Wednesday, November 15, 2017

പ്രവാസത്തിലെ മഞ്ഞുത്തുള്ളികൾ -5

നല്ല സമരിയക്കാർ

പാകിസ്ഥാനികൾ ആരാണ്? നമ്മുടെ ശത്രുക്കൾ അല്ലേ?

ഒന്നുപോലെ തോളോടുതോൾ ചേർന്ന് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവർ ഇന്ന് ശത്രുക്കൾ. എന്താണ് ആ ശത്രുത ബാധപോലെ നമ്മെ പിന്തുടരുന്നത്? എല്ലാ പാകിസ്ഥാനികളും ശത്രുക്കൾ ആണോ? അവരിലും നന്മയുള്ള മനുഷ്യർ ഉണ്ടോ? ഇവയിൽ കുറെ ചോദ്യങ്ങൾക്കെങ്കിലും എനിക്കുത്തരം നൽകിയത് എൻറെ പ്രവാസത്തിൻറെ ആദ്യകാലങ്ങങ്ങളാണ്.

നവംബർ 18,  2003. ഞാൻ റാസൽഖൈമയിൽ നക്കീൽ സിറ്റിയിൽ കാലുകുത്തിയപ്പോൾ എൻറെ പ്രവാസജീവിതം കുറിക്കപ്പെട്ടു. അവിടെ ഞാൻ ഒരുപാട് രാജ്യക്കാരെ കണ്ടു. അതിൽ എനിക്കെന്നും കൗതുകം ജനിപ്പിച്ചിരുന്നത് പാകിസ്ഥാനികൾ തന്നെയായിരുന്നു. ജോലിസ്ഥലത്തും, ബസാറിലും, യാത്രയിലും എല്ലാം നമ്മൾ ഇന്ത്യക്കാർ കഴിഞ്ഞാൽ അവരാണല്ലോ ഉള്ളത്. റോഡിൽ പഠാൻമാരുടെ ടാക്സിമാത്രമേ കൂടുതലും കാണാനുള്ളൂ. അവരുടെ ഉറുദുവും, ജീവിക്കാൻവേണ്ടി മാത്രം ബോംബയിൽനിന്നും ഞാൻ പഠിച്ച 'മുന്നാഭായി MBBS' ഹിന്ദിയും തമ്മിൽ ഇടയ്ക്കിടെ സ്പാർക്കുണ്ടായിക്കൊണ്ടിരുന്നു. എങ്കിലും ഇന്ന് പ്രവാസത്തിൽ ഒരുപതിറ്റാണ്ടിനപ്പുറം ഒന്ന് തിരിഞ്ഞുനോക്കുമ്പോൾ ഒരിക്കലും  മറക്കാനാകാത്ത മൂന്നു പാകിസ്ഥാനികൾ ഉണ്ട്. ഹൃദയത്തിൽനിന്നും തൂത്തെറിഞ്ഞുകളയാൻ പറ്റാത്തപോലെ പറ്റിപ്പിടിച്ചിരിക്കുന്ന കുറെ സമരണകളും. ജറീക്കോയിലെ വഴിയിൽ നിരാലംബനായികിടന്ന മനുഷ്യനെ രക്ഷിക്കാൻ എത്തിയ നല്ല സമറിയാക്കാരനെ പ്പോലെ എൻറെ മുന്നിൽ പ്രത്യക്ഷപ്പെട്ട  പാകിസ്ഥാനികൾ. ഒരിക്കലും മങ്ങാത്ത മുഖങ്ങൾ, മറയാത്ത ചില ഓർമ്മകൾ.

