Thursday, January 31, 2019

അക്ഷരങ്ങളുടെ ദന്തഗോപുരം-പ്രവാസത്തിലെ മഞ്ഞുത്തുള്ളികൾ

അക്ഷരങ്ങളുടെ ദന്തഗോപുരം
(പ്രവാസത്തിലെ മഞ്ഞുത്തുള്ളികൾ)
-----------------------------------------------------------

പുസ്തകങ്ങൾക്കും ചില പെണ്ണുങ്ങൾക്കും ഒരു സവിശേഷത ഉണ്ട്. രണ്ടും കൂടെപ്പോകുന്നവന്റെ കൂടെ കേറിയങ്ങ് പൊറുത്തുകളയും!

പൊന്നോ പൊടിയോ പോലെ നോക്കി വളർത്തിക്കൊണ്ടുവന്ന കുട്ടികൾ ഒളിച്ചോടിപ്പോകുന്നതുപോലെ, വായിക്കാൻ വാങ്ങികൊണ്ടുപോയ പുസ്തകങ്ങൾ  പലരും തിരികെ തരാതെ വരുമ്പോൾ ഒന്നൂറിച്ചിരിച്ച് ഞാൻ സ്വയം ആശ്വസിക്കുന്ന ചിന്തയാണിത്. എന്നിട്ട് ഒരു ചെറു നെടുവീർപ്പോടെ പറയും "പോയാലും വേണ്ടില്ല, നന്നായി കൂടെയങ്ങ് പൊറുത്താൽ മതി"

മുഖവുരയായി ഇത്രയും പറഞ്ഞത് ആരെയും വേദനിപ്പിക്കാനല്ല.  ഏതൊരു വായനക്കാരനും, പുസ്തകപ്രേമിക്കും തോന്നാവുന്ന കാര്യം മാത്രം.  ഒരു പ്രണയിനിയെപ്പോലെയോ, കുഞ്ഞിനെപ്പോലെയോ, ആത്മമിത്രത്തെപ്പോലെയോ നാം കരുതുന്ന പുസ്തകങ്ങൾ അപരന്റെ ചവറ്റുകൊട്ടയിലും, ബലാത്ക്കാരം ചെയ്യപ്പെട്ടപോലെ അനാഥത്വം പേറിയും  കിടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.  അപ്പോൾ ഉള്ളിൽ ഒരു നീറ്റലുണ്ടാകും.

കുറെ നാൾ മുമ്പ് മനു. എസ്. പിള്ളയുടെ 'ദി ഐവറി ത്രോൺ' എന്ന പുസ്തകം ഒത്തിരി ഇഷ്ടത്തോടെ വാങ്ങി.  എഴുനൂറോളം പേജുകൾ ആർത്തിയോടെ, ഒരു സസ്‌പെൻസ് ത്രില്ലർ പോലെ വായിച്ചുതീർത്തു.  ഒരു ചെറിയ ആസ്വാദനക്കുറിപ്പൊക്കെ എഴുതി പുസ്തകം ബുക്ക് ഷെൽഫിലേക്ക് പറിച്ചുനട്ടു.

സുഖം സ്വസ്തം.

വായിച്ച പുസ്തകങ്ങളെപ്പറ്റി (പ്രേത്യേകിച്ച് ഇഷ്ടപെട്ടവയെപ്പറ്റി) സുഹൃത്‌വലയത്തിൽ പങ്കുവയ്ക്കുന്ന ഒരു ദുഃശീലമുണ്ട്.  മലയാളികൾ വായിച്ചിരിക്കേണ്ട പുസ്‌തകം എന്നമട്ടിൽ പലരോടും പറഞ്ഞു. എന്നാൽ പുസ്തക വലിപ്പവും, ചരിത്ര ഗ്രന്ഥം എന്ന ലേബലും പലർക്കും ഇഷ്ടപെട്ടിട്ടുണ്ടാകില്ല. ഒരിക്കൽ ദുബായിലെ എൻറെ സുഹൃത്തായ ഒരു എഴുത്തുകാരനോട് ഇത് പങ്കുവച്ചപ്പോൾ അദ്ധേഹം എന്റെയടുത്ത് വരികയും ഈ  'സേതു ലക്ഷിമിഭായി തമ്പുരാട്ടിയെ' കടം വാങ്ങിക്കൊണ്ട് പോവുകയും ചെയ്‌തു.

