Thursday, November 13, 2014

അവസാനത്തെ കത്ത്

മകനെ ഇത് എന്റെ അവസാനത്തെ കത്താണ്. എന്റെ കൈപ്പടയിൽ കാണുന്ന വ്യതിയാനം  നിനക്ക് മനസ്സിലായിക്കാണും. അതിമനോഹരം എന്ന് നീ  പറയാറുണ്ടായിരുന്ന അക്ഷരക്കൂട്ടങ്ങൾ ചപ്പുചവർകൂനപോലെ തോന്നുന്നു അല്ലെ?

ഇന്നെന്റെ കൈകൾ വിറക്കുകയാണ്..... ഓരോ അക്ഷരം എഴുതാനും മിനിട്ടുകളോളം ഞാൻ അയാസപ്പെടുകയാണ്.

ആയാസപെട്ടെങ്കിലും എഴുതുകയാണ്. ഇന്ന്; ഒരിക്കലും ഞാൻ കേൾക്കാത്ത, കേൾക്കാൻ കൊതിക്കാത്ത ആ മരണനാദം എൻറെ കാതുകളിൽ വന്നു മുഴങ്ങുന്നു. അതെന്നെ വാരിപ്പുണരാൻ വെമ്പി നില്ക്കുകയാണ്. ഏതു  നിമിഷവും  ഒരുപക്ഷേ,   ഈ കത്ത് നിനക്ക് എഴുതി പൂർത്തിയാകും മുമ്പ് തന്നെ അത് സംഭവിച്ചേക്കാം.

എന്നാൽ എന്നത്തെയുംപോലെ ഇന്നെനിക്ക് ഭയം ഇല്ല. മുമ്പ് എൻറെ  ശരീരവും മനസ്സും  സ്വപ്നം പോലും കാണാൻ ആഗ്രഹിക്കാത്ത മരണം, ഈ അശാഭവന്റെ മതിലും ചാടിക്കടന്ന് മുറിയിലേക്ക് വന്നു എന്നെ പ്രതീക്ഷിച്ചു നിൽക്കുകയാണ് .

അസ്തമിച്ച പ്രതീക്ഷയുടെ തീരങ്ങളിൽ നിന്നും അസ്തമിക്കാത്ത പ്രതീക്ഷയുടെ തീരങ്ങളിലേക്ക് ഞാൻ പോകുന്നു.

എനിക്കറിയാം നീ പാവമാണ്. പഞ്ചപാവം. എൻറെ 'കുട്ടനെ' എനിക്കറിയില്ലേ... നീ ക്രൂരനാണെന്നും, അമ്മയെ തിരിഞ്ഞു നോക്കാത്തവൻ ആണെന്നും അവസാനം എന്നെ ഈ ആശാഭവനിൽ ആക്കി നീ വിദേശത്ത് സന്തോഷമായി ജീവിക്കുകയാണെന്നും ഈ  ചുമരുകൾ പോലും എന്നോട് പരാതിപറയുന്നുണ്ടാവും. എന്നാൽ എനിക്കറിയാം നീ പാവമാണ്. നിൻറെ  സാഹചര്യം ആണ് എന്നിൽ നിന്നും നിന്നെ അടർത്തി മാറ്റിയത്. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നീ പെടുന്ന പാട് എനിക്കറിയാം. അല്ലെങ്കിൽ നീ മാസം ഒരു  ആയിരം രൂപയെങ്കിലും  എനിക്കയച്ചു തരുമായിരുന്നല്ലോ. അമ്മ പരാതി പറയുകയല്ല എൻറെ  കുട്ടാ... എത്ര പട്ടിണി കിടന്നാലും, തകർന്നു  പോയാലും നിൻറെ  അമ്മ എന്നും തല ഉയർത്തിപ്പിടിച്ചു മാത്രമേ നിന്നിട്ടുള്ളൂ.

എന്നാൽ ഇന്ന്.... ഇന്നെനിക്ക് എല്ലാ ശക്തിയും ചോർന്നൊലിച്ചു പോയപോലെ. എൻറെ ഒരേ ഒരു ശക്തി, ഒരേ ഒരു സ്വപ്നം എന്റെ എല്ലാ ബലവും നിന്നെ ഒന്ന് കാണാൻ കഴിയുക എന്നതായിരുന്നു - രണ്ടു ദശാബ്ദങ്ങൾക്ക് ശേഷവും ഇതുവരെ  അതെനിക്ക് കഴിഞ്ഞില്ല. ഇനി എനിക്ക് അങ്ങനെ ഒരു ആഗ്രഹവുമില്ല.

