Thursday, May 28, 2015

സത്യമോ മിഥ്യയോ

ചില ചോദ്യങ്ങൾക്ക്  ഒരിക്കലും ഉത്തരം ഉണ്ടാകില്ല. ചില ഉത്തരങ്ങൾക്ക് ഒരിക്കലും ചോദ്യവും.

1980-കളിലെ ഒരു രാത്രി. രാത്രി എന്നാൽ അർദ്ധരാത്രി. കാവിനുള്ളിലെ പാലമരത്തിന്റെ ശിഖരങ്ങളിൽ നിന്ന് യക്ഷികൾ പുറത്തിറങ്ങുകയും പകൽ മനുഷ്യർ നടക്കുന്ന വഴികളിലൊക്കെ നടന്ന് നമുക്ക് കേൾക്കാനാകാത്ത ശബ്ദത്തിൽ ആർത്തട്ടഹസിക്കുകയും, തോന്നുന്ന പോലെ വിഹരിക്കുകയും ചെയ്യുന്ന രാത്രി.  കാവും, സെമിത്തേരിയും, കള്ളിപ്പാലകളും, കരിമ്പനകളും തമ്മിൽ പറയത്തക്ക ദൂരം ഇല്ലായിരുന്നു.

ബസ്സ്‌ ഇഞ്ചപ്പാറ  ജംഗ്ഷനിൽ നിന്നു. ഞാൻ കയ്യിലിരുന്ന ബാഗ് തോളിലേക്ക് വലിച്ചിട്ട്  റോഡരികിൽ നിന്ന് മൂരിനിവർത്തി.  ഹോ! എന്തൊരു ക്ഷീണം. എത്ര ദിവസമായുള്ള അലച്ചിൽ ആണ്? പാലക്കാട് പാർട്ടിയുടെ  സംസ്ഥാന സമ്മേളനത്തിനായി വീട്ടിൽ നിന്നും പടി യിറങ്ങിയിട്ട് ഒരാഴ്ചയായി. എല്ലാം കഴിഞ്ഞ് ജില്ലാ പ്രധിനിധികളും, പ്രവർത്തകരും  പലവഴിക്ക് പിരിഞ്ഞ് ഇപ്പോൾ തിരികെയെത്തി. എന്നെ യാത്രയാക്കി പാഞ്ഞുപോയ അവസാന കെ.എസ്.ആർ.ടി.സി  വാഹനത്തിൻറെ വെളിച്ചം ആറുമുക്ക് പാലത്തിനപ്പുറത്ത് വളവിലേക്ക് തിരിഞ്ഞ് അപ്രത്യക്ഷവുമായി.

ഞാൻ ശ്വാസം നീട്ടിവലിച്ചു. ദിവസങ്ങളോളം നഷ്ടമായ എൻറെ ഗ്രാമത്തിൻറെ ഗന്ധം ഞാൻ ആസ്വദിച്ചു.  മുന്നോട്ടു നടക്കവെ നാലുപാടും കണ്ണോടിച്ചു. ചന്ദ്രൻപിള്ളയുടെ അന്തിതിരക്കൊഴിഞ്ഞ അടച്ചിട്ട കടയുടെ മുന്നിൽ കിടക്കുന്ന ചാവലിപട്ടി തലയുയർത്തി എന്നെ ഒന്നുനോക്കിയിട്ട് ഗൌനിക്കാത്ത മാതിരി തിരിഞ്ഞു കിടന്നു.  വിജനമായ റോഡിൻറെ ഓരത്ത് തലയെടുപ്പോടെ നിൽക്കുന്ന സെന്റ്‌ പോൾസ് പള്ളിയുടെ കുരിശിലേക്ക് വന്നു പതിക്കുന്ന പ്രകാശത്തെക്കാൾ കവലയിൽ മിന്നുന്ന തെരുവുവിളക്കിനു തെളിച്ചം ഉണ്ടായിരുന്നപോലെ.

എൻറെ സിരകളിൽ ഇപ്പോളും പാർട്ടി സമ്മേളനത്തിൻറെ ഉഷ്ണരക്തം തിളക്കുകയാണ്. ദേശീയ സംസ്ഥാന നേതാക്കൾ പകർന്നു നൽകിയ വിപ്ളവത്തിന്റെ ഊർജ്ജം നിറഞ്ഞൊഴുകുന്ന ഞരമ്പുകൾ. പാർട്ടിയേയും അതിൻറെ സിദ്ധാന്തങ്ങളേയും ഓർത്തു ഞാൻ നെഞ്ചുവിരിച്ചു നടന്നു.  ടാറിട്ട റോഡിൽ നിന്നും വീട്ടിലേക്ക് നീളുന്ന പഞ്ചായത്ത്‌ റോഡിലേക്ക്.

അന്ധകാരം കഠിനം ആണെങ്കിലും മുന്നിലുള്ള ഓരോ കുണ്ടും, കുഴിയും എനിക്ക് സുപരിചിതമാണ്. രാത്രിയിലെ നടത്തം പുത്തരിയല്ലല്ലോ. കണ്ണടച്ചാണെങ്കിലും നടന്ന് വീട്ടിനുള്ളിലെത്താം.

വലതുവശത്ത് സെന്റ്‌ പോൾസ് പള്ളിയുടെ സെമിത്തേരി.  കുഴിമാടങ്ങളിൽ ആത്മാവ് നഷ്ടപ്പെട്ട് മണ്ണോടലിഞ്ഞു ചേർന്ന് ഏകാന്തതയിൽ ഉറങ്ങുന്ന ശരീരങ്ങൾ. കാശുള്ളവൻ വെള്ളയടിച്ച കുഴിമാടങ്ങളിലും കുചേലന്മാർ കൂട്ടിവച്ച മണ്‍കൂനക്കടിയിലും അന്തിവിശ്രമം കൊള്ളുന്നു. അരണ്ട വെളിച്ചത്തിൽ നേർത്ത കാറ്റിൽ ശവക്കോട്ടയിൽ ഉലയുന്ന ചെടികൾ എന്നെ മാടിവിളിക്കുന്ന പോലെ.

പുതിയൊരു മണ്‍കൂന. അതുനോക്കി ഞാനൊന്നു നിന്നു. ഈ അടുത്ത ദിവസം ആരോ മരിച്ചിരിക്കുന്നു.  മണ്‍കൂനക്കുമേൽ പുതുമ നഷ്ടപ്പെടാത്ത മൂന്നു, നാല് റീത്തുകൾ.  ഏതോ മരത്തിൻറെ എങ്ങോട്ടോ വളർന്നുപോയ ശിഖരം ആരോവെട്ടിമുറിച്ച് എവിടെയോ പണിതീർത്ത് നശ്വരതയും അനശ്വരതയും വിളിച്ചോതി ഒരു മരക്കുരിശ് ശിരസ്സ്‌ ഭാഗത്ത് നാട്ടിയിരിക്കുന്നു.

