Wednesday, April 10, 2019

മനസ്സിലെ തണൽമരങ്ങൾ - 06

മനസ്സിലെ തണൽമരങ്ങൾ - 06
എന്നെ ചോരനാക്കിയ മരം
----------------------------

മുറിഞ്ഞകൽ മുതൽ കൂടൽവരെ മനസ്സിൽ പതിഞ്ഞ പാതയോരത്തെ  തണൽമരങ്ങളിൽ ഏറെയും മാവുകൾ ആയിരുന്നു എന്നതാണ് സത്യം.  ഗാന്ധിമുക്കിന് അടുത്തുള്ള പഴയ നഴ്‌സറിയുടെ മുന്നിലുള്ളതും, ഭണ്ഡാരത്ത്കാവിന് മുന്നിലുള്ളതുമായ രണ്ട് മാവുകളെപ്പറ്റി കഥകൾ മുമ്പ് ഞാൻ  പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ മാവിന്റെ കഥ വ്യത്യസ്‍തമാണ്. മനസ്സിൽ ഒരു നീറ്റലായി ഇന്നും നിലനിൽക്കുന്നതാണ് ഈ  വൻവൃക്ഷത്തിന്റെ കഥ.

ഗാന്ധിമുക്കിന് നിന്ന് അമ്പലപ്പടിയിലേക്ക് നടക്കുമ്പോൾ നൂറുമീറ്റർ ദൂരത്തിൽ റോഡിൻറെ വലതുവശത്ത് നെഞ്ചുവിരിച്ച് നിൽക്കുന്ന ഒരു നാട്ടുമാവ് ഉണ്ടായിരുന്നു. അവിടെനിന്ന് രണ്ട് വേലിചാടിയാൽ എൻറെ വീടായി.

മുള്ളുവേലികൾ ചാടുന്നത് ഹരവും, മുള്ളുകമ്പികൾക്കിടയിലൂടെ ഊർന്നിറങ്ങുന്നവർ വീരന്മാർ ആണെന്നും ചിന്തിച്ച് വാണിരുന്ന ബാല്യകാലം. അന്ന് മനസ്സിനെ സ്വാധീനിച്ചിരുന്ന വലിയവൃക്ഷം ഈ മാവായിരുന്നു.

അവിടെ തോടിനോട് ചേർന്ന് കുറെ പുരയിടവും, ഓടിട്ട ഒരു വീടും, തൊട്ടരികത്ത് നീണ്ടുകിടക്കുന്ന പാടശേഖരവും.  റോഡിന്റെ ഓരത്തായിട്ടാണ്  ഈ വൻമാവ് നിന്നിരുന്നത്. ഞങ്ങൾ ആ വീടിനും സ്ഥലത്തിനും 'കുമ്പളാംപൊയ്‌കക്കാരുടെ സ്ഥലം' എന്നാണ് വിളിച്ചിരുന്നത്. അന്ന് പല കുടുംബങ്ങളും അങ്ങനെയാണ് അറിയിൽപെട്ടിരുന്നത്. മനുഷ്യവാസം അധികം ഇല്ലാതിരിക്കുന്ന കാലത്തെങ്ങോ പലസ്ഥലങ്ങളിൽ നിന്നും വന്നു പാർത്തവരെ, അവർ വന്ന സ്ഥലത്തിന്റെ പേരിൽ അറിയപ്പെട്ടിരുന്നു. അങ്ങനെയാണ് അയൽപക്കത്തുള്ളവർക്ക്  കോന്നിക്കാർ, റാന്നിക്കാർ, കോഴഞ്ചേരിക്കാർ, മൈലപ്രാക്കാർ എന്നൊക്കെ വിളിപ്പേരുണ്ടായത്.

