Friday, April 24, 2015

കുഞ്ഞിക്കഥകൾ

ഫേസ്ബുക്ക്

പള്ളി മുറ്റം.

ഉണ്ണിക്കുട്ടനോട്  അയാൾക്ക്  അന്ന് അതിയായ സ്നേഹം.

 "എത്ര നാളായി കണ്ടിട്ട് ? വീട്ടിലോട്ടൊക്കെ ഇറങ്ങു  ഇടക്കൊക്കെ. ഒന്നുമല്ലേലും നമ്മൾ നാട്ടുകാരല്ലേ... നാട്ടിന് പുറത്ത് ആണെങ്കിലും തമ്മിൽ, തമ്മിൽ മറക്കാമോ?"

ഉണ്ണിക്കുട്ടൻ  ഒന്നും മിണ്ടിയില്ല. "എന്ത് പറ്റി നിനക്ക് ?" അയാൾ വിടാൻ ഭാവം ഇല്ല. അവസാനം  ഉണ്ണിക്കുട്ടൻ വാ തുറന്നു.

"ഫേസ്ബുക്കിൽ  ഒരു  ഫ്രെണ്ട് റിക്വസ്റ്റ്  അയച്ചിട്ട്  വർഷം ഒന്നായി, വലിയ സ്നേഹം  അന്നേൽ ആദ്യം  അതങ്ങ്  അക്സെപ്റ്റു ചെയ്യ്. എന്നിട്ട് പഞ്ചാര ഡയലോഗ് പറ.."

കേട്ട് നിന്നവർ ആരെ ലൈക് അടിക്കും? ഉണ്നിക്കുട്ടനെയോ  അതോ അയാളെയോ?

പള്ളിയിൽ കുർബാന തുടങ്ങറായി. ബാക്കി ചിന്ത യേശുവിന്റെ തിരുരക്തവും മാംസവും രുചിച്ച ശേഷം !

-----------------------------------------------

മാനേജർക്കിട്ടൊരു പണി

അന്നും  മാനേജർ അയാളെ ചീത്ത വിളിച്ചു. എന്താണ് കൊടിയ പാപം എന്ന്  രണ്ടുപേർക്കും നല്ല ഊഹം ഇല്ല. മാനേജർക്ക് ചീത്ത വിളിക്കാൻ ഒരു കാരണം എന്നും വന്നുകിട്ടും . അയാൾക്ക്  കേൾക്കാനും. ഒന്നുമില്ലെങ്കിൽ  ക്ലോസ് ഓഫ് ബിസിനസ്സിനു  മുമ്പ് കൂടിരിക്കുന്ന മാരണങ്ങൾ ആരേലും ഒരു പണി അയാൾക്ക് പാർസൽ ആയി കൊടുക്കും.

മടുത്തു. ചീത്തവിളി കേട്ട് മടുത്തു. തിരിച്ചു പറഞ്ഞാലോ? ഇല്ല അതിനു കഴിയില്ല. പറ്റാഞിട്ടല്ല, നാട്ടിൽ കൈപ്പട്ടൂര് കലങ്ങേൽ പോയി വായിനോക്കി ഇരിക്കണം എന്ന് തോന്നുമ്പോൾ മനസ്സിൽ മുണ്ട് ചുരച്ചുകയറ്റി വരുന്ന കലിപ്പ് അങ്ങടക്കും!

ഇയാൾക്കിട്ട്  ഒരു എട്ടിന്റെ പണി എങ്ങനെ കൊടുക്കും? ഒതുക്കത്തിൽ ഒരു പണി?

അന്നത്തെ വീക്കിലി മീറ്റിങ്ങ് കഴിഞ്ഞപ്പോൾ അയാൾക്ക് ഒരു ഐഡിയ തെളിഞ്ഞു. അത് ഒരു ഒന്നൊന്നര ബുദ്ധിതന്നെ ആയിരുന്നു.

മാറ്റർ സിംപിൾ. വൈകുന്നേരം മാർക്കറ്റിൽ  പോകുന്നുണ്ട്. 'ഓ കാതൽ കണ്മണി ' കളിക്കുന്നു. ഒന്ന് കാണണം. പോകുമ്പോൾ ഓഫീസിൽ നിന്നെടുത്ത മാർക്കർപെൻ  കയ്യിൽ കരുതി.

