Monday, June 25, 2018

ചായക്കോപ്പയിലെ കൊടുങ്കാറ്റ്

ഗാന്ധിമുക്കിലെ  പിള്ളച്ചേട്ടൻറെ ചായക്കട.

ചായക്കോപ്പയിലെ ചൂട് കൊടുങ്കാറ്റ് ആസ്വദിക്കുന്നതിനിടയിൽ അമ്മാനു നായക്കരുണപൊടി ദേഹത്ത് വീണപോലെ ചൊറിയുന്ന ചോദ്യം സീറോ അവറിൽ എന്നപോലെ എടുത്തിട്ടു.

"ഇതെന്നാ പുള്ളെ വന്നുവന്ന് നിങ്ങടെ ചായ അമ്പലത്തിലെ പ്രസാദം പോലെയും പള്ളിയിലെ കുർബാനപോലെയും ആയല്ലോ?"

അത് കേട്ട് പിള്ള തലേൽകെട്ട് ഒന്നഴിച്ചുടുത്തു. എന്നിട്ട് പറഞ്ഞു

"ഒള്ളതാടാ  കടയിലെ ചായയുടെ നീളം കുറയുകയും ഉഴുന്നുവടയുടെ ഓട്ട വലുതാവുകയും ചെയ്യുന്ന കാലമല്ലിയോ ഇത്. ഞാനേ, ചായക്കട നടത്തുന്നത് നിങ്ങടെ പള്ളിക്കാര്  വഴിപാടിടാൻ കുരിശുംതൊട്ടി പണിഞ്ഞുവച്ചെക്കുന്ന പോലല്ല. അല്ലടാ ഉവ്വേ, നീ പത്രമൊന്നും വായിക്കാറില്ലേ?"

"പത്രമോ? അതിന് പത്രത്തിൽ ചായയുടെ ന്യൂസ് എവിടെയാ? പീഡനം മാത്രമല്ലേ ഇപ്പോൾ കേൾക്കാനുള്ളൂ..?"

"എടാ പൊട്ടാ,  നീ എന്ത് തേങ്ങയാ പിന്നെ വായിക്കുന്നെ? ദിവസത്തിന് ദിവസം വാണംപോലെ കേറുന്ന പെട്രോളിന്റെ വില നീയറിയുന്നില്ലിയോ?"

അത് കേട്ടപ്പോൾ അമ്മനുവിന് അരിശം മൂത്തു
" അല്ല പുള്ളേ, പെട്രോളിന്റെ കോപ്പ് കൂടീന്ന് വച്ച് തൻറെ ചായേടെ കോപ്പ് കൂടുന്നതെങ്ങിനാ? അതെന്തോ ന്യായമാ ഒന്നുപറഞ്ഞേ?"

പിള്ള പ്രതിവചിച്ചു
"എടായെടാ ... അതുകൊള്ളാം, ഇതിപ്പോ ഞാൻ ചായയുടെ വില കൂട്ടിയോ? അളവ് ഒന്ന് കുറച്ചൂ എന്നല്ലേ ഉള്ളൂ? ഇതിപ്പോൾ ഞാനും നാടൊടുന്നപോലെ ഒരുമാതിരി കോർപറേറ്റ് ലെവലിൽ ഒന്ന് ചിന്തിച്ചു. അത്രേയുള്ളൂ, യേത്?  പിന്നെ നിനക്കത്ര ദെണ്ണമാണെൽ, റോഡിലോട്ടിറങ്ങിനിന്ന് പെട്രോൾ വില കൂട്ടിയവന്മാരെ തന്തക്ക് വിളിക്ക്.."

ഇതുകേട്ടപ്പോൾ അമ്മനുവിന് തറവാനം മറിച്ചുവന്നു.
"പുള്ളേ,  ഒരുമാതിരി കാണാകുണാ വർത്തമാനം പറയല്ലേ.. എങ്ങാണ്ട് കിടക്കുന്ന പെട്രോളിന് വില കൂട്ടിയതിന് ഇയാടെ സാമാനത്തിന്റെ അളവ് കുറയ്ക്കുന്നതെന്തിനാ? അതൊന്ന് പറഞ്ഞേ?"

