Monday, January 30, 2012

വെജിറ്റെറിയന്‍മാര്‍ ഉണ്ടാകുന്നത്...!!

നോണ്‍ വെജിറ്റെരിയന്മാര്‍ (വെറിയന്മാര്‍ അല്ല ) ക്ഷമിക്കുക. ഒരു പക്കാ മാംസഭുക്കായ അച്ചായന്‍ കുഞ്ഞു എങ്ങിനെ പച്ചക്കറി വീരനായി എന്ന ദുരന്തം എന്‍റെ പ്രിയപ്പെട്ട കിത്ത് & കിന്‍സിനുവേണ്ടി  ഒന്ന് അവതരിപ്പിച്ച്കൊള്ളട്ടെ. കാരണം നിങ്ങള്‍ ഒക്കെ തന്നെ ആണ് കഴിഞ്ഞ കുറെ ദശാബ്ദങ്ങള്‍ ആയി എന്നെ ചീത്ത വിളിക്കുകയും വാളന്‍പുളി തിന്ന മാതിരി ഉള്ള മുഖം കാണിച്ചു വിഷമിപ്പിക്കുകയും ചെയ്യുന്നത്!! കുറഞ്ഞപക്ഷം മീന്‍ എങ്കിലും ഇല്ലങ്കില്‍ അത് പാപമാണെന്ന രീതിയില്‍ ഇരിക്കുന്ന വീട്ടില്‍ നിന്നും പച്ചക്കറി ആണ് ലോകത്തെ ഏറ്റവും മഹത്തായ ഭക്ഷണം എന്ന്  ഞാന്‍ പറയാന്‍ എന്താണ് കാരണം??  വലിയ മുഖവുര ഇല്ലാതെ   ഒരുവിധത്തില്‍ അങ്ങ് കാര്യം പറഞ്ഞേക്കാം

കുഞ്ഞുംനാളില്‍ മീനും ഇറച്ചിയും ഒക്കെ സ്വാദോടെ കഴിച്ചിരുന്ന  ആളായിരുന്നു ഈയുള്ളവനും. കപ്പയും മീനും ഒക്കെ ആയിരുന്നു അന്നത്തെ സ്വാദുള്ള വിഭവം. എന്നാല്‍ ഈ ഇഷ്ടമൊക്കെ അനിഷ്ടമാകാന്‍ രണ്ടു സംഭവങ്ങള്‍ ആണ് വഴിവച്ചത്..

സംഭവം ഒന്ന്:
രണ്ടിലോ, മൂന്നിലോ പഠിക്കുമ്പോള്‍ ആണെന്ന് തോന്നുന്നു. ഒരു മഞ്ഞപ്പിത്തം എന്നെ കേറിയങ്ങ് ആലിംഗനം ചെയ്തു. മഞ്ഞപ്പിത്തം വന്നുകഴിഞ്ഞാല്‍ ഏതാണ്ട് തീഹാര്‍ ജയിലില്‍ കിടക്കുന്ന തടവുപുള്ളിയുടെ അവസ്ഥയാണ് വീടുകളില്‍. മീന്‍ പാടില്ല, ഇറച്ചി പാടില്ല, മുട്ടപാടില്ല, ഉപ്പു കൂട്ടാന്‍ പാടില്ല, കാപ്പി കുടിക്കാന്‍ പാടില്ല... അങ്ങനെ വായില്‍ വക്കാന്‍ കൊള്ളാവുന്ന ഒരു സാധനവും കഴിക്കാന്‍ പാടില്ലത്രെ. ഏതോ  സാഡിസ്റ്റു ക്കള്‍ ഉണ്ടാക്കിയ ഒരു നിയമം !! ഏതെങ്കിലും ഒരു പാവത്തിന് ജോണ്ടിസ് വന്നുപോയാല്‍ നിബന്ധനകളുടെ ചുറ്റുമതില്‍ തീര്‍ത്ത് വീടുകാര്‍ അവനെ പെറോട്ട അടിക്കും. ഇതിനിടക്ക് സാക്ഷാല്‍ യേശുക്രിസ്തു കുരിശില്‍ കിടന്നു "എനിക്ക് ദാഹിക്കുന്നു" എന്ന് പറഞ്ഞപ്പോള്‍ യഹൂദന്മാര്‍ കൊടുത്ത ഒരു സാധനം ഉണ്ട് - കയ്പുനീര്‍  (ഈ ആചാരത്തിന്റെ  പുതിയ വേര്‍ഷനാണ് നമ്മുടെ പോലീസ് ഏമ്മാന്മാര്‍ ജയിലില്‍ മൂത്രം കുടിപ്പീര് എന്ന് തോന്നിപ്പോകുന്നു). ഏതാണ്ട് ആ കയ്പ്പ് നീരിന്റെ സ്വാദുള്ള ഏതോ നാട്ടുവൈദ്യന്മാര്‍ അരച്ചു കലക്കി തരും ... വര്‍ഷകാലത്ത് കൂലംകുത്തി ഒഴുകുന്ന പുഴവെള്ളം പോലെ തോന്നിക്കുന്ന ഒരു കഷായം!! അത് ഉള്ളിലേക്ക് പോയിക്കഴിഞ്ഞാല്‍ പോയതിനെക്കാള്‍ ഇരട്ടി വേഗത്തില്‍ തിരിച്ചു വരാനുള്ള പ്രജോദനം ആണ്താനും.. 

