Monday, November 6, 2017

മനസ്സിൽ മാന്തളിർ പൂക്കും കാലം: 'മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ് വർഷങ്ങൾ' വായനാനുഭവം

എന്തിന് വേണ്ടിയാണ് നിങ്ങൾ വായിക്കുന്നത്? അക്ഷരത്തോടുള്ള സ്നേഹം കൊണ്ടോ? അതോ കലയോടും സംസ്കാരത്തോടുമുള്ള പ്രതിപത്തി കൊണ്ടോ? അതോ നിങ്ങൾ നല്ലൊരു വായനക്കാരനാണെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിക്കാനോ?

കയ്യിലെ കാശുകൊടുത്ത് ഒരാൾ വായനക്കായി ഒരു ബുക്ക് വാങ്ങിക്കുന്നെങ്കിൽ അതിന് പ്രധാനകാരണം അക്ഷരങ്ങൾ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്ന ഒരനുഭൂതിയുടെ ലോകത്തിന് വേണ്ടി മാത്രമാണ്.  ആലീസ് അത്ഭുതലോകത്തേക്ക് പോകുംപോലെ ഒരു യാത്ര.  കുറെ നേരമെങ്കിലും നാം നമ്മെ മറക്കുകയും അക്ഷരശില്പങ്ങൾ തീർക്കുന്ന ജീവൻറെ തുടിപ്പുകളിലേക്ക് എഴുത്തുകാരനൊപ്പം ഒരു യാത്ര.  അത്തരമൊരു യാത്രയായിരുന്നു ബെന്യാമീന്റെ 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ' എന്ന നോവലിലൂടെ.  മനസ്സിന്റെ വായനാമുറിയുടെ കോണിൽ ഒരു ചെറുസ്‌ഥലം കയ്യടക്കി മാന്തളിർ മുറ്റം അങ്ങനെ തുടരുകയും ചെയ്യും.

കഥയിലേക്ക് ഒരെത്തിനോട്ടം 
ഈ കഥ പറയുന്നത് മൂന്നുപേർ ചേർന്നാണ്. എഴുത്തുകാരൻ എന്ന ഞാൻ, അകാലത്തിൽ മറഞ്ഞുപോയ മോഹൻ, പിന്നെ ജനിക്കാതെ മരിച്ചുപോയ റൂഹാ.  അക്കപ്പോരിൻറെ നസ്രാണിവർഷങ്ങൾ നടന്ന അതേ മാന്തളിർ ദേശം, അതേ മാന്തളിർ തറവാട്.  ഇവിടെയും സാധാരണക്കാരുടെ ജീവിതവും, പള്ളിയും, ഒക്കെ വന്നുകയറുന്നുണ്ടെങ്കിലും മാന്തളിർ കുഞ്ഞൂഞ് രണ്ടാമൻ ചെങ്ങന്നൂര് റെയിൽവേ സ്റ്റേഷനിൽ മന്ദാകിനികൊച്ചമ്മയും, കോമ്രേഡ് ജിജനുമായി വന്നിറങ്ങുന്നുമുതൽ അതുവരെയില്ലാത്ത ഒരു രാഷ്ട്രീയ തിളപ്പും ദേശത്ത് വന്നുചേരുന്നു.  പിന്നങ്ങോട്ട് അക്കപ്പോരുപോലെ രാഷ്ട്രീയപ്പോരാണ്-വീട്ടിലും, നാട്ടിലും.

കാമുകി ആൻസിയുടെ കണ്ണുനീരും ആലിംഗനവും പറ്റിപ്പിടിച്ച മുഖവുമായി അച്ചാച്ചന്റെ പെട്ടി തപ്പി അതിൽ തൻറെ മോഹൻാച്ചായന്റെ പഴയ നോട്ടുപുസ്തകം കാണുകയും അതിൻറെ താളുകളിൽ കുറിച്ചിട്ടിരിക്കുന്ന വരികൾ കണ്ട് കാലിനടിയിൽ ഓലപ്പടക്കം പൊട്ടുന്ന അനുഭവം ഉണ്ടാവുകയും ചെയ്യുന്നിടത്ത് കഥ തുടങ്ങുകയായി.

