Friday, January 19, 2018

പൊന്നമ്മസാറിന്റെ മനുഷ്യാവകാശ ലംഘനം

പ്രിയമുള്ള നാട്ടുകാരെ, എന്നോടും എൻറെ കൂട്ടുകാരോടും പൊന്നമ്മസാർ ചെയ്ത ക്രൂരതയും മനുഷ്യാവകാശ ലംഘനവും എന്തുവലിയ ദുരന്തമായിരുന്നെന്ന് ഇത് വായിച്ചുകഴിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും.  സോഷ്യൽ മീഡിയയോ, ഇന്റെർനെറ്റോ ഉണ്ടാക്കാൻ പോന്നവന്മാർ എല്ലാം ഞരമ്പിലും വരമ്പിലും ഒക്കെ കളിച്ചുനടക്കുന്ന കാലമായിപ്പോയി, അല്ലേൽ കാണാമായിരുന്നു സാർ കാണിച്ച പോക്കണംകേടിന് എന്താണ് പ്രതിഫലമെന്ന്.

ഇത് നിർദോഷമായ ഒരു കാര്യത്തിന് പൊന്നമ്മസാറിന്റെ ശിക്ഷ കിട്ടിയ കദനകഥ.  ഒരു അന്താരാഷ്ട്ര കോടതീലും മാപ്പർഹിക്കാത്ത ഈ  അന്യായം മനസ്സിൽ പതിറ്റാണ്ടുകളായി മോക്ഷം കിട്ടാതെ കിടക്കുകയായിരുന്നു.

നാട്ടിലുള്ള രാഷ്ട്രീയക്കാർ എല്ലാം കീശനിറയ്ക്കാനും, സോപ്പ് ചീപ്പ് കണ്ണാടിയൊക്കെ വാങ്ങാനും  എന്താണ് മാർഗ്ഗം എന്ന് ആലോചിച്ച്, ആലോചിച്ച് പന്തീരടി വന്നപ്പോൾ ആർക്കോ ജ്ഞാനോദയം ഉണ്ടായി.  ഒരു മുട്ടൻ ജലപദ്ധതി.  നമ്മളൊക്കെ മൂത്രമൊഴിച്ച് കളയുന്ന പോലെ കല്ലടയാറ്റിൽ പാഴായിപ്പോകുന്ന വെള്ളം വഴിതിരിച്ച് വിട്ട് കർഷകരെ ഉദ്ദരിച്ച് കൃഷിയാൽ തിരുവതാംകൂർ സമ്പൽസമൃദ്ധം ആക്കണം.  KIP എന്ന് ഞങ്ങൾ പുള്ളേർക്ക് മനസിലാകാത്ത കല്ലട ഇറിഗേഷൻ പ്രോജക്ട്.  അപ്പോൾ പ്ലാനിങ് കമ്മീഷൻ  'ഇന്നാ പിടിച്ചോ' എന്ന് പറഞ്ഞ് അപ്പ്രൂവലും അങ്ങ് കൊടുത്തു.  മൂന്നാം പഞ്ചവത്സരപദ്ധതികാലത്ത് അതായത് ഞങ്ങൾ ജനിക്കുന്നതിന് മുമ്പ് തുടങ്ങിയ പദ്ധതി പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞിട്ടും പൂർത്തിയായില്ല എന്നത് വേറൊരു കാര്യം. തുറക്കുമ്പോൾ വായൂകോപം പോലെ കാറ്റുമാത്രം വരുന്ന എമണ്ടൻ പൈപ്പുകളും ഒക്കെയായി കരഞ്ഞുകൊണ്ടിരുന്ന ആ സാധനങ്ങൾ ഒക്കെ പിൽക്കാലത്ത് ഭിക്ഷക്കാർക്കും, ആക്രി പറക്കുകാർക്കും മോഷ്ടിച്ചുവിൽക്കാൻ പറ്റി എന്നുള്ള സുപ്രധാന കാര്യം ഇവിടെ തിരസ്കരിക്കുന്നില്ല.

