Friday, February 16, 2018

കളഞ്ഞുപോയ പാസ്സ്‌പോർട്ട്

ഒരുപാട് മറക്കാനാകാത്ത അനുഭവങ്ങൾ നമ്മുടെയെല്ലാം പ്രവാസ ജീവിതത്തിലുണ്ട്.  മുന്നോട്ടുള്ള പ്രയാണത്തെ വെള്ളവും വെളിച്ചവുമേകി വളർത്തുന്നത് ആ അനുഭവപാഠങ്ങൾ തന്നെയാണ്.

നിസ്സാരമെന്ന് നമ്മൾ തള്ളിക്കളയുന്നതുപോലും,  ഒരു വലിയ കൈപ്പിഴയായി മാറി പ്രശ്നങ്ങളിൽ കൊണ്ടുചെന്നെത്തിക്കും എന്ന് സുജിത്തിന്റെ ഈ കഥ ഓർപ്പിച്ചുകൊണ്ടിരിക്കുന്നു.  എന്നെയും, ഇനി നിങ്ങളെയും.

എന്നത്തേയും പോലെ അന്നും ഓഫീസിൽ തിരക്കിൻറെ മേളപോലുള്ള ദിവസം.  പരാതിയും പരിഭവവും ഒട്ടുമില്ലാതെ കൂടപ്പിറപ്പുപോലെ അടുത്തിരിക്കുന്ന കമ്പ്യൂട്ടറും പ്രിന്ററും, പ്രിന്ററിന്റെ നാഡികളിലൂടെ പായുന്ന കമാൻഡുകളും നിശബ്ദത ഭേദിക്കുന്ന പകൽ. അപ്പോളാണ് നാട്ടിൽനിന്നും വന്നൊരു  ഫോൺകോൾ മൂലം  എൻറെ ക്യാബിനിലേക്ക്  ഓടികിതച്ച്  എൻജിനീയർ സുധാകരൻ  വന്ന് നിന്നത്.

"നമ്മുടെ സുജിത്തിന് ഒരബദ്ധം പറ്റി.."

ആ വരവിന്റെ ഗതികണ്ട ഞാൻ ആകാംഷ നിറച്ച മുഖമുയർത്തി നോക്കി. കാര്യമെന്താണെന്ന് സുധാകരൻ പറയുമുമ്പേ ആ മുഖത്ത് നിറഞ്ഞ് നിന്ന ഭീതി എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു.

പെട്ടെന്ന് എൻറെ ചിന്ത സുജിത്തിലേക്ക് നീണ്ടു. ഒരു മാസത്തെ അവധിക്ക് നാട്ടിൽ പോയതാണ്. ഒരുവർഷത്തെ കഠിനാധ്വാനത്തിനു ശേഷം, സ്വന്തം കുടുംബത്തോടൊത്ത് ഒരു മാസം സന്തോഷത്തോടെ എല്ലാ പ്രവാസിയെയും പോലെ അവധി ആഘോഷിക്കാൻ സ്വപ്നത്തേരിലേറി പോയ ആളാണ്.

"എന്തുപറ്റി?" ഞാൻ തിരക്കി.

സുധാകരൻ എനിക്കെതിരെയുള്ള കസേരയിൽ ഇരുന്നു. ശ്വാസഗതി ഒന്ന് ശാന്തമാക്കി.

"സുജിത്തിന്റെ പാസ്സ്‌പോർട്ട് നാട്ടിലെവിടെയോ കളഞ്ഞുപോയി..!"

എന്ത്? പാസ്സ്‌പോർട്ടോ?  എന്നിലേക്ക് അത്ഭുതം തിരമാലപോലെ  ഇരച്ചുകയറി.  അവധിക്ക് പോയ ആളുടെ പാസ്പോർട്ട് കളഞ്ഞുപോവുയോ?

പത്തുവർഷത്തിൽ കൂടുതൽ ഓഫീസിൽ ഈ ജോലിചെയ്തിട്ടും ഒരിക്കലും ഉണ്ടാകാത്ത ഒരനുഭവം. മനസ്സിലൂടെ ഒരു കൊള്ളിയാൻ മിന്നി. പതിയിരുന്നൊരു അപശകുനം സടകുടഞ്ഞെണീറ്റപ്പോലെ.

സംഭവം സീരിയസ്സാണ്.  സുധാകരൻ എൻറെ മുഖത്തേക്ക് നോക്കി.

"ഇന്ന് രാവിലെയാണ് പാസ്പോര്ട്ട് കാണാതായ വിവരം അറിഞ്ഞത്. രാവിലെമുതൽ അന്വേഷിക്കാൻ ഒരിടമില്ല.  ഇനിയെന്ത് ചെയ്യും?"

ഉത്തരമില്ലാത്ത ചോദ്യം. ഞാൻ നെടുവീർപ്പിട്ടു.  ഒരുപാട് പ്രതിസന്ധികൾ ഓഫിസിൽ പലപ്പോഴും ഉണ്ടായിട്ടുണ്ട്. പക്ഷെ ഇതുപോലൊരെണ്ണം....?

എനിക്കും സുധാകരനും ഇത്ര സംഭ്രമം ഉണ്ടായെങ്കിൽ സുജിത്തിനും കുടുംബത്തിനും എത്രമാത്രം ആയിരിക്കും?   രണ്ട് ദിവസം കഴിഞ്ഞ് ദുബായിലേക്ക് തിരികെ വരേണ്ടതാണ്.  പാസ്പോർട്ടില്ല, വിസയുമില്ല.  ജോലിപോലും തുലാസിൽ തൂങ്ങുന്ന അവസ്ഥ.

ചിന്തിച്ച് നിൽക്കാൻ സമയമില്ല.  വേഗം കമ്പനി എച്ച്. ആറിൽ അറിയിക്കണം. ഇനി ചെയ്യേണ്ട കാര്യങ്ങൾ അവർ പറയുംപോലെ പറഞ്ഞ് ചെയ്യിക്കണം. എന്തായാലും സുജിത്തിന്റെ ഉടനെയുള്ള വരവ് മുടങ്ങും.

ഞാൻ എച്ച്. ആർ മാനേജരെ വിളിച്ചു. അധികം മുഖവുരകൂടാതെ കാര്യങ്ങൾ അവതരിപ്പിച്ചു. "ഓ മൈ ഗോഡ് !" മാനേജർ ആദ്യം തന്നെ പറഞ്ഞ വാക്കുകൾ എന്നിലൊരു പ്രകമ്പനം ഉണ്ടാക്കി.  സംഗതിയുടെ ആഴവും പരപ്പും ആ വാക്കുകളിൽ നിന്നും എനിക്ക് മനസ്സിലായി.  മാനേജർ പറഞ്ഞത് ഞാൻ ശ്രദ്ധയോടെ കേട്ടശേഷം, ലൈൻ കട്ടാക്കി ഞങ്ങൾ സുജിത്തിനെ വിളിച്ചു.

"പാസ്സ്‌പോർട്ട് കിട്ടിയോ?" ഞാൻ ചോദിച്ചു.

"ഇല്ല" സുജിത്തിന്റെ ദയനീയ മറുപടി.  അപ്പോൾ ഇനി ചെയ്യേണ്ട കാര്യങ്ങൾ ഞാൻ ധരിപ്പിച്ചു.  തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ പാസ്സ്‌പോർട്ട്  മിസ്സിംഗ് റിപ്പോർട്ട് നൽകണം. അവരുടെ അന്വേഷണവും റിപ്പോർട്ടും കിട്ടിയശേഷം  പാസ്സ്‌പോർട്ട് അപേക്ഷ നൽകണം.  പുതിയ പാസ്സ്‌പോർട്ട് കിട്ടിയശേഷം കമ്പനിയെ അറിയിക്കണം. അപ്പോൾ കമ്പനി അടുത്ത നടപടിയെടുക്കും.

ദിവസങ്ങളും, ആഴ്ചകളും ചിലപ്പോൾ മാസങ്ങളും എടുത്തേക്കാവുന്ന നീണ്ട നടപടിക്രമങ്ങൾ. പ്രൊജക്ടിൽ പണി പാരമ്യത്തിലാണ്.  ഒരു സൂപ്പർവൈസറുടെ അഭാവം വലുതാണ്.

ഞാനും സുധാകരനും സുജിത്തിനെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി.  മറുതലയ്ക്കൽ എന്ത് പറയണം എന്തുചെയ്യണം എന്നറിയാതെ അയാൾ നിൽക്കുകയാണ്.

അധികം വികാരാധീനനായിട്ടോ, ക്ഷോഭം പ്രകടിപ്പിച്ചിട്ടോ കാര്യമില്ല. വരാനുള്ളത് വന്നു.  ഇനി തന്മയത്വത്തോടെ കാര്യങ്ങൾ ചെയ്യുക. ആപത്തിൽനിന്നും കരകയറുക.

നിശബ്‌ദനായി മറുതലയ്ക്കൽ നിന്ന സുജിത്തിനോട് നാളെ രാവിലെ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ പറഞ്ഞ് ഞങ്ങൾ ഫോൺ വച്ചു.

പ്രവാസിക്ക് പാസ്പോർട്ട് എന്നത് വെറുമൊരു യാത്രാരേഖ മാത്രമല്ല. അവൻറെ ജീവിതമാണ്. അവൻറെ അന്നമാണ്. അവനെയും അവൻറെ കുടുംബത്തെയും തീറ്റിപ്പോറ്റി സമൃദ്ധിയുടെ നല്ലനാളുകളിലേക്ക് നയിക്കുന്ന ആധാരമാണ്.  നാട്ടിൽ പോകുമ്പോൾ ഹെഡ്ഡോഫീസിൽ നിന്നും വരുന്ന പാസ്സ്‌പോർട്ട് സഹപ്രവർത്തകർക്ക് കൊടുക്കുമ്പോൾ ആ കണ്ണുകളിലെ തിളക്കം ഞാൻ വായിച്ചെടുത്തിട്ടുണ്ട്.  അതിൽ വിസ അടിക്കുമ്പോളും, ക്യാൻസൽ ചെയ്യുമ്പോളും ഉണ്ടാകുന്ന ഹൃദയത്തുടിപ്പുകളുടെ ആഴം ഞാൻ തൊട്ടറിഞ്ഞിട്ടുള്ളതുമാണ്.  തള്ളക്കിളിയെയും കുഞ്ഞുങ്ങളെയും കൂട്ടിലിരുത്തി തീറ്റതേടി പോകുന്ന അച്ഛൻകിളിയെപ്പോലെയോ, കടലമ്മയുടെ കനിവ് തേടി ആഴക്കടലിലേക്ക് ഭാര്യയെയും കുഞ്ഞുങ്ങളെയും വീട്ടിലിരുത്തി പോകുന്ന മുക്കുവനെപ്പോലെയോ ആണ് ഓരോ ശരാശരി  പ്രവാസിയും.  നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന കുടുംബം. പാസ്സ്‌പോർട്ട് വാങ്ങി നാട്ടിലേക്കവർ പോകുമ്പോളും അവധി കഴിഞ്ഞ് തിരികെ വരുമ്പോളും ആ മുഖങ്ങളിൽ മിന്നിമായുന്ന വികാരങ്ങൾ വിയർപ്പിന്റെയും, വിശപ്പിന്റെയും, സ്നേഹത്തിന്റെയും, കരുതലിന്റെയും കൂട്ടിയോചിപ്പിക്കലിന്റെ നേർത്ത നൂൽബന്ധങ്ങൾ ആണ്.

ഒരു സാധാരണ പ്രവാസിയുടെ ജീവിതത്തിന്റെ തന്നെ ആധാരമായി അവൻ കണക്കാക്കുന്ന പാസ്‌പോർട്ട് സുജിത്തിന് നഷ്ടമായിരിക്കുന്നു!

സാധാരണ രീതിയിൽ ആവശ്യത്തിനുപോലും എണ്ണിച്ചുട്ട അപ്പം പോലെ മുപ്പതു ദിവസത്തെ അവധിക്ക് വരുമ്പോൾ സർക്കാർ ഓഫീസുകളോ പോലീസ് സ്റ്റേഷനോ കയറാൻ മടിക്കുന്നവനാണ് പ്രവാസി.  പ്രവാസത്തിന്റെ ചിറക് മുളയ്ക്കുമ്പോളേ പോലീസ് വെരിഫിക്കേഷൻ പോലും ഭീതിയോടെ കാണുന്നവരാണ് ജോലിചെയ്ത്  കുടുംബം പുലർത്താൻ കടൽ കടക്കുന്ന ഓരോ മനസ്സും.

സുജിത്തും ഭാര്യയും ഒരിക്കൽക്കൂടി വീടുമുഴുവൻ തപ്പാൻ തുടങ്ങി. അലമാരികളിൽ നിന്നും, മേശകളിൽ നിന്നും അകത്തിരുന്നത് എല്ലാം പുറത്തേക്ക് വാരിവലിച്ചിട്ടു.   കുന്തം പോയാൽ കുടത്തിലും തപ്പണം എന്നപോലെ വീട്ടിനുള്ളിൽ മുഴുവൻ രണ്ടും മൂന്നും തവണ ആ അന്വേഷണം തുടർന്നു.

ഒരു രക്ഷയുമില്ല.  എല്ലാ അന്വേഷണവും നിഷ്‌ഫലം. എവിടെ വച്ചെന്നോ എങ്ങിനെ പോയെന്നോ ഒരു ഊഹവും ഇല്ല. ദുബായിൽ നിന്നും വന്നപ്പോൾ എയർപോർട്ടിൽ നിന്നുംവീട്ടിലെത്തിയശേഷം പാസ്‌പോർട്ടും പേഴ്‌സും എല്ലാം ഒന്നിച്ച് അലമാരയിൽ വച്ചതാണ്. പിന്നീട പേഴ്‌സുമാത്രം എടുത്ത ശേഷം പാസ്‌പോർട്ട് അവിടെതന്നെ വച്ചു.  എല്ലാ അവധിക്കും അങ്ങനെതന്നെയാണ് പതിവും. അടച്ചിട്ട അലമാരയിൽനിന്നും പാസ്‌പോർട്ട് എങ്ങനെ പോയി?  താൻ എപ്പോളെങ്കിലും എന്തെങ്കിലും ആവശ്യത്തിന് എടുത്തോ?  എത്ര ആലോചിട്ടും സുജിത്തിന് ഉത്തരം കണ്ടെത്താനായില്ല.

ഇപ്പോൾ അലമാരയും, മേശയും എന്നുവേണ്ട വീടുമുഴുവൻ അന്വേഷിക്കുന്നത് എവിടെനിന്നെങ്കിലും പാസ്‌പോർട്ട് കിട്ടിയാലോ എന്ന മങ്ങിയ പ്രതീക്ഷയിൽനിന്നുമാണ്.

നേരം വൈകി.  പകൽമുഴുവനുമുള്ള അന്വേഷണം അവസാനിപ്പിച്ച് അവർ തളർന്നിരുന്നു. ഇല്ല. ഇനി അന്വേഷിക്കാൻ ഈ വീട്ടിൽ ഒരിഞ്ച് സ്ഥലം ബാക്കിയില്ല.  പോലീസ് നടപടികളുടെ കാലതാമസം, ജോലിയുടെ അസ്ഥിരത... എല്ലാം കൂടി വലിയൊരു പാപം ചെയ്‌തപോലെ അപരാധിയേകണക്കെ സുജിത്തിരുന്നു. ഡമോക്ലസ്സിന്റെ വാൾ തലയ്ക്കുമീതെ തൂങ്ങുന്നു.  ഇനി മാസങ്ങൾക്ക് ശേഷം പാസ്‌പോർട്ട് കിട്ടുമ്പോൾ തിരികെ കമ്പനിയിൽ പോകാൻ കഴിയും എന്നതിന് എന്താണ് ഉറപ്പ്?

ഉത്തരമില്ലാത്ത ചോദ്യങ്ങൾ മാത്രം ബാക്കി.

വൈകുന്നേരം സ്‌കൂൾവിട്ട് മകൾ വന്നപ്പോഴും മൂകതയായിരുന്നു അവിടെ. മകൾ പഠനത്തിലേക്കും കളിയിലേക്കും തിരിഞ്ഞു.

ഇനി അന്വേഷണം നിർത്താം.  നാളെ രാവിലെ പോലീസ് സ്റ്റേഷനിൽ ചെന്ന് റിപ്പോർട്ട് ചെയ്യാം.  ഒരവധിക്കാലത്തിന്റെ എല്ലാ സന്തോഷവും നഷ്ടമായ സുജിത്ത് നെഞ്ചിടിപ്പോടെ എണീറ്റു. ആരോടും പരാതി പറയാനില്ലാതെ.

വീട്ടിലെ അന്തരീക്ഷം കണ്ട മകൾ കാര്യം തിരക്കി.

"അച്ഛന്റെ പാസ്‌പോർട്ട് കാണുന്നില്ല. നീ അതെവിടെലും കണ്ടോ?"

ഇതുകേട്ട് അന്തിച്ച് നിന്ന മകൾ സുജിത്തിന്റെ മുഖത്തേക്ക് നോക്കി.  സംശയത്തിന്റെ നിഴൽവീണ നോട്ടം.  ഒന്നുമറിയാത്ത ഭാവത്തിൽ അവൾ അകത്തേക്ക് പോയി.

അവൾ തിരികെ വന്നപ്പോൾ കയ്യിലിരിക്കുന്ന വസ്തുവിലേക്ക് സുജിത്ത് സൂക്ഷിച്ച് നോക്കി. എന്താണതെന്ന ആഗ്രഹം ഒരു സുനാമികണക്കെ വന്നുകയറി.

ദൈവമേ..! എൻറെ പാസ്സ്‌പോർട്ട് !!??  എൻറെ പാസ്സ്‌പോർട്ട്..!!

അപസ്മാരബാധിതനെപ്പോലെ സുജിത്ത് വിളിച്ച് പറഞ്ഞു. മകളുടെ കയ്യിൽനിന്നും അത് തട്ടിപ്പറിച്ച് തിരിച്ചും മറിച്ചും സുജിത്ത് നോക്കി. ഇത് തൻറെ തന്നെ പാസ്‌പോർട്ട് ആണോ?  താൻ കാണുന്നത് സത്യമാണോ?

അതെ. അത് സുജിത്തിന്റെ പാസ്‌പോർട്ട് തന്നെയായിരുന്നു. ഇതെങ്ങനെ മകളുടെ കൈകളിൽ വന്നു? എവിടാണ് അവൾ ഇത് കൊണ്ടുവച്ചിരുന്നത്?

"ഇത് നിനക്കെവിടുന്നാണ് കിട്ടിയത്?"  ഭാര്യ ഓടിവന്ന് ചോദിച്ചു.  മകൾക്ക് മനസ്സിലായി താൻ ഏതോ വലിയ അപരാധമാണ് ചെയ്തതെന്ന്.  നിശബ്ദയായി നിന്ന അവളോട് അവർ വീണ്ടും ചോദിച്ചു.  അപ്പോളാണവൾ ആ കഥ പറഞ്ഞത്.

അച്ഛന്റെ പാസ്‌പോർട്ട് അവൾക്ക് ഒരത്ഭുത വസ്തുവായിരുന്നു. ക്ലാസിൽ കുട്ടികളോട് അതിനെപ്പറ്റി വർണ്ണിച്ചത് ഉറപ്പിക്കാൻ അന്ന് അവൾ അലമാരയിൽനിന്നും പാസ്‌പോർട്ട് എടുത്തുകൊണ്ടാണ് സ്‌കൂളിൽ പോയത്.  ടീച്ചർ കാണാതെ തന്റെ സഹപാഠികളെ അത് കാണിച്ച് തൃപ്തിവരുത്തി ബാഗിൽവച്ച് തിരികെ കൊണ്ടുവരുമ്പോൾ അവൾ ഒരിക്കലും ഓർത്തില്ല അതിനുപുറകേ വീട്ടിലുണ്ടാക്കുന്ന പുകിലുകൾ.

സുജിത്തിനും ഭാര്യയ്ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. പാസ്‌പോർട്ട് സൂക്ഷ്മതയോടെ വയ്ക്കാൻ പറ്റാത്തതിനെ സ്വയം കുറ്റപ്പെടുത്തുക മാത്രമല്ലാതെ എന്തുചെയ്യാൻ?

രാത്രി നാട്ടിൽനിന്നും സുജിത്തിന്റെ ഫോൺ വന്നപ്പോൾ ഒരുപറ്റം ആൾക്കാരുടെ മനസ്സിലെ തീക്കനലാണ് അണഞ്ഞുപോയത്.

രണ്ട് ദിവസം കഴിഞ്ഞ്, അവധി കഴിഞ്ഞുവന്ന സുജിത്ത് ചിരിച്ചുകൊണ്ട് നാടൻ ചിപ്‌സും, ഹൽവയും ഒക്കെ കൊണ്ടുവന്ന് തരുമ്പോൾ ഞങ്ങളും ചിരിച്ചു. നിഷ്‌കളങ്കമായ ആശ്വാസത്തിന്റെ ചിരിയായിരുന്നു അത്.  അശ്രദ്ധ എന്ന മഹാപാപം ഇനിയൊരിക്കലും ഉണ്ടാകില്ല എന്ന് സുജിത്ത് പറഞ്ഞപ്പോൾ പൊട്ടിചിരിച്ചുപോയി.

സുജിത്ത് ഒരു പാഠമാണ്. വലിയ പാഠം. ഓരോ പ്രവാസിയും മറന്നുപോകാതെ ഓർത്തിരിക്കേണ്ട  പാഠം.  വിമാനടിക്കറ്റും, പാസ്‌പോർട്ടും, വിസയും ഒക്കെ അവന്റെ ജീവിതമാണ്. അന്നവും അവന്റെ വീട് മോടിപിടിപ്പിക്കുന്ന അശ്വര്യവുമാണ്. അത് നിന്ദിക്കലോ, അവഗണിക്കലോ പാപമാണ്.

ഇത്തിരി ശ്രദ്ധ. ഇത്തിരി കരുതൽ. അതുമാത്രം മതി നമ്മുടെ വഴികൾ ശോഭനമാക്കാൻ.

Monday, February 12, 2018

പറയിപെറ്റ പന്തിരുകുലത്തിന്റെ 67 വർഷങ്ങൾ

അപ്പനെയും അമ്മയെയും കുറിച്ച്  സീരിയസ്സായി ഇതുവരെ ഞാൻ എഴുതിയിട്ടില്ല. എന്നാൽ അവരുടെ  വിവാഹത്തിന്റെ അറുപത്തേഴാം വർഷം ആഘോഷിക്കുമ്പോൾ,  മനസ്സിൽനിന്ന് തുളുമ്പിവീഴുന്ന വരികൾ എഴുതാനായില്ലെങ്കിൽ ജീവിതാന്ത്യംവരെയും എന്നെ അത് വേട്ടയാടും.  അവർക്കുവേണ്ടി ഇതെഴുതിയില്ലെങ്കിൽ  പിന്നെ എനിക്കെന്തിനാണ് ഈ തൂലിക?  മനസ്സേ, ഉണരൂ... ചേതന നിറയ്‌ക്കൂ. പതിറ്റാണ്ടുപിന്നിലേക്ക് ഊളിയിട്ടുപോകൂ...
---------------------------------------------

ഞാൻ പ്ലാവിൽ നിന്നും വലിഞ്ഞ് താഴെയിറങ്ങി.  അപകടമില്ലാത്ത ഞാൻ താഴെയിറങ്ങുന്നത് കണ്ട അമ്മ താഴെ പറിച്ചിട്ട രണ്ടു ചക്കകളും പാകമെത്തിയതാണോ എന്ന് ഒരിക്കൽക്കൂടി ഉറപ്പുവരുത്തിയിട്ട്  പറഞ്ഞു. 

"വാ പോകാം"

രണ്ട് ചക്കകൾ. ഒന്ന് വളരെ വലുത്. ഒന്ന് ചെറുത്.  വലിയ ചക്ക ഞാൻ ചുമക്കാമെന്നേറ്റു. അമ്മയേക്കാൾ എനിക്കാണ് ആരോഗ്യം എന്നാണ് എന്റെ ചിന്ത.  കഷ്ടപ്പെട്ട് രണ്ടുപേരുംകൂടി പൊക്കി, പച്ചിലകൾ കൊണ്ട്  ഉണ്ടാക്കിയ ചുമ്മാടിനുമേൽ എൻറെ തലയിലേക്ക് ആ ചക്ക ഉയർത്തിക്കേറ്റി വച്ചു.  ഒരുനിമിഷം! അമിത ഭാരംകൊണ്ട് ഞാൻ താഴേക്ക് വേച്ച്, വേച്ച് വീഴാൻപോയി.