എന്തായാലും ഈ താഡനങ്ങള്‍ ഒക്കെ മഞ്ഞപ്പിത്തം എന്നാ മഹാ വ്യാധി ഒഴിഞ്ഞു പോകുന്നത്  വരെ  ഉണ്ടാകും.  പില്‍ക്കാലത്ത് ഞാന്‍ ഒരു കാര്യം മനസിലാക്കി, മഞ്ഞപ്പിത്തം വന്നാല്‍ കാണുന്നതൊക്കെ മഞ്ഞായയിരിക്കും എന്ന് പറയുന്നത് വെറുതെ ആണെന്ന്. ആ പഴമൊഴി ഉണ്ടാക്കിയവനെ രണ്ടു പൂശി വിടാനുള്ള ദേഷ്യം ചിലപ്പോള്‍ തോന്നിയിട്ടുമുണ്ട് അന്ന് ...

പറഞ്ഞു പറഞ്ഞു ഗതി മാറിപോയി എന്ന് തോന്നുന്നു...  ആ! അങ്ങനെ രണ്ടു മാസം പച്ചക്കറി എന്ന ചപ്പും ചവറും കഴിക്കാന്‍ ഞാന്‍ വിധിക്കപ്പെട്ടു. ആദ്യം കുറെ ദിവസം ഒക്കെ "പിതാവേ ഈ പാനപാത്രം അങ്ങ് എടുക്കണേ " എന്ന് പ്രാര്‍ത്ഥിച്ചു പോയിട്ടുണ്ട്.  എന്നാല്‍ കാലക്രമേണ മൂത്തവര്‍ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും, പിന്നിയെ ഇനിക്കും  എന്നൊക്കെ ആരോ പറഞ്ഞിട്ടുണ്ടല്ലോ .. ഏതാണ്ട് അതുപോലെ കാര്യം അങ്ങ് നീങ്ങാന്‍ തുടങ്ങി..എനിക്ക് പച്ചക്കറി അങ്ങ് പിടിച്ചു പോയി എന്ന് സാരം !!

അങ്ങനെ മഞ്ഞപ്പിത്തം ഒക്കെ മാറിയ ശേഷവും പച്ചക്കറി ശീലമായി.... ഇറച്ചി..മീന്‍ ഒക്കെ കാണുമ്പോള്‍ ഒരുതരം പേടിയോ, അരോചകമായോ  ഒക്കെ തോന്നി തുടങ്ങി .ഒരു പക്ഷെ വീണ്ടും മഞ്ഞപ്പിത്തം പിടിക്കും എന്നാ പേടി ആയിരിക്കുമോ മനസ്സില്‍... ആര്‍ക്കറിയാം ??

സംഭവം രണ്ട്:
പച്ചക്കറി  ഫാനകാനുള്ള ആദ്യകാരണം രക്തരൂക്ഷിതം ആയിരുന്നില്ലെങ്കില്‍ രണ്ടാമത്തെ കാരണം ഇത്തിരി കട്ടിയായിപ്പോയി. പില്‍കാലങ്ങളില്‍  ഉറക്കത്തില്‍ ഞെട്ടി ഉണര്‍ന്നും, പേടിച്ചും ഒക്കെ മനസ്സിനെ പിടിച്ചു കുലുക്കിയ ഒന്നായിപ്പോയി രണ്ടാമത്തെ അനുഭവം...