മേൽപറഞ്ഞ കുമ്പളാംപൊയ്‌കക്കാരുടെ വലിയ മാവിൻറെ തൊട്ടടുത്ത് ഉണ്ടായിരുന്ന ഓടിട്ട വീട്ടിൽ  കാലാകാലങ്ങളിൽ സ്ഥിരതാമസക്കാരില്ലാതെ മാറിമാറി പലരും വസിച്ചിരുന്നു. എൻറെ ബാല്യകാലത്ത്  ആ പറമ്പ് നോക്കിനടത്തിയിരുന്ന ബേബിച്ചായനോ അവരുടെ കുടുംബക്കാരോ ഒക്കെയാണ് ആ വീട്ടിൽ താമസിച്ചിരുന്നത്. ഈ ബേബിച്ചായൻ ഒരു സംഭവം ആയിരുന്നു. നല്ല ഉയരം. കട്ടയാൻ ശരീരം. ശരീരത്തിനേക്കാൾ വലിയ വയർ. കണ്ടാൽ ഒരു ഫയൽവാൻ ലൂക്ക്.  വയറിന് താഴെയോ മുകളിലോ എന്നറിയാതെ ഉടുത്തിരിക്കുന്ന കരയൻ കൈലി. പള്ളിയിലോ പുറത്തോ പോകുമ്പോൾ അല്ലാതെ ബേബിച്ചായൻ ഷർട്ട് ഇടുകയേ ഇല്ല. വലിയ വയർ കാട്ടി ബേബിച്ചായൻ വരുമ്പോൾ ആ വയറിനുള്ളിൽ കുട്ടികൾ ഉണ്ടോ എന്ന് ഞങ്ങൾ സ്വാഭാവികമായും സംശയിച്ചിരുന്നു. ആണുങ്ങൾ പ്രസവിക്കില്ല എന്ന സത്യം പിൽകാലത്ത് അറിഞ്ഞപ്പോൾ ആ വിഢിത്തരം ഓർത്ത് ഞങ്ങൾ ചിരിച്ചു. എന്തായാലും വലിയ വയറുമായി നടന്നുവരുന്ന ബേബിച്ചായന് നാട്ടുകാർ ഒരു പേരിട്ടു. 'പൂണൻബേബിച്ചായൻ'.

ബേബിച്ചായനെ ഞങ്ങൾക്ക് പേടിയായിരുന്നു. കാരണം കുമ്പളാം പൊയ്‌കക്കാരുടെ വസ്തുവിൽ കയറുമ്പോളും, അവിടെയുള്ള ചിറയിൽ കുളിക്കുമ്പോളും ഈ കാട്ടാഗുസ്തിക്കാരൻ ഞങ്ങൾ പിള്ളേരെ വിരട്ടിവിടും. ഇദ്ദേഹമാണ് ആ വസ്തുവിന്റെ നോട്ടക്കാരൻ. ഞങ്ങളെ ഒക്കെ കാണുമ്പോൾ ബേബിച്ചായൻ കയ്യിലിരിക്കുന്ന മുട്ടൻ വടി ഉയർത്തിക്കാണിക്കും. അതുകണ്ട് പേടിച്ചുതൂറികളായ ഞങ്ങൾ വേലിചാടി ഓടും.

റോഡിൻറെ ഓരത്ത് നിൽക്കുന്ന ആ മാവ് ഒന്നിടവിട്ട വർഷങ്ങളിൽ പൂക്കുകയും കായ്ക്കുകയും ചെയ്യും.  മാവിലെ മാമ്പഴക്കാലം ഒരുത്സവം തന്നെയായിരുന്നു. കാറ്റത്ത് 'ടപ്പോ' എന്ന ശബ്ദത്തിൽ വീഴുന്ന മാങ്ങകൾ കരസ്ഥമാക്കാൻ നല്ല സ്പോർട്സ്മാൻ സ്പിരിറ്റ് തന്നെ വേണമായിരുന്നു. കയ്യൂക്കുള്ളവൻ അവിടെ കാര്യക്കാരൻ.  കയ്യൂക്കില്ലാതെ എന്നെപ്പോലെ 'അശു'വായ പിള്ളേർക്ക് അത് കടിച്ച് ഈമ്പിക്കുടിക്കുന്നവനെ നോക്കി വെള്ളമിറക്കൽ മാത്രം ബാക്കി.  വീഴുന്ന മാങ്ങാ കരിയിലേയ്ക്കിടയിൽനിന്നും ഓടിച്ചെന്നെടുത്ത് നിക്കറിൽ ഉരച്ച് ചുന കളഞ്ഞ്, കടിച്ച് പൊട്ടിച്ച്, ഞെക്കി ഞെക്കി വലിച്ചുകുടിക്കുന്ന സ്വാദും, അനുഭൂതിയും ഒന്നുവേറെതന്നെയായിരുന്നു.

