Monday, February 19, 2018

എലിക്കെണിയിൽ വീണ മാനേജർ

നിയമപരമല്ലാത്ത മുന്നറിയിപ്പ് :
ഈ കഥ തലതെറിച്ച മാനേജർമാർ കേൾക്കരുത്, വായിക്കരുത്. അനുസരണക്കേട് കാണിച്ചാൽ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നതല്ല.

മാനേജരായിക്കഴിഞ്ഞാൽ എന്തുമാകാം എന്നൊരു വിചാരം പല സാറന്മാർക്കും ഉണ്ട്.  കൂടെ ജോലിചെയ്യുന്നവന്മാരെ ഒക്കെ പാഠം പഠിപ്പിക്കുവാനും, കഠിന നിയമങ്ങൾ ഉണ്ടാക്കുവാനും പിന്നെ പലർക്കും മുട്ടൻ പണി കൊടുക്കുന്നതിനുമാണ് താൻ ഇലോകത്ത് അവതരിച്ചിരിക്കുന്നത്  എന്നൊരു രീതി, യേത്?  എന്നാൽ ഈ മാരണങ്ങൾ വിചാരിക്കുന്നില്ല ഈ കൊടുക്കുന്ന പണിയൊക്കെ കൊല്ലത്ത് മാത്രമല്ല കൊച്ചിയിലും  തിരികെകിട്ടുമെന്ന്.

കൊച്ചിയിൽ ഇമ്മിണി വല്യ ഒരു കേന്ദ്രസർക്കാർ സ്ഥാപനത്തിലെ മൂത്ത മാനേജർഎലിക്കെണിപോലൊരു സംഭവത്തിൽ വീഴുകയും ട്രിപ്പീസുകളിക്കാരന്റെ കളികളിച്ചതുമായ കഥായാണിത്.

ആരും കൊടുക്കാതെ സ്വയം വാങ്ങിക്കൂട്ടിയ പണി.  അതിനാൽ പ്രിയപ്പെട്ടവരേ, സഹപ്രവർത്തകർക്ക് കൊടുക്കാനായി ഓലപ്പടക്കം മുതൽ ആറ്റംബോംബ് വരെ ശേഖരിക്കുന്നവരേ, നിങ്ങൾ സൂക്ഷിച്ചുകൊള്ളുവിൻ.  എട്ടിന്റെ പണി നിങ്ങളുടെ ചാരെയുണ്ട്.

1993-കാലം.  മധ്യതിരുവതാംകൂറിലെ ഓരോണംകേറാമൂലയിൽ നിന്നും ഞാൻ അമ്പലമുകളിലെ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് എന്ന സ്ഥാപനയിൽ അപ്രന്റീസായി അറബിക്കടലിന്റെ റാണിയുടെ മടിത്തട്ടിലെത്തി.  എന്റെ ആഗമനത്തിനു പിന്നിൽ ഇൻറർവ്യൂ ബോർഡിന്റെ നോട്ടപ്പിശകോ, ആരുടെയോ ഗുരുത്വദോഷമോ ആണോ എന്നുള്ളത്  ഇന്നും തർക്കവിഷയമാണ്.

കൊച്ചി കണ്ടാൽ അച്ചി വേണ്ടാ എന്ന് നമ്മുടെ ഓണംകേറാമൂലയിലൊക്കെ പറയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് അന്നെനിക്ക് പിടികിട്ടി.  എന്താ പവ്വറ്?  എന്താ സിറ്റി?  'ഞങ്ങ, നിങ്ങ' എന്നീ രാജകീയപദങ്ങളും, ദേശീയ ഭക്ഷണമായ പുട്ടും മീൻകറിയും, പുട്ടും പോത്ത് കറിയും എന്നുവേണ്ടാ, അമ്പലമുകളിൽ എത്തിയ ഞാൻ കൊച്ചിൻ റിഫൈനറിയും, എഫ്. എ. സി. റ്റിയും  ഒക്കെ രാത്രിയിൽ കണ്ടപ്പോൾ ഇവിടെ ജെമിനി സർക്കസ്, ഭാരത് സർക്കസ് ഇത്യാദി വല്ലതും വന്നതാണോ എന്ന മട്ടിൽ അങ്ങ് നിന്നുപോയി.  അങ്ങനെ 'നുമ്മ' കൊച്ചിയിൽ എത്തപ്പെട്ട് അത്ഭുതപരതന്ത്രനായി നിന്ന എനിക്ക് പോസ്റ്റിങ്ങ്‌ കിട്ടിയത്  അഡ്‌മിനിസ്ട്രേഷനിലും (P & A) വെൽഫെയർ ഓഫീസിലും ഒക്കെയാണ്.

