Saturday, June 16, 2018

എന്നാലും എൻറെ കുക്രീ

ഗാന്ധിമുക്കിലെ സെന്റ് ജൂഡ് പള്ളിയുടെ വലിയ കുരിശിന്റെയും, സെന്റ് ജോർജ്ജ് പള്ളിയുടെ ചെറിയ കുരിശിൻറെയും ഇടയ്ക്കാണ് അതിലും വലിയ കുരിശുകൾ താമസിക്കുന്ന അടിയന്റെ കുപ്പപാട്. അവിടെ മൂവന്തിക്ക് ഈശോ മറിയം യൗസേപ്പേ വിളിച്ച്, കഞ്ഞീം പയറും മോന്തി ഉറങ്ങാൻ കിടക്കുമ്പോൾ ഒടേതമ്പുരാനാണെ ഓർത്തില്ല രാത്രി മൊത്തം വരാൻ പോകുന്ന അങ്കക്കലിക്ക് കർട്ടൻ പൊങ്ങാൻ പോകുവാണെന്ന്.

അതിന് കാരണം കുക്രീ എന്നൊരു സാധനമാണ്.

എന്താണ് കുക്രി? ഏതാണ് കുക്രി? സസ്‌പെൻസിന്റെ അഗാധതലങ്ങളിൽ കിടക്കുന്ന ആ സാധനം മുങ്ങിത്തപ്പി എടുക്കണമെങ്കിൽ ചുമ്മാ ബ്ലിങ്കസ്യാ എന്നിരിക്കാതെ കീഴോട്ട് വായിച്ച് നോക്കേണ്ടിവരും.

കഥയിലെ വില്ലത്തി അടിയന്റെ മൂന്ന് വയസ്സുള്ള  സന്താനമാണ്. ഈ സാധനത്തിനെ മാമൂട്ടി, വാവോ ചൊല്ലി ഉറക്കണം. അതിനു ശേഷം നാട്ടുനടപ്പ് അനുസരിച്ച് ഇത്തിരി നാട്ടുകാരുടെ കുറ്റവും കുറവും, വീട്ടുകാര്യവും, പിന്നെ കുറെ പാഴാങ്കം പറച്ചിലുമായി പെമ്പറന്നോർക്ക് കാതുകൊടുക്കണം. പകരം ചില അൺപാർലമെന്ററി അല്ലാത്ത തൊട്ട്തലോടലും, ഇച്ചിരി ലഡ്ഡുവും ജിലേബിയും പൊതിഞ്ഞ വാക്കുകളും ഒക്കെ ഞാൻ തിരികെ കൊടുക്കുകയും ചെയ്യും. അങ്ങനെ ലൈല മജ്‌നുവും, രാധ-കൃഷ്‌ണനും ഒക്കെയാകാൻ അദമ്യമായ ത്വര നിറഞ്ഞുനിൽക്കുന്ന സമയം.

കാര്യം ഇതൊക്കെയാണെങ്കിലും നമ്മുടെ ലുട്ടാപ്പികൊച്ച് ഉറങ്ങുമോ? വടക്കോട്ട് പോകാൻ നിൽക്കുമ്പോൾ തെക്കോട്ട് വണ്ടി എന്ന മട്ടാണല്ലോ ഈ കുട്ടിച്ചെകുത്താന്മാർക്കെല്ലാം. ഇത് കാരണം ഞങ്ങളുടെ പാർലമെന്ററി ഇടപാടുകൾക്ക് വിഘ്‌നം സംഭവിച്ചു എന്ന് പ്രേത്യേകിച്ച് പറയണ്ടായല്ലോ.