ശവക്കോട്ടയിൽ ഇരുന്ന് ഒരു ബീഡി വലിച്ചാലോ? ഞാൻ ബാഗിൽ കൈ തിരുകി  നോക്കി. ബാക്കിവന്ന ഒരു പൊതി ദിനേശ് ബീഡിയുണ്ട്.  വേണ്ടാ ഇവിടിരിക്കണ്ട. ബീഡി പുറത്തെടുത്ത് ഞാൻ മുന്നോട്ടുള്ള നടത്തക്ക് വേഗം കൂട്ടി. സാധാരണ കൂട്ടുകാരുമൊത്ത് വീട്ടിലേക്കുള്ള വഴിയിൽ ഈ പ്രേതാത്മാക്കളുമായി സല്ലപിച്ച് ബീഡിവലിച്ചിട്ടേ പോകൂ.

സെമിത്തേരി കഴിഞ്ഞാൽ പാറകൂട്ടങ്ങൾ ആണ്. അങ്ങ് ദൂരെ രാക്ഷസൻ പാറയുടെ മുകളിളിരിന്നു കുറവൻ പാറയും, കുറത്തിപാറയും നാട്ടിലുള്ളതെല്ലാം നോക്കിക്കാണുന്നു. രാക്ഷസൻപാറ രണ്ടുവട്ടം മൂളിയിട്ടുണ്ടുപോലും!  ഇനി ഒരിക്കൽകൂടി മൂളിയാൽ പാറപൊട്ടും. പൊട്ടിയൊലിച്ച് ഗ്രാമം മുഴുവൻ നശിച്ച് നാറാണക്കല്ലുവയ്ക്കും. രാക്ഷസൻ പാറയുടെ കാവൽക്കരാരാണത്രെ കുറവൻ പാറയും കുറത്തിപ്പാറയും.  നൂറ്റാണ്ടുകളായി അവർ ഗ്രാമത്തിൽ കാണാതതായി ഒന്നുമില്ല, കേൾക്കതതായി ഒന്നുമില്ല.

പഞ്ചായത്ത്‌ റോഡ്‌ അവസാനിക്കുന്നു.  ചെറുപാറക്കൂട്ടങ്ങൾ താണ്ടി നടന്നാൽ ഇടവഴിയാണ്.  ഇടവഴി പലഭാഗത്തെക്കായി പിരിഞ്ഞുപോകവെ വലത്തോട്ടു നടന്നാൽ വീടെത്തും. ഒന്ന് കുളിക്കണം.  എന്തെങ്കിലും അടുക്കളയിൽ ബാക്കി ഉണ്ടേൽ വെട്ടിവിഴുങ്ങി ഒരു മൊന്ത വെള്ളവും മോന്തി ഒരു ദിനേശ് ബീഡി കൂടി വലിച്ച് കിടക്കയിൽ നിദ്രാദേവതയുടെ ആശ്ലേഷവും കാത്ത് കിടക്കണം.

എൻറെ കാൽകീഴിൽ ഞെരിയുന്ന കരിയിലകളുടെ ശബ്ദം ഒഴിച്ചാൽ എങ്ങും ഏകാന്തത. എങ്ങും നിശബ്ദത. രാക്ഷസൻപാറയുടെ താഴ്വാരത്തിലെ കുറുക്കന്മാരും, പന്നികളും, മുയലുകളും, വാവലുകളും എന്തിന് പ്രകൃതിയുടെ കാവൽക്കാരായി നിൽക്കുന്ന മരക്കൂട്ടങ്ങൾ പോലും നിശബ്ധത ഭാന്ജിക്കുന്നില്ല.  തണുപ്പ് ആക്രമിച്ചപ്പോൾ ഞാൻ തീപ്പെട്ടി ഉരച്ച് ബീഡി കത്തിച്ചു. ആദ്യപുക മൂക്കിലൂടെ പുറത്തേക്ക് വിടുമ്പോൾ എങ്ങുനിന്നോ ഒരുന്മേഷം പിറവിയെടുക്കുന്നു.

ബീഡിതീ എൻറെ വഴിവിളക്കായി തീർന്നു. പെട്ടെന്ന് നിശബ്ധതക്ക് വിരാമമായപൊലെ എവിടെയോ ഒരു നായയുടെ ഓരിയിടാൻ മുഴങ്ങി. മരചിച്ചില്ലകളിൽ നിന്നെവിടെയോ ഒരു വലിയ വാവൽ എൻറെ തലക്കുമീതെ ചിറകടിച്ച് പറന്നു പോയി. രണ്ടു തുള്ളി ജലകണങ്ങൾ എൻറെ  കൈത്തണ്ടയിൽ വന്നു പതിച്ചു! മഴക്കുള്ള വട്ടമാണോ?  ഞാൻ അത്ഭുതപ്പെട്ടു. ആകാശത്ത് ചന്ദ്രൻ ലോപിച്ച്, ലോപിച്ച് നിരാശനായി തല കുമ്പിട്ടുനിൽക്കുന്നു. നക്ഷത്രങ്ങളെ ഭൂമിയിലെ മിന്നാമിന്നുകൾ വെല്ലുവിളിക്കുന്നപോലെ.

പെട്ടെന്ന് പുറകിൽ ഒരു ചുമയുടെ ശബ്ദം കേട്ട് ഞാൻ ഞെട്ടിത്തിരിഞ്ഞു. പുറകിൽ ആരോ തന്നെ അനുഗമിക്കുന്നുണ്ടോ? അതെ! ഒരു കറുത്ത രൂപം തൻറെ തൊട്ടടുത്ത്! എന്നിൽ നിറഞ്ഞൊഴുകിയിരുന്ന ഉഷ്ണ രക്തം ഒരു നിമിഷം എങ്കിലും തണുത്തുറഞ്ഞുപോയി.

"ആരാ...?!" എൻറെ തൊണ്ടയിൽ നിന്നും പാടുപെട്ട് ശബ്ദം പുറത്തുവന്നു. "മനസ്സിലായില്ല... ആരാ..?" ഉത്തരം ഒരു കാറിച്ചയോടുകൂടിയ ഒരു  ചുമ കൂടി മാത്രമായിരുന്നു. ഇരുട്ടിൽ മുന്നിൽ നിൽക്കുന്ന രൂപത്തിലേക്ക് ബീഡികുറ്റിയുടെ കനലിന്റെ വെളിച്ചത്തിൽ ഞാൻ സൂക്ഷിച്ചു നോക്കി.

"സാറേ... എന്നെ മനസ്സിലായില്ലേ..?ഞാൻ ഒനാൻ മൂപ്പനാ..."

ഒനാൻ മൂപ്പൻ ??!! ഇയാൾ എന്താണീ പാതിരാത്രി ഇവിടെ?