P & A-യിൽ ഒന്ന് രണ്ട്‍ സർവ്വാധിപതികൾ ഉണ്ടായിരുന്നതിൽ പ്രധാനിയായിരുന്നു ശിവരാമൻ സാർ.  ഞാൻ എച്ച്. ഒ. സി. യിൽ ജോയിൻ ചെയ്യുന്നതിന് ഒന്ന് രണ്ട് മാസംമുമ്പ് നടന്ന ഇന്റർവ്യൂവിൽ എന്നെ വേവുവെള്ളം കുടിപ്പിച്ച മഹാനാണിത്.  "തനിക്ക് ഒരു പരീക്ഷയ്ക്കും ഫസ്റ്റ്, സെക്കൻഡ് ക്ളാസുകൾ ഒന്നും കിട്ടുകേല്ലേ?"  എന്ന ചങ്കെകൊള്ളുന്ന ചോദ്യമാ അന്ന് ഈ മഹാൻ എന്നോട് ചോദിച്ചത്.  പത്താം ക്ലാസ്സിലും ഹയർസെക്കണ്ടറിക്കും ആരുടെയോ മുജ്ജന്മ സുകൃതത്തിന് ജയിച്ചുകയറിവന്ന എന്നോടാ ഇമ്മാതിരി ചൊറിയുന്ന ചോദ്യം ചോദിക്കുന്നെ? ഈ ജയത്തിനുതന്നെ എനിക്ക് അവാർഡ് തരണം എന്ന് ചിന്തിച്ചു നടക്കുമ്പോളാ ഒരുമാതിരി മറ്റേടത്തെ ചോദ്യം.

കമ്പനിയിൽ ശിവരാമൻ സാറിന്റെ മുന്നിലോക്കെ ഒന്ന് നിവർന്നു നിൽക്കാൻ  കീഴ്‌ജീവനക്കാർക്ക് പുളിക്കും.  അങ്ങനെ സർവ്വപ്രതാപിയായി കഴിഞ്ഞ സമയത്താണ്  ആരോ ചെയ്ത എമണ്ടൻ കൂടോത്രം പോലെ  സാറിന് ഈ അക്കിടിപറ്റിയത്.

P & A യോട് ചേർന്ന് ഒരു ചെറിയ മീറ്റിംഗ് റൂം ഉണ്ട്.  ഒരുദിവസം സാറിന് ഇരുന്ന ഇരുപ്പിൽ വെളിപാടുണ്ടായപോലെ മീറ്റിങ്ങ് റൂം ഒന്ന് ചെക്കുചെയ്യണം എന്ന ബോധം ഉണ്ടാവുകയും, അവിടെ ചെന്ന് എന്തെങ്കിലും മുട്ടൻ കുറ്റം കണ്ടുപിടിച്ച് ഓഫീസിൽ തേരാപാരാ നടക്കുന്ന പണിക്കാരെയോ, വാളികളിച്ചു നടക്കുന്ന ഫോട്ടോകോപ്പി മെഷീന്റെ ഇൻ ചാർജ്ജ് ഫ്രാൻസിസ് ചേട്ടനെയോ തന്തക്കും തള്ളയ്ക്കും വിളിക്കാം എന്ന മനോരാജ്യത്തിൽ കഥാനായകൻ മീറ്റിങ്ങ് റൂമിൽ  എത്തിച്ചേർന്നു.

അപ്പോൾ ഏതോ മീറ്റിങ്ങ് കഴിഞ്ഞ്  റൂം കാലിയടിച്ച് കിടക്കുകയാണ്.  ഇനി വൈകിട്ട് ഓഫീസ് അടയ്ക്കുന്നതിന് മുമ്പ് മാത്രമേ അടയ്ക്കുകയുള്ളു.

