."

എഞ്ചിനീയർ ശാന്തനാകുന്നില്ല. രംഗം വഷളാക്കാതെ കൈകാര്യംചെയ്യുന്നതാണ്  ഉത്തമം എന്നെനിക്കും തോന്നി. എഞ്ചിനീയർ ഇടംകോലിട്ടാൽ പ്രദീപിന്റെ നാട്ടിൽ പോക്ക് മുടങ്ങും.

"We can't entertain this type of idiots ....."

എഞ്ചിനീയർ വാക്കുകൾ മുഴിപ്പിക്കും  മുമ്പ് പ്രദീപ് ഇടക്കുകയറി സംസാരിക്കാൻ തുടങ്ങി.

"Sir.. I am not an idiot.  I am a grade 'A' technician and very proud on it.  May be my financial status is less than you...Now I am begging for my father. Please approve my leave...."

പ്രദീപ് ഒന്ന് നിർത്തി. എന്നിട്ട് തുടർന്നു.

"He is admitted in hospital... Sir, please think if it happen to your dad; what you will do??"

പ്രദീപിന്റെ ചോദ്യത്തെക്കാൾ അയാളുടെ ഒഴുക്കിലുള്ള ഇംഗ്ലീഷ് കേട്ടാണ് എഞ്ചിനീയർ ഞെട്ടിയത്. കൈവിട്ടുപോയ തൻറെ വാക്കിനെ തിരിച്ചെടുക്കാനാകില്ലല്ലോ.  പ്രദീപിന്റെ മുഖത്തേക്ക് നോക്കിയ എനിക്ക് അങ്ങാടിയിൽ ജയൻ പറഞ്ഞ് കയ്യടിനേടിയ വാക്കുകൾ ഓർമ്മയിൽ വന്നു.

"May be we are poor.. coolies, but we are not beggars.."

വാഗ്‌വാദം പിന്നീട് അധികം നീണ്ടുനിന്നില്ല.  എഞ്ചിനീയർ പ്രദീപിന്റെ ലീവ്‌ഫോമിൽ ഒപ്പിട്ടു. പോകുമ്പോൾ പ്രദീപിന്റെ തോളിലൊന്ന് തട്ടി പറഞ്ഞു

"Your English very good.  Keep it up ..."  അതിൽ അഭിനന്ദനത്തെക്കാൾ ഒരു ക്ഷമാപണം മുഴച്ചുനിൽക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞു.

"Thank you sir..." പ്രദീപ് ചിരിച്ചു. ഉടനെ തന്നെ മാനേജരുടെ ഒപ്പും, സ്റ്റോറിൽ നിന്ന് ക്ലിയറൻസും വാങ്ങി ലീവ് ഫോം ഞാൻ എച്ച്. ആർ. ഡിപ്പാർട്ടുമെന്റിലേക്ക് അയച്ചു. ഒപ്പം അയാളുടെ പാസ്സ്‌പോർട്ട് വൈകുന്നേരത്തേക്ക് റിലീസ് ചെയ്യാനുള്ള ഏർപ്പാടും. എല്ലാം കഴിഞ്ഞെന്നു മനസ്സിലായ പ്രദീപ് പോകാൻ തുടങ്ങിയപ്പോൾ എന്നിലടങ്ങാതെ പൊന്തിവന്ന ആകാംഷകാരണം ഞാൻ ചോദിച്ചു.

"പ്രദീപ് നിങ്ങൾ ഇത്ര ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്നല്ലോ, എന്തുവരെ പഠിച്ചിട്ടുണ്ട്?"

അതിന് ഉത്തരം ഒരു നിമിഷത്തെ മൗനമായിരുന്നു. പിന്നെ പറഞ്ഞു.

"അതൊക്കെ വലിയ കഥായാ സാറേ...."
"ചുരുക്കി പറ... കേൾക്കട്ടെ.."

