Thursday, February 1, 2018

യഥാർത്ഥ രാഷ്ട്രീയത്തിന്റെ മാനിഫെസ്റ്റോ

സ്നേഹമുള്ളവരെ, രാഷ്ട്രീയത്തിന്റെ ബാലപാഠം ഇനിയും പഠിക്കാത്തവർ എന്നെ ശ്രവിക്കുവിൻ!  ഈ വാക്കുകൾ ചെവിക്കൊള്ളുവിൻ.

കമ്യൂണിസ്റ്റോ അതോ കോൺഗ്രസ്സോ? രാഷ്ട്രീയം പോലെ തന്നെ ചൊറിയുന്ന ചോദ്യമാണെങ്കിലും, എന്നോടിത് പലരും ചോദിച്ചിട്ടുള്ളതും, കണവ മഷി കലക്കി രക്ഷപെടുംപോലെ ഞാൻ വിദഗ്ദ്ധമായി ഒഴിഞ്ഞുമാറിയിട്ടുള്ളതും ആകുന്നു.  എന്നാൽ പരമമായ  ഒരു സത്യം ഇന്ന്, ഇവിടെ  വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.  അത്തരമൊന്നാണ് താഴെ പറയുന്ന മഹത്തായ ചരിത്രം.

ഈ ദുനിയാവില്  രണ്ടേ രണ്ടു പാർട്ടികൾ മാത്രമേ ഉള്ളുവെന്നും, അത് കമ്യൂണിസ്റ്റും കോൺഗ്രസ്സും ആണെന്നുമുള്ള ചിന്ത കൊടികുത്തി വാണിരുന്ന കാലത്താണ് ഈ ചരിത്ര സംഭവം അരങ്ങേറുന്നത്. 

പണ്ട്, തോമാശ്ലീഹാ നേരിട്ട് വന്ന് 'വരിനെടാ പിള്ളേരെ നിങ്ങളെയെല്ലാം  ഞാൻ  ക്രിസ്ത്യാനികൾ ആക്കാം' എന്ന് പറഞ്ഞ് നല്ല മൂത്ത പട്ടന്മാരെയും, നമ്പൂതിരിമാരെയും, ബ്രാഹ്മണന്മാരെയും മാത്രം തിരഞ്ഞുപിടിച്ച്  ക്രിസ്ത്യാനികളാക്കുകയും ഭാവിയിൽ നിങ്ങൾ കോൺഗ്രസ്സുകാരായി തീർന്നോണം എന്ന് കൈവെപ്പ് കൊടുക്കുകയൂം ചെയ്തതിൻപ്രകാരം നല്ല ഫസ് ക്ലാസ്  കോൺഗ്രസ്സ് കുടുംബത്തിൽ വന്നുപിറന്ന ഞാൻ  കമ്യൂണിസ്റ്റായി എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ സത്യത്തിന്റെ മുഖം എന്നും കോടിയിരിക്കും (കോടിയേരി അല്ല).

അതെ. ഞാനും കമ്യൂണിസ്റ്റായി! 1987-ൽ.

നമ്മുടെ തോപ്പിൽ ഭാസി, കെ.പി.എ.സി-ക്ക് നാടകം കളിയ്ക്കാൻ കമ്യൂണിസ്റ്റായതുപോലെയോ, എ.കെ.ജി,  ഇ.എം.എസ്, നായനാർ ഇവർക്കൊക്കെ ഒരുകാലത്ത് കള്ളനും പോലീസും, പാത്തിരുപ്പ്, എന്നീ നാടൻ കളികൾ കളിക്കാൻ ഹരം തോന്നി കമ്യൂണിസ്റ്റായതുപോലെയോ  ഒന്നുമല്ല ഞാൻ സഖാവായത്.  എന്നെപ്പോലെ ആവണേൽ ഇച്ചിരി പുളിക്കും.

വല്യവധി കഴിഞ്ഞ് സ്‌കൂൾ തുറന്നു.  എട്ടാം ക്ലാസ്സിൽ നിന്ന് ഒന്നുരണ്ട് പാഴുകൾ ഒഴിച്ച് ബാക്കിയെല്ലാവരും നല്ല സൂപ്പർ പ്രൊമോഷൻ കിട്ടി ഒമ്പതിൽ എത്തി.  സ്‌കൂൾ തുറന്നാൽ വൈകാതെ ക്‌ളാസ്- സ്‌കൂൾ ലീഡർമാരുടെ തിരഞ്ഞെടുപ്പെന്ന പാർലമെന്ററി ചടങ്ങുകൾ ഉണ്ടല്ലോ.  SFI അല്ലേൽ  KSU, അതായിരുന്നു കുട്ടികൾക്കുള്ള ആകെ പാർട്ടി ഓപ്‌ഷൻ.  മൂത്ത കോൺഗ്രസുകാരന്റെ മകനായ ഞാൻ സ്വാഭാവികമായും KSU ആയിരിക്കുമല്ലോ.

