Monday, March 12, 2018

കുട്ടിച്ചായൻറെ ശവമടക്ക്

കുട്ടിച്ചായൻറെ മരണം ഓർക്കുമ്പോൾ ഇന്നും ചിരിയാണ് വരുന്നത്.  സദാ ചിരിച്ചുകളിച്ചു നടന്ന കുട്ടിച്ചായാ, മരണത്തിലും ഇങ്ങനെ ഞങ്ങൾ പിള്ളേരെ ചിരിപ്പിച്ച്, ചിരിപ്പിച്ച് മണ്ണുകപ്പിക്കണമായിരുന്നോ?

എൺപതുകളിലെ ഒരു ക്രൂരദിനത്തിൽ പള്ളിപ്പെരുന്നാളിന്‌ സ്ഥിരം ഓലപടക്കവും ഗുണ്ടും പൊട്ടിച്ചിരുന്ന കുട്ടിച്ചായനിനി ഈ നാശംപിടിച്ച ഗ്രാമത്തിൽ കിടന്ന് ഗുണ്ടുപൊട്ടിക്കണ്ട, പിന്നെയോ; സ്വർഗത്തിൽ പോയി തേനും പാലും വാട്ടീസും അടിച്ച് അവിടുത്തെ പള്ളിപെരുനാളിന് ഗബ്രിയേലിനെയും, മിഖായേലിനെയും ഒക്കെ സാക്ഷിനിർത്തി ഗുണ്ടുപൊട്ടിക്കട്ടെ എന്ന് ദൈവം തമ്പുരാൻ തീരുമാനിച്ചാൽ എന്തോ ചെയ്യും?

ജീവൻറെ പുസ്തകത്തിൽനിന്നാണോ, ചിത്രഗുപ്തത്തിന്റെ ലിസ്റ്റിൽനിന്നാണോ ഇതിയാന്റെ പേര് അങ്ങ് വെട്ടിക്കഴിഞ്ഞാൽ സംഭവം അടുത്ത പ്രോസസ്സിംഗ് സെക്ഷനായ കാലന്റെ അടുത്തെത്തുമല്ലോ.  കാലണ്ണൻ നിയോഗവൃത്തിക്കായി പോത്തിന്റെ പുറത്ത് കേറി നമ്മുടെ ഗാന്ധിമുക്കിലെ, കണ്ടത്തിപ്പള്ളിയും കടന്ന്, വയൽ വരമ്പിലൂടെ യാത്രയായി. ആ പോക്കിൽ "സൂക്ഷിച്ച് നോക്കി നടക്ക്, അല്ലേൽ കണ്ടത്തിവരമ്പിൽ നിന്ന് പൊത്തടിയോന്ന് താഴെ വീഴുമെടാ പോത്തേ" എന്ന് കാലൻ വേദമോദിക്കൊണ്ടിരുന്നു.

"ഡ്രർർർ.... " കാലൻ വായ കൊണ്ട് കണ്ടം പൂട്ടുന്ന കാളയോടെന്നപോലെ ശബ്ദമുണ്ടാക്കിയപ്പോൾ പോത്ത് തിരിഞ്ഞു നോക്കി "ഡാ പോത്തേ, അത് നമ്മടെ തോമാടെ വീടാ, ലവനല്ല നമ്മുടെ ലിസ്റ്റിൽ... നേരെ പോ.. കുട്ടിച്ചായന്റെ വീട്.... ചുമ്മാ വീടുതെറ്റിക്കല്ലേ"

പോത്തിനെ മുറ്റത്ത് നിർത്തി കാലൻ കുട്ടിച്ചാന്റെ വീട്ടിൽ കേറി ഒന്നാർമാദിച്ച് തിരികെയിറങ്ങിയതും കുട്ടിപെമ്പള വലിയ വായിലെ കീറിവിളിക്കാൻ തുടങ്ങി.

"അയ്യോ.. ഓടിവായോ.. എൻറെ ഈശോയെ എനിക്കിനി ആരുണ്ടോ?   അയ്യോ എൻറെ കുട്ടിമാപ്പള കിടക്കുന്ന കെടപ്പ് കണ്ടോ തമ്പുരാനേ..?!!"

കുട്ടിപെമ്പളയുടെ കരച്ചിൽ കേട്ട് അയൽപക്കത്തുനിന്നും ഓടിവന്ന ഉണ്ണിപെമ്പള ഇങ്ങനെ ആശ്വസിപ്പിച്ചു.

"ഡീ.. ശോശേ.. കിടന്ന് അലറാതെടീ.  ഇതൊക്കെ നമ്മടെ കയ്യിലാന്നോ?  കുട്ടിച്ചായന് ദൈവം ഇത്രേ ആയുസ്സ് പറഞ്ഞിട്ടുള്ളൂ എന്നങ്ങ് ആശ്വസിക്ക്"

ഇത് കേട്ടതും കുട്ടിപെമ്പളയുടെ പ്രതികരണ ശേഷി ഉണർന്നു.