ഒനാൻ മൂപ്പൻ. ഗ്രാമത്തിലെ പരോപകാരിയായ മനുഷ്യൻ. ആരെങ്കിലും എന്തെങ്കിലും കൊടുത്തൽ കഴിക്കും. അമ്പലക്കുളത്തിൽ പോയി കുളിക്കും. സെമിത്തേരിയിലോ ചന്ദ്രൻപിള്ളയുടെ കടത്തിണ്ണയിലോ രാത്രി കിടന്നുറങ്ങും. അധികം സംസാരിക്കാത്ത എന്നാൽ സംസാരിക്കുമ്പോൾ ഗാംഭീര്യ സ്വരം പുറത്ത് വരുന്ന ഒനാൻ മൂപ്പൻ.  ഇവിടെ ഇയാൾക്ക് എന്താണ്?

"എന്താ മൂപ്പാ രാത്രി ഇവിടെ? ഒറക്കം ഒന്നുമില്ലിയൊ??" അയാൾ  എന്നെ തുറിച്ചു നോക്കുന്നു. ദൂരെക്കാണുന്ന  സൈന്റ് പോൾസ് പള്ളിയുടെ ഉയർന്നുനിൽക്കുന്ന കുരിശിൽ നിന്നും അയാൾ ഇറങ്ങി വന്ന പോലെ എനിക്ക് തോന്നി. അയാൾക്ക് കാത് നന്നായി കേൾക്കില്ല എന്ന് അയാൾ ഒഴികെ ഏല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. അതിനാൽ ആ ചോദ്യം തന്നെ ഞാൻ ആവർത്തിച്ചു.

"ഒന്നുമില്ല സാറേ.... വെറുതെ... ഭയങ്കര തണുപ്പ്. സാറു വലിക്കുന്ന ബീഡിയുടെ വെട്ടം കണ്ട് ശവക്കോട്ടയിൽ നിന്ന് എണീറ്റ്‌ വന്നതാ... ഒരു ബീഡി എനിക്കും തായോ..."

ഞാൻ ബാഗിൽ കൈ ഇട്ട് ഒരു ബീഡി എടുത്ത് അയാൾക്ക് കൊടുത്തു.

"വന്നാട്ടെ... ആ പാറപ്പുറത്ത് ഇമ്മിണി നേരം ഇരുന്നിട്ട് പോകാം.."

എവിടെയോ കൊള്ളിയാൻ പോലെ മിന്നിയ ഭീതി അകന്നുപോയ സന്തോഷത്തിൽ ഞാൻ ഞാൻ അയാളുടെ പുറകെ നടന്നു. തൊട്ടടുത്ത പാറപ്പുറത്ത് അയാൾ ഇരുന്നു. കത്തിതീരാറായ  ബീഡിയിൽനിന്ന്  ഞാൻ കൊടുത്ത ബീഡിയിലേക്ക് തീപകർന്ന്  പുക വലിച്ചൂതി ഒനാൻ മൂപ്പൻ  വീണ്ടും ചുമച്ചു.

അയാൾ  എന്റെ യാത്രയെപറ്റി ചോദിച്ചു.  പാർട്ടി സംസ്ഥാന സമ്മേളനത്തെ പറ്റിയും നേതാക്കളായ ജ്യോതി ബസു, ഹർകിഷൻ സിംഗ് സുർജിത്, സഖാവ്  ഇ.എം.എസ്, നായനാർ അങ്ങിനെ നേതാക്കളുടെ നിര തന്നെ നിരത്തി.

"ഏണസ്റ്റ് ചെഗുവേരയെ പറ്റി എന്താണഭിപ്രായം?..... ഒളിപ്പോരാളികളും നക്സലിസവും എന്തുകൊണ്ടാണ് ഉണ്ടാകുന്നത്?.... യഹൂദ്യനായ ജീസസ് ക്രൈസ്റ് എന്ന കമ്മ്യൂണിസ്റ്റ്കാരനെപറ്റി സാർ എന്തുപറയുന്നു?"

അയാളുടെ നരച്ചതാടി നിറഞ്ഞ മുഖത്തെ തീവ്രവികാരം കാണാൻ എൻറെ കത്തിതീരാറായ ബീഡി യുടെ കനൽ മാത്രം പോരായിരുന്നു.  ചുണ്ടത്ത് എരിഞ്ഞുകൊണ്ടിരിക്കുന്ന കനലിനേക്കാൾ എരിച്ചിൽ ആ കണ്ണുകളിൽ ഞാൻ ദർശിച്ചു.

എത്രനേരം ഞാങ്ങൾ അങ്ങിനെ ഇരുന്നു എന്നെനിക്കറിയില്ല. "നേരം ഒത്തിരിയായി...പോകാൻ ധൃതി ഉണ്ട്..." അയാളുടെ അനുവാദം ചോദിക്കാതെ ഞാൻ എണീറ്റു.

"ആയിക്കോട്ടെ... സാറ് മുന്നിൽ നടന്നാട്ടെ... ഞാൻ പിന്നിൽ നടന്നോളാം"

ഞാനൊന്നും മിണ്ടിയില്ല. നടത്തത്തിനു വേഗം കൂട്ടി. പിന്നിൽ ചിലമ്പൊലിപൊലെ പാദങ്ങൾക്കടിയിൽ കരിയില ഞെരിഞ്ഞമരുന്ന ശബ്ദം എനിക്ക് കേൾക്കാം.

ഇടവഴി രണ്ടായി പിരിയുന്നു. വലത്തോട്ട് നടന്നാൽ എൻറെ വീട്.

"അപ്പോ ..സാറ് പോയാട്ടെ...ഞാൻ ഇടത്തോട്ട് നടന്നോളാം ..."

വീടിന്റെ പടിയിലേക്ക് കാലിലെ മണ്ണു തട്ടിക്കളഞ്ഞ് കയറുമ്പോൾ അയാൾ ഇടത്തു വശത്തുള്ള റോഡിലേക്ക് പോയത് എന്തിനാണെന്ന് ഞാൻ ചിന്തിച്ചു. രാക്ഷസൻ പാറയിലേക്ക് പോകുന്ന റോഡാണത്. അവിടെ അയാൾക്ക് എന്താണ്?

ഞാൻ കതകിൽ തട്ടി. മൂന്നാമത്തെ തട്ടിന് അമ്മ ഓടാമ്പൽ നീക്കി കതക് തുറന്നുതന്നു.

"എന്തൊരു പോക്കാ  ചെറുക്കാ ഇത്?... പാർട്ടി, പാർട്ടി  എന്ന് പറഞ്ഞാൽ ഇങ്ങനേം ഉണ്ടോ?..."