ഈ കല്ലട ഇറിഗേഷൻ പ്രോജക്ടിലെ പണി ഏകദേശം കഴിഞ്ഞ ഒരു കനാലിന്റെ കീഴിൽ നിന്നും കണ്ടെടുത്ത നിധി ഞങ്ങൾ എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളുടെ മേൽ ചൂരൽ പ്രയോഗമായി വന്നു വീണതോടെ കർട്ടൻ പൊങ്ങി കഥ തുടങ്ങുകയായി.


മുറിഞ്ഞകൾ ആനക്കുളം സർക്കാർ എൽ.പി.സ്‌കൂൾ.  നാലാം ക്ലാസിൽ പഠിക്കുന്ന കാലം. സാക്ഷാൽ നിത്യ ചൈതന്യയതിയൊക്കെ  ജനിച്ചു കളിച്ചു നടന്ന സ്ഥലമാണ്. ആ മണ്ണിലാണ് പൊന്നമ്മസാറിന്റെ ഭാഷയിൽ പറഞ്ഞാൽ എന്നെപ്പോലുള്ള മണ്ണിനും പിണ്ണാക്കിനും കൊള്ളാത്ത വേട്ടാവളിയന്മാർ വന്നുപിറന്നത്.  


സ്‌കൂൾ കോമ്പൗണ്ടിലുള്ള   എസ്. എൻ.ഡി.പി  ഗുരുമന്ദിരത്തിലെ ഉത്സവം കഴിഞ്ഞ് വളമുറിയും കളിപ്പാട്ടത്തിന്റെ കവറുകളും പെറുക്കി, ഫിലിംപെട്ടിയുമായി ഒക്കെ ഞങ്ങൾ നടക്കുന്ന കാലം.  

പൊന്നമ്മസാറിന്റെ വാക്കും, നടപ്പും, അടിയും തമ്മിലുള്ള നീളത്തിനിടയിൽ വിദ്യാഭ്യാസത്തിന്റെ അതിഭീകര മേഖലകളിലൂടെ ആരോഹണം ചെയ്തുകൊണ്ടിരുന്ന ആ കാലഘട്ടത്തിൽ ഒരു  ഉച്ചസമയത്ത് ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരുവന് രാവിലെ കുടിച്ച പഴങ്കഞ്ഞിയുടെ കോപം വയറ്റിലുണ്ടായി. തന്മൂലം ആ ഹതഭാഗ്യന്  തൻറെ ഡ്രൈനേജ് സിസ്റ്റത്തിന്റെ അവസാനഭാഗത്ത് പുളിപ്പനുഭപ്പെടുകയും ബഞ്ചിൽ തിരിഞ്ഞും മറിഞ്ഞും ഇരുന്ന് കുറേനേരം ത്യാഗം അനുഷ്ടിക്കുകയും ചെയ്തു.  ഉച്ചയ്ക്കത്തെ കൊട്ടുവടി മണിമുഴങ്ങിയപ്പോൾ ഉപ്പുമാവിന് കൊണ്ടുവന്ന വട്ടയിലയും കളഞ്ഞ് ആ ഹതഭാഗ്യൻ നിക്കറും താങ്ങി കല്ലട ഇറിഗേഷൻ പ്രോജക്ടിന്റെ നമ്മുടെ മേൽ പ്രസ്താപിച്ച കനാലിന് കീഴെപ്പോയി അഭയസ്ഥാനം കണ്ടെത്തി.  ത്രേതായുഗത്തിൽ ശ്രീരാമൻ വന്ന് ചവിട്ടി ശാപമോക്ഷം നേടാൻ കാത്തിരുന്ന അഹല്യയെപ്പോലെ കല്ലടയാറ്റിലെ ഒരുതുള്ളി വെള്ളം കാണാൻ കണ്ണുകൾ കൊതിച്ചിരുന്ന കനാലിന്റെ കോൺക്രീറ്റ് പാലത്തിനു കീഴെ ആനന്ദനിർവൃതി പൂണ്ട് അവൻ ഇരിക്കവെയാണ്  ആ നിധി അവന്റെ കണ്ണിൽ തടഞ്ഞത്.

