Monday, June 25, 2018

ആരുമറിയാത്ത ജന്മദിനം

ഈ ദിനവും കടന്നുപോകുന്നു.

സത്യമായും എല്ലാത്തിനും ഓരോ ദിനങ്ങളുണ്ട്.  പ്രേമത്തിന്, സമാധാനത്തിന്, പിതാവിന്, മാതാവിന്, സുഹൃത്തിന്, ഭൂമിക്ക്, അണുബോംബ് ഇട്ടതിന്, ഇടാത്തതിന്.. എല്ലാത്തിനും.

അയാൾക്കും ഒരു ദിനമുണ്ട്. വ്യത്യസ്തനായ ഒരു ജീവിയായി അയാൾ ഓരോ തവണയും പുതുക്കപ്പെടുന്ന ദിനം. അപശകുനമായി ആട്ടിയോടിക്കപെട്ടതും, വയറിൽ എരിയുന്ന വിശപ്പിന്റെ ദണ്ഡനം കൊണ്ടുപുളഞ്ഞതും, കണ്ണിൽ നീർവറ്റി കരളിലേക്ക് അതുരുണ്ടുകൂടിയതും ഓർമിപ്പിക്കുന്ന ദിനം. ഓർമ്മകൾ മധുരം മാത്രമല്ല കയ്പ്പും നിറഞ്ഞതാണെന്ന് അടയാളപ്പെടുത്തുന്ന ദിവസം.

ഈ ദിനവും അയാൾ വത്യസ്തനാകുന്നു. ഒന്നല്ല പലവഴികളിലൂടെ.

എല്ലാവരും ഉറക്കത്തിന്റെ പടുകുഴിയിൽ വീണുകിടക്കുന്ന നേരത്ത് അയാൾ  ടേബിൾ ലാമ്പിൻറെ വെളിച്ചത്തിൽ സ്വന്തമായി ഒരു ലോകം തീർക്കുന്നു. ആ ലോകമാണയാളുടെ എല്ലാം. സന്തോഷവും സന്താപവും എല്ലാം അവിടെ ഇണചേരുന്നു. കണ്ണീരും, കിനാവും, മധുരവും കയ്പ്പും എല്ലാം  തൊട്ടുതലോടി നിൽക്കുന്നു. ആ ലോകം അയാളുടെ മാത്രം ലോകമാകുന്നു.  അതെ, എല്ലാവരും ഉറങ്ങുമ്പോൾ അയാൾ ഉണരുകയാണ്.

മത്സ്യവും മാംസവും ഇല്ലാത്തൊരവസ്ഥ രസമുകുളങ്ങളെ അനാഥമാക്കപെടലിന്റെയോ ശൂന്യമാക്കെപ്പെടുന്നതിന്റെയോ, വലിച്ചെറിയപെടുന്നതിന്റെയോ അടയാളപ്പെടുത്തലായി  കാണപ്പെടുന്ന കുടുംബത്തിൽ,  ഒരു പാപിയെപ്പോലെ അയാൾ ജീവിച്ചു. ശവശരീരങ്ങളെ കടിച്ചുകീറി ഭുജിക്കുന്നത് അരോചകവും അനീതിയുമാണെന്ന് സ്വയം വിഡ്ഢിയെപ്പോലെ കരുതി കാഴ്ച്ചക്കാരനെപ്പോലെ അയാൾ തീന്മേശയിലിരുന്നു.  പച്ചിലയും കായകളും കഴിക്കുന്ന അയാൾ അവിടെ 'നമ്പൂതിരി, പട്ടർ' എന്നീ അപരനാമങ്ങളിൽ അറിയപ്പെട്ടു. അതെ, എല്ലാവരും മത്സ്യ മാംസാദികളിൽ ഉത്സവും കൊണ്ടാടിയപ്പോൾ അയാൾ പച്ചക്കറികളിൽ പുണ്യം കണ്ടെത്തി.

