Monday, November 27, 2017

ഈ 'കെയർഫ്രീ' എന്ത് കുന്തമാ ?

ഈ  കെയർഫ്രീ എന്ത് കുന്തമാ ?

ഇത് ഞാൻ ചോദിക്കുമ്പോൾ  നിങ്ങളുടെ മനസ്സിൽ എന്താണ് ഓടിവരിക?  ആ വാക്കിൻറെ ഓക്‌സ്‌ഫോർഡ് ഡിക്ഷണറി അർത്ഥമോ അതോ അതേപേരിലുള്ള സാനിട്ടറി നാപ്കിനോ?

ഉത്തരം നിങ്ങൾ സ്വയം തീരുമാനിച്ചോളൂ എന്ന് ഞാൻ ആത്മാർത്ഥമായി പറയുമ്പോൾ ബഹുമാനപ്പെട്ട എൻറെ ഫെമിനിസ്റ്റ് ചേച്ചിമാരെ, സഹോദരിമാരെ നിങ്ങളുടെ പ്രൈവസിയിൽ കയറി ഞാൻ ചൊറിഞ്ഞെന്ന് പറഞ്ഞോണ്ട്  എൻറെ തോളേൽ കേറാൻ വരികയും, എന്നോട് പരിഭവിക്കുകയുമരുതേ...  എന്തുകൊണ്ടെന്നാൽ, ലോകത്തിലെ വലിയ ഫെമിനിച്ചികളിലൊന്നായ ഒരുത്തിയെ കല്യാണംകഴിച്ച്  ഒരുപരുവമായിക്കിടക്കുന്ന എന്നെ, ശവത്തിൽകുത്തുന്നതിന് തുല്യമായിരിക്കും അത്,  അതോണ്ടാ. അല്ലാതെ ദുരുദ്ദേശം ഒന്നുമില്ല.  പിന്നെ നിങ്ങൾ ചൂലും ഒലക്കയും എടുത്തോണ്ടുവന്നാലും സത്യം സത്യമല്ലാതാകില്ലല്ലോ.  കാരണം, ഞാൻ അനുഭവിച്ച വേദന എനിക്കല്ലേ അറിയൂ.  'പെറ്റതള്ളക്കേ പേറ്റുനോവിന്റെ വേദന അറിയൂ' എന്ന് നിങ്ങൾതന്നെ നാഴികയ്ക്ക് നാൽപത് വട്ടം പറയാറുണ്ടല്ലോ.

സംഭവം ഇതാണ്.  കോളേജിൽ പഠിക്കുന്ന കാലം.  പെണ്ണുങ്ങൾക്കുള്ളതാണെങ്കിലും ആണുങ്ങൾ കൂടുതലും വായിക്കുന്ന വനിതകൾക്കുള്ളൊരു  മാസിക വീട്ടിൽ ഇടക്കയ്ക്കിടെ വാങ്ങും.  എനിക്കാന്നേൽ  ആ മാസിക  വായിക്കുന്നതിനേക്കാൾ ഇഷ്ടം അതിനകത്ത് കിടന്ന് ചിരിക്കുന്ന സുന്ദരിമാരെയും, പരസ്യങ്ങളും (പത്തു പരസ്യത്തിന്  ഒരു പംക്തി എന്നാണല്ലോ പെണ്ണുങ്ങൾക്കുള്ള മാസികകളുടെ ഒരനുപാതം), പിന്നെ സ്ത്രീകളുടെ 'സംശയങ്ങൾക്ക്' ഏതോ ഉഗാണ്ടയിലിരുന്ന് ഡോക്ടർ എഴുതുന്ന പരിഹാരക്രിയകളും ഒക്കെയായിരുന്നു.  ഒള്ളത് പറയാലോ, ഈ പെണ്ണുങ്ങൾക്കുള്ള പരസ്യങ്ങൾ പലതും അവളുമ്മാർക്കേ മനസ്സിലാകൂ.  പല പരസ്യങ്ങളും കണ്ട്  'ഇതെന്തു പുണ്ണാക്കാ?' എന്ന് ഞാൻ സ്വയം ചോദിക്കാറുണ്ടായിരുന്നു.  പിന്നെ ഈ മാസിക കൊണ്ട് എനിക്കുള്ള  മറ്റൊരു ഗുണം, വീട്ടിലെയും നാട്ടിലെയും മഹിളാമണികൾ ഒക്കെ കേറി നിരങ്ങിയതിന് ശേഷം വവ്വാലുചപ്പിയ കശുമാങ്ങാമാതിരി ഈ സാധനം തിരികെകിട്ടുമ്പോൾ കളർപേജുകൾ കൊണ്ട് സ്‌കൂളിലെ നോട്ടുബുക്കുകൾ ഒക്കെ പൊതിയാം എന്നതാണ്.