ഇതുവരെ കാണാത്ത, കേൾക്കാത്ത ഒരു സാധനം!  


തൻറെ ഉദ്യമപൂർത്തീകരണം കഴിഞ്ഞപ്പോൾ കണ്ണിൽ തടഞ്ഞ ആ നിധി അവൻ കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കി.   വെണ്ടയ്ക്ക അക്ഷരത്തിൽ എന്തൊക്കെയോ ഇഗ്ളീഷിൽ എഴുതിയിരിക്കുന്നു.  ആംഗലേയം പഠിക്കാൻ തുടങ്ങിയിട്ടേയുള്ളൂ.  വായിച്ചുനോക്കാൻ ഒരു വിഫല ശ്രമം നടത്തി.  ഒരുപക്ഷേ ഗ്യാങ്ങിലുള്ള ബാക്കിയുള്ളവരെ കാണിച്ചാൽ ഉത്തരം കിട്ടിയേക്കാം. അങ്ങനെ ചിന്താവിഷ്ടനായി അവൻ ഞങ്ങളുടെ അടുത്തേക്ക് വന്നു.

ഒരിക്കലും ആരും ഈ സാധനം കണ്ടിട്ടില്ല.  വായിക്കാനൊട്ട് പറ്റുന്നുമില്ല. മനോഹരമായ ഒരു കവർ. അതിനുള്ളിൽ അതിഭദ്രമായി സൂക്ഷിച്ചുവച്ചിരിക്കുന്ന എന്തോ സാധനം. മരത്തിന്റെ ചുവട്ടിലും, കനാലിന്റെ തിട്ടയിലും ഒക്കെ തിരിഞ്ഞും മറിഞ്ഞും ഇരുന്ന് ഞങ്ങൾ ആലോചിച്ചു.  ഐൻസ്റ്റീൻ ഒക്കെ ഉച്ചികെട്ടിന് ആപ്പിൾ വീണപ്പോൾ വെളിവ് വീണ് എന്തൊക്കെയോ കുന്ത്രാണ്ടം കണ്ടുപിടിച്ചു. കാന്താരിയുടച്ച് പഴങ്കഞ്ഞി കുടിക്കുന്ന ഞങ്ങൾക്ക് ആപ്പിൾ തിന്നേച്ചിരിക്കുന്നവന്റെ ബുദ്ധി കിട്ടുമോ?

പേർത്തും, പേർത്തും ആലോചിച്ച്  ഉത്തരം കിട്ടാതായപ്പോൾ ഒരാൾ പറഞ്ഞു. 'നമുക്ക് ഈ അകത്തെ ഒരു കവർ  പൊട്ടിച്ച് നോക്കാം'.  അവസാനം പൊട്ടാൻ പോകുന്ന ബോംബ് ഒരു വിദഗ്ദ്ധൻ നിർവീര്യമാക്കാൻ ശ്രമിക്കുന്ന മാതിരി ഞങ്ങൾ ആ ഉദ്യമത്തിന് തുനിഞ്ഞു!

മനോഹരമായ കവറിൽ 'ബി' നിലവറയിൽ പൂട്ടിവച്ചിരിക്കുന്ന പോലെയുള്ള  ഇത് പൊട്ടിച്ചാൽ എന്തെങ്കിലും പ്രശനം?  ശൂലം പിടിച്ച ഗീവറുഗീസ് പുണ്യവാളാ... ആപത്തൊന്നും വരുത്തരുതേ എന്ന് നെഞ്ചിൽത്തട്ടി പ്രാർത്ഥിച്ച് ഞങ്ങൾ അവസാനം ഒരു കവർ  അങ്ങ് തുറന്നു.

