Friday, September 16, 2016

പ്രവാസത്തിന്റെ തിരുശേഷിപ്പുകൾ

ആകാശത്ത് നക്ഷത്രങ്ങൾ ഒന്നല്ല ഒരായിരങ്ങൾ ഉണ്ട്. അവയിൽ കുറെയെണ്ണത്തിന്റെയെങ്കിലും സ്ഥാനം എനിക്ക് കൃത്യവുമാണ്.  ഏകാന്തതയെ പുണരാൻ  ഇഷ്ടപ്പെടുമ്പോൾ, എന്റേതായ ഒരു ലോകം മാത്രം ആഗ്രഹിക്കുമ്പോൾ  ഇലപൊഴിയാത്ത ഈ മരച്ചോട്ടിൽ ഇരുന്ന് അവയൊക്കെ ഞാൻ എണ്ണും. ചന്ദ്രഗോളം ചെറുതാകുന്നതും വലുതാകുന്നതും എനിക്ക് കാണാപ്പാഠമാണ്.  ഏകാന്തത മേയുന്ന രാവുകളിൽ,  ഈ മരച്ചോട്ടിലിരുന്ന് മരുഭൂവിലെ മണ്ണിന്റെ ഗന്ധം കണ്ണുകൾക്കളക്കാവുന്ന ദൂരത്തിനപ്പുറത്തുള്ള ഖബറിസ്ഥാനും പിന്നിട്ട് എൻറെ നാസാരന്ധ്രങ്ങളിലേക്ക് ചേക്കേറും.  പകൽസൂര്യനിൽ പൊടിയുന്ന ആയിരങ്ങളുടെ വിയർപ്പിന്റെ ചൂരും, അനശ്വരതയിലേക്ക് ചേക്കേറിയ ആയിരങ്ങളുടെ നിശ്വാസവും അതിൽ ഇഴകലർന്നിട്ടുണ്ടാകും.

ഇതെൻറെ ലേബർക്യാമ്പ്.  ഇലപൊഴിയാത്ത എൻറെ പ്രിയപ്പെട്ട  മരച്ചുവട്.  ജീവസ്പന്ദനം പോലെ എൻറെ കൈവെള്ളയിൽ അമർന്നിരിക്കുന്ന എൻറെ കിങ്ങിണി. ചന്ദ്രൻറെ പാൽനിലാവിൽ  എത്രകണ്ടാലും മതിവരാത്ത കാഴ്ചകൾ തേടി ഞാൻ ആകാശക്കോണുകളിലേക്ക് നോക്കിനോക്കിയിരിക്കും.

നാട്ടിൽനിന്നും അവധി കഴിഞ്ഞ് വന്നിട്ട് മൂന്ന് ദിവസമായി.  പാസ്സ്‌പോർട്ട് ക്യാമ്പ്ബോസ്സിന്റെ കൈവശം കൊടുത്തെങ്കിലും ഇതുവരെ ജോലിക്ക് കയറാൻ അനുമതിയായിട്ടില്ല. നാളെയോ മറ്റെന്നാളോ സൈറ്റ് അലോക്കേഷൻ വരും. അതുവരെ ക്ഷമയോടെ കാത്തിരിക്കുക.

ഞാൻ കിങ്ങിണിയുടെ  ബട്ടൺ അമർത്തി വെള്ളയോ ഇളംമഞ്ഞയോ ഇടകലർന്ന വെളിച്ചത്തിൽ സമയം നോക്കി. കിങ്ങിണി എന്ന എൻറെ നോക്കിയ 1100 മൊബൈൽ ഫോണിൻറെ ഡിസ്‌പ്ലെയ്ക്കും അങ്ങ് ദൂരെക്കാണുന്ന മസ്ജിദിന്റെ മിനാരത്തിൽ നിന്നും ഇരുട്ടിലേക്ക് ചിതറിത്തെറിക്കുന്ന  വെളിച്ചത്തിനും ഒരേ നിറം.  കിങ്ങിണി സമയം അറിയിച്ചു, രാത്രി രണ്ട് പത്ത്.

ഞാൻ അവളെ ചെവിയോടടുപ്പിച്ച് നമ്പർ ഡയൽ ചെയ്തു.  ഒന്ന്.. രണ്ട് ....മൂന്ന്.  മറുതലക്കൽ ഉറക്കത്തിൻറെ ആലസ്യം നിറഞ്ഞ ഒരു 'ഹലോ'

"നിങ്ങൾ ഒറങ്ങീല്ലേ...?"
'ഇല്ല.  ഓരോന്ന് ഓർത്തോർത്തിരിക്കുവാരുന്നു.."
"ഈ വയസ്സാംകാലത്ത് ഇനി എന്തോന്ന് ഓർക്കാൻ ചന്ദ്രേട്ടാ..?"
അതിനൊപ്പം ചിലമ്പിൻ താളം പോലെ അവളുടെ ചിരിയും.