പേനകൾ എന്നും അയാൾക്ക് ഹരമായിരുന്നു. അതും മഷിചുരത്തുന്ന ഫൗണ്ടൻ പേനകൾ. തന്റെ പേനയുടെ മുനയുടെ ചെറുവിടവിലാണ് എഴുത്തുകാരൻറെ കഥയും  കവിതയും  ഉറങ്ങുന്നതും ഉണരുന്നതും വികാരഭരിതമാകുന്നതും എന്നയാൾ വിശ്വസിക്കുന്നു.  ആ വിടവിലൂടെ അരിച്ചിറങ്ങുന്ന മഷിത്തുള്ളിയാണ് കഥയുടെ ജീവൻറെ ആധാരം എന്ന ധാരണ അയാളുടെ മനസ്സിൽ തറഞ്ഞുപോയി. അതെ, വ്യത്യസ്തമായി ആ പേനകൾ അയാൾ തൂലികയാക്കി.

ലിഫ്റ്റുകൾ അയാൾക്ക് അന്യമായതുപോലെ. വർഷങ്ങളായി ഫ്‌ളാറ്റിൽ നാലാം നിലയിൽ താമസിക്കുന്നു. അപൂർവങ്ങളിൽ അപൂർവമായി മാത്രം  ബിൽഡിങ്ങിൽ അയാൾ ഉപയോഗിക്കുന്ന സിസ്റ്റമാണ് ലിഫ്റ്റ്.  ഒരു ദിവസം കുറഞ്ഞത് രണ്ടു മൂന്ന് വട്ടം തൊണ്ണൂറ്റി മൂന്ന് പടികൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്  കാലുകൾക്കാനന്ദമാണെന്ന് അയാൾ വിശ്വസിച്ചുപോകുന്നു. അതുപോലെ എസ്കലേറ്ററുകൾ ഉള്ളിടത്തെല്ലാം അയാളെ ആകർഷിക്കുക പടവുകൾ മാത്രം. പടവുകളിൽ കയറുമ്പോൾ ഉയരങ്ങളിലേക്ക് എവിടേക്കോ നടന്നുപോകുന്ന സന്തോഷം മനസ്സിൽ തുടികൊട്ടിപ്പാടും. അതെ, എല്ലാവരും പടവുകൾ ഉപേക്ഷിക്കുമ്പോൾ അയാൾ ശിലായുഗത്തിലെന്നപോലെ നടന്നുപോവുകയാണ്.

സോപ്പിൽ കുതിർത്ത്, ബ്രഷ് വച്ചുരച്ച് അയാൾ വിഴുപ്പുകൾ കഴുകുന്നു. സ്‌കൂൾമുതൽ പഠിച്ച ശീലം. വാഷിങ് മെഷീൻ എന്തിനാണെന്ന് സ്വയം ചോദിക്കുന്ന വിഡ്‌ഡി. സ്വന്തം തുണി, ഉരച്ചുകഴുകി, സ്വയം ഇസ്തിരിയിട്ട് ധരിക്കുമ്പോൾ ഉണ്ടാകുന്ന ആനന്ദം അത് യന്ത്രത്തിലിട്ട് മർദ്ധിച്ച വസ്ത്രത്തിന് കിട്ടില്ല എന്ന മൂഢസ്വർഗ്ഗത്തിലാണയാൾ. അപ്പോൾ നെറ്റിയിൽ പൊടിയുന്ന വിയർപ്പുകണങ്ങൾ മന്ത്രിക്കും-നെറ്റിയിലെ വിയർപ്പുകണങ്ങൾ കൊണ്ടല്ലേ നീ ഭക്ഷിക്കുന്നത്?.

അയാളുടെ വിഡ്ഢിത്തരങ്ങളുടെ ലോകത്ത് അയാൾ മാത്രം. ആരെയും കൂടെ കൂട്ടാറില്ല, ആരും കൂടാറുമില്ല.

