Wednesday, February 9, 2022

'അടി'യുടെ പൂരം

'അടി'യുടെ പൂരം 
ജോയ് ഡാനിയേൽ
-----------------------

നാടൻ ഭാഷയിൽ എഴുതപ്പെടുന്ന കൃതികൾക്ക് മണ്ണിന്റെയും മനുഷ്യന്റേയും ചൂര് ഏറും.  തനി തിരുവനന്തപുരം ഭാഷയിൽ കാലം ഒന്ന് തിരിഞ്ഞുനിന്ന് വായനക്കാരനോട് സംവദിക്കുന്ന രസകരമായ വായനയുടെ കാഴ്ചയാണ് വി.ഷിനിലാലിന്റെ 'അടി' എന്ന നോവൽ.

കഥയിൽ നിന്ന് നോവലായി 'അടി' രൂപാന്തരം പ്രാപിച്ചതും,  വലിയൊരു ക്യാൻവാസിൽ എഴുതുവാനാഗ്രഹിക്കുന്ന ഉദ്യമത്തിൽ നിന്നും അടർത്തിയെടുത്തൊരു ഭാഗം കണക്കെയാണ് ഈ നോവലെന്നും എഴുത്തുകാരൻ ആമുഖത്തിൽ പറയുന്നുണ്ട്.  കഥയുടെ തുടക്കത്തിൽ, എലിസൺ മകൻ പിലിപ്പോസിനോട് പറയുന്നു 'എന്തരിനെടാ കണ്ടവമ്മാരെ കഥകള് കേട്ട് പാഴാവണത്?  വലിയ രാജാക്കന്മാര് മാത്രമല്ലടാ ചെറുക്കാ, നമ്മക്കും ഒണ്ട് കഥകൾ'. ഈയൊരു ചിന്തയാണ് കഥാകാരനെക്കൊണ്ട് 'അടി' എന്ന നോവൽ എഴുതിപ്പിച്ചത് എന്നുവേണം പറയുവാൻ. 

ചെറിയചെറിയ കഥകളായും ഭാഗങ്ങളെയും കഥ പറഞ്ഞുപോകുന്ന രീതി ആകർഷകം.  നാടൻ ശീലുകൾ വാക്കിനാലും നോക്കിനാലും എന്തിന് തെറികൊണ്ടുപോലും രസകരമായി അവതരിപ്പിക്കുന്നത് മടുപ്പുളവാക്കാത്ത അനുഭവമായിത്തീരും.  ബെന്യാമിൻ 'അക്കപ്പോരിൻറെ ഇരുപത് നസ്രാണിവർഷങ്ങൾ',  'മന്തളിരിലെ ഇരുപത് കമ്യുണിസ്റ്റ് വർഷങ്ങൾ' എന്നീ നോവലുകളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ മധ്യതിരുവതാംകൂറിലേതാണ്. അടുത്തകാലത്ത് വായിച്ച ആർ.രാജശ്രീയുടെ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' എന്ന നോവലിൽ കണ്ണൂർ ഭാഷയുടെ ഗന്ധം രസച്ചരടിൽ കോർത്തിരിക്കുന്നു. അതേ ശ്രേണിയിൽ വേണം ഈ ചെറുനോവലും പരിഗണിക്കുവാൻ.  തിരുവനന്തപുരം ഭാഷ എഴുത്തിലും സിനിമയിലും എന്നും ഏറെ ഇഷ്ടം തോന്നിയിട്ടുള്ളതുകൊണ്ടാകണം ഒറ്റയിരിപ്പിന് നോവൽ വായിച്ചു തീർക്കാൻ ആദ്യ അദ്ധ്യായത്തിൽ കണ്ണുടക്കിയപ്പോഴേ തോന്നി.  ആ തോന്നൽ വെറുതെയായില്ല താനും.

കഥയിലേക്ക് വരികയാണെങ്കിൽ, പെലപ്പോലീസ് എന്ന ഫിലിപ്പോസിൽ കഥ തുടങ്ങുന്നു. ഫിലിപ്സിന് ഒരു പ്രശ്‌നമുണ്ട്. പിന്നിൽ നിന്നും ആരോ തന്നെ അടിക്കാൻ വരുന്നു എന്നൊരു ഭയം കുറേനാളായി അയാളെ ഭരിക്കുന്നു. ഫിലിപ്‌സിന്റെ അപ്പൻ എലിസൺ മകനോട് പറയുന്ന കഥാകഥന രീതിയാണ് നോവലിൽ.  തലമുറകൾ എലിസണിലൂടെ, മകനിലൂടെ വായനക്കാരനുമുന്നിൽ വിടരുന്നു.  ചട്ടമ്പികൾ ഓരോരുത്തരായി കഥയിൽ പിറന്നുവീഴുകയായി. നെഹ്‌റുവിന്റെ മാർത്താണ്ഡത്ത് വരവും, ചന്ത അലിയാരും ആറുമാനൂർ കുഞ്ഞിനും തമ്മിലുള്ള അടിയും, സാവിത്രിയെ തപ്പാൻ വന്ന് കുത്തുകൊണ്ട് വീഴുന്ന സത്യവാനും വഴി കഥ മുന്നോട്ട് ചലിക്കുന്നു.  ഇ.എം.എസ്സിന്റെ പ്രസംഗവും ശൂരൻ പോലീസും ഗാന്ധിയൻ വേലുചട്ടമ്പിയും കാട്ടുമാക്കാൻ ചട്ടമ്പിയും ഓരോരുത്തർക്കുമുണ്ട് രസകരങ്ങളായ ഓരോ കഥകൾ. ഇതിനിടയിൽ കുണുക്കത്തി രായമ്മ എന്നൊരു കഥാപാത്രം വായനയിൽ ചിരിയും ചിന്തയും നൽകി വല്ലാതെ മനസ്സിൽ പറ്റിപ്പിടിക്കും. 

