Friday, October 27, 2017

ചിന്താഭാരം വീട്ടിൽ... മാവോയിസം റോട്ടിൽ

വെള്ളിയാഴ്ച ഫോൺ വിളിക്കുമ്പോൾ കെട്ടിയോൾക്കൊരു ഏനക്കേട്. പതിവുപോലെയുള്ള തുള്ളിവരവാണെന്ന് വായനക്കാർ കരുതിയേക്കരുത് . ഇത് ഇത്തിരി ചിന്താവിഷയമാക്കേണ്ടതാണെന്ന് എന്നെപ്പോലെ നിങ്ങൾക്കും പുടികിട്ടിക്കോളും.

"അതെ.. ഈ യൂടൂബിലും വാട്സാപ്പിലും ഒക്കെ  കെടന്ന് ചെലക്കുന്ന ആ പെണ്ണ് ഏതാ?"

ദൈവമേ, എൻറെ മനസ്സൊന്ന് കാളി! ഇതിപ്പോ വശപ്പെശക് സംഗതിയാണ്. അല്ലേൽ ഒരുപെണ്ണ് വേറൊരുത്തിയെപ്പറ്റി ഇത്ര ദേഷ്യത്തോടെ ചോദിക്കില്ല.  എന്നെച്ചുറ്റിപ്പറ്റി വാട്സാപ്പിലും യുട്യൂബിലും  കുഴപ്പക്കാരിപെണ്ണുങ്ങൾ ആരും തന്നെ ഇല്ല എന്ന് സ്വയം തീർച്ചപ്പെടുത്തിക്കൊണ്ട് ഞാൻ തിരിച്ച് അവളോട് ചോദിച്ചു.

"ഏതുപെണ്ണാ? എനിക്കറിയില്ല ..."

"ഓ .. അറിയില്ല... രാവിലെ തൊട്ട് എന്നോട് സംസാരിക്കാൻപോലും സമയമില്ലാതെ വായനയും, കുത്തിക്കുറിക്കലുമാ.. എന്നിട്ട് ഞാനോ കൊച്ചോ വല്ലോം ചോദിച്ചാൽ കയ്യൊഴിഞ്ഞുകളയും.."

എൻറെ ഗീവറുഗീസ്‌ പുണ്യാളാ... ഇതിപ്പോ പെമ്പ്രന്നോര് എന്നതിനുള്ള പുറപ്പാടാന്ന് വെളിവാകുന്നില്ലല്ലോ എന്ന് ഞാൻ നിരൂപിച്ചതും ദേ വരുന്നൂ അവളുടെ അടുത്ത ഡയലോഗ്.

"ഈ ജിമിക്കി കമ്മലിനെയും സെൽഫിയെടുക്കുന്നതിനെപ്പറ്റിയും ഏതോ ഒരുത്തി വല്യ ചുരിദാറും ഒക്കെയിട്ടൊണ്ട് നിന്ന് ചൊറിയുന്ന കണ്ടല്ലോ.. അവളേതാ?"

അടിബലേ ... അതുപറ. അപ്പോ അതാണ് കാര്യം. ഇവൾ പറഞ്ഞു വരുന്നത് നുമ്മ ചിന്താ പെങ്കൊച്ചിന്റെ കാര്യമാ.  നാടായ നാട് മുഴുവൻ നമ്മടെ ഡി.സി. ബുക്സിന്റെ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ബുക്കിന്റെ എഴുത്തുകാരൻ കണ്ണന്താനം സാറിൻറെ സഹധർമ്മിണിയെ വിട്ട് ചിന്തേച്ചിയുടെ തോളേൽ ട്രോളിക്കൊണ്ടിരിക്കുവാണല്ലോ.  അല്ല ഇവൾക്കിപ്പോ ചിന്ത ജെറോം വല്ലോം പറഞ്ഞാൽ ഇളക്കമെന്തിനാ?

"നിനക്കെന്തുവേണം? അവർ വല്ലോം പറഞ്ഞിട്ടുപോകട്ടെ. നീയും ഇതുമായിട്ടെന്താ ബന്ധം?"

"അത് ശരി.. നമ്മൊക്കൊന്നും അപ്പോ പ്രതികരിക്കാനും പറ്റില്ലേ?  നിങ്ങൾ കമ്യൂണിസ്റ്റാണോ?"

