Monday, March 5, 2018

തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല

പിള്ളേച്ചാ നമ്മുടെ മണിസാറിനെ വല്യഹോസ്‌പിറ്റലിൽ നിന്നും ഡിസ്‌ചാർജ് ചെയ്‌തോ"

കാലാടുന്ന പിള്ളേച്ചന്റെ കടയിലെ ബഞ്ചിലിരുന്ന്  അമ്മാട്ടിയുടെ ചോദ്യം കേട്ട് പിള്ളേച്ചനിൽ ഒരു ഞെട്ടലുണ്ടായി.

"മണിസാറിന് എന്നാ പറ്റീടാ അമ്മാട്ടീ?" പിള്ളേച്ചൻ ഞെട്ടിയെങ്കിലും ചോദ്യം ചോദിച്ചത് ചായ മൊത്തിക്കുടിച്ചുകൊണ്ടിരുന്ന പൊന്നപ്പനായിരുന്നു.

"എൻറെ പൊന്നോ... നിങ്ങൾ അപ്പൊ ഇതൊന്നും അറിഞ്ഞില്ലേ?  ഇതിയാൻ രാവിലെ ഏതോ വലിയ ബൂർഷ്വാ ആസ്പത്രിയില് അഡ്‌മിറ്റായി എന്നല്ലിയോ  ശ്രുതി കേട്ടത്. വടക്കുതെക്കങ്ങാണ്ട് ഇലക്ഷൻ റിസൾട്ട് വന്നത് കേട്ടപ്പോളാപോലും ഇതിയാൻറെ പോതംപോയി  ആസ്‌പത്രീ കൊണ്ടുപോയെ..."

പിള്ളേച്ചൻ കാര്യമറിയാതെ വാ പൊളിച്ചു.  പാവങ്ങളുടെ പടത്തലവന്മാർ കാശും പുത്തനും ഉള്ളവർ മാത്രം പോകുന്നിടത്തു പോവുകയോ?  എന്നിട്ട് ഒരു ചോദ്യം. "അപ്പോ നമ്മുടെ സർക്കാരാശുപത്രിയും മെഡിക്കൽ കോളേജും ഒക്കെ എന്തിനാടാ പൊന്നപ്പാ?"

"ഓ എന്റെ പിള്ളേച്ചാ, അതൊക്കെ നമ്മൾ  മൂക്കീപ്പനി വരുന്നവർക്കല്ലേ? രാഷ്ട്രീയ, മതനേതാക്കൻമാർ സാധാരണക്കാർ പോകുന്നിടത് പോകുമോ? അതിപ്പോ ആശുപത്രി ആയാലും, ഹോട്ടലായാലും, വണ്ടിയായാലും തന്റെ പ്രസ്ഥാനത്തിൻറെ അഭിമാനമല്ലിയോ അവർക്ക് വലുത്?  അപ്പോൾ ഇച്ചിരി ഗമയിൽ മൂത്ത സാധനം തന്നെ വേണ്ടേ?"

ചായടിച്ചുകൊണ്ടിരുന്ന പിള്ളേച്ചന് അതത്ര പിടിച്ചില്ല. അല്ലെങ്കിൽ തന്നെ 'ഇച്ചിരി കമ്യൂണിസ്റ്റല്ലാത്തവൻ എന്തൊരു മനുഷ്യനാ' എന്നാണ് പിള്ളയുടെ വെപ്പ്.

"എടാ അമ്മാട്ടീ, ഒരുമാതിരി ഒണ്ടാക്കിയ വർത്തമാനം പറയാതെടാ പഞ്ചമാ പാതകാ... അയാള് നമ്മുടെ ഉപാസന ആശുപത്രിയിൽ ചെക്കപ്പിന് പോയതാ. അതിപ്പോ വന്ന് വന്ന് അപ്പോളാ ഹോസ്പിറ്റലാക്കുമല്ലോ. എതിരാളികൾ ബംഗാള് സിന്ധു മറാത്താ ത്രിപുര എന്നൊക്കെ പറയുന്നതല്ലേ? എവിടെങ്ങാണ്ട് പാർട്ടി തോറ്റ് തുന്നംപാടി കൂഞ്ഞുവലിച്ച് കിടക്കുന്നതിന് ഇവിടെ നമ്മക്കെന്ത് കുന്തമാ?   ഇതേ, കേരളമാ.. കേരളം. ദാണ്ടേ ഇങ്ങോട്ട് നോക്ക്, ഇവിടെ ചോര തിളക്കണം ഞരമ്പുകളിൽ എന്നാ വെപ്പ്.. അറിയാമോ?"