ഒരുമാതിരി മുഴുത്ത സവാളയും, കാബേജുമൊക്കെ നമ്മൾ പൊളിച്ച് പൊളിച്ച് വന്നാൽ എന്തുകിട്ടും?  അതേപോലെ ഒരവസ്ഥയായിപ്പോയി ഞങ്ങളുടേത്. എന്നാൽ അങ്ങനെ അങ്ങ് തള്ളിക്കളയാനും വരട്ടെ.  മാമ്പഴത്തിനകത്തുനിന്ന് മൂത്ത മാങ്ങാണ്ടി കിട്ടുംപോലെ അകത്തെ കവറിൽനിന്നും ഒരു പരിപ്പ് കിട്ടി.

അത് കണ്ട് ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി. ഇതെന്തു കുന്തം?  ഒരുമാതിരി അയയിൽ ഉണക്കാനിട്ട വല്യപ്പന്റെ കോണാൻ പോലെ!?

പിനീടങ്ങോട്ട് ചർച്ചയായിരുന്നു. പോളിറ്റ് ബ്യൂറോ, വട്ടമേശ സമ്മേളനം എന്നുവേണ്ട, ഒൻപതു വയസ്സുവരെ ഞങ്ങൾ കണ്ടതും, കേട്ടതുമായ എല്ലാ അറിവും പങ്കുവച്ചു.  എന്നാൽ ഒരുത്തനുപോലും ഈ നിധി എന്താണെന്ന് കണ്ടുപിടിക്കാനുള്ള മൂള ഉണ്ടായിരുന്നില്ല, മാത്രവുമല്ല കൂടുതൽ കൂടുതൽ സംശയങ്ങൾ പൊന്തിവരികയും കാര്യം വലിയൊരു സമസ്യയാവുകയും ചെയ്തു.  

ആരാണ് കനാലിന്റെ കീഴിൽ ഇതുകൊണ്ടിട്ടത്?  ഇനി ഇത് വല്ല കൂടോത്രവുമാണോ?  എടുക്കുന്നവൻ വായുഭഗവാന്റെ കോപവും, വയറ്റിളക്കവും പിടിച്ച് ചാകുന്ന വല്ല സൂത്രപ്പണിയും?  ആ സംശയം കമ്മറ്റി മുളയിലേ നുള്ളി.  കാരണം ഇത്ര മനോഹരമായി പായ്ക്ക് ചെയ്ത് കൂടോത്രം ഉണ്ടാക്കാൻ ആംപിയർ ഉള്ള ഒരുത്തനും നമ്മുടെ നാട്ടിൽ ഉണ്ടായിട്ടില്ല.  വല്ല കോഴിമുട്ടയിലോ ചെമ്പുതകിടിലോ മറ്റോ മന്ത്രം കേറ്റി എവിടേലും കുഴിച്ചിടാനല്ലേ  നാടൻ കൂടോത്രക്കാർക്കൊക്കെ പറ്റൂ.  അപ്പോൾ വേറൊരുത്തൻ പറഞ്ഞു 'ഒറപ്പ് പറയാൻ ഒക്കുകേല, ഒരുപക്ഷേ ഇതെടുത്തോണ്ടു പോകുന്നവനെ രാത്രി വല്ല മാടനും വന്നടിക്കുമോന്നാ എൻറെ പേടി'. നിധി കിട്ടിയവനും, കയ്യിൽ പിടിച്ചവനും അതുകേട്ട് ഒന്നുപോലെ ഞെട്ടി.