ഈ മീറ്റിങ്ങ് റൂമിന്റെ താക്കോലാധികാരിയായ ഫ്രാൻസിസ് ചേട്ടൻ ഗുണനപ്പട്ടിക അറിയാത്തവൻ കണക്കുക്ലാസ്സിൽ പോകുന്നപോലെയാണ് ജോലിക്ക് വരുന്നത്.  എല്ലാ മാസവും കൃത്യമായി ശമ്പളം വാങ്ങണം എന്നതിൽ മാത്രം നല്ല കൃത്യനിഷ്‌ഠയുള്ള മഹാൻ.  ആരേലും കയ്യോ കാലോ പിടിച്ച് പറഞ്ഞാൽ ഫോട്ടോകോപ്പി, സൈക്ളോസ്റ്റൈൽ ഒക്കെ  എടുത്തുകൊടുക്കും.  മൂപ്പിച്ച് വരുന്നവനോട് 'പോനാൽ പോകട്ടും പോടാ' രീതി.  ഈ മുരട്ടുകാള സ്വഭാത്തിന് എന്താണ് കാരണം ഒരു ഇന്റലിജൻസ്‌  അന്വേഷണത്തിൽ  ഞാൻ കണ്ടുപിടിച്ചതാകുന്നു.

കമ്പനി പണിയാൻ അമ്പലമുകളിലുള്ള സ്ഥലമൊക്കെ സർക്കാർ ഏറ്റെടുക്കുമ്പോൾ, സ്ഥലം നഷ്ടപ്പെടുന്നവർക്ക് കമ്പനിയിൽ ജോലികൊടുത്തുകൊള്ളാം എന്ന ഉറപ്പിന്റെമേൽ കിട്ടിയ ജോലിയാണിത്. അതായത് സ്ഥലവാസികൾക്ക് ഒരുപണികൊടുത്ത് കമ്പനിപ്പണിക്കെടുത്തു എന്ന് സാരം.  തൻറെ വീടിരുന്ന സ്ഥലത്ത് സർക്കാർ കേറി നാശകോശമാക്കി കമ്പനി പണിഞ്ഞതിന്റെ ഓർമ്മ ചേട്ടായിക്ക് വരുന്നതും ആ ചൊരുക്ക് പ്രകടിപ്പിക്കുന്നതും ആരേലും 'പണി പണി' എന്ന് പറയുമ്പോഴും മാത്രമാണ്.

P & A സിംഹം ശിവരാമൻ സാർ എത്തിയപ്പോൾ  റൂം തുറന്ന് കിടക്കുകയാണല്ലോ (ഫാൾട്ട് നമ്പർ വൺ).  അകത്തേക്ക് കയറി മൊത്തത്തിൽ ഒന്ന് നോക്കി. ഫാനിൽ പൊടി പിടിച്ചിരിക്കുന്നു (ഫാൾട്ട് നമ്പർ ടു).  ബോർഡിൽ ഓഞ്ഞ കൈയക്ഷരത്തിൽ ആരോ എഴുതിയത് ഇതുവരെ മായിച്ചിട്ടില്ല (ഫാൾട്ട് നമ്പർ ത്രീ).  എഴുതിയതിൽ വല്ല സ്‌പെല്ലിംഗ് മിസ്റ്റേക്കും ഉണ്ടോ? (എവിടെ? നേരാവണ്ണം വായിക്കാൻ പറ്റിയിട്ടുവേണ്ടേ സ്പെല്ലിംഗ് !).  ഹോ.. ഇപ്പോൾ വന്ന് നോക്കിയത് കാര്യമായി.  അരമണിക്കൂർ കഴിഞ്ഞേങ്ങാനം വന്നിരുന്നേൽ ആരേലും വന്ന് ഇതൊക്കെ ശരിയാക്കുകയും ചീത്തവിളിക്കാനുള്ള അവസരം നഷ്ടമാവുകയും ചെയ്തേനെ.  അങ്ങനെ കഥാനായകൻ തെറിവിളിക്കാനുള്ള റോമെറ്റിരിയൽ ഒക്കെ തപ്പികൂട്ടി നിൽക്കുമ്പോളാണ് ആ അപകടം സംഭവിച്ചത്.

ലോകത്തോട് മുഴുവൻ വെറുപ്പുള്ള മുഖവുമായി ഫ്രാൻസിസ് ചേട്ടൻ അതുവഴി ആഗതനായി.  വന്ന വഴിയിൽ നോക്കുമ്പോൾ ആണ്ടടാ നമ്മുടെ മീറ്റിങ്ങ് റൂമിന്റെ കതക് തുറന്ന് കിടക്കുന്നു!  ഇതിപ്പോ ഇപ്പോളായാലും വൈകിട്ടായാലും ഞാനല്ലാതെ ഇവിടുത്തെ ഒരു മറ്റേമോൻമാരും വന്ന് മീറ്റിങ്ങ് റൂം പൂട്ടില്ലല്ലോ എന്ന കഠിന ചിന്തയുമായി, കർമ്മനിരതനായ  അദ്ദേഹം മീറ്റിംഗ് റൂമിന്റെ  കഥകടച്ചങ്ങ് പൂട്ടി!