കുമ്പളാംപൊയ്‌കക്കാരുടെ ആ മാവ് ആ പ്രദേശത്തെ ഏറ്റവും തലയെടുപ്പുള്ളതും രണ്ട് മൂന്നാൾക്കാർ പിടിച്ചാൽ പിടി മുറ്റാത്തതുമായിരുന്നു. അത്രയും നീളത്തിലും വണ്ണത്തിലും ഉള്ള വലിയ മാവ് ഞാൻ ജീവിതത്തിൽ പിന്നീട് കണ്ടട്ടില്ല.  അതിനോട് അന്ന് കിടപിടിക്കാൻ അമ്പലപ്പടിയിലെ പുളിയും, പാലമരവും മാത്രമാണ്  ഉണ്ടായിരുന്നത്.  ആ മാവിൻറെ മുകളിൽ നൂറുകണക്കിന് കിളികൾ വസിച്ചിരുന്നു. അണ്ണാന്മാർ പൊത്തുകളിൽ കൂടുകെട്ടി താമസിച്ചിരുന്നു. പരുന്തുപോലുള്ള മുട്ടൻ പക്ഷികൾ ഉയരത്തിൽ മനുഷ്യസ്പർശം ഏൽക്കാത്ത ചില്ലകളിൽ പാർത്തിരുന്നു.

സ്‌കൂൾ അവധിക്കാലത്തായിരുന്നു ആ വൻമരം മാമ്പഴം തന്നിരുന്നത്. മരത്തിൻറെ വലിപ്പം പോലെത്തന്നെ മാമ്പഴവും ആ പ്രദേശത്തുള്ള ഏറ്റവും വലുത് തന്നെ. രണ്ടോ മൂന്നോ എണ്ണം കഴിച്ചാൽ വയർ നിറയും, ഏമ്പക്കവും  വരും.  പച്ചനിറത്തിനു മേലെ കറുത്ത പുള്ളി പടർന്ന  മാമ്പഴം കടിച്ചാൽ ചുനയൂറി വരും. കൊതിപ്പിക്കുന്ന മണം.  മഞ്ഞനിറമുള്ള നാരുകളാൽ സമൃദ്ധമായ തേൻ നിറച്ചപോലെയുള്ള മാംസളഭാഗം വലിച്ചുകുടിക്കുന്നത് ഓർത്താൽ തന്നെ വായിൽ വെള്ളമൂറും.  പകൽ സമയങ്ങളിൽ പാടത്തും പറമ്പിലും കൃഷി ചെയ്യുന്നവർ ആ മരത്തിൻറെ ചോട്ടിൽ വന്നിരിക്കുകയും, വിശ്രമിക്കുകയും ഇടയ്ക്കിടെ വീഴുന്ന മാമ്പഴം പെറുക്കി തിന്നുകയും ചെയ്യും.  എന്നെപ്പോലുള്ള അശക്തരായവർക്ക് അവിടെച്ചെന്ന് മാമ്പഴം പെറുക്കുക എന്നത് പകൽസമയം അപ്രാപ്യമായിരുന്നു.

മാമ്പഴത്തിൻറെ സ്വാദും ഗന്ധവും നൽകിയ ത്വര എന്നെ വലിയ ചോരനാക്കി മാറ്റി എന്നതാണ് സത്യം. പകൽ സമയം കയ്യെത്താകനി ആയിരുന്ന മാമ്പഴം അതിരാവിലെ ലോകം ഉണരും മുമ്പ് പോയി തപ്പാൻ ഞാൻ അനിയനെ കൂട്ടുപിടിച്ചു. അങ്ങനെ കിഴക്ക് പാങ്ങോട്ട് മലയിൽ പകലോൻ ഉണരും മുമ്പ് ഞങ്ങൾ ഉണരും. ഈടികെട്ടുകൾ ചാടി, മുള്ളുവേലികൾക്കിടയിലൂടെ ഊർന്നിറങ്ങും. നിക്കറിന്റെ പോക്കറ്റിലും, തോർത്തിലും രാത്രിമുഴുവൻ കാറ്റത്തും, വവ്വാലുകളുടെ താഡനമേറ്റും വീണുകിടക്കുന്ന മാമ്പഴങ്ങൾ പെറുക്കി നിറയ്ക്കും.  പൂണൻബേബിച്ചായൻ ഉണരും മുമ്പ്, മാവിൻറെ എതിർവശത്തുള്ള കോലത്തെ അനിയച്ചന്റെ വളർത്തുനായ  അറിയും മുമ്പേ; ഇരുളിൻറെ മറവിൽ കരിയിലപോലും അനങ്ങാതെ അപ്പൻറെ നാലുബാറ്ററിയുടെ എവറെഡി ടോർച്ച് മിന്നിച്ച് ഞാനും അനിയനും മോഷണം നടത്തി വീട്ടിലെത്തും.  അതിസാഹസികമായ മോഷണം!  ആ പ്രയത്നത്തിൽ ഏറ്റവും പ്രയാസം കോലത്തെ അനിയച്ചന്റെ നായയുടെ കുരയാണ്. നായ കുരച്ചാൽ പൂണൻബേബിച്ചായൻ ചാടി എണീക്കും. വടിയും ചുഴറ്റി "ആരാടാ അവിടെ..?!" എന്ന് പറഞ്ഞ് ഓടിവന്ന് ഞങ്ങളെ പിടികൂടും. പിന്നത്തെ പുകിൽ പറയണ്ടായല്ലോ.

