Friday, January 12, 2018

ബഹ്‌റൈനും യു.എ.ഇ-യും

എന്റെടോ ഈ ബഹ്‌റൈൻ സത്യത്തിൽ എവിടെയാ?

ഗൾഫിൽ ഇരുന്നുകൊണ്ട് ഈ ചോദ്യം ചോദിച്ചാൽ ഒരുമാതിരി ജ്യോഗ്രഫിയും സോഷ്യൽ സയൻസും അറിയാത്ത ഉണ്ണാക്കമാടനാണോ  നീ എന്ന് തിരികെ ചോദിച്ചേക്കാം.  എന്നാൽ കേട്ടോ,  ഇങ്ങനെ ഒരു ചോദ്യം പത്തിരുപതു വർഷം മുമ്പ്  എല്ലാം അറിയാമെന്ന് ധരിച്ചിരുന്ന ഒരു വിവരദോഷി ചോദിച്ചിട്ടുണ്ട്.  അതും  ഈ എന്നോട്.

ഒള്ളത് പറയാല്ലോ നമ്മുടെ ഒക്കെ  ചിന്തകൾക്കും അറിവുകൾക്കും അപ്പുറമാണ് പലരുടെയും വിജ്ഞാനലോകം.  എന്നാൽ  അതൊന്ന് തെളിയിക്ക് എന്ന് പറഞ്ഞാൽ സത്യം സത്യമായി ഞാൻ ആ മഹത്തായ സംഭവകഥ എടുത്തിടും.

കഥയ്ക്ക് മുമ്പ് പശ്ചാത്തലം ഒന്നുംപറഞ്ഞില്ലേൽ ഗുരുത്വദോഷമാകും.  ഇടക്കൊച്ചിയിലെ ഞാൻ ജോലിചെയ്യുന്ന ഓഫീസ്.  അവിടെ ശമ്പളത്തോടൊപ്പം എല്ലാ മാസവും ബോണസ്സായി ഇഷ്ടംപോലെ തെറിവിളികേൾക്കുന്ന ഞാനും, സജുവും, ഓമനേച്ചിയും, രാധാകൃഷ്ണനും, ജോസ്മോനും ഒക്കെയടങ്ങുന്നൊരു ലോകം.

ബിരുദം എന്ന കിരീടം എടുത്ത് തലയിൽ വച്ച്, മിസ് യൂണിവേഴ്‌സിന്റെ മാതിരി എം.ജി. യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കേറ്റാണ് ലോകത്തുള്ള എല്ലാ സർട്ടിഫിക്കറ്റിനേക്കാളും മുട്ടൻ സംഭവം എന്ന് കരുതി അണ്ടിയും മാങ്ങയും കളിച്ചുനടന്ന ആ കാലത്താണ് ഇടകൊച്ചിയിലേക്ക് പോകാനുള്ള പാസ്സ്‌പോർട്ടും വിസയും എനിക്ക് കിട്ടുന്നത്.  'കൊച്ചി കണ്ടവന് അച്ചിവേണ്ടാ' എന്ന പഴമൊഴി കേട്ടിട്ടുണ്ടെങ്കിലും അന്ന് കല്യാണം കഴിച്ചിട്ടില്ലാത്തതിനാൽ വലിയ പേടി തോന്നിയില്ല (ഒരു പക്ഷേ, ഇന്നായിരുന്നെങ്കിൽ ഒടയതമ്പുരാനാണെ സത്യം ഞാൻ രണ്ടാമതൊന്ന് ആലോചിച്ചേനെ).

ഇങ്ങനെ എല്ലാ മാസവും മേൽപറഞ്ഞ ബോണസും, ഇൻക്രിമെന്റും ഒക്കെ ഇഷ്ടത്തിന് കിട്ടിക്കൊണ്ടിരുന്ന യുഗത്തിലാണ് ഈ കഥ അരങ്ങേറുന്നത്.

മാനേജരുടെ റൂമിലെ മണി മുഴങ്ങി. ഓഫീസ് പണിക്കാർ രാധാകൃഷ്ണനും, ജോസ്‌മോനും  'ആരാദ്യം കയറും... ആരാദ്യം കയറും..' എന്ന ഈണത്തിൽ നിന്ന് നിന്ന്, ജോസ്മോൻ കയറി.  ഉടനെതന്നെ അമ്പലപ്പുഴ പാൽപായസം നുണഞ്ഞ പോലെ ഒരു ചിരിയും ചിരിച്ച് തിരികെയിറങ്ങി എൻറെ നേരെ വന്നുപറഞ്ഞു.