കതകിന് പുറത്ത് കടകട ശബ്ദം കേട്ടെങ്കിലും മാനേജർ മൈൻഡ് ചെയ്തില്ല.  അടുത്ത ഒരുകുറ്റം കൂടി കണ്ടുപിടിക്കാൻ നിൽക്കുമ്പോളാ കടകട ശബ്‌ദം?

അൽപം കഴിഞ്ഞ് തൻറെ ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി തിരികെ ഇറങ്ങുമ്പോളാണ് താൻ ബന്ധനസ്ഥനായ അനിരുദ്ധൻ ആയ കാര്യം അദ്ദേഹം അറിയുന്നത്.

എന്ത് ചെയ്യും?

ഇനി ഈ കതക് തുറക്കണമെങ്കിൽ അടുത്ത മീറ്റിങ്ങ് വരണം. മാനേജരാണെകിലും അതോർത്തപ്പോൾ അകവാൾ വെട്ടി.  പത്മവ്യൂഹത്തിൽ അഭിമന്യു പെട്ടപ്പോൾ ആ പാവംപിടിച്ചവന് എന്ത് തോന്നിക്കാണും?  അതുതന്നെ നമ്മുടെ മാനേജരദ്യത്തിനും തോന്നി.  കതകിന് ഒന്നുരണ്ട് തട്ട് കൊടുത്തു. നോ രക്ഷ.  നേരുബുദ്ധിക്ക് പറഞ്ഞാൽ മാനേജരുടെ ആ നിൽപ്പ് കുമാരനാശാനോ മറ്റോ കണ്ടിരുന്നെങ്കിൽ 'ചിന്താവിഷ്ടനായ മാനേജർ' എന്ന മനോഹര ഖണ്ഡകാവ്യം ഓൺ ദ സ്‌പോട്ടിൽ പിറന്നേനെ.

കാലക്കേട് എന്നല്ലാതെ എന്തുപറയാൻ?  താനൊരു എലിക്കെണിയിൽ പെട്ടപോലായിപ്പോയി എന്ന് മാനേജർക്ക് മനസ്സിലായി.  ആരുടേയും ഒരനക്കവുമില്ല.  ഓഫീസ് സമയം കഴിയാറായി.  എല്ലാവരും കെട്ടും കിടക്കയുമെടുത്ത് പോകാൻ റെഡിയാകുമ്പോൾ മാനേജരെ നോക്കാൻ ആർക്ക് സമയം.  P&A പുലിക്കുട്ടി മീറ്റിങ്ങ് റൂമിൽ പൂട്ടപ്പെട്ട വിവരം അറിയാതെ ഓരോരുത്തരും ഇറങ്ങിത്തുടങ്ങി.

ദൈവമേ!  എല്ലാവരും പോയിക്കഴിഞ്ഞാൽ എന്തുചെയ്യും?  എലിക്കെണിയിൽ പെട്ട സാറിൻറെ നെഞ്ചിടിപ് വർധിച്ചു.  വർഷങ്ങളായി വിയർപ്പ് എന്തെന്നറിയാത്ത സാറിനെ വെട്ടിവിയർക്കാൻ തുടങ്ങി. ഒന്നലറി വിളിച്ചാലോ? തൊണ്ടയിൽ നിന്നും ശബ്‌ദം പുറത്തുവരുന്നില്ല.  മാത്രവുമല്ല, ഒരു മാനേജർ ആകുമ്പോൾ ഇച്ചിരി അഭിമാനം ഒക്കെയില്ലേ? ചുമ്മാ ചാളമേരിയെപ്പോലെ കിടന്ന് കാറിവിളിക്കാൻ ഒക്കുമോ? ഒരു  അന്തസ്സും ഗുഡ്‌വില്ലും വേണ്ടേ?  പക്ഷേ ഒച്ചയെടുക്കാതിരുന്നാലോ?  ചുരുക്കം പറഞ്ഞാൽ, നമ്മുടെ ശിവരാമൻ സാർ കൂട്ടിലിട്ട വെരുകിനെപ്പോലെയോ, ഏതാണ്ട് കളഞ്ഞുപോയ അണ്ണാനെപ്പോലെനിൽപ്പായി.

