Wednesday, November 27, 2019

ബേളൂർ ഡയറി

ബേളൂർ ഡയറി
മധു കാഞ്ഞങ്ങാട് 
പേജ് - 119, വില - 120, കൈരളി ബുക്‌സ് 
------------------------------------------------- 

ഗൃഹാതുരത്വ സ്‌മരണകൾ ഒരു കല്യാണാലോചനയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കാനുള്ള എഴുത്തുകാരൻറെ ശ്രമമാണ് 'ബേളൂർ ഡയറി'.  കുറിപ്പുകൾ എന്ന ഗണത്തിലാണ് പുസ്‌തകം ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും ഒരു നോവൽ പോലെ  ആസ്വദിക്കാവുന്ന എഴുത്ത്.

കഥാകാരൻ തുടക്കത്തിൽ പറയുന്നതുപോലെ, ലളിതമായി കഥ പറഞ്ഞുപോകുന്ന ശൈലിയാണ് ആദ്യാവസാനം. തൻറെ ജീവിത പരിസരങ്ങളെ ഓർത്തെടുക്കാനും അവയ്ക്ക് ഹാസ്യത്തിൻറെ മേമ്പൊടി ചാർത്തി ചിരിയോടൊപ്പം ചിന്തയും നൽകുവാനും മധു നടത്തുന്ന ശ്രമം പാഴായിപോയിട്ടില്ല.  വായനക്കാനെ കൈയ്യിലെടുത്ത് തൻറെകൂടെ നടത്തുവാൻ ഒട്ടനവധി നർമ്മമുഹൂർത്തങ്ങളിലൂടെ  എഴുത്തുകാരൻ ശ്രമിക്കുന്നു. രസികൻ ഉപമകളാലും, വർണ്ണനകളാലും സമ്പന്നമാണ് ബേളൂർ ഡയറി.  ഒരു പക്കാ എന്റർറ്റൈനെർ.

നാട്ടിൽ അവധിയ്ക്ക് വന്നശേഷം തിരികെ പോകുന്നതിന് മുമ്പ് ഒരു കല്യാണം നടത്തണം എന്ന കഥാനായകന്റെ ആഗ്രഹവും, അതിനുവേണ്ടി ഇറങ്ങിത്തിരിച്ച് പറ്റുന്ന അമളികളും ഒക്കെയാണ് കഥയിലുടനീളം. ഒപ്പം ഓർമ്മകളെ പിന്നിലേക്ക് ഓടിയ്ക്കുന്ന ഗ്രാമത്തിൻറെ സൗന്ദര്യവും നാടൻ ശീലുകളും, അനുഭവങ്ങളും ഒക്കെ ഇഴചേർന്ന ബേളൂർ ഡയറി വായന രസകരം തന്നെ.  അടുത്തകാലത്ത് വായിച്ച സജീവ് എടത്താടൻറെ ചിരിയുടെ പുരാണമായ 'സമ്പൂർണ്ണ കൊടകര പുരാണം' എന്ന പുസ്തകത്തിനോട് ചേർത്തുവയ്ക്കാവുന്ന എഴുത്തുരീതി.  

കാകദൃഷ്ടി:
----------------
കഥാസന്ദർഭങ്ങളുടെ കാലഘട്ടം പലപ്പോഴും വായനക്കാരന് സംശയം ജനിപ്പിച്ചേക്കാം.  ധൃതിയിൽ ഹാസ്യത്തിലേക്കും, ഗൃഹാതുരത്വത്തിലേക്കും മാറുന്നത് ടി. വി ചാനൽ പെട്ടെന്ന് മാറ്റുന്ന കല്ലുകടി ചിലയിടത്തൊക്കെ ഉണ്ടാക്കുന്നു. ഈ കൂട്ടിച്ചേർക്കൽ അനുപാതം ചിലപ്പോൾ രസകരമായും അനുഭവപ്പെടുന്നുണ്ട്. അവസാന പേജുകളിൽ എത്തുമ്പോൾ കഥ പെട്ടെന്ന് തീർന്നപോലെ ഒരു തോന്നൽ സ്വാഭാവികം. 

നാട്ടുപച്ച കാണുവാനും, ഇഷ്ടം പോലെ ചിരിച്ചുമറിയുവാനും ആഗഹിക്കുന്നവർ ആണെങ്കിൽ ഒരു കോമഡി സിനിമ കാണുന്ന പ്രതീതിയോടെ ബേളൂർ ഡയറി വായിക്കാം.

പിൻകുറിപ്പ്:
-----------------
'ബേളൂർ ഡയറി' എഴുതുവാൻ പ്രചോദനം കിട്ടിയത് ഞാൻ സോഷ്യൽ മീഡിയയിൽ എഴുതിയ 'പെണ്ണുകാണൽ കഥ'യിൽ നിന്നാണെന്ന് എഴുത്തുകാരൻ പറയുകയുണ്ടായി. എന്നാൽ ഇവിടെ എഴുത്തിൽ തന്റേതായ സ്ഥാനം നേടുവാൻ മധു കാഞ്ഞങ്ങാട് വിജയിച്ചിരിക്കുന്നു.