ഞാൻ മറുപടി പറഞ്ഞില്ല. ദിനേശ് ബീഡിയുടെ മണം അമ്മ അറിയേണ്ട.  മുറിയിലേക്ക് നടക്കുമ്പോൾ ഞാൻ ചോദിച്ചു

"എന്താമ്മേ.. കരണ്ടില്ലേ?.."

"ഇല്ലെടാ...ഉച്ചക്ക് പോയതാ..."  അമ്മ റാന്തലിന്റെ തിരി ഉയർത്തി മേശമേൽ വച്ചു. യാത്രാവിശേഷങ്ങൾ ചോദിച്ചെങ്കിലും അത് വർണ്ണിക്കാൻ പറ്റിയ മൂഡിൽ ആയിരുന്നില്ല ഞാൻ. നാളെ ഉച്ചവരെ കിടന്നുറങ്ങാനുള്ള ഉറക്കം കണ്‍തടങ്ങളിൽ ബാക്കിയുണ്ട്.

"നീ കുളിച്ചിട്ടു വാ...ഞാൻ വിളമ്പിവയ്ക്കാം .."

തോർത്തെടുത്ത് കുളിമുറിയിലേക്ക് നടക്കവേ ഞാൻ ചോദിച്ചു.

"അമ്മേ, സെമിത്തേരിയിൽ ആരാണ്  മരിച്ചത്? റീത്ത്ഒക്കെ വച്ചിരിക്കുന്നല്ലൊ ?"

എൻറെ അസാനിദ്ധ്യത്തിൽ ഗ്രാമത്തിൽ നിന്ന് തുടച്ചു നീക്കപ്പെട്ടത് ആരാണ് എന്നറിയാനുള്ള കൌതുകം ആയിരുന്നു ആ ചോദ്യത്തിനു പിന്നിൽ. മണ്‍കൂനക്കു മുകളിലെ  പുതുമ മാറാത്ത പുഷ്പചക്രങ്ങൾ അരണ്ട വെളിച്ചതിൽ കണ്മുന്നിൽ നിൽക്കുന്നു.

"അയ്യോ... അതു ഞാൻ പറഞ്ഞില്ലല്ലോ....അത് നമ്മുടെ ഒനാൻ മൂപ്പനാ മോനെ...അയാൾ മിനിയാന്ന് മരിച്ചുപോയെടാ. ആരും ഇല്ലായിരുന്നു. അവസാനം പഞ്ചയത്തുകാരും ലൈബ്രറിക്കാരും ഒക്കെകൂടിയാ ശവമടക്ക് നടത്തിയെ."

കുളിമുറിയിലേക്ക് നടക്കാൻ പാദങ്ങൾ പുറത്തേക്ക് എടുത്തു വച്ച ഞാൻ ഒരു നിമിഷം ഞെട്ടിത്തരിച്ചു നിന്നു.

"ആര്..? ഒനാൻ മൂപ്പനോ ?"

"ങ്ഹാ .. ഒനാൻ മൂപ്പൻ ... ഓ പോട്ടെ. ചുമച്ചും കുരച്ചും ഇങ്ങനെ ആരുമില്ലാതെ കടത്തിണ്ണയിൽ ഒക്കെ കിടക്കുന്നതിനേക്കാൾ ഭേതമാ.."

ഞാൻ കേട്ടത് അമ്മയുടെ ശബ്ദം ആണെന്നും അത് സത്യം തന്നെ ആണെന്നും എനിക്ക് വിശ്വസിക്കാൻ ആകുന്നില്ല.

രാക്ഷസൻ പാറയിലെവിടെയോ വാവലുകളുടെ കട, കട ശബ്ദം  ഉയർന്നു പൊങ്ങി. അരണ്ട വെളിച്ചത്തിൽ ചുമച്ച്, ചുമച്ച് നടന്നു നീങ്ങുന്ന ഒനാൻ മൂപ്പന്റെ ചിത്രം ചുമരിൽ പതിച്ച ചിത്രം പോലെ വ്യക്തമായിരുന്നു.

താൻ കാണുന്നത് സത്യമോ അതോ മിഥ്യയോ? ദിനേശ് ബീഡിയുടെ തീക്കനൽ തിളങ്ങിയും  ചെ ഗുവേരയെ കുറിച്ചുള്ള ചോദ്യം മുഴങ്ങിയും നിന്നു.

സമയം അപ്പോൾ രാതി ഒരുമണി കഴിഞ്ഞിരുന്നു.

അമ്മ അടുക്കളയിലേക്ക് നടന്നു.

ചില ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ടാകില്ല. ചില ഉത്തരങ്ങൾക്ക് ചോദ്യവും.

---------------------------------------------------------------------------------------------------
കുറിപ്പ്: എണ്‍പതുകളിൽ എന്നെ ചരിത്രം പഠിപ്പിച്ച മണി സാറിന് ഇത് സമർപ്പിക്കുന്നു 

Sunday, May 24, 2015

അച്ചുവിന്റെ കമ്മൽ

അച്ചു  ഉറക്കം വരാതെ തിരിഞ്ഞും, മറിഞ്ഞും കിടന്നു.  ചിന്തകൾ മനസ്സിനെ മഥിക്കാൻ തുടങ്ങിയിട്ട് ദിനങ്ങൾ ഏറെയായി. ഹോസ്റ്റലിന്റെ ഇടനാഴികളിൽ നിന്നവൾ ചിന്തിച്ചു. ക്ലാസ്സിലെ കലപില ശബ്ധങ്ങൾക്കിടയിലും, പുറത്ത്  മരക്കൂട്ടങ്ങൾക്കിടയിലെ പക്ഷികളുടെ ഗാനവീചികൾക്കിടയിലും, കിടപ്പുമുറിയിൽ ക്ലോക്കിൻറെ ടിക്ക, ടിക്ക് ശബ്ധത്തിനിടയിലും അവൾ ചിന്തിച്ചു. ശരിയോ, തെറ്റോ? ഒരായിരം ചോദ്യങ്ങൾ മുന്നിൽ വന്നുനിന്ന് പല്ലിളിക്കുന്നു.

എന്നാൽ അവൾ അന്ന് രാത്രി  അത് തീർച്ചപ്പെടുത്തി. ഇനി നേരം പുലരുന്നത് ആ തീരുമാനം പ്രാവർത്തികമാക്കനായിരിക്കും.

രാത്രിയുടെ സുഖകരമല്ലാത്ത യാമങ്ങളിൽ അവളെ അലട്ടിക്കൊണ്ടിരുന്നത് ഇത്തിരി പോന്ന ഒരു ലോഹതണ്ടും അതിൻറെ  അഗ്രത്ത് പതിപ്പിച്ച മുത്തുമാണ്. ഒരു ചെറു കമ്മൽ. മേൽക്കാതിൽ ഇടാൻ ഒരു ഇയർ സ്റ്റഡ്. അവളുടെ  റൂമിൽ  ഇനി അവൾ  മാത്രമേ അതിടാൻ ബാക്കിയുള്ളൂ. റൂംമേറ്റ്സ് ഷാഹിനയും, ആനിയും ഒക്കെ അതിട്ട് സുന്ദരിക്കുട്ടികൾ ആയി നടക്കുന്നത് കാണുമ്പോൾ ഉള്ളിൽ നിന്നും സങ്കടവും,ദേഷ്യവും ഒക്കെ തിരയടിച്ചുയർന്നുവരും.

