Tuesday, July 23, 2019

കൊളാബറേഷൻ

കൊളാബറേഷൻ
-----------------------------

"പിള്ളേച്ചോ, ഇന്നലെ ചന്ദ്രയാൻ-രണ്ട് വിട്ടു"

കാലുവെന്ത നായെപ്പോലെ ഓടിക്കിതച്ചുവന്ന അമ്മാനു തൻറെ കക്ഷത്തിൽ യാപ്പണം പൊകയിലപോലെ മടക്കി തിരുകിക്കേറ്റി വച്ചിരുന്ന പ്രമുഖപത്രം നൂർത്ത് പിടിച്ച്  പറഞ്ഞപ്പോൾ, ഗാന്ധിമുക്കിനുള്ള തൻറെ ചായക്കടയിൽ വീതിയിലും നീളത്തിലും ആൽബർട്ട് ഐൻസ്റ്റീന്റെ തത്വം പ്രാവർത്തികമാക്കി ചായയടിച്ചുകൊണ്ടിരുന്ന പിള്ള തലയിൽകെട്ട് ഒന്നഴിച്ചുടുത്തു.

"ചന്ദ്രൻ രണ്ടെണ്ണം വിട്ടേൽ നീ നാലെണ്ണം വീട്ടുകാണുമല്ലോ. പണ്ടേ നീ ഓസിന് കിട്ടിയാൽ അടിക്കാൻ കേമനാ അമ്മാനൂ"

"എൻറെ പിള്ളേ, രാധയുടെ ഷാപ്പിലെ അടിയുടെ കാര്യമല്ല. ഇങ്ങേർക്ക് എന്തോ പറഞ്ഞാലും കീടമടിയെപ്പറ്റി മാത്രമേ പറയാനുള്ളല്ലോ. ഞാൻ പറഞ്ഞത് നമ്മുടെ ഐ. എസ്. ആർ. വിട്ട റോക്കറ്റിന്റെ കാര്യമാ"

"അവന്മാര് റോക്കറ്റോ, പൂത്തിരിയോ എന്തോ വേണേലും വിടട്ടെടാ, നിനക്കെന്തൊ കുന്തമാ?"

അനാവശ്യമായി ലോകകാര്യം പറയുന്നത് ഇഷ്ടമല്ല എന്ന നയം പിള്ള ഊന്നിപ്പറഞ്ഞു.  ഇത് കണ്ടുനിന്ന പിള്ളയുടെ കടയിലെ സ്ഥിരം കസ്റ്റമറായ സാർതങ്കച്ചായൻ അടുത്തൊരു ചോദ്യം എടുത്തിട്ടു.

"അമ്മാനൂ, ഒരുമാതിരി പോക്കണംകേട് പറയാതെടാ, ഇന്നലെ കേറ്റിയ കള്ളിന്റെ കെട്ട് ഇപ്പോളും നിനക്ക് വിട്ടില്ലേ? ദാണ്ടേ ഇങ്ങോട്ട് നോക്ക്, നമ്മുടെ അച്ചായന്മാരുടെ കോട്ടയംപത്രം നിജസ്ഥിതി വെളിപ്പെടുത്തിയിരിക്കുന്നത് കണ്ടോ? നിൻറെ മറ്റേടത്തെ റോക്കറ്റും, എലിവാണോം ഇവിടെയാരും വിട്ടില്ല. ചന്ദ്രയാൻ രണ്ട് സസ്‌പെൻഡ് ചെയ്‌തു"

ഒരു നിമിഷം അമ്മാനു അണ്ടിയാണോ മാങ്ങയാണോ മൂത്തത് എന്ന മട്ടിൽ നിൽപ്പ് നിന്നു. തൻറെ കയ്യിലിരുന്ന പത്രവും സാറിന്റെ കയ്യിൽ ഇരുന്ന പത്രവും മാറിമാറി നോക്കി. എടായെടാ! നമ്മുടെ പാത്രത്തിൽ സാധനം വിട്ടു, സാറിൻറെ പത്രത്തിൽ വിട്ടില്ല. ഇതെന്തോ എടപാട്?

"മണിസാറേ നിങ്ങളുടെ പാർട്ടിപത്രത്തിൽ എന്തോ കുന്തമാ എഴുതിവച്ചേക്കുന്നേ? ഇനിയിപ്പോ അങ്ങനെ ഒരു യാനമേ ഇല്ല എന്നോ മറ്റോ ആണോ?"

പിള്ളേച്ചൻ ആക്കി ചോദ്യം ചോദിച്ചത്കേട്ട് പാർട്ടി പത്രത്തിൽ തൂശനില ഇട്ടുവിളമ്പിയ വർത്തയാകുന്ന വിഭവങ്ങൾ വാരിവലിച്ച് ഉണ്ടുകൊണ്ടിരുന്ന മണിസാർ ഭൂതക്കണ്ണാടി ഒന്ന് നേരെയാക്കി ചൊറിയുന്ന ചോദ്യംവന്ന ഉറവിടം തേടി.

"എൻറെ പൊന്നു പിള്ളേച്ചാ, നമ്മുടെ പത്രത്തിൽ നേരും നെറിയുമേ വരൂ. അല്ലാതെ റബ്ബർ അച്ചായന്മാരുടെ പത്രം പോലെയല്ല"

ഇതുകേട്ട അമ്മാനു വിടുമോ? "പിന്നേ, നേരും നെറിയും! മണിസാർ ഒന്ന് പോയേ, 'വായിക്കൂ വരിക്കാനാകൂ, വഴിയിലിരിക്കൂ' എന്നല്ലേ നിങ്ങളുടെ പരസ്യം?"

ചൊറികുത്തിയിരിക്കുന്ന അമ്മാനുവിനെ ചൊറിയുന്നത് തനിക്ക് ചേർന്നതല്ല എന്നമട്ടിൽ മണിസാർ വിഷയം ഡൈവേർട്ട് ചെയ്യാൻ കൊണ്ടുപിടിച്ച ശ്രമം നടത്തി.

"അമ്മാനൂ, നിനക്കറിയാമോ ഈ പത്രക്കാർ ഒക്കെ ഒട്ടുമിക്ക വാർത്തകളും മുമ്പേകൂട്ടി ഒണ്ടാക്കി വച്ചേക്കുന്നതാ. സമയാസമയങ്ങളിൽ അത് പരുവം പോലെ എടുത്തങ്ങ് ചാമ്പും. പ്രശസ്തരായവർ ഒക്കെ കാഞ്ഞുകഴിയുമ്പോൾ തേനുംപാലും ഒലിപ്പിച്ച  ലേഖനങ്ങൾ വരുന്നത്, ഫോട്ടോകൾ ഒക്കെ വരുന്നത് പിന്നെ എങ്ങനാന്നാ നിൻറെ വിചാരം?"

"അന്നോ?" അമ്മാനു വാ പൊളിച്ചു.

"പിന്നല്ലാതെ? ഇതിപ്പോ ആർക്കോ പറ്റിയ അബദ്ധം. റോക്കറ്റ് പോയില്ല, പത്രം അടിക്കാനും പോയി. ബി. ബി.സിയൊക്കെ എലിസബത്ത് രാജ്ഞി മരിച്ചെന്ന് എത്രവട്ടം ന്യൂസ് ഇട്ടതാ. ഇതിപ്പോ പണ്ട് നമ്മുടെ പത്രത്തിലും ഹോട്ട്ഡോഗ് എന്ന കുന്തം മൊഴിമാറ്റം നടത്തി ഒന്ന് വലിച്ചുകെട്ടിയതല്ലിയോ?"

"അതിപ്പോ, ന്യൂസ് കണ്ടിട്ടെങ്കിലും രാജ്ഞ്ഞിക്ക്  എന്തേലും തോന്നട്ടെന്ന്   ബി.സി.സി ക്കാര് കരുതിക്കാണും.  മൂത്ത്നരച്ചു നിൽക്കുന്ന ചാൾസ് രാജകുമാരനെ കണ്ടാ ഒള്ളത് പറഞ്ഞാ നമ്മക്കും ദയതോന്നിപ്പോകും" സാർതങ്കച്ചൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

"അത് ശരിയാ സാറെ, രാജകുമാരൻ എന്നൊക്കെ പറയുമ്പോൾ നമ്മൾ വിചാരിക്കും നമ്മുടെ കഥകളിലെ ചെറുപ്പക്കാരനാണെന്ന്. ഇതിപ്പോൾ ഇതിയാനെ കണ്ടാൽ ആരേലും പറയുമോ? ഈ വെള്ളക്കാരുടെ ഒക്കെ ഓരോ എടപാട്"

ഇത് കേട്ട് ചായ അടിച്ചുപതപ്പിച്ചു നിന്ന പിള്ള മനസ്സ് ഗതകാലസ്മരണകളിലേക്ക് ഒന്നൂളിയിട്ടു, പതിറ്റാണ്ടുകൾക്ക് മുമ്പാണത്.

"എടാ, അമ്മാനു, നിനക്ക് പണ്ട് നീ മമ്മൂട്ടിയുടെയും മോൻലാലിന്റേയും സിൽമാ കണ്ടിട്ട് വന്ന് ഇവിടെക്കിടന്ന് പൂക്കേറുണ്ടാക്കിയത് ഓർക്കുന്നുണ്ടോടാ മറ്റവനെ?" പിള്ളക്ക് എത്ര കേട്ടാലും മോഹൻലാൽ എന്ന് തിരിയത്തില്ല, മോൻലാൽ എന്നേ നാക്കിൽ വരൂ. നല്ല ഈർക്കിൽ ചീന്തി നാക്ക് വടിച്ചാൽ തീരാവുന്ന കേസുകെട്ടേ നാക്കുകെട്ടിൽ ഉള്ളൂ എന്നാണ് അമ്മാനുവിന്റെ മതം.

അത് കേട്ട് അമ്മാനു പതിനെട്ടുകാരിയുടെ നാണംപോലെ ഒരു വികാരം എടുത്ത് മുഖത്തേക്ക് എടുത്തിട്ടു. ഒപ്പം ആ സംഭവം ഓർത്തപ്പോൾ കുളിര് കേറിയങ്ങ് കൊള്ളുകയും ചെയ്‌തു, പിന്നല്ല.

******
വർഷങ്ങൾക്ക് മുമ്പ്. ഇതേ പിള്ളേച്ചന്റെ കട. മമ്മുക്കയും ലാലേട്ടനും ഹിന്ദിക്കാരിയും ആഞ്ഞുകുത്തി അഭിനയിച്ച 'ഹരികൃഷ്ണൻസ്' സിലിമ പത്തനംതിട്ട അനുരാഗിന്റെ നയനമനോഹരമായ വെള്ളിത്തിരിയിൽ നിന്നും കണ്ട് ഗാന്ധിമുക്കിന് വന്ന അമ്മാനു ഓട്ടൻതുള്ളൽ മട്ടിൽ പിള്ളയുടെ കടത്തിണ്ണയിൽ ഇരുന്ന് കഥപറയാൻ തുടങ്ങി.  കഥ കേൾക്കാൻ സിനിമ നേരിൽപോയി കാണുവാൻ ഗതിയില്ലാത്ത ഒട്ടനവധിപേർ. കൂട്ടത്തിൽ പുനലൂർ രാംരാജിൽ നിന്നും അതേ സിലിമ കണ്ടുവന്ന മീൻകാരൻ ജോയിയും ഉണ്ട്. അമ്മാനുവിന് തൊണ്ടവറ്റുമ്പോൾ ജോയി കഥ തുടരും.

വന്ന് വന്ന് ക്ലൈമാക്സിൽ എത്തി. കഥ പറഞ്ഞ് അവസാനിപ്പേണ്ട കടമ അമ്മാനു ഏറ്റെടുത്തു.

"അങ്ങനെ ചുരുക്കം പറഞ്ഞാ,  മ്മടെ മമ്മൂട്ടി ഹിന്ദിക്കാരി പെണ്ണിനെ അടിച്ചോണ്ട് പോയി. പൊന്നാമ്പൽ പുഴയും കോപ്പും ഒക്കെ പാടി അവളുടെ പൊറകിൽ മണപ്പിച്ച് നടന്ന മോൻലാൻ പോയി കൂഞ്ഞുവലിച്ചു"

ഇത് കേട്ടതും മീൻകാരൻ ജോയിക്ക് തറവാനം മറിച്ചുവന്നു. പുനലൂർ രാംരാജിൽ താൻ കണ്ട ഇതേ സിനിമയിൽ ഹിന്ദിക്കാരിയെ കെട്ടിയത് ലാലാണ്. അതുമല്ല ആയകാലം മുതൽ ജോയി കട്ട മോഹൻലാൽ ഫാനുമാണ്.

