Thursday, March 1, 2018

ഒരു മുലക്കച്ചകപടം

"എഡോ പൊന്നപ്പാ നിൻറെ പെണ്ണുമ്പുള്ള പേറും പെറപ്പുമൊക്കെ കഴിഞ്ഞ് വന്നോ?"

ഗാന്ധിമുക്കിലെ പിള്ളേച്ചന്റെ ചായക്കടയിലെ കാലൊടിഞ്ഞ ബഞ്ചിലിരുന്ന് പാപ്പി കൊച്ചുവെളുപ്പാൻകാലത്ത് പൊന്നപ്പനോട് ചോദിച്ച ചോദ്യമാണിത്. നാട്ടുവർത്തമാനത്തിന്റെ താളത്തിനൊപ്പം പൊന്നപ്പൻറെ മൂത്ത ചെറുക്കൻ കരയ്ക്കുനിന്ന് തോട്ടിലേക്ക് മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദസൗകുമാര്യം അപ്പോൾ പിള്ളേച്ചന്റെ ചായക്കോപ്പയിൽ അന്തരീക്ഷത്തിന്റെ വീതി അളന്ന് അടിക്കുന്ന ചായയിൽ നിന്നുമുണ്ടായി.

"ഓ.. വന്നിട്ടുണ്ട്. കൊറേ ദെവസമായി. അതെന്താ പാപ്പീ ഇപ്പൊ ചോദിയ്ക്കാൻ കാര്യം?"

"കാര്യമോ... എടാ, നിനക്കിച്ചിരി ഫേമസ് ആവണമെങ്കീ, നിൻറെ പെമ്പറന്നോര് കൊച്ചിന് മൊലകൊടുത്തോണ്ടിരിക്കുന്ന ഫോട്ടം വല്ലതും ഫേസ്ബുക്കിലോട്ട് ഒന്നിട്"

ഇതുകേട്ട പൊന്നപ്പന് ചൊറിഞ്ഞു വന്നു.

"പാപ്പീ.. ഡാ കോപ്പേ... ദാണ്ടേ ഒരുമാതിരി മറ്റേടത്തെ വർത്തമാനം വീട്ടിലിരിക്കുന്നവരെ പറഞ്ഞാലുണ്ടല്ലോ?! നിൻറെ വീട്ടിലും ഒരുത്തി ഇരിപ്പില്ലേ അവടെ ഫോട്ടോ കൊണ്ടുപോയിട്.. അല്ല പിന്നെ"

ഇതുകേട്ട പാപ്പി, സോഷ്യൽ മീഡിയായിൽ നടക്കുന്ന ചർച്ചകളൊന്നും പാവം പൊന്നപ്പനറിയുന്നില്ലല്ലോ എന്ന ദുഃഖം ഉള്ളിലൊതുക്കി പറഞ്ഞു.

"എൻറെ പൊന്നപ്പാ, നീ ചുമ്മാ അലൻസിയറിനെപ്പോലെ വയലൻസാകാതെ.  താനീ പിള്ളേച്ചന്റെ കടയിൽ തൂങ്ങിക്കിടന്നടുന്ന സാമാനം ഒന്ന് നോക്ക്.."

തൻറെ കടയിൽ ആരും കാണാത്ത എന്തൊരു ലോകാത്ഭുതം എന്നമട്ടിൽ പിള്ളേച്ചൻ ചായയടിയുടെ സാന്ദ്രത കുറച്ച് ഒളികണ്ണിട്ട് നോക്കി.

"ദാണ്ടെ, നമ്മുടെ ഉണ്ണിക്കണ്ണനെ പോലെ ഒരു അമ്പോറ്റി കൊച്ചിനെ കണ്ടോ?  കണ്ണെഴുതി, പുട്ടിതേച്ച്, ഫേഷ്യൽ ചെയ്‌ത മുഖവുമായി കൊച്ചിന്റെ അണ്ണാക്കിലോട്ട്  മൊല കുത്തിത്തിരുകി പൂതനാമോക്ഷം കഥപോലെ ഒരു പെങ്കൊച്ചും?"