മൂത്രശങ്ക ഇല്ലഞ്ഞിട്ടും അയാൾ മൂത്രപ്പുരയിൽ കയറി. നല്ല തിരിക്ക്. തിരക്കൊഴിയാൻ ഇത്തിരി കാത്തുനിന്നാലും കുഴപ്പം ഇല്ല. വന്നവർ  ഒക്കെ ജാരസന്തതികളെ അബോർഷൻ ചെയ്യാൻ വരുംപോലെ ഒരു ശങ്കയോടെയാണോ വരുന്നത്? ആ... എനിങ്കെന്തു കുന്തമാ? വന്ന കാര്യം സാധിച്ചിട്ടു പോവുക അത്ര തന്നെ.

അല്പനേരത്തെ കാത്തിരിപ്പിനുശേഷം ആരും ഇല്ലാത്ത ഒരു അവസരം അയാൾക്ക് കിട്ടി. ഒരു മിനിട്ട് പോലും വേണ്ടി വന്നില്ല. എല്ലാവരും കാണത്തക്ക രീതിയിൽ അയാൾ മാർക്കർപെൻ കൊണ്ട് ഇത്രയും എഴുതി.

'For ladies, pls call........'

അയാൾ  മൂത്രപ്പുരയുടെ ഭിത്തിയിൽ എഴുതിയത്  മനേജരുടെ മൊബൈൽ നമ്പർ ആയിരുന്നു! അടുത്ത നിമിഷം അയാൾ അവിടുന്ന് രക്ഷപെട്ടു.

തിയേറ്ററിൽ ദുൽകർ സൽമാനും നിത്യാ മേനോനും പ്രേമിച്ചു നടന്നത് കണ്ടപ്പോൾ അയാൾ ഉള്ളിൽ ഊറിച്ചിരിച്ചു.

ഏതാണ്ട് പത്ത്പതിനഞ്ച് മിനിട്ടിനു ശേഷം മാനേജർക്ക് ഇൻ കമിംഗ് കാളുകളുടെ  പൊങ്കാല ആയിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്,ബംഗാളി,  നമ്മുടെ മലയാളം എന്ന് വേണ്ട നാനാത്വത്തിൽ ഏകത്വം അയാളുടെ മൊബൈലിൽ കാളുകൾ ആയി വന്നു കൊണ്ടിരുന്നു. നിരന്തരം....

പരസ്യം കൊടുക്കുവാന്നേൽ അത് മൂത്രപ്പുരക്കുള്ളിൽ  തന്നെ കൊടുക്കണം. മാനേജരുടെ നിലക്കാത്ത ഇൻകമിംഗ് കോളുകൾ കണ്ടും, കേട്ടും അയാൾ മനസ്സിൽ കരുതി.

ഇതിനാണ് പണി പാലുംവെള്ളത്തിൽ കൊടുക്കുക എന്ന് പറയുന്നത് !
----------------------------------------------------


ഡയറക്ടർ  ഓഫ് പാർക്കിംഗ് 

ഒരു കമ്പനിയുടെ ഡയറക്ടർ എന്നാൽ എന്താണ് നിങ്ങൾ ധരിക്കുക? ഏതാണ്ട് ഭയങ്കര ഒരു സംഭവം ആയിരിക്കും എന്നല്ലേ? എന്നാൽ ഇതാ ഒരു ഡയറക്ടർ. മഹാത്മാ ഗാന്ധിയുടെ പെൻസിൽ കഥയേയും, തകഴിച്ചേട്ടന്റെ പിശുക്കിനെയും കവച്ചു വക്കാൻ പോന്ന ഒരു ആൾ. അതും നമ്മുടെ ദുബായിലേ ...!

കമ്പനി ഡയറക്ടർ പുതിയ ടൊയോടാ  ലാൻഡ്‌ക്രൂസർ വാങ്ങി. എമിരേറ്റ്സ് റോഡിലെയും, ഷെയ്ക്ക് സായിദ് റോഡിലെയും (ഇപ്പോൾ ഷെയ്ഖ് മുഹമ്മദ്‌ ബിൻ നഹ്യാൻ റോഡ്‌) ഒക്കെ തലയെടുപ്പുള്ള പുള്ളിയാണല്ലോ ഈ ലാൻഡ് ക്രൂസർ. കൂടിയ വിലകൊടുത്ത് വണ്ടിക്ക് ഫാൻസി നമ്പറും വാങ്ങി.

