Tuesday, February 27, 2018

കിടന്നുപെടുക്കൽ എന്ന മഹാരോഗം

ഈ തലക്കെട്ട് കണ്ട് നിങ്ങൾ വികാരവിജ്രംഭിതരാകരുത്.  എനിക്ക് മാത്രമല്ല എന്റെ തലമുറയിൽപ്പെട്ട നല്ലൊരു ശതമാനം പുണ്യാത്മാക്കൾക്കും പ്രകൃതി കനിഞ്ഞു നൽകിയ ഒരു ശാരീരിക പോരായ്‌മയായിരുന്നു വേണ്ടാത്തപ്പോഴൊക്കെ ലീക്കാകുന്ന  നമ്മുടെ വാട്ടർ അതോറിട്ടിയുടെ  പൈപ്പുകൾ പോലെയുള്ള സിസ്റ്റം.  മാനുഫാക്ച്ചറിങ് ഡിഫെക്ട് എന്നോ മിസ് ഹാൻഡ്‌ലിംഗ് എന്നോ തിരിച്ചറിയകനാകാത്തത ഒരു സങ്കീർണ്ണ പ്രക്രിയ.

അശ്ലീലം വായിച്ച് ശീലിച്ചിട്ടില്ലാത്ത മഹാന്മാർ  ഇത് വായിച്ചുകഴിഞ്ഞശേഷം എൻറെ തോളിൽ വന്നുകേറാതിരുന്നാൽ നിങ്ങൾക്ക് കൊള്ളാം.  എന്തുകൊണ്ടെന്നാൽ  ഒരു അനുഭവസ്ഥന്റെ ശാപമേറ്റാൽ നാളെ നിങ്ങളുടെ സന്തതിപരമ്പരകൾക്കും ഇത്തരം ഏടാകൂടങ്ങൾ വന്നുഭവിച്ചേക്കാം.

അഞ്ചിലോ ആറിലോ പഠിക്കുമ്പോളാണ് ഈ രോഗത്തിന് ഞാൻ അടിമയായത്.  ഈശോ മറിയം യൗസേപ്പേ ഒക്കെ ചൊല്ലി ഈ ലോകത്തുള്ള സകല മക്കളെയും രക്ഷിക്കണേ, കാത്തുകൊള്ളണമേ എന്നൊക്ക മുട്ടിപ്പായി പ്രാർത്ഥിച്ച് കിടന്നുറങ്ങി നേരംവെളുക്കുമ്പോൾ തോട്ടിൽ പോയികിടക്കുന്ന ഒരു ഫീലിംഗ്.  ഒരു കുളിര്, ഒരു ജലസ്പർശം. പരിസരബോധം വീഴുമ്പോളാണ് രാത്രിയുടെ ഏതോ ഏകാന്തയാമത്തിൽ ഞാൻ ഒന്നാം നമ്പർ കർമ്മം ഒരുവിധം മോശമല്ലാത്തവിധം സാധിച്ചാണ് കിടക്കുന്നത് എന്നറിയുന്നത്.

പിന്നെ പാപബോധം. പശ്ചാത്താപം.

കിടക്കപ്പായും, പുതപ്പും എല്ലാം കഴുകി ഉണക്കിയിടുക എന്നത് എന്നെ സംബന്ധിച്ച് ഹെർക്കുലിയൻ ടാസ്‌കാണ്. അതിന് പാങ്ങില്ലാത്ത ഞാൻ, ഒന്നുമറിയാത്തവനെപ്പോലെ  രാവിലത്തെ പണികൾ ഒക്കെ ചെയ്ത് കറുത്ത റബ്ബറിട്ട പുസ്തകകെട്ടും അതിനേക്കാൾ വലിയ പാളപ്പൊതിയും ചുമ്മി നൈസായിട്ടങ്ങ് സ്‌കൂളിൽപോകും.

ഈ കലാപരിപാടി കണ്ടുപിടിക്കുന്ന മൂത്തപെങ്ങളോ അമ്മയോ എൻറെ അവതാര ലക്ഷ്യത്തെ ചീത്തവിളിച്ച് പായും പുതപ്പുമെടുത്ത് കഴുകിയിടുകയും വൈകുന്നേരം സ്‌കൂൾവിട്ടു വരുമ്പോൾ മൂത്രിപ്പിന് ശിക്ഷയായി നല്ല കീച്ച്‌ വച്ചുതരികയും ചെയ്യും.   അപ്പോളാണ് ഈ ശൂ-ശൂ വയ്പ്പ് ഇത്രവലിയ തെറ്റാണെന്ന് എൻറെ ഉപബോധമനസ്സ്  അറിയുന്നതും ഇത്തരം കലാപരിപാടികൾ  ഫിറ്റ് ചെയ്ത് നമ്മളെ ഭൂമിയിലേക്ക് വിടുന്ന ദൈവത്തിൻറെ മാനുഫാക്ച്ചറിംഗ് ഡിഫക്റ്റിനെ ഞാൻ പഴിക്കുന്നതും.