എൻറെ അടുത്തേക്ക് തിരിഞ്ഞുവന്ന്  പ്രദീപ് അന്ന്‌ പറഞ്ഞ കഥ എന്നെ ഒത്തിരി ചിന്തിപ്പിക്കാൻ പോന്നതായിരുന്നു. തൻറെ സഹപ്രവർത്തകരോട് പോലും അധികം പറയാതെ മനസ്സിൻറെ കോണിൽ പ്രദീപ് സൂക്ഷിച്ചുവച്ചതൊക്കെ എൻറെ മുന്നിൽ അയാൾ തുറന്നിട്ടു. അതുവരെ ഞാൻ കേൾക്കാത്ത ഒരു പ്രവാസത്തിൻറെ കഥ.

ബി.എ. നല്ല മാർക്കോടെയാണ് പ്രദീപ് ജയിച്ചത്. അതിനുശേഷം ബാംഗ്ലൂറിൽ ചേക്കേറി. അവിടെ ഒരു പൈവറ്റ്  കോളേജിൽ ഇക്കണോമിക്സ് അദ്ധ്യാപകനായി കിട്ടി. കല്യാണം കഴിഞ്ഞു, കുട്ടികളും ആയിക്കഴിഞ്ഞപ്പോൾ താൻ സ്വരുക്കൂട്ടിയ സമ്പാദ്യം എല്ലാം കൂട്ടിവെച്ച് നാട്ടിൽ എന്തെങ്കിലും ബിസ്സിനസ്സ് തുടങ്ങാം എന്ന് ചിന്തിച്ചു.  മാതാപിതാക്കളോടും, കുടുംബത്തോടുമൊപ്പം കഴിയാം എന്നൊരു 'അത്യാഗ്രഹ'മായിരുന്നു അതിനുപിന്നിൽ.  അങ്ങനെ നാട്ടിൽ എത്തിയ പ്രദീപ് പ്ലംബിംഗ് കോൺട്രാക്ട് എടുത്ത് ചെയ്യാൻ തുടങ്ങി. കുറെ പണിക്കരെയും വച്ചു. മെല്ലെമെല്ലെ ഒന്നുപച്ചപിടിച്ചുവരുമ്പോൾ പൊടുന്നനെ പണികൾ കുറഞ്ഞു. കടം കയറി. പണം പലിശക്കെടുത്ത് മുമ്പോട്ടുപോകാൻ ശ്രമം നടത്തിയപ്പോൾ വീണ്ടും അടിപതറി.

കടംകയറി കുത്തുപാളയെടുത്തപ്പോൾ ആരോ അയാൾക്ക് ഗൾഫ് എന്ന ആശയം മുളപ്പിച്ചുകൊടുത്തു.  അങ്ങനെ ബി.എ. ബിരുദധാരി, പ്ലംബിങ് കോൺട്രാക്ടർ സി. ഗ്രേഡ് പ്ലംബറായി ഗൾഫിലെത്തി.  കാലങ്ങൾ കൊഴിഞ്ഞുവീണു.  ഇപ്പോൾ എ ഗ്രേഡ് പ്ലംബറായി.    കടങ്ങൾ ഒക്കെ വീടി.  കുടുംബത്തിനായി ഇനി എന്തെങ്കിലും സമ്പാദ്യം ഉണ്ടാക്കണം  എന്ന ചിന്തയുമായി കഴിയവെയാണ് അച്ഛന് അസുഖം പിടിപെടുന്നത്.  പിന്നെയും പ്രദീപിന്റെ കീശ ചോർന്നുകൊണ്ടിരുന്നു.

തൻറെ കഥ അതിവേഗം പറഞ്ഞുതീർന്ന് ഒരു നെടുനിശ്വാസവുമായി പ്രദീപ് നിന്നപ്പോൾ ഞാൻ ചോദിച്ചു.