"ഫാ... എരണം കെട്ടവളേ! നിൻറെ മാപ്പള അണ്ണാക്കീ  മണ്ണിട്ട് കിടക്കുമ്പോൾ നീ പോയി പറ.... അയ്യോ എൻറെ കർത്താവേ.. എനിക്കിനി ആരുണ്ടോ??"

കുട്ടിപെമ്പള ഇങ്ങനെ നോൺ സ്റ്റോപ്പായി കീറിവിളിക്കുന്നത് കണ്ട് പോകാനിറങ്ങിയ പോത്തിന് ഒരു വൈക്ളബ്ബ്യം. തൻറെ യജമാനനെ നോക്കി 'നിന്നെ ചുമ്മാതല്ലടാ എല്ലാരും കാലാ എന്ന് വിളിക്കുന്നത്' എന്ന് ആത്മഗതം ചെയ്തു. അവിടെ  നിന്ന്  ഇനി സംഗതി ചളവാക്കണ്ടാ എന്നുകരുതിയ യമധർമൻ പതുക്കെ പോത്തിന്റെ പുറത്ത് കയറി. പോത്ത് കണ്ടതിൻവരമ്പിലൂടെ ബാലൻസ് പിടിച്ച്, ബാലൻസ് പിടിച്ച് തിരികെ നടന്നു.

വിവരം കാട്ടുതീ പോലെ പടർന്നു. നമ്മുടെ കുട്ടിച്ചായൻ നിര്യാതനായി.

പള്ളിപ്പെരുന്നാൾ ഒക്കെ കഴിഞ്ഞ ഹാങ്ങോവറിൽ ഇരുന്ന പള്ളിക്കാർക്ക് പെട്ടെന്നുഷാറാകാൻ കിട്ടിയ അവസരം അവർ വെറുതെ വിടുമോ?  താടിക്ക് കയ്യും കൊടുത്ത് ബ്ലിങ്കസ്യാ ഇരുന്നിട്ട്  കാര്യമില്ലെന്ന്  മനസ്സിലായ പള്ളികമ്മറ്റി,  കുഞ്ഞപ്പിസാറിൻറെ നേതൃത്വത്തിൽ നമ്മുടെ ഗുണ്ടു കമ്മറ്റി നേതാവിന് വീരോചിത യാത്രയയപ്പ് നൽകാൻ തീരുമാനിച്ചു.  കുട്ടിച്ചായനായി നല്ല ഒന്നാന്തരം പഞ്ഞിപ്പലകയിൽ കറുത്തപെട്ടിയിൽ വെളുത്ത കുരിശ് വെച്ച ശവപെട്ടിയും, കച്ചികൊണ്ട് വരിഞ്ഞ് തോരണം മുകളിൽ പിടിപ്പിച്ച റീത്തും ശവപ്പെട്ടി ബേബിയുടെ കടയിൽ ഓഡർ ചെയ്‌തു.

കുഴിവെട്ടാൻ കണ്ട്രാക്ക് അണ്ണാച്ചിയും സഹായി നെത്തോലി അപ്പുവും ആഗതരായി.  അപ്പോൾ 'ഇട്ടാ ഇർറോ' എന്നുപറഞ്ഞ് പ്രകൃതി കരയാൻ തുടങ്ങി. മഴയെന്നു വച്ചാൽ അതാണ് മഴ. "ഒരുത്തൻ ഐശ്വര്യമായി ചത്ത് കുഴിവെട്ടുമ്പോളാ  മറ്റേടത്തെ മഴ" എന്ന് കതനാകുറ്റി പോലുള്ള ബീഡി പുകച്ച് അണ്ണാച്ചി പ്രാകി.

ജീവിതത്തിൽ ആദ്യമായിട്ടാണ് ശവക്കുഴിയുടെ സിവിൽ കോൺട്രാക്ട് വർക്ക് ഞങ്ങൾ പുള്ളേർ കാണുന്നത്. തൂക്കുകട്ട കെട്ടി, തൂമ്പയും, കൂന്താലിയും, പിക്കാസും, സിമൻറ് ചട്ടിയും എന്നുവേണ്ട ശവക്കുഴി വെട്ട് പള്ളിപ്പറമ്പിലും 'സമയമാം രഥത്തിൽ ഞാൻ' പാട്ടിന് ഈരടിയായി കുട്ടി പെമ്പിളയുടെ പാഴാങ്കം പറഞ്ഞുള്ള നിലവിളി കുട്ടിച്ചായൻറെ വീട്ടിലും തകൃതിയിൽ നടന്നു.

