Friday, February 16, 2018

കളഞ്ഞുപോയ പാസ്സ്‌പോർട്ട്

ഒരുപാട് മറക്കാനാകാത്ത അനുഭവങ്ങൾ നമ്മുടെയെല്ലാം പ്രവാസ ജീവിതത്തിലുണ്ട്.  മുന്നോട്ടുള്ള പ്രയാണത്തെ വെള്ളവും വെളിച്ചവുമേകി വളർത്തുന്നത് ആ അനുഭവപാഠങ്ങൾ തന്നെയാണ്.

നിസ്സാരമെന്ന് നമ്മൾ തള്ളിക്കളയുന്നതുപോലും,  ഒരു വലിയ കൈപ്പിഴയായി മാറി പ്രശ്നങ്ങളിൽ കൊണ്ടുചെന്നെത്തിക്കും എന്ന് സുജിത്തിന്റെ ഈ കഥ ഓർപ്പിച്ചുകൊണ്ടിരിക്കുന്നു.  എന്നെയും, ഇനി നിങ്ങളെയും.

എന്നത്തേയും പോലെ അന്നും ഓഫീസിൽ തിരക്കിൻറെ മേളപോലുള്ള ദിവസം.  പരാതിയും പരിഭവവും ഒട്ടുമില്ലാതെ കൂടപ്പിറപ്പുപോലെ അടുത്തിരിക്കുന്ന കമ്പ്യൂട്ടറും പ്രിന്ററും, പ്രിന്ററിന്റെ നാഡികളിലൂടെ പായുന്ന കമാൻഡുകളും നിശബ്ദത ഭേദിക്കുന്ന പകൽ. അപ്പോളാണ് നാട്ടിൽനിന്നും വന്നൊരു  ഫോൺകോൾ മൂലം  എൻറെ ക്യാബിനിലേക്ക്  ഓടികിതച്ച്  എൻജിനീയർ സുധാകരൻ  വന്ന് നിന്നത്.

"നമ്മുടെ സുജിത്തിന് ഒരബദ്ധം പറ്റി.."

ആ വരവിന്റെ ഗതികണ്ട ഞാൻ ആകാംഷ നിറച്ച മുഖമുയർത്തി നോക്കി. കാര്യമെന്താണെന്ന് സുധാകരൻ പറയുമുമ്പേ ആ മുഖത്ത് നിറഞ്ഞ് നിന്ന ഭീതി എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു.

പെട്ടെന്ന് എൻറെ ചിന്ത സുജിത്തിലേക്ക് നീണ്ടു. ഒരു മാസത്തെ അവധിക്ക് നാട്ടിൽ പോയതാണ്. ഒരുവർഷത്തെ കഠിനാധ്വാനത്തിനു ശേഷം, സ്വന്തം കുടുംബത്തോടൊത്ത് ഒരു മാസം സന്തോഷത്തോടെ എല്ലാ പ്രവാസിയെയും പോലെ അവധി ആഘോഷിക്കാൻ സ്വപ്നത്തേരിലേറി പോയ ആളാണ്.

"എന്തുപറ്റി?" ഞാൻ തിരക്കി.

സുധാകരൻ എനിക്കെതിരെയുള്ള കസേരയിൽ ഇരുന്നു. ശ്വാസഗതി ഒന്ന് ശാന്തമാക്കി.

"സുജിത്തിന്റെ പാസ്സ്‌പോർട്ട് നാട്ടിലെവിടെയോ കളഞ്ഞുപോയി..!"

എന്ത്? പാസ്സ്‌പോർട്ടോ?  എന്നിലേക്ക് അത്ഭുതം തിരമാലപോലെ  ഇരച്ചുകയറി.  അവധിക്ക് പോയ ആളുടെ പാസ്പോർട്ട് കളഞ്ഞുപോവുയോ?

പത്തുവർഷത്തിൽ കൂടുതൽ ഓഫീസിൽ ഈ ജോലിചെയ്തിട്ടും ഒരിക്കലും ഉണ്ടാകാത്ത ഒരനുഭവം. മനസ്സിലൂടെ ഒരു കൊള്ളിയാൻ മിന്നി. പതിയിരുന്നൊരു അപശകുനം സടകുടഞ്ഞെണീറ്റപ്പോലെ.

സംഭവം സീരിയസ്സാണ്.  സുധാകരൻ എൻറെ മുഖത്തേക്ക് നോക്കി.

"ഇന്ന് രാവിലെയാണ് പാസ്പോര്ട്ട് കാണാതായ വിവരം അറിഞ്ഞത്. രാവിലെമുതൽ അന്വേഷിക്കാൻ ഒരിടമില്ല.  ഇനിയെന്ത് ചെയ്യും?"