പിന്നെ ഒന്നൊന്നായി മാന്തളിർ ദേശത്ത് രാഷ്‌ട്രീയത്തിന്റെ ചുവന്ന നിറം പടരുകയാണ്. 20 വർഷത്തിന് ശേഷം നാടുവിട്ടുപോയ കൂഞ്ഞൂഞ്ഞ് രണ്ടാമൻ തിരികെ കുടുംബത്ത് വന്നതിൻറെ പ്രശ്നങ്ങൾ, സാറയും മോഹനും തമ്മിലുള്ള പ്രണയകഥകൾ, മന്നം ഷുഗർമില്ലിന്റെ ജനനവും, ഉയർച്ചയും, തളർച്ചയും.  മോഹന്റെ  അകലമരണത്തിനു ശേഷം കഥ തുടർന്നുകൊണ്ടുപോകുന്ന കഥാകാരൻ.  പതിനഞ്ച് ഭാഗങ്ങളായി 127 കഥകളിലൂടെ ചിരിയും, ചിന്തയും പിന്നെ ഒരു വിങ്ങലും സിരകളിൽ പടർത്തി  ഒരു സറ്റയർ എന്ന രീതിയിൽ പറഞ്ഞു പോവുകയാണ് ബെന്യാമീൻ.   ചില കഥകൾ ഉള്ളിൽ തട്ടുമ്പോൾ ചില കഥകൾ നിങ്ങളുടെ കവിളിലൂടെ ഊറിപ്പുറത്തുവരുന്ന പുഞ്ചിരിയായും, അടക്കിപ്പിടിച്ചുനിർത്താനാകാത്ത ചിരിയായും പരിണമിച്ചേക്കാം.

നിഷ്കളങ്കനായ ഒരു കുട്ടി പറയുന്നമാതിരിയാണ് ബെന്യാമീൻ കഥയുടെ മുക്കാലും ഭാഗം അവതരിപ്പിക്കുന്നത്. ഗണപതിയെക്കൊണ്ടും, കിളിയെക്കൊണ്ടും പണ്ട് നടത്തിയ ഈ കഥാകഥനരീതി എഴുത്തുകാരനെ പല 'അറംപറ്റലുകളിൽ' നിന്നും രക്ഷിക്കും. അതുകൊണ്ടു തന്നെ, മൂക്കത്ത് വിരൽവയ്ക്കാതെ ശ്ലീലമല്ലാത്ത പലതും നിങ്ങൾക്ക് ഒരു ചിരിസമ്മാനിച്ച് കടന്നുപോകും. മാന്തളിർ കുടംബത്തിലെ ആണുങ്ങളുടെ ആരോഗ്യത്തിന്റെ രഹസ്യം പറയുമ്പോളും, ആൺകുട്ടികളുടെ ചുണ്ണാപ്പിയും, പെരിസ്‌ട്രോയിക്കയും, അംശവടികളും കാണുമ്പോളും തലയറഞ്ഞു ചിരിക്കാനല്ലാതെ കഥാകാരനെ തെറിവിളിക്കാൻ തോന്നില്ല.

