Thursday, November 9, 2017

കാവി പടരുമ്പോൾ

കാവിയെ ജീവിതത്തിൽ ആദ്യമായി ദുബായിലിട്ട് ശപിച്ച ദിവസമായിരുന്നു ഇന്ന് രാവിലെ.

ഞാനിത്  പറയുമ്പോൾ നിങ്ങൾക്ക് തോന്നും ഞാൻ  നുമ്മ ബി.ജെ.പിയെ തെറിവിളിക്കുകയാണെന്നോ, demonitization,  ജി.എസ്.ടി  എന്നീ മനോഹരപദങ്ങൾ  പഠിപ്പിച്ചവരെ  തന്തക്കുവിളിക്കുകയാണെന്നോ ഒക്കെ.  എന്നാൽ ഒള്ളത് പറയാലോ, നതിങ് ഒഫീഷ്യൽ എബൌട്ട് ഇറ്റ്. എന്നുവച്ചാൽ  എന്നെ സംബന്ധിച്ച് അതിനേക്കാൾ ഒക്കെ ഗഹനവും, കഠിനവും, ചിന്തോദ്ദീപകവുമായ സംഭവത്തിലേക്കാണ് ഇപ്പോൾ  വിരൽചൂണ്ടാൻ പോകുന്നത്.

രാവിലെ ഏകദേശം നാലുമണിക്കാണ് എൻറെ അന്തർഭാഗങ്ങളിലേക്ക് കാവിലയിപ്പിക്കൽ  ഞാൻ കണ്ടെത്തിയത് (കാവി പുതപ്പിക്കൽ അല്ല). അത് പറയുന്നതിന് മുമ്പ് ഒരുമാസം പിന്നിലേക്ക് നടക്കേണ്ടിയിരിക്കുന്നു. ഓണമണം നിറഞ്ഞ ഒരു നനഞ്ഞു കുതിർന്ന സായാഹ്നത്തിൽ എൻറെ പോക്കറ്റ് ചോർന്ന് കാവിയിലേക്ക് വീണ കഥ.

ഗൾഫിൽനിന്നും അവധിയ്ക്ക് നാട്ടിൽ വന്നിട്ട് തിരിച്ച് പോകുമ്പോൾ,   നമ്മുടെ നാട്ടിൽ പെണ്ണുങ്ങളെ പ്രസവം കഴിഞ്ഞ് കൊണ്ടുവിടുമ്പോൾ   വീട്ടുകാർ കൊടുത്തുവിടുന്ന പോലെ ഭാര്യമാർ ചില ഐറ്റംസ് പൊതിഞ്ഞുകെട്ടി നമുക്ക് തന്നുവിടുമല്ലോ.  അതിൻറെകൂട്ടത്തിൽ ഒരു കാവിമുണ്ടുകൂടി വേണമെന്നാഗ്രഹം തോന്നിപ്പോയി.   ഏകദേശം ഇരുപത് വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ് ഈ കാവിപ്രേമം.  അങ്ങനെ പ്രിയതമയുമായി നമ്മുടെ ജങ്ഷനിലെ മുട്ടൻ കടയിൽ തന്നെയങ്ങ്  കയറി.   ഒരു ഇരയെകിട്ടിയ സന്തോഷത്തിൽ അകത്തേക്ക് കയറിയപാടേ കടയിലെ പെൺകുട്ടി ചിരിച്ചു, ഞാനും.

അവളുടെ ചിരി കൂടുതൽ വിടരും മുമ്പേ അഥവാ  തട്ടിയുരുമ്മി നിൽക്കുന്ന ഭാര്യയുടെ ചിരി മായുംമുമ്പേ ഞാൻ പറഞ്ഞു.

"ഒരു കാവിമുണ്ട് .."

"നല്ലത് വേണം.." ഭാര്യയാണ്. ഞാൻ വില കുറഞ്ഞത് ഉടുക്കുന്നത് അവൾക്കിഷ്ടമല്ലല്ലോ എന്നോർത്ത് സന്തോഷിച്ചില്ല, കാരണം ആ 'നല്ലതിൽ' പോക്കറ്റ് ചോരുന്നത് അമ്മായിയപ്പന്റെയല്ല എൻറെയാണല്ലോ.

പറഞ്ഞുകഴിഞ്ഞതും  പാൽപുഞ്ചിരിക്കാരി  പെണ്ണ്  എട്ടുപത്ത് കാവി മുണ്ടുകൾ മണർകാട്ട് പള്ളിപെരുന്നാളിന്‌ വിൽക്കാൻ വച്ചിരിക്കുന്ന ഫോട്ടോകൾപോലെ മേശപ്പുറത്തേക്ക് എടുത്തിട്ടു.  ഏതാണ് നല്ലതെന്നറിയാതെ രണ്ടുപെണ്ണുകങ്ങളുടെ ഇടയിൽ ഞാനങ്ങു നിന്നുപോയി.

"എം.സി.ആർ, കിറ്റക്‌സ്, ജാൻസൺ ....."  ഏതൊക്കെയോ പേര് കടയിലെ പെണ്ണ് പറഞ്ഞു. സത്യം പറഞ്ഞാൽ അപ്പോൾ എൻറെ നോട്ടം മുണ്ടിലല്ലായിരുന്നു പിന്നെയോ അവളുടെ കവിളിലെ നുണക്കുഴിയിൽ ആയിരുന്നു.

"ചേട്ടോ... ദാണ്ടെ, ആ എം.സി.ആർ മുണ്ടങ്ങോട്ട് എടുത്തോ.  സൂപ്പർ സാധനമാ.."

നമ്മുടെ എം.എം ഹസ്സന്റെ പോലെ,  ഘനഗംഭീര ശബ്ദത്തിൽ പുറകിൽ നിന്നൊരു മാന്തൽ കേട്ടു.  ആരാണീ സൂപ്പർ സാധനം എന്ന് ഞാനൊന്ന് തിരിഞ്ഞു നോക്കി. കാവിമുണ്ടുടുത്ത ഒരു സാധനം അകത്തേക്ക് കയറിവന്നതാണ്.  ഓണം ആഘോഷിച്ചതിൻറെ ആട്ടവും, ഗന്ധവും അവിടെ നിറഞ്ഞു.

"എന്നാലിത് എടുക്ക് ..." എം.സി.ആർ തന്നെ പെണ്ണുമ്പുള്ള സെലക്ട് ചെയ്തു.   അപ്പോൾ വിലയോ? നമ്മൾ ആണുങ്ങൾ അതല്ലേ ആദ്യം നോക്കുന്നത്.  ഞാൻ മേശമേൽ കിടക്കുന്ന മുണ്ടുകൾ എല്ലാം പിറന്നുവീണ് കിടക്കുന്ന പിള്ളേരുടെ ലിംഗനിർണയം നടത്തുംപോലെ തിരിച്ചും മറിച്ചും നോക്കി വിലയടിച്ചിരിക്കുന്ന സ്റ്റിക്കർ തപ്പി.  രക്ഷയില്ല,  കടക്കാർക്കൊഴികെ ലോകത്താർക്കും പിടികിട്ടാത്ത കോഡുകൾ മാത്രമേയുള്ളു. എൻറെ ഉദ്ദേശ ലക്ഷ്യം മനസ്സിലാക്കിയ പെങ്കൊച്ച് ഓരോന്നിന്റെയും വില പറഞ്ഞു. ഉള്ളതിൽ വില കൂടുതൽ എം.സി.ആറിന് തന്നെ.

"ദാണ്ടേ, ഞാൻ കഴിഞ്ഞ രണ്ടുവർഷമായി ഇതാ ഉടുക്കുന്നേ... ഒരു കുഴപ്പവും ഇല്ല.  അതുമല്ല നമ്മുടെ ലാലേട്ടൻ ഒക്കെ ഇതിട്ടല്ലേ തകർക്കുന്നെ.   ഇതൊക്കെ മടക്കിഉടുത്ത് അണ്ണൻ ഒരു വരവ് വന്നാലുണ്ടല്ലോ, എൻറെ പള്ളീ... പിന്നെ ഒരുത്തനും തടുക്കാനൊക്കുകേല"

ഇവൻ അണ്ണന്റെ കട്ട ഫാൻ ആണല്ലോ.  'ഗീവറുഗീസ് പുണ്യാളാ. ആ പാമ്പിൻറെ അണ്ണാക്കിൽ ഇട്ടുകൊടുത്ത കുന്തം ഇവൻറെ വായിലോട്ട് ഒന്ന് തള്ളി കൊടുക്കാമോ' എന്ന് ഞാൻ പ്രാർത്ഥിച്ചുപോയി.  അല്ലേലും നമ്മൾ എന്തെങ്കിലും സാധനം വാങ്ങാൻ പോകുമ്പോൾ എവിടെനിന്നെങ്കിലും ഇതുപോലുള്ള മാരണങ്ങൾ 'അത് വാങ്ങ്, ഇത് വാങ്ങ്' എന്നൊക്കെ പറഞ്ഞു വരും.  അതുപോലെതന്നെ ഒരു കവലയിൽ ഒരുത്തനോട് വഴിചോദിച്ചാൽ അമ്പതുപേർ  സഹായത്തിന് വന്ന് നമ്മളെ വട്ടാക്കിവിടും.