ഉത്തരമില്ലാത്ത ചോദ്യം. ഞാൻ നെടുവീർപ്പിട്ടു.  ഒരുപാട് പ്രതിസന്ധികൾ ഓഫിസിൽ പലപ്പോഴും ഉണ്ടായിട്ടുണ്ട്. പക്ഷെ ഇതുപോലൊരെണ്ണം....?

എനിക്കും സുധാകരനും ഇത്ര സംഭ്രമം ഉണ്ടായെങ്കിൽ സുജിത്തിനും കുടുംബത്തിനും എത്രമാത്രം ആയിരിക്കും?   രണ്ട് ദിവസം കഴിഞ്ഞ് ദുബായിലേക്ക് തിരികെ വരേണ്ടതാണ്.  പാസ്പോർട്ടില്ല, വിസയുമില്ല.  ജോലിപോലും തുലാസിൽ തൂങ്ങുന്ന അവസ്ഥ.

ചിന്തിച്ച് നിൽക്കാൻ സമയമില്ല.  വേഗം കമ്പനി എച്ച്. ആറിൽ അറിയിക്കണം. ഇനി ചെയ്യേണ്ട കാര്യങ്ങൾ അവർ പറയുംപോലെ പറഞ്ഞ് ചെയ്യിക്കണം. എന്തായാലും സുജിത്തിന്റെ ഉടനെയുള്ള വരവ് മുടങ്ങും.

ഞാൻ എച്ച്. ആർ മാനേജരെ വിളിച്ചു. അധികം മുഖവുരകൂടാതെ കാര്യങ്ങൾ അവതരിപ്പിച്ചു. "ഓ മൈ ഗോഡ് !" മാനേജർ ആദ്യം തന്നെ പറഞ്ഞ വാക്കുകൾ എന്നിലൊരു പ്രകമ്പനം ഉണ്ടാക്കി.  സംഗതിയുടെ ആഴവും പരപ്പും ആ വാക്കുകളിൽ നിന്നും എനിക്ക് മനസ്സിലായി.  മാനേജർ പറഞ്ഞത് ഞാൻ ശ്രദ്ധയോടെ കേട്ടശേഷം, ലൈൻ കട്ടാക്കി ഞങ്ങൾ സുജിത്തിനെ വിളിച്ചു.

"പാസ്സ്‌പോർട്ട് കിട്ടിയോ?" ഞാൻ ചോദിച്ചു.

"ഇല്ല" സുജിത്തിന്റെ ദയനീയ മറുപടി.  അപ്പോൾ ഇനി ചെയ്യേണ്ട കാര്യങ്ങൾ ഞാൻ ധരിപ്പിച്ചു.  തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ പാസ്സ്‌പോർട്ട്  മിസ്സിംഗ് റിപ്പോർട്ട് നൽകണം. അവരുടെ അന്വേഷണവും റിപ്പോർട്ടും കിട്ടിയശേഷം  പാസ്സ്‌പോർട്ട് അപേക്ഷ നൽകണം.  പുതിയ പാസ്സ്‌പോർട്ട് കിട്ടിയശേഷം കമ്പനിയെ അറിയിക്കണം. അപ്പോൾ കമ്പനി അടുത്ത നടപടിയെടുക്കും.

ദിവസങ്ങളും, ആഴ്ചകളും ചിലപ്പോൾ മാസങ്ങളും എടുത്തേക്കാവുന്ന നീണ്ട നടപടിക്രമങ്ങൾ. പ്രൊജക്ടിൽ പണി പാരമ്യത്തിലാണ്.  ഒരു സൂപ്പർവൈസറുടെ അഭാവം വലുതാണ്.

ഞാനും സുധാകരനും സുജിത്തിനെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി.  മറുതലയ്ക്കൽ എന്ത് പറയണം എന്തുചെയ്യണം എന്നറിയാതെ അയാൾ നിൽക്കുകയാണ്.

അധികം വികാരാധീനനായിട്ടോ, ക്ഷോഭം പ്രകടിപ്പിച്ചിട്ടോ കാര്യമില്ല. വരാനുള്ളത് വന്നു.  ഇനി തന്മയത്വത്തോടെ കാര്യങ്ങൾ ചെയ്യുക. ആപത്തിൽനിന്നും കരകയറുക.

നിശബ്‌ദനായി മറുതലയ്ക്കൽ നിന്ന സുജിത്തിനോട് നാളെ രാവിലെ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ പറഞ്ഞ് ഞങ്ങൾ ഫോൺ വച്ചു.