ചെറുപ്പത്തില്‍ വീട്ടില്‍ കല്യാണം എന്നാല്‍  അതൊരു  ഉത്സവ മേളം ആയിരുന്നു. പച്ചക്കറി വാങ്ങല്‍, വാഴക്കുല വാങ്ങി  ചൂളക്ക് വച്ചു പഴുപ്പിക്കള്‍.... കാളയെ നേരത്തെ വീട്ടില്‍ വാങ്ങി നിര്‍ത്തുക, കല്യാണത്തിനു ഒന്ന് രണ്ട് ദിവസം മുമ്പെ തുടങ്ങുന്ന പാചകങ്ങള്‍ ...ഇതൊക്കെ കുട്ടികളായ ഞങ്ങള്‍ക്ക് ഒരു ഉത്സവം തന്നെ. 

അങ്ങനെ ചേട്ടന്‍റെ കല്യാണത്തിനു അടുത്തെവിടുന്നോ ഒരു മൂരിക്കുട്ടനെ വാങ്ങിക്കൊണ്ടു വന്നു. അവനെ കണ്ടാല്‍ ഒന്ന് നോക്കിപ്പോകും..മുതുകില്‍ പൂഞ്ഞയും ഒക്കെയായി കൊഴുത്തു തടിച്ചു സത്യത്തില്‍ ജിമ്മില്‍ പോയപോലെ ഉണ്ട് കക്ഷി. അതൊരു ആകര്‍ഷണമായിരുന്നു..കമ്മീഷണറിലെ  സുരേഷ്ഗോപിയോ, കിങ്ങിലെ  മമ്മുക്കയോ,  ദേവാസുരത്തിലെ ലാലേട്ടനോ ഒക്കെപ്പോലെ തോന്നിക്കുന്ന ഒരു ഉശിരന്‍ കാളക്കുട്ടന്‍. മാന്യന്മാര്‍ അധികം സംസാരിക്കില്ല എന്ന് പറയുമ്പോലെ അവന്‍ അങ്ങനെ നീണ്ടു നിവര്‍ന്നു നില്‍ക്കുന്നു ! ഒച്ചയും അനക്കവും ഒന്നുമില്ലാതെ നില്‍ക്കുന്ന അവനെ കാണാന്‍ .. ഒന്ന് തൊടാന്‍ കൊതിയായിരുന്നു. ആദ്യമൊക്കെ തൊടാന്‍ ചെല്ലുമ്പോള്‍ അവന്‍ തലയിട്ടു കുലുക്കി അവന്‍ ദേഷ്യം കാണിക്കുമായിരുന്നു. പിന്നെ, പിന്നെ അത് മാറി . മേലാകെ നിറയുന്ന ചന്ദന നിറവും വയറ്റിലേക്ക് പടരുന്ന വെള്ള നിറവും വശ്യമായിരുന്നു. അവനു വൈക്കോലും വെള്ളവും കൊടുക്കാനും, അത് അയവിറക്കുന്നത്  നോക്കി നില്‍ക്കാനും  കൌതുകമായിരുന്നു.

എന്നാല്‍ വൈകാതെ ഞാനൊരു ഭീകരത മനസിലാക്കി! ഇവനെ കൊന്നു വെട്ടിനുറുക്കി കഷണംമാക്കി കറിയായും വറുത്തും ഒക്കെ കല്യാണ സദ്യക്ക് വിളമ്പാന്‍ പോവുകയാണ്!! എന്‍റെ ദൈവമെ.... എനിക്കത് സഹിക്കാന്‍ പറ്റില്ലായിരുന്നു.... പക്ഷെ സത്യം മറച്ചു വക്കാന്‍ പറ്റില്ലാലോ??  ഇതൊന്നും  അറിയാതെ ആ പാവം അങ്ങനെ നെഞ്ചും വിരിച്ചു നില്‍ക്കുകയാണ്.