ദൈവമേ! എന്തൊരു പരീക്ഷണമാണിത്?  നാലാംക്ലാസ്സിൽ പൊന്നമ്മസാറും കൂട്ടരും പഠിപ്പിക്കുന്ന കഠിന പാഠങ്ങൾ മനസ്സിലാക്കാൻ പാടുപെടുന്ന ഞങ്ങൾക്കാണീ വലിയ ഏടാകൂടം വന്നുഭവിച്ചിരിക്കുന്നത്.  ഉത്തരം കിട്ടാതെ പല മീറ്റിംഗുകൾ കൂടി, പിരിഞ്ഞു.  വീട്ടിൽ കൊണ്ടുപോയാൽ മാടൻ അടി പേടിച്ച് ആരും ഈ നിധി വീട്ടിൽ കൊണ്ടുപോകാൻ ധൈര്യപ്പെട്ടില്ല.  സ്‌കൂളിനടുത്തുള്ള മരപ്പൊത്തിൽ സാധനം ഭദ്രമായി ഒളിപ്പിച്ചുവച്ച് വൈകിട്ട് വീട്ടിൽ പോകും.  മരത്തിൽ വന്നിരിക്കുന്ന കിളികൾക്ക് മാടൻ അടിയേറ്റാൽ നമുക്കെന്ത് ചേതം? അറം പറ്റാതിരിക്കാൻ എഴുത്തച്ഛൻ വരെ കിളിയെകൊണ്ട് പാടിച്ച് അടികിട്ടുവന്നേൽ അതിൻറെ അണ്ണാക്കിലോട്ടായിക്കോട്ടേ എന്ന് കരുതിയതാ, പിന്നെയാ ഞങ്ങൾ ഈനാംപേച്ചി പിള്ളേർ!

രണ്ടുമൂന്ന് ദിവസം കഴിഞ്ഞുപോയി.  ഇടയ്ക്കിടെ ഞങ്ങൾ വല്യപ്പന്റെ കോണാൻ എടുത്തുനോക്കും. തിരികെ വയ്ക്കും.  അവസാനം ഈ നിധി കണ്ടെത്തിയവൻ തന്നെ അഭിപ്രായം പറഞ്ഞു 'നമുക്ക് ഇതിലുള്ള ബാക്കി കവറുകളും തുറന്നുനോക്കാം.  ചിലപ്പോൾ വേറെ വല്ലതും കൂടി കിട്ടിയാലോ?'  അങ്ങനെ ഒരുച്ചസമയത്ത് ബാക്കിയുള്ള കവറുകളും ഞങ്ങൾ പൊളിച്ചുനോക്കി.  ഒരേപോലെയുള്ള അഞ്ചാറ് കോണോവാലുകൾ!  അവസാനം ഞങ്ങളിൽ ഒരു ശാസ്ത്രജ്ഞൻ അതിലൊന്ന് എടുത്ത് ഊതി നോക്കി.

അയ്യടാ മനമേ!!

ഞങ്ങൾ അതുഭുതപെട്ടുപോയി.  പിടിച്ചതിനേക്കാൾ വലുത് ഒറ്റാലിൽ എന്നപോലെയായല്ലോ.  പാഞ്ചജന്യം മുഴക്കുന്നപോലെ നൂന്ന് നിവർന്ന് നിന്ന് അതിനകത്തേക്ക് കിട്ടാവുന്ന കാറ്റെല്ലാം ഊതികേറ്റി.  അപ്പോൾ ദാണ്ടടാ നല്ല ഒന്നാന്തരം മത്തങ്ങാ ബലൂൺ!   ഒന്നല്ല അഞ്ചാറെണ്ണം.  ഈയൊരു നിസ്സാര കാര്യത്തിനാണോ ഇത്രയും തലപുകച്ചത് എന്ന് ആലോചിച്ച് എന്നാലിതൊന്ന് ആഘോഷിച്ചിട്ട് തന്നെ കാര്യം എന്ന മട്ടിൽ വീർപ്പിച്ച ബലൂണുകൾ സ്‌കൂൾ മുറ്റത്ത്  ഞങ്ങൾ തട്ടിക്കളിച്ചു.