നമ്മുടെ കമ്മ്യൂണിറ്റി എന്നെ ആശാഭവനിൽ  ആക്കിയിട്ട്  മൂന്നു ദിവസം ആയി. അത്രയും ദിവസം തന്നെ ആയി ഞാൻ ഉറങ്ങിയിട്ടും.എല്ലാ ആശയും അസ്തമിച്ചുകഴിഞ്ഞാൽ പിന്നെ എന്ത് ഉറക്കം? ഈ ലോകത്ത് ഒന്നും പ്രതീക്ഷിക്കാനും, നേടാനും ഇല്ലാത്ത ഒരു മുപ്പത്തിഅഞ്ചു കിലോ മനുഷ്യക്കോലം  എന്തിന് ഉറങ്ങാൻ?

ഞാൻ നല്ല പോരാട്ടം പോരാടി... എൻറെ ഓട്ടം തികച്ചു. ഇനി ശാന്തിയിലേക്ക് പോവുകയാണ്.

നിൻറെ  ഭാര്യ ആനിന് സുഖം അല്ലെ? മക്കൾ രണ്ടും സുഖമായിരിക്കുന്നുവല്ലോ. ആ തങ്കക്കുടങ്ങളെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. അവരോട് മോൻ ഒരു കാര്യം പറയണം. ലോകത്ത് എവിടെ ആയിരുന്നാലും,, അവരുടെ അമ്മയെ വല്ലപ്പോഴെങ്കിലും വന്നു കാണണം എന്ന്.

കുട്ടാ... നിനക്ക് ഇതൊക്കെ വായിക്കാൻ സമയം ഉണ്ടാകുമോ?  ഈ ലോകത്തിൽ നിന്ന് വിടപറയും മുമ്പ് നിന്നോട് എന്തെങ്കിലും പറയാതെ പോകുന്നത് നല്ലതല്ലല്ലോ...തിരക്കാണെങ്കിൽ മോൻ പലപ്പോളായി വായിച്ചാൽ മതി. നിൻറെ  ഭാര്യക്കോ, മക്കള്ക്കോ നമ്മുടെ ഭാഷ വശമില്ലല്ലോ. ഇത് നമ്മൾ തമ്മിൽമാത്രം ഉള്ള ഒരു രഹസ്യ സല്ലാപം പോലെ ആയിക്കോട്ടെ.

നിൻറെ  പഠിത്തം ഒക്കെ കഴിയാറായോ ? ഇപ്പോളും നീ എന്താ പഠിക്കുന്നത് എന്ന് എനിക്കറിയില്ല. ദൈവത്തിൻറെ ശാസ്ത്രം എത്ര പഠിച്ചാലും തീരില്ല. അത് മനുഷ്യന്റെ ശാസ്ത്രം,  പോലെ അല്ല. നീ നല്ലൊരു പ്രസംഗകൻ  ആണ്, കോളേജ് അധ്യാപികൻ  ആണ് എന്നൊക്കെ എനിക്കറിയാം. കഴിഞ്ഞ ദിവസം ടി.വി ചാനലിൽ നിൻറെ വാക്ക് ചാതുര്യം കേട്ട് സത്യത്തിൽ ഞാൻ കോരിത്തരിച്ച് പോയി! ഹോ... നിൻറെ  സംസാരം എങ്കിലും ഒന്ന് കേൾക്കാനും കാണാനും കഴിഞ്ഞല്ലോ.

ഞാൻ ഫോണ്‍ വിളിക്കുമ്പോൾ നീ എടുക്കാത്തതിൽ  ഇത്തിരി നാൾ മുമ്പ് വരെ എനിക്ക് കെറുവ് ഉണ്ടായിരുന്നു.പിന്നെ മനസ്സിലായി നിൻറെ  തിരക്ക്. കോളേജ്, വീട്, പ്രസംഗം,  സഭ... നിനക്ക് ഒത്തിരി താലന്തുകൾ ചെയ്തു തീർക്കാനുണ്ട് . എന്നാലും ഈ തിരക്കിനിടയിൽ നിൻറെ  ആരോഗ്യം നോക്കി ക്കൊള്ളണേ . അമ്മയുടെ കാര്യം നിനക്ക് അറിയാമല്ലോ. നിന്നെ വളർത്തി വലുതാക്കാനുള്ള തിരക്കിനിടയിൽ  ആരോഗ്യം നോക്കാതെ ഇല്ലാത്ത അസുഖങ്ങൾ എല്ലാം കയറിപ്പിടിച്ചു. ഇൻസുലിൻ കുത്തിവച്ചു, കുത്തിവച്ചു  മടുത്തെടാ..കൊളസ്ട്രോളിനും,, ഹാർട്ടിനും , ബ്ലഡ്പ്രെഷരിനും  എല്ലാം കൂടി വയറു നിറയെ ഗുളിക കഴിക്കണം.