മൂന്നാം ദിവസം ഉച്ച കഴിഞ്ഞപ്പോള്‍  വീട്ടില്‍ കാളക്കുട്ടനെ കൊല്ലുന്നതിനെ പറ്റി ചര്‍ച്ച നടക്കുകയും പ്രായമായ ഒരു ചേട്ടന്‍ അതിനുള്ള ആരാച്ചാരെ  എത്തിക്കുകയും ചെയ്തു. അയാളെ ഞാന്‍ ഒന്ന് നോക്കി. ചോര നിറയുന്ന കണ്ണുകള്‍. നാടന്‍ ചാരായത്തിന്റെ അതി രൂക്ഷ ഗന്ധം. നാടന്‍ വാറ്റ് കുടിച്ചു പൂസയിട്ടെ അയാള്‍ കാളയെ വെട്ടാന്‍ വരാറുള്ളത്രെ. വെട്ടിയ കാളയുടെ തോല്‍ അയാള്‍ തന്‍റെ പങ്ക്  ഇറച്ചിക്കൊപ്പം  കൊണ്ടുപോകും !!


എന്‍റെ നെഞ്ചിലൊരു ഇടിത്തീ വീഴുകയായിരുന്നു. മുന്ന് നാല് ആണുങ്ങള്‍ക്കൊപ്പം ആ ആരാച്ചാര്‍ പുറത്തേക്കിറങ്ങി .. കാളയെ ഒന്ന് നോക്കി. ആരാച്ചാരെ കണ്ടിട്ടും കണ്ട ഭാവം കാണിക്കാതെ കാളക്കുട്ടന്‍ അലസമായി നിന്നു. " ഓടിക്കോ .. രക്ഷപെട്ടോ.." എന്നൊക്കെ വിളിച്ചു പറയണം എന്ന് എനിക്ക്  തോന്നി...കറുമ്പനായ ആരാച്ചാര്‍ അവന്‍റെ അടുത്തതി. നെറ്റിക്കൊന്നു തലോടി..അവന്‍റെ ദേഹതോക്കെ ഒന്ന് അടിച്ചു നോക്കി. അയാളുടെ മനസ്സില്‍ ഒരു പക്ഷെ മാംസത്തിന്റെ തൂക്കം ആയിരിക്കും അപ്പോള്‍ വന്നിരിക്കുക. " നീ കൊള്ളമല്ലോടാ " എന്ന് പതറിയ ഒരു കമന്റും. ഞാന്‍ അങ്ങനെ കണ്ണിമ വെട്ടാതെ നോക്കി നിന്നപോള്‍ അയാള്‍ കാളക്കുട്ടനെ അഴിച്ചു അടുത്തുള്ള റബ്ബര്‍  തോട്ടത്തിലേക്ക് കൊണ്ടുപോയി. കൂടെ മുന്ന് നാല് ആള്‍കാരും.  ഞാന്‍ മെല്ലെ അതിനു പുറകെ നടന്നു...

എന്‍റെ കണ്ണുകള്‍ സാക്ഷി നില്‍ക്കെ അയാള്‍ ആ കാളക്കുട്ടന്റെ കാലുകള്‍ കൂട്ടികെട്ടി അതിനെ തെള്ളിമറിച്ചിട്ടു. തഴെക്കിടന്നു ആ ജീവി കാലിട്ടടിക്കാന്‍ തുടങ്ങി. അതിനിടയില്‍ ആ കരിംഭൂതം തന്‍റെ കത്തിക്ക് മൂര്‍ച്ചകൂട്ടനായ് കല്ലിലിട്ടു ഉരക്കാന്‍ തുടങ്ങി. കല്ലില്‍ കത്തിയുരയുന്ന ശബ്ദം മരണത്തിന്റെ വിളി പോലെയാണ് എനിക്ക് തോന്നിയത്. ഞാന്‍ അങ്ങനെ  നോക്കി നില്‍ക്കെ ആ കറുത്ത കൈകള്‍ എന്‍റെ കാളക്കുട്ടന്റെ കഴുത്തറുത്തു!!?? ചുടു ചോര നാലുപാടും ചീറ്റി തെറിച്ചു ....കണ്മുന്നിലെ ആദ്യത്തെ കൊലപാതകത്തിന് ഞാന്‍ സാക്ഷി ആവുകയാണ്..എന്‍റെ നെഞ്ചു പിടക്കാന്‍ തുടങ്ങി...കണ്ണില്‍ നിന്നും ചുടുകണം ഊര്‍ന്നിറങ്ങി ... നിമിഷനേരത്തിനുള്ളില്‍ അയാള്‍ കാളക്കുട്ടന്റെ തല അറുത്തുമാറ്റി. അറുത്തുമാറ്റിയ തല തറയില്‍ കിടന്നു പിടക്കുന്നു..തലയില്ലാത്ത ശരീരം മണ്ണില്‍ ക്കിടന്നു വിറക്കുന്നു...