രക്ഷപെടാൻ എന്താണൊരു വഴി?  കൂലങ്കഷമായി ആലോചിച്ചാലോച്ച് മാനേജർ താക്കോൽ പഴുതിലൂടെ പുറത്തേക്ക് നോക്കി. ഓഫീസ് ഏകദേശം കാലിയായിക്കഴിഞ്ഞു.  ഇനിയിപ്പോൾ അലറിവിളിച്ചാൽ പോലും ആരുകേൾക്കാൻ?  കതകിന് ഒന്നുരണ്ട് തട്ട്, ചവിട്ട്  എന്നിങ്ങനെ തൻറെ അഭിമാനത്തിൻറെ പരിധിക്കകത്തുള്ള കൈകാൽ ക്രിയകൾ ഒക്കെ ചെയ്തുനോക്കി.

ഫ്രാൻസിസ് പോയിട്ടുണ്ടാകില്ല.  ഓഫീസ് ഒക്കെ ഒന്ന് പരിശോധിച്ച് അവസാനം മാത്രമേ അയാൾ പോകൂ.  പക്ഷേ തന്നെ അകത്തിട്ട് പൂട്ടി ഫോട്ടോകോപ്പി മെഷീൻറെ അടുത്തുപോയിരിക്കുന്ന ആ കാലമാടന് അറിയില്ലല്ലോ എലിക്കെണിയിൽ താൻ കിടക്കുന്ന കാര്യം.  അല്ലെങ്കിൽ തന്നെ പുറത്ത് പ്ളാന്റിന്റെയും, വന്നുപോകുന്ന ടാങ്കറുകളുടെയും ശബ്ദകോലാഹലങ്ങൾ തന്നെ ഒരു പൂരത്തിനുള്ളതുണ്ട്.

സത്യമായും പെട്ടുപോയി!   എന്തൊരു ദുർവിധി?  പദവിയും പത്രാസും എല്ലാം അഴിച്ച്‌വച്ച് ഒരുദിവസം രാത്രി മുഴുവൻ ഈ മുറിയിൽ കിടക്കേണ്ടിവരുമോ?

അപ്പോളാണ് P & A യിലേക്കുള്ള വെന്റിലേഷൻ സാറിന്റെ ശ്രദ്ധയിൽപ്പെടുന്നത്.  ആ ഹോളിൽ കൂടി ഏന്തിവലിഞ്ഞ് നോക്കിയാൽ ഒരു പക്ഷേ P & A കാണാൻ പറ്റും.  ഒന്നൊച്ചയെടുത്താൽ ഫ്രാൻസിസ്  ശ്രദ്ധിച്ചേക്കാം.

പക്ഷേ വെന്റിലേഷനിലേക്ക് എത്താൻ തനിക്ക് ഉയരമില്ലല്ലോ.  അതിന് പോംവഴി ആ ബുദ്ധിരാക്ഷസൻ കണ്ടെത്തി.  മീറ്റിങ്ങ് ടേബിൾ വലിച്ച്, വലിച്ച് അവിടേക്ക് കൊണ്ടുവന്നു.  അതിന്റെ പുറത്ത് ഒരു കസേര എടുത്തിട്ട് വെന്റിലേഷനിൽ തല എത്തിച്ചു.  ആഹാ! കിട്ടിപ്പോയി. ഒരുമാതിരി കാക്ക സംശയം വരുമ്പോൾ തല ചരിച്ച് നോക്കുന്നപോലെ P & A യിലേക്ക് ആ മാന്യദേഹം പ്രതീക്ഷയുടെ പൊൻകിരണങ്ങളോടെ ഒരു നോട്ടം നോക്കി.

ഒള്ളത് പറയാലോ, ഡിപ്പാർട്ട്മെന്റ് അധിപൻ  ശിവരാമൻ സാർ മീറ്റിങ്ങ് റ്റേബിളിന്റെ പുറത്ത് കസേരപ്പുറത്ത് കേറി നിൽക്കുന്ന ആ നിൽപ്പ് കണ്ടാൽ, പെറ്റതള്ളപോലും പൊറുക്കത്തില്ല.