"നിങ്ങൾ ഒരു ബിരുദധാരിയല്ലേ? ഓഫീസിൽ എന്തെങ്കിലും ജോലിക്ക് ശ്രമിച്ചുകൂടായിരുന്നോ?നമ്മുടെ കമ്പനിയിൽ തന്നെ.."

"സാറേ... കടങ്ങൾ തലയിൽ അടയിരിക്കുമ്പോൾ, എൻറെ കുടുംബം പട്ടിണികിടക്കുമ്പോൾ ഒരു ജോലിമാറ്റം എന്ന പരീക്ഷണത്തിന് ഞാനെങ്ങനെ മുതിരും?  അതുകൊണ്ടുതന്നെയാണ് ഞാനിതൊന്നും ആരോടും പറയാഞ്ഞത്.    ലേബർക്യാമ്പിൽ കുടുസുമുറിയും, മൂട്ടകടിയും, വയറിനുപിടിക്കാത്ത ഭക്ഷണവും ഒന്നും എനിക്ക് പ്രശ്നമായിരുന്നില്ല.  എൻറെ കൺമുമ്പിൽ എപ്പോളും എൻറെ മാതാപിതാക്കളും, ഭാര്യയും, മക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.  എന്നെ മാത്രം നോക്കിയിരിക്കുന്ന കുറെ കണ്ണുകൾ.. കുറെ ജീവനുകൾ. എനിക്ക് ഇതിൽക്കൂടുതൽ ഒന്നും ജീവിതത്തിൽ വിധിച്ചിട്ടില്ല സാറേ... തലവര എന്നൊന്നുണ്ടല്ലോ, അതിങ്ങനെയായിപ്പോയി.  എന്നാലും ഞാൻ സന്തോഷവാനാണ്. എൻറെ അപ്പനും അമ്മയ്ക്കും കുടുംബത്തിനും വേണ്ടി ഇത്രയൊക്കെ ചെയ്യാൻ പറ്റിയല്ലോ.

"ഇനിയും ശ്രമിക്കരുതോ..."
"ഇനിയുമോ..? ഈ നാല്പത്തിഅഞ്ചാം വയസ്സിലോ?  വേണ്ട സാറേ.. മൂന്നുനാലുവർഷം കൂടി ഇവിടെ നിന്നിട്ട് തിരികെപോകണം എന്നാണാഗ്രഹം."

എൻറെ മുറിയിൽനിന്നും അതും പറഞ്ഞ് പ്രദീപ് നടന്നകലുമ്പോൾ മനസ്സിൻറെ കോണിൽനിന്നെവിടെയോ ഒരു ചുഴലിക്കാറ്റടിച്ചുയരുന്ന പോലെ എനിക്ക് തോന്നി.  എന്തൊക്കെയോ അടിച്ചുതകർക്കൻമാത്രം ശക്തിയുള്ള കാറ്റ്.

അന്നുരാത്രി ഉറക്കം വരാതെ ഞാൻ തിരിഞ്ഞും, മറിഞ്ഞും കിടന്നു.കണ്ണടച്ചാൽ ഒരു ത്രീ ഡയമെൻഷൻ ചിത്രംപോലെ പ്രദീപിന്റെ മുഖം തെളിഞ്ഞുവരുന്നു.

കിട്ടിയ സൗഭാഗ്യത്തെപ്പറ്റി ചിന്തിക്കാതെ കിട്ടാത്ത സ്വർഗ്ഗത്തെക്കുറിച്ച് വേവലാതിപ്പെടുന്നവരാണ് നമ്മൾ. അതുകൊണ്ടുതന്നെയാണ് ജീവിതകാലം മുഴുവൻ പ്രവാസത്തിൽ കഴിഞ്ഞാലും ജോലിയില്ലാതെ നാട്ടിലേക്ക് പോകുന്നതാലോചിക്കുമ്പോൾ നാം ഞെട്ടിത്തരിച്ചുപോകുന്നത്.