വണ്ടി വാങ്ങിയാൽ സ്വാഭാവികമായും നമ്മൾ എന്ത് ചെയ്യും? അച്ചായൻമാർ ആന്നേൽ പള്ളിയിൽ കൊണ്ടുപോയി അച്ചനെ കൊണ്ടൊന്ന് പ്രാർഥിപ്പിക്കും, ഹിന്ദുക്കൾ അമ്പലത്തിൽ കൊണ്ടുപോയി പ്രാർഥിക്കും (പ്രാർഥിക്കാൻ എല്ലാവർക്കും ഓരോ കാരണങ്ങൾ ഉണ്ട്!).

പുതിയ ലാൻഡ് ക്രൂസർ ബർദുബായി  അമ്പലത്തിനടുത്തുള്ള കാർ പാർക്കിങ്ങിൽ നിന്നു.   ഡയറക്ടർ തൻറെ വണ്ടിയിൽ ഇരുന്ന ആശ്രിതനെ  നോക്കി (നസീർ സാറിന് അദൂർഭാസിയെയും, ജയറാമിന് ഇന്ദ്രൻസിനെയും കൂടെനിന്ന്  ഒഴിവാക്കാൻ പറ്റാത്ത ഒരു കാലവും ഉണ്ടായിരുന്നു എന്ന് 'അടിയാൻ' എന്ന ഭാവത്തിൽ ഇരിക്കുന്ന ആ സൂപ്പർവൈസറെ  കണ്ടാൽ എനിക്ക് തോന്നും).

സൂപ്പർവൈസർ വണ്ടിയിൽ നിന്ന് പുറത്തിറങ്ങാൻ ഭാവിച്ചു. "നീ എവിടെക്കാ?" ബോസ്സ് ചോദിച്ചു. " ഇറങ്ങണ്ടെ സാറേ...?!"

"ഇറങ്ങണം. ഞാൻ പറയാം... എന്നിട്ട് ഇറങ്ങിയാൽ മതി"

ഡയറക്ടർ ഗൌരവക്കാരൻ ആയി. 'ഉവ്വേ' എന്ന  മട്ടിൽ സൂപ്പർവൈസർ. അഞ്ചു മിനിട്ട്, പത്ത്. മിനിട്ട് ..... പാർക്കിംഗ് കിട്ടിയിട്ടും ഇയാൾ എന്തിനാണ് ഇങ്ങനെ വണ്ടി ഓഫ്‌ ചെയ്ത് കിടക്കുന്നത് എന്ന് സൂപ്പർവൈസർ  ആലോചിക്കാതിരുന്നില്ല.

പെട്ടെന്ന് അമ്പലത്തിൽ നിന്നും ഒരാൾ പുറത്തിറങ്ങി വന്നു. പാർക്കിങ്ങിൽ കിടന്ന തൻറെ വണ്ടിക്കുള്ളിൽ അയാൾ കയറാൻ നേരം ഡയറക്ടർ ഉച്ചത്തിൽ പറഞ്ഞു

"വേഗം ചെന്ന് അയാളുടെ കയ്യിൽ നിന്നും പാർക്കിംഗ് സ്ലിപ് വാങ്ങിക്കൊണ്ടു വാ... വെറുതെ നമ്മൾ എന്തിനാ രണ്ടു ദിർഹം കളയുന്നെ?... പെട്ടെന്ന് !.. അയാൾ ഇപ്പൊ പോകും !! "

ആ നോർത്ത്ഇന്ത്യാക്കാരന്റെ കയ്യിൽ നിന്നും പാർക്കിംഗ് സ്ലിപ്പും വാങ്ങി ഡയറക്ടറുടെ  അടുത്തേക്ക് വരുമ്പോൾ മധ്യതിരുവതാംകൂറുകാരൻ ആയിരുന്ന സൂപ്പർവൈസർ  മനസ്സിൽ ഓർത്തു .

'നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ'...... 'ഇവൻ താനെടാ ഡയറക്ടർ' !!
-------------------------------------- 

മുൻ‌കൂർ ജാമ്യം 

മഴ പെയ്തു തോർന്നതേ ഉള്ളൂ. കൂനിപ്പിടിച്ചിരുന്ന തള്ള കുട്ടാപ്പിയോട് പറഞ്ഞു.