ഇതും പറഞ്ഞ് പിള്ളേച്ചൻ തൻറെ ഷർട്ടിന്റെ കൈ ഒന്ന് ഉയർത്തി ഓഞ്ഞ മസിൽ കാണിച്ചുകൊടുത്തു.  ആയകാലത്ത് പാർട്ടികൾക്ക് ഒത്തിരി ജയ് ജയ് വിളിച്ച കൈകളാണ് ഇന്ന് കഞ്ഞികുടിച്ച് കിടക്കാൻവേണ്ടി ചായയടിക്കുന്നത്.

ഇത് കേട്ട് അമ്മാട്ടി മുണ്ടുപൊക്കി അണ്ടർവെയറിന്റെ പോക്കറ്റിൽ കിടന്ന ബീഡിയെടുത്ത് ചുണ്ടത്ത് വച്ച് തീപെട്ടിയുരച്ചിട്ട് ഇപ്രകാരം പറഞ്ഞു.

"അല്ല പിള്ളേച്ചാ... ഈ നേതാക്കന്മാർക്കെല്ലാം ഇപ്പോൾ എന്താ പ്ലഷറും, ഷുഗറും നെഞ്ചരപ്പും, ഇരുമ്പ് തുരുമ്പാക്കലും? പണ്ടൊക്കെ നമ്മുടെ നേതാക്കന്മാർ പട്ടികടിച്ചും, പാമ്പുകടിച്ചും, അട്ടകടിച്ചും ഒക്കെയാ ആശുപത്രീ പോയിരുന്നെ .. ഇന്നവന്മാർക്കെല്ലാം പുതിയ പുതിയ ഫാഷൻ രോഗങ്ങളാണല്ലോ"

പിള്ള തലേക്കെട്ട് ഒന്ന് അഴിച്ചുടുത്തു "അതിപ്പോൾ അമ്മാട്ടീ.. നിന്റെ കോൺഗ്രസ്സ് കാരല്ലിയോ അതിൻറെ തലതൊട്ടപ്പന്മാർ.  പണ്ടങ്ങാണ്ട് ഗാന്ധിയുടെ കാലത്ത് ഏതാണ്ട് ഒണ്ടാക്കിയതല്ലാതെ ഇവന്മാർ പിന്നെ കൈകൊണ്ട് മെയ് ചൊറിഞ്ഞിട്ടുണ്ടോ?  ചീമപ്പന്നിപോലെ ചുമ്മാ രാവിലേം ഉച്ചയ്ക്കും വൈകിട്ടും കണ്ട ചാനലിലെല്ലാം കേറി നിരങ്ങാനല്ലാതെ  ഈ പറയുന്ന നിന്റെം എന്റേം നേതാക്കന്മാരെ എന്തിന് കൊള്ളാം?"

ന്യൂട്രലായി കാര്യം പിള്ളേച്ചൻ പറഞ്ഞത് കേട്ടപ്പോൾ അമ്മാട്ടിക്കും, പൊന്നപ്പനും ചിരിവന്നു.  പക്ഷേ പിള്ളേച്ചന്റെ അടുത്ത വാക്കുകൾ ഇച്ചിരി കടുത്തതായിരുന്നു.

"അല്ല അതിപ്പോ നിങ്ങളുടെ വലിയ ദേശീയപാർട്ടി, കീഴെക്കൂടെ പണികൊടുത്തല്ലിയോ നമ്മുടെ കമ്യൂണിസം ഇപ്പോൾ തകർത്തത്. വോട്ടിങ്ങ് ശതമാനത്തിൽ വലിയ കുറവ് നമ്മുടെ പാർട്ടിക്ക് ഇപ്പോളും ഇല്ല അറിയാമോ? ഇനിയിപ്പോ വോട്ടിങ്ങ് മെഷീനിൽ വല്ല കുന്ത്രാണ്ടവും ഇവന്മാർ ഒപ്പിച്ചോ ഭഗവാനെ?"

പൊന്നപ്പൻ അമ്മാട്ടിയോട് ഒരു പരമമായ സത്യം പറയും പോലെ പറഞ്ഞു.

"അമ്മാട്ടീ, ഒരു കാര്യം ഞാൻ പറയാം. ഈ ഗുലുമാല് പിടിച്ച മെഷീൻ വന്നേപ്പിന്നെയാ നമ്മുടെ പാർട്ടിക്ക് എട്ടിന്റെ പണി കിട്ടിത്തുടങ്ങിയെ. ഇതിപ്പോ പണ്ടത്തെപ്പോലെ പേപ്പർ ബാലറ്റ് ആയിരുന്നേൽ എന്നാ സുഖമായിരുന്നു"