എന്തായാല്ലും ഇനി മരുന്നൊന്നും കഴിക്കേണ്ടിവരില്ല.

ഇവിടെ വന്നു കയറിയപ്പോഴേ എനിക്കറിയാം ഇവിടെ എന്തോ പതിയിരുപ്പുണ്ടെന്ന്.കഴിഞ്ഞ നാളുകളിൽ  എല്ലാം നമ്മുടെ കമ്മ്യൂണിറ്റിയിലെ ആൾക്കാർ  നിർബന്ധിച്ചിട്ടും ഇവിടെ എന്തുകൊണ്ടാണ് വരഞ്ഞത് എന്ന് നിനക്കറിയാമോ?  നിന്നെപ്പോലെ ലോകം അറിയുന്ന ഒരാളുടെ അമ്മ വൃദ്ധ സദനത്തിൽ ആണെന്ന് നാട്ടുകാര് പറയുന്നത്  കേൾക്കാൻ  എനിക്ക് കഴിയില്ല.. അത് തന്നെ.

നീ എനിക്ക് വിസ എടുക്കാൻ പോകുന്നു എന്ന് പണ്ടൊരിക്കൽ  അറിഞ്ഞപ്പോൾ ഞാൻ താലോലിച്ച പ്രതീക്ഷകൾ പൂവണിയുകയായിരുന്നു. ഏക സന്താനമായ നിന്നെക്കാണാൻ, നിൻറെ  മക്കളെ ഒന്നെടുത്തു ഉമ്മ വയ്ക്കാൻ നിൻറെ ആ നാട്ടുകാരിയായ ഭാര്യയെ കാണാൻ....എനിക്ക് ഇത്തിരിക്കാലം എങ്കിലും നിങ്ങളോടൊത്ത് 'അഹങ്കാര'ത്തോടെ  കഴിയാൻ... എന്നിട്ട് ഈ ലോകത്തോട്‌ വിടപറഞ്ഞ്   നശ്വരതയിൽ അലിഞ്ഞു ചേരാൻ....

കഴിഞ്ഞ കാലമത്രയും മരുന്ന് വാങ്ങാൻ ആൾക്കാർ തന്നിരുന്ന പൈസയിൽ നിന്നും ഇത്തിരി, ഇത്തിരി പൂഴ്ത്തി വച്ച് ഒരു തുക ഉണ്ടാക്കിയിരുന്നു. എന്നെങ്കിലും നീ എനിക്ക് വിസ എടു ക്കും എന്ന് കരുതി... ആ കൂട്ടിവച്ച പൈസാ ഒക്കെ എന്നെ നോക്കി ഇപ്പോൾ പല്ലിളിക്കുന്നു കുട്ടാ...