"ഡാ... ചമ്മന്തി അരക്കാൻ തേങ്ങ ഇല്ല.. നീ ആ കൊന്നതെങ്ങേൽ കേറി ആ വിളഞ്ഞു കെടക്കുന്ന രണ്ടു തേങ്ങ ഒന്നിട്ടേ "

കുട്ടാപ്പി അത്ഭുതപ്പെട്ടു. ഈ തള്ളക്ക് ഭ്രാന്തു പിടിച്ചോ? മഴ നനഞ്ഞു നിൽക്കുന്ന തെങ്ങേൽ എങ്ങിനെ കേറും?

"എന്താ ചെക്കാ നീ  എന്താ എന്താ നോക്കി ഇരിക്കുന്നെ? വിശന്നിട്ടു പ്രാണൻ പോകുന്നു. ഇച്ചിരി കഞ്ഞി കുടിക്കണേൽ ചമ്മന്തി വേണ്ടേ?"

ഇതും പറഞ്ഞു അവർ ഭർത്താവിനോടായി പറഞ്ഞു. "ചുമ്മാ ഉറക്കം തൂങ്ങിയിരിക്കാതെ ഈ ചെക്കനെ തെങ്ങേൽ ഒന്നു കേറ്റുന്നുണ്ടോ .."

ചടഞ്ഞു കൂടിയിരുന്ന മൂപ്പിൽസ് പ്രാകിക്കൊണ്ട്‌ എണീറ്റു "ഡാ... തെങ്ങേൽ കേറുന്നുണ്ടോ?"

ഇനി രക്ഷ ഇല്ല. മൂപ്പിൽസിനു കലി വന്നാൽ പറഞ്ഞിട്ട് കാര്യം ഇല്ല. കുട്ടാപ്പി കലിതുള്ളി തെങ്ങിൻറെ ചുവട്ടിൽ എത്തി.  മുകളിലോട്ട്  ഒന്ന് നോക്കി. അവിടേം, ഇവിടേം ഒക്കെ പായൽ പിടിച്ചു കിടപ്പുണ്ട്. തെങ്ങിലോട്ടുകാൽ കേറ്റി വക്കാൻനേരം ഉച്ചത്തിൽ  കുട്ടാപ്പി ഒരു മുൻ‌കൂർ ജാമ്യം എടുത്തു.

"ദാണ്ട്‌ ... ഞാൻ തെങ്ങേൽ കേറാം .... പക്ഷേ  തെങ്ങിൻറെ മുകളിൽ  നിന്നും പായലിൽ  തെന്നി താഴെ  വീണാൽ  എന്നെ ഒന്നും  പറഞ്ഞേക്കരുത് !!"
----------------------------------------------


Monday, April 20, 2015

ആരാണ് ഞാൻ ?

ഞാൻ കറുമ്പൻ ആണോ?
അതെ ഞാൻ കറുത്തതാണ്‌
എന്നാൽ  ഷർട്ട്‌ സെലക്ട് ചെയ്യുമ്പോൾ സെയിൽസ് ഗേൾ പറയുന്നു
"സാർ താങ്കൾ വെളുത്തതാണ്" !

ഞാൻ  മുണ്ടനാണോ ?
അതെ ഞാൻ കുറിയവനാണ്
എന്നാൽ എൻറെ സുഹൃത്തുക്കൾ പറയുന്നു
"നീ ഒത്തിരി ഉയരത്തിൽ ആണെന്ന്"!

ഞാൻ  ക്രിസ്ത്യാനി ആണോ?
അതെ ഞാൻ ക്രിസ്ത്യാനിയാണ്
എന്നാൽ എന്നെ വായിക്കുന്ന നാട്ടുകാർ പറയുന്നു
"നീ മറ്റു മതങ്ങളെ തേടി നടക്കുന്നവൻ" ആണെന്ന് !

ഞാൻ കമ്മ്യൂണിസ്റ്റ് ആണോ?
അതെ ഞാൻ കമ്മ്യൂണിസ്റ്റ് ആണ്
എന്നാൽ എൻറെ വീട്ടുകാരും സഹപാഠികളും പറയുന്നു
"നീ കൊണ്ഗ്രസ്സുകാരാൻ തന്നെ" എന്ന് !