അതെ, എനിക്കെടുക്കാൻ പറ്റുന്നതിലും എത്രയോ വലിയ ഭാരമായിരുന്നു അത്.  നല്ല വരിക്കചക്കയാണ്. പഴുത്താൽ വീടുമുഴവന് സുഗന്ധം പരത്തുന്ന കനി. അത് മുറിച്ച് അരക്കുകളഞ്ഞ് വീതം വയ്ക്കുമ്പോൾ വീട്ടിൽ ചെറിയ ഉത്സവമേളം ആയിരിക്കും.  ഒന്നോ രണ്ടോ നേരത്തെ ഞങ്ങളുടെ വിശപ്പ് ആ കനിയുടെ കനിവിൽ കഴിഞ്ഞുപോകും.

"എടാ, അതിന് ഭാരക്കൂടുതലാ. നിനക്ക് പറ്റില്ല. ഇങ്ങോട്ടുവച്ചോ"

ചക്ക താഴെയിടാതെ അത് തൻറെ തലയിലേക്ക് മാറ്റിവയ്ക്കാൻ അമ്മ പറഞ്ഞു. ഇത്തിരി പണിപ്പെട്ട് ഞങ്ങൾ അത് അമ്മയുടെ തലയിലേക്ക് മാറ്റി.  ഞാൻ അത്ഭുതപ്പെട്ടുപോയി. കാരണം കൃശഗാത്രയായ, എന്നേക്കാൾ ഉയരം കുറഞ്ഞ ഈ അമ്മ എനിക്കെടുക്കാൻ പറ്റാത്ത ഈ ഭാരം എങ്ങനെ ചുമ്മി വീട്ടിൽ എത്തിക്കും?

ഞങ്ങൾ നടന്നു. റബർമരങ്ങൾക്കിടയിലൂടെ, ഈടിക്കെട്ടുകൾ ചാടിക്കടന്ന്, ചെറുതോടുകളും, മുള്ളുവേലിമതിലുകളും ഊർന്നിറങ്ങി, ഒരു  കിലോമീറ്ററിൽ കൂടുതൽ നടന്ന് വീട്ടിലെത്തി.  എൻറെ തലയിലിരുന്ന ചെറിയ ചക്ക മുറ്റത്തേക്ക് തള്ളിയിട്ടപ്പോൾ തലയിൽ ഒരു പെരുപ്പ്. അന്തരീക്ഷത്തിലേക്ക് ഉയർന്ന് പോകുന്ന പോലെ. ചെവിയിൽ ഒരു മൂളൽ. ക്ഷീണിതനായി ഞാൻ പടിയിലിരുന്നപ്പോൾ എൻറെ പിന്നാലെ എടുത്താൽ പൊങ്ങാത്ത ആ വലിയ ചക്കയും ചുമ്മി അമ്മയും വന്നു.  ചക്ക മുറ്റത്തേക്കിട്ട് അമ്മ അമാന്തിക്കാതെ തൊഴുത്തിലേക്ക് പശുവിന്  തീറ്റയിട്ടുകൊടുക്കാൻ നടന്നു.

എനിക്ക്  പറ്റാത്തത്ര ഭാരം അമ്മയെങ്ങനെ ഇത്രദൂരം ചുമ്മിക്കൊണ്ട് വന്നുവെന്ന്  അന്നെനിക്ക് മനസ്സിലായില്ല. എന്നാൽ കാലങ്ങൾ പിന്നിടുമ്പോൾ ഇന്ന് എനിക്കറിയാം എന്തുശക്തിയാണ് അമ്മയെ അമാനുഷയാക്കിയതെന്ന്.  പത്തുമക്കളുള്ള ഒരമ്മയ്ക്ക്  തൻറെ വീട്ടിൽ ഒരുനേരം മക്കളുടെ വയർ നിറയ്ക്കാൻ വേറെ വഴിഇല്ലാത്ത അവസ്ഥയിൽ ഈ ഭാരം ഒന്നുമേയല്ലായിരുന്നു!   ചക്ക ഞങ്ങൾക്ക് ആഹാരമാകും. ചകിണിയും മടലും തൊഴുത്തിലെ പശുവിന് ആഹാരമാകും.  കുരു സൂക്ഷിച്ച് വച്ചാൽ കൂട്ടാൻ വയ്ക്കാം. തെങ്ങുമാത്രമല്ല പ്രകൃതിയിൽ നിന്ന് കിട്ടുന്നതെന്തും ഞങ്ങൾക്ക് കൽപവൃക്ഷം പോലെയാണ്.

അറുപത്തേഴ് വർഷം മുമ്പ് ഇല്ലായ്മയിൽനിന്നും, വട്ടപൂജ്യത്തിൽ  ഓലമേഞ്ഞ ഞങ്ങളുടെ പഴയവീട്ടിൽ തുടങ്ങിയ ജീവിതമാണ്  അമ്മയുടേത്.  തൻറെ അഞ്ചാം വയസ്സിൽ അനാഥനായി തീർന്നവനാണ് അപ്പൻ. സഹോദരിമാരുടെ വീടുകളിൽ മാറി, മാറി നിന്ന് വളർന്ന, വീട്ടിലെ ആകെയുള്ള ആൺതരി.  ഒരുകാലത്ത് വീടിനുചുറ്റും കണ്ണെത്താദൂരത്ത് പരന്നുകിടന്ന ഭൂമിക്ക് അവകാശിയായിരുന്നെങ്കിലും വിവാഹസമയം രണ്ട് ഏക്കറും, ഒരു ഓലമേഞ്ഞകുടിലും, രണ്ട് ചിരട്ടത്തവിയും, ഉപ്പ് കലക്കി വയ്ക്കാനുള്ള ഒരു കരിങ്കൽ പാത്രവും മാത്രമായിരുന്നു അപ്പന് സ്വന്തം.

ഒരു പശുവിനെ സ്‌ത്രീധനമായിട്ടാണ് അമ്മ വീട്ടിൽ വന്നുകയറിയത്.  ആ ധനം അമ്മയെ ഒരിക്കലും ചതിച്ചില്ല. കഞ്ഞികുടിക്കാൻ വകയില്ലാത്ത അയൽപക്കക്കാർ കുടുംബസമേതം ആ കുടിലിൽ താമസിച്ച് അന്തിയുറങ്ങി.  സുഖദുഃഖങ്ങൾ എങ്ങനെ പങ്കിടണം എന്ന് എൻറെ മൂത്തവർ ആദ്യപാഠം അവിടെനിന്നും പഠിച്ചു.  സ്ഥിരമായി ഒരു ജോലിയില്ലാതിരുന്ന അപ്പൻ പലപണികൾ ചെയ്ത് അവസാനം കൂപ്പിലെ പണിക്ക് പോയി. രാത്രികാലങ്ങളിൽ അപ്പനെ കൊണ്ടുവിടാൻ ലോറിവരുമ്പോൾ ആ ശബ്ദം കേട്ട് ഞങ്ങൾ ഉറക്കത്തിൽ നിന്നും ഞെട്ടിയുണരും. അപ്പൻ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് ചണനൂലുകൊണ്ട് കെട്ടി വീട്ടിൽ കൊണ്ടുവരുന്ന പരിപ്പുവട, ഉണ്ടൻപൊരി, പഴം തുടങ്ങി പലഹാരങ്ങളോടുള്ള കൊതിയായിരുന്നു ഞങ്ങളെ ഉണർത്തിയിരുന്നത്.  ആരോഗ്യദൃഢഗാത്രനായിരുന്ന അപ്പനെ അസൂയയോടെ അന്നൊക്കെ ഞങ്ങൾ നോക്കിയിട്ടുണ്ട്.

പട്ടിണിയകറ്റാൻ ഞങ്ങൾ ചെയ്യാത്ത പണികളില്ല. തൊഴുത്തിൽ പശുക്കളുടെ എണ്ണം കൂടി. ആടുകൾ, കോഴികൾ എല്ലാം ഞങ്ങൾക്ക് അന്നം തരാൻ ഒപ്പം നിന്നു.  അകിടിലിടിച്ച് ചുരത്തിച്ച ശേഷം കിടാവിനെ വലിച്ച് മാറ്റിക്കെട്ടി ഞങ്ങൾ പശുവിന്റെ പാലെല്ലാം കറന്നെടുത്തു.  അവസാന തുള്ളിയും പിഴിഞ്ഞശേഷം കിടാവിനെ സ്വാതന്ത്രമാകുമ്പോൾ പാലില്ലാത്ത മുലകൾ ചപ്പി കിടാവ് നിർവൃതിയടയുന്നത് കണ്ട് ഞാൻ വിഷമിച്ചിട്ടുണ്ട്. ആ മോഷണമുതൽ വിറ്റുവേണം ഞങ്ങൾ മക്കൾക്ക് അരിയും, മുളക്കും ഉപ്പും വാങ്ങാൻ. അതേപോലെ അടയിരിക്കുന്ന കോഴിയെ വെള്ളത്തിൽ മുക്കി ഓടിക്കുമ്പോൾ ഞങ്ങൾക്കന്നറിയില്ലായിരുന്നു കോഴി ഒരുമുട്ട കൂടി കൂടുതൽ ഇട്ടാൽ അത് വിറ്റ് ഞങ്ങൾക്ക് അന്നം വാങ്ങാനാണെന്ന്.

ചക്കക്കുരു ഒന്നുപോലും ഞങ്ങൾ കളയില്ല.  ഏത്തക്കായയുടെ തൊലിപോലും ഞങ്ങൾ കൂട്ടാൻ വയ്ക്കും. ആഞ്ഞിലിക്കുരു പെറുക്കി ഉണക്കി ചീനച്ചട്ടിയിൽ മണലൊക്കെ ഇട്ട് വറുത്ത് സ്വാദോടെ കഴിക്കും.  തണുപ്പ് മാസങ്ങളിൽ തലേദിവസം കൂട്ടിവച്ച കരിയില കൂട്ടിയിട്ട് തീ കായുമ്പോൾ കപ്പയും, ചേമ്പും കാച്ചിലും ഒക്കെ ചൂടോടെ ചുട്ടുതിന്നും.  വല്ലപ്പോഴും ഒന്നോ രണ്ടോ മുട്ടയിൽ  ഒരു തേങ്ങാ  മുഴുവനും  ചുരണ്ടിയിട്ട് മുട്ടപൊരിച്ച് പത്ത് പന്ത്രണ്ടായി മുറിച്ച് തിന്നുമ്പോൾ ഞങ്ങൾ പരസ്പരം ചിരിക്കും.  തേങ്ങാ കൂടുതൽ ഇടുന്നത് സ്വാദ് കൂട്ടുവാനല്ല, പിന്നെയോ അളവ് കൂട്ടാനാണ്.

പട്ടിണി മാറ്റാൻ മറ്റ് പോംവഴികൾ ഇല്ലാതെ അപ്പൻ ഒന്നുരണ്ട് വട്ടം കുറെ വസ്തു വിൽക്കാൻ ശ്രമിച്ചപ്പോൾ "എൻറെ ശവത്തിൽ കയറിനിന്നേ വസ്തു വിൽക്കാൻ ഞാൻ സമ്മതിക്കൂ" എന്ന് അമ്മ കരഞ്ഞുവിളിച്ച്  പറഞ്ഞു. ഞങ്ങൾ ഏഴ് ആണുങ്ങൾക്ക് എന്നെങ്കിലും കേറികിടക്കാൻ ഇത്തിരി മണ്ണെങ്കിലും വേണം എന്ന തീവ്ര ചിന്തയാണ് അമ്മയെ ആ കഠിന തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് അമ്മ പറയാറുണ്ട്.

പിന്നെയുള്ള പോംവഴി വസ്തു പാട്ടത്തിന് കൊടുക്കുന്നതാണ്.  നിറഞ്ഞു നിൽക്കുന്ന തെങ്ങുകളിൽനിന്നും, കവുങ്ങുകളിൽ നിന്നും എല്ലാം വെട്ടികൊണ്ട് പോകുമ്പോൾ ഒരു തേങ്ങാപൂളോ കരിക്കോ കുടിക്കാൻ തൊണ്ട ഇരന്നുപോയിട്ടുണ്ട്. പൊഴിഞ്ഞുവീഴുന്ന പെട്ടുതേങ്ങകൾ വെട്ടികീറി ഞങ്ങൾ ആ കൊതി ശമിപ്പിക്കും.

ഒരു ആപ്പിളോ, ഒരു കവർ ബിസ്ക്കറ്റോ ഒരാൾക്ക് അന്യമോ അമിത ആർഭാടമോ ആയിരുന്നകാലം. എല്ലാം പങ്കിട്ടുമാത്രമേ  ജീവിക്കാൻ അമ്മ അനുവദിച്ചിട്ടുള്ളൂ.  പങ്കുവയ്‌പിന്റെ ബാലപാഠങ്ങൾ ഞങ്ങൾ പഠിച്ചത് ഞങ്ങളുടെ ചെറുവീടെന്ന ആലയത്തിൽ നിന്നുമായിരുന്നു.

ഞങ്ങൾ പത്തു മക്കളും വളർന്നു. മൂത്തവർ, മൂത്തവർ പത്താംതരം ഒക്കെ കഴിഞ്ഞ് മദ്രാസിലും, ബോംബെയിലും, പിന്നെ എഴുപതുകളുടെ അവസാനത്തിൽ ഗൾഫിലും ചേക്കേറി. കാലവും വീടിന്റെ കോലവും മാറുകയായിരുന്നു. ഫോറിൻ പണവും മണവും വീട്ടിലേക്ക് കയറിവന്നു.  പട്ടിണിയകറ്റാൻ തൊഴുത്തിനേയും കോഴിക്കൂടിനെയും മാത്രം ആശ്രയിക്കേണ്ട ഗതിയിൽനിന്നും വീട് മാറി.  അപ്പോഴും കൃഷി ഞങ്ങൾക്ക് എല്ലാമെല്ലാമായിരുന്നു. കപ്പ, കാച്ചിൽ, ചേന, ചേമ്പ്, ചീര എന്നുവേണ്ട കൂവ, കൂർക്ക വരെ കൃഷിചെയ്തു.  ചാക്കിലും തട്ടിൻപുറത്തും പലതും ഉണക്കി സൂക്ഷിച്ചു.   

അന്നൊന്നും പഠിത്തം ഞങ്ങൾക്ക് പ്രാധാന്യം ആയിരുന്നില്ല. വീട്ടിലെ പട്ടിണി മാറ്റാൻ അധ്വാനിക്കുക. അതിനുശേഷം മാത്രം പഠനം. വീട്ടിലേക്ക് വേണ്ട വെള്ളം മുഴുവൻ കിണറ്റിൽ നിന്ന്  കോരിവയ്ക്കാതെ എനിക്ക് സ്‌കൂളിൽ പോകാനാകില്ല. അങ്ങനെ ഓരോരുത്തർക്കും ഓരോ ജോലി.

മൂത്ത ജേഷ്ഠൻമാർ ഗൾഫിൽ കിടന്ന് അവരുടെ ജീവിതം ഹോമിച്ചാണ് എന്നെ പഠിപ്പിച്ചത്.  ഞാൻ ഹയർ സെക്കണ്ടറിക്ക് തോറ്റപ്പോൾ മൂത്ത ചേട്ടൻ എനിക്ക് ഒരു കത്തയച്ചു. ഫോറിൻ മണം പേറിവന്ന ആ എയർമെയിലിനുള്ളിലെ വടിവൊത്ത അക്ഷരങ്ങൾ  എൻറെ കണ്ണ് നനയ്ക്കുക മാത്രമല്ല തുറക്കുകയും ചെയ്തു കളഞ്ഞു. 'വന്ന വഴി മറന്നുപോകാതെ  നീ പഠിക്കണം, ഞങ്ങൾക്ക് എത്തിപ്പിടിക്കാനാകാത്ത സർട്ടിഫിക്കറ്റുകൾ നീ നേടണം. ഇനി പഠിച്ചാലേ നിങ്ങൾക്കൊക്കെ രക്ഷപെടാനാകൂ'.  ആ വരികൾ എന്നെ മാറ്റിമറിച്ചു.  പഠിക്കണം. എനിക്ക് പഠിക്കണം - അന്ന് ഞാൻ ദൃഢപ്രതിജ്ഞ ചെയ്തു. ബിരുദവും, ബിരുദാനന്തര ബിരുദങ്ങളും ഒന്നൊന്നായി ചവിട്ടി കയറുമ്പോൾ ഞാൻ ഓർത്തു. എൻറെ അമ്മയുടെ വിയർപ്പാണിത്. എൻറെ ചേട്ടന്മാർക്ക് സ്വപ്നം മാത്രം ആയിരുന്ന പേപ്പർ തുണ്ടുകളാണിവ. അവരുടെ ഒക്കെ ജീവിത വിജയത്തിന്റെ കൂടി സാക്ഷ്യപെടുത്തലുകൾ കൂടിയാണ് എൻറെ ഓരോ ബിരുദങ്ങളും.

ഞാൻ കോളേജിൽ പഠിക്കുമ്പോൾ മൂത്ത ചേട്ടൻ അവധിക്ക് വന്ന ഒരു ദിവസം ഞാൻ കണ്ടു എല്ലാവരും ചേർന്ന് ഞങ്ങളുടെ രണ്ട് ഏക്കർ അളന്നു തിരിക്കുന്നു. എല്ലാ മക്കൾക്കും ഒരുപോലെ വസ്തുവും വഴിയും വീതിച്ച് നൽകി അപ്പൻ അന്ന് ഞങ്ങളെനോക്കി ചിരിച്ചു.  എൻറെ കല്യാണം ഒക്കെ കഴിഞ്ഞ് ഒരുദിവസം എന്നെ അടുക്കൽ വിളിച്ച് അപ്പൻ പറഞ്ഞു "ഇത് നിൻറെ വസ്തുവിന്റെ ആധാരം. ഇനി ഇത് നീ സൂക്ഷിക്കണം".  അനിയന് അവൻറെ കല്യാണം വരെ കാത്തിരിക്കേണ്ടി വന്നു അവൻറെ വീതത്തിന്റെ സ്റ്റാമ്പ് പേപ്പർ കരസ്ഥമാക്കാൻ.

ചേട്ടന്മാർ രണ്ടുപേർ അധികം ദൂരെയല്ലാതെ വസ്തുവും വീടും വാങ്ങി കൂട്ടുകുടുംബത്തിൽ നിന്നും പിരിഞ്ഞു. എന്നാൽ അവർ വൈകാതെ എല്ലാം വിറ്റിട്ട് തിരികെവന്ന് അവരവരുടെ വീതത്തിൽ തന്നെ വീടുവച്ച് താമസം ആരംഭിച്ചു. കാലക്രമേണ മൂന്നുപെങ്ങന്മാരിൽ ഒരാളും അടുത്തുതന്നെ കൂടി.

ഇന്ന് എട്ടുവീടുകൾ ഉണ്ട് ആ ചുറ്റുവട്ടത്ത്.  മൊത്തത്തിൽ മതിൽകെട്ടി ഒരു ഗേറ്റിട്ട്,  റോഡ് വെട്ടി അത് കോൺക്രീറ്റ് ഇട്ട്  പണ്ട് ചെറ്റക്കുടിൽ നിന്നിരുന്ന സ്ഥലത്തിനുചുറ്റും എട്ടു വീടുകൾ.

പത്തുമക്കളെയും കൊച്ചുമക്കളെയും പോറ്റിവളർത്തി ഓടിനടന്ന അമ്മ 2004 -ൽ  തളർന്നു വീണു.  മാസങ്ങൾക്കകം അമ്മ എണീറ്റു. എന്നാൽ വർഷങ്ങൾക്ക് ശേഷം അടുത്ത ഒരു വീഴ്ചയിൽ എണീക്കാനാകാതെ അമ്മ കിടന്നുപോയി. ഇന്ന് പതിനഞ്ച് വർഷത്തോളമാകുന്നു അമ്മ വീണിട്ട്.  അമ്മയുടെ വീഴ്ച്ച അപ്പനെ മാറ്റി. പുറം ലോകവുമായുള്ള ബന്ധം അപ്പൻ വിച്‌ഛേദിച്ച് അമ്മയുടെ മുറിയിൽ കൂടി.  അമ്മയുടെ കരം പിടിച്ച് അപ്പൻ നടക്കുമ്പോൾ അപ്പൻ പറയാതെ പറയുകയായിരുന്നു എന്താണ് ജീവിത പങ്കാളി, എന്താണ് തുണ.  ഞങ്ങളെയും അമ്മയെയും പണ്ട് വഴക്കുപറഞ്ഞിരുന്ന അപ്പനായിരുന്നില്ല അത്.  സ്വന്തം ഭാര്യയെ തന്നോട് ചേർത്ത്, താങ്ങിനടത്തി വലിയൊരു മാതൃകയായിരുന്നു അത്. 

ഇന്ന്, അമ്മ തന്റെ കിടക്കയിൽ പാതി മയക്കത്തിൽ ദിവസം കഴിക്കുന്നു. അടുത്തയിടെ ഞാൻ ആദ്യം വർണ്ണിച്ച ചക്കയുടെ കഥ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ആ കണ്ണുകൾ സജലങ്ങളാകുന്നതും ചുടുകണ്ണീർ താഴേക്ക് ഉറവപൊട്ടി ഒഴുകുന്നതും ഞാൻ കണ്ടു.  അത് ഒരു കാലഘട്ടം ഘനീഭവിച്ച കണ്ണുനീരാണ്. വേദനയാണ്. സന്തോഷവും നിർവൃതിയുമാണ്.  ആ കിടക്കയിൽ  ഓർമ്മകൾ മങ്ങിയും, മയങ്ങിയും അമ്മ കിടക്കുമ്പോൾ ഞങ്ങൾ മക്കളുടെ ശബ്ദം കേൾക്കുമ്പോൾ അമ്മ ചോദിക്കും "ആരാ.. ജോയി അന്നോടാ ... ബേബി അന്നോടാ "  അമ്മയുടെ ചാരെയിരിക്കുമ്പോൾ ഞങ്ങളെ തഴുകി, പോറ്റിപുലർത്തി രണ്ടുവട്ടം ഒടിഞ്ഞ് ഇന്ന് നിർജീവമായിക്കിടക്കുന്ന ആ കൈകൾ തുടിക്കുന്നത് ഞങ്ങൾക്ക് കാണാനാകും.

അറുപത്തേഴു വർഷം മുമ്പ് തനിക്ക് സ്‌ത്രീധനമായി കിട്ടിയ പശുക്കിടാവിനെയും കൊണ്ട് വീട്ടിലേക്ക് വന്ന അമ്മയും, ഇന്ന് പല്ലില്ലാത്ത മോണകാട്ടി സ്വതസിദ്ധമായ 'ഈസി ഗോ' ചിരിചിരിക്കുന്ന അപ്പനും അവരുടെ വിവാഹ വാർഷികം ആദ്യമായി മക്കളും കൊച്ചുമക്കളും, ബന്ധുക്കളും എല്ലാം ചേർന്ന് ആഘോഷിക്കുമ്പോൾ  ഏറെ സന്തോഷിക്കുന്നുണ്ടാകും.  ഒന്നായി നിന്ന് തങ്ങളെ സ്നേഹിക്കുന്ന ഒരു ജനതയെത്തന്നെ വാർത്തെടുക്കാൻ കഴിഞ്ഞ സന്തോഷം, ആത്മസംതൃപ്തി.

തലമുറകൾ തമ്മിലുള്ള അകലം ഏറിവരുന്ന ഈ കാലത്ത്, ആശംസാവചനങ്ങളിൽ മാത്രം ആഘോഷം ഒതുങ്ങുന്ന ലോകത്ത്   ഞങ്ങൾ വേറിട്ട് ചിന്തിക്കുന്നു. ഇന്നും, ഇപ്പോഴും.