"ഈ അവധിക്ക് വന്ന്  രണ്ടുമാസം നിന്നപ്പോൾ നിനക്കെങ്ങനെ തോന്നിയോ രാധേ?"

മൗനം. രാധ ആലോചനയിൽ ആയിരിക്കും. കഴിഞ്ഞ അറുപത് ദിവസങ്ങളിൽ അവളുടെ തനുവും മനവും നിയന്ത്രിച്ചിരുന്നത് എൻറെ വികാരങ്ങളും, കരചലനങ്ങളും ആയിരുന്നല്ലോ.  ഏതു പാതിരാത്രിയിലും, അന്ധകാരത്തിലും, അതിൻറെ  അർത്ഥവ്യാപ്തി അവൾക്ക് ഹൃദിസ്ഥം.  പിന്നെ അവൾ എന്നിലേക്ക് ചായും.  അവളുടെ വിരൽത്തുമ്പുകൾ എൻറെ നെഞ്ചിൽ മൃദുവായ് നൃത്തം വയ്ക്കും.  എൻറെ കരവലയത്തിനുള്ളിൽ  അവൾ  കളിപ്പാവയാവും.

"അവൻറെ റിസൾട്ട് വരുന്നതെന്നാണെന്നറിഞ്ഞോ രാധേ?"
"അടുത്ത മാസം എന്ന് പറയുന്നു"
"അവനെന്തു പറയുന്നു?"
"എന്ത് പറയാൻ?  ചന്ദ്രേട്ടനോട് പറഞ്ഞത് തന്നെ ..."
"ഉം .... ശരി എന്നാൽ നീ ഉറങ്ങിക്കോ"
"ഒറങ്ങാനോ?.... അതെന്താ ഏട്ടാ നിങ്ങൾ വിളിച്ചുണർത്തിയിട്ട് അത്താഴം ഇല്ലെന്ന് പറയും പോലെ?"

എന്ത് പറയാൻ? രാവും പകലും ഇവിടെഎരിഞ്ഞടങ്ങുന്നു.  അത് പങ്കുവയ്ക്കാൻ രാധാപോലും ഇഷ്ടപെടുന്നുണ്ടാകില്ല.  പ്രേത്യേകിച്ച് അവധികഴിഞ്ഞു കണ്ണുകളിലും മനസ്സുകളിലും ഈറനണിയിച്ച് വീടിൻറെ പടി തിരികെയിറങ്ങിവരുമ്പോൾ ദേഹമാസകലം പടരുന്ന നഷ്ടബോധം. തിരികെ ഇവിടെ എത്തിയാൽ വേട്ടപ്പട്ടികളെ പോലെ പിന്തുടരുന്ന അശാന്തിയുടെ രാവും പകലും.

ഞാൻ ഊറിച്ചിരിച്ചു.  എൻറെ വിരലുകൾ കിങ്ങിണിയെ തലോടിക്കൊണ്ടിരുന്നു.  പെട്ടെന്ന് മൊബൈലിലെ ബാലൻസ് തീർന്ന് ലൈൻകട്ടായി.  മറുതലയ്ക്കൽ ശാപവാക്കുകൾ ഉരുവിട്ടുകൊണ്ട് അവൾ തിരിഞ്ഞു കിടന്നിട്ടുണ്ടാകും.

കിങ്ങിണിയെ മുറുകെപ്പിടിച്ചുകൊണ്ട് ഞാൻ തിരിഞ്ഞു നടന്നു.

കിങ്ങിണിയെ ഞാൻ വാങ്ങിയത് തന്നെ ഒരു കഥയാണ്.  വാശിയുടെ കഥ.

ക്യാമ്പിലെ ഫോൺ ബൂത്തിൽ നിന്നുമായിരുന്നു വെള്ളിയാഴ്ചകളിൽ നാട്ടിലേക്കുള്ള എന്റെ ഫോൺ വിളികൾ. വെള്ളിയാഴ്ച അതിരാവിലെ തന്നെ അതിനു മുന്നിൽ നീണ്ട ക്യൂ തുടങ്ങും. അതിൽ കയറിപ്പറ്റണം. വീട്ടിൽ ഫോണില്ലാത്തതിനാൽ രാധാമണിയെ വിളിക്കാൻ അയൽപത്തെ വീട്ടിൽ വിളിക്കും.  അവർ ചെന്ന് അവളെ വിളിച്ച് കൊണ്ടുവരും. അപ്പോളേക്കും വീണ്ടും ഞാൻ പുതുതായി ക്യൂവിൽ കയറേണ്ടി വരും. ചിലദിവസം അടുത്ത ഊഴം വരാൻ ഞാൻ മണിക്കൂറുകളോളം വെയിലത്ത് നിൽക്കേണ്ടതായും, അവൾ അയൽപക്കത്ത് ഇരിക്കേണ്ടതായും വരും.  എങ്കിലും തമ്മിൽ സംസാരിക്കുമ്പോൾ ആ മടുപ്പ് എല്ലാം മാറിപ്പോകുമായിരുന്നു.  അന്നൊരു വെള്ളിയാഴ്ച പതിവുപോലെ രാധാമണിയെ വിളിക്കാൻ ശ്രമിക്കുകയായിരുന്നു. ലൈൻ കിട്ടുന്നില്ല.  എൻറെ പിന്നിൽ നിൽക്കുന്ന ബംഗാളി ഒച്ചപ്പാടുണ്ടാക്കി. അത് വഴക്കിലേക്കും, ഉന്തിലുംതള്ളിലേക്കും നീണ്ടു. അവസാനം ക്യാമ്പ്ബോസ്സ് വന്നാണ് പിടിച്ചുമാറ്റിയത്.