ഏകാന്തതയുടെ സുഖം  അങ്ങനെ അനുഭവിക്കുമ്പോൾ  വർഷത്തിലൊരിക്കൽ ആ ദിവസം വരും. അപ്പോൾ അയാൾ നെടുവീർപ്പിടുകയും കൈകൾ കൂടുതൽ ചുക്കിച്ചുളിഞ്ഞോ എന്നും, നെറ്റിയിലും കൺതടങ്ങളിലും കൂടുതൽ വരകളും കറുപ്പും പടർന്നിരിക്കുന്നുവോ എന്നും  കണ്ണാടിയിൽ നോക്കി ചോദിക്കും. പണ്ട് വീടിൻറെ മച്ചിൽ എന്നോ കണ്ടു മറന്ന ഉണങ്ങിയ എട്ടുകാലിയുടെ കാറ്റത്താടുന്ന ജീവനില്ലാത്ത ശരീരം അയാൾക്കോർമ്മവരും. ഒരിക്കൽ അതിനും ജീവനുണ്ടായിരുന്നു. ആക്രമിക്കുകയും വലകെട്ടി ഇരയെപ്പിടിക്കുകയും ചെയ്‌ത ജീവി സ്വന്തം വലയിൽ ഒരു കരിയിലപോലെ ഉണങ്ങി കാറ്റത്താടിയുലയുന്നു.  ആ എട്ടുകാലിപോലെ ഞാനും ഒരിക്കൽ ആയിത്തീരും എന്നാണ് ഈ ദിനം വന്നുപറയുന്നത് എന്നയാൾ ചിന്തിച്ചുപോകുന്നു.

അതെ. ഇന്ന് അയാളുടെ ജന്മദിനം. അയാൾ എന്ന് പറഞ്ഞാൽ ഞാൻ. ഈ ഞാൻ!

പൂത്തിരിയില്ല, മത്താപ്പില്ല, ഒന്നോർക്കാൻ പോലും ഞാൻ മറന്നു പോകുന്ന ദിവസം. സ്‌കൂളിൽ ചേർക്കുമ്പോൾ പേരെഴുതി ഫോം പൂരിപ്പിക്കാൻ  മദ്യലഹരിയിൽ നിന്ന ആൾ  ദാനംപോലെ എഴുതിത്തന്നതാണ് ജന്മദിനം.  സത്യത്തിൽ ജനിച്ച യഥാർത്ഥ ദിവസം കുറിച്ചിടപ്പെട്ടത്  വീട്ടിലെ സത്യവേദപുസ്‌തകം എന്നെഴുതിയ ബൈബിളിലാണ്.  കുറിക്കപ്പെട്ട സത്യജന്മദിനം പുതിയ ബൈബിൾ വന്നപ്പോൾ മൂലയിലേക്ക് തള്ളപ്പെട്ട് ചിതലുകൾക്ക് ആഹാരമായി. അതോടെ ഭൂമുഖത്തുനിന്നും എന്നെന്നേക്കും ജനനത്തീയതി മായ്ച്ചുകളയപെട്ടു. മച്ചിൽ തൂങ്ങുന്ന ചിലതന്തിയുടെ ജഡം പോലെ സത്യവേദപുസ്‌തകം സത്യവും പുണ്യവും വേണ്ടാത്ത ചിതലുകൾ തോലിന്റെ പുറചട്ടയാക്കി മാത്രം നിലനിർത്തി. അന്നുമുതൽ കൃത്രിമ ജനനത്തീയതി ഒരു പച്ചകുത്തുപോലെ  നോക്കി ഇളിക്കാനാരംഭിച്ചു. ഞാൻ മാത്രമല്ല ആ തലമുറയിലെ ഒട്ടനവധി ബാല്യങ്ങൾക്ക്  നൽകപ്പെട്ട വിധിയായിരുന്നു അത്.