"കളർ ഒന്നും ഇളകില്ലല്ലോ അല്ലേ.."  കാവി മുണ്ടിൻറെ ഏറ്റവും വലിയ പോരായ്‌മയിൽ തന്നെ ഞാൻ കയറിപ്പിടിച്ച് ഞാൻ നുണക്കുഴിപെണ്ണിനോട്  ചോദിച്ചു.

"ഇല്ല സാറേ... കളർ നൂറുശതമാനം ഗ്യാരണ്ടിയാ... ഒരു കുഴപ്പവും ഇല്ല. ആരും ഇതുവരെ കംപ്ലയിന്റ് പറഞ്ഞിട്ടില്ല..."  ആ മുത്തുമണി മൊഴിഞ്ഞു.

അതൊരു ടെക്നിക്കൽ ആൻഡ് സൈക്കോളജിക്കൽ മൂവാണ്.  ഇതുവരെ കംപ്ലയിന്റ് ഇല്ല. ഇനിയൊട്ട് വരുമോ  എന്നുറപ്പുമില്ല.  യേത്?

"എൻറെ പൊന്നച്ചയാ ദാണ്ട് ഇങ്ങോട്ട് നോക്ക്യേ .. എൻറെ പിള്ളേരാണെ സത്യം രണ്ടുവർഷമായതാ.. ഇതുവരെ ങേഹേ ഒരു കംപ്ലയിന്റ് ..."

ഞാൻ അവനെ അടിമുടി ഒന്ന് നോക്കി.  എന്നേക്കാൾ മുതുക്കനായ  ഇവൻ എന്ന 'അച്ചായാ' എന്നൊക്കെ വിളിക്കുന്നത് എന്ത് ലൈസൻസിന്റെ പുറത്താ? അവന്റെ മുണ്ട് കണ്ടിട്ടാന്നേൽ  കഴുകിയിട്ട് രണ്ടുവർഷമായതാണെന്നും തോന്നുന്നുണ്ട്.

"ഇതങ്ങ് എടുക്ക് .. ഇനി എന്തോ നോക്കാനാ"  ആ പാമ്പിൻറെ മുന്നിൽനിന്നും രക്ഷപെടാനെന്നപോലെ ഭാര്യ പറഞ്ഞു.

എന്നാപിന്നെ അവൾ പറഞ്ഞതല്ലേ, അങ്ങെടുത്തേക്കാം. അനുസരണാശീലം സന്തുഷ്ടകുടുംബത്തിന് അത്യാവശ്യമാണെന്നാണല്ലോ ഇന്നസെൻറ്  പഠിപ്പിച്ചിരിക്കുന്നത് (അമ്മയുടെ മീറ്റിങ്ങിൽ മാത്രമല്ല, ഇന്നച്ചൻ സിനിമേലും തമാശപറയും എന്ന് നമുക്കെല്ലാവർക്കും അറിവുള്ളതുമാണല്ലോ).  ഞാൻ പോക്കറ്റിൽ തപ്പി. എം.സി.ആർ എങ്കിൽ എം.സി.ആർ. ലാലേട്ടൻ ഇതുമിട്ട് ആ ഓഞ്ഞ (സോറി ചാഞ്ഞ) നടത്തം നടക്കുന്നത് മനസ്സിൽ കണ്ട് ഒന്ന് രണ്ട് ലഡ്ഡുവും പൊട്ടിച്ചു.

പള്ളിപ്പെരുന്നാളിന് വച്ചിരുന്ന ബാക്കി ഫോട്ടോയൊക്കെ എടുത്ത് അകത്തേക്ക് വയ്കുമ്പോളും ആ തരുണീമണി എന്നെ നോക്കി ചിരിച്ചത് ഭാര്യ കാണാതെ ഞാൻ നുകർന്നുകൊണ്ട് പുറത്തേക്കിറങ്ങി.  ആ വായിനോക്കി, രണ്ടു വർഷമായി ഒരേമുണ്ടുടുക്കുന്നവൻ വലിയൊരു ബിസ്സിനസ്സ് നടത്തിക്കൊടുത്തു എന്ന ആധിപത്യത്തിൻറെ പേരിൽ ആ പെണ്ണിനോട് ഇരുന്നു സൊള്ളുമോ എന്നൊരു വളഞ്ഞചിന്ത  അപ്പോൾ എന്നിൽ പാഞ്ഞുപോകാതെയുമിരുന്നില്ല.

അങ്ങനെ ആ സുന്ദരിപ്പെണ്ണ് ചിരിച്ചുകൊണ്ട് എടുത്തുതന്ന എം.സി.ആർ മുണ്ടാണിന്ന്  രാവിലെ നാലുമണിക്ക്  കാവിയിൽ പെടുത്തിക്കളഞ്ഞത്.

വാഷിങ്ങ് മെഷീൻ ഉപയോഗിക്കാത്ത ഞാൻ, ഇന്നലെ സോപ്പിട്ട് കുതിർത്തുവച്ച തുണികളുടെ കൂട്ടത്തിൽ എൻറെ പുതിയ വെള്ള ബെന്നിയനുകളും ഷർട്ടും ഒക്കെയുണ്ട്. അതിൻറെകൂടെ ഈ കാവിമുണ്ടുകൂടി ഇട്ടത് ആ നുണക്കുഴിയിൽ വിരിഞ്ഞ ചിരിയും അതിനെപൊതിഞ്ഞ ഉറപ്പുമായിരുന്നു.   എന്നാൽ ഞാൻ തുണിപൊക്കിനോക്കിയപ്പോൾ എൻറെ പരുമലകൊച്ചുതിരുമേനീ.... ചങ്കുപൊട്ടിപ്പോയി. ഒരുമാതിരി അശോകചക്രവർത്തിയുടെ സാമ്രാജ്യത്തിന്റെ മാപ്പുപോലെ എൻറെ വെള്ളബനിയനുകളിൽ എല്ലാം കാവിക്കളർ അതിക്രമിച്ചുകയറിയിരിക്കുന്നു !!

സത്യം പറയാമല്ലോ, ആ നുണക്കുഴിക്കവിളിയേയും അവൾക്ക് സപ്പോർട്ട് നൽകിയ ആ ഊച്ചാളിയെയും കംസൻ പണ്ട് കൃഷ്ണനെന്ന് കരുതി ആ പെങ്കൊച്ചിനെ എടുത്തടിക്കാനൊക്കിയപോലെ അലക്കാൻ തോന്നി.  ഒപ്പം എന്നെ നിർബന്ധിച്ച് ഇതെടുപ്പിച്ച എൻറെ വാമഭാഗം എന്ന മഹതിയെയും ക്ഷ.. ഞ്ച.. ഞ്ഞ... ജ്ജ .. വരപ്പിക്കാൻ തോന്നിപ്പോയനിമിഷം. പിന്നെ , എത്ര വലിയ ഉഗാണ്ടയിൽനിന്നായാലും കാവിമുണ്ട് വെള്ളത്തുണിയോടൊപ്പം ഇട്ട് അലക്കാൻ എനിക്ക് തോന്നിയെ വെളിവുകേടിനെയും അങ്ങ്  ചീത്തവിളിച്ചു.

തുണിയലക്കി അയയിൽ വിരിക്കുമ്പോൾ ഞാൻ ആലോചിച്ചു. എന്തായാലും ഈ കാവിവൽക്കരണം എൻറെ അടിവസ്ത്രത്തിൽ മാത്രമായത് നന്നായി. നാട്ടുകാർ കാണില്ല, പൊക്കിനോക്കുകയുമില്ല.  എന്നാൽ ഇത് ഷർട്ടിൽ വല്ലോമായിരുന്നേൽ ഒരു റിലാക്സേഷനും കിട്ടാതെ പണ്ടാറമടങ്ങിയേനെ.

Monday, November 6, 2017

മനസ്സിൽ മാന്തളിർ പൂക്കും കാലം: 'മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ് വർഷങ്ങൾ' വായനാനുഭവം

എന്തിന് വേണ്ടിയാണ് നിങ്ങൾ വായിക്കുന്നത്? അക്ഷരത്തോടുള്ള സ്നേഹം കൊണ്ടോ? അതോ കലയോടും സംസ്കാരത്തോടുമുള്ള പ്രതിപത്തി കൊണ്ടോ? അതോ നിങ്ങൾ നല്ലൊരു വായനക്കാരനാണെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിക്കാനോ?