ഇവനിപ്പോ ഒരു നടയ്ക്ക് പോകില്ല എന്നുകണ്ട പിള്ള വിസതരിച്ച് പറയാനായിത്തന്നെ നിന്നു.

"എടാ എന്തിരവനെ, ഈ നാട്ടിൽ കറവയുള്ള എത്ര പശുവുണ്ട്? ഒണ്ടോ? ഇല്ലല്ലോ? അപ്പോൾ നമ്മടെ മിൽമ പാലുവേണ്ടായോ നിന്റെ ഒക്കെ അണ്ണാക്കിൽ ഒഴിക്കാൻ? അത് തിരുവനന്തപുരത്തുനിന്ന് തന്നെ നടന്നു വരുവോ? ഇല്ലല്ലോ.. അത് കൊണ്ടുവരുന്ന വണ്ടിക്കകത്ത് ഡ്രൈവറും കിളിയും മൂത്രമൊഴിച്ച് നിറച്ചാൽ വണ്ടി ഓടുമോ? പറ..?"

അമ്മനുവിന് ലൈറ്റ് ഒന്ന് കത്തി. എന്നിട്ട് മൂക്കത്ത് വിരൽ വച്ച് പത്രം വായിച്ച് നിശബ്ധനായിരിക്കുന്ന മണിസാറിനെ ഒന്ന് തോണ്ടി വിളിച്ചു.

"അല്ല മെമ്പറെ, നിങ്ങൾ ഇതൊക്കെകേട്ട് പഴം വിഴുങ്ങിയ മാതിരി ഇരിക്കുവാന്നോ? നിങ്ങടേം എന്റേം റബ്ബറിന്റെ വില പടവലങ്ങപോലെ കീഴോട്ടും, പെട്രോളിന്റെ വില റോക്കറ്റുപോലെ മേലോട്ടും പോവുന്നത് നിങ്ങൾ രാഷ്ട്രീയക്കാർ കാണുന്നില്ലേ?"

മണിസാർ ഒന്നിളകിയിരുന്നു.
"കണ്ടെടാ കണ്ടു. കക്കൂസ് പണിയാനും, പാവങ്ങളെ ഉദ്ധരിക്കാനും എന്നൊക്കെ പറഞ്ഞ് ഈ പിഴിഞ്ഞെടുക്കുന്ന പണം സത്യത്തിൽ രാഷ്ട്രീയക്കാർക്കും കോർപറേറ്റുകൾക്കും പോക്കറ്റ് വീർപ്പിക്കാനല്ലിയോ പോകുന്നെ? ഞാനും കൂടെ ഉൾപ്പെട്ട രാഷ്ട്രീയക്കാരുടെ ഇത്തരം പോക്രിത്തരം കാണുമ്പോൾ ഒന്നും പറയാൻ തോന്നുന്നില്ല അമ്മാനു.."

അതുകേട്ട അമ്മാനുവിന് ഉശിരുകേറി.

"അല്ല മെമ്പറെ, ഈ പൊതുമേഖലാ സ്ഥാപനങ്ങൾ സത്യത്തിൽ നാട്ടുകാരെ നന്നാക്കാൻ ഒണ്ടാക്കിയതല്ലിയോ? ഇതിപ്പോ ഇവന്മാർ നമ്മക്കിട്ട് പണിയുവല്ലേ? അല്ല, നിങ്ങടെ കേരളത്തിലെ കുഞ്ഞിരാമൻ സർക്കാർ ഈ നികുതിയെന്ന കോപ്പ് ഒന്ന് കുറച്ചാൽ നിങ്ങൾക്ക് നെഞ്ചുംവിരിച്ച് നിന്ന് കീറുവാണം അടിക്കാമല്ലോ,  ഒപ്പം കേന്ദ്രത്തിലെ മൂപ്പീന്നിനെ കുറ്റോം പറയാമല്ലോ. അതെന്താ ചെയ്യാത്തെ?"