അങ്ങനെയിരിക്കേയാണ് ഞാൻ ഒരു 'കെയർഫ്രീയുടെ' പരസ്യം ഈ മാഗസിനിൽ കാണുന്നത്.  ഇതെന്തുകുന്തമാ? പരസ്യത്തിലാണേൽ നീട്ടിവലിച്ച് എന്തൊക്കെയോ സാഹിത്യം ഏതോ പഹയൻ എഴുതിവിട്ടിരിക്കുന്നത് തലങ്ങും,വിലങ്ങും വായിച്ചിട്ട് എൻറെ അമാനുഷിക ബുദ്ധിക്കൊട്ട് മനസ്സിലാകുന്നുമില്ല.  പക്ഷേ എന്തോ  ഒരു വശപ്പിശക് ആ പരസ്യത്തിൽ ഒളിഞ്ഞിരിക്കുന്നത് എൻറെ കൂർമ്മബുദ്ധിക്ക് മനസ്സിലായിതാനും.

വീട്ടിലെ പെണ്ണുങ്ങളോടരേലും ചോദിച്ചാലോ?  അയ്യോ വേണ്ട.  സ്ത്രീകളെ സംബന്ധിക്കുന്ന എന്തോ കോഡ് സീക്രട്ട്  സാധനമാണിത്.  അല്ലേൽ ഈ പഹയന്മാർ ഇത്ര വളച്ച്, തിരിച്ച് എഴുതി മനുഷ്യനെ വട്ടംകറക്കേണ്ടതില്ലല്ലോ.  ചോദിച്ചാൽ ചിലപ്പോൾ  നല്ല കീച്ചുകിട്ടും, പിന്നെ 'വേണ്ടാത്ത' ചോദ്യം ചോദിക്കുന്നതിന്  എനിക്ക് ഇത്തരം വായനകൾ  പിന്നീട് നിഷേധിക്കപ്പെടുകയും ചെയ്യും.

മേൽപറഞ്ഞപടി ചോദ്യം വീട്ടിൽ ആരോടേലും ചോദിക്കാനുള്ള ശ്രമം തുടക്കത്തിലേ ഉപേക്ഷിച്ചെങ്കിലും എന്നിലെ ശാസ്ത്രജ്ഞൻ അടങ്ങിയിരിക്കുമോ?  സത്യം കണ്ടെത്താനുള്ള എന്നിലെ ഡിക്റ്ററ്റീവിന്റെ ത്വര നിലയ്ക്കുമോ?  ക്ലാസ്സിലെ പല കൂട്ടുകാരന്മാരോടും ചോദിച്ചു.  എന്നാൽ ലവന്മാരൊക്കെ എന്നേക്കാൾ അറിവിൽ ശിശുക്കൾ ആണെന്ന് അന്നെനിക്ക് മനസ്സിലായി.  എന്നാ പിന്നെ ക്ലാസ്സിലെ പെമ്പിള്ളേരോട് ചോദിച്ചാലോ? ഹോ..!  വീട്ടിലെ പെണ്ണുങ്ങളോട് ചോദിക്കാൻ പറ്റാത്തവൻ ക്ലാസ്സിലെ പെമ്പിള്ളേരോട്...?? ഒത്തു!  അതും ഈ ഞാൻ ??!!

