Friday, July 6, 2018

പേരിലെ പാര

വീട്ടിലേക്ക് വന്നപ്പോൾ പല്ലിളിച്ച് കാണിക്കുകയും പ്രത്യുപകാരമായി കൈമടക്ക് കൊടുക്കാത്തതുകൊണ്ടോ എന്തോ ഒരു കാലഹരണപ്പെട്ട ചിരി നൽകി പോസ്റ്റുമാൻ തിരികെപോവുകയും ചെയ്തപ്പോൾ ഞാൻ  ആ കത്തിലേക്ക് സൂക്ഷിച്ച് നോക്കി.  ഈ അത്യാധുനിക കാലത്ത് ഏതവനാണ് കത്തയക്കാൻ? അതും പെമ്പ്രന്നോത്തിയുടെ പേരിൽ?!

കത്തിന്റെ കവറിൽ തന്നെ ഫെഡറൽ ബാങ്കിൻറെ പേരും ഊരും കണ്ടതുകൊണ്ട് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. എന്തോ കുന്തമെങ്കിലും ആകട്ടെ എന്ന ചിന്തയിൽ  കത്ത് പൊട്ടിച്ചു.  കണ്ടവൻറെ കത്ത് പൊട്ടിക്കാൻ കിട്ടുന്ന സുഖം അനുഭവിച്ച് ഞാൻ  കുറിമാനം പുറത്തെടുത്തതും അവളുടെ പേര് കണ്ട് ഒടയതമ്പുരാനാണെ ഒന്നു ഞെട്ടി കേട്ടോ.

ഇതെന്ത് കൂത്ത്? ഞാൻ അറിയാതെ എൻറെ പെണ്ണുമ്പുള്ളയുടെ പേര് ബാങ്കുകാർ മാറ്റിയിരിക്കുന്നു!!? അവളെ താലികെട്ടി കൊണ്ടുവന്ന്, എൻറെ കൊച്ചിന്റെ തള്ളയായി വാഴിച്ച് കൊണ്ട് നടക്കുന്ന ഈ വീട്ടിൽ, എൻറെ പേരല്ലാതെ വേറേതോ പൂത്തക്കോടന്റെ പേരിടാൻ ഫെഡറൽ ബാങ്കിന്റെ ഗാന്ധിമുക്ക് ബ്രാഞ്ചല്ല ആലുവാ ഹെഡ്ഡോഫീസിനുപോലും അധികാരം ഇല്ലെന്നിരിക്കെ, എന്നാലിതൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം എന്ന മട്ടിൽ ഭർത്താവിന്റെ എല്ലാ അധികാരത്തോടെയും ഗർവ്വോടെയും അടുക്കളയിൽ ദോശചൂടിൽ എന്ന സർജിക്കൽ സ്ട്രൈക്ക് നടത്തിക്കൊണ്ടിരുന്ന സഹധർമിണിയെ ഞാൻ ഉറക്കെ വിളിച്ചു.

ഭാഷ ഉണ്ടാകുന്നതിന് മുമ്പ് കാടുകളിൽ കഴിഞ്ഞ മനുഷ്യൻ 'പൂ ഹോയ്' എന്നോ മറ്റോ വിളിക്കുന്ന ആ മാറ്റൊലി കേട്ട് ഭവതി ചട്ടുകവുമായി അത്യാഹിതം കാണാനെന്നപോലെ ഓടിവന്നു. ചുടുന്ന ദോശ രണ്ടു മൂന്നെണ്ണം എൻറെ അണ്ണാക്കിൽ കുത്തിത്തിരുകി  വായടപ്പിക്കാൻ ഒരു ആഗ്രഹം അവളുടെ ചിന്താധാരയിൽ എവിടെയോ മിന്നിച്ച്, പിള്ളേരെ അടിക്കാൻ സാറന്മാർ വടിയും പിടിച്ച് നിൽക്കുന്ന മാതിരി ഒരു നിൽപ്പ് നിന്ന് തിരിച്ചോരു ചോദ്യം.

"എന്നതാ? ഇവിടെന്നാ പറ്റി? കെടന്ന് തൊള്ളതൊറക്കാൻ?"

ങ് ഹാ ഇപ്പോൾ ചോദ്യം എന്നോടായോ? ചോദ്യം ചോദിക്കുന്ന പിള്ളാർക്ക് ഹോം വർക്കിട്ട് കൊടുത്ത് സാറന്മാർ ഒതുക്കുന്ന എടപാടുപോലാണല്ലോ ഇത്! ഞാൻ വിട്ടുകൊടുക്കുമോ?   ഈ മൊതലിനെ പശുവിനെ റബ്ബർതോട്ടത്തിൽ കെട്ടിയിടുന്നപോലെ പള്ളീം പട്ടക്കാരും കാൺകെ കഴുത്തിൽ ഓഞ്ഞ നൂലിൽ മിന്നുകെട്ടിയവനാ ഞാൻ. സത്യത്തിൽ കെട്ടിയത് ഞാനാണെകിലും എന്നെ കാണുന്ന മരങ്ങോടന്മാർ ഒക്കെ അന്നുമുതൽ അവൾ എന്നെ കെട്ടിയപോലെ  'പെണ്ണുകെട്ടി.. പെണ്ണുകെട്ടി' എന്ന് പറയുന്നത് ഗീവറുഗീസ് പുണ്യവാളനാണെ ഇന്നും എനിക്ക് വെളിവാകാത്ത ഒരു ഗൂഢ തത്വമാണ്.

ഒരുമാതിരി കവലയിൽ ഗുണ്ടകൾ നിൽക്കുന്ന പോലെ കരിപുരണ്ട ചട്ടുകവുമായി നിൽക്കുന്ന അവളെക്കണ്ട് ഒരു ചെറിയ അപായഭീതി അന്തരംഗത്തിൽ ഉണ്ടായെങ്കിലും വിട്ടുകൊടുക്കാൻ പറ്റുമോ? ഞാനേ ഈ വീടിൻറെ ഗൃഹനാഥനാ..ഗൃഹനാഥൻ.

"എടിയേ ... ഇത് എന്നാ കൂത്താ?"

ബാങ്കിൻറെ കത്ത് ഉയർത്തിക്കാട്ടി ഞാൻ  കാര്യത്തിലേക്ക് കടന്നു.

"എന്തോ കുന്തമാ? നിങ്ങൾ കാര്യം പറ!! അടുക്കളയിൽ പിടിപ്പത് പണിയുണ്ട്"

എടാ എടാ !!  എന്നാപ്പിന്നെ രണ്ടിലൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം.

"ടീ സത്യം പറ... ഇതേതവനാ?"

ചെറഞ്ഞു നിൽക്കുന്ന എൻറെ മുഖത്തേക്ക് ടോം ആൻഡ് ജെറിയിലെ പൂച്ചക്ക് ഷോക്കടിച്ച് നിർത്തിയപോലെ ഒരു നോട്ടം അവൾ നോക്കി.

"സത്യമാണല്ലോ..! ഇതേത്തവനാ ഇച്ചായാ?" ഒന്നുമറിയാത്ത ശിശുവിനെപ്പോലെയും തൻറെ അടുക്കളയിലെ കർത്തവ്യത്തിന് വിഘ്‌നം വരുത്തിയതിന്റെ കലിപ്പും തിരയിളക്കി ഫ്യൂഷൻ രീതിയിൽ ഒരു ചോദ്യവും നോട്ടവും അവളിൽ നിന്നുമുണ്ടായി.

"എടീ നിൻറെ പേര് സൂസി... നിന്റെ അപ്പൻറെ പേര് മത്തായി. അപ്പൊ പേരിൻറെ കൂടെ നിൻറെ അപ്പൻറെ പേരോ എൻറെ പേരോ അല്ലേ വരേണ്ടത് ?"

"ങാ.. സത്യമാ... ഞാനൊന്ന് നോക്കട്ടെ.." ഇതും പറഞ്ഞ് അവൾ  ബാങ്കിൽ നിന്നും വന്ന കത്ത് തിരിച്ചും മറിച്ചും നോക്കി. യേശുതമ്പുരാൻ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു എന്ന് വിശ്വസിക്കാത്ത സംശയക്കാരനായ തോമാശ്ലീഹായുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് "തോമയെ.. ഡാ ഇങ്ങോട്ട് നീങ്ങി നിന്നേ... നിൻറെ കണ്ണ് തുറന്ന് കാണുകയും തൊള്ള തുറന്ന് അത്ഭുതപ്പെടുകയും മത്തിയെപിടിക്കുന്ന കൈവിരൽ കൊണ്ട് എൻറെ ആണിയടിച്ച കയ്യിലെ പാട് തൊട്ടുനോക്കി തൃപ്തിയാകുകയും ചെയ്താട്ട്" എന്ന് തമ്പുരാൻ പറഞ്ഞത് പോലെ പെണ്ണുമ്പുള്ള കത്തിൽ നോക്കി. ആംഗലേയത്തിന്റെ സർവ്വ തന്ത്രങ്ങളും അറിയാവുന്ന മാതിരി ഒരു നോട്ടമായിരുന്നു അത്. എന്നിട്ട് എന്നെനോക്കി  പറഞ്ഞു.

"ഇതെന്ത് കൂത്താ എൻറെ കർത്താവെ..?? ഇതിപ്പോ പേരുമാറ്റാൻ ഞാൻ അപേക്ഷ കൊടുത്തിട്ട് ബാങ്ക് കാണിച്ച പണികണ്ടോ? എവിടോ കിടന്ന ഒരുത്തൻറെ പേര് എൻറെ കൂടെ എഴുതി വച്ചേക്കുന്നു?!!"

കംപ്യൂട്ടറിലും മറ്റും അടിക്കുമ്പോൾ പേരും നാളും ഒക്കെ മാറിപ്പോകാം. എന്നാൽ ഇത് അതുപോലാന്നോ? സാക്ഷാൽ ബാങ്കിൻറെ കാര്യമല്ലേ? സംഗതി കൈവിട്ട കേസാണ് - ഞാൻ ചിന്തിച്ചു.

ഇവിടെ കൊമേർഷ്യൽ ബ്രേക്ക് ഇല്ലാതെ ഒരു ഫ്‌ളാഷ്ബാക്ക് ആവശ്യമാണ്.

ഞാൻ അവധിക്ക് നാട്ടിൽ വരുംമുമ്പ്,  സർക്കാർ നിയമപ്രകാരം എല്ലാവരും ബാങ്ക് അക്കൗണ്ട്  അപ്‌ഡേറ്റ് ചെയ്യുന്ന സമയത്താണ് ബാങ്കിൽനിന്നും മുന്നറിയിപ്പ് ഉണ്ടായത്.  ഭാര്യയുടെ എല്ലാ റെക്കാർഡിലും അവളുടെ പേരിൻറെ കൂടെ അപ്പൻറെ പേരും ബാങ്കിൽ മാത്രം എൻറെ പേരുമാണെന്ന സത്യം.  കല്യാണം കഴിഞ്ഞ ഉടൻ ഗൾഫിൽ പോയി പ്രിയതമയുടെ പേരിൽ നാല്  പേർഷ്യൻ മണി അയക്കുവാൻ വേണ്ടി തുടങ്ങിയ അക്കൗണ്ട് ആയതിനാൽ, 'കിടക്കട്ടെ ഒരു തുക ലിസിലും' എന്ന മട്ടിൽ, സൂസി എന്ന പേരിൻറെ കൂടെ എൻറെ പേരും അങ്ങോട്ട് ഇട്ടുകൊടുത്തു. ഈ പേരിടീൽ  വശപ്പെശകാവുകയും സൂസിയുടെ പേരിൻറെ കൂടെ ഭർത്താവായ എൻറെ പേരാണ് ചേർത്തിരിക്കുന്നതെന്നും, ഭർത്താവുദ്യോഗം അബദ്ധത്തിൽ പറ്റിയതാണെന്നും, സൂസി എന്ന ഈ മൊതൽ അവളുടെ അപ്പന്റെ സന്തതിയായതിനാലും, കൂടുതൽ കാലം അപ്പനാരുടെ ചിലവിൽ കഴിഞ്ഞതിനാലും, ഈ അണ്ഡകടാഹത്തിലുള്ള സകലമാന എഴുത്തുകുത്തുകളിലും മൂപ്പിലാന്റെ പേരാണ് അവളുടെ പേരിനൊപ്പം ചാർത്തികൊടുത്തിരിക്കുന്നതെന്നും അപ്പൻറെ പേരും ഭർത്താവിന്റെ പേരും വഹിക്കുന്ന ഈ മഹതി രണ്ടല്ല ഒരാൾതന്നെയാണെന്ന് തെളിയിക്കേണ്ട ചുമതല അക്കൗണ്ട് ഉടമസ്ഥയുടെ തലയിൽ വന്നുവീണു. ഇമ്മിണി മുറ്റിയ കേസാണ് ഇതെന്ന് കളത്തിൽ ഇറങ്ങി കളിയ്ക്കാൻ തുടങ്ങിയപ്പോളാണ് സൂസിമോൾക്ക് മനസിലായത്.

അങ്ങനെ അപ്പനും ഭർത്താവും രണ്ടുപേരാണെങ്കിലും ഞാൻ സാക്ഷാൽ സൂസിയാണെന്ന് തെളിയിക്കേണ്ട വള്ളിക്കെട്ട് തലയിൽ വീണ് കുരുങ്ങി പാവംപിടിച്ചവൾ പഞ്ചായത്ത് ഓഫീസിലും വില്ലേജാഫീസിലും അഭയാർഥിയെപ്പോലെ പോയിനിന്ന് എഴുത്ത്കുത്തൊക്കെ നടത്തി ബാങ്കിൽ കൊടുത്തു. വലിയൊരു തലവേദന ഒഴിഞ്ഞമട്ടായിരുന്നു എല്ലാം കഴിഞ്ഞപ്പോൾ.

അങ്ങനെ ചട്ടുകം പിടിച്ച് എൻറെ മുമ്പിൽ നിൽക്കുന്ന ഈ മഹതിയുടെ ബാങ്കിൽ നിന്നുള്ള അപ്‌ഡേറ്റ് ഡീറ്റെയിൽസ് ആണ് പോസ്റ്റുമാൻ 'ഇന്നാ പിടിച്ചോ' എന്ന മട്ടിൽ ഇട്ടേച്ചുപോയത്.

"എടീ നീ  ബാങ്കിൽ കൊടുത്തപ്പോൾ പേര് വല്ലതും മാറിപ്പോയാതാണോ?"

കുന്തം വിഴുങ്ങിയപോലെ നിൽക്കുന്ന ഭാര്യയോടായിരുന്നു എൻറെ ചോദ്യം.

"മാറാനോ?! പിന്നെ ഞാൻ അത്ര പൊട്ടിയാന്നോ ...? ഞാനും കോളജിൽ ഒക്കെ പഠിച്ചതാ. എനിക്ക് തെറ്റത്തില്ല"

"തെറ്റത്തില്ലെങ്കിൽ പിന്നെ ഇതെന്ത് കുന്തമാ?" നിൻറെ പേരിന്റെ കൂടെ കണ്ടവന്മാരുടെ പേര് എങ്ങിനെ കേറിവന്നു? ഇതിലെന്തോ കുനഷ്ടുണ്ട്.  നീയൊരു കാര്യം ചെയ്യ്; ദോശേം, കീശേം ഒക്കെ പിന്നെയുണ്ടാക്കാം. ഇതൊക്കെ കയ്യോടെപോയി മാനേജരോട് ചോദിച്ചിട്ട് തന്നെ കാര്യം.

അതുകേട്ടതും ദോശകല്ലേൽ കിടക്കുന്ന ദോശയുടെ അവസ്ഥയോർത്ത് പെണ്ണുമ്പുള്ള അടുക്കളയിലേക്ക് വെടികൊണ്ട പന്നിയെപ്പോലെ ഒറ്റയോട്ടം.

******

ബാങ്കിൻറെ അകത്തേക്ക് കയറുമ്പോൾ വാതിലിന് പുറത്ത് ഊരിയിട്ടിരിക്കുന്ന ചെരുപ്പുകൾ കണ്ട് ഇതെങ്ങാനം  പള്ളിയോ അമ്പലമോ ആക്കിമാറ്റിയോ എന്നൊരു സംശയം എനിക്ക് തോന്നാതിരുന്നില്ല. നമ്മുടെ ആൾക്കാർ ഒക്കെ എത്ര ഡീസന്റാ.. ആരാധനാലയവും പണാലയവും ഒന്നാണെന്ന് അവർക്കറിയാം (ലക്ഷ്മിയല്ലിയോ, ലക്ഷ്‌മി). എന്നാപ്പിന്നെ ചെരുപ്പ് ഊരാതെ തന്നെ കയറിയിട്ട് കാര്യം. വഴിയിൽ കിടന്ന ഏതോ ഒരുത്തന്റെ പേരെടുത്ത് എൻറെ സൂസൂവിന്റെ പേരിനൊപ്പം കയറ്റിയ ബാങ്കിനകത്തല്ല, മാനേജരുടെ വീട്ടിനകത്തുവരെ ചെരുപ്പില്ലാതെ കയറാനുള്ള ദേഷ്യത്തിലാണ് സുനാമിപോലെ  മാനേജരുടെ ക്യാബിനകത്തേക്ക് കയറിയത്. ചെന്നപാടെ മരിപ്പുനടന്ന വീട്ടിൽ ചെന്നമാതിരി മോങ്ങലോടെ സൂസൂ ഒരു പതംപറച്ചിൽ.

"എൻറെ സാറേ... ബാങ്ക് അക്കൗണ്ടിൽ എൻറെ പെരുമാറ്റാൻ പറഞ്ഞിട്ട് ഇതെന്തോ അന്യായമാ കാണിച്ച് വച്ചേക്കുന്നെ??"