പാപ്പി പറഞ്ഞപ്പോളാണ് പിള്ളേച്ചൻ സത്യത്തിൽ തൻറെ മുന്നിൽ തൂങ്ങിക്കിടന്ന് ആടുന്ന അമ്മയെയും കുഞ്ഞിനേയും കണ്ടത്. അല്ലേൽ  തന്നെ ഈ പെണ്ണൂങ്ങളുടെ മാസിക പിള്ളേച്ചന് ചതുർത്ഥിയാണ്. ഉടുപ്പിനകത്തിടുന്ന സുനാപ്പികളുടെയും, സോപ്പിന്റെയും പൗഡറിന്റെയും ഇടയ്ക്ക് പുട്ടിനു തേങ്ങപോലെ വായികൊള്ളാത്ത പേരിൽ കാണുന്ന പാചക കുറിപ്പുകളും ഉള്ളിപൊളിച്ചപോലത്തെ കാര്യങ്ങൾ പെണ്ണുങ്ങളുടെ വലിയ പ്രശ്ങ്ങളായി അവതരിപ്പിക്കുന്ന കളർഫുൾ ലേഖനങ്ങളും പണ്ടേ പിള്ളേച്ചന് വെറുപ്പാണ്. നെല്ലുകുത്താനോ അരിയാട്ടാനോ  വിറകുവെട്ടാനോ, വെള്ളം കോരനോ പോകേണ്ടാത്ത പെണ്ണുങ്ങൾക്ക് ഉള്ളതാണ്  ഇമ്മാതിരി പുസ്തകങ്ങളും,  സീരിയലും എന്നാണ് പിള്ളേച്ചന്റെ  മനോഗതി.

തങ്ങളെ എത്തിനോക്കുന്ന മാസികയുടെ പുറംചട്ട എടുത്തുനോക്കിയ പിള്ളേച്ചനും പൊന്നപ്പനും മാക്രി കണ്ണ് തള്ളുന്നപോലെ നിന്നു. പൊന്നപ്പൻ പറഞ്ഞു.

"അല്ല പിള്ളേച്ചോ, പാപ്പി പറഞ്ഞത് സത്യമാണല്ലോ.  ഈ പെണ്ണ് നെഞ്ചും തൊറന്ന് നാട്ടുകാരെ നോക്കി എന്നാ കോപ്പാ കാണിക്കുന്നെ? ഇതിനകത്തോട്ടിപ്പോ വഴീക്കൂടെ പോകുന്നവനും തുറിച്ചുനോക്കുമല്ലോ?"

"അതാ ഞാൻ പറഞ്ഞെ. നമ്മൾ പറയുമ്പോ അത് വലിയ കുറ്റം. ഇതിലുംഭേദം രാവിലെ പറമ്പിൽ പോയി വെളിക്കിരിക്കുന്ന പിള്ളേച്ചന്റെ ഫോട്ടോയെടുത്തിടുന്നതാ..."

അത് കേട്ട് പിള്ളേച്ചൻ ചിരിച്ചുകൊണ്ട് ബാക്കി പറഞ്ഞു "അത് ശരിയാടാ പൊന്നപ്പാ, 'പ്രകൃതിയുടെ വികൃതി' എന്നോ മറ്റോ ഒരു തലക്കെട്ടും ചാർത്തി അണ്ടർവെയർ തോളിലിട്ട് മാസികേടെ മുഖചിത്രത്തിൽ ഇരിക്കുന്ന ഇരിപ്പോർത്ത് എനിക്ക് ചിരി അടക്കാൻ മേല കേട്ടോ"

ചിരി നിർത്താതെ പൊന്നപ്പൻ പറഞ്ഞു "അതുമല്ലേൽ തോട്ടിലോട്ട് പുഞ്ഞാണി പിടിച്ചു നിൽക്കുന്ന എൻറെ മൂത്ത ചെക്കന്റെ ഫോട്ടം ഇട്ട് 'പരിസരമലിനീകരണം-തുറിച്ച നോക്കരുത്‌' എന്നങ്ങ് കാച്ചാം.

ഈ ചർച്ചക്കിടെ  പഞ്ചായത്ത് മെംമ്പർ മണിസാർ അങ്ങോട്ട് കേറിവന്നു. അപ്പോൾ പിള്ളേച്ചൻ മണിസാറിനോടായി പറഞ്ഞു,

"എൻറെ മെമ്പറെ, ഇങ്ങോട്ട് നോക്കിയേ.. അണ്ടകടാഹം വരെ തൊറന്ന് മലത്തിയിട്ടേച്ച് പുരുഷന്മാർ പരുഷമായി നോക്കല്ലേ... എന്നൊക്കെ പറയുമ്പോൾ ഇതിനൊക്കെ തലവഴി എന്നല്ലാതെ എന്തോ പറയാനാ.."