ഇലക്ഷൻ തീയതി തീരുമാനിച്ചു.  എനിക്കാണേൽ അപ്പോൾ ആകെ മൊത്തം ടോട്ടൽ ഒരു വൈക്ലബ്യം. എട്ടാം ക്ലാസ്സിൽ,  ക്‌ളാസ് ലീഡർ, സ്‌കൂൾ ലീഡർ ഒക്കെയായിരുന്ന ആനന്ദ് സാറന്മാരുടെ പൊന്നോമനയായിരുന്നു. ഒരു ലീഡറുടെ  പണികളായ ബോർഡ് തുടക്കുന്ന ഡസ്റ്റർ നിർമ്മാണം, ക്ലാസ്സിൽ അലമ്പ് കാണിക്കുന്നവർക്കിട്ട്  പൂശാനുള്ള വടി നിർമ്മാണം, സാറന്മാരില്ലാത്ത സമയത്ത് സംസാരിക്കുന്നവരുടെ പേരെഴുതി വയ്പ്പ് എന്നീ മഹനീയ ചടങ്ങുകൾ പൂർണ്ണ ഉത്തരവാദിത്വത്തോടെ അവൻ എട്ടാം ക്ലാസ്സിൽ ചെയ്തു പോന്നു.  അത് കാണുമ്പോൾ സത്യത്തിൽ എനിക്ക്  കുശുമ്പായിരുന്നു.  പക്ഷേ പബ്ലിക്കായി ആ പഹയനോട് അത് പ്രകടിപ്പിക്കാൻ പറ്റില്ലല്ലോ.  കാരണം, അവൻ പഠിക്കാൻ മിടുക്കനാണ്.  രണ്ടാമത് ഞാൻ കീഴെക്കൂടെ വല്ല പണിയും കൊടുത്താൽ സംസാരിക്കുന്നവന്മാരുടെ കൂട്ടത്തിൽ എൻറെ പേരും എഴുതിവച്ച് ഇവൻ നല്ല ഒന്നാന്തരം ചൂരൽകഷായം വാങ്ങിത്തരും.

അങ്ങനെ എട്ടാം ക്ലാസ്സിലെ ദിവാസ്വാപ്നങ്ങളുമായി ഒൻപതിൽ എത്തിയപ്പോൾ എനിക്കൊരു പൂതി.  ക്ലാസ്സ് ലീഡർ ആകാൻ ഒന്നുശ്രമിച്ചാലോ?!

ആനന്ദ് മൂത്ത KSU ക്കാരൻ.  പാർട്ടി അവനെ ഒൻപത്തിലെ സ്ഥാനാർത്ഥിയായി തീരുമാനിച്ചു കഴിഞ്ഞു.  ഇനി വേറൊരുത്തൻ കൂടി KSU ബാനറിൽ നിൽക്കാൻ 9 A-യിൽ സ്കോപ്പില്ല.  എന്തുചെയ്യും?  ഞാനാണേൽ കേവലം ഒരു നീർക്കോലി.  പക്ഷേ പണ്ടെങ്ങോ മൂപ്പിലാൻ പറഞ്ഞുകേട്ടിട്ടുണ്ട് നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്ന്!

അങ്ങനെ വരുന്നത് വരട്ടെ എന്ന് ചിന്തിച്ച്, രണ്ടും കൽപിച്ച് ക്ലാസ് ലീഡർ സ്ഥാനത്തേക്ക് നിൽക്കാൻ ഞാൻ തീരുമാനിച്ചു.  പക്ഷേ ഏതു പാർട്ടി?  അന്നൊക്കെ ഈ സ്വതന്ത്രർക്ക്  കെട്ടിവച്ച കാശുപോലും കിട്ടാത്ത കാലമാ.  സ്ഥാനാർഥി എന്നെങ്ങാനം പറഞ്ഞു ചെന്നാൽ KSU-ക്കാർ  എന്നെ കണ്ടം വഴി ഓടിക്കുകയും ചെയ്യും.

ഇനി ആകെ ഒരു ഓപ്‌ഷൻ മുന്നിലുള്ളത് SFI ആണ്.  എൻറെ വ്യാകുല മാതാവേ...! പള്ളിയോ പട്ടക്കാരനോ പുണ്യവാളന്മാരോ ഇല്ലാത്ത പാർട്ടി!  കപ്പയ്ക്കും മത്തിക്കും പകരം  പരിപ്പുവടയും കട്ടൻകാപ്പിയും ദിനേശ്ബീഡിയും  കൊണ്ട് ജീവിക്കുന്ന ക്ഷുദ്രജീവികൾ.  അവരുടെ പാളയത്തിലേക്ക് ചേക്കേറുക എന്നുവച്ചാൽ??

രാത്രികളിൽ ഞാൻ കൂലങ്കഷമായി ആലോചിച്ചു.  ഒതുക്കത്തിൽ ക്ലാസിൽ ഒരു രഹസ്യ സർവേ നടത്തി നോക്കി. അമ്പത് ശതമാനത്തിൽ കൂടുതൽ SFI കാരാണ്.  ചാൻസുണ്ട്.  ചെറിയ രീതിയിൽ കുറെ മോഹന വാഗ്‌ദാനങ്ങൾ നൽകിയാൽ ചിലപ്പോൾ പുഷ്‌പം പോലെ ജയിച്ചുകയറാം.  ജയിച്ചു കഴിഞ്ഞാൽ.....ഹോ!  ഓർക്കുമ്പോൾ കുളിരുകോരുന്നു.

