Thursday, November 16, 2017

മാനേജരാക്കിട്ടൊരു പണി

പ്രിയപ്പെട്ട എൻറെ ജനമേ, ബോസ്സുമാരുടെ വായിൽനിന്നും നാഴികയ്ക്ക് നാല്പതുവട്ടം കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് കേൾക്കുന്നവരേ, ചെവിയിൽ ചെമ്പരത്തിപ്പൂ വയ്ക്കുകയോ, വാങ്ങാൻ ഓർഡർ കൊടുക്കുകയോ, തൊടിയിൽ ചെമ്പരത്തിച്ചെടി നട്ടുവളർത്താൻ ആഗ്രഹിക്കുകയോ ചെയ്യുന്നവരുമേ, കേൾപ്പിൻ.   ഈ കഥ മനുഷ്യപുത്രൻ നിങ്ങൾക്കായി സസന്തോഷം സമർപ്പിക്കുന്നു.

നിങ്ങളുടെ മുഖത്തെ പാൽപുഞ്ചിരി, അഥവാ ഒറാങ്ങുട്ടാൻ പോലുള്ള ഇളിച്ചുകാണിക്കൽ.. അത്, അതുമാത്രം ഗുരുദക്ഷിണയായി എനിക്ക് മതി. ഞാൻ തൃപ്തനായി.

സംഭവം നടന്നത് ഇന്നും, ഇന്നലെയും ഒന്നുമല്ല 1999-ൽ എല്ലാവരും Y2K പ്രതിഭാസം യേശുവിൻറെ രണ്ടാമത്തെ വരവുപോലെയോ,  വിഷ്‌ണുവിന്റെ പുതിയ അവതാരം വരുംപോലെയോ  പ്രതീക്ഷിച്ച് ഇരിക്കുന്ന സമയം.  ബിൽ ഗേറ്റ് സ്  ഉൾപ്പെടെയുള്ള മുട്ടാളന്മാരുടെ ഒക്കെ അണ്ണാക്കിൽ പന്നിപ്പടക്കം കേറ്റിവച്ച് പൊട്ടിക്കാൻ ലോകം ഉറ്റിരിക്കുന്ന  ദിനം!

"ഡോ, താനിങ്ങ് വന്നേ.."

ക്യാബിനിൽ നിന്നും മാനേജരാണ്. വിളിച്ചത് എന്നെയാണ്.  ഇയാൾക്ക്  'എടോ .. പോടോ' വിളിക്കാൻ വേണ്ടി മാത്രമുള്ള ജന്മമാണല്ലോ എന്റേത്. സത്യംപറഞ്ഞാൽ ഉള്ളൊന്നു കാളി!  ഏതോ പൂരപ്പാട്ട് പാടാനുള്ള വിളിയാണ്.  ശ്രീ പാപ്പാനാഭാ.. നടുവിന് കയ്യും കൊടുത്ത് കുട്ടുസനും, ഡാകിനിയും നടക്കുന്ന നടയുമായി ഞാൻ ആട് വെള്ളം കണ്ടപോലെ മാനേജരുടെ മുറിയിലേക്ക് കേറി.

"എന്തോന്നാടോ ഇത്..."  ഞാൻ ടൈപ്പ് ചെയ്ത് കൊടുത്ത ലെറ്റർ ചുരുട്ടിക്കൂട്ടി എൻറെ മുന്നിലേക്ക് വലിച്ചെറിഞ്ഞിട്ട് മാനേജർ ചോദിച്ച ചോദ്യമാണ്. 

"കുത്തീടേണ്ടിടത് കോമയിടും, കോമയിടേണ്ടിടത്ത് കുത്തിടും... എന്തൊരു സ്പെല്ലിങ് മിസ്റ്റെക്കാഡോ തനിക്ക്.. താനൊക്കെ എവിടുന്നാ ഡിഗ്രി പഠിച്ചത്..?"

"സാർ ചെറിയ തെറ്റൊക്കെ വൈറ്റ്നർ അടിച്ച് ശരിയാക്കാമായിരുന്നു.."  ഒരു ലെറ്റർപാഡ് കൂടി കളഞ്ഞുകുളിച്ചതിന്റെ വേദന ഞാൻ മറച്ചുവച്ചില്ല.

"തനിക്ക് ആ ചിന്തവല്ലോം ഉണ്ടായിരുന്നേൽ ചക്ക് എന്നടിക്കേണ്ടിടത്ത് കൊക്കെന്ന് അടിച്ചോണ്ട്  വരുമോ.."