റമദാൻ പരിശുദ്ധി

നക്കീലിലെ മാന്നാർ മാളിനുള്ളിൽ ഞാനും കൂട്ടുകാരൻ വിനോദും നീണ്ടു നിവർന്നുകിടക്കുന്ന കാരിഫോറിൽ കൗതുകത്തിൻറെ കണ്ണുകളുമായി നടക്കുകയാണ്. അതുവരെ കാണാത്ത ലോകം, കണ്ണിനു അവിശ്വസനീയവും, അത്ഭുതവും നൽകുന്ന കാഴ്ചകൾ.  ഒരു സർക്കസ്സ് കൂടാരത്തിനകത്ത് എത്തിയ പ്രതീതി. ഓരോ സാധനവും എടുത്ത് വിലനോക്കി, അതിൻറെ വില ഇന്ത്യൻ രൂപയിൽ കൺവെർഷൻ നടത്തി  അമ്പരപ്പോടെ തിരികെ വയ്ക്കും.  അവസാനം പുറത്തെ ചൂടിൽനിന്നും രക്ഷനേടാനായി ഒരു വലിയ മിരാണ്ടയും,പൊട്ടറ്റോ ചിപ്സും വാങ്ങി അത് കഴിക്കാൻ പറ്റിയ സ്ഥലം പുറത്ത് കാർ പാർക്കിങ്ങിനടുത്ത് കണ്ട് പുറത്തേക്ക് നടന്നു.  ചിപ്സ് പൊട്ടിച്ച്, മിറാണ്ടയുടെ കഴുത്ത് 'ശൂ ' എന്ന ശബ്ദത്തിൽ തിരിച്ചൊടിച്ച്  ഞങ്ങൾ ഇരുന്നു. ഉച്ചചൂടിൽ  തൊണ്ടയിലൂടെ പതഞ്ഞിറങ്ങുന്ന  സുഖത്തിൽ വിനോദ് മിരിണ്ട എനിക്ക് നീട്ടി. ഒരു മത്സരാർഥിയെപ്പോലെ ഞാനും തൊണ്ടയിൽ നിന്നും പാനീയം താഴേക്കിറക്കിയപ്പോൾ ഒരു ബലിഷ്ഠമായ കരം എൻറെ തോളിൽ സ്പർശിച്ചത് ഞാൻ അറിഞ്ഞു. ഒപ്പം ഇങ്ങിനെ പറഞ്ഞു

"ഭായിജാൻ..."

പിന്നിൽ ഒരു പഠാൻ.  വായതുറക്കും മുമ്പ് എൻറെ കയ്യിൽ നിന്നും മിരിണ്ട അയാൾ കരസ്ഥമാക്കി. ഞാൻ അയാളെ ഒന്നുനോക്കി.  ആറടിയിൽ കൂടുതൽ ഉയരം. തലയിൽ ചെറിയ വെളുത്ത തൊപ്പി,  ഇളം പച്ചനിറത്തിലുള്ള പാകിസ്ഥാനി വേഷം.  മുഖത്ത് ആഘാതം ഏറ്റവനെപ്പോലെ ഞാൻ അയാളെ നോക്കി.  ദൈവമേ ശത്രുരാജ്യക്കാരൻ ....!! ഇയാൾ കള്ളനോ, അതോ കാപാലിക്കാനോ? എന്താണിയാളുടെ ഉദ്ദേശം? ഇന്ത്യാ-പാക് യുദ്ധമൊക്കെ അങ്ങ് അതിർത്തിയിൽ... ഇവിടെ? എന്നോടൊപ്പം വിനോദും പകച്ചിരിക്കുകയാണ്.  എന്നാൽ ഒരുനിമിഷത്തിനുശേഷം ഞാൻ അറിഞ്ഞു. ഒരു ശത്രുവിൻറെ മുഖമല്ല എൻറെ മുന്നിൽ നിൽക്കുന്ന പഠാന്റെതെന്ന്. ഞങ്ങളെ തോളിൽ പിടിച്ച് അയാൾ ഒരു ആളൊഴിഞ്ഞ മൂലയിലേക്ക് നടത്തി. എന്നിട്ട് സൗമ്യതയോടെ പറഞ്ഞു.

"സഹോദരാ, നിങ്ങൾക്ക് ഇത് റമദാൻ മാസം ആണെന്നറിയില്ലേ? പുണ്യമാസം. പകൽ ഇങ്ങിനെ ഭക്ഷണ പാനീയങ്ങൾ പൊതുസ്ഥലത്ത് ഉപയോഗിക്കാൻ പാടില്ല. നിങ്ങൾക്ക് അതറിയാൻ പാടില്ല എന്ന് തോന്നുന്നു? ഇവിടെ പുതിയ ആൾകാർ ആണല്ലേ?"

ഞങ്ങൾ അയാളെ അത്ഭുതത്തോടെ നോക്കി. നാട്ടിൽനിന്നും ഗൾഫിൽ വന്നിട്ട് ഒരുദിവസം ആയിട്ടേയുള്ളൂ. റമദാൻ ആണെന്നുപോലും ഇപ്പോളാണ് അറിയുന്നത്! വലിയ ഒരു തെറ്റുകാരെപ്പോലെ ഞങ്ങളുടെ തല താഴ്ന്നു.