സാർ നോക്കുമ്പോൾ ആണ്ടടാ, നമ്മുടെ ഫ്രാൻസിസ് ചേട്ടൻ ചാരിയിരുന്ന്  കൂർക്കം വലിച്ചുറക്കമാണ്.  ഓഫീസിൽ ഇരുന്നുറങ്ങുന്ന ആ നായിന്റെമോനെ ചെന്ന് ചവിട്ടിക്കൂട്ടാനുള്ള ദേഷ്യം നമ്മുടെ എലിക്കെണിയിലെ സാറിന് ഉണ്ടായി എന്നത് സത്യമാണെങ്കിലും ഇവനെ ഒന്ന് വിളിച്ചുണർത്തി കതക് തുറന്ന് പുറത്തുകടക്കണമല്ലോ എന്ന ചിന്തയിൽ സാർ പതിയെ വിളിച്ചു "എടോ ഫ്രാൻസിസ് ..ടോ ഫ്രാൻസിസ് "

ട്രിപ്പീസ് കളിക്കാരെപ്പോലെ നയാഗ്ര വെള്ളച്ചാട്ടത്തിനു മുന്നിൽ വലിച്ചുകെട്ടിയ കമ്പിയിൽ ഗൗളി ഭിത്തിയിൽ പറ്റിപ്പിടിച്ച് നിൽക്കുന്നപോലെ നിന്ന്  മാനേജർ വിളിക്കുമ്പോൾ സത്യത്തിൽ സാറിൻറെ ഉള്ളിൽ പേടിയുണ്ടായിരുന്നു.  കസേരതെറ്റിയെങ്ങാനം താഴെ വീണാൽ, ധിം തരികിട തോം.

ചെകുത്താനും കടലിനും ഇടയിലെ നിൽപ്പ് എന്ന് പറയുന്നത് ഇത്തരം അവസ്ഥയ്ക്കാണ്.

"എഡോ ഇങ്ങോട്ട് നോക്കെടോ... ഇങ്ങോട്ട്..."  ഇത്തവണ ഇത്തിരികൂടി ഒച്ചത്തിലാണ് സാർ വിളിച്ചത്. അത് കേട്ട് ഫ്രാൻസിസ് ഉറക്കത്തിൽനിന്നും ഞെട്ടി ഉണർന്നു. സൈക്ളോസ്റ്റൈൽ മെഷീനിൽ ഒന്ന് നോക്കി.  എവിടെനിന്നാണ് ശബ്ദം?  നാലുപാടും നോക്കി.  ഒരുതരം അപായമണി മുഴങ്ങിയ പോലെ!

"എടോ ... ഇങ്ങോട്ട് നോക്കാൻ..."  ശിവരാമൻ സാർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞത് ഇത്തവണ ഫ്രാൻസിസ് ചേട്ടായി നന്നായി കേട്ടു.  നാലുപാടും തലവെട്ടിച്ച് നോക്കി.  അർത്തുങ്കൽ പുണ്യവാളാ! അന്തരീക്ഷത്തിൽ നിന്നുമാണല്ലോ നിലവിളി കേൾക്കുന്നത്. ഇനിയിപ്പോ വല്ല ഭൂത പ്രേത പിശാചുക്കളും?   പ്ളാൻറ് പണിക്കിടെ ആരോ മരിച്ചുപോയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്... അതുവല്ലതും?!  P & A കാലിയായി ഒരുത്തനും ഇവിടില്ലതാനും.

"എടോ .. ഇങ്ങോട്ട്.... എടോ.. ഇത് ഞാനാ ശിവരാമൻ സാർ.."

മുകളിലോട്ട് നോക്കിയ ഫ്രാൻസിസ് ചേട്ടായി ഇത്തവണ ശബ്ദം വന്ന സ്ഥലം കണ്ടുപിടിച്ചു. ദൈവമേ.. ഇയാളീ അന്തരീക്ഷത്തിൽ കേറി എന്നാ ഉണ്ടാക്കാൻ നിൽക്കുവാ?!!  ഇതിനി വല്ല പ്രേതവുമാണോ?  എല്ലാം ഇട്ടെറിഞ്ഞേച്ച് പ്രാണനുംകൊണ്ട് ഓടാനാ ഫ്രാൻസിസിന് ആദ്യം തോന്നിയത്.

"എടോ വേഗം വന്ന് കതക് തുറക്ക്..."

അപ്പോളേക്കും ഫ്രാൻസീസിന് ലൈറ്റ് കത്തി. കർത്താവെ!  ഇയാളെ അകത്തിട്ടാണോ ഞാൻ മീറ്റിങ്ങ് റൂം പൂട്ടിയത്?  ഇതിപ്പോ ഇതിയാന്റെ പരിപ്പിളകി കാണുമല്ലോ.  ഇതും ചിന്തിച്ച്  പോക്കറ്റിൽനിന്ന് താക്കോലുമെടുത്ത് ഫ്രാൻസിസ്  ചെന്ന് മീറ്റിങ്ങ് റൂമിന്റെ കതക് തുറന്നു.