"അത്... ഇച്ചിരി.. ഇച്ചിരി മാത്രം.."  ഞാനൊന്ന് ചുരുങ്ങിപ്പോയി. നമ്മുടെ നമ്പൂരിച്ചനും, നായനാരും ഒക്കെ ദി ഗ്രേറ്റ് ഒളിവുകാലത്ത് പാത്തും പതുങ്ങിയും നടന്നപോലെ ഞാനും ഒരു പമ്മിക്കളി നടത്താൻ നോക്കി.

"ങാഹാ... അത് പറ.. നിങ്ങൾ കമ്യുണിസ്റ് ആയതെന്നാ?"

എൻറെ അത്തിപ്പാറ അമ്മച്ചി.. സത്യമായിട്ടും ഞാൻ നെഞ്ചത്ത് കൈവച്ചുപോയേ. ഇവളിനി ഇത് പാടിനടക്കുമോ? അപ്പനപ്പൂപ്പന്മാരായി നല്ല ഫാസ്‌ക്ലാസ് കോൺഗ്രസുകാരനായ കുടുംബത്തിൽ ഞാനെങ്ങനെ കുലംകുത്തിയായി എന്നവൾ കരുതുന്നുണ്ടാവും. അതുമാത്രമല്ല, വേറൊരു കുനഷ്ടും അതിലൊളിഞ്ഞു കെടപ്പൊണ്ട്.  നല്ല ഒന്നാന്തരം മൂത്ത കോൺഗ്രസ്സുകാരനാണ് അവടപ്പൻ.  അങ്ങേരിതറിഞ്ഞാൽ ജൂതസിനെപ്പോലെയോ, ബ്രൂട്ടസിനെ പോലെയോ (തെറ്റിദ്ധരിക്കരുത്, നമ്മ ബ്രിട്ടാസ് അല്ല) എന്നെകരുതും. 'മരുമോൻ അന്നേലും കമ്യുണിസ്റ് ആണേൽ ആ നാറിയെ എൻറെ കുടുംബത്ത് കേറ്റില്ല' എന്ന് വേണേൽ പ്രതിജ്ഞയും എടുത്തുകളയും എന്ന് എൻറെ ഉള്ളൊന്നു കാളി. പണ്ടൊരിക്കൽ ആൻറണി സാർ ആർക്കും കൊണമില്ലാത്ത മന്ത്രിയാണെന്ന് ഒന്ന് പറഞ്ഞതിൻറെ ദുർവാസാവ് ക്രോധം ഞാൻ കണ്ടതുമാണ്. എൻറെ മോൾ ഒരു കമ്യുണിസ്റ്റ് കാരന്റെ കൂടെ പൊറുക്കുന്നതിലും നല്ലത് ആ  പരനാറിയെ കളഞ്ഞേച്ചുവരുന്നതാണെന്ന് മൂപ്പിലാന് ചിലപ്പോ തോന്നിയാലോ?  എന്നാ പിന്നെ നിങ്ങൾ കരുതും തുമ്മിയ തെറിക്കുന്ന മൂക്കന്നേൽ അങ്ങ് പോട്ടെന്ന് വച്ചൂടേന്ന്. കാര്യം ശരിയാ, ഇതിനെ ഒഴിവാക്കാം. ബട്ട്,  നിങ്ങളെപ്പോലെതന്നെ കുടുംബത്തിൽ  ഒരു പെമ്പറന്നോത്തി ഇല്ലാതെ എന്നെപ്പോലൊരാണിനും കഴിയാൻപറ്റാത്ത ഈ ദുനിയാവിൽ കൊന്നതെങ്ങ് വിട്ടേച്ച് മുള്ളുമുരിക്കേൽ കേറുന്നപോലാകുമോ പിന്നങ്ങോട്ട് എന്നൊന്ന് ചിന്തിക്കുമ്പോൾ  ഇവളെ ഒട്ടങ്ങ്  ഒഴിയാനും തോന്നൂല്ല.  'പിടിച്ചതിനേക്കാൾ വലുത് അളയിൽ' എന്ന് പണ്ട് അപ്പനപ്പൂപ്പന്മാരായി പറഞ്ഞിട്ടുള്ളതുമാണല്ലോ. അപ്പോ ഞാനൊന്ന് ഭയക്കുന്നതിൽ തെറ്റുണ്ടോന്ന് നിങ്ങള് വായനക്കാര് പറ.

