Tuesday, July 3, 2018

ഒരു സുസു തിയറി

സെന്റ് ജൂഡ് പള്ളിയുടെ കുരിശിൻറെ മേൽ ഉയർന്നുനിൽക്കുന്ന മുട്ടൻ ലൈറ്റിന്റെ വെട്ടം ഗാന്ധിമുക്കിലുള്ള പിള്ളച്ചേട്ടന്റെ ചായക്കടയുടെ വരാന്തവരെ പരന്നുകിടക്കുന്ന ആ രാത്രി ഞാൻ കിടക്കയിൽ കിടന്ന്   കാർകൂന്തൽ എന്ന് കവികൾ പാടിപുകഴ്ത്തുകയും ചകിരികെട്ടുപോലെ അനുഭവപ്പെടുകയും ചെയ്യുന്ന ഭാര്യയുടെ തലമുടിയിൽ തലോടിക്കൊണ്ട് ചോദിച്ചു.

"സൂസൂ... മോളൂ,  ഇനിയെത്ര ദിവസം കാത്തിരിക്കണം?"

അവളൊന്ന് പുളഞ്ഞു. അല്ലേലും 'സൂസൂ' എന്നും 'മോളൂ' എന്നും ഒക്കെ തേനൊലിപ്പിച്ച് ഞാൻ വിളിക്കുന്നത് അവളങ്ങ് ഉത്സവമാക്കും. ഇരുട്ട് വേണ്ടാതീനം പോലെ പരന്നുകിടക്കുകയാണെങ്കിലും അവളുടെ കപോലങ്ങളിൽ പാലാഴി മഥനത്തിൽ ഉയർന്നുവന്ന അമൃതുപോലെ പാൽപുഞ്ചിരി വിടരുന്നത് എനിക്ക് കാണാതെകാണാം.

സൂസി കല്യാണം കഴിഞ്ഞുവന്ന മധുവിധുകാലത്ത് പറഞ്ഞുതന്ന പേരാണിത്. "എന്നോട് ഒത്തിരി ഇഷ്ടം വരുമ്പോൾ ഇച്ചായൻ  സൂസൂ എന്ന് വിളിച്ചാൽ മതി"

"സൂസൂവോ? അത് പിള്ളേർ മൂത്രിക്കുമ്പോൾ പറയുന്നതല്ലേ മോളേ ..?"

"ഓ പിന്നേ ... അപ്പുറത്തെ ആലീസിനെ ഇഷ്ടംകൂടുമ്പോൾ കെട്ടിയോൻ ആലൂ എന്നല്ലേ വിളിക്കുന്നെ? ആലൂ എന്ന് വച്ചാൽ ഉരുളക്കിഴങ്ങ് എന്നങ്ങാണ്ടല്ലേ?"

നല്ല ഉദാഹരണം. അല്ലേലും ഇവളുമാർക്ക് കാര്യം സ്ഥാപിച്ചുകിട്ടാൻ ഭൂലോകത്ത് നൂറായിരം ഉദാഹരണങ്ങൾ കിട്ടുമല്ലോ. ചുരുക്കം പറഞ്ഞാൽ മാളോരേ, അന്നുമുതൽ തുടങ്ങിയതാണ് ഈ 'സൂസൂ' വിളി. അല്ലാതെ ഭർത്താവായ എനിക്ക് ഈ രക്തത്തിൽ പങ്കില്ല  എന്ന് ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഞാൻ ഫ്‌ളാഷ്ബാക്കിലേക്ക് പോയപ്പോൾ ഭാര്യ എൻറെ ചോദ്യത്തിന് ഉത്തരം തന്നു.

"ആ.. നാളെയോ മറ്റെന്നാളോ ആയിരിക്കും..കാ മൂത്ത് പഴുക്കട്ടെ.."

കൊച്ചിന്റെ ചവിട്ടും തൊഴിയും ഏറ്റുകിടക്കുന്ന വയർ തടവി അവൾ ചിരിച്ചിലങ്ക കിലുക്കി. പിന്നെ  നെടുനിശ്വാസം പോലെ ഒരു പിൻമൊഴിയും.

"എല്ലാം കർത്താവിന്റെ അനുഗ്രഹം.."

അവൾ പറഞ്ഞത് കർത്താവെന്നോ അതോ ഭർത്താവെന്നോ?  രണ്ടിനും കൂടി ഒരക്ഷരത്തിന്റെ ദൂരമേ ഉള്ളൂ എങ്കിലും സൂസൂ അത് സമ്മതിക്കില്ലല്ലോ.

"കർത്താവോ?! ഇതിയാനെ ഇതിനകത്ത് നീ വലിച്ചിടുന്നത് എന്തിനാ സൂസൂ..?"

നേരും നെറിയുമുള്ള ഭർത്താവായ എൻറെ ചോദ്യം പെമ്പറന്നോരെ അസ്വസ്ഥയാക്കി. അതിന്റെ ഒരനക്കം എനിക്ക് വെളിവാവുകയും ചെയ്‌തു.

"കർത്താവീശോ മിശിഹായേ .. നിങ്ങളിത് എന്നാ ഈ പറയുന്നെ? വന്ന് വന്ന് കർത്താവിനേം തള്ളിപ്പറയാൻ തൊടങ്ങിയോ?" ദീനരോദനം പോലെയൊരു ചോദ്യമായിരുന്നു അവളിൽ നിന്നുവന്നത്.

"അതിന് കർത്താവിനെ ആര് തള്ളി സൂസൂ.. നിൻറെ വയറ്റീക്കെടക്കുന്ന സന്താനത്തിന് കർത്താവല്ലല്ലോ ഭർത്താവായ ഞാനാണല്ലോ ഉത്തരവാദി എന്ന് പറഞ്ഞതല്ലേ? നീയങ്ങ് ഷെമി.."

"ഷെമീന്നോ..? ദാണ്ടേ; കഴിഞ്ഞ മൂന്നുവർഷമായി മരുന്നും മന്ത്രവും, കിടുവടിയുമൊക്കെയായി ഈ ഭർത്താവ് എന്നാ ചെയ്യുവാരുന്നു? അണ്ടമുണ്ട തടിപോലെ വളർന്നുവരണ്ട രണ്ട് പിള്ളേരല്ലേ അലസിപോയെ?... അവസാനം ഞാൻ നെഞ്ചത്തടിച്ച് കീറിവിളിച്ച് നോമ്പും നോവേനേം എടുത്ത്, കരിസ്മാറ്റിക്കും കൂടി, കർത്താവ് തമ്പുരാൻ അനുഗ്രഹിച്ച് ഉണ്ടായതല്ലേ ഈ വയറ്റിക്കെടക്കുന്നെ?"

ഞാനൊന്ന് പരുങ്ങി. ഇവൾ ഈ തേര് തെളിച്ചോണ്ട് എങ്ങോട്ടുപോവാ?

"എൻറെ സൂസൂ.. നീ പറയുന്നത് ഞാൻ അംഗീകരിച്ചു. കർത്താവ് തമ്പുരാൻ നിന്നെ അനുഗ്രഹിച്ചു. നീ തള്ളയാകാൻ പോകുന്നു.  എന്നാലും പഞ്ചമാപാതകാ, എനിക്കിതിൽ റോളില്ല എന്ന് മാത്രം നീ പറയല്ലേ.."

ഇതും പറഞ്ഞ് ഒന്ന് പുണർന്ന് കാറ്റിനേയും കടലിനെയും ഒന്ന് ശാന്തമാക്കാം എന്ന് കരുതിയപ്പോൾ, അണ്ടടാ കിടക്കുന്നു.. കയ്യും തട്ടിമാറ്റി ഷവൽ കൊണ്ട് മറിച്ചിട്ടമാതിരി എടുത്താൽ പൊങ്ങാത്ത വയറും തിരിച്ച് പെണ്ണുമ്പുള്ള ഒറ്റകെടപ്പ്! എന്നിട്ട് ഒരു മുറുമുറുപ്പും.

"ചുമ്മാതല്ല കാർന്നോമ്മാര് പേറുംപെറപ്പും അടുക്കുമ്പോൾ കെട്ടിയോന്മാരെ പെണ്ണുമ്പുള്ളമാരുടെ അടുത്തുനിന്നും മാറ്റി നിർത്തുന്നെ. ഇതുപോലെ ഓഞ്ഞ വർത്തമാനം അല്ലിയോ പറയുന്നേ. ഇതൊക്കെ കേട്ട് വയറ്റികെടക്കുന്ന സന്തതികൂടി ദൈവത്തെപേടിയില്ലാതെ വളരുമോ എന്നാ എൻറെ പേടി"

സംഭവം വഴിത്തിരിഞ്ഞ് പോകുന്ന പോക്ക് കണ്ടോ? ഈ പേടിയിൽ അത്ര പുതുമയൊന്നുമില്ല. പണ്ടെങ്ങാണ്ട് അഭിമന്യു സുഭദ്രയുടെ വയറ്റിൽ കിടന്നപ്പോൾ, സാക്ഷാൽ ഭഗവാൻ കൃഷ്‌ണൻ,  അർജ്ജുനന് ചക്രവ്യൂഹം ഭേദിക്കാൻ ഓതിക്കൊടുത്ത വിദ്യ അവിടെക്കിടന്ന് ചെറുക്കനങ്ങ് പഠിച്ചു. 'അങ്ങനെ കോപ്പിയടിച്ച് നീ പരീക്ഷ പാസാവണ്ട' എന്നമട്ടിൽ ഭഗവാൻ ചക്രവ്യൂഹത്തിന് പുറത്ത് കടക്കുന്നത്  പറഞ്ഞുകൊടുക്കാതെ അഭിമന്യുവിനെ പെടുത്തിക്കളഞ്ഞു എന്നത് വേറെ സത്യം.

"എത്ര പള്ളികളിൽ നേർച്ച നേർന്നു.. എത്ര കൊന്ത ചൊല്ലി, അവസാനം സ്വാമി പാസ്റ്റർവരെ മുട്ടിപ്പായി പ്രാർത്ഥിച്ചു.. എല്ലാം കഴിഞ്ഞ് കൊച്ചായിക്കഴിഞ്ഞപ്പോൾ ദൈവത്തെ ഇങ്ങനെ തള്ളിപറയരുത് ഇച്ചായാ..."

ദൈവമേ, പിടിച്ചതിലും വലുത് അളയിൽ എന്നമട്ടിലാണന്നല്ലോ പെമ്പ്രന്നോത്തിയുടെ വാക്കിൻറെ നീക്കുപോക്കില്ലാത്ത പോക്ക്. ഇതിനിടെ എങ്ങാണ്ട് കിടന്ന സ്വാമിപാസ്റ്ററും കേറിവന്നു. പട്ടിമോങ്ങുന്ന പോലെ ഒരുതരം ശബ്ദത്തോടെ അവൾ തുടരുകയാണ്.

"... എനിക്കറിയാം. കണ്ടകടചാതി പുസ്തകം ഒക്കെ വായിച്ച്, വായിച്ച് ദൈവത്തെയും തള്ളിപറഞ്ഞ് ഏതാണ്ട് കൊമ്പത്തെ ബുദ്ധിദ്ധിജീവി ആണെന്ന മട്ടിലാ നിങ്ങളുടെയൊക്കെ നടപ്പ്. ഇതിലും ഭേദം എന്നെ തള്ളിപ്പറയുന്നതാ.."

എൻറെ അന്തോണീസ് പുണ്യവാളാ!! സത്യം പറയാമല്ലോ, ഒ. വി വിജയനും, തകഴിയും, ബഷീറും ഒക്കെ എന്നെനോക്കി പല്ലിളിച്ചുകാണിക്കുന്നപോലെ എനിക്ക് തോന്നിപോയി.

"സൂസൂ.. നീയെന്തിനാ എഴുതാപ്പുറം വായിക്കുന്നെ? കൊച്ചിന്റെ തന്ത എന്തായാലും ഞാൻ ആന്നേ?  അതിനിടയിൽ നീ കരിസ്മാറ്റിക്കും, സ്വാമി പാസ്റ്ററെയും ഒക്കെ കൊണ്ടുവരുന്നത് എനിക്ക് പിടിക്കുകേല.. പിള്ള മനസ്സിൽ കള്ളമില്ല എന്നുപറയുന്നപോലെ ഞാനങ്ങ് പറഞ്ഞതാ.."

"അതുശരി.. ഇതിവിടെ എഴുതാപ്പുറം വായിക്കുന്നതാരാ? എൻറെ ഒടയതമ്പുരാനെ.. ഇക്കണക്കിന് കന്യകാമറിയാമിനും, എലിസബത്തിനും പിള്ളാരൊണ്ടായത് നിങ്ങൾ സമ്മതിക്കുകേലല്ലോ?"

അവിടുന്നും പോയി. സംഗതി ഇപ്പൊ വന്നുനിൽക്കുന്നത് എവിടെയാണെന്ന് നോക്ക്? ബി.സി-യിൽനുന്നും എ.ഡി ഉണ്ടാക്കാൻ നമ്മുടെ കർത്താവീശോ മിശിഹാ ജനിക്കാൻ പോകുന്ന കാലത്തേക്ക്.  മേൽപറഞ്ഞ മറിയാമിനും എലിസബത്തിനും മാലാഖ പ്രത്യക്ഷപ്പെട്ട് കിട്ടിയതാണ് അവരുടെ ഗർഭം. അതുപോലെ തന്നെ പാണ്ഡുവിന് പണ്ട് ഒരു തട്ടുകേട് പറ്റിയകാലത്ത്  ഒരിക്കൽ കിട്ടിയ വരം കൊണ്ട് ഇഷ്ടദേവന്മാരെ വിളിച്ചുവരുത്തി കുന്തിദേവി സന്തതികളെ നേടി എന്ന് മഹാഭാരതത്തിലും പറയുന്നുണ്ടല്ലോ. എന്നാൽ ഇതൊക്കെ ഇവിടെ ഈ അസ്ഥാനത്തെടുത്തിട്ട് വിശ്വാസപരീക്ഷണാർത്ഥം എൻറെ നേരെ പ്രയോഗിക്കേണ്ട കാര്യമുണ്ടോ?

"വന്ന് വന്ന് നിങ്ങൾക്കൊന്നും പള്ളീം പട്ടക്കാരനും ദൈവവിചാരവും ഒന്നുമില്ലാതായി. ഇതിൻറെ ശിക്ഷയാ രണ്ടെണ്ണം ചീറ്റിപോയെ.. ഇതിപ്പോ മൂന്നാമത്തേതിനെ പൊന്നോ പൊടിയോപോലെ ആറ്റുനോറ്റ് ദൈവം തമ്പുരാൻ ഇത്രേം ആക്കിയപ്പോ ദൈവദോഷം പറയാതെ കിടന്നൊറങ്ങിയേ.."

ഇതും പറഞ്ഞ് പെമ്പ്രന്നോർ പുതപ്പ് തലയിലേക്ക് വലിച്ചിട്ട് ഒറ്റക്കിടപ്പ്. പാവം! ഉറങ്ങിക്കോട്ടെ. ഇനിയും ശുണ്ഠിപിടിപികേണ്ട. വയ്യാത്ത വയറും താങ്ങി നടക്കുന്നവർക്കറിയാം അതിന്റെ പാട്.

എന്നാൽ പിന്നെ പണിയൊന്നും ഇല്ലാത്തവർക്ക് പറ്റിയ പണിയായ ഉറക്കം അങ്ങ് നടത്തിയേക്കാം എന്ന് കരുതി കിടന്ന് കണ്ണിൽ ഉറക്കദേവത  കേറി തലോടിയപ്പോൾ ഇട്ടോഇറോ എന്നൊരു ശബ്ദം! അതൊരു നിലവിളിയായിരുന്നു!

"എൻറെ കർത്താവേ ... ഓടിവായോ.. എനിക്ക് വയ്യായേ .."

കണ്ണ് തുറന്ന് ഞാൻ നോക്കിയപ്പോൾ ആണ്ടെടാ വയറും തിരുമ്മി ഭാര്യ  ഇരിക്കുന്നു.

"എന്താ സൂസൂ.. എന്തുപറ്റി?"

"എനിക്ക് മേല ... വയറു വേദനിക്കുന്നു... എനിക്കിപ്പോ ആശൂത്രീപോണേ ... അയ്യോ!"

ഞാൻ കർമ്മനിരതനായി. ഓടിച്ചെന്ന് അമ്മായിയമ്മയെയും അമ്മായിയപ്പനെയും വിളിച്ചുണർത്തി. ഏതാണ്ടിത് പ്രതീക്ഷിച്ച് കിടന്നപോലെ അവളുടെ അമ്മ എന്നെ ചെറഞ്ഞ ഒരു നോട്ടം നോക്കി ഓടിവന്നു. കാനോനികമായ തടസ്സം പാലിക്കാതെ പെറാൻ നിൽക്കുന്ന പെണ്ണിൻറെ കൂടെ വന്നുകിടക്കുന്ന എന്നോട് എൻറെ വീട്ടുകാർക്കും അവളുടെ വീട്ടുകാർക്കും അത്ര പ്രതിപത്തിയില്ല എന്നെനിക്കറിയാം. ഞാനാണേൽ നേരെ വാ നേരെപോ എന്ന മട്ടിൽ വിത്തിട്ട് പാകിയാൽ മാത്രം പോരാ, ചെടി പൂത്ത് കായുണ്ടാവുന്നത് കൂടി കാണാം എന്ന മട്ടിലാണ് വന്ന് നിൽക്കുന്നത്. അതുണ്ടോ നിയമോം അചാരോം പറഞ്ഞുനടക്കുന്ന  ഇവറ്റകൾക്ക് മനസ്സിലാകുന്നു?

കാർ വന്നു നിന്നു. റെഡിയാക്കി വച്ചിരുന്ന ബാഗുകളും, പെട്ടിയും എടുത്ത്  അടുത്ത പൊറുതി സ്ഥലത്തേക്ക് പോകുന്ന മാതിരി വലിയ വയറിന് പിന്നിൽ അവളും, അവളെ താങ്ങിക്കൊണ്ട് അമ്മയും പിന്നെ ഞാനും കാറിലേക്ക് കയറി.

"അയ്യോ.. പെട്ടെന്ന് എന്നെ ആശുപത്രിയിൽ എത്തിക്കോ ..."

ഡ്രൈവറുടെ കാർ ആക്‌സിലേറ്ററിൽ അമരാനും എക്സ്പ്രസ് മാതിരി വണ്ടി പായാനും അവളുടെ കരച്ചിൽ ധാരാളം മതിയായിരുന്നു.  വഴിനീളെ പ്രിയതമയുടെ കീറിവിളിക്കൽ കേട്ട്  'ഇവളിപ്പോ വണ്ടിയിൽ പെറുമോ' എന്നൊരു സന്ദേഹം എന്നിൽ മുളപൊട്ടി. അല്ലെങ്കിലും പണ്ടേ ഇവൾക്ക് ബൂലോകത്തിന് കീഴിൽ ആകെ പേടിയുള്ള ഒരേയൊരു സാധനം ആശുപത്രിയിലെ സിസ്റ്റർമാർ കുത്തിവയ്ക്കാൻ പൊക്കിയെടുത്തോണ്ട് വരുന്ന സൂചിയാണ്. ആ സൂചിയുടെ ലോകത്തേക്കാണ് ഇപ്പോൾ പോകുന്നത്.

ദൈവമേ.. എൻറെ സൂസൂവിന് സുഖപ്രസവം നൽകണേ..ഞാൻ പ്രാർത്ഥിച്ചു.

പെട്ടെന്ന് ഒരു വെള്ളിടിവെട്ടിയപോലെ എനിക്ക് തോന്നി. ഈ സുഖ പ്രസവം എന്ന വാക്ക് ഫെമിനിസ്റ്റുകൾ കണ്ടിട്ടില്ലേ?  സകലമാന വേദനയും തിന്ന് പ്രസവിച്ചു കഴിയുമ്പോൾ വീട്ടുകാരും നാട്ടുകാരും പെരുമ്പറകൊട്ടി അറിയിക്കും "മോൾക്ക് സുഖപ്രസവം ആയിരുന്നു". അനുഭവിച്ച പെണ്ണിനറിയാം എത്ര സുഖമായിരുന്നു അതെന്ന്.

വണ്ടി പാപ്പച്ചൻ ഡോക്ടറുടെ ലൈഫ് ലൈൻ ആശുപത്രി മുന്നിൽ ബ്രേക്കിട്ടു. റിസപ്‌ഷനുമുന്നിൽ ഇരിക്കുമ്പോൾ അവൾ എൻറെ കയ്യിൽ പിടിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു.

"ഇച്ചായാ... എനിക്ക് ഓപ്പറേഷൻ മതി"

ഞാനൊന്ന് ഞെട്ടി. ഇവൾക്ക്  'സുഖപ്രസവം' വേണ്ടാന്ന്!

"അതെന്താ സൂസൂ...? ഇതൊക്കെ ഡോക്ടർ അല്ലേ തീരുമാനിക്കുന്നത്..?"

"ഓ.. ഇച്ചായൻ ഒന്നാഞ്ഞുപിടിച്ചാൽ ഡോക്ടർ സമ്മതിക്കും. എനിക്ക് വേദന സഹിക്കാൻ വയ്യാ.. അതോണ്ടാ. നമ്മടെ അമ്മണീം, ആലീസും എല്ലാം സിസേറിയൻ അല്ലായിരുന്നോ...? എനിക്കും അത് മതി. അതാകുമ്പോ ഒന്നുമറിയണ്ട. വേദന ഒന്നും അറിയുകേല. പ്ലീസ്... പറ്റില്ലാന്ന് പറയല്ലേ..?"

ഒരുമാതിരി ത്രിശങ്കു സ്വർഗ്ഗത്തിലെത്തിയപോലെ ആയിപ്പോയി എൻറെ അവസ്ഥ.

"സൂസൂ.. നീയിപ്പോൾ ചെയ്യുന്നത് ദൈവദോഷമല്ലേ മോളൂ... പെണ്ണുങ്ങൾ വേദനയോടെ പ്രസവിക്കണം എന്നല്ലേ ദൈവഹിതം. ആദിമാതാവിനോട് അങ്ങനല്ലേ തമ്പുരാൻ കൽപിച്ചത്? ഇങ്ങനെയൊക്കെ പറഞ്ഞാൽ ദൈവം കോപിക്കില്ലേ? നീയൊന്ന് ആലോചിച്ച് നോക്ക്."

എനിക്കിട്ട് പ്രയോഗിച്ച ബൂമറാങ്ങ് അവൾക്ക് തന്നെ അങ്ങോട്ട് തിരികെ ഇട്ടു കൊടുത്തുകൊണ്ട് ഞാൻ ആ മുഖത്തേക്ക് നോക്കി.

"ആ.. പിന്നേ .. ആദിമാതാവ്.. ഇച്ചായൻ ഒന്ന് പോയെ.. ആ പെണ്ണുമ്പുള്ള ദൈവം പറഞ്ഞകേൾക്കാതെ പഴോം തിന്ന് പാപം ചെയ്തതുകൊണ്ടല്ലേ ദൈവം അങ്ങനെ ശപിച്ചേ. അവര് പൊക്കണംകേട് കാണിച്ചതിന് ഞാനെന്ത് പിഴച്ചു? ഇച്ചായൻ ഡോക്ടറോട് അങ്ങ് പറഞ്ഞ് പേപ്പറിൽ ഒപ്പിട്ട് കൊടുത്താൽ മാത്രം മതി. ഇവിടെകിടന്ന് വേദനിച്ച് മരിക്കാൻ എനിക്കുമേലാ.."

വീലുള്ള വണ്ടി വന്നുനിന്നു. ലിഫ്റ്റ് കേറി ലേബർ റൂമിലേക്ക് പോകുമ്പോൾ അവൾ വേദനയ്ക്കിടയിലും  കൈകൊണ്ട് ഒപ്പിടുന്നമാതിരി ആംഗ്യം കാണിച്ചു.

ലേബർ റൂമിന്റെ അടഞ്ഞ വാതിലുനുമുന്നിൽ നിന്ന് ഞാൻ എന്നോടുതന്നെ ചോദിച്ചു. 'എൻറെ അർത്തുങ്കൽ പുണ്യവാളാ, ഈ നാരികളുടെ ഓരോ മനസ്സേ..'

No comments:

Post a Comment