ഞങ്ങൾ പത്തു മക്കൾ.  ഞങ്ങളുടെ ഗ്രാമത്തിലെ ഒരുപക്ഷേ ജില്ലയിൽ പോലുമോ ഇല്ലാത്തൊരു പറയിപെറ്റ പന്തിരുകുലം. നാനാത്വത്തിൽ ഏകത്വം മാത്രം കൈമുതലുള്ള പത്തുമക്കൾ.  87 വയസ്സുള്ള ദാനിയേലെന്ന അപ്പൻ മുതൽ രണ്ടാഴ്ച്ച പ്രായമുള്ള അബീഗയിൽ എന്ന കൊച്ചുമകൻറെ രണ്ടാമത്തെ മകൾ വരെ ഒന്നിച്ചുകൂടുന്ന മുഹൂർത്തം.

അപ്പാ, അമ്മേ ... ഇത് മക്കളുടെ ആത്മനിർവൃതിയുടെ നിമിഷം. ഈ ബന്ധങ്ങൾ അറ്റുപോകാതെ തുടരട്ടെ. നിരന്തരം, അനസ്യൂതം.. അനവരതം.

Thursday, February 1, 2018

യഥാർത്ഥ രാഷ്ട്രീയത്തിന്റെ മാനിഫെസ്റ്റോ

സ്നേഹമുള്ളവരെ, രാഷ്ട്രീയത്തിന്റെ ബാലപാഠം ഇനിയും പഠിക്കാത്തവർ എന്നെ ശ്രവിക്കുവിൻ!  ഈ വാക്കുകൾ ചെവിക്കൊള്ളുവിൻ.

കമ്യൂണിസ്റ്റോ അതോ കോൺഗ്രസ്സോ? രാഷ്ട്രീയം പോലെ തന്നെ ചൊറിയുന്ന ചോദ്യമാണെങ്കിലും, എന്നോടിത് പലരും ചോദിച്ചിട്ടുള്ളതും, കണവ മഷി കലക്കി രക്ഷപെടുംപോലെ ഞാൻ വിദഗ്ദ്ധമായി ഒഴിഞ്ഞുമാറിയിട്ടുള്ളതും ആകുന്നു.  എന്നാൽ പരമമായ  ഒരു സത്യം ഇന്ന്, ഇവിടെ  വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.  അത്തരമൊന്നാണ് താഴെ പറയുന്ന മഹത്തായ ചരിത്രം.

ഈ ദുനിയാവില്  രണ്ടേ രണ്ടു പാർട്ടികൾ മാത്രമേ ഉള്ളുവെന്നും, അത് കമ്യൂണിസ്റ്റും കോൺഗ്രസ്സും ആണെന്നുമുള്ള ചിന്ത കൊടികുത്തി വാണിരുന്ന കാലത്താണ് ഈ ചരിത്ര സംഭവം അരങ്ങേറുന്നത്. 

പണ്ട്, തോമാശ്ലീഹാ നേരിട്ട് വന്ന് 'വരിനെടാ പിള്ളേരെ നിങ്ങളെയെല്ലാം  ഞാൻ  ക്രിസ്ത്യാനികൾ ആക്കാം' എന്ന് പറഞ്ഞ് നല്ല മൂത്ത പട്ടന്മാരെയും, നമ്പൂതിരിമാരെയും, ബ്രാഹ്മണന്മാരെയും മാത്രം തിരഞ്ഞുപിടിച്ച്  ക്രിസ്ത്യാനികളാക്കുകയും ഭാവിയിൽ നിങ്ങൾ കോൺഗ്രസ്സുകാരായി തീർന്നോണം എന്ന് കൈവെപ്പ് കൊടുക്കുകയൂം ചെയ്തതിൻപ്രകാരം നല്ല ഫസ് ക്ലാസ്  കോൺഗ്രസ്സ് കുടുംബത്തിൽ വന്നുപിറന്ന ഞാൻ  കമ്യൂണിസ്റ്റായി എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ സത്യത്തിന്റെ മുഖം എന്നും കോടിയിരിക്കും (കോടിയേരി അല്ല).

അതെ. ഞാനും കമ്യൂണിസ്റ്റായി! 1987-ൽ.

നമ്മുടെ തോപ്പിൽ ഭാസി, കെ.പി.എ.സി-ക്ക് നാടകം കളിയ്ക്കാൻ കമ്യൂണിസ്റ്റായതുപോലെയോ, എ.കെ.ജി,  ഇ.എം.എസ്, നായനാർ ഇവർക്കൊക്കെ ഒരുകാലത്ത് കള്ളനും പോലീസും, പാത്തിരുപ്പ്, എന്നീ നാടൻ കളികൾ കളിക്കാൻ ഹരം തോന്നി കമ്യൂണിസ്റ്റായതുപോലെയോ  ഒന്നുമല്ല ഞാൻ സഖാവായത്.  എന്നെപ്പോലെ ആവണേൽ ഇച്ചിരി പുളിക്കും.

വല്യവധി കഴിഞ്ഞ് സ്‌കൂൾ തുറന്നു.  എട്ടാം ക്ലാസ്സിൽ നിന്ന് ഒന്നുരണ്ട് പാഴുകൾ ഒഴിച്ച് ബാക്കിയെല്ലാവരും നല്ല സൂപ്പർ പ്രൊമോഷൻ കിട്ടി ഒമ്പതിൽ എത്തി.  സ്‌കൂൾ തുറന്നാൽ വൈകാതെ ക്‌ളാസ്- സ്‌കൂൾ ലീഡർമാരുടെ തിരഞ്ഞെടുപ്പെന്ന പാർലമെന്ററി ചടങ്ങുകൾ ഉണ്ടല്ലോ.  SFI അല്ലേൽ  KSU, അതായിരുന്നു കുട്ടികൾക്കുള്ള ആകെ പാർട്ടി ഓപ്‌ഷൻ.  മൂത്ത കോൺഗ്രസുകാരന്റെ മകനായ ഞാൻ സ്വാഭാവികമായും KSU ആയിരിക്കുമല്ലോ.

ഇലക്ഷൻ തീയതി തീരുമാനിച്ചു.  എനിക്കാണേൽ അപ്പോൾ ആകെ മൊത്തം ടോട്ടൽ ഒരു വൈക്ലബ്യം. എട്ടാം ക്ലാസ്സിൽ,  ക്‌ളാസ് ലീഡർ, സ്‌കൂൾ ലീഡർ ഒക്കെയായിരുന്ന ആനന്ദ് സാറന്മാരുടെ പൊന്നോമനയായിരുന്നു. ഒരു ലീഡറുടെ  പണികളായ ബോർഡ് തുടക്കുന്ന ഡസ്റ്റർ നിർമ്മാണം, ക്ലാസ്സിൽ അലമ്പ് കാണിക്കുന്നവർക്കിട്ട്  പൂശാനുള്ള വടി നിർമ്മാണം, സാറന്മാരില്ലാത്ത സമയത്ത് സംസാരിക്കുന്നവരുടെ പേരെഴുതി വയ്പ്പ് എന്നീ മഹനീയ ചടങ്ങുകൾ പൂർണ്ണ ഉത്തരവാദിത്വത്തോടെ അവൻ എട്ടാം ക്ലാസ്സിൽ ചെയ്തു പോന്നു.  അത് കാണുമ്പോൾ സത്യത്തിൽ എനിക്ക്  കുശുമ്പായിരുന്നു.  പക്ഷേ പബ്ലിക്കായി ആ പഹയനോട് അത് പ്രകടിപ്പിക്കാൻ പറ്റില്ലല്ലോ.  കാരണം, അവൻ പഠിക്കാൻ മിടുക്കനാണ്.  രണ്ടാമത് ഞാൻ കീഴെക്കൂടെ വല്ല പണിയും കൊടുത്താൽ സംസാരിക്കുന്നവന്മാരുടെ കൂട്ടത്തിൽ എൻറെ പേരും എഴുതിവച്ച് ഇവൻ നല്ല ഒന്നാന്തരം ചൂരൽകഷായം വാങ്ങിത്തരും.

അങ്ങനെ എട്ടാം ക്ലാസ്സിലെ ദിവാസ്വാപ്നങ്ങളുമായി ഒൻപതിൽ എത്തിയപ്പോൾ എനിക്കൊരു പൂതി.  ക്ലാസ്സ് ലീഡർ ആകാൻ ഒന്നുശ്രമിച്ചാലോ?!

ആനന്ദ് മൂത്ത KSU ക്കാരൻ.  പാർട്ടി അവനെ ഒൻപത്തിലെ സ്ഥാനാർത്ഥിയായി തീരുമാനിച്ചു കഴിഞ്ഞു.  ഇനി വേറൊരുത്തൻ കൂടി KSU ബാനറിൽ നിൽക്കാൻ 9 A-യിൽ സ്കോപ്പില്ല.  എന്തുചെയ്യും?  ഞാനാണേൽ കേവലം ഒരു നീർക്കോലി.  പക്ഷേ പണ്ടെങ്ങോ മൂപ്പിലാൻ പറഞ്ഞുകേട്ടിട്ടുണ്ട് നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്ന്!

അങ്ങനെ വരുന്നത് വരട്ടെ എന്ന് ചിന്തിച്ച്, രണ്ടും കൽപിച്ച് ക്ലാസ് ലീഡർ സ്ഥാനത്തേക്ക് നിൽക്കാൻ ഞാൻ തീരുമാനിച്ചു.  പക്ഷേ ഏതു പാർട്ടി?  അന്നൊക്കെ ഈ സ്വതന്ത്രർക്ക്  കെട്ടിവച്ച കാശുപോലും കിട്ടാത്ത കാലമാ.  സ്ഥാനാർഥി എന്നെങ്ങാനം പറഞ്ഞു ചെന്നാൽ KSU-ക്കാർ  എന്നെ കണ്ടം വഴി ഓടിക്കുകയും ചെയ്യും.

ഇനി ആകെ ഒരു ഓപ്‌ഷൻ മുന്നിലുള്ളത് SFI ആണ്.  എൻറെ വ്യാകുല മാതാവേ...! പള്ളിയോ പട്ടക്കാരനോ പുണ്യവാളന്മാരോ ഇല്ലാത്ത പാർട്ടി!  കപ്പയ്ക്കും മത്തിക്കും പകരം  പരിപ്പുവടയും കട്ടൻകാപ്പിയും ദിനേശ്ബീഡിയും  കൊണ്ട് ജീവിക്കുന്ന ക്ഷുദ്രജീവികൾ.  അവരുടെ പാളയത്തിലേക്ക് ചേക്കേറുക എന്നുവച്ചാൽ??

രാത്രികളിൽ ഞാൻ കൂലങ്കഷമായി ആലോചിച്ചു.  ഒതുക്കത്തിൽ ക്ലാസിൽ ഒരു രഹസ്യ സർവേ നടത്തി നോക്കി. അമ്പത് ശതമാനത്തിൽ കൂടുതൽ SFI കാരാണ്.  ചാൻസുണ്ട്.  ചെറിയ രീതിയിൽ കുറെ മോഹന വാഗ്‌ദാനങ്ങൾ നൽകിയാൽ ചിലപ്പോൾ പുഷ്‌പം പോലെ ജയിച്ചുകയറാം.  ജയിച്ചു കഴിഞ്ഞാൽ.....ഹോ!  ഓർക്കുമ്പോൾ കുളിരുകോരുന്നു.

അവസാനം  'ഉണ്ടുകൊണ്ടിരുന്ന നായർക്ക് ഒരു വിളിവന്നു' എന്നപോലെ അതങ്ങ് തീരുമാനിച്ചു. SFI ബാനറിൽ മത്സരിക്കുക.  വീട്ടിൽ അധികം  പബ്ലിസിറ്റി കൊടുക്കാതിരിക്കുക.  ദൈവം സഹായിച്ച് അപ്പൻ എന്റെ സ്‌കൂൾ കാര്യത്തിൽ വലിയ ഇടപെടലുകൾ നടത്താറില്ല.  പോഗ്രാസ്സ് കാർഡിൽ ഒപ്പുചാർത്തി എൻറെ വിദ്യാഭാസത്തിന്റെ പരിതാപകരമായ അവസ്ഥ കണ്ട്  ഇങ്ങനെ പോയാൽ നിനക്ക് ചാണകം വാരുന്ന പണി കിട്ടും' എന്ന പ്രവചനം  ഇടയ്ക്കിടെ നടത്തുമെന്നല്ലാതെ പ്രയോജനമില്ലാത്ത കാര്യങ്ങൾക്ക് അപ്പൻ പണ്ടേ വലിയ താൽപര്യം കൊടുക്കാറില്ല.  അപ്പനെ സംബന്ധിച്ച് ഞങ്ങൾ സ്‌കൂളിൽ പോകുന്നതുകൊണ്ട് മൂന്നു കാര്യങ്ങൾ നടക്കും.  ഒന്ന്, വീട്ടിലെ ശല്യം ഒഴിഞ്ഞുകിട്ടും. രണ്ട്, ഉച്ചക്കഞ്ഞിയോ,  ഉപ്പുമാവോ ഒക്കെ തിന്ന് ഒരുനേരത്തെ തീറ്റക്കാര്യം പണ്ടാറമടങ്ങും.  മൂന്ന്, ഞങ്ങളെപോലെയുള്ള ഉണ്ണാക്കമാടന്മാരെ സ്‌കൂളിൽ വിട്ടാൽ പാവം പിടിച്ച കോശി സാറും, കുറുപ്പുസാറും ഒക്കെ ഇതുപോലെ വാധ്യാര് പണിയിയുമായി കഞ്ഞികുടിച്ചങ്ങ്  കഴിഞ്ഞുപോകും.

ഇനിയുള്ളത് അത്യുഗ്രൻ പോരാട്ടം.  വീറും  വാശിയുമുള്ള തന്ത്രങ്ങൾ മെനയണം.  ആനന്ദ് അവൻറെ സ്വാധീനം എല്ലാ മേഖലയിലും ചെലുത്താൻ നോക്കും.  അതിനെ പ്രതിരോധിക്കണം.  ഒന്നല്ല ഒൻപതിനായിരം  മോഹന വാഗ്‌ദാനങ്ങൾ  ക്ളാസിലുള്ളവർക്ക് നൽകണം.  ഓരോരുത്തന്റെയും വീക്നെസ്സിൽ കേറിപ്പിടിച്ചോണം.  വാളൻപുളി, കണ്ണിമാങ്ങ, നെല്ലിക്ക, ലോലോലിക്ക, ചാമ്പക്ക, തേങ്ങാപ്പീര മുട്ടായി, ഗ്യാസുമുട്ടായി എന്നിങ്ങനെ വിവിധതരം കൈകൂലികൾ വിതരണം നടത്തേണ്ടതായി വരും.  ജനാധിപത്യത്തിൽ ഇത്തരം കൊടുക്കൽ വാങ്ങലുകൾ അത്യന്താപേക്ഷിതവുമാണല്ലോ.  എന്നെ കെട്ടിപ്പിടിച്ച് 'എൻറെ പൊന്നേ നിനക്കേ ഞാൻ വോട്ടുചെയ്യൂ' എന്ന് പറയുന്നവന്റെ വോട്ട് കീഴെക്കൂടെ പോകാതെ നമ്മുടെ പെട്ടിയിൽ തന്നെ ഇടീക്കണം.

വാക്‌പോരാട്ടത്തിൽ എനിക്ക് ആനന്ദിനെ തോൽപിക്കാൻ പറ്റില്ല. പകരം രാഷ്ട്രീയത്തിന്റെ മർമ്മപ്രധാന അടവായ ഇല്ലാത്ത കുറ്റം പറഞ്ഞ് അവനെ നാറ്റിക്കണം.  ഒമ്പത് 'എ' ഡിവിഷനിൽ ആറ്റുനോറ്റ് കിട്ടിയ സ്ഥാനാർത്ഥിയായതിനാൽ എന്നെ കമ്യൂണിസ്റ്റുകാർ മൊത്തത്തിലങ്ങ് ദത്തെടുത്തു.  ലെനിനും സ്റ്റാൻലിനും ഒക്കെ തൊട്ടു താഴെയാണ് എന്റെ സ്ഥാനം എന്നെനിക്ക് തോന്നിപോയി.  താൻ 'ഈസിയായി ജയിച്ചുകയറും' എന്ന് ആനന്ദ് വീമ്പിളക്കിയപ്പോൾ.  'അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതിയെന്ന്'  ഞാനും തിരിച്ചടിച്ചു.

നോമിനേഷൻ പിൻവലിക്കാനുള്ള അവസാനദിവസത്തിന് തലേദിവസം ആനന്ദ് എന്നെ അടുത്തേക്ക് വിളിച്ച് ഒരു കാര്യം പറഞ്ഞു.

"ഡോ ... താൻ സ്‌കൂളിന്റെ മുറ്റത്തെ ആൽമരചുവട്ടിൽ വൈകിട്ട് ഒന്ന് വരാമോ?"

"എന്തിനാ?"  മുളപൊട്ടിയ സംശയത്തോടെ ഞാൻ അവനെ നോക്കി.  ശത്രുവാണ്, പ്രത്യേകിച്ച് കോൺഗ്രസ്സ്.  സൂക്ഷിക്കണം.

"അവിടെ വാ, ഒരു രഹസ്യം പറയാനാ"

ഇതിലെന്തോ ഏടാകൂടം ഉണ്ട്.  അല്ലെങ്കിൽ അവൻ ഇങ്ങനെ ഒതുക്കത്തിൽ വിളിക്കില്ലല്ലോ.  വല്ല ബ്ലാക്മെയിലിംഗിനുമുള്ള  പുറപ്പാടാണോ?  ആലോചിച്ചാലോച്ച് തലപുകഞ്ഞു.   വിളിച്ചുവരുത്തി കോൺഗ്രസ്സ് ഗുണ്ടകളെകൊണ്ട് അടിപ്പിക്കാനാണോ?  സംശയങ്ങൾ പലതും പൊന്തിവന്നെങ്കിലും ഒരു നല്ല കമ്യൂണിസ്റ്റ് വെടിയുണ്ടകളെപ്പോലും പേടിക്കുന്നവനല്ല എന്ന ചിന്തയിൽ വൈകിട്ട് ഞാൻ ആൽമരത്തിൻറെ ചുവട്ടിലെത്തി.  ദൂരെനിന്നുതന്നെ എന്നെ കാത്ത് അവൻ അവിടെ നിൽക്കുന്നത് കണ്ടു.

"എന്താ കാര്യം?" ചെന്നപാടെ അവനെ അടിമുടിയൊന്ന് നോക്കിയിട്ട് ഞാൻ തിരക്കി.

"എടാ,  തന്നോടെനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട്..."  എനിക്ക് കാര്യം മനസിലായില്ല.  വലിയപുള്ളിയായ ഇവന് എന്നോട് എന്ത് റിക്വസ്റ്റ്?

"ദാണ്ടേ..  നിനക്കറിയാമല്ലോ, നമ്മുടെ ക്‌ളാസിൽ SFI യും, KSU യും ബലാബലമാ.  പറഞ്ഞുവന്നാൽ നീയും ഞാനും കോൺഗ്രസ്സ്.  നീ ചുമ്മാ ചുമ്മാ നാണക്കേടുണ്ടാക്കാതെ എന്നെ ഒന്ന് ഹെൽപ് ചെയ്യണം"

"ഹെൽപോ .. എന്തൊരു ഹെൽപ്?"  എൻറെ കണ്ണിൽ അതുഭുതം വിരിഞ്ഞു.

"എടാ, നീ ദയവുചെയ്ത് ഇലക്ഷനിൽ നിന്നും പിന്മാറണം.  നാളെ നോമിനേഷൻ പിൻവലിക്കാനുള്ള അവസാന ദിവസമാ"  ഇതും പറഞ്ഞ് അവനെന്റെ തോളിൽ  സഹോദരസ്നേഹം തുളുമ്പുന്ന ഒരു പിടിത്തം പിടിച്ചു.

ഞാനാകെ അമ്പരന്നുപോയി.  ഭീഷണിപ്പെടുത്തും എന്ന് കരുതിയവൻ ഇതാ അപേക്ഷിക്കുന്നു.  സ്നേഹിച്ച് കൊല്ലുന്നു!  ഇതിപ്പോ ആകെ ജഗപൊകയായല്ലോ.  'സ്നേഹത്തിന്റെ നിരസനം പാപം' എന്നാണ് സണ്ടേസ്‌കൂളിൽ പഠിച്ചിരിക്കുന്നത്. അതേ സമയം യാചിച്ച് വന്ന് കർണ്ണന്റെ കവചകുണ്ഡലങ്ങൾ അടിച്ചുമാറ്റികൊണ്ടുപോയി യുദ്ധത്തിൽ ആപ്പടിച്ച വീരന്മാരും ഉണ്ട്.

ആകെ കൺഫൂഷ്യൻ ആയി.  ജനാധിപത്യത്തിൽ എനിക്ക് വരാൻ പോകുന്ന സൗഭാഗ്യങ്ങൾ ഇവൻറെ വാക്കിന്റെ പുറത്ത് കളഞ്ഞുകുളിക്കണോ?  സാറന്മാരുടെ മുന്നിൽ നമുക്കുള്ള സ്ഥാനം, പിള്ളാർക്ക് നമ്മളോടുള്ള പേടി.  അതെല്ലാം മനസ്സിൽ കണ്ടപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു. 'നീയല്ലേ നിൻറെ കീച്ചിപ്പാപ്പ വന്നു പറഞ്ഞാലും, പൊന്നുമോനെ ഞാൻ നോമിനേഷൻ പിൻവലിക്കത്തില്ല'

ഒന്നും മറുപടി പറയാതെ അവനെ നോക്കുകുത്തിപോലെ നിർത്തി ഞാൻ തിരിഞ്ഞുനടന്നപ്പോൾ വിവരമുള്ള അവന് കാര്യം പിടികിട്ടിക്കാണും.

വീട്ടിൽ പോയി രാത്രി കിടക്കുമ്പോൾ ഞാൻ ഒത്തിരി സ്വപ്‌നങ്ങൾ കണ്ടു.  സാറന്മാർക്ക് ഗുരുദക്ഷിണപോലെ മുറ്റത്ത് നിൽക്കുന്ന കാപ്പിമരത്തിൽ  നിന്നും  നല്ല മൂത്ത രണ്ടു കമ്പ് വെട്ടികൊണ്ട് കൊടുക്കണം.  അയലത്തുള്ള തയ്ക്കുന്ന ചേച്ചിയെ സോപ്പിട്ട് ബോർഡ് തുടക്കുന്ന ഡസ്റ്റർ ഉണ്ടാക്കിക്കണം.  ക്ലാസിലെ എൻറെ ശത്രുക്കളുടെ ഒക്കെ പേര്, സംസാരിക്കുന്നവരുടെ കൂട്ടത്തിൽ എഴുതി നല്ല ചുട്ട അടി വാങ്ങികൊടുക്കണം.  എത്രയെത്ര മനോഹര ജനാതിപത്യ സ്വപ്‌നങ്ങൾ.

അങ്ങനെ, നിശ്ചയിച്ച ദിവസം തന്നെ ഇലക്ഷൻ നടന്നു.  ജീവൻ മരണപോരാട്ടം.  ആര് ജയിക്കും?  ആര് തോൽക്കും?

സ്‌കൂൾ ലൈബ്രറിയിൽ പോളിംഗ് സ്റ്റേഷനിൽ, സ്‌കൂളിനടുത്തുള്ള തമ്പിസാറിന്റെ അരിമില്ലിലെ ബെൽറ്റ് കിടന്നടിക്കുന്നപോലെ നെഞ്ചിടിപ്പോടെ ഞാനും ആനന്ദും സാകൂതം നിന്നു.  ഞാൻ ജയിച്ചാൽ ക്ലാസ് ലീഡറാകും.  ആനന്ദ് ജയിച്ചാൽ ക്ലാസ് ലീഡർ മാത്രമല്ല സ്‌കൂൾ ലീഡറും ആകും. അപ്പോൾ എന്നെക്കാൾ ടെൻഷൻ അവനായിരിക്കുമെന്ന്  ഞാൻ കണക്കുകൂട്ടി.

അവസാനം ജോർജ്ജ് മാത്യു സാർ ഇലക്ഷൻ റിസൾട്ട് പ്രഖ്യാപിച്ചു!!

9 'എ' യിൽ  KSU സ്ഥാനാർഥി പത്ത് വോട്ടുകൾക്ക് SFI സ്ഥാനാർത്ഥിയോട് തോറ്റു!!