അങ്ങനെ കോലത്തെ നായയെയും, ബേബിച്ചായനെയും കബളിപ്പിച്ച് പെറുക്കികൊണ്ട് വരുന്ന നാട്ടുമാങ്ങയുടെ അധിപതികൾ ഞങ്ങളാണ്. വയറുനിറച്ച് മങ്ങാതിന്നാം. എത്ര തിന്നാലും മടുപ്പില്ലാത്ത മധുരം. ആ മാധുര്യവും, സ്വാദും വീണ്ടും വീണ്ടും ഞങ്ങളെ ചോരമാരാക്കി. ചില ദിവസങ്ങളിൽ രാത്രി വേനൽ മഴപെയ്യും. കാറ്റത്ത് ചില്ലകൾ ഉലഞ്ഞ് താഴെവീണുകിടക്കുന്ന മാങ്ങകളുടെ ചാകരയായിരിക്കും അന്നൊക്കെ.

ഈ വർഷം കായ്ച്ചാൽ അടുത്ത വർഷം മാവ് കായ്ക്കില്ല. ആ വർഷങ്ങളിൽ മാവിൻ ചുവട്ടിൽ ആളും അനക്കവും ഉണ്ടാവുകയുമില്ല, ഉത്സവപ്രതീയുമില്ല. ശാന്തം, സുന്ദരം. എന്നാൽ അടുത്ത വർഷം വീണ്ടും മാവ് പൂക്കും. ഉത്സവത്തിന് കൊടിയേറുകയും ചെയ്യും.

കാലചക്രം അതിവേഗമാണ് കറങ്ങുന്നത്. സ്‌കൂൾ കാലം കഴിഞ്ഞു. അവിടെത്തന്നെ വൊക്കേഷണൽ ഹയർ സെക്കണ്ടറിയും കഴിഞ്ഞ്, കോളേജിലേക്കും പിന്നീട് ജോലിക്കായി നഗരത്തിലേക്കും ഞാൻ ചേക്കേറി. തിരക്കിൻറെ ഉന്മാദാവസ്ഥയിൽ ഒരുദിവസം  ആ വാർത്ത കേട്ടു. 'കുമ്പളാം പൊയ്‌കക്കാരുടെ വസ്തുവിലെ നാട്ടുമാവ് വെട്ടിക്കളയാൻ പോകുന്നു!?'  കേട്ടപ്പോൾ ഒരു മിന്നൽപിണർ എന്നിലൂടെ പാഞ്ഞുപോയി. മാമ്പഴത്തിനായി ആ മരത്തിൻചുവട്ടിലേക്ക് ഓടിയകാലുകൾ മരവിച്ചു നിന്നു. അപ്രതീക്ഷിതമായി ഒരു ആത്മാർത്ഥസുഹൃത്തിന്റെ മരണവാർത്ത കേൾക്കുന്ന പ്രതീതിയാണ് എനിക്കപ്പോൾ ഉണ്ടായത്. സ്ഥലകാലബോധം വീണ്ടെടുത്ത ഞാൻ ഓടി, ആ മാവിൻ ചുവട്ടിലേക്ക്.

അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച്ച ഹൃദയഭേദകമായിരുന്നു.   മഴുവും, വാക്കത്തിയും, അറക്കവാളുമായി ഒരു സംഘം ആ മരത്തിന് ചുറ്റും ഭഗീരഥപ്രയത്നത്തിൽ.  മരത്തിൻറെ മുകളിൽ ചിലർ വലിഞ്ഞുകേറി ചില്ലകൾ ഓരോന്നായി മുറിച്ച് കയറുകൊണ്ട് കെട്ടിയിറക്കുന്നു.  താഴെ കടയ്ക്കൽ ശക്തമായി കോടാലികൾ ഉയർന്നുപൊങ്ങുന്നു. അത് വെട്ടുന്നവരുടെ ഒച്ചയും അണപ്പും മരണമണി പോലെ എനിക്കനുഭവപ്പെട്ടു.  വെട്ടിയിട്ട മരച്ചില്ലകൾക്കിടയിൽ പറക്കമുറ്റാത്ത കിളികുഞ്ഞുങ്ങൾ വലിയവായിൽ ചിലച്ചു, ചെറുമുട്ടകൾ പൊട്ടിക്കിടക്കുന്നു. തള്ളക്കിളികൾ കരഞ്ഞുകൊണ്ട് പറന്നുനടന്നു. കാക്കകൾ അപായസൂചന നൽകി കൂട്ടം കൂട്ടമായി ചിലച്ചു. അണ്ണാറക്കണ്ണമാർ പൊത്തിൽനിന്നിറങ്ങി ഓടി രക്ഷപെട്ടു. മരത്തിൻറെ ഏറ്റവും മുകളിൽ കൂടുകെട്ടിയിരുന്ന പരുന്തുകൾ അടുത്തൊരു വാസസ്ഥലം തേടിപ്പോയി.  എനിക്കതൊന്നും കണ്ടുനിൽക്കാനുള്ള ത്രാണി ഇല്ലായിരുന്നു.

ഒന്ന് രണ്ട് ദിവസത്തെ പ്രയത്നം കൊണ്ട് രണ്ടാൾ പിടിച്ചാൽ പിടിമുറ്റാത്ത ആ വൻമരം നിലംപതിച്ചു! തലമുറകളെ തേനൂട്ടിയ മാവിന്റെ മുറിപ്പാടുകളിൽ നിന്നും ഊറിവരുന്ന കൊഴുത്ത സ്രവം ഞാൻ തൊട്ടുനോക്കി. പ്രകൃതിയുടെ കണ്ണുനീരാണത്. തലമുറകളുടെ വിലാപം ഘനീഭവിച്ചതാണത്.

ഇടറുന്ന നെഞ്ചും, പിടയ്ക്കുന്ന ചിന്തകളുമായി ഞാൻ തിരികെ നടന്നു. പറമ്പ് എന്റെയല്ല. മാവും എന്റെയല്ല. ജന്മിയുടെ പുരയിടത്തിൽ നിന്നും അടിച്ചിറക്കപെട്ട കുടിയാന്റെ മനസ്സുമാത്രമായിരുന്നു  എനിക്കപ്പോൾ. ഞാൻ എന്നോടുതന്നെ പറഞ്ഞു "ഇനിയൊരു തലമുറയും ഈ മാവിനോളം തലയെടുപ്പോടെ ഒരു വൃക്ഷം ഇവിടെ  കാണാൻ പോകുന്നില്ല"  അത് ഇന്നും  അലംഘനീയമായ സത്യംപോലെ നിലകൊള്ളുന്നു.

കാലം ഏറെ കഴിഞ്ഞു. ഇന്നും കുമ്പളാം പൊയ്‌കക്കാരുടെ വസ്തുവിലെ ആ മാവ് മനസ്സിൽനിന്നും പറിച്ചെറിയാൻ കഴിയുന്നില്ല. വീട്ടിൽനിന്നിറങ്ങി ഗാന്ധിമുക്കിലേക്ക്  നടക്കുമ്പോൾ അറിയാതെ കണ്ണുകൾ ആ പറമ്പിലേക്ക് നോക്കിപ്പോകും. പൊട്ടിപ്പൊളിഞ്ഞ മതിലും, മുള്ളുവേലിയും ഇന്നും ഗതകാലസമരണയുടെ മാമ്പഴച്ചുനയും, ചൂരും, ഗന്ധവും ഉണർത്തി അവിടെയുണ്ട്.  മാവ് നിന്ന സ്ഥലം തിരിച്ചറിയാൻപോലും പറ്റാതെ കാടുപിടിച്ച് കിടക്കുന്നു.