"സാർ വിളിക്കണൂ"

'നിനക്കിട്ട് പൊട്ടിക്കാനുള്ള ഏതോ ഗുണ്ട് അകത്തിരിപ്പുണ്ട്, പോയി വാങ്ങിച്ചോ' എന്നൊരു ധ്വനി അവൻറെ ആ പറച്ചിലിൽ ഉണ്ടായിരുന്നു. അല്ലേലും സ്ഥിരമായി മാനേജരുടെ ചീത്തവിളി കേൾക്കുന്ന എന്നെപ്പോലെയുള്ളവർക്ക് ഇവന്റെയൊക്കെ മുൻപിൽ ഒരുവിലയും കാണില്ലല്ലോ എന്ന് ചിന്തിച്ച് ഞാൻ കസേരയിൽനിന്നും എണീറ്റു.

തെറിവിളി കേൾക്കാൻ പാകത്തിനുള്ള തെറ്റുകൾ ഒന്നും രാവിലെ ഒപ്പിച്ചിട്ടില്ല.  ഓ, അല്ലേൽതന്നെ ഈ മാരണം എന്നെ തെറിവിളിക്കുന്നത് വല്ല കാരണവും കൊണ്ടാന്നോ?  മുതലാളിയല്ലേ, ഒരു ബൂർഷ്വാസി രസം. ഇതും ഓർത്ത് ഗജരാജ വിരാജിത മന്ദഗതി എന്ന രീതിൽ പീഡനമുറിയിലേക്ക് നടക്കുമ്പോൾ  ജോസ്‌മോൻ ഒരു ഊറിച്ചിരിക്കൽ നടത്തുന്നുണ്ടായിരുന്നു.

അകത്തേക്ക് ചെന്ന് തമ്പ്രാൻറെമുന്നിൽ ഞാൻ ഓച്ചാനിച്ച് നിന്നു.  തിരിവുള്ളം എന്നെയൊന്ന് നോക്കി.  ഞാനന്നേൽ 'ഇപ്പൊ പൊട്ടിക്കും.. ഇപ്പൊ പൊട്ടിക്കും..' എന്നമട്ടിൽ കാത്തുനിൽക്കുകയാണ്. അധികമൊന്നും ഉരിയാടാതെ ബോബനും മോളിയിലെ പട്ടിയുടെ ഷേപ്പിൽ ഒരു ഒപ്പും അങ്ങ് ചാർത്തി തലേന്ന് അടിച്ചുകൊടുത്ത ലെറ്റർ എൻറെ നേരെനീട്ടി.

"ഇത് ABC ബഹ്‌റനിലേക്ക് അയക്കണം"

"ഉം"  മൂളിക്കൊണ്ട് കത്തും വാങ്ങി ഞാൻ തിരികെ നടക്കാൻ തുടങ്ങുമ്പോൾ വീണ്ടും തിരുവുള്ളം മൊഴിഞ്ഞു.

"താങ്ങിയോങ്ങി നിന്നേക്കരുത്.  രാവിലെ തന്നെ രാധാകൃഷ്ണന്റെ കയ്യിൽ കൊടുത്ത്  പോസ്‌റ്റോഫീസിൽ വിടാനുള്ളതാ"

"ഓ"  ഞാൻ സമ്മതം മൂളി രാവിലെ ബോണസ്സ് കിട്ടാത്തതിന്റെ സന്തോഷത്തിൽ പുറത്തിറങ്ങി.  അപ്പോൾ അകത്ത് ബോംബുകൾ ഒന്നും പൊട്ടാത്തതിന്റെ വൈക്ലബ്യം പുറത്ത് ജോസ്‌മോൻറെ മുഖത്ത് മിന്നിമറയുന്നത് കാണാമായിരുന്നു.  അവൻ ചോദിച്ചു.

"സാർ എന്താ പറഞ്ഞേ ?"