"ഇ.എം.എസ്സിനെ ഈയം പൂശി ഈയ്യല് പോലെ പറപ്പിക്കും.  കമ്യൂണിസം.. മൂർദ്ദാബാബ്.." ഇങ്ങനെയൊക്കെ മുദ്രാവാക്യം വിളിക്കാൻ കൊതിച്ചുകൊതിച്ചിരുന്ന KSU-ക്കാർ  എല്ലാം പോയി കൂഞ്ഞുവലിച്ചു!!

ആനന്ദ് എന്ന വന്മരത്തെ പിഴുതുമറിച്ച്  ഞാൻ ഒൻപത് 'എ' ഡിവിഷനിലെ ക്ലാസ് ലീഡർ ആകുന്ന അസുലഭനിമിഷം!   മാത്രമോ, മഹത്തായ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അംഗവും.  കാറൽ മാർക്സ്, ലെനിൻ, ഇ.എം.എസ്...  പിന്നെ ഈ ഞാനും.  ദൈവമേ, ഒള്ളത് പറയാലോ ഇപ്പളും ഓർക്കുമ്പോൾ രോമാഞ്ചകുഞ്ചുകമാ.

ഞാൻ ക്ലാസ് ലീഡർ ആയതോടെ കഥ കഴിഞ്ഞു എന്ന് കരുതിയെങ്കിൽ തെറ്റി.  അതിനേക്കാൾ വലിയ മാരണമാണ്  ഇനി വരാനിരിക്കുന്നത്.

വൈകിട്ട് SFI-ക്കാരുടെ മീറ്റിംഗ് കൂടി.  സ്‌കൂൾ ലീഡർ തിരഞ്ഞെടുപ്പ് ഉടനെ തന്നെയുണ്ട്. അതിൽ SFI തന്നെ ജയിക്കണം.  ക്ലാസ് ലീഡറന്മാരിൽ നിന്നും അതിന് പറ്റിയ ഒരു തടിമാടനെ ഒപ്പിച്ചു.  ആരും ഒരു കുതിരക്കച്ചവടത്തിലും വീഴരുത്.  'വിപ്ലവം ജയിക്കട്ടെ. ഇൻക്വിലാബ് സിന്ദാബാദ്!  KSU ക്കാർ അറബിക്കടലിൽ'.

വീണ്ടും രാഷ്ട്രീയം ഉണർന്നു.  SFI കണ്ണും പൂട്ടി ജയിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. രണ്ട് സീറ്റ് മജോറിറ്റി നമ്മൾക്കാണ്.

KSU സ്‌കൂൾ ലീഡർ സ്ഥാനാർഥി വീടിനടുത്തുള്ള ടോമിച്ചനാണ്.  കോൺഗ്രസ്സുകാരുടെ ബലിമൃഗം.  കാര്യം അവൻ എൻറെ അയൽപക്കകാരനും കൂട്ടുകാരനും ഒക്കെയാ.  റബ്ബർ മുട്ടായിയും, പ്ലാസ്റ്റിക് കവറിലെ നാരങ്ങാ അച്ചാറും, കൊച്ചുബിസ്‌കറ്റും, കമ്പ്ഐസും  ഒക്കെ വാങ്ങിത്തന്നിട്ടുള്ളവനാ.  പക്ഷേ ഇന്ന് ഞാനും, നായനാരും നമ്പൂരിച്ചനും ഒക്കെ ഒരു കയ്യായി നിൽക്കുമ്പോൾ 'പൊന്നുമോനേ, അച്ചാർ ചപ്പികഴിയുന്നതോടെ അതിന്റെ എരിയും പുളിയും കഴിയും' എന്ന് ഞാനങ്ങ് മനസ്സിൽ പറഞ്ഞു.

ദിവസങ്ങൾ ഓടിപ്പോയി. ചെളിവാരി എറിയലുകൾ പരസ്പരം നടന്നുനടന്ന്, സ്‌കൂൾ ലീഡർഇലക്ഷനും കഴിഞ്ഞു.

ജയിക്കും എന്ന് SFI ക്ക് നൂറുവട്ടം  ഉറപ്പാണ്.  ഇന്ദിര ഗാന്ധിയെയും,  കരുണാകരനെയും ഒക്കെ വിളിക്കാൻ നല്ല ഒന്നാന്തരം തെറി പാർസലാക്കി വച്ചിട്ടാണ് ഞങ്ങളിരിക്കുന്നത്.   SFI കാരോട് കളിയ്ക്കാൻ ഇവിടെ ഒരുത്തനും ആയിട്ടില്ല.  അഥവാ വന്നാൽ 'അക്കളി തീക്കളി സൂക്ഷിച്ചോ'.  അല്ല പിന്നെ!

മഹാമല്ലനായ ഗോലിയാത്തിനെ കമഴ്ത്തിയടിച്ച ഈർക്കിൽ ചെറുക്കനായ ദാവീദിനെപ്പോലെയും, പീക്കിരിപയ്യനായ വാമനൻ മഹാബലിയെ ചവിട്ടിക്കൂട്ടിയപോലെയും അവിശ്വസനീയമായി സ്‌കൂൾ ലീഡർ റിസൾട്ട് വന്നു.   ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ SFI യെ KSU ക്കാരൻ ടോമിച്ചൻ തോൽപിച്ചുകളഞ്ഞു!!

ഇരുമ്പിൻകൂടം കൊണ്ട് അടിയേറ്റപോലായി ഞങ്ങൾ!!  തികച്ചും അവിചാരിതം. ജയിക്കുമ്പോൾ പൊട്ടിക്കാൻ വച്ച പടക്കങ്ങളും, തൂക്കാൻ ഉണ്ടാക്കിയ തോരണങ്ങളും, വിളിക്കാൻ സൂക്ഷിച്ചുവച്ച മുദ്രവാക്യങ്ങളും, തന്തക്കുവിളിയും എല്ലാം ചീറ്റിപ്പോയി.  ഞങ്ങൾ SFI-ക്കാർ  'അയ്യോ പൊത്തോ' എന്ന് പറഞ്ഞ് നെഞ്ചത്ത് കൈവച്ചു.

ഒരു കാര്യം തീർച്ച.  പാർട്ടിക്കുള്ളിൽ ഏതോ കരിങ്കാലികൾ  ഉണ്ട്. പാർട്ടിയെ ഒറ്റിയവർ. ചാരന്മാർ... അവരാണ് പണി പറ്റിച്ചത്.   കണക്ക് പ്രകാരം SFI ഓരോട്ടിനെങ്കിലും ജയിക്കണം.  ഇതിപ്പോ ഒരു വോട്ടിന്  തോറ്റിരിക്കുന്നു.  എന്തൊരു മറിമായം!?  ഇതെന്ത് രാഷ്ട്രീയം?  എല്ലാവരും തമ്മിൽ തമ്മിൽ  വാക്കുകൾ കൊണ്ട് അരിശം തീർത്തു.

ആരാണ് ആ ഒറ്റുകാർ?  ആരോ രണ്ട് പഹയന്മാർ വോട്ട് കൊണ്ട് KSU വിന്റെ പെട്ടിയിൽ ഇട്ടിട്ടുണ്ട്.  ആരാണവന്മാർ?  അന്ത്യശാസനം മുഴങ്ങി.  ആരാണേലും അവന്മാരെ കണ്ടുപിടിക്കണം.  പാർട്ടിയുടെ ചട്ടം പഠിപ്പിക്കണം.

മീറ്റിങ്ങുകൾ ഒന്നിനുപുറകെ ഒന്നായി കൂടി,  പരസ്‌പരം ചെളിവാരിയെറിഞ്ഞു.  നേതാക്കന്മാരുടെ പിടിപ്പുകേടുകൊണ്ടാണ് ഇതുപറ്റിയത് എന്നാണ് പാർട്ടിയുടെ മതം.   പാരവെച്ച വലിയ പുപ്പുലികളെ കണ്ടെത്താനാകാതെ ഞങ്ങൾ ഇരുന്നു.  കുരങ്ങൻ ചത്ത കോരനെപ്പോലെയായിരുന്നു ആ ഇരിപ്പ്.  അങ്ങനെയുള്ള  ഒരു മീറ്റിംഗിൽ "ആരായാലും അവനെ ഞാൻ പൂട്ടും" എന്നൊരു വിളംബരം ഞാൻ നടത്തി. അതെങ്ങനെയെന്ന് ചോദിച്ചവരോട് ഞാൻ പറഞ്ഞു.

"ഞാൻ നമ്മുടെ ഗീവറുഗീസ് പുണ്യവാളന് നല്ലൊരു നേർച്ച നേരും. പാരവെച്ചവന്റെ അണ്ണാക്കിൽ പാമ്പുകേറി കൊത്തും, കണ്ടോ.. 'ഇന്നാ പിടിച്ചോ' എന്ന് പറഞ്ഞ്  ശൂലം വായിൽ കുത്തിക്കയറ്റി പാമ്പിന്റെ പരിപ്പ് ഇളക്കിയവനാ പുണ്യവാളൻ.  അതും പോരാഞ്ഞ്  നമ്മുടെ അമ്പലത്തിലെ ദേവിക്ക് ഒരു നേർച്ചകൂടി  നേർന്നാൽ അവൻറെ അകവാളുവെട്ടി വയറിളകി, വയറിളകി ചാകും കണ്ടോ"

പാർട്ടി സിദ്ധാന്തത്തിന് എതിരാണെങ്കിലും ആപ്പടിച്ചവന് തിരിച്ച് പുണ്യവാളനോ, ദേവിയെ ആരെങ്കിലും ഒരെണ്ണം കൊടുത്താൽ നാന്നായിരുന്നു എന്ന പ്രതികാരമോഹത്തിൽഎല്ലാവരും എന്നെ സപ്പോർട്ട് ചെയ്യുകയും ചെയ്തു.

അസംബ്ലിയിൽ ടോമിച്ചൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ 'എടാ, കുതിരക്കച്ചവടം നടത്തി പാർട്ടിയെ തോല്പിച്ചവനെ നീ ഒരിക്കലും കൊണം പിടിക്കില്ല' എന്ന് ഞങ്ങൾ ഊന്നി ഊന്നിപ്പറഞ്ഞു.  അവനാണേൽ  'നീയൊക്കെ എന്നെ പുളിങ്കുരു പോലെ അങ്ങ് ഞൊട്ടും... ഒന്ന് പോടാ ഉവ്വേ' എന്നമട്ടിലാണ് നിൽപ്പും, നടപ്പും.

പശുവും ചത്തു മോരിന്റെ പുളിയും പോയി എന്ന രീതിയിൽ ആണ് പിന്നെ കാര്യങ്ങൾ നടന്നത്.  എന്താണെന്ന് വച്ചാ,  ഗീവറുഗീസ് പുണ്യവാളനല്ല, ഭദ്രകാളിയല്ല, സാക്ഷാൽ ബ്രഹ്മാവ് വിചാരിച്ചാൽ പോലും രാഷ്ട്രീയപാർട്ടിക്കുള്ളിലെ കള്ളനെ കണ്ടുപിടിക്കാൻ പറ്റുമോ?  എന്നെ തെറിവിളിക്കാൻ വന്നവന്മാരോട് എനിക്ക് പറയാൻ ന്യായവും ഉണ്ടായിരുന്നു.  'മതം മനുഷ്യനെ മറക്കുന്ന കറുപ്പാണ്, ദൈവങ്ങളെ ചാട്ടവാറിനടിക്കണം,  ജാതിവാൽ മുറിച്ചുകളയണം' എന്നൊക്കെ വല്യവർത്തമാനം പറയുന്ന ഈ പാർട്ടിയെ ഏത് ദൈവംതമ്പുരാനാണ് ഇഷ്ടപ്പെടുക?  ഭക്തരിൽ സംപ്രീതൻ ആകണമെങ്കിൽ ഇച്ചിരി ത്യാഗം ഒക്കെ അനുഭവിക്കണം.  ഒറ്റക്കാലിലും, തീയുടെ പുറത്തും, മഞ്ഞോ മഴയോ നോക്കാതെ ആഞ്ഞുകുത്തി കിടന്നാണ് പുരാണത്തിൽ വരങ്ങളും സമ്മാനങ്ങളും ഒക്കെ ഭക്തന്മാർ അടിച്ചോണ്ടുപോകുന്നത്.  ഇവിടെ  ദൈവത്തെ ചീത്തയും വിളിച്ച്, ദിനേശ് ബീഡിയും പരിപ്പുവടയും കട്ടനും തട്ടിക്കൊണ്ട് ഇരുന്നേച്ചാൽ പുണ്യവാളന്മാർ ഇങ്ങോട്ട് വന്ന് ഒണ്ടാക്കിതരും.  ചുമ്മാ വേറെ വല്ല പണിയും നോക്ക് - ഞാൻ വിട്ടുകൊടുക്കുമോ?

ഇങ്ങനെയൊക്കെ ഞാൻ പറഞ്ഞെങ്കിലും ഒള്ള സത്യം പറയാമല്ലോ. ഒരു മഹാരഹസ്യം.  പാർട്ടിയെ ഒറ്റിയവരിൽ ഒരാളെ എനിക്ക് അന്നറിയാമായിരുന്നു!   അത് അവിടെ വച്ച് പറഞ്ഞ് ആ പാവത്തിന്റെ തടികേടാക്കണ്ട എന്ന മാനുഷികപരിഗണനയുടെ പുറത്ത് മാത്രമാണ് ഞാൻ നിശ്ശബ്ദനായിരുന്നത്.

ഒരു അന്വേഷണ കമ്മറ്റിക്കും കണ്ടുപിടിക്കാൻ പറ്റാത്ത ആപ്പടിച്ച ആ മഹാൻ ആരാണെന്ന്  ഇന്ന് ഈ വൈകിയ വേളയിലെങ്കിലും  ഞാൻ പറയുകയാണ്.  ഒരു  തുറന്നുപറച്ചിലിന്  പ്രേരിപ്പിച്ച ചേതോവികാരമാകട്ടെ, വയനാടൻ കുന്നുകളിൽ വച്ച്  'നക്‌സൽ വർഗീസിനെ ഞാനാണ് വെടിവെച്ച് കൊന്നത് മാളോരേ' എന്ന്  നെഞ്ചത്ത് കൈവച്ച്  കേരളക്കരയോട് വിളിച്ചു പറഞ്ഞ സാക്ഷാൽ രാമചന്ദ്രൻനായർ പോലീസ് എന്ന നമ്മുടെ നാട്ടുകാരനാണ്.

നിങ്ങൾ കേൾക്കണം ആ സത്യം.  അന്ന് പാർട്ടിയെ ഒറ്റിയ മഹാപാപികളിൽ ഒരാൾ ഞാൻ ആകുന്നു!  ഈ ഞാൻ!

ഇതുകേൾക്കുമ്പോൾ ഒരുപക്ഷേ നിങ്ങൾക്ക് തോന്നും ഞാനിപ്പോ  "എൻറെ പിഴ, എൻറെ പിഴ.. എൻറെ വലിയ പിഴ" എന്ന് പറഞ്ഞ് മാപ്പപേക്ഷിക്കുമെന്ന്.   അതിനേ; വേറെ ആളെ നോക്കണം.  അപ്പനപ്പൂപ്പന്മാരായി തേങ്ങാ പറിക്കാനല്ല തോമാശ്ലീഹാ സ്നാനോം മുക്കി, മനോരമയും വായിപ്പിച്ച് കോൺഗ്രസ്സുകാരാക്കി ജനിപ്പിച്ചിരിക്കുന്നത്.  എവിടെപ്പോയാലും കോൺഗ്രസുകാരൻ  തനിക്കൊണം കാണിക്കാതിരിക്കുമോ?

"ഈയമ്മസ്സിനെ ഈയം പൂശി ഈയലുപോലെ പറപ്പിക്കും..കമ്യൂണിസം അറബിക്കടലിൽ... KSU സിന്ദാബാദ്... ഇന്ദിരാഗാന്ധി കീ ജയ്.. കെ. കരുണാകരൻ കീ ജയ്.."  ഇതെഴുതുമ്പോഴും കാതുകളിൽ  വന്നുപതിക്കുന്നത് ടോമിച്ചനെ പൊക്കി തോളേൽകേറ്റി കോൺഗ്രസ്സ് കുഞ്ഞുങ്ങൾ അന്ന് അലറിവിളിച്ചതാണ്.

പക്ഷേ,  ഇന്നും ദുരൂഹമായി ഉത്തരം കിട്ടാതെകിടക്കുന്നത്,  അന്ന് പാർട്ടിയെ ഒറ്റിയ രണ്ടാമൻ ആരാണെന്നുള്ളതാണ്.  കാലാന്തരേ പശ്ചാത്താപ വിവശനായി ആ മഹാൻ ഇതുപോലെയെങ്ങാനം  അത് വെളിപ്പെടുത്തും എന്ന പ്രതീക്ഷ എനിക്കുണ്ട്.

അമീബ പോലെ 'വളരുംതോറും പിളരുന്ന' പാർട്ടികൾ ഉള്ള ഇക്കാലത്ത്, എനിക്ക് ക്ലാസ്സ് ലീഡർ ആകാൻ  വേറെ വഴിയൊന്നുമില്ലന്നുള്ള ഗതികേടുകൊണ്ടാണ്  ഈ പാതകം ചെയ്തതെന്ന് ഇനിയെങ്കിലും എൻറെ അഭ്യദയകാംഷികൾ മനസ്സിലാക്കിക്കോണം.

എനിക്ക്  അന്ന് വോട്ടുതന്ന് ജയിപ്പിച്ച കുഞ്ഞുസഖാക്കളുടെ നേരെ ' എൻറെ പൊന്നോ, നിങ്ങൾ അങ്ങ് ഷെമി'  എന്ന് കൈകൂപ്പി പറഞ്ഞുകൊണ്ട് ഈ എളിയ രാഷ്ട്രീയമാനിഫെസ്റ്റോ അവസാനിപ്പിക്കുന്നു.  ഒപ്പം, ഇതുവായിക്കുന്ന ആനന്ദ് എന്ന മഹാമനസ്‌കൻ എന്നോട് പൊറുക്കുമെന്ന ഉത്തമവിശ്വാസത്തോടെയും,

ജയ് ഹിന്ദ് ... വന്ദേമാതരം.  നന്ദി, നമസ്‌കാരം.

Monday, January 29, 2018

പാളിപ്പോയ മഹാന്മാർ

മഹാത്മാഗാന്ധിയുടെ പേര് പറഞ്ഞപ്പോൾ എനിക്ക്  അപ്പൻറെ കയ്യിൽനിന്നും നല്ല ചുട്ട അടി കിട്ടിയിട്ടുണ്ട്.  ഒരുപക്ഷേ മഹാന്മാരുടെ പേര് പറഞ്ഞ് ലോകത്ത് ആദ്യമായും,  ചിലപ്പോൾ അവസാനമായും അടികിട്ടിയിട്ടുള്ളതും എനിക്കായിരിക്കാം.
********************                   ******************

ആ യാത്രയിൽ എൻറെ മനസ്സുമുഴുവൻ പരാജയപ്പെട്ട പ്രശസ്തരുടെ ചിത്രങ്ങൾ മാത്രമായിരുന്നു.   പ്രസംഗപീഠത്തിൽ കൈവിറയിൽ കാരണം പേപ്പർ പറന്നുപോകുന്ന എം. കെ. ഗാന്ധി, പഠനകാലത്ത് മാർക്ക് ഷീറ്റിൽ തോറ്റ് തുന്നംപാടിയ ആൽബർട്ട് ഐൻസ്റ്റീൻ,  ഒൻപതിനായിരത്തോളം പ്രാവശ്യം ബൾബ് കണ്ടുപിടിക്കാൻ പരാജയപ്പെട്ട എഡിസൺ,   ഒരു നല്ല ഐഡിയ ഇല്ലന്ന് പറഞ്ഞ് പത്രക്കാർ ചവിട്ടിപുറത്താക്കിയ വാൾട്ട് ഡിസ്‌നി, റെക്കോർഡിങ്ങിന് പറ്റിയ ശബ്ദമല്ല എന്നുപറഞ്ഞ് റേഡിയോക്കാർ പറഞ്ഞുവിട്ട യേശുദാസ്....  ഒന്നല്ല, ഒട്ടനവധി പ്രമുഖർ.  അവരോടൊപ്പം ഇപ്പോൾ ഇതാ, ഹയർസെക്കണ്ടറി പരീക്ഷക്ക് തോറ്റ് തുന്നംപാടി വരുന്ന  ഈ ഞാനും.

ഇനി ഈ പ്രശസ്തരുടെ കഥകൾ ഒക്കെ അപ്പനെ എങ്ങിനെ വർണിച്ചുകേൾപ്പിക്കും എന്നതായിരുന്നു എൻറെ ചിന്തയും വലിയ കടമ്പയും.  അപ്പനാന്നേൽ ഒരു പാവം.  ആദ്യത്തെ ദേഷ്യമേയുളൂ.  പിന്നെയങ്ങ് ഒതുങ്ങിക്കോളും.  പക്ഷേ അമ്മയങ്ങനെയല്ല. ചൊറിയണത്തിന്റെ ഇല തേച്ചമാതിരി ചുമ്മാ ചൊറിഞ്ഞോണ്ടിരിക്കും.  അത് കേട്ട് സഹികെടുമ്പോൾ അപ്പൻ എണീക്കും.  അതൊരു എണീപ്പാണ്. എന്നാലിനി ഇവന്മാർക്കിട്ട് രണ്ട് പൊട്ടിച്ചേക്കാം എന്ന് കരുതി, കുരുതിക്കഴിക്കാൻ വരുന്ന കാട്ടുമൂപ്പനെപോലെ  ഒരു വരവ് വരും.  കട്ടിലിന്റെ അടുത്ത് വെട്ടിയുണക്കി വച്ചിരിക്കുന്ന കാപ്പികമ്പ് എടുത്തുകൊണ്ടാണ് ചേകോന്റെ ആ വരവ്. പിന്നെ കയ്യെന്നോ, കാലെന്നോ നോക്കാതെ അങ്ങ് വീശും.  പടപടാന്ന് ശബ്ദം മാത്രം നമ്മൾ കേൾക്കുകയൊള്ളൂ.  കൈകൊണ്ട് തടുക്കുമ്പോൾ മുതുകിന് കിട്ടും, മുതുക് കൊണ്ട് തടുക്കുമ്പോൾ കൈക്ക് കിട്ടും. ഒരു രക്ഷയും ഇല്ലാത്ത അടി-പൂഴിഘടകൻ എന്നൊക്കെ പറയില്ലേ, അതുപോലെ. ഈ താഡനം ഒക്കെയേറ്റ്  പാപഭാരവും, പശ്ചാത്താപവും തലയിലേന്തി ഓന്തുളുക്കിയ പോലെ ഇരിക്കുമ്പോളാകും അടികിട്ടിയ സ്ഥലം ഒക്കെ ഒരുപക്ഷേ തിരിച്ചറിയുന്നത്.

ഞങ്ങൾക്കിട്ട് രണ്ട് പൊട്ടീര് പൊട്ടിച്ചിട്ട് അപ്പൻ യുദ്ധം ജയിച്ചപോലെ ഒരു നിൽപ്പുണ്ട്.  ഏതാണ്ട് മുഹമ്മദാലി ഒളിമ്പിക്സിൽ മെഡൽ വാങ്ങി നിൽക്കുന്ന ലെവലിൽ എന്നുവേണേൽ പറയാം.

അങ്ങനെ കാപ്പികമ്പിന്റെ പ്രഹരത്തിൽ ദേഹത്ത്  തെളിഞ്ഞു വരുന്ന വയൽ വരമ്പ്  തടവിയിരിക്കുമ്പോൾ ചിലപ്പോൾ അമ്മയുടെ അടുത്ത ചൊറിയണം തേപ്പ് അടുക്കളയിൽനിന്നും ഉയരും.

"ചുമ്മാ പിള്ളേരെ കേറിയങ്ങ് അടിച്ചാൽ എല്ലാമായീന്നാ വിചാരം"

ദാണ്ടടാ കിടക്കുന്നു!  അപ്പോൾ അപ്പൻ പ്രതിയായി.  സത്യം സത്യമായി ഇതിനാണ് പീലാത്തോസിൻറെ കൈകഴുകൽ എന്നുപറയുന്നത്. അപ്പോൾ അപ്പൻ അടുക്കളയിലേക്ക് ചെവിയൊന്ന് ചായ്ച്ച് നോക്കും.  എന്നിട്ട് മനസ്സിൽ പറയുന്നുണ്ടാകും-യൂ ടൂ  ബ്രൂട്ടസ്!