കയ്യിലെ കാശുകൊടുത്ത് ഒരാൾ വായനക്കായി ഒരു ബുക്ക് വാങ്ങിക്കുന്നെങ്കിൽ അതിന് പ്രധാനകാരണം അക്ഷരങ്ങൾ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്ന ഒരനുഭൂതിയുടെ ലോകത്തിന് വേണ്ടി മാത്രമാണ്.  ആലീസ് അത്ഭുതലോകത്തേക്ക് പോകുംപോലെ ഒരു യാത്ര.  കുറെ നേരമെങ്കിലും നാം നമ്മെ മറക്കുകയും അക്ഷരശില്പങ്ങൾ തീർക്കുന്ന ജീവൻറെ തുടിപ്പുകളിലേക്ക് എഴുത്തുകാരനൊപ്പം ഒരു യാത്ര.  അത്തരമൊരു യാത്രയായിരുന്നു ബെന്യാമീന്റെ 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ' എന്ന നോവലിലൂടെ.  മനസ്സിന്റെ വായനാമുറിയുടെ കോണിൽ ഒരു ചെറുസ്‌ഥലം കയ്യടക്കി മാന്തളിർ മുറ്റം അങ്ങനെ തുടരുകയും ചെയ്യും.

കഥയിലേക്ക് ഒരെത്തിനോട്ടം 
ഈ കഥ പറയുന്നത് മൂന്നുപേർ ചേർന്നാണ്. എഴുത്തുകാരൻ എന്ന ഞാൻ, അകാലത്തിൽ മറഞ്ഞുപോയ മോഹൻ, പിന്നെ ജനിക്കാതെ മരിച്ചുപോയ റൂഹാ.  അക്കപ്പോരിൻറെ നസ്രാണിവർഷങ്ങൾ നടന്ന അതേ മാന്തളിർ ദേശം, അതേ മാന്തളിർ തറവാട്.  ഇവിടെയും സാധാരണക്കാരുടെ ജീവിതവും, പള്ളിയും, ഒക്കെ വന്നുകയറുന്നുണ്ടെങ്കിലും മാന്തളിർ കുഞ്ഞൂഞ് രണ്ടാമൻ ചെങ്ങന്നൂര് റെയിൽവേ സ്റ്റേഷനിൽ മന്ദാകിനികൊച്ചമ്മയും, കോമ്രേഡ് ജിജനുമായി വന്നിറങ്ങുന്നുമുതൽ അതുവരെയില്ലാത്ത ഒരു രാഷ്ട്രീയ തിളപ്പും ദേശത്ത് വന്നുചേരുന്നു.  പിന്നങ്ങോട്ട് അക്കപ്പോരുപോലെ രാഷ്ട്രീയപ്പോരാണ്-വീട്ടിലും, നാട്ടിലും.

കാമുകി ആൻസിയുടെ കണ്ണുനീരും ആലിംഗനവും പറ്റിപ്പിടിച്ച മുഖവുമായി അച്ചാച്ചന്റെ പെട്ടി തപ്പി അതിൽ തൻറെ മോഹൻാച്ചായന്റെ പഴയ നോട്ടുപുസ്തകം കാണുകയും അതിൻറെ താളുകളിൽ കുറിച്ചിട്ടിരിക്കുന്ന വരികൾ കണ്ട് കാലിനടിയിൽ ഓലപ്പടക്കം പൊട്ടുന്ന അനുഭവം ഉണ്ടാവുകയും ചെയ്യുന്നിടത്ത് കഥ തുടങ്ങുകയായി.

പിന്നെ ഒന്നൊന്നായി മാന്തളിർ ദേശത്ത് രാഷ്‌ട്രീയത്തിന്റെ ചുവന്ന നിറം പടരുകയാണ്. 20 വർഷത്തിന് ശേഷം നാടുവിട്ടുപോയ കൂഞ്ഞൂഞ്ഞ് രണ്ടാമൻ തിരികെ കുടുംബത്ത് വന്നതിൻറെ പ്രശ്നങ്ങൾ, സാറയും മോഹനും തമ്മിലുള്ള പ്രണയകഥകൾ, മന്നം ഷുഗർമില്ലിന്റെ ജനനവും, ഉയർച്ചയും, തളർച്ചയും.  മോഹന്റെ  അകലമരണത്തിനു ശേഷം കഥ തുടർന്നുകൊണ്ടുപോകുന്ന കഥാകാരൻ.  പതിനഞ്ച് ഭാഗങ്ങളായി 127 കഥകളിലൂടെ ചിരിയും, ചിന്തയും പിന്നെ ഒരു വിങ്ങലും സിരകളിൽ പടർത്തി  ഒരു സറ്റയർ എന്ന രീതിയിൽ പറഞ്ഞു പോവുകയാണ് ബെന്യാമീൻ.   ചില കഥകൾ ഉള്ളിൽ തട്ടുമ്പോൾ ചില കഥകൾ നിങ്ങളുടെ കവിളിലൂടെ ഊറിപ്പുറത്തുവരുന്ന പുഞ്ചിരിയായും, അടക്കിപ്പിടിച്ചുനിർത്താനാകാത്ത ചിരിയായും പരിണമിച്ചേക്കാം.

നിഷ്കളങ്കനായ ഒരു കുട്ടി പറയുന്നമാതിരിയാണ് ബെന്യാമീൻ കഥയുടെ മുക്കാലും ഭാഗം അവതരിപ്പിക്കുന്നത്. ഗണപതിയെക്കൊണ്ടും, കിളിയെക്കൊണ്ടും പണ്ട് നടത്തിയ ഈ കഥാകഥനരീതി എഴുത്തുകാരനെ പല 'അറംപറ്റലുകളിൽ' നിന്നും രക്ഷിക്കും. അതുകൊണ്ടു തന്നെ, മൂക്കത്ത് വിരൽവയ്ക്കാതെ ശ്ലീലമല്ലാത്ത പലതും നിങ്ങൾക്ക് ഒരു ചിരിസമ്മാനിച്ച് കടന്നുപോകും. മാന്തളിർ കുടംബത്തിലെ ആണുങ്ങളുടെ ആരോഗ്യത്തിന്റെ രഹസ്യം പറയുമ്പോളും, ആൺകുട്ടികളുടെ ചുണ്ണാപ്പിയും, പെരിസ്‌ട്രോയിക്കയും, അംശവടികളും കാണുമ്പോളും തലയറഞ്ഞു ചിരിക്കാനല്ലാതെ കഥാകാരനെ തെറിവിളിക്കാൻ തോന്നില്ല.

വായനക്കാരനായ കസ്റ്റമർ 
തിരുവനന്തപുരം എയർപോർട്ടിലെ ഡിപ്പാർച്ചർ ലോഞ്ചിലുള്ള ഡി.സി. ബുക്സിൽ നിന്നാണ് ഈ പുസ്തകം വാങ്ങിയത്.  ബെന്യാമീന്റെ പുതിയ നോവൽ വന്നിട്ടുണ്ടെന്നറിഞ് അതൊന്നെടുത്ത് നോക്കി എല്ലാ മലയാളികളെയും പോലെ ബുക്കിന്റെ ചന്തിതിരിച്ചുപിടിച്ച് വിലനോക്കി നെടുവീർപ്പിട്ടു.  ബാറ്റയുടെ വിലപോലെ 399 രൂപ. പേജിന് പറഞ്ഞുവരുമ്പോൾ ഒരു രൂപ വീതം!  ഇഗ്ളീഷ് ബുക്കുകളുടെ മുട്ടൻ വില നമ്മുടെ മലയാളത്തിലേക്ക് വ്യാപിച്ചോ എന്നുള്ള സന്ദേഹത്തോടെ ഷെൽഫിൽ മാന്തളിർ തിരികെ വച്ച് നടന്നെങ്കിലും ഏതോ ഒരു കാന്തിക ശക്തി എന്നെ തിരിച്ചുവിളിപ്പിച്ച് വാങ്ങി ബില്ലടിപ്പിച്ചു!  അത്ര വർണ്ണശബളമോ ആകർഷണീയമോ അല്ലാത്ത പുറംചട്ടയാണെങ്കിലും അതിൻറെ മേൽ വലിയ അക്ഷരത്തിൽ പതിഞ്ഞുകിടക്കുന്ന എഴുത്തുകാരൻറെ  മുൻകാല ബുക്കുകളുടെ  വായനാനുഭവമാണ് എന്നെ വലിച്ചടുപ്പിച്ചത് എന്ന് വേണേൽ പറയാം. മുടക്കുമുതലിന് 70 മുതൽ 80 ശതമാനം വരെ തൃപ്തി നൽകുന്ന വാങ്ങൽ ആണിതെന്ന് വായന കഴിയുമ്പോൾ നിങ്ങൾക്കും മനസ്സിലാകും.

നമ്മുടെ സർക്കാർ എത്രയോ പണം ഒഴുക്കിക്കളയുന്നു. എത്രയോ അവാർഡുകൾ സംഘടിപ്പിക്കുന്നു. എന്നാൽ സിംഹവാലൻ കുരങ്ങിനെപ്പോലെയോ, ജപ്പാനിലെ പാണ്ടയെപോലെയോ വംശനാശം നേരിടുന്ന വായനയെ ഒന്ന് പരിപോഷിപ്പിക്കാൻ പ്രസാധകർക്ക് മാന്യമായ സബ്‌സിഡി ഒക്കെ കൊടുത്താൽ എന്താ കുഴപ്പം എന്നൊരു ചിന്ത എൻറെ മനസ്സിൽ ഇപ്പോൾ വന്നുപോവുകയാണ്.