ഈ സമയത്തെല്ലാം കുട്ടിച്ചായൻറെ ഗുണഗണങ്ങൾ വാഴ്ത്തി, കണ്ടത്തിൻവരമ്പിലൂടെ ആൾക്കാർ ഒറ്റയും പെട്ടയുമായി വന്നുപോയികൊണ്ടിരുന്നു.

തുമ്പികൈ വണ്ണത്തിൽ പെയ്യുന്ന മഴയിൽനിന്നും രക്ഷപെടാൻ കണ്ട്രാക്ക് ടാർപാ വലിച്ചുകെട്ടി ചെറുപന്തൽ  സെറ്റാക്കി. എങ്കിലും രക്ഷയില്ല. കുഴിയിലേക്ക് വെള്ളം ഇരച്ചുകയറിക്കൊണ്ടിരുന്നു. കൺട്രാക്കും സഹായി അപ്പുവും ആഞ്ഞുകുത്തിക്കിടന്ന് പണിയോട് പണി. കുഞ്ഞപ്പിസാർ വന്ന് ഇടയ്ക്കിടെ 'കുഴിയെന്തായി' എന്ന് സ്വയം ചോദിച്ച് കുഴിയിലേക്ക് എത്തിനോക്കി തിരിഞ്ഞുപോകും.

സമയം ഉച്ചയായി.  ലൈൻകമ്പിയിലിരിക്കുന്ന കിളികളെപ്പോലെ വേലിയിൽ പണികൾ നിരീക്ഷിച്ചുകൊണ്ട് ഞങ്ങൾ കുത്തിയിരിക്കുകയാണ്. മഴയൊന്ന് തോർന്ന് എല്ലാവരും ഒന്നാശ്വസിച്ച് നിൽക്കുന്ന സമയം. അപ്പോളാണ് ആ ഏടാകൂടം സംഭവിച്ചത്.

എല്ലാവരെയും പേടിപ്പിച്ചുകൊണ്ട്  ഒരു ഭയങ്കര ഗർജ്ജനം. ഞങ്ങൾ ഞെട്ടിത്തരിച്ചു നിന്നപ്പോൾ അതാ, വ്യാഘ്രം കണക്കെ ഒരാൾ അലച്ചുവിളിച്ച് വരുന്നു!!  അതിഭീകരനാടകീയ രംഗങ്ങൾക്ക് അതോടെ അവിടെ തിരശീല ഉയരുകയായി.

കണ്ടത്തിൻവരമ്പിലൂടെ 'ഇപ്പോ ഞാൻ ബന്ധം വിച്ഛേദിക്കുമേ' എന്ന് പറഞ്ഞുനിൽക്കുന്ന പോളിസ്റ്റർമുണ്ടും വലിച്ചു ചുരച്ചുകേറ്റി, ഒരു ബട്ടണിന്റെ ബലത്തിൽ ശരീരത്ത് പിടിച്ചു തൂങ്ങി കിടക്കുന്ന ഷർട്ടും പിടിച്ച് സാക്ഷാൽ പൊന്നപ്പൻ!  കീടം അടിച്ചാൽ അമരേഷ് പുരിയെ തോൽപ്പിക്കുന്ന വില്ലത്തരങ്ങൾ കാണിക്കുന്ന ഭീകരനാണ്  മുക്രയിട്ട കാളയെപ്പോലെ അലറിവിളിച്ച് വരുന്നത്.  ഇരുന്ന ഇരിപ്പിൽ ഞങ്ങൾ പിള്ളേർക്ക് മുള്ളാൻമുട്ടി. പള്ളിപ്പറമ്പിൽ പെടുക്കുന്നത് കർത്താവീശോമിശിഹായ്ക്ക് കെറുവാകുമെന്ന ചിന്തയിൽ ഞങ്ങൾ പേടിച്ച് ടാപ്പുതുറക്കാതിരുന്നു.

പൊന്നപ്പൻ നേരെവന്ന് ആറ്റിങ്ങൽ ദേശാഭിമാനിയുടെ നായക നടൻ സ്‌റ്റേജിന്റെ നടുക്ക് വന്ന് പഞ്ച് ഡയലോഗടിക്കുന്നമാതിരി നമ്മുടെ അണ്ണാച്ചി കണ്ട്രാക്കും, അപ്പുവും പണിയുന്ന കുഴിക്ക് മുന്നിൽ വന്ന് ഒറ്റ നിൽപ്പ്. എന്നിട്ട്സ്വർഗ്ഗസ്ഥനായ പിതാവിനെ ആകാശത്തേക്ക് ഒന്ന് നോക്കി നെഞ്ചത്ത് മൂന്നുനാല് മുട്ടൻ അടിയും അടിച്ച്  ഇങ്ങനെ അലറി.