അന്ന് രാത്രി ഞാൻ ആലോചിച്ചു. എൻറെ സമപ്രായക്കാർ, എന്നെക്കാൾ യോഗ്യതയുള്ളവർ എത്രയോപേർ എനിക്കു കിട്ടിയ  സൗഭാഗ്യങ്ങൾ ലഭിക്കാതെ ജീവിക്കുന്നു.  അപ്പോൾ ഞാൻ എത്ര ഭാഗ്യവാനാണ്.... എത്ര സമ്പന്നനാണ്...? മുകളിലത്തെ പടവുകളിലെത്തിയിട്ട് ഒരിക്കൽപോലും നമ്മൾ താഴെപടവുകളിൽ നിൽക്കുന്നവരെ ഓർക്കാൻപോലും ശ്രമിക്കാത്തതെന്താണ്?

പ്രദീപിന്റെ കഥ എനിക്ക് നൽകിയ പാഠം വലുതായിരുന്നു.  ഒരാളെയും മുൻവിധിയോടെ കാണരുത്. പലരുടെയും ചുറ്റുപാടുകൾ ആണ് അവരുടെ അവസ്ഥയെ, ജീവിതത്തെ നിയന്ത്രിക്കുന്നത്. നിലയില്ലാകയത്തിലേക്ക് മുങ്ങിച്ചാവാൻ പോകുന്നവന് ഒരു കച്ചിത്തുരുമ്പുപോലെയാണ് പലപ്പോഴും പ്രവാസം. ബാച്ചിലർ റൂമുകളിലും, ലേബർക്യാമ്പുകളിലും ഉയരുന്ന ചുടുനിശ്വാസങ്ങളാണ് നാട്ടിൽ അവരുടെ വീടുകളിൽ അടുപ്പുപുകയ്ക്കുന്നതും, പുഞ്ചിരിതെളിയിക്കുന്നതും.

ഓരോ പ്രവാസിയുടെ ജീവിതവും ഓരോ കഥയാണ്. തള്ളിക്കളഞ്ഞ കല്ലുകൾ ആണ് പ്രവാസിയെന്ന മൂലക്കളായി പലപ്പോഴും തീരുന്നത്.

പ്രദീപ് ലീവിന് പോയി. തിരികെ വന്നു. പിന്നെയും ഇടക്കൊക്കെ കാണുമ്പോൾ ഞങ്ങൾ കുശലം പറയും, ചിരി സമ്മാനിക്കും. അപ്പോൾ ഒക്കെ എൻറെ മനസ്സ് മന്ത്രിക്കും. 'സുഹൃത്തെ.. വേദനയിൽനിന്നും ഉയർന്നുവരുന്ന താങ്കളുടെ പുഞ്ചിരിയുടെ മുന്നിൽ എൻറെ ചിരിയുടെ സ്ഥാനം ഒന്നുമേയല്ല'


രണ്ട് എമിറേറ്റുകൾ, രണ്ട് സംഭവങ്ങൾ 

രണ്ട് എമിറേറ്റുകൾ. രണ്ട് രണ്ട് സംഭവങ്ങൾ. ഒന്ന് എൻറെ കൂട്ടുകാരന് സംഭവിച്ചത് മറ്റൊന്ന് എനിക്കും.  രണ്ടും മനസ്സിൻറെ കോണിൽ ഇങ്ങനെ പറ്റിപ്പിടിച്ചു കിടക്കുകയാണ്. മായ്ച്ചാലും, മായ്ച്ചാലും മാഞ്ഞുപോകാതെ. ചില രാവിൻറെ വിജനതയിൽ ഉറക്കം കൺകളിലേക്ക് വന്നുചേരുംമുമ്പ് ഇത്തരം നനുനനുത്ത ഓർമ്മകൾ മനസ്സിൻറെ വെള്ളിത്തിരയിൽ ഓരോരോ ഫ്രേമുകളായി കാണുന്നത് ഒരു സുഖംതന്നെയാണ്.