"അല്ല അവളെന്തോന്നൊക്കെയാ വിളിച്ചു പറേന്നെ?  അമ്മയുടെ ജിമിക്കി അപ്പൻ എവിടാ കട്ടോണ്ടുപോയെന്നും, ആരാ ഇവിടിപ്പോ ജിമുക്കി ഇടുന്നെന്നും, അപ്പൻറെ ബ്രാണ്ടിക്കുപ്പി അമ്മയെന്തിനാ കുടിച്ചു തീർത്തെന്നും ഒക്കെ ചോദിക്കാൻ അവളാരാ?  പിന്നെ സെൽഫിയെപ്പറ്റി എന്തോന്നാ പറഞ്ഞേ? സന്ദേശം സിനിമേലെ ശങ്കരാടി ബോബികൊട്ടാരക്കരയോട്  'കൊളോണിയലിസവും, ചിന്താസരണികളും, വരട്ടുവാദവും' എന്നൊക്ക പറയുംപോലെ എനിക്കൊന്നും മനസ്സിലായില്ല"

പുണ്യാളച്ചാ കൊളോണിയലിസവും, ചിന്താസരണികളും, വരട്ടുവാദവുംഎന്നൊക്കെ പറയാൻ ഇവളും പഠിച്ചോ. അപ്പൊ ഇനി സത്യമായിട്ടും ഞാൻ പേടിക്കണം. മനസ്സിൽ  ഒരു വെള്ളിടിവെട്ടിയെന്ന് നിങ്ങൾക്ക് ഞാൻ പറയാതെ മനസ്സിലായിക്കാണുമല്ലോ.

എടിയേ ... നീ എന്തിനാ ഈ വേണ്ടാത്തതൊക്കെ ചിന്തിക്കുന്നേ. ആ പെണ്ണ് വല്ലോം എവിടെയെങ്കിലും പോയി പറഞ്ഞോട്ടെ. നിനക്കെന്തൊ കുന്തമാ? പിന്നെ നിനക്ക് വേറൊരു കാര്യം വേണേൽ ഞാൻ പറഞ്ഞുതന്നേക്കാം"

"അതെന്താ...?" ക്യൂരിയോസിറ്റി കാരണം ഇനിയവൾ തറയിൽ നിക്കില്ലെന്നാനിക്കറിയാം.

"പറ...." അവൾ ചിണുങ്ങി. അല്ലേലും കാര്യസാദ്ധ്യസമത്ത്  നമ്മൾ ആണുങ്ങളെ ഈ പെണ്ണുങ്ങൾ അങ്ങ് ഒലിപ്പിച്ചുവീഴ്ത്തിക്കളയും. എത്ര സന്യാസിമാരുടെ തപസ്സ് മുടക്കിയവളുമ്മാരാ ഇതുങ്ങൾ? നുമ്മ ആണുങ്ങളുടെ വീക്കിനസ്സെൽ ഇടയ്ക്കിടെ കേറിയങ്ങ് പിടിച്ചുകളയും.

"അതേ ... ഈ പെങ്കൊച്ചിനെ പാർട്ടിക്കുള്ളിൽ തന്നെ പലർക്കും ഇഷ്ടമല്ല. വായിൽ തോന്നുന്നത് കോതക്ക് പാട്ടെന്ന മട്ടിലല്ലിയോ അതിൻറെ പ്രസംഗങ്ങൾ ഒക്കെ.  പിന്നെ കാര്യഗൗരവവും പക്കുവത ഇല്ലാത്തതും ആണെന്ന് പലർക്കുമറിയാം. അതുകൊണ്ടങ്ങു പോട്ടെന്നു വക്കുവല്ലിയോ പാർട്ടി?"

"ആന്നോ?"

"പിന്നല്ലാതെ. അല്ലേലും നീ അവടെ ഡ്രസ്സിങ് ഒക്കെ നോക്കിയിട്ടുണ്ടോ? വല്ല ഡ്രസ് സെൻസുമുണ്ടോ അതിന്?

"അന്നോ... അയ്യടാ അത് ഞാൻ അത്ര ഗൗനിച്ചിട്ടില്ലല്ലോ!!"