അയൽപക്കത്തെ കൂട്ടുകാരായ സജിയോടും റെനിയോടും ഒക്കെ ഇതിനെപറ്റി കൂലങ്കഷമായി ചർച്ച ഞാൻ  നടത്തി.  അവർക്കൊക്കെയും ഇത്തരം ദുരനുഭങ്ങൾ വന്നുഭവിച്ചിട്ടുള്ളതാണെന്ന സത്യം മനസ്സിലാക്കി.   നാട്ടിലുള്ള ആൺപിള്ളേർക്കും പെൺപിള്ളേർക്കും എല്ലാം കെടന്ന് പെടുക്കാം. ഞാൻ മാത്രം മൂത്രവിസർജ്ജൻ ചെയ്‌താൽ ഭൂലോകം ഇടിഞ്ഞു വീഴും.  എന്തൊരു വർണ്ണ വിവേചനം?!

പക്ഷേ വീട്ടിൽ കാര്യം സീരിയസായി.

എൻറെ ദുശീലം നിർത്താൻ ചർച്ചകൾ നടന്നു. എനിക്ക് നല്ല വീക്ക് കിട്ടാത്തതിന്റെ കുഴപ്പമാണെന്നും ചന്തിക്ക് നല്ല പെട പെടച്ചാൽ ഇനിയിവൻ ജീവിതത്തിലേ പെടുക്കത്തില്ലാന്നുമുള്ള സിദ്ധാന്തം മൂത്ത പെങ്ങൾ എടുത്തിട്ടത് അപ്പൻ ആദ്യമേ തള്ളിക്കളഞ്ഞു. മൂത്രമൊഴിപ്പ് കുട്ടികളുടെ മൗലിക അവകാശമാണെന്നും നല്ല തലയുള്ളവന്മാർ  ഭരണഘടനയിൽ അതിനുള്ള പ്രൊവിഷൻ കൊടുത്തിട്ടുണ്ടെന്നും എന്നാൽ അത് നോക്കീം കണ്ടും, സ്ഥലകാല ബോധത്തോടെ ചെയ്യണം എന്നുള്ളതാണ് സുപ്രധാനമെന്നും അപ്പൻ വിധിച്ചു.

അമ്മയുടേ തത്വം വേറൊന്നായിരുന്നു. ചെറുക്കൻ രാത്രി ഒറ്റയ്ക്കാ കിടക്കാക്കുന്നത്.   വല്ല ഭൂതത്തെയോ, പ്രേതത്തെയോ ചങ്ങലമാടനെയോ കണ്ട് പേടിച്ച് പെടുക്കുന്നതായിരുക്കും. അതിന് എന്തേലും പ്രതിവിധി ചെയ്യണം.

"എന്തോ പ്രതിവിധിയാ?"  അപ്പൻ ചോദ്യം പൊതുസഭയിൽ ഉന്നയിച്ചു.  അമ്മ അതിന് ഉത്തരവും നൽകി.

"മൂത്ത പെണ്ണ് അവൻറെ കൂടെ കിടക്കട്ടെ.  ഒരു കൂട്ട് കിട്ടുമ്പോൾ ചെറുക്കന്റെ പേടിയൊക്കെ മാറും"

അമ്മയുടെ ഐഡിയ എല്ലാവരും പാസ്സാക്കിയപ്പോൾ മൂത്തപെങ്ങൾ മാത്രം ഇടം തിരിഞ്ഞുനിന്നു.

"എനിക്ക് മേല..  കെടന്ന് പെടുക്കുന്നവന്റെ കൂടെക്കിടക്കാൻ"

ഇനി നിർബന്ധിച്ചാൽ ഞാൻ പെട്ടീം കിടക്കയുമെടുത്ത്  എവിടേലും പോയിക്കളയും എന്നൊരു ധ്വനിയിലാണ് പെങ്ങൾ അത് പറഞ്ഞത്.  എന്നാൽ അപ്പൻറെ സുപ്രീംകോടതി വിധിയ്ക്കുമുന്നിൽ  അപ്പീലില്ലാത്തതിനാൽ പെങ്ങൾ ഗോവിന്ദ.  ഇതെല്ലാം കേട്ട് പോലീസ്സ്റേഷനിൽ തേങ്ങാ മോഷണത്തിന് പിടിച്ചുകൊണ്ടിരുത്തിയ പ്രതിയെപ്പോലെ ഞാൻ ആ പൊതുസഭയിൽ തലകുനിച്ചിരുന്നു.

"ദാണ്ടേ... അപ്പനോട് തറുതല പറയുന്നോ പെണ്ണെ..?" അമ്മ സുദർശന ചക്രമായ കൈ അടിക്കാനെന്ന മട്ടിൽ ഒന്നോങ്ങി. അതോടെ പെങ്ങൾ ഒതുങ്ങി.

അങ്ങനെ ഭാഗ്യഹീനയായ പെങ്ങൾ പേടിച്ചുതൂറി എന്ന ഹോളോഗ്രാം ചാർത്തപ്പെട്ട എൻറെ കൂടെ രാത്രി കിടക്കാൻ വിധിക്കപ്പെട്ടു.  'ഈ വീട്ടിൽ വന്നു പിറന്നപ്പോളേ തലവിധി കോഞ്ഞാട്ടയായതാ' എന്ന മുറുമുറുപ്പോടെ "അങ്ങോട്ട് നീങ്ങിക്കെടക്ക് ചെറുക്കാ" എന്ന ചൊറിഞ്ഞ വർത്തമാനവും പറഞ്ഞ് ആ ഹതഭാഗ്യ പുതപ്പും തലയിണയും ഒക്കെ കെട്ടിപ്പെറുക്കി എൻറെ കട്ടിലിൽ വന്നുകിടന്നു.