സൂക്ഷിച്ച് വയ്ക്കേണ്ടത് എന്ന് തോന്നുന്ന പുസ്തകങ്ങൾ നന്നായി ട്രാൻസ് പേരന്റ് പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞു വയ്ക്കുന്ന എൻറെ ശീലം കണ്ട് സുഹൃത്ത് അതിനെപ്പറ്റി ചോദിച്ചു. പുസ്‌തകങ്ങൾ എനിക്ക് കുട്ടികളെപ്പോലെ ആണെന്നും, അവ ചുളുക്കം വരാതെ, കേടുകൂടാതെ സൂക്ഷിക്കാനാണ് ഇതെന്നും ഞാൻ പറഞ്ഞത് കേട്ട് അദ്ദേഹം പുഞ്ചിരിച്ചു.

മാസങ്ങൾ കൊഴിഞ്ഞുവീണു.

ഇടയ്ക്ക് തമ്മിൽ വിളിക്കുമ്പോളൊക്കെ  ജോലിത്തിരക്കുകാരണം ഇതുവരെ  ഐവറി ത്രോൺ വായന പൂർത്തിയാക്കാനായില്ല, താമസിക്കുന്നതിൽ ക്ഷമിക്കണം എന്നൊക്കെ അദ്ധേഹം പറഞ്ഞു.  "അതൊന്നും കുഴപ്പമില്ല, മുഴുവൻ വായിച്ചിട്ട് തന്നാൽ മതി.  എൻറെ ഷെൽഫിൽ വെറുതെ ഇരിക്കുന്നതിലും നല്ലത് വായനക്കാരനെ കാത്തിരിക്കുന്ന പുസ്തകമാണ്" എന്നൊക്കെ ഞാൻ മറുപടി പറയുകയും ചെയ്‌തു.

നാട്ടിൽ പോയി. ഒരു ക്രൈം ത്രില്ലറിന്റെ പേജ് മറിയുന്നപോലെ അവധി ദിവസങ്ങൾ വേഗം മറിഞ്ഞുതീർന്നു.

കഴിഞ്ഞ ദിവസം അദ്ധേഹത്തിന്റെ വിളി വന്നു.  "നേരിൽ കാണണം". സന്തോഷം. തീയതി സമയം ഒക്കെ തീരുമാനിച്ച് ഫോൺ വച്ചു.

ഓഫീസിൻറെ അടുത്ത് അദ്ധേഹം വന്നു. ഞാൻ പുറത്തിറങ്ങി. കാർപാർക്കിലേക്ക് നടന്നു. പാർക്കിങ്ങിൽ ഗ്ലാസ് തുറന്ന് പുഞ്ചിരിയോടെ സുഹൃത്ത്. അപ്പോൾ ഞാൻ ആ കൈകളിൽ രണ്ട് സേതു ലക്ഷ്‌മിഭായിമാർ ഇരിക്കുന്നത് കണ്ട് കണ്ണൊന്ന് ചിമ്മിത്തുറന്നു.

ഒന്നോ രണ്ടോ? സൂക്ഷിച്ച് നോക്കി.

സ്‌കൂളിൽ ഒരു കഥ കേട്ടിട്ടുണ്ട്.  ഒരു മരംവെട്ടുകാരൻ. മരം വെട്ടിയപ്പോൾ കോടാലി കുളത്തിൽ തെറിച്ചുവീണു. ഒരു കയ്യിൽ ആ കോടാലിയും മറുകൈയിൽ ഒരു സ്വർണ്ണക്കോടാലിയുമായി ഒരു ദേവത പ്രത്യക്ഷപെട്ടു. സത്യസന്ധനായ മരംവെട്ടുകാരന്  അവസാനം സ്വർണ്ണകോടാലി ദേവത സമ്മാനമായി നൽകി.