ഇങ്ങനെ അമ്മയുടെ ചൊറിയണം ഇലയുടെ തേപ്പും, അപ്പൻറെ കാപ്പികമ്പിന്റെ അടിയും മുന്നിൽ കണ്ടുകൊണ്ടാണ് മഹാത്മാഗാന്ധിയേയും ടീമിനെയും  ഓർത്തോർത്ത്  ഈയുള്ളവൻ വീട്ടിലെത്തിയത്.

പെട്ടെന്ന് എഡിസന്റെ ലൈറ്റ്  തലയിൽ കത്തി.  എനിക്ക്  പരീക്ഷയ്ക്ക്  ആനമൊട്ട കിട്ടിയെങ്കിൽ തിമിംഗലത്തിന്റെ മൊട്ട കിട്ടിയ ഒരുത്തൻ അയൽപക്കത്തുണ്ട്.  അവറാൻ!  ഏതെങ്കിലും രീതിയിൽ പണിപാളിയാൽ അവറാനെ എടുത്തിട്ടൊരു കളികളിക്കണം. ഒരു സൈക്കോളജിക്കൽ അപ്രോച്ച്. ങ്‌ഹും... അണ്ണാൻ കുഞ്ഞിനെ മരംകേറ്റം പഠിപ്പിക്കണോ?

സന്ധ്യ.  സീൻ - അപ്പന്റെ മുന്നിൽ ഞാൻ  ഓച്ഛാനിച്ച്  നിൽക്കുന്നു. (പരീക്ഷ തോറ്റിട്ട് വന്ന് കളക്ടറുടെ നിൽപ്പ് നിൽക്കാനൊക്കില്ലല്ലോ, അതുകൊണ്ടാ).

പുറത്ത്  പശുത്തൊഴുത്തിൽ പശുവിന് തന്തക്കുവിളി കേൾക്കുന്നുണ്ട്.  പാൽ കറന്നെടുക്കുന്നതിന്റെ ദേഷ്യം പശുകാണിക്കുന്നതിനുള്ള അമ്മയുടെ മറുപടിയാണത്.   ഈ മൂപ്പീര് കാണുമ്പോൾ സ്വാഭാവികമായും തൊഴുത്തിനകത്തുള്ള മറ്റ് അന്തേവാസികളായ ആടും, പട്ടിയും ഒക്കെ അടങ്ങിയൊതുങ്ങി  താഴ്‌മയായി നിൽക്കും.   ഞാനിപ്പോൾ അപ്പൻറെ മുമ്പിൽ വന്നുനിൽക്കുന്നത് പോലെ.

ഹതഭാഗ്യരായ ഞാനും പശുവും, ആടും ഒക്കെ എന്തുചെയ്യാനൊക്കും?  'തന്തയുടേം, തള്ളയുടേം, സാറന്മാരുടേം അടി പോയി വാങ്ങിക്ക്' എന്ന ശാപവും കിട്ടിയില്ലേ ഞങ്ങൾ പിള്ളേരെല്ലാം ഈ ഭൂമിയിൽ വന്നവതരിച്ചിരിക്കുന്നത്?  അതുപോലെ തന്നെയാണ്  ഈ നാൽകാലികളും.  സീസർക്കുള്ളത് സീസറിനും, ദൈവത്തിനുള്ളത് ദൈവത്തിനും എന്നപോലെ എനിക്കുള്ളത് എനിക്കും പശുവിനുള്ളത് പശുവിനും വിധിച്ചിട്ടുള്ളതാകുന്നു.

"എന്താടാ?"

എൻറെ നിൽപ്പിൽ എന്തോ പന്തികേടുണ്ടെന്ന് അപ്പന് മനസ്സിലായതിന്റെ ചോദ്യമാണത്.

"ഓ... അപ്പാ പിന്നേ ... ൻറെ റിസൾട്ട് വന്നു.."

അപ്പൻ ചുണ്ടത്തിരിക്കുന്ന കതനാക്കുറ്റിപോലത്തെ തൊറുപ്പുബീഡി ഒന്നൂടെ ആഞ്ഞ് വലിച്ച് പുക വിട്ടുകൊണ്ട് എന്നെ ആപാദചൂഡം ഒന്ന് നോക്കി.

ഈ ബീഡി അപ്പൻ സ്‌പെഷ്യൽ മേക്കാണ്.   തമിഴ്‌നാട്ടിൽ നിന്നുവരുന്ന പാണ്ടിബീഡികളോ, കണ്ണൂരിൽ കമ്യൂണിസ്റ്റുകാർ 'വിപ്ലവം ജയിക്കട്ടെ,  ബൂർഷ്വാകൾ വലിച്ച് പണ്ടാരമടങ്ങാട്ടെ' എന്ന മന്ത്രമോതി ഉണ്ടാക്കിവിടുന്ന ദിനേശ് ബീഡിയോ അപ്പൻ വലിക്കില്ല.  ഒരു കോൺഗ്രസ്സുകാരന്റെ  കാശുകൊണ്ട് കമ്യൂണിസ്റ്റുകാരൻ  അങ്ങനെ ആളാവണ്ട എന്നൊരു പോളിസി. യേത്?  അങ്ങനെ മൂവന്തിക്ക് സെൽഫ് മേഡ് ബീഡി വലിച്ച് പുകയൂതി ഉഷാറായി നിൽക്കുമ്പോളാണ് ഞാൻ ചെല്ലുന്നതും, ഓഞ്ഞ റിസൾട്ടിന്റെ കാര്യം പറയുന്നതും.

"എന്നിട്ട് നീ ജയിച്ചോടാ ?"  പുകയുടെ ഇടയിലൂടെ ന്യായമായ ഒരു  ചോദ്യം പുറത്തുവന്നു.

"അപ്പാ .. ഒള്ളത് പറയാലോ? ക്ലാസിലെ മിക്കവാറും എല്ലാപിള്ളേരും തോറ്റു"

"അതെന്താടാ തോറ്റത്? ആപ്പോ നീയും തോറ്റോ?"

അപ്പൻ അതെന്തൊരു മറ്റേടത്തെ ചോദ്യമാ ചോദിച്ചെ?  ഞാൻ എപ്പോളും ഭൂരിപക്ഷത്തിന്റെ കൂടെയാണെന്നുള്ള സത്യം അപ്പൻ മറന്നുപോയോ?  എൻറെ ആത്മഗതം.

"ഞാൻ മാത്രമല്ല, അവറാനും തോറ്റു ...കിഴക്കേലെ" ഞാൻ വിഷയം ഡൈവേർട്ട് ചെയ്യാൻ കൂലങ്കഷമായ ഒരു ശ്രമം നടത്തുകയാണ്.

"ആരാ..? പാപ്പീടെ മോനോ ?"

"ഉം.."

"ഓ അവൻ അല്ലേലും മൊണ്ണയല്ലിയോ? അവനൊക്കെ പഠിക്കാൻ വല്ലോം അന്നോ സ്‌കൂളിൽ പോന്നെ?  ചുമ്മാ വീട്ടിലെ ശല്യം തീർക്കാൻ തന്തേം തള്ളേം തള്ളി വിടുന്നതല്ലിയോ"

ആ പറഞ്ഞതിൻറെ വ്യംഗ്യാർത്ഥം പാപ്പീടെ ചെറുക്കനെപ്പോലെയല്ല ഞാൻ എന്നല്ലേ?

"അപ്പാ സത്യം പറയാലോ... മൊത്തം ഔട്ട് ഓഫ് സിലബ്ബസ് ആയിരുന്നു?

"അതെന്നാ കുന്തമാടാ..?"  സ്‌കൂളിൽ പുതുതായി ജോയിൻചെയ്ത ഏതോ സാറാകും അതെന്ന് അപ്പന് തോന്നിയോ?  ഞാൻ പുകയ്ക്കിടയിലൂടെ ആ മുഖത്തേക്ക്  തുറിച്ചുനോക്കി.  അപ്പന് കാര്യം പിടികിട്ടിയില്ല.

ഇതുതന്നെ തക്കം. നമ്മുടെ മഹാന്മാരായ ആൾകാരെപ്പറ്റി എടുത്തിടുക. ഒപ്പം പിള്ളേരെ പഠിപ്പിക്കാൻ അറിയാൻമേലാത്ത സാറന്മാരെപ്പറ്റിയും, സർക്കാരിൻറെ പരീക്ഷാനടത്തിപ്പിൻറെ പോരായ്മകളെപ്പറ്റിയും, കഷ്ടപ്പെട്ട് പഠിച്ചെഴുതുന്ന ചോദ്യപേപ്പർ മാനംമര്യാദയ്ക്ക്  നോക്കാൻ സാറന്മാർക്കറിയാത്തതിന്റെ കുഴപ്പവും, പുസ്തകത്തിൽ ഇല്ലാത്ത ചോദ്യവും ഉത്തരവും പരീക്ഷയ്ക്ക് വരുന്നതും  എല്ലാമെല്ലാം വർണ്ണിക്കാൻ പറ്റിയ സമയം.

എന്നാൽ അപ്പോഴേക്കും തൊഴുത്തിലെ വാക്പയറ്റ് കഴിഞ്ഞ് അമ്മ അകത്തേക്ക് കയറിവന്ന് എൻറെ പ്ലാൻ പൊളിച്ചു.  തൻറെ ഗോധയായ അടുക്കളയിലേക്ക് അമ്മ നടന്നപ്പോൾ അപ്പൻ മുരണ്ടു.

"ടീ ..??"

'ങ്‌ഹും .. എന്താ?" അമ്മ തിരിഞ്ഞുനിന്നു. പിന്നെ നടന്നത് കെ.പി.എ.സി യുടെ നാടകം പോലെ ചില സീനുകളാണ്.

'ദാണ്ടേ ഇവിടൊരുത്തൻ പരൂഷക്ക് തോറ്റിട്ട് വന്നേക്കുന്നു.."

അമ്മ ആ നിന്ന നിൽപ്പിൽ എന്നോയൊന്ന് സൂക്ഷിച്ച് നോക്കി. എന്നിട്ട് ഒരു ചോദ്യം.

"ഒള്ളതാന്നോടാ?"

"ഉം" ഞാൻ മൂളി. "ഞാൻ മാത്രമല്ല, ക്ലാസിലെ മിക്കവാറും എല്ലാവരും തോറ്റമ്മേ... അവറാനും തോറ്റു " ഒരു പരാജിതൻറെ സമ്മതപ്രകടനവും, ന്യായീകരണവും ആയിരുന്നു അത്.

"ഇനിയെന്നാടാ അടുത്ത പരൂഷ? തോറ്റത് ജയിക്കാൻ?"  ദൈവമേ! അമ്മയ്ക്ക് സൽബുദ്ധിതോന്നി. അടുത്ത സപ്ലി അടിച്ചോളാനാ അമ്മ പറഞ്ഞുവരുന്നത്.

"സെപ്റ്റംബറിലാ അമ്മേ ..." പിടിവള്ളി കിട്ടിയമാതിരി ഞാൻ മൊഴിഞ്ഞു.  സെപ്റ്റംബറിൽ ഞാൻ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കും എന്നൊരു ധ്വനി അതിൽ നൽകാനും  ശ്രമിച്ചു.

'ങാ... അന്നേരം തോറ്റ് തൊപ്പിയിട്ടേച്ച് വന്നുനിന്നേക്കരുത് പറഞ്ഞേക്കാം"  ഇതും പറഞ്ഞ് അമ്മ സിംപിളായി അടുക്കളയിലേക്ക് നടന്നു.

അമ്മ എന്നോട് കാണിച്ച മൃദുസമീപനം ഒരു ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയായിരുന്നു എന്ന് എനിക്ക് മാത്രം അറിയാവുന്ന സത്യമാണല്ലോ.

റിസൾട്ട്  അറിഞ്ഞ് വന്നപാടെ ഞാൻ വീടിനുമുന്നിലുള്ള വയലിലേക്ക് ഓടുകയായിരുന്നു.  എൻറെ തോൽവികളിൽ നിന്നും രക്ഷനേടാൻ ഇതിനുമുമ്പും ഞാൻ പലവട്ടം പയറ്റിത്തെളിഞ്ഞ ഒരു ഐഡിയ ആണിത്.  മുക്രയിട്ട കാളക്കൂറ്റനെപ്പോലെ മണിക്കൂറിനുള്ളിൽ വലിയ ഒരുകെട്ട് പുല്ല് പശുവിന് തീറ്റയായി പറിച്ചെടുത്തു. അത് ചുമ്മിക്കെട്ടി വീട്ടിലെത്തിച്ച്, മ്യൂസിയത്തിലെ വിലയേറിയ കാഴ്ചവസ്തുപോലെ ഒന്ന് പൊലിപ്പിച്ച്  വച്ചിട്ട് ഒരു കാക്കക്കുളിയും പാസാക്കിയിട്ടാണ്  അപ്പന്റെമുന്നിൽ വന്ന് പരീക്ഷാകാര്യം എടുത്തിട്ടത്.

ആ  ഉദ്ദിഷ്ടകാര്യത്തിനുള്ള  ഉപകാരസ്മരണയാണ് ഇപ്പോൾ  അമ്മയിൽനിന്നുണ്ടായ മൃദുസമീപനം.

എൻറെ തലയൊന്ന് ഉയർന്നു.  'അമ്മയാണഖിലസാരമൂഴിയിൽ' എന്നമട്ടിൽ ഒരു നിൽപ്.  എന്നാലിനി പറയാൻ ഉദ്ദേശിച്ച മഹാന്മാരുടെ കഥ കൂടിയങ്ങ് ഉരചെയ്തുകളയാം.  അമ്മയുടെ അപ്രതീക്ഷിത പെരുമാറ്റം കണ്ടിട്ട്  കൺഫൂഷ്യൻ ആയ അപ്പനോടാണ് ഞാൻ ആ ലാ പോയിന്റ് എടുത്തിട്ടത്.

"അപ്പാ, അപ്പനറിയാമോ.. മഹാത്മാഗാന്ധി നമ്മളെക്കാൾ ഒക്കെ വലിയ സ്ഥലത്ത് പരാജയപ്പെട്ടിട്ടുണ്ട്.  ആൽബർട്ട് ഐൻസ്റ്റീനെ അറിയാമോ... അയാൾ എല്ലാപരൂഷക്കും തോറ്റ് നടക്കുവല്ലാരുന്നോ?"

ആദ്യം പറഞ്ഞ മഹാനെ അപ്പനറിയാം. രണ്ടാമത്തെ ആളെ ഒരുപിടിത്തവും കിട്ടുന്നില്ല.  ഏതോ വെള്ളക്കാരന്റെ പേരുപറഞ്ഞ്  പേടിപ്പിക്കാൻ നോക്കുവാണോ എന്ന് കാർന്നോർക്ക് തോന്നിയോ?  അങ്ങനെ ഞാൻ ആലോചിച്ച് നിൽകുമ്പോൾ എവിടുന്നാണെന്നറിയില്ല എൻറെ തലയ്ക്കിട്ടൊരടി കിട്ടി...  ഒരുനിമിഷം ഞാൻ  നക്ഷത്രമെണ്ണിപ്പോയി!!

നോക്കുമ്പോൾ അതാ, മൂർഖൻപാമ്പ് പത്തിവിടർത്തിനിൽകുന്നപോലെ അപ്പൻ ചീറ്റികൊണ്ട് നിൽക്കുന്ന ഭീകര സീൻ!!

"പൊക്കോണം എൻറെ മുന്നീന്ന്... പരൂഷക്ക് തോറ്റുമ്മച്ച് വന്നുനിന്ന് വാചകമടിക്കുന്നോ? അതും എന്നോട്...  കാന്തി എത്ര പരൂഷയാടാ തോറ്റത്? ങ്ഹേ ?  പിന്നെ നീ എന്തുവാ വായീകൊള്ളാത്ത പേരൊക്കെപ്പറഞ്ഞ് ആളെ പേടിപ്പിക്കുന്നോ ??.. ഔട്ട് ഓഫ് സിലവസ്സ് ... ഇൻസ്റ്റീൻ !"

ഇതും പറഞ്ഞ് അപ്പൻ രണ്ടാമത്തെ പൂശുകൂടി എനിക്കിട്ട് പൂശി!!  അതും വെട്ടിയുണക്കിവച്ചിരുന്ന കാപ്പികമ്പ് കൊണ്ട്!

"പൊക്കോണം.. അവറാന്റെ ചെറുക്കൻ തോറ്റുപോലും! തോറ്റുവന്നേച്ച് വല്യ കൊണാധികാരം പറയുന്നോ?  ഒരു കാന്തി വന്നേക്കുന്നു, കാന്തി..ഫൂ !"

ഞാൻ അടിയുംകൊണ്ട് അടുത്തമുറിയിലേക്കോടി. ഇവിടെ നിന്നാൽ ആദ്യത്തേതിന്റെ ബൈ-പ്രൊഡക്ടുകളായി ഇനിയും പൂശുകിട്ടും.  എന്നാൽ  ആ ഓട്ടത്തിൽ അടുക്കളയിലേക്ക് ഒന്ന് നോക്കാൻ ഞാൻ ശ്രമിച്ചു.   എൻറെ കൈക്കൂലി വാങ്ങി, എന്നെ രക്ഷിക്കാൻ വരാത്ത അമ്മയെന്ന ഇരട്ടത്താപ്പുകാരിയുടെ തിരുമോന്ത  ഒന്ന് കാണാൻ വേണ്ടിയായിരുന്നു ആ നോട്ടം.  എവിടെ?  അമ്മയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ !

സത്യം പറയാമല്ലോ, ഓടിപ്പോയി മുറിയിൽ ഞാൻ ചെന്നിരുന്നത് വിട്ട റോക്കറ്റ് തിരികെ വീണത് കണ്ടുനിൽക്കുന്ന  ശാസ്ത്രജ്ഞനെപ്പോലെയായിരുന്നു.

സത്യം സത്യമായി, ഒരു മഹാന്മാരും എന്നെ രക്ഷിക്കാൻ വന്നില്ല.....

അന്നുമുതൽ ഈ കൊട്ടിഘോഷിച്ച് നടക്കുന്നവന്മാരുടെ ഒക്കെ പേര് ഒരു കാര്യത്തിനും വൃഥാവിൽ ഉപയോഗിക്കരുത് എന്ന വലിയ പാഠം ഞാൻ പഠിച്ചു.  അത് ഗാന്ധിയായാലും, ഗോഡ്‌സെയായാലും സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീൻ ആയാൽ പോലും.  ഈ പറയുന്ന പുണ്യാളന്മാരെയും, മഹാന്മാരെയും ഒക്കെ പുസ്തകത്തിൽ പഠിക്കാനും സാറന്മാർക്ക് പഠിപ്പിക്കാനും കൊള്ളാം.  അല്ലാതെ നമ്മുടെ മുതുകത്ത് കാപ്പികമ്പ് കേറുമ്പോൾ ഒരുത്തനും രക്ഷിക്കാൻ വരൂല്ല. സത്യം.

ഗുണപാഠം: അനുഭവം ഗുരു.

Friday, January 19, 2018

പൊന്നമ്മസാറിന്റെ മനുഷ്യാവകാശ ലംഘനം

പ്രിയമുള്ള നാട്ടുകാരെ, എന്നോടും എൻറെ കൂട്ടുകാരോടും പൊന്നമ്മസാർ ചെയ്ത ക്രൂരതയും മനുഷ്യാവകാശ ലംഘനവും എന്തുവലിയ ദുരന്തമായിരുന്നെന്ന് ഇത് വായിച്ചുകഴിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും.  സോഷ്യൽ മീഡിയയോ, ഇന്റെർനെറ്റോ ഉണ്ടാക്കാൻ പോന്നവന്മാർ എല്ലാം ഞരമ്പിലും വരമ്പിലും ഒക്കെ കളിച്ചുനടക്കുന്ന കാലമായിപ്പോയി, അല്ലേൽ കാണാമായിരുന്നു സാർ കാണിച്ച പോക്കണംകേടിന് എന്താണ് പ്രതിഫലമെന്ന്.

ഇത് നിർദോഷമായ ഒരു കാര്യത്തിന് പൊന്നമ്മസാറിന്റെ ശിക്ഷ കിട്ടിയ കദനകഥ.  ഒരു അന്താരാഷ്ട്ര കോടതീലും മാപ്പർഹിക്കാത്ത ഈ  അന്യായം മനസ്സിൽ പതിറ്റാണ്ടുകളായി മോക്ഷം കിട്ടാതെ കിടക്കുകയായിരുന്നു.

നാട്ടിലുള്ള രാഷ്ട്രീയക്കാർ എല്ലാം കീശനിറയ്ക്കാനും, സോപ്പ് ചീപ്പ് കണ്ണാടിയൊക്കെ വാങ്ങാനും  എന്താണ് മാർഗ്ഗം എന്ന് ആലോചിച്ച്, ആലോചിച്ച് പന്തീരടി വന്നപ്പോൾ ആർക്കോ ജ്ഞാനോദയം ഉണ്ടായി.  ഒരു മുട്ടൻ ജലപദ്ധതി.  നമ്മളൊക്കെ മൂത്രമൊഴിച്ച് കളയുന്ന പോലെ കല്ലടയാറ്റിൽ പാഴായിപ്പോകുന്ന വെള്ളം വഴിതിരിച്ച് വിട്ട് കർഷകരെ ഉദ്ദരിച്ച് കൃഷിയാൽ തിരുവതാംകൂർ സമ്പൽസമൃദ്ധം ആക്കണം.  KIP എന്ന് ഞങ്ങൾ പുള്ളേർക്ക് മനസിലാകാത്ത കല്ലട ഇറിഗേഷൻ പ്രോജക്ട്.  അപ്പോൾ പ്ലാനിങ് കമ്മീഷൻ  'ഇന്നാ പിടിച്ചോ' എന്ന് പറഞ്ഞ് അപ്പ്രൂവലും അങ്ങ് കൊടുത്തു.  മൂന്നാം പഞ്ചവത്സരപദ്ധതികാലത്ത് അതായത് ഞങ്ങൾ ജനിക്കുന്നതിന് മുമ്പ് തുടങ്ങിയ പദ്ധതി പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞിട്ടും പൂർത്തിയായില്ല എന്നത് വേറൊരു കാര്യം. തുറക്കുമ്പോൾ വായൂകോപം പോലെ കാറ്റുമാത്രം വരുന്ന എമണ്ടൻ പൈപ്പുകളും ഒക്കെയായി കരഞ്ഞുകൊണ്ടിരുന്ന ആ സാധനങ്ങൾ ഒക്കെ പിൽക്കാലത്ത് ഭിക്ഷക്കാർക്കും, ആക്രി പറക്കുകാർക്കും മോഷ്ടിച്ചുവിൽക്കാൻ പറ്റി എന്നുള്ള സുപ്രധാന കാര്യം ഇവിടെ തിരസ്കരിക്കുന്നില്ല.

ഈ കല്ലട ഇറിഗേഷൻ പ്രോജക്ടിലെ പണി ഏകദേശം കഴിഞ്ഞ ഒരു കനാലിന്റെ കീഴിൽ നിന്നും കണ്ടെടുത്ത നിധി ഞങ്ങൾ എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളുടെ മേൽ ചൂരൽ പ്രയോഗമായി വന്നു വീണതോടെ കർട്ടൻ പൊങ്ങി കഥ തുടങ്ങുകയായി.


മുറിഞ്ഞകൾ ആനക്കുളം സർക്കാർ എൽ.പി.സ്‌കൂൾ.  നാലാം ക്ലാസിൽ പഠിക്കുന്ന കാലം. സാക്ഷാൽ നിത്യ ചൈതന്യയതിയൊക്കെ  ജനിച്ചു കളിച്ചു നടന്ന സ്ഥലമാണ്. ആ മണ്ണിലാണ് പൊന്നമ്മസാറിന്റെ ഭാഷയിൽ പറഞ്ഞാൽ എന്നെപ്പോലുള്ള മണ്ണിനും പിണ്ണാക്കിനും കൊള്ളാത്ത വേട്ടാവളിയന്മാർ വന്നുപിറന്നത്.  