അപ്പോൾ ഒരാൾ പറഞ്ഞു "അമ്പലത്തിലെ ഉത്സവം കഴിഞ്ഞതല്ലേ ഉള്ളൂ.  ആരേലും ബലൂണും വാങ്ങിക്കൊണ്ട് പോയപ്പോൾ കളഞ്ഞുപോയതാകും"

"കനാലിന്റെ കീഴിലാണോ ബലൂൺ കൊണ്ട് കളയുന്നെ? " അത് കണ്ടെത്തിയവന്റെ മറുചോദ്യം.

"എടാ പൊട്ടാ,  നീ എന്തിനാ കനാലിന്റെ കീഴേൽ പോയേ?  അയ്യാൾ ഉത്സവവും കഴിഞ്ഞ് പിള്ളാർക്ക് ബലൂണും മേടിച്ചോണ്ടുപോയപ്പോൾ വയറുവേദന വല്ലോം തോന്നിക്കാണും"

വാദഗതി എന്തായിരുന്നാലും, ഞങ്ങളുടെ അടുത്തേക്ക് പിള്ളേർ ഓടിക്കൂടി. എല്ലാവർക്കും രസം. ചെറിയ ഒരു ഉത്സവം മുറ്റത്ത് അരങ്ങേറി.  അങ്ങനെ ഈ കോലാഹലത്തിനിടയിലാണ്  അപ്രതീക്ഷിതമായി പൊന്നമ്മസാർ അതുവഴി വന്നത്.

അവരുടെ കൈയിൽ മുട്ടനൊരു ചൂരലുണ്ട്.  വിദ്യാർഥികളിലെ അക്രമകാരികളെ സർജിക്കൽ സ്‌ട്രൈക് നടത്താനും പഠിക്കാതെയോ ഹോംവർക്ക് ചെയ്യാതെയോ വന്നാൽ ചന്തിക്കിട്ട് നല്ല പൂശ് പൂശാനുമുള്ള ആയുധമായ ചൂരൽ ചുഴറ്റി അവർ വരുന്നത് കണ്ടപ്പോൾ തന്നെ ഈച്ചക്കൂട്ടിൽ കല്ലെടുത്തെറിഞ്ഞമാതിരി പുള്ളാരെല്ലാം ഓടിപ്പോയി ഞങ്ങൾ ബലൂൺ മുതലാളിമാർ മാത്രം ബാക്കിയായി.

പൊന്നമ്മസാർ എൻറെ അടുത്തേക്ക് വന്നു. എന്നിട്ട് മുട്ടൻ ഒരു ചോദ്യം.

"എന്തുവാടാ ഇതൊക്കെ??!"

"സാറേ, ബലൂണാ... ഉത്സവം കഴിഞ്ഞപ്പോൾ കിട്ടിയതാ.."

അവർ ഞങ്ങളെ ആറുപേരെയും ആപാദചൂഡം നോക്കി.  അപ്പോളേക്കും എല്ലാവരുടെ കയ്യിലും ബലൂണുകൾ പഴയപോലെ  വല്യപ്പന്റെ കോണോവാൽ രൂപത്തിൽ തിരിച്ചെത്തിയിരുന്നു.  പൊന്നമ്മസാർ ഞങ്ങളുടെ കയ്യിൽനിന്നും കവർ ഉൾപ്പെടെ തൊണ്ടിസാധനം എല്ലാം പരിശോധിച്ചു. എന്നിട്ട് പറഞ്ഞു.

"എല്ലാവന്മാരും സ്റ്റാഫ് റൂമിലേക്ക് വാ..."  അതും പറഞ്ഞ് തൊണ്ടിമുതലുമായി അവർ തിരികെ നടന്നു.