"നോക്കൂ... ഭാഗ്യത്തിന് നിങ്ങൾ എൻറെ മുന്നിൽ വന്നുപെട്ടു. ദേ അതുകണ്ടോ പോലീസ് ചുറ്റിനടക്കുന്നത്...?  അവർ കണ്ടിരുന്നെങ്കിൽ പിന്നെ രംഗം എന്തായേനെ? അതും നാട്ടിൽ നിന്ന് പുതുതായി എത്തിയ നിങ്ങൾ?..."

അറിയാതെ ചെയ്തുപോയതാണെന്ന് ഞാൻ അയാളോട് പറഞ്ഞു.  അതയാൾക്ക് നേരത്തെ മനസ്സിലായിരുന്നു താനും. കുറേനേരം അയാൾ ലോക്കൽ നിയമങ്ങളെപ്പറ്റിയും, നോമ്പിനെപ്പറ്റിയും ഒക്കെ വാചാലനായി. റോന്തു ചുറ്റി നടക്കുന്ന പോലീസിനെ കണ്ടപ്പോൾ വലിയൊരു ആപത്തിൽ നിന്ന് രക്ഷിച്ച ദൂതനെപ്പോലെ അയാളുടെ പ്രത്യക്ഷമാകൽ  തോന്നിപ്പോയി.

"ഒത്തിരി നന്ദി... സഹോദരാ.." ഞാൻ അയാളോട് പറഞ്ഞു.  അതിന് ഒരു പുഞ്ചിരി സമ്മാനിച്ച് അയാൾ പതുക്കെ നടന്നകന്നു.  പേരോ ഊരോ പോലും ചോദിക്കാതെ  മാന്നാർ മാളിൻറെ കോണിലെവിടെയോ അയാൾ പോയി മറഞ്ഞു. പ്രവാസത്തിൻറെ പിള്ളത്തൊട്ടിലിൽ അയാൾ അന്ന് പഠിപ്പിച്ചുതന്ന പാഠം വളെരെ വലുതാണ്.

ജാവേദ് ഇക്‌ബാൽ
ഓഫീസിലെ ഓരോ ക്യാബിനിലും രാവിലെ  പുഞ്ചിരിയോടെ കയറിയിറങ്ങുന്ന ജാവേദ് സാറിന്റെ മുഖം കാണുമ്പോൾ സത്യത്തിൽ എല്ലാവർക്കും അറിയാം അദ്ദേഹം ഹാജർ പരിശോദിക്കുകയാണെന്ന്. അതിനാൽ തന്നെ ആ പുഞ്ചിരി കാണുമ്പോൾ  ചിരിയോ സന്തോഷമോ വന്നിട്ടില്ല.  സ്റ്റാഫിന്റെ ഹാജർ, സാലറി, ഇൻക്രിമെന്റ് എല്ലാം ഫിനാൻസ് ഡിപ്പാർട്ടുമെന്റ് ഹെഡ് ആയ ജാവേദ് ഇക്‌ബാൽ എന്ന ഈ പാകിസ്ഥാനി പഞ്ചാബിയാണ് ആണ് നോക്കുന്നത്. തലങ്ങും, വിലങ്ങും വെള്ളക്കാർ നടക്കുന്ന ഓഫീസിൽ, വലിയ ഫ്രേമുള്ള കണ്ണട വച്ച് ആ കുറിയ മനുഷ്യനെ അതുഭുതത്തോടെയാണ് ഞാൻ നോക്കികണ്ടിരുന്നത്. ഒപ്പം ഉള്ളിൽ ചെറിയ ഒരു ഭയവും.

തൊട്ടടുത്ത സീറ്റിലിരുന്ന ആൾ നാട്ടിൽ അവധിക്കുപോയപ്പോൾ അയാളുടെ ജോലികൂടി എനിക്കേൽക്കേണ്ടിവന്നു. ഈ അധിക ജോലിഭാരം കാരണം ഓഫീസ് സമയം കഴിഞ്ഞും എനിക്കിരിക്കേണ്ടിവന്നു. അൽ-ഗയിൽ മലയിടുക്കിനുള്ളിലെ ഓഫീസിൽ നിന്നും നക്കീൽ സിറ്റിയിലേക്ക് ഇരുട്ടിയശേഷമുള്ള യാത്രയ്ക്ക് കമ്പനി ഡ്രൈവർ വരില്ല. ലേറ്റായി പോകുന്ന ആരുടെയെങ്കിലും കൂടെ പോവുകയേ രക്ഷയുള്ളൂ. അങ്ങിനെയിരിക്കുമ്പോളാണ് ഞാൻ അറിയുന്നത് ജാവേദ് സാർ എന്നും വളരെ താമസിച്ചുമാത്രമേ ഓഫീസിൽ നിന്നും പോകൂ എന്ന്. പക്ഷേ അദ്ദേഹം ഒരു ഡിപ്പാർട്ട്മെന്റ് ഹെഡ് ആണ്. എങ്ങിനെ ചോദിക്കും? എങ്കിലും ഒരുദിവസം വൈകുന്നേരം ഞാൻ അദ്ദേഹത്തിന്റെ ക്യാബിനുമുന്നിൽ ചെന്നു. ചിരിച്ചുകൊണ്ട് അദ്ദേഹം എന്നെ അകത്തേക്ക് വിളിച്ചു.