വിഘ്‌നേശ്വരൻ എന്ന പേരുതന്നെ ഗണപതിക്ക് വരാൻ കാരണം  കുട്ടിച്ചെകുത്താനായി സ്വന്തം അപ്പനാർക്കിട്ട് വഴിമുടക്കി നിന്ന പോലുള്ള സംഭവങ്ങൾ ആണല്ലോ. പാർവതി അമ്മ കുളിക്കടവിൽ നിൽക്കുമ്പോൾ പാമ്പിനേം തോളിൽ തൂക്കി, തലയിൽ കലിപ്പടിച്ച് നിൽക്കുന്ന ഗംഗയെയും ഒതുക്കി, ചാരവും ഭസ്‌മവും വാരിപ്പൂശി, ഒരുമാതിരി ഫാൻസിഡ്രസ്സിന് പോകുന്ന മട്ടിൽ വരുന്ന ഇതിയാനെ ഗണപതിയല്ല ഈ നമ്മളായാലും കേറ്റിവിടുമോ? ഇതിപ്പോ ഒന്ന് രണ്ട് വർഷത്തെ പ്രവാസത്തിന് ശേഷം അത്തറും പൂശി പെട്ടീം പിടിച്ച് വരുന്ന ഉഗ്രൻ ഗൾഫ്‌കാരനെ കണ്ട്  ചൊറിഞ്ഞോണ്ട് പിള്ളാരുവന്ന് ഇടങ്കോലിടുന്ന ഇടപാടുപോലെ ഒന്നായിപ്പോയി ഗണപതിയുടേത്.  ചെറഞ്ഞു നിൽക്കുന്ന ചെറുക്കനെ നോക്കി തൃക്കണ്ണ് തുറന്ന് 'ഈ ലോകം അങ്ങ് പണ്ടാരമടക്കിയാലോ' എന്ന്  സത്യത്തിൽ കൈലാസനാഥന് തോന്നിയതാ. എന്നാൽ അതിന് മുതിരാതെ കലിപ്പ് മൂത്ത് ശിവൻ കൊച്ചുചെറുക്കന്റെ തലയങ്ങ് എടുക്കുകയും, അത് കണ്ട് പാർവതി നെഞ്ചത്തടിച്ച് കീറിവിളിച്ചപ്പോൾ അതുവഴി പോയ നല്ല ഒന്നാന്തരം ആനയുടെ തല വെട്ടിയെടുത്ത് സൂപ്പർഗ്ലൂ വച്ച് ഒട്ടിച്ച് ബ്രഹ്‌മാവിന് പോലും തിരിച്ചറിയാൻ പറ്റാത്തപോലെ ഫിറ്റു ചെയ്തുകൊടുത്ത കഥ നാട്ടിൽ പാട്ടാണല്ലോ. ഏതാണ്ട് അന്ന് പരമശിവന് വിഘ്‌നം വരുത്തിയ ഗണപതിയെപോലെ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന സന്താനത്തിനെ എന്തേലും ചെയ്യാനൊക്കുമോ? ഉടനെ കീറിവിളിച്ച് ഭൂലോകം മുഴുവനും  ഇളക്കില്ലേ?

ആവശ്യം സൃഷ്ടിയുടെ മാതാവ് എന്നറിയാവുന്ന അവളുടെ മാതാവ് 'വാവോ, വാവാവോ..' ചൊല്ലി പെണ്ണിനെ ഒരുവിധത്തിൽ ഉറക്കി. അന്ധകാരത്തിൽ കറണ്ട് അഫ്‌യേഴ്‌സ് സംപ്രേഷണം പെണ്ണുമ്പുള്ള  തുടങ്ങിയതും ദാണ്ടെടാ  ഉറക്കത്തിൽ നിന്നും പെങ്കൊച്ച് ചാടി ഒറ്റ എണീക്കൽ! എണീറ്റതും ഏതോ മാരക സ്വപ്നം കണ്ടപോലെ ഒറ്റയിരുപ്പ്.  എന്നിട്ട് ഇട്ടാ ഇർറോ എന്നൊരു കരച്ചിൽ. എന്നുവച്ചാൽ നമ്മുടെ മുപ്പല്ലപെരിയാർ തുറന്നുവിട്ട പ്രതീതി.