അതിരാവിലെ കോഴിക്കൂട് തുറക്കുമ്പോൾ മുട്ടി, മുട്ടിനിന്ന കോഴികൾ പുറത്തേക്ക് ചാടിയിറങ്ങും പോലെ മാനേജർ സാർ അകത്തുനിന്നും പുറത്തേക്ക് ഒറ്റച്ചാട്ടം!

മീറ്റിങ്ങ് റൂമിനകത്തേക്ക് നോക്കിയ ഫ്രാൻസിസ് ചേട്ടൻ നല്ല ഇഗ്ളീഷ് സിനിമയിലൊക്കെ രക്ഷപെടാൻ നായകന്മാർ ചെയ്യുന്നതിന് തത്തുല്യമായ കലാപരിപാടികൾ ശിവരാമൻ സാർ ചെയ്തുവച്ചിരിക്കുന്നത് കണ്ട് അതുഭുതപ്പെടുകയും,  കൈകൊണ്ട് മെയ് ചൊറിയാത്ത ഇയാൾ നല്ല കട്ടയ്ക്ക് പണിഞ്ഞിട്ടുണ്ടല്ലോ എന്നോർത്ത് ഉള്ളിൽ ചിരിച്ചുപോവുകയും ചെയ്തു.

ഇതിപ്പോ ശിവരാമൻ സാർ രക്ഷപെട്ടതോടെ കഥ അവസാനിച്ചു എന്ന് കരുതി നിർത്താൻ വരട്ടെ.  കഥയുടെ മെയിൻ ട്വിസ്റ്റ് ഇനിയാണ്.  അതുകൊണ്ട്  ജാഗരൂകരായി തന്നെ മുന്നോട്ടുപോവുക.

തൻറെ ക്യാബിനിലേക്ക് പോയിരുന്ന ശിവരാമൻ സാറിന് ഫ്രാൻസിസ് ചേട്ടായി നല്ലൊരു ചായ കാന്റീനിൽ ഓർഡർ ചെയ്യുകയും വെള്ളം കുടിക്കാൻ കൊണ്ടുകൊടുക്കുകയും ചെയ്‌തു. എന്നിട്ട് ഭയഭക്തി ബഹുമാനത്തോടെ ചോദിച്ചു.

"അല്ല സാറേ, മീറ്റിങ്ങ് റൂമിൽ ഒന്ന് പറഞ്ഞുമച്ച് പോകാമായിരുന്നില്ലേ?"

തന്നെയിട്ട് പൂട്ടിയിട്ടിട്ട് ഇപ്പോൾ ഈ ചോദ്യംചോദിക്കുന്ന മാന്യദേഹത്തിനെ സാർ ഒന്ന് നോക്കി. എടുത്താൽ പൊങ്ങാത്ത തെറിവിളിക്കണമെന്നുണ്ട്. പക്ഷെ തന്നെ ആപത്തിൽനിന്നും രക്ഷിച്ചതും ഇയാൾ തന്നെയല്ലേ? മനസ്സേ, ശാന്തമാവുക.

"എത്ര നേരമായി ഞാൻ കെടന്ന് വിളിക്കുവാ... തനിക്കൊന്നും ചെവിയും കേൾക്കത്തില്ലല്ലോ"

'ഇനി രക്ഷപ്പെടുത്തിയ എൻറെ തോളിലോട്ട് വന്ന് കേറിക്കോ' എന്ന് മനസ്സിൽ ചിന്തിച്ച് ചേട്ടായി തിരിച്ച് ചോദിച്ചു.

"എൻറെ പൊന്നു സാറേ, മരത്തേൽ കേറുമ്പോലെ നിന്ന് ഇത്രമാത്രം കാറിവിളിക്കണ്ട വല്ല കാര്യവും ഉണ്ടോ?"

"പിന്നെന്തോ ചെയ്യുമെടോ?"  തലവഴിയും കാണിച്ചേച്ച് ഒരുമാതിരി മറ്റേടത്തെ ചോദ്യം ചോദിക്കുന്ന കീഴ്‌ജീവനക്കാരനോട് മാനേജർക്ക് ചൊറിഞ്ഞുകേറിവന്നു.

ഫ്രാൻസിസ് ചേട്ടായി മൂരി ഒന്ന് നിവർത്തി. എന്നിട്ട് തുടർന്നു.