"സാർ... അങ്ങ് താമസിച്ചുപോകുന്ന ദിവസങ്ങളിൽ എന്നെക്കൂടി ഒരുമാസത്തേക്ക് കൂടെ കൂട്ടുമോ? എൻറെ ജോലി ഓഫീസ് സമയത്ത് തീർക്കാൻ കഴിയുന്നില്ല..."

മടിച്ചുമടിച്ചാണെങ്കിലും ഞാനത് തുറന്നു പറഞ്ഞു.  ഒരുനിമിഷം ആലോചിച്ചിട്ട് ജാവേദ് സാർ സമ്മതിച്ചു. ഒപ്പം ഒരു ചിരിയും സമ്മാനിച്ചു.

അന്നുമുതൽ കൃത്യം രാത്രി ഏഴുമണി ആകുമ്പോൾ ജാവേദ് സാർ എൻറെ ക്യാബിനുമുന്നിൽ വന്നൊന്ന് ചിരിക്കും, ഉടനെ തന്നെ ഞാൻ കമ്പ്യൂട്ടർ ഷട്ട് ഡൗൺ ചെയ്ത് ഇറങ്ങും.  വണ്ടിയിൽ കയറിയാൽ ഉടനെ ബി.ബി.സി ഉറുദു ഓൺ ആകും. പിന്നെ അൽ-ഗെയിൽ, ദിഗ്‍ദാഗ, ജെ ആൻഡ് പി, റാന്തൽ റൗണ്ട് എബൗട്ട് പിന്നിട്ട് നക്കീലിൽ എത്തും.  ആദ്യ ദിവസങ്ങൾ കേവലം ബിബിസി മാത്രം ശ്രവിച്ചു കൊണ്ടായിരുന്നു യാത്ര. എന്നാൽ അതിനടുത്ത ദിവസം ഞാൻ പതുക്കെ ഓരോന്ന് അദ്ദേഹത്തോട് ചോദിക്കാൻ തുടങ്ങി. സ്വതവേ മിതഭാഷിയായിരുന്ന അദ്ദേഹം ഇന്ത്യൻ സ്വതന്ത്ര്യ സമരത്തെക്കുറിച്ചും, വിഭജനത്തെപ്പറ്റിയും ഒക്കെ എനിക്കറിയാത്ത പല കഥകളൂം പറഞ്ഞു തന്നു. ഗാന്ധിജി, ജിന്ന, നെഹ്‌റു, മൗണ്ട് ബാറ്റൺ അങ്ങിനെയങ്ങിനെ പലരും ആ യാത്രകളിൽ കയറിവന്നു. അത് പിന്നീട് ഷിയാ-സുന്നി, ഇറാഖ്, ആഗോള തീവ്രവാദം ഇങ്ങിനെയിങ്ങനെ മാറി മാറിവന്നു.  മിതഭാഷിയായ ജാവേദ് ഇക്‌ബാൽ വാചാലനാകുന്നത് ഞാൻ അടുത്തറിഞ്ഞു. തനിക്ക് എന്തോ അടുപ്പമുള്ള ഒരാളോട് സംസാരിക്കുന്നപോലെയാണ് ആ സംഭാഷങ്ങൾ എന്ന് എനിക്ക് പലപ്പോഴും തോന്നിപ്പോയി.

ഒരുമാസം കഴിഞ്ഞു അവധി കഴിഞ്ഞ് എൻറെ സഹപ്രവർത്തകൻ തിരികെ വന്നപ്പോൾ ജാവേദ് സാറിൻറെ കൂടെയുള്ള യാത്രയും നിന്നു. എങ്കിലും ഞങ്ങൾ തമ്മിലുള്ള ചർച്ചകൾ മനസ്സിൽനിന്നും മായാതെനിന്നു.