അവസാനം  'ഉണ്ടുകൊണ്ടിരുന്ന നായർക്ക് ഒരു വിളിവന്നു' എന്നപോലെ അതങ്ങ് തീരുമാനിച്ചു. SFI ബാനറിൽ മത്സരിക്കുക.  വീട്ടിൽ അധികം  പബ്ലിസിറ്റി കൊടുക്കാതിരിക്കുക.  ദൈവം സഹായിച്ച് അപ്പൻ എന്റെ സ്‌കൂൾ കാര്യത്തിൽ വലിയ ഇടപെടലുകൾ നടത്താറില്ല.  പോഗ്രാസ്സ് കാർഡിൽ ഒപ്പുചാർത്തി എൻറെ വിദ്യാഭാസത്തിന്റെ പരിതാപകരമായ അവസ്ഥ കണ്ട്  ഇങ്ങനെ പോയാൽ നിനക്ക് ചാണകം വാരുന്ന പണി കിട്ടും' എന്ന പ്രവചനം  ഇടയ്ക്കിടെ നടത്തുമെന്നല്ലാതെ പ്രയോജനമില്ലാത്ത കാര്യങ്ങൾക്ക് അപ്പൻ പണ്ടേ വലിയ താൽപര്യം കൊടുക്കാറില്ല.  അപ്പനെ സംബന്ധിച്ച് ഞങ്ങൾ സ്‌കൂളിൽ പോകുന്നതുകൊണ്ട് മൂന്നു കാര്യങ്ങൾ നടക്കും.  ഒന്ന്, വീട്ടിലെ ശല്യം ഒഴിഞ്ഞുകിട്ടും. രണ്ട്, ഉച്ചക്കഞ്ഞിയോ,  ഉപ്പുമാവോ ഒക്കെ തിന്ന് ഒരുനേരത്തെ തീറ്റക്കാര്യം പണ്ടാറമടങ്ങും.  മൂന്ന്, ഞങ്ങളെപോലെയുള്ള ഉണ്ണാക്കമാടന്മാരെ സ്‌കൂളിൽ വിട്ടാൽ പാവം പിടിച്ച കോശി സാറും, കുറുപ്പുസാറും ഒക്കെ ഇതുപോലെ വാധ്യാര് പണിയിയുമായി കഞ്ഞികുടിച്ചങ്ങ്  കഴിഞ്ഞുപോകും.

ഇനിയുള്ളത് അത്യുഗ്രൻ പോരാട്ടം.  വീറും  വാശിയുമുള്ള തന്ത്രങ്ങൾ മെനയണം.  ആനന്ദ് അവൻറെ സ്വാധീനം എല്ലാ മേഖലയിലും ചെലുത്താൻ നോക്കും.  അതിനെ പ്രതിരോധിക്കണം.  ഒന്നല്ല ഒൻപതിനായിരം  മോഹന വാഗ്‌ദാനങ്ങൾ  ക്ളാസിലുള്ളവർക്ക് നൽകണം.  ഓരോരുത്തന്റെയും വീക്നെസ്സിൽ കേറിപ്പിടിച്ചോണം.  വാളൻപുളി, കണ്ണിമാങ്ങ, നെല്ലിക്ക, ലോലോലിക്ക, ചാമ്പക്ക, തേങ്ങാപ്പീര മുട്ടായി, ഗ്യാസുമുട്ടായി എന്നിങ്ങനെ വിവിധതരം കൈകൂലികൾ വിതരണം നടത്തേണ്ടതായി വരും.  ജനാധിപത്യത്തിൽ ഇത്തരം കൊടുക്കൽ വാങ്ങലുകൾ അത്യന്താപേക്ഷിതവുമാണല്ലോ.  എന്നെ കെട്ടിപ്പിടിച്ച് 'എൻറെ പൊന്നേ നിനക്കേ ഞാൻ വോട്ടുചെയ്യൂ' എന്ന് പറയുന്നവന്റെ വോട്ട് കീഴെക്കൂടെ പോകാതെ നമ്മുടെ പെട്ടിയിൽ തന്നെ ഇടീക്കണം.

വാക്‌പോരാട്ടത്തിൽ എനിക്ക് ആനന്ദിനെ തോൽപിക്കാൻ പറ്റില്ല. പകരം രാഷ്ട്രീയത്തിന്റെ മർമ്മപ്രധാന അടവായ ഇല്ലാത്ത കുറ്റം പറഞ്ഞ് അവനെ നാറ്റിക്കണം.  ഒമ്പത് 'എ' ഡിവിഷനിൽ ആറ്റുനോറ്റ് കിട്ടിയ സ്ഥാനാർത്ഥിയായതിനാൽ എന്നെ കമ്യൂണിസ്റ്റുകാർ മൊത്തത്തിലങ്ങ് ദത്തെടുത്തു.  ലെനിനും സ്റ്റാൻലിനും ഒക്കെ തൊട്ടു താഴെയാണ് എന്റെ സ്ഥാനം എന്നെനിക്ക് തോന്നിപോയി.  താൻ 'ഈസിയായി ജയിച്ചുകയറും' എന്ന് ആനന്ദ് വീമ്പിളക്കിയപ്പോൾ.  'അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതിയെന്ന്'  ഞാനും തിരിച്ചടിച്ചു.

നോമിനേഷൻ പിൻവലിക്കാനുള്ള അവസാനദിവസത്തിന് തലേദിവസം ആനന്ദ് എന്നെ അടുത്തേക്ക് വിളിച്ച് ഒരു കാര്യം പറഞ്ഞു.

"ഡോ ... താൻ സ്‌കൂളിന്റെ മുറ്റത്തെ ആൽമരചുവട്ടിൽ വൈകിട്ട് ഒന്ന് വരാമോ?"