എന്തുകൊണ്ടാണ് അച്ഛനും അമ്മയും മേൽക്കാതിൽ ഇയർസ്റ്റഡ് ഇടാൻ തന്നെ അനുവദിക്കാത്തത്? താൻ പ്രായമായ പെണ്‍കുട്ടി  അല്ലേ? ഇപ്പോളും ആവശ്യമില്ലാത്ത ഈ  നിയന്ത്രണം എന്തിനാണ്? ഇപ്പോളും ഞാൻ ഒക്കത്തിരിക്കുന്ന കൊച്ചുകുട്ടി ആണോ? ഇത് സ്നേഹമോ, ലാളനമോ അതോ അധികാരേച്ഛയോ? ഇനിയും  ചോദിച്ചിട്ട് കാര്യമില്ല. ഇന്ന് വൈകിട്ടും അതൊന്ന് സൂചിപ്പിച്ചപ്പോൾ അമ്മ കാതിൽ ഉറഞ്ഞു തുള്ളിയത് വീടിനടുത്തുള്ള കാളീക്ഷേത്രത്തിലെ ആചാരങ്ങൾ ഓർമ്മിപ്പിക്കുകയാണ്.

നേരം വെളുത്തു. സന്തോഷം കൊണ്ട് അവളെ കൂട്ടുകാർ എടുത്തു പൊക്കി. ഇനി റൂമിലെ മൂന്നുപേരും മേൽക്കാതിൽ ഇയർസ്റ്റഡ് ഇട്ടവർ.

മേൽക്കാത് തുളക്കലും കമ്മൽ ഇടീലും നിമിഷങ്ങൾക്കകം കഴിഞ്ഞു. ജ്വലറിക്കാരൻ ചേട്ടൻ വിവിധതരം കമ്മലുകൾ നിരത്തി ഗുണഗണങ്ങൾ വർണ്ണിച്ചുകൊണ്ടേയിരുന്നു.

എപ്പോഴും തീരുമാനം എടുക്കൽ ആണ് പ്രാവർത്തികമാക്കുന്നതിനെക്കാൾ പ്രയാസം.

അന്ന് പകൽ കമ്മൽ ഇട്ടുകൊണ്ടുള്ള എത്ര സെൽഫി എടുത്തു എന്ന് അവൾക്കുതന്നെ  ഓർമ്മയില്ല. മനോഹരമായ ആ കമ്മലിനെ തൊട്ടും, തലോടിയും അവൾക്ക് ഇരിക്കാനോ, കിടക്കാനോ  പോലും തോന്നുന്നില്ല. ഏതോ ഊർജ്ജത്തിന്റെ സ്രോതസ്സ് പോലെ ആ ഇയർ സ്റ്റഡ് ആനന്ദത്തിന്റെ ഉത്തേജനം നൽകിക്കൊണ്ടിരുന്നു.

വീണ്ടും രാത്രി. ആഘോഷവും ഉല്ലാസവും പടിയിറങ്ങിയ കിടക്കയിൽ ഉറക്കത്തിന്റെ വരവേൽപ്പിനായി കിടക്കുമ്പോൾ ചിന്തകൾ ചിലന്തികളെപ്പോലെ മനസ്സിൻറെ ഭിത്തിയിൽക്കൂടി മെല്ലെ ഇഴയാൻ തുടങ്ങി.

അനുവാദമില്ലാതെ ചെയ്ത ആദ്യപാതകം. അടുത്ത ആഴ്ച അവധിക്ക് വീട്ടിൽ ചെല്ലുമ്പോൾ ?! ഒരിക്കൽപോലുംഅനുസരണക്കേട്‌ കാട്ടിയിട്ടില്ലാത്ത താൻ അച്ഛന്റെയും അമ്മയുടേയും മുന്നിൽ പാപിനിയായി തല കുമ്പിട്ട്‌ നിൽക്കേണ്ടി വരുന്ന നിമിഷം! ചെയ്തത് എടുത്തുചാട്ടമായിപ്പോയോ? എങ്ങിനെ ഇത് വീട്ടിൽ അവതരിപ്പിക്കും? തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ചെറിയ ഐസ്ക്യൂബുകൾ ഇട്ടിട്ട് എന്തുകാര്യം? പരിണിതഫലം ഓർത്ത് അവളുടെ ഉറക്കം കാർന്ന് തിന്ന രാത്രി കനം വച്ച്, കനം വച്ച് മെഡിക്കൽകോളേജ് ഹോസ്റ്റൽ മൊത്തമായി അങ്ങ് അതിക്രമിച്ച് കീഴ്പെടുത്തി.

വീട്ടിലേക്ക് യാത്രക്കായി ബാഗിൽ വസ്ത്രങ്ങൾ ഒക്കെ എടുത്തു വയ്ക്കുമ്പോൾ അവളുടെ മുഖം വിഷാദച്ഛായയിൽ  മുങ്ങിയിരുന്നു. തോൽക്കനായി മാത്രം ഇറങ്ങിത്തിരിക്കുന്ന ഒരു യുദ്ധസന്നാഹം പോലെ.

പകലോൻ സായന്തനത്തിന്റെ കുളക്കടവിൽ മുങ്ങിത്താഴുമ്പോൾ, ഓടിതളർന്ന്  കിതപ്പടക്കി ട്രെയിൻ കായംകുളം റെയിൽവേ സ്റ്റേഷനിൽ വന്നുനിന്നു. പുറത്തേക്ക് കാലുകൾ എടുത്തു വയ്ക്കുമ്പോൾ ഭീതിയുടെ സ്വരം നെഞ്ചിടിപ്പായി അവളിൽ രൂപന്തിരപ്പെട്ടിരുന്നു. പ്ലാറ്റ്ഫോമിൽ കാത്തുനിൽക്കുന്ന അമ്മയുടെ മുഖത്തേക്ക് ജീവിതത്തിൽ ആദ്യമായി മടിച്ചു, മടിച്ച് അവൾ നോക്കി.

വരവേൽപ്പിന്റെ പ്രതീക്ഷയും, ആകാംഷയും മന്ദസ്മിതവും അമ്മയിൽ മാറി മറിഞ്ഞത് നിമിഷനേരം കൊണ്ടായിരുന്നു. മേൽക്കാതിൽ കിടക്കുന്ന കമ്മൽ പ്ലാറ്റ്ഫോമിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ അമ്മ ശ്രദ്ധിച്ചു. വൈദുതി നിലച്ച യന്ത്രം പോലെ ആ കാലുകൾ നിന്നു .