സുഹൃത്തിൻറെ കയ്യിൽ രണ്ട് ഐവറി ത്രോൺ! ഒരെണ്ണം ഞാൻ വായിക്കാൻ കൊടുത്തത്. മറ്റേത് പുതിയത്. മരവെട്ടുകാരന്റെ കഥയെ അനുസ്മരിപ്പിക്കും പോലെ തൻറെ കയ്യിലിരുന്ന പുതിയ ഐവറി ത്രോൺ അദ്ധേഹം എൻറെ നേരെ നീട്ടി. എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു.

"എനിക്ക് തന്ന പുസ്‌തകത്തിന്റെ പുറംചട്ട നോക്കൂ, ലേശം മടങ്ങി ചുളുങ്ങിയിട്ടുണ്ട്.  എനിക്ക് വായിക്കാൻ തന്നിട്ട് ആ പുസ്‌തകം നന്നായി സൂക്ഷിക്കാൻ പറ്റാത്തതിനാൽ ഞാൻ നാട്ടിൽ നിന്ന് വന്ന ഒരു സുഹൃത്തിനെക്കൊണ്ട് വാങ്ങിച്ചതാണിത്. ഇത് എടുത്തോളൂ. പകരം നിങ്ങളുടെ പുസ്‌തകം ഞാൻ എടുത്തുകൊള്ളാം. ഈ പുസ്തകം ഒരു അസറ്റാണ്"

സ്നേഹത്തോടെയുള്ള ആ നിർബന്ധത്തിന് ഞാൻ  വഴങ്ങി.

സത്യത്തിൽ എൻറെ പുസ്തകത്തിന് പുറത്തുള്ള ചുളിവ് ആമസോൺ വഴി വീട്ടിൽ വന്നപ്പോൾ പറ്റിയതാണ്. ഞാനത് പറഞ്ഞിട്ടും സുഹൃത്ത് വകവെച്ചില്ല, തൻറെ കയ്യിൽനിന്ന് അബദ്ധത്തിൽ പറ്റിയതാണോ എന്ന സംശയത്തിൽ കൂട്ടുകാരനോട് പറഞ്ഞ് ഒരു ചുളിവ് പോലും ഏശാതെ സൂക്ഷമതയോടെ എത്തിച്ചതാണ് എൻറെ കയ്യിലിരിക്കുന്ന പുതിയ പുസ്‌തകം!

ഷെയ്ഖ് സായിദ് റോഡിൽ എൻറെ കണ്ണിന് തൊട്ടുമുമ്പിൽ വാഹങ്ങൾ ചീറിപ്പാഞ്ഞുകൊണ്ടിരുന്നു.  തലയ്ക്ക് മീതെ ദുബായ് മെട്രോ ട്രെയിൻ മന്ദം മന്ദം ഒഴുകി നീങ്ങുന്നു.  മനസ്സിൽ പറഞ്ഞറിയിക്കാനാകത്ത വികാരങ്ങളുടെ ചീറിപ്പായലും ഒഴുക്കുമായി ഞാൻ ഒരുനിമിഷം അത് നോക്കിയിരുന്നു.

അക്ഷര സ്നേഹം. അതാണിത്.  വിദ്യയെ, അക്ഷരത്തെ ദേവിയായി പൂജിക്കുന്ന സംസ്‌കാരമാണ് നമ്മുടേത്. ആദ്യാക്ഷരം കുറിക്കും മുമ്പ് കുരുന്നുകൾ വിഘ്‌നേശ്വര നാമം എഴുതുന്ന പൈതൃകം.

അക്ഷരം അമൂല്യം. ആശ്വാസവും ഒപ്പം ആനന്ദവും.

ചില പുസ്തകങ്ങൾ ഞാൻ കയ്യിലെടുത്ത് ഉമ്മ വയ്ക്കാറുണ്ട്. ചിലത് നെഞ്ചോട് ചേർത്ത് പിടിക്കാറുണ്ട്. അറിയാതെ എന്നിൽ നിന്നും അപ്പോൾ ഒഴുകുന്നത്  പ്രണയിനിക്കോ കുഞ്ഞിനോ കൊടുക്കുന്ന അതേ സ്നേഹമാണ്.