"ഡാ അമ്മാനു,  ഒരുമാതിരി പുളുത്തിയ വർത്തമാനം പറയല്ലേ. നിൻറെ കണ്ണെന്തുവാടാ കുണ്ടിക്കാണോ വച്ചേക്കുന്നേ? നീ എവിടം വച്ചോണ്ടാടാ ഉവ്വേ സിലിമ കാണുന്നത്? ലാൽ ആ പെണ്ണിനെ കെട്ടുന്നത് ദാണ്ടേ ഈ രണ്ട് കണ്ണുകൾ കൊണ്ട് കണ്ടേമ്മച്ച് വന്ന എന്നോടാ പറയുന്നേ മൺവെട്ടി പെണ്ണിനെ ഞൊട്ടിയെന്ന്"

അമ്മാനു വികാരവിജ്രംഭിതനായി. അപ്പോൾ താൻ അനുരാഗിൽ കണ്ടത് എന്നാ കോപ്പാ? ഇവന് വട്ടായോ? എവിടുന്നേലും പൂളാവെള്ളം കേറ്റിയേച്ച് എൻറെ തോളേൽ കേറണോ? മുണ്ട് ചുരച്ച് കേറ്റി അമ്മാനു വിടാതെ പിടിച്ചു.

"ഡാ സിലിമ എന്താണെന്ന് നീ പോയി ആദ്യം പടിക്ക്. ഞാനേ സിലിമ ഇന്നും ഇന്നലയെയും ഒന്നും കാണാൻ തുടങ്ങിയതല്ല. പട്ടയുംവീശി നീയൊക്കെ സിലിമ കാണാൻ പോവാന്നോ, അതോ ഒറങ്ങാൻ പോവാന്നോ. തൂറാൻ പോന്നപോലെ സിലിമ കാണാൻ പോല്ലേ ൻറെ ജോയീ!"

താൻ കണ്ടത് തെറ്റാണെന്ന് പറയുക മാത്രമല്ല സിനിമ തിയേറ്ററിൽ താൻ പോകുന്നത് ഉറങ്ങാനാണെന്ന് പ്രഖ്യാപിച്ച് അവഹേളിക്കുന്ന കേട്ട് "ഫാ ഏര്പ്പെ ലാലിനെ നീ പറയാനായോ" എന്ന് വിളിച്ച് അമ്മാനുവിനെ പിടിച്ച് ഒരു ഉന്തുകൊടുത്തു. തലേദിവസത്തെ കെട്ട് വിട്ടിട്ടില്ലാത്ത അമ്മാനു വെട്ടിയ വാഴപോലെ ആണ്ടടാ നിലത്ത്! അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കില്ല എന്ന മട്ടിൽ സടകുടഞ്ഞ് എണീറ്റ അമ്മാനു ജോയിയുടെ ചെവിതാത്താര നോക്കി 'നിൻറെ അമ്മേടങ്ങ്' എന്ന് പറഞ്ഞ് ഒരെണ്ണം അങ്ങ് പെടച്ചു.  ജോയിയുടെ കണ്ണിൽ പൊന്നീച്ചപറന്നു, തിരണ്ടിവാൽ അടിയേറ്റപോലെ ഒരു ഫീലിംഗ്.

മണിസാറും, പിള്ളേച്ചനും നോക്കി നിൽക്കെ നടുറോഡിൽ ജോയി അമ്മാനുവിന്റെ നെഞ്ചത്ത് കേറി ഒരിരിപ്പ് അങ്ങിരുന്നു. അമ്മാനു വിടുമോ? തൻറെ നെഞ്ചത്ത് കേറിയിരിക്കുന്ന  പ്രതിയോഗിയുടെ മർമ്മത്ത് കുലയോടെ കേറിയൊരു പിടുത്തം! ജോയി ഞെളിപിരികൊണ്ടു പുണ്യവാളച്ചനെ ഉറക്കെ വിളിച്ചു.  കൂമ്പിന് കേറിപ്പിടിക്കുമ്പോൾ വിളിക്കുന്നത്  പുണ്യവാളച്ചൻ കേൾക്കുമോ ആവോ?

അങ്ങനെ മാനവും മര്യാദയുമില്ലാത്ത ചന്തപ്പട്ടികൾ ആളുംതരവും കാലവും നോക്കാതെ നടുറോഡിൽ ഇണചേരുന്ന മാതിരി പിള്ളേച്ചന്റെ കടയുടെ മുന്നിൽ കുരുങ്ങിക്കിടന്ന രണ്ട് മലയാളസിനിമ പ്രേക്ഷകരെ അതുവഴി  ജീപ്പിൽ വന്ന എസ്. ഐ. കുട്ടപ്പൻ സാർ എന്ന നിയമപാലകൻ കണ്ടു. കണ്ടപാടെ ജീപ്പ് നിർത്തുന്നതിന് മുമ്പ് മ്മൂട്ടിയെയും മോഹൻലാലിനെയും കവച്ചുവയ്ക്കുന്ന കാലുകവച്ച് മാതിരി ജീപ്പിൽ നിന്ന് ഒരെടുത്ത് ഒരുചാട്ടം. കുട്ടപ്പൻ സാറിന് അമ്മാനുവിനെ പണ്ടേ ചതുർത്ഥിയാണ്.

"ഫാ.. പൊലയാടിമോൻമാരെ, വഴിക്കിടന്ന് അടിപിടി ഉണ്ടാകുന്നോ?" ഇതും പറഞ്ഞ് രണ്ടേനേം പിടിച്ച് ജീപ്പിലിട്ടു.  കൂമ്പിന് പിടി അയഞ്ഞപ്പോൾ ജോയി ആശ്വാസം കൊണ്ടു. ജീപ്പിനകത്ത് അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരുന്ന് വീർപ്പിച്ച മോന്തയുമായി ആപ്പീസിൽ എത്തി രണ്ട് സിനിമ പ്രേക്ഷകരെയും  മുണ്ടുരിഞ്ഞ് പാളക്കര അണ്ടർവെയറിൽ നിർത്തിയിട്ട് കുട്ടപ്പൻസാർ ഒരു ചോദ്യം.

"നീയൊക്കെ എന്തിനാടാ പുണ്ടച്ചിമോന്മാരെ വഴിയിൽക്കിടന്ന് അടിയുണ്ടാക്കുന്നെ? ഇവിടെ പോലീസും നിയമോം ഒന്നുമില്ല എന്ന് കരുതിയോ?"

രണ്ട് മോൻമാരും മുഖത്തോട് മുഖം നോക്കി. മാനംമര്യാദയ്ക്ക് ഗാന്ധിമുക്കിനിട്ട് 'നിയമം നിയമത്തിൻറെ വഴിക്ക്' നടത്തിക്കൊണ്ടിരുന്ന പൗരന്മാരെയാണ് കോണാൻധാരികളാക്കി നിർത്തിയിരിക്കുന്നത്.

"എന്താടാ മിണ്ടാത്തെ നിൻറെയൊക്കെ അണ്ണാക്കിൽ പഴം തിരുകി വച്ചേക്കുവാന്നോ എരപ്പാളികളേ?" ഇതും പറഞ്ഞ് കുട്ടപ്പൻസാർ ലാത്തിയെടുത്ത് കപ്പടാമീശ പിരിച്ച് മേശമേൽ മുട്ടൻ രണ്ടടി. മമ്മൂട്ടിഫാനും ലാലേട്ടൻഫാനും അതോടെ റെഗുലേറ്റർ പോയി.  എരണംകെട്ട പോലീസ് ഇനി വല്ല ഉരുട്ടലോ ഈർക്കിലി പ്രയോഗമോ നടത്തുമോ ദൈവം കർത്താവെ? അമ്മാനുവും ജോയിയും ഒന്നിച്ച് വിളിച്ചത് ഒരേ കർത്താവിനെ ആകുന്നു, കാരണം രണ്ട് മാന്യന്മാരും മാമോദീസാ വെള്ളം ഉച്ചികെട്ടിന് വീണ നസ്രാണികൾ ആകുന്നുവല്ലോ.

"സാറേ, ഒള്ള സത്യം പറയാല്ലോ... ഞങ്ങൾ ഒരു സിലിമ കണ്ടു. അതിൻറെ കഥ പറഞ്ഞ്പറഞ്ഞ് കേറിയങ്ങ് കൊളാബറേഷൻ ആയി"

കൊളാബറേഷനോ? അതെന്ത് കുന്തമാ? കുട്ടപ്പൻ എസ്. ഐ. കടുകട്ടിയുള്ള ആംഗലേയപദം ഗാന്ധിമുക്കിനെ ഊച്ചാളികൾ പറയുന്നത്  കേട്ട് ഞെട്ടി.  അബോർഷൻ എന്ന് കേട്ടിട്ടുണ്ട്  ഇതെന്ത് കുന്തം?

"എന്തോന്ന് കൊളാബറേഷൻ? ഇങ്ങോട്ട് നീങ്ങിനില്ലെടാ"  ഇതും പറഞ്ഞ് രണ്ടിന്റെയും ചന്തിനോക്കി രണ്ട് പൂശങ്ങ് പൂശി.

"അവന്റമ്മേടെ കൊളാബറേഷൻ.... പൊക്കോണം മുന്നീന്ന്! ഇനി എപ്പളെങ്കിലും മുക്കിന് കിടന്ന് കൊളാബറേഷൻ നടത്തിയാൽ കൂമ്പിടിച്ച് ഞാൻ കലക്കും പറഞ്ഞേക്കാം"

ഇതും പറഞ്ഞ് രണ്ട് സിനിമപ്രേമികളെയും കുട്ടപ്പൻ പോലീസ് പിടിച്ച് പുറത്തേക്ക് തള്ള് .  അഴിച്ചുവച്ച മുണ്ടും എടുത്തുടുത്ത് രണ്ടെണ്ണവും ഒട്ടെടാ ഓട്ടം. കുട്ടപ്പൻ പൊലീസിന്റെ കൂമ്പിനിടി താങ്ങാനുള്ള ആരോഗ്യം തങ്ങൾക്ക് ആയിട്ടില്ല എന്ന തിരിച്ചറിവായിരുന്നു അവരുടെ ഓട്ടത്തിന് കാരണം. താൻ കൂമ്പിന് പിടിച്ചപ്പോൾ ജോയി ഇരുന്ന് ഞെളിപിരി കൊണ്ടത് അമ്മാനുവും, അമ്മാനുവിന്റെ പിടുത്തത്തിൽ ഈരേഴുപതിനാല് ലോകം ദർശിച്ചത് ജോയിയും ആ ഓട്ടത്തിൽ ഓർത്തുപോയി.

ദിവസങ്ങൾ കഴിഞ്ഞാണ് ഈ ഫാൻസ്‌ അസോസിയേഷൻകാരെ ഒക്കെ ഒരുമാതിരി മറ്റേടത്തെ അവന്മാരാക്കി സിലിമാക്കാർ ചിലേടത്ത് മമ്മുക്കയും,  ചിലേടത്ത് ലാലേട്ടനും ഇനിയും ചിലേടത്ത് വേറെ ഏതോ അവതാരവും ഹിന്ദിക്കാരെ പെണ്ണിനെ കെട്ടിയ വാർത്ത ഗാന്ധിമുക്കിന് പാട്ടായത്.  അമ്മാനു അന്ന് നെഞ്ചത്ത് കൈ വച്ച് അന്ന് പറഞ്ഞു.  "ഇവന്മാർക്കൊക്കെ പോയി ചത്തൂടെ"

അല്ലേലും ഈ നോർത്ത് ഇൻഡ്യാക്കാർക്കൊക്കെ എന്തും ആകാലോ. പണ്ട് പാഞ്ചാലിയെ കെട്ടിക്കൊണ്ട് അർജുനൻ വന്നപ്പോൾ പായസം ആണെന്ന് കരുതി പഞ്ചപാണ്ഡവന്മാരോട്  'നിങ്ങൾ പകുത്തെടുത്തോ' എന്ന് തള്ള പറഞ്ഞപ്പോൾ കമാ എന്നൊരക്ഷരം മിണ്ടാത്ത ഐറ്റംസാ. ഇതല്ല ഇതിനപ്പുറവും ചെയ്യും വടക്കന്മാര്. അല്ല പിന്നെ.

******

"സംഭവം ശരിയാ പിള്ളേച്ചാ, ഇനി ഒരു കൊളാബറേഷൻ നടത്താനുള്ള പാങ്ങെനിക്കില്ല. ചന്ദ്രനിലോ, സൂര്യനിലോ  ഏത് ബൂലോകത്തേക്ക് വേണേലും റോക്കറ്റ് വിടട്ടെ.  പിന്നെ പത്രക്കാരും ചാനൽക്കാരും പറയുന്നത് കണ്ണും പൂട്ടി വിശ്വസിക്കാനും മേല. വയറ്റിളക്കം പിടിച്ചവന്മാരെപ്പോലെ വന്നിരുന്ന് കൈകാലിട്ടടിക്കുന്നത് കാണുന്നില്ലേ?  നിങ്ങൾ നല്ല കടുപ്പത്തിൽ ഒരു ചായ എടുക്ക്"

ഇതും പറഞ്ഞ് അമ്മാനു പിള്ളേയുടെ കടത്തിണ്ണയിലെ കാലുകൾക്ക് വാതം പിടിച്ച ബഞ്ചിൽ കുത്തിയിരുന്നു. മണിസാർ പാർട്ടിപത്രത്തിൽ ബാക്കികിടന്ന വിഭങ്ങൾ അകത്താക്കുകയും, സാർ തങ്കച്ചായൻ കോട്ടയം കട്ടായം എന്നമട്ടിൽ തൻറെ കയ്യിലിരുന്ന പത്രം അരിച്ച് പെറുക്കുകയും ചെയ്‌തു.