"കമ്മൽ ഊരെടീ....!!" അതോരജ്ഞയായിരുന്നു. നമ്രശിരസ്സോടെ ഇയർസ്റ്റഡ് ഊരിയെടുക്കുമ്പോൾ അമ്മയുടെ വലതുകൈ തുടയിൽ ഞെരിഞ്ഞമർന്നു . അവൾ വേദന കടിച്ചമർത്തി . "ബാക്കി വീട്ടിൽ ചെന്നിട്ട് .."

ഇത്രയും ശോക മൂകമായ ഒരു യാത്ര ഒരിക്കലും അവൾക്കുണ്ടായിട്ടില്ല. അന്തിത്തിരക്ക് പട്ടണത്തിൽ പാരമ്യത്തിൽ ആയിരുന്നെങ്കിലും കാർ നിശബ്ദതയുടെ കൂടാരമായിത്തീർന്നു. ഇടയ്ക്കിടെ അമ്മയിൽനിന്നും പുലമ്പലുകൾ ഉയർന്നുപൊങ്ങി. പിന്നെ വിതുമ്പലും.

ലോകം അവസാനിക്കുന്നെങ്കിൽ അതിപ്പോൾ തന്നെ വേണം എന്നോ ഭൂമി പിളർന്ന് അതിലേക്ക് പതിച്ചിരുന്നെങ്കിൽ അതിനിനി അമാന്തം ആകരുതെന്നോ
ചിന്തിച്ചു പോയ നിമിഷങ്ങൾ ആയിരുന്നു വീട്ടിനുള്ളിൽ.അമ്മയുടെ വക... ജോലികഴിഞ്ഞ് എത്തിയ അച്ഛ്ചന്റെ വക. നിരായുധയായി അങ്കത്തട്ടിൽ നിൽക്കുന്നതിന്റെ വേദന അപ്പോൾ അവൾ അനുഭവിച്ചറിഞ്ഞു.നിശബ്ധത.... വിതുമ്പൽ....നിറകണ്ണുകൾ; അതായിരുന്നു എല്ലാത്തിനും മറുപടി. ഈ ലോകത്ത് തൻറെ തീരുമാനങ്ങൾക്ക് ഒരു വിലയും ഇല്ല എന്ന് കണ്‍തടങ്ങളിൽ നിന്നുതിർന്ന മുത്തുമണികൾ വിളിച്ചു പറഞ്ഞു. നീയിപ്പഴും കൊച്ചുകുട്ടി. നിനക്ക് പക്വതയായില്ല. നിനക്ക് പ്രായപൂർത്തിയായില്ല. നിനക്ക് സ്വതം ഇല്ല. അവളുടെ കൈകൾക്കുള്ളിൽ ഗ്ലാസ് പേടകത്തിനുള്ളിൽ നിന്ന് ഇയർസ്റ്റഡ് അനുകമ്പയോടെ കണ്ണുകൾ ചിമ്മി.

അച്ഛ്ചന്റെയും അമ്മയുടെയും ഊഴം കഴിഞ്ഞു. മുറിയിൽ ലൈറ്റ് അണച്ച് അവൾ കിടന്നു. കൈകുമ്പിളിൽ മുഖം ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നു. താൻ പാപിനിയായ മകൾ ... മനസ്സിലേക്ക് തിരയടിച്ചുയരുന്ന എല്ലാ വികാരവും ഒഴുക്കികളയുവാൻ രണ്ടു നയനങ്ങൾ മാത്രം. തലയിണയിൽ അവൾ തലതല്ലിക്കരഞ്ഞു. ഞാൻ വെറും പുഴുവും കീടവും മാത്രം.ഞാൻ ആരുമല്ല. ഞാനയിട്ടെടുത്ത ആദ്യ തീരുമാനം തെറ്റായിരുന്നു. ആരും അത് അങ്ങീകരിക്കുന്നില്ല. കൂട്ടുകാരികളുടെ മുഖങ്ങൾ  ആ കിടക്കയിൽ അപ്പോൾ  പല്ലിളിച്ചുകാട്ടുന്ന  ഭീകരസത്വങ്ങളെപ്പോലെ തോന്നി.

രാത്രിക്ക് കനം വച്ചു വന്നു.  ജനൽപാളികൾക്കിടയിലൂടെ ആരോടും അനുവാദം ചോദിക്കാതെ പുറത്ത് നിന്ന് വെളിച്ചം തിക്കിത്തിരക്കി മുറിയിലേക്ക് ഊർന്നിറങ്ങി. മേശപ്പുറത്ത് ഗ്ലാസ് പേടകത്തിൽ ഇരിക്കുന്ന ചെറുകമ്മലിനെ അത് തിളക്കമുള്ളതാക്കി. രാതിയുടെ ക്രൂരസൗന്ദര്യം അതിൽ തട്ടി പ്രതിഫലിച്ചു.

അച്ചു ഉറങ്ങിയിരുന്നില്ല.  മുഖം പൂഴ്ത്തിവച്ചിരിക്കുന്ന തലയിണ നനഞ്ഞു കുതിർന്നു. പെയ്തൊഴിയാൻ കൂട്ടാക്കാത്ത മഴമേഘം പോലെ മനസ്സപ്പോഴും ഉരുണ്ടുകൂടി തന്നെയിരുന്നു.

ഏകാന്തതയുടെ മതിൽക്കെട്ടിനുള്ളിലെ പരാജയത്തിൻറെ കിടക്കയിൽ  മേൽക്കാതിലെ ഇയർസ്റ്റഡ്  ഊരിമാറ്റിയ ചെറുസുക്ഷിരം വിങ്ങുന്നു. അവൾ കൈകൊണ്ട് പരതിനോക്കി. കാത് മുറിഞ്ഞോ? ഇല്ല.  മനസ്സിലെ വേദന ആ ചെറു സുക്ഷിരങ്ങ്ളിൽ ഉറഞ്ഞു കൂടിയിരിക്കുകയായിരുന്നു. അവൾ തലയുയർത്തി. ദയനീയമായി മേശമേൽ ചെറുവെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന പേടകത്തിലേക്ക്  നോക്കി. കമ്മൽ അവളെ നോക്കി വിതുമ്പി.  "എന്നെ പുറത്തെടുക്കൂ... എന്തിനെന്നെ ബന്ധിച്ചിട്ടിരിക്കുന്നു ?.. പ്ലീസ്..."

അവൾ എണീറ്റു. അതിന്  മുത്തംനൽകി കിടക്കയിലേക്ക് വീണ്ടും വീണു. ഒരു കളിക്കൂട്ടുകാരിയെപ്പോലെ അതിനോട് കിന്നാരം പറഞ്ഞു.