"നിനക്ക് സ്വന്തായി ഒരു ഫോൺ വാങ്ങിക്കൂടെ ചന്ത്രാ ?!! ..... വെറുതെ കെടന്ന് ഇതുങ്ങളുമായി വക്കാണം ഉണ്ടാക്കാതെ?"

ക്യാമ്പ്ബോസ്സിന്റെ വാക്കുകൾ കൂടി കേട്ടപ്പോൾ വിഷമം തോന്നി. ഇതിനേക്കാൾ ഒക്കെ വേവലാതിപ്പെടുത്തിയത് രാധാമണി അയല്പക്കത്ത് എൻറെ വിളിക്കായി കാത്തിരിക്കുന്നതാണ്. പ്രതീക്ഷ  നഷ്ടപ്പെട്ടോ, പരാജയഭാവത്തോടെയോ അന്നവൾ അവിടെ നിന്ന് ഇറങ്ങിപ്പോകുന്ന ചിത്രം മനസ്സിനെ ഒത്തിരി മഥിച്ചു.  പുതിയ ഒരു മൊബൈൽ വാങ്ങണം. അന്നുമുതൽ അടുത്ത ശമ്പളം കിട്ടുന്ന ദിവസം കാത്തിരിപ്പായി.

ഒരു കോഴിയെ പത്തായികീറി വിൽക്കുന്ന ബംഗാളി, നസ്വാറിൻറെ   മടുപ്പിക്കുന്ന ഗന്ധമുയരുന്ന പഠാണി, രാത്രിയിൽ പ്ലാസ്റ്റിക് ബോട്ടിലുകളിൽ മൂത്രശങ്കതീർത്ത്, ക്യാമ്പ്ബോസ്സിന്റെ ക്യാബിനു കീഴേക്കൊണ്ടിടുന്ന ഫിലിപ്പീനി, ഗോവയുടെയും, മണിക് ചന്ദിന്റെയും കറനിറഞ്ഞ പല്ലുകളുള്ള രാജസ്ഥാനി, തമ്പാക്കും ചുണ്ണാമ്പും പ്രേത്യേക അനുപാതത്തിൽ കൂട്ടിയിണക്കിയ മിശ്രിതം ഉരുട്ടി ചുണ്ടിനടിയിൽ തിരുകുന്ന ബോംബെക്കാരൻ ..... വേണ്ട, ഈ ക്യൂവിൽ ഇനി നിൽക്കണ്ട.

ഇന്നലെപോലെ ഓർക്കുന്നു. 2004 ലെ ഒരു തണുത്ത പ്രഭാതം.  മുനിസിപ്പാലിറ്റി ബസ്സിൽ കയറി, നഗരത്തിലെ ടാക്സി സ്റ്റേഷനിൽ ഇറങ്ങി, ഒരു വിളിപ്പാടകലെ ദൂരത്തിൽ ഒരു ചരിത്ര സ്മാരകം പോലെ തോന്നിച്ച, ടെലിഫോൺ കമ്പനിയുടെ ഓഫീസിനകത്തെത്തി.  ക്യൂവിൽ നിന്ന്,  ഫോറം നിറച്ച്, പാസ്സ്പോർട്ട് കോപ്പിയും വച്ച് 200 ദിർഹത്തിന്റെ നോട്ട് നൽകി.  അതുവാങ്ങി അറബി 15 ദിർഹം ബാക്കിയും ഒരു കവറും തന്നു.  ആകാംഷയുടെ പാരമ്യത്തിൽ ആ കവർ തുറന്ന് പച്ചനിറത്തിലുള്ള കാർഡ് തിരിച്ചും, മറിച്ചും നോക്കി.  എൻറെ പുതിയ സിം കാർഡ്!  അതുനുമേൽ വലിയ അക്ഷരത്തിൽ എനിക്കുള്ള മൊബൈൽ നമ്പർ. ഈ മരുഭൂമിയിൽ സ്വന്തമായി ഒരു വ്യക്തിത്വം എനിക്ക് ജന്മം കൊണ്ട ദിവസമായിരുന്നു അന്ന്.