ഇനിയിപ്പോ ഐ.എസ്. ആർ.ഒ ക്ക് എപ്പോൾ വേണേലും റോക്കറ്റ് വിടാം. നോ ഒബ്ജെക്ഷൻ.

പ്രവാസത്തിൻറെ വർത്തമാനം (വായനാസ്വാദനം)

പ്രവാസത്തിൻറെ വർത്തമാനം (വായനാസ്വാദനം)
ജോയ് ഡാനിയേൽ
-----------------------

പ്രവാസജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ഒട്ടനവധി പുസ്തകങ്ങൾ കഥകളായി, നോവലുകളായി, ലേഖനങ്ങളായി മലയാളത്തിൽ രേഖപെടുത്തിയിട്ടുണ്ടെങ്കിലും, ഉള്ളടക്കംകൊണ്ടും ആശയവിശദീകരണത്തിലെ പക്വതകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പുസ്തകമാണ് ഇ. കെ. ദിനേശൻ എഴുതിയ 'പ്രവാസത്തിൻറെ വർത്തമാനം'. പ്രവാസികൾക്ക് നൽകുന്ന ശക്തമായ താക്കീത് എന്നപോലെ ഇരുപത്തിയേഴ് ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്‌തകം.

ദീർഘകാലമായി ഊറിക്കൂടിയ ചിന്താകുടെയും, പഠനങ്ങളുടെയും സത്താണ് ഈ പുസ്തകത്തിലെ മിക്ക ലേഖനങ്ങളും. പ്രവാസികളുടെ കണക്കുകൾ, അവർ നാട്ടിലേക്ക് അയക്കുന്ന പണത്തിൻറെ അളവുകൾ, കാലാകാലങ്ങളിൽ ഗൾഫ് മേഖലയിൽ നിന്നും നാട്ടിലേക്കുള്ള കൊഴിഞ്ഞുപോക്കുകൾ, അതിൻറെ കാര്യകാരണങ്ങൾ, സ്വേദേശിവത്കരണവും അതിൻറെ പ്രത്യാഘാതങ്ങളും പ്രവാസിയുടെ കുടുംബത്തിൽ തുടങ്ങി അവൻറെ സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ നടത്തുന്ന പിടിമുറുക്കങ്ങൾ എന്നിങ്ങനെ പ്രവചനരീതിയിലും, ചിന്താരീതിയിലും മികച്ചുനിൽക്കുന്നതാണ് ഓരോ ലേഖനങ്ങളും. നാളെ എന്തുചെയ്യും എന്ന വലിയ ചോദ്യം ചോദിക്കുന്ന ഓരോ പ്രവാസികൾക്കും 'സമ്പത്ത് കാലത്ത് കാ പത്ത് വച്ചാൽ ആപത്തു കാലത്ത് കാ പത്ത് തിന്നാം' എന്ന മട്ടിൽ അനുഷ്ഠിക്കേണ്ട സാമ്പത്തിക അച്ചടക്കം  ഉൾപ്പെടെ അവൻറെ കുടുംബം, അവരുടെ ജീവിത പശ്ചാത്തലങ്ങൾ എന്നിവയൊക്കെ  തിരികെച്ചെന്ന് എങ്ങനെ കരുപ്പിടിപ്പിക്കാൻ സാധിക്കും എന്നതിനൊക്കെ ഉത്തരം തേടുന്നുണ്ട് എഴുത്തുകാരൻ. ഇവിടെ ലേഖകൻ വിവരിക്കുന്ന പ്രവാസി താൻ കൂടിയല്ലേ എന്ന മട്ടിൽ ഓരോ വായനക്കാരനും അനുഭവേദ്യമായ വിഷയാവതരണം.

'പ്രവാസം' എന്ന നോവലിൽ എം. മുകുന്ദൻ പറയുന്ന ചിന്തോദീപകമായ ചില വരികൾ ഉണ്ട്.  "ജീവിതം ഒരു പ്രവാസമാണ്. ജീവിക്കുന്ന എല്ലാ മനുഷ്യരും പ്രവാസികളാണ്.  എന്നന്നേക്കുമായി ഈ ലോകം വിട്ടുപോകുമ്പോൾ മാത്രമാണ് നാം ഈ പ്രവാസം അവസാനിപ്പിക്കുന്നത്". ഇങ്ങനെ നോക്കിയാൽ ഓരോ മലയാളിയിലും തൻറെ അനുഭവത്തിൻറെ തുടിപ്പുകൾ പകർന്നു നൽകാൻ 'പ്രവാസത്തിൻറെ വർത്തമാന'ത്തിന് സാധിക്കുന്നുണ്ട്.

താൻ ജീവിക്കുന്ന ജീവിത പരിസരത്തുനിന്ന് ദീർഘവീക്ഷണത്തോടെ നോക്കിക്കാണുന്ന കുറിപ്പുകളാണ് മിക്കവാറും എല്ലാ ലേഖനങ്ങളും. 'ഗൾഫ് കുടിയേറ്റവും പുതിയ കുടിയേറ്റ കേരളവും' എന്ന ലേഖനത്തിൽ മലയാളിയുടെ ഗൾഫ് പലായനത്തിന്റെ തുടക്കം മുതൽ ഇന്ന് അവർ എത്തിനിൽക്കുന്ന അവസ്ഥവരെ ഇഴകീറിയുള്ള പരിശോധനയാണ്. കേരളത്തിൻറെ സാമൂഹ്യജീവിത വ്യവസ്ഥയെ മാറ്റയെടുക്കുന്നതിൽ പ്രവാസം വഹിച്ച പങ്ക് ലേഖനത്തിൽ വിശദീകരിക്കുന്നു.

'ഒരു പ്രവാസിയുടെ ആത്മഹത്യ ഉയർത്തുന്ന ചോദ്യങ്ങൾ' എന്ന ലേഖനത്തിൽ പ്രവാസത്തിനുശേഷം നാട്ടിലെത്തി സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാൻ ശ്രമിക്കുന്ന സുഗതൻ എന്ന പുനലൂരിലെ പ്രവാസിയുടെ ആത്മഹത്യയിലേക്ക് നയിച്ച രാഷ്ട്രീയ അവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു. അമിത രാഷ്ട്രീയം പ്രവാസികളെ നിരാലംബരാക്കിത്തീർക്കുന്ന സമകാലീന സംഭവങ്ങൾ കൂട്ടിച്ചേർത്ത് വായിക്കാനും ചിന്തിക്കാനും  ഇടനൽകുന്ന ലേഖനം.

'അർത്ഥരഹിതമായിപ്പോയ ഗൾഫ് ജീവിതങ്ങൾ' എന്ന ലേഖനം തികച്ചും അർത്ഥ പൂർണ്ണമാണ്.  അതിൽ ഉപയോഗിക്കുന്ന ഒരു വാചകം നോക്കൂ "ജീവനില്ലാത്ത ജീവിതത്തിൻറെ ഉടമകൾ ആണ് ഗൾഫുകാർ'. ഇത്തരത്തിൽ ചിന്താദീപകമായ വാക്കുകൾ, തലക്കെട്ടുകൾ, ആശയങ്ങൾ പുസ്തകത്തിൽ ഉടനീളം കാണാം.

കാലാകാലങ്ങളായി പ്രവാസികളുടെ വനരോദനമാണല്ലോ വോട്ട്. അതിൻറെ വശങ്ങളെ പരാമർശിക്കുന്നതാണ് 'പ്രവാസി വോട്ട് വെറും വികാരപ്രകടനമോ?' എന്ന ലേഖനം. ഓരോ ബഡ്‌ജറ്റിലും പ്രവാസികളെ തൊട്ടുതലോടിപ്പോകുന്ന രാഷ്ട്രീയം വിവരിക്കുന്ന ലേഖനമാണ് 'ബഡ്‌ജറ്റിന്റെ രാഷ്ട്രീയവും ഗൾഫ് മലയാളികളും'.  കാക്കത്തൊള്ളായിരം സംഘടനകൾ ഉണ്ടായിട്ടും ഒരു സംഘടിതരൂപം പ്രാപിച്ചിട്ടില്ലാത്തതാണ് ഇന്നും വോട്ട് ഒരു മരീചികയായി നിൽക്കാൻ കാരണം എന്ന് ഇവിടെ പ്രതിപാദിക്കുന്നു.

പ്രവചനസ്വഭാവമുള്ള ഒട്ടനവധി ലേഖങ്ങൾ ഈ പുസ്തകത്തിൽ കാണാം. 'എണ്ണയുടെ രാഷ്ട്രീയവും ഗൾഫ് പ്രവാസികളുടെ ഭാവിയും' എന്ന ലേഖനം ഭാവിയിലേക്ക് ഉറ്റുനോക്കുന്ന പ്രവാസികളുടെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ്. അതുപോലെ തന്നെ ലേഖകൻ ഉന്നയിക്കുന്ന ശക്തമായ സംഗതിയാണ് പ്രവാസത്തിലെ 'സവർണ്ണ-അവർണ്ണ' വേർതിരിവുകൾ. ഇത്തരം ഒരവസ്ഥ പ്രവാസത്തിൽ ഉണ്ടോ എന്ന് നെറ്റിചുളിക്കുന്നവർക്കുള്ള ഉത്തരമുണ്ട് ഇതിൽ. നാട്ടിൽ പണ്ട് നടമാടിയിരുന്ന അടിയാൻ-കുടിയാൻ വ്യവസ്ഥപോലെ ഒന്നല്ല ഇതെന്നും ആധുനിക കാലത്തിലെ മേധാവിത്വത്തിന്റെ രീതിയെന്നും ഇവിടെ വായിക്കപ്പെടുന്നു.

പ്രവാസികളായി ജീവിക്കുന്നവർക്കും, പ്രവാസം മതിയാക്കി മടങ്ങുന്നവർക്കും, പ്രവാസികളാകാൻ കൊതിക്കുന്നവർക്കും ഒരു കൈപുസ്തകമാണ് 'പ്രവാസത്തിൻറെ വർത്തമാനം'.  ആനുകാലിക പ്രസക്തമായ വിഷയങ്ങളുടെ സൂക്ഷ്‌മവിശകലനം. നമ്മുടെ പ്രവാസ സംഘടനകളുടെ നേതാക്കന്മാർ സ്വയം വായിച്ചിട്ട്,  പ്രവാസികളുടെ ഉന്നമനത്തിനായി നാട്ടിൽനിന്നും വിമാനം കയറുന്ന  രാഷ്ട്രീയക്കാർക്ക് പൂച്ചെണ്ടും പൊന്നാടയും നൽകുന്നതിനൊപ്പം ഈ പുസ്‌തകത്തിന്റെ ഒരു കോപ്പികൂടെ നൽകിയിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു. എപ്പോഴെങ്കിലും ഇതിലെ ഒരുപിടി ലേഖനങ്ങൾ വായിക്കാനിടയായാൽ ഒരുപക്ഷേ, അവരുടെ പ്രവർത്തിപഥങ്ങളിൽ വഴിതിരിച്ചുവിടാൻ സാധിച്ചേക്കും.

പ്രവാസികളുടെ ജീവിതാന്തരീക്ഷത്തെ തൊട്ടറിഞ്ഞ് വ്യാഖാനിക്കുന്ന ശക്തമായ അടയാളപ്പെടുത്തലുകളാണ് 'പ്രവാസത്തിൻറെ വർത്തമാനം' എന്ന പുസ്തകത്തിലെ ഓരോ ലേഖനങ്ങളും.

കാകദൃഷ്ടി 
ചില ലേഖനങ്ങൾ  ആവർത്തനവിരസത സൃഷ്ടിക്കുന്നു. എന്നാൽ വിഷയത്തിൻറെ സ്വഭാവം കണക്കിലെടുത്താൽ വായനക്കാരന് വിമർശിക്കാൻ അത് ഇടനൽകുന്നില്ലതാനും.  ചില അക്ഷരതെറ്റുകൾ, കണക്കിലെ പിശകുകൾ, പുസ്‌തകത്തിന്റെ അകത്തും പുറത്തും കാണുന്ന വ്യത്യസ്ത തലക്കെട്ടുകൾ എന്നീ ന്യൂനതകൾ പുതിയപതിപ്പുകളിൽ തിരുത്തേണ്ടതുണ്ട്.  ലേഖകൻറെ കണക്കുപ്രകാരം ഇരുപത് ശതമാനം വരുന്ന മേൽത്തട്ടുകാരുടെ ജീവിതം, ആർഭാടവും ധൂർത്തും ഒന്നും ഇവിടെ അധികം പരാമർശിച്ച് കാണുന്നില്ല.
--------------------

പ്രവാസത്തിൻറെ വർത്തമാനം (ലേഖനങ്ങൾ)
ഇ. കെ. ദിനേശൻ
പേജ് : 136
വില : 150
പ്രസാധകർ : ലോഗോസ് ബുക്‌സ് 

Saturday, July 13, 2019

അവാർഡ് കഥയുടെ ഗതി

അവാർഡ് കഥയുടെ ഗതി
---------------------------------------

"സുസു?"