ബാർബർഷോപ്പിലെ അറബി 
നക്കീൽ സിറ്റിയിലെ ചൂടുള്ള പകൽ മാറി സൂര്യൻ പടിഞ്ഞാറേക്ക് മുങ്ങാങ്കുഴിയിട്ടപ്പോൾ, വീക്കെൻഡിന്റെ ഉത്സാഹം കൂടി നിറഞ്ഞപ്പോൾ എങ്ങും തിരക്കോടുതിരക്ക്. ഗൾഫ് സിനിമയുടെ പരിസരത്തെല്ലാം യോഗം കൂടെനിന്നപോലെ ബംഗാളികളും, പാകിസ്ഥാനികളും കൂട്ടംകൂടി നിൽക്കുന്നു. അലഞ്ഞു നടക്കുന്നവരെപോലെ മലബാറികൾ.

എൻറെ സുഹൃത്ത് ധൃതിയിൽ ഗൾഫ് സിനിമയുടെഅടുത്തുതന്നെയുള്ള ഒരു ബാർബർഷാപ്പിലേക്ക് കയറി. അധികപ്പറ്റായി വളർന്നുകൂടിയിരിക്കുന്ന തലയിലെ കുറ്റിക്കാടുകൾ വെട്ടിക്കളയണം.  അകത്തേക്ക് കയറിയപ്പോളാണ് പുറത്തുള്ളതിനേക്കാൾ തിരക്ക് അവിടെയുണ്ടെന്നറിഞ്ഞത്.  എന്തുചെയ്യാം? . നക്കീലിൽ ഉള്ളതിൽ അറിയാവുന്ന നല്ല മുടിവെട്ടുകട ഇതാണ്. ക്യൂവിൽ ഇരിക്കുകതന്നെ.  മണിക്കൂറോളം ഇരിക്കേണ്ടിവന്നേക്കാം. ഉള്ളിൽ പിറുപിറുത്തുകൊണ്ട് അവനവിടിരുന്നു.

ഇത്തരം വിരസ നിമിഷങ്ങൾ സന്തോഷപ്രദമാക്കാൻ എല്ലാ ബാർബർഷോപ്പുകളെപ്പോലെ അവിടെയും പഴയതും പുതിയതുമായ ഒരുപാട് മാസികകൾ, പത്രങ്ങൾ ഒക്കെ നിരത്തിയിട്ടിരുന്നു. പലകൈകളിൽ കയറിയിറങ്ങി പലതും വാവലുചപ്പിയ പറങ്കിപ്പഴംപോലെയായിരുന്നുതാനും. എൻറെ സുഹൃത്ത് മാസികകളിലെ കളർപേജുകളിൽ കണ്ണൂന്നിയിരുന്നു.  പേജുകൾ മറിയുമ്പോൾ ഓരോരുത്തരായി തലമുടിവെട്ടി പോയിക്കൊണ്ടേയിരുന്നു. ഓരോരുത്തർ പോകുമ്പോളും തന്റെ ഊഴം അടുത്തടുത് വരുന്നത് അവൻ അറിഞ്ഞു.  ഇടയ്ക്കിടെ മുടിവെട്ടുകാരൻ മലയാളി നൽകുന്ന പുഞ്ചിരി ഒരു ബോണസ്സായി അവൻ ഏറ്റുവാങ്ങി.

