Monday, January 29, 2018

പാളിപ്പോയ മഹാന്മാർ

മഹാത്മാഗാന്ധിയുടെ പേര് പറഞ്ഞപ്പോൾ എനിക്ക്  അപ്പൻറെ കയ്യിൽനിന്നും നല്ല ചുട്ട അടി കിട്ടിയിട്ടുണ്ട്.  ഒരുപക്ഷേ മഹാന്മാരുടെ പേര് പറഞ്ഞ് ലോകത്ത് ആദ്യമായും,  ചിലപ്പോൾ അവസാനമായും അടികിട്ടിയിട്ടുള്ളതും എനിക്കായിരിക്കാം.
********************                   ******************

ആ യാത്രയിൽ എൻറെ മനസ്സുമുഴുവൻ പരാജയപ്പെട്ട പ്രശസ്തരുടെ ചിത്രങ്ങൾ മാത്രമായിരുന്നു.   പ്രസംഗപീഠത്തിൽ കൈവിറയിൽ കാരണം പേപ്പർ പറന്നുപോകുന്ന എം. കെ. ഗാന്ധി, പഠനകാലത്ത് മാർക്ക് ഷീറ്റിൽ തോറ്റ് തുന്നംപാടിയ ആൽബർട്ട് ഐൻസ്റ്റീൻ,  ഒൻപതിനായിരത്തോളം പ്രാവശ്യം ബൾബ് കണ്ടുപിടിക്കാൻ പരാജയപ്പെട്ട എഡിസൺ,   ഒരു നല്ല ഐഡിയ ഇല്ലന്ന് പറഞ്ഞ് പത്രക്കാർ ചവിട്ടിപുറത്താക്കിയ വാൾട്ട് ഡിസ്‌നി, റെക്കോർഡിങ്ങിന് പറ്റിയ ശബ്ദമല്ല എന്നുപറഞ്ഞ് റേഡിയോക്കാർ പറഞ്ഞുവിട്ട യേശുദാസ്....  ഒന്നല്ല, ഒട്ടനവധി പ്രമുഖർ.  അവരോടൊപ്പം ഇപ്പോൾ ഇതാ, ഹയർസെക്കണ്ടറി പരീക്ഷക്ക് തോറ്റ് തുന്നംപാടി വരുന്ന  ഈ ഞാനും.

ഇനി ഈ പ്രശസ്തരുടെ കഥകൾ ഒക്കെ അപ്പനെ എങ്ങിനെ വർണിച്ചുകേൾപ്പിക്കും എന്നതായിരുന്നു എൻറെ ചിന്തയും വലിയ കടമ്പയും.  അപ്പനാന്നേൽ ഒരു പാവം.  ആദ്യത്തെ ദേഷ്യമേയുളൂ.  പിന്നെയങ്ങ് ഒതുങ്ങിക്കോളും.  പക്ഷേ അമ്മയങ്ങനെയല്ല. ചൊറിയണത്തിന്റെ ഇല തേച്ചമാതിരി ചുമ്മാ ചൊറിഞ്ഞോണ്ടിരിക്കും.  അത് കേട്ട് സഹികെടുമ്പോൾ അപ്പൻ എണീക്കും.  അതൊരു എണീപ്പാണ്. എന്നാലിനി ഇവന്മാർക്കിട്ട് രണ്ട് പൊട്ടിച്ചേക്കാം എന്ന് കരുതി, കുരുതിക്കഴിക്കാൻ വരുന്ന കാട്ടുമൂപ്പനെപോലെ  ഒരു വരവ് വരും.  കട്ടിലിന്റെ അടുത്ത് വെട്ടിയുണക്കി വച്ചിരിക്കുന്ന കാപ്പികമ്പ് എടുത്തുകൊണ്ടാണ് ചേകോന്റെ ആ വരവ്. പിന്നെ കയ്യെന്നോ, കാലെന്നോ നോക്കാതെ അങ്ങ് വീശും.  പടപടാന്ന് ശബ്ദം മാത്രം നമ്മൾ കേൾക്കുകയൊള്ളൂ.  കൈകൊണ്ട് തടുക്കുമ്പോൾ മുതുകിന് കിട്ടും, മുതുക് കൊണ്ട് തടുക്കുമ്പോൾ കൈക്ക് കിട്ടും. ഒരു രക്ഷയും ഇല്ലാത്ത അടി-പൂഴിഘടകൻ എന്നൊക്കെ പറയില്ലേ, അതുപോലെ. ഈ താഡനം ഒക്കെയേറ്റ്  പാപഭാരവും, പശ്ചാത്താപവും തലയിലേന്തി ഓന്തുളുക്കിയ പോലെ ഇരിക്കുമ്പോളാകും അടികിട്ടിയ സ്ഥലം ഒക്കെ ഒരുപക്ഷേ തിരിച്ചറിയുന്നത്.