തിരിച്ച് മാന്തളിരിലേക്ക് 
കഥയുടെ മുക്കാൽപങ്കും നിങ്ങൾക്ക് ചിരിക്കാനും ചിന്തിക്കാനും ഉതകുന്ന സംഭവങ്ങൾ ഒന്നൊന്നായി ബെന്യാമീൻ അടുക്കി വച്ചിരിക്കുകയാണ്.   എന്നാൽ അവസാനഭാഗങ്ങളിലേക്ക് നമ്മൾ കടക്കുമ്പോൾ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒട്ടനവധി മുഹൂർത്തങ്ങളിലേക്കാണ് നമ്മൾ ചെന്നുചേരുന്നത്. താൻ ജനിച്ചുവളർന്ന മണ്ണിൻറെ കഥ ആ നാടിൻറെ ഭാഷയിൽ തന്നെ കഥാകാരൻ പറയുമ്പോൾ ഏതൊരു മലയാളിക്കും പ്രത്യേകിച്ച് മദ്ധ്യതിരുവതാംകൂറുകാർക്ക് ഏറെ ആസാദ്യമായ് തോന്നാം.  കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലെ ഭാഷാരീതിയിലുള്ള രചനകൾ വായിച്ചിട്ടുണ്ടെങ്കിലും പത്തനംതിട്ട, പന്തളം , അടൂർ പ്രദേശങ്ങളിലെ സംസാരശൈലിയിൽ ഞാൻ കഥ വായിക്കുന്നത് മാന്തളിർ ദേശത്തെ രണ്ട് കൃതികളിലൂടെയാണ്.

സാധാരണക്കാരൻറെ അസാധാരണ പ്രതിസന്ധിയുടെ കഥയായിരുന്നു ആടുജീവിതം എങ്കിൽ, അതിനുശേഷം വന്ന മഞ്ഞവെയിൽ മരണങ്ങളിലും,  ഇരട്ടനോവലുകളിലും വ്യത്യസ്ത രചനാശൈലിയായിരുന്നു.  ഇവിടെയാകട്ടെ  മാന്തളിർ മുറ്റത്ത് പൂത്തുലഞ്ഞുനിൽക്കുന്നസാധാരണക്കാരുടെ  ജീവിതം നിങ്ങളുടെ മുറ്റത്തും  കഥാകാരൻ പറിച്ചുനടുകയാണ്. ആടുജീവിതത്തിന്റെ പ്രത്യേകത അത് ബുദ്ധിജീവികൾക്ക് വേണ്ടി മെനഞ്ഞ കഥയായിരുന്നില്ല എന്നതാണ്. തകഴിയേയും, എം.ടി യെയും, ബഷീറിനെയും, വി.ജെ. ജെയിംസിനെയും ഒക്കെ നമ്മൾ ഇഷ്ടപ്പെടുന്നത് എഴുത്തിലെ ലാളിത്യം കൊണ്ടുകൂടിയാണ്.

പലരും എഴുതുന്നു മാന്തളിരിലെ  20 കമ്യൂണിസ്റ്റ് വർഷങ്ങൾക്ക് അവാർഡ് കിട്ടും, ബെന്യാമീൻറെ ഏറ്റവും നല്ല കൃതിയാണിത് എന്നൊക്കെ.  എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ബെന്യാമീൻ അറിയപ്പെടുക ആടുജീവിതത്തിന്റെ എഴുത്തുകാരൻ എന്ന നിലയിൽ തന്നെയാണ്. തകഴിയും ചെമ്മീനും പോലെ,  എം.ടിയും രണ്ടാമൂഴവും പോലെ, ഒ.വി വിജയനും ഖസാക്കും പോലെ,  പെരുമ്പടവും സങ്കീർത്തനവും പോലെ,  പുനത്തിലും സ്മാരകശിലകളും പോലെ.......  ഒപ്പം,  അവാർഡ് കിട്ടി ബുദ്ധിജീവികളുടെ താടിക്കും, മുടിക്കും ഇടയിൽപോയി ഈ കഥ ഒളിക്കരുതേ എന്നും ആഗ്രഹം ഉണ്ട്

അവസാനവാക്ക് 
മന്തളിരിലെ മൂന്നുകഥകളിൽ രണ്ടാമത്തേതാണിത്.  ഇനി വരുന്നത് 20 പ്രവാസവർഷങ്ങളാണ് എന്ന ആശയുടെ തീരത്തിരുത്തി കഥാകാരൻ പ്രവാസലോകത്തേക്ക് പോവുകയാണ്.  വീണ്ടും തിരികെ വരാൻ.  മോഹനും, റൂഹായുമൊത്ത് കഥപറയാൻ.

മനസ്സിൽ  കിടക്കുന്ന കഥ സത്തചോരാതെ എഴുതി വായനക്കാരനിൽ എത്തിക്കുക എന്നതാണ് കഥാകാരൻറെ വിജയം.  അതിൽ വലിയ പാകപ്പിഴകൂടാതെ ബെന്യാമീൻ വിജയിച്ചിട്ടുണ്ട്. 416 പേജിൽ നിറയുന്ന ഈ 127 കഥകൾ ഒരിക്കൽക്കൂടി വായിക്കണം എന്ന് വായനക്കാരനെ പ്രേരിപ്പിക്കുന്ന എഴുത്താണിത്.  അവസാന പേജുകഴിഞ്ഞാലും മന്തളിർമുറ്റത്ത് തന്നെ നിങ്ങൾ താങ്ങിയും ഓങ്ങിയും അങ്ങ് നിന്നുകളയും. "മാഡം തൂറി കാഴ്വാർഡ  മോളെ /  മോനെ..." എന്ന് വല്യാച്ചായൻ  ചീത്ത വിളിക്കുംവരെയും നമ്മളിലെ ചണ്ണികുഞ്ഞും, മോളിയും ഒക്കെ ചുണ്ണാപ്പിയിൽ പിടിച്ചും, ചൂച്ചാപ്പിയിൽ ചൊറിഞ്ഞും അവിടങ്ങനെ നിന്നുകളയും.

-----------------------------------------------------------------------------
പുസ്തകം: മന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ - ബെന്യാമിൻ
പ്രസാധകർ: ഡി. സി. ബുക്‌സ്
വില:  399 രൂപ
പേജ് : 416 

Friday, October 27, 2017

ചിന്താഭാരം വീട്ടിൽ... മാവോയിസം റോട്ടിൽ

വെള്ളിയാഴ്ച ഫോൺ വിളിക്കുമ്പോൾ കെട്ടിയോൾക്കൊരു ഏനക്കേട്. പതിവുപോലെയുള്ള തുള്ളിവരവാണെന്ന് വായനക്കാർ കരുതിയേക്കരുത് . ഇത് ഇത്തിരി ചിന്താവിഷയമാക്കേണ്ടതാണെന്ന് എന്നെപ്പോലെ നിങ്ങൾക്കും പുടികിട്ടിക്കോളും.

"അതെ.. ഈ യൂടൂബിലും വാട്സാപ്പിലും ഒക്കെ  കെടന്ന് ചെലക്കുന്ന ആ പെണ്ണ് ഏതാ?"

ദൈവമേ, എൻറെ മനസ്സൊന്ന് കാളി! ഇതിപ്പോ വശപ്പെശക് സംഗതിയാണ്. അല്ലേൽ ഒരുപെണ്ണ് വേറൊരുത്തിയെപ്പറ്റി ഇത്ര ദേഷ്യത്തോടെ ചോദിക്കില്ല.  എന്നെച്ചുറ്റിപ്പറ്റി വാട്സാപ്പിലും യുട്യൂബിലും  കുഴപ്പക്കാരിപെണ്ണുങ്ങൾ ആരും തന്നെ ഇല്ല എന്ന് സ്വയം തീർച്ചപ്പെടുത്തിക്കൊണ്ട് ഞാൻ തിരിച്ച് അവളോട് ചോദിച്ചു.

"ഏതുപെണ്ണാ? എനിക്കറിയില്ല ..."

"ഓ .. അറിയില്ല... രാവിലെ തൊട്ട് എന്നോട് സംസാരിക്കാൻപോലും സമയമില്ലാതെ വായനയും, കുത്തിക്കുറിക്കലുമാ.. എന്നിട്ട് ഞാനോ കൊച്ചോ വല്ലോം ചോദിച്ചാൽ കയ്യൊഴിഞ്ഞുകളയും.."

എൻറെ ഗീവറുഗീസ്‌ പുണ്യാളാ... ഇതിപ്പോ പെമ്പ്രന്നോര് എന്നതിനുള്ള പുറപ്പാടാന്ന് വെളിവാകുന്നില്ലല്ലോ എന്ന് ഞാൻ നിരൂപിച്ചതും ദേ വരുന്നൂ അവളുടെ അടുത്ത ഡയലോഗ്.