"ഓ.. ABC കമ്പനി ബഹ്‌റനിലേക്ക് ഈ കത്ത് അയക്കണം"

"ങ്‌ഹാ.. അത്രേയുള്ളോ.. ഇതൊക്കെ എന്നോട് പറഞ്ഞാൽ പോരാരുന്നോ?"  ഇതും പറഞ്ഞ് അവൻ എന്റെകയ്യിൽ നിന്നും കത്തും പിടിച്ച്‌വാങ്ങി ഇലക്ട്രോണിക്സ് ടൈപ്പ് റൈറ്ററിന്റെ അടുത്തേക്ക്  അവൻ ഒരോട്ടം.

നിജമായ്‌ പറഞ്ഞാൽ,  ഈ ഓഫീസിൽ ജോസ്മോൻ സന്തോഷത്തോടെ ചെയ്യുന്ന ഒരേയൊരു ജോലി ഇതാണ്.  തൻറെ പ്രിവിലേജ് പോലെയാണ് ആശാൻ ഈ കവറുകളിൽ അഡ്രസ്സ് അടി നടത്തുന്നത്.  സത്യത്തിൽ ഇതെൻറെ പണിയാണെങ്കിലും തൻറെ കഴിവ്  കാണിക്കാനും, ആംഗലേയത്തിന്റെ ഉപയോഗത്തിൽ താനത്ര മോശക്കാരനല്ല എന്ന് സൈക്കോളജിക്കലായി അവതരിപ്പിക്കാനുമാണ് ജോസ്‌മോൻ ഈ കവറടി നടത്തുന്നത്.

ഞാനെന്നേൽ ഇതൊന്നും മൈൻഡ് ചെയ്യാറുമില്ല.  അത്രയും പണി കുറഞ്ഞിരിക്കും,  അല്ല പിന്നെ.  പത്തുബാധ തലയിൽ വന്നുകേറുമ്പോൾ ഒരെണ്ണമെങ്കിലും ഒഴിഞ്ഞുകിട്ടിയതിൽ സന്തോഷം.  'ധാനെ  ധാനെ പേ ലിഖാ ഹൈ  ഖാനെവാലാ കാ നാം' എന്ന് പറയുന്നതുപോലെ 'ചിട്ടി ചിട്ടി പേ ലിഖാ ഹൈ ടൈപ്പ് കർനേ വാലാ കാ നാം' എന്ന് ഞാനങ്ങ് കരുതും.

അങ്ങനെ നമ്മുടെ കഥാനായകൻ  ജോസ്‌മോൻ കവറും അടിച്ച് അത് കള്ളനോട്ടാണോ എന്ന്  പെട്ടിക്കടക്കാർ നോക്കുന്ന മാതിരി പൊക്കി ഒരു നോട്ടവും നോക്കി സ്വയം തൃപ്‌തി വരുത്തി.  എന്തൊരു തങ്കപ്പെട്ട പയ്യൻ.  ഓഫീസ് ബോയിയായാൽ ഇതുപോലെ വേണം. കണ്ടില്ലേ എൻറെ പണിക്കൂടി പാവം ചെയ്യുന്നത്?  'ഇവന് ദീർഘായുസ്സ് നൽകണേ ഭഗവാനേ'  എന്ന് പ്രാർത്ഥിച്ച് ഞാൻ അവനോട് ചോദിച്ചു.

"ജോസ്‌മോനെ അഡ്രസ്സ് ഒക്കെ കറക്ട് ആണല്ലോ അല്ലേ.."  ഏത്  വിരുന്നുകാർ വന്നാലും കോഴിക്ക് കൂട്ടിൽ കിടക്കപ്പൊറുതിയില്ല  എന്നതാണല്ലോ എൻറെ അവസ്ഥ.  അതുകൊണ്ടാണ് ആ ചോദ്യം ഞാനവനോട് ചോദിച്ചത്. ആരേലും ചെയ്യുന്ന പോക്കണംകേടിനും എനിക്കിട്ടല്ലേ ചീത്തവിളി കിട്ടുന്നത്?