ഞങ്ങൾക്കിട്ട് രണ്ട് പൊട്ടീര് പൊട്ടിച്ചിട്ട് അപ്പൻ യുദ്ധം ജയിച്ചപോലെ ഒരു നിൽപ്പുണ്ട്.  ഏതാണ്ട് മുഹമ്മദാലി ഒളിമ്പിക്സിൽ മെഡൽ വാങ്ങി നിൽക്കുന്ന ലെവലിൽ എന്നുവേണേൽ പറയാം.

അങ്ങനെ കാപ്പികമ്പിന്റെ പ്രഹരത്തിൽ ദേഹത്ത്  തെളിഞ്ഞു വരുന്ന വയൽ വരമ്പ്  തടവിയിരിക്കുമ്പോൾ ചിലപ്പോൾ അമ്മയുടെ അടുത്ത ചൊറിയണം തേപ്പ് അടുക്കളയിൽനിന്നും ഉയരും.

"ചുമ്മാ പിള്ളേരെ കേറിയങ്ങ് അടിച്ചാൽ എല്ലാമായീന്നാ വിചാരം"

ദാണ്ടടാ കിടക്കുന്നു!  അപ്പോൾ അപ്പൻ പ്രതിയായി.  സത്യം സത്യമായി ഇതിനാണ് പീലാത്തോസിൻറെ കൈകഴുകൽ എന്നുപറയുന്നത്. അപ്പോൾ അപ്പൻ അടുക്കളയിലേക്ക് ചെവിയൊന്ന് ചായ്ച്ച് നോക്കും.  എന്നിട്ട് മനസ്സിൽ പറയുന്നുണ്ടാകും-യൂ ടൂ  ബ്രൂട്ടസ്!

ഇങ്ങനെ അമ്മയുടെ ചൊറിയണം ഇലയുടെ തേപ്പും, അപ്പൻറെ കാപ്പികമ്പിന്റെ അടിയും മുന്നിൽ കണ്ടുകൊണ്ടാണ് മഹാത്മാഗാന്ധിയേയും ടീമിനെയും  ഓർത്തോർത്ത്  ഈയുള്ളവൻ വീട്ടിലെത്തിയത്.

പെട്ടെന്ന് എഡിസന്റെ ലൈറ്റ്  തലയിൽ കത്തി.  എനിക്ക്  പരീക്ഷയ്ക്ക്  ആനമൊട്ട കിട്ടിയെങ്കിൽ തിമിംഗലത്തിന്റെ മൊട്ട കിട്ടിയ ഒരുത്തൻ അയൽപക്കത്തുണ്ട്.  അവറാൻ!  ഏതെങ്കിലും രീതിയിൽ പണിപാളിയാൽ അവറാനെ എടുത്തിട്ടൊരു കളികളിക്കണം. ഒരു സൈക്കോളജിക്കൽ അപ്രോച്ച്. ങ്‌ഹും... അണ്ണാൻ കുഞ്ഞിനെ മരംകേറ്റം പഠിപ്പിക്കണോ?

സന്ധ്യ.  സീൻ - അപ്പന്റെ മുന്നിൽ ഞാൻ  ഓച്ഛാനിച്ച്  നിൽക്കുന്നു. (പരീക്ഷ തോറ്റിട്ട് വന്ന് കളക്ടറുടെ നിൽപ്പ് നിൽക്കാനൊക്കില്ലല്ലോ, അതുകൊണ്ടാ).

പുറത്ത്  പശുത്തൊഴുത്തിൽ പശുവിന് തന്തക്കുവിളി കേൾക്കുന്നുണ്ട്.  പാൽ കറന്നെടുക്കുന്നതിന്റെ ദേഷ്യം പശുകാണിക്കുന്നതിനുള്ള അമ്മയുടെ മറുപടിയാണത്.   ഈ മൂപ്പീര് കാണുമ്പോൾ സ്വാഭാവികമായും തൊഴുത്തിനകത്തുള്ള മറ്റ് അന്തേവാസികളായ ആടും, പട്ടിയും ഒക്കെ അടങ്ങിയൊതുങ്ങി  താഴ്‌മയായി നിൽക്കും.   ഞാനിപ്പോൾ അപ്പൻറെ മുമ്പിൽ വന്നുനിൽക്കുന്നത് പോലെ.