പിന്നെ ഞാൻ കേട്ടതൊക്കെ എൻറെ ജനമേ... നിങ്ങളോട് പറഞ്ഞ് എൻറെ വിലകളയാൻ ഞാനില്ല.  തൃശൂര്പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് എന്നുവേണേൽ പറയാം.

തിരിച്ച് വന്ന് സീറ്റിൽ ഇരിക്കുമ്പോൾ ഓമനേച്ചിയും, സജുവും, രാധാകൃഷ്ണനും ദയനീയമായി എന്നെ നോക്കി.  കാവിലെ പാട്ടുമത്സരത്തിന് കാണിച്ചുകൊടുക്കാമെന്നോ, ചെസ്സ് ബുദ്ധിയോടെ കളിക്കേണ്ട കളിയാണ് അവിടെയാകട്ടെ  എന്നോ  പറയാൻ എൻറെ നാവൊട്ടു  പൊന്തിയതുമില്ല.

എൻറെ സിരകളിൽ ആഡ്രിലിൻ പടർന്നു. ശക്തിയോടെ, അതിശക്തിയോടെ.  ഇയാളോട് പ്രതികാരം ചെയ്യണം... ഇപ്പൊത്തന്നെ. ഇത് ഇന്നല്ല, പലനാളായി.  പള്ളിയിലെ ഓസ്തിപോലെയും, അമ്പലത്തിലെ പ്രസാദം പോലെയും കൈകുമ്പിളിൽ തരുന്ന തുശ്ചമായ ശമ്പളത്തിനാണ് കഴുതയെപ്പോലെ പണിചെയ്യിപ്പിച്ച് ഇൻസൾട്ട് ചെയ്യുന്നത്.  ഞാനും ഒരാണാണ്.  സീറ്റിൽ ഇരുന്നിട്ട് എനിക്ക് ഇരുപ്പുവന്നില്ല.  ജാള്യം മറക്കാൻ നേരെ ടോയ്‌ലെറ്റിലേക്ക് നടന്നു.  ഒള്ളത് പറയാലോ എൻറെ പല വലിയ ഐഡിയകളും  മൂത്രപ്പുരയിൽവച്ചാണ് കിട്ടുന്നത്!  എനിക്കന്നല്ല  പല മഹാന്മാർക്കും അങ്ങിനെതന്നെ ആവാനാണ് സാധ്യത. ആർക്കമെഡീസ് 'യൂറേക്ക കണ്ടുപിടിച്ചത് കുളിച്ചോണ്ട് നിന്നപ്പോളെങ്ങാണ്ടല്ലേ?  ആൽബർട്ട് ഐൻസ്റ്റീൻ ഗുരുത്വകർഷണ സിദ്ധാന്തം കണ്ടുപിടിച്ചത് ഒരുപക്ഷേ മൂത്രമൊഴിക്കുമ്പോളോ, കുളിക്കുമ്പോൾ തലേൽ വെള്ളം വീഴുമ്പോളോ ആണൊന്നാർക്കറിയാം?  സായിപ്പന്മാരല്ലേ, മരത്തിൻറെ കീഴിൽ കാറ്റുകൊണ്ടിരുന്നപ്പോൾ ആപ്പിൾവീണു എന്നൊക്കെ തള്ളിയതാവാനും മതിയല്ലോ.  രാജാക്കന്മാർ പഴങ്കഞ്ഞികുടിച്ചാലും അമൃത് കുടിച്ചു എന്നുപറഞ്ഞിരുന്ന കാലമല്ലായിരുന്നോ അന്ന്.

എന്തായാലും ഇച്ചിരിനേരം ടോയ്‌ലെറ്റിൽ നിന്ന് മുഖം ഒക്കെ കഴുകി മുടിയൊക്കെയൊന്ന് ചീകി, കണ്ണാടിയിൽ നോക്കി പല്ലുഞെരിച്ചപ്പോൾ ഒരു ഐഡിയ കിട്ടി.  ഒരൊന്നൊന്നര ഐഡിയ. 'എന്നാലിനിയൊരു കഥയുരചെയ്യാം' എന്ന് നമ്പ്യാരാശാൻ പറഞ്ഞപോലെ 'എന്നാലിനിയൊരു കാര്യമതങ്ങ് ചെയ്യാം' എന്ന് മനസ്സിൽ പറഞ്ഞ് ഒന്നുമറിയാത്തപോലെ ഞാൻ വന്ന് സീറ്റിൽ ഇരുന്നു.

"കഴിഞ്ഞോ...." അകത്തൂന്നാണ്.