"എന്തിനാ?"  മുളപൊട്ടിയ സംശയത്തോടെ ഞാൻ അവനെ നോക്കി.  ശത്രുവാണ്, പ്രത്യേകിച്ച് കോൺഗ്രസ്സ്.  സൂക്ഷിക്കണം.

"അവിടെ വാ, ഒരു രഹസ്യം പറയാനാ"

ഇതിലെന്തോ ഏടാകൂടം ഉണ്ട്.  അല്ലെങ്കിൽ അവൻ ഇങ്ങനെ ഒതുക്കത്തിൽ വിളിക്കില്ലല്ലോ.  വല്ല ബ്ലാക്മെയിലിംഗിനുമുള്ള  പുറപ്പാടാണോ?  ആലോചിച്ചാലോച്ച് തലപുകഞ്ഞു.   വിളിച്ചുവരുത്തി കോൺഗ്രസ്സ് ഗുണ്ടകളെകൊണ്ട് അടിപ്പിക്കാനാണോ?  സംശയങ്ങൾ പലതും പൊന്തിവന്നെങ്കിലും ഒരു നല്ല കമ്യൂണിസ്റ്റ് വെടിയുണ്ടകളെപ്പോലും പേടിക്കുന്നവനല്ല എന്ന ചിന്തയിൽ വൈകിട്ട് ഞാൻ ആൽമരത്തിൻറെ ചുവട്ടിലെത്തി.  ദൂരെനിന്നുതന്നെ എന്നെ കാത്ത് അവൻ അവിടെ നിൽക്കുന്നത് കണ്ടു.

"എന്താ കാര്യം?" ചെന്നപാടെ അവനെ അടിമുടിയൊന്ന് നോക്കിയിട്ട് ഞാൻ തിരക്കി.

"എടാ,  തന്നോടെനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട്..."  എനിക്ക് കാര്യം മനസിലായില്ല.  വലിയപുള്ളിയായ ഇവന് എന്നോട് എന്ത് റിക്വസ്റ്റ്?

"ദാണ്ടേ..  നിനക്കറിയാമല്ലോ, നമ്മുടെ ക്‌ളാസിൽ SFI യും, KSU യും ബലാബലമാ.  പറഞ്ഞുവന്നാൽ നീയും ഞാനും കോൺഗ്രസ്സ്.  നീ ചുമ്മാ ചുമ്മാ നാണക്കേടുണ്ടാക്കാതെ എന്നെ ഒന്ന് ഹെൽപ് ചെയ്യണം"

"ഹെൽപോ .. എന്തൊരു ഹെൽപ്?"  എൻറെ കണ്ണിൽ അതുഭുതം വിരിഞ്ഞു.

"എടാ, നീ ദയവുചെയ്ത് ഇലക്ഷനിൽ നിന്നും പിന്മാറണം.  നാളെ നോമിനേഷൻ പിൻവലിക്കാനുള്ള അവസാന ദിവസമാ"  ഇതും പറഞ്ഞ് അവനെന്റെ തോളിൽ  സഹോദരസ്നേഹം തുളുമ്പുന്ന ഒരു പിടിത്തം പിടിച്ചു.

ഞാനാകെ അമ്പരന്നുപോയി.  ഭീഷണിപ്പെടുത്തും എന്ന് കരുതിയവൻ ഇതാ അപേക്ഷിക്കുന്നു.  സ്നേഹിച്ച് കൊല്ലുന്നു!  ഇതിപ്പോ ആകെ ജഗപൊകയായല്ലോ.  'സ്നേഹത്തിന്റെ നിരസനം പാപം' എന്നാണ് സണ്ടേസ്‌കൂളിൽ പഠിച്ചിരിക്കുന്നത്. അതേ സമയം യാചിച്ച് വന്ന് കർണ്ണന്റെ കവചകുണ്ഡലങ്ങൾ അടിച്ചുമാറ്റികൊണ്ടുപോയി യുദ്ധത്തിൽ ആപ്പടിച്ച വീരന്മാരും ഉണ്ട്.

ആകെ കൺഫൂഷ്യൻ ആയി.  ജനാധിപത്യത്തിൽ എനിക്ക് വരാൻ പോകുന്ന സൗഭാഗ്യങ്ങൾ ഇവൻറെ വാക്കിന്റെ പുറത്ത് കളഞ്ഞുകുളിക്കണോ?  സാറന്മാരുടെ മുന്നിൽ നമുക്കുള്ള സ്ഥാനം, പിള്ളാർക്ക് നമ്മളോടുള്ള പേടി.  അതെല്ലാം മനസ്സിൽ കണ്ടപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു. 'നീയല്ലേ നിൻറെ കീച്ചിപ്പാപ്പ വന്നു പറഞ്ഞാലും, പൊന്നുമോനെ ഞാൻ നോമിനേഷൻ പിൻവലിക്കത്തില്ല'

ഒന്നും മറുപടി പറയാതെ അവനെ നോക്കുകുത്തിപോലെ നിർത്തി ഞാൻ തിരിഞ്ഞുനടന്നപ്പോൾ വിവരമുള്ള അവന് കാര്യം പിടികിട്ടിക്കാണും.