"എന്തുപറ്റി?" മാനേജർ വാ പൊളിച്ചു. അക്കൗണ്ട് ഹോൾഡറോടൊപ്പം വന്നിരിക്കുന്നത് തൻറെ ബാങ്കിൽത്തന്നെ അക്കൗണ്ട് ഉള്ള ഒരു എൻ.ആർ.ഐ. ആണെന്നത് ആ വാപൊളിപ്പിന്റെ ശക്തി ഇത്തിരി കൂട്ടി. അതിന് മറുപടി ഞാനാണ് പറഞ്ഞത്.

"എൻറെ പൊന്നു സാറേ... കഷ്ടകാലത്തിന് എന്റെ പെണ്ണുമ്പുള്ള നിങ്ങടെ നിയമപ്രകാരം പേരിൽ ഒരു ചേഞ്ച് വരുത്തി... അതിന് പേരിൻറെ കൂടെ കണ്ട അണ്ടന്റെയും അടകോടനേയും കേറ്റിവച്ചിരിക്കുന്നത് എന്നാ സൂക്കേടാ.?"

മാനേജർ എന്നെയും ഭാര്യയേയും മാറിമാറി നോക്കി.

"സാറിതൊന്ന് നോക്കിയേ... എന്റെയും ഇവളുടെ അപ്പന്റെയും പേരിനിടയ്ക്ക് ഏതോ ഒരു മരങ്ങോടന്റെ പേര് കൊണ്ടിട്ടിരിക്കുന്നത്..!!"

മാനേജർ ഞാൻ കൊടുത്ത ബാങ്കിലെ കത്ത് നോക്കി. ഓളവും ബഹളവും കേട്ട് അപ്പോളേക്കും ലേഡി അസിസ്റ്റന്റ് മാനേജരും ഓടിവന്നു.

"ഇതിലിപ്പോ എന്താ കുഴപ്പം?" മാനേജർ പൊട്ടൻ ആനയെ കണ്ടപോലെ ഊശിയാക്കുന്ന ഒരു നോട്ടവും ചോദ്യവും.

എനിക്കാണേൽ വെറുപ്പടിച്ചുവന്നു.

"സാറെ, എൻറെ ഭാര്യയുടെ പേരിൻറെ കൂടെ ഈ ഏലിയാസ് എന്നൊരുത്തൻ എവിടെനിന്ന് കേറി വന്നു? അതായത് എൻറെയും അവളുടെ അപ്പന്റെയും പേരിനിടയിൽ എവിടുന്നോ ഒരു ഏലിയാസ് കേറിക്കിടക്കുന്നത് കണ്ടോ? സൂസി ഏലിയാസ് എന്നപേര് നിങ്ങൾ എവിടെനിന്ന് എഴുന്നെള്ളിച്ചോണ്ട് വന്നതാ?"

ഇതിന്റെ തുടർച്ചയെന്നോണം പെണ്ണുമ്പുള്ളയും പറഞ്ഞു "സാറേ ദാണ്ടെ, ഇങ്ങോട്ട് നോക്കിയേ... ഞാൻ ഈ കണ്ട ഫോമുകൾ ഒക്കെ പൂരിപ്പിച്ചപ്പോളും, പഞ്ചായത്തീന്നും വില്ലേജാഫീസിനും പേപ്പറുകൾ കൊണ്ടുതന്നപ്പോളും ഇല്ലാത്ത ഏതോ ഒരുത്തന്റെ പേര് എൻറെ പേരിൻറെ കൂടെ ഇട്ടതിന്റെ വ്യവസ്ഥ ഒന്നറിയണമല്ലോ"

ഞാനും ഭാര്യയും  ഒരുമാതിരി ചീറിനിൽക്കുമ്പോൾ അസിസ്റ്റന്റ് മാനേജർ പെണ്ണുമ്പുള്ള ആണ്ടെടാ മുല്ലപെരിയാർ ഡാം പൊട്ടിയപോലെ ഒരൊറ്റ ചിരി. ആ ചിരി മാനേജർ സാറിന്റെ മുഖത്തും പടർന്നുകയറി. എന്നിട്ട് മാനേജർ എൻറെ കയ്യേൽ ഒരു പിടുത്തം.

"എൻറെ പൊന്നു സാറേ... ഈ 'ഏലിയാസ്' എന്ന് നിങ്ങൾ പറയുന്നത് ഒരുത്തനെയും പേരൊന്നുമല്ല. 'അല്ലെങ്കിൽ'... 'അഥവാ' എന്നൊരർത്ഥമേ അതിനുള്ളൂ  ഇഗ്ളീഷിൽ"

"എന്നുവച്ചാൽ?" ഞാൻ മനസ്സിലാകാതെ ഇരുന്നു. ഏലിയാസ് എന്നുവച്ചാൽ ഏലിയാസ് അല്ലാതെ വേറെ ആരെങ്കിലുമാകുമോ? ഗാന്ധിമുക്കിന് പലചരക്ക് കച്ചവടം നടത്തുന്ന മാക്രി ഏലിയാസ് പിന്നെയാരാ? ഞാൻ എന്നോടുതന്നെ ചോദിച്ചുപോയി.

"എന്നുവച്ചാൽ.. മാഡത്തിന്റെ പഴയ പേരും ഇപ്പളത്തെ പേരും ഒന്ന് തന്നെയാണെന്ന്. രണ്ടു പേരുകളിലും അറിയപ്പെടുന്ന വ്യക്തി ഒരാളാണെന്ന് സ്ഥാപിക്കാൻ ഉപയോഗിക്കുന്ന ഇഗ്ളീഷ് വാക്കാണ് 'ഏലിയാസ്' (ALIAS) അല്ലാതെ അതൊരു ആളുടെ പേരൊന്നുമല്ല.

കാര്യം മാനേജർ ഒന്നുകൂടി വിശദമാക്കിയപ്പോൾ  സത്യം പറഞ്ഞാ, എന്റേം പെണ്ണുമ്പുള്ളയുടെയും ഗ്യാസുപോയി. 'എന്നാപ്പിന്നെ അങ്ങോട്ട് ....' എന്നമട്ടിൽ തെളിവിനായി കൊണ്ടുവന്ന പേപ്പറുകൾ മടക്കി ലോകത്ത് എന്തുസാധനവും കുത്തിക്കയറ്റിവക്കാൻ പാകത്തിലുള്ള പേഴ്‌സിനകത്തേക്ക് വച്ച്  ഇറങ്ങുമ്പോൾ പുലിപോലെ വന്നത് എലിപോലെ എന്ന മട്ടിൽ അവൾ മാനേജരോട് പറഞ്ഞു.

"പുണ്യവാളച്ചൻ സത്യമായിട്ടും പേടിച്ചുപോയി സാറേ. ങാ... നമ്മളൊക്കെ സദാ മലയാളം മീഡിയത്തിൽ പഠിച്ചതല്ലിയോ? ചെറിയ തപ്പുകേടൊക്കെ പറ്റാം"

പെണ്ണുമ്പുള്ളയുടെ ന്യായീകരണവും കേട്ട് ഞാൻ പുറത്തിറങ്ങി. ഇഗ്ളീഷ് മീഡിയത്തിൽ പഠിക്കാതിരുന്നതിന്റെ കുഴപ്പം  ഇത് കുത്തിപ്പൊക്കി കൊണ്ടുവന്ന എനിക്കാണല്ലോ കൂടുതൽ.

വായുഗുളികയ്ക്ക് എന്നപോലെ  ഓടിവന്ന ഒരു ഓട്ടോയ്ക്ക് കൈകാണിച്ച്  അകത്തേക്ക് കേറുമ്പോൾ എൻറെ കയ്യിൽ നല്ല ഒരൊന്നാന്തരം ഞോണ്ടുതന്നുകൊണ്ട് തനിക്കുണ്ടായ മാനഹാനിയുടെ ബാഹുല്യം ഭാര്യ   ചെവിയിലേക്ക് ഓതി.

"വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തുവച്ചപോലെ ആയിപ്പോയല്ലോ ഇച്ചായാ ഇത് ? രാവിലെ അടുക്കളയിൽ ദോശേം ചുട്ടോണ്ടിരുന്ന എന്നെ മെനക്കെടുത്തിയതും പോരാ, ഒടുക്കത്തെ നാണക്കേടും. എൻറെ വ്യാകുല മാതാവേ.. ഏതവനെയാണോ ഇന്ന് കണികണ്ടത് ?!"

'സൂസൂ.. നീ കണികണ്ടത് എന്നെത്തന്നെയാ.. പക്ഷേ ഞാൻ കണികണ്ടത് നമ്മുടെ തപാൽ വകുപ്പിലെ പോസ്റ്റുമാനെയാ!!'

ഇങ്ങനെ പറയണം ഇന്നുണ്ടായിരുന്നെങ്കിലും ഞാൻ മിണ്ടിയില്ല. മൗനം വിദ്ധ്വാനുതന്നെയാണ് ഭൂഷണം എന്ന് സ്വയം  മനസ്സിലാക്കി 'എന്നാലും എൻറെ ഏലിയാസേ ....'  എന്നൊരു ഒരു നെടുനിശ്വാസം ഉതിർത്ത്  വിഗ്രഹമോഷണത്തിന് പിടിക്കപെട്ടവൻ പോലീസ്‌റ്റേഷനിലേക്കെന്നപോലെ  ഞാൻ ഓട്ടോയിലിരുന്നു.

Tuesday, July 3, 2018

ഒരു സുസു തിയറി

സെന്റ് ജൂഡ് പള്ളിയുടെ കുരിശിൻറെ മേൽ ഉയർന്നുനിൽക്കുന്ന മുട്ടൻ ലൈറ്റിന്റെ വെട്ടം ഗാന്ധിമുക്കിലുള്ള പിള്ളച്ചേട്ടന്റെ ചായക്കടയുടെ വരാന്തവരെ പരന്നുകിടക്കുന്ന ആ രാത്രി ഞാൻ കിടക്കയിൽ കിടന്ന്   കാർകൂന്തൽ എന്ന് കവികൾ പാടിപുകഴ്ത്തുകയും ചകിരികെട്ടുപോലെ അനുഭവപ്പെടുകയും ചെയ്യുന്ന ഭാര്യയുടെ തലമുടിയിൽ തലോടിക്കൊണ്ട് ചോദിച്ചു.

"സൂസൂ... മോളൂ,  ഇനിയെത്ര ദിവസം കാത്തിരിക്കണം?"

അവളൊന്ന് പുളഞ്ഞു. അല്ലേലും 'സൂസൂ' എന്നും 'മോളൂ' എന്നും ഒക്കെ തേനൊലിപ്പിച്ച് ഞാൻ വിളിക്കുന്നത് അവളങ്ങ് ഉത്സവമാക്കും. ഇരുട്ട് വേണ്ടാതീനം പോലെ പരന്നുകിടക്കുകയാണെങ്കിലും അവളുടെ കപോലങ്ങളിൽ പാലാഴി മഥനത്തിൽ ഉയർന്നുവന്ന അമൃതുപോലെ പാൽപുഞ്ചിരി വിടരുന്നത് എനിക്ക് കാണാതെകാണാം.

സൂസി കല്യാണം കഴിഞ്ഞുവന്ന മധുവിധുകാലത്ത് പറഞ്ഞുതന്ന പേരാണിത്. "എന്നോട് ഒത്തിരി ഇഷ്ടം വരുമ്പോൾ ഇച്ചായൻ  സൂസൂ എന്ന് വിളിച്ചാൽ മതി"

"സൂസൂവോ? അത് പിള്ളേർ മൂത്രിക്കുമ്പോൾ പറയുന്നതല്ലേ മോളേ ..?"

"ഓ പിന്നേ ... അപ്പുറത്തെ ആലീസിനെ ഇഷ്ടംകൂടുമ്പോൾ കെട്ടിയോൻ ആലൂ എന്നല്ലേ വിളിക്കുന്നെ? ആലൂ എന്ന് വച്ചാൽ ഉരുളക്കിഴങ്ങ് എന്നങ്ങാണ്ടല്ലേ?"

നല്ല ഉദാഹരണം. അല്ലേലും ഇവളുമാർക്ക് കാര്യം സ്ഥാപിച്ചുകിട്ടാൻ ഭൂലോകത്ത് നൂറായിരം ഉദാഹരണങ്ങൾ കിട്ടുമല്ലോ. ചുരുക്കം പറഞ്ഞാൽ മാളോരേ, അന്നുമുതൽ തുടങ്ങിയതാണ് ഈ 'സൂസൂ' വിളി. അല്ലാതെ ഭർത്താവായ എനിക്ക് ഈ രക്തത്തിൽ പങ്കില്ല  എന്ന് ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഞാൻ ഫ്‌ളാഷ്ബാക്കിലേക്ക് പോയപ്പോൾ ഭാര്യ എൻറെ ചോദ്യത്തിന് ഉത്തരം തന്നു.

"ആ.. നാളെയോ മറ്റെന്നാളോ ആയിരിക്കും..കാ മൂത്ത് പഴുക്കട്ടെ.."

കൊച്ചിന്റെ ചവിട്ടും തൊഴിയും ഏറ്റുകിടക്കുന്ന വയർ തടവി അവൾ ചിരിച്ചിലങ്ക കിലുക്കി. പിന്നെ  നെടുനിശ്വാസം പോലെ ഒരു പിൻമൊഴിയും.

"എല്ലാം കർത്താവിന്റെ അനുഗ്രഹം.."

അവൾ പറഞ്ഞത് കർത്താവെന്നോ അതോ ഭർത്താവെന്നോ?  രണ്ടിനും കൂടി ഒരക്ഷരത്തിന്റെ ദൂരമേ ഉള്ളൂ എങ്കിലും സൂസൂ അത് സമ്മതിക്കില്ലല്ലോ.

"കർത്താവോ?! ഇതിയാനെ ഇതിനകത്ത് നീ വലിച്ചിടുന്നത് എന്തിനാ സൂസൂ..?"

നേരും നെറിയുമുള്ള ഭർത്താവായ എൻറെ ചോദ്യം പെമ്പറന്നോരെ അസ്വസ്ഥയാക്കി. അതിന്റെ ഒരനക്കം എനിക്ക് വെളിവാവുകയും ചെയ്‌തു.

"കർത്താവീശോ മിശിഹായേ .. നിങ്ങളിത് എന്നാ ഈ പറയുന്നെ? വന്ന് വന്ന് കർത്താവിനേം തള്ളിപ്പറയാൻ തൊടങ്ങിയോ?" ദീനരോദനം പോലെയൊരു ചോദ്യമായിരുന്നു അവളിൽ നിന്നുവന്നത്.

"അതിന് കർത്താവിനെ ആര് തള്ളി സൂസൂ.. നിൻറെ വയറ്റീക്കെടക്കുന്ന സന്താനത്തിന് കർത്താവല്ലല്ലോ ഭർത്താവായ ഞാനാണല്ലോ ഉത്തരവാദി എന്ന് പറഞ്ഞതല്ലേ? നീയങ്ങ് ഷെമി.."

"ഷെമീന്നോ..? ദാണ്ടേ; കഴിഞ്ഞ മൂന്നുവർഷമായി മരുന്നും മന്ത്രവും, കിടുവടിയുമൊക്കെയായി ഈ ഭർത്താവ് എന്നാ ചെയ്യുവാരുന്നു? അണ്ടമുണ്ട തടിപോലെ വളർന്നുവരണ്ട രണ്ട് പിള്ളേരല്ലേ അലസിപോയെ?... അവസാനം ഞാൻ നെഞ്ചത്തടിച്ച് കീറിവിളിച്ച് നോമ്പും നോവേനേം എടുത്ത്, കരിസ്മാറ്റിക്കും കൂടി, കർത്താവ് തമ്പുരാൻ അനുഗ്രഹിച്ച് ഉണ്ടായതല്ലേ ഈ വയറ്റിക്കെടക്കുന്നെ?"

ഞാനൊന്ന് പരുങ്ങി. ഇവൾ ഈ തേര് തെളിച്ചോണ്ട് എങ്ങോട്ടുപോവാ?

"എൻറെ സൂസൂ.. നീ പറയുന്നത് ഞാൻ അംഗീകരിച്ചു. കർത്താവ് തമ്പുരാൻ നിന്നെ അനുഗ്രഹിച്ചു. നീ തള്ളയാകാൻ പോകുന്നു.  എന്നാലും പഞ്ചമാപാതകാ, എനിക്കിതിൽ റോളില്ല എന്ന് മാത്രം നീ പറയല്ലേ.."

ഇതും പറഞ്ഞ് ഒന്ന് പുണർന്ന് കാറ്റിനേയും കടലിനെയും ഒന്ന് ശാന്തമാക്കാം എന്ന് കരുതിയപ്പോൾ, അണ്ടടാ കിടക്കുന്നു.. കയ്യും തട്ടിമാറ്റി ഷവൽ കൊണ്ട് മറിച്ചിട്ടമാതിരി എടുത്താൽ പൊങ്ങാത്ത വയറും തിരിച്ച് പെണ്ണുമ്പുള്ള ഒറ്റകെടപ്പ്! എന്നിട്ട് ഒരു മുറുമുറുപ്പും.

"ചുമ്മാതല്ല കാർന്നോമ്മാര് പേറുംപെറപ്പും അടുക്കുമ്പോൾ കെട്ടിയോന്മാരെ പെണ്ണുമ്പുള്ളമാരുടെ അടുത്തുനിന്നും മാറ്റി നിർത്തുന്നെ. ഇതുപോലെ ഓഞ്ഞ വർത്തമാനം അല്ലിയോ പറയുന്നേ. ഇതൊക്കെ കേട്ട് വയറ്റികെടക്കുന്ന സന്തതികൂടി ദൈവത്തെപേടിയില്ലാതെ വളരുമോ എന്നാ എൻറെ പേടി"

സംഭവം വഴിത്തിരിഞ്ഞ് പോകുന്ന പോക്ക് കണ്ടോ? ഈ പേടിയിൽ അത്ര പുതുമയൊന്നുമില്ല. പണ്ടെങ്ങാണ്ട് അഭിമന്യു സുഭദ്രയുടെ വയറ്റിൽ കിടന്നപ്പോൾ, സാക്ഷാൽ ഭഗവാൻ കൃഷ്‌ണൻ,  അർജ്ജുനന് ചക്രവ്യൂഹം ഭേദിക്കാൻ ഓതിക്കൊടുത്ത വിദ്യ അവിടെക്കിടന്ന് ചെറുക്കനങ്ങ് പഠിച്ചു. 'അങ്ങനെ കോപ്പിയടിച്ച് നീ പരീക്ഷ പാസാവണ്ട' എന്നമട്ടിൽ ഭഗവാൻ ചക്രവ്യൂഹത്തിന് പുറത്ത് കടക്കുന്നത്  പറഞ്ഞുകൊടുക്കാതെ അഭിമന്യുവിനെ പെടുത്തിക്കളഞ്ഞു എന്നത് വേറെ സത്യം.