"എൻറെ അപ്പോ... ഈ എരണം കെട്ടവന്മാർ എന്താന്നോ കാണിച്ചുകൂട്ടിയേക്കുന്നെ..?. അയ്യോ!! എന്റപ്പൻറെ ചോരയല്ലിയോ ഈ കെടക്കുന്നെ.. ചോര...!!?  എൻറെ പൊന്നപ്പോ, ഞാനിതെങ്ങനെ സഹിക്കുമോ!!?"

പൊന്നപ്പന്റെ നെഞ്ചത്തടി കണ്ട് കുഞ്ഞപ്പിസാർ അവിടേക്ക് ഓടിവന്നു.

"ഡാ പൊന്നാ ... എവിടുന്നേലും കൂളാവെള്ളം കേറ്റിയേച്ച് ഇവിടെക്കെടന്ന് ഓളവുംബഹളവും ഒണ്ടാക്കാതെടാ, നീ വീട്ടീ കേറിപ്പോ... ഡാ പോകാൻ!!"

ഇതുകേട്ട് പിൽക്കാലത്ത് ജുറാസിക്ക് പാർക്കിലെ മുട്ടൻ പല്ലി ചെറഞ്ഞു നോക്കുന്ന ഒരു നോട്ടം പൊന്നൻ കുഞ്ഞപ്പിസാറിനെ നോക്കി.  എന്നിട്ട് കണ്ട്രാക്ക് അണ്ണാച്ചിയുടെ തൂക്കുകട്ട, തേപ്പ് കരണ്ടി, സിമൻറ് ചട്ടി ഇത്യാദി സിവിൽ പണിയുടെ മർമ്മപ്രധാന സാമഗ്രികൾ പൊക്കിയെടുത്ത് കണ്ടത്തിലേക്ക് ഒറ്റയേറ്!  ഇതുകണ്ട അണ്ണാച്ചി 'കുട്ടിച്ചായനോ മരിച്ചു, ഞാനെൻറെ ജീവൻ  അതിനായി കളയണോ' എന്ന ചിന്തയിൽ ആണ്ടടാ ഒറ്റയോട്ടം! ആ ഓട്ടം ചെന്നുനിന്നത് വേലിപ്പുറത്ത് മൂത്രം കൺട്രോൾ ചെയ്തിരുന്ന ഞങ്ങൾ പിള്ളാരെയും കടന്ന്, അപ്പുറത്തുള്ള ചാച്ചയുടെ പറമ്പിലായിരുന്നു.  കണ്ട്രാക്കിന്റെ പിന്നാലെ, സഹായി നെത്തോലി അപ്പു അടുത്തുള്ള ആഞ്ഞിലിമരത്തിൽ തൻറെ പൂർവപിതാക്കന്മാരായ കൊരങ്ങച്ചന്മാരോട് കൂറ് പ്രഖ്യാപിച്ച് വലിഞ്ഞുകയറി. ഇത് കണ്ട് ലങ്കാദഹനത്തിന് വന്ന ഹനുമാനെപ്പോലെ പൊന്നൻ അലറി വിളിച്ചു.

"എടാ.. പാണ്ടി പുണ്ടാമോനെ, എൻറെ അപ്പന്റെ കുഴി നീ വെട്ടും അല്ലേടാ  പുല്ലേ?  ഇന്ന് നിൻറെ പതിനാറടിയന്തിരം ഈ പൊന്നൻ നടത്തും.  ദാണ്ടിവിടെ... ഇവിടെ"  ഇതും പറഞ്ഞ് പൊന്നൻ പട്ടിയെ വിളിക്കുന്നപോലെ 'ടക്.. ടക്' ശബ്ദത്തോടെ വിരൽ ഞൊടിച്ച് കാണിച്ചു.

മരത്തേൽ അള്ളിപ്പിടിച്ചിരുന്ന നെത്തോലി അപ്പുവും, ചാച്ചയുടെ പുരയിടത്തിൽ തുള്ളപ്പനി പിടിച്ചുനിൽക്കുന്ന കണ്ട്രാക്കും ആ 'ടക്.. ടക്' ശബ്ദം തങ്ങളുടെ ജീവൻറെ അപായമണിയാണെന്ന് മനസ്സിലാക്കി.

ജീവൻ രക്ഷാർത്ഥം ഓടിയ കണ്ട്രാക്കിനെ വിട്ട് പൊന്നൻ കുഞ്ഞപ്പി സാറിനുനേരെ തിരിഞ്ഞു. തിരിഞ്ഞു നിന്ന പൊന്നൻ നെഞ്ചത്തടിച്ച് ഒറ്റ കരച്ചിൽ. ദാവീദിന് നേരെ ഗോലിയാത്ത് നിൽക്കുന്ന നിൽപ്പായിരുന്നു അത്.