വീട്ടിൽ പോയി രാത്രി കിടക്കുമ്പോൾ ഞാൻ ഒത്തിരി സ്വപ്‌നങ്ങൾ കണ്ടു.  സാറന്മാർക്ക് ഗുരുദക്ഷിണപോലെ മുറ്റത്ത് നിൽക്കുന്ന കാപ്പിമരത്തിൽ  നിന്നും  നല്ല മൂത്ത രണ്ടു കമ്പ് വെട്ടികൊണ്ട് കൊടുക്കണം.  അയലത്തുള്ള തയ്ക്കുന്ന ചേച്ചിയെ സോപ്പിട്ട് ബോർഡ് തുടക്കുന്ന ഡസ്റ്റർ ഉണ്ടാക്കിക്കണം.  ക്ലാസിലെ എൻറെ ശത്രുക്കളുടെ ഒക്കെ പേര്, സംസാരിക്കുന്നവരുടെ കൂട്ടത്തിൽ എഴുതി നല്ല ചുട്ട അടി വാങ്ങികൊടുക്കണം.  എത്രയെത്ര മനോഹര ജനാതിപത്യ സ്വപ്‌നങ്ങൾ.

അങ്ങനെ, നിശ്ചയിച്ച ദിവസം തന്നെ ഇലക്ഷൻ നടന്നു.  ജീവൻ മരണപോരാട്ടം.  ആര് ജയിക്കും?  ആര് തോൽക്കും?

സ്‌കൂൾ ലൈബ്രറിയിൽ പോളിംഗ് സ്റ്റേഷനിൽ, സ്‌കൂളിനടുത്തുള്ള തമ്പിസാറിന്റെ അരിമില്ലിലെ ബെൽറ്റ് കിടന്നടിക്കുന്നപോലെ നെഞ്ചിടിപ്പോടെ ഞാനും ആനന്ദും സാകൂതം നിന്നു.  ഞാൻ ജയിച്ചാൽ ക്ലാസ് ലീഡറാകും.  ആനന്ദ് ജയിച്ചാൽ ക്ലാസ് ലീഡർ മാത്രമല്ല സ്‌കൂൾ ലീഡറും ആകും. അപ്പോൾ എന്നെക്കാൾ ടെൻഷൻ അവനായിരിക്കുമെന്ന്  ഞാൻ കണക്കുകൂട്ടി.

അവസാനം ജോർജ്ജ് മാത്യു സാർ ഇലക്ഷൻ റിസൾട്ട് പ്രഖ്യാപിച്ചു!!

9 'എ' യിൽ  KSU സ്ഥാനാർഥി പത്ത് വോട്ടുകൾക്ക് SFI സ്ഥാനാർത്ഥിയോട് തോറ്റു!!

"ഇ.എം.എസ്സിനെ ഈയം പൂശി ഈയ്യല് പോലെ പറപ്പിക്കും.  കമ്യൂണിസം.. മൂർദ്ദാബാബ്.." ഇങ്ങനെയൊക്കെ മുദ്രാവാക്യം വിളിക്കാൻ കൊതിച്ചുകൊതിച്ചിരുന്ന KSU-ക്കാർ  എല്ലാം പോയി കൂഞ്ഞുവലിച്ചു!!

ആനന്ദ് എന്ന വന്മരത്തെ പിഴുതുമറിച്ച്  ഞാൻ ഒൻപത് 'എ' ഡിവിഷനിലെ ക്ലാസ് ലീഡർ ആകുന്ന അസുലഭനിമിഷം!   മാത്രമോ, മഹത്തായ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അംഗവും.  കാറൽ മാർക്സ്, ലെനിൻ, ഇ.എം.എസ്...  പിന്നെ ഈ ഞാനും.  ദൈവമേ, ഒള്ളത് പറയാലോ ഇപ്പളും ഓർക്കുമ്പോൾ രോമാഞ്ചകുഞ്ചുകമാ.

ഞാൻ ക്ലാസ് ലീഡർ ആയതോടെ കഥ കഴിഞ്ഞു എന്ന് കരുതിയെങ്കിൽ തെറ്റി.  അതിനേക്കാൾ വലിയ മാരണമാണ്  ഇനി വരാനിരിക്കുന്നത്.

വൈകിട്ട് SFI-ക്കാരുടെ മീറ്റിംഗ് കൂടി.  സ്‌കൂൾ ലീഡർ തിരഞ്ഞെടുപ്പ് ഉടനെ തന്നെയുണ്ട്. അതിൽ SFI തന്നെ ജയിക്കണം.  ക്ലാസ് ലീഡറന്മാരിൽ നിന്നും അതിന് പറ്റിയ ഒരു തടിമാടനെ ഒപ്പിച്ചു.  ആരും ഒരു കുതിരക്കച്ചവടത്തിലും വീഴരുത്.  'വിപ്ലവം ജയിക്കട്ടെ. ഇൻക്വിലാബ് സിന്ദാബാദ്!  KSU ക്കാർ അറബിക്കടലിൽ'.

വീണ്ടും രാഷ്ട്രീയം ഉണർന്നു.  SFI കണ്ണും പൂട്ടി ജയിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. രണ്ട് സീറ്റ് മജോറിറ്റി നമ്മൾക്കാണ്.