ഹതഭാഗ്യരായ ഞാനും പശുവും, ആടും ഒക്കെ എന്തുചെയ്യാനൊക്കും?  'തന്തയുടേം, തള്ളയുടേം, സാറന്മാരുടേം അടി പോയി വാങ്ങിക്ക്' എന്ന ശാപവും കിട്ടിയില്ലേ ഞങ്ങൾ പിള്ളേരെല്ലാം ഈ ഭൂമിയിൽ വന്നവതരിച്ചിരിക്കുന്നത്?  അതുപോലെ തന്നെയാണ്  ഈ നാൽകാലികളും.  സീസർക്കുള്ളത് സീസറിനും, ദൈവത്തിനുള്ളത് ദൈവത്തിനും എന്നപോലെ എനിക്കുള്ളത് എനിക്കും പശുവിനുള്ളത് പശുവിനും വിധിച്ചിട്ടുള്ളതാകുന്നു.

"എന്താടാ?"

എൻറെ നിൽപ്പിൽ എന്തോ പന്തികേടുണ്ടെന്ന് അപ്പന് മനസ്സിലായതിന്റെ ചോദ്യമാണത്.

"ഓ... അപ്പാ പിന്നേ ... ൻറെ റിസൾട്ട് വന്നു.."

അപ്പൻ ചുണ്ടത്തിരിക്കുന്ന കതനാക്കുറ്റിപോലത്തെ തൊറുപ്പുബീഡി ഒന്നൂടെ ആഞ്ഞ് വലിച്ച് പുക വിട്ടുകൊണ്ട് എന്നെ ആപാദചൂഡം ഒന്ന് നോക്കി.

ഈ ബീഡി അപ്പൻ സ്‌പെഷ്യൽ മേക്കാണ്.   തമിഴ്‌നാട്ടിൽ നിന്നുവരുന്ന പാണ്ടിബീഡികളോ, കണ്ണൂരിൽ കമ്യൂണിസ്റ്റുകാർ 'വിപ്ലവം ജയിക്കട്ടെ,  ബൂർഷ്വാകൾ വലിച്ച് പണ്ടാരമടങ്ങാട്ടെ' എന്ന മന്ത്രമോതി ഉണ്ടാക്കിവിടുന്ന ദിനേശ് ബീഡിയോ അപ്പൻ വലിക്കില്ല.  ഒരു കോൺഗ്രസ്സുകാരന്റെ  കാശുകൊണ്ട് കമ്യൂണിസ്റ്റുകാരൻ  അങ്ങനെ ആളാവണ്ട എന്നൊരു പോളിസി. യേത്?  അങ്ങനെ മൂവന്തിക്ക് സെൽഫ് മേഡ് ബീഡി വലിച്ച് പുകയൂതി ഉഷാറായി നിൽക്കുമ്പോളാണ് ഞാൻ ചെല്ലുന്നതും, ഓഞ്ഞ റിസൾട്ടിന്റെ കാര്യം പറയുന്നതും.

"എന്നിട്ട് നീ ജയിച്ചോടാ ?"  പുകയുടെ ഇടയിലൂടെ ന്യായമായ ഒരു  ചോദ്യം പുറത്തുവന്നു.

"അപ്പാ .. ഒള്ളത് പറയാലോ? ക്ലാസിലെ മിക്കവാറും എല്ലാപിള്ളേരും തോറ്റു"

"അതെന്താടാ തോറ്റത്? ആപ്പോ നീയും തോറ്റോ?"

അപ്പൻ അതെന്തൊരു മറ്റേടത്തെ ചോദ്യമാ ചോദിച്ചെ?  ഞാൻ എപ്പോളും ഭൂരിപക്ഷത്തിന്റെ കൂടെയാണെന്നുള്ള സത്യം അപ്പൻ മറന്നുപോയോ?  എൻറെ ആത്മഗതം.