നേരെ കോംടെല്ലിന്റെ ഷോപ്പിലേക്ക് നടന്നു. പല മോഡലുകളിൽ ഫോണുകൾ നിരത്തി വച്ചിരിക്കുന്നു.  കൂട്ടത്തിൽ മാർക്കറ്റിൽ പുതുതായി വന്ന നോക്കിയാ 1100 എന്ന മോഡൽ സെയിൽസ്മാൻ കാണിച്ചു തന്നു.  ഫ്‌ളാഷ് ലൈറ്റ്, അലാറം,  സ്റ്റോപ്പ് വാച്ച്, കാൽക്കുലേറ്റർ, അമ്പത് മെസേജ് സ്റ്റോറേജ്..... അവസാനം അത് തന്നെ തിരഞ്ഞെടുത്തു. സെയിൽസ്മാൻ സിംകാർഡ് അപ്പോൾ തന്നെ ഫോണിൽ  ഇട്ടു തന്നു.  ഒപ്പം പാന്റിൽ തൂക്കിയിടാൻ പാകത്തിൽ ക്ലിപ്പുള്ള ഒരു കുട്ടിക്കുപ്പായവും ഫോണിന് ഇടുവിച്ചു. തിരികെ മുറിയിൽ എത്തി മൊബൈലിനെ തലോടി ഞാൻ വിളിച്ചു  "കിങ്ങിണി"

സ്വന്തം ഫോണിലൂടെ ആവേശത്തിമിർപ്പോടെ അവളെ വിളിച്ചത് ഓർക്കുമ്പോൾ ഇന്നും കുളിരുകോരും. ഞങ്ങൾ എല്ലാ വെള്ളിയാഴ്ചയും ഒരു സമയം തീരുമാനിച്ചു. ആ സമയത്ത്  അവൾ അയല്പക്കത്തെ വീട്ടിൽ വന്നിരിക്കും.  വീട്ടിലെ ചേട്ടത്തി ഇത്തിരി സ്പൈ വർക്കിന്റെ ആളാണോ എന്ന് രാധക്ക് ഒരു സംശയം ഇല്ലാതില്ല. അവരുടെ മുന്നിൽ ജയിൽ സൂപ്രണ്ടിന്റെ മുന്നിൽ  തടവുപുള്ളി ഫോൺ വിളിക്കും പോലെ എന്നോട് സംസാരിക്കും.  എൻറെ വാക്കുകൾ അതിർവരമ്പ് കടക്കുകയാണെങ്കിൽ അവൾ ചിരിക്കുകയോ, വെറുതെ മൂളുകയോ മാത്രം ചെയ്യും. ഉള്ളിൽ ചിരിപൊട്ടി അവളെ എത്ര തവണഅങ്ങനെ വിഷമസ്ഥിതിയിൽ നിർത്തിയിട്ടുണ്ട് !!

എൻറെ കിങ്ങിണീ ... ഒരുകാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റിരുന്ന നോക്കിയായുടെ ഇലക്ട്രോണിക് ഉപകരണമായിരുന്നു നീ.  നീയെനിക്ക് വെറുമൊരു ഫോൺ അല്ല.  എന്നിലെ ഒരവയവം തന്നെയാണ്. എൻറെ ഇണയെപ്പോലെ കിടക്കയിൽ നീയെന്നെ പറ്റിച്ചുചേർന്നു കിടക്കുന്നു.  എത്രയോ ഫോണുകൾ മാർക്കറ്റിൽ മാറിമാറി  വന്നു. എങ്കിലും നിന്നെ വിട്ട് ഞാൻ എങ്ങും പോയിട്ടില്ല.  ഇവിടെ നീയെനിക്ക് എല്ലാമെല്ലാമാണ്.  എൻറെ രാധാമണിക്കുള്ള ചുംബനങ്ങൾ ഏറ്റുവാങ്ങി നൽകിയത് നീയാണ്.  ഞങ്ങൾ തമ്മിലുള്ള പരസ്യവും രഹസ്യവുമായ എല്ലാ ഇടപാടുകളും നിന്നിൽകൂടെയായിരുന്നു.  രാധയെക്കാൾ കൂടുതൽ നിന്നോടൊപ്പമാണ് ഞാൻ ജീവിതം കഴിച്ചുകൂട്ടിയത്.   മക്കൾ പരീക്ഷകൾ ജയിച്ചു കയറിയപ്പോളും,  പ്രധാന ജീവിത മുഹൂർത്തങ്ങൾ പിന്നിട്ടപ്പോഴും നീ മാത്രമേ എന്നോടൊപ്പം ഉണ്ടായിരുന്നുള്ളു. എൻറെ കണ്ണീരും, കിനാവും, സന്തോഷവും എല്ലാം നീ ചാരെയിരുന്ന് കണ്ടു.  ഇന്ന് കീപാഡുകൾ ഒക്കെ തേഞ്ഞ് അക്ഷരങ്ങൾ എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. എങ്കിലും നീയില്ലെങ്കിൽ എൻറെ രാവും പകലും അപൂർണ്ണമായിപ്പോകുന്നു.