"എത്ര പള്ളികളിൽ നേർച്ച നേർന്നു.. എത്ര കൊന്ത ചൊല്ലി, അവസാനം സ്വാമി പാസ്റ്റർവരെ മുട്ടിപ്പായി പ്രാർത്ഥിച്ചു.. എല്ലാം കഴിഞ്ഞ് കൊച്ചായിക്കഴിഞ്ഞപ്പോൾ ദൈവത്തെ ഇങ്ങനെ തള്ളിപറയരുത് ഇച്ചായാ..."

ദൈവമേ, പിടിച്ചതിലും വലുത് അളയിൽ എന്നമട്ടിലാണന്നല്ലോ പെമ്പ്രന്നോത്തിയുടെ വാക്കിൻറെ നീക്കുപോക്കില്ലാത്ത പോക്ക്. ഇതിനിടെ എങ്ങാണ്ട് കിടന്ന സ്വാമിപാസ്റ്ററും കേറിവന്നു. പട്ടിമോങ്ങുന്ന പോലെ ഒരുതരം ശബ്ദത്തോടെ അവൾ തുടരുകയാണ്.

"... എനിക്കറിയാം. കണ്ടകടചാതി പുസ്തകം ഒക്കെ വായിച്ച്, വായിച്ച് ദൈവത്തെയും തള്ളിപറഞ്ഞ് ഏതാണ്ട് കൊമ്പത്തെ ബുദ്ധിദ്ധിജീവി ആണെന്ന മട്ടിലാ നിങ്ങളുടെയൊക്കെ നടപ്പ്. ഇതിലും ഭേദം എന്നെ തള്ളിപ്പറയുന്നതാ.."

എൻറെ അന്തോണീസ് പുണ്യവാളാ!! സത്യം പറയാമല്ലോ, ഒ. വി വിജയനും, തകഴിയും, ബഷീറും ഒക്കെ എന്നെനോക്കി പല്ലിളിച്ചുകാണിക്കുന്നപോലെ എനിക്ക് തോന്നിപോയി.

"സൂസൂ.. നീയെന്തിനാ എഴുതാപ്പുറം വായിക്കുന്നെ? കൊച്ചിന്റെ തന്ത എന്തായാലും ഞാൻ ആന്നേ?  അതിനിടയിൽ നീ കരിസ്മാറ്റിക്കും, സ്വാമി പാസ്റ്ററെയും ഒക്കെ കൊണ്ടുവരുന്നത് എനിക്ക് പിടിക്കുകേല.. പിള്ള മനസ്സിൽ കള്ളമില്ല എന്നുപറയുന്നപോലെ ഞാനങ്ങ് പറഞ്ഞതാ.."

"അതുശരി.. ഇതിവിടെ എഴുതാപ്പുറം വായിക്കുന്നതാരാ? എൻറെ ഒടയതമ്പുരാനെ.. ഇക്കണക്കിന് കന്യകാമറിയാമിനും, എലിസബത്തിനും പിള്ളാരൊണ്ടായത് നിങ്ങൾ സമ്മതിക്കുകേലല്ലോ?"

അവിടുന്നും പോയി. സംഗതി ഇപ്പൊ വന്നുനിൽക്കുന്നത് എവിടെയാണെന്ന് നോക്ക്? ബി.സി-യിൽനുന്നും എ.ഡി ഉണ്ടാക്കാൻ നമ്മുടെ കർത്താവീശോ മിശിഹാ ജനിക്കാൻ പോകുന്ന കാലത്തേക്ക്.  മേൽപറഞ്ഞ മറിയാമിനും എലിസബത്തിനും മാലാഖ പ്രത്യക്ഷപ്പെട്ട് കിട്ടിയതാണ് അവരുടെ ഗർഭം. അതുപോലെ തന്നെ പാണ്ഡുവിന് പണ്ട് ഒരു തട്ടുകേട് പറ്റിയകാലത്ത്  ഒരിക്കൽ കിട്ടിയ വരം കൊണ്ട് ഇഷ്ടദേവന്മാരെ വിളിച്ചുവരുത്തി കുന്തിദേവി സന്തതികളെ നേടി എന്ന് മഹാഭാരതത്തിലും പറയുന്നുണ്ടല്ലോ. എന്നാൽ ഇതൊക്കെ ഇവിടെ ഈ അസ്ഥാനത്തെടുത്തിട്ട് വിശ്വാസപരീക്ഷണാർത്ഥം എൻറെ നേരെ പ്രയോഗിക്കേണ്ട കാര്യമുണ്ടോ?

"വന്ന് വന്ന് നിങ്ങൾക്കൊന്നും പള്ളീം പട്ടക്കാരനും ദൈവവിചാരവും ഒന്നുമില്ലാതായി. ഇതിൻറെ ശിക്ഷയാ രണ്ടെണ്ണം ചീറ്റിപോയെ.. ഇതിപ്പോ മൂന്നാമത്തേതിനെ പൊന്നോ പൊടിയോപോലെ ആറ്റുനോറ്റ് ദൈവം തമ്പുരാൻ ഇത്രേം ആക്കിയപ്പോ ദൈവദോഷം പറയാതെ കിടന്നൊറങ്ങിയേ.."

ഇതും പറഞ്ഞ് പെമ്പ്രന്നോർ പുതപ്പ് തലയിലേക്ക് വലിച്ചിട്ട് ഒറ്റക്കിടപ്പ്. പാവം! ഉറങ്ങിക്കോട്ടെ. ഇനിയും ശുണ്ഠിപിടിപികേണ്ട. വയ്യാത്ത വയറും താങ്ങി നടക്കുന്നവർക്കറിയാം അതിന്റെ പാട്.

എന്നാൽ പിന്നെ പണിയൊന്നും ഇല്ലാത്തവർക്ക് പറ്റിയ പണിയായ ഉറക്കം അങ്ങ് നടത്തിയേക്കാം എന്ന് കരുതി കിടന്ന് കണ്ണിൽ ഉറക്കദേവത  കേറി തലോടിയപ്പോൾ ഇട്ടോഇറോ എന്നൊരു ശബ്ദം! അതൊരു നിലവിളിയായിരുന്നു!

"എൻറെ കർത്താവേ ... ഓടിവായോ.. എനിക്ക് വയ്യായേ .."

കണ്ണ് തുറന്ന് ഞാൻ നോക്കിയപ്പോൾ ആണ്ടെടാ വയറും തിരുമ്മി ഭാര്യ  ഇരിക്കുന്നു.

"എന്താ സൂസൂ.. എന്തുപറ്റി?"

"എനിക്ക് മേല ... വയറു വേദനിക്കുന്നു... എനിക്കിപ്പോ ആശൂത്രീപോണേ ... അയ്യോ!"

ഞാൻ കർമ്മനിരതനായി. ഓടിച്ചെന്ന് അമ്മായിയമ്മയെയും അമ്മായിയപ്പനെയും വിളിച്ചുണർത്തി. ഏതാണ്ടിത് പ്രതീക്ഷിച്ച് കിടന്നപോലെ അവളുടെ അമ്മ എന്നെ ചെറഞ്ഞ ഒരു നോട്ടം നോക്കി ഓടിവന്നു. കാനോനികമായ തടസ്സം പാലിക്കാതെ പെറാൻ നിൽക്കുന്ന പെണ്ണിൻറെ കൂടെ വന്നുകിടക്കുന്ന എന്നോട് എൻറെ വീട്ടുകാർക്കും അവളുടെ വീട്ടുകാർക്കും അത്ര പ്രതിപത്തിയില്ല എന്നെനിക്കറിയാം. ഞാനാണേൽ നേരെ വാ നേരെപോ എന്ന മട്ടിൽ വിത്തിട്ട് പാകിയാൽ മാത്രം പോരാ, ചെടി പൂത്ത് കായുണ്ടാവുന്നത് കൂടി കാണാം എന്ന മട്ടിലാണ് വന്ന് നിൽക്കുന്നത്. അതുണ്ടോ നിയമോം അചാരോം പറഞ്ഞുനടക്കുന്ന  ഇവറ്റകൾക്ക് മനസ്സിലാകുന്നു?

കാർ വന്നു നിന്നു. റെഡിയാക്കി വച്ചിരുന്ന ബാഗുകളും, പെട്ടിയും എടുത്ത്  അടുത്ത പൊറുതി സ്ഥലത്തേക്ക് പോകുന്ന മാതിരി വലിയ വയറിന് പിന്നിൽ അവളും, അവളെ താങ്ങിക്കൊണ്ട് അമ്മയും പിന്നെ ഞാനും കാറിലേക്ക് കയറി.

"അയ്യോ.. പെട്ടെന്ന് എന്നെ ആശുപത്രിയിൽ എത്തിക്കോ ..."

ഡ്രൈവറുടെ കാർ ആക്‌സിലേറ്ററിൽ അമരാനും എക്സ്പ്രസ് മാതിരി വണ്ടി പായാനും അവളുടെ കരച്ചിൽ ധാരാളം മതിയായിരുന്നു.  വഴിനീളെ പ്രിയതമയുടെ കീറിവിളിക്കൽ കേട്ട്  'ഇവളിപ്പോ വണ്ടിയിൽ പെറുമോ' എന്നൊരു സന്ദേഹം എന്നിൽ മുളപൊട്ടി. അല്ലെങ്കിലും പണ്ടേ ഇവൾക്ക് ബൂലോകത്തിന് കീഴിൽ ആകെ പേടിയുള്ള ഒരേയൊരു സാധനം ആശുപത്രിയിലെ സിസ്റ്റർമാർ കുത്തിവയ്ക്കാൻ പൊക്കിയെടുത്തോണ്ട് വരുന്ന സൂചിയാണ്. ആ സൂചിയുടെ ലോകത്തേക്കാണ് ഇപ്പോൾ പോകുന്നത്.

ദൈവമേ.. എൻറെ സൂസൂവിന് സുഖപ്രസവം നൽകണേ..ഞാൻ പ്രാർത്ഥിച്ചു.

പെട്ടെന്ന് ഒരു വെള്ളിടിവെട്ടിയപോലെ എനിക്ക് തോന്നി. ഈ സുഖ പ്രസവം എന്ന വാക്ക് ഫെമിനിസ്റ്റുകൾ കണ്ടിട്ടില്ലേ?  സകലമാന വേദനയും തിന്ന് പ്രസവിച്ചു കഴിയുമ്പോൾ വീട്ടുകാരും നാട്ടുകാരും പെരുമ്പറകൊട്ടി അറിയിക്കും "മോൾക്ക് സുഖപ്രസവം ആയിരുന്നു". അനുഭവിച്ച പെണ്ണിനറിയാം എത്ര സുഖമായിരുന്നു അതെന്ന്.

വണ്ടി പാപ്പച്ചൻ ഡോക്ടറുടെ ലൈഫ് ലൈൻ ആശുപത്രി മുന്നിൽ ബ്രേക്കിട്ടു. റിസപ്‌ഷനുമുന്നിൽ ഇരിക്കുമ്പോൾ അവൾ എൻറെ കയ്യിൽ പിടിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു.

"ഇച്ചായാ... എനിക്ക് ഓപ്പറേഷൻ മതി"

ഞാനൊന്ന് ഞെട്ടി. ഇവൾക്ക്  'സുഖപ്രസവം' വേണ്ടാന്ന്!

"അതെന്താ സൂസൂ...? ഇതൊക്കെ ഡോക്ടർ അല്ലേ തീരുമാനിക്കുന്നത്..?"

"ഓ.. ഇച്ചായൻ ഒന്നാഞ്ഞുപിടിച്ചാൽ ഡോക്ടർ സമ്മതിക്കും. എനിക്ക് വേദന സഹിക്കാൻ വയ്യാ.. അതോണ്ടാ. നമ്മടെ അമ്മണീം, ആലീസും എല്ലാം സിസേറിയൻ അല്ലായിരുന്നോ...? എനിക്കും അത് മതി. അതാകുമ്പോ ഒന്നുമറിയണ്ട. വേദന ഒന്നും അറിയുകേല. പ്ലീസ്... പറ്റില്ലാന്ന് പറയല്ലേ..?"

ഒരുമാതിരി ത്രിശങ്കു സ്വർഗ്ഗത്തിലെത്തിയപോലെ ആയിപ്പോയി എൻറെ അവസ്ഥ.

"സൂസൂ.. നീയിപ്പോൾ ചെയ്യുന്നത് ദൈവദോഷമല്ലേ മോളൂ... പെണ്ണുങ്ങൾ വേദനയോടെ പ്രസവിക്കണം എന്നല്ലേ ദൈവഹിതം. ആദിമാതാവിനോട് അങ്ങനല്ലേ തമ്പുരാൻ കൽപിച്ചത്? ഇങ്ങനെയൊക്കെ പറഞ്ഞാൽ ദൈവം കോപിക്കില്ലേ? നീയൊന്ന് ആലോചിച്ച് നോക്ക്."

എനിക്കിട്ട് പ്രയോഗിച്ച ബൂമറാങ്ങ് അവൾക്ക് തന്നെ അങ്ങോട്ട് തിരികെ ഇട്ടു കൊടുത്തുകൊണ്ട് ഞാൻ ആ മുഖത്തേക്ക് നോക്കി.

"ആ.. പിന്നേ .. ആദിമാതാവ്.. ഇച്ചായൻ ഒന്ന് പോയെ.. ആ പെണ്ണുമ്പുള്ള ദൈവം പറഞ്ഞകേൾക്കാതെ പഴോം തിന്ന് പാപം ചെയ്തതുകൊണ്ടല്ലേ ദൈവം അങ്ങനെ ശപിച്ചേ. അവര് പൊക്കണംകേട് കാണിച്ചതിന് ഞാനെന്ത് പിഴച്ചു? ഇച്ചായൻ ഡോക്ടറോട് അങ്ങ് പറഞ്ഞ് പേപ്പറിൽ ഒപ്പിട്ട് കൊടുത്താൽ മാത്രം മതി. ഇവിടെകിടന്ന് വേദനിച്ച് മരിക്കാൻ എനിക്കുമേലാ.."

വീലുള്ള വണ്ടി വന്നുനിന്നു. ലിഫ്റ്റ് കേറി ലേബർ റൂമിലേക്ക് പോകുമ്പോൾ അവൾ വേദനയ്ക്കിടയിലും  കൈകൊണ്ട് ഒപ്പിടുന്നമാതിരി ആംഗ്യം കാണിച്ചു.

ലേബർ റൂമിന്റെ അടഞ്ഞ വാതിലുനുമുന്നിൽ നിന്ന് ഞാൻ എന്നോടുതന്നെ ചോദിച്ചു. 'എൻറെ അർത്തുങ്കൽ പുണ്യവാളാ, ഈ നാരികളുടെ ഓരോ മനസ്സേ..'

Monday, June 25, 2018

ആരുമറിയാത്ത ജന്മദിനം

ഈ ദിനവും കടന്നുപോകുന്നു.

സത്യമായും എല്ലാത്തിനും ഓരോ ദിനങ്ങളുണ്ട്.  പ്രേമത്തിന്, സമാധാനത്തിന്, പിതാവിന്, മാതാവിന്, സുഹൃത്തിന്, ഭൂമിക്ക്, അണുബോംബ് ഇട്ടതിന്, ഇടാത്തതിന്.. എല്ലാത്തിനും.

അയാൾക്കും ഒരു ദിനമുണ്ട്. വ്യത്യസ്തനായ ഒരു ജീവിയായി അയാൾ ഓരോ തവണയും പുതുക്കപ്പെടുന്ന ദിനം. അപശകുനമായി ആട്ടിയോടിക്കപെട്ടതും, വയറിൽ എരിയുന്ന വിശപ്പിന്റെ ദണ്ഡനം കൊണ്ടുപുളഞ്ഞതും, കണ്ണിൽ നീർവറ്റി കരളിലേക്ക് അതുരുണ്ടുകൂടിയതും ഓർമിപ്പിക്കുന്ന ദിനം. ഓർമ്മകൾ മധുരം മാത്രമല്ല കയ്പ്പും നിറഞ്ഞതാണെന്ന് അടയാളപ്പെടുത്തുന്ന ദിവസം.

ഈ ദിനവും അയാൾ വത്യസ്തനാകുന്നു. ഒന്നല്ല പലവഴികളിലൂടെ.

എല്ലാവരും ഉറക്കത്തിന്റെ പടുകുഴിയിൽ വീണുകിടക്കുന്ന നേരത്ത് അയാൾ  ടേബിൾ ലാമ്പിൻറെ വെളിച്ചത്തിൽ സ്വന്തമായി ഒരു ലോകം തീർക്കുന്നു. ആ ലോകമാണയാളുടെ എല്ലാം. സന്തോഷവും സന്താപവും എല്ലാം അവിടെ ഇണചേരുന്നു. കണ്ണീരും, കിനാവും, മധുരവും കയ്പ്പും എല്ലാം  തൊട്ടുതലോടി നിൽക്കുന്നു. ആ ലോകം അയാളുടെ മാത്രം ലോകമാകുന്നു.  അതെ, എല്ലാവരും ഉറങ്ങുമ്പോൾ അയാൾ ഉണരുകയാണ്.