പൂണൻബേബിച്ചയനും, കോലത്തെ വീടും, നായയും എല്ലാം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. എന്നാൽ കുമ്പളാംപൊയ്‌കക്കാരുടെ ആ പഴയവീട് ഇന്നും പറയാൻ മറന്ന കഥയുടെ ബാക്കിപോലെ അവിടെയുണ്ട്. ആ വീട് കാണുമ്പോൾ ഞാൻ ഓർക്കും;  കരിയില അനങ്ങാതെ, എവറെഡിയുടെ ഞെക്ക് ടോർച്ചിന്റെ നേർത്ത മഞ്ഞവെളിച്ചത്തിൽ, കമ്പിവേലിക്കിടയിലൂടെ ഊർന്നിറങ്ങി, ഈടികെട്ടുകൾ നിറങ്ങിയിറങ്ങി നടത്തിയ മോഷണം. നിക്കറിൻറെ പോക്കറ്റിലും, മുണ്ടിലും, തോർത്തിലും നിറച്ച് മാമ്പഴവുമായി പാടുപെട്ട് വീട്ടിലെത്തി നടുനിവർക്കുന്ന ആസ്വാദനത്തിന്റെ ആശ്വാസം.

മാമ്പഴച്ചുനയേറ്റ് മനസ്സ് പൊള്ളിയ പാടുകൾ കാലത്തിന് ഒരിക്കലും മായിക്കാനാകില്ലല്ലോ ദൈവമേ!!

മയിൽ കഥ പീലിവിടർത്തുമ്പോൾ

മയിൽ കഥ പീലിവിടർത്തുമ്പോൾ 

മയിൽ! ദുബായി നഗരത്തിലെ ഏറ്റവും തിരക്കുള്ള ഷെയ്ഖ് സായിദ് റോഡിൽ!

എമിറേറ്റ്‌സ് ടവ്വറിന് അടുത്തുള്ള സൂമിലേക്ക്  (Zoom) വൈകുന്നേരം ഞാൻ നടന്നത്, പെട്ടെന്നെവിടെനിന്നോ വിളിക്കാത്ത അതിഥിപോലെ വിശപ്പ് വന്നുകയറിയതിനാൽ സ്‌നാക്‌സ് വല്ലതും വാങ്ങാം എന്നുകരുതിയാണ്. എന്നാൽ സൂമിൻറെ വാതുക്കൽ വർണ്ണപീലികളുടെ യൂണിഫോമിൽ ഒരാൾ നിന്ന് എൻറെ ആഗമനോദ്ധേശത്തെ മാറ്റിക്കളഞ്ഞു. ഒച്ചയൊന്നുമുണ്ടാക്കാതെ ഒതുങ്ങി തലപൊക്കിയും, താഴ്ത്തിയും എന്തോ തിരയുകയാണ് പാവം. എന്റെയോ അതുവഴി വന്നുപോകുന്നവരുടെയോ സാമീപ്യം അവൻ ശ്രദ്ധിക്കുന്നതേയില്ല.

വളർന്നു വരുന്നൊരു ആൺമയിലാണിത് . വർണ്ണശോഭ കവിഞ്ഞുനിൽക്കുന്ന തലയും പൂർണ്ണ വളർച്ചയെത്താത്ത പീലികളും. നമ്മുടെ സുബ്രഹ്മണ്യനും, കള്ളക്കണ്ണനും ഇവനെക്കൂടാതെ ജീവിതമില്ലല്ലോ എന്നൊക്കെ ആലോചിച്ചുകൊണ്ട്  ഞാൻ  നിൽക്കുമ്പോൾ സൂമിലെ ഒരു ജോലിക്കാരൻ ഒരു കവർ ബിസ്‌കറ്റ് പൊട്ടിച്ച് മുറിച്ച് മയിലിന് ഇട്ടുകൊടുത്തു. അതുശരി. ഈ ബിസ്‌കറ്റ് തിന്നാൻ വേണ്ടിയാണ് ഇവൻ എമിറേറ്റ്‌സ് ടവറിലെ വാസസ്ഥലത്തുനിന്നും ഇരുനൂറ്, മുന്നൂറ് മീറ്റർ ദൂരത്ത്  തിരക്കുള്ള ഈ റോഡിൻറെ ഓരത്തേക്ക് വന്നുനിൽക്കുന്നത്!  അമ്പട കേമാ..! എനിക്ക് കൗതുകം തോന്നി. ഒപ്പം നിന്ന് രണ്ട് സെൽഫിയെടുക്കാൻ അവന് വിരോധം ഒന്നുമുണ്ടാകില്ലല്ലോ.