"എന്തവാടി ..? കീറാതെ കാര്യം പറ കൊച്ചെ.." ആറ്റിങ്ങൽ ദേശാഭിമാനിയുടെ ഡ്രാമാസ്കോപ്പ് നാടകം നടക്കുമ്പോൾ സ്റ്റേജിലും പരിസരത്തുമുള്ള ദീപാലങ്കാരങ്ങൾ ഓൺചെയ്ത് മുടക്കം വരുത്തിയ പോലെ ഭാര്യ ഓടിച്ചെന്ന് ലൈറ്റിട്ടു. വീട്ടിൽവന്ന് നല്ല വെളുക്കെ ചിരിച്ച്, തങ്കലിപികളിൽ എഴുതിയ കല്യാണക്കുറിയും തന്നിട്ട്  മുട്ടൻ അംബാസിഡർ കാറും പിടിച്ച് കല്യാണത്തിന് ചെന്നപ്പോൾ ഹാളിൽ കസേരയില്ല എന്നവസ്ഥയിൽ ആയിപ്പായി എൻറെ കാര്യം. കീറിവിളിക്കുന്ന പെങ്കൊച്ചിനെയും അതിനെ വഷളാകുന്ന തള്ളയേയും മനസ്സിൽ പൂരപ്പാട്ട് പാടി രണ്ടിനേം അറബിക്കടലിൽ കൊണ്ട് തള്ളാനുള്ള ദേഷ്യത്തിൽ ഞാനിരുന്നു.

"എന്താടീ... വയറു വല്ലോം വേദനിക്കുന്നോ?"  വയറ്റിൽ തടവി ഇരിക്കുന്ന കൊച്ചിനെ കണ്ടാണ് വെളിവുവീണപോലെ ഭാര്യയുടെ  ചോദ്യം. ഒപ്പം കുട്ടിച്ചെകുത്താന്റെ വയറും തടവികൊടുക്കാൻ തുടങ്ങി. ചെറഞ്ഞു നിൽക്കുന്ന പെണ്ണ് അപ്പോൾ തള്ളയുടെ കയ്യിൽ ഒറ്റ തട്ട്. എന്നിട്ട് തന്റെ പ്രശ്‌നം അവതരിപ്പിച്ചു.

"അമ്മാ.. നിക്ക് കുക്രി മേണം.."

കുക്രിയോ? ഞാൻ ഒന്നമ്പരന്നു.  കുക്രി??!!  ഇതെന്ത് സാധനം? ഇനി വല്ല കുക്കറും ആണോ? മണ്ണാപ്പോം ചിരട്ടയും ഒക്കെ മാറി ആൻഡ്രോയിഡ് കാലമല്ലേ? ഒരു സംശയം.

"കുക്കറോ .. അതെന്തിനാടീ.." പകുതി ദേഷ്യത്തിലും പകുതി തഞ്ചത്തിലും ഞാൻ ചോദിച്ചു. അത് കേട്ട് 'പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം?' എന്ന മട്ടിൽ ഭാര്യ എന്നെ ഒരു നോട്ടം.

"അല്ല.. കുക്രി ... നിക്ക് കുക്രി  മേണം"

"കുക്കറിയോ... അതെന്തു കുന്തമാ പെണ്ണേ ..?" പെണ്ണുമ്പുള്ളയ്ക്കും അരിശം കേറിവന്നു. ഇതിപ്പോ കൂടുതൽ പ്രകോപിപ്പിക്കാൻ പോയാൽ  കൂടുതൽ കീറിവിളിച്ച് മനസ്സിൽ പ്ലാൻ ചെയ്‌ത പാർലമെന്റേറിയൻ ഇടപാടുകൾ എല്ലാം കുളമാക്കും. എന്തേലും പറഞ്ഞ് രണ്ടിനേം ആശ്വസിപ്പിക്കേണ്ടിയിരിക്കുന്നു.

എൻറെ മനസ്സറിഞ്ഞോ എന്തോ, ഭാര്യ കൊച്ചിനെ തോളിൽ എടുത്തിട്ടു. വേതാളത്തെ തോളിലിട്ട വിക്രമാദിത്യനെ എനിക്കപ്പോൾ ഓർമവന്നു. അപ്പോൾ അണ്ടടാ പെണ്ണ് വീണ്ടും അലച്ചു വിളിച്ച് കരയാൻ തുടങ്ങി.

"അമ്മാ.. കുക്രി .. കുക്രി മേണം .."