അങ്ങിനെ എൻറെ സുഹൃത്തിൻറെ ഊഴം എത്തി. ഇരിപ്പിടത്തിൽ നിന്നും എണീക്കുമ്പോൾ എവിടെനിന്നോ കൊടുങ്കാറ്റടിച്ചകത്തേക്ക് കയറുംപോലെ ഒരറബി വന്നുകയറി. ഊദിന്റെ പരിമളം അവിടെങ്ങും പരന്നു. അയാൾ മുടിവെട്ടുകാരനോട് തൻറെ ആവശ്യം പറഞ്ഞു. അത്യാവശ്യം മുടിവെട്ടണം, ഒരിടം വരെ പോകാനാണ്. എന്നാൽ മുടിവെട്ടുകാരൻ അത് സമ്മതിക്കാൻ തയാറായില്ല. എൻറെ സുഹൃത്തിൻറെ ഊഴമാണ് എടുത്തതെന്നും, അവൻ സമ്മതിക്കുകയാണെങ്കിൽ മാത്രമേ താൻ അറബിയുടെ മുടി വെട്ടൂ എന്നും തുറന്നുപറഞ്ഞു.

ഒരു നിമിഷം ആലോചിച്ച അറബി എൻറെ സുഹൃത്തിൻറെ നേരെ തിരിഞ്ഞു.  യാചിക്കുന്നപോലെ അറബിയിൽ സംസാരിക്കാൻ തുടങ്ങി. അയാളുടെ മുഖഭാവം കണ്ട എൻറെ സുഹൃത്ത് ആലോചിച്ചു. എന്തായാലും ഇത്രനേരമിരുന്നു. ഇനി ഇത്തിരിനേരം കൂടി ഇരുന്നാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇതുകഴിഞ്ഞാലും നക്കീലിൽ അലഞ്ഞുതിരിയാനുള്ളതാണ്.   പുഞ്ചിരിക്കാൻ ഒരു പാഴ്ശ്രമം നടത്തി അവൻ തിരികെ ഇരുന്ന സ്ഥലത്തേക്ക് തന്നെ പോയി ഇരുന്നു. വീണ്ടും വവ്വാല് ചപ്പിയ മാസികകൾ, കളർചിത്രങ്ങൾ.

അരമണിക്കൂർ കഴഞ്ഞപ്പോൾ അറബി മുടിവെട്ട് കഴിഞ്ഞ് എണീറ്റു. എൻറെ സുഹൃത്തിനെ നോക്കി നല്ലൊരുചിരി പാസാക്കി അറബിയിൽ നന്ദിയും പറഞ്ഞ് പോയി. അവൻ മുടിവെട്ടാൻ കയറിയിരുന്നു. പട്ടരുഹോട്ടലിന്റെ ക്യാഷ് കൗണ്ടറിനു മുമ്പിൽ വച്ചിരിക്കുന്ന കുടവറയാൻ പ്രിതിമ ഇരിക്കുംപോലെ ഇരുന്ന്,  കത്രികയുടെ ശബ്ദവും, പൗഡറിൻറെ ഗന്ധവും, മുടിവെട്ടുകാരൻറെ വാതോരാത്തുള്ള സംഭാഷണവും കേട്ട് അവൻറെ തലമുടികൾ മറിഞ്ഞുവീണുകൊണ്ടിരുന്നു.

മുടിവെട്ടുകഴിഞ്ഞ് അവൻ എണീറ്റു. പോക്കറ്റിൽ തപ്പി പേഴ്സിന്റെ അഗാധതയിൽ നിന്നും ദിർഹം വലിച്ചെടുത്ത് മുടിവെട്ടുകാരന് നീട്ടിയപ്പോൾ അയാൾ കൈതടഞ്ഞുകൊണ്ട്  പറഞ്ഞു.

"നിങ്ങളുടെ കയ്യിൽനിന്നും പണം വാങ്ങാൻ എനിക്ക് പറ്റില്ല ചേട്ടാ..."

എൻറെ സുഹൃത്ത് അതുഭുതത്തോടെ അയാളെ നോക്കി. "അതെന്താ...??!!"

"അതോ ..  മുമ്പ് വന്ന അറബി താങ്കളുടെ കൂടി മുടിവെട്ടിയതിന്റെ പണം തന്നിട്ടാണ് പോയത്... ഒരു ജോലിക്ക് രണ്ട് കൂലി വാങ്ങാൻ പാടുണ്ടോ?"