'കഴിഞ്ഞു... ശൂ ..ശൂ  വെപ്പ്'  ഞാൻ ഉള്ളിൽ പറഞ്ഞു.  ടോയ്‌ലെറ്റിൽ പോയിവന്നവനോട് ചോദിക്കാൻ പറ്റിയ ചോദ്യം.

ലെറ്റർ ശരിയാക്കി കൊണ്ടുകൊടുത്തപ്പോൾ പൊട്ടൻ ആനയെകണ്ടപോലെ കണ്ണട എടുത്തുവച്ച് ഒന്നൂടെ എനിക്കിട്ട് പണിതരാൻ അതിൽ വല്ലതും ഒളിഞ്ഞുകിടപ്പുണ്ടോ എന്ന് നോക്കി.   ഇല്ലെന്നുകണ്ടപ്പോൾ നിരാശയോടെ ആ ദേഷ്യം  അമർത്തിയൊരു ഒപ്പ് ലെറ്ററിലേക്കാക്കി തിരികെ തന്നു.

"വേഗം കവറിലിട്ട് അയക്ക്..."  ഒരുമാതിരി ശത്രുവിനെ നോക്കുന്നപോലെ എന്നെ നോക്കാതെ നോക്കി തമ്പുരാൻ മൊഴിഞ്ഞു.  ഏതാണ്ട് ക്ഷേത്രപ്രവേശന വിളംബരം ഒപ്പിട്ട് തന്നപോലെയാണ്  ആ മൊതലിൻറെ ഇരിപ്പ്.  എന്നാൽ എസ്‌ .ബി.ടി. യിൽ ലോണിന് അപേക്ഷിച്ച് കാലുനക്കിവിടുന്ന ലെറ്ററാണ്.  ഈ മാസം ശമ്പളം വേണേൽ ബാങ്ക് കനിയണം.  അയാടെ വീട്ടിലോ കമ്പനിയിലോ മാന്ദ്യം ഉണ്ടേൽ  ഞാനെന്തുവേണം?  എല്ലാത്തിനും എൻറെ തോളിൽ കേറിക്കോളും.  ശമ്പളം കൂട്ടിച്ചോദിച്ചാൽ പിന്നെ ഒരുമാസത്തേക്ക് കിടക്കപ്പൊറുതിയുണ്ടാവില്ല. മൊത്തം കുറ്റം.  ഒരുദിവസം കിട്ടുണ്ണിയേട്ടനെപ്പോലെ മ.. മ.. മത്തങ്ങാത്തലയാ  എന്നോ താളവട്ടത്തിലെ നാരായണനെപ്പോലെ മുണ്ടുപൊക്കി രണ്ടെണ്ണം പറയുകയോ ചെയ്യണം എന്ന് കരുതിയിരിക്കുകയായിരുന്നു.

അതെ ആ ദിവസം ഇന്നാണ്. ഇന്ന് മാത്രം.

അന്ന് ഞാൻ ഡ്യൂട്ടി കഴിഞ്ഞ് പോയത് പള്ളുരുത്തിവെളിയിലെ  സീബ്രീസ് ലോഡ്ജിലേക്കല്ല.  പിന്നെയോ ലോകത്തിലെ ഏറ്റവും വേഗം കുറഞ്ഞ, ഒച്ചിനോട് മത്സരംനടത്തുന്ന  ട്രാൻസ്‌പോർട് സർവീസ് എന്ന ഖ്യാതി നേടിയ ഇടക്കൊച്ചി-തോപ്പുംപടി റൂട്ടിലെ ഒരു കമ്യൂണിസ്റ്റ് കളറുള്ള വണ്ടിയിൽ കയറിയിറങ്ങി അങ്ങ് എറണാകുളം കെ.എസ്.ആർ.ടി.സി  സ്റ്റാൻഡിലേക്കാണ്. ഒരു യാത്രയ്ക്കുവേണ്ടിയുമുള്ള  യാത്രയായിരുന്നില്ല അത്.   പിന്നെയോ,  കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ മൂത്രപ്പുരയിൽ കയറാനായിരുന്നു.  അപ്പോൾ നിങ്ങൾ ചോദിക്കും വീട്ടിലോ ഓഫീസിലോ  കളയാൻ പറ്റാത്ത എന്താണിവിടെ  ഈ മൂക്കുപൊത്തിനിന്ന് കാര്യം സാധിക്കേണ്ടിടത് കൊണ്ടുകളയാൻ പോകുന്നതെന്ന്.  വരട്ടെ, തോക്കിൽകേറി വെടിവയ്ക്കല്ലേ.