വായനക്കാരനായ കസ്റ്റമർ 
തിരുവനന്തപുരം എയർപോർട്ടിലെ ഡിപ്പാർച്ചർ ലോഞ്ചിലുള്ള ഡി.സി. ബുക്സിൽ നിന്നാണ് ഈ പുസ്തകം വാങ്ങിയത്.  ബെന്യാമീന്റെ പുതിയ നോവൽ വന്നിട്ടുണ്ടെന്നറിഞ് അതൊന്നെടുത്ത് നോക്കി എല്ലാ മലയാളികളെയും പോലെ ബുക്കിന്റെ ചന്തിതിരിച്ചുപിടിച്ച് വിലനോക്കി നെടുവീർപ്പിട്ടു.  ബാറ്റയുടെ വിലപോലെ 399 രൂപ. പേജിന് പറഞ്ഞുവരുമ്പോൾ ഒരു രൂപ വീതം!  ഇഗ്ളീഷ് ബുക്കുകളുടെ മുട്ടൻ വില നമ്മുടെ മലയാളത്തിലേക്ക് വ്യാപിച്ചോ എന്നുള്ള സന്ദേഹത്തോടെ ഷെൽഫിൽ മാന്തളിർ തിരികെ വച്ച് നടന്നെങ്കിലും ഏതോ ഒരു കാന്തിക ശക്തി എന്നെ തിരിച്ചുവിളിപ്പിച്ച് വാങ്ങി ബില്ലടിപ്പിച്ചു!  അത്ര വർണ്ണശബളമോ ആകർഷണീയമോ അല്ലാത്ത പുറംചട്ടയാണെങ്കിലും അതിൻറെ മേൽ വലിയ അക്ഷരത്തിൽ പതിഞ്ഞുകിടക്കുന്ന എഴുത്തുകാരൻറെ  മുൻകാല ബുക്കുകളുടെ  വായനാനുഭവമാണ് എന്നെ വലിച്ചടുപ്പിച്ചത് എന്ന് വേണേൽ പറയാം. മുടക്കുമുതലിന് 70 മുതൽ 80 ശതമാനം വരെ തൃപ്തി നൽകുന്ന വാങ്ങൽ ആണിതെന്ന് വായന കഴിയുമ്പോൾ നിങ്ങൾക്കും മനസ്സിലാകും.

നമ്മുടെ സർക്കാർ എത്രയോ പണം ഒഴുക്കിക്കളയുന്നു. എത്രയോ അവാർഡുകൾ സംഘടിപ്പിക്കുന്നു. എന്നാൽ സിംഹവാലൻ കുരങ്ങിനെപ്പോലെയോ, ജപ്പാനിലെ പാണ്ടയെപോലെയോ വംശനാശം നേരിടുന്ന വായനയെ ഒന്ന് പരിപോഷിപ്പിക്കാൻ പ്രസാധകർക്ക് മാന്യമായ സബ്‌സിഡി ഒക്കെ കൊടുത്താൽ എന്താ കുഴപ്പം എന്നൊരു ചിന്ത എൻറെ മനസ്സിൽ ഇപ്പോൾ വന്നുപോവുകയാണ്.

തിരിച്ച് മാന്തളിരിലേക്ക് 
കഥയുടെ മുക്കാൽപങ്കും നിങ്ങൾക്ക് ചിരിക്കാനും ചിന്തിക്കാനും ഉതകുന്ന സംഭവങ്ങൾ ഒന്നൊന്നായി ബെന്യാമീൻ അടുക്കി വച്ചിരിക്കുകയാണ്.   എന്നാൽ അവസാനഭാഗങ്ങളിലേക്ക് നമ്മൾ കടക്കുമ്പോൾ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒട്ടനവധി മുഹൂർത്തങ്ങളിലേക്കാണ് നമ്മൾ ചെന്നുചേരുന്നത്. താൻ ജനിച്ചുവളർന്ന മണ്ണിൻറെ കഥ ആ നാടിൻറെ ഭാഷയിൽ തന്നെ കഥാകാരൻ പറയുമ്പോൾ ഏതൊരു മലയാളിക്കും പ്രത്യേകിച്ച് മദ്ധ്യതിരുവതാംകൂറുകാർക്ക് ഏറെ ആസാദ്യമായ് തോന്നാം.  കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലെ ഭാഷാരീതിയിലുള്ള രചനകൾ വായിച്ചിട്ടുണ്ടെങ്കിലും പത്തനംതിട്ട, പന്തളം , അടൂർ പ്രദേശങ്ങളിലെ സംസാരശൈലിയിൽ ഞാൻ കഥ വായിക്കുന്നത് മാന്തളിർ ദേശത്തെ രണ്ട് കൃതികളിലൂടെയാണ്.