അങ്ങനെ രാവും പകലും എന്നെ ഈ 'കെയർഫ്രീ' എന്നൊരുവാക്ക് വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് നിങ്ങൾ മനസ്സിലാക്കിക്കൊള്ളണം.  അവസാനം ഒരു കൂട്ടുകാരൻറെ  കൈകാൽ പിടിച്ച് ഒരു ഡിക്ഷണറി ഒപ്പിച്ചു. വീട്ടിൽ വന്ന് മുറിയിൽ കയറി കതകടച്ച് ആരും അടുത്തെങ്ങും ഇല്ലെന്ന് ഉറപ്പുവരുത്തി അർത്ഥം തപ്പി. 'FREE FROM ANXIETY,  അല്ലലില്ലാതെ'   സത്യം പറയാല്ലോ,  ആ ഡിക്‌ഷനറിയിലെ  അർത്ഥം കണ്ട് എൻറെ ആംഗ്സൈറ്റി അങ്ങ്  കൂടിയതേയുള്ളു. 

"കിട്ടിയോടാ...." അടുത്തദിവസം ഡിക്ഷണറി തിരികെ കൊടുക്കുമ്പോൾ ആ ഊളൻ എന്നോട്  ചോദിച്ചപ്പോൾ അവൻറെ കരണക്കുറ്റി നോക്കി ഒരെണ്ണം പെടയ്ക്കാൻ തോന്നിപ്പോയി.

അങ്ങിനെ ഞാൻ കിട്ടാത്ത ഉത്തരം തേടി ഷീണിച്ച് നാശകോശമായിരിക്കുന്ന ഒരു ദിവസമാണ് അകന്ന ബന്ധത്തിലുള്ള ഒരു പെങ്കൊച്ച് വീട്ടിൽ വിരുന്നുവന്നത്.  അവളാണേൽ  സിറ്റിയിൽ പഠിച്ചവൾ.  പച്ചപരിഷ്‌കാരി.  എന്നോട് വലിയ മൈൻഡ് ഒന്നുമില്ല.  നോക്കാത്ത രാജാവിനെ തൊഴാൻ എൻറെ പട്ടിപോകും.  നീ സിറ്റിയിൽ പഠിച്ചാൽ നിനക്ക് കൊള്ളാം.  എനിക്ക് നീ വെറും ഗ്രാസ്സാ മോളേ ... ഗ്രാസ്.

പക്ഷെ ആ  പെണ്ണ്  പോകുന്നതിൻറെ തലേന്ന് എൻറെ മണ്ടയിൽ  ഒരു ആഞ്ഞബുദ്ധിതോന്നി.  ഈ പരട്ടയോട് മറ്റേ  തമിശയം ഒന്ന് ചോദിച്ചാലോ? ഇവളാകുമ്പോൾ പ്രശ്നമില്ല. ഇൻ കേസ് വല്ലതും തോന്നിയാലും എനിക്ക് കുന്തമാ.  ആണ്ടിലും ചങ്ക്രാന്തിക്കും വീട്ടിൽ വരുന്ന ഇവൾ  ഉണ്ടാക്കുന്ന ഇമ്പാക്ട് മറ്റെല്ലാത്തിനേക്കാളും കുറവായിരിക്കുമെന്ന് എന്തോ മനസ്സ് പറയുന്നു.  എന്നാപ്പിന്നെ ഇവളെയങ്ങ് സോപ്പിടാം.  ആ സംശയം അങ്ങ് ദുരീകരിക്കുകയും ചെയ്യാം.  സിറ്റിയിൽ ഒക്കെ ജനിച്ചുവളർന്ന വിത്തല്ലേ, എന്നേക്കാൾ ജനറൽ നോളഡ്‌ജ് ഉണ്ടായിരിക്കും.  ഇങ്ങനെയൊക്കെ ചിന്തിച്ച്, ചിന്തിച്ച്  ഭക്തജനങ്ങളെ;  ആ പെണ്ണിനെ ഞാൻ അങ്ങ് ചിരിച്ചു കാണിച്ചു.

"ഉം എന്താ..."  പെണ്ണ്  സാറുചമഞ്ഞ ഒരു ചോദ്യം.  എൻറെ വീട്ടിൽ വന്നിട്ടാണ് എന്നോട് ചോദിക്കുന്നതെന്ന് ഓർത്തോണം.

"ഓ ... ഒന്നുമില്ല.  നിന്നോട് ഒരു തമിശയം ചോദിച്ചാൽ പറഞ്ഞു തരുവോ ..?"