"എൻറെ പൊന്നു കുഞ്ഞപ്പിപ്പാപ്പോ.. എന്നാലും എന്നോടീ വേണ്ടാതീനം ചെയ്തല്ലോ. നോക്കിയേ, എൻറെ അപ്പൻറെ രക്തമല്ലിയോ ഈ കിടക്കുന്നെ.. രക്തം"

കുഞ്ഞപ്പി സാറിന് തറവാനം മറിച്ചുവന്നു.  'ഇതെൻറെ പ്രാർത്ഥനാലയം ആകുന്നു ഇവിടെ കള്ളൻമാരുടെ ഗുഹയാക്കുന്നോ' എന്ന കർത്താവീശോമിശിഹായുടെ വചനം ഓർത്ത് കുഞ്ഞപ്പി സാർ പൊന്നപ്പനെ ശാന്തനാക്കാൻ ഒരു ശ്രമം നടത്തി.

"ഡാ പൊന്നാ ... ഇങ്ങോട്ട്  നോക്കിയേ.. ഇവിടെ ഒരു മരിപ്പ് നടന്ന് എല്ലാവരും കീറിവിളിച്ചിരിക്കുമ്പോൾ നീ സീനോണ്ടാക്കാതെ പോ. ഇവിടെ നിൻറെ അപ്പൻറെ കല്ലറ ആരാടാ തല്ലിപ്പൊളിച്ചെ? ഈ കുഴീക്കിടക്കുന്നത് മഴവെള്ളമാടാ കഴുതേ, മഴവെള്ളം.. നിന്റപ്പന്റെ രക്തമൊന്നുമല്ല"

കുഞ്ഞപ്പിച്ചായന്റെ കൊണാധികാരം പൊന്നപ്പനുണ്ടോ കേൾക്കുന്നു?

"അപ്പാപ്പാ, നിങ്ങൾ ഒരുമാതിരി ഓഞ്ഞ വർത്തമാനം എന്നോട് ഒണ്ടാക്കാൻ വരുവാന്നോ?  നിങ്ങളീ പള്ളിസെക്രട്ടറി ആയിട്ട് ഒരുമാതിരി പോതം പൊക്കണവും ഇല്ലാത്ത വർത്താനം പറയല്ലേ.  ഒള്ളതാ, ഞാനേ ഇച്ചിരി കൂളാവെള്ളം കേറ്റിയിട്ടുണ്ട്. അതെനിക്ക് ദെണ്ണമുള്ളോണ്ടാ.. ദെണ്ണം.  പിന്നെ എന്റപ്പന്റെ ശവക്കുഴി വെട്ടിപൊളിക്കുമ്പോ ഞാൻ പിന്നെ നിങ്ങക്കൊക്കെ ഓശാന പാടാണോ... ഫാ..!!" ഇതും പറഞ്ഞ് പൊന്നൻ ഒരൊന്നാന്തരം ആട്ടങ്ങ് ആട്ടി, കുഞ്ഞപ്പി സാറിൻറെ നേരെ ചീറിയടുത്തു.

കാര്യം തൻറെ അധികാര പരിധിയിൽ നിൽക്കില്ല എന്നുകണ്ട കുഞ്ഞപ്പിസാർ  പ്രായാധിക്യം വകവയ്ക്കാതെ പി.ടി. ഉഷ ഒളിമ്പിക്‌സിന് ഓടിയ ഓട്ടംപോലെ  കണ്ടം വഴി ഒറ്റ ഓട്ടം!

ഉടനെ പൊന്നപ്പൻ ടാർപ്പാളിൻ  ഷീറ്റുകൊണ്ട് ഉണ്ടാക്കിയ പന്തലിന്റെ കഴ കുലുക്കി പന്തൽ തല്ലിപ്പൊളിച്ചു. "അവന്റമ്മേടെ ശവക്കുഴി തോണ്ടൽ" എന്ന് പറഞ്ഞ് കണ്ട്രാക്ക് വിയർപ്പൊഴുക്കി പണിത കുഴി നികത്താൻ തുടങ്ങി.

പേപിടിച്ച നായയെപ്പോലെ നിൽക്കുന്ന പൊന്നപ്പനോട് ഏറ്റുമുട്ടാൻ ആരുമില്ല. കേട്ടറിഞ്ഞു വന്ന പെണ്ണുങ്ങളും, പിള്ളാരും, മീശവെച്ച ആണുങ്ങളും എല്ലാം 'അയൽപക്കത്തുള്ളവന്റെ വീട്ടുകാര്യത്തിൽ നമുക്കെന്ത് കാര്യം' എന്ന മട്ടിൽ സംഭവത്തിൻറെ ക്ളൈമാക്‌സ് എന്തെന്നറിയാതെ അന്തിച്ചു നിന്നു.

"ഈ തലവഴി കാണിച്ചുനിൽക്കുന്ന എന്തരവനിട്ട്  രണ്ടുകൊടുക്കാൻ ഇവിടെ അണ്ടിക്കൊറപ്പുള്ളവൻമാർ ആരുമില്ലിയോടാ?"