കഷ്ടപ്പാട് അമ്മക്ക് പുത്തരിയല്ല മോനെ...എൻറെ  ഇരുപത്തിനാലാം വയസ്സിൽ,  നിന്നെ സ്കൂളിൽ ചേർത്ത ദിവസം തന്നെ നിൻറെ  അപ്പൻ നമ്മെ വിട്ടുപോയി. നിൻറെ  അപ്പനോടൊപ്പം ജീവിച്ച ചുരുങ്ങിയ കാലത്തേക്കാൾ ഞാൻ സന്തോഷിച്ചത്‌ നമ്മൾ രണ്ടും മാത്രം ഉള്ള ജീവിതം ആയിരുന്നു. കള്ളുകുടിച്ച് കാലുറക്കാതെ വന്നു കയറി നിൻറെ മുന്നിലിട്ട് എന്നെ പൊതിരെ തല്ലുമ്പോൾ  നിൻറെ  കുഞ്ഞികൈകാലുകൾ പേടിച്ച് വിറക്കുന്നത്‌ ഞാൻ ഇന്നും ഓർക്കുന്നു . എൻറെ  എല്ലാ ആശയും, സ്വപ്നവും ഞാൻ നിന്നിൽ  വിതച്ചു. എൻറെ  മാറിൽ നീ ഭയമില്ലാതെ ധീരനെപ്പോലെ കിടന്നുറങ്ങി. നീ പഠിച്ചു. എല്ലാ പരീക്ഷയും ഉയർന്ന  മാർക്കോടെ  പാസ്സായി. ഒടുവിൽ  കമ്മ്യൂണിറ്റിയുടെ സഹായത്തോടെ നീ അവിടേക്ക് പറക്കുമ്പോൾ എന്നെ അമർത്തി ആലിംഗനം ചെയ്തത്  തന്ന ചുംബനം ഉണ്ടല്ലോ..... അതിൻറെ ചൂടും ഓർമ്മയും മാത്രം മതി എനിക്ക് ഇനി എന്നന്നേക്കും.

കമ്മ്യൂണിറ്റിയിലെ ചിലർ ഒക്കെ പറയുന്നു അത് യൂദാസിൻറെ ചുംബനം ആയിരുന്നു എന്ന്. എന്നാൽ അവർ ചിന്തിക്കുന്നത് ശരിയല്ല എന്ന്  എനിക്കറിയാം.

ഇനി എന്താണ് എഴുതുക ? എനിക്ക് ആവതില്ല മകനെ... ഈ കത്ത് നിനക്ക് പോസ്റ്റു  ചെയ്യണം  എന്ന് ഒരു കുറിപ്പ്  കൂടി ആന്റണി പാസ്റ്റർക്ക് എഴുതിവയ്ക്കണം

അമ്മക്കിനി ഒരു ആഗ്രഹവും ബാക്കിയില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ അതമ്മയുടെ ദുരാഗ്രഹം മാത്രമായിരിക്കട്ടെ.

നിർത്തട്ടെ കുട്ടാ.... ഇത്രയും എഴുതി തീർക്കനായതു തന്നെ ഭാഗ്യം. എന്തൊക്കെയോ നിന്നോട് പറയാൻ മറന്ന പോലെ. ഓ... ഇനി പറയാൻ ബാക്കിയുള്ളതൊക്കെ  ഇനി വേറൊരു ജന്മത്തിൽ ആകട്ടെ.... അല്ലെങ്കിൽ എൻറെ  ആത്മാവ് ആകാശ പൂമെത്തയിലൂടെ നീ താമസിക്കുന്ന രാജ്യത്ത് എത്തിച്ചേരും വരെ....

ഇനി മോൻ എൻറെ വിസാക്ക് വെറുതെ സമയം പാഴക്കണ്ടാ. എൻറെ വിസ റെഡിയായിക്കഴിഞ്ഞിരിക്കുന്നു.

ഒരു ജന്മം മുഴുവൻ ഇവിടെ അവസാനിക്കുകയാണ് കുട്ടാ. വിധിയോട് മല്ലടിച്ച്, മല്ലടിച്ച്, പൊരുതി,, പൊരുതി തോറ്റ് .... ആയുധം താഴെവച്ച് ... ആശകൾ എല്ലാം തറയിൽ വീണ് കൊഴിഞ്ഞ്, ആരെക്കെയോ ചവിട്ടിമെതിച്ച് .....

സ്വപനങ്ങളെ  എല്ലാം ആട്ടിപ്പായിച്ച് അമ്മ പോകുന്നു.

മോൻ സുഖമായി ഇരിക്കുക. നന്നായി ജീവിക്കുക. ഈ ഹതഭാഗ്യയെ മറന്നേക്കുക.

അവസാനമായി ഈ കത്തിനു ഞാൻ അമർത്തി , അമർത്തി  ഒരു ഉമ്മ കൊടുത്തോട്ടെ? അത് നിനക്കുള്ളതാണ്... നിനക്ക് മാത്രം (കള്ളൻ...  കുഞ്ഞുംനാളിൽ വലതും ഇടതും കവിൾ മാറി കാട്ടി എത്ര ഉമ്മ എൻറെ കയ്യിൽ  നിന്നും നീ കടം വാങ്ങിയിട്ടുണ്ട്? ഓർമ്മയുണ്ടോ ?)