ഇനി എഴുത്തുകാരനായ ദുബായിലെ ആ സുഹൃത്ത് ആരാണെന്ന് പറയാം. 'ക്യാമ്പ് ക്രോപ്പറിന്റെ ഇടനാഴികൾ' എന്ന പുസ്‌തകത്തിന്റെ രചയിതാവ് അസി.  യുദ്ധഭീകരതയും, ഇറാക്ക് ജനതയുടെ വേദനയും, സദ്ദാം ഹുസൈൻ എന്ന ഭരണാധികാരിയുടെ ഗർജ്ജനവും മുഴങ്ങി നിൽക്കുന്ന പുസ്തകമാണ് അസിയുടേത്. ഒരു സസ്‌പെൻസ് ത്രില്ലർ പോലെ വായിക്കാവുന്ന പുസ്‌തകം.

പ്രിയപ്പെട്ട എഴുത്തുകാരാ, എന്നെക്കാൾ അക്ഷരങ്ങളെ പ്രണയിക്കുന്ന നിങ്ങൾക്ക് കൂപ്പുകൈ. പ്രവാസപ്രയാണത്തിൽ മറക്കാനാകാത്ത സുന്ദര നിമിഷങ്ങളുടെ കൂട്ടത്തിൽ അസിയും 'ഐവറി ത്രോണും' ഒളിമങ്ങാതെ നിലനിൽക്കും.

അക്ഷരം അമൂല്യം. പുസ്‌തകം പുണ്യവും.

യാ ഇലാഹി ടൈംസ് - വായനാസ്വാദനം

യാ ഇലാഹി ടൈംസ് - വായനാസ്വാദനം 
ജോയ് ഡാനിയേൽ, ദുബായ്

ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ പറ്റിയ ഒരു നോവൽ. അതാണ് യുവ എഴുത്തുകാരൻ അനിൽ ദേവസ്സിയുടെ 2018 -ലെ ഡി.സി പുരസ്‌കാരം നേടിയ   'യാ ഇലാഹി ടൈംസ്'.

തീവ്രവാദവും, ആഭ്യന്തര പ്രശ്‌നങ്ങളും തകകർത്തുകളയുന്ന ഒരു ജനതയുടെ രോദനം നന്നായി വരച്ചിട്ടിരിക്കുന്ന കഥ.  സിറിയയിൽ നിന്ന് ലോകത്തിൻറെ വിവിധ കോളുകളിലേക്ക് പലായനം ചെയ്യപ്പെടുന്നവരുടെ വേദനയും, ദുഃഖവും വായനക്കാരനിൽ ഒരു നീറ്റലായി അവശേഷിപ്പിച്ചാണ് നോവലിൻറെ അവസാന പേജ് മറിഞ്ഞുതീരുന്നത്.

രാജ്യമില്ലാതായി തീരുന്ന ഒരു ജനത. സ്വന്തം മണ്ണിൽ സുരക്ഷിതത്വം ഇല്ലാത്തവർ. എങ്ങോട്ടും പോകാനില്ലാതെ അന്തിച്ചുനിൽകുന്ന മനുഷ്യർ. ആർക്കും വേണ്ടാത്തവരാണെങ്കിലും, പ്രതീക്ഷയുടെ അവസാന കച്ചിത്തുരുമ്പിലേറി  വിവിധ രാജ്യങ്ങളിലേക്ക് പാലായനം ചെയ്യപ്പെടുന്നവർ.  ലോക ചരിത്രത്തിൽ എക്കാലവും കണ്ടിട്ടുള്ളതുപോലെ ആക്രമണങ്ങളും, യുദ്ധവും, ഏകാധിപത്യവും, ഭീകരപ്രവർത്തനവും ഏറ്റവും കൂടുതൽ ഇരകളാക്കി തീർക്കുന്നത് സ്ത്രീകളെയും കുട്ടികളേയുമാണ്.   കഥയിലൊരിടത്ത് ടെന്റിനുള്ളിൽ കാണുന്ന നൂറ എന്ന കൊച്ചുപെൺകുട്ടിയുടെ വിശപ്പും, ഗർഭവും അവളുടെ അമ്മയുടെയും കുഞ്ഞു സഹോദരന്റെയും ദയനീയതയും സമൂഹത്തോട് ചോദിക്കുന്ന ചോദ്യങ്ങൾ വലുതാണ്. വായനക്കാരനെ പിടിച്ചിരുത്തി ചിന്തിപ്പിക്കുന്ന രംഗങ്ങൾ. കഥ വായിച്ച് കഴിഞ്ഞാലും മനസ്സിൽ നിന്ന് പറിച്ചെറിയാൻ കഴിയാത്ത ഇതുപോലെ കുറെ കഥാപാത്രങ്ങൾ 'യാ ഇലാഹി ടൈംസിൽ' ഉണ്ട്.