"എന്നതാ?..."  പെണ്ണൊരുമാതിരി ചെറഞ്ഞ നിപ്പാണ്.  ഏതാണ്ട് കൊമ്പത്തെ മോളാന്നമട്ടിൽ.  ആവശ്യം എന്റെയല്ലിയോ, വല്ലോം പറയാനൊക്കുമോ? ഞാൻ വിനയം ഭാവിച്ച് ചോദിച്ചു.

"ടീ ... ഇതെന്തു കുന്തത്തിന്റെ പരസ്യമാ... വായിച്ചിട്ട് എനിക്ക് മനസ്സിലാകുന്നില്ല"

എൻറെ കയ്യിൽ നിന്നും പെണ്ണ് ആ നോട്ടുബുക്ക് വാങ്ങി (ക്ഷമിക്കണം, പറയാൻ വിട്ടുപോയി. സത്യത്തിൽ ഇതിനിടയിൽ ആ പരസ്യമുള്ള കളർ പേജുകൊണ്ട് ഇംഗ്ളീഷ് ഗ്രാമർ ബുക്ക് ഞാൻ പൊതിഞ്ഞിരുന്നു!)

പരസ്യം കണ്ടതും പെണ്ണേതാണ്ട് കടന്നൽ കൂട്ടിൽ തലകൊണ്ടിട്ടപോലെ എന്നെ ഒരു നോട്ടം.  സംഭവം ഞാൻ ഉദ്ദേശിച്ചതിനേക്കാൾ മാരകമാണോ?   അല്ലേൽ ഈ പൂതന എന്നെയിങ്ങനെ നോക്കില്ലല്ലോ?  പെണ്ണ് ചെന്ന് അമ്മയോടും വീട്ടിലുള്ള സകലമാന പെണ്ണുങ്ങളോടും പറഞ്ഞ് എന്നെ നാറ്റിക്കുമോ?  എൻറെ ജൂതാതദേവൂസ് പുണ്യവാളാ.. കാത്തോണേ!

"എടീ ... സത്യായിട്ടും എനിക്ക് ഇതെന്താണെന്ന് അറിയാന്മേലാത്തോണ്ടാ... ക്ളാസിലെല്ലാം ചോദിച്ചിട്ടും ആർക്കും അറിയില്ല.... ഞാൻ വിചാരിച്ചു നിനക്കെങ്കിലും അറിയാമെന്ന്... അറിയത്തില്ലേ നീ പറയണ്ട... പോ"

ഇങ്ങോട്ട്  കേറി അറ്റാക്ക് ചെയ്യുന്നതിന് മുമ്പ് അങ്ങോട്ട് ഒരു കൊട്ട് കൊടുത്ത്  ബുക്ക് തട്ടിപ്പറിച്ച്  ഞാൻ തിരിച്ച് നടന്നു.

"ഡാ... ഒന്നുനിന്നേ,  നിനക്കപ്പോ ഇതെന്താണെന്ന് അറിയണ്ടേ??"

"ഓ... അറിഞ്ഞട്ടിപ്പം  എന്നാ ഒണ്ടാക്കാനാ?  ഞാൻ എങ്ങനേലും പിന്നെ കണ്ടുപിടിച്ചോളാം. നിനക്കെന്തായാലും അറിയാത്തതില്ലല്ലോ.."

മുൻപോട്ട് നടത്തം തുടർന്ന എന്നെ  പക്ഷേ, അവളുടെ അടുത്തവാക്ക് പിടിച്ചു നിർത്തിക്കളഞ്ഞു.

"എടാ പൊട്ടാ... എനിക്കറിയത്തില്ലന്നാരാ പറഞ്ഞേ ..."

"അറിയാമോ... അപ്പോ ഇതെന്ത് കുന്തമാണെന്ന് പറഞ്ഞു തുലയ്ക്ക് .."  ഞാൻ ഏലി പുന്നെല്ലുകണ്ടപോലെ തിരിഞ്ഞു നിന്നു.

"എടാ ചെറുക്കാ, ഇത് സോപ്പല്ലേ.. സോപ്പ്.!!"