"എടാ പൊന്നപ്പാ.." അമ്മാട്ടി മൂരി നൂർത്തു "ഇതിപ്പോ ഉത്തരം മുട്ടുമ്പോൾ നമ്മൾ കൊഞ്ഞനം കാട്ടിയിട്ടെന്താ.. പണ്ട് സന്ദേശം സിനിമയിൽ പറഞ്ഞപോലെ, ജനങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല, വോട്ട് കിട്ടിയില്ല... പിള്ളേച്ചന്റെ പാർട്ടി തോറ്റു. നാട്ടുകാർക്ക് വല്ല കോണോം ചെയ്‌താൽ അടുത്ത ഇലക്ഷന് ജയിക്കും. അതിപ്പോ ഇവിടായാലും, നോർത്തിലായാലും.  അതിന് ചുമ്മാ വരട്ടു ചൊറി മാന്തിപ്പൊളിക്കണോ? ചുണ്ണാമ്പ് തേക്കുന്ന മൊബൈൽ പിടിച്ചോണ്ട് എല്ലാവന്മാർക്കും നടക്കാം, വോട്ടിങ്ങ് മെഷീൻ ഉപയോഗിച്ചാൽ കുറ്റം. കഴിഞ്ഞവട്ടം നിങ്ങൾ ജയിച്ചതും ഇതേ മെഷീൻ ഉപയോഗിച്ചല്ലേ പിള്ളേ? അങ്ങാടി തോറ്റതിന് അമ്മയെന്നാ പിഴച്ചു?"

"ഡാ.. പൊന്നപ്പാ " പിള്ളേച്ചന് ചൊറിഞ്ഞുവന്നു. "ഇതിപ്പോ ആരാൻറെ അമ്മയ്ക്ക് പ്രാന്ത് വന്നാൽ കാണാൻ നല്ല ചേലുണ്ട് അല്ലെ?  നീയൊക്കെ എന്തോ രാഷ്ട്രീയക്കാരനാടാ... ഇവിടെ ഇടതന്മാർ തോറ്റപ്പോൾ നീയൊക്കെ മുണ്ടുപൊക്കിയിട്ട് എന്തോകേമത്തമാ കാണിക്കുന്നേ?  ജയിച്ചത് അവന്മാല്ലേ... മോടിയുള്ള പാർട്ടി? അതിന് നീയൊക്കെ എന്തിനാ അർമാദിക്കുന്നെ? അതുകൊണ്ടാ ഞങ്ങൾ പറയുന്നേ ഇതിനകത്ത് എന്തോ ചുറ്റിക്കളി ഉണ്ടെന്ന്"

അപ്പോൾ തലയും കുനിച്ച് സാക്ഷാൽ മണിസാർ അവിടേക്ക് കയറിവന്നു.  പാണ്ടിലോറി കയറിയിറങ്ങിയ പോലെ കാണപ്പെട്ട രക്തമില്ലാത്ത ആ വദനം നോക്കി പിള്ളേച്ചൻ നെടുവീർപ്പിട്ടു.

"നാടിൻറെ പോക്ക് എങ്ങോട്ടാ പിള്ളേ... ഒന്നും മനസിലാകുന്നില്ലല്ലോ. ഇതാപ്പോ വന്ന് വന്ന് പെണ്ണുങ്ങൾ നെറ്റിക്ക് തേക്കുന്ന കുറിപോലെ ഒരിടത്ത് മാത്രയല്ലോ നമ്മുടെ പ്രസ്ഥാനം?"

"അല്ല മെമ്പറെ, നിങ്ങൾ ഏതോ ബൂർഷ്വാ ആശുപത്രിയിൽ പോയെന്നോ ഇലക്ഷൻ റിസൾട്ട് അറിഞ്ഞ് നെഞ്ചരപ്പുണ്ടായെന്നോ ഒക്കെ ഗാന്ധിമുക്കിന് രാവിലെമുതൽ കേൾക്കുന്നല്ലോ"

"ഏത് തന്തക്ക് മുമ്പുണ്ടായവനാടാ വേണ്ടാതീനം പറഞ്ഞുണ്ടാക്കുന്നെ?  പഞ്ചമാ പാതകാ ഞാൻ കഷ്ടകാലത്തിന് ഉപാസനയിൽ ഒന്നുപോയതല്ലിയോ.."

പിള്ളേച്ചൻ ലോട്ടറിക്ക് സമാശ്വാസം കൊടുക്കുന്നപോലെ ഒരു ചായ മണിസാറിന് നേരെ നീട്ടി. "മെമ്പർ ഇതങ്ങോട്ട് പിടിച്ചേ.. രാവിലെ തൊട്ട് ടി.വി യുടെ മുന്നെ ഇരുന്ന് നമ്മുടെ പിള്ളാര് പാർട്ടിയെ രക്ഷിക്കാൻ കൈകാലിട്ടടിക്കുന്നത് കാണുവല്ലിയോ.."