"ങ് ഹും"

"നീ ഒറങ്ങിയോ"

"പിന്നേ, കെടക്കുമ്പോ തന്നെ ഒറങ്ങാൻ ഞാനെന്താ പോത്തോ?"

വീടിന് പുറത്ത്, പന്നി, മരപ്പട്ടി, കണ്ടൻപൂച്ച, ഞറു തുടങ്ങിയ ക്ഷുദ്രജീവികളും, വീടിനകത്ത് മേൽപറഞ്ഞ ക്ഷുദ്രജീവികളെ ഭയപ്പെടുന്ന ഈ ഞാൻ, സുസു എന്നീ ക്ഷുദ്രജീവികളും, ഈ പറഞ്ഞ ഒരു ഭീകരപ്രസ്ഥാനത്തേയും ഭയമോ ശങ്കയോ കൂടാതെ ലാലാ പാടി നടക്കുന്ന ഞങ്ങളുടെ അരുമ സന്താനവും സന്ധ്യാപ്രാർത്ഥനയും, കഞ്ഞികുടിയും കഴിഞ്ഞ്  അന്നത്തേടം കഴിച്ചുകൂട്ടാൻ ഇടതന്ന തമ്പുരാനോട് ഇത്തിരി നന്ദിയൊക്കെ പ്രകാശിപ്പിച്ച് കട്ടിലിൽ കേറി നെടുമ്പാളെ കിടന്ന നേരത്താണ് ഞാൻ ആ ചോദ്യം എടുത്തിട്ടത്. അതിന് അവൾ പറഞ്ഞ മറുപടി 'പോത്തുപോലെ വളർന്നെങ്കിലും ഹേ ആര്യപുത്രാ, ഞാൻ പോത്തല്ല പിന്നെയോ മനുഷ്യജീവി തന്നെയെന്ന്  അങ്ങ് അറിയുന്നില്ലേ' എന്നും.

"സുസു നീ പോത്തോ പോർക്കോ അല്ലെന്ന് എനിക്കറിയാം. കൂരാപ്പിന് ഒരു ചോദ്യം ചോദിയ്ക്കാൻ പാടില്ലേ?"

വീട്ടിൽ എനിക്കുള്ള സ്വാതന്ത്ര്യം കുറഞ്ഞുവരുന്നുണ്ടോ എന്നൊരു സന്ദേഹം നാളുകളായി മനസ്സിൽ കെട്ടിയിട്ട പട്ടിയെപ്പോലെ കിടന്ന് കുരയ്ക്കുന്നുണ്ട്. യേശുവിനെ കുരിശിൽ തറച്ചപ്പോൾ വലവും ഇടവും രണ്ട് കള്ളന്മാരോടൊപ്പമാണ് കിടന്നത്. അതുപോലെ ഉറക്കറയിൽ എൻറെ രണ്ടുവശത്തും കിടക്കുന്ന ഈ മുതലുകൾ ആണ് എൻറെ സ്വാതന്ത്ര്യത്തിൻറെ കടയ്ക്കൽ കത്തിവച്ച് നിൽക്കുന്നത് എന്നൊരു തോന്നൽ കലശലാണ്. സന്താനം മൂന്നാം ക്ലാസിൽ എത്തിയിട്ടേ ഉള്ളുവെങ്കിലും മുപ്പത് വയസ്സായവരുടെ വായാണ്. ഭാര്യ മുപ്പത് വയസ്സ് കഴിഞ്ഞെങ്കിലും മൂന്നാം ക്ലാസുകാരിയുടെ ചിന്തയും. അങ്ങനെ ജീവിതത്തിൻറെ 'ഫിൽ ഇൻ ദ ബ്ളാങ്ക്സ് വിത്ത് സ്യൂട്ടബിൾ വേർഡ്‌സ്'   പൂരിപ്പിച്ചുകൊണ്ട് ഈ വീടാകുന്ന പരീക്ഷാഹാളിലാണല്ലോ ഞാൻ മരുവുന്നത്.

"ഇതിപ്പോ എന്നതാ കാര്യം?" ഞാൻ ചിന്തയിൽ കേറി മേഞ്ഞപ്പോൾ അവൾ തിരികെ ചോദിച്ചു.

"ഓ... ഒന്നൂല്ല... ഇന്ന് രാവിലെ നിനക്ക് ഞാൻ ഒരു കഥ വായിക്കാൻ തന്നിരുന്നില്ലേ? അത് വായിച്ചോ?"

"വായിച്ചു"

അമ്പടി കേമി! വായിച്ചിട്ട് മിണ്ടാതിരിക്കുന്നത് കണ്ടോ? മലയാളത്തിലെ പ്രമുഖ വാരികയിൽ കൊടുക്കാൻ എഴുതിയ കഥ സുസുവിന് വായിക്കാൻ കൊടുത്തത്  അവളുടെ വിലയേറിയ അഭിപ്രായം അറിഞ്ഞ ശേഷം അയക്കാം എന്ന ചിന്തയിലാണ്.  നാളെ ലോകം മുഴുവൻ ഈ കഥാകാരനെ കൊട്ടിഘോഷിക്കുകയാണെങ്കിൽ 'ഈ കഥ ഞാൻ എൻറെ ഭാര്യക്കാണ് ആദ്യം വായിക്കാൻ കൊടുത്തത്. അവളുടെ അഭിപ്രായത്തോളം വലുതല്ലല്ലോ മറ്റൊന്നും' എന്നൊരു കാച്ചങ്ങ് കാച്ചാം എന്ന് തീരുമാനിച്ചതിന്റെ പ്രതിഫലനം. പക്ഷേ ഈ പോത്തല്ലാത്തവൾ ഇമ്മാതിരി മിണ്ടാട്ടമില്ലാതിരുന്നാൽ  എന്നെപ്പോലെയുള്ള കഥാകാരന്മാർ എന്ത് ചെയ്യും?

അല്ലേൽ തന്നെ ഞാൻ എന്തേലും എഴുതുന്നത് ഇവൾക്ക് ഏനക്കേടാണ്. 'ചുമ്മാ വായിച്ചും കുത്തിക്കുറിച്ചും എന്തിനാ സമയം കളയുന്നെ?' എന്നൊരു ലൈൻ, ഏത്?

"പിന്നെ ഞാൻ വേറെ എന്തോ ചെയ്യണം സുസു?" എന്ന് ചോദിച്ചാൽ. "ഞാനും കൊച്ചും ഇവിടെ തേരാപ്പാരാ നടപ്പുണ്ടെന്ന് വല്ല വിചാരോം ഒണ്ടോ? ആ പേനയും കുത്തിപ്പിടിച്ച് ഉറക്കം തൂങ്ങി ഇരിക്കുന്ന സമയത്ത് എന്നേം കൊച്ചിനേം ഇച്ചിരി സ്നേഹിച്ചാൽ എന്നാ പറ്റും? ആകാശം ഇടിഞ്ഞുവീഴുമോ?"

എൻറെ സ്നേഹം എന്ന മധുരനാരങ്ങ പിഴിഞ് പിഴിഞ്ഞ് ഉള്ള ചാറെല്ലാം ഊറ്റി ഉന്മത്തയായി നിൽക്കുന്ന സൂസൂമോളേ, അവളുടെ മോളേ, എന്നോട് തന്നെ ഈ വേണ്ടാതീനം പറഞ്ഞോണം. അല്ലേൽതന്നെ പെറ്റതള്ളക്കും, കാർന്നോർക്കും, കൂടപ്പറപ്പുകൾ എന്ന ഉറുത്താപുഴുക്കൾക്കും ഞാൻ നിന്നെ തറവാട്ടിലോട്ട് കെട്ടി എഴുന്നള്ളിച്ചു കൊണ്ടുവന്ന അന്നുമുതൽ അനർഗ്ഗളം ഒഴുകുന്ന സംശയമാണ് അവരെക്കാൾ ഞാൻ നിന്നെ ആഞ്ഞുകുത്തി സ്നേഹിക്കുന്നുണ്ടോ എന്നുള്ളത്. 'യൂ ടൂ ബ്രൂട്ടസ്' എന്നവർ പറയാതെ പറയുകയല്ലേ?

പള്ളിയിൽ മിന്നുകെട്ടുകഴിഞ്ഞ് തോമാകത്തനാർ എന്റേയും സുസുവിന്റെയും കൈ ചേർത്തൊരു പിടിപ്പീരങ്ങ് പിടിപ്പിച്ചു. ഒള്ളത് പറഞ്ഞാൽ അമ്മയാണേ  ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്ര ശക്തമായി ഒരു വളയിട്ട കൈയ്യിൽ പിടിക്കുന്നത്. ആ പിടുത്തത്തിനിടയിൽ കത്തനാർ സത്യവേദപുസ്തകത്തിലെ ഒരു വാക്കെടുത്ത് വാക്കത്തിപോലെ പ്രയോഗിച്ചു. "നീ ഉണ്ടില്ലേലും അവളെ ഊട്ടണം...". ആ പ്രതിജ്ഞാ ചെയ്‌ത ഞാൻ പിന്നീടാണ് അവൾ എന്നെ പിടിച്ച പിടുത്തം ഉടുമ്പിൻറെ പിടുത്തമാണെന്ന് അറിഞ്ഞത്. തോമാകത്തനാരുടെ മുന്നിൽ നടത്തിയ പ്രതിജ്ഞ കണ്ടും കേട്ടും നിന്നവരാണെങ്കിലും ഞാനെൻറെ സുസുവിനോട് ഇമ്മിണി ഒലിപ്പിക്കുന്നത് കാണുമ്പോൾ വീട്ടുകാർക്ക് ഏനക്കേട് ഉണ്ടാകേണ്ട വല്ല കാര്യവും ഉണ്ടോ?

'എൻറെ സ്നേഹം എല്ലാം നീ ഞെക്കിപ്പിഴിഞ്ഞെടുത്തില്ലേ  പെണ്ണെ. ഇനി എന്തോ കുന്തം എടുത്തുവച്ച് തരാനാ?' എന്നെങ്ങാനം ഞാൻ പറഞ്ഞുപോയാൽ പിന്നെ ഇടവപ്പാതിയും കള്ളകർക്കിടവും എല്ലാം നമ്മുടെ കുപ്പപ്പാട്ടിൽ നടക്കും. അല്ലെങ്കിൽ തന്നെ മൗനം ഭർത്താവിന് ഭൂഷണം എന്നാണല്ലോ അലിഖിത നിയമം. പെങ്കൊച്ച് മുട്ടുകാലിൽ എണീറ്റ് നടക്കാൻ തുടങ്ങിയപ്പോൾ മുതൽ അതും തള്ളയുടെ സൈഡാ. ഈ വീട്ടിൽ ഞാൻ ഒരേയൊരു ആൺതരി ഏകനായ പോരാളിയാണെന്ന് എത്രപേർക്കറിയാം?

അങ്ങനെയുള്ള ഈ ഞാൻ എഴുത്തിലേക്കോ വായനിയിലേക്കോ ഒന്നെത്തിനോക്കിയാൽ വായനക്കാരായ ഭർത്താക്കന്മാരെ, അതിൽ നിങ്ങൾക്ക് കുഴപ്പം പറയാനൊക്കുമോ? ഒന്നുമല്ലേൽ നമ്മളെല്ലാം ഇക്കാര്യത്തിൽ ഒരേ ട്രേഡ് യൂണിയൻ അംഗങ്ങളല്ലേ?

"കഥ വായിച്ചിട്ട് എൻറെ പൊന്നെ, നിനക്ക് എന്ത് തോന്നി?" ഞാൻ തുടർന്നു.

നിശബ്ദം. ശാന്തം. തലയ്ക്ക് മീതെ സർക്കാരോഫീസിലെ ഫാനിനോട് കിടപിടിക്കുന്ന പങ്കയുടെ ഒച്ചമാത്രം. അല്ലെങ്കിലും നാഴികയ്ക്ക് നാല്പതുവട്ടം കൂത്തയുടെ വായിൽ കോലിട്ടപോലെ കിടന്നലയ്ക്കുന്ന എൻറെ സുസു ഉൾപ്പെടുന്ന പെൺവർഗ്ഗം മുഴുവൻ കണവന്മാർ എന്തെങ്കിലും പ്രശ്നശതങ്ങളിൽ അകപ്പെടുമ്പോൾ കമാ എന്നൊരക്ഷം മിണ്ടില്ലല്ലോ. അത് മാത്രമോ? സ്‌കൂളിലെ പൊന്നമ്മ സാറിനെപ്പോലെ സിംപിൾ കണക്കുകൾ എല്ലാം ക്ലാസിൽ ചെയ്യിച്ചിട്ട് കടുകട്ടി ഐറ്റംസ് ഒക്കെ ഹോം വർക്കെന്ന പേരിൽ വീട്ടിലോട്ട് പായ്ക്ക് ചെയ്‌ത്‌ വിടും. അയൽപക്കകാരന്റെ അയ്യത്തോട്ട് ചപ്പ് ചവർ വാരികളയുന്ന ടിപ്പിക്കൽ മലയാളി മഹത്വം  പോലെ ഒരു എടപാട്.  എവിടുന്നെങ്കിലും ഇവളുമ്മാർ പോയി മുട്ടൻ പണി വാങ്ങിയിട്ട് സോൾവ് ചെയ്യാൻ നമ്മൾ വേണം. എന്തൊരു ഗതികേടാണെന്ന് നോക്കണേ?  അന്ന് ഉടുമ്പിൻറെ പിടുത്തം പിടിച്ചതിൻറെ ഗതികേട്.