"സോപ്പോ? " എൻറെ കണ്ണ് പുറത്തേക്ക് തെള്ളി.  എൻറെ പൊന്നോ... ഇതെന്തോന്ന് കോപ്പ്?  ഒരുമാതിരി മനുഷ്യനെ വട്ടക്കാനായിട്ട്??!!

"സത്യമാന്നോ പെണ്ണേ .."  ഒരു സംശയ നിവാരണം കൂടി നടത്തി നോക്കി 

"പിന്നല്ലാണ്ട്... പക്ഷേ ഒരു കാര്യമുണ്ട്.  ഇതേ,  പെണ്ണുങ്ങൾ മാത്രം കുളിക്കുന്ന സോപ്പാ. അറിയാമോ?"  ഒരുമാതിരി പൊട്ടനെപ്പോലെ എന്നെ കണ്ണിറുക്കികാണിച്ച് അവൾ ആക്കിയ ഒരു ചിരിചിരിച്ചു.

എൻറെ പൊന്നമ്മച്ചീ.  എന്തോ കുന്തമെങ്കിലും ആകട്ട്.  ഉത്തരം കിട്ടിയല്ലോ!!  ഞാൻ വേഗം അവിടെനിന്നോടി.

എനിക്ക്  ഉത്തരം കിട്ടിയതോടെ കഥ തീർന്നു എന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി.  കഥയുടെ ക്ളൈമാക്സ് വരുന്നതേയുള്ളു.  അല്ലേലും തിയറിയിലെന്താ,  പ്രാക്ടിക്കലിലല്ലിയോ കാര്യം?

ഏതാണ്ട് ദിവസങ്ങൾ എന്നെ വലച്ച ചോദ്യത്തിനുത്തരം കിട്ടിയത് ഞാൻ കൂട്ടുകാരാരോടും പറഞ്ഞില്ല.  കഷ്ടപ്പെട്ട്  ഞാൻ നേടിയ അറിവ് ഓസിന് ഒരുത്തനും അങ്ങനെ അടിച്ചോണ്ട് പോകണ്ടാ!

അങ്ങനെ അടുത്തൊരുദിവസം ഇഗ്ളീഷ് ക്‌ളാസിൽ ഗിരിജ ടീച്ചർ റോബിൻസൺ ക്രൂസോ പഠിപ്പിക്കുമ്പോൾ എൻറെ പുതുവിജ്ഞാനം ടീച്ചറിനോട് ഒന്ന് വിളമ്പിയാലോ എന്ന് തോന്നി.  ഗിരിജ ടീച്ചർ ആണെങ്കിൽ തികഞ്ഞ അഹിംസാവാദി, ലോകത്ത് ഒരു ഉറുമ്പിനെപ്പോലും ഉപദ്രവിക്കാത്ത പാവം.  എന്തായാലും ക്ളാസുകഴിയുന്നതുവരെ വെയിറ്റ് ചെയ്യാം.

അവസാനം ക്ലാസ് കഴിഞ്ഞ് ടീച്ചർ  പോകാനൊരുങ്ങുമ്പോൾ ഞാൻ ഒതുക്കത്തിൽ എൻറെ ഗ്രാമർ ബുക്കുമെടുത്ത്  അടുത്തേക്ക് ചെന്നു.  കെയർഫ്രീയുടെ പടം കാണിച്ചിട്ട്  നിഷ്കളങ്കമായി ചോദിച്ചു.

"ടീച്ചറേ ... ഈ സോപ്പ് ടീച്ചർ വാങ്ങിയിട്ടുണ്ടോ?  എങ്ങനുണ്ട് കൊള്ളാമോ? എനിക്കും വീട്ടീ പറഞ്ഞ് മേടിക്കാനാ.."