"ദാണ്ടേ.. ജോസ്‌മോനെ അങ്ങനെയങ്ങ് ആസാക്കരുതേ... അഡ്രസ്സ് ഒക്കെയടിക്കാനുള്ള വിദ്യാഭാസം എനിക്കുണ്ട് മാഷേ"  അതും പറഞ്ഞവൻ മാനേജരുടെ മുറിയിലേക്ക് കയറുമ്പോൾ 'നീ എന്തോ കുന്തം വേണേലും പോയി ഒണ്ടാക്ക്' എന്ന് മനസ്സിൽപറഞ്ഞ് ഞാനങ്ങ് മിണ്ടാതിരുന്നു. അല്ലേലും ജോസ്‌മോൻ അങ്ങനാ, ആരേലും കൊച്ചാക്കി സംസാരിക്കുന്നു എന്ന് തോന്നിയാൽ പണ്ട്  ഓഫീസ് പണിഞ്ഞപ്പോൾ മുതൽ പാളയിൽ കിടന്ന് മുള്ളിയ കഥവരെ എടുത്തിടും.

എൻറെ അടുത്തപണിയിൽ ഞാൻ കൂലങ്കഷമായി ശ്രദ്ധചെലുത്തുമ്പോളാണ് മാനേജരുടെ ക്യാബിനിൽ അർത്തുങ്കൽ  പെരുന്നാള് തുടങ്ങിയത്. നല്ല മൂത്ത കതിന, വെടിക്കെട്ട്, ബാൻഡുമേളം എന്നുവേണ്ട എല്ലാം പുറത്തേക്കൊഴുകി വരികയാണ്.  ഈശ്വരാ!  ഈ മാരണം അകത്തുപോയി ദിനോസറിന്റെ കയ്യിൽനിന്നും നല്ലപോലെ മേടിച്ച്‌കെട്ടിയിട്ടുണ്ടല്ലോ.

ഒരു ഞെട്ടലോടെ ഞാൻ മാനേജരുടെ ക്യാബിന്റെ വാതിലിലേക്ക് നോക്കുമ്പോൾ രാധാകൃഷ്ണൻ  'നിനക്കതുതന്നെ വേണമെടാ ജോസ്‌മോനെ' എന്നമട്ടിൽ ചിരിക്കുന്നു (ജോസ്‌മോനും രാധാകൃഷ്ണനുമായുള്ള കോൾഡ് വാർ അവർക്ക് രണ്ടിനും അറിയില്ലെങ്കിലും ഞങ്ങൾക്ക് അറിവുള്ളതാകുന്നു).  ഓമനചേച്ചിയും സജുവും അന്തിച്ചു നിൽക്കുകയുമാണ്.

എൻറെ നോട്ടം അങ്ങനെ തറഞ്ഞുനിന്നപ്പോൾ ഉമ്മറിൻറെ മുറിയിൽനിന്നും പലതും നഷ്ടപ്പെട്ട് ഇറങ്ങിവരുന്ന ജയഭാരതിയെപ്പോലെ ജോസ്‌മോൻ പുറത്തേക്ക്.  കുനിഞ്ഞ ശിരസ്സ്, തകർന്ന ചാരിത്ര്യം! എന്തരോ മഹാനു ഭാവലു...

കുനിഞ്ഞ് തറയിലെ ടൈൽസ് എണ്ണുന്നമാതിരി അവൻ നേരെവന്ന് എൻറെ മുന്നിൽ നിന്നു.  എന്നിട്ട് ആ തിരുമോന്ത ഒന്നുയർത്തി.

"തന്നെ സാർ വിളിക്കുന്നു.."

എൻറെ ഭഗവതീ! ഞാനോ??  ജോസ്‌മോൻ അർത്തുങ്കൽ പെരുന്നാളാണ് കൂടിയതെങ്കിൽ ഞാൻ പോയി കുംഭമേള കൂടേണ്ടിവരും!!

"ഞാനോ?"  എടാ സാമദ്രോഹീ എന്ന മട്ടിൽ ഞാൻ അവനോട് ഒന്നുകൂടെ കൺഫേം ചെയ്തു.

"ങാഹാ... താൻ തന്നെ.."  അതും പറഞ്ഞ് അവൻ എന്നെയും വിളിച്ചുകൊണ്ട് ദിനോസോറിൻറെ കൂട്ടിലേക്ക് നടന്നു.  'ഞാനും വരട്ടെയോ നിൻറെ കൂടെ' എന്ന മട്ടിലാണ് കൊലമരത്തിലേക്കുള്ള അവൻറെ നടപ്പ്.