പ്രവാസിക്ക് പാസ്പോർട്ട് എന്നത് വെറുമൊരു യാത്രാരേഖ മാത്രമല്ല. അവൻറെ ജീവിതമാണ്. അവൻറെ അന്നമാണ്. അവനെയും അവൻറെ കുടുംബത്തെയും തീറ്റിപ്പോറ്റി സമൃദ്ധിയുടെ നല്ലനാളുകളിലേക്ക് നയിക്കുന്ന ആധാരമാണ്.  നാട്ടിൽ പോകുമ്പോൾ ഹെഡ്ഡോഫീസിൽ നിന്നും വരുന്ന പാസ്സ്‌പോർട്ട് സഹപ്രവർത്തകർക്ക് കൊടുക്കുമ്പോൾ ആ കണ്ണുകളിലെ തിളക്കം ഞാൻ വായിച്ചെടുത്തിട്ടുണ്ട്.  അതിൽ വിസ അടിക്കുമ്പോളും, ക്യാൻസൽ ചെയ്യുമ്പോളും ഉണ്ടാകുന്ന ഹൃദയത്തുടിപ്പുകളുടെ ആഴം ഞാൻ തൊട്ടറിഞ്ഞിട്ടുള്ളതുമാണ്.  തള്ളക്കിളിയെയും കുഞ്ഞുങ്ങളെയും കൂട്ടിലിരുത്തി തീറ്റതേടി പോകുന്ന അച്ഛൻകിളിയെപ്പോലെയോ, കടലമ്മയുടെ കനിവ് തേടി ആഴക്കടലിലേക്ക് ഭാര്യയെയും കുഞ്ഞുങ്ങളെയും വീട്ടിലിരുത്തി പോകുന്ന മുക്കുവനെപ്പോലെയോ ആണ് ഓരോ ശരാശരി  പ്രവാസിയും.  നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന കുടുംബം. പാസ്സ്‌പോർട്ട് വാങ്ങി നാട്ടിലേക്കവർ പോകുമ്പോളും അവധി കഴിഞ്ഞ് തിരികെ വരുമ്പോളും ആ മുഖങ്ങളിൽ മിന്നിമായുന്ന വികാരങ്ങൾ വിയർപ്പിന്റെയും, വിശപ്പിന്റെയും, സ്നേഹത്തിന്റെയും, കരുതലിന്റെയും കൂട്ടിയോചിപ്പിക്കലിന്റെ നേർത്ത നൂൽബന്ധങ്ങൾ ആണ്.

ഒരു സാധാരണ പ്രവാസിയുടെ ജീവിതത്തിന്റെ തന്നെ ആധാരമായി അവൻ കണക്കാക്കുന്ന പാസ്‌പോർട്ട് സുജിത്തിന് നഷ്ടമായിരിക്കുന്നു!

സാധാരണ രീതിയിൽ ആവശ്യത്തിനുപോലും എണ്ണിച്ചുട്ട അപ്പം പോലെ മുപ്പതു ദിവസത്തെ അവധിക്ക് വരുമ്പോൾ സർക്കാർ ഓഫീസുകളോ പോലീസ് സ്റ്റേഷനോ കയറാൻ മടിക്കുന്നവനാണ് പ്രവാസി.  പ്രവാസത്തിന്റെ ചിറക് മുളയ്ക്കുമ്പോളേ പോലീസ് വെരിഫിക്കേഷൻ പോലും ഭീതിയോടെ കാണുന്നവരാണ് ജോലിചെയ്ത്  കുടുംബം പുലർത്താൻ കടൽ കടക്കുന്ന ഓരോ മനസ്സും.

സുജിത്തും ഭാര്യയും ഒരിക്കൽക്കൂടി വീടുമുഴുവൻ തപ്പാൻ തുടങ്ങി. അലമാരികളിൽ നിന്നും, മേശകളിൽ നിന്നും അകത്തിരുന്നത് എല്ലാം പുറത്തേക്ക് വാരിവലിച്ചിട്ടു.   കുന്തം പോയാൽ കുടത്തിലും തപ്പണം എന്നപോലെ വീട്ടിനുള്ളിൽ മുഴുവൻ രണ്ടും മൂന്നും തവണ ആ അന്വേഷണം തുടർന്നു.