മയിലിനെ കണ്ട് അതുവഴി പോയ കുറെ ടൂറിസ്റ്റുകൾ കറണ്ട് കമ്പിയിൽ കാൽ തട്ടിയപോലെ ഷോക്കടിച്ച് നിന്നു. ഞാൻ മയിലിനെ തൊട്ട് തലോടി നിൽക്കുന്നത് അവർക്ക് കൗതുകം തോന്നിയിരിക്കാം. അതിലൊരുത്തൻ മുന്നോട്ട് വന്ന് എന്നോട് ചോദിച്ചു.

"ഹായ്... ഞാനൊരു ഫോട്ടോ എടുത്തോട്ടെ?"

ദൈവമേ! എന്നോടാണോ ? ആ വെള്ളക്കാരൻ ആപാദചൂഡം ഞാൻ ഒന്നുനോക്കി. വഴിയേപോകുന്ന എൻറെ അനുവാദം എന്തിനാണിയാൾക്ക്? എന്തായാലും പത്തിരുനൂറ്‌ വർഷം ഇവറ്റകൾ നമ്മളെ ഇന്ത്യയിൽ വന്ന് അടക്കിഭരിച്ചതല്ലേ..കിടക്കട്ടെ ഇത്തിരി ജാടയും വേലയും! മസിൽ ഒന്ന് വിട്ടുപിടിച്ച് നിന്നശേഷം ഞാൻ പറഞ്ഞു.

"യെസ് ... തീർച്ചയായും"

വെള്ളക്കാരനും കൂടെയുണ്ടായിരുന്ന കുട്ടിയുടുപ്പുകാരിക്കും സന്തോഷമായി. കൂടിനിന്നവരെല്ലാം മയിനൊപ്പം നിന്ന് ഫോട്ടോയെടുത്തു. മയിലാണേൽ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ കൂസലില്ലാതെ നിൽപ്പാണ്.

"സുഹൃത്തേ, ഈ മയിൽ എവിടെനിന്ന് വരുന്നു?" വെള്ളക്കാരൻ എന്നെ വിടാൻ ഭാവമില്ല.

"ദേ ... അങ്ങോട്ട് നോക്കൂ. അവിടെനിന്നാണ് വരുന്നത്" അംബരചുംബിയായി രണ്ട് കൊമ്പുകൾ ഉയർത്തിനിൽക്കുന്ന എമിറേറ്സ് ടവർ ഞാൻ ചൂണ്ടിക്കാട്ടി.

"വൗ !! അവിടെ നിന്ന്?"

"അതെ, അവിടെ നിന്നാണ്. ടവറിന് ചുറ്റുമുള്ള ചെറുകാടുപോലെയുള്ള പച്ചപ്പുകളിൽ ചെറുതും വലുതുമായ നൂറുകണക്കിന് മയിലുകൾ ഉണ്ട് .."

"അതെയോ??!" സായിപ്പിന് അത്ഭുതം. അയാളുടെ കൂടെയുള്ള കുട്ടിയുടുപ്പുകാരിപെണ്ണ് ഞങ്ങളുടെ ചോദ്യോത്തരവേള കണ്ട് അതേ അത്ഭുതത്തോടെ നിൽക്കുകയാണ്.

"അതെ... ചിലപ്പോൾ ഈ റോഡിലൂടെ മയിലുകൾ കൂട്ടമായി വരും. രാവിലെ ആ പച്ചപ്പുകളിൽ നോക്കിയാൽ പെണ്മയിലുകൾ കുഞ്ഞുങ്ങളുമായി നടക്കുന്നത് കാണാം..."