പിള്ളേച്ചൻ അപ്പോൾ അതേറ്റുപിടിച്ചു.
"അത് ശരിയാ, കേന്ദ്രത്തെ കുറ്റം പറയാതെ നിങ്ങൾ ആദ്യമങ്ങ് മാതൃക കാണിക്ക് ഉവ്വാ. അല്ല സാറെ, ഞാനൊന്ന് ചോദിച്ചോട്ടെ, ഒരുത്തൻ ഒരു സംരംഭം തുടങ്ങുമ്പോളും, ഒരിച്ചിരി കണ്ടം നികത്തുമ്പോളും കൊടിയും കൊണാനും പൊക്കിക്കെട്ടി ഇറങ്ങുമല്ലോ പാർട്ടിക്കാർ? പണ്ട് കേന്ദ്രത്തിനെതിരായി ചങ്ങലേം, കോട്ടയും ഒക്കെ കെട്ടിയിട്ടുണ്ടല്ലോ. ഇപ്പൊ എന്തേ അനക്കമില്ല? അപ്പോ പോരുന്നെങ്കിൽ ഇങ്ങ് പോരട്ടെ എന്ന ഓഞ്ഞ ഇടപാടല്ലിയോ ഇത്? അതുമല്ലേൽ സ്വയം കുറ്റബോധംകൊണ്ടല്ലേ?"

ചായഗ്ലാസ്സിലെ അവസാന തുള്ളിയും ഊറ്റികുടിച്ച അമ്മാനു അപ്പോൾ ഒന്ന് ഞെളിഞ്ഞ് നിന്നു.
"പണ്ടാരമടങ്ങാൻ, പണ്ട് സർദാർജി പ്രധാനമന്തി ആയിരുന്നപ്പോൾ അയാളേം, മദാമ്മേം പൂരതെറിവിളിച്ച് ഞാൻ അങ്ങ് ഉലത്താം എന്ന് പറഞ്ഞ് വന്നതല്ലേ ഗുജറാത്തിലെ മൂപ്പിലാൻ? ഇതിപ്പോ ഇതിയാൻ ഇലക്ഷൻ റാലിയിൽ സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പെങ്ങാണ്ടുള്ള കഥയും പറഞ്ഞ് നടക്കുവല്ലാതെ പെട്രോൾ വിലയെപ്പറ്റി കമാന്ന് ഒരക്ഷരം മിണ്ടുന്നില്ലല്ലോ പുള്ളേ?  ആരാണ്ടുടെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ശേലുണ്ടെന്നപോലല്ലേ രാഷ്ട്രം നന്നാക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവന്മാരുടെ ഒക്കെ എടപാട് "

ഈ രക്തത്തിൽ എനിക്ക് പങ്കില്ല എന്ന മട്ടിൽ പിള്ള ഉടനെ ചായ ഗ്ളാസ് കഴുകാൻ തുടങ്ങി. അപ്പോൾ അമ്മാനു തുടർന്നു.

"അല്ല മെമ്പറെ.. പണ്ട് വടക്കെങ്ങാണ്ട് ഉള്ളിവില മേലോട്ട് കേറിയപ്പോൾ കീഴോട്ട് ഇറങ്ങിയ ഒരു മന്ത്രിസഭയുണ്ടല്ലോ? പൊതുജനം വെറും ഉണ്ണാക്കമാടന്മാരാണെന്ന് എപ്പളും കരുതണ്ട. ചിലപ്പോൾ അറിയാത്ത പിള്ളമാർ ചൊറിയുമ്പോൾ അറിയും. അപ്പോൾ മുഖ്യമന്ത്രിയും പ്രധാന മന്ത്രിയും ഉള്ളിപൊളിച്ചപോലെ ആയിത്തീരും നോക്കിക്കോ.."