ബലൂണിന്റെ മാത്രമല്ല ഞങ്ങളുടെ കാറ്റും അതുകേട്ടപ്പോൾ പോയി!  ദൈവമേ, സ്റ്റാഫ്‌റൂമിലെ ഉരുട്ടികൊലപാതകം...??  നിക്കർ ഊരിവരെ പിള്ളേരെ പൊന്നമ്മസാർ സ്റ്റാഫ്‌റൂമിൽ ശിക്ഷിച്ചിട്ടുണ്ട് എന്നാ കേട്ടിട്ടുള്ളത്. അതും മറ്റുസാറന്മാരുടെ ഒക്കെ മുന്നിൽ വച്ച്.  ഞങ്ങൾ പരസ്പരം തലയിൽ കൈയും വച്ചുനിന്നു. പഴങ്കഞ്ഞിയുടെ കോപം കനാലിൻകീഴിൽ കൊണ്ട് കളഞ്ഞവനെ എല്ലാവരും പള്ളുപറഞ്ഞു.  താൻ എടുത്തുകൊണ്ടുവന്ന നിധി കണ്ട പരട്ടപിള്ളാരുടെ മുന്നിലിട്ട് വീർപ്പിച്ചത് എന്തിനാണെന്ന് അവനും  തിരിച്ച് ചോദിച്ചു.  അങ്ങനെ പരസ്പരം മുറുമുറുത്തുകൊണ്ടാണ് സ്റ്റാഫ്‌റൂമിലേക്ക് ഞങ്ങൾ ആട് വെള്ളം കണ്ടപോലെ നടന്നത്.

സ്റ്റാഫ് റൂം.  പൊന്നമ്മസാറിന്റെ സുപ്രീംകോടതി.

"സാറെ സത്യമായിട്ടും ഞാൻ മോട്ടിച്ചതൊന്നുമല്ല.  കനാലിന്റെ കീഴിൽ പോയിരുന്നപ്പോൾ കിട്ടിയതാ... എന്തവാന്നറിയാൻ പൊട്ടിച്ചപ്പോൾ ഇവന്മാരാ പറഞ്ഞെ നമുക്ക് വീർപ്പിക്കാമെന്ന്"  പകുതി യൂദാസും പകുതി ക്രിസ്തുവുമായി നിധി കണ്ടെത്തിവൻ പൊന്നമ്മസാറിന്റെ മുന്നിൽ കൈകൂപ്പി.

"കനാലിന് കീഴിൽ നീയെന്തിനു പോയതാടാ? അവിടെ ആരേലും ക്ളാസെടുക്കുന്നുണ്ടോ?"

"സാറേ അവൻ വെളിക്കിരിക്കാൻ പോയതാ"  ഞാൻ പറഞ്ഞു.  അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ, ഇവനൊരു മ്ലേച്ചമുഖവും ഉണ്ടെന്ന് സാറന്മാർ അറിയട്ടെ.

അതുകേട്ട് സ്റ്റാഫ്‌റൂമിൽ ഇരുന്ന സാറന്മാർ എല്ലാം ചിരിച്ചു.  പ്രകൃതിയുടെ ഒരാവശ്യം താൻ ചെയ്തതിൽ ഇത്ര ഇളിക്കാനെന്താ എന്ന മട്ടിൽ നമ്മുടെ നിധി കണ്ടെത്തിവൻ എല്ലാവരെയും നോക്കി.

അവസാനം വിധി വന്നു.  എല്ലാവരും ഭിത്തിക്ക് തിരിഞ്ഞ് നിൽക്കുക. പൊന്നമ്മ സാർ തോന്നിയപോലെ രണ്ടും മൂന്നും നാലും അടിവീതം എല്ലാവരുടെയും ചന്തക്കിട്ട് പെടച്ചു.  ശിക്ഷയും വാങ്ങി പോകാന്നേരം എല്ലാവരോടുമായി പറഞ്ഞൂ.

"മേലാൽ കനാലിന്റെ കീഴേ ഏതവനെങ്കിലും തൂറാൻപോയാൽ ചന്തിയടിച്ച് ഞാൻ പൊട്ടിക്കും പറഞ്ഞേക്കാം"

"പോത്തില്ല സാറെ..." ഞങ്ങൾ ഏറ്റുപറഞ്ഞു.  ചന്തി തല്ലിപ്പൊട്ടിച്ചാൽ പിന്നെ ബഞ്ചേലെങ്ങനെ ഇരിക്കും എന്ന് ഞാനപ്പോൾ ആലോചിച്ചു.