ഇതൊക്കെ കണ്ട അനിയൻ "ഡാ.. കിടന്നുപെടുപ്പാ.." എന്ന് എന്നെ വിളിച്ച് കളിയാക്കി.  മൂടോടെ ചൊറിഞ്ഞുവന്ന ഞാൻ അവനെ ചവിട്ടിക്കൂട്ടാനുള്ള ദേഷ്യത്തോടെ നിന്നു. വലിയ പാപത്താൽ കയ്യും കാലും ബന്ധിക്കപ്പെട്ടില്ലായിരുന്നെങ്കിൽ 'മോനെ ഞാൻ കാണിച്ചു തരാമായിരുന്നു'  എന്നൊരു ആത്മഗതവും നടത്തി.  അല്ലേൽ തന്നെ ഈ ഏടാകൂടം വീട്ടിൽ ആഗതനായ ശേഷമാണ് അമ്മയുടെ ചൂടേറ്റുള്ള എൻറെ കിടപ്പ് നിന്നത്.  എനിക്ക് കിട്ടേണ്ട എല്ലാ സൗഭാഗ്യങ്ങളും തട്ടിയെടുക്കാൻ  സ്വർഗത്തിൽ നിന്നും നേരിട്ട് കെട്ടിയിറക്കികൊണ്ടുവന്നതാണ് ഈ മൊതലിനെ എന്നാണ് അമ്മപറഞ്ഞേക്കുന്നത്.

അമ്മയുടെ നിഗമനം ശരിവയ്ക്കുന്ന മാതിരിയായിരുന്നു പിന്നീടുള്ള ദിവസങ്ങൾ.  പെങ്ങളുടെകൂടെ കിടപ്പുതുടങ്ങിയ ഞാൻ മാന്യനായി. എൻറെ ദുഃശീലം മാറിയതിൽ സഹോദരിക്ക് സന്തോഷം ഉണ്ടായെങ്കിലും ഈ മരമാക്രിയെ എത്രനാൾ കൂടി ഇനി സഹിക്കണം എന്ന ഉറപ്പില്ലായ്മകാരണമാകും ഇടയ്ക്കിടെ എൻറെ കാലിലും കയ്യിലും ചന്തിക്കും ഞുള്, പിച്ച്, മാന്തൽ എന്നിങ്ങനെ ഒതുക്കത്തിൽ തരാൻ പറ്റിയ  നാടൻ മർദ്ദനമുറകൾ പ്രയോഗിക്കാൻ തുടങ്ങി.

ദൈവസഹായത്താൽ അമ്മയെ സഹായിക്കാൻ പെങ്ങൾ സ്‌കൂളിൽപോക്ക് നിർത്തിയതാണ്.  ഇളയ പിള്ളേരൊക്കെ ആയിക്കഴിഞ്ഞപ്പോൾ ഒരു ദിവസം സ്‌കൂളിൽപോകാൻ തയ്യാറായി നിന്ന ആ വിദ്യാർത്ഥിനിയോട് കല്ലേൽ പിളർക്കുന്ന ഒരു കൽപന അമ്മ പുറപ്പെടുവിച്ചു.

"പെണ്ണേ, നാളെതൊട്ട് നീ സ്‌കൂളിൽ പോണ്ട.  ഇവിടെ വീട്ടിൽ ഇളയത്തുങ്ങളെ ഒക്കെ നോക്കി നില്ല്.  എനിക്കിവിടെ എല്ലാംകൂടി മേല. തറ പറ പോലും നേരെചൊവ്വേ എഴുതാൻ അറിയാത്ത നീ ചുമ്മാ തേരാപ്പാരാ സ്‌കൂളെന്നുപറഞ്ഞ് പോയി എന്തോ കുന്തം ഒണ്ടാക്കാനാ?  ചുമ്മാ സാറമ്മാരെകൊണ്ട് പറയിപ്പിക്കാതെ ഇവിടെങ്ങാനം അടങ്ങിയൊതുങ്ങി വീട്ടുപണിയും ചെയ്തോണ്ടിരി"

തൻറെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് പെങ്ങൾ അന്നുമുതൽ പുസ്തകമെന്ന ആയുധം താഴ്ത്തിവച്ച്  സ്‌കൂളുമായും സാറന്മാരുമായുമുള്ള വെടിനിർത്തൽ കരാറിൽ ഒപ്പിട്ടു.