പിന്നെ കുറെ നേരത്തേക്ക് എന്‍റെ കാഴ്ച മങ്ങിപോയതുപോലെയായി. അതിനിടക്ക് കാളക്കുട്ടനെ അയാള്‍ കഷണം കഷണം ആയി മാറ്റികൊണ്ടിരുന്നു. ചുടുചോരയുടെയും പച്ച മാംസതിന്റയും രൂക്ഷ ഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്നു. അതിനിടെ ആരോ ഞാന്‍ ഒളിഞ്ഞിരുന്നു ഒക്കെ കാണുന്നത് കണ്ടുപിടിച്ചു. " ഈ ചെറുക്കന്‍ ഇവിടിരുന്നു എന്ത് കാണിക്കുവാ... വീട്ടീ പോടാ.." ബന്ധത്തിലുള്ള ഏതോ ഒരു കശ്മലന്‍ എന്‍റെ ചെവി നുള്ളിയെടുത്തു. ഞാന്‍ അവിടെ നിന്നു ഓടി .. അതിവേഗം!

ചെന്ന് വീണത്‌ കട്ടിലിലേക്ക്. കണ്ണുകള്‍ ഞാന്‍ ഇറുക്കി അടച്ചു. ചോര... എങ്ങും ചോര.. ചോരയുടെ മണം... സുന്ദരനായ കാളക്കുട്ടന്റെ രക്തത്തില്‍ കിടന്നു പുളയുന്ന ശരീരം. ഉടലില്ലാതെ തുടിക്കുന്ന തല..!!! രക്തത്തില്‍ കുതിര്‍ന്ന മാംസകഷണങ്ങള്‍  ചോരക്കണ്ണന്‍ അറുത്തുമാറ്റുന്നു. ഇത്രയും ഭീകരമായ കാഴ്ച ഇതുവരെ  കണ്ടിട്ടില്ല. 

ആ രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. എങ്ങനെ ഉറങ്ങും?

കല്യാണ സദ്യ. വിളമ്പുകാര്‍ എന്‍റെ ഇലയിലേക്ക് ഇറച്ചി കഷണങ്ങള്‍ കോരിയിട്ടു. ഞാന്‍ അതില്‍ നോക്കിയിരുന്നു...ഒരുനിമിഷം! എനിക്കത് കഴിക്കാനാകുന്നില്ല. എന്‍റെ കാളക്കുട്ടന്റെ ശവം! അത് മസാല പുരട്ടി വേവിച്ചു എന്‍റെ  മുന്നില്‍!!?? ഈ ജഡം ഞാന്‍ എങ്ങനെ കഴിക്കും? ഞാന്‍ ഇത്തിരി ചോറുമാത്രം കഴിച്ചെന്നു വരുത്തി പുറത്തേക്കിറങ്ങി...
***                        ***                    ***                                  ***

സുഹൃത്തുക്കളെ..ഇന്നും ഏതെങ്കിലും നോണ്‍വെജ്  കണ്ടാല്‍ ആദ്യം മനസ്സില്‍ ഓടി എത്തുന്നത് ഈ ചിത്രമാണ്‌. പിന്നീടത്‌ കാലാന്തരെ എന്നെ സസ്യഭുക്കാക്കി മാറ്റി. എല്ലാവരും മാംസം ആര്‍ത്തിയോടെ കഴിക്കുമ്പോള്‍ ഞാന്‍ മാത്ര ഏകനായി.. പലരും എന്നെ ഉപദേശിച്ചു. മാംസം കഴിക്കണം. ശരീരത്തിന് വേണ്ട അത്യാവശ്യ ഗുണങ്ങള്‍ അത് തരും. ഇറച്ചിയും മീനും കഴിക്കത്ത്തവന്‍ ഊളനാണ്... നീ ആരാണ് പോറ്റിയോ? അങ്ങനെ .. അങ്ങനെ ഒത്തിരി പേരുദോഷം കിട്ടിയിട്ടുമുണ്ട് അന്നൊക്കെ.  ഒരു നസ്രാണി ചെക്കന്‍ വീട്ടുകാരെ നാണം കെടുത്താന്‍ പച്ചക്കറിയും തിന്നു നടക്കുന്നത് അവര്‍ക്ക് അസഹ്യമായിരുന്നു!!