"ഞാൻ മാത്രമല്ല, അവറാനും തോറ്റു ...കിഴക്കേലെ" ഞാൻ വിഷയം ഡൈവേർട്ട് ചെയ്യാൻ കൂലങ്കഷമായ ഒരു ശ്രമം നടത്തുകയാണ്.

"ആരാ..? പാപ്പീടെ മോനോ ?"

"ഉം.."

"ഓ അവൻ അല്ലേലും മൊണ്ണയല്ലിയോ? അവനൊക്കെ പഠിക്കാൻ വല്ലോം അന്നോ സ്‌കൂളിൽ പോന്നെ?  ചുമ്മാ വീട്ടിലെ ശല്യം തീർക്കാൻ തന്തേം തള്ളേം തള്ളി വിടുന്നതല്ലിയോ"

ആ പറഞ്ഞതിൻറെ വ്യംഗ്യാർത്ഥം പാപ്പീടെ ചെറുക്കനെപ്പോലെയല്ല ഞാൻ എന്നല്ലേ?

"അപ്പാ സത്യം പറയാലോ... മൊത്തം ഔട്ട് ഓഫ് സിലബ്ബസ് ആയിരുന്നു?

"അതെന്നാ കുന്തമാടാ..?"  സ്‌കൂളിൽ പുതുതായി ജോയിൻചെയ്ത ഏതോ സാറാകും അതെന്ന് അപ്പന് തോന്നിയോ?  ഞാൻ പുകയ്ക്കിടയിലൂടെ ആ മുഖത്തേക്ക്  തുറിച്ചുനോക്കി.  അപ്പന് കാര്യം പിടികിട്ടിയില്ല.

ഇതുതന്നെ തക്കം. നമ്മുടെ മഹാന്മാരായ ആൾകാരെപ്പറ്റി എടുത്തിടുക. ഒപ്പം പിള്ളേരെ പഠിപ്പിക്കാൻ അറിയാൻമേലാത്ത സാറന്മാരെപ്പറ്റിയും, സർക്കാരിൻറെ പരീക്ഷാനടത്തിപ്പിൻറെ പോരായ്മകളെപ്പറ്റിയും, കഷ്ടപ്പെട്ട് പഠിച്ചെഴുതുന്ന ചോദ്യപേപ്പർ മാനംമര്യാദയ്ക്ക്  നോക്കാൻ സാറന്മാർക്കറിയാത്തതിന്റെ കുഴപ്പവും, പുസ്തകത്തിൽ ഇല്ലാത്ത ചോദ്യവും ഉത്തരവും പരീക്ഷയ്ക്ക് വരുന്നതും  എല്ലാമെല്ലാം വർണ്ണിക്കാൻ പറ്റിയ സമയം.

എന്നാൽ അപ്പോഴേക്കും തൊഴുത്തിലെ വാക്പയറ്റ് കഴിഞ്ഞ് അമ്മ അകത്തേക്ക് കയറിവന്ന് എൻറെ പ്ലാൻ പൊളിച്ചു.  തൻറെ ഗോധയായ അടുക്കളയിലേക്ക് അമ്മ നടന്നപ്പോൾ അപ്പൻ മുരണ്ടു.

"ടീ ..??"

'ങ്‌ഹും .. എന്താ?" അമ്മ തിരിഞ്ഞുനിന്നു. പിന്നെ നടന്നത് കെ.പി.എ.സി യുടെ നാടകം പോലെ ചില സീനുകളാണ്.

'ദാണ്ടേ ഇവിടൊരുത്തൻ പരൂഷക്ക് തോറ്റിട്ട് വന്നേക്കുന്നു.."

അമ്മ ആ നിന്ന നിൽപ്പിൽ എന്നോയൊന്ന് സൂക്ഷിച്ച് നോക്കി. എന്നിട്ട് ഒരു ചോദ്യം.

"ഒള്ളതാന്നോടാ?"

"ഉം" ഞാൻ മൂളി. "ഞാൻ മാത്രമല്ല, ക്ലാസിലെ മിക്കവാറും എല്ലാവരും തോറ്റമ്മേ... അവറാനും തോറ്റു " ഒരു പരാജിതൻറെ സമ്മതപ്രകടനവും, ന്യായീകരണവും ആയിരുന്നു അത്.

"ഇനിയെന്നാടാ അടുത്ത പരൂഷ? തോറ്റത് ജയിക്കാൻ?"  ദൈവമേ! അമ്മയ്ക്ക് സൽബുദ്ധിതോന്നി. അടുത്ത സപ്ലി അടിച്ചോളാനാ അമ്മ പറഞ്ഞുവരുന്നത്.