കയ്യാലപ്പുറത്തുനിന്ന് ഉണ്ണിപെമ്പിള ഇങ്ങനെ പറഞ്ഞപ്പോൾ കൂടിനിന്ന മീശവെച്ചവന്മാർ മേലും കീഴും തപ്പിനോക്കി തങ്ങൾ ആണുങ്ങൾ തന്നെയാണെന്ന് ഉറപ്പുവരുത്തി. എന്നാൽ പൊന്നപ്പനോട് ഏറ്റുമുട്ടി ഇനിയും തങ്ങൾക്കാവശ്യമുള്ള  ആണത്തം ഷണ്ഡത്വമാക്കരുതെന്ന് ചിന്തിച്ചതിനാൽ അവരെല്ലാം ത്രേതായുഗത്തിൽ ശ്രീരാമന്റെ പാദസ്‌പർശം ഏൽക്കാൻ കുറ്റിയടിച്ചുനിൽക്കുന്ന അഹല്യയെപ്പോലെയങ്ങ് നിന്നുകളഞ്ഞു.

അപ്പോളാണ്  കുഞ്ഞപ്പി സാർ ഓടിയ ഗോദയിലേക്ക് ദൈവദൂതന്നെപോലെ സാക്ഷാൽ വികാരിയച്ചൻ ളോഹയും പൊക്കിപ്പിടിച്ച് എത്തിച്ചേർന്നത്.

"ഡാ പൊന്നാ .. ഇങ്ങോട്ട് നോക്കിയേ... ഞാനീ പള്ളീലെ ഇടവക വികാരിയാ പറയുന്നെ, വഴക്കും പുക്കാറുമുണ്ടാകാതെ കെറിപ്പോടാ" ഇതും പറഞ്ഞ് അയലത്തെ പറമ്പിൽ പേടിച്ച് മുള്ളിനിൽക്കുന്ന കണ്ട്രാക്കിനോടായി അച്ചൻ തുടർന്നു "അണ്ണാച്ചീ... ഇങ്ങോട്ട് വന്നാട്ട് ... പണിയങ്ങ് തുടങ്ങിയാട്ട്.  ഇതിപ്പോ കൂരാപ്പവുന്നതിന് മുമ്പ് കുട്ടിച്ചാനെ കുഴീലോട്ട് എടുക്കേണ്ടതല്ലിയോ?"

ഇതുകേട്ട് പൊന്നപ്പൻ അച്ചനോട് ചീറി.

"ദാണ്ടേ.. നിങ്ങൾ കത്തനാരാ കിത്തനാരാ എന്നൊന്നും പൊന്നൻ നോക്കുകേല. എൻറെ അപ്പൻറെ കുഴിക്കടുത്തേ ഏന്റമ്മച്ചി ചാവുമ്പോൾ കുഴിച്ചിടാനുള്ളതാ. അല്ലാതെ കണ്ട എരപ്പകൾക്ക് കൂടെകേറികിടക്കാനല്ല.  അല്ല അച്ചോ, എനിക്കറിയാൻ മേലാത്തോണ്ട് ചോദിക്കുവാ, നിങ്ങൾക്ക് എന്റപ്പൻറെ അണ്ണാക്കിലേ കുഴിവെട്ടാൻ കിട്ടിയൊള്ളോ?"

ഇതുകേട്ട് വികാരിയച്ചൻ വികാരശൂന്യനെപ്പോലെ തിരിച്ചുപറഞ്ഞു

"ഡാ.. ഡാ... ഡാ... എന്തരവനെ, നിന്റമ്മയ്ക്ക് വേണേൽ നീ ആ സ്ഥലം നേരത്തെ ബുക്കുചെയ്യണമായിരുന്നു. അതെങ്ങനാ ആണ്ടിലും ചങ്ക്രാന്തിക്കെങ്കിലും പള്ളീകേറണ്ടായോ?"

ഇതുകേട്ടപ്പോൾ ഗോലിയാത്തിന് കാലേക്കൂടെ ചൊറിഞ്ഞുകേറി. തൻറെ കർത്തവ്യത്തിന് ഭംഗം വരുത്തുക മാത്രമല്ല, തന്നെ പൊതുജനമധ്യത്തിൽ അവഹേളിക്കുകയും ചെയ്യുന്ന വികാരിയച്ചനെ കാലേൽപിടിച്ച് നിലത്തടിക്കാനുള്ള ദേഷ്യം ഉണ്ടായി.

"അച്ചോ, ദാണ്ടേ... ഒരുമാതിരി മണാകൊണാ വർത്തമാനം എന്നോട് പറയല്ലേ"  ഇതും പറഞ്ഞ് പൊന്നൻ നിർത്തിവച്ച നെഞ്ചത്തടിയങ്ങ് തുടർന്നു.