എൻറെ ബുക്കിന്റെ പുറംചട്ട കണ്ടിട്ട്  ആട്ടിൻകാട്ടം കണ്ടപോലെ ടീച്ചർ എന്നെ ഒരു നോട്ടമങ്ങ് നോക്കി.  ഒന്നും മിണ്ടാതെ നേരെ എൻറെ ചെവിക്കങ്ങ് കേറിപ്പിടിച്ചു. പിടിക്കുവല്ല, എൻറെ പള്ളീ... ഒരുമാതിരി റെസലിങ്ങിലെ ഘടാഘടിയൻ പെണ്ണുമ്പുള്ളമാരെപ്പോലെ ഒരൊന്നൊന്നര  പിടിത്തംപിടിച്ച് ഒറ്റയേറ് !!  ബാലൻസ് കിട്ടാതെ  ഒരുമാതിരി നഞ്ചുതിന്ന കുരങ്ങനെപ്പോലെ കാര്യമറിയാതെ ഞാൻ നിൽക്കുമ്പോൾ ചവിട്ടിത്തേച്ച് ടീച്ചർ ഒരുപോക്കങ്ങ് പോയി!!

തറയിൽ കിടക്കുന്ന എൻറെ ഗ്രാമർ ബുക്ക് കണ്ട് ക്ലാസ്സിലെ ജയയും, ജ്യോതിയും, സോണിയായും, സിന്ധുവും എല്ലാം അമർത്തിയമർത്തി ചിരിക്കാൻ തുടങ്ങി.

വായനക്കാരെ, സത്യം പറയാമല്ലോ,   അന്ന്  ഞാൻ അവരുടെയൊക്കെ മുന്നിൽ അവിടെ നിന്നത് തേങ്ങാപ്പീര വെട്ടിവിഴുങ്ങി തിന്നിട്ട് നിൽക്കുന്ന കോഴിയെപ്പോലെയായിരുന്നു!!

ഏതു സോപ്പിട്ട് കുളിച്ചാലും നനച്ചാലും മാറ്റാൻപറ്റാത്ത നാണക്കേടുമായി പിന്നീട് ഏറെക്കാലം ക്‌ളാസിൽ  ഞാനിരുന്നു.  പെണ്ണുങ്ങളുടേതായ ഒരുകാര്യത്തിലും ഇടപെടാതെ, ഒരു വനിതാമാസികയും വായിക്കാതെ കഴിഞ്ഞുകൂടിയ  തടവുകാലത്തിനോടുപമിക്കാവുന്ന ആ കാലവും, എൻറെ വേദനയും  ഒക്കെ 'കെയർഫ്രീ' എന്ന വാക്ക് ഞാൻ വൃഥാവിൽ ഉപയോഗിച്ചു എന്നുപറഞ്ഞ്  എൻറെ നേരെ കോടാലിയെടുക്കാൻ വരുന്ന ഫെമിനിച്ചികൾ ദയവ് ചെയ്ത് ഒന്നാലോചിച്ചോണം.

ഗൂഗിളും, ഇന്റർനെറ്റും പിറവിയെടുക്കാത്ത ആ കാലചക്രം ഏറെ തിരിഞ്ഞ് ഇന്ന് ഇതെഴുതുമ്പോൾ, സത്യമായിട്ടും പൊന്നുമക്കളെ, എനിക്ക് വിഷമമുണ്ട്.  എന്നെ പറ്റിച്ച ആ പച്ചപരിഷ്‌കാരി പെണ്ണെന്നല്ല ഒരുവളുമ്മാരോടും ജീവിതത്തിൽ ഇത്തരം ഡൗട്ട് ചോദിച്ചോണ്ട് ചെന്നേക്കരുത്.  നിങ്ങക്കറിയത്തില്ലെങ്കിൽ അറിയേണ്ട, അത്രതന്നെ.  ഒരുത്തീടേം ഓശാരം പറ്റിക്കൊണ്ട് സംശയനിവാരണം നടത്തരുത്.   അഥവാ അങ്ങനെയെങ്ങാനം ചോദിച്ചോണ്ട് ചെല്ലുവാന്നെങ്കിൽ, സത്യമായിട്ടും  നായക്കരുണപ്പൊടിയെടുത്ത്  വേണ്ടാത്തിടത്ത് വിതറിയപോലെ ആയിത്തതീരുമേ, പറഞ്ഞേക്കാം.

ഇനിയൊരു സത്യം പറയട്ടെ,  ഇത്രേം പറഞ്ഞു കഴിഞ്ഞപ്പോളാ എൻറെ മനസ്സൊന്ന് കെയർഫ്രീ ആയെ !!

No comments:

Post a Comment