KSU സ്‌കൂൾ ലീഡർ സ്ഥാനാർഥി വീടിനടുത്തുള്ള ടോമിച്ചനാണ്.  കോൺഗ്രസ്സുകാരുടെ ബലിമൃഗം.  കാര്യം അവൻ എൻറെ അയൽപക്കകാരനും കൂട്ടുകാരനും ഒക്കെയാ.  റബ്ബർ മുട്ടായിയും, പ്ലാസ്റ്റിക് കവറിലെ നാരങ്ങാ അച്ചാറും, കൊച്ചുബിസ്‌കറ്റും, കമ്പ്ഐസും  ഒക്കെ വാങ്ങിത്തന്നിട്ടുള്ളവനാ.  പക്ഷേ ഇന്ന് ഞാനും, നായനാരും നമ്പൂരിച്ചനും ഒക്കെ ഒരു കയ്യായി നിൽക്കുമ്പോൾ 'പൊന്നുമോനേ, അച്ചാർ ചപ്പികഴിയുന്നതോടെ അതിന്റെ എരിയും പുളിയും കഴിയും' എന്ന് ഞാനങ്ങ് മനസ്സിൽ പറഞ്ഞു.

ദിവസങ്ങൾ ഓടിപ്പോയി. ചെളിവാരി എറിയലുകൾ പരസ്പരം നടന്നുനടന്ന്, സ്‌കൂൾ ലീഡർഇലക്ഷനും കഴിഞ്ഞു.

ജയിക്കും എന്ന് SFI ക്ക് നൂറുവട്ടം  ഉറപ്പാണ്.  ഇന്ദിര ഗാന്ധിയെയും,  കരുണാകരനെയും ഒക്കെ വിളിക്കാൻ നല്ല ഒന്നാന്തരം തെറി പാർസലാക്കി വച്ചിട്ടാണ് ഞങ്ങളിരിക്കുന്നത്.   SFI കാരോട് കളിയ്ക്കാൻ ഇവിടെ ഒരുത്തനും ആയിട്ടില്ല.  അഥവാ വന്നാൽ 'അക്കളി തീക്കളി സൂക്ഷിച്ചോ'.  അല്ല പിന്നെ!

മഹാമല്ലനായ ഗോലിയാത്തിനെ കമഴ്ത്തിയടിച്ച ഈർക്കിൽ ചെറുക്കനായ ദാവീദിനെപ്പോലെയും, പീക്കിരിപയ്യനായ വാമനൻ മഹാബലിയെ ചവിട്ടിക്കൂട്ടിയപോലെയും അവിശ്വസനീയമായി സ്‌കൂൾ ലീഡർ റിസൾട്ട് വന്നു.   ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ SFI യെ KSU ക്കാരൻ ടോമിച്ചൻ തോൽപിച്ചുകളഞ്ഞു!!

ഇരുമ്പിൻകൂടം കൊണ്ട് അടിയേറ്റപോലായി ഞങ്ങൾ!!  തികച്ചും അവിചാരിതം. ജയിക്കുമ്പോൾ പൊട്ടിക്കാൻ വച്ച പടക്കങ്ങളും, തൂക്കാൻ ഉണ്ടാക്കിയ തോരണങ്ങളും, വിളിക്കാൻ സൂക്ഷിച്ചുവച്ച മുദ്രവാക്യങ്ങളും, തന്തക്കുവിളിയും എല്ലാം ചീറ്റിപ്പോയി.  ഞങ്ങൾ SFI-ക്കാർ  'അയ്യോ പൊത്തോ' എന്ന് പറഞ്ഞ് നെഞ്ചത്ത് കൈവച്ചു.

ഒരു കാര്യം തീർച്ച.  പാർട്ടിക്കുള്ളിൽ ഏതോ കരിങ്കാലികൾ  ഉണ്ട്. പാർട്ടിയെ ഒറ്റിയവർ. ചാരന്മാർ... അവരാണ് പണി പറ്റിച്ചത്.   കണക്ക് പ്രകാരം SFI ഓരോട്ടിനെങ്കിലും ജയിക്കണം.  ഇതിപ്പോ ഒരു വോട്ടിന്  തോറ്റിരിക്കുന്നു.  എന്തൊരു മറിമായം!?  ഇതെന്ത് രാഷ്ട്രീയം?  എല്ലാവരും തമ്മിൽ തമ്മിൽ  വാക്കുകൾ കൊണ്ട് അരിശം തീർത്തു.

ആരാണ് ആ ഒറ്റുകാർ?  ആരോ രണ്ട് പഹയന്മാർ വോട്ട് കൊണ്ട് KSU വിന്റെ പെട്ടിയിൽ ഇട്ടിട്ടുണ്ട്.  ആരാണവന്മാർ?  അന്ത്യശാസനം മുഴങ്ങി.  ആരാണേലും അവന്മാരെ കണ്ടുപിടിക്കണം.  പാർട്ടിയുടെ ചട്ടം പഠിപ്പിക്കണം.

മീറ്റിങ്ങുകൾ ഒന്നിനുപുറകെ ഒന്നായി കൂടി,  പരസ്‌പരം ചെളിവാരിയെറിഞ്ഞു.  നേതാക്കന്മാരുടെ പിടിപ്പുകേടുകൊണ്ടാണ് ഇതുപറ്റിയത് എന്നാണ് പാർട്ടിയുടെ മതം.   പാരവെച്ച വലിയ പുപ്പുലികളെ കണ്ടെത്താനാകാതെ ഞങ്ങൾ ഇരുന്നു.  കുരങ്ങൻ ചത്ത കോരനെപ്പോലെയായിരുന്നു ആ ഇരിപ്പ്.  അങ്ങനെയുള്ള  ഒരു മീറ്റിംഗിൽ "ആരായാലും അവനെ ഞാൻ പൂട്ടും" എന്നൊരു വിളംബരം ഞാൻ നടത്തി. അതെങ്ങനെയെന്ന് ചോദിച്ചവരോട് ഞാൻ പറഞ്ഞു.