"ഈ കുക്രി പുക്രി എന്നൊക്കെ പറഞ്ഞാൽ എന്തോ കുന്തമാ?" പെണ്ണുമ്പുള്ള തനിക്കൊണം പുറത്തെടുക്കുവാനുള്ള പുറപ്പാടാണെന്ന് തോന്നുന്നു. ഇതിപ്പോ രണ്ട് പെണ്ണുങ്ങളായി അവരുടെ പാടായി എന്ന് ചിന്തിച്ച് ഞാനിരിക്കുമ്പോൾ ഒരാക്രോശം.

"നിങ്ങളിവിടെ കൊച്ച് കീറിവിളിക്കുമ്പോൾ ഏത് എന്താനിച്ചിയെ ഓർത്തിരിക്കുവാ..? ഇതിനെ ഒന്ന് ആശ്വസിപ്പിക്കാൻ നോക്ക്.."

ദൈവമേ! കാര്യം പോയ പോക്ക് കണ്ടോ? ഏക പത്‌നിവൃതക്കാരനായ എന്നോടാണ് ഈ വേണ്ടാതീനം പറയുന്നത്!  പെട്ടന്ന് പ്രൊആക്ടീവ് ആയില്ലെങ്കിൽ ഇനിയും ഇതുമാതിരി ചൊറിയണത്തിന്റെ ഇലതേച്ച വാക്കുകൾ മഹതി വിളമ്പും. ഞാൻ ചാടി എണീറ്റു.

"പപ്പയുടെ പൊന്നുമോൾ അല്ലേ ...?  കിടന്നുറങ്ങിയേ. അപ്പാ നാളെ മുട്ടായി മേടിച്ച് തരാം" അത് കേട്ടപ്പോൾ തന്നെ ഒരുമാതിരി ഓഞ്ഞ ഇലക്ഷൻ മാനിഫെസ്റ്റോ കാണ്ടമാതിരി പെണ്ണ് ചെറഞ്ഞ് എന്നെ ഒരു നോട്ടവും ഒരു മറുപടിയും.

"മാണ്ട ... നിക്ക് കുക്രി മതി.. കുക്രി .."

എൻറെ പുതുപ്പള്ളി പുണ്യവാളാ! ഈ കുക്രി  എന്ത് സാധനമാണ്? ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. അതുമായി സാമ്യം വരുന്ന പല സാധനങ്ങൾ പറഞ്ഞു നോക്കി. എല്ലാത്തിനും "അയല്ല .." എന്ന കരച്ചിൽ ലയിപ്പിച്ച് ചേർത്ത മറുപടി മാത്രം.

"പെണ്ണേ കൂടുതൽ വെളച്ചിലെടുത്താൽ നല്ല കീച്ച്‌ ഞാൻ വച്ചുതരും പറഞ്ഞേക്കാം... പാതിരാത്രി മനുഷ്യനെ ഒറക്കത്തില്ലല്ലോ" ഇതും പറഞ്ഞ് കൊച്ചിന്റെ അമ്മ അടിക്കാൻ കൈ ഓങ്ങി. കൊച്ചുണ്ടോ കേൾക്കുന്നു?

കളിപ്പാട്ടം, ടി.വി, മൊബൈൽ.. എന്നുവേണ്ട വീട്ടിലുള്ള സകലമാന സ്ഥാപര ജംഗമ വസ്തുക്കളുടെയും പേര് പറഞ്ഞിട്ടും നോ രക്ഷ. ഇനിയിപ്പോ എന്ത് ചെയ്യും?

"നിക്ക് കുക്രി മേണം .. കുക്രി .."

ഇതിപ്പോ പാതിരാത്രി കഴിഞ്ഞപ്പോൾ എന്ത് കുന്തം കൊണ്ട് കൊടുക്കും? ഞാനും ഭാര്യേം തമ്മിൽ തമ്മിൽ  ചീത്ത പറഞ്ഞിട്ട് കാര്യമില്ല എന്ന സത്യം മനസ്സിലാക്കി. കുട്ടിച്ചെകുത്താന്റെ വായടയ്ക്കാൻ എന്ത് ചെയ്യണം എന്ന് ചിന്തിച്ചങ്ങനെ നിന്നു. അപ്പോൾ പെങ്കൊച്ച് തോളത്തുനിന്നും ഉരുണ്ട് പിരണ്ട്‍ ചാടി താഴെയിറങ്ങി. താഴോട്ടിരുന്ന് ഭഗവതപാരായണം പൂർവാധികം ശക്തിയിൽ തുടർന്നു.