"ഈ ജിമിക്കി കമ്മലിനെയും സെൽഫിയെടുക്കുന്നതിനെപ്പറ്റിയും ഏതോ ഒരുത്തി വല്യ ചുരിദാറും ഒക്കെയിട്ടൊണ്ട് നിന്ന് ചൊറിയുന്ന കണ്ടല്ലോ.. അവളേതാ?"

അടിബലേ ... അതുപറ. അപ്പോ അതാണ് കാര്യം. ഇവൾ പറഞ്ഞു വരുന്നത് നുമ്മ ചിന്താ പെങ്കൊച്ചിന്റെ കാര്യമാ.  നാടായ നാട് മുഴുവൻ നമ്മടെ ഡി.സി. ബുക്സിന്റെ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ബുക്കിന്റെ എഴുത്തുകാരൻ കണ്ണന്താനം സാറിൻറെ സഹധർമ്മിണിയെ വിട്ട് ചിന്തേച്ചിയുടെ തോളേൽ ട്രോളിക്കൊണ്ടിരിക്കുവാണല്ലോ.  അല്ല ഇവൾക്കിപ്പോ ചിന്ത ജെറോം വല്ലോം പറഞ്ഞാൽ ഇളക്കമെന്തിനാ?

"നിനക്കെന്തുവേണം? അവർ വല്ലോം പറഞ്ഞിട്ടുപോകട്ടെ. നീയും ഇതുമായിട്ടെന്താ ബന്ധം?"

"അത് ശരി.. നമ്മൊക്കൊന്നും അപ്പോ പ്രതികരിക്കാനും പറ്റില്ലേ?  നിങ്ങൾ കമ്യൂണിസ്റ്റാണോ?"

"അത്... ഇച്ചിരി.. ഇച്ചിരി മാത്രം.."  ഞാനൊന്ന് ചുരുങ്ങിപ്പോയി. നമ്മുടെ നമ്പൂരിച്ചനും, നായനാരും ഒക്കെ ദി ഗ്രേറ്റ് ഒളിവുകാലത്ത് പാത്തും പതുങ്ങിയും നടന്നപോലെ ഞാനും ഒരു പമ്മിക്കളി നടത്താൻ നോക്കി.

"ങാഹാ... അത് പറ.. നിങ്ങൾ കമ്യുണിസ്റ് ആയതെന്നാ?"

എൻറെ അത്തിപ്പാറ അമ്മച്ചി.. സത്യമായിട്ടും ഞാൻ നെഞ്ചത്ത് കൈവച്ചുപോയേ. ഇവളിനി ഇത് പാടിനടക്കുമോ? അപ്പനപ്പൂപ്പന്മാരായി നല്ല ഫാസ്‌ക്ലാസ് കോൺഗ്രസുകാരനായ കുടുംബത്തിൽ ഞാനെങ്ങനെ കുലംകുത്തിയായി എന്നവൾ കരുതുന്നുണ്ടാവും. അതുമാത്രമല്ല, വേറൊരു കുനഷ്ടും അതിലൊളിഞ്ഞു കെടപ്പൊണ്ട്.  നല്ല ഒന്നാന്തരം മൂത്ത കോൺഗ്രസ്സുകാരനാണ് അവടപ്പൻ.  അങ്ങേരിതറിഞ്ഞാൽ ജൂതസിനെപ്പോലെയോ, ബ്രൂട്ടസിനെ പോലെയോ (തെറ്റിദ്ധരിക്കരുത്, നമ്മ ബ്രിട്ടാസ് അല്ല) എന്നെകരുതും. 'മരുമോൻ അന്നേലും കമ്യുണിസ്റ് ആണേൽ ആ നാറിയെ എൻറെ കുടുംബത്ത് കേറ്റില്ല' എന്ന് വേണേൽ പ്രതിജ്ഞയും എടുത്തുകളയും എന്ന് എൻറെ ഉള്ളൊന്നു കാളി. പണ്ടൊരിക്കൽ ആൻറണി സാർ ആർക്കും കൊണമില്ലാത്ത മന്ത്രിയാണെന്ന് ഒന്ന് പറഞ്ഞതിൻറെ ദുർവാസാവ് ക്രോധം ഞാൻ കണ്ടതുമാണ്. എൻറെ മോൾ ഒരു കമ്യുണിസ്റ്റ് കാരന്റെ കൂടെ പൊറുക്കുന്നതിലും നല്ലത് ആ  പരനാറിയെ കളഞ്ഞേച്ചുവരുന്നതാണെന്ന് മൂപ്പിലാന് ചിലപ്പോ തോന്നിയാലോ?  എന്നാ പിന്നെ നിങ്ങൾ കരുതും തുമ്മിയ തെറിക്കുന്ന മൂക്കന്നേൽ അങ്ങ് പോട്ടെന്ന് വച്ചൂടേന്ന്. കാര്യം ശരിയാ, ഇതിനെ ഒഴിവാക്കാം. ബട്ട്,  നിങ്ങളെപ്പോലെതന്നെ കുടുംബത്തിൽ  ഒരു പെമ്പറന്നോത്തി ഇല്ലാതെ എന്നെപ്പോലൊരാണിനും കഴിയാൻപറ്റാത്ത ഈ ദുനിയാവിൽ കൊന്നതെങ്ങ് വിട്ടേച്ച് മുള്ളുമുരിക്കേൽ കേറുന്നപോലാകുമോ പിന്നങ്ങോട്ട് എന്നൊന്ന് ചിന്തിക്കുമ്പോൾ  ഇവളെ ഒട്ടങ്ങ്  ഒഴിയാനും തോന്നൂല്ല.  'പിടിച്ചതിനേക്കാൾ വലുത് അളയിൽ' എന്ന് പണ്ട് അപ്പനപ്പൂപ്പന്മാരായി പറഞ്ഞിട്ടുള്ളതുമാണല്ലോ. അപ്പോ ഞാനൊന്ന് ഭയക്കുന്നതിൽ തെറ്റുണ്ടോന്ന് നിങ്ങള് വായനക്കാര് പറ.

"അല്ല അവളെന്തോന്നൊക്കെയാ വിളിച്ചു പറേന്നെ?  അമ്മയുടെ ജിമിക്കി അപ്പൻ എവിടാ കട്ടോണ്ടുപോയെന്നും, ആരാ ഇവിടിപ്പോ ജിമുക്കി ഇടുന്നെന്നും, അപ്പൻറെ ബ്രാണ്ടിക്കുപ്പി അമ്മയെന്തിനാ കുടിച്ചു തീർത്തെന്നും ഒക്കെ ചോദിക്കാൻ അവളാരാ?  പിന്നെ സെൽഫിയെപ്പറ്റി എന്തോന്നാ പറഞ്ഞേ? സന്ദേശം സിനിമേലെ ശങ്കരാടി ബോബികൊട്ടാരക്കരയോട്  'കൊളോണിയലിസവും, ചിന്താസരണികളും, വരട്ടുവാദവും' എന്നൊക്ക പറയുംപോലെ എനിക്കൊന്നും മനസ്സിലായില്ല"

പുണ്യാളച്ചാ കൊളോണിയലിസവും, ചിന്താസരണികളും, വരട്ടുവാദവുംഎന്നൊക്കെ പറയാൻ ഇവളും പഠിച്ചോ. അപ്പൊ ഇനി സത്യമായിട്ടും ഞാൻ പേടിക്കണം. മനസ്സിൽ  ഒരു വെള്ളിടിവെട്ടിയെന്ന് നിങ്ങൾക്ക് ഞാൻ പറയാതെ മനസ്സിലായിക്കാണുമല്ലോ.

എടിയേ ... നീ എന്തിനാ ഈ വേണ്ടാത്തതൊക്കെ ചിന്തിക്കുന്നേ. ആ പെണ്ണ് വല്ലോം എവിടെയെങ്കിലും പോയി പറഞ്ഞോട്ടെ. നിനക്കെന്തൊ കുന്തമാ? പിന്നെ നിനക്ക് വേറൊരു കാര്യം വേണേൽ ഞാൻ പറഞ്ഞുതന്നേക്കാം"

"അതെന്താ...?" ക്യൂരിയോസിറ്റി കാരണം ഇനിയവൾ തറയിൽ നിക്കില്ലെന്നാനിക്കറിയാം.

"പറ...." അവൾ ചിണുങ്ങി. അല്ലേലും കാര്യസാദ്ധ്യസമത്ത്  നമ്മൾ ആണുങ്ങളെ ഈ പെണ്ണുങ്ങൾ അങ്ങ് ഒലിപ്പിച്ചുവീഴ്ത്തിക്കളയും. എത്ര സന്യാസിമാരുടെ തപസ്സ് മുടക്കിയവളുമ്മാരാ ഇതുങ്ങൾ? നുമ്മ ആണുങ്ങളുടെ വീക്കിനസ്സെൽ ഇടയ്ക്കിടെ കേറിയങ്ങ് പിടിച്ചുകളയും.