ഞാൻ കള്ളൻ ആണോ?
അതെ കള്ളത്തരങ്ങൾ അല്ലെ അനുദിനം ചെയ്യുന്നത്?
എന്നാൽ എൻറെ സഹപ്രവർത്തകർ പറയുന്നു
"നീ സത്യസന്ധൻ ആണെന്ന്"!

ഞാൻ സ്നേഹമുള്ളവൻ ആണോ?
അതെ ഞാനെത്ര മാത്രം സ്നേഹിക്കുന്നു....
എന്നാൽ എൻറെ പ്രിയതമ പരിഭവിക്കുന്നു
"നിങ്ങൾ സ്നേഹിക്കാൻ അറിയാത്തവൻ ആണെന്ന്" !

ഞാൻ വിരൂപനാണോ?
അതെ ഞാൻ വിരൂപൻ തന്നെ
എന്നാൽ മേക്കപ്പിട്ടു നിൽക്കുമ്പോൾ കണ്ണാടി പറയുന്നു
"നീ സുന്ദരൻ ആണെന്ന്" !

ഞാൻ പഠിച്ചവൻ ആണോ?
അതെ ഒരു ബിരുദാനന്തര ബിരുദം കൂടി ചെയ്യുകയും ആണ്
എന്നാൽ  ഇന്റർവ്യൂവിനു കഴിഞ്ഞിറങ്ങുമ്പോൾ
അവർ പറയുന്നു "നിങ്ങൾ ക്വാളിഫൈഡ് അല്ല" എന്ന് !

ഞാൻ പിശുക്കൻ ആണോ?
അതെ ഞാൻ പിശുക്കൻതന്നെയാണ്
എന്നാൽ പാർട്ടി പിരിവു നടത്താൻ വന്നവർ പറയുന്നു
"സാർ എത്ര ഉദാരമതി " ആണെന്ന് !

ഞാൻ മാതൃഭാഷയെ തള്ളിപ്പറയുന്നവൻ ആണോ?
തള്ളിപ്പറയുക മാത്രമല്ല ആംഗലേയതതിന്റെ പുറകെയും ആയിരുന്നു
എന്നിട്ടും എഴുത്ത് പരീക്ഷ കഴിഞ്ഞപ്പോൾ ഞാൻ കേട്ടു
"നിൻറെ ആംഗലേയം എത്ര മോശമാണെന്ന്" !

ഞാൻ ഒരു പിതാവാണോ?
അതെ അഭിമാനം തുളുമ്പുന്ന പിതാവ് എന്ന്  ഞാൻ അഹങ്കരിക്കുന്നു
എന്നാൽ എൻറെ കുഞ്ഞുങ്ങൾ എന്നോട് ചോദിക്കുന്നു
"നിങ്ങൾ ഒരു പിതാവാണോ" എന്ന് !

ഞാനൊരു പാവമാണോ?
അതെ.. ഞാൻ പാവമല്ലെങ്കിൽ പിന്നെയെന്താണ്?
എന്നാൽ എൻറെ ബന്ധുക്കൾ പറയുന്നു
"നീ ഒരു  ക്രൂരൻ " ആണെന്ന് !

ഞാനൊരു പണക്കരനാണോ ?
കടങ്ങൾ തലയിൽ കയറി നിൽകുന്നവൻ ആരാണ്?
എന്നാൽ മാലോകർ പറയുന്നു
ഞാനൊരു "ഗൾഫുകാരൻ പണക്കാരൻ" എന്ന് !

സത്യത്തിൽ ആരാണ് ഞാൻ?
സത്യത്തിൽ എന്താണ് ഞാൻ?
ഇല്ലായ്മ ആണോ ഞാൻ
ഇല്ലായ്മയുടെ കാതൽ  ആണോ ഞാൻ

എന്ത് ഞാൻ ഉണ്ടെന്ന് ധരിച്ചുവൊ
അതെല്ലാം ഇല്ലാത്തവൻ തന്നെയാണോ ഞാൻ?
എന്ത് ഞാൻ ഇല്ലെന്നു ധരിച്ചുവൊ
അതെല്ലാം ഉള്ളവൻ തന്നെയാണോ ഞാൻ

എന്താണ് ഞാൻ വിശ്വസിക്കുക?
എന്നെയോ അതോ എന്നെ കാണുന്നവരെയോ ?
ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിക്കുമ്പോൾ
ഉത്തരങ്ങൾ എന്നെ നോക്കി പല്ലിളിക്കുകയല്ലേ ?