ഇത് കേട്ടപ്പോൾ മണിസാർ പത്രം മടക്കി
"എടാ അമ്മാനു, സർദാർജിയും കൂട്ടരും കട്ട് മുടിച്ച് പാവപ്പെട്ടവന്റെ  അണ്ണാക്കിൽ വരെ ആപ്പടിച്ചപ്പോളാ ഗുജറാത്തീന്ന്  കിടിലൻ ആളെ ജനങ്ങൾ തെരഞ്ഞെടുത്തത്. ഇതിപ്പോ പിടിച്ചതിനേക്കാൾ വലുത് പൊനത്തിൽ കിടക്കുവാ എന്നപോലല്ലിയോ? ഇലക്ഷൻ ഇനിയും വരുമല്ലോ.. അപ്പോ കാണാം. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നല്ലേ?"

അമ്മനുവിന് വീണ്ടും ചൊറിഞ്ഞു.
"അല്ല സാറെ, എനിക്ക് അറിയാന്മേലത്തോണ്ട് ചോദിക്കുവാ, നിങ്ങൾ ഈ രാഷ്ട്രീയക്കാർ ഇലക്ഷന് വേണ്ടിയും  അധികാരത്തിന് വേണ്ടിയും മാത്രമുള്ള പ്രസ്ഥാനമാണോ? അല്ലാതെ നാട്ടുകാരെ നന്നാക്കണം എന്ന ചിന്തയൊന്നുമില്ലേ? ഓട്ടോയിൽ കേറുന്നവന്റെയും ബസ്സിൽ കേറുന്നവന്റെയും, ലോണെടുത്ത് ടുവീലർ  വാങ്ങിയവന്റെയും ഒക്കെ പോക്കറ്റിൽ കയ്യിട്ടുവാരി ഏതു മറ്റേടത്തെ വികസനമാണ് നിങ്ങളൊക്കെ നടത്തുന്നത്?"

ഉടനെ പിള്ളകേറി അതേറ്റുപിടിച്ചു
"അത് സത്യമാ. ഏതവൻ ഭരിച്ചാലും സാധാരണക്കാരനെ കുനിച്ചുനിർത്തി ആപ്പടിച്ച് കേറ്റിയിട്ട് തൂറാടാ ഞാൻ കക്കൂസ് പണിഞ്ഞ് തരാം എന്ന് പറഞ്ഞിട്ടെന്താ കാര്യം?  ഉള്ളിലോട്ട് വല്ലോം പോകാത്തവന് കക്കൂസെന്തിനാ മെംമ്പറെ?"

മണിസാർ ഒന്നും പറയാതെ വിദൂരതയിലേക്ക് നോക്കികൊണ്ടിരുന്നു. പിന്നെ മെല്ലെ എണീറ്റിട്ട് പറഞ്ഞു.