പേരും കാലവും പങ്കെടുത്ത പ്രധാന അടിയുടെയുടെ കുറിപ്പോടെ കുറെ ചട്ടമ്പികൾ പിന്നെയുമുണ്ട്. കള്ളൻ അഷ്‌റഫ്, വരുത്തൻ ചട്ടമ്പിമാർ, ഇരുമ്പൻ ചട്ടമ്പി, പെലച്ചട്ടമ്പി, സി.സി.ഗുണ്ടകൾ, മല്ലൻ പിള്ള, സാമ്പായി രാജയ്യൻ എന്നിങ്ങനെ എലിസൺ ഓരോ കാലവും കഥയും വിളമ്പുന്നു. പഴയകാലത്ത് തുടങ്ങി പുതിയ കാലത്തേക്ക് ഗുണ്ടകളുടെ രൂപത്തിൽ പരിണാമം സംഭവിച്ച ചട്ടമ്പിത്തരത്തിനിടയിൽ അടിയോടൊപ്പം നേർത്ത രാഷ്ട്രീയവും പിടയ്ക്കുന്നുണ്ട്.  

പിന്നിൽ നിന്നും വരുന്ന അടിയുടെ പേടി ഫിലിപ്‌സ് അപ്പനോട് പറയുകയും ഉപദേശം തേടുവാൻ അപ്പൻ അവനെ നൂറുവയസ്സ് കഴിഞ്ഞ അമ്മയുടെ അടുത്തേക്ക് വിടുകയും ചെയ്യുന്നു. സാക്ഷാൽ അയ്യങ്കാളി ചന്തയിൽ നടത്തിയ ഒരടിയുടെ കഥയാണ് അവൻ അവിടെ കേൾക്കുന്നത്.  കഥാന്ത്യത്തിൽ ഫിലിപ്പെന്ന 'പെല എസ്സേക്ക്'  പിന്നിൽ നിന്നും വരുന്ന അടിയുടെ പേടി മാറുകയും അത് കൃഷ്ണൻതമ്പി അങ്ങേത്തിലേക്ക് പറിച്ചുനടപ്പെടുകയും ചെയ്യുന്നു. രസകരമായ ആ കഥ വായിച്ചു തന്നെ അറിയേണ്ടതാണ്.

കഥയിൽ ഷിനിലാൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും സന്ദർഭങ്ങളും ചന്തയിലെ നല്ലൊരു നാടൻ അടി കണ്ടു നിൽക്കുന്ന മാതിരി രസകരവും ആവേശകരവുമാണ് എന്ന് പറയാതെ വയ്യ. നിർദ്ദോഷകങ്ങളായ പള്ളുവിളിയും സംസാരരീതിയും പലപ്പോഴും ഊറിച്ചിരിപ്പിക്കാൻ പാകത്തിനുള്ളതുമാണ്.  ഈയെമ്മസിന് നാണക്കേടുണ്ടാക്കാതിരിക്കാൻ കവുങ്ങിൽ പകുതി കയറി പാക്ക് മോഷ്ടിക്കാത്ത കാട്ടുമാക്കാനും, ആട്ടുകാരൻ കരീമിനെ അടിക്കാൻ കാരണം സ്വയം അന്വേഷിച്ച് 'അവൻ കാങ്ക്രസ് ആണെന്ന' കാരണത്തിൽ എത്തുന്ന നമ്പാടനും,  കള്ള അഷ്‌റഫിന്റെ മാലയുടെ കഥയും ഒക്കെ നിറഞ്ഞു നിൽക്കുന്ന പുസ്തകവായന ചിലപ്പോൾ ചരിത്രത്തിൻറെ രേഖയായും, പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രതികരണമായും ബഹുഭാര്യത്വം, ബഹുഭർത്തൃത്വം  എന്നിവയുടെ അടയാളപ്പെടുത്തലായും കാണുവാൻ കഴിയും.

ചെറുതും ലളിതവുമെങ്കിലും രസകരമായി കഥ പറഞ്ഞ് മറക്കാനാകാത്ത കുറെ കഥാപാത്രങ്ങളെ തന്ന് വായന മടുപ്പില്ലാതാക്കുന്ന പുസ്തകമാണ് വി.ഷിനിലാലിന്റെ 'അടി'.  ഡി.സി.ബുക്‌സ് ആണ് പ്രസാധകർ. പേജ്-128, വില-150 രൂപ.