വിധിയെ തടുക്കാൻ ആർക്കെങ്കിലും ആകുമോ എന്ന് ചിന്തിച്ച് ഞാൻ അകത്തേക്ക് കയറി.  പൊന്നേമാൻ പീഡനക്കേസിലെ പ്രതിയെപ്പോലെ എന്നെ ആപാദചൂഡം ഒന്ന് നോക്കി. അയാളുടെ മേശപ്പുറത്ത് ജോസ്‌മോൻ തങ്കലിപികളിൽ അഡ്രസ്സ് എഴുതിയ കവർ. അതെടുത്ത് എൻറെ നേരെ നീട്ടിക്കൊണ്ട് മാനേജർ ചോദിച്ചു.

"ഈ അഡ്രസ്സ് ടൈപ്പ് ചെയ്തതാരാടോ?"

'എൻറെ ഗർഭം ഇങ്ങനല്ല' എന്ന മട്ടിൽ ഞാൻ ജോസ്‌മോനെ ഒന്ന് നോക്കി. അത് മനസിലാക്കി മാനേജർ എന്നോട് അടുത്തചോദ്യം.

"തൻറെ പണി താനെന്തിനാടോ കണ്ട അണ്ടനും അടകോടനും ഒക്കെ കൊടുക്കുന്നത്?"  ജോസ്‌മോന് രാവിലെ തന്നെ കിട്ടിയ സംബോധനയിൽ ഞാൻ സംപ്രീതനായെങ്കിലും എനിക്ക് കിട്ടാൻപോകുന്നതെന്താണെന്ന പേടി പൊന്തിവന്നതിനാൽ പുറത്തേക്കുന്തിവന്ന ചിരി അകത്തേക്ക് പോയി.

"ജോസ്‌മോൻ എന്നെ സഹായിച്ചതാ.."

"ഇങ്ങനാന്നോടോ സഹായിക്കുന്നെ?  താനാ അഡ്രെസ്സ് നേരെചൊവ്വേ വായിച്ചേ"

അന്ധൻ  ആനയെ കാണ്ടമാതിരി ഞാൻ ആ കവറിലേക്ക് നോക്കി.

M/S.  ABC MARINE
PO BOX 1234
MANAMA, BAHRAIN
UNITED ARAB EMIRATES

എൻറെ കർത്താവെ, ഈ വിവരംകെട്ടവൻ ഇതെന്നാ എഴുതിവച്ചേക്കുന്നേ?  BAHRAIN, UNITED ARAB EMIRATES എന്നോ?

"സാറേ ഈ ബഹ്‌റൈൻ യു.എ.യി-ലാണോ?"  എൻറെ എളിയ സംശയം ഞാൻ മാനേജരോട് സവിനയം ചോദിച്ചു.   ജോസ്‌മോനാണേൽ കിട്ടുണ്ണിയേട്ടന്റെ നിസ്സംഗതയിൽ നിൽക്കുകയാണ്.  'യു.എ.യി-ൽ അല്ലേൽ പിന്നേതു കോത്താഴത്തിലാ' എന്നാണ്  ആ നിൽപ്പിന്റെ ഗതിയെന്നുതോന്നുന്നു.

"അത് തന്നെയാണെടോ ഞാനും തന്നോട് ചോദിച്ചെ!?  എടോ ജോസ്‌മോനെ താനെവിടുന്നാടോ ഇതൊക്കെ കണ്ടുപിടിച്ചത്??"

എനിക്കുള്ള പ്രസാദം ഇയാൾ ഇച്ചിരി മുമ്പ് തന്നതല്ലേ,  പിന്നെന്തുവാ ഇനിയും? എന്ന മട്ടിലാ ജോസ്‌മോൻറെ നിൽപ്പ്.

"താൻ ഈ മണ്ണുണ്ണിയുടെ കയ്യിൽ ഇതൊക്കെ കൊടുക്കാതെ തനിക്ക് തന്നെ  ഇത് ചെയ്യാൻ മേലെ?"

"ചെയ്യാം സാർ.. ഇത്രയും നാൾ ജോസ്‌മോനായിരുന്നു ചെയ്യുന്നേ, ഇനി ഞാൻ ചെയ്തോളാം.."  അനുസരണയുള്ള കുട്ടിയെപ്പോലെ ഞാൻ മൊഴിഞ്ഞു.