അങ്ങനെ നല്ല സൂപ്പർ അടിയും വാങ്ങി അടികൊണ്ടടവും തിരുമ്മി ഞങ്ങൾ നടന്നുപോയിടത്ത് കഥ തീരുന്നില്ല.

കുറെ നാളുകൾക്കു ശേഷം അഞ്ചാം ക്ലാസ്സിലേക്ക് പ്രൊമോഷൻ കിട്ടിയ കാലത്ത്  ഒരു ക്രിസ്‌മസ്‌ സീസണിൽ ജീരകമുട്ടായി വാങ്ങാനായി സ്‌കൂളിനടുത്തുള്ള കുട്ടൻപിള്ളയുടെ കടയിൽ ചെന്നപ്പോൾ അലമാരയിൽ ഇരുന്ന ഒരു സാധനം എന്നെ നോക്കി കണ്ണു തള്ളിച്ചു.  പണ്ടെങ്ങോ കടലിനടിയിൽ മുങ്ങിപ്പോയ ടൈറ്റാനിക് കണ്ടെടുത്ത വികാരം എന്നിലുണ്ടായി.  അതാ, അന്ന് പൊന്നമ്മസാറിന്റെ അടി വാങ്ങിത്തന്ന സാധനം!! അത് ശരി, നമ്മൾ പിള്ളേർ കൊണ്ടുനടന്നാൽ മുട്ടനടി. കുട്ടൻപിള്ളക്കൊക്കെ എന്തുമാകാല്ലോ.!  ഇതെന്തൊരു നീതി?

ഞാൻ ജീരകമുട്ടായി വായിലിട്ട് നുണഞ്ഞുകൊണ്ട് അലമാരയിൽ നിന്നും ആ സാധനം എടുത്തു. തിരിച്ചും മറിച്ചും ഒന്ന് നോക്കിയിട്ട്  കുട്ടൻപിള്ളയോട് ചോദിച്ചു.

"ചേട്ടാ.. ഈ ബലൂണിനെത്ര പൈസയാ?"

കുട്ടൻ പിള്ള എന്നെ മൊത്തത്തിൽ ഒന്ന് നോക്കി. എന്താണയാൾ നോക്കിയതെന്ന് എനിക്ക് മനസിലായില്ല.   അടുത്ത ചോദ്യം ചോദിക്കുംമുമ്പ് അയാളുടെ വലതുകൈ എൻറെ ഇടതുചെവിയിൽ ഒരു പിടിത്തം. നല്ല ഒന്നാതരം പാണ്ടിനാരാങ്ങാ പിഴിഞ്ഞ് ശീലിച്ച കുട്ടൻപിള്ളയുടെ കയ്യിൽ നിന്നും കിട്ടിയ ചെവിക്കുപിടി എൻറെ കണ്ണിൽ പൊന്നീച്ച പറപ്പിച്ചു. "ഫാ.. എരണം കെട്ടവനെ"  ഇതും പറഞ്ഞ് അയാൾ എന്നെ കടയിൽനിന്നും ഗെറ്റൗട്ട് അടിച്ചു.

കാരണം അറിയാതെയും, ഉത്തരം കിട്ടാതെയും നടന്ന ആ നടപ്പിൽ അക്ഷരം കൂട്ടിവായിക്കാൻ പഠിച്ച ഞാൻ ആ കവറിന്റെ പുറത്ത് കണ്ടത് ഇന്നും  കണ്മുന്നിൽ മുന്നിൽ തെളിഞ്ഞു നിൽക്കുന്നു.

'ഡീലക്സ് നിരോധ്....  നാം രണ്ട്‌, നമുക്ക് രണ്ട്‌'.  പിന്നെ ഒരു ചെറിയ ചുവന്ന ത്രികോണവും.

No comments:

Post a Comment