പഴയ ക്യാമ്പ്ബോസ്സ് പ്രവാസ ജീവിതം മതിയാക്കിപോകവെ  ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഇനിയെങ്കിലും തൻറെ രണ്ടാം ഭാര്യയെ ഉപേക്ഷിക്കെൻറെ ചന്ത്രാ.. നാട്ടിൽ പോയി ആദ്യ ഭാര്യയുടെ ഒപ്പം കെടക്ക്.."

ഒരു ദിവസം ഇലപൊഴിയാ മരത്തിൻറെ ചുവട്ടിൽ ആകാശത്തേക്ക് നോക്കിയിരിക്കുമ്പോൾ ഞാൻ രാധാമണിയോട് പറഞ്ഞു.

"മടുത്തു രാധേ....ഞാൻ തിരികെ വരികയാ..."  ഞാൻ പതിവിലും സീരിയസ്സ് ആണെന്ന് അവൾക്ക് മനസ്സിലായി.

"ചെക്കന്റെ പഠിത്തം...?? അവൻ ഒരു കരയെത്താതെ എങ്ങിനെയാ ചന്ദ്രേട്ടാ..?"

ആ ചോദ്യത്തിന് ഞാൻ ഉത്തരം പറഞ്ഞില്ല. പക്ഷെ അതെന്റെ മനസ്സിൽ പൊന്തിയ ആശയുടെ മുകുളം നശിപ്പിച്ചുകളഞ്ഞിരുന്നു.

അതിരാവിലെ എണീറ്റ് ബാത്‌റൂമിലേക്ക് ഓടി, തിരികെ വന്ന് നീല കവറോളും ഇട്ട്, റിഫ്ലെക്‌ടർ ജാക്കറ്റും, ഹെൽമെറ്റും ധരിച്ച് വരിവരിയായി തമ്പാക്കിന്റെയും, മുഴിഞ്ഞ വസ്ത്രത്തിന്റെയും, വിലകുറഞ്ഞ മദ്യത്തിന്റെയും ഗന്ധം പരത്തുന്ന, എസിയോ, ഫാനോ ഇല്ലാത്ത 83 സീറ്റർ ബസ്സിലേക്ക്. ഒരു കൺസ്ട്രക്ഷൻസൈറ്റിൽ നിന്നും അടുത്ത സൈറ്റിലേക്ക്. തിരികെ, വൈകുന്നേരം വരിവരിയായി നിന്ന് സൈഡ്സീറ്റിനുവേണ്ടി ഇടികൂടുന്നവർക്കിടയിലൂടെ വിയർപ്പിന്റെ ഒട്ടലും ഏറ്റ് മടക്കയാത്ര. രാധാമണിയുടെ ആ ചോദ്യം ഇതിലേക്കെല്ലാംഉള്ള തിരിച്ചുപോക്കായിരുന്നു.

"ചന്ദ്രേട്ടാ.... ഇങ്ങനെ കിടന്ന് കുടുമ്പത്തെ സേവിക്കാതെ വല്ലപ്പോഴും ഇച്ചിരി വാട്ടീസൊക്കെ അടി... ഞങ്ങളെ നോക്ക്!  ഇടക്കൊക്കെ സൂക്കിൽ ഒക്കെ ഒന്ന് കറങ്ങാൻ വാ..."

ഉപദേശിക്കുന്നത് എൻറെ മകൻറെ പ്രായമുള്ള സാബുവാണ്. അപ്പോൾ ചിരിച്ച് കൊണ്ട് ഞാൻ പറയും.

"ഇഷ്ടമില്ലാത്തത് ചെയ്‌താൽ സന്തോഷം കിട്ടുവോ എൻറെ സാബുവേ ?"
"നിങ്ങളോട് തർക്കിച്ച് ജയിക്കാനാവില്ലപ്പാ.."  അതും പറഞ്ഞ് സാബു ചുരുണ്ടു കൂടും.  അവനെപ്പോലെ ഇനി നാലുപേർ കൂടിയുണ്ട് റൂമിൽ.  അവധി ദിവസങ്ങളിൽ അവർ സൂഖിൽ പോകും, ക്യാമ്പിന്റെ അതിർത്തിക്കപ്പുറത്ത് ചിക്കൻഫ്രൈയും, മുട്ടപുഴുങ്ങി വിൽക്കുന്നവരെയും കടന്ന് മണൽ കൂനകൾക്കപ്പുറത്തേക്ക്.  രാത്രിയുടെ യാമത്തിൽ എപ്പഴോ ഉറയ്ക്കാത്തകാലുകളും, നിലയ്ക്കാത്ത ജല്പനങ്ങളുമായി തിരികെവന്ന് കിടക്കയിൽ വീഴും.

ഇവിടെ ക്യാമ്പിലെ ഓരോമുറിയും പ്രവാസത്തിൻറെ പ്രീതിരൂപങ്ങൾ ആണ്. അവയ്ക്കിടയിൽ ഒരു അപൂർവ്വജീവിയെപ്പോലെ ഞാനും.