ബാർബർഷോപ്പുകാരന്റെ ഉത്തരം കേട്ട് പുറത്തേക്കിറങ്ങി നടക്കുമ്പോൾ എൻറെ സുഹൃത്തിൻറെ മുഖത്ത് നിറഞ്ഞുനിന്നത് അത്ഭുതമാണോ, സന്തോഷമാണോ എന്ന് തിരിച്ചറിയാൻ പ്രയാസമായിരുന്നു.


കഫറ്റീരിയയിലെ അറബി
അബുദാബിയിൽ ചുട്ടുപൊള്ളുന്ന ചൂടും സമ്മാനിച്ച് സൂര്യദേവൻ ചിരിച്ചുകൊണ്ട് നിൽക്കുന്ന  ഒരുച്ചസമയത്ത്  ഖലീഫാ സിറ്റിയിലെ ഒരു കഫറ്റീരിയായിൽ ഞാൻ കയറിയത്.  ചൂടിൽനിന്നും രക്ഷ നേടാൻ വേണ്ടിമാത്രമായിരുന്നില്ല, പിന്നെയോ രാവിലെമുതൽ ജോലിത്തിരക്ക് കാരണം നിറയ്ക്കാൻ മറന്നുപോയ വയറിൻറെ പരവേശംകൊണ്ട് കൂടിയാണ്.  അകത്ത് കയറിയപ്പോൾതന്നെ നരകത്തിൽ നിന്നും സ്വർഗത്തിലേക്ക് എത്തിയ പ്രതീതി തോന്നി.

ഭക്ഷണം ഓർഡർ ചെയ്തു. ഇനിയുള്ള പത്ത് പതിനഞ്ച് മിനിറ്റ്  കാത്തിരിപ്പ് അസഹനീയമാണ്. പ്രത്യകിച്ച് വിശന്നുപൊരിയുമ്പോൾ ബർഗറിന്റേയും , ഫ്രഞ്ച് ഫ്രൈയ്യുടെയും  മണവുമേറ്റ് ഉള്ള ഇരിപ്പ്.  അപ്പോളാണ് ഞാൻ തൊട്ടടുത്ത് ടേബിളിൽ രണ്ടുമൂന്ന് അറബിപ്പയ്യന്മാർ മേശനിറയെ കണ്ണിന് എണ്ണാൻ പറ്റാത്തപോലെ വിഭവങ്ങളുമായി ഇരിക്കുന്നത് കണ്ടത്.  അതിലൊരുപയ്യൻ എന്നെ നോക്കിയൊന്ന് ചിരിച്ചു. ഞാൻ തിരിച്ചും.

എൻറെ ബർഗർ റെഡിയായി. ഫ്രഞ്ച് ഫ്രൈയ്യുടെ മണം മൂക്കിലേക്കടിച്ച് കയറി. പരിസരം മറന്ന് ഞാൻ കഴിക്കാൻ തുടങ്ങി. അല്ലെങ്കിലും വിശപ്പിന് കണ്ണില്ലല്ലോ.

തോളിൽ ഒരു സ്പർശനം അറിഞ്ഞപ്പോൾ ഞാൻ ഞെട്ടി പുറകോട്ടു തിരിഞ്ഞു. എന്നെ നോക്കി ചിരിച്ച തൊട്ടുമുന്നിലിരുന്ന അറബി പയ്യൻ.  അതുഭുതം കണ്ണിൽ നിറച്ച് ഞാൻ നോക്കിയപ്പോൾ ആ പയ്യൻ ചിരിക്കാൻ തുടങ്ങി.

"ഹബീബി.... നോ ജ്യൂസ്??.."