ചായക്ക് ഓഡർ കൊടുത്ത് മണിസാർ ബഞ്ചിൽ ചന്തിയുറപ്പിച്ച് അതേറ്റുപിടിച്ചു.

"ങ്ഹാ... ഇവിടേം ഇതാണോ ചർച്ച. ഇന്നലെ മുഴുവൻ നമ്മുടെ സുക്കറണ്ണന്റെ ഫേസ്‌ബുക്കിൽ  ഇതിൻറെ തകർപ്പല്ലാരുന്നോ?  ഞാനും ഘോരഘോരം ഇച്ചിരി സ്റ്റാറ്റസ് ഒക്കെ ഇട്ടിട്ടാ  നടക്കുന്നെ.. ഒരിക്കലും തിരിഞ്ഞുനോക്കാത്തവന്മാരും ഇച്ചിരി ലൈകും ഷെയറും തന്നാൽ എന്നാ,  പുളിക്കുമോ?"

"സത്യമാന്നോ?" പിള്ളേച്ചൻ അത്ഭുതം കൂറി.

"പിന്നല്ലാണ്ട്.. ഇതൊക്കെ നെഗറ്റീവ് പബ്ലിസിറ്റിയാ പിള്ളേച്ചാ. നേരെചൊവ്വേ  നടക്കാത്ത കാര്യങ്ങൾ ഇങ്ങനെ കുറുക്കുവഴിയിലൂടെ നടത്തുവല്ലേ? അല്ലേൽ പിന്നെ എവിടെയോ കിടന്ന ഒരു മോഡലിനെ പിടിച്ച് ഉടുപ്പും ഊരിച്ച് ഒരു അയ്യോപൊത്തോ കൊച്ചിനെ പിടിച്ച്കിടത്തി  ഫോട്ടോഷോപ്പിൽ ഒന്നലക്കിയെടുത്ത് ഇടണ്ട വല്ല കാര്യവും ഉണ്ടോ?  കുറച്ചുനാൾ മുമ്പല്ലേ ഇവിടൊരുത്തി പെറാൻ കിടന്നപ്പോൾ അത് സിനിയ്ക്കെന്നും പറഞ്ഞ് ഷൂട്ട് ചെയ്ത് ഇല്ലാത്ത വിപ്ലവം ഉണ്ടാക്കിയെ.."

"അത് കറക്ടാ മെമ്പറെ.." പാപ്പി താങ്ങി. "അതുപോലെ ഇന്നാളിൽ ഓരോ പെങ്കൊച്ച്  സൈറ്റടിച്ച് കാണിച്ച് എന്തോരം പബ്ലിസിറ്റിയാ ഉണ്ടാക്കിയെ... ഇവിടെ വല്ല നല്ലകാര്യോം ചെയ്‌താൽ ഒരുത്തനും അറിയില്ല. വല്ല കൂറത്തരവും കാണിച്ചാൽ ഫേമസാവും. ഇതിപ്പോ ജീവിതത്തിൽ ഈ മാസിക നോക്കാത്ത പിള്ളേച്ചൻ വരെ ആഞ്ഞ നോട്ടം നോക്കിയില്ല. ഇതിൽ കൂടുതൽ അവർക്ക് എന്തുവേണം? മാസികയ്ക്കും പ്രശസ്തി, പെണ്ണിനും പ്രശസ്തി.  കൂഞ്ഞുവലിച്ചു കിടക്കുന്ന കോച്ച് ആലാരെ ഗോവിന്ദ.."

"നീ പറഞ്ഞത് സത്യമാ പാപ്പീ..." പൊന്നപ്പൻ ഇടപെട്ടു. "പണ്ട് മാറ് മറയ്ക്കാനും, മുലക്കരം ഇല്ലാതാക്കാനും സമരം വച്ച നാടാ ഇത്.  ഇപ്പോൾ ഇതൊക്കെ തൊറന്ന് കാണിക്കാൻ എന്താ സുഖം. ഫൂ.. ഇക്കണക്കിന് ഇവന്മാരുടെ എതിരാളികൾ നാളെ 'പ്രത്യുല്പാദനം എന്ന മഹനീയ കർമ്മം' എന്നൊക്കെ പറഞ്ഞ് ആണും പെണ്ണും കിടക്കുന്ന ഫോട്ടോയുമിടുമല്ലോ?"

