Thursday, November 24, 2016

ആ മൺസൂൺ രാത്രിയിൽ - വായനാനുഭവം

വായനയുടെ പശ്ചാത്തലം 

ഒരു ഇടവേളക്ക് ശേഷമാണ്  മലയാള കുറ്റാന്വേഷക കഥ വായിക്കുന്നത്. ലോകത്തെ മുഴുവൻ അക്ഷരങ്ങളുടെ ലോകത്തേക്ക് മാടിവിളിക്കുന്ന ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ പ്രവാസ എഴുത്തുകാരനായ പോൾ സെബാസ്റ്റിനിൽ നിന്നുതന്നെ ബുക്ക് വാങ്ങിയപ്പോൾ തീരുമാനിച്ചു; എടുത്ത ഒരുഡസനിൽ പരം ബുക്കുകളിൽ ആദ്യം വായിക്കുക 'ആ മൺസൂൺ രാത്രിയിൽ' തന്നെ. അതിന് പ്രേരകമായത് വേറെന്നുമല്ല-ചെറുപ്പം മുതലേ സസ്പെൻസ് കഥകളോടും, ത്രില്ലറുകളോടും ഉള്ള അടങ്ങാത്ത അഭിനിവേശം.

നോവൽ

കുഴിമറ്റം ഗ്രാമത്തിൽ ഒന്നിനൊന്നായി അരങ്ങേറുന്ന കൊലപാതക പരമ്പരകൾ. അതന്വേഷിക്കുന്ന നായികയും, അവളെ ചുറ്റിപ്പറ്റി ഉള്ള മറ്റു കഥാപാത്രങ്ങളും.

ദീപ. അതാണ് നായിക. ഈ കഥയെ മറ്റുള്ള കുറ്റാന്വേഷണ കഥകളിൽ നിന്നും വ്യത്യസ്തമാക്കുന്നതും നായിക തന്നെയാണ്.  ദീപ ഒരു പ്രൊഫഷണൽ കുറ്റാന്വേഷകയോ, സർക്കാർ ഉദ്യോഗസ്ഥയോ അല്ല. മന്ത്രവാദത്തിൻറെ ലോകത്ത് സഞ്ചരിക്കുന്നെണ്ടെകിലും മന്ത്രവാദി അല്ല. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം, ആത്മമിത്രം ശോഭയുടെ അസ്വാഭാവിക മരണം നൽകുന്ന സംശയങ്ങളും  ചോദ്യചിന്ഹങ്ങളും ദീപയെ മനസ്സാന്നിദ്ധ്യം ഉള്ള ഒരു കുറ്റാന്വേഷക ആക്കുന്നു. പെരുമഴയുള്ള ഒരു രാത്രിയിൽ, തൻറെ വീട്ടിൽ പാതിരാത്രിയിൽ ശോഭയുടെ പ്രേതത്തെ സെമിത്തേരിയിൽ കണ്ട് , നായ്ക്കളാൽ കടിയേറ്റ്, ചോരയൊലിപ്പിച്ച് കയറിവരുന്ന രാജൻ എന്ന ഗ്രാമത്തിലെ കള്ളന് സംഭവിക്കുന്ന  ഭീതിജനകമായ  അവസ്ഥ ദീപയെ അന്വേഷണത്തിന്റെ പാതയിലേക്ക് നയിക്കുന്നു.  ഒന്നിനൊന്ന് അഴിക്കാൻ പ്രയാസമേറിയ പ്രശ്നങ്ങളിലേക്ക് ദീപ എത്തിച്ചേരുന്നു. ദീപയ്ക്ക് ആകെ കൈമുതൽ ധൈര്യവും, കൂർമ്മബുദ്ധിയും, ഭട്ടതിരിയിൽ നിന്നും  ശവേലച്ചനിൽനിന്നും കിട്ടുന്ന അറിവും ആണ്. മന്ത്രവും, തന്ത്രവും, ഹിപ്നോട്ടിസവും കൂടിക്കുഴഞ്ഞുള്ള കഥയുടെ പോക്ക്.  വായനക്കാരനെ പിടിച്ചിരുത്തുന്ന രംഗങ്ങൾ.

ദീപ ശവേലച്ചൻ, ഭട്ടതിരി, ദീപയുടെ ഉറ്റമിത്രം ശോഭ, ഇൻസ്‌പെക്ടർ സോജൻ, സീനത്ത്, സീനത്തിന്റെ കാമുകൻ ഗിരീഷ്, ഫ്രാങ്കോ, കള്ളൻ രാജൻ ഇതിലൊക്കെ ഉപരി ഇരുട്ടിലെവിടെയോ ഇരുന്ന് കരുക്കൾ നീക്കുന്ന വില്ലൻ. കഥാപാത്രങ്ങൾ എല്ലാം നോവലിൽ ഒന്നിനൊന്ന് പ്രാധാന്യം ഉള്ളവരാണ്. എല്ലാവരെയും തമ്മിൽ തമ്മിൽ ബന്ധിപ്പിക്കുന്ന കഥയുടെ രസച്ചരട് എഴുത്തുകാരൻ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