അതോടുകൂടി തൻറെ കഷ്ടകാലം ആരംഭിച്ചു എന്നാണ് പെങ്ങളുടെ മതം. കുറഞ്ഞപക്ഷം  ജില്ലാകളക്ടർ എങ്കിലും ആകേണ്ട തന്നെ ബാലവേലയും, മനുഷ്യത്വ ധ്വംസനവും നടത്തി ജീവിതം കോഞ്ഞാട്ടയാക്കി. അപ്പോളാണ്  കൂനിന്മേൽ കുരു എന്നപോലെ എൻറെ തീരാരോഗം മാറ്റാൻ നിയോഗിക്കപ്പെട്ടത്.  മംഗളം വാരികയിലെ 'വിധിയുടെ ബലിമൃഗങ്ങൾ' എന്ന കോളത്തിൽ തൻറെ കഥകൂടി ഉൾപ്പെടുത്തണം എന്ന ചിന്തയിലാണ് പെങ്ങൾ കൂടെകിടപ്പെന്ന ത്യാഗം അനുഷ്ടിക്കാൻ വന്നത്.

സംഗതി കുഴപ്പമില്ലാതെ കുറേദിവസം കഴിഞ്ഞുപോയി. എനിക്ക് രോഗശാന്തി കിട്ടിയപ്പോൾ തനിക്ക് വിടുതലും കിട്ടും എന്ന്  കൂടെകിടക്കാൻ വന്ന  ത്യാഗി സ്വപ്നം കണ്ടുകൊണ്ടിരുന്ന ഒരു ദിവസമാണ് ആ അത്യാഹിതം വലിയൊരു ദുരന്തമായി വന്നു ഭവിച്ചത്!!

ആ ദിവസം സൂര്യൻ കിഴക്ക് വെള്ളകീറുമ്പോൾ ഞാൻ കണ്ണുകീറി നോക്കി.  തോട്ടിലെവിടയോ കിടക്കുന്ന ഒരനുഭൂതി. വരാലും, പരൽമീനും, മുഷിയും, വട്ടാനും ഒക്കെ ദേഹത്തൂടെ കേറി നടക്കുന്നുണ്ടോ എന്ന് സ്വയം ചോദിച്ചുകൊണ്ട് എണീറ്റപ്പോൾ  ആ ദുരന്തസത്യം ഞാൻ മനസ്സിലാക്കി.

മൂഷിക ചെറുക്കൻ വീണ്ടും മൂഷിക ചെറുക്കാനായി!

പഞ്ചമാ, പാതകാ... പരിസരബോധം വീണ ഞാൻ സംഭവം ആരേലും അറിയും മുമ്പ് മെല്ലെ എണീറ്റു.   രാത്രിയുടെ ഏതോ ഭീകരയാമത്തിൽ അറിയാതെ കട്ടിലിൽ ഇറിഗേഷൻ നടത്തിയിരിക്കുന്നു! ഒരു ചെറിയ പാളിച്ച കാണിച്ച് കൂർക്കം വലിച്ച് അയ്യോപാവം മട്ടിൽ കിടക്കുന്ന സഹോദരി ഉണർന്നാൽ മണ്ഡോദരിയാകും. പിന്നെ നല്ല ഒന്നാന്തരം വയനാടൻ ആയോധനമുറ എന്റെമേൽ പ്രയോഗിക്കാൻ സാധ്യതയുമുണ്ട്.  അവിടെനിന്ന് ഒതുക്കത്തിൽ രക്ഷപ്പെട്ട് കുരുമുകളും, ഉപ്പുംകൂട്ടി തയ്യാറാക്കിയ ഉമിക്കരിയെടുത്ത് ഇടതുകൈയിൽ നിക്ഷേപിച്ച്  വടക്കേമുറ്റത്തുപോയിനിന്ന് പല്ലുതേപ്പ് എന്ന പുണ്യകർമ്മം ഞാനങ്ങ് ചെയ്യാൻ തുടങ്ങി. ആ കർമ്മത്തിനിടയ്ക്കാണ് വീട്ടിനുള്ളിൽ കലാനിലയത്തിൻറെ 'രക്തരക്ഷസ്സ്' നാടകം കാളിനടക്കുംപോലെ അലയും വിളിയും മുഴങ്ങിയത്.

തൻറെ പുതപ്പും, തലയിണയും, പായും എല്ലാം ജലസേചനം നടത്തി നശിപ്പിച്ച ഞാനെന്ന സാമദ്രോഹിക്ക് കിട്ടുന്ന അനുഗ്രഹവചസ്സുകളാണത്. അമ്മയും അതിൻറെ പക്ഷംപിടിച്ച് കൂടെക്കൂടി. അപ്പോൾ ബീഡിനിർമ്മിതിയിൽ സ്വയം പര്യാപ്തത നേടിയ അപ്പൻ സെൽഫ് മേഡ് ബീഡിയും പുകച്ച് അമ്മയുടെ നേരെ തിരിഞ്ഞു.

"ഇവളെ കൂടെകിടത്തിയാൽ കെടന്നുപെടുപ്പ് നിക്കും എന്ന്  നീയല്ലിയോ കോണദോഷിച്ചെ? ഇപ്പൊ അനുഭവിച്ചോ... വേഗം ചെന്ന് പൊതപ്പും പായും കഴുകിയിട് പെണ്ണേ"  പകുതി അമ്മയോടും പകുതി സഹോദരിയോടും ആക്രോശിച്ച് അപ്പൻ അരിശംതീർത്തു.