അങ്ങിനെയിരിക്കെ കമ്പനിയിൽ മാനേജ്‌മെന്റ് മാറി. മൊത്തത്തിൽ അടിതൊട്ട് മുടിയോളം മാറ്റം. വന്മരങ്ങൾ പലതും കടപുഴകി വീണു, കുറെ സ്റ്റാഫും. കൂട്ടത്തിൽ ഞാനും പെട്ടു. പക്ഷെ ഉടനെ തന്നെ എനിക്ക് ദുബായിൽ ഒരു ജോലി തരപ്പെട്ടു. പക്ഷേ ജോലി മാറാൻ  ബാൻ അടിക്കാതെ വിസ ക്യാൻസൽ ചെയ്യണം.  അതൊരു വലിയ കടമ്പയായി മുന്നിൽ നിന്നു. അന്ന് അവിടെ അത്  നടക്കാത്ത ഒരു സംഭവം പോലെയായിരുന്നു. പുതിയ വിസയുടെ ചടങ്ങുകൾ ഒരു വശത്ത്, എൻ.ഓ.സി കിട്ടാനുള്ള പാട് മറ്റൊരു വശത്ത്. ഒരുമാതിരി ത്രിശങ്കു സ്വർഗ്ഗത്തിൽ എത്തപ്പെട്ട പ്രതീതി. ഞാൻ പല വാതിലുകൾ മുട്ടി. എല്ലാം നിഷ്പ്രയോജനം. അവസാനം ഞാൻ അത് തീരുമാനിച്ചുറച്ചു.

അടുത്ത ദിവസം രാവിലെ ഞാൻ മൊബൈൽ എടുത്തു. വിളിച്ചത് ജാവേദ് ഇക്‌ബാൽ സാറിനെയായിരുന്നു. ആദ്യമായിട്ടാണ് ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിക്കുന്നത്. എൻറെ സ്വരം കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന് മനസ്സിലായി. വിനീതനായി ഞാൻ കാര്യം പറഞ്ഞു.

"മോനെ... എന്നെക്കൊണ്ട് കഴിയുന്നവിധത്തിൽ ശ്രമിക്കാം... പിന്നെ എല്ലാം നിൻറെ ഭാഗ്യം.. ഇൻഷാ അള്ളാ. പ്രാർത്ഥിക്കുക.."

ഫോൺ വച്ചപ്പോൾ പ്രതീക്ഷയുടെ കിരണം മാത്രമായിരുന്നു എൻറെ മനസ്സിൽ.

ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി. ദുബായിലെ കമ്പനിയിൽ നിന്ന് തുടരെത്തുടരെ ഫോൺ വന്നുകൊണ്ടിരുന്നു. എത്രയും പെട്ടന്ന് ജോയിൻ ചെയ്യണം. എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ആകെ കുഴങ്ങി. അപ്പോളും എനിക്ക് വിളിക്കാൻ തോന്നിയത് ജാവേദ് സാറിനെമാത്രം ആയിരുന്നു.

"നാളെ ഓഫീസിൽ വരൂ.... ഞാൻ സഹായിക്കാൻ ശ്രമിക്കാം.."

അടുത്ത ദിവസം രാവിലെ ഞാൻ ഓഫീസിൽ എത്തി. റിസപ്‌ഷനിസ്റ്റിനോട് കാര്യം പറഞ്ഞു. അല്പസമയത്തിനകം ജാവേദ് സാർ എൻറെ മുന്നിൽ എത്തി. എന്നെ അദ്ദേഹം നേരെ കൂട്ടിക്കൊണ്ടുപോയത് പുതുതായി വന്ന പി.ആർ. ഓ യുടെ അടുത്തേക്കായിരുന്നു.

"ഇത് എനിക്ക് വേണ്ടപ്പെട്ട ആളാണ്... ഇയാൾക്ക് ബാൻ ഇല്ലാതെ വിസ ക്യാൻസൽ ചെയ്ത് കൊടുക്കണം..."

പി. ആർ. ഓ തലയാട്ടി. വൈകാതെ  തന്നെ എൻറെ ബാൻ ഇല്ലാതെ വിസ ക്യാൻസൽ ചെയ്തു തന്നു.