"ഡീ നിൻറെ ചെവിയിൽ എന്നതാ ആ പ്പടിച്ച് വച്ചേക്കുവാന്നോ?"

അവസാനം എന്നിലെ ഭർത്താവ് രണ്ടും കൽപ്പിച്ച് ചോദിച്ചു. ദിവസങ്ങൾ കുത്തിയിരുന്ന് എഴുതിയ കഥ. നാളെ ഞാനെന്ന എഴുത്തുകാരനെ ലോകം അറിയാൻ പോകുന്ന കാതനാകുറ്റി. അത് വായിച്ചിട്ട് ഒരു അഭിപ്രായം ഇല്ലാത്ത ഇവളെയൊക്കെ സാഹിത്യകാരന്റെ പെണ്ണുമ്പുള്ള എന്ന് എങ്ങനെ വിളിക്കും? നാളെ അക്കാദമി അവാർഡ് ഒക്കെ കിട്ടുമ്പോൾ പളപളാ സാരിയൊക്കയൊക്കെ വാരിവലിച്ചുടുത്ത് സ്റ്റേജിന്റെ മുൻപന്തിയിൽ വന്നിരിക്കേണ്ടവൾ ആണ്.

"കഥ വായിച്ചു. ഒള്ളത് പറയാവല്ലോ. സംഭവം സൂപ്പർ. ഇത്രേം നല്ല കഥ ഞാൻ അടുത്ത കാലത്തെങ്ങും വായിച്ചിട്ടില്ല"

ദൈവമേ! ആകാശത്തുനിന്ന് മഞ്ഞും മഴയും സയാമീസ് ഇരട്ടകളെപ്പോലെ താഴേക്ക് വന്ന് എൻറെ അന്തരംഗത്തിൽ പെയ്‌ത പ്രതീതി. അവസാനം കുരുത്തം കെട്ടവൾ സമ്മതിച്ചു. കെട്ടിപ്പിടിച്ച് ഒരു ചുടുചുംബനം അങ്ങ് അർപ്പിച്ചാലോ? അല്ലേ വേണ്ട. അരുമ സന്താനം കണ്ണടച്ച് കിടപ്പുണ്ടെങ്കിലും ഇക്കാലത്ത് കൊച്ചുപുള്ളാരെ വിശ്വസിച്ചുകൂടാ. വേണ്ടതും വേണ്ടാത്തതും എല്ലാം കണ്ടുപിടിച്ച് കളയും. അത് മാത്രമോ പറ്റുകയാണെങ്കിൽ സ്‌കൂളിലെ ടീച്ചറോട് ഒറ്റികൊടുക്കുകയും ചെയ്യും.

"സത്യമാണോ സുസു? നിനക്ക് സത്യമായിട്ടും ബോധിച്ചോ"

"പിന്നേ. കഥയൊക്കെ എഴുതുവാണേൽ ഇങ്ങനെ എഴുതണം"

ദൈവമേ ഇത് കേട്ടോ? ഇവൾ ഒരു കഥ വായിച്ചിട്ട് പറയുന്നത്? അതും കെട്ടിയവൻറെ തൂലികയിൽ നിന്നും പിറവിയെടുത്ത മരതകമുത്ത് കണ്ടിട്ട്!  ഇനിയിപ്പോ പോയി ചത്താലും വെണ്ടൂല്ല. ആദ്യ അവാർഡ് ഭവതിയുടെ കയ്യിൽനിന്നും തന്നെ ലഭിച്ചല്ലോ. സുസു, സത്യം സത്യമായി ഞാൻ നിന്നോട് അരുളിച്ചെയ്യുന്നു; നീയാണ് ഉത്തമയായ ഭാര്യ. സ്ത്രീകൾക്ക് മകുടം ചാർത്തിയവൾ. വീടിൻറെ അലങ്കാരം. അവാർഡ് മേടിക്കുമ്പോൾ മുൻനിരയിൽ തന്നെ ഇരിക്കേണ്ടവൾ.

ഇങ്ങനെ പേർത്തും പേർത്തും ആലോചിച്ച് സന്തോഷാശ്രു കണ്ണുകളിൽ നിറഞ്ഞു വരുമ്പോളാണ് തോളത്ത് തട്ടികൊണ്ട് അവളുടെ ഒരു ചോദ്യം.

"അല്ല ഞാൻ ഒരു കാര്യം പറഞ്ഞാൽ നിങ്ങൾ സത്യം പറയുമോ?"

അത് കേട്ട് ഞാനൊന്ന് ഞെട്ടി. ദൈവമേ ഈ പറഞ്ഞതിൻറെ വ്യംഗ്യാർത്ഥം ഞാൻ വാ പൊളിച്ചാൽ പൊളിപറയുന്ന പൂത്തക്കോടൻ ആണന്നല്ലേ?

"എൻറെ പൊന്നു സുസു. നീ എന്തോ വർത്തമാനമാ പറയുന്നേ? ഞാൻ നിന്നോട് ഇന്നുവരെ എന്തെങ്കിലും കള്ളത്തരം പറഞ്ഞിട്ടുണ്ടോ?"

"അപ്പോ നിങ്ങൾ നാട്ടുകാരോടൊക്കെ കള്ളമാണോ പറയുന്നെ?"

അയ്യടി മനമേ! ഇതാണ് പെണ്ണുങ്ങളുടെ വേറൊരു കൊണം. എന്തോ പറഞ്ഞാലും അതിൻറെ പുറകിൽ പിടിച്ച് കേറിവന്ന് ചൊറിയണത്തിന്റെ ഇല കൊണ്ട് തേച്ചുകളയും.

"നീയൊന്ന് പോകുന്നുണ്ടോ? നീ എന്തവാ ചോദിക്കാൻ വന്നതെന്ന് തെളിച്ചു പറ കുന്തമേ" വീണ്ടും എന്നിലെ ഭർത്താവ് രണ്ടും കൽപിച്ച് സടകുടഞ്ഞെണീറ്റു. ആരാണേലും എണീറ്റ് പോകും, അതല്ലേ അവസ്ഥ. എഴുതിയ കഥ കിടിലോൽക്കിടിലം എന്ന് പറഞ്ഞിട്ട് കുനഷ്ട് ചോദ്യം ചോദിച്ചാൽ?

"അല്ല എനിക്ക് സംശയം തോന്നിയൊണ്ട് ചോദിക്കുവാ"

"സുസു... ഗീവറുഗീസ് പുണ്യവാളനെ ഓർത്ത് നീ ചുമ്മാ സസ്പെൻസ് ഇട്ട് കളിക്കാതെ ചോദ്യം ചോദിച്ച് തൊലയ്ക്ക്"

അവൾ തലയിണ ഒന്നുയർത്തി വച്ചു. എന്നിട്ട്  അട്ടയെപ്പിടിച്ച് മെത്തയിൽ ഇട്ടാൽ കിടക്കുകേല എന്ന മട്ടിൽ പുതപ്പിനകത്തുനിന്ന് തല വെളിയിലേക്കിട്ടു. എൻറെ താടിക്ക് ഒരു പിടുത്തം. എന്നിട്ട് കവിളത്ത് ഒരു തട്ടൽ, തലോടൽ"

"സത്യം പറ. എനിക്ക് വായിക്കാൻ തന്ന കഥ നിങ്ങൾ എവിടുന്ന് കോപ്പിയടിച്ചതാ?!"

ദാണ്ടടാ കിടക്കുന്നു എൻറെ അവാർഡ്!   മച്ചിൽ തൂങ്ങിക്കിടന്ന സർക്കാർ മോഡൽ ഫാൻ കെട്ടുപൊട്ടി നെഞ്ചിലേക്ക് വീണപോലെ ഞാനൊരു കിടപ്പങ്ങ് കിടന്നു.

ഇളിഭ്യൻ, ഇതികർത്തവ്യമൂഢൻ, നത്തുളുക്കി എന്നീ സുന്ദര പദങ്ങളുടെ അർഥം അന്ന് ആ കിടക്കയിൽ രണ്ട് കൊള്ളക്കാരുടെ ഇടയിൽ കിടന്ന യേശുതമ്പുരാനെപ്പോലെ രണ്ട് പെൺവർഗ്ഗത്തിന്റെ ഇടയിൽ കട്ടിലിൽ കിടന്ന ഞാൻ മനസ്സിലാക്കി. ഒപ്പം കന്നിനെ കയം കാണിക്കരുത് എന്ന പഴമൊഴിയുടെ ശുദ്ധതയും.

പ്രേമിക്കാത്തവൻറെ പ്രേമലേഖനം

പ്രേമിക്കാത്തവൻറെ പ്രേമലേഖനം
------------------------------------------------

എലിപ്പാഷാണം വാങ്ങാൻ പാങ്ങില്ലാത്ത ഒരു അവധിദിനം  ഈയുള്ളവൻ എലിവിഷത്തേക്കാൾ മാരകമായ ഒരു സാധനം വീട്ടിലെ അലമാരയിൽ നിന്നും കണ്ടെടുത്തു. അതും എൻറെ സഹധർമ്മിണി സൂസൂവിന്റെ ബാഗിൽ നിന്നും.

കേട്ടപ്പോൾ മനസ്സിലായിക്കാണുമല്ലോ ഇത് ഒരു നടയ്ക്ക് പോകുന്ന കേസുകെട്ടല്ലെന്ന്.

അന്നൊരു തിങ്കളാഴ്ച. തിങ്കളാഴ്ച്ച നല്ല ദിവസം എന്നൊക്കെ പറയാനും വായിക്കാനും നല്ല ചേലാണ്. പക്ഷേ പ്രാക്ടിക്കൽ ഇമ്മിണി മുറ്റാ. തിങ്കളാഴ്ച്ച ദിവസം ജോലിയും കൂലിയും ഒന്നുമില്ലാതെ ഈച്ചയാട്ടി വീട്ടിൽ ഇരുന്ന ഞാൻ, നാളത്തേക്കുള്ള വട്ടചിലവിന് ഒരു തുട്ടുമില്ലാതെ വസന്ത പിടിച്ച കോഴിയെപ്പോലെ നടക്കുകയായിരുന്നു. ശമ്പളം കിട്ടാൻ ഇനിയും ദിവസങ്ങൾ എണ്ണണം.  എല്ലാവരെയും പോലെ ഈ ഹതഭാഗ്യനും മാസത്തിൽ ഒരിക്കലേ ശമ്പളം കിട്ടുകയുള്ളല്ലോ. കിട്ടിയാൽ ചിട്ടി, പാട്ടം, പാൽ, പത്രം, പലചരക്ക് എന്നുവേണ്ട പല  പേരുകളിൽ പണം മൊത്തം നാട്ടുകാർ കൈക്കലാക്കും. പിന്നെ പള്ളി, കല്യാണം, ഇരുപത്തെട്ട്, പതിനാറടിയന്തിരം, നാട്ടിലെ ലലനാമണികളുടെ പേറും പെറപ്പും  ഇമ്മാതിരി  നമ്മളുടെ കൺട്രോളിൽ  അല്ലാത്ത കാര്യങ്ങളുടെ ചിലവുകൾ എന്നൊക്കെ പറഞ്ഞ് സുസു ബാക്കി പിടുങ്ങും. എല്ലാം കഴിയുമ്പോൾ പേഴ്‌സ് കാലിയായി ചൊറിയും കുത്തി ഈയുള്ളവൻ ഇമ്മാതിരി ഇരിപ്പ് ഇരുന്നുപോകും.