"ഇടും ഇടും.. ഇവന്മാർ അതിനൊന്നും മടിക്കില്ല. അത് കണ്ട് ഞാനും നീയും ഫേസ്ബുക്കിലും, വാട്‍സ്ആപ്പിലും ടി.വിയിലെ അന്തിചർച്ചയിലും പിന്നെ ഇതുപോലെ കവലയിൽ ഇരുന്നും അടികൂടും"

"എൻറെ മെമ്പറെ... ഇച്ചിരി ഒളിയിലും മറയിലും ചെയ്യേണ്ടത് അങ്ങനെ തന്നെ ചെയ്യണം.  കൊച്ചിന് പാല് കൊടുക്കുന്നത് ഇച്ചിരി സമാധാനത്തോടെ ശല്യമില്ലാതെ ഒതുക്കത്തിൽ വേണ്ടേ ചെയ്യാൻ? അല്ലാതെ ആൾക്കാരുടെ മുന്നിൽ പോയിരുന്ന്  എൻറെ അതേൽ നോക്കല്ലേ, ഇതേൽ നോക്കല്ലേ ഞാൻ പാലുകൊടുത്തോട്ടെ എന്നൊക്കെ പറയണോ? ശിവ ശിവ.. എന്താ കൂത്ത്?.."

മണിസാർ ഒന്ന് ഞെളിഞ്ഞിരുന്നു "ഇവിടിപ്പം മതോം, രാഷ്ടീയോം, രതിയും ഏതുകൊമ്പനെയും ഇളക്കാൻ  പോന്ന ഐറ്റംസ് അല്ലിയോ.. അപ്പോ ഏത് ഊച്ചാളിക്കും അതിൽകേറി കളിച്ച് ഫേമസാകാമല്ലോ"

അതുകേട്ട് പിള്ളേച്ചന് തുള്ളി "അവന്റെയൊക്കെ മതോം കൊതോം ... ഫൂ.. ഓരോ എടപാടുകൾ"  ഇതും പറഞ്ഞ് ഒരാട്ടിതുപ്പും മുറ്റത്തേക്കിട്ടുകൊടുത്തു.

തൻറെ അനുവദിക്കപ്പെട്ട സമയം അതിക്രമിച്ചു എന്നറിഞ്ഞ പൊന്നപ്പൻ മുണ്ട് മടക്കിയുടുത്ത് എണീറ്റു.

"എൻറെ പിള്ളേച്ചാ... പണിയും പഴവും ഇല്ലാത്തവർക്ക് ഇതൊക്ക കൊണകൊണാന്ന്  പറഞ്ഞോണ്ടിരിക്കാം. ഞാൻ നാല് റബ്ബർ വെട്ടി പാലെടുത്തോണ്ട് ചെന്നില്ലേൽ പെണ്ണുംപുള്ളേം പിള്ളാരും പട്ടിണികിടക്കും.."

പൊന്നപ്പൻ ചായയുടെ പൈസയും കൊടുത്ത് നടക്കുമ്പോൾ പാപ്പി വിളിച്ചുപറഞ്ഞു.

"ഡോ ഞാൻ പറഞ്ഞെന്നും പറഞ്ഞ് പെണ്ണുമ്പുള്ള കൊച്ചിന് പാലുകൊടുക്കുന്ന ഫോട്ടോയൊന്നും എടുത്തിട്ടേക്കല്ലേ.. അംബാനിയുടെ ഡേറ്റായെ ഫ്രീയുള്ളൂ നാണോം മാനോം ഫ്രീ കിട്ടില്ല.."

"പിന്നേ ... അത്ര ഊച്ചാളിയല്ല ഈ പൊന്നപ്പൻ. എനിക്കേ വേറെ പണിയുണ്ട്.  മാതൃത്വത്തിന്റെ മഹനീയത വിളിച്ചറിയിക്കാൻ ഒളിച്ചുവക്കേണ്ടത് പൊളിച്ചുകാണിക്കേണ്ട ആവശ്യം എനിക്കില്ലെടാ ഉവ്വേ.."

പൊന്നപ്പൻ  ചിരിച്ചുകൊണ്ട് പോകുന്നത് നോക്കി  മണിസാറും, പാപ്പിയും നിന്നു. അപ്പോളും തൻറെ അലുമിനിയം കോപ്പയിൽ പിള്ളേച്ചൻ അടുത്ത കസ്റ്റമറിനായി ചായ അടിച്ചുപതപ്പിച്ചുകൊണ്ടേയിരുന്നു.

No comments:

Post a Comment