ദിവസങ്ങൾ കഴിഞ്ഞു. പുതിയ കമ്പനിയിൽ കയറിയ ശേഷം ഒരുദിവസം ഞാൻ അദ്ദേഹത്തെ ഫോൺ വിളിച്ചു. ചെയ്തുതന്ന ഉപകാരത്തിന് ഒരു നന്ദി പറയാൻ മാത്രമായിരുന്നു ആ വിളി. അന്ന് അദ്ദേഹം എന്നോട് പറഞ്ഞ വാക്കുകൾ പതിറ്റാണ്ടുശേഷം ഇന്നും എൻറെ കാതിൽ  മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.

"എന്തോ.. നിന്നെ എൻറെ മകനെപ്പോലെ എനിക്ക് തോന്നിപ്പോയി. അതുകൊണ്ടു തന്നെയാണ് ഒരിക്കലും ആർക്കും ചെയ്തുകൊടുക്കാത്ത ഈ ഉപകാരം ഞാൻ നിനക്ക് ചെയ്തത്.... ദൈവം നിന്നെ അനുഗ്രഹിക്കട്ടെ..."

ആരോടും വ്യക്തിപരമായി ഒന്നും സംസാരിക്കാത്ത, മിതഭാഷിയായ ജാവേദ് ഇക്‌ബാൽ എന്ന പാകിസ്ഥാനിയുടെ സഹായം എൻറെ ജീവിതത്തെ വലിയൊരു പ്രതിസന്ധിയിൽ നിന്നും കരകയറ്റി.

ട്രക്കും പഠാനും 
അന്നൊരു വെള്ളിയാഴ്ച.  ഗൾഫിൽ എത്തിയ ആദ്യ അവധി.  റാസൽഖൈമയിൽ നിന്നും ദുബായിലേക്ക് പെങ്ങളുടെ വീട്ടിൽ പോകണം. എങ്ങിനെ പോകണം എന്നൊന്നും എനിക്കൊരു നിശ്ചയമില്ല.  കാര്യം കേട്ടപ്പോൾ ഓഫീസിലെ ജെയിംസ് ഒരു ഐഡിയാ പറഞ്ഞു തന്നു.  കമ്പനിയിൽ നിന്നും മെറ്റിരിയലുമായി ധാരാളം ട്രക്കുകൾ ദുബായിലേക്ക് പോകുന്നുണ്ട്. അതിലൊന്നിൽ കയറി  ദുബായിൽ ഇറങ്ങി ദൈറക്കുപോയാൽ പോരെ?  അതിൻപ്രകാരം ഞാൻ വെള്ളിയാഴ്ച രാവിലെ രാവിലെ കമ്പനി വൈബ്രിഡ്ജിൽ എത്തി. ദുബായിലേക്കുള്ള ഒരു ട്രക്ക് ക്ലർക്ക് കാണിച്ചുതന്നു. അതിൽ കയറി പഠാൻ ഡ്രൈവറോട് കാര്യം പറഞ്ഞു.

"സർജി .. ആയിയെ..." കൈകൂപ്പി പാകിസ്ഥാനി ഡ്രൈവർ അകത്തേക്ക് ക്ഷണിച്ചു.

ഒരിക്കലും   മറക്കാനാകാത്ത ചില അനുഭവങ്ങൾ എനിക്ക് സമ്മാനിച്ച ഒരു യാത്രയായിരുന്നു അത്.

യാത്രയിൽ ഉടനീളം ആ പാകിസ്ഥാനി ഓരോ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.  ഞാൻ ഇവിടെ പുതുതായി എത്തിയതാണെന്ന് അറിഞ്ഞപ്പോൾ ഒത്തിരിയൊത്തിരി ഉപദേശങ്ങളും പുറകെ വന്നു.  ഏതുറോഡിലൂടെയാണെന്നോ, ഏത് എമിറേറ്റിലൂടെയാണെന്നോ അറിയാതെ ബെൻസ് ട്രക്കിനുള്ളിലെ വിശാലതയിൽ ഞാൻ മുന്നിൽ കാണുന്ന മരുഭൂമിയുടെ നിർജീവാവസ്ഥയും,  പാഞ്ഞുപോകുന്ന ചെറുതും വലുതുമായ വാഹനങ്ങളും നോക്കിയിരുന്നു.  അപ്പോളൊക്കെ മനസ്സിൽ യു.എ. യിൽ എത്തിയ ശേഷം സ്വന്തം പെങ്ങളെ കാണാൻ പോകുന്ന സന്തോഷ നിമിഷങ്ങളും, സിനിമയിലും, ചിത്രങ്ങളിലും ഒക്കെ കണ്ടിട്ടുള്ള ദുബായ് എന്ന മനോഹര നഗരത്തെ ഒന്നറിയാനും  മാത്രമായിരുന്നു.  ഓരോന്ന് ഓർത്തോർത്ത് അറിയാതെ ഞാൻ ഉറക്കത്തിലേക്ക് വീണുപോയി.