"എൻറെ പൊന്നു നാട്ടുകാരെ, നിങ്ങളാരും ഈ വേണ്ടാതീനം കാണുന്നില്ലേ? എന്റപ്പൻറെ ചോര കണ്ടോ...ചോര?  അച്ചോ, എന്നോടെതിർക്കാൻ വന്നാൽ അണപ്പൂട്ട് ഞാൻ അടിച്ചിളക്കുമേ"  ഇതും പറഞ്ഞ് പൊന്നൻ താൻ പിഴുതിമറിച്ചിട്ട  ഒരു പന്തലിന്റെ കഴയും എടുത്തുകൊണ്ട് അച്ചന്റെ അടുത്തേക്ക് ചെന്നു.   ജീവനിലുള്ള കൊതിയും, കുഞ്ഞാടുകളെ ഏറെക്കാലം സേവിക്കാനുള്ള ത്വരയും ദൈവവിളിയും ഓർത്ത് അച്ചൻ കുഞ്ഞപ്പിസാർ ഓടിയ കണ്ടത്തിൻ വരമ്പുനോക്കിത്തന്നെ കുപ്പായവും ചുരുട്ടിക്കേറ്റി ഓടിക്കളഞ്ഞു!

ഇനിയിപ്പോൾ സീൻ എന്തായിത്തീരും എന്ന് ഞാനുൾപ്പെടെയുള്ള കാണികൾ നോക്കിനിൽക്കെ, ചിന്നം വിളിച്ച് പൊന്നൻ കൂടുതൽ വയലൻസിന്  കാത്തുനിൽക്കേ അതാ, കണ്ടത്തിൻവരമ്പിലൂടെത്തന്നെ ഭ്രാന്തുപിടിച്ച പന്നിക്കൂറ്റനെപ്പോലെ കുട്ടിച്ചായൻറെ ഇളയമകൻ തങ്കപ്പൻ അലറിയോടി വരുന്നു!

എന്താ ഏതാ എന്ന് ചിന്തിക്കും മുമ്പ് തങ്കപ്പൻ താഴേക്കിടന്ന  പന്തലിന്റെ കഴ ഒരെണ്ണം എടുത്ത് പൊന്നപ്പൻറെ ആറാമാലി നോക്കി ഒരു കീറങ്ങ് കീറി!

പിന്നിൽ നിന്നും അടികിട്ടിയ പൊന്നൻ  'അയ്യോപോത്തോ' എന്നുംപറഞ്ഞ് ദാണ്ടടാ കിടക്കുന്നു!  'വീണിതല്ലോ കിടക്കുന്നു ധരണിയിൽ കോണകവുമഴിഞ്ഞയ്യോ ശിവ ശിവ' എന്ന മട്ടിൽ സ്വപ്‌ന ടെക്സ്റ്റയിൽസിൽ  നിന്നും വാങ്ങിയ ഒന്നാന്തരം പാളക്കരയുള്ള അണ്ടർവയറും കാട്ടി എണീക്കാൻ മേലാതെ പൊന്നൻ കിടന്നപ്പോൾ,  മുതുകിന് നോക്കി ഒന്നുരണ്ട് പൂശുകൂടി തങ്കപ്പൻ പാസാക്കി. എന്നിട്ട് ഇങ്ങനെ ചീറി.

"ഒരുത്തൻ ചത്തുകിടക്കുമ്പോളാന്നോടാ പോക്രിത്തരം കാണിക്കുന്നത്? എവിടുന്നേലും വാറ്റും മോന്തിയിട്ട് എന്റപ്പന്റെ ശവക്കുഴി നികത്താൻ നീയാരാടാ പുല്ലേ?"  ഇതും പറഞ്ഞ് വീണുകിടക്കുന്ന വീരന്റെ ചന്തിക്കിട്ട് രണ്ട് ചവിട്ടും. അപ്പോൾ ഗോദയിൽ വീണുകിടക്കുന്ന യോദ്ധാവിനെപ്പോലെ പൊന്നൻ ഇങ്ങനെ വിളിച്ചു പറഞ്ഞു

"അയ്യോ എന്നെ തല്ലികൊല്ലുന്നേ.. അപ്പാപ്പോ എന്നെ ആരേലും വന്ന് രക്ഷിക്കോ..."

"കെടന്ന് മോങ്ങത്തെ എണീറ്റുപോടാ നാറീ..." ഉണ്ണിപെമ്പളയുടെ പള്ളുവിളി കൂടി കിട്ടിയപ്പോൾ ഈ കൂട്ടത്തിൽ മനുഷ്യപ്പറ്റുള്ള ഒരുത്തനുമില്ലന്ന് പൊന്നൻ മനസ്സിലാകുകയും പതുക്കെ എണീറ്റ് കണ്ടംവഴിയെ ആടിയാടി നടന്നുപോവുകയും ചെയ്‌തു.