എപ്പോള്‍ കഴിക്കാന്‍ തോന്നിയാലും ഈ രണ്ടു സംഭവങ്ങള്‍ മനസ്സില്‍ ഓടി എത്തും. അതിനാല്‍ എന്‍റെ ബന്ധുക്കളെ..സുഹൃത്തുക്കളെ ...ഇപ്പോള്‍ സംഗതി പിടി കിട്ടിയല്ലോ..ഇനിയും ചോദ്യങ്ങള്‍ ചോദിച്ചെന്നെ ഖിന്നന്‍ ആക്കരുതെ..എപ്പോളെങ്കിലും സല്‍ക്കരിക്കാന്‍ തോന്നുകയാണെങ്കില്‍ ഈ പാവത്തിന് വല്ല ഉരുളക്കിഴങ്ങ് കറിയോ...കടലക്കറിയോ..പയറോ...അവിയലോ ഒക്കെ കൊണ്ട് ആ കര്‍മ്മം അങ്ങ് നടത്തിയേക്കണേ...നിങ്ങള്‍ എന്ത് വേണമെകിലും കഴിച്ചോ..എന്നയങ്ങ്..........


വെജിറ്റെറിയന്‍മാര്‍ കീ ജയ്‌ ..!!

-----------------------------------------------------------------------------------------------------

Saturday, January 28, 2012

എന്‍റെ മാലാഖക്കുട്ടി

പല്ലുകളില്ലതെ ഇളം മോണകാട്ടിയെന്‍ 
ഉള്ളിലെ പൈതലായ് നീ കടന്നു വന്നു..
ചേംചുണ്ടിലൂറുന്ന നീര്‍ക്കണം ഒപ്പുംപോള്‍
വദനത്തിലാ ഗന്ധം നിറഞ്ഞിരുന്നു...
വെള്ളാരം കല്ലുകള്‍ പോലുള്ള നയനങ്ങള്‍
വെള്ളത്തിലോടുന്ന പരലുപോലെ 
മാനസ മഞ്ചലില്‍ ആടിക്കളിക്കുവാന്‍ 
താരാട്ടു പാടി ഞാന്‍ ഇളം കാതിലേക്കായ്‌


ഓര്‍മ്മതന്‍ ചെപ്പിന്റെ ഉള്ളിലൊളിപ്പിച്ച 
മാതൃ-പിതൃ വികാരങ്ങള്‍ തുളുമ്പിപ്പോയി 
തുടുത്ത നിന്‍ കവിളിലായ് ചുംബിച്ചു ഉറക്കുമ്പോള്‍
പാല്‍മണം എന്നിലെക്കുര്‍ന്നിറങ്ങി 

എത്ര നിനച്ച്ചാലും മറക്കുവാന്‍ കഴിയാതെ 
കുഞ്ഞിളം മാലഖയായ്‌ നീ ചിരിക്കെ 
ഊണും ഉറക്കവും നിന്‍ ചിരി ഓര്‍ത്തു ഞാന്‍ 
സുസ്മേര വദനനായ് നിറഞ്ഞു നിന്നു...

പാല്‍തൂവല്‍ പുഞ്ചിരി മാത്രം മതിയെന്റെ
ഓര്‍മ്മകള്‍ക്കാനന്ദം നിറച്ച്ചിടാനായ് 
ഒരു പൈതല്‍ എങ്ങനെ ആകേണംഇന്നിങ്ങനെ 
മനസ്സോ കൊതിച്ച്ചുപോയ്  ആ നിമിഷം 

എന്‍മനം കുളിര്‍പ്പിച്ച്ച്ച രമ്യമാം പൈതലേ 
സമര്‍പിക്കയായ് ഇന്നീ സ്നേഹനാളം
നാവിന്റെ തുമ്പത്ത് നിറയാത്ത വാക്കുകള്‍ 
തൂലികതുമ്പിനാല്‍ കൊരുത്തിടട്ടെ ....
----------------------------------