മത്സ്യവും മാംസവും ഇല്ലാത്തൊരവസ്ഥ രസമുകുളങ്ങളെ അനാഥമാക്കപെടലിന്റെയോ ശൂന്യമാക്കെപ്പെടുന്നതിന്റെയോ, വലിച്ചെറിയപെടുന്നതിന്റെയോ അടയാളപ്പെടുത്തലായി  കാണപ്പെടുന്ന കുടുംബത്തിൽ,  ഒരു പാപിയെപ്പോലെ അയാൾ ജീവിച്ചു. ശവശരീരങ്ങളെ കടിച്ചുകീറി ഭുജിക്കുന്നത് അരോചകവും അനീതിയുമാണെന്ന് സ്വയം വിഡ്ഢിയെപ്പോലെ കരുതി കാഴ്ച്ചക്കാരനെപ്പോലെ അയാൾ തീന്മേശയിലിരുന്നു.  പച്ചിലയും കായകളും കഴിക്കുന്ന അയാൾ അവിടെ 'നമ്പൂതിരി, പട്ടർ' എന്നീ അപരനാമങ്ങളിൽ അറിയപ്പെട്ടു. അതെ, എല്ലാവരും മത്സ്യ മാംസാദികളിൽ ഉത്സവും കൊണ്ടാടിയപ്പോൾ അയാൾ പച്ചക്കറികളിൽ പുണ്യം കണ്ടെത്തി.

പേനകൾ എന്നും അയാൾക്ക് ഹരമായിരുന്നു. അതും മഷിചുരത്തുന്ന ഫൗണ്ടൻ പേനകൾ. തന്റെ പേനയുടെ മുനയുടെ ചെറുവിടവിലാണ് എഴുത്തുകാരൻറെ കഥയും  കവിതയും  ഉറങ്ങുന്നതും ഉണരുന്നതും വികാരഭരിതമാകുന്നതും എന്നയാൾ വിശ്വസിക്കുന്നു.  ആ വിടവിലൂടെ അരിച്ചിറങ്ങുന്ന മഷിത്തുള്ളിയാണ് കഥയുടെ ജീവൻറെ ആധാരം എന്ന ധാരണ അയാളുടെ മനസ്സിൽ തറഞ്ഞുപോയി. അതെ, വ്യത്യസ്തമായി ആ പേനകൾ അയാൾ തൂലികയാക്കി.

ലിഫ്റ്റുകൾ അയാൾക്ക് അന്യമായതുപോലെ. വർഷങ്ങളായി ഫ്‌ളാറ്റിൽ നാലാം നിലയിൽ താമസിക്കുന്നു. അപൂർവങ്ങളിൽ അപൂർവമായി മാത്രം  ബിൽഡിങ്ങിൽ അയാൾ ഉപയോഗിക്കുന്ന സിസ്റ്റമാണ് ലിഫ്റ്റ്.  ഒരു ദിവസം കുറഞ്ഞത് രണ്ടു മൂന്ന് വട്ടം തൊണ്ണൂറ്റി മൂന്ന് പടികൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്  കാലുകൾക്കാനന്ദമാണെന്ന് അയാൾ വിശ്വസിച്ചുപോകുന്നു. അതുപോലെ എസ്കലേറ്ററുകൾ ഉള്ളിടത്തെല്ലാം അയാളെ ആകർഷിക്കുക പടവുകൾ മാത്രം. പടവുകളിൽ കയറുമ്പോൾ ഉയരങ്ങളിലേക്ക് എവിടേക്കോ നടന്നുപോകുന്ന സന്തോഷം മനസ്സിൽ തുടികൊട്ടിപ്പാടും. അതെ, എല്ലാവരും പടവുകൾ ഉപേക്ഷിക്കുമ്പോൾ അയാൾ ശിലായുഗത്തിലെന്നപോലെ നടന്നുപോവുകയാണ്.

സോപ്പിൽ കുതിർത്ത്, ബ്രഷ് വച്ചുരച്ച് അയാൾ വിഴുപ്പുകൾ കഴുകുന്നു. സ്‌കൂൾമുതൽ പഠിച്ച ശീലം. വാഷിങ് മെഷീൻ എന്തിനാണെന്ന് സ്വയം ചോദിക്കുന്ന വിഡ്‌ഡി. സ്വന്തം തുണി, ഉരച്ചുകഴുകി, സ്വയം ഇസ്തിരിയിട്ട് ധരിക്കുമ്പോൾ ഉണ്ടാകുന്ന ആനന്ദം അത് യന്ത്രത്തിലിട്ട് മർദ്ധിച്ച വസ്ത്രത്തിന് കിട്ടില്ല എന്ന മൂഢസ്വർഗ്ഗത്തിലാണയാൾ. അപ്പോൾ നെറ്റിയിൽ പൊടിയുന്ന വിയർപ്പുകണങ്ങൾ മന്ത്രിക്കും-നെറ്റിയിലെ വിയർപ്പുകണങ്ങൾ കൊണ്ടല്ലേ നീ ഭക്ഷിക്കുന്നത്?.

അയാളുടെ വിഡ്ഢിത്തരങ്ങളുടെ ലോകത്ത് അയാൾ മാത്രം. ആരെയും കൂടെ കൂട്ടാറില്ല, ആരും കൂടാറുമില്ല.

ഏകാന്തതയുടെ സുഖം  അങ്ങനെ അനുഭവിക്കുമ്പോൾ  വർഷത്തിലൊരിക്കൽ ആ ദിവസം വരും. അപ്പോൾ അയാൾ നെടുവീർപ്പിടുകയും കൈകൾ കൂടുതൽ ചുക്കിച്ചുളിഞ്ഞോ എന്നും, നെറ്റിയിലും കൺതടങ്ങളിലും കൂടുതൽ വരകളും കറുപ്പും പടർന്നിരിക്കുന്നുവോ എന്നും  കണ്ണാടിയിൽ നോക്കി ചോദിക്കും. പണ്ട് വീടിൻറെ മച്ചിൽ എന്നോ കണ്ടു മറന്ന ഉണങ്ങിയ എട്ടുകാലിയുടെ കാറ്റത്താടുന്ന ജീവനില്ലാത്ത ശരീരം അയാൾക്കോർമ്മവരും. ഒരിക്കൽ അതിനും ജീവനുണ്ടായിരുന്നു. ആക്രമിക്കുകയും വലകെട്ടി ഇരയെപ്പിടിക്കുകയും ചെയ്‌ത ജീവി സ്വന്തം വലയിൽ ഒരു കരിയിലപോലെ ഉണങ്ങി കാറ്റത്താടിയുലയുന്നു.  ആ എട്ടുകാലിപോലെ ഞാനും ഒരിക്കൽ ആയിത്തീരും എന്നാണ് ഈ ദിനം വന്നുപറയുന്നത് എന്നയാൾ ചിന്തിച്ചുപോകുന്നു.

അതെ. ഇന്ന് അയാളുടെ ജന്മദിനം. അയാൾ എന്ന് പറഞ്ഞാൽ ഞാൻ. ഈ ഞാൻ!

പൂത്തിരിയില്ല, മത്താപ്പില്ല, ഒന്നോർക്കാൻ പോലും ഞാൻ മറന്നു പോകുന്ന ദിവസം. സ്‌കൂളിൽ ചേർക്കുമ്പോൾ പേരെഴുതി ഫോം പൂരിപ്പിക്കാൻ  മദ്യലഹരിയിൽ നിന്ന ആൾ  ദാനംപോലെ എഴുതിത്തന്നതാണ് ജന്മദിനം.  സത്യത്തിൽ ജനിച്ച യഥാർത്ഥ ദിവസം കുറിച്ചിടപ്പെട്ടത്  വീട്ടിലെ സത്യവേദപുസ്‌തകം എന്നെഴുതിയ ബൈബിളിലാണ്.  കുറിക്കപ്പെട്ട സത്യജന്മദിനം പുതിയ ബൈബിൾ വന്നപ്പോൾ മൂലയിലേക്ക് തള്ളപ്പെട്ട് ചിതലുകൾക്ക് ആഹാരമായി. അതോടെ ഭൂമുഖത്തുനിന്നും എന്നെന്നേക്കും ജനനത്തീയതി മായ്ച്ചുകളയപെട്ടു. മച്ചിൽ തൂങ്ങുന്ന ചിലതന്തിയുടെ ജഡം പോലെ സത്യവേദപുസ്‌തകം സത്യവും പുണ്യവും വേണ്ടാത്ത ചിതലുകൾ തോലിന്റെ പുറചട്ടയാക്കി മാത്രം നിലനിർത്തി. അന്നുമുതൽ കൃത്രിമ ജനനത്തീയതി ഒരു പച്ചകുത്തുപോലെ  നോക്കി ഇളിക്കാനാരംഭിച്ചു. ഞാൻ മാത്രമല്ല ആ തലമുറയിലെ ഒട്ടനവധി ബാല്യങ്ങൾക്ക്  നൽകപ്പെട്ട വിധിയായിരുന്നു അത്.

ഇന്ന് ഞാൻ പോലും ഓർക്കപ്പെടാതെ പോകുന്നെങ്കിലും, മുഖപുസ്തകത്തിൽനിന്ന് ഒളിപ്പിച്ചെങ്കിലും,  ചില കമ്പ്യൂട്ടർ സർവറുകൾ എൻറെ ഈ ജനനതീയതി വഴിപാടുപോലെ ഓർത്തുവയ്ക്കുന്നു. അവറ്റകൾ ഞാൻ ആഗ്രഹിക്കാത്ത ജന്മദിനാശംസ നേരുന്നു. അവരിലേക്ക് മാത്രം ഞാൻ ഉൾപ്പെടെയുള്ള സമൂഹം  ഒതുങ്ങുന്നതുകൊണ്ടാണോ ഒരു മനുഷ്യൻ പോലും നാക്കാലോ നോക്കാലോ പറയാത്തത് യന്ത്രങ്ങൾ പറയുന്നത്? അറിയില്ല. സത്യമായും ഞാനും എന്നിലേക്ക്  മാത്രം ചുരുങ്ങിപോകുന്ന ഒരു സമൂഹജീവിതന്നെയാണല്ലോ.

നാം മറക്കപ്പെടേണ്ടവരാണ്. മണ്മറഞ്ഞുപോകേണ്ടവരുമാണ്. ഒരു നിഴൽപോലും, തിരുശേഷിപ്പുപോലും ബാക്കിവയ്ക്കാതെ ഭൂമുഖത്ത് നിന്നും യാത്രപറഞ്ഞുപോകേണ്ട ജീവിയാണ്. അനശ്വരനെന്ന് ചാപ്പകുത്തിപ്പോയാലും നശ്വരനായിത്തീരുന്ന കേവലം മനുഷ്യജന്മം.

എൻറെ ജന്മദിനം ആശംസിക്കാത്തവർക്ക്, ഞാൻ വാർദ്ധക്യത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു എന്ന് ഓർമിപ്പിക്കാത്തവർക്ക് ഒരായിരം ആശംസകൾ.

ഇനിയൊരു ആഘോഷത്തിന് മനസ്സ് പ്രാപ്യമാകും വരെ ഞാനെൻറെ ചെറിയ ലോകത്ത് കഴിഞ്ഞുകൊള്ളട്ടെ. എൻറെ കണ്ണുകൾക്ക് വെളിച്ചമാകുന്ന ടേബിൾ ലാമ്പും,  ഒരു ഗ്ളാസ്സിൽ ചൂടോടെ എൻറെ ചുണ്ടുകളെ മുത്തംവച്ച്, കപോലങ്ങളിൽ ആവി പടർത്തി എന്നിലേക്ക് ഇറങ്ങിപ്പോകുന്ന കട്ടൻ കാപ്പിയും മാത്രം മതി എനിക്ക്  ഇനിയും കാതങ്ങളോളം നടക്കാൻ. പടവുകൾ കയറാൻ, ബ്രഷ്  ഉരച്ചുരച്ച് എൻറെ വിഴുപ്പുകൾ അലക്കാൻ, പേനത്തുമ്പിലെ ചെരുവിടവിലൂടെ മഷിയൊഴുക്കി പേപ്പറുകൾ എൻറെ മനസ്സിൻറെ ദർപ്പണമാക്കാൻ.

മദ്യലഹരിയിൽ കൈകുഴഞ്ഞാടി കുറിക്കപെട്ട എൻറെ ജന്മദിനമേ,  ഇനി നിന്നെനോക്കി ഒന്നല്ല, ഒരായിരം വട്ടം ഞാൻ പല്ലിളിക്കട്ടെ. ഒരു വിഡ്ഢിയെപ്പോലെ, ഒരു മന്ദനെപോലെ.

ചായക്കോപ്പയിലെ കൊടുങ്കാറ്റ്

ഗാന്ധിമുക്കിലെ  പിള്ളച്ചേട്ടൻറെ ചായക്കട.

ചായക്കോപ്പയിലെ ചൂട് കൊടുങ്കാറ്റ് ആസ്വദിക്കുന്നതിനിടയിൽ അമ്മാനു നായക്കരുണപൊടി ദേഹത്ത് വീണപോലെ ചൊറിയുന്ന ചോദ്യം സീറോ അവറിൽ എന്നപോലെ എടുത്തിട്ടു.

"ഇതെന്നാ പുള്ളെ വന്നുവന്ന് നിങ്ങടെ ചായ അമ്പലത്തിലെ പ്രസാദം പോലെയും പള്ളിയിലെ കുർബാനപോലെയും ആയല്ലോ?"

അത് കേട്ട് പിള്ള തലേൽകെട്ട് ഒന്നഴിച്ചുടുത്തു. എന്നിട്ട് പറഞ്ഞു

"ഒള്ളതാടാ  കടയിലെ ചായയുടെ നീളം കുറയുകയും ഉഴുന്നുവടയുടെ ഓട്ട വലുതാവുകയും ചെയ്യുന്ന കാലമല്ലിയോ ഇത്. ഞാനേ, ചായക്കട നടത്തുന്നത് നിങ്ങടെ പള്ളിക്കാര്  വഴിപാടിടാൻ കുരിശുംതൊട്ടി പണിഞ്ഞുവച്ചെക്കുന്ന പോലല്ല. അല്ലടാ ഉവ്വേ, നീ പത്രമൊന്നും വായിക്കാറില്ലേ?"

"പത്രമോ? അതിന് പത്രത്തിൽ ചായയുടെ ന്യൂസ് എവിടെയാ? പീഡനം മാത്രമല്ലേ ഇപ്പോൾ കേൾക്കാനുള്ളൂ..?"

"എടാ പൊട്ടാ,  നീ എന്ത് തേങ്ങയാ പിന്നെ വായിക്കുന്നെ? ദിവസത്തിന് ദിവസം വാണംപോലെ കേറുന്ന പെട്രോളിന്റെ വില നീയറിയുന്നില്ലിയോ?"

അത് കേട്ടപ്പോൾ അമ്മനുവിന് അരിശം മൂത്തു
" അല്ല പുള്ളേ, പെട്രോളിന്റെ കോപ്പ് കൂടീന്ന് വച്ച് തൻറെ ചായേടെ കോപ്പ് കൂടുന്നതെങ്ങിനാ? അതെന്തോ ന്യായമാ ഒന്നുപറഞ്ഞേ?"

പിള്ള പ്രതിവചിച്ചു
"എടായെടാ ... അതുകൊള്ളാം, ഇതിപ്പോ ഞാൻ ചായയുടെ വില കൂട്ടിയോ? അളവ് ഒന്ന് കുറച്ചൂ എന്നല്ലേ ഉള്ളൂ? ഇതിപ്പോൾ ഞാനും നാടൊടുന്നപോലെ ഒരുമാതിരി കോർപറേറ്റ് ലെവലിൽ ഒന്ന് ചിന്തിച്ചു. അത്രേയുള്ളൂ, യേത്?  പിന്നെ നിനക്കത്ര ദെണ്ണമാണെൽ, റോഡിലോട്ടിറങ്ങിനിന്ന് പെട്രോൾ വില കൂട്ടിയവന്മാരെ തന്തക്ക് വിളിക്ക്.."

ഇതുകേട്ടപ്പോൾ അമ്മനുവിന് തറവാനം മറിച്ചുവന്നു.
"പുള്ളേ,  ഒരുമാതിരി കാണാകുണാ വർത്തമാനം പറയല്ലേ.. എങ്ങാണ്ട് കിടക്കുന്ന പെട്രോളിന് വില കൂട്ടിയതിന് ഇയാടെ സാമാനത്തിന്റെ അളവ് കുറയ്ക്കുന്നതെന്തിനാ? അതൊന്ന് പറഞ്ഞേ?"

ഇവനിപ്പോ ഒരു നടയ്ക്ക് പോകില്ല എന്നുകണ്ട പിള്ള വിസതരിച്ച് പറയാനായിത്തന്നെ നിന്നു.

"എടാ എന്തിരവനെ, ഈ നാട്ടിൽ കറവയുള്ള എത്ര പശുവുണ്ട്? ഒണ്ടോ? ഇല്ലല്ലോ? അപ്പോൾ നമ്മടെ മിൽമ പാലുവേണ്ടായോ നിന്റെ ഒക്കെ അണ്ണാക്കിൽ ഒഴിക്കാൻ? അത് തിരുവനന്തപുരത്തുനിന്ന് തന്നെ നടന്നു വരുവോ? ഇല്ലല്ലോ.. അത് കൊണ്ടുവരുന്ന വണ്ടിക്കകത്ത് ഡ്രൈവറും കിളിയും മൂത്രമൊഴിച്ച് നിറച്ചാൽ വണ്ടി ഓടുമോ? പറ..?"

അമ്മനുവിന് ലൈറ്റ് ഒന്ന് കത്തി. എന്നിട്ട് മൂക്കത്ത് വിരൽ വച്ച് പത്രം വായിച്ച് നിശബ്ധനായിരിക്കുന്ന മണിസാറിനെ ഒന്ന് തോണ്ടി വിളിച്ചു.