അങ്ങനെയുള്ള തിങ്കളാഴ്‌ച. ഒതുക്കത്തിൽ ഗാന്ധിമുക്കിന് ചെന്ന് പിള്ളേച്ചൻ നീട്ടിയടിക്കുന്ന ഒരു കാലിച്ചായ കുടിക്കാൻ പോലും പെണ്ണുമ്പുള്ളയോട് കൈ നീട്ടണം എന്നൊരവസ്ഥ നിങ്ങൾ ഒന്നാലോചിച്ച് നോക്കിയാട്ടെ. സൂസൂവിന്റെ കൂട്ടത്തിലോ കുലയിലോ ഉള്ളോ ഏതോ കൊച്ചിന്റെ ഇരുപത്തെട്ടിന് സ്വർണ്ണവള കൊടുത്തകാരണം ഈ മാസം ആകെ ഗതികേടായി. എൻറെ കുടുംബത്തിൽ ഏതേലും കോതകൾ പെറ്റാൽ ഒന്നും കൊടുത്തില്ലേലും സുസു ക്ഷമിക്കും.  എന്നാൽ അവളുടെ കൂട്ടത്തിൽ ഉള്ളവർക്ക്  കൊടുത്തില്ലേൽ എനിക്കാ കൊറച്ചില് എന്നാണവൾ പറയുന്നത്. എൻറെ മഹിമ ഉയർത്തുവാൻ അവൾ പാടുപെടുന്നത് കാണുമ്പോൾ സത്യം പറയാവല്ലോ, കണ്ണ് നിറഞ്ഞുപോവും.

പാവം പെണ്ണുങ്ങൾ.. ലലനാമണികൾ.

സുസു അടുക്കളയിൽ പാത്രങ്ങളുമായി മല്ലയുദ്ധത്തിലാണ്. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുന്ന വൃത്തിയാണ് ആശാട്ടിക്ക്. ഞാൻ ഒതുക്കത്തിൽ ഒന്ന് ഒളികണ്ണിട്ട് നോക്കി. ഉടനെയെങ്ങും കിടക്കമുറിയിലേക്ക് വരില്ല, കട്ടായം. എൻറെ കയ്യിൽ നിന്നും കീറ്റുകണക്ക് പറഞ്ഞ് അടിച്ചുമാറ്റി ഇവൾ പൈസ വച്ചിട്ടുണ്ടാകും എന്ന് ഇന്നല്ല കുറെ നാളുകളായി തമിശയം ഉണ്ട്. എൻറെ പേഴ്‌സിൽ നിന്നും നോട്ടുകൾ അപ്രത്യക്ഷ്യമാകുന്നുണ്ടോ എന്നും ഡൗട്ട് ഇല്ലാതില്ല. ഞാനാണേൽ പൊട്ടൻ, എന്നുംകുന്നും പേഴ്‌സ് നോക്കി അതിലെ തുട്ടുകൾ തിട്ടപ്പെടുത്താൻ ശങ്കയുള്ളവൻ.

കിരുകിരാ ശബ്ദം ഉണ്ടാക്കാതെ ഞാൻ മെല്ലെ അലമാര തുറന്നു. ഒടുക്കത്തെ ഘ്രാണശക്തിയാണ് ലലനാമണികൾക്ക്. ഇവളുടെ പേഴ്‌സും, ബാഗും ഒക്കെ വച്ചിരിക്കുന്നത് ഏത് പോട്ടിലാ? പെണ്ണുങ്ങൾ ഭയങ്കര സൂത്രശാലികൾ ആകുന്നു. ഭർത്താക്കന്മാരുടെ നോട്ടം നേരെയെത്തുന്ന ഭൂമികയിലൊന്നും അവരുടെ പ്രോപ്പർടീസ് വയ്ക്കുകയില്ല.

അധികം തപ്പേണ്ടി വന്നില്ല. എൻറെ പുന്നാര സുസു ആള് പാവമാണ്. അലമാരി തുറന്നപ്പോൾ അണ്ടടാ ഫ്രണ്ടിൽ തന്നെ മുട്ടൻ ബാഗും, അതിൻറെ കുഞ്ഞിനെപ്പോലെ പേഴ്‌സും! ഒന്നുകൂടി അടുക്കളയിലേക്ക് നോക്കി തൃപ്തിവരുത്തി, മെല്ലെ പേഴ്‌സ് പൊക്കിയെടുത്തു. അതിൻറെ അറകളിൽ എല്ലാം പരതി. ചുരുട്ടികൂട്ടിയ  ഒരു തുവ്വാല, ബസ്സ് ടിക്കറ്റുകൾ, സേഫ്റ്റിപിൻ, മുടിയിൽ ഇടുന്ന ബാൻഡുകൾ, മരുന്നിൻറെ കുറിപ്പടി, ഏതൊക്കെയോ രസീതുകൾ, വേളാങ്കണ്ണി മാതാവിൻറെ മാഹാത്മ്യം എന്നിങ്ങനെ കാക്കിരി കൂക്കിരി സാധങ്ങൾ അല്ലാതെ വിലപിടിപ്പുള്ള ഒരു കുന്തവും ഇല്ല. ഇനി അകത്തേങ്ങാനം വല്ല 'ബി' നിലവറയും ഉണ്ടോ എന്ന് നോക്കി. ഉണ്ട്! ഒരു ചെറിയ അറ! ഞാൻ അതൊന്ന് തുറന്ന് നോക്കി. എന്തോ ഒരു പേപ്പർ ഒതുക്കത്തിൽ മടക്കി വച്ചിരിക്കുന്നു. ഞാൻ അതൊന്ന് വലിച്ചെടുത്ത് നിവർത്തി നോക്കി.

ദൈവമേ പ്രേമലേഖനം! അതും എൻറെ സുസുവിന് ഏതോ സാമദ്രോഹി കൊടുത്തത്!

'എൻറെ ചക്കരേ, നിന്നെ കാണാതെ എനിക്ക് ഇരിക്കപ്പൊറുതിയില്ല. ഓരോ ദിവസവും എണ്ണിയെണ്ണി എൻറെ മനസ്സ് തളരുന്നു. ഇനി എത്രനാൾ കാത്തിരിക്കണം, പ്രിയപ്പെട്ടവളെ?"

ഒന്നാന്തരം ഇലവൻ കെ. വി ലൈൻ ദേഹത്ത് അടിച്ചപോലെ ഞാൻ ഒന്ന് നിന്നുപോയി.  ഈശോ മറിയം കർത്താവേ, അരുമക്കൊരുമയായി പൊന്നോ പൊടിയോ പോലെ കൊണ്ടുനടക്കുന്ന എൻറെ സുസുവിന് ഏതോ സാമദ്രോഹി കൊടുത്ത കത്ത്!  പേരില്ല. തീയതിയില്ല. വിയർപ്പ് പറ്റി അവിടേം ഇവിടേം മഷി പടർന്നിട്ടുണ്ട്. പുരാവസ്‌തു ഗവേഷണം നടത്തിയാൽ പോലും കാലപ്പഴക്കം ഗണിക്കാൻ ആവതില്ല.

പേഴ്‌സ് തിരികെ വച്ച്, കത്ത് പോക്കറ്റിൽ തിരുകി ഞാൻ അലമാര അടച്ചു.  എടീ വേന്ദ്രീ! വാരിക്കോരി തേനും പാലും ഒലിപ്പിച്ച് തറയിൽ വച്ചാൽ ഉറുമ്പരിക്കുമോ തട്ടിപ്പുറത്ത് വച്ചാൽ എലി കരളുമോ എന്ന് വിചാരിച്ച് കൈവെള്ളയിൽ കൊണ്ട് നടന്നിട്ട്? പെറ്റതള്ള പൊറുക്കുമോ? അല്ലേലും എന്നും പിള്ളേച്ചന്റെ കടയിലെ ചായകുടി നേരത്തെ പ്രധാന ഡിസ്കഷൻ ഈ വഞ്ചകികളായ നാരികളെപ്പറ്റി ആയിരുന്നു. അന്നേരമൊക്കെ നഖശിഖാന്തം എതിർത്ത ഞാൻ വേലി തന്നെ വിളവ് തിന്നുന്നത് കണ്ടുപിടിച്ചില്ലല്ലോ പുണ്യവാളച്ചാ!

അടുക്കളയിൽ പത്രം കഴുകലിൻറെ കൊട്ടിക്കലാശം. നീ കഴുകെടി മൂധേവി. എന്നെ പറ്റിച്ച  നയവഞ്ചകീ. ഇതാണ് പണ്ട് മനു പറഞ്ഞത് 'നഃ സ്ത്രീ സ്വാതന്ത്ര്യം അർഹതി' എന്ന്. വിരൽ പിടിക്കാൻ കൊടുത്താൽ കൈ പിടിക്കും. ഒട്ടകത്തിന് ഇടം കൊടുത്തപോലെ. ആണുങ്ങൾക്ക് ആപ്പടിക്കാൻ ഇവളുമ്മാർ കേമികൾ.  ഇന്നിവളെ ഒരു പാഠം പഠിപ്പിച്ചിട്ട് തന്നെ കാര്യം. എടായെടാ! ഓടിച്ചെന്ന് കരണകുറ്റി നോക്കി രണ്ടെണ്ണം പൂശണ്ട സമയം കഴിഞ്ഞു. പെണ്ണുകെട്ടിയിട്ട് പതിറ്റാണ്ടായി, സ്‌കൂളിൽ പഠിക്കുന്ന കൊച്ചൊരണം ഉണ്ട്. അണ്ടമുണ്ടത്തടി പോലെ ആണൊരുത്തൻ ഇതാ ഇവിടെ നിൽക്കുന്നു. അപ്പോളാ അവടെ അമ്മൂമ്മേടെ പ്രേമലേഖനം!

അവളെയും അവളുടെ കുടുംബത്തിനെയും പ്രത്യേകിച്ച് നേർചൊല്ലി വളർത്താത്ത അപ്പനെയും അമ്മയെയും എല്ലാം കുത്തിയിരുന്ന് ഞാൻ പ്രാകി. ഈ ലോകത്ത് ഒറ്റ ലലനാമണിയേയും കണ്ണുംപൂട്ടി വിശ്വസിക്കരുത്. ഇന്നേവരെ ഒരൊറ്റ പെണ്ണുങ്ങൾക്കും ലൗ ലെറ്റർ ഈയുള്ളവൻ കൈമാറിയിട്ടില്ല. അത് എൻറെ കുടുംബ മഹിമ. ഒരുത്തിയുടെ പിന്നാലെയും കല്യാണത്തിന് മുമ്പ്  ഒലിപ്പിച്ച് പോയിട്ടില്ല. അത് എൻറെ തറവാടിത്തം. എന്നാൽ ഇതെങ്ങനെയാണോ? ചോദിച്ചിട്ട് തന്നെ കാര്യം. ഇതങ്ങനെ വിട്ടാൽ പറ്റില്ലലോ. ഇക്കണക്കിന് ഇവളും ഇവടെ വീട്ടുകാരും എന്നെ കിലോയ്ക്ക് തൂക്കി വിൽക്കും കട്ടായം.

നല്ല ഫോമിക് ആസിഡ് ഇട്ട് പുളിപ്പിച്ച രണ്ട് തെറി പറയുന്നതിന് മുമ്പ് പോക്കറ്റിൽ ഇരിക്കുന്ന കത്ത് ഒന്നുകൂടി നോക്കി തൃപ്‌തി വരുത്തിയാലോ? ഞാൻ നാലുപാടും ഒളികണ്ണിട്ടു. അവൾ ഏതുനേരവും അടുക്കളയാകുന്ന കലാപഭൂമികയിൽ നിന്ന് വരാം.  സൂത്രത്തിൽ ബാത്റൂമിലേക്ക് ചാടിക്കേറി. എന്നിട്ട് ആഞ്ഞുവലിച്ച് ഒരു ദീർഘനിശ്വാസം വിട്ടു.  ദൈവം കർത്താവേ, എന്നാലും ഇവൾ എന്തൊരു വിശ്വാസവഞ്ചനയാണ് എന്നോട് കാട്ടിയത്?  എൻറെ സുസു.. നീ കുമ്പസാരികുകേം, കുബ്ബാന കൈകൊള്ളുകേം ചെയ്യന്ന ഒരു നസ്രാണിയല്ലിയോടീ??

ഞാൻ ഒന്ന് കൂടി ഒടിച്ചുമടക്കി വച്ച ആ പ്രേമലേഖനം തുറന്നു. 'എൻറെ ചക്കരേ, നിന്നെ കാണാതെ എനിക്ക് ഇരിക്കപ്പൊറുതിയില്ല....'

എൻറെ പൊന്നോ! ഇനി എനിക്ക് വായിക്കാൻ ത്രാണിയില്ല. ഇത് അത് തന്നെ. അവൾക്ക് ഏതോ അലവലാതി കൊടുത്തതാണ്. സത്യം, സത്യം, സത്യം. എനിക്ക് ദേഷ്യവും കരച്ചിലും എല്ലാം കൂടി വന്ന് ആകെ പരുവക്കേടായി.

"നിങ്ങൾ അകത്ത് എന്തോ എടുക്കുവാ, ഇങ്ങോട്ട് ഇറങ്ങിയേ"

അവളാണ്. അടുക്കള പണിയൊക്ക കഴിഞ്ഞ് ദേഹശുദ്ധി വരുത്താനുള്ള പുറപ്പാടിലാണ്.