ഒരു രക്ഷയുമില്ല.  എല്ലാ അന്വേഷണവും നിഷ്‌ഫലം. എവിടെ വച്ചെന്നോ എങ്ങിനെ പോയെന്നോ ഒരു ഊഹവും ഇല്ല. ദുബായിൽ നിന്നും വന്നപ്പോൾ എയർപോർട്ടിൽ നിന്നുംവീട്ടിലെത്തിയശേഷം പാസ്‌പോർട്ടും പേഴ്‌സും എല്ലാം ഒന്നിച്ച് അലമാരയിൽ വച്ചതാണ്. പിന്നീട പേഴ്‌സുമാത്രം എടുത്ത ശേഷം പാസ്‌പോർട്ട് അവിടെതന്നെ വച്ചു.  എല്ലാ അവധിക്കും അങ്ങനെതന്നെയാണ് പതിവും. അടച്ചിട്ട അലമാരയിൽനിന്നും പാസ്‌പോർട്ട് എങ്ങനെ പോയി?  താൻ എപ്പോളെങ്കിലും എന്തെങ്കിലും ആവശ്യത്തിന് എടുത്തോ?  എത്ര ആലോചിട്ടും സുജിത്തിന് ഉത്തരം കണ്ടെത്താനായില്ല.

ഇപ്പോൾ അലമാരയും, മേശയും എന്നുവേണ്ട വീടുമുഴുവൻ അന്വേഷിക്കുന്നത് എവിടെനിന്നെങ്കിലും പാസ്‌പോർട്ട് കിട്ടിയാലോ എന്ന മങ്ങിയ പ്രതീക്ഷയിൽനിന്നുമാണ്.

നേരം വൈകി.  പകൽമുഴുവനുമുള്ള അന്വേഷണം അവസാനിപ്പിച്ച് അവർ തളർന്നിരുന്നു. ഇല്ല. ഇനി അന്വേഷിക്കാൻ ഈ വീട്ടിൽ ഒരിഞ്ച് സ്ഥലം ബാക്കിയില്ല.  പോലീസ് നടപടികളുടെ കാലതാമസം, ജോലിയുടെ അസ്ഥിരത... എല്ലാം കൂടി വലിയൊരു പാപം ചെയ്‌തപോലെ അപരാധിയേകണക്കെ സുജിത്തിരുന്നു. ഡമോക്ലസ്സിന്റെ വാൾ തലയ്ക്കുമീതെ തൂങ്ങുന്നു.  ഇനി മാസങ്ങൾക്ക് ശേഷം പാസ്‌പോർട്ട് കിട്ടുമ്പോൾ തിരികെ കമ്പനിയിൽ പോകാൻ കഴിയും എന്നതിന് എന്താണ് ഉറപ്പ്?

ഉത്തരമില്ലാത്ത ചോദ്യങ്ങൾ മാത്രം ബാക്കി.

വൈകുന്നേരം സ്‌കൂൾവിട്ട് മകൾ വന്നപ്പോഴും മൂകതയായിരുന്നു അവിടെ. മകൾ പഠനത്തിലേക്കും കളിയിലേക്കും തിരിഞ്ഞു.

ഇനി അന്വേഷണം നിർത്താം.  നാളെ രാവിലെ പോലീസ് സ്റ്റേഷനിൽ ചെന്ന് റിപ്പോർട്ട് ചെയ്യാം.  ഒരവധിക്കാലത്തിന്റെ എല്ലാ സന്തോഷവും നഷ്ടമായ സുജിത്ത് നെഞ്ചിടിപ്പോടെ എണീറ്റു. ആരോടും പരാതി പറയാനില്ലാതെ.

വീട്ടിലെ അന്തരീക്ഷം കണ്ട മകൾ കാര്യം തിരക്കി.

"അച്ഛന്റെ പാസ്‌പോർട്ട് കാണുന്നില്ല. നീ അതെവിടെലും കണ്ടോ?"

ഇതുകേട്ട് അന്തിച്ച് നിന്ന മകൾ സുജിത്തിന്റെ മുഖത്തേക്ക് നോക്കി.  സംശയത്തിന്റെ നിഴൽവീണ നോട്ടം.  ഒന്നുമറിയാത്ത ഭാവത്തിൽ അവൾ അകത്തേക്ക് പോയി.

അവൾ തിരികെ വന്നപ്പോൾ കയ്യിലിരിക്കുന്ന വസ്തുവിലേക്ക് സുജിത്ത് സൂക്ഷിച്ച് നോക്കി. എന്താണതെന്ന ആഗ്രഹം ഒരു സുനാമികണക്കെ വന്നുകയറി.

ദൈവമേ..! എൻറെ പാസ്സ്‌പോർട്ട് !!??  എൻറെ പാസ്സ്‌പോർട്ട്..!!