ആദ്യം ഞാൻ പരിസരം ഒന്ന് വീക്ഷിച്ചു.  വൈകുന്നേരം ആണോ ആൾക്കാർക്ക് മൂത്രശങ്ക എന്നൊരു  സംശയം തോന്നാതിരുന്നില്ല.  അത്ര തിരക്ക്.  അതോ നുമ്മ കൊച്ചീക്കാർക്ക് മാത്രമായി ഈവനിംഗിന് വല്ല പ്രത്യേകതയും?  എന്തരോ എന്തോ.

എന്തായാലും ഒരരമണിക്കൂർ നില്കേണ്ടിവന്നു അവസരം ഒത്തുകിട്ടാൻ.  അവസാനം ആളൊഴിഞ്ഞു അരങ്ങൊഴിഞ്ഞു എന്നതുകണ്ടപ്പോൾ ഞാൻ  പെട്ടെന്ന് മൂത്രപ്പുരയിലേക്ക്  മുജ്ജന്മപാപത്തിൻറെ ഭാരവുമായി അവിടെ  പൈസപിരിക്കാൻ ഇരിക്കുന്ന ചേട്ടനോട് "ഒരു മൂത്രം" എന്നുപറഞ്ഞ് ചാടിക്കയറി.  മൂക്കുപൊത്തി നാലുപാടും നോക്കിയിട്ട്,   എൻറെ കൈവെള്ളയിൽ കുറിച്ചിരിക്കുന്ന നമ്പർ മൂത്രപ്പുരയുടെ ഭിത്തിയിൽ മാർക്കർ പേനകൊണ്ട് പകർത്തിയെഴുതി.  ഒപ്പം ആ നമ്പരിന്റെ മുമ്പിൽ എൻറെ മനസ്സിൽ മാത്രം വിരിഞ്ഞ രണ്ട് ആംഗലേയവാകുകളും.  'FOR LADIES...'

'FOR LADIES-  9044...2220' സംഭവം ഇത്രമാത്രം. ഞാൻ ഡിഗ്രിക്ക് പോയി ഇഗ്ളീഷ് പഠിച്ചത് അയാളുടെ കൂറ ഹാൻഡ്‌റൈറ്റിങ് വായിച്ച് ലെറ്റർ ഒണ്ടാക്കാൻ മാത്രമല്ല ഇതുപോലുള്ള വകുപ്പുകൾക്ക്  കൂടിയാ,  അല്ലപിന്നെ!  മനസ്സിൽ പൂത്തിരിയും, മത്താപ്പും, ഓലപ്പടകവും ഒക്കെ കത്തിച്ച്  ഞാൻ പുറത്തേക്കിറങ്ങിയത്  കംഫർട് സ്റ്റേഷനിലെ ആ പിരിവുകാരൻ അണ്ണാച്ചിക്ക് വെട്ടപ്പെടാതെയാണ്.  ഒരു രൂപ കൊടുത്തിട്ട് വിലമതിക്കാനാകാത്ത പണിയാൻ ഞാൻ അകത്ത് എടുത്തത് എന്നയാൾ അറിയണ്ട.

അപ്പോൾ സഹൃദയരേ നിങ്ങൾക്ക് കാര്യം പുടികിട്ടിയല്ലോ അല്ലേ?  ഞാൻ ആ എഴുതിയിട്ട നമ്പർ നുമ്മ മാനേജരുടേയാ!  ഇനി നാട്ടുകാർ ബാക്കി പണിചെയ്തോളും.

തിരികെ ഞാൻ പള്ളുരുത്തിവെളിയിൽ സീബ്രീസ് ലോഡ്ജിൽ വന്നുകിടക്കുമ്പോൾ  എൻറെ അർത്തുങ്കൽ പുണ്യാളാ.... അജ്ഞാതം, അവർണ്ണനീയം, എന്തൊരു ആശ്വാസമായിരുന്നു !!

രാത്രി.

മാനേജർ   ഷർട്ടിൻറെ പോക്കറ്റിൽ പുട്ടുകുറ്റിപോലെ ഇട്ട്, അതിൻറെ ആന്റീനാ ഗമയിൽ വെളിയിൽ കാണിച്ച് നടക്കുന്ന  ബി.പി.എൽ മൊബൈൽ ചിലക്കാൻ തുടങ്ങി.  രാതിയായാലും അതിൻറെ മനോഹര റിങ്‌ടോൺ കേൾക്കുന്നത് ഇഷ്ടന് അഭിമാനമാ.  പേജറിൽ നിന്നും മൊബൈലിലോട്ട് കൊച്ചി മാറിവരുന്ന സമയം.  മൊബൈൽ ഉള്ളവനെല്ലാം 'അഭിമാന പൂരിതമാകണം അന്തരംഗം' എന്ന് കവിവാക്യം താലോലിക്കുന്ന കാലം.