രാത്രി വീണ്ടും കനത്തു. ലോകം ഉറങ്ങുന്നു. കരഞ്ഞു, കരഞ്ഞു ചീവീടുകൾ പോലും മടുത്തു. വേഗത്തിൽ നേരം വെളുത്തെങ്കിൽ എന്ന് ആശിച്ച് അവ ഇരിട്ടിനെ പുലഭ്യം പറഞ്ഞുകൊണ്ടേയിരുന്നു.

അച്ചു ഉറങ്ങിയില്ല. അവളുടെ കൈകുമ്പിളിൽ ഇരുന്ന കളിക്കൂട്ടുകാരിയും.

കതകിന്റെ കിരു, കിരു  ശബ്ദം അവൾ അറിഞ്ഞില്ല. അടുത്തടുത്ത് വന്ന പാദ ചലനവും അവൾ കേട്ടില്ല. അവൾ വേറൊരു ലോകത്തായിരുന്നു. കളിക്കൂട്ടുകാരിയും അവളും മാത്രം ഉള്ള ഒരു ലോകം. ആ പാദങ്ങൾ അവളുടെ പുറകിൽ വന്നു നിന്നു .  രണ്ടു കരങ്ങൾ അവളിലേക്ക് നീണ്ടു ചെന്നു . ആ കൈകൾ അവളുടെ ചുമലിനെ സ്പർശിച്ചു.  അരണ്ട വെളിച്ചത്തിൽ മുന്നിൽ നിൽക്കുന്ന രൂപത്തെ അവൾ തിരിച്ചറിഞ്ഞു.  മുഖം നന്നായി കാണാനാകുന്നില്ല. എന്നാൽ നീട്ടി നിൽക്കുന്ന ആ കരങ്ങൾ അവൾക്ക് സുപരിചിതമായിരുന്നു. 

അച്ഛ്ചൻ .....!! 

ആ കരങ്ങൾ അവളെ കോരിയെടുത്തു . അവളുടെ മുഖം തഴുകി. കണ്ണുകളിലെ നീർക്കണങ്ങൽ ഒപ്പിയെടുത്തു.അവൾ അച്ഛ്ചന്റെ  നെഞ്ചത്തേക്ക് ആർത്തലച്ചു വീണു.  ഇരുണ്ടുകൂടിയിരുന്ന കാർമേഘം എല്ലാം ആ നെഞ്ചിൽ പെയ്തൊഴിഞ്ഞു. അച്ഛ്ചന്റെ കരങ്ങൾ അവളെ തഴുകികൊണ്ടേയിരുന്നു. സ്നേഹത്തിന്റെ .... സ്വന്തനത്തിന്റെ തഴുകൽ. ആ അരണ്ട വെളിച്ചത്തെ സാക്ഷി നിർത്തി അച്ഛൻ പറഞ്ഞു.

"കരയരുത്... എല്ലാം ശരിയാകും... നിന്റെ കമ്മലിനെ നീ സ്നേഹിക്കുന്നതിനെക്കാൾ ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു...."

ആ നെഞ്ചിൽ മുഖം ഒളിപ്പിച്ചവൾ വീണ്ടും വിതുമ്പി. അവൾ ഒരു കൊച്ചു കുട്ടിയായി മാറി. ഒക്കത്തിരുന്ന് കൊഞ്ചുന്ന കൊച്ചുകുട്ടി. ഉത്സവപറമ്പിലും, പാടവരമ്പത്തും അച്ഛന്റെ നെഞ്ചിലെ ചൂടിന്റെ സുഖം ഏറ്റ പൈതലായി അവൾ മാറി. ഞാൻ ഒരിക്കലും വളരില്ല.... ഞാനെന്നും കുഞ്ഞാണ്... എൻറെ ശൈശവം അച്ഛന്റെ നെഞ്ചിൽ കുറുകിയുറങ്ങുന്നു. അവൾ അച്ഛനെ ചേർത്ത് പിടിച്ചു.

അപ്പോഴും ആ ഇയർ സ്റ്റഡ്  അവളുടെ വലംകയ്യിലിരുന്ന് വിറക്കുന്നുണ്ടായിരുന്നു ! 

Monday, May 4, 2015

പ്രിയേ നീ എനിക്കാരാണ്?

പ്രിയേ നീ എനിക്കാരാണ്?

മഞ്ഞു വീഴുന്ന ഇടവഴികളിൽ ഞാൻ ഏകനായ് നടക്കില്ല. എനിക്ക് നീ വേണം-എന്നിലെ കുളിരിനു ചൂടുപകരാൻ. കാർമുകിൽ മുകളിൽ നിന്നും എന്നിലേക്ക്‌ പെയ്തിറങ്ങുമ്പോൾ ഞാൻ ഏകനായ് നടക്കില്ല. എനിക്ക് നിൻറെ ചേലത്തുമ്പ്‌ വേണം എൻറെ ശിരസ്സിനെ മൂടുവാൻ. രാത്രിയുടെ യാമങ്ങളിൽ  ഞാൻ ഏകനായ് ശയിക്കില്ല. നിൻറെ കരളാലനം വേണം എന്നെ തഴുകി ഉറക്കുവാൻ.

ഈ ലോകത്ത് ആരൊക്കെ എനിക്ക് എന്തൊക്കെ അല്ലാതിരുന്നുവോ അതെല്ലാം ആകുന്നു പ്രിയപ്പെട്ടവളെ നീ. ഒളിഞ്ഞും തെളിഞ്ഞു എന്നിലേക്ക് പാഞ്ഞു വരുന്ന വേദനയാകുന്ന അമ്പുകൾ എല്ലാം നിൻറെ  ഒരു മാസ്മരിക മന്ദസ്മിതത്താൽ അദൃശ്യമായിപ്പോകുന്നു. എന്നിലെ കന്മഷം എല്ലാം നിൻറെ വിരൽത്തുമ്പിന്റെ പ്രിയലാളനയാൽ അലിഞ്ഞു തീരുമ്പോൾ നീയെനിക്കാരാണ്?

ഒരിക്കലും അഴിക്കാൻ ആകാത്ത ഏതോ ഒരു ബന്ധനം എൻറെ ഹൃദയത്തിന്റെ അഗാധ തലങ്ങളിൽ നീ തീർത്തിരിക്കുന്നു. പട്ടുപോലെ മിനുസമുള്ളതാണ്  എങ്കിലും, വെണ്ണപോലെ മൃദുലമാണെങ്കിലും ആ ബന്ധനം എത്ര ഗാഡമാണെന്നും അതെന്നിൽ എത്രമാത്രം രൂഡമൂലം ആയിരിക്കുന്നെന്നും എനിക്കുപോലും അറിയില്ല. മനസ്സിന്റെ ആഴങ്ങളിൽ ഒളിച്ചിരിക്കുന്ന വിലയേറിയ മുത്തുച്ചിപ്പി ആകുന്നു നിൻറെ ആ ബന്ധനം.