അൽത്തേബിനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. അവൻറെ സൗഹൃദവലയത്തിന്റെ കഥകൂടി ഒപ്പം പറഞ്ഞുപോകുന്നു.  അവൻറെ ചിന്തകളും, അയക്കുന്നതും, വരുന്നതുമായ വാട്‍സ് ആപ്പ് മെസേജുകളും, കുറിപ്പുകളും, അവൻ സ്റ്റോർ റൂമിൽ കണ്ടെത്തുന്ന യാ ഇലാഹി ടൈംസ് എന്ന ആരോ എഴുതിയ ഒരു പഴയ ബുക്കിലെ വരികളും കഥ മുന്നോട്ട് നയിക്കുന്നു.  ദുബായിൽ ജോലി ചെയ്യുന്നെങ്കിലും അവൻറെ മനസ്സ് മുഴുവൻ തകർത്തെറിയപെട്ട തൻറെ കുടുംബമാണ്. മാതാപിതാക്കളുടെ പലായനവും ബാബയുടെ സിറിയയിലേക്കുള്ള തിരിച്ചുവരവും ഒക്കെയാണ്‌ അൽത്തേബിൻറെ ചിന്തയിലെല്ലാം.

അൽത്തേബിൻറെ കൂട്ടുകാരിയാണ് മാർഗരറ്റ്. ശരീരം വിറ്റ് ജീവിക്കുന്നവൾ. ഇടനിലക്കാരൻ കൊക്കൂസ് വഴി അവൾ കൂടുതൽ പണമുണ്ടാക്കുവാനുള്ള അഴുക്കുചാലുകളിലേക്ക് എടുത്തു ചാടുന്നു. അൽത്തേബിൻറെ മുറിയിലെ സ്ഥിരം സന്ദർശകയാണ് മാർഗരറ്റ്.

കഥയിലെ മറ്റ് രണ്ട് കഥാപാത്രങ്ങളാണ് ശ്രീലങ്കക്കാരനായ ആതുരതരംഗയും ഇന്ത്യക്കാരിയായ നളിനികാന്തിയും. ഒരേ കമ്പനിയിൽ ക്ളീനിങ് ജോലി ചെയ്യുന്നവർ. രണ്ടുപേരും ഒരേ മാളിൽ ജോലിചെയ്യുകയും പ്രേമം മൊട്ടിട്ട് പുഷ്‌പിക്കുകയും ചെയ്യുകയാണ്. എന്നാൽ വിധിയുടെ ക്രൂരതയ്ക്ക് മുൻപിൽ നിശ്ചയിച്ച സമയത്ത് വിവാഹം നടക്കാതെ പോകുന്നതും, പിന്നീട് അൽത്തേബിൻറെ  ഫ്‌ളാറ്റിൽ വച്ച്  കൂട്ടുകാരുടെ സാന്നിധ്യത്തിൽ ഭാര്യ ഭർത്താക്കന്മാരാകുന്നതും ഒരു ഉപകഥപോലെ വായിക്കാം.  ഇടയ്ക്ക് വച്ച് രണ്ടുപേരും കഥയിൽ നിന്നും അപ്രത്യക്ഷമാവുകയും അവസാന ഭാഗത്ത് വിരഹത്തിന്റെ എല്ലാ വേദനയും നൽകി കടന്നുവരികയും ചെയ്യുന്നു. അവർക്ക് പാർക്കാൻ  'കിളിക്കൂട്' നൽകുന്ന ഡോക്ടർ ദമ്പതികളുടെ ജീവിതവും, ദുരന്തവും കഥയുടെ ഗതിയിൽ പ്രധാന പങ്ക് വഹിക്കുന്നു.