"ഹലോ ..." മാനേജർ വാ തുറന്നു.

"ശാർ .... അന്ത ഐറ്റം കെടക്ക ചാൻസ് ഇറുക്കാ..."

"എന്ത് ഐറ്റം ?  താനാരാ?"

"ശാർ .. എന്നാ ശാർ ...  അന്ത പൊണ്ണ്  കെടക്കുമാ..?  റേറ്റ് എവളോം?"

ആദ്യം വിളിച്ചത് ആ അണ്ണാച്ചി തന്നെ!? . അതിന് ശേഷം, പ്രിയപ്പെട്ട ജനങ്ങളേ;  ഒന്നിനൊന്നയായ് വിളിയുടെ പൊങ്കാലതന്നെയായിരുന്നു.

"ഭായി സാബ് ... മാൽ  റെഡി ഹെക്യാ?"  കൊച്ചിയിൽ അമ്പലമുകളിൽ ടാങ്കറുമായി വന്ന ഏതോ സർദാർ ആണ്

പിറ്റേദിവസം മാനേജർ ഓഫീസിൽ വന്നപ്പോൾ പോക്കറ്റിൽ ഞാൻ കണ്ണ് പായിച്ചു.  മൊബൈൽ ഇല്ല!   പണി ഏറ്റു. എനിക്ക് ചിരിവന്നു.  ഞാൻ വേഗം ടോയ്‌ലെറ്റിലേക്ക് ഓടി.  ആ പോക്കിൽ ഞാനേതോ അത്യാഹിത വിഭാഗത്തിലേക്ക് ഓടിപ്പോകുന്നതുപോലെ ഓമനേച്ചി എന്നെ നോക്കികൊണ്ടേയിരുന്നു.

ഞാനകത്ത് കയറി വാതിലടച്ചു.  എന്നിട്ട് ചിരിച്ചു. ഒന്നല്ല ... രണ്ടല്ല... ഒൻപതല്ല...  ഭിത്തിയിൽ തലചേർത്ത്, കൈ അന്തരീക്ഷത്തിൽ ഇടിച്ച്...

വിളിയുടെ ഉറവിടം എവിടെനിന്നാണെന്ന് മാനേജർക്ക് ഒരിക്കലും പിടികിട്ടിയില്ല. മൊബൈൽ ഓൺചെയ്താൽ അപ്പോൾ വിളിവരും " ചേട്ടാ.. അപ്പോ എങ്ങനാ?  റേറ്റ് എവളോം?  മാൽ കിതർ മിലേഗാ?..."

അവസാനം മാനേജർ തൻറെ പുട്ടുകുറ്റി അനിശ്ചിതകാലത്തേക്ക് ഓഫ് ചെയ്തു  വച്ച് വലിയ പരിത്യാഗം ചെയ്തു എന്നിടത്ത് കഥ അവസാനിക്കുന്നു.

ആ ദിനങ്ങൾ ഓർക്കുമ്പോൾ ഞാൻ ഇപ്പോളും മുഷ്ടിചുരുട്ടി പറയും

"സർവ്വ രാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ....."

ഒരുപദേശം:  
പേറ്റന്റ് ഉള്ള ഈ ഐഡിയ സോഷ്യൽ മീഡിയ ഒക്കെ ഇത്ര ശക്തമായ ഈ കാലഘട്ടത്തിൽ പ്രാവർത്തികമാക്കുന്നത് നിരോധിച്ചിരിക്കുന്നു. അഥവാ ആരെങ്കിലും ഇത് ഉപയോഗിച്ചാൽ 'ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷെമിച്ചപോലെ ഞങ്ങളോടും ക്ഷമിക്കണേ ...' എന്ന സ്വർഗ്ഗസ്ഥനായ പിതാവേ ചൊല്ലി ഞാനങ്ങ് പൊക്കളയും. കാരണം ഈ കൊടിയപാപം പള്ളീലച്ചനോട്  കുമ്പസരിച്ച് പാപമുക്തി പണ്ടേ നേടിയവനാകുന്നു ഈ കെ.കെ.ജോസഫ്.

No comments:

Post a Comment