ഇനി അമ്മ പോകട്ടെ....ഒരു യാത്രയയപ്പില്ലാതെ പോകാനാണ് എനിക്ക് വിധിച്ചിരിക്കുന്നത്.

ഇനി വയ്യ.... ഒട്ടും... ഈ കവർ ഒന്ന് ഒട്ടിച്ചു കിട്ടിയാൽ മാത്രം മതി............

****                                                    *****                                                  *****

സൂര്യൻ വന്നു കുത്തിയുണർത്തിയപ്പോൾ  ഉറക്കക്ഷീണത്താൽ രാതി കിടക്കയിൽ എണീറ്റിരുന്നു. പിന്നെ പുലരിക്ക് കിടക്ക മാറിക്കൊടുത്തു. ആശഭവന് പുറത്തുള്ള പൂവൻ കോഴികൾ അത് നാട്ടുകാരെ വിളിച്ച് അറിയിക്കുകയും ചെയ്തു. ഇങ്ങു കേരളത്തിലെ ആ ഗ്രാമത്തിലും അങ്ങ് വിദേശത്ത് ആ നഗരത്തിലും വ്യത്യസ്ത സമയങ്ങളിൽ നേരം വെളുത്തു.

വീൽചെയറിൽ നിശ്ചലമായി ആ ശരീരം കിടന്നു. ഡോക്ടർമാർ വന്നു. കാർഡിയാക് അറസ്റ്റ് എന്നോ മറ്റോ കുത്തിക്കുറിച്ച് പോയി... എന്നാൽ മരണം എവിടെയാണ് വിത്തുപാകിയത് എന്ന്  ആ രാത്രിക്കും, അശാഭവന്റെ  ചുമരുകൾക്കും അറിയാം.

എല്ലാം കഴിഞ്ഞു. ഒരു മുപ്പത്തി അഞ്ചു കിലോ ഭാരം കൂടി ഈ ലോകത്തിൽ നിന്നും തുടച്ചു നീക്കപ്പെട്ടു. കമ്യൂണിറ്റിയിലെ  ചില ആൾക്കാർ മാത്രം കൂടി. ഒരു ചടങ്ങുമില്ല ... ആചാരവും ഇല്ല. വീൽചെയർ മാത്രം ബാക്കി.

അടുത്ത ദിവസം ആന്റണി പാസ്റ്റർ  പോസ്റ്റാഫീ സിലേക്ക് നടന്നു.

"മനിലയിലേക്ക് ഒരു രജിസ്റ്റർ പോസ്റ്റ്‌ അയക്കുന്നതിന് എത്രയാ?"

തപാൽ ജീവനക്കാരൻ തൻറെ തടിച്ച  ഫ്രെയിമുള്ള കണ്ണടക്കണ്ണിനിടയിലൂടെ   നോട്ടം പായിച്ചു. എന്നിട്ട്  ആ കത്ത് വാങ്ങി തിരിച്ചും മറിച്ചും  നോക്കി.

ആ കത്ത് യാത്രയാവുകയാണ്. ആ അക്ഷരങ്ങൾ എഴുതിയ കൈകൾക്ക് ഒരിക്കലും യാത്ര ചെയ്യാൻ പറ്റാത്ത രാജ്യത്തേക്ക്. വിസയില്ലാതെ... വിലകൂടിയ വിമാന ടിക്കറ്റില്ലാതെ.....

--------------------------------------------------------------------------------------------------------------------------
കുറിപ്പ്: യാഥാർത്യത്തിൻറെ ചില അവശേഷിപ്പുകൾ ഇതിൽ നിറഞ്ഞിട്ടുണ്ടാകാം. മനസ്സിൻറെ  കുറ്റബോധവും, ഒരു തലമുറയുടെ പാപഭാരവും,  പ്രതീക്ഷ അസ്തമിച്ച ഒരു സായന്തനത്തിന്റെ തേങ്ങലും മാത്രമാണിത്. എനിക്ക് ഒരു അമ്മയുടെ വേദന അറിയില്ല. എന്നാൽ ഒരു സഹജീവിയുടെ വേദന  മനസ്സിലാക്കാൻ  കഴിയും. നിത്യശാന്തി എന്ന  ഒന്നുണ്ടെങ്കിൽ അത് നേരുക എന്ന പാപകർമ്മം മാത്രമേ ഇനി ബാക്കിയുള്ളൂ...