നോവലിൻറെ ഏറിയപങ്കും സിറിയൻ ജനത നേരിടുന്ന ക്രൂരതകളും പീഡനങ്ങളുമാണ്. അതോടൊപ്പം തന്നെ വേശ്യാവൃത്തി, മയക്ക് മരുന്ന്, ഫേക് കറൻസി, ഭീകര പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിങ് എന്നിങ്ങനെ സമൂഹത്തിലെ ഒരുപിടി പുഴുക്കുത്തുകൾ എടുത്തുകാണിക്കാൻ അനിൽ ശ്രമിക്കുന്നുണ്ട്.  മാർഗരറ്റിനും കൊക്കൂസിനും വന്നുഭവിക്കുന്ന വിധിയും തെറ്റുകൾ ഒന്നും ചെയ്യാതെ കുറ്റക്കാരനായും, പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന അൽത്തേബ് എന്ന നായകൻ വായനക്കാരിൽ ഉയർത്തുന്ന സന്ദേശവും വളരെ വലുതാണ്.

കഥ തുടങ്ങുന്നത് 'ഒടുക്കം' എന്ന അദ്ധ്യായത്തിലും,  അവസാനിക്കുന്നത് 'തുടക്കം' എന്ന അദ്ധ്യായത്തിലുമാണ്. കൂട്ടിലകപ്പെട്ട്  മരണം മുന്നിൽ വന്ന് നിൽക്കുമ്പോളും വിശപ്പ് എന്താണെന്ന് നമ്മൾ കാണുന്നു.  തിന്നുതീർക്കാൻ കഴിയാത്ത മീനിന്റെ തല വായിൽ വച്ച് മരണം കാത്തുകിടക്കുന്ന പൂച്ച ഒരു ജനതയുടെ പ്രതിബിംബമാണ്.

വ്യത്യസ്തമായ ഒരു എഴുത്തുശൈലിയാണ് അനിലിന്റേത്. ലളിതമായി കഥ പറയുന്നു. ആഴത്തിൽ മനസ്സിനെ തൊടുന്നു.  വായനക്കാരൻ പോലും അറിയാതെ പേജുകൾ മറിയ്ക്കാൻ ഒരു എഴുത്തുകാരനെകൊണ്ട് സാധിക്കുക എന്നത് നിസ്സാര പണിയല്ലല്ലോ.

പുസ്‌തകത്തിന്റെ പുറം ചട്ട കഥയുമായി അത്രമേൽ പൊരുത്തപ്പെടുന്നില്ല.  ആതുരതരംഗയും, നളിനികാന്തിയും കഥയിൽ പെട്ടെന്ന് അപ്രത്യക്ഷമായി പിന്നീട് അവസാന ഭാഗത്ത് കഥ പറഞ്ഞുതീർക്കാനായി എത്തിയപോലെ തോന്നി. കാകദൃഷ്ടിയിൽ ഇതല്ലാതെ വേറൊരു കുറവും കാണാനാവുന്നില്ല.

എന്തുകൊണ്ടും വായനക്കാർക്ക് വസന്തത്തിന്റെ പൂമുട്ടുകൾ സമ്മാനിക്കുന്ന കൃതിയാണ് 'യാ ഇലാഹി ടൈംസ്'  പ്രവാസത്തിന്റെ തോണിയിലേറി യാത്ര നടത്തുമ്പോഴും ഇനിയും അനിൽ ദേവസ്സിക്ക് കൂടുതൽ ശക്തമായി എഴുതാൻ ബലം നൽകുന്ന പുസ്തകമാണ് ഇത്.

യാ ഇലാഹി ടൈംസ് (നോവൽ)
അനിൽ ദേവസ്സി
പ്രസാധകൻ - ഡി. സി ബുക്‌സ്
വില 190
പേജ് - 192


-------------------

ജോയ് ഡാനിയേൽ

അനുഭവക്കുറിപ്പുകൾ, ചെറുകഥ, വായനാസ്വാദനം  ഒക്കെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതിവരുന്നു.  'ഖിസ്സ' എന്ന അനുഭവകഥകളുടെ സമാഹാരത്തിന്റെ എഡിറ്റർ. പ്രവാസത്തിലെ 'മഷി' മാഗസിന്റെ എഡിറ്റർ.