"ഞാൻ നമ്മുടെ ഗീവറുഗീസ് പുണ്യവാളന് നല്ലൊരു നേർച്ച നേരും. പാരവെച്ചവന്റെ അണ്ണാക്കിൽ പാമ്പുകേറി കൊത്തും, കണ്ടോ.. 'ഇന്നാ പിടിച്ചോ' എന്ന് പറഞ്ഞ്  ശൂലം വായിൽ കുത്തിക്കയറ്റി പാമ്പിന്റെ പരിപ്പ് ഇളക്കിയവനാ പുണ്യവാളൻ.  അതും പോരാഞ്ഞ്  നമ്മുടെ അമ്പലത്തിലെ ദേവിക്ക് ഒരു നേർച്ചകൂടി  നേർന്നാൽ അവൻറെ അകവാളുവെട്ടി വയറിളകി, വയറിളകി ചാകും കണ്ടോ"

പാർട്ടി സിദ്ധാന്തത്തിന് എതിരാണെങ്കിലും ആപ്പടിച്ചവന് തിരിച്ച് പുണ്യവാളനോ, ദേവിയെ ആരെങ്കിലും ഒരെണ്ണം കൊടുത്താൽ നാന്നായിരുന്നു എന്ന പ്രതികാരമോഹത്തിൽഎല്ലാവരും എന്നെ സപ്പോർട്ട് ചെയ്യുകയും ചെയ്തു.

അസംബ്ലിയിൽ ടോമിച്ചൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ 'എടാ, കുതിരക്കച്ചവടം നടത്തി പാർട്ടിയെ തോല്പിച്ചവനെ നീ ഒരിക്കലും കൊണം പിടിക്കില്ല' എന്ന് ഞങ്ങൾ ഊന്നി ഊന്നിപ്പറഞ്ഞു.  അവനാണേൽ  'നീയൊക്കെ എന്നെ പുളിങ്കുരു പോലെ അങ്ങ് ഞൊട്ടും... ഒന്ന് പോടാ ഉവ്വേ' എന്നമട്ടിലാണ് നിൽപ്പും, നടപ്പും.

പശുവും ചത്തു മോരിന്റെ പുളിയും പോയി എന്ന രീതിയിൽ ആണ് പിന്നെ കാര്യങ്ങൾ നടന്നത്.  എന്താണെന്ന് വച്ചാ,  ഗീവറുഗീസ് പുണ്യവാളനല്ല, ഭദ്രകാളിയല്ല, സാക്ഷാൽ ബ്രഹ്മാവ് വിചാരിച്ചാൽ പോലും രാഷ്ട്രീയപാർട്ടിക്കുള്ളിലെ കള്ളനെ കണ്ടുപിടിക്കാൻ പറ്റുമോ?  എന്നെ തെറിവിളിക്കാൻ വന്നവന്മാരോട് എനിക്ക് പറയാൻ ന്യായവും ഉണ്ടായിരുന്നു.  'മതം മനുഷ്യനെ മറക്കുന്ന കറുപ്പാണ്, ദൈവങ്ങളെ ചാട്ടവാറിനടിക്കണം,  ജാതിവാൽ മുറിച്ചുകളയണം' എന്നൊക്കെ വല്യവർത്തമാനം പറയുന്ന ഈ പാർട്ടിയെ ഏത് ദൈവംതമ്പുരാനാണ് ഇഷ്ടപ്പെടുക?  ഭക്തരിൽ സംപ്രീതൻ ആകണമെങ്കിൽ ഇച്ചിരി ത്യാഗം ഒക്കെ അനുഭവിക്കണം.  ഒറ്റക്കാലിലും, തീയുടെ പുറത്തും, മഞ്ഞോ മഴയോ നോക്കാതെ ആഞ്ഞുകുത്തി കിടന്നാണ് പുരാണത്തിൽ വരങ്ങളും സമ്മാനങ്ങളും ഒക്കെ ഭക്തന്മാർ അടിച്ചോണ്ടുപോകുന്നത്.  ഇവിടെ  ദൈവത്തെ ചീത്തയും വിളിച്ച്, ദിനേശ് ബീഡിയും പരിപ്പുവടയും കട്ടനും തട്ടിക്കൊണ്ട് ഇരുന്നേച്ചാൽ പുണ്യവാളന്മാർ ഇങ്ങോട്ട് വന്ന് ഒണ്ടാക്കിതരും.  ചുമ്മാ വേറെ വല്ല പണിയും നോക്ക് - ഞാൻ വിട്ടുകൊടുക്കുമോ?

ഇങ്ങനെയൊക്കെ ഞാൻ പറഞ്ഞെങ്കിലും ഒള്ള സത്യം പറയാമല്ലോ. ഒരു മഹാരഹസ്യം.  പാർട്ടിയെ ഒറ്റിയവരിൽ ഒരാളെ എനിക്ക് അന്നറിയാമായിരുന്നു!   അത് അവിടെ വച്ച് പറഞ്ഞ് ആ പാവത്തിന്റെ തടികേടാക്കണ്ട എന്ന മാനുഷികപരിഗണനയുടെ പുറത്ത് മാത്രമാണ് ഞാൻ നിശ്ശബ്ദനായിരുന്നത്.