നോവലിൻറെ തുടക്കവും, ഒടുക്കവും അത്യന്തം സസ്പെൻസ് നിറയ്ക്കുവാൻ പോൾ സെബാസ്റ്യൻ ശ്രമിച്ചിട്ടുണ്ട്. പേജുകൾ നമ്മുടെ കയ്യിൽ മറിയുന്നത് നാം അറിയില്ല.  ആദ്യ ഇരുപത്തഞ്ച് ശതമാനവും, അവസാന അമ്പത് ശതമാനവും വായനക്കാരെ ആകാംഷയുടെ ലോകത്തേക്ക് കഥാകാരൻ കൊണ്ടുപോകുന്നു. വലിയ ഏച്ചുകെട്ടലുകൾ ഇല്ലാതെ കഥ പറഞ്ഞുപോകുന്ന രീതിയാണ് എഴുത്തുകാരൻ അനുവർത്തിച്ചിട്ടുള്ളത്.അതിനാൽ തന്നെ അമ്പതിനാല് ചെറിയ അധ്യായങ്ങളിൽ കഥ പറഞ്ഞു തീർക്കുന്നു. പോൾ സെബാസ്റ്യന്റെ ലളിതമായ, ഗ്രാമീണ ഗന്ധമുള്ള എഴുത്ത് ഏതുതരം വായനക്കാരെയും ആകർഷിക്കുന്നതാണ്.

കാകദൃഷ്ടി

നോവലിൻറെ മധ്യത്തിലുള്ള ഇരുപത്തിയഞ്ച് ശതമാനം ബാക്കി ഭാഗങ്ങളുടെപോലെ ആകർഷണീയമല്ല. വളരെ കഷ്ടപ്പെട്ട് ദീപ ശവേലച്ചനിൽ നിന്നും, ഭട്ടതിരിപ്പാടിൽ നിന്നും പഠിക്കുന്നതൊന്നും ഉപയോഗിക്കുന്നതായി കാണുന്നുമില്ല (ചെറിയ ഹിപ്നോട്ടിസം ഒഴിച്ചാൽ). ഒരുപക്ഷെ അടുത്ത കഥകളിൽ അവ ഉപയോഗിക്കാനുള്ള വകയായിരിക്കാം. ദീപയുടെ ഭാഷയിൽ പറഞ്ഞാൽ "കണ്ണാടിയിൽ കാണുന്ന മുഖം കാണാൻ കൈ കണ്ണാടിയാക്കരുത്"

പല അദ്ധ്യായങ്ങളും സസ്പെൻസ് നിലനിർത്തി ഇത്തിരികൂടി മിനുസപ്പെടുത്തി വലുതാക്കിയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി.  അങ്ങെനെയെങ്കിൽ കുറേക്കൂടി ആകർഷണീയത കൈവരികയും, എഴുത്തുകാരന് കുറേക്കൂടി സ്വാതന്ത്ര്യം കിട്ടുകയും ചെയ്യുമായിരുന്നു. ചില രംഗങ്ങൾ പെട്ടെന്ന് തുടങ്ങി അവസാനിക്കുന്ന പോലെ.

സംഗ്രഹം 

വായന തുടങ്ങി അമ്പതിനാലാമത്തെ അദ്ധ്യായത്തിൽ എത്തിച്ചേരാൻ അധികം സമയം എടുത്തെന്ന് വായനക്കാരന് തോന്നാത്ത എഴുത്ത്. അവസാന അധ്യായങ്ങൾ എല്ലാം ആകാംഷയുടെ പരകോടിയിലൂടെ വായനക്കാരനെ നടത്തിക്കുന്നു. കൗതുകത്തിന് തിരയിളക്കം നൽകി കഥ കഴിഞ്ഞാലും ദീപയുടെ ലോകത്തുനിന്ന് നമ്മൾ ഉടനെ വിമോചിതരാവില്ല. എന്തൊക്കെയോ മനസ്സിൽ പറയാനും, ചിന്തിക്കാനും ബാക്കി.

കൺസ്യൂമർ

മുടക്കുന്ന പൈസ തിരികെത്തരുന്ന വായനാനുഭവം. മറ്റുള്ള  പ്രവാസ എഴുത്തുകാരിൽ നിന്നും വ്യത്യസ്തമായ എഴുത്താണ് പോൾ സെബാസ്റ്യൻ അവലംബിച്ചിരിക്കുന്നത്. കുഴിമറ്റം ഗ്രാമവും, നാട്ടുകാരും ഒക്കെ ചേർന്ന് ഒരു ചലച്ചിത്രം പോലെ കഥ മുന്നിൽ ആടിത്തീരുന്നു. ഒറ്റയിരിപ്പിനു വായിച്ചുതീർക്കാൻ ഇഷ്ടപെടുന്ന നോവലാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ 'ആ മൺസൂൺ രാത്രിയിൽ' നിങ്ങളെ നിരാശപ്പെടുത്തില്ല.

----------------------------------------------------------
പുസ്തകം: ആ മൺസൂൺ രാത്രിയിൽ
രചന: പോൾ സെബാസ്റ്യൻ
പ്രസാധകർ: കറന്റ് ബുക്ക്സ് ത്യശൂർ
പേജ് : 186
വില : 160 രൂപ 

No comments:

Post a Comment