"അല്ല പിന്നെ... ഇതുങ്ങൾക്കൊന്നും ഒരു പണിയും ഇല്ലന്നേ. ഇടുന്നത് ഫാഷൻ ഡ്രസ്സ്, ജിമുക്കി കമ്മൽ, എടുക്കുന്നത് മൊത്തം സെൽഫി... എന്നിട്ട് ഇതുപോലെ അവിടേം ഇവിടേം പോയി പ്രസംഗിച്ചോളും. ബി.ജെ.പിക്കാരും കോൺഗ്രസ്സുകാരും ഇതും നോക്കിക്കൊണ്ടിരിക്കുവല്ലിയോ, അതേലും  മനസ്സിലാക്കണ്ടേ.."

"അതും ശരിയാ..."

കണ്ടോ പെണ്ണുംപിള്ള  എൻറെ വഴിക്കു വരുന്നെ? കാരണം എന്താ? വേറൊരുത്തിയുടെ  ചുരിദാറും കമ്മലും കൊള്ളത്തില്ലന്നല്ലിയോ ഞാനിപ്പോ അങ്ങോട്ട് അലക്കികൊടുത്തത്?

"അല്ലെത്തന്നെ നീ നമ്മുടെ അക്കുമോനെ നോക്കിയേ,  അവനെത്ര വയസ്സുണ്ട്? ഒന്ന്. ആ പൂഞ്ഞാണ്ടിചെറുക്കൻ പോലും ഈ ജിമിക്കികമ്മൽ ടി.വി യിൽ വരുമ്പോ പൂച്ച എലിയെപ്പിടിക്കാൻ മാളത്തിനു പുറത്ത്  ഇരിക്കുന്നപോലെ കുത്തിയിരിക്കുന്നത് എന്തിനാ? എടീ ആ താളവും, ഡാൻസും ഒക്കെ കണ്ടാ. അല്ലാതെ അതിന്റെ വരികളും അതിൻറെ ബ്രാണ്ടിക്കുപ്പിയും ഒക്കെ ആരുനോക്കുന്നു? ഒന്നും രണ്ടും വയസൊള്ള പുള്ളാര് വരെ കുത്തിയിരുന്ന് കാണുമ്പോ പിന്നെ ഇവളുമാർക്കൊക്കെ എന്നാത്തിൻറെ എനക്കെടാ? കുശുമ്പ്.. അല്ലാതെന്താ? സിംപിൾ"

"അത് ശരിയാ.. പണ്ട് ഏക് ദോ തീനും, ചോളീ കെ പീച്ചെയും, മുക്കാബലയും ഒക്കെ വന്നപ്പോൾ വീട്ടുകാർ ഇതുപോലെ കെടന്ന് തുള്ളിയതാ ... ങ്‌ഹും..."

"അല്ലാതെ പിന്നെ. നീയൊന്ന് ചുമ്മാതിരി. ഇഷ്ടംപോലെ ജിമുക്കി കമ്മൽ ഇട്ടോ.  പക്ഷേ എൻറെ ബ്രാണ്ടിക്കുപ്പി അടിച്ചോണ്ടുപോകരുത്..."

"അതേ, ജിമിക്കിയുടെ കാര്യംപറഞ്ഞപ്പോളാ ഓർത്തെ,  ഇനി ദുഫായീന്ന് വരുമ്പോൾ എനിക്ക് രണ്ടുപവൻറെ ഒരു മാലയങ്ങ് വാങ്ങിക്കൊണ്ട് പോര് ..."

ദൈവമേ ഇത് വേറൊരു വള്ളിക്കെട്ടാകുമോ?

"ഹാലോ... ഹാലോ... കമ്പിളിപ്പൂതപ്പെ.. കമ്പിളിപ്പൂതപ്പെ.."

ഞാൻ ഫോൺ വച്ചു.  അപ്പോൾ എൻറെ മനസ്സിൽ ഒരു പാട്ട് വന്നു.

"ചിന്താഭാരം വീട്ടിൽ... മാവോയിസം റോട്ടിൽ ..."

Wednesday, October 4, 2017

കറുപ്പും വെളുപ്പും

പ്രിയേ....