"അതേ ... ഈ പെങ്കൊച്ചിനെ പാർട്ടിക്കുള്ളിൽ തന്നെ പലർക്കും ഇഷ്ടമല്ല. വായിൽ തോന്നുന്നത് കോതക്ക് പാട്ടെന്ന മട്ടിലല്ലിയോ അതിൻറെ പ്രസംഗങ്ങൾ ഒക്കെ.  പിന്നെ കാര്യഗൗരവവും പക്കുവത ഇല്ലാത്തതും ആണെന്ന് പലർക്കുമറിയാം. അതുകൊണ്ടങ്ങു പോട്ടെന്നു വക്കുവല്ലിയോ പാർട്ടി?"

"ആന്നോ?"

"പിന്നല്ലാതെ. അല്ലേലും നീ അവടെ ഡ്രസ്സിങ് ഒക്കെ നോക്കിയിട്ടുണ്ടോ? വല്ല ഡ്രസ് സെൻസുമുണ്ടോ അതിന്?

"അന്നോ... അയ്യടാ അത് ഞാൻ അത്ര ഗൗനിച്ചിട്ടില്ലല്ലോ!!"

"അല്ല പിന്നെ... ഇതുങ്ങൾക്കൊന്നും ഒരു പണിയും ഇല്ലന്നേ. ഇടുന്നത് ഫാഷൻ ഡ്രസ്സ്, ജിമുക്കി കമ്മൽ, എടുക്കുന്നത് മൊത്തം സെൽഫി... എന്നിട്ട് ഇതുപോലെ അവിടേം ഇവിടേം പോയി പ്രസംഗിച്ചോളും. ബി.ജെ.പിക്കാരും കോൺഗ്രസ്സുകാരും ഇതും നോക്കിക്കൊണ്ടിരിക്കുവല്ലിയോ, അതേലും  മനസ്സിലാക്കണ്ടേ.."

"അതും ശരിയാ..."

കണ്ടോ പെണ്ണുംപിള്ള  എൻറെ വഴിക്കു വരുന്നെ? കാരണം എന്താ? വേറൊരുത്തിയുടെ  ചുരിദാറും കമ്മലും കൊള്ളത്തില്ലന്നല്ലിയോ ഞാനിപ്പോ അങ്ങോട്ട് അലക്കികൊടുത്തത്?

"അല്ലെത്തന്നെ നീ നമ്മുടെ അക്കുമോനെ നോക്കിയേ,  അവനെത്ര വയസ്സുണ്ട്? ഒന്ന്. ആ പൂഞ്ഞാണ്ടിചെറുക്കൻ പോലും ഈ ജിമിക്കികമ്മൽ ടി.വി യിൽ വരുമ്പോ പൂച്ച എലിയെപ്പിടിക്കാൻ മാളത്തിനു പുറത്ത്  ഇരിക്കുന്നപോലെ കുത്തിയിരിക്കുന്നത് എന്തിനാ? എടീ ആ താളവും, ഡാൻസും ഒക്കെ കണ്ടാ. അല്ലാതെ അതിന്റെ വരികളും അതിൻറെ ബ്രാണ്ടിക്കുപ്പിയും ഒക്കെ ആരുനോക്കുന്നു? ഒന്നും രണ്ടും വയസൊള്ള പുള്ളാര് വരെ കുത്തിയിരുന്ന് കാണുമ്പോ പിന്നെ ഇവളുമാർക്കൊക്കെ എന്നാത്തിൻറെ എനക്കെടാ? കുശുമ്പ്.. അല്ലാതെന്താ? സിംപിൾ"

"അത് ശരിയാ.. പണ്ട് ഏക് ദോ തീനും, ചോളീ കെ പീച്ചെയും, മുക്കാബലയും ഒക്കെ വന്നപ്പോൾ വീട്ടുകാർ ഇതുപോലെ കെടന്ന് തുള്ളിയതാ ... ങ്‌ഹും..."

"അല്ലാതെ പിന്നെ. നീയൊന്ന് ചുമ്മാതിരി. ഇഷ്ടംപോലെ ജിമുക്കി കമ്മൽ ഇട്ടോ.  പക്ഷേ എൻറെ ബ്രാണ്ടിക്കുപ്പി അടിച്ചോണ്ടുപോകരുത്..."

"അതേ, ജിമിക്കിയുടെ കാര്യംപറഞ്ഞപ്പോളാ ഓർത്തെ,  ഇനി ദുഫായീന്ന് വരുമ്പോൾ എനിക്ക് രണ്ടുപവൻറെ ഒരു മാലയങ്ങ് വാങ്ങിക്കൊണ്ട് പോര് ..."

ദൈവമേ ഇത് വേറൊരു വള്ളിക്കെട്ടാകുമോ?

"ഹാലോ... ഹാലോ... കമ്പിളിപ്പൂതപ്പെ.. കമ്പിളിപ്പൂതപ്പെ.."

ഞാൻ ഫോൺ വച്ചു.  അപ്പോൾ എൻറെ മനസ്സിൽ ഒരു പാട്ട് വന്നു.

"ചിന്താഭാരം വീട്ടിൽ... മാവോയിസം റോട്ടിൽ ..."

Wednesday, October 4, 2017

കറുപ്പും വെളുപ്പും

പ്രിയേ....

നിനക്ക് നൽകാൻ എൻറെ നെഞ്ചിലെ ചൂടും, എൻറെ വിരൽത്തുമ്പിലെ തണുപ്പും, കണ്ണുകളിൽ ഉറഞ്ഞുകൂടുന്ന വികൃതികളും ബാക്കി.  നിൻറെ കപോലങ്ങളിൽ നിറയുന്ന താപം നുകരുവാൻ എൻറെ ചുണ്ടത്ത് ചുംബനമൊട്ടുകൾ വിടരുന്നു.

സ്നേഹവുംകൂടി ചാലിച്ച് നീ നല്കുന്നതിനപ്പുറം നൽകുവാൻ ഇനി ആർക്കാകും എന്ന സന്ദേഹം എന്തിനാണ് കള്ളീ നീ എന്നിൽ പടർത്തുന്നത്?  എന്നെ ആലിംഗനം ചെയ്ത്  നീ നൽകിയ നഖക്ഷതങ്ങൾ കാതിൽ മന്ത്രിക്കുന്ന ചെറുകഥകൾ ഒരു തൂവൽസ്പർശം പോലെ ഹൃദയതന്ത്രികളെ തരളിതമാക്കി ഏതോ ചെറു സംഗീതം അറിയാതെ പൊഴിച്ചുപോകുന്നല്ലോ.

എൻറെ ചുംബനത്തിന്റെ തഴമ്പുകൾ നിറഞ്ഞ നിൻറെ മൂർദ്ധാവിൽനിന്നും ജനിക്കുന്ന സുഗന്ധം എൻറെ സ്നേഹമേ... എന്നെ ഉന്മത്തനാക്കുന്നതെന്താണ്?എൻറെ നെഞ്ചിലെ കുറുകലിലേക്ക് ചായുന്ന നിൻറെ മുഖം എന്നോട് പറയാതെ പറയുന്ന നൊമ്പരചിന്തുകൾ ഞാൻ എൻറെ ഇടകയ്യാൽ നിൻറെ കാർകൂന്തൽ തഴുകി, തഴുകി മായ്ക്കാൻ ശ്രമിക്കട്ടെ?

നിൻറെ ചാരെ ഞാൻ നിൽക്കുമ്പോൾ എൻറെ നഷ്ടങ്ങൾ ഒന്നുമല്ലാതായിത്തീരുന്നതെന്താണ്? നേടിയതും നേടാനുള്ളതും എല്ലാമെല്ലാം നിൻറെ ഇളംമേനിയിൽ തലോടുമ്പോൾ എന്നിൽനിന്നും അകന്നകന്ന് പോകുന്നതെന്താണ്?  നിൻറെ സ്പർശം എന്നെ ഒരു മാന്ത്രികദ്വീപിലേക്ക് നയിച്ച് എനിക്കിത്രനാൾ നഷ്ടമായത്തിന്റെ പതിന്മടങ്ങ് പകർന്നുനൽകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.

ഇനിയെങ്കിലും പറയുമോ നീ ആരാണെന്ന്? എന്താണെന്ന്?

കള്ളചിരിയിൽ നീ ഉത്തരം ഒളിപ്പിക്കാൻ ശ്രമിക്കേണ്ട. എനിക്കറിയാം ഞാനീ പറഞ്ഞതെല്ലാം എന്നെക്കൊണ്ടുതന്നെ മാറ്റിപ്പറയിപ്പിക്കാൻ നിനക്ക് ഒരു കാരണം മതി.

ഒരേ ഒരു കാരണം....

ശമ്പളം കിട്ടുമ്പോൾ കയ്യിൽ സ്നേഹം മാത്രം പൊതിഞ്ഞു നിനക്ക് കൊണ്ടുതന്നാൽ മതി!