ഇന്ന് ഞാൻ പോലും ഓർക്കപ്പെടാതെ പോകുന്നെങ്കിലും, മുഖപുസ്തകത്തിൽനിന്ന് ഒളിപ്പിച്ചെങ്കിലും,  ചില കമ്പ്യൂട്ടർ സർവറുകൾ എൻറെ ഈ ജനനതീയതി വഴിപാടുപോലെ ഓർത്തുവയ്ക്കുന്നു. അവറ്റകൾ ഞാൻ ആഗ്രഹിക്കാത്ത ജന്മദിനാശംസ നേരുന്നു. അവരിലേക്ക് മാത്രം ഞാൻ ഉൾപ്പെടെയുള്ള സമൂഹം  ഒതുങ്ങുന്നതുകൊണ്ടാണോ ഒരു മനുഷ്യൻ പോലും നാക്കാലോ നോക്കാലോ പറയാത്തത് യന്ത്രങ്ങൾ പറയുന്നത്? അറിയില്ല. സത്യമായും ഞാനും എന്നിലേക്ക്  മാത്രം ചുരുങ്ങിപോകുന്ന ഒരു സമൂഹജീവിതന്നെയാണല്ലോ.

നാം മറക്കപ്പെടേണ്ടവരാണ്. മണ്മറഞ്ഞുപോകേണ്ടവരുമാണ്. ഒരു നിഴൽപോലും, തിരുശേഷിപ്പുപോലും ബാക്കിവയ്ക്കാതെ ഭൂമുഖത്ത് നിന്നും യാത്രപറഞ്ഞുപോകേണ്ട ജീവിയാണ്. അനശ്വരനെന്ന് ചാപ്പകുത്തിപ്പോയാലും നശ്വരനായിത്തീരുന്ന കേവലം മനുഷ്യജന്മം.

എൻറെ ജന്മദിനം ആശംസിക്കാത്തവർക്ക്, ഞാൻ വാർദ്ധക്യത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു എന്ന് ഓർമിപ്പിക്കാത്തവർക്ക് ഒരായിരം ആശംസകൾ.

ഇനിയൊരു ആഘോഷത്തിന് മനസ്സ് പ്രാപ്യമാകും വരെ ഞാനെൻറെ ചെറിയ ലോകത്ത് കഴിഞ്ഞുകൊള്ളട്ടെ. എൻറെ കണ്ണുകൾക്ക് വെളിച്ചമാകുന്ന ടേബിൾ ലാമ്പും,  ഒരു ഗ്ളാസ്സിൽ ചൂടോടെ എൻറെ ചുണ്ടുകളെ മുത്തംവച്ച്, കപോലങ്ങളിൽ ആവി പടർത്തി എന്നിലേക്ക് ഇറങ്ങിപ്പോകുന്ന കട്ടൻ കാപ്പിയും മാത്രം മതി എനിക്ക്  ഇനിയും കാതങ്ങളോളം നടക്കാൻ. പടവുകൾ കയറാൻ, ബ്രഷ്  ഉരച്ചുരച്ച് എൻറെ വിഴുപ്പുകൾ അലക്കാൻ, പേനത്തുമ്പിലെ ചെരുവിടവിലൂടെ മഷിയൊഴുക്കി പേപ്പറുകൾ എൻറെ മനസ്സിൻറെ ദർപ്പണമാക്കാൻ.

മദ്യലഹരിയിൽ കൈകുഴഞ്ഞാടി കുറിക്കപെട്ട എൻറെ ജന്മദിനമേ,  ഇനി നിന്നെനോക്കി ഒന്നല്ല, ഒരായിരം വട്ടം ഞാൻ പല്ലിളിക്കട്ടെ. ഒരു വിഡ്ഢിയെപ്പോലെ, ഒരു മന്ദനെപോലെ.

No comments:

Post a Comment