അടുത്ത മാസം വലിയൊരു അത്താണിയായി മകൻറെ എഞ്ചിനീറിങ് റിസൾട്ട് വരും.  ജോലിസ്ഥലത്ത് എഞ്ചിനീർമാരെ കണ്ടു തുടങ്ങിയ നാൾ മുതൽ  കൊതി തോന്നിയാണ് അവനെ ഇതിനു വിട്ടത്.  ഞാൻ ചിന്തിയ ഒരുപാട് വിയർപ്പുതുള്ളികൾ അവൻറെ പഠനത്തിന് വേണ്ടി യായിരുന്നു. എൻറെ ആഗ്രഹ പൂർത്തീകരണം എന്ന് പറയുന്നതാകും ശരി.  ഓരോ ചില്ലിക്കാശും ഞാൻ കരുതി വച്ചു.   ചൂടിൻറെ കാഠിന്യത്തിൽ ക്യാമ്പിലെ മെസ്സിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കേടാവുമ്പോൾ കൂട്ടുകാർ നീട്ടുന്ന കുബ്ബൂസോ,  കറിയോ, തൈരോ കഴിക്കാതെ എസിയുടെ കറുത്ത  ഇൻസുലേഷൻ ടേപ്പ് കൊണ്ട് മൂടിയ പെപ്സിയുടെ വലിയ കുപ്പിയിലെ വെള്ളം ചുണ്ടോടടുപ്പിക്കും. അപ്പോൾ മനസ്സ് പറയും 'ഞാൻ സേവ് ചെയ്യുന്ന ഓരോ നാണയവും എൻറെ കുടുംബത്തിൻറെ വിധി നിർണ്ണയിക്കാനുള്ളതാണ്'.

മരുഭൂവിലെ ജീവിതത്തിന് മുപ്പത്തിരണ്ട് വർഷം ആകുന്നു. കൂടെ വന്നവരും, ജീവിച്ചവരും ഒന്നൊന്നായി നാട്ടിൽ പോയി ചേക്കേറി. ചിലർ പ്രമോഷൻ കിട്ടി സൂപ്പർവൈസറായി,  എൻജിനീയറായി, മാനേജരായി.  എന്നാൽ ഞാൻ ഇന്നും ഗ്രേഡ് വൺ ടെക്‌നീഷ്യൻ ആയി തുടരുന്നു.  എങ്കിലും ഞാൻ ഭാഗ്യവാനാണ്.  ഈ മുപ്പതു വർഷത്തിൽ ഒരിക്കലും ജോലിയില്ലാതോ, ശമ്പളം ഇല്ലാതോ കഴിയേണ്ടി വന്നിട്ടില്ലാത്ത ഭാഗ്യവാൻ!!

പുറത്ത്  ആകാശക്കോണിൽ നക്ഷത്രങ്ങൾ എന്നെ നോക്കി ചിരിക്കുകയാണോ?  ഇങ്ങനെ രാവേറെച്ചെല്ലുന്ന നേരത്ത് കിങ്ങിണിയെയും തലോടി, ചന്ദ്രബിംബവും നോക്കി, നക്ഷത്രങ്ങളെയും എണ്ണി  ഇനി എത്രനാൾ?  താടിയും മുടിയും നരച്ചു. തൊലിയുടെ നിറം മങ്ങി ചുളിവുകൾ നിറയുന്നു.  ശ്വാസം വലിച്ചെടുക്കാൻ മുമ്പത്തേക്കാൾ പ്രയാസം തോന്നുന്നു.  ഷുഗർ ലെവൽ കൂടുതലാണ്.  കൊളസ്‌ട്രോൾ ബോർഡറിൽ നിൽക്കുന്നു.  പ്രഷർ ആവശ്യത്തിൽ അധികം.....  എൻറെ ശരീരം മെല്ലെമെല്ലെ ജീർണ്ണിച്ചുതുടങ്ങുകയായി.

ഞാൻ ഇലകൊഴിയാത്ത മരച്ചുവട്ടിൽ നിന്ന് എഴുന്നേറ്റു.  കിടക്കയിൽ പോയി കിടക്കുമ്പോൾ മനസ്സിൽ പറഞ്ഞു. നാളെ സൈറ്റ് അലോക്കേഷൻ വരും.  രാവിലെ ക്യാമ്പ്ബോസ്സിൻന്റെ വിളി വരും. കയ്യെത്തും ദൂരത്ത് കിങ്ങിണിയെ കിടത്തി ചിന്തകൾക്ക് വിടനൽകി ഞാൻ കണ്ണുകൾ അടച്ചു.

ഡോറിൽ തുടരെത്തുടരെയുള്ള കൊട്ട് കേട്ടാണ് ഉണർന്നത്.  നേരം വെളുത്തിരുന്നു. കതക് തുറക്കുന്നതിനും മുമ്പ് ക്യാമ്പ് ബോസ്സിന്റെ അസിസ്റ്റന്റ് ബീഹാറി അകത്തേക്ക് ഇരച്ചു കയറി.