ഒരു അന്വേഷണ കമ്മറ്റിക്കും കണ്ടുപിടിക്കാൻ പറ്റാത്ത ആപ്പടിച്ച ആ മഹാൻ ആരാണെന്ന്  ഇന്ന് ഈ വൈകിയ വേളയിലെങ്കിലും  ഞാൻ പറയുകയാണ്.  ഒരു  തുറന്നുപറച്ചിലിന്  പ്രേരിപ്പിച്ച ചേതോവികാരമാകട്ടെ, വയനാടൻ കുന്നുകളിൽ വച്ച്  'നക്‌സൽ വർഗീസിനെ ഞാനാണ് വെടിവെച്ച് കൊന്നത് മാളോരേ' എന്ന്  നെഞ്ചത്ത് കൈവച്ച്  കേരളക്കരയോട് വിളിച്ചു പറഞ്ഞ സാക്ഷാൽ രാമചന്ദ്രൻനായർ പോലീസ് എന്ന നമ്മുടെ നാട്ടുകാരനാണ്.

നിങ്ങൾ കേൾക്കണം ആ സത്യം.  അന്ന് പാർട്ടിയെ ഒറ്റിയ മഹാപാപികളിൽ ഒരാൾ ഞാൻ ആകുന്നു!  ഈ ഞാൻ!

ഇതുകേൾക്കുമ്പോൾ ഒരുപക്ഷേ നിങ്ങൾക്ക് തോന്നും ഞാനിപ്പോ  "എൻറെ പിഴ, എൻറെ പിഴ.. എൻറെ വലിയ പിഴ" എന്ന് പറഞ്ഞ് മാപ്പപേക്ഷിക്കുമെന്ന്.   അതിനേ; വേറെ ആളെ നോക്കണം.  അപ്പനപ്പൂപ്പന്മാരായി തേങ്ങാ പറിക്കാനല്ല തോമാശ്ലീഹാ സ്നാനോം മുക്കി, മനോരമയും വായിപ്പിച്ച് കോൺഗ്രസ്സുകാരാക്കി ജനിപ്പിച്ചിരിക്കുന്നത്.  എവിടെപ്പോയാലും കോൺഗ്രസുകാരൻ  തനിക്കൊണം കാണിക്കാതിരിക്കുമോ?

"ഈയമ്മസ്സിനെ ഈയം പൂശി ഈയലുപോലെ പറപ്പിക്കും..കമ്യൂണിസം അറബിക്കടലിൽ... KSU സിന്ദാബാദ്... ഇന്ദിരാഗാന്ധി കീ ജയ്.. കെ. കരുണാകരൻ കീ ജയ്.."  ഇതെഴുതുമ്പോഴും കാതുകളിൽ  വന്നുപതിക്കുന്നത് ടോമിച്ചനെ പൊക്കി തോളേൽകേറ്റി കോൺഗ്രസ്സ് കുഞ്ഞുങ്ങൾ അന്ന് അലറിവിളിച്ചതാണ്.

പക്ഷേ,  ഇന്നും ദുരൂഹമായി ഉത്തരം കിട്ടാതെകിടക്കുന്നത്,  അന്ന് പാർട്ടിയെ ഒറ്റിയ രണ്ടാമൻ ആരാണെന്നുള്ളതാണ്.  കാലാന്തരേ പശ്ചാത്താപ വിവശനായി ആ മഹാൻ ഇതുപോലെയെങ്ങാനം  അത് വെളിപ്പെടുത്തും എന്ന പ്രതീക്ഷ എനിക്കുണ്ട്.

അമീബ പോലെ 'വളരുംതോറും പിളരുന്ന' പാർട്ടികൾ ഉള്ള ഇക്കാലത്ത്, എനിക്ക് ക്ലാസ്സ് ലീഡർ ആകാൻ  വേറെ വഴിയൊന്നുമില്ലന്നുള്ള ഗതികേടുകൊണ്ടാണ്  ഈ പാതകം ചെയ്തതെന്ന് ഇനിയെങ്കിലും എൻറെ അഭ്യദയകാംഷികൾ മനസ്സിലാക്കിക്കോണം.

എനിക്ക്  അന്ന് വോട്ടുതന്ന് ജയിപ്പിച്ച കുഞ്ഞുസഖാക്കളുടെ നേരെ ' എൻറെ പൊന്നോ, നിങ്ങൾ അങ്ങ് ഷെമി'  എന്ന് കൈകൂപ്പി പറഞ്ഞുകൊണ്ട് ഈ എളിയ രാഷ്ട്രീയമാനിഫെസ്റ്റോ അവസാനിപ്പിക്കുന്നു.  ഒപ്പം, ഇതുവായിക്കുന്ന ആനന്ദ് എന്ന മഹാമനസ്‌കൻ എന്നോട് പൊറുക്കുമെന്ന ഉത്തമവിശ്വാസത്തോടെയും,

ജയ് ഹിന്ദ് ... വന്ദേമാതരം.  നന്ദി, നമസ്‌കാരം.

1 comment:

  1. Edaa Joyiiiii😭😭😭😠😠ee anandh ne koodi onnu velivaakki tharane. Its my request 🤣😂🤣

    ReplyDelete