"അല്ല മെമ്പറെ, നിങ്ങൾ ഇതൊക്കെകേട്ട് പഴം വിഴുങ്ങിയ മാതിരി ഇരിക്കുവാന്നോ? നിങ്ങടേം എന്റേം റബ്ബറിന്റെ വില പടവലങ്ങപോലെ കീഴോട്ടും, പെട്രോളിന്റെ വില റോക്കറ്റുപോലെ മേലോട്ടും പോവുന്നത് നിങ്ങൾ രാഷ്ട്രീയക്കാർ കാണുന്നില്ലേ?"

മണിസാർ ഒന്നിളകിയിരുന്നു.
"കണ്ടെടാ കണ്ടു. കക്കൂസ് പണിയാനും, പാവങ്ങളെ ഉദ്ധരിക്കാനും എന്നൊക്കെ പറഞ്ഞ് ഈ പിഴിഞ്ഞെടുക്കുന്ന പണം സത്യത്തിൽ രാഷ്ട്രീയക്കാർക്കും കോർപറേറ്റുകൾക്കും പോക്കറ്റ് വീർപ്പിക്കാനല്ലിയോ പോകുന്നെ? ഞാനും കൂടെ ഉൾപ്പെട്ട രാഷ്ട്രീയക്കാരുടെ ഇത്തരം പോക്രിത്തരം കാണുമ്പോൾ ഒന്നും പറയാൻ തോന്നുന്നില്ല അമ്മാനു.."

അതുകേട്ട അമ്മാനുവിന് ഉശിരുകേറി.

"അല്ല മെമ്പറെ, ഈ പൊതുമേഖലാ സ്ഥാപനങ്ങൾ സത്യത്തിൽ നാട്ടുകാരെ നന്നാക്കാൻ ഒണ്ടാക്കിയതല്ലിയോ? ഇതിപ്പോ ഇവന്മാർ നമ്മക്കിട്ട് പണിയുവല്ലേ? അല്ല, നിങ്ങടെ കേരളത്തിലെ കുഞ്ഞിരാമൻ സർക്കാർ ഈ നികുതിയെന്ന കോപ്പ് ഒന്ന് കുറച്ചാൽ നിങ്ങൾക്ക് നെഞ്ചുംവിരിച്ച് നിന്ന് കീറുവാണം അടിക്കാമല്ലോ,  ഒപ്പം കേന്ദ്രത്തിലെ മൂപ്പീന്നിനെ കുറ്റോം പറയാമല്ലോ. അതെന്താ ചെയ്യാത്തെ?"

പിള്ളേച്ചൻ അപ്പോൾ അതേറ്റുപിടിച്ചു.
"അത് ശരിയാ, കേന്ദ്രത്തെ കുറ്റം പറയാതെ നിങ്ങൾ ആദ്യമങ്ങ് മാതൃക കാണിക്ക് ഉവ്വാ. അല്ല സാറെ, ഞാനൊന്ന് ചോദിച്ചോട്ടെ, ഒരുത്തൻ ഒരു സംരംഭം തുടങ്ങുമ്പോളും, ഒരിച്ചിരി കണ്ടം നികത്തുമ്പോളും കൊടിയും കൊണാനും പൊക്കിക്കെട്ടി ഇറങ്ങുമല്ലോ പാർട്ടിക്കാർ? പണ്ട് കേന്ദ്രത്തിനെതിരായി ചങ്ങലേം, കോട്ടയും ഒക്കെ കെട്ടിയിട്ടുണ്ടല്ലോ. ഇപ്പൊ എന്തേ അനക്കമില്ല? അപ്പോ പോരുന്നെങ്കിൽ ഇങ്ങ് പോരട്ടെ എന്ന ഓഞ്ഞ ഇടപാടല്ലിയോ ഇത്? അതുമല്ലേൽ സ്വയം കുറ്റബോധംകൊണ്ടല്ലേ?"

ചായഗ്ലാസ്സിലെ അവസാന തുള്ളിയും ഊറ്റികുടിച്ച അമ്മാനു അപ്പോൾ ഒന്ന് ഞെളിഞ്ഞ് നിന്നു.
"പണ്ടാരമടങ്ങാൻ, പണ്ട് സർദാർജി പ്രധാനമന്തി ആയിരുന്നപ്പോൾ അയാളേം, മദാമ്മേം പൂരതെറിവിളിച്ച് ഞാൻ അങ്ങ് ഉലത്താം എന്ന് പറഞ്ഞ് വന്നതല്ലേ ഗുജറാത്തിലെ മൂപ്പിലാൻ? ഇതിപ്പോ ഇതിയാൻ ഇലക്ഷൻ റാലിയിൽ സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പെങ്ങാണ്ടുള്ള കഥയും പറഞ്ഞ് നടക്കുവല്ലാതെ പെട്രോൾ വിലയെപ്പറ്റി കമാന്ന് ഒരക്ഷരം മിണ്ടുന്നില്ലല്ലോ പുള്ളേ?  ആരാണ്ടുടെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ശേലുണ്ടെന്നപോലല്ലേ രാഷ്ട്രം നന്നാക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവന്മാരുടെ ഒക്കെ എടപാട് "

ഈ രക്തത്തിൽ എനിക്ക് പങ്കില്ല എന്ന മട്ടിൽ പിള്ള ഉടനെ ചായ ഗ്ളാസ് കഴുകാൻ തുടങ്ങി. അപ്പോൾ അമ്മാനു തുടർന്നു.

"അല്ല മെമ്പറെ.. പണ്ട് വടക്കെങ്ങാണ്ട് ഉള്ളിവില മേലോട്ട് കേറിയപ്പോൾ കീഴോട്ട് ഇറങ്ങിയ ഒരു മന്ത്രിസഭയുണ്ടല്ലോ? പൊതുജനം വെറും ഉണ്ണാക്കമാടന്മാരാണെന്ന് എപ്പളും കരുതണ്ട. ചിലപ്പോൾ അറിയാത്ത പിള്ളമാർ ചൊറിയുമ്പോൾ അറിയും. അപ്പോൾ മുഖ്യമന്ത്രിയും പ്രധാന മന്ത്രിയും ഉള്ളിപൊളിച്ചപോലെ ആയിത്തീരും നോക്കിക്കോ.."

ഇത് കേട്ടപ്പോൾ മണിസാർ പത്രം മടക്കി
"എടാ അമ്മാനു, സർദാർജിയും കൂട്ടരും കട്ട് മുടിച്ച് പാവപ്പെട്ടവന്റെ  അണ്ണാക്കിൽ വരെ ആപ്പടിച്ചപ്പോളാ ഗുജറാത്തീന്ന്  കിടിലൻ ആളെ ജനങ്ങൾ തെരഞ്ഞെടുത്തത്. ഇതിപ്പോ പിടിച്ചതിനേക്കാൾ വലുത് പൊനത്തിൽ കിടക്കുവാ എന്നപോലല്ലിയോ? ഇലക്ഷൻ ഇനിയും വരുമല്ലോ.. അപ്പോ കാണാം. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നല്ലേ?"

അമ്മനുവിന് വീണ്ടും ചൊറിഞ്ഞു.
"അല്ല സാറെ, എനിക്ക് അറിയാന്മേലത്തോണ്ട് ചോദിക്കുവാ, നിങ്ങൾ ഈ രാഷ്ട്രീയക്കാർ ഇലക്ഷന് വേണ്ടിയും  അധികാരത്തിന് വേണ്ടിയും മാത്രമുള്ള പ്രസ്ഥാനമാണോ? അല്ലാതെ നാട്ടുകാരെ നന്നാക്കണം എന്ന ചിന്തയൊന്നുമില്ലേ? ഓട്ടോയിൽ കേറുന്നവന്റെയും ബസ്സിൽ കേറുന്നവന്റെയും, ലോണെടുത്ത് ടുവീലർ  വാങ്ങിയവന്റെയും ഒക്കെ പോക്കറ്റിൽ കയ്യിട്ടുവാരി ഏതു മറ്റേടത്തെ വികസനമാണ് നിങ്ങളൊക്കെ നടത്തുന്നത്?"

ഉടനെ പിള്ളകേറി അതേറ്റുപിടിച്ചു
"അത് സത്യമാ. ഏതവൻ ഭരിച്ചാലും സാധാരണക്കാരനെ കുനിച്ചുനിർത്തി ആപ്പടിച്ച് കേറ്റിയിട്ട് തൂറാടാ ഞാൻ കക്കൂസ് പണിഞ്ഞ് തരാം എന്ന് പറഞ്ഞിട്ടെന്താ കാര്യം?  ഉള്ളിലോട്ട് വല്ലോം പോകാത്തവന് കക്കൂസെന്തിനാ മെംമ്പറെ?"

മണിസാർ ഒന്നും പറയാതെ വിദൂരതയിലേക്ക് നോക്കികൊണ്ടിരുന്നു. പിന്നെ മെല്ലെ എണീറ്റിട്ട് പറഞ്ഞു.

"സത്യം പറഞ്ഞാൽ നമ്മുടെയൊക്കെ ആൾക്കാർ ഈ പോക്രിത്തരരം ന്യായീകരിക്കുന്നത് കാണുമ്പോൾ സങ്കടമുണ്ട് പുള്ളേ. അത് കേന്ദ്രത്തിലെ കുഞ്ഞിരാമൻ ആയാലും കേരളത്തിലെ കുഞ്ഞിരാമൻ ആയാലും. എൻറെ വീട്ടിൽ നിന്നും ചപ്പും ചവറും അയൽപക്കത്തുള്ളവന്റെ പറമ്പിലോട്ട് വാരിയിട്ട്  വീട് വൃത്തിയായി എന്ന് പറഞ്ഞ്  ദുർഗന്ധവും ശ്വസിച്ചിരിക്കുന്നവരാ നമ്മുടെ കൂടെയുള്ളവരൊക്കെ. ധാർമികത ഒക്കെ കാട്ടികൂട്ടുന്ന കോപ്രായമായി മാത്രം മാറികൊണ്ടിരിക്കുവല്ലേ? വോട്ട് കിട്ടാൻ വേണ്ടിമാത്രം ഭായിയും, ബഹനും,  രക്തസാക്ഷിയും  മതിയല്ലോ. ഇതെല്ലം കേട്ട് ഓശാരം പറഞ്ഞ് പെട്രോൾ പമ്പിൽ കേറി അവന്മാർ പറയുന്ന വിലയ്ക്ക് പെട്രോളുമടിച്ച്  പൊതുജനം വേണേൽ പൊക്കോണം. മാക്സിമം റീട്ടെയിൽ പ്രൈസ് എന്നൊന്ന് ഇല്ലാത്തത് ഞാനും പിള്ളയും അമ്മാനുവും ഒക്കെയടങ്ങുന്ന സാധാരണക്കാർക്കാ. അല്ലാതെ എ.സി. വണ്ടിയിലും എ.സി. മുറിയിലും ഇരുന്ന് കീറുവാണം അടിക്കുന്നവൻമാർക്കല്ലല്ലോ?"

ഇതും പറഞ്ഞ് പോകാനിറങ്ങിയ മണിസാറിനെ നോക്കി അമ്മാനു പറഞ്ഞു

"അപ്പോ മെമ്പറെ, നമക്ക് ഗാന്ധിമുക്കിന് ഇന്ന് വൈകിട്ട് ഒരു പന്തം കൊളുത്തി പ്രകടനം നടത്തിയാലോ? പെട്രോൾ വില പിടിച്ചുനിർത്താൻ?"

മണിസാർ ക്ഷോഭത്തോടെ ഒന്ന് തിരിഞ്ഞുനിന്നു.

"എന്തിന്? പന്തം കത്തിച്ച് അതിന് വാങ്ങിയ മണ്ണെണ്ണയുടെ പൈസാ കൂടി കളയണോ? നീ നിൻറെ പണി നോക്കി പോടാ ഉവ്വേ.. എനിക്കോ നിനക്കോ ഒറ്റദിവസംകൊണ്ട് ഇതൊന്നും മാറ്റാനൊക്കില്ല.."

നിസംഗതനായി നടന്നുപോകുന്ന മണിസാറിനെ നോക്കി തലചൊറിഞ്ഞുകൊണ്ട് പിള്ള പറഞ്ഞു.

"എടാ അമ്മാനു, കണ്ടോ? വലിയ മണകൊണാഞ്ചൻ വർത്തമാനം പറയുന്ന മെമ്പറിനുപോലും പ്രതികരണശേഷി നഷ്ടപ്പെട്ടു. അതെങ്ങനാ, അങ്ങേർക്കറിയാം അയാളും ഈ രക്തത്തിൽ പങ്കാളിയാണെന്ന്. ഇവിടെ എല്ലാ മോൻമാരും പീലാത്തോസ് ആണെടോ പീലാത്തോസ്.  ശിഖണ്ഡികളെ മുന്നിൽ നിർത്തി പിന്നിൽനിന്നും പൊതുജനത്തിന്റെ പള്ളക്കടിക്കുന്നവന്മാർ"

"അത്ര തന്നെ..." അമ്മാനു ദേഷ്യം കൊണ്ട് തറയിൽ ചവട്ടിയുറഞ്ഞ്  ബീഡിയും പുകച്ച് പുറത്തിറങ്ങി.

അപ്പോൾ വടക്കുനിന്നും സർക്കാരിന്റെ ആനവണ്ടിയെ ഓവർടേക്ക് ചെയ്‌ത്‌ ഒരു പ്രൈവറ്റ് വേണാട് ബസ്സ് പെട്രോളിന്റെ വിലപോലെ തെക്കോട്ട്  നിർത്താതെ പാഞ്ഞുപോയി.

പരശുറാം എക്സ്പ്രസിലെ പാപം

ആയിരത്തിതൊള്ളായിരത്തി എൺപതുകളിലെ ഒരു മധ്യവേനൽ അവധി.

എറണാകുളത്ത് നിന്നും പെങ്ങളുടെ വീട്ടിൽപോയി, പരശുറാം എക്സ്പ്രസ് ട്രെയിനിൽ ചെങ്ങന്നൂർ സ്റ്റേഷനിലേക്ക് നടത്തിയ യാത്രയിൽ നടന്ന സംഭവമാണിത്. ജീവിതത്തിൽ ആദ്യമായി നടത്തിയ ട്രെയിൻ യാത്ര പക്ഷേ ഭീതിയുടെ ഓർമ്മശകലങ്ങൾ മാത്രമേ സമ്മാനിക്കുന്നുള്ളൂ.  കാതുകളിൽ ഇടിമിന്നൽ ശബ്‌ദമായും, കണ്ണുകളിൽ കുത്തിയാൽ അറിയാത്ത അന്ധകാരമായും ഹൃദയകോണുകളിൽ ഇന്നും കേൾക്കുന്ന പെരുമ്പറ മുഴക്കം!

ദീർഘയാത്രകൾ അധികം നടത്തിയിട്ടില്ലാത്ത കാലം. എന്നാൽ ഇത്തരമൊരു യാത്ര ഇനിയൊരിക്കലും നടത്താൻ ഇടയാകരുതേ എന്ന് മനസ്സ് പറഞ്ഞുപോയത് ഈ യാത്രയിൽതന്നെയാണ്..

ഞാനും മൂത്ത സഹോദരനും ഒന്നിച്ചാണ് ട്രെയിനിൽ ജനറൽ കമ്പാർട്ട് മെന്റിലേക്ക് കയറിയത്. ആദ്യ ട്രെയിൻ യാത്രയുടെ ത്രിൽ എന്നിൽ വന്ന് സ്ഥാനം പിടിച്ച സമയം. വീട്ടിൽ ചെന്ന് കൂട്ടുകാരോടൊക്കെ ട്രെയിൻ യാത്രാമാഹാത്മ്യം വർണ്ണിക്കുന്നത് ഓർത്ത് ഞാനിരുന്നു.

തീവണ്ടി കൂകിപ്പാഞ്ഞു പോകുമ്പോൾ സഹോദരൻ ട്രെയിനിൽ വച്ച് ഒരു പരിചയക്കാരനെ കണ്ടുമുട്ടി. എന്നെ അവിടെ ഇരുത്തിയിട്ട്  ചേട്ടൻ അയാളുടെ അടുത്തേക്ക് നടക്കുമ്പോൾ "എങ്ങും പോകരുത് ഇവിടെ തന്നെയിരുന്നോണം, ഞാൻ ഉടനെ വരാം" എന്ന് പറഞ്ഞാണ് പോയത്.

ഞാൻ ജനാലവഴി കണ്ണുകൾക്ക് പിടിതരാതെ ഓടിയകലുന്ന പച്ചപ്പിന്റെ ദൃശ്യചാരുതയിലേക്ക് നോക്കിയിരുന്നു.  കാഴ്ച്ച മടുക്കുമ്പോൾ കയ്യിലിരിക്കുന്ന ബോബനും മോളിയിലേക്കും കണ്ണുകൾ തിരിക്കും.

ട്രെയിനിൽ അധികമാരുമില്ല.  കാലിയായ കമ്പാർട്ട് മെൻറ്.

"മോൻ എവിടെ പോവുകയാ?" ശബ്‌ദം കേട്ടാണ് ഞാൻ തൊട്ടടുത്തിരുന്ന മധ്യവയസ്‌കനിലേക്ക് നോക്കിയത്. എൻറെ നോട്ടം അയാളിലേക്കെത്തിയപ്പോളെക്കും അയാളുടെ വലതുകരം എൻറെ തലമുടികളെ തഴുകാൻ തുടങ്ങി.

"ചെങ്ങന്നൂര് .." ഞാൻ പുഞ്ചിരിയോടെ മറുപടി നൽകി.

സുമുഖനും സുന്ദരനായ ഒരു മധ്യവയസ്‌കൻ. കട്ടിയുള്ള മീശ,  വൃത്തിയായി ധരിച്ചിരിക്കുന്ന ഷർട്ടും പാന്റും. കാഴ്ചയിൽ ഒരു സർക്കാർ ജോലിക്കാരന്റെ മട്ടുണ്ട്. അയാൾ എന്നെ ഇടതുകരം കൊണ്ട് ചേർത്തിരുത്തി.