"ചന്ദ്ര ബായി....ജൽദി ആയിയെ.... ആപ്കോ ക്യാമ്പ് ബോസ്സ് ബുലാരഹാഹൂം "

അങ്ങിനെ നാലാംദിവസം അലോക്കേഷൻ വന്നിരിക്കുന്നു! ഞാൻ നടന്നു. എൻറെ മുമ്പിൽ ആയുധം ഏന്തിയ ഭടനെപ്പോലെ നെഞ്ചുവിരിച്ച് അവനും.

ക്യാമ്പ്ബോസ്സ് കുളിച്ച് കുറിതൊട്ട് സീറ്റിലിരിക്കുന്നു.  എന്നെ കണ്ടതും ചിരിച്ചുകൊണ്ട് അകത്തേക്ക് ക്ഷണിച്ചു.  പക്ഷെ ആ ചിരിക്ക് സത്യസന്ധതയുടെ കനംകുറവായിരുന്നപോലെ.

"ചന്ദ്രേട്ടാ... ഇപ്പോളാണ്  എച്ച്. ആർ ഡിപ്പാർട്ടുമെന്റിൽ നിന്നും ഇൻഫർമേഷൻ വന്നത്"
"ഉം" ഞാൻ മൂളി.
"പുതിയ മാനേജ്‌മെന്റ് തീരുമാനമാണ്... നിങ്ങൾ മാത്രമല്ല, അമ്പത്തഞ്ചുവയസ്സ് കഴിഞ്ഞ ആരുടേയും വിസ പുതുക്കുന്നില്ല !!"

ഞാൻ ക്യാമ്പ്ബോസ്സിന്റെ മുഖത്തേക്ക് അവിശ്വസനീയതയോടെ നോക്കി. കയ്യിൽ ഇരിക്കുന്ന പേപ്പറിൽ നിന്നും മിഴിയെടുക്കാതെ അയാൾ പറയുകയാണ്.

"റീടെൻഡൻസി ....ചന്ദ്രേട്ടന് മനസ്സിലാകുന്നുണ്ടല്ലോ.. അല്ലേ ? കമ്പനിക്ക് പുതിയ പ്രോജക്ടുകൾ ഒന്നുമില്ല. ആദ്യമായി 55 കഴിഞ്ഞവരെ ടെർമിനേറ്റ് ചെയ്യുകയാണ്.  ഈ സ്ഥിതി തുടരുകയാണെങ്കിൽ മറ്റുള്ളവർക്കും ഇതേ ഗതി വരും... എനിക്കും"

പെരുവിരലിൽ ഒരു പെരുപ്പ്ബാധിച്ച് മുകളിലേക്ക് കയറി.  ജീവൻ വിട്ടകന്നപോലെ ഞാൻ നിന്നുപോയി.

"ചന്ദ്രേട്ടനിനി എന്ത് നോക്കാനാ? മകളെ കെട്ടിച്ചു വിട്ടു. മകൻ എൻജിനീയർ ആകാൻ പോകുന്നു... ഞങ്ങളുടെ ഒക്കെ കാര്യം അതോപോലെയാണോ?"

സത്യം. ഇനി എനിക്ക് എന്താണ് നേടാനുള്ളത്? ഞാൻ ചിരിച്ചു. ചിരിമായാതെ എൻറെ പ്രവാസത്തിൻറെ വേരുകൾ പിഴുതെറിയുന്ന രേഖയിൽ ഞാൻ ഒപ്പിട്ടു. ആ ചിരിയിലും സത്യസന്ധതയുടെ കനം കുറവായിരുന്നു.

അന്നുരാത്രി വീണ്ടും ഇലപൊഴിയാത്ത മരച്ചുവട്ടിൽ ഞാൻ ഇരുന്നു. കണ്ണിമവെട്ടി പ്രിയതാരകങ്ങൾ എന്നോട് കുശലം ചോദിച്ചു.  വൃത്താകൃതി പൂർത്തിയാകുന്നതിന്റെ പൊങ്ങച്ചം അമ്പിളിക്കുണ്ടോ?  എൻറെ വിരലുകൾ കിങ്ങിണിയെ മൃദുവായി തലോടി, അങ്ങ് ദൂരെ രാധാമണി ഫോൺ എടുത്തു.

"എന്താ ചന്ദ്രേട്ടാ...?"
"ഒന്നൂല്ല... നിന്നോട് ഒത്തിരി ഇഷ്ടം തോന്നുന്നു"
അവൾക്ക് നാണം വന്നോ? അവളെ പുണരാൻ എന്നോണം എൻറെ കരങ്ങൾ വായുവിൽ നീണ്ടു. അവളുടെ മാറ് എൻറെ നെഞ്ചിൽ ആശ്വാസം കണ്ടെത്തുകയും, അവളുടെ വദനം എൻറെ തോളിൽ നിശ്വാസം ഉതിർക്കുകയും ചെയ്യുകയാണോ?