"സത്യം പറഞ്ഞാൽ നമ്മുടെയൊക്കെ ആൾക്കാർ ഈ പോക്രിത്തരരം ന്യായീകരിക്കുന്നത് കാണുമ്പോൾ സങ്കടമുണ്ട് പുള്ളേ. അത് കേന്ദ്രത്തിലെ കുഞ്ഞിരാമൻ ആയാലും കേരളത്തിലെ കുഞ്ഞിരാമൻ ആയാലും. എൻറെ വീട്ടിൽ നിന്നും ചപ്പും ചവറും അയൽപക്കത്തുള്ളവന്റെ പറമ്പിലോട്ട് വാരിയിട്ട്  വീട് വൃത്തിയായി എന്ന് പറഞ്ഞ്  ദുർഗന്ധവും ശ്വസിച്ചിരിക്കുന്നവരാ നമ്മുടെ കൂടെയുള്ളവരൊക്കെ. ധാർമികത ഒക്കെ കാട്ടികൂട്ടുന്ന കോപ്രായമായി മാത്രം മാറികൊണ്ടിരിക്കുവല്ലേ? വോട്ട് കിട്ടാൻ വേണ്ടിമാത്രം ഭായിയും, ബഹനും,  രക്തസാക്ഷിയും  മതിയല്ലോ. ഇതെല്ലം കേട്ട് ഓശാരം പറഞ്ഞ് പെട്രോൾ പമ്പിൽ കേറി അവന്മാർ പറയുന്ന വിലയ്ക്ക് പെട്രോളുമടിച്ച്  പൊതുജനം വേണേൽ പൊക്കോണം. മാക്സിമം റീട്ടെയിൽ പ്രൈസ് എന്നൊന്ന് ഇല്ലാത്തത് ഞാനും പിള്ളയും അമ്മാനുവും ഒക്കെയടങ്ങുന്ന സാധാരണക്കാർക്കാ. അല്ലാതെ എ.സി. വണ്ടിയിലും എ.സി. മുറിയിലും ഇരുന്ന് കീറുവാണം അടിക്കുന്നവൻമാർക്കല്ലല്ലോ?"

ഇതും പറഞ്ഞ് പോകാനിറങ്ങിയ മണിസാറിനെ നോക്കി അമ്മാനു പറഞ്ഞു

"അപ്പോ മെമ്പറെ, നമക്ക് ഗാന്ധിമുക്കിന് ഇന്ന് വൈകിട്ട് ഒരു പന്തം കൊളുത്തി പ്രകടനം നടത്തിയാലോ? പെട്രോൾ വില പിടിച്ചുനിർത്താൻ?"

മണിസാർ ക്ഷോഭത്തോടെ ഒന്ന് തിരിഞ്ഞുനിന്നു.

"എന്തിന്? പന്തം കത്തിച്ച് അതിന് വാങ്ങിയ മണ്ണെണ്ണയുടെ പൈസാ കൂടി കളയണോ? നീ നിൻറെ പണി നോക്കി പോടാ ഉവ്വേ.. എനിക്കോ നിനക്കോ ഒറ്റദിവസംകൊണ്ട് ഇതൊന്നും മാറ്റാനൊക്കില്ല.."

നിസംഗതനായി നടന്നുപോകുന്ന മണിസാറിനെ നോക്കി തലചൊറിഞ്ഞുകൊണ്ട് പിള്ള പറഞ്ഞു.

"എടാ അമ്മാനു, കണ്ടോ? വലിയ മണകൊണാഞ്ചൻ വർത്തമാനം പറയുന്ന മെമ്പറിനുപോലും പ്രതികരണശേഷി നഷ്ടപ്പെട്ടു. അതെങ്ങനാ, അങ്ങേർക്കറിയാം അയാളും ഈ രക്തത്തിൽ പങ്കാളിയാണെന്ന്. ഇവിടെ എല്ലാ മോൻമാരും പീലാത്തോസ് ആണെടോ പീലാത്തോസ്.  ശിഖണ്ഡികളെ മുന്നിൽ നിർത്തി പിന്നിൽനിന്നും പൊതുജനത്തിന്റെ പള്ളക്കടിക്കുന്നവന്മാർ"

"അത്ര തന്നെ..." അമ്മാനു ദേഷ്യം കൊണ്ട് തറയിൽ ചവട്ടിയുറഞ്ഞ്  ബീഡിയും പുകച്ച് പുറത്തിറങ്ങി.

അപ്പോൾ വടക്കുനിന്നും സർക്കാരിന്റെ ആനവണ്ടിയെ ഓവർടേക്ക് ചെയ്‌ത്‌ ഒരു പ്രൈവറ്റ് വേണാട് ബസ്സ് പെട്രോളിന്റെ വിലപോലെ തെക്കോട്ട്  നിർത്താതെ പാഞ്ഞുപോയി.

No comments:

Post a Comment