പള്ളിയിൽ മണി മുഴങ്ങി. ഏതോ രഹസ്യ സങ്കേതത്തിൽ നിന്നെന്നപോലെ വികാരിയച്ചനും, കുഞ്ഞാപ്പിസാറും കണ്ടതിന്റെ വരമ്പിൽ പ്രത്യക്ഷപെട്ടു.

അങ്ങനെ ലോകത്തെ ഏറ്റവും വലിയ ഗുണ്ടുപൊട്ടിക്കലുകാരനായ കുട്ടിച്ചായൻ പിന്നീടുണ്ടായ സമാധാനാന്തരീക്ഷത്തിൽ കബറടങ്ങി സ്വർഗത്തിലേക്കുള്ള പച്ചക്കളർ സൂപ്പർഫാസ്റ്റ്  പിടിച്ചങ്ങ് പോയി.

******************

അടുത്ത ഞായറായഴ്ച.  പാപികൾ പള്ളിക്കകത്ത് കുർബാനയിൽ പങ്കെടുക്കുകയും, രക്ഷിക്കപ്പെട്ട ദൈവമക്കളും പള്ളി പ്രമാണിമാരും, കമ്മറ്റിക്കാരും പള്ളിക്ക് വെളിയിൽ ബീഡിയും വലിച്ച്  കുത്തിയിരിക്കുകയും ചെയ്യുന്ന നേരം. ചാർമിനാർ വലിച്ചുകൊണ്ടിരുന്ന കുഞ്ഞപ്പിസാറിനോട് തൊട്ടടുത്ത് കട്ടൻബീഡി ആഞ്ഞുവലിച്ച് അന്തരീക്ഷത്തിലേക്ക് പുകയൂതിക്കൊണ്ട് പൊന്നൻ ചോദിച്ചു.

"ൻറെ അപ്പാപ്പാ.. ഒള്ളത് പറഞ്ഞാ, ഇപ്പോളും ചങ്കുപൊട്ടുവാ.. ൻറെ അപ്പൻറെ വലതുഭാഗത്ത് അമ്മയല്ലിയോ കിടക്കേണ്ടത്?  ഇതിപ്പോ ഈ ഗുണ്ട് കുട്ടിമാപ്പള അല്ലിയോ നെടുംമ്പാളെ  കേറികെടക്കുന്നെ?"

കുഞ്ഞപ്പിസാർ ഒന്ന് നിവർന്നിരുന്നു.

"ഡാ.. പൊന്നോ... നിൻറെ അമ്മ എലിച്ചേടത്തിയുടെ അണ്ണാക്കിൽ അടുത്തകാലത്തെങ്ങും മണ്ണിടത്തില്ലെടാ ഉവ്വേ. അത്രയ്ക്ക് ഉശിരല്ലിയോ തള്ളക്ക്.  പിന്നെന്തിനാ നീ ആലോചിച്ച് കൂട്ടുന്നെ? അതിപ്പോൾ തള്ള കാഞ്ഞുപോയാലും നമുക്ക് ഇടതുവശത്തിടാമെടാ"

തങ്കപ്പൻറെ മുളക്കഴയ്ക്ക് കിട്ടിയ അടിയുടെ പാട് തടവി പൊന്നൻ പ്രതിവചിച്ചു "അതിപ്പോ കർത്താവീശോ മിശിഹാ കുരിശെക്കെടക്കുമ്പോൾ രണ്ടു കള്ളന്മാരുടെ ഇടയിലങ്ങാണ്ടല്ലിയോ  കെടന്നെ? ഇതിപ്പോൾ എന്റപ്പൻറെ അവസ്ഥ അതുപോലാകുമല്ലോ അപ്പാപ്പാ"

"നീയൊന്നു പോയേ. ചത്ത് മണ്ണോട് മണ്ണടിഞ്ഞാ എന്തോ കുന്തമാ? നീ ചുമ്മാ വേണ്ടാതീനം ഒന്നും ആലോചിച്ചുകൂട്ടി, കൂളാവെള്ളോം മോന്തി ഈശാപോശാ ഒന്നുമുണ്ടാകാതെ സത്യ ക്രിസ്ത്യാനിയായി ജീവിക്ക്. നോമ്പൊക്കെയല്ലിയോ വരുന്നേ? ചത്തവരോ  ചത്തു,  നീ  നല്ല ആഞ്ഞൊരു കുമ്പസാരം ഒക്കെ നടത്തി ഒന്ന് ശുദ്ധിയും വെടിപ്പുമാക്"

അങ്ങനെ കുഞ്ഞപ്പി സാറിന്റെ ഉപദേശം ശിരസ്സാ വഹിച്ച് പൊന്നൻ വൈകാതെ നമ്മുടെ വികാരിയാച്ചന്റെയടുത്ത് കുമ്പസാരിക്കുകയും, പാപമുക്തി നേടുകയും ചെയ്‌തു.

No comments:

Post a Comment