"ഭായി സാബ്..." പാകിസ്താനിയുടെ തോളിൽ തട്ടിയുള്ള വിളി കേട്ടാണ് ഞാൻ ഉണർന്നത്.

"ഉഠോ .. ഉഠോ ... തുമാര ജഗ ആഗയാ..."

ഞാൻ കണ്ണുതിരുമ്മി.  സ്ഥലകാല ബോധം വീണ്ടെടുത്ത് പാകിസ്ഥാനിയെ നോക്കി.

"ദാ അവിടെ ഇനി വരുന്ന റൗണ്ട് എബൗട്ട്‍  കഴിഞ്ഞാൽ നിങ്ങൾക്കിറങ്ങാം. അവിടെ നിന്നും ഇത്തിരി മുന്നോട്ടു നടന്നാൽ ബസ്സ് സ്റ്റോപ്പുണ്ട്. അവിടെ ദൈരക്ക് ബസ്സ് കിട്ടും..."

അയാളുടെ വലിയ ട്രക്ക് നിന്നു. നന്ദി പറഞ്ഞ് ഇറങ്ങുമ്പോൾ അയാൾ തൻറെ പോക്കറ്റിൽ നിന്നും കുറെ ദിർഹം എടുത്ത് എൻറെ നേരെ നീട്ടി. ആവശ്യത്തിന് കൈയ്യിൽ പണം ഉണ്ടെന്നും,  ഇപ്പോൾ വേണ്ട എന്നും പറഞ്ഞ് ഞാൻ ചിരിച്ചുകൊണ്ട് അതനിരസിച്ചു.  എൻറെ കണ്ണിൽ നിന്നും ബെൻസിന്റെ ആ ട്രക്ക് മറഞ്ഞുപോകുമ്പോൾ ആരെന്നോ ഏതൊന്നോ അറിയാതെ ഞാൻ ഭായി എന്നും ഖാൻ എന്നും വിളിച്ച ആ മനുഷ്യൻറെ ചിരിക്കുന്ന മുഖംമാത്രം മാഞ്ഞുപോകാതെ നിന്നു.

പുറത്തേക്കിറങ്ങിയ എനിക്ക് ലോകത്തിൻറെ ഏതുകോണിലാണ് ഞാൻ എന്നുപോലും മനസ്സിലാകാത്ത പോലെയായിരുന്നു.  മുന്നിൽ കാണുന്ന റോഡിലൂടെ അലറിപ്പാഞ്ഞു പോകുന്ന ട്രക്കുകൾ. നാലുവശവും മരുഭൂമി. പാഞ്ഞുപോകുന്ന ട്രക്കുകൾക്ക് പിന്നാലെ പ്രണയപാരവശ്യത്തോടെന്നപോലെ കൂടെപ്പോകുന്ന  തണുത്ത കാറ്റും, മരുഭൂമിയിലെ പൊടിമണ്ണും. ബസ്സ്സ്റ്റോപ്പ് എവിടെ? ഞാൻ മുന്നോട്ടു നടന്നു. മുന്നിലോ പിന്നിലോ എങ്ങും ഒരു മനുഷ്യ ജീവിയെപ്പോലും കാണാൻ ഇല്ല. എനിക്ക് വഴി തെറ്റിയോ, അതോ പഠാനു തെറ്റിയോ? ആരോട് ചോദിക്കും? ഞാൻ വീണ്ടും മുന്നോട്ടു നടന്നു.