പിന്നെ നീ ഇരുണ്ടോളും... കറുത്തോളും.. കറുത്തവാവും വന്നോളും. ചന്ദ്രനും താരങ്ങളും ഇല്ലാത്ത മാനത്ത് നോക്കിക്കൊണ്ട് ഞാൻ അന്തിച്ചുനിൽക്കേണ്ടിവരും.

അതുകൊണ്ട് പ്രിയേ.... എൻറെ മുത്തേ, ഞാൻ തിരക്കിലാണ്.  ആദ്യം നിന്നെ നേടാനുള്ള ധനം നേടട്ടെ.  പിന്നെ വന്നു ഞാൻ നിന്നെ പ്രാപിച്ചോളാം.

Monday, September 18, 2017

സ്ലീപിങ്ങ് ഫ്രണ്ട്

ഇന്നെനിക്കൊന്നും ചെയ്യാനില്ല. തണുത്തുറഞ്ഞൊരു ദിവസമാണ്.

ഫേസ്‌ബുക്കിൽ ഒന്ന് കേറിയേക്കാം.

വെറുതെ മൊബൈലിൽ കുത്തികുത്തിയിരുന്നപ്പോൾ ഫ്രണ്ട്സ് ലിസ്റ്റോന്നുനോക്കി. ആയിരത്തിനുമുകളിലായി.  അതിൽ എഴുനൂറ്റമ്പതോളംപേർ സ്ലീപ്പിങ് ഫ്രണ്ട്സ് ആണ്.  ഒരാവേശത്തിന് കേറി ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ട് പിന്നീട് ഉറക്കം തൂങ്ങുന്നവർ,  മുറ്റത്ത് രണ്ടാനയെ വാങ്ങികെട്ടിയിരിക്കുന്നപോലെ ഫ്രണ്ട്സ്കളുടെ എണ്ണത്തിൽ അഭിമാനിക്കുന്നവർ, ഒരു ലൈക് അടിച്ചാൽ ചാരിത്യ്രം നശിക്കുമെന്ന് വിശ്വസിക്കുന്ന-എല്ലാം നിശബ്ധമായി കാണുന്നവർ... അങ്ങിനെ ക്ഷുദ്രജീവികളും,  പകൽമാന്യന്മാരും, മാന്യന്മാരും എല്ലാം അടക്കിവാഴുന്നൊരുലോകത്താണ് എൻറെ ഈ സ്ലീപിങ്ങ് ഫ്രണ്ട്സ്.

കുറേപേരെയങ്ങ്  അൺഫ്രണ്ട്  ചെയ്താലോ? എന്തിനാ അധികം?  നല്ല ഫ്രണ്ട്സ് കുറച്ചുപോരേ?

എ-മുതൽ ഓരോരുത്തരായി അങ്ങിനെ ജെ-യിലെത്തി.

ജാസ്മിൻ ജോസഫ്... കഴിഞ്ഞ എട്ടുമാസമായി ഫേസ്‌ബുക്കിൽ ആക്ടീവല്ല!

ചിരികുകമാത്രം ചെയ്യുന്ന അവളുടെ മുഖത്ത് നിറയുന്ന ഉന്മേഷത്തിന്റെ അളവെത്രയാണ്?  മോണോലിസയെപ്പോലെ നീയും നിഗൂഢതകൾ കണ്ണുകളിൽ ഒളിപ്പിച്ചിരിക്കുകയാണോ ജാസ്മിൻ ജോസഫ്?

അവൾ  ഒരിക്കൽ എൻറെ സുഹൃത്തായിരുന്നു.  എന്നാൽ ഇന്നവൾ ഇവിടെ ഇല്ല.  ഇനി ഒരിക്കലും ഇതിൽ വരികയുമില്ല.  നിർജീവം... നിശബ്ദം... നിശ്ചലം.

ഞാൻ അവളുടെ പ്രൊഫൈലിൽ തൊട്ടു.  ചിരിച്ചിത്രങ്ങൾ എൻറെ കണ്ണുകളിൽ ആഴത്തിൽ മുറിവേൽപ്പിച്ച് വിരലിനടിയിൽ തെന്നിമാറി.  ഭർത്താവും കുട്ടികളുമൊത്ത് പാർക്കിലും, പള്ളിയിലും, നാടിൻറെ ഹരിതാഭയിലും പുഞ്ചിരിതൂകി, പുഞ്ചരിതൂകി അവസാനം സ്വന്തം വീടിൻറെ മുൻപിൽ വെയിലത്ത് പറിച്ചുനടപ്പെട്ടൊരു ചെടിപോലെ വാടിത്തളർന്നവൾ നിൽക്കുന്നു.

ജാസ്മിൻ...എൻറെ കൊച്ചേ ....  നിൻറെ ഓരോചിരിക്കുള്ളിലും ഒളിഞ്ഞിരിക്കുന്നത് കള്ളനെപ്പോലെ പാത്തിരുന്ന  മൃത്യുവിന്റെ ചിലമ്പൊലിയായിരുന്നല്ലോ.   മണ്ണിലേക്ക് നിന്നെ വലിച്ചെടുത്ത് ഗ്രാനൈറ്റിൽ തീർത്ത കറുത്തഫലകത്തിലെ വെളുത്ത അക്ഷരക്കൂട്ടങ്ങളായി നിൻറെ ജനനവും മരണവും കുത്തിക്കിഴിച്ചുവച്ച് നിനക്ക് മാത്രം നിത്യശാന്തികുറിച്ച് കടന്നുപോയ വിധി!

ഓർമകളെ, പറയൂ ഞാൻ നിങ്ങളെ എങ്ങിനെ ചവിട്ടി പുറത്താക്കും ?

കുഞ്ഞുങ്ങളെ ആലിംഗനം ചെയ്തുനിൽക്കുന്ന ജാസ്മിൻ കൊച്ചേ .... ഞങ്ങൾ എല്ലാവരെയുംകാൾ മുൻപേ മരണം നിന്നെആലിംഗനം ചെയ്തല്ലോടീ.

പൂർത്തിയാക്കാത്ത ഒരു ചിത്രം പോലെ എവിടെയോ, എന്തൊക്കെയോ ബാക്കിനിർത്തി നീ മാഞ്ഞുപോയി.  ചന്ദ്രികയെ വിഴുങ്ങുന്ന കാർമേഘക്കൂട്ടങ്ങൾപോലെ നിൻറെ പ്രിയപ്പെട്ടവരിലൊക്കെ കറുത്തവാവ് സമ്മാനിച്ച് നീ മറഞ്ഞുപോയി.

അൺഫ്രണ്ട് ജാസ്മിൻ?

എന്നെ നോക്കി ഫേസ്ബുക് ഒരു ചോദ്യം ചോദിക്കുകയാണ്.  അപ്പോൾ എൻറെ വിരൽത്തുമ്പിൽ ഒത്തിരിയൊത്തിരി തണുപ്പുറഞ്ഞുകൂടി.  നിൻറെ ചിരിക്കുന്ന  മുഖത്തുനോക്കി നിന്നെ ഞാൻ എങ്ങിനെ അൺഫ്രണ്ടാക്കുമെടീ ?

നീയിനി  വരില്ല. ഒരിക്കലും. എങ്കിലും.....???

നിന്നെ അൺഫ്രണ്ട് ആക്കിയശേഷം എപ്പോളെങ്കിലും വീണ്ടും നിനക്കൊരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചാൽ  അത് അക്സെപ്റ്റ് ചെയ്യാൻ കഴിയാതെ  നിൻറെ കുഴിമാടത്തിനുമീതെ കാറ്റും, വെയിലും, മഴയുമേറ്റ് ഉയർന്നുനിൽക്കുന്ന കുരിശുപോലെയാകരുതല്ലോ.

നിന്നെ ഞാൻ അൺഫ്രണ്ട് ആക്കില്ലടീ. ഒരിക്കലും.. ഒരിക്കലും.

എൻറെ തണുത്തുറഞ്ഞ വിരൽ നിശ്ചലം.  അപ്പോൾ കണ്ണുകൾ അടയുകയായിരുന്നു.  മേഘക്കൂട്ടങ്ങൾ ആഗതമാകുന്നു.  അതിലെവിടെയോ നീ ഒളിഞ്ഞിരിപ്പുണ്ട്. പുഞ്ചിരിതൂകി. നിഗൂഢമായ ചിരിതൂകി.

അതെ, എല്ലാം ഇരുട്ടിൽ മറഞ്ഞുപോവുകയാണ്. നിൻറെ ലോകവും എൻറെ ലോകവും.

നിന്നോടൊപ്പം അസ്തമിച്ച പാസ്‍വേർഡുമായി എൻറെ ഫേസ്‌ബുക്കിൽ നീ കിടന്നോളൂ. ചരിച്ചോളൂ. അവസാനം എത്തുംവരേയ്ക്കും.