"സെപ്റ്റംബറിലാ അമ്മേ ..." പിടിവള്ളി കിട്ടിയമാതിരി ഞാൻ മൊഴിഞ്ഞു.  സെപ്റ്റംബറിൽ ഞാൻ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കും എന്നൊരു ധ്വനി അതിൽ നൽകാനും  ശ്രമിച്ചു.

'ങാ... അന്നേരം തോറ്റ് തൊപ്പിയിട്ടേച്ച് വന്നുനിന്നേക്കരുത് പറഞ്ഞേക്കാം"  ഇതും പറഞ്ഞ് അമ്മ സിംപിളായി അടുക്കളയിലേക്ക് നടന്നു.

അമ്മ എന്നോട് കാണിച്ച മൃദുസമീപനം ഒരു ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയായിരുന്നു എന്ന് എനിക്ക് മാത്രം അറിയാവുന്ന സത്യമാണല്ലോ.

റിസൾട്ട്  അറിഞ്ഞ് വന്നപാടെ ഞാൻ വീടിനുമുന്നിലുള്ള വയലിലേക്ക് ഓടുകയായിരുന്നു.  എൻറെ തോൽവികളിൽ നിന്നും രക്ഷനേടാൻ ഇതിനുമുമ്പും ഞാൻ പലവട്ടം പയറ്റിത്തെളിഞ്ഞ ഒരു ഐഡിയ ആണിത്.  മുക്രയിട്ട കാളക്കൂറ്റനെപ്പോലെ മണിക്കൂറിനുള്ളിൽ വലിയ ഒരുകെട്ട് പുല്ല് പശുവിന് തീറ്റയായി പറിച്ചെടുത്തു. അത് ചുമ്മിക്കെട്ടി വീട്ടിലെത്തിച്ച്, മ്യൂസിയത്തിലെ വിലയേറിയ കാഴ്ചവസ്തുപോലെ ഒന്ന് പൊലിപ്പിച്ച്  വച്ചിട്ട് ഒരു കാക്കക്കുളിയും പാസാക്കിയിട്ടാണ്  അപ്പന്റെമുന്നിൽ വന്ന് പരീക്ഷാകാര്യം എടുത്തിട്ടത്.

ആ  ഉദ്ദിഷ്ടകാര്യത്തിനുള്ള  ഉപകാരസ്മരണയാണ് ഇപ്പോൾ  അമ്മയിൽനിന്നുണ്ടായ മൃദുസമീപനം.

എൻറെ തലയൊന്ന് ഉയർന്നു.  'അമ്മയാണഖിലസാരമൂഴിയിൽ' എന്നമട്ടിൽ ഒരു നിൽപ്.  എന്നാലിനി പറയാൻ ഉദ്ദേശിച്ച മഹാന്മാരുടെ കഥ കൂടിയങ്ങ് ഉരചെയ്തുകളയാം.  അമ്മയുടെ അപ്രതീക്ഷിത പെരുമാറ്റം കണ്ടിട്ട്  കൺഫൂഷ്യൻ ആയ അപ്പനോടാണ് ഞാൻ ആ ലാ പോയിന്റ് എടുത്തിട്ടത്.

"അപ്പാ, അപ്പനറിയാമോ.. മഹാത്മാഗാന്ധി നമ്മളെക്കാൾ ഒക്കെ വലിയ സ്ഥലത്ത് പരാജയപ്പെട്ടിട്ടുണ്ട്.  ആൽബർട്ട് ഐൻസ്റ്റീനെ അറിയാമോ... അയാൾ എല്ലാപരൂഷക്കും തോറ്റ് നടക്കുവല്ലാരുന്നോ?"

ആദ്യം പറഞ്ഞ മഹാനെ അപ്പനറിയാം. രണ്ടാമത്തെ ആളെ ഒരുപിടിത്തവും കിട്ടുന്നില്ല.  ഏതോ വെള്ളക്കാരന്റെ പേരുപറഞ്ഞ്  പേടിപ്പിക്കാൻ നോക്കുവാണോ എന്ന് കാർന്നോർക്ക് തോന്നിയോ?  അങ്ങനെ ഞാൻ ആലോചിച്ച് നിൽകുമ്പോൾ എവിടുന്നാണെന്നറിയില്ല എൻറെ തലയ്ക്കിട്ടൊരടി കിട്ടി...  ഒരുനിമിഷം ഞാൻ  നക്ഷത്രമെണ്ണിപ്പോയി!!