സ്‌കൂൾ കോമ്പൗണ്ടിലുള്ള   എസ്. എൻ.ഡി.പി  ഗുരുമന്ദിരത്തിലെ ഉത്സവം കഴിഞ്ഞ് വളമുറിയും കളിപ്പാട്ടത്തിന്റെ കവറുകളും പെറുക്കി, ഫിലിംപെട്ടിയുമായി ഒക്കെ ഞങ്ങൾ നടക്കുന്ന കാലം.  

പൊന്നമ്മസാറിന്റെ വാക്കും, നടപ്പും, അടിയും തമ്മിലുള്ള നീളത്തിനിടയിൽ വിദ്യാഭ്യാസത്തിന്റെ അതിഭീകര മേഖലകളിലൂടെ ആരോഹണം ചെയ്തുകൊണ്ടിരുന്ന ആ കാലഘട്ടത്തിൽ ഒരു  ഉച്ചസമയത്ത് ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരുവന് രാവിലെ കുടിച്ച പഴങ്കഞ്ഞിയുടെ കോപം വയറ്റിലുണ്ടായി. തന്മൂലം ആ ഹതഭാഗ്യന്  തൻറെ ഡ്രൈനേജ് സിസ്റ്റത്തിന്റെ അവസാനഭാഗത്ത് പുളിപ്പനുഭപ്പെടുകയും ബഞ്ചിൽ തിരിഞ്ഞും മറിഞ്ഞും ഇരുന്ന് കുറേനേരം ത്യാഗം അനുഷ്ടിക്കുകയും ചെയ്തു.  ഉച്ചയ്ക്കത്തെ കൊട്ടുവടി മണിമുഴങ്ങിയപ്പോൾ ഉപ്പുമാവിന് കൊണ്ടുവന്ന വട്ടയിലയും കളഞ്ഞ് ആ ഹതഭാഗ്യൻ നിക്കറും താങ്ങി കല്ലട ഇറിഗേഷൻ പ്രോജക്ടിന്റെ നമ്മുടെ മേൽ പ്രസ്താപിച്ച കനാലിന് കീഴെപ്പോയി അഭയസ്ഥാനം കണ്ടെത്തി.  ത്രേതായുഗത്തിൽ ശ്രീരാമൻ വന്ന് ചവിട്ടി ശാപമോക്ഷം നേടാൻ കാത്തിരുന്ന അഹല്യയെപ്പോലെ കല്ലടയാറ്റിലെ ഒരുതുള്ളി വെള്ളം കാണാൻ കണ്ണുകൾ കൊതിച്ചിരുന്ന കനാലിന്റെ കോൺക്രീറ്റ് പാലത്തിനു കീഴെ ആനന്ദനിർവൃതി പൂണ്ട് അവൻ ഇരിക്കവെയാണ്  ആ നിധി അവന്റെ കണ്ണിൽ തടഞ്ഞത്.

ഇതുവരെ കാണാത്ത, കേൾക്കാത്ത ഒരു സാധനം!  


തൻറെ ഉദ്യമപൂർത്തീകരണം കഴിഞ്ഞപ്പോൾ കണ്ണിൽ തടഞ്ഞ ആ നിധി അവൻ കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കി.   വെണ്ടയ്ക്ക അക്ഷരത്തിൽ എന്തൊക്കെയോ ഇഗ്ളീഷിൽ എഴുതിയിരിക്കുന്നു.  ആംഗലേയം പഠിക്കാൻ തുടങ്ങിയിട്ടേയുള്ളൂ.  വായിച്ചുനോക്കാൻ ഒരു വിഫല ശ്രമം നടത്തി.  ഒരുപക്ഷേ ഗ്യാങ്ങിലുള്ള ബാക്കിയുള്ളവരെ കാണിച്ചാൽ ഉത്തരം കിട്ടിയേക്കാം. അങ്ങനെ ചിന്താവിഷ്ടനായി അവൻ ഞങ്ങളുടെ അടുത്തേക്ക് വന്നു.

ഒരിക്കലും ആരും ഈ സാധനം കണ്ടിട്ടില്ല.  വായിക്കാനൊട്ട് പറ്റുന്നുമില്ല. മനോഹരമായ ഒരു കവർ. അതിനുള്ളിൽ അതിഭദ്രമായി സൂക്ഷിച്ചുവച്ചിരിക്കുന്ന എന്തോ സാധനം. മരത്തിന്റെ ചുവട്ടിലും, കനാലിന്റെ തിട്ടയിലും ഒക്കെ തിരിഞ്ഞും മറിഞ്ഞും ഇരുന്ന് ഞങ്ങൾ ആലോചിച്ചു.  ഐൻസ്റ്റീൻ ഒക്കെ ഉച്ചികെട്ടിന് ആപ്പിൾ വീണപ്പോൾ വെളിവ് വീണ് എന്തൊക്കെയോ കുന്ത്രാണ്ടം കണ്ടുപിടിച്ചു. കാന്താരിയുടച്ച് പഴങ്കഞ്ഞി കുടിക്കുന്ന ഞങ്ങൾക്ക് ആപ്പിൾ തിന്നേച്ചിരിക്കുന്നവന്റെ ബുദ്ധി കിട്ടുമോ?

പേർത്തും, പേർത്തും ആലോചിച്ച്  ഉത്തരം കിട്ടാതായപ്പോൾ ഒരാൾ പറഞ്ഞു. 'നമുക്ക് ഈ അകത്തെ ഒരു കവർ  പൊട്ടിച്ച് നോക്കാം'.  അവസാനം പൊട്ടാൻ പോകുന്ന ബോംബ് ഒരു വിദഗ്ദ്ധൻ നിർവീര്യമാക്കാൻ ശ്രമിക്കുന്ന മാതിരി ഞങ്ങൾ ആ ഉദ്യമത്തിന് തുനിഞ്ഞു!

മനോഹരമായ കവറിൽ 'ബി' നിലവറയിൽ പൂട്ടിവച്ചിരിക്കുന്ന പോലെയുള്ള  ഇത് പൊട്ടിച്ചാൽ എന്തെങ്കിലും പ്രശനം?  ശൂലം പിടിച്ച ഗീവറുഗീസ് പുണ്യവാളാ... ആപത്തൊന്നും വരുത്തരുതേ എന്ന് നെഞ്ചിൽത്തട്ടി പ്രാർത്ഥിച്ച് ഞങ്ങൾ അവസാനം ഒരു കവർ  അങ്ങ് തുറന്നു.

ഒരുമാതിരി മുഴുത്ത സവാളയും, കാബേജുമൊക്കെ നമ്മൾ പൊളിച്ച് പൊളിച്ച് വന്നാൽ എന്തുകിട്ടും?  അതേപോലെ ഒരവസ്ഥയായിപ്പോയി ഞങ്ങളുടേത്. എന്നാൽ അങ്ങനെ അങ്ങ് തള്ളിക്കളയാനും വരട്ടെ.  മാമ്പഴത്തിനകത്തുനിന്ന് മൂത്ത മാങ്ങാണ്ടി കിട്ടുംപോലെ അകത്തെ കവറിൽനിന്നും ഒരു പരിപ്പ് കിട്ടി.

അത് കണ്ട് ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി. ഇതെന്തു കുന്തം?  ഒരുമാതിരി അയയിൽ ഉണക്കാനിട്ട വല്യപ്പന്റെ കോണാൻ പോലെ!?

പിനീടങ്ങോട്ട് ചർച്ചയായിരുന്നു. പോളിറ്റ് ബ്യൂറോ, വട്ടമേശ സമ്മേളനം എന്നുവേണ്ട, ഒൻപതു വയസ്സുവരെ ഞങ്ങൾ കണ്ടതും, കേട്ടതുമായ എല്ലാ അറിവും പങ്കുവച്ചു.  എന്നാൽ ഒരുത്തനുപോലും ഈ നിധി എന്താണെന്ന് കണ്ടുപിടിക്കാനുള്ള മൂള ഉണ്ടായിരുന്നില്ല, മാത്രവുമല്ല കൂടുതൽ കൂടുതൽ സംശയങ്ങൾ പൊന്തിവരികയും കാര്യം വലിയൊരു സമസ്യയാവുകയും ചെയ്തു.  

ആരാണ് കനാലിന്റെ കീഴിൽ ഇതുകൊണ്ടിട്ടത്?  ഇനി ഇത് വല്ല കൂടോത്രവുമാണോ?  എടുക്കുന്നവൻ വായുഭഗവാന്റെ കോപവും, വയറ്റിളക്കവും പിടിച്ച് ചാകുന്ന വല്ല സൂത്രപ്പണിയും?  ആ സംശയം കമ്മറ്റി മുളയിലേ നുള്ളി.  കാരണം ഇത്ര മനോഹരമായി പായ്ക്ക് ചെയ്ത് കൂടോത്രം ഉണ്ടാക്കാൻ ആംപിയർ ഉള്ള ഒരുത്തനും നമ്മുടെ നാട്ടിൽ ഉണ്ടായിട്ടില്ല.  വല്ല കോഴിമുട്ടയിലോ ചെമ്പുതകിടിലോ മറ്റോ മന്ത്രം കേറ്റി എവിടേലും കുഴിച്ചിടാനല്ലേ  നാടൻ കൂടോത്രക്കാർക്കൊക്കെ പറ്റൂ.  അപ്പോൾ വേറൊരുത്തൻ പറഞ്ഞു 'ഒറപ്പ് പറയാൻ ഒക്കുകേല, ഒരുപക്ഷേ ഇതെടുത്തോണ്ടു പോകുന്നവനെ രാത്രി വല്ല മാടനും വന്നടിക്കുമോന്നാ എൻറെ പേടി'. നിധി കിട്ടിയവനും, കയ്യിൽ പിടിച്ചവനും അതുകേട്ട് ഒന്നുപോലെ ഞെട്ടി.

ദൈവമേ! എന്തൊരു പരീക്ഷണമാണിത്?  നാലാംക്ലാസ്സിൽ പൊന്നമ്മസാറും കൂട്ടരും പഠിപ്പിക്കുന്ന കഠിന പാഠങ്ങൾ മനസ്സിലാക്കാൻ പാടുപെടുന്ന ഞങ്ങൾക്കാണീ വലിയ ഏടാകൂടം വന്നുഭവിച്ചിരിക്കുന്നത്.  ഉത്തരം കിട്ടാതെ പല മീറ്റിംഗുകൾ കൂടി, പിരിഞ്ഞു.  വീട്ടിൽ കൊണ്ടുപോയാൽ മാടൻ അടി പേടിച്ച് ആരും ഈ നിധി വീട്ടിൽ കൊണ്ടുപോകാൻ ധൈര്യപ്പെട്ടില്ല.  സ്‌കൂളിനടുത്തുള്ള മരപ്പൊത്തിൽ സാധനം ഭദ്രമായി ഒളിപ്പിച്ചുവച്ച് വൈകിട്ട് വീട്ടിൽ പോകും.  മരത്തിൽ വന്നിരിക്കുന്ന കിളികൾക്ക് മാടൻ അടിയേറ്റാൽ നമുക്കെന്ത് ചേതം? അറം പറ്റാതിരിക്കാൻ എഴുത്തച്ഛൻ വരെ കിളിയെകൊണ്ട് പാടിച്ച് അടികിട്ടുവന്നേൽ അതിൻറെ അണ്ണാക്കിലോട്ടായിക്കോട്ടേ എന്ന് കരുതിയതാ, പിന്നെയാ ഞങ്ങൾ ഈനാംപേച്ചി പിള്ളേർ!

രണ്ടുമൂന്ന് ദിവസം കഴിഞ്ഞുപോയി.  ഇടയ്ക്കിടെ ഞങ്ങൾ വല്യപ്പന്റെ കോണാൻ എടുത്തുനോക്കും. തിരികെ വയ്ക്കും.  അവസാനം ഈ നിധി കണ്ടെത്തിയവൻ തന്നെ അഭിപ്രായം പറഞ്ഞു 'നമുക്ക് ഇതിലുള്ള ബാക്കി കവറുകളും തുറന്നുനോക്കാം.  ചിലപ്പോൾ വേറെ വല്ലതും കൂടി കിട്ടിയാലോ?'  അങ്ങനെ ഒരുച്ചസമയത്ത് ബാക്കിയുള്ള കവറുകളും ഞങ്ങൾ പൊളിച്ചുനോക്കി.  ഒരേപോലെയുള്ള അഞ്ചാറ് കോണോവാലുകൾ!  അവസാനം ഞങ്ങളിൽ ഒരു ശാസ്ത്രജ്ഞൻ അതിലൊന്ന് എടുത്ത് ഊതി നോക്കി.

അയ്യടാ മനമേ!!

ഞങ്ങൾ അതുഭുതപെട്ടുപോയി.  പിടിച്ചതിനേക്കാൾ വലുത് ഒറ്റാലിൽ എന്നപോലെയായല്ലോ.  പാഞ്ചജന്യം മുഴക്കുന്നപോലെ നൂന്ന് നിവർന്ന് നിന്ന് അതിനകത്തേക്ക് കിട്ടാവുന്ന കാറ്റെല്ലാം ഊതികേറ്റി.  അപ്പോൾ ദാണ്ടടാ നല്ല ഒന്നാന്തരം മത്തങ്ങാ ബലൂൺ!   ഒന്നല്ല അഞ്ചാറെണ്ണം.  ഈയൊരു നിസ്സാര കാര്യത്തിനാണോ ഇത്രയും തലപുകച്ചത് എന്ന് ആലോചിച്ച് എന്നാലിതൊന്ന് ആഘോഷിച്ചിട്ട് തന്നെ കാര്യം എന്ന മട്ടിൽ വീർപ്പിച്ച ബലൂണുകൾ സ്‌കൂൾ മുറ്റത്ത്  ഞങ്ങൾ തട്ടിക്കളിച്ചു.

അപ്പോൾ ഒരാൾ പറഞ്ഞു "അമ്പലത്തിലെ ഉത്സവം കഴിഞ്ഞതല്ലേ ഉള്ളൂ.  ആരേലും ബലൂണും വാങ്ങിക്കൊണ്ട് പോയപ്പോൾ കളഞ്ഞുപോയതാകും"

"കനാലിന്റെ കീഴിലാണോ ബലൂൺ കൊണ്ട് കളയുന്നെ? " അത് കണ്ടെത്തിയവന്റെ മറുചോദ്യം.

"എടാ പൊട്ടാ,  നീ എന്തിനാ കനാലിന്റെ കീഴേൽ പോയേ?  അയ്യാൾ ഉത്സവവും കഴിഞ്ഞ് പിള്ളാർക്ക് ബലൂണും മേടിച്ചോണ്ടുപോയപ്പോൾ വയറുവേദന വല്ലോം തോന്നിക്കാണും"

വാദഗതി എന്തായിരുന്നാലും, ഞങ്ങളുടെ അടുത്തേക്ക് പിള്ളേർ ഓടിക്കൂടി. എല്ലാവർക്കും രസം. ചെറിയ ഒരു ഉത്സവം മുറ്റത്ത് അരങ്ങേറി.  അങ്ങനെ ഈ കോലാഹലത്തിനിടയിലാണ്  അപ്രതീക്ഷിതമായി പൊന്നമ്മസാർ അതുവഴി വന്നത്.

അവരുടെ കൈയിൽ മുട്ടനൊരു ചൂരലുണ്ട്.  വിദ്യാർഥികളിലെ അക്രമകാരികളെ സർജിക്കൽ സ്‌ട്രൈക് നടത്താനും പഠിക്കാതെയോ ഹോംവർക്ക് ചെയ്യാതെയോ വന്നാൽ ചന്തിക്കിട്ട് നല്ല പൂശ് പൂശാനുമുള്ള ആയുധമായ ചൂരൽ ചുഴറ്റി അവർ വരുന്നത് കണ്ടപ്പോൾ തന്നെ ഈച്ചക്കൂട്ടിൽ കല്ലെടുത്തെറിഞ്ഞമാതിരി പുള്ളാരെല്ലാം ഓടിപ്പോയി ഞങ്ങൾ ബലൂൺ മുതലാളിമാർ മാത്രം ബാക്കിയായി.

പൊന്നമ്മസാർ എൻറെ അടുത്തേക്ക് വന്നു. എന്നിട്ട് മുട്ടൻ ഒരു ചോദ്യം.

"എന്തുവാടാ ഇതൊക്കെ??!"

"സാറേ, ബലൂണാ... ഉത്സവം കഴിഞ്ഞപ്പോൾ കിട്ടിയതാ.."

അവർ ഞങ്ങളെ ആറുപേരെയും ആപാദചൂഡം നോക്കി.  അപ്പോളേക്കും എല്ലാവരുടെ കയ്യിലും ബലൂണുകൾ പഴയപോലെ  വല്യപ്പന്റെ കോണോവാൽ രൂപത്തിൽ തിരിച്ചെത്തിയിരുന്നു.  പൊന്നമ്മസാർ ഞങ്ങളുടെ കയ്യിൽനിന്നും കവർ ഉൾപ്പെടെ തൊണ്ടിസാധനം എല്ലാം പരിശോധിച്ചു. എന്നിട്ട് പറഞ്ഞു.

"എല്ലാവന്മാരും സ്റ്റാഫ് റൂമിലേക്ക് വാ..."  അതും പറഞ്ഞ് തൊണ്ടിമുതലുമായി അവർ തിരികെ നടന്നു.

ബലൂണിന്റെ മാത്രമല്ല ഞങ്ങളുടെ കാറ്റും അതുകേട്ടപ്പോൾ പോയി!  ദൈവമേ, സ്റ്റാഫ്‌റൂമിലെ ഉരുട്ടികൊലപാതകം...??  നിക്കർ ഊരിവരെ പിള്ളേരെ പൊന്നമ്മസാർ സ്റ്റാഫ്‌റൂമിൽ ശിക്ഷിച്ചിട്ടുണ്ട് എന്നാ കേട്ടിട്ടുള്ളത്. അതും മറ്റുസാറന്മാരുടെ ഒക്കെ മുന്നിൽ വച്ച്.  ഞങ്ങൾ പരസ്പരം തലയിൽ കൈയും വച്ചുനിന്നു. പഴങ്കഞ്ഞിയുടെ കോപം കനാലിൻകീഴിൽ കൊണ്ട് കളഞ്ഞവനെ എല്ലാവരും പള്ളുപറഞ്ഞു.  താൻ എടുത്തുകൊണ്ടുവന്ന നിധി കണ്ട പരട്ടപിള്ളാരുടെ മുന്നിലിട്ട് വീർപ്പിച്ചത് എന്തിനാണെന്ന് അവനും  തിരിച്ച് ചോദിച്ചു.  അങ്ങനെ പരസ്പരം മുറുമുറുത്തുകൊണ്ടാണ് സ്റ്റാഫ്‌റൂമിലേക്ക് ഞങ്ങൾ ആട് വെള്ളം കണ്ടപോലെ നടന്നത്.

സ്റ്റാഫ് റൂം.  പൊന്നമ്മസാറിന്റെ സുപ്രീംകോടതി.

"സാറെ സത്യമായിട്ടും ഞാൻ മോട്ടിച്ചതൊന്നുമല്ല.  കനാലിന്റെ കീഴിൽ പോയിരുന്നപ്പോൾ കിട്ടിയതാ... എന്തവാന്നറിയാൻ പൊട്ടിച്ചപ്പോൾ ഇവന്മാരാ പറഞ്ഞെ നമുക്ക് വീർപ്പിക്കാമെന്ന്"  പകുതി യൂദാസും പകുതി ക്രിസ്തുവുമായി നിധി കണ്ടെത്തിവൻ പൊന്നമ്മസാറിന്റെ മുന്നിൽ കൈകൂപ്പി.

"കനാലിന് കീഴിൽ നീയെന്തിനു പോയതാടാ? അവിടെ ആരേലും ക്ളാസെടുക്കുന്നുണ്ടോ?"

"സാറേ അവൻ വെളിക്കിരിക്കാൻ പോയതാ"  ഞാൻ പറഞ്ഞു.  അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ, ഇവനൊരു മ്ലേച്ചമുഖവും ഉണ്ടെന്ന് സാറന്മാർ അറിയട്ടെ.

അതുകേട്ട് സ്റ്റാഫ്‌റൂമിൽ ഇരുന്ന സാറന്മാർ എല്ലാം ചിരിച്ചു.  പ്രകൃതിയുടെ ഒരാവശ്യം താൻ ചെയ്തതിൽ ഇത്ര ഇളിക്കാനെന്താ എന്ന മട്ടിൽ നമ്മുടെ നിധി കണ്ടെത്തിവൻ എല്ലാവരെയും നോക്കി.

അവസാനം വിധി വന്നു.  എല്ലാവരും ഭിത്തിക്ക് തിരിഞ്ഞ് നിൽക്കുക. പൊന്നമ്മ സാർ തോന്നിയപോലെ രണ്ടും മൂന്നും നാലും അടിവീതം എല്ലാവരുടെയും ചന്തക്കിട്ട് പെടച്ചു.  ശിക്ഷയും വാങ്ങി പോകാന്നേരം എല്ലാവരോടുമായി പറഞ്ഞൂ.

"മേലാൽ കനാലിന്റെ കീഴേ ഏതവനെങ്കിലും തൂറാൻപോയാൽ ചന്തിയടിച്ച് ഞാൻ പൊട്ടിക്കും പറഞ്ഞേക്കാം"

"പോത്തില്ല സാറെ..." ഞങ്ങൾ ഏറ്റുപറഞ്ഞു.  ചന്തി തല്ലിപ്പൊട്ടിച്ചാൽ പിന്നെ ബഞ്ചേലെങ്ങനെ ഇരിക്കും എന്ന് ഞാനപ്പോൾ ആലോചിച്ചു.

അങ്ങനെ നല്ല സൂപ്പർ അടിയും വാങ്ങി അടികൊണ്ടടവും തിരുമ്മി ഞങ്ങൾ നടന്നുപോയിടത്ത് കഥ തീരുന്നില്ല.

കുറെ നാളുകൾക്കു ശേഷം അഞ്ചാം ക്ലാസ്സിലേക്ക് പ്രൊമോഷൻ കിട്ടിയ കാലത്ത്  ഒരു ക്രിസ്‌മസ്‌ സീസണിൽ ജീരകമുട്ടായി വാങ്ങാനായി സ്‌കൂളിനടുത്തുള്ള കുട്ടൻപിള്ളയുടെ കടയിൽ ചെന്നപ്പോൾ അലമാരയിൽ ഇരുന്ന ഒരു സാധനം എന്നെ നോക്കി കണ്ണു തള്ളിച്ചു.  പണ്ടെങ്ങോ കടലിനടിയിൽ മുങ്ങിപ്പോയ ടൈറ്റാനിക് കണ്ടെടുത്ത വികാരം എന്നിലുണ്ടായി.  അതാ, അന്ന് പൊന്നമ്മസാറിന്റെ അടി വാങ്ങിത്തന്ന സാധനം!! അത് ശരി, നമ്മൾ പിള്ളേർ കൊണ്ടുനടന്നാൽ മുട്ടനടി. കുട്ടൻപിള്ളക്കൊക്കെ എന്തുമാകാല്ലോ.!  ഇതെന്തൊരു നീതി?

ഞാൻ ജീരകമുട്ടായി വായിലിട്ട് നുണഞ്ഞുകൊണ്ട് അലമാരയിൽ നിന്നും ആ സാധനം എടുത്തു. തിരിച്ചും മറിച്ചും ഒന്ന് നോക്കിയിട്ട്  കുട്ടൻപിള്ളയോട് ചോദിച്ചു.

"ചേട്ടാ.. ഈ ബലൂണിനെത്ര പൈസയാ?"

കുട്ടൻ പിള്ള എന്നെ മൊത്തത്തിൽ ഒന്ന് നോക്കി. എന്താണയാൾ നോക്കിയതെന്ന് എനിക്ക് മനസിലായില്ല.   അടുത്ത ചോദ്യം ചോദിക്കുംമുമ്പ് അയാളുടെ വലതുകൈ എൻറെ ഇടതുചെവിയിൽ ഒരു പിടിത്തം. നല്ല ഒന്നാതരം പാണ്ടിനാരാങ്ങാ പിഴിഞ്ഞ് ശീലിച്ച കുട്ടൻപിള്ളയുടെ കയ്യിൽ നിന്നും കിട്ടിയ ചെവിക്കുപിടി എൻറെ കണ്ണിൽ പൊന്നീച്ച പറപ്പിച്ചു. "ഫാ.. എരണം കെട്ടവനെ"  ഇതും പറഞ്ഞ് അയാൾ എന്നെ കടയിൽനിന്നും ഗെറ്റൗട്ട് അടിച്ചു.