ഒരു പരിചയവും ഇല്ലാതിരുന്നിട്ടും പാറിപ്പറക്കുന്ന എൻറെ തലമുടിയിഴകളിൽ അയാൾ തലോടിയപ്പോൾ എന്തോ ഒരു സന്തോഷം എന്നിൽ തിരയടിച്ചുകയറി.  എൻറെ മൂത്ത സഹോദരന്മാർ പോലും ഇത്ര സ്നേഹത്തോടെ എന്നോട് പെരുമാറിയിട്ടില്ലല്ലോ എന്നുപോലും ഞാൻ ചിന്തിച്ചു.

പരിജയക്കാരൻറെ അടുത്തേക്ക് ചേട്ടൻ പോയപ്പൾ ഒറ്റയ്ക്ക് യാത്ര എന്ന ഭീതി ആ മധ്യവയസ്കന്റെ തലയോടിൽ ഒരു നിമിഷമെങ്കിലും അകന്നുപോയി. അയാൾ എന്നെ ചേർത്തിരുത്തിയപ്പോൾ ആ ശരീരത്തുനിന്നും സിഗരറ്റിന്റെ ഗന്ധം എൻറെ മൂക്കിലേക്കിന്റെ മുമ്പിൽവന്ന് മുട്ടിവിളിച്ചു.

ഞാൻ ഒന്നും പറയാതെ വീണ്ടും ജനാലയിൽകൂടി പുറത്തേക്ക് നോക്കികൊണ്ടിരുന്നു. എന്ത് വേഗത്തിലാണ് മരങ്ങളും വീടും എല്ലാമെല്ലാം ട്രെയിനിന്റെ കട കട ശബ്ദത്തിനൊപ്പം ഓടിമാഞ്ഞുപോകുന്നത്?

അയാൾ എന്നെ ചേർത്ത് പിടിച്ചിരിക്കുകയാണ്. പരുപരുത്ത ആ വലതുകരം എൻറെ തലമുടിയിൽ തഴുകികൊണ്ടേയിരുന്നു. മെല്ലെ ആ പരുപരുപ്പ് എൻറെ കൺതടങ്ങളിലേക്കും പിന്നെ മൂക്കിന്റെ പാലത്തിലൂടെയും നീന്തി ചുണ്ടിലൂടെ താടിയിലേക്ക് ഊർന്നിറങ്ങി. ഞാൻ എതിർത്തില്ല. ചിരിക്കാൻ ശ്രമിച്ചു. അമ്മയിൽ നിന്ന് മാത്രം ഞാനനുഭവിച്ച തലോടൽ.

എന്നാൽ ആ തലോടൽ വീണ്ടും താഴേക്ക് നീണ്ടപ്പോൾ എന്നിൽ  ഭീതിയുടെ കടവാതിൽ ചിറകടിച്ച് പറന്നുവന്നു. ഇതൊരു സ്നേഹത്തിന്റെ തലോടൽ അല്ല! സ്നേഹസ്പർശം ഇങ്ങനെയല്ല! ഇത് കാമാത്തിന്റെ ഫണം വിടർത്തിയ നാഗമാണ്. അത് മെല്ലെ ഇഴഞ്ഞിഴഞ്ഞ് എൻറെ തുടയിലൂടെ നീങ്ങുകയാണ്.

ഞാൻ നിക്കാറാണ് ധരിച്ചിരിക്കുന്നത്. മുട്ടിനുമേൽ നഗ്നമായ എൻറെ തുടയിൽ ആ പരുപരുത്ത നാഗം ഇഴയുന്നു! ഏതോ ചെകുത്താൻ കോട്ടയിൽ ദുർമന്ത്രവാദിയുടെ മുന്നിൽ എത്തപ്പെട്ട് അത്യുച്ചത്തിൽ മുഴങ്ങുന്ന മന്ത്രധ്വനികൾ കേൾക്കുന്ന പോലെയോ  വെളിച്ചപ്പാടിന്റെ തുള്ളലിനൊത്ത് ചിതറിത്തെറിക്കുന്ന ചിലമ്പൊലിയോ പോലെയോ എന്തോ, എനിക്കപ്പോൾ അനുഭവിക്കേണ്ടിവന്നു.

എൻറെ തുടകളിൽ അയാൾ നുള്ളിനോവിക്കാൻ തുടങ്ങി. ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത ഒരുതരം പേടി എന്നെ വന്ന് ആവരണം ചെയ്‌തു. കാമവും, ലൈംഗികതയും ഒക്കെ ചിന്തിക്കുക പോലും ചെയ്യാനാകാത്ത പ്രായമായിരുന്നു എനിക്കന്ന്.

എന്നെ നോക്കി വീണ്ടും അയാൾ ചിരിക്കുന്നു.ആ ചിരി ഒരു ഭീകരജീവിയുടേതാണെന്ന് ഞാൻ അറിഞ്ഞു. നരകത്തിന്റെ വാതിലുകൾ തുറക്കുന്ന വികാരമാണെന്ന് കണ്ടു. എങ്കിലും ഒന്ന് ചലിക്കാൻ പോലും എനിക്കപ്പോൾ ആകുമായിരുന്നില്ല.  ഞാൻ ഒരു പ്രതിമകണക്കെയിരുന്നു പോയി.

ഫണം വിടർത്തിയ നാഗം എൻറെ തുടയിൽ നിന്നും മുകളിലേക്ക് ഇഴഞ്ഞ് നീങ്ങുകയാണ്.  എൻറെ രോമകൂപങ്ങൾ പേടിയോടെ ത്രസിച്ചുനിന്നു. ഭയം.. ഭയം മാത്രമായിരുന്നു അപ്പോൾ. അയാളുടെ പരുപരുത്ത കൈവിരലുകൾ ലക്ഷ്യസ്ഥാനത്തേക്ക് ചെന്നെത്തി. തൻറെ ചെയ്തികൾ വേറാരും കാണാതിരിക്കാൻ അപ്പോളേക്കും അയാൾ എന്നെ ചേർത്ത് പിടിച്ചിരുന്നു. സിഗരറ്റിൻറെ ഗന്ധം എത്ര രൂക്ഷമാണെന്ന് അന്ന് ഞാൻ അറിഞ്ഞു.

തൻറെ കൈ വിരലുകൾ എൻറെ തുടയിടുക്കിൽ എന്തൊക്കെയോ ചെയ്‌തു. നിക്കറിന്റെ സിബ്ബ്‌ അയാൾ തുറക്കാൻ ശ്രമിച്ചെങ്കിലും ഞാൻ ആ കൈ തട്ടിമാറ്റി. എങ്കിലും ആ കൈകൾ പിൻവാങ്ങിയില്ല. പോക്കറ്റിലൂടെ കൈയിട്ട് അയാൾ എന്നെ സ്പർശിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. എൻറെ കാലുമുതൽ തലവരെ പെരുത്ത് കയറി. നിർജീവാവസ്ഥ എന്താണെന്ന് അന്ന് ഞാൻ അറിഞ്ഞു.

പെട്ടെന്നയാളുടെ മുഖം എൻറെ കാതുകൾക്കടുത്തേക്ക് വന്നു.

"മോനെ ഞാൻ ഒത്തിരി വേദനിപ്പിക്കുന്നു.. അല്ലേ ?"

എനിക്കയാൾ പറഞ്ഞത് മനസ്സിലായില്ല. വേദന ശരീരത്തിലല്ലായിരുന്നു. മനസ്സിനായിരുന്നു. മുക്തിനേടാൻ കാലങ്ങളായിട്ടും കഴിയാത്ത വേദനയും അപകർഷതാബോധവും, പ്രതികാരബോധവും ആയിരുന്നു അന്ന് ആ പരുപരുത്ത കാകരങ്ങൾ തന്നത്.

ഞാൻ എത്ര തട്ടിമാറ്റിയിട്ടും അയാളുടെ കൈകൾ എന്നെ വലിഞ്ഞു മുറുക്കി. വലതുകരം എൻറെ പോക്കറ്റിൽ കുത്തിക്കയറ്റികൊണ്ടിരുന്നു.

പെട്ടെന്ന് ട്രെയിൻ ഏതോ സ്റ്റേഷനിൽ നിന്നു. അടുത്ത കംപാർട്ട്‌മെന്റിൽ നിന്നും എൻറെ സഹോദരൻ തിരികെ വന്നു. മുങ്ങിത്താഴാൻ പോകുമ്പോൾ പിടിവള്ളി കിട്ടിയപോലെ ഞാൻ ചാടിയെണീറ്റു. അതുകണ്ടതും ഫണം വിടർത്തിനിന്ന ആ നാഗത്തിന്റെ പത്തി താണു. എന്നെയും ചേട്ടനെയും മാറി മാറി നോക്കി ആ കാമഭ്രാന്തൻ മെല്ലെ അവിടെനിന്ന്  എണീറ്റ് വലിഞ്ഞു. ഉടനെത്തന്നെ അയാൾ കൺവെട്ടത്തിൽ നിന്നും അപ്രത്യക്ഷമാവുമാവുകയും ചെയ്‌തു.

"എന്താടാ.. എന്ത് പറ്റി??"   ചേട്ടൻറെ ചോദ്യത്തിന്  "ഒന്നൂല്ല.." എന്ന ഒറ്റമറുപടി മാത്രമേ ഞാൻ പറഞ്ഞുള്ളൂ.

ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിൽ എത്തുവോളവും, തിരികെ വീട്ടിൽ എത്തുമ്പോളും മനസ്സിൽ തീവണ്ടിയുടെ കൂകിപ്പായാൽ മുഴങ്ങിക്കൊണ്ടേയിരുന്നു. ഇന്നും തീവണ്ടിയുടെ ഒച്ച കേട്ടാൽ നേർത്ത ആ സ്വരം എൻറെ കാതിൽ മുഴങ്ങുന്നപോലെ തോന്നും

"മോനെ ഞാൻ ഒത്തിരി വേദനിപ്പിക്കുന്നു.. അല്ലേ ?"

പ്രതികരിക്കാനാകാത്ത ഇത്തരം ബാല്യങ്ങൾ എല്ലാ ആൺപെൺ കുട്ടികളുടെയും ജീവിതത്തിൽ ഉണ്ടാകാം. ഒന്നല്ല.. ഒട്ടനവധി. അവയൊക്കെ നമ്മളിൽ പകരുന്ന വേദനയും പാപബോധത്തിന്റെ വിത്തും കാലങ്ങൾക്കുപോലും ചിലപ്പോൾ തുടച്ചുനീക്കാനാകില്ല. വരൾച്ച മുരടിച്ച ഒരിത്തിക്കണ്ണി പോലെ അത് മനസ്സിൽ അങ്ങനെ മരിക്കാതെ പറ്റിപ്പിടിച്ച് കിടക്കും. 

Saturday, June 16, 2018

എന്നാലും എൻറെ കുക്രീ

ഗാന്ധിമുക്കിലെ സെന്റ് ജൂഡ് പള്ളിയുടെ വലിയ കുരിശിന്റെയും, സെന്റ് ജോർജ്ജ് പള്ളിയുടെ ചെറിയ കുരിശിൻറെയും ഇടയ്ക്കാണ് അതിലും വലിയ കുരിശുകൾ താമസിക്കുന്ന അടിയന്റെ കുപ്പപാട്. അവിടെ മൂവന്തിക്ക് ഈശോ മറിയം യൗസേപ്പേ വിളിച്ച്, കഞ്ഞീം പയറും മോന്തി ഉറങ്ങാൻ കിടക്കുമ്പോൾ ഒടേതമ്പുരാനാണെ ഓർത്തില്ല രാത്രി മൊത്തം വരാൻ പോകുന്ന അങ്കക്കലിക്ക് കർട്ടൻ പൊങ്ങാൻ പോകുവാണെന്ന്.

അതിന് കാരണം കുക്രീ എന്നൊരു സാധനമാണ്.

എന്താണ് കുക്രി? ഏതാണ് കുക്രി? സസ്‌പെൻസിന്റെ അഗാധതലങ്ങളിൽ കിടക്കുന്ന ആ സാധനം മുങ്ങിത്തപ്പി എടുക്കണമെങ്കിൽ ചുമ്മാ ബ്ലിങ്കസ്യാ എന്നിരിക്കാതെ കീഴോട്ട് വായിച്ച് നോക്കേണ്ടിവരും.

കഥയിലെ വില്ലത്തി അടിയന്റെ മൂന്ന് വയസ്സുള്ള  സന്താനമാണ്. ഈ സാധനത്തിനെ മാമൂട്ടി, വാവോ ചൊല്ലി ഉറക്കണം. അതിനു ശേഷം നാട്ടുനടപ്പ് അനുസരിച്ച് ഇത്തിരി നാട്ടുകാരുടെ കുറ്റവും കുറവും, വീട്ടുകാര്യവും, പിന്നെ കുറെ പാഴാങ്കം പറച്ചിലുമായി പെമ്പറന്നോർക്ക് കാതുകൊടുക്കണം. പകരം ചില അൺപാർലമെന്ററി അല്ലാത്ത തൊട്ട്തലോടലും, ഇച്ചിരി ലഡ്ഡുവും ജിലേബിയും പൊതിഞ്ഞ വാക്കുകളും ഒക്കെ ഞാൻ തിരികെ കൊടുക്കുകയും ചെയ്യും. അങ്ങനെ ലൈല മജ്‌നുവും, രാധ-കൃഷ്‌ണനും ഒക്കെയാകാൻ അദമ്യമായ ത്വര നിറഞ്ഞുനിൽക്കുന്ന സമയം.

കാര്യം ഇതൊക്കെയാണെങ്കിലും നമ്മുടെ ലുട്ടാപ്പികൊച്ച് ഉറങ്ങുമോ? വടക്കോട്ട് പോകാൻ നിൽക്കുമ്പോൾ തെക്കോട്ട് വണ്ടി എന്ന മട്ടാണല്ലോ ഈ കുട്ടിച്ചെകുത്താന്മാർക്കെല്ലാം. ഇത് കാരണം ഞങ്ങളുടെ പാർലമെന്ററി ഇടപാടുകൾക്ക് വിഘ്‌നം സംഭവിച്ചു എന്ന് പ്രേത്യേകിച്ച് പറയണ്ടായല്ലോ.

വിഘ്‌നേശ്വരൻ എന്ന പേരുതന്നെ ഗണപതിക്ക് വരാൻ കാരണം  കുട്ടിച്ചെകുത്താനായി സ്വന്തം അപ്പനാർക്കിട്ട് വഴിമുടക്കി നിന്ന പോലുള്ള സംഭവങ്ങൾ ആണല്ലോ. പാർവതി അമ്മ കുളിക്കടവിൽ നിൽക്കുമ്പോൾ പാമ്പിനേം തോളിൽ തൂക്കി, തലയിൽ കലിപ്പടിച്ച് നിൽക്കുന്ന ഗംഗയെയും ഒതുക്കി, ചാരവും ഭസ്‌മവും വാരിപ്പൂശി, ഒരുമാതിരി ഫാൻസിഡ്രസ്സിന് പോകുന്ന മട്ടിൽ വരുന്ന ഇതിയാനെ ഗണപതിയല്ല ഈ നമ്മളായാലും കേറ്റിവിടുമോ? ഇതിപ്പോ ഒന്ന് രണ്ട് വർഷത്തെ പ്രവാസത്തിന് ശേഷം അത്തറും പൂശി പെട്ടീം പിടിച്ച് വരുന്ന ഉഗ്രൻ ഗൾഫ്‌കാരനെ കണ്ട്  ചൊറിഞ്ഞോണ്ട് പിള്ളാരുവന്ന് ഇടങ്കോലിടുന്ന ഇടപാടുപോലെ ഒന്നായിപ്പോയി ഗണപതിയുടേത്.  ചെറഞ്ഞു നിൽക്കുന്ന ചെറുക്കനെ നോക്കി തൃക്കണ്ണ് തുറന്ന് 'ഈ ലോകം അങ്ങ് പണ്ടാരമടക്കിയാലോ' എന്ന്  സത്യത്തിൽ കൈലാസനാഥന് തോന്നിയതാ. എന്നാൽ അതിന് മുതിരാതെ കലിപ്പ് മൂത്ത് ശിവൻ കൊച്ചുചെറുക്കന്റെ തലയങ്ങ് എടുക്കുകയും, അത് കണ്ട് പാർവതി നെഞ്ചത്തടിച്ച് കീറിവിളിച്ചപ്പോൾ അതുവഴി പോയ നല്ല ഒന്നാന്തരം ആനയുടെ തല വെട്ടിയെടുത്ത് സൂപ്പർഗ്ലൂ വച്ച് ഒട്ടിച്ച് ബ്രഹ്‌മാവിന് പോലും തിരിച്ചറിയാൻ പറ്റാത്തപോലെ ഫിറ്റു ചെയ്തുകൊടുത്ത കഥ നാട്ടിൽ പാട്ടാണല്ലോ. ഏതാണ്ട് അന്ന് പരമശിവന് വിഘ്‌നം വരുത്തിയ ഗണപതിയെപോലെ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന സന്താനത്തിനെ എന്തേലും ചെയ്യാനൊക്കുമോ? ഉടനെ കീറിവിളിച്ച് ഭൂലോകം മുഴുവനും  ഇളക്കില്ലേ?