നിനക്ക് നൽകാൻ എൻറെ നെഞ്ചിലെ ചൂടും, എൻറെ വിരൽത്തുമ്പിലെ തണുപ്പും, കണ്ണുകളിൽ ഉറഞ്ഞുകൂടുന്ന വികൃതികളും ബാക്കി.  നിൻറെ കപോലങ്ങളിൽ നിറയുന്ന താപം നുകരുവാൻ എൻറെ ചുണ്ടത്ത് ചുംബനമൊട്ടുകൾ വിടരുന്നു.

സ്നേഹവുംകൂടി ചാലിച്ച് നീ നല്കുന്നതിനപ്പുറം നൽകുവാൻ ഇനി ആർക്കാകും എന്ന സന്ദേഹം എന്തിനാണ് കള്ളീ നീ എന്നിൽ പടർത്തുന്നത്?  എന്നെ ആലിംഗനം ചെയ്ത്  നീ നൽകിയ നഖക്ഷതങ്ങൾ കാതിൽ മന്ത്രിക്കുന്ന ചെറുകഥകൾ ഒരു തൂവൽസ്പർശം പോലെ ഹൃദയതന്ത്രികളെ തരളിതമാക്കി ഏതോ ചെറു സംഗീതം അറിയാതെ പൊഴിച്ചുപോകുന്നല്ലോ.

എൻറെ ചുംബനത്തിന്റെ തഴമ്പുകൾ നിറഞ്ഞ നിൻറെ മൂർദ്ധാവിൽനിന്നും ജനിക്കുന്ന സുഗന്ധം എൻറെ സ്നേഹമേ... എന്നെ ഉന്മത്തനാക്കുന്നതെന്താണ്?എൻറെ നെഞ്ചിലെ കുറുകലിലേക്ക് ചായുന്ന നിൻറെ മുഖം എന്നോട് പറയാതെ പറയുന്ന നൊമ്പരചിന്തുകൾ ഞാൻ എൻറെ ഇടകയ്യാൽ നിൻറെ കാർകൂന്തൽ തഴുകി, തഴുകി മായ്ക്കാൻ ശ്രമിക്കട്ടെ?

നിൻറെ ചാരെ ഞാൻ നിൽക്കുമ്പോൾ എൻറെ നഷ്ടങ്ങൾ ഒന്നുമല്ലാതായിത്തീരുന്നതെന്താണ്? നേടിയതും നേടാനുള്ളതും എല്ലാമെല്ലാം നിൻറെ ഇളംമേനിയിൽ തലോടുമ്പോൾ എന്നിൽനിന്നും അകന്നകന്ന് പോകുന്നതെന്താണ്?  നിൻറെ സ്പർശം എന്നെ ഒരു മാന്ത്രികദ്വീപിലേക്ക് നയിച്ച് എനിക്കിത്രനാൾ നഷ്ടമായത്തിന്റെ പതിന്മടങ്ങ് പകർന്നുനൽകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.

ഇനിയെങ്കിലും പറയുമോ നീ ആരാണെന്ന്? എന്താണെന്ന്?

കള്ളചിരിയിൽ നീ ഉത്തരം ഒളിപ്പിക്കാൻ ശ്രമിക്കേണ്ട. എനിക്കറിയാം ഞാനീ പറഞ്ഞതെല്ലാം എന്നെക്കൊണ്ടുതന്നെ മാറ്റിപ്പറയിപ്പിക്കാൻ നിനക്ക് ഒരു കാരണം മതി.

ഒരേ ഒരു കാരണം....

ശമ്പളം കിട്ടുമ്പോൾ കയ്യിൽ സ്നേഹം മാത്രം പൊതിഞ്ഞു നിനക്ക് കൊണ്ടുതന്നാൽ മതി!

പിന്നെ നീ ഇരുണ്ടോളും... കറുത്തോളും.. കറുത്തവാവും വന്നോളും. ചന്ദ്രനും താരങ്ങളും ഇല്ലാത്ത മാനത്ത് നോക്കിക്കൊണ്ട് ഞാൻ അന്തിച്ചുനിൽക്കേണ്ടിവരും.

അതുകൊണ്ട് പ്രിയേ.... എൻറെ മുത്തേ, ഞാൻ തിരക്കിലാണ്.  ആദ്യം നിന്നെ നേടാനുള്ള ധനം നേടട്ടെ.  പിന്നെ വന്നു ഞാൻ നിന്നെ പ്രാപിച്ചോളാം.