Friday, August 25, 2017

പ്രവാസത്തിലെമഞ്ഞുത്തുള്ളികൾ -10

ഭീതിയുടെ ഒന്നരമണിക്കൂർ

ഒരു ഫോണിൻറെ നിലവിളിയോടെ  പാഞ്ഞുവന്ന സന്ദേശം ഞരമ്പുകളെ പിടിച്ചുമുറുക്കിയ മണിക്കൂറുകൾ നിങ്ങൾക്ക് ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ?  2008-ലെ ഒരു തണുത്ത പ്രഭാതത്തിൽ എന്നെ തേടിവന്ന അപായമണിയുടെ അലകൾ ഇന്നും ഇടയ്ക്കിടെ മനസ്സിലേക്ക് പാഞ്ഞുകയറി വരാറുണ്ട്.

ഞരമ്പുകളെ ത്രസിപ്പിച്ച ഒന്നരമണിക്കൂർ.  എന്നെ ഭീതിയുടെ ചുഴലിയിലിട്ടുകറക്കിയ നിമിഷങ്ങൾ...


ഓഫീസ് (ജുമൈറ ഗോൾഫ് എസ്റ്റേറ്റ്, ദുബായ്) : സമയം രാവിലെ 9.15 
ജെ. ജി.ഇ യിലെ എൻട്രൻസിൽ  അലസമായി ഇളംകാറ്റിൽ ഉലയുന്ന വലിയ കൊടിപോലെ വീക്കെന്ഡിന്റെ എല്ലാ ആലസ്യവും കേറി ബാധിച്ചൊരുദിവസം.  വ്യാഴാഴ്‌ച  വേഷം ടീഷർട്ടിലേക്ക് മാറ്റി വീട്ടിൽനിന്നും ഇറങ്ങുന്നതോടെ തുടങ്ങുന്നു മനസ്സിൽ വീക്കെൻഡ്  തിമിർപ്പ്.

ഓഫീസിലെ റിപ്പോർട്ടുകളുടെ എക്സൽ ഷീറ്റുകളിൽ മല്ലിടുമ്പോഴും ഉച്ചയായിക്കിട്ടാൻ ശരീരവും മനസ്സും മിടിച്ചുകൊണ്ടിരുന്നു.  ഒരുമണിക്ക്  പഠാൻ ഗുൽ പതിനാല്‌ സീറ്ററുമായി വരുന്നതും, ഷാർജ അൽ യാർമുക്കിലേക്ക് പറന്നുപോകുന്നതും, മെഗാമാളിലൊക്കെ ഒന്നുകറങ്ങി, പുറത്തുനിന്ന് ഭക്ഷണം ഒക്കെ കഴിച്ച് ...... ഞാൻ കമ്പ്യൂട്ടർ മോണിറ്ററിനുമുന്നിൽ സ്വപ്‌നങ്ങൾ വിരിയിച്ചു.

ഏറ്റവും കുറച്ച്‌പണിയെടുക്കാൻ നമ്മൾ ആഗ്രഹിക്കുന്ന വീക്കെൻഡ് ദിവസമായിരിക്കും ഏറ്റവും കൂടുതൽ പണി തലയിൽ വന്നുകേറുന്നത്. അങ്ങിനെ തിരക്കിൻറെ ഉത്സവത്തിൽ നിൽക്കുമ്പോളാണ് മൊബൈൽ ചിലച്ചത്.

മൂന്ന് .. നാല് .. അഞ്ച്... ഫോൺവിളി നിർത്താതെ തുടരുന്നത് എന്നിൽ ദേഷ്യം ഇരച്ചുകയറ്റി.  എടുത്തെറിയാനുള്ള ദേഷ്യത്തോടെ ഫോണെടുത്തപ്പോൾ ഡിസ്‌പ്ലെ ഭാര്യയുടെ പേരാണ്.  മനസ്സൊന്നു കാളി.  എന്താണിത്ര അത്യാവശ്യം?  വൈകിട്ടത്തെ ഷോപ്പിംഗ് പ്ലാനിങ് വിളമ്പാൻ ആണോ? അത്യാവശ്യത്തിനേക്കാൾ അനാവശ്യത്തിനു വിളിക്കുന്നതാണല്ലോ അവളുടെ രീതി.

മനസ്സില്ലാ മനസ്സോടെ ഞാൻ  ഫോൺഎടുത്തു.

എൻറെ മനസ്സിനെ പിടിച്ചുലച്ച വാക്കുകൾ ആയിരുന്നു മറുതലക്കൽ നിന്നും കേട്ടത്.  തുറന്നുവിട്ട ഡാം പോലെ ഭീതിയും കണ്ണീരും എൻറെ കാതിലേക്ക് ആണികൾ പോലെ നിർദ്ദയം വന്നു തറച്ചു.

"...... അയ്യോ ഓടിവാ... എൻറെ കൊച്ചിനെ രക്ഷിക്ക് !!"

ആപൽഘട്ടത്തിന്റെ അങ്ങേത്തലക്കൽ നിന്നും ഉയരുന്ന വാക്കുകൾ എന്നെ പിടിച്ചുലച്ചു.  ഇത്ര പേടിയോടെ ഭാര്യ സംസാരിക്കുന്നത് ആദ്യമായാണ്.  നെഞ്ചിടിപ്പോടെ ഞാൻ കാര്യം തിരക്കി.

ഈശ്വരാ..!!  അവളുടെ വാക്കുകൾ കേട്ട് ഞാൻ നെഞ്ചത്ത് കൈവച്ചു.

രാവിലെ  9 മണി.  ഫ്ലാറ്റ് (അൽയാർ മുക്ക്, ഷാർജ)
മകൾക്ക് കളിക്കാൻ കളിപ്പാട്ടങ്ങൾ  നൽകിയിട്ട് ഭാര്യയും അവളുടെ ചേച്ചിയും അടുക്കളയിൽ തിരക്കിലായിരുന്നു.  പെട്ടെന്ന് ബെഡ്റൂമിന്റെ കതകടയുന്ന ശബ്ദം ഭാര്യ കേട്ടത്.  ചെന്ന് കതക് തുറക്കാൻ നോക്കിയപ്പോൾ  മനസ്സിൽ ഒരു മിന്നൽ!  ഒന്നരവയസ്സുള്ള മകൾ അടഞ്ഞ കതകിൽ കിടന്ന താക്കോലിൽ പിടിച്ചപ്പോൾ ലോക്ക് വീണിരിക്കുന്നു!  കതകിന്റെ പിടിയിൽ ഒന്നുരണ്ടുവട്ടം പിടിച്ചുകഴിഞ്ഞപ്പോൾ ഭാര്യക്ക് കാര്യം മനസ്സിലായി.

കതക് അകത്തുനിന്ന് പൂട്ടിയിരുന്നു!!

ഞെട്ടലിൽ നിന്നും മുക്തയാകുന്നതിനുമുമ്പ് അവൾ ചേച്ചിയെ വിളിച്ചു. കാര്യത്തിന്റെ ഗൗരവം കൊള്ളിയാൻപോലെ അവരിൽ മിന്നി.  താക്കോൽ പഴുതിലൂടെ അകത്തേക്ക് നോക്കിയ ഭാര്യ കണ്ടത് , ഇതൊന്നും അറിയാതെ, കൂസലില്ലാതെ കതക് അടച്ചിട്ട് തറയിലിരുന്ന് കളിക്കുന്ന മകളെയാണ്.

ദൈവമേ..!  എന്താ ചെയ്ക?

രണ്ടു സ്ത്രീകൾ മനസ്സിലെ പെരുമ്പറമുഴക്കത്തോടെ പരസ്പരം നോക്കി. കുഞ്ഞിനോട് അവൾക്ക് മസസ്സിലാകുന്ന ഭാഷയിൽ താക്കോൽ ഒന്നുകൂടെ തിരിക്കാൻ പുറത്തുനിന്നും പറഞ്ഞുനോക്കി.  അവൾ അതൊന്നും ശ്രദ്ധിക്കുന്നേയില്ല. മൂളിപ്പാട്ട് പാടി, കളിയോടുകളി.

ഇത്തിരി നേരം കഴിഞ്ഞപ്പോൾ അവൾ കട്ടിലിൽ വലിഞ്ഞു കയറി അടുത്ത കളി തുടങ്ങി. കട്ടിലിൽ ഇരുന്ന ലാപ്ടോപിന്റെ കേബിളിൽ കയറി പിടിക്കുന്നു.  ലാപ്ടോപിന്റെ പവ്വർ വരുന്ന എക്സ്റ്റൻഷൻ ബോർഡ് തൊട്ടപ്പുറത്ത് കത്തിക്കിടക്കുകയാണ്.  അപ്പോൾ നടുക്കത്തോടെ ഭാര്യ ഓർത്തു, മകൾക്ക്  ഇലക്ട്രിക് സ്വിച്ച് വലിയ ക്രേസ് ആണ്.  അത് ഓൺ ഓഫ് ചെയ്യാൻ വേണ്ടികരയാറുണ്ട്.  സോക്കറ്റിൽ എന്തെങ്കിലും സാധനങ്ങൾ കണ്ണുതെറ്റിയാൽ കുത്തിക്കയറ്റാൻ ശ്രമിക്കാറുണ്ട്.