ആവശ്യം സൃഷ്ടിയുടെ മാതാവ് എന്നറിയാവുന്ന അവളുടെ മാതാവ് 'വാവോ, വാവാവോ..' ചൊല്ലി പെണ്ണിനെ ഒരുവിധത്തിൽ ഉറക്കി. അന്ധകാരത്തിൽ കറണ്ട് അഫ്‌യേഴ്‌സ് സംപ്രേഷണം പെണ്ണുമ്പുള്ള  തുടങ്ങിയതും ദാണ്ടെടാ  ഉറക്കത്തിൽ നിന്നും പെങ്കൊച്ച് ചാടി ഒറ്റ എണീക്കൽ! എണീറ്റതും ഏതോ മാരക സ്വപ്നം കണ്ടപോലെ ഒറ്റയിരുപ്പ്.  എന്നിട്ട് ഇട്ടാ ഇർറോ എന്നൊരു കരച്ചിൽ. എന്നുവച്ചാൽ നമ്മുടെ മുപ്പല്ലപെരിയാർ തുറന്നുവിട്ട പ്രതീതി.

"എന്തവാടി ..? കീറാതെ കാര്യം പറ കൊച്ചെ.." ആറ്റിങ്ങൽ ദേശാഭിമാനിയുടെ ഡ്രാമാസ്കോപ്പ് നാടകം നടക്കുമ്പോൾ സ്റ്റേജിലും പരിസരത്തുമുള്ള ദീപാലങ്കാരങ്ങൾ ഓൺചെയ്ത് മുടക്കം വരുത്തിയ പോലെ ഭാര്യ ഓടിച്ചെന്ന് ലൈറ്റിട്ടു. വീട്ടിൽവന്ന് നല്ല വെളുക്കെ ചിരിച്ച്, തങ്കലിപികളിൽ എഴുതിയ കല്യാണക്കുറിയും തന്നിട്ട്  മുട്ടൻ അംബാസിഡർ കാറും പിടിച്ച് കല്യാണത്തിന് ചെന്നപ്പോൾ ഹാളിൽ കസേരയില്ല എന്നവസ്ഥയിൽ ആയിപ്പായി എൻറെ കാര്യം. കീറിവിളിക്കുന്ന പെങ്കൊച്ചിനെയും അതിനെ വഷളാകുന്ന തള്ളയേയും മനസ്സിൽ പൂരപ്പാട്ട് പാടി രണ്ടിനേം അറബിക്കടലിൽ കൊണ്ട് തള്ളാനുള്ള ദേഷ്യത്തിൽ ഞാനിരുന്നു.

"എന്താടീ... വയറു വല്ലോം വേദനിക്കുന്നോ?"  വയറ്റിൽ തടവി ഇരിക്കുന്ന കൊച്ചിനെ കണ്ടാണ് വെളിവുവീണപോലെ ഭാര്യയുടെ  ചോദ്യം. ഒപ്പം കുട്ടിച്ചെകുത്താന്റെ വയറും തടവികൊടുക്കാൻ തുടങ്ങി. ചെറഞ്ഞു നിൽക്കുന്ന പെണ്ണ് അപ്പോൾ തള്ളയുടെ കയ്യിൽ ഒറ്റ തട്ട്. എന്നിട്ട് തന്റെ പ്രശ്‌നം അവതരിപ്പിച്ചു.

"അമ്മാ.. നിക്ക് കുക്രി മേണം.."

കുക്രിയോ? ഞാൻ ഒന്നമ്പരന്നു.  കുക്രി??!!  ഇതെന്ത് സാധനം? ഇനി വല്ല കുക്കറും ആണോ? മണ്ണാപ്പോം ചിരട്ടയും ഒക്കെ മാറി ആൻഡ്രോയിഡ് കാലമല്ലേ? ഒരു സംശയം.

"കുക്കറോ .. അതെന്തിനാടീ.." പകുതി ദേഷ്യത്തിലും പകുതി തഞ്ചത്തിലും ഞാൻ ചോദിച്ചു. അത് കേട്ട് 'പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം?' എന്ന മട്ടിൽ ഭാര്യ എന്നെ ഒരു നോട്ടം.

"അല്ല.. കുക്രി ... നിക്ക് കുക്രി  മേണം"

"കുക്കറിയോ... അതെന്തു കുന്തമാ പെണ്ണേ ..?" പെണ്ണുമ്പുള്ളയ്ക്കും അരിശം കേറിവന്നു. ഇതിപ്പോ കൂടുതൽ പ്രകോപിപ്പിക്കാൻ പോയാൽ  കൂടുതൽ കീറിവിളിച്ച് മനസ്സിൽ പ്ലാൻ ചെയ്‌ത പാർലമെന്റേറിയൻ ഇടപാടുകൾ എല്ലാം കുളമാക്കും. എന്തേലും പറഞ്ഞ് രണ്ടിനേം ആശ്വസിപ്പിക്കേണ്ടിയിരിക്കുന്നു.

എൻറെ മനസ്സറിഞ്ഞോ എന്തോ, ഭാര്യ കൊച്ചിനെ തോളിൽ എടുത്തിട്ടു. വേതാളത്തെ തോളിലിട്ട വിക്രമാദിത്യനെ എനിക്കപ്പോൾ ഓർമവന്നു. അപ്പോൾ അണ്ടടാ പെണ്ണ് വീണ്ടും അലച്ചു വിളിച്ച് കരയാൻ തുടങ്ങി.

"അമ്മാ.. കുക്രി .. കുക്രി മേണം .."

"ഈ കുക്രി പുക്രി എന്നൊക്കെ പറഞ്ഞാൽ എന്തോ കുന്തമാ?" പെണ്ണുമ്പുള്ള തനിക്കൊണം പുറത്തെടുക്കുവാനുള്ള പുറപ്പാടാണെന്ന് തോന്നുന്നു. ഇതിപ്പോ രണ്ട് പെണ്ണുങ്ങളായി അവരുടെ പാടായി എന്ന് ചിന്തിച്ച് ഞാനിരിക്കുമ്പോൾ ഒരാക്രോശം.

"നിങ്ങളിവിടെ കൊച്ച് കീറിവിളിക്കുമ്പോൾ ഏത് എന്താനിച്ചിയെ ഓർത്തിരിക്കുവാ..? ഇതിനെ ഒന്ന് ആശ്വസിപ്പിക്കാൻ നോക്ക്.."

ദൈവമേ! കാര്യം പോയ പോക്ക് കണ്ടോ? ഏക പത്‌നിവൃതക്കാരനായ എന്നോടാണ് ഈ വേണ്ടാതീനം പറയുന്നത്!  പെട്ടന്ന് പ്രൊആക്ടീവ് ആയില്ലെങ്കിൽ ഇനിയും ഇതുമാതിരി ചൊറിയണത്തിന്റെ ഇലതേച്ച വാക്കുകൾ മഹതി വിളമ്പും. ഞാൻ ചാടി എണീറ്റു.

"പപ്പയുടെ പൊന്നുമോൾ അല്ലേ ...?  കിടന്നുറങ്ങിയേ. അപ്പാ നാളെ മുട്ടായി മേടിച്ച് തരാം" അത് കേട്ടപ്പോൾ തന്നെ ഒരുമാതിരി ഓഞ്ഞ ഇലക്ഷൻ മാനിഫെസ്റ്റോ കാണ്ടമാതിരി പെണ്ണ് ചെറഞ്ഞ് എന്നെ ഒരു നോട്ടവും ഒരു മറുപടിയും.

"മാണ്ട ... നിക്ക് കുക്രി മതി.. കുക്രി .."

എൻറെ പുതുപ്പള്ളി പുണ്യവാളാ! ഈ കുക്രി  എന്ത് സാധനമാണ്? ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. അതുമായി സാമ്യം വരുന്ന പല സാധനങ്ങൾ പറഞ്ഞു നോക്കി. എല്ലാത്തിനും "അയല്ല .." എന്ന കരച്ചിൽ ലയിപ്പിച്ച് ചേർത്ത മറുപടി മാത്രം.

"പെണ്ണേ കൂടുതൽ വെളച്ചിലെടുത്താൽ നല്ല കീച്ച്‌ ഞാൻ വച്ചുതരും പറഞ്ഞേക്കാം... പാതിരാത്രി മനുഷ്യനെ ഒറക്കത്തില്ലല്ലോ" ഇതും പറഞ്ഞ് കൊച്ചിന്റെ അമ്മ അടിക്കാൻ കൈ ഓങ്ങി. കൊച്ചുണ്ടോ കേൾക്കുന്നു?

കളിപ്പാട്ടം, ടി.വി, മൊബൈൽ.. എന്നുവേണ്ട വീട്ടിലുള്ള സകലമാന സ്ഥാപര ജംഗമ വസ്തുക്കളുടെയും പേര് പറഞ്ഞിട്ടും നോ രക്ഷ. ഇനിയിപ്പോ എന്ത് ചെയ്യും?

"നിക്ക് കുക്രി മേണം .. കുക്രി .."

ഇതിപ്പോ പാതിരാത്രി കഴിഞ്ഞപ്പോൾ എന്ത് കുന്തം കൊണ്ട് കൊടുക്കും? ഞാനും ഭാര്യേം തമ്മിൽ തമ്മിൽ  ചീത്ത പറഞ്ഞിട്ട് കാര്യമില്ല എന്ന സത്യം മനസ്സിലാക്കി. കുട്ടിച്ചെകുത്താന്റെ വായടയ്ക്കാൻ എന്ത് ചെയ്യണം എന്ന് ചിന്തിച്ചങ്ങനെ നിന്നു. അപ്പോൾ പെങ്കൊച്ച് തോളത്തുനിന്നും ഉരുണ്ട് പിരണ്ട്‍ ചാടി താഴെയിറങ്ങി. താഴോട്ടിരുന്ന് ഭഗവതപാരായണം പൂർവാധികം ശക്തിയിൽ തുടർന്നു.

ഇതിനി ഏതേലും കോഡ് ഭാഷയാണോ? അതായത് അനാഗ്രാം?  ഡാവിഞ്ചി കോഡ് സിനിമയും ആനഗ്രാം പൊളിക്കുന്ന റോബർട്ട്  ലാംഗ്ടണും മനസ്സിലേക്ക് ഓടിവന്നു. പക്ഷേ ഇതെന്തോന്ന് ആനഗ്രാം?

"മോനേ .. കുക്രി എന്ന് വച്ചാൽ മുട്ടായി ആന്നോ?"
"അല്ല"
"പാപ്പമാണോ?"
"അല്ല"
"ടോയ്‌സ് ആണോ?"
"അല്ല"
"കാർട്ടൂണാണോ?"
"അല്ലെന്ന്..." പെങ്കൊച്ചിന് കട്ട കലിപ്പായി കയ്യും കാലും തറയിൽ ഇട്ടടിക്കാൻ തുടങ്ങി.

"പിന്നെന്തോ കുന്ത്രാണ്ടമാടീ..? ദാണ്ടേ പാതിരാത്രി കുക്രി പുക്രി എന്നൊക്കെ പറഞ്ഞു കിടന്ന് കീറിയാൽ ചന്തിയടിച്ച് പൊട്ടിക്കും പറഞ്ഞേക്കാം.."

തുള്ളപ്പനി പിടിച്ചു നിൽക്കുന്ന കൊച്ചിനോടാണ് വലിയ ചാണക്യ തന്ത്രവുമായി ചെല്ലുന്നത്?  ഇതുകണ്ട് ഞാൻ തഞ്ചത്തിൽ കൊച്ചിന്റെ അടുത്ത് ചെന്നു.

"കൂട്ടൂ .. മോന് ഈ കുക്രി എന്താണെന്ന് അറിയാമോ?"
"ഉം.. മറിയാം.."
"എന്നാൽ പിന്നെ മോനോന്ന് പറഞ്ഞേ .. അപ്പ ഇപ്പൊ എടുത്ത് തരാം"

"കുക്രീന്ന് ച്ചാ  കുക്രീ.. നിക്ക് കുക്രി മാണം"

ഞാൻ ദയനീയമായി പൊണ്ടാട്ടിയെ ഒന്ന് നോക്കുക മാത്രം ചെയ്‌തു.

"കുക്രി എവിടാ ഇരിക്കുന്നെ.. മോനോന്ന് പറഞ്ഞേ" ഞാൻ കപട സ്നേഹം പുറത്തെടുത്തു.

അതിന് അവൾ അടുക്കളയിലേക്ക് ചൂണ്ടികാണിച്ചു. ഭാഗ്യം. പെണ്ണിനെ പൊക്കിയെടുത്ത് അടുക്കളയിലേക്ക്  ഞാൻ കൊണ്ടുചെന്നു. രാത്രിയിലെ ഓരോ പങ്കപ്പാട് നോക്കണേ!  ശ്രീമതിയും ഞങ്ങളുടെ പിന്നാലെ അടുക്കളയിലേക്കെത്തി. എൻറെ പൊന്നു കുക്രീ.. നിന്നെയൊന്ന് നേരിട്ട് കാണട്ടെ എന്ന മട്ടിലാണ് ശ്രീമതിയുടെ വരവ്.

അടുക്കളയിൽ എത്തിയതും പെങ്കൊച്ച് അലമാരിയിലേക്ക് കൈ ചൂണ്ടി. ദൈവത്തിന് സ്തോത്രം. ഉടനെ ഭാര്യ ഓടിച്ചെന്ന് അതിനകത്തിരിക്കുന്ന ഓരോ സാധനവും തൊട്ടുകാണിക്കാൻ തുടങ്ങി. "ല്ല ... ല്ല ... ല്ല .." ഓരോ സാധനവും തൊട്ടുകാണിക്കുമ്പോൾ കരച്ചിലും നിരസിക്കലും ഒന്നുപോലെ.

അവസാനം ഒരു ഡപ്പയിൽ തൊട്ടപ്പോൾ പെങ്കൊച്ചിന്റെ മുഖം എലി പുന്നെല്ലുകണ്ടപോലെ വികസിച്ചു. കരച്ചിൽ സ്വിച്ചിട്ടപോലെ നിന്നു. ദൈവമേ.. ഈ സാധനമാണോ കുക്രി? ഞാൻ അമ്പരന്നു.

അങ്ങനെ കുക്രി കണ്ടെത്തി! വലിയൊരു അന്താരാഷ്ട്ര പ്രശ്‌നത്തിന്  പരിഹാരവുമായി. ഭാര്യ പകുതി ചിരിയും പകുതി ദേഷ്യവുമായി കുക്രി ഒരു പിഞ്ഞാണത്തിൽ ഇട്ട് കിടക്കമുറിയിലേക്ക് നടന്നു. പിന്നാലെ ഞാനും.

കുക്രി എന്ന അതുഭുത വസ്തുവിലേക്ക് ഞാൻ  കണ്ണെടുക്കാതെ നോക്കിനിന്നു. ഈ കുക്രി എന്താണെന്നറിയാമോ? നമ്മുടെ മിക്സ്ച്ചർ.  നുമ്മ ആണുങ്ങൾ കീടം അടിക്കുമ്പോൾ ടച്ചിങ്‌സ് ആയും പെണ്ണുങ്ങൾ ചുമ്മാതെയും കൊറിക്കുന്ന സാധനം.. മിക്സ്ചർ!!

അന്ന് പാതിരാത്രി കുക്രിയും വാരിത്തിന്ന് വെള്ളവും കുടിച്ച് അരുമസന്താനം ഉറങ്ങിയപ്പോൾ  ഞാൻ ചെന്ന് ലൈറ്റ് കെടുത്തി. സമയം ഒരുമണി കഴിഞ്ഞിരിക്കണം. ഇനിയിപ്പോ ഇടയ്ക്ക്  വച്ച്  നിന്നുപോയ ആറ്റിങ്ങൽ ദേശാഭിമാനിയുടെ നാടകം തുടരാം എന്ന് കരുതി ഞാൻ പ്രിയതമയുടെ കരം കവർന്നു.

ഇന്നാ പിടിച്ചോ എന്നമട്ടിൽ പെണ്ണുമ്പുള്ള ദണ്ഡേടാ എൻറെ കൈ പിടിച്ച് ഒരേറ്!!  എന്നിട്ട് വെളിപാട് പോലെ ഒരു മൊഴിയലും.

"കേറിക്കിടന്ന് ഉറങ്ങാൻ നോക്കിയേ... പാതിരാത്രി കഴിഞ്ഞു.. പെണ്ണിന്റെ കുക്രി കഴിഞ്ഞു.. ഇനി അപ്പൻറെ മുക്ര..പോ"  ഇതും പറഞ്ഞ് കൊച്ചിനെ കെട്ടിപിടിച്ച്  ആലുവാ മണപ്പുറത്ത് കാണാത്തപോലെ അവൾ തിരിഞ്ഞൊരു കിടപ്പ്!

എന്നാലും എൻറെ പൊന്നു കുക്രീ....!  മാങ്ങയണ്ടി കളഞ്ഞുപോയ അണ്ണാനെപ്പോലെ ഞാൻ പുതപ്പിനുള്ളിലേക്ക് വലിഞ്ഞു കയറി. എൻറെ സന്താനം മലയാള ഭാഷയിലേക്ക് സംഭാവന ചെയ്‌ത കുക്രി എന്ന പദം മനസ്സിലോർത്ത് 'ഇനിയിപ്പോ എന്നാ ചെയ്യാനാ?' എന്ന് മനസ്സിൽ ചോദിച്ച്  രണ്ട് മൂന്ന് അൺ പാർലമെന്ററി വാക്കുകളും മനസ്സിൽ പറഞ്ഞ് ഞാനങ്ങനെ കിടന്നു. ഉറക്കം വരുവോളം.

Sunday, June 10, 2018

അപകടം വിരൽത്തുമ്പിൽ !

നിങ്ങളെ ആരെങ്കിലും ഹാക്ക് ചെയ്തിട്ടുണ്ടോ?  അല്ലെങ്കിൽ ഹാക്ക് ചെയ്യപ്പെടാൻ നിങ്ങൾ നിന്നുകൊടുത്തിട്ടുണ്ടോ?

സുരക്ഷിതമായി നാലുചുവരുകൾക്കുള്ളിൽ നാം വാഴുന്ന സോഷ്യൽ മീഡിയ, അപകടങ്ങളുടെയും ദുർമാർഗ്ഗികളുടേയുംകൂടി കൂത്തരങ്ങാണെന്ന് ഓർത്തിരിക്കുന്നത് നന്ന്. വിശ്വാസമില്ലെങ്കിൽ എൻറെ കഥ കേൾക്കൂ.