എൻറെ ബർഗറിന്റെ കൂടെ എന്താ ജ്യൂസ് ഓർഡർ ചെയ്യാത്തത് എന്നാണ് പയ്യൻ ചോദിക്കുന്നത്. ഒരു പക്ഷേ ഇവൻ ഈ കഫറ്റീരിയായുടെ മുതലാളിയായിരിക്കുമോ? ഞാൻ മിന്നായം പോലെ ഒന്ന് ചിന്തിച്ചു.

"നോ... താങ്ക്സ്.." ഞാൻ ചിരി തിരികെ നൽകാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

"അഹമ്മദ്....." അറബിപ്പയ്യൻ കടയുടെ ക്യാഷ് കൗണ്ടറിൽ ഇരിക്കുന്ന മലയാളിയെ ഉറക്കെ വിളിച്ചു. അയാൾ ഓടിവന്നു.  അയാളോട് അറബിയിൽ എന്തൊക്കെയോ ആ പയ്യൻ പറഞ്ഞു. കടിച്ചാൽ പൊട്ടാത്ത അറബി കേട്ട് നിൽക്കുന്ന എൻറെ തോളിൽത്തട്ടി ഒരു ചിരികൂടി സമ്മാനിച്ച് ആ പയ്യൻ തൻറെ കൂട്ടുകാരെയും വിളിച്ച് പുറത്തേക്കിറങ്ങിപ്പോയി.

അല്പസമയത്തിനുള്ളിൽ കോക്ടെയിൽ പോലെയുള്ള വലിയൊരു ഫ്രഷ്ജ്യൂസ് എൻറെ മുന്നിൽ എത്തി. പിന്നാലെ എന്തൊക്കെയോ സ്‌പെഷ്യൽ വിഭവങ്ങളും. ദൈവമേ എന്തായിത്? ഞാൻ കടക്കാരനെ കുതുകത്തോടെ നോക്കി. എന്നാൽ അറബിപ്പയ്യൻ തന്ന പുഞ്ചിരിയുടെ ബാക്കിയെന്നോണം ഒരെണ്ണം സമ്മാനിച്ച്കൊണ്ട് അയാൾ കൗണ്ടറിൽ പണമെന്നുകയാണ്. എന്നിട്ടെന്നോട് വിളിച്ചുപറഞ്ഞു.

കഴിക്കൂ സുഹൃത്തേ... ആ അറബി പയ്യൻ താങ്കൾക്കായിട്ട് ഓർഡർ തന്നിട്ട് പോയതാ... താങ്കൾ കഴിച്ചതിന്റെയും ഇപ്പോൾ കഴിക്കുന്നതിന്റെയും എല്ലാം പണവും തന്നിട്ടാ പോയത്.  അവനെന്തോ സന്തോഷമുള്ള ദിവസമാണത്രേ ഇന്ന്"

നിറഞ്ഞ വയറും തിരുമ്മി, ഒരേമ്പക്കവും വിട്ട് പുറത്തിറങ്ങുമ്പോൾ ഞാൻ ചുറ്റും നോക്കി. ആ അറബി പയ്യൻ അടുത്തെങ്ങാനം ഉണ്ടോ? ഒരു നന്ദിയെങ്കിലും പറയാൻ?

ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ എന്നോടുതന്നെ ചോദിച്ച് ഖലീഫാ സിറ്റിയിൽ നിന്നും ഞാൻ ഓഫീസിലേക്ക് തിരിച്ചു.

രണ്ട് സംഭവങ്ങൾ. രണ്ട് എമിറേറ്റുകൾ. ഒന്നാമത്തേത് റാസൽഖൈമയിൽ  2004 ൽ സംഭവിച്ചു. രണ്ടാമത്തേത് അബുദാബിയിൽ  2010 സംഭവിച്ചു. ഇന്നും ഇടക്കിടെ ഓർമ്മകളുടെ തൂവൽസ്പർശം ഏൽക്കുമ്പോൾ ആ ചിരിക്കുന്ന അറബിപ്പയ്യൻറെ മുഖം മായാതെ മനസ്സിൽ കടന്നു വരും.