ഞാൻ കതക് തുറന്നതും ഉളി ചാണ്ടുന്നപോലെ ആണ്ടടാ പെമ്പറന്നോര് അകത്തേക്ക് ചാടിക്കയറി. ഞാൻ കിടക്കയിലേക്ക് ചെന്ന് കിടന്നു. പെങ്കൊച്ചും ഹോംവർക്ക് എന്ന ഹെർക്കുലിയൻ ടാസ്‌ക് തീർത്ത് അപ്പോൾ വന്നു കിടന്നു. കൊച്ച് അടുത്തുണ്ട്. ഇപ്പോൾ തുള്ളപ്പനി ബാധിച്ചപോലെ ഉറഞ്ഞാടാൻ പാടില്ല. പിള്ളേരുടെ മുന്നിൽ അവതരിപ്പിക്കാനുള്ളതല്ല പ്രേമലേഖനം എന്ന വിഷയം. അതും പെണ്ണുമ്പുള്ളയുടെ പേഴ്‌സിൽ നിന്നും തപ്പിയെടുത്ത്.

ഞാൻ പൊട്ടനെപ്പോലെ കട്ടിലിൽ കിടന്നു. പെങ്കൊച്ച് അട്ടചുരുളുന്നതുപോലെ പുതപ്പും പുതച്ച് ഉറക്കമായപ്പോൾ ഭവതി കുളിയും തേവാരവും കഴിഞ്ഞ് തിരികെ വന്നു. ഹും.., എന്റെ പട്ടി നോക്കും ഈ സാധനത്തിനെ ഇനി. ഞാൻ തിരിഞ്ഞു കിടന്നു. ഇച്ചിരികൂടി കഴിഞ്ഞോട്ടെ, എണ്ണിയെണ്ണി ചോദിക്കും.  കയ്യോടെ പിടിച്ചത് പറയും. ഇനി എൻറെ തോളേൽ ഓരോന്ന് പറഞ്ഞ് കേറാൻ വരട്ടെ. കൂടുതൽ മൂപ്പിക്കുവാന്നേൽ പെട്ടയ്ക്കിട്ടു രണ്ടെണ്ണം പൊട്ടിക്കണം. പ്രേമലേഖനം എഴുതാനും സ്വീകരിക്കാനും പറ്റിയ പ്രായം. ഫൂ!

രാത്രി. കട്ട രാത്രി. എന്നെ ഒറ്റിക്കൊടുത്ത പെൺയൂദാസ് ഉറക്കം ആയിട്ടുണ്ടോ?

"സുസു?"

"ഉം"

ഇല്ല, അവൾ ഉറങ്ങിയിട്ടില്ല. ആർക്കറിയാം കള്ളകാമുകനെ ഓർത്തോണ്ട് കിടക്കുവാണോന്ന്! അപശകുനം കെട്ടവൾ. പറ്റിക്കലിൽ ബിരുദാനന്തര ബിരുദം നേടിയവൾ.  ഞാൻ ഇങ്ങനെ ഉരുവിട്ടു.

"എൻറെ ചക്കരേ, നിന്നെ കാണാതെ എനിക്ക് ഇരിക്കപ്പൊറുതിയില്ല. ഓരോ ദിവസവും എണ്ണിയെണ്ണി എൻറെ മനസ്സ് തളരുന്നു.."

അത് കേട്ട് സുസു പുതപ്പിൽനിന്നും തല ആമയെപ്പോലെ പുറത്തേക്കിട്ടു.

"നിങ്ങൾ എന്തവാ പറഞ്ഞേ? ഒന്നൂടെ പറഞ്ഞെ?"

എടീ വേന്ദ്രീ.. നിന്നെ കൊള്ളാമല്ലോ. നിൻറെ മറ്റവൻ എഴുതിയ വരികൾ സ്വന്തം ഭര്ത്താവിന്റെ വായിൽ നിന്നും തന്നെ കേൾക്കണം. എന്നാൽ നീ കേട്ടോ. ഇതോടെ നിൻറെ അന്ത്യമാ. നാളെത്തന്നെ നിൻറെ തന്തയെ എനിക്കൊന്ന് കാണണം. മോളെ ഇതാണോ പഠിപ്പിച്ച് വിട്ടേക്കുന്നെ എന്നറിയണം. വേണ്ടിവന്നാൽ കുടുംബകോടതി വരെ ഞാൻ കേറുമെടീ സുസു, നീ നോക്കിക്കോ. ഇങ്ങനെ കരുതി ഞാൻ ആ വരികൾ ഒന്നുകൂടി പറഞ്ഞു.

"എൻറെ ചക്കരേ, നിന്നെ കാണാതെ എനിക്ക് ഇരിക്കപ്പൊറുതിയില്ല. ഓരോ ദിവസവും എണ്ണിയെണ്ണി എൻറെ മനസ്സ് തളരുന്നു. ഇനി എത്രനാൾ കാത്തിരിക്കണം പ്രിയപ്പെട്ടവളെ?"

അവൾ ശരിക്കും ഞെട്ടിയോ? ഞെട്ടിതരിച്ചോ? തല ഉയർത്തി നോക്കി. അപ്പോൾ ആണ്ടാടാ സുസു കുലുങ്ങി കുലുങ്ങി ചിരിക്കുന്നു. എൻറെ പരുമല തിരുമേനി..! ഇവൾക്ക് ഇതെന്നാ പറ്റി? ആരോ അവൾക്ക് കൊടുത്ത പ്രേമലേഖനം ഈയുള്ളവൻ വായിച്ച് കേൾപ്പിച്ചപ്പോൾ പല്ലിളിച്ച് കാണിക്കുന്നോ? എന്നിട്ട് എന്നോട് മറിച്ച് ഒരു ചോദ്യം.

"ഇത് ആരെഴുതിയതാ?"

"ആരെഴുതാൻ? ഏതോ കള്ളകാമുകൻ, അല്ലാതാര്" എനിക്ക് തറവാനം മറിച്ചുവന്നു.

"കള്ളകാമുകനോ? എനിക്കോ? ദാണ്ടേ ഒരുമാതിരി പന്നവർത്തമാനം പറയല്ലേ"

എടായെടാ, ഇപ്പോൾ വാദി പ്രതിയായോ? അവളുടെ പേഴ്‌സിൽ നിന്നും ഞാൻ കയ്യോടെ പിടികൂടിയ കത്ത് ആരുടേയെന്ന് ചോദിക്കുമ്പോൾ തിരിച്ച് തറുതല പറയുന്നോ?"

"പിന്നെ ഏതു കോത്താഴത്തുകാരനാടീ ഈ എഴുത്ത് എഴുതി നിൻറെ പേഴ്‌സിൽ വച്ചത്? പറ"

എൻറെ മൂപ്പീര് കണ്ട് അവൾ ഒന്ന് തണുത്തു. ഇപ്പോൾ അവൾ മാപ്പ് ചോദിക്കും, ഇപ്പോൾ അവൾ കരയും, എന്നെ ഉപേക്ഷിക്കല്ലേ എന്നപേക്ഷിക്കും എന്ന പ്രതീക്ഷയിൽ ഞാൻകിടന്നപ്പോൾ, ആ തണുത്ത വലതുകൈ എൻറെ നെഞ്ചിലോട്ട് വച്ചിട്ട് ഒറ്റ പറച്ചിൽ.

"ഈ കോത്താഴത്തുകാരൻ!?"

ഞാനോ! ഞാൻ പ്രേമലേഖനം എഴുതുകയോ? എന്ന്? എവിടെ വച്ച്? ജീവിതത്തിൽ ഒരു നാരീമണികളെയും പ്രേമിച്ചിട്ടില്ലാത്ത ഈ എന്നോടാണോ കളി?

"ഞാനോ? നിനക്കോ? എപ്പോളാടി കുന്തമേ ഈ കത്ത് തന്നത്?" ഇരുട്ടെങ്കിലും പോക്കറ്റിൽ നിന്നും മടക്കിവച്ചിരുന്ന കത്തെടുത്ത് അവൾക്ക് നേരെ നീട്ടി. അവൾക്കുണ്ടോ കൂസൽ! ചിരിയോട് ചിരി. എൻറെ കൈയിൽ നിന്നും ആ കത്ത് കത്ത് തട്ടിപ്പറിച്ച് അവൾ ഇങ്ങനെ ഉരചെയ്‌തു.

"കല്യാണ നിശ്ചയം കഴിഞ്ഞ് കല്യാണം വരെ ഒരു മാസം ഗ്യാപ്പിൽ നിങ്ങൾ എന്നെ ഫോൺ വിളിച്ച് കൊഞ്ചിയത് ഒക്കെ മറന്നുപോയി അല്ലേ? അന്ന് കല്യാണ പ്രോക്കറിന്റെ കയ്യിൽ കൊടുത്തുവിട്ട ഈ കത്ത് നിങ്ങളല്ലാതെ വേറെ ഏത് കോന്തൻ ആണെഴുതിയത്. ഈ തറ ലാംഗ്വേജ് കണ്ടിട്ടും, ഹാൻഡ് റൈറ്റിംഗ് കണ്ടിട്ടുപോലും അത് മനസ്സിലായില്ലിയോ തമ്പുരാനെ?"

എൻറെ മനസ്സ് പത്ത് പന്ത്രണ്ട് വർഷം പുറകോട്ട് പാഞ്ഞു. സംഭവം ശരിയാണ്. അന്ന് ഏതാണ്ട് കുന്ത്രാണ്ടം കുറിച്ച് കൊടുത്തിരുന്നു. അതൊക്കെ അന്നേ മറന്നുപോയ കേസ്.  ഇത്രകാലം കഴിഞ്ഞിട്ടും ഫോസിൽ സൂക്ഷിച്ച് വയ്ക്കുന്നപോലെ ഇവൾ ഇത്??

"മൂത്ത് നരച്ചിരിക്കുമ്പോളാ ഇനി പ്രേമലേഖനം. നിങ്ങൾ ഒന്ന് പോയേ"

ഇതും പറഞ്ഞ് സുസു തിരിഞ്ഞ് ഒറ്റക്കിടപ്പ്. ഞാൻ മിഴുകസ്യ മലർന്നുകിടന്ന് മച്ചിൽ തൂങ്ങിച്ചാവാൻ കിടക്കുന്ന സർക്കാർ ഫാൻ നോക്കി. സംഭവം ശരിയാണ്. എനിക്ക് ഇപ്പോൾ പണ്ടത്തെപ്പോലെ ഓർമ്മ നിൽക്കുന്നില്ല. പലതും മറന്നുപോകുന്നു. ഈ സുസുവിനാണേൽ ഒടുക്കത്തെ ഓർമ്മയും. പാപഭാരവും പശ്ചാത്താപവും കൊണ്ട് വിവശനായി ഞാൻ അവളെ ഒന്ന് തോണ്ടി വിളിച്ചു.

"സുസു"

"ഉം"

"എന്നോട് കേറുവാണോ"

"ആ... എന്നെ സംശയിച്ചില്ലേ?"

"ഓ.. അതിപ്പോ എൻറെ പേഴ്‌സിൽ നിന്ന് നീ ഇങ്ങനെ ഒരു കുണ്ടാമണ്ടി തപ്പിയെടുത്താലും സംശയിക്കില്ലേ"

"പിന്നേ, പ്രേമലേഖനം. അതും നിങ്ങൾക്ക്? എന്നെ ചിരിപ്പിക്കാതെ പോ"

"എന്നാലും സുസു ഇത്ര നാൾ ഇതൊക്കെ നീ എങ്ങനെ സൂക്ഷിച്ച് വച്ചെടി? താലിമാലപോലും മാസത്തിൽ രണ്ടു വട്ടം കൊണ്ടുകളയുന്ന നീ..?

ഇതുകേട്ട സുസു കൈവശമിരുന്ന പ്രേമലേഖനം അവളുടെ തലയിണ കീഴിൽ പൂഴ്ത്തിവച്ചു. എന്നിട്ട്  പറഞ്ഞു.

"എനിക്കേ, ഇത് ആദ്യമായും അവസാനമായും കിട്ടിയ പ്രേമലേഖനമാ. അതാ പൊന്നോപൊടിയോ പോലെ കൊണ്ട് നടക്കുന്നെ. പിന്നെ ഒരുകാര്യം, മേലാൽ ഇമ്മാതിരി കള്ളത്തരം കൊണ്ട് വന്നേക്കരുത്. അല്ല അറിയാൻ മേലാഞ്ഞ് ചോദിക്കുവാ, നിങ്ങൾ എന്തിനാ എൻറെ പേഴ്‌സ് തപ്പിയേ"

"ഓ.. ചുമ്മാ.. നീ കിടന്ന് ഉറങ്ങാൻ നോക്ക്"

ഞാൻ തലയ്ക്ക് മീതെ പുതപ്പെടുത്തിട്ടു. അപ്പോളും എനിക്ക് കേൾക്കാമായിരുന്നു പുതപ്പിനകത്ത് സുസുവിന്റെ ചിരിയോടെയുള്ള പ്രതിവചനം.