നല്ല വെയിൽ ഉണ്ടെങ്കിലും തണുത്ത കാറ്റിൽ അതറിയുന്നില്ല. എൻറെ കൺവെട്ടത്തെങ്ങും ബസ്സ് സ്റ്റോപ്പ് കാണുന്നില്ല. അങ്ങ് ദൂരെനിന്നും ഒരു ഫോർവീൽ പാഞ്ഞു വരുന്നത് കാണാം. രണ്ടും കല്പിച്ച് ഞാൻ കൈ നീട്ടി. പൊടിപടലങ്ങൾ പടർത്തി ആ ലാൻഡ് ക്രൂസർ എൻറെ മുന്നിൽ ബ്രേക്കിട്ടു. ഒരു അറബിയാണ്. ഞാൻ കാര്യം പറഞ്ഞു. എൻറെ പരിഭ്രമവും പുതിയ ആളാണെന്നും അറിഞ്ഞ അറബി എന്നോട് വണ്ടിയിലേക്ക് കയറാൻ പറഞ്ഞു. കയറണോ? എൻറെ മനസ്സൊന്നു മടിച്ചു. എങ്കിലും ഞാൻ കയറി. അറബിയുടെ കാൽ ആക്‌സിലേറ്ററിൽ അമർന്നു. അടുത്ത റൗണ്ട് എബൗട്ടിൽ നിന്നും അയാൾ യൂ ടേൺ എടുത്തു. അപ്പോളാണ് എനിക്ക് മനസ്സിലായത് പഠാൻ പറഞ്ഞതിന് എതിർവശത്തേക്കാണ് ഞാൻ നടന്നത്. "ഹബീബി..." ദൂരേക്ക് കൈചൂണ്ടി അറബി ചിരിച്ചുകൊണ്ട് എന്തൊക്കെയോ പറഞ്ഞു. ഞാൻ കണ്ണുകൾ കൂർപ്പിച്ചു. അതാ, ദുബായ് മുനിസിപ്പാലിറ്റിയുടെ ചുവന്ന ഒരു വണ്ടി!!  "യാ അള്ളാ ... യാ അള്ളാ..." അറബി ചിരിച്ചുകൊണ്ട് മുന്നിൽ കണ്ട ബസ്സ് സ്റ്റോപ്പിൽ ബ്രേക്ക് ചവിട്ടി. ലാൻഡ് ക്രൂസറിൽ നിന്നും ചാടി ഇറങ്ങി, ഞാനും. എൻറെ കൈപിടിച്ച് അയാൾ റോഡിലേക്ക് കയറിനിന്ന് കൈവീശി. പബ്ലിക് ട്രാൻസ്‌പോർട് മുന്നിൽ വന്നു നിന്നു. അറബി ഡ്രൈവറുടെ അടുത്തേക്ക് നടന്ന് എന്തൊക്കെയോ പറഞ്ഞു. അറബി ഭാഷ അറിയില്ലെങ്കിലും അയാൾ പറഞ്ഞതിന്റെ സാരം ഞാൻ വഴിതെറ്റി വന്നതാണെന്നും, ഇവിടെ പുതിയ ആൾ ആണെന്നും ദുബായിൽ ദൈറയിൽ സുരക്ഷിതമായി എന്നെ ഇറക്കണം എന്നുമായിരുന്നു എന്ന് മനസ്സിലായി.  എൻറെ തോളിൽ തട്ടി യാത്ര പറഞ്ഞ് അയാൾ യാത്രയായി. പൊടിപടലം പടർത്തി ആ ലാൻഡ് ക്രൂസർ നീങ്ങിപോകുന്നത് ബസ്സിനുള്ളിലിരുന്ന് ഞാൻ കണ്ടു.

ഇന്ന് പതിറ്റാണ്ടുകൾക്ക് ശേഷവും ഒരുപക്ഷേ അവസാനശ്വാസം വരെയും മനസ്സിൽ തങ്ങി നിൽക്കുന്ന ചില രൂപങ്ങളിൽ ഈ മൂന്നു പാകിസ്ഥാനികളും ഉണ്ടാകും. എൻറെ ദേശമോ ഭാഷയോ നോക്കാതെ എനിക്കായ് സഹായഹസ്തം നീട്ടിയ ആ വ്യക്തികളിൽ മാനുഷികമായ പരിഗണനയും സ്നേഹവും മാത്രമേ ഞാൻ കണ്ടുള്ളൂ.

ഇന്ന് ദുബായ് എന്ന തിരക്കുള്ള, പകൽ അവസാനിക്കാത്ത നഗരവീഥികളിലൂടെ നടക്കുമ്പോളൊക്കെ എൻറെ കണ്ണുകൾ ആ മുഖങ്ങളെ പരതും. എന്നിലെമനുഷ്യത്വവും നന്മയും ഇത്തിരിയെങ്കിലും ബാക്കി നിർത്തുവാൻ എന്നെ പഠിപ്പിച്ച ആ മൂന്ന് പാകിസ്ഥാനികളെ.

No comments:

Post a Comment