"എൻറെ ദൈവമേ.. ഇവനടിച്ച കവറൊക്കെ എവിടൊക്കെയാകുമോ പോയിട്ടുണ്ടാവുക?"  മാനേജർ തലയിൽ കൈവച്ചു.  ഒരു കുറ്റം കണ്ടുപിടിച്ചാൽ ബാക്കിയെല്ലാ വിഗ്രഹമോഷണവും അവൻറെ തലേൽ കെട്ടിവെക്കുന്ന ഇടപാടാണല്ലോ മാനേജർമാർക്ക്.

"എഡോ ജോസ്‌മോനെ .. തനിക്കിവിടെ ചായ ഉണ്ടാക്കുന്നതാ പണി.  ഓഫീസ് ബോയി കേറി മാനേജരുടെ പണിചെയ്യണ്ട.. മനസ്സിലായോടോ?"

"ഉം" പാവം മൂളി.  മൗനം വിദ്ധ്വാന് ഭൂഷണം.  എന്തൊരു വിനയം... എന്തൊരളിമ..

"ഇറങ്ങിപ്പോടോ, ഓരോ കൊളംബസ്‌മാർ  ഇറങ്ങിക്കോളും....താനിത് നേരെചൊവ്വേ അടിചോണ്ടുവാ. മേലാൽ ഇവന് കവറടിക്കാൻ കൊടുത്താൽ രണ്ടിനേം ഞാൻ പിടിച്ച് പുറത്താക്കും. പറഞ്ഞേക്കാം"  ആദ്യത്തെ വാക്കുകൾ  ജോസ്‌മോനോടും  ബാക്കി എന്നോടും പറഞ്ഞ് ഞങ്ങളെ  രണ്ടും ക്യാബിന് പുറത്താക്കി.

കാറ്റും കോളും അടങ്ങിയപ്പോൾ ഞാൻ ജോസ്‌മോനോട് ചോദിച്ചു.  "അല്ല ജോസ്‌മോനെ, ഈ ബഹ്‌റൈൻ UAE- യിൽ ആണെന്ന് തന്നോടാരാ പറഞ്ഞേ?"

ജോസ്‌മോൻ എന്നെ ഒന്നുനോക്കി.

"എൻറെ ഭായീ... സത്യത്തിൽ അതൊരു ഗമക്ക് കിടക്കട്ടെ എന്ന് കരുതി ഞാൻ കയ്യീന്നിട്ടതാ.  അല്ല, ഞാൻ ഒന്ന് ചോദിച്ചോട്ടെ ഭായീ,   സത്യത്തിൽ ഈ ബഹ്‌റൈൻ  ഒക്കെ എവിടെയാ?"

'ഇവൻറെ സംശയം ഇപ്പളും മാറിയിട്ടില്ലേ  ഈശ്വരാന്ന്' ഞാൻ നെഞ്ചത്ത് കൈവച്ചസമയത്ത് അവൻ  പാൻട്രിയിലേക്ക് നടന്നു. എന്നിട്ട് ഇങ്ങനെ വിളിച്ചുപറഞ്ഞു.

"അല്ലേലും ഇക്കാലത്ത് ആരേം സഹായിക്കരുത്.. സഹായിച്ചാൽ നമുക്ക് പണിയാകും. അല്ല പിന്നെ.."

കാര്യം ശരിയാണ്.  ജോസ്‌മോൻ വലിയ ഒരു ലോകതത്വമാണ് പറഞ്ഞത്.

ഇന്നും UAE എന്നു കാണുമ്പോൾ ജോസ്‌മോനെ ഞാൻ ഓർക്കും. ആ സഹായഹസ്തം ഞാൻ സ്മരിക്കുകയും ചെയ്യും.

ജോസ്‌മോന്റെ പ്രാക്ക് കാരണമാണോ എന്നറിയില്ല, കാലചക്രം ഉരുണ്ടപ്പോൾ വിധി എന്നെ U.A.E യിലേക്ക് തളളിവിട്ടു.  ഒരുപക്ഷേ അന്നവൻ 'ഏതെങ്കിലും മരുഭൂമിയിൽ പോയി ബഹ്‌റൈൻ ഉണ്ടോന്ന് തപ്പി, തപ്പി ഇയാൾ പണ്ടാരമടങ്ങാട്ടെ' എന്ന് അനുഗ്രഹിച്ചതായിരിക്കണം. 

No comments:

Post a Comment