"എന്തോ ചെയ്യുമെന്നോ?  എൻറെ പൊന്നുസറെ, നല്ല ഒന്നാന്തരം ടെലഫോൺ അല്ലിയോ അവിടെ മീറ്റിങ്ങ് റൂമിൽ വച്ചേക്കുന്നേ, അതെടുത്തൊന്ന് കറക്കി കുത്തി 106, 107 വിളിച്ചാൽ P & A യിൽ നിന്നും ആരേലും വരത്തില്ലാരുന്നോ?!! ചുമ്മാ ഏണി ചാരിവച്ച്  മരത്തേൽ കേറുംപോലെ കസേര മേശപ്പുറത്ത്  കേറ്റിവച്ച് വെന്റിലേഷനിൽ കൂടി തലയിടണോ ??!"

മാനേജർ ഒന്ന് ഞെട്ടി.  കാര്യം സത്യമാണ്.  മീറ്റിങ്ങ് റൂമിൽ ഫോൺ അപ്പ്രൂവ് ചെയ്ത കൊടുത്തതും താനാണ്. എന്നിട്ട് ആപത്തുവന്നപ്പോൾ അതൊന്ന് ഓർക്കാനുള്ള ബുദ്ധി തോന്നിയില്ല.

"സാറെ, ഇവിടുള്ള കൊച്ചുപിള്ളേർക്കുപോലും ഈ എക്സ്റ്റൻഷൻ നമ്പർ അറിയാമല്ലോ...  പിന്നെ സാറിനെന്തോ പറ്റി?"

പണിക്കാരനെ ചീത്തവിളിക്കാൻ ഓങ്ങിനിന്ന മാനേജർ വടിയായി.  തൻറെ മുന്നിലിരുന്ന ഗ്ലാസ്സിലെ വെള്ളം ഒറ്റവലിക്ക് സാർ കുടിച്ചുതീർത്തു.

തിരികെ തൻറെ മുറിയിലേക്ക് നടന്നുപോകുമ്പോൾ ഫ്രാൻസിസ് ചേട്ടൻ ഇങ്ങനെ ആത്മഗതം ചെയ്‌തു. "മാനേജരാണ് ഇത്തിരി മൂളയുണ്ട് എന്നൊക്കെയാ ഞാൻ വിചാരിച്ചെ,  ഇതിപ്പോ ഒരുമാതിരി മന്ദബുദ്ധികളെപ്പോലെ ആയല്ലോ... നാട്ടുകാരെ മൊത്തം തന്തക്ക് വിളിക്കാൻ എന്നാ മൂച്ചാ, ആപത്ത് വരുമ്പോൾ കോമൺ സെൻസ് യൂസ് ചെയ്യാനാ ഇവർക്കൊക്കെ പാട്."

പിറ്റേദിവസം P & A മുതൽ കാന്റീൻ വരെ ഈ കഥ പരന്നു.   ആരാണ് അതിനു പിന്നിലെന്നും, ബി.ബി.സി-യും, സി.എൻ.എൻ-നും കൂടി ഒന്നിച്ചെങ്ങനെ പ്രവർത്തിച്ചെന്നും ഞാൻ ആർക്കും പറഞ്ഞുതരേണ്ട കാര്യം ഇല്ലല്ലോ.

അങ്ങനെ അപ്രന്റീസ്‌ ആയ ഈ എളിയവന്റെ കാതുകളിൽ ഈ കഥ വന്നെത്തുകയും പതിറ്റാണ്ടുകൾക്ക് ശേഷം ആർക്കെങ്കിലും ഉപകാരപ്പെടട്ടെ എന്ന നല്ല ഉദ്ദേശത്തോടെ  നിങ്ങളിലെത്തിക്കുകയും ചെയ്ത്, ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ മന്ത്രവും ചൊല്ലി ഈ എലിക്കെണി കഥ പറഞ്ഞവസാനിപ്പിക്കുന്നു.

ഗുണപാഠം:
1) ഏത് ആപത്‌ഘട്ടത്തിലും നിങ്ങൾ നിസ്സാരർ എന്ന് കരുതുന്നവർ രക്ഷയ്ക്ക് എത്തിയേക്കാം.
2) ഒരു പണികിട്ടുമ്പോൾ പാനിക്കാകാതെ ഇത്തിരി കോമൺസെൻസ് ഉപയോഗിക്കാൻ ശീലിക്കുക.

No comments:

Post a Comment