നോക്കുമ്പോൾ അതാ, മൂർഖൻപാമ്പ് പത്തിവിടർത്തിനിൽകുന്നപോലെ അപ്പൻ ചീറ്റികൊണ്ട് നിൽക്കുന്ന ഭീകര സീൻ!!

"പൊക്കോണം എൻറെ മുന്നീന്ന്... പരൂഷക്ക് തോറ്റുമ്മച്ച് വന്നുനിന്ന് വാചകമടിക്കുന്നോ? അതും എന്നോട്...  കാന്തി എത്ര പരൂഷയാടാ തോറ്റത്? ങ്ഹേ ?  പിന്നെ നീ എന്തുവാ വായീകൊള്ളാത്ത പേരൊക്കെപ്പറഞ്ഞ് ആളെ പേടിപ്പിക്കുന്നോ ??.. ഔട്ട് ഓഫ് സിലവസ്സ് ... ഇൻസ്റ്റീൻ !"

ഇതും പറഞ്ഞ് അപ്പൻ രണ്ടാമത്തെ പൂശുകൂടി എനിക്കിട്ട് പൂശി!!  അതും വെട്ടിയുണക്കിവച്ചിരുന്ന കാപ്പികമ്പ് കൊണ്ട്!

"പൊക്കോണം.. അവറാന്റെ ചെറുക്കൻ തോറ്റുപോലും! തോറ്റുവന്നേച്ച് വല്യ കൊണാധികാരം പറയുന്നോ?  ഒരു കാന്തി വന്നേക്കുന്നു, കാന്തി..ഫൂ !"

ഞാൻ അടിയുംകൊണ്ട് അടുത്തമുറിയിലേക്കോടി. ഇവിടെ നിന്നാൽ ആദ്യത്തേതിന്റെ ബൈ-പ്രൊഡക്ടുകളായി ഇനിയും പൂശുകിട്ടും.  എന്നാൽ  ആ ഓട്ടത്തിൽ അടുക്കളയിലേക്ക് ഒന്ന് നോക്കാൻ ഞാൻ ശ്രമിച്ചു.   എൻറെ കൈക്കൂലി വാങ്ങി, എന്നെ രക്ഷിക്കാൻ വരാത്ത അമ്മയെന്ന ഇരട്ടത്താപ്പുകാരിയുടെ തിരുമോന്ത  ഒന്ന് കാണാൻ വേണ്ടിയായിരുന്നു ആ നോട്ടം.  എവിടെ?  അമ്മയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ !

സത്യം പറയാമല്ലോ, ഓടിപ്പോയി മുറിയിൽ ഞാൻ ചെന്നിരുന്നത് വിട്ട റോക്കറ്റ് തിരികെ വീണത് കണ്ടുനിൽക്കുന്ന  ശാസ്ത്രജ്ഞനെപ്പോലെയായിരുന്നു.

സത്യം സത്യമായി, ഒരു മഹാന്മാരും എന്നെ രക്ഷിക്കാൻ വന്നില്ല.....

അന്നുമുതൽ ഈ കൊട്ടിഘോഷിച്ച് നടക്കുന്നവന്മാരുടെ ഒക്കെ പേര് ഒരു കാര്യത്തിനും വൃഥാവിൽ ഉപയോഗിക്കരുത് എന്ന വലിയ പാഠം ഞാൻ പഠിച്ചു.  അത് ഗാന്ധിയായാലും, ഗോഡ്‌സെയായാലും സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീൻ ആയാൽ പോലും.  ഈ പറയുന്ന പുണ്യാളന്മാരെയും, മഹാന്മാരെയും ഒക്കെ പുസ്തകത്തിൽ പഠിക്കാനും സാറന്മാർക്ക് പഠിപ്പിക്കാനും കൊള്ളാം.  അല്ലാതെ നമ്മുടെ മുതുകത്ത് കാപ്പികമ്പ് കേറുമ്പോൾ ഒരുത്തനും രക്ഷിക്കാൻ വരൂല്ല. സത്യം.

ഗുണപാഠം: അനുഭവം ഗുരു.

No comments:

Post a Comment