കാരണം അറിയാതെയും, ഉത്തരം കിട്ടാതെയും നടന്ന ആ നടപ്പിൽ അക്ഷരം കൂട്ടിവായിക്കാൻ പഠിച്ച ഞാൻ ആ കവറിന്റെ പുറത്ത് കണ്ടത് ഇന്നും  കണ്മുന്നിൽ മുന്നിൽ തെളിഞ്ഞു നിൽക്കുന്നു.

'ഡീലക്സ് നിരോധ്....  നാം രണ്ട്‌, നമുക്ക് രണ്ട്‌'.  പിന്നെ ഒരു ചെറിയ ചുവന്ന ത്രികോണവും.

Friday, January 12, 2018

ബഹ്‌റൈനും യു.എ.ഇ-യും

എന്റെടോ ഈ ബഹ്‌റൈൻ സത്യത്തിൽ എവിടെയാ?

ഗൾഫിൽ ഇരുന്നുകൊണ്ട് ഈ ചോദ്യം ചോദിച്ചാൽ ഒരുമാതിരി ജ്യോഗ്രഫിയും സോഷ്യൽ സയൻസും അറിയാത്ത ഉണ്ണാക്കമാടനാണോ  നീ എന്ന് തിരികെ ചോദിച്ചേക്കാം.  എന്നാൽ കേട്ടോ,  ഇങ്ങനെ ഒരു ചോദ്യം പത്തിരുപതു വർഷം മുമ്പ്  എല്ലാം അറിയാമെന്ന് ധരിച്ചിരുന്ന ഒരു വിവരദോഷി ചോദിച്ചിട്ടുണ്ട്.  അതും  ഈ എന്നോട്.

ഒള്ളത് പറയാല്ലോ നമ്മുടെ ഒക്കെ  ചിന്തകൾക്കും അറിവുകൾക്കും അപ്പുറമാണ് പലരുടെയും വിജ്ഞാനലോകം.  എന്നാൽ  അതൊന്ന് തെളിയിക്ക് എന്ന് പറഞ്ഞാൽ സത്യം സത്യമായി ഞാൻ ആ മഹത്തായ സംഭവകഥ എടുത്തിടും.

കഥയ്ക്ക് മുമ്പ് പശ്ചാത്തലം ഒന്നുംപറഞ്ഞില്ലേൽ ഗുരുത്വദോഷമാകും.  ഇടക്കൊച്ചിയിലെ ഞാൻ ജോലിചെയ്യുന്ന ഓഫീസ്.  അവിടെ ശമ്പളത്തോടൊപ്പം എല്ലാ മാസവും ബോണസ്സായി ഇഷ്ടംപോലെ തെറിവിളികേൾക്കുന്ന ഞാനും, സജുവും, ഓമനേച്ചിയും, രാധാകൃഷ്ണനും, ജോസ്മോനും ഒക്കെയടങ്ങുന്നൊരു ലോകം.

ബിരുദം എന്ന കിരീടം എടുത്ത് തലയിൽ വച്ച്, മിസ് യൂണിവേഴ്‌സിന്റെ മാതിരി എം.ജി. യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കേറ്റാണ് ലോകത്തുള്ള എല്ലാ സർട്ടിഫിക്കറ്റിനേക്കാളും മുട്ടൻ സംഭവം എന്ന് കരുതി അണ്ടിയും മാങ്ങയും കളിച്ചുനടന്ന ആ കാലത്താണ് ഇടകൊച്ചിയിലേക്ക് പോകാനുള്ള പാസ്സ്‌പോർട്ടും വിസയും എനിക്ക് കിട്ടുന്നത്.  'കൊച്ചി കണ്ടവന് അച്ചിവേണ്ടാ' എന്ന പഴമൊഴി കേട്ടിട്ടുണ്ടെങ്കിലും അന്ന് കല്യാണം കഴിച്ചിട്ടില്ലാത്തതിനാൽ വലിയ പേടി തോന്നിയില്ല (ഒരു പക്ഷേ, ഇന്നായിരുന്നെങ്കിൽ ഒടയതമ്പുരാനാണെ സത്യം ഞാൻ രണ്ടാമതൊന്ന് ആലോചിച്ചേനെ).

ഇങ്ങനെ എല്ലാ മാസവും മേൽപറഞ്ഞ ബോണസും, ഇൻക്രിമെന്റും ഒക്കെ ഇഷ്ടത്തിന് കിട്ടിക്കൊണ്ടിരുന്ന യുഗത്തിലാണ് ഈ കഥ അരങ്ങേറുന്നത്.

മാനേജരുടെ റൂമിലെ മണി മുഴങ്ങി. ഓഫീസ് പണിക്കാർ രാധാകൃഷ്ണനും, ജോസ്‌മോനും  'ആരാദ്യം കയറും... ആരാദ്യം കയറും..' എന്ന ഈണത്തിൽ നിന്ന് നിന്ന്, ജോസ്മോൻ കയറി.  ഉടനെതന്നെ അമ്പലപ്പുഴ പാൽപായസം നുണഞ്ഞ പോലെ ഒരു ചിരിയും ചിരിച്ച് തിരികെയിറങ്ങി എൻറെ നേരെ വന്നുപറഞ്ഞു.

"സാർ വിളിക്കണൂ"

'നിനക്കിട്ട് പൊട്ടിക്കാനുള്ള ഏതോ ഗുണ്ട് അകത്തിരിപ്പുണ്ട്, പോയി വാങ്ങിച്ചോ' എന്നൊരു ധ്വനി അവൻറെ ആ പറച്ചിലിൽ ഉണ്ടായിരുന്നു. അല്ലേലും സ്ഥിരമായി മാനേജരുടെ ചീത്തവിളി കേൾക്കുന്ന എന്നെപ്പോലെയുള്ളവർക്ക് ഇവന്റെയൊക്കെ മുൻപിൽ ഒരുവിലയും കാണില്ലല്ലോ എന്ന് ചിന്തിച്ച് ഞാൻ കസേരയിൽനിന്നും എണീറ്റു.

തെറിവിളി കേൾക്കാൻ പാകത്തിനുള്ള തെറ്റുകൾ ഒന്നും രാവിലെ ഒപ്പിച്ചിട്ടില്ല.  ഓ, അല്ലേൽതന്നെ ഈ മാരണം എന്നെ തെറിവിളിക്കുന്നത് വല്ല കാരണവും കൊണ്ടാന്നോ?  മുതലാളിയല്ലേ, ഒരു ബൂർഷ്വാസി രസം. ഇതും ഓർത്ത് ഗജരാജ വിരാജിത മന്ദഗതി എന്ന രീതിൽ പീഡനമുറിയിലേക്ക് നടക്കുമ്പോൾ  ജോസ്‌മോൻ ഒരു ഊറിച്ചിരിക്കൽ നടത്തുന്നുണ്ടായിരുന്നു.

അകത്തേക്ക് ചെന്ന് തമ്പ്രാൻറെമുന്നിൽ ഞാൻ ഓച്ചാനിച്ച് നിന്നു.  തിരിവുള്ളം എന്നെയൊന്ന് നോക്കി.  ഞാനന്നേൽ 'ഇപ്പൊ പൊട്ടിക്കും.. ഇപ്പൊ പൊട്ടിക്കും..' എന്നമട്ടിൽ കാത്തുനിൽക്കുകയാണ്. അധികമൊന്നും ഉരിയാടാതെ ബോബനും മോളിയിലെ പട്ടിയുടെ ഷേപ്പിൽ ഒരു ഒപ്പും അങ്ങ് ചാർത്തി തലേന്ന് അടിച്ചുകൊടുത്ത ലെറ്റർ എൻറെ നേരെനീട്ടി.

"ഇത് ABC ബഹ്‌റനിലേക്ക് അയക്കണം"

"ഉം"  മൂളിക്കൊണ്ട് കത്തും വാങ്ങി ഞാൻ തിരികെ നടക്കാൻ തുടങ്ങുമ്പോൾ വീണ്ടും തിരുവുള്ളം മൊഴിഞ്ഞു.

"താങ്ങിയോങ്ങി നിന്നേക്കരുത്.  രാവിലെ തന്നെ രാധാകൃഷ്ണന്റെ കയ്യിൽ കൊടുത്ത്  പോസ്‌റ്റോഫീസിൽ വിടാനുള്ളതാ"

"ഓ"  ഞാൻ സമ്മതം മൂളി രാവിലെ ബോണസ്സ് കിട്ടാത്തതിന്റെ സന്തോഷത്തിൽ പുറത്തിറങ്ങി.  അപ്പോൾ അകത്ത് ബോംബുകൾ ഒന്നും പൊട്ടാത്തതിന്റെ വൈക്ലബ്യം പുറത്ത് ജോസ്‌മോൻറെ മുഖത്ത് മിന്നിമറയുന്നത് കാണാമായിരുന്നു.  അവൻ ചോദിച്ചു.

"സാർ എന്താ പറഞ്ഞേ ?"

"ഓ.. ABC കമ്പനി ബഹ്‌റനിലേക്ക് ഈ കത്ത് അയക്കണം"

"ങ്‌ഹാ.. അത്രേയുള്ളോ.. ഇതൊക്കെ എന്നോട് പറഞ്ഞാൽ പോരാരുന്നോ?"  ഇതും പറഞ്ഞ് അവൻ എന്റെകയ്യിൽ നിന്നും കത്തും പിടിച്ച്‌വാങ്ങി ഇലക്ട്രോണിക്സ് ടൈപ്പ് റൈറ്ററിന്റെ അടുത്തേക്ക്  അവൻ ഒരോട്ടം.

നിജമായ്‌ പറഞ്ഞാൽ,  ഈ ഓഫീസിൽ ജോസ്മോൻ സന്തോഷത്തോടെ ചെയ്യുന്ന ഒരേയൊരു ജോലി ഇതാണ്.  തൻറെ പ്രിവിലേജ് പോലെയാണ് ആശാൻ ഈ കവറുകളിൽ അഡ്രസ്സ് അടി നടത്തുന്നത്.  സത്യത്തിൽ ഇതെൻറെ പണിയാണെങ്കിലും തൻറെ കഴിവ്  കാണിക്കാനും, ആംഗലേയത്തിന്റെ ഉപയോഗത്തിൽ താനത്ര മോശക്കാരനല്ല എന്ന് സൈക്കോളജിക്കലായി അവതരിപ്പിക്കാനുമാണ് ജോസ്‌മോൻ ഈ കവറടി നടത്തുന്നത്.

ഞാനെന്നേൽ ഇതൊന്നും മൈൻഡ് ചെയ്യാറുമില്ല.  അത്രയും പണി കുറഞ്ഞിരിക്കും,  അല്ല പിന്നെ.  പത്തുബാധ തലയിൽ വന്നുകേറുമ്പോൾ ഒരെണ്ണമെങ്കിലും ഒഴിഞ്ഞുകിട്ടിയതിൽ സന്തോഷം.  'ധാനെ  ധാനെ പേ ലിഖാ ഹൈ  ഖാനെവാലാ കാ നാം' എന്ന് പറയുന്നതുപോലെ 'ചിട്ടി ചിട്ടി പേ ലിഖാ ഹൈ ടൈപ്പ് കർനേ വാലാ കാ നാം' എന്ന് ഞാനങ്ങ് കരുതും.

അങ്ങനെ നമ്മുടെ കഥാനായകൻ  ജോസ്‌മോൻ കവറും അടിച്ച് അത് കള്ളനോട്ടാണോ എന്ന്  പെട്ടിക്കടക്കാർ നോക്കുന്ന മാതിരി പൊക്കി ഒരു നോട്ടവും നോക്കി സ്വയം തൃപ്‌തി വരുത്തി.  എന്തൊരു തങ്കപ്പെട്ട പയ്യൻ.  ഓഫീസ് ബോയിയായാൽ ഇതുപോലെ വേണം. കണ്ടില്ലേ എൻറെ പണിക്കൂടി പാവം ചെയ്യുന്നത്?  'ഇവന് ദീർഘായുസ്സ് നൽകണേ ഭഗവാനേ'  എന്ന് പ്രാർത്ഥിച്ച് ഞാൻ അവനോട് ചോദിച്ചു.

"ജോസ്‌മോനെ അഡ്രസ്സ് ഒക്കെ കറക്ട് ആണല്ലോ അല്ലേ.."  ഏത്  വിരുന്നുകാർ വന്നാലും കോഴിക്ക് കൂട്ടിൽ കിടക്കപ്പൊറുതിയില്ല  എന്നതാണല്ലോ എൻറെ അവസ്ഥ.  അതുകൊണ്ടാണ് ആ ചോദ്യം ഞാനവനോട് ചോദിച്ചത്. ആരേലും ചെയ്യുന്ന പോക്കണംകേടിനും എനിക്കിട്ടല്ലേ ചീത്തവിളി കിട്ടുന്നത്?

"ദാണ്ടേ.. ജോസ്‌മോനെ അങ്ങനെയങ്ങ് ആസാക്കരുതേ... അഡ്രസ്സ് ഒക്കെയടിക്കാനുള്ള വിദ്യാഭാസം എനിക്കുണ്ട് മാഷേ"  അതും പറഞ്ഞവൻ മാനേജരുടെ മുറിയിലേക്ക് കയറുമ്പോൾ 'നീ എന്തോ കുന്തം വേണേലും പോയി ഒണ്ടാക്ക്' എന്ന് മനസ്സിൽപറഞ്ഞ് ഞാനങ്ങ് മിണ്ടാതിരുന്നു. അല്ലേലും ജോസ്‌മോൻ അങ്ങനാ, ആരേലും കൊച്ചാക്കി സംസാരിക്കുന്നു എന്ന് തോന്നിയാൽ പണ്ട്  ഓഫീസ് പണിഞ്ഞപ്പോൾ മുതൽ പാളയിൽ കിടന്ന് മുള്ളിയ കഥവരെ എടുത്തിടും.

എൻറെ അടുത്തപണിയിൽ ഞാൻ കൂലങ്കഷമായി ശ്രദ്ധചെലുത്തുമ്പോളാണ് മാനേജരുടെ ക്യാബിനിൽ അർത്തുങ്കൽ  പെരുന്നാള് തുടങ്ങിയത്. നല്ല മൂത്ത കതിന, വെടിക്കെട്ട്, ബാൻഡുമേളം എന്നുവേണ്ട എല്ലാം പുറത്തേക്കൊഴുകി വരികയാണ്.  ഈശ്വരാ!  ഈ മാരണം അകത്തുപോയി ദിനോസറിന്റെ കയ്യിൽനിന്നും നല്ലപോലെ മേടിച്ച്‌കെട്ടിയിട്ടുണ്ടല്ലോ.

ഒരു ഞെട്ടലോടെ ഞാൻ മാനേജരുടെ ക്യാബിന്റെ വാതിലിലേക്ക് നോക്കുമ്പോൾ രാധാകൃഷ്ണൻ  'നിനക്കതുതന്നെ വേണമെടാ ജോസ്‌മോനെ' എന്നമട്ടിൽ ചിരിക്കുന്നു (ജോസ്‌മോനും രാധാകൃഷ്ണനുമായുള്ള കോൾഡ് വാർ അവർക്ക് രണ്ടിനും അറിയില്ലെങ്കിലും ഞങ്ങൾക്ക് അറിവുള്ളതാകുന്നു).  ഓമനചേച്ചിയും സജുവും അന്തിച്ചു നിൽക്കുകയുമാണ്.

എൻറെ നോട്ടം അങ്ങനെ തറഞ്ഞുനിന്നപ്പോൾ ഉമ്മറിൻറെ മുറിയിൽനിന്നും പലതും നഷ്ടപ്പെട്ട് ഇറങ്ങിവരുന്ന ജയഭാരതിയെപ്പോലെ ജോസ്‌മോൻ പുറത്തേക്ക്.  കുനിഞ്ഞ ശിരസ്സ്, തകർന്ന ചാരിത്ര്യം! എന്തരോ മഹാനു ഭാവലു...

കുനിഞ്ഞ് തറയിലെ ടൈൽസ് എണ്ണുന്നമാതിരി അവൻ നേരെവന്ന് എൻറെ മുന്നിൽ നിന്നു.  എന്നിട്ട് ആ തിരുമോന്ത ഒന്നുയർത്തി.

"തന്നെ സാർ വിളിക്കുന്നു.."

എൻറെ ഭഗവതീ! ഞാനോ??  ജോസ്‌മോൻ അർത്തുങ്കൽ പെരുന്നാളാണ് കൂടിയതെങ്കിൽ ഞാൻ പോയി കുംഭമേള കൂടേണ്ടിവരും!!

"ഞാനോ?"  എടാ സാമദ്രോഹീ എന്ന മട്ടിൽ ഞാൻ അവനോട് ഒന്നുകൂടെ കൺഫേം ചെയ്തു.

"ങാഹാ... താൻ തന്നെ.."  അതും പറഞ്ഞ് അവൻ എന്നെയും വിളിച്ചുകൊണ്ട് ദിനോസോറിൻറെ കൂട്ടിലേക്ക് നടന്നു.  'ഞാനും വരട്ടെയോ നിൻറെ കൂടെ' എന്ന മട്ടിലാണ് കൊലമരത്തിലേക്കുള്ള അവൻറെ നടപ്പ്.

വിധിയെ തടുക്കാൻ ആർക്കെങ്കിലും ആകുമോ എന്ന് ചിന്തിച്ച് ഞാൻ അകത്തേക്ക് കയറി.  പൊന്നേമാൻ പീഡനക്കേസിലെ പ്രതിയെപ്പോലെ എന്നെ ആപാദചൂഡം ഒന്ന് നോക്കി. അയാളുടെ മേശപ്പുറത്ത് ജോസ്‌മോൻ തങ്കലിപികളിൽ അഡ്രസ്സ് എഴുതിയ കവർ. അതെടുത്ത് എൻറെ നേരെ നീട്ടിക്കൊണ്ട് മാനേജർ ചോദിച്ചു.

"ഈ അഡ്രസ്സ് ടൈപ്പ് ചെയ്തതാരാടോ?"

'എൻറെ ഗർഭം ഇങ്ങനല്ല' എന്ന മട്ടിൽ ഞാൻ ജോസ്‌മോനെ ഒന്ന് നോക്കി. അത് മനസിലാക്കി മാനേജർ എന്നോട് അടുത്തചോദ്യം.

"തൻറെ പണി താനെന്തിനാടോ കണ്ട അണ്ടനും അടകോടനും ഒക്കെ കൊടുക്കുന്നത്?"  ജോസ്‌മോന് രാവിലെ തന്നെ കിട്ടിയ സംബോധനയിൽ ഞാൻ സംപ്രീതനായെങ്കിലും എനിക്ക് കിട്ടാൻപോകുന്നതെന്താണെന്ന പേടി പൊന്തിവന്നതിനാൽ പുറത്തേക്കുന്തിവന്ന ചിരി അകത്തേക്ക് പോയി.

"ജോസ്‌മോൻ എന്നെ സഹായിച്ചതാ.."

"ഇങ്ങനാന്നോടോ സഹായിക്കുന്നെ?  താനാ അഡ്രെസ്സ് നേരെചൊവ്വേ വായിച്ചേ"

അന്ധൻ  ആനയെ കാണ്ടമാതിരി ഞാൻ ആ കവറിലേക്ക് നോക്കി.

M/S.  ABC MARINE
PO BOX 1234
MANAMA, BAHRAIN
UNITED ARAB EMIRATES

എൻറെ കർത്താവെ, ഈ വിവരംകെട്ടവൻ ഇതെന്നാ എഴുതിവച്ചേക്കുന്നേ?  BAHRAIN, UNITED ARAB EMIRATES എന്നോ?

"സാറേ ഈ ബഹ്‌റൈൻ യു.എ.യി-ലാണോ?"  എൻറെ എളിയ സംശയം ഞാൻ മാനേജരോട് സവിനയം ചോദിച്ചു.   ജോസ്‌മോനാണേൽ കിട്ടുണ്ണിയേട്ടന്റെ നിസ്സംഗതയിൽ നിൽക്കുകയാണ്.  'യു.എ.യി-ൽ അല്ലേൽ പിന്നേതു കോത്താഴത്തിലാ' എന്നാണ്  ആ നിൽപ്പിന്റെ ഗതിയെന്നുതോന്നുന്നു.

"അത് തന്നെയാണെടോ ഞാനും തന്നോട് ചോദിച്ചെ!?  എടോ ജോസ്‌മോനെ താനെവിടുന്നാടോ ഇതൊക്കെ കണ്ടുപിടിച്ചത്??"

എനിക്കുള്ള പ്രസാദം ഇയാൾ ഇച്ചിരി മുമ്പ് തന്നതല്ലേ,  പിന്നെന്തുവാ ഇനിയും? എന്ന മട്ടിലാ ജോസ്‌മോൻറെ നിൽപ്പ്.

"താൻ ഈ മണ്ണുണ്ണിയുടെ കയ്യിൽ ഇതൊക്കെ കൊടുക്കാതെ തനിക്ക് തന്നെ  ഇത് ചെയ്യാൻ മേലെ?"

"ചെയ്യാം സാർ.. ഇത്രയും നാൾ ജോസ്‌മോനായിരുന്നു ചെയ്യുന്നേ, ഇനി ഞാൻ ചെയ്തോളാം.."  അനുസരണയുള്ള കുട്ടിയെപ്പോലെ ഞാൻ മൊഴിഞ്ഞു.

"എൻറെ ദൈവമേ.. ഇവനടിച്ച കവറൊക്കെ എവിടൊക്കെയാകുമോ പോയിട്ടുണ്ടാവുക?"  മാനേജർ തലയിൽ കൈവച്ചു.  ഒരു കുറ്റം കണ്ടുപിടിച്ചാൽ ബാക്കിയെല്ലാ വിഗ്രഹമോഷണവും അവൻറെ തലേൽ കെട്ടിവെക്കുന്ന ഇടപാടാണല്ലോ മാനേജർമാർക്ക്.

"എഡോ ജോസ്‌മോനെ .. തനിക്കിവിടെ ചായ ഉണ്ടാക്കുന്നതാ പണി.  ഓഫീസ് ബോയി കേറി മാനേജരുടെ പണിചെയ്യണ്ട.. മനസ്സിലായോടോ?"

"ഉം" പാവം മൂളി.  മൗനം വിദ്ധ്വാന് ഭൂഷണം.  എന്തൊരു വിനയം... എന്തൊരളിമ..

"ഇറങ്ങിപ്പോടോ, ഓരോ കൊളംബസ്‌മാർ  ഇറങ്ങിക്കോളും....താനിത് നേരെചൊവ്വേ അടിചോണ്ടുവാ. മേലാൽ ഇവന് കവറടിക്കാൻ കൊടുത്താൽ രണ്ടിനേം ഞാൻ പിടിച്ച് പുറത്താക്കും. പറഞ്ഞേക്കാം"  ആദ്യത്തെ വാക്കുകൾ  ജോസ്‌മോനോടും  ബാക്കി എന്നോടും പറഞ്ഞ് ഞങ്ങളെ  രണ്ടും ക്യാബിന് പുറത്താക്കി.

കാറ്റും കോളും അടങ്ങിയപ്പോൾ ഞാൻ ജോസ്‌മോനോട് ചോദിച്ചു.  "അല്ല ജോസ്‌മോനെ, ഈ ബഹ്‌റൈൻ UAE- യിൽ ആണെന്ന് തന്നോടാരാ പറഞ്ഞേ?"

ജോസ്‌മോൻ എന്നെ ഒന്നുനോക്കി.

"എൻറെ ഭായീ... സത്യത്തിൽ അതൊരു ഗമക്ക് കിടക്കട്ടെ എന്ന് കരുതി ഞാൻ കയ്യീന്നിട്ടതാ.  അല്ല, ഞാൻ ഒന്ന് ചോദിച്ചോട്ടെ ഭായീ,   സത്യത്തിൽ ഈ ബഹ്‌റൈൻ  ഒക്കെ എവിടെയാ?"