"ഓ... ഗ്രേറ്റ്..! വണ്ടർഫുൾ"

പൊട്ടൻ ആനയെകണ്ടതുപോലെ വെള്ളക്കാരനും വെള്ളക്കാരിയും എന്നെയും, മയിലിനെയും മാറിമാറി നോക്കി.  ഞാനാണേൽ ബ്രിട്ടാനിക്ക എൻസൈക്ളോപീഡിയ മൊത്തം ഗ്രഹിച്ച മട്ടിലാണ് വിവരണം. എൻറെ  ആ വർത്തമാനത്തിനിടയിൽ വെള്ളക്കാരിപ്പെണ്ണ് ചിരിച്ചുകൊണ്ട് ഒരു ചോദ്യം ചോദിച്ചു.

"അല്ല .. ഒരു ചോദ്യം ചോദിച്ചോട്ടെ? നിങ്ങൾ ഈ മെയിലിന്റെ കാവൽക്കാരൻ ആണോ? അതോ ഇതിൻറെ ഉടമസ്ഥനോ?"

ഞാനൊന്ന് ഞെട്ടി. ഇവൾ ഇതെന്താണ് പറയുന്നത്? തലയൊന്ന് ചൊറിഞ്ഞ്, ഒരു കൃത്രിമ പുഞ്ചിരി നൽകി ഞാൻ തുടർന്നു.

"സോറി... ഞാനല്ല ഇതിൻറെ ഉടമയും, കാവൽക്കരനും.."

"പിന്നാരാണ്?" പെണ്ണ് വിടാൻ ഉദ്ദേശമില്ല.

"അതോ?.... പേര് ഞാൻ പറഞ്ഞാൽ ചിലപ്പോൾ നിങ്ങൾ അറിയുമായിരിക്കും"

"എന്നാൽ വേഗം പറയൂ.." അവർ അക്ഷമരായി നിൽക്കുകയാണ്. ഞാനൊന്ന് നിവർന്ന് നിന്നു. എമിറേറ്സ് ടവറിന്റെ കൊമ്പുകളിൽ ഒരിക്കൽക്കൂടി ഒളികണ്ണിട്ട് നോക്കി പറഞ്ഞു"

"ഈ മെയിലിന്റെ മാത്രമല്ല, ഇവിടെ കാണുന്ന നൂറുകണക്കിന് മയിലുകളുടെ ഉടമസ്ഥനും, കാവൽക്കരനും അദ്ദേഹമാണ്. അദ്ദേഹമാണ് ഈ രാജ്യത്തിന്റെ ഭരണാധികാരിയും.. പേര് ഹിസ് ഹൈനസ്സ് ഷേഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തും. ഈ കാണുന്ന പച്ചപ്പുകൾ, റോഡുകൾ, മെട്രോ ട്രെയിൻ എല്ലാമെല്ലാം ആ ഭരണാധികാരിയുടെ സ്വപ്നപദ്ധതികൾ ആണ്. ദുബായ് ലോകത്ത് എല്ലാത്തിനും നമ്പർ വൺ ആയിത്തീരണമെന്നാണ് തൻറെ ആഗ്രഹമെന്ന് ആ ഭരണാധികാരി അഭിമുഖങ്ങളിൽ പറയാറുള്ളത്.."

വെള്ളക്കാരനും വെള്ളക്കാരിയും എന്നെ സാകൂതം നോക്കുമ്പോൾ ഞാൻ പറഞ്ഞു നിർത്തി.

"....ഞാനും നിങ്ങളും ഈ കാണുന്ന ആൾകാർ എല്ലാം ദുബായ് എന്ന നഗരത്തിലേക്ക് വരുന്നത് ഈ ഇവിടുത്തെ ഭരണാധികാരികളുടെ ദീർഘവീക്ഷണം ഒന്നുകൊണ്ട് മാത്രമാണ്"

വള്ളക്കാരനും പെണ്ണും എമിറേറ്സ് ടവർ മൊത്തത്തിൽ ഒന്ന് സ്‌കാൻ ചെയ്തത് മൂന്നു നാല് വൗ , വൗ  ഒക്കെ പറഞ്ഞ് നടന്നുപോകുമ്പോഴും യുവത്വത്തിലേക്ക് കാലെടുത്തുവച്ച ആ മയിൽ എൻറെ മുന്നിൽ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. സൂമിൽ നിന്നും കൊടുക്കുന്ന അടുത്ത ബിസ്കറ്റിൻറെ മുറിയ്ക്കുവേണ്ടിയുള്ള ചുറ്റിത്തിരിയൽ.