"കള്ളൻ...വീട്ടുകള്ളൻ"

ഒടിയൻ

ഒടിയൻ - വായനാസ്വാദനം
-------------------------------------------

ഒറ്റയിരിപ്പിന്ന് വായിച്ചുതീർക്കാൻ പറ്റിയ മൂഡ് തരുന്ന പുസ്‌തകമാണ് പി.കണ്ണൻകുട്ടിയുടെ 'ഒടിയൻ' എന്ന നോവൽ.  കറന്റ്‌ ബുക്‌സിന്റെ സുവർണ്ണ ജൂബിലി നോവൽ മത്സരത്തിൽ സമ്മാനാർഹമായ കൃതിയാണിത്.

നമ്മുടെ മുന്നിൽനിന്നും മറഞ്ഞുപോകുന്ന ജീവിതരീതികൾ, സംസ്‌കാരങ്ങൾ ഒക്കെ തേടി എഴുത്തുകാരൻ നടത്തുന്ന ഒരു യാത്രയാണ് 'ഒടിയൻ'

ദേവീക്ഷേത്രത്തിൽ നിന്ന് ദേവി കുടിയേറിപ്പാർത്ത സ്ഥലമാണ് പറയത്തറ.  അവിടെ തലമുറ തലമുറയായി ഓടിയന്മാർ ഒടിവിദ്യ ചെയ്യുന്നു.  ഓടിയനായ കരിമണ്ടി കള്ള് മോഷ്ടിക്കാൻ പനയിൽ കയറി വീഴുന്നിടത്ത് കഥ തുടങ്ങുകയാണ്.

ആശുപത്രീ വാസം കഴിഞ്ഞ് കരിമണ്ടി ജീവച്ഛവമായി പിന്നീടുള്ള കാലം ജീവിക്കുന്നു.  കരിമണ്ടിയുടെ ഭാര്യ പറകാടത്തി.  മകൻ വെള്ളമായൻ.

പറക്കാടത്തിക്ക് ജീവിക്കാനുള്ള വകകൾ നൽകുന്ന മാലിനിമ്മയുടെ മകൻ ചന്തൻ അയൽപക്കത്തുള്ള രമണി എന്ന പെൺകുട്ടിക്ക് അവിഹിത ഗർഭം നൽകുന്നു. പെരുമഴയുള്ള ഒരു പാതിരാത്രി ചന്തൻ രമണിയെ വീട്ടിൽ തൻറെ പെണ്ണായി കൂട്ടികൊണ്ടുവന്നു.  രമണി താഴ്ന്ന ജാതിക്കാരിയാണ്. അവൾ കണ്ണൻ എന്ന അയല്പക്കക്കാരൻ പയ്യന് വീട്ടുകാർ പറഞ്ഞുവച്ചിരിക്കുന്നവളാണ്. കോലാർഖനിയിൽ ജോലിചെയ്യുന്ന കണ്ണൻ ഒത്തിരിപ്രതീക്ഷയോടെ കല്യാണത്തിന് വരികയും രമണി ഓടിപ്പോകുന്നതറിഞ്ഞ് എവിടേക്കോ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഒരു ദുരൂഹ അന്ത്യം.

കരിമണ്ടിയുടെ കാലശേഷം മകൻ വെള്ളമായൻ ഒടിയനാകുന്നു. പിന്നീടുള്ള മരണങ്ങൾ, പറകാടത്തിയുടെ അന്ത്യം,  കഥ വ്യത്യസ്‍തമായ രീതിയിൽ വായനക്കാരനെ ശ്വാസമടക്കി പിടിച്ചിരുത്തുന്ന രംഗങ്ങൾ.

നൂറ്റാണ്ടുകൾക്ക് മുമ്പ് ഓടിയന്മാരുടെ മുൻതലമുറയിലെ  ചെപ്പനെ നമ്പൂതിരി ശപിച്ച ശാപം പൂർണ്ണമാവുകയാണ്. ദേവീ ക്ഷേത്രത്തിലെ ദേവി നമ്പൂതിരിയുടെ കൂടെ ഒരു പെണ്ണിനെപ്പോലെ നടന്ന കാലത്ത്,  കാവിൽ ദേവിയെ തെറിയഭിഷേകം നടത്തികൊണ്ടിരുന്ന ചെപ്പനെ ദേവിക്ക് ഇഷ്ടപ്പെടുകയും, ക്ഷേത്രത്തിൻറെ ശ്രീകോവിൽ ഉപേക്ഷിച്ച് ചെപ്പന്റെ കൂടെ കാവിൽ കൂടുകയും ചെയ്‌തു.  ഇതുകണ്ട നമ്പൂതിരി ചെപ്പനേയും തലമുറയെയും ശപിക്കുന്നു. കഥ അവസാനിക്കുന്നത് ഈ ശാപം പൂർത്തിയാകുന്നതോടെയാണ്.

ഭാവമാറ്റം വന്ന വെള്ളമായൻ  കാവ് ഉപേക്ഷിച്ച് പരുത്തിപ്പള്ളിയിലും വായനക്കാരൻറെ മനസ്സിലും അലയാൻ വിട്ട് പി. കണ്ണൻകുട്ടി എന്ന എഴുത്തുകാരൻ കഥ അവസാനിപ്പിക്കുന്നു.

120 പേജുള്ള ഈ നോവലിൽ തലമുറകളുടെ കഥയാണ് കഥാകാരൻ കാച്ചിക്കുറുക്കി പറയുന്നത്. ബോറടിക്കാത്ത വായാനാനുഭവം.  ഐതീഹ്യങ്ങളും, മിത്തുകളും തേടിപോകുന്നവർക്ക് പ്രത്യേക അനുഭവം നൽകുന്ന എഴുത്ത്. തുടക്കത്തിലെ ചെറിയ അവ്യക്തത മാറി ആകാംഷ ജനിപ്പിച്ച് കഥ മുന്നേറുകയാണ്.

അടുത്തകാലത്ത് വായിച്ച നല്ലൊരു എഴുത്ത്, ആഖ്യാന ശൈലി,  നല്ലൊരു കഥ. അതാണ് 'ഒടിയൻ'.

--------------------
ഒടിയൻ (നോവൽ)
പി. കണ്ണൻകുട്ടി
പേജ് : 120
പ്രസാധകർ : ഡി.സി ബുക്‌സ്
വില : 110 രൂപാ 

ബിന്ദു തിയേറ്റർ

മഞ്ഞിലും മനസ്സിലും ചേക്കേറും ഗാനം
----------------------------------------

രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് നാട്ടിലെ (കലഞ്ഞൂർ) ബിന്ദു തിയേറ്ററിലെ ഏറ്റവും മുന്നിലെ സീറ്റിൽ ഇരുന്ന് ഉല്ലാസത്തോടെ 'രക്തം' എന്ന സിനിമ കണ്ടത്. പെങ്ങളെ കെട്ടിച്ചയച്ച വീട്ടിൽ പോയപ്പോൾ അവിടുന്ന് കിട്ടിയ സൽക്കാരങ്ങളിൽ ഒന്നായിരുന്നു അത്. രാത്രിയിലെ ഫാസ്റ്റ് ഷോ കാണൽ വീട്ടിൽ അനുവദിനീയം അല്ലാതിരുന്ന കാലത്ത് അളിയന്റെ അനിയന്റെ കൈപിടിച്ചാണ് ബിന്ദു തിയേറ്ററിലെ ഒരു കൈ മാത്രം കടത്താൻ പറ്റുന്ന ടിക്കറ്റ് കൗണ്ടറിലെ ദ്വാരത്തിനു മുന്നിൽ ഏറെനേരം വരിവരിയായി നല്ല പട്ടച്ചാരായതിന്റെ മണമുള്ള ചേട്ടായിമാരുടെ കൂടെ നിന്ന് ടിക്കെറ്റെടുത്ത് കയറിയത്.

ആ സിനിമയിലെ രണ്ട് പാട്ടുകൾ ഏറെക്കാലം ഞാൻ മനസ്സിലും ചുണ്ടിലും മൂളി നടന്നു. ജോൺസൺ മാഷ് ഈണം നൽകി ദാസേട്ടനും വാണിജയറാമും പാടിയ 'അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു..',  'മഞ്ഞിൽ ചേക്കേറും മകര പെൺപക്ഷി'  എന്നിവയായിരുന്നു ആ ഗാനങ്ങൾ.

പെങ്ങളുടെ വീട്ടിൽ ഇടയ്ക്കിടെ പോകുന്നത് ഈ സിനിമാ പ്രാന്ത് മൂത്തിട്ട് തന്നെയായിരുന്നു. പെങ്ങളും അളിയനും എന്നും കുന്നും ഒന്ന് തന്നെ. പക്ഷേ ബിന്ദു തിയേറ്ററിലെ സിനിമാ മാറി മാറി വരും.  അവരുടെ വീട്ടിൽ ഇരുന്നാൽ തിയേറ്ററിലെ റിക്കോഡ്‌ കേൾക്കാം. അത് കേൾക്കുമ്പോൾ ഞാൻ ചുമ്മാതെ അറിയാതെ മട്ടിൽ ചോദിക്കും. "അതെവിടുന്നാ പാട്ട് കേൾക്കുന്നേ?" അപ്പോൾ പാവം അളിയൻ പറയും "ഡാ അത് സിലിമാ കൊട്ടകയിൽ നിന്നാ,  എന്താ നിനക്ക് സിനിമക്ക് പോണോ?" ഞാൻ പോകണമെന്നോ പോകണ്ടാന്നോ പറയില്ല (പെങ്ങളുടെ പിച്ച്, ഞൊണ്ടൽ ഒക്കെ  പേടിച്ച്). അപ്പോൾ അളിയൻ പുള്ളിയുടെ ഇളയ സഹോദരൻ ജോണ്സന്റെ കയ്യിൽ പൈസ കൊടുത്തിട്ട് പറയും. "ഡാ ഇവനെ കൊണ്ട് സിനിമാ കാണിക്ക്". സഹോദരനും, എനിക്കും സന്തോഷം. പിന്നീടും പെങ്ങളുടെ വീട്ടിൽ ചെല്ലുമ്പോൾ ഇതേ ചോദ്യം ഞാൻ ചോദിക്കും "അളിയാ, ആ പാട്ട് എവിടുന്നാ..". അത് കേൾക്കുമ്പോൾ തന്നെ അളിയൻ സിനിമക്ക് എന്നെ പറഞ്ഞുവിടും. പിന്നീട് ചോദിക്കാതെയും. അങ്ങനെ അളിയനെ ഓസി രക്തം, ചമ്പൽക്കാട്, പൗർണമിരാത്രി (ത്രി ഡി) എന്നിങ്ങനെ എത്രയെത്ര സിനിമകൾ. ഒരു പക്ഷേ അളിയൻ പോലും ഇത് മറന്നു കാണും. പാവം.

ഇന്ന് മുപ്പത്തെട്ട് വർഷങ്ങൾക്ക് ശേഷം ഇഷ്ടപെട്ട ആ ഗാനം ചുണ്ടിൽ നൃത്തം വയ്ക്കുമ്പോൾ പോയ കാലം അറിയാതെ ഒരു ഫ്ലാഷ്ബാക്ക് പോലെ ബിന്ദു തിയേറ്റർ മനസ്സിന്റെ സ്‌ക്രീനിൽ തെളിയുന്നു. മുളയും പനമ്പും കൊണ്ട് പണിത ഭിത്തികളും, ഓലമേഞ്ഞ മേൽക്കൂരയും, കറുത്ത വലിയ തൂണുകളും സ്‌ക്രീനിനുമുന്നിൽ 'ഫയർ' എന്നെഴുതി മണൽ നിറച്ച തൊട്ടികളും,  കത്തിയും കത്താതെയും കറുത്ത കർട്ടൻ ഇട്ട വാതിലിനു മുകളിലെ 'വഴി' എന്ന ചുവന്ന വെട്ടവും, മൂന്നര പാട്ട് കഴിഞ്ഞ് നാട്ടുകാരുടെ കൂക്കുവിളിക്ക് ശേഷം കേന്ദ്രഗവണ്മന്റിന്റെ പരുപരുത്ത ന്യൂസ് റീലുകൾക്ക് ശേഷം പൊട്ടലിലും ചീറ്റലിലും ഓടിത്തുടങ്ങുന്ന ഇടയ്ക്ക് ഫിലിം പൊട്ടുമ്പോൾ തെറിവിളി മുഴക്കത്തിന് ശേഷം വീണ്ടും തുടരുന്ന കളർ മലയാള സിനിമ.  കടലയും, സോഡയും, കപ്പലണ്ടി മിഠായിയും തിയേറ്ററിൽ വിൽക്കുന്ന ഇടവേളകൾ.

ബിന്ദു തിയേറ്റർ ഒക്കെ എന്നേ പൂട്ടി. തുരുമ്പിച്ച ഗേറ്റും അസ്ഥികൂടം പോലെ പഴയ ടിക്കറ്റ് കൗണ്ടറിന്റെ ഭാഗവും ബാക്കി. എങ്കിലും മനസ്സിൽ തുരുമ്പിക്കാതെ, ഗേറ്റടയ്ക്കാതെ, പൊട്ടിപ്പൊളിഞ്ഞ് പോകാതെ ആ ഗാനം ചുണ്ടിൽ നിലനിൽക്കുന്നു.....ഇന്നും.