നിൻറെ കണ്‍തടങ്ങളിൽ എന്നിലെ  ചൈതന്യം കുടികൊള്ളുന്നു. നിൻറെ മുടിയിഴകളുടെ നേർത്ത സ്പർശനം എൻറെ ചേതനയെ നിറം ചാർത്തുന്നു . നിൻറെ കവിളിണയിലെ ചെറുചലനം  എന്നിലെ വികാരം നുരപോന്തിക്കുന്നു. നിൻറെ സാമീപ്യം  എന്നിലെ വേദനയാകുന്ന വ്യാധിയെ ദൂരത്തേക്ക് അകറ്റിനിർത്തുന്നു. നിൻറെ മാസ്മരിക ഗന്ധം എനിക്ക് ലഭിക്കാവുന്ന ഏറ്റവും വിലയേറിയ സുഗന്ധകൂട്ടായി നാസാരന്ധ്രങ്ങളിൽ അലയടിക്കുന്നു.

എൻറെ ആശയും, എൻറെ പ്രത്യാശയും നിൻറെ വശ്യതയിൽ തളിരിടുന്നു. എൻറെ കോപവും, എൻറെ ക്രോധവും നിൻറെ   അധരത്തിന്റെ മധുരിമയിൽ അലിഞ്ഞലിഞ്ഞു പോകുന്നു. ഞാൻ ഞാനല്ലാതായി തീരുമ്പോൾ നീ നീയല്ലാതായ് തീരുമ്പോൾ നമ്മൾ ഒന്നായി മാറുന്നു.

നിന്നിൽ  ഞാൻ നിറയുമ്പോൾ, ഞാൻ കണ്ടതൊന്നും കാഴ്കൾ അല്ല. ഞാൻ കേട്ടതൊന്നും കേൾവിയും അല്ല. ഞാൻ തൊട്ടതൊന്നും  സ്പർശനം അല്ല. ഞാൻ രുചിച്ചതൊന്നും രുചിയും അല്ല. എന്നിൽ നിറഞ്ഞതൊന്നും നിറവേ അല്ല. ഞാൻ അനുഭവിച്ചതൊന്നും അനുഭവമേ അല്ല. എൻറെ  ബന്ധങ്ങൾ ഒന്നും ബന്ധങ്ങൾ അല്ല. എൻറെ ശരീരവും മനസ്സും ആകാശത്തിലെ വെള്ളികെട്ടിയ  മേഘകൂട്ടങ്ങളെപ്പോലെ പറന്നു പറന്നു നടന്നു.

നിൻറെ ആലിംഗനം എന്നിൽ വസന്തം തീർത്തു. നിൻറെ  ചുടുചുംബനം അതിൽ മലരണിയിച്ചു. പാലുംതേനും ഒഴുകുന്ന വാഗ്ദത്ത  ദേശത്തിൻറെ മലയടിവാരത്തിൽ ഒരു പിഞ്ചുപൈതലായ് ഞാൻ   നിന്നു. ലൈലയും മജ്നുവും, രാധയും കൃഷ്ണനും, ശിവപാർവതിയും സോളമന്റെ മുന്തിരി തോപ്പുകളിലെ മുന്തിരിചാറിന്റെ  ലഹരിയിൽ എന്നപോലെ അലിഞ്ഞു നിന്നു. ഒമർഗായമിന്റെ ഈരടികൾ ആ മുന്തിരിത്തോപ്പിന്റെ നലുകോണിലും അലയടിച്ചിരുന്നു. കാമദേവന്റെ കടാക്ഷവും, വീനസ്സിനെ മൃദുസ്പർശനവും നമ്മെ തരളിതപുളകിതരാക്കി.ഞാൻ ഞാനല്ലതായി, നീ നീയല്ലതായി. ഇരുളിൻറെ കമ്പളം നമ്മുടെ കുസൃതിക്ക് തുണയായി കള്ളകണ്ണ്‌ അടച്ചങ്ങനെ നിന്നു. ചീവുടുകൾ നമ്മെ കളിയാക്കി ചിരിച്ചപ്പോൾ  ചന്ദ്ര ബിംബം ജനൽപാളികൾക്കിടയിലൂടെ കൗതുക പരവശനായി ഒളിഞ്ഞു നോക്കാൻ വിഫല ശ്രമം നടത്തി.

പ്രിയേ നീ എനിക്കാരാണ്?

മഴ എന്നെന്നേക്കുമായ് പെയ്തൊഴിയട്ടെ, വസന്തം എക്കാലത്തേക്കും  വിരുന്നുകാരനാകാതിരിക്കട്ടെ. സൂര്യൻ കിഴക്കുതിക്കാതിരിക്കുകയും ചന്ദ്രൻ താരസമൃദ്ധമായ നിശയുടെ നീലിമയിൽ കള്ളക്കണ്ണിട്ടു നോക്കാതിരിക്കുകയും ചെയ്യട്ടെ; അപ്പോൾ ഞാൻ നിന്നെ  ആലിംഗനം ചെയ്തു ചോദിക്കും.... നീ എനിക്കാരാണ്? നീയെനിക്കെന്താണ്?

കടൽത്തീരത്ത് ഞാൻ തിരമാലകൾ എണ്ണണ്ടതുണ്ടോ? വൃന്ദാവനത്തിൽ സുഗന്ധം ഏതുപുഷ്പത്തിന്റെ എന്ന് തേടേണ്ടതായുണ്ടോ ? ആർത്തു ചിരിക്കുന്ന കവിളിണകളിൽ ഞാൻ മന്ദഹാസം തിരയേണ്ടതായുണ്ടോ?

ചോദ്യങ്ങൾ എന്നെ  എന്നെ തൊട്ടുണർത്തുമ്പോൾ ഉത്തരങ്ങൾ പരൽമീനുകളുടെ ഇക്കിളിപ്പെടുത്തൽ പോലെ വലയം ചെയ്യുന്നു.

ഞാൻ കാണുന്നതെല്ലാം മധുര സ്വപ്നങ്ങൾ. ഞാൻ കേൾക്കുന്നതെല്ലാം ആനന്ദദായകമായ വീചികൾ. ഇവയെന്നെ മൂടട്ടെ. ഇവയെന്നെ തഴുകട്ടെ. ഇവയെന്നെ അവർണ്ണനീയവും അതുല്യവും ആയ അനന്തസാഗരത്തിലേക്ക്  നയിക്കട്ടെ.

ഇനിയും ഞാൻ ചോദിക്കട്ടെ...... വെറുതെ ചോദിക്കട്ടെ.... പ്രിയേ, നീ എനിക്കാരാണ്?