"ചന്ദ്രേട്ടാ... നിങ്ങൾ ഇങ്ങനെ ഓരോന്ന് പറഞ്ഞെന്നെ കുഴപ്പിക്കരുത്.... ഇനി രണ്ടു വർഷം കഴിഞ്ഞല്ലേ നിങ്ങൾ വരൂ.."

അപ്പോളും ചിരിച്ചു. അത് പക്ഷെ ഞാൻ അല്ല എന്നിലെ പ്രവാസിയായിരുന്നു എന്നുമാത്രം. ഒപ്പം നീയും ചിരിക്കുന്നുണ്ടോ കിങ്ങിണി??!!

എയർപോർട്ട്. പുതിയ ടെർമിനൽ.

"ഇൻഷാ  അള്ളാ ...." കമ്പനിഡ്രൈവർ പാസ്സ്‌പോർട്ട് കൊണ്ടുതന്നു.  എൻറെ വിസാപേജിൽ 'ക്യാൻസൽഡ്' എന്ന നീലനിറത്തിലുള്ള  സീൽ തെളിഞ്ഞുനിന്നു.

സാബുവും കൂട്ടരും എന്നോടൊപ്പം ഉണ്ട്. അവരെ അവസാനമായി കൈ വീശിക്കാണിച്ചിട്ട് പ്രേവാസത്തിന്റെ അവസാന ശേഷിപ്പുപോലെ ട്രോളിയും ഉന്തി ഞാൻ നടന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് ഞാൻ കടന്നുവന്ന പ്രവാസത്തിൻറെ വാതിൽ എൻറെമുന്നിൽ ഒരിക്കൽക്കൂടി തുറന്നുവന്നു. ഒരേയൊരു ടെർമിനൽ.  തിക്കും തിരക്കും ഇല്ലാത്ത എയർപോർട്ട്. അംബരചുംബികൾ അല്ലാത്ത കെട്ടിടങ്ങൾ. ചതുപ്പുനിലങ്ങളും, കണ്ണെത്താദൂരത്ത് നീണ്ടുനിവർന്നു കിടക്കുന്ന മണൽപ്പരപ്പുകളും. ഇന്ന് അവയുടെ ഒക്കെസ്ഥാനത്ത് കൂറ്റൻ കെട്ടിടങ്ങളും, നെടുനീളൻപാതകളും, തിരക്കും മാത്രം.

മനസ്സിൻറെഫ്രേമുകളിൽ മൂന്നുപതിറ്റാണ്ടുകൾ ഒന്നൊന്നായി മാറി മറിഞ്ഞുകൊണ്ടിരുന്നു,  ലേബർക്യാമ്പ്, കുടുംബ പ്രാരാബ്ധങ്ങൾ, പ്രണയം, വിവാഹം അഥവാ വിരഹം,  അതിൽ പുഷ്പിച്ച മക്കൾ, അവരുടെ ചിരി- കളി-വളർച്ച.

ഏതോ അതുഭുതലോകത്ത് നിന്നും തിരികെ പോകുന്ന പോലെ ട്രോളി ഉന്തി ഞാൻ നടന്നു.  എൻറെ കൺതടങ്ങൾ അപ്പോൾ തുടിച്ചു കൊണ്ടിരുന്നു.

രാത്രിയാവുന്നു. ലോഞ്ചിലിരുന്ന് പുറത്തേക്ക് നോക്കാൻ ഞാൻ ഒരു വിഫലശ്രമം നടത്തി.  ഇലകൊഴിയാത്ത മരവും, പൂർത്തിയായ ചന്ദ്രബിംബവും, കണ്ണുചിമ്മുന്ന നക്ഷത്രകുട്ടന്മാരും ഇല്ലാത്ത രാത്രി. അപ്പോൾ കൺതടങ്ങളിൽ എവിടെയോ ഉറവപൊടിയുന്നുണ്ടായിരുന്നു.

അപ്പോഴും പൂർത്തിയാകാത്ത പ്രവാസത്തിൻറെ ബാക്കിപത്രം പോലെ എൻറെ വലതുകൈകുമ്പിളിൽ നോക്കിയ 1100 എന്ന കിങ്ങിണി ഉണ്ടായിരുന്നു. അവൾക്ക് എൻറെ ഹൃദയമിടിപ്പിൻറെ വേഗത അളക്കാം. കൈകളുടെ വിറയൽ ഗ്രഹിക്കാം.

അനൗൺസ്‌മെന്റ് മുഴങ്ങി.  ഒരിക്കലും തിരിഞ്ഞു നോക്കാതെ. ഒരിക്കലും തിരികെ വരാതെ ഞാൻ മുന്നോട്ടു മാത്രം നടന്നു.

No comments:

Post a Comment