സാധാരണക്കാരൻറെ അസാധാരണ പ്രതിസന്ധിയുടെ കഥയായിരുന്നു ആടുജീവിതം എങ്കിൽ, അതിനുശേഷം വന്ന മഞ്ഞവെയിൽ മരണങ്ങളിലും,  ഇരട്ടനോവലുകളിലും വ്യത്യസ്ത രചനാശൈലിയായിരുന്നു.  ഇവിടെയാകട്ടെ  മാന്തളിർ മുറ്റത്ത് പൂത്തുലഞ്ഞുനിൽക്കുന്നസാധാരണക്കാരുടെ  ജീവിതം നിങ്ങളുടെ മുറ്റത്തും  കഥാകാരൻ പറിച്ചുനടുകയാണ്. ആടുജീവിതത്തിന്റെ പ്രത്യേകത അത് ബുദ്ധിജീവികൾക്ക് വേണ്ടി മെനഞ്ഞ കഥയായിരുന്നില്ല എന്നതാണ്. തകഴിയേയും, എം.ടി യെയും, ബഷീറിനെയും, വി.ജെ. ജെയിംസിനെയും ഒക്കെ നമ്മൾ ഇഷ്ടപ്പെടുന്നത് എഴുത്തിലെ ലാളിത്യം കൊണ്ടുകൂടിയാണ്.

പലരും എഴുതുന്നു മാന്തളിരിലെ  20 കമ്യൂണിസ്റ്റ് വർഷങ്ങൾക്ക് അവാർഡ് കിട്ടും, ബെന്യാമീൻറെ ഏറ്റവും നല്ല കൃതിയാണിത് എന്നൊക്കെ.  എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ബെന്യാമീൻ അറിയപ്പെടുക ആടുജീവിതത്തിന്റെ എഴുത്തുകാരൻ എന്ന നിലയിൽ തന്നെയാണ്. തകഴിയും ചെമ്മീനും പോലെ,  എം.ടിയും രണ്ടാമൂഴവും പോലെ, ഒ.വി വിജയനും ഖസാക്കും പോലെ,  പെരുമ്പടവും സങ്കീർത്തനവും പോലെ,  പുനത്തിലും സ്മാരകശിലകളും പോലെ.......  ഒപ്പം,  അവാർഡ് കിട്ടി ബുദ്ധിജീവികളുടെ താടിക്കും, മുടിക്കും ഇടയിൽപോയി ഈ കഥ ഒളിക്കരുതേ എന്നും ആഗ്രഹം ഉണ്ട്

അവസാനവാക്ക് 
മന്തളിരിലെ മൂന്നുകഥകളിൽ രണ്ടാമത്തേതാണിത്.  ഇനി വരുന്നത് 20 പ്രവാസവർഷങ്ങളാണ് എന്ന ആശയുടെ തീരത്തിരുത്തി കഥാകാരൻ പ്രവാസലോകത്തേക്ക് പോവുകയാണ്.  വീണ്ടും തിരികെ വരാൻ.  മോഹനും, റൂഹായുമൊത്ത് കഥപറയാൻ.

മനസ്സിൽ  കിടക്കുന്ന കഥ സത്തചോരാതെ എഴുതി വായനക്കാരനിൽ എത്തിക്കുക എന്നതാണ് കഥാകാരൻറെ വിജയം.  അതിൽ വലിയ പാകപ്പിഴകൂടാതെ ബെന്യാമീൻ വിജയിച്ചിട്ടുണ്ട്. 416 പേജിൽ നിറയുന്ന ഈ 127 കഥകൾ ഒരിക്കൽക്കൂടി വായിക്കണം എന്ന് വായനക്കാരനെ പ്രേരിപ്പിക്കുന്ന എഴുത്താണിത്.  അവസാന പേജുകഴിഞ്ഞാലും മന്തളിർമുറ്റത്ത് തന്നെ നിങ്ങൾ താങ്ങിയും ഓങ്ങിയും അങ്ങ് നിന്നുകളയും. "മാഡം തൂറി കാഴ്വാർഡ  മോളെ /  മോനെ..." എന്ന് വല്യാച്ചായൻ  ചീത്ത വിളിക്കുംവരെയും നമ്മളിലെ ചണ്ണികുഞ്ഞും, മോളിയും ഒക്കെ ചുണ്ണാപ്പിയിൽ പിടിച്ചും, ചൂച്ചാപ്പിയിൽ ചൊറിഞ്ഞും അവിടങ്ങനെ നിന്നുകളയും.

-----------------------------------------------------------------------------
പുസ്തകം: മന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ - ബെന്യാമിൻ
പ്രസാധകർ: ഡി. സി. ബുക്‌സ്
വില:  399 രൂപ
പേജ് : 416 

No comments:

Post a Comment