'ഇവൻറെ സംശയം ഇപ്പളും മാറിയിട്ടില്ലേ  ഈശ്വരാന്ന്' ഞാൻ നെഞ്ചത്ത് കൈവച്ചസമയത്ത് അവൻ  പാൻട്രിയിലേക്ക് നടന്നു. എന്നിട്ട് ഇങ്ങനെ വിളിച്ചുപറഞ്ഞു.

"അല്ലേലും ഇക്കാലത്ത് ആരേം സഹായിക്കരുത്.. സഹായിച്ചാൽ നമുക്ക് പണിയാകും. അല്ല പിന്നെ.."

കാര്യം ശരിയാണ്.  ജോസ്‌മോൻ വലിയ ഒരു ലോകതത്വമാണ് പറഞ്ഞത്.

ഇന്നും UAE എന്നു കാണുമ്പോൾ ജോസ്‌മോനെ ഞാൻ ഓർക്കും. ആ സഹായഹസ്തം ഞാൻ സ്മരിക്കുകയും ചെയ്യും.

ജോസ്‌മോന്റെ പ്രാക്ക് കാരണമാണോ എന്നറിയില്ല, കാലചക്രം ഉരുണ്ടപ്പോൾ വിധി എന്നെ U.A.E യിലേക്ക് തളളിവിട്ടു.  ഒരുപക്ഷേ അന്നവൻ 'ഏതെങ്കിലും മരുഭൂമിയിൽ പോയി ബഹ്‌റൈൻ ഉണ്ടോന്ന് തപ്പി, തപ്പി ഇയാൾ പണ്ടാരമടങ്ങാട്ടെ' എന്ന് അനുഗ്രഹിച്ചതായിരിക്കണം. 

Thursday, January 4, 2018

എമർജൻസി

"നമ്മൾ എല്ലാം പരസ്പരം സഹായിക്കണം. മനുഷ്യൻ അങ്ങനെയാണ്. നമ്മൾ മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടി ജീവിക്കണം, അവരുടെ ദുഖത്തിനുവേണ്ടിയല്ല" - ചാർളി ചാപ്ലിൻ (Final speech from his movie 'The Great Dictator') 


ദുബായിലെ ഒരു വെള്ളിയാഴ്ച.

അലസതയുടെ മൂടുപടത്തിൽ നിന്നും ഞാൻ എണീറ്റ് അടുക്കളയിൽ ഒരു കാപ്പിയുണ്ടാക്കി തിരികെ വന്നപ്പോളാണ് വൈബ്രെഷൻ മോഡിൽ കിടന്ന മൊബൈലിൽ അഞ്ച് ആറ് മിസ്സ് കാൾ കണ്ടത്. സൈറ്റിലെ സൂപ്പർവൈസർ, എൻജിനീയർ, മാനേജർ തുടങ്ങി ക്യാമ്പ്ബോസ്സ് വരെ.

ഇത്രപേർ തുടരെത്തുടരെ, വിളിക്കാൻ കാരണം?  എന്തെങ്കിലും അത്യാഹിതം?  വെള്ളിയാഴ്ച്ചയും സൈറ്റിൽ കുറെ ആൾക്കാർ ജോലിചെയ്യുന്നുണ്ട്. അവർക്കെന്തെങ്കിലും പ്രശ്നം?

സംശയങ്ങൾ ഒന്നൊന്നായി മനസ്സിൽ പൊന്തി.  ഉടനെതന്നെ എൻജിനീയറെ തിരിച്ച് വിളിച്ചു.  അപ്പോൾ ഞാൻ ഓർത്തിരുന്നില്ല  ഒരു ദിവസം മുഴുവൻ  ഒരുകൂട്ടം ആൾക്കാരെ മുൾമുനയിൽ നിർത്താൻ പോന്ന ഒരു സംഭവത്തിന്റെ തുടക്കമാണ് അതെന്ന്.

ഫോണെടുത്ത എൻജിനീയർ പെട്ടെന്ന് കാര്യം പറഞ്ഞു. "നമ്മുടെ ഒരു വർക്കറായ സേവ്യറിന്റെ അടുത്ത ബന്ധു ഓഖി ചുഴലിക്കാറ്റിൽ മീൻപിടിക്കാൻ പോയവരുടെ കൂട്ടത്തിൽ മിസ് ആയി.  ഇന്നലെ രാത്രി ഡെഡ്ബോഡി കിട്ടി.  സേവ്യറിന് ഇന്ന് വൈകിട്ട് തന്നെ എമർജൻസിയായി നാട്ടിൽ പോകണം"

ഇതേ വിവരം തന്നെയാണ് ബാക്കിയുണ്ടായിരുന്ന മിസ്സ് കാളുകളിലും തിരികെ വിളിച്ചപ്പോൾ കിട്ടിയത്. സേവ്യറിന്റെ എംപ്ലോയ്‌ നമ്പർ, മൊബൈൽ നമ്പർ, ക്യാമ്പ് ഡീറ്റെയിൽസ് ഒക്കെയെടുത്തശേഷം ഞാൻ ഫോൺ വച്ചു.

ഒരു അഞ്ച് മിനിറ്റ് ഞാൻ ചിന്തിച്ചിരുന്നു.  

ഇതൊരു പുതിയ സംഭവം അല്ല.  ഓഫീസിൽ ഇതുപോലുള്ള എമർജൻസി കേസുകൾ ഇടയ്ക്കിടെ കൈകാര്യം ചെയ്യുന്നതാണ്.  വെള്ളിയാഴ്ചകളിൽ ഇതുപോലെ മുമ്പും എമർജൻസി ഉണ്ടായിട്ടുള്ളതുമാണ്. സാധാരണ ഗതിയിൽ രണ്ടുമണിക്കൂറുകൾ കൊണ്ട് തീർക്കേണ്ട ഒരു ജോലി.

ഞാൻ സേവ്യറിനെ വിളിച്ചു. കാര്യം മനസ്സിലാക്കി.  പിന്നീട് ചെയ്യേണ്ട കാര്യങ്ങൾ ഒന്നൊന്നായി പ്ലാൻ ചെയ്‌തു.

എമർജൻസിയായി അഡ്മിനിസ്ട്രേഷൻ ഹെഡിന്റെ അപ്രൂവൽ വാങ്ങണം. അതിനുശേഷം പാസ്പോർട്ട് സെക്ഷനിൽനിന്നും പാസ്പോർട്ട് വാങ്ങി ക്യാമ്പിൽ എത്തിച്ച്  ആവശ്യമെങ്കിൽ യാത്രക്കാരനെ എയർപോർട്ടിൽ കൊണ്ടാക്കുക. അതാണ് ഇനിയുള്ള ജോലി.

പക്ഷേ ഇന്ന് അവധി ദിവസമാണ്.  ഇതിനുവേണ്ടി മാത്രം പാസ്പോർട് സെക്ഷനിലുള്ളവർ പോയി എടുക്കേണ്ടി വരും.

ഞാൻ അഡ്മിനിസ്ട്രേഷൻ ഹെഡിനെ നേരിട്ട് വിളിച്ചു. SMS വഴി അപ്രൂവൽ എടുത്തു.  ഉടനെ തന്നെ ആ വിവരം പാസ്പോർട് സെക്ഷനിലെ ആളെ വിളിച്ച്  അറിയിക്കുകയും അതിനായി അവർ നടപടികൾ തുടങ്ങുകയും ചെയ്തു. 

അവധി ദിവസം മറന്ന് ഫോൺ വീണ്ടും ചിലച്ചുകൊണ്ടേയിരുന്നു.

ക്യാമ്പിൽ നിന്നും സേവ്യറും, ക്യാമ്പ് ബോസും വിളിക്കുന്നു. രാത്രിയിലേക്ക് വിമാന ടിക്കറ്റ് എടുക്കുകയാണ്.  സൈറ്റിൽനിന്നും എൻജിനീയറും സൂപ്പർവൈസറും, മാനേജരും എന്തായി എന്നറിയാൻ വിളിക്കുന്നു.  അതുപോലെ ഞാൻ അഡ്‌മിൻ എക്സിക്യൂട്ടീവിനെയും, പാസ്പോർട് സെക്ഷനിലേക്കും വിളിക്കുന്നു.  എൻറെ വിളികാത്തുനിൽക്കുകയാണ് ഡ്രൈവർ. പാസ്സ്‌പോർട്ട് കിട്ടിയാൽ ഉടൻ അത് വാങ്ങി സേവ്യറിനെയും കൂട്ടി എയർപോർട്ടിലേക്ക് പോകാൻ ഡ്രൈവർ റെഡിയായി നിൽക്കുകയാണ്.

പാസ്പോർട്ട് സെക്ഷനിൽ നിന്നും വിളി കാത്തിരുന്നു.  അല്പസമയത്തിനുള്ളിൽ ഫോൺ വന്നു.  അതുഭുതം നിറഞ്ഞ ഒരു ചോദ്യമായിരുന്നു എന്നോടവൻ ചോദിച്ചത്.

"നിങ്ങൾ സേവ്യറിന്റെ പാസ്പോർട്ട് എന്തെങ്കിലും ആവശ്യത്തിന് വാങ്ങിയിട്ടുണ്ടോ? പാസ്പോർട്ട് സെക്ഷനിൽ അത് കാണുന്നില്ല!"

തലയ്ക്ക് അടികിട്ടിയപോലെ ഞാൻ നിന്നു.  പാസ്പോർട്ട് എവിടെപ്പോയി? ഞാൻ സേവ്യറിനെ വിളിച്ചു. അയാൾ പാസ്പോർട് വാങ്ങിയിട്ടില്ല.  പിന്നെ അതെവിടെ?   ഈശ്വരാ, പാസ്പോർട് മിസ്സിങ്ങ് ആയോ?!

"സാറെ വെളുപ്പിന് ഫ്ലൈറ്റ് ആണ്... "  ദയനീയമായ ഒരപേക്ഷപോലെയാണ് സേവ്യർ  അത് പറഞ്ഞത്. 

പാസ്പോർട്ട് സെക്ഷനിൽനിന്നും അടുത്ത ഫോൺ. "ഞങ്ങൾ  ഓഫീസ് കമ്പ്യൂട്ടറിൽ ഒന്ന് നോക്കട്ടെ. എങ്കിലേ എവിടെയാണെന്ന് ട്രാക്കിങ് കിട്ടൂ.."  

ഞാൻ അക്ഷമയോടെ കാത്തുനിന്നു. ഇരിപ്പുറയ്ക്കാതെ  ഞാൻ അലക്ഷ്യമായി മുറിയിൽ നടക്കാൻ തുടങ്ങി.

അരമണിക്കൂറിനുള്ളിൽ വീണ്ടും വിളി വന്നു.

"FEWA (Federal Electricity & Water Authority) യുടെ ടെസ്റ്റിന് അപേക്ഷിക്കാൻ പാസ്പോർട്ട് എടുത്തിട്ടുണ്ട്. അത് അപ്പോൾ അഡ്‌മിൻ സെക്ഷനിലോ എച്ച്.ആറിലോ കാണണം"

ദൈവമേ! HR സെക്ഷനിൽ... ഈ അവധി ദിവസം?  ഞാൻ എന്നോടുതന്നെ പലചോദ്യങ്ങൾ ഒന്നിച്ച് ചോദിച്ചു നിന്നുപോയി.

ഉടനെ അഡ്മിൻ എക്സിക്യൂട്ടീവ് ദൗത്യം ഏറ്റെടുത്തു.  പാസ്പോർട് പി.ആർ.ഒ കൊണ്ടുപോയിട്ടുണ്ട്. ഉടനെ  പി.ആർ. ഒ-യെ വിളിക്കുക തന്നെ ശരണം.  

പള്ളികളിൽ നാമാസിനുള്ള ബാങ്ക് വിളികൾ മുഴങ്ങുന്നു. അതുകൊണ്ടാകണം പി.ആർ. ഒ ഫോൺ എടുക്കുന്നില്ല. നാമാസ് കഴിയുംവരെ കാത്തിരിക്കാൻ എല്ലാവരും തീരുമാനിച്ചു.


കുറേ ആൾക്കാർ  ഒരേ കാര്യത്തിനായി പലയിടത്തായി കാത്തിരിക്കുകയാണ്!

നിമിഷങ്ങൾക്ക് ദൈർഘ്യം ഏറെയായിരുന്നു. ഏറ്റെടുത്ത ജോലി പരാജയത്തിലേക്കാണോ പോകുന്നത് എന്നൊരു സംശയം എന്നിൽ എവിടെയോ മെല്ലെ പൊന്തിവരാൻ തുടങ്ങി.

അവസാനം പി.ആർ. ഒ ഫോൺ എടുത്തു.  അപ്പോൾ അയാൾ പറഞ്ഞ വാക്കുകൾ ഏവരെയും ഞെട്ടിച്ചു. 

"പാസ്പോർട്ട് ചിലപ്പോൾ എൻറെ ഡ്രോയറിൽ ഉണ്ടാകാം. പക്ഷേ ഞാനിപ്പോൾ രാജ്യത്തില്ല. ഒമാനിലാണ്.  എങ്ങിനെ ശ്രമിച്ചാലും ഞാൻ അവിടെത്താൻ രാത്രി പതിനൊന്ന് മണി കഴിയും.  എന്താണ് ചെയ്യേണ്ടത്? ഞാൻ വരണോ? അതോ എംപ്ലോയി യാത്ര മാറ്റിയവക്കുമോ?"

ഞങ്ങൾ ആകെ പ്രതിസന്ധിയിലായി. ഇതുവരെ ചെയ്ത ജോലി വൃഥാവിലായി.  സേവ്യറിനെ വിളിച്ച് ടിക്കറ്റ് സമയം ചോദിച്ചു. വെളിപ്പിന് രണ്ടുമണി.  ദുബായിൽ നിന്നും ഷാർജ എയർപോർട്ടിൽ മൂന്നുമണിക്കൂർ മുമ്പ് എത്തണം. ദുബായിലെ അൽ കവനീജിലുള്ള ഓഫീസിൽനിന്നും പാസ്പോർട്ട് രാത്രി എടുത്ത് സോണാപ്പൂരുള്ള ക്യാമ്പിൽ നിന്നും സേവ്യറിനെയും കൊണ്ട് എയർപോർട്ടിൽ എത്തുക എന്നത് ദുഷ്കരമല്ല.  എന്നാൽ ട്രാഫിക് ഒരു പ്രശ്‌നമാണ്. 

യാത്ര മാറ്റിവയ്ക്കുന്നത് സേവ്യറിനോ കുടുംബത്തിനോ ആലോചിക്കാൻ പറ്റില്ല. അത് പറയാൻ ഞങ്ങൾക്കും.

ഉദ്വേഗത്തിന്റെ നിമിഷങ്ങൾ.  എന്റെയുള്ളിൽ ഇത്രഎങ്കിൽ സേവ്യറിന്റെയുള്ളിൽ എത്രയാകുമെന്ന് ഞാനൊന്ന് ആലോചിച്ചു.

"രാത്രി പതിനൊന്ന് വരെ നിങ്ങൾ കാത്തിരിക്കാമെങ്കിൽ ഞാൻ വരാം. അഥവാ അപ്പോൾ എനിക്ക് എത്തിച്ചേരാൻ പറ്റിയില്ലെങ്കിൽ എൻറെ ഡ്രോയർ നിങ്ങൾ പൊളിച്ചെങ്കിലും പാസ്പോർട്ട് എടുത്തുകൊള്ളൂ"

പി.ആർ. ഒ യുടെ വാക്കുകൾ അഡ്‌മിൻ എക്സികുട്ടീവ് ഫോണിൽ പറയുമ്പോൾ എവിടെയോ ഒരു തിരിനാളം ഞാൻ കണ്ടു.  അതല്ലെങ്കിലും അങ്ങനെയാണ്.  പ്രശ്നശതങ്ങളിൽ നമ്മൾ ഉഴലുമ്പോൾ ഒരു കച്ചിത്തുരുമ്പെങ്കിലും രക്ഷയ്ക്കായി എത്തും.  അതായിരുന്നു പി.ആർ.ഒ യുടെ വാക്കുകൾ.

വീണ്ടും കാത്തിരിപ്പ്.  

നേരം ഇരുട്ടി. എനിക്ക് പള്ളിയിൽ പോകാൻ സമയമായി. ഫോൺ ഇടയ്ക്കിടെ മുരണ്ടുകൊണ്ടേയിരുന്നു.  എന്നാൽ അതെല്ലാം കാര്യങ്ങൾ എന്തായി എന്ന ചോദ്യങ്ങൾ മാത്രമായിരുന്നു. ഞാൻ പ്രതീക്ഷിച്ചിരുന്ന വിളി വരുന്നതേയില്ല. വിളിച്ചവരോടെല്ലാം ഞാൻ പി.ആർ. ഒ വരുന്നതുവരെ കാത്തിരിക്കുക എന്ന് മാത്രം പറഞ്ഞ് ഫോൺ വച്ചു.

മിടിക്കുന്ന നെഞ്ചോടുകൂടിയാണ് സെന്റ് മേരീസ് പള്ളി മതിൽകെട്ടിനകത്തേക്ക് ഞാൻ കാലെടുത്തവച്ചത്. അവിടെ മാതാവിൻറെ  ഒരു രൂപത്തിന് മുന്നിൽ ഒരുപാട് ആൾക്കാർ കൈകൂപ്പി നിൽക്കുന്നു.  ഞാനും ഒരുനിമിഷം കൈകൂപ്പി നിന്നുപോയി. ദൈവത്തോട് ഒരേയൊരു ആവശ്യം മാത്രമേ എനിക്ക് ചോദിയ്ക്കാൻ ഉണ്ടായിരുന്നുള്ളൂ.

പള്ളിയിൽ, കുർബാനയ്ക്കിടയിൽ മൊബൈൽ വൈബ്രെഷൻ മോഡിൽ വിറച്ചപ്പോൾ ഞാൻ പുറത്തേക്കിറങ്ങി. അഡ്‌മിൻ എക്സിക്യൂട്ടീവ് ആണ്.

"പി.ആർ.ഒ എത്താൻ താമസിക്കും. ഡ്രോയർ പൊളിക്കാൻ അയാൾ അനുമതി തന്നു. ഞങ്ങൾ ഹെഡ്ഡ് ഓഫീസിലേക്ക് അതിനായി പോവുകയാണ്"

ഞാൻ പള്ളിമതിൽ ചാരിനിന്നു. എൻറെ മനസ്സിൽ എവിടെയോ ഒരു ആംബുലൻസിന്റെ ഒച്ചകേട്ടപോലെ.  എത്ര നേരം ആ നിൽപ്പ് നിന്നു എന്നെനിക്കറിയില്ല. പള്ളിയ്ക്കകത്തേക്ക് കയറാൻ മനസ്സ് തോന്നുന്നില്ല.  കുറേനേരം കഴിഞ്ഞപ്പോൾ അടുത്ത ഫോൺ.

"പി.ആർ.ഒ യുടെ ഡ്രോയർ പൊളിച്ചു.  പക്ഷേ ... പക്ഷേ ... പാസ്പോർട്ട് അവിടെയും ഇല്ല !!"

ഈശ്വരാ!  എന്താണ് കേൾക്കുന്നത്?  ആ ഹതഭാഗ്യന്റെ പാസ്പോർട് എവിടെ?  ചെയ്‌തതെല്ലാം പാഴ്‌വേലകളായി മാറിയോ?. മാതാവിൻറെ രൂപത്തിന് എതിരെയുള്ള പള്ളിപടിയിൽ  ഞാൻ ഇരുന്നുപോയി.  

നിസ്സഹായാവസ്ഥ എന്നാൽ അതായിരുന്നു.  എൻറെ ഒരു വിളി കാത്തിരിക്കുന്ന ഒന്നല്ല ഒട്ടനവധിപേർ. എയർപോർട്ടിലേക്ക് പാസ്‌പോർട്ടും വണ്ടിയും കാത്തുനിൽക്കുന്ന സേവ്യർ. അയാളെ കാത്ത് നാട്ടിൽ ബന്ധുക്കൾ...

എവിടെയാണ് രക്ഷയുടെ ഒരു വാതിൽ തുറക്കുക?  ഇല്ല,  സേവ്യറിന്റെ പാസ്പോർട് ഇന്നിനി  കണ്ടുപിടിക്കാൻ ഒരു നിർവഹവുമില്ല.  എല്ലാവരും അവരവരുടെ ജോലി ചെയ്തു. പക്ഷേ എല്ലാം നിഷ്പ്രയോജനം.

പള്ളിപിരിഞ്ഞ് ആൾക്കാർ പുറത്തേക്കിറങ്ങിത്തുടങ്ങി.  ഇനി എന്തിന് അകത്തേക്ക് കയറണം?  മാതാവിന്റെ രൂപം ഒന്നുകൂടി നോക്കി പള്ളിയുടെ ഗേറ്റ് കടന്ന് ഞാൻ പുറത്തേക്ക് നടന്നു, ഊദ് മേത്ത മെട്രോ ട്രെയിൻ  സ്റ്റേഷൻ ലക്ഷ്യമാക്കി....യാന്ത്രികമായി.

ട്രെയിൻ ഗ്രീൻ ലൈനിൽ എത്തിസലാത് സ്റ്റേഷനിലക്ക് കുതിക്കുമ്പോൾ എൻറെ ഫോൺ ഒരിക്കൽക്കൂടി ചിലച്ചു.  അഡ്‌മിൻ എക്സിക്യൂട്ടീവാണ്.

"പാസ്പോർട് കിട്ടി.... ബാക്കി എല്ലാം ഞാൻ നാളെ പറയാം"

ഒരു അണകെട്ട് തുറന്നുവിട്ടപോലെ എന്നിൽ ആ വാക്കുകൾ ഊർജ്ജം പമ്പ് ചെയ്തു.  പിന്നീട് ബാക്കിയെല്ലാം എഴുതി തയ്യാറാക്കിയ ഒരു തിരക്കഥപോലെ സംഭവിച്ചു.

പാസ്‌പോർട്ടുമായി ഡ്രൈവർ ക്യാമ്പിലേക്ക്, ക്യാമ്പിൽ നിന്നും സേവ്യർ എയർപോർട്ടിലേക്ക്. 

അതെ. സേവ്യറിന്റെ യാത്ര മുടങ്ങിയില്ല.  മരണം അലയടിച്ചുയർന്ന ഓഖി ദുരന്തവേളയിലും ചിലരുടെയെങ്കിലും മുഖത്ത് പുഞ്ചിരി വിടർന്നു.

അന്ന് രാത്രി ഞാൻ ശാന്തമായി ഉറങ്ങി.

നേരംവെളുത്തപ്പോൾ സൈലൻസിൽക്കിടന്ന ഫോണിൽ രണ്ട് മിസ്‌ഡ്  കാളുകൾ കണ്ടു.  സേവ്യർ ആയിരിക്കണം.  വിമാനത്തിനകത്ത് കയറിയ ശേഷം നന്ദിപറയാൻ വിളിച്ചതാണോ?

അടുത്ത ദിവസം ജോലിക്കിടെ ഓഫീസിൽ നിന്നും ഞാൻ ഹെഡ്ഡോഫീസിലേക്ക് വിളിച്ചു. പി.ആർ.ഒ യുടെ ഡ്രോയറിൽ കാണാതിരുന്ന പാസ്‌പോർട്ട് പിന്നീട് എവിടെനിന്നുകിട്ടി എന്നൊരു ആകാംഷ എന്നിലുണ്ടായിരുന്നു.  അതിന് കിട്ടിയ മറുപടി എന്നിൽ ഒരു ചെറുമന്ദഹാസം പരത്തി.

അത് HR-ൽ തന്നെയുണ്ടായിരുന്നു. പി.ആർ.ഒ  അത് തിരികെ കൊണ്ടുകൊടുത്തത് പിന്നീടാണ് ഓർമ വന്നത്!

പിന്നീട് ഞാൻ അതിനെപ്പറ്റി ചോദിച്ചില്ല. അല്ലെങ്കിലും വലിയ സന്തോഷങ്ങൾക്കിടെ ചെറിയ ചോദ്യങ്ങൾക്ക് എന്ത് സ്ഥാനം?

ഒരാൾക്ക് ഒരാപത്ത് വരുമ്പോൾ സഹായിക്കാനുള്ള സ്ഥാപനത്തിലെ ഒരുപറ്റം നല്ല മനസുകൾക്ക് നന്മനേർന്നുകൊണ്ട് ഞാനപ്പോൾ ഫോൺ വച്ചു.