"ആന്നെടോ.. ഇതിപ്പോ ലോകകപ്പിന് നമ്മുടെ ടീം ക്രിക്കറ്റ് കളിക്കാൻ പോന്നപോലത്തെ കാൽകുലേഷൻ അല്ലിയോ ഇവന്മാർ കാണിക്കുന്നേ..? അത് കാണുമ്പോ സത്യത്തിൽ നമ്മൾ തോറ്റത് തന്നെയാണോ എന്നാ എനിക്ക് തമിശയം"

ചായയടി നിർത്തിയ പിള്ളേച്ചൻ ബഞ്ചിലേക്കിരുന്നു " പിന്നെ എനിക്കൊരാശ്വാസം അമ്മാട്ടിയുടെ പാർട്ടിയെപ്പോലെ പെണ്ണും പിടക്കോഴിയും, ബാറും നോട്ടെണ്ണുന്ന മെഷീനും ഒക്കെയായി നാറ്റക്കേസ് കാരണമല്ലല്ലോ നമ്മൾ തോറ്റത് എന്നതാ. നമ്മൾ തോറ്റത് ഒന്നാന്തരം ജനാതിപത്യ വ്യവസ്ഥയിൽ പൊരുതിയല്ലിയോ..."

തൻറെ പുതുപുത്തൻ പാളക്കര അണ്ടർവെയർ നാലാൾ കാൺകെ മുണ്ട്  ഉയർത്തിയുടുത്ത്  അമ്മാട്ടി ഇങ്ങനെ തിരിച്ചടിച്ചു.

"അതിപ്പോ ഇവിടെ കോണോവാലുപോലെ ഒരിടത്ത് മാത്രം ഒതുങ്ങിക്കിടക്കുമ്പോളും നിങ്ങളുടെ ഒക്കെ ഇമ്മാതിരി പറച്ചിലാ എന്റെ പുള്ളെ മനസിലാകാത്ത... ഇതിപ്പോ കാവിലെ പാട്ടുമത്സരത്തിന് കാണാം എന്ന് പറയുംപോലെ ഉണ്ടല്ലോ"

"എന്നാലും ഇത് വലിയൊരു ചെയ്‌തായി പോയി.." മണിസാർ കാലുതിരുമ്മി.

അപ്പോൾ പൊന്നപ്പൻ പറഞ്ഞു "മെമ്പറെ.. ദാണ്ടേ ഇങ്ങോട്ട് നോക്കിയേ.. കണ്ടത്തി പോയി പണിയെടുത്താൽ, റബ്ബറുവെട്ടി രണ്ടു ചിരട്ട പാലെടുത്താൽ ഈ പൊന്നപ്പനും, പാപ്പിക്കും, അമ്മാട്ടിക്കും കഞ്ഞികുടിച്ച് കിടക്കാം. നാലാൾ വന്ന് കാപ്പികുടിച്ചാൽ പിള്ളേച്ചന് പച്ചരി മേടിച്ച് കഴിയാം.. പിന്നെ ചെറുക്കൻ പേർഷ്യയിൽ നിന്ന് നാല് കാശ് അയച്ചുകൊടുത്താൽ മണിസാറിന് ടി.വി യിലെ അന്തിചർച്ചയും കണ്ടോണ്ടിരിക്കാം.... വീട്ടിലേ, പെണ്ണുംപുള്ളേം കൊച്ചും മാത്രമേയുളൂ ഞാൻ പോവാ..."

"ശരിയാടാ അമ്മാട്ടീ... നാടിന്റെ പൾസറിയാത്തവന്മാരെല്ലാം ഐ.സി.യുവിലും വെന്റിലേറ്ററിലും കിടക്കുന്ന കാലമാ ഇത്. നമ്മൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും. നമ്മൾ ഉണ്ടാക്കിയാൽ നമുക്കുണ്ട്. ഈ പറയുന്ന പാർട്ടിയോ, ജാതിയോ മതമോ ഒന്നും ഒരു കോപ്പും ഉണ്ടാക്കിത്തരാൻ പോകുന്നില്ല. വെട്ടാനും ചാവാനും പോയാൽ അവനും അവൻറെ കുടുമ്പത്തിനും പോയി...അല്ലാതെന്താ"

ഇതും പറഞ്ഞ് അമ്മട്ടിയുടെ പുറകെ മണിസാറും ക്ഷീണിതനായി തിരികെ നടന്നു. പിള്ളച്ചേട്ടന്റെ ചായപാത്രത്തിലെ  നാണയം കിടുകിടാ മിടിച്ചപ്പോൾ  ഗാന്ധിജങ്ഷനിലെ കെ.എസ്.ഇ.ബി യുടെ ട്യൂബ് ലൈറ്റ് ഇരുട്ടുപരന്ന കവലയിലേക്ക് സൈറ്റടിച്ച് കാണിച്ചുകൊണ്ടേയിരുന്നു.

No comments:

Post a Comment