ഇത് എനിക്ക് സംഭവിച്ച കഥ. നാളെ നിങ്ങൾക്കും സംഭവിക്കാവുന്ന കഥ.


രാത്രി പത്തുമണി കഴിഞ്ഞിട്ടുണ്ടാകും. ദുബായ് ഊദ് മേത്തയിലെ സെൻറ് മേരീസ് പള്ളിയിൽനിന്നും കുർബാന കഴിഞ്ഞ് തിരികെ ഖിസൈസിലുള്ള താമസസ്ഥലത്തേക്ക് ഞാൻ മെട്രോ ട്രെയിനിൽ യാത്ര ചെയ്യുകയാണ്.

ട്രെയിനിൽ പകലിൻറെ ഭ്രാന്താവേശം ഒക്കെ കെട്ടടങ്ങിയ ശാന്തത നിറഞ്ഞ യാത്ര. സീറ്റുകൾ പകുതിയോളം കാലിയായാണ്. ഇളം നീലനിറം പരന്ന ബോഗിക്കുള്ളിലെ കടുംനീലനിറത്തിലുള്ള സീറ്റിൽ ഞാനിരുന്നു.   ഇടയ്ക്കിടെ പബ്ലിക് അഡ്രസ് സിസ്റ്റത്തിലൂടെ മുഴങ്ങുന്ന സ്റ്റേഷനുകളുടെ പേരുകൾ കേട്ട് ഒന്നും ചെയ്യാനില്ലാതെ ഒരിരുപ്പ്.

ഫേസ്‌ബുക്ക് ഒന്ന് നോക്കിയേക്കാം. ഫോണിൻറെ ഡിസ്‌പ്ലേയിൽ നീലനിറത്തിൽ വെള്ളപൂശി കിടക്കുന്ന 'എഫ്‌' ഐക്കണിലേക്ക് ഞാൻ വിരൽതൊട്ടു. ലോകത്ത് ആവശ്യത്തിനും അനാവശ്യത്തിനും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കാണ് 'എഫ്‌'.  ഓഫീസുമുതൽ നിത്യജീവിതത്തിൽ വരെ സന്തോഷത്തിനും, സന്താപത്തിനും, ക്രോധത്തിനും, ക്ഷോഭത്തിനും എന്നല്ല എല്ലാ വികാരങ്ങളും മരം വെട്ടുമ്പോൾ തെറിക്കുന്ന ചീളുകൾ പോലെയുള്ള തെറിച്ചുവരുന്ന വാക്കാണല്ലോ 'എഫ്‌'.

എൻറെ തൂവൽസ്പർശത്തിൽ ഫോൺ ഡിസ്‌പ്ലേയിൽ നിന്നും ഫേസ്‌ബുക്ക് ഉയിർത്തെഴുന്നേറ്റു. തലോടി, തലോടി താഴോട്ട് പോകുമ്പോൾ പെട്ടെന്ന് സംഭവം നിശ്ചലമായി. വെള്ളിക്കോടാലിയുമായി ദേവത പ്രത്യക്ഷപെടുംപോലെ ഒരു മെസ്സേജ് പ്രത്യക്ഷപെട്ടു.

"നിങ്ങളുടെ പാസ്‌വേഡ് നൽകുക"

ഞാൻ ഒന്നത്ഭുതപെട്ടുപോയി. ഇതെന്ത് കൂത്ത്? ഇതിപ്പോൾ സുക്കർബർക്ക് പാതിരാത്രിയിൽ എന്തിനാണ് പാസ്സ്‌വേർഡ്‌ ചോദിക്കുന്നത്? ഓർമ്മയെ തിരികെവിളിച്ച് പാസ്സ്‌വേർഡ്‌ എന്ന രഹസ്യം അടിച്ചുകൊടുത്തു. എന്നിട്ട് കണ്ണുകൾ മൊബൈലിലേക്ക് ആണിയടിച്ച് തറച്ച് നിർത്തി.

മുഖപുസ്തകം കറങ്ങിക്കറങ്ങി നിൽക്കുന്നു. അമേരിക്കയിലെ കാലിഫോർണിയയിൽ എവിടെയോ ഇരിക്കുന്ന ഫേസ്‌ബുക്ക് സർവർ എൻറെ പാസ്‌വേഡ് സ്വീകരിക്കുകയാണ്. ആണിയടിച്ച് നിർത്തിയ എൻറെ  നോട്ടത്തിനെ അത്ഭുതപരതന്ത്രമാക്കി മറുപടി ഉടനെ വന്നു.

"നിങ്ങൾ നൽകിയ പാസ്‌വേഡ് തെറ്റാണ്" !!??

തെറ്റോ? ഞാൻ അവിശ്വസനീയതയോടെ എന്നോടുതന്നെ ചോദിച്ചു. ഒരിക്കലുമില്ല. വീണ്ടും ഒരിക്കൽക്കൂടി പാസ്‌വേഡ് അടിച്ചുകൊടുത്തു.

"തെറ്റായ പാസ്‌വേഡ്!!"

ഈശ്വരാ..! പള്ളിയിൽനിന്നും പുറത്തിറങ്ങിയപ്പോളേ ദൈവം പണി തന്നല്ലോ. ഒന്നും രണ്ടുമല്ല, വീണ്ടും പലവട്ടം ഞാൻ ശ്രമിച്ചു. നോ രക്ഷ!  അവസാനം നിരാശയുടെ കമ്പളം മുഖത്തേക്ക് വലിച്ചിട്ട് ഞാൻ മൊബൈൽ പോക്കറ്റിലേക്ക് നിക്ഷേപിച്ചു.

എന്താണ് സംഭവിച്ചത്? കുഴപ്പം എൻറെ പാസ്സ്‌വേർഡിനെയോ മൊബൈലിന്റെയോ അല്ല. പിന്നെ? സംശയത്തിൻറെ മുൾമുനകൾ മനസിലേക്ക് പൊന്തിവരാൻ തുടങ്ങി. ഇതുവരെ സംഭവിക്കാത്ത ഒന്നാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്.

എൻറെ മൊബൈൽ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു !!

മനസ്സിൽ തോന്നിയത് സത്യമോ അതോ മിഥ്യയോ എന്ന് ചിന്തിച്ചുറപ്പിക്കുമ്പോളേക്കും ട്രെയിൻ എനിക്കിറങ്ങേണ്ട ദുബായ് എയർപോർട്ട് ഫ്രീ സോൺ സ്റ്റേഷനിൽ എത്തി. സ്റ്റേഷനിൽ നിന്നും ദേഷ്യത്തോടും തെല്ല് വിഷമത്തോടും ഞാൻ പുറത്തിറങ്ങി. എന്റേത് മാത്രം എന്ന് കരുതിയിരുന്ന ഒന്ന് വേറൊരാൾ അപഹരിച്ചതിലാണ് ദേഷ്യം. വിഷമമാകട്ടെ, പതിറ്റാണ്ടിലേറെയായി മനസ്സിൽ തോന്നുന്നത് ഒക്കെ കുറിച്ചുവെക്കാൻ ഒരിടം ഉണ്ടായിരുന്നത് പെട്ടെന്ന് നഷ്ടമായത്തിന്റേതും.

മുറിയിലെത്തി ആദ്യം ചെയ്തത് ലാപ്ടോപ് ഓൺചെയ്ത് ഫേസ്‌ബുക്കിൽ കയറുകയായിരുന്നു. പാസ്സ്‌വേർഡ് ഉടനെ മാറ്റി. അന്നേദിവസം എൻറെ ഫേസ്‌ബുക്കിൽ നടന്ന ആക്ടിവിറ്റീസ് ഒക്കെ ചെക്ക് ചെയ്‌തു.  അപ്പോൾ കണ്ട ഒരുകാര്യം എന്നെ അതുഭുതപെടുത്തികളഞ്ഞു.

ദുബായിൽ ഞാൻ ഫേസ്‌ബുക്കിൽ ഇരിക്കുന്ന ആ സമയത്തുതന്നെ മറ്റൊരു എമിറേറ്റായ അജ്‌മാനിൽ ആരോ എൻറെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ കയറി ഇരിക്കുന്നുണ്ട്!!??

ക്ഷിപ്രം ഞാൻ ഇപ്പോൾ ഇരിക്കുന്ന ലാപ്ടോപ് ഒഴികെ എല്ലാ ഡിവൈസുകളിൽനിന്നും ഫേസ്‌ബുക്ക് ലോഗ്ഓഫ് ചെയ്‌തു. കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യുകയും മൊബൈലിൽ നിന്നും അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യുകയും ചെയ്‌തു. മൊബൈലിലെ പുതിയ ഫേസ്‌ബുക്കിലേക്ക് കയറാൻ പാസ്‌വേഡ് ഞാൻ അടിച്ചു.

"തെറ്റായ പാസ്സ്‌വേർഡ്!"

അവിശ്വനീയം! ഒരു മിനിറ്റ് മുമ്പ് മാത്രമാണല്ലോ ലാപ്ടോപ്പിൽ പാസ്സ്‌വേർഡ് മാറ്റിയത്. എന്നിട്ടെന്താ ഇതിങ്ങനെ? ഞാൻ വീണ്ടും ലാപ്ടോപ്പിലേക്ക് തിരിഞ്ഞു. പാസ്‌വേർഡ് അടിച്ചുനോക്കി. കുഴപ്പമില്ല. ഫേസ്‌ബുക്ക് ലോഗോൺ ആകുന്നുണ്ട്. അതേ പാസ്‌വേർഡ് മൊബൈലിൽ സ്വീകരിക്കുന്നില്ല!

ലാപ്ടോപ്പിൽ പ്രൈവസി സെറ്റിങ്‌സ് എല്ലാം ഒന്നുകൂടി ശക്തമാക്കി, ആവശ്യമില്ലാത്ത വിവരങ്ങൾ എടുത്തുകളഞ്ഞു. മൊബൈലിൽ തൽക്കാലം മുഖപുസ്തകം ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ച് അതിശക്തമായ ഒരു പുതിയ പാസ്‌വേർഡും നൽകി ഞാൻ ലാപ്ടോപ്പ് ഓഫ്‌ചെയ്‌തപ്പോൾ രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു.

അടുത്ത ദിവസം നാട്ടിലേക്ക്  പോവുകയാണ്. തിരക്കിൻറെ തിരശീല തുടികൊട്ടി ഉയരുകയും, സോഷ്യൽ മീഡിയ ഒക്കെ അനാവശ്യമായിത്തീരുകയും ചെയ്യുന്ന അവധിദിവസങ്ങൾ.

അവധി കഴിഞ്ഞ് തിരികെ ദുബായിലെത്തിയപ്പോൾ ഞാൻ മൊബൈലിൽ എല്ലാ ആപ്പുകളും അപ്‌ഡേറ്റ് ചെയ്‌തു.ഏകദേശം ഒരുമാസത്തെ ഇടവേളക്ക് ശേഷം വീണ്ടും ഞാൻ ഫേസ്‌ബുക്ക് ഇൻസ്റ്റാൾ ചെയ്‌തു. തെല്ലൊരു ഭീതിയോടെ 'എഫ്‌' ഐക്കൺ ക്ലിക് ചെയ്‌തു. യൂസർ നേമും പാസ്‌വേർഡും നൽകി ഞാൻ നോക്കിയിരുന്നു. എന്താണിനി സംഭവിക്കാൻ പോകുന്നത് എന്നൊരു ആകാംഷ.

ഭാഗ്യം! എൻറെ മുഖപുസ്തകം മൊബൈലിൽ ഫീനിക്‌സ് പക്ഷിയെപ്പോലെ ചിറകടിച്ചു.

ഒരു വലിയ തലവേദന ഒഴിഞ്ഞ സന്തോഷം എന്നിലേക്ക് ഓടിവന്നു.

ഈ ഒരു  സംഭവം എൻറെ കണ്ണുകൾ തുറപ്പിക്കുന്നതായിരുന്നു. നമ്മുടെ സുരക്ഷിത ഇടങ്ങളിൽ ഇരുന്ന് നാം നടത്തുന്ന ഓരോ ചലനവും പലരും നിരീക്ഷിക്കുന്നുണ്ടെന്ന സത്യം കേട്ടിട്ടുണ്ടെങ്കിലും ഞാനത് അറിഞ്ഞു. ദുബായിൽ എൻറെ ലാപ്ടോപ്പിൽ ഇരുന്ന്  ഗ്രാമത്തിലെ വീട്ടിലുള്ള കമ്പ്യൂട്ടർ നിയന്ത്രിക്കാൻ എനിക്ക് പറ്റുന്ന കാലമാണ്. എൻറെ വീടിൻറെ പുറംവാതിക്കൽ ഒരു സി. സി. ടി. വി. ഘടിപ്പിച്ച് ദുബായിൽ ഇരുന്ന് വീടിനുമുന്നിലുള്ള ഓരോ ചലനവും വ്യക്തമായി മൊബൈലിൽ കാണാൻ കഴിയുന്ന കാലമാണിത്. ദൂരവും കാലവും എല്ലാം  കേവലം വിരൽത്തുമ്പിലെ സ്പർശനത്തിലോ ക്ലിക്കുകളിലോ ഒന്നുമല്ലാതായിത്തീരുന്നു.

സൂക്ഷിക്കുക! നമ്മൾ നിരീക്ഷണത്തിലാണ്. നമ്മൾ അയക്കുന്ന മെസേജുകൾ, ഇടുന്ന വീഡിയോകൾ, ചാറ്റിങ്ങുകൾ എല്ലാം നിമിഷനേരംകൊണ്ട് ലോകം മുഴുവൻ കാണുന്ന കാലം. ഒരു സ്‌ക്രീൻ ഷോട്ടായോ, ഷെയറിങ് ആയോ  അത് നിങ്ങളുടെ ജീവിതം തകർത്ത് തരിപ്പണമാക്കിയേക്കാം. അനാവശ്യ മെസേജുകൾ, വീഡിയോകൾ ഇട്ട് ഗൾഫ് രാജ്യങ്ങളിൽ പണിപോവുകയും നിയമനടപടികൾക്ക് വിവിധേയരാവുകയും ചെയ്യുന്നവരെ നാം കാണുന്നു. സോഷ്യൽ മീഡിയായിൽ ജാതി, മതം, രാഷ്ട്രീയം ഒക്കെ ഒരാവേശത്തള്ളലിന് എടുത്തിട്ട് മുറിക്കുള്ളിലെ സുരക്ഷിതത്വത്തിൽ ഇരിക്കുന്നവരേ, ഇനിയെങ്കിലും നിങ്ങൾ മനുഷ്യരാകൂ, ജീവിക്കുന്ന രാജ്യത്തെ നിയമങ്ങൾ ആദ്യം പഠിക്കൂ. നമ്മളെല്ലാം നിരീക്ഷണത്തിലാണെന്ന് അറിയൂ.

അന്നം തരുന്ന രാജ്യത്തെ സ്നേഹിക്കൂ. നന്ദിപറയൂ. അതല്ലാതെ കേവലം ഒരു വികാരാവേശത്തിന് എടുത്ത് ചാടിയാൽ സോഷ്യൽ മീഡിയായിനിന്നല്ല, രാജ്യത്തിൽനിന്നും മനസ്സുകളിൽ നിന്നും ഭ്രഷ്‌ട് ഏറ്റുവാങ്ങേണ്ടി വരും.

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പലരും അവരുടെ ഫോൺനമ്പർ, ഇമെയിൽ തുടങ്ങിയ വിവരങ്ങൾ മാലോകർ കാൺകെ തുറന്നിട്ടിരിക്കുകയാണ്. പലരും  പ്രൈവസി സെറ്റിങ്‌സ്, സെക്യൂരിറ്റി സെറ്റിങ്‌സ് തുടങ്ങിയവയിൽ ബോധവാന്മാരല്ല. പലർക്കും കൂട്ടുകാരോ ബന്ധുക്കളോ ഒക്കെയാണ് ഫേസ്‌ബുക്കും വാട്‍സ്ആപ്പും ഒക്കെ ഉണ്ടാക്കികൊടുക്കുന്നത്. പെൺകുട്ടികൾ, സ്ത്രീകൾ ഒക്കെ അവരുടെ മൊബൈൽ നമ്പർ ഒക്കെ തുറന്നിടുമ്പോൾ ഓർക്കുക നാളെ നിങ്ങളെത്തേടി ഒരനാവശ്യ ചാറ്റിങ്ങ് വന്നേക്കാം. അത് നേരായ വഴിയിൽ നേരിടാനും ബ്ലോക്ക് ചെയ്യാനുമുള്ള തന്റേടം നിങ്ങൾക്കുണ്ടെങ്കിൽ മാത്രം നിങ്ങളുടെ നമ്പർ വേറൊരുത്തൻ കണ്ടാൽ മതി എന്നുവയ്ക്കുക. അല്ലെങ്കിൽ അത് മൂടിവയ്ക്കുക.

ഒരു പഴമൊഴി ഓർമ്മവരികയാണ്. 'വളക്കാം എന്നാൽ ഓടിക്കരുത്'. സോഷ്യൽ മീഡിയ ഉപയോഗിക്കാം, എന്നാൽ മറ്റുള്ളവർക്ക് നമ്മളെ ഉപയോഗിക്കാൻ നാം നിന്നുകൊടുക്കരുത്. എത്ര ശക്തമായ പ്രൊട്ടക്ഷൻ ഉണ്ടെങ്കിലും ഓർക്കുക, നമ്മൾ കംപ്യൂട്ടറിലും മൊബൈലിലും ഒന്നും ഇതുവരെ പൂർണ്ണമായും സുരക്ഷിതർ ആയിട്ടില്ല.

അതെ, നിങ്ങൾ ഉറങ്ങുമ്പോഴും പലരും ഉറങ്ങാതെ കാത്തിരിക്കുകയാണ്.