അപസ്മാരബാധിതനെപ്പോലെ സുജിത്ത് വിളിച്ച് പറഞ്ഞു. മകളുടെ കയ്യിൽനിന്നും അത് തട്ടിപ്പറിച്ച് തിരിച്ചും മറിച്ചും സുജിത്ത് നോക്കി. ഇത് തൻറെ തന്നെ പാസ്‌പോർട്ട് ആണോ?  താൻ കാണുന്നത് സത്യമാണോ?

അതെ. അത് സുജിത്തിന്റെ പാസ്‌പോർട്ട് തന്നെയായിരുന്നു. ഇതെങ്ങനെ മകളുടെ കൈകളിൽ വന്നു? എവിടാണ് അവൾ ഇത് കൊണ്ടുവച്ചിരുന്നത്?

"ഇത് നിനക്കെവിടുന്നാണ് കിട്ടിയത്?"  ഭാര്യ ഓടിവന്ന് ചോദിച്ചു.  മകൾക്ക് മനസ്സിലായി താൻ ഏതോ വലിയ അപരാധമാണ് ചെയ്തതെന്ന്.  നിശബ്ദയായി നിന്ന അവളോട് അവർ വീണ്ടും ചോദിച്ചു.  അപ്പോളാണവൾ ആ കഥ പറഞ്ഞത്.

അച്ഛന്റെ പാസ്‌പോർട്ട് അവൾക്ക് ഒരത്ഭുത വസ്തുവായിരുന്നു. ക്ലാസിൽ കുട്ടികളോട് അതിനെപ്പറ്റി വർണ്ണിച്ചത് ഉറപ്പിക്കാൻ അന്ന് അവൾ അലമാരയിൽനിന്നും പാസ്‌പോർട്ട് എടുത്തുകൊണ്ടാണ് സ്‌കൂളിൽ പോയത്.  ടീച്ചർ കാണാതെ തന്റെ സഹപാഠികളെ അത് കാണിച്ച് തൃപ്തിവരുത്തി ബാഗിൽവച്ച് തിരികെ കൊണ്ടുവരുമ്പോൾ അവൾ ഒരിക്കലും ഓർത്തില്ല അതിനുപുറകേ വീട്ടിലുണ്ടാക്കുന്ന പുകിലുകൾ.

സുജിത്തിനും ഭാര്യയ്ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. പാസ്‌പോർട്ട് സൂക്ഷ്മതയോടെ വയ്ക്കാൻ പറ്റാത്തതിനെ സ്വയം കുറ്റപ്പെടുത്തുക മാത്രമല്ലാതെ എന്തുചെയ്യാൻ?

രാത്രി നാട്ടിൽനിന്നും സുജിത്തിന്റെ ഫോൺ വന്നപ്പോൾ ഒരുപറ്റം ആൾക്കാരുടെ മനസ്സിലെ തീക്കനലാണ് അണഞ്ഞുപോയത്.

രണ്ട് ദിവസം കഴിഞ്ഞ്, അവധി കഴിഞ്ഞുവന്ന സുജിത്ത് ചിരിച്ചുകൊണ്ട് നാടൻ ചിപ്‌സും, ഹൽവയും ഒക്കെ കൊണ്ടുവന്ന് തരുമ്പോൾ ഞങ്ങളും ചിരിച്ചു. നിഷ്‌കളങ്കമായ ആശ്വാസത്തിന്റെ ചിരിയായിരുന്നു അത്.  അശ്രദ്ധ എന്ന മഹാപാപം ഇനിയൊരിക്കലും ഉണ്ടാകില്ല എന്ന് സുജിത്ത് പറഞ്ഞപ്പോൾ പൊട്ടിചിരിച്ചുപോയി.

സുജിത്ത് ഒരു പാഠമാണ്. വലിയ പാഠം. ഓരോ പ്രവാസിയും മറന്നുപോകാതെ ഓർത്തിരിക്കേണ്ട  പാഠം.  വിമാനടിക്കറ്റും, പാസ്‌പോർട്ടും, വിസയും ഒക്കെ അവന്റെ ജീവിതമാണ്. അന്നവും അവന്റെ വീട് മോടിപിടിപ്പിക്കുന്ന അശ്വര്യവുമാണ്. അത് നിന്ദിക്കലോ, അവഗണിക്കലോ പാപമാണ്.

ഇത്തിരി ശ്രദ്ധ. ഇത്തിരി കരുതൽ. അതുമാത്രം മതി നമ്മുടെ വഴികൾ ശോഭനമാക്കാൻ.

No comments:

Post a Comment