ഇതിനി ഏതേലും കോഡ് ഭാഷയാണോ? അതായത് അനാഗ്രാം?  ഡാവിഞ്ചി കോഡ് സിനിമയും ആനഗ്രാം പൊളിക്കുന്ന റോബർട്ട്  ലാംഗ്ടണും മനസ്സിലേക്ക് ഓടിവന്നു. പക്ഷേ ഇതെന്തോന്ന് ആനഗ്രാം?

"മോനേ .. കുക്രി എന്ന് വച്ചാൽ മുട്ടായി ആന്നോ?"
"അല്ല"
"പാപ്പമാണോ?"
"അല്ല"
"ടോയ്‌സ് ആണോ?"
"അല്ല"
"കാർട്ടൂണാണോ?"
"അല്ലെന്ന്..." പെങ്കൊച്ചിന് കട്ട കലിപ്പായി കയ്യും കാലും തറയിൽ ഇട്ടടിക്കാൻ തുടങ്ങി.

"പിന്നെന്തോ കുന്ത്രാണ്ടമാടീ..? ദാണ്ടേ പാതിരാത്രി കുക്രി പുക്രി എന്നൊക്കെ പറഞ്ഞു കിടന്ന് കീറിയാൽ ചന്തിയടിച്ച് പൊട്ടിക്കും പറഞ്ഞേക്കാം.."

തുള്ളപ്പനി പിടിച്ചു നിൽക്കുന്ന കൊച്ചിനോടാണ് വലിയ ചാണക്യ തന്ത്രവുമായി ചെല്ലുന്നത്?  ഇതുകണ്ട് ഞാൻ തഞ്ചത്തിൽ കൊച്ചിന്റെ അടുത്ത് ചെന്നു.

"കൂട്ടൂ .. മോന് ഈ കുക്രി എന്താണെന്ന് അറിയാമോ?"
"ഉം.. മറിയാം.."
"എന്നാൽ പിന്നെ മോനോന്ന് പറഞ്ഞേ .. അപ്പ ഇപ്പൊ എടുത്ത് തരാം"

"കുക്രീന്ന് ച്ചാ  കുക്രീ.. നിക്ക് കുക്രി മാണം"

ഞാൻ ദയനീയമായി പൊണ്ടാട്ടിയെ ഒന്ന് നോക്കുക മാത്രം ചെയ്‌തു.

"കുക്രി എവിടാ ഇരിക്കുന്നെ.. മോനോന്ന് പറഞ്ഞേ" ഞാൻ കപട സ്നേഹം പുറത്തെടുത്തു.

അതിന് അവൾ അടുക്കളയിലേക്ക് ചൂണ്ടികാണിച്ചു. ഭാഗ്യം. പെണ്ണിനെ പൊക്കിയെടുത്ത് അടുക്കളയിലേക്ക്  ഞാൻ കൊണ്ടുചെന്നു. രാത്രിയിലെ ഓരോ പങ്കപ്പാട് നോക്കണേ!  ശ്രീമതിയും ഞങ്ങളുടെ പിന്നാലെ അടുക്കളയിലേക്കെത്തി. എൻറെ പൊന്നു കുക്രീ.. നിന്നെയൊന്ന് നേരിട്ട് കാണട്ടെ എന്ന മട്ടിലാണ് ശ്രീമതിയുടെ വരവ്.

അടുക്കളയിൽ എത്തിയതും പെങ്കൊച്ച് അലമാരിയിലേക്ക് കൈ ചൂണ്ടി. ദൈവത്തിന് സ്തോത്രം. ഉടനെ ഭാര്യ ഓടിച്ചെന്ന് അതിനകത്തിരിക്കുന്ന ഓരോ സാധനവും തൊട്ടുകാണിക്കാൻ തുടങ്ങി. "ല്ല ... ല്ല ... ല്ല .." ഓരോ സാധനവും തൊട്ടുകാണിക്കുമ്പോൾ കരച്ചിലും നിരസിക്കലും ഒന്നുപോലെ.

അവസാനം ഒരു ഡപ്പയിൽ തൊട്ടപ്പോൾ പെങ്കൊച്ചിന്റെ മുഖം എലി പുന്നെല്ലുകണ്ടപോലെ വികസിച്ചു. കരച്ചിൽ സ്വിച്ചിട്ടപോലെ നിന്നു. ദൈവമേ.. ഈ സാധനമാണോ കുക്രി? ഞാൻ അമ്പരന്നു.

അങ്ങനെ കുക്രി കണ്ടെത്തി! വലിയൊരു അന്താരാഷ്ട്ര പ്രശ്‌നത്തിന്  പരിഹാരവുമായി. ഭാര്യ പകുതി ചിരിയും പകുതി ദേഷ്യവുമായി കുക്രി ഒരു പിഞ്ഞാണത്തിൽ ഇട്ട് കിടക്കമുറിയിലേക്ക് നടന്നു. പിന്നാലെ ഞാനും.

കുക്രി എന്ന അതുഭുത വസ്തുവിലേക്ക് ഞാൻ  കണ്ണെടുക്കാതെ നോക്കിനിന്നു. ഈ കുക്രി എന്താണെന്നറിയാമോ? നമ്മുടെ മിക്സ്ച്ചർ.  നുമ്മ ആണുങ്ങൾ കീടം അടിക്കുമ്പോൾ ടച്ചിങ്‌സ് ആയും പെണ്ണുങ്ങൾ ചുമ്മാതെയും കൊറിക്കുന്ന സാധനം.. മിക്സ്ചർ!!

അന്ന് പാതിരാത്രി കുക്രിയും വാരിത്തിന്ന് വെള്ളവും കുടിച്ച് അരുമസന്താനം ഉറങ്ങിയപ്പോൾ  ഞാൻ ചെന്ന് ലൈറ്റ് കെടുത്തി. സമയം ഒരുമണി കഴിഞ്ഞിരിക്കണം. ഇനിയിപ്പോ ഇടയ്ക്ക്  വച്ച്  നിന്നുപോയ ആറ്റിങ്ങൽ ദേശാഭിമാനിയുടെ നാടകം തുടരാം എന്ന് കരുതി ഞാൻ പ്രിയതമയുടെ കരം കവർന്നു.

ഇന്നാ പിടിച്ചോ എന്നമട്ടിൽ പെണ്ണുമ്പുള്ള ദണ്ഡേടാ എൻറെ കൈ പിടിച്ച് ഒരേറ്!!  എന്നിട്ട് വെളിപാട് പോലെ ഒരു മൊഴിയലും.

"കേറിക്കിടന്ന് ഉറങ്ങാൻ നോക്കിയേ... പാതിരാത്രി കഴിഞ്ഞു.. പെണ്ണിന്റെ കുക്രി കഴിഞ്ഞു.. ഇനി അപ്പൻറെ മുക്ര..പോ"  ഇതും പറഞ്ഞ് കൊച്ചിനെ കെട്ടിപിടിച്ച്  ആലുവാ മണപ്പുറത്ത് കാണാത്തപോലെ അവൾ തിരിഞ്ഞൊരു കിടപ്പ്!

എന്നാലും എൻറെ പൊന്നു കുക്രീ....!  മാങ്ങയണ്ടി കളഞ്ഞുപോയ അണ്ണാനെപ്പോലെ ഞാൻ പുതപ്പിനുള്ളിലേക്ക് വലിഞ്ഞു കയറി. എൻറെ സന്താനം മലയാള ഭാഷയിലേക്ക് സംഭാവന ചെയ്‌ത കുക്രി എന്ന പദം മനസ്സിലോർത്ത് 'ഇനിയിപ്പോ എന്നാ ചെയ്യാനാ?' എന്ന് മനസ്സിൽ ചോദിച്ച്  രണ്ട് മൂന്ന് അൺ പാർലമെന്ററി വാക്കുകളും മനസ്സിൽ പറഞ്ഞ് ഞാനങ്ങനെ കിടന്നു. ഉറക്കം വരുവോളം.

No comments:

Post a Comment