ഇങ്ങനെ അപ്പൻ മൂപ്പിച്ചുനിൽക്കുമ്പോൾ ആണ് അക്കരയിലെ ഉണ്ണിച്ചായൻ അതുവഴി വന്നത്.  ഇനിയിപ്പോൾ ഈ മാരണവും എൻറെ കുറ്റം പറയാൻ കൂടുമല്ലോ എന്ന ചിന്തയിൽ ഞാൻ വെട്ടപെടാതെ പാത്തുനിന്നു.  വീടിനകത്തുനിന്നും വിളിക്കാൻ പാകത്തിൽ സെൻസർ ചെയ്ത വാക്കുകൾ അപ്പോളും ഉയർന്നുകൊണ്ടേയിരുന്നു.  ഇത്തിരി കഴിഞ്ഞപ്പോൾ ചീത്തവിളി, പുതപ്പും പായും എല്ലാം പേറി അലക്ക് കല്ലിന്റെ അടുത്തേക്ക് നടന്നുപോകുന്നതും കണ്ടു.

കാര്യം മണത്തറിഞ്ഞ ഉണ്ണിച്ചായന് അന്നത്തേക്കുള്ള വിഷയമായി. മുണ്ട് ചുരച്ചുകയറ്റി നല്ല ഒന്നാന്തരം പാളകരയുള്ള അണ്ടർവയറിന്റെ തുഞ്ചവും കാണിച്ച് ഉണ്ണിച്ചായൻ തുടങ്ങി.

"എൻറെ പൊന്നപ്പാപ്പാ ... ഇതൊക്കെ എല്ലായിടത്തും നടക്കുന്നതല്ലിയോ.  ഇതിനൊക്കെ മരുന്നുണ്ടല്ലോ.  ഇവനല്ല ഇവൻറെ കീച്ചിപ്പാപ്പ പെടുപ്പ് നിർത്താനുള്ള വഴി ഉണ്ട്... ഉണ്ണിപ്പാനോടാ കളി"  ഇതും പറഞ്ഞ് ഉണ്ണിച്ചായൻ തിണ്ണയ്ക്ക് പ്രതിഷ്ഠിച്ചു.  ഇനിയിപ്പോ വീട്ടീന്ന് നല്ല ഒന്നാന്തരം, വെറ്റില, പാക്ക്, ചുണ്ണാമ്പ് ഒക്കെ പൊതിഞ്ഞുള്ള ഒന്നൊന്നര മുറുക്കാനും മുറുക്കിയിട്ടേ പോകൂ.  മൊന്തയിൽ നിന്ന് വെള്ളം വായിലൊഴിച്ച് കുലുക്കിത്തുപ്പി അമ്മായിട്ട കട്ടൻ കാപ്പിയും കുടിച്ച് അപ്പനോടും അമ്മയോടും രഹസ്യമായി എന്തൊക്കെയോ ഉണ്ണിച്ചായൻ പറയാനും തുടങ്ങി.  ഞാൻ പാത്തുനിൽക്കുന്ന സ്ഥലം വരെ എത്താനുള്ള റേഞ്ച് ഇല്ലാത്ത വാക്കുകളെ പക്ഷേ അവരുടെ ആംഗ്യവിക്ഷേപം കൊണ്ട് മനസ്സിലാക്കാൻ ഞാൻ ശ്രമം നടത്തി.  പിൽകാലത്ത് ദൂരദർശനിൽ ഞായറാഴ്‌ച ഉച്ചക്ക് ഒരുമണിക്ക് വന്നിരുന്ന വാർത്ത മനസിലാക്കിയെടുക്കുന്നതിനേക്കാൾ ആയാസകരമായൊരു പ്രക്രിയയായിരുന്നു അത്.

ചുളുവിന്  കിട്ടിയ മുറുക്കാൻ അണ്ണാക്കിലേക്ക്  ഉന്തിക്കേറ്റി ഉണ്ണിച്ചായൻ രഹസ്യചർച്ച തുടർന്നുകൊണ്ടേയിരുന്നു.

ഞാൻ  പോയി ചാഞ്ഞുകിടന്ന വല്യപറങ്കാവിന്റെ കൊമ്പിൽകയറിയിരുന്നു. പിന്നെ കൂലങ്കഷമായി ആലോചിച്ചു.  നിന്നുപോയ എൻറെ ദുഃശീലം എങ്ങിനെയാണ് ഇന്ന് വീണ്ടും തുടങ്ങിയത്?  ഞാൻ രാത്രിയിലേക്കൊന്ന് റീവൈൻഡ് ചെയ്തുനോക്കി.  ഉറങ്ങാൻ കിടന്നത് ഓർമയുണ്ട്. പിന്നെ എന്താണ് സംഭവിച്ചത്?

ഞാൻ അതാ ഒരു സ്വപ്നം കാണുന്നു. നയന മനോഹര സ്വപനം.

സ്‌കൂളിൽ ഉച്ചയ്ക്ക് മണിയടിച്ചു.  ഈച്ചക്കൂട് പൊട്ടിയപോലെ പിള്ളേർ പുറത്തേക്ക് പൊട്ടിത്തെറിച്ചു. ബെല്ലടിച്ചാൽ ഞങ്ങൾ ആൺകുട്ടികൾ ആദ്യം ചെയ്യുന്നത് സ്‌കൂളിനടുത്തുള്ള തമ്പിസാറിന്റെ പറമ്പിൽ പോയി നമ്പർ വൺ സാധിക്കുക എന്നതാണ്. സ്‌കൂളിന് സ്വന്തമായി മൂത്രപ്പുരയുണ്ടെങ്കിലും മുറ്റത്തെ മുല്ലയ്‌ക്ക് മണമേ ഉള്ളു എന്നതിനാൽ, കുട്ടൻപിള്ളയുടെ കടത്തിണ്ണയിൽ കിടക്കുന്ന പട്ടിപോലും കാലുപൊക്കി 'ഇന്നാ പിടിച്ചോ' എന്നമട്ടിൽ അവിടെച്ചെന്ന് പെടുക്കാൻ അറയ്ക്കും. പിന്നെ ഇതൊക്കെ ഞങ്ങൾ ആൺകുട്ടികൾക്ക് തുറന്ന അന്തരീക്ഷത്തിൽ അനുവദിച്ച് തന്നിട്ടുള്ള അവകാശമാണെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തമ്പിസാറിന്റെ തെങ്ങിൻ ചോട്ടിൽ ഈ യൂറിയ അഭിഷേകം ഞങ്ങൾ ഇടതടവില്ലാതെ നടത്തിപോരുന്നത്.

ഈ ചടങ്ങ്  നിർവഹിക്കുന്നത് ഗ്യാങ്ങായിട്ടാണ്. അപ്പോൾ അതിൽ പലതരം നൂതന സാങ്കേതിക വിദ്യകളും ഞങ്ങൾ  പ്രയോഗിഗമാക്കാറുണ്ട്. അതിലൊന്നാണ് ഇഗ്ളീഷ്-മലയാളം അക്ഷരമാലയുടെ പുനർനിർമ്മാണം.  ഇഗ്ളീഷിന് ആനമൊട്ട വാങ്ങുന്ന എനിക്ക് എപ്പോളും മലയാളം അക്ഷരം ആണ് കിട്ടാറുള്ളത്.  ബിജുവിനും, സജിക്കും, ബിനുവിനും ഒക്കെ സ്ഥിരം ഇഗ്ളീഷ് അക്ഷരങ്ങളും.  അവരൊക്കെ അതിവേഗം ഒന്നോ രണ്ടോ അക്ഷരം വരച്ചുകഴിയുമ്പോളും  നാരായംകൊണ്ട് മലയാളം അക്ഷരം വളച്ചുപുളച്ച് എഴുതാൻ  കഷ്ടപെടുകയായിരിക്കും ഈ ഞാൻ. രണ്ടോ മൂന്നോ തീപ്പെട്ടികമ്പ് വച്ചപോലുള്ള ആംഗലേയ അക്ഷരങ്ങൾ  ഈസിയായി അവർ എഴുതുമ്പോൾ ഞാൻ 'അ' യും 'ഇ' യും ഒക്കെ ഉണ്ടാക്കാൻ പാടുപെടുകയായിരുക്കും.  ഇതിനിടയ്ക്ക് നമ്മുടെ വാട്ടർ സപ്പ്ളെ അങ്ങ് നിലച്ചുംപോകും.  സത്യം പറയാമല്ലോ, മലയാള അക്ഷരങ്ങൾ ഇത്ര കോമ്പ്ലിക്കേറ്റഡ് ആയി കണ്ടുപിടിച്ചവരെയൊക്കെ കിട്ടിയാൽ അപ്പോൾ ചവിട്ടിക്കൂട്ടാനുള്ള ദേഷ്യമുണ്ടാകും.

അങ്ങനെ സ്വപ്നത്തിൽ തമ്പിസാറിന്റെ തെങ്ങിൻചോട്ടിൽ മൂത്രിക്കാൻ പോയ ഞങ്ങൾ നിരനിരയായി നിന്ന് കൃത്യനിർവഹണം നടത്തിയപ്പോൾ സത്യത്തിൽ അത് സംഭവിച്ചത് എൻറെ കട്ടിലിൽ ആയിരുന്നു.  വേനലിൽ പെയ്ത മഴപോലെ ഞാനുണ്ടാക്കിയ മലയാള അക്ഷരങ്ങൾ പെങ്ങളുടെ പുതപ്പ് വലിച്ചെടുത്തു.

ഈ ഒടുക്കത്തെ സ്വപ്നം കാണൽ കാരണം ഇന്നിപ്പോൾ വീട്ടിൽ കേറാൻ മേലാത്ത അവസ്ഥയായല്ലോ പുണ്യവാളച്ചാ!  ടിക്കറ്റില്ലാതെ സിനിമ കാണുന്ന പോലെയുള്ള സ്വപ്നം കാണലിനെ അന്ന് ഞാൻ ദുർവാസാവ് കണക്കെ ശപിച്ചു.  എവിടെയൊക്കെയോ കലാകാരന്മാരും, ശാസ്ത്രജ്ഞന്മാരും സ്വപ്‌നങ്ങൾ കണ്ട് ഏതാണ്ടൊക്കെയങ്ങ് മറിച്ചു എന്നാ പറയ്യുന്നത്. സ്വപ്നം കാണൂ, കണ്ടുപിടുത്തം നടത്തൂ എന്നൊക്കെയാണ്  വെപ്പ്.  ഇവിടെ നമ്മൾ വല്ല സ്വപ്‌നവും കണ്ടാൽ കട്ടിൽ ചോരും!

രാത്രി കിടക്കുന്നതിന് മുമ്പ് മുരളി ഡാക്കിട്ടറുടെ കഷായം രണ്ട് ഔൺസ് കുടിച്ചാൽ ഇത് മാറുമോ ആവോ?  വീട്ടിലെ പശുവിനും, പട്ടിക്കും, ആടിനും ഒക്കെ എന്തൊരു സുഖമാ. എവിടെവേണേലും പോകാം. എവിടെ വേണേലും സാധിക്കാം.  നമുക്കൊക്കെ ഒരു കൈയബദ്ധം പിണഞ്ഞാൽ എന്താ പുകില്?!

ഗഹനമായ ചിന്തകൾക്കൊടുവിൽ പറങ്കാവിൽനിന്നും ഞാൻ ഊർന്നിറങ്ങി വന്നപ്പോളേക്കും അപ്പൻറെ ഒന്നുരണ്ട് തൊറുപ്പ്  ബീഡിയും, അമ്മയുടെ രണ്ട് മുറുക്കാനും, ഒരു കട്ടൻകാപ്പിയും വീടിന് നഷ്ടം വരുത്തി ഉണ്ണിച്ചായൻ സ്ഥലം കാലിയാക്കി പോയിരുന്നു.  പക്ഷേ ഉണ്ണിച്ചായൻ മൊതലും പലിശയും കൂട്ടിച്ചേർത്ത് എനിക്കിട്ടൊരു എട്ടിന്റെ പണി തന്നാണ് പോയത്.

"എൻറെ പൊന്നപ്പാപ്പോ .. നമ്മുടെ ദേവീക്ഷേത്രത്തിലെ ഉത്സവം അല്ലിയോ വരുന്നേ.  താലപ്പൊലിയും മേളവുമായി കൊറേ ആനകളും വരുമല്ലോ.   അതിൽ ഏതേലും ആനപാപ്പാന് ഇച്ചിരി വാട്ടീസ് മേടിച്ച് കൊടുത്ത് ചെറുക്കനെ നമുക്ക് ആനേടെ കാലിന്റെ കീഴെക്കൂടെ ഒന്ന് നടത്താം. അതോടെ അവൻറെ ഒടുക്കത്തെ കെടന്നുപെടുപ്പ് തീരും"

എൻറെ സൗഭാഗ്യങ്ങൾ തട്ടിയെടുത്തവനാണെങ്കിലും അനിയൻ ആണ് ഈ ഇന്റലിജൻസ്‌ സീക്രട്ട് എനിക്ക് പാസ് ചെയ്തത്.

എൻറെ ദേവീ... !!?? എൻറെ  അകവാളുവെട്ടി, ഞെട്ടിത്തരിച്ചു. . ആനേടെ കാലിനിടയിൽ കൂടി നടത്താനോ? എന്നെ?!!

എനിക്ക് തുള്ളപ്പനി പിടിക്കാൻ ഇനിയെന്തുവേണം? ആനേടെ മരത്തടിപോലുള്ള കാലുകൊണ്ട് ചവിട്ടേറ്റ് ചാകാനാണോ എൻറെ വിധി?  ദേവീക്ഷേത്രത്തിൽ ഭരണി കാർത്തിക ഉത്സവം നടത്തുന്ന ഉത്സവ കമ്മറ്റിക്കാരെയും, ഉണ്ണിച്ചായനെയും ഞാൻ മനസാ പ്രാകി. നെറ്റിപ്പട്ടം കെട്ടി, തുമ്പികൈ നീട്ടി തലയും കുലുക്കി നിൽക്കുന്ന ഗജകേസരികളെ മനസ്സിൽ കണ്ട് അപ്പോൾ ഞാൻ  അവിടെ  മൂത്രമൊഴിക്കും എന്ന സ്ഥിതിയിലായി.

"പോന്നവഴിക്ക് ഉണ്ണിച്ചായൻ തോട്ടിൽ ഉരുണ്ടടിച്ച് വീഴണേ" ഞാൻ തലയിൽ കൈവച്ച് പ്രാർത്ഥിച്ചു.

ഉത്സവത്തിന് ഇനി നാല്  ദിവസം മാത്രമേ ബാക്കിയുളൂ.  ഇത് ഒരുപക്ഷെ എൻറെ അവസാന ഉത്സവം ആയിരിക്കും. അടുത്ത ഉത്സവത്തിന് ഭിത്തിയിലെ പടമായിത്തീരും എന്നൊക്കെ കണക്ക് കൂട്ടി മൊത്തത്തിൽ എനിക്ക് ആധിയായി.

രാത്രി.

അമ്മയുടെ വിധി ഫലവത്താകാതെ വന്നതിനാൽ  എൻറെ കിടക്കവിട്ട് പെങ്ങൾ പോയി ഞാൻ ഒറ്റയ്ക്കായി.   ഈശോ മറിയം യൗസേപ്പേ വിളി പോരാഞ്ഞ് സർവ്വമാന പുണ്യവാളന്മാരെയും വിളിച്ച് ഞാൻ ഉറങ്ങാൻ കിടന്നു.

അന്നും ഞാൻ ടിക്കറ്റില്ലാത്ത സിനിമയായ സ്വപ്‌നം കണ്ടു.  അമ്പലത്തിലെ ഉത്സവത്തിന് ഓലയും മടലും ഒക്കെ ചകചകാന്ന്  ചവച്ച് തിന്നിട്ട് നിരന്നു നിൽക്കുന്ന കൊമ്പനാനകൾ.  അതിൻറെ കാലിനിടയിലൂടെ പേടിച്ച് വിറച്ച് നടക്കുന്ന ഞാൻ!  അത് കണ്ട് നിർവൃതിയടയുന്ന അപ്പനും അമ്മയും അവരുടെ ചാരെ, പൂഞ്ഞാർ നൃത്തഭാവനിലെ ശകുനിപോലെ ഞെളിഞ്ഞ് നിൽക്കുന്ന ഉണ്ണിച്ചായനും.  വെടിക്കെട്ട്,  നാഗസ്വരം,  വെച്ചുവാണിഭക്കാരുടെ ബഹളം, ചുക്കുകാപ്പിക്കരന്റെ കണ്ടത്തിലെ മാക്രിപോലെയുള്ള 'ചുക്കാപ്പി... ചുക്കുകാപ്പി' എന്ന ഞരക്കം. അയ്യോ.. അതാ ആന എന്നെ ചവിട്ടുന്നു!!

"അമ്മേ ... ഓടിവായോ...!!"

അലറിക്കൊണ്ട് ഞാൻ ഞെട്ടിയെണീറ്റു.

വീട്ടിൽ മണ്ണെണ്ണ വിളക്ക് തെളിഞ്ഞു. അമ്മ ഓടിവന്നു. അപ്പനോടിവന്നു.  അനിയൻ വാ പൊളിച്ച് നിന്നു.  എല്ലാവരുടെയും മുന്നിൽ അരണ്ടവെളിച്ചത്തിൽ ഇതികർത്തവ്യമൂഢനായി ഞാനിരുന്നു.
*********

ആ വർഷവും പതിവുപോലെ ഭരണി കാർത്തിക തിരുനാൾ ഉത്സവം ദേവീക്ഷേത്രത്തിൽ തകർത്തു.  ആന, അമ്പാരി, വളകച്ചവടം, മസാലകപ്പലണ്ടി, വെടിക്കെട്ട്, മുച്ചീട്ട്, കുലിക്കികുത്ത്, വാറ്റുചാരായ വിൽപന,  ലക്ഷ്മി തിയേറ്ററിൽ തുണ്ടുപടത്തിന്റെ  സ്‌പെഷ്യൽ ഷോ എന്നുവേണ്ട പതിവുപോലെ ഉത്സവം കെങ്കേമമായി.

ആ വർഷത്തെ ഉത്സവംകൊണ്ട് എൻറെ വീടുനുണ്ടായ നേട്ടം എൻറെ കിടന്നുപെടുക്കൽ എന്ന രോഗം പൂർണമായും മാറി എന്നതാണ്.

എന്നെ ആരും ആനയുടെ കീഴെക്കൂടെ നടത്തിയില്ല. എന്നെ പേടിപ്പിക്കാൻ ഉണ്ണിച്ചായനിട്ട നമ്പരായിരുന്നു അത്.  അതിനുശേഷം ആനയെന്നല്ല ഗണപതിയെപ്പോലും കണ്ടാൽ എൻറെ നാച്ചുറൽ വാട്ടർ സപ്ലൈ സിസ്റ്റം പ്രവർത്തനം നിലയ്ക്കുന്ന ഗതിയായി.   ഉറക്കത്തിലോ ഉണർവിലോ ആനയെ കാണരുതേ എന്ന പ്രാർത്ഥനയോടെ ഞാൻ ദിനങ്ങൾ തള്ളിനീക്കി.

അങ്ങനെ തടിപിടിക്കാനും, ഉത്സവത്തിന് നെറ്റിപ്പട്ടം ഒക്കെ കെട്ടി കഴപോലെ കാഴ്ചക്കാരെ നോക്കി കുണുങ്ങി കുണുങ്ങി നിൽക്കാനും മാത്രമല്ല,  ആനയെക്കൊണ്ട് ആർക്കുമറിയാത്ത ഇത്തരം ഗുണങ്ങൾ കൂടി ഉണ്ടെന്നുള്ള സത്യം നമ്മുടെ വിദ്യാർത്ഥികൾക്ക് പാഠ്യവിഷയത്തിൽ ഉൾപെടുത്തേണ്ടതാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, ദേവീക്ഷേത്രത്തിലെ ശ്രീദേവിക്കും, ഉണ്ണിച്ചായനും കൈകൂപ്പി നന്ദി നല്ലനമസ്കാരം അർപ്പിച്ചുകൊണ്ട്,  എന്റെ ഈ 'ഒന്നാം നമ്പർ' കഥ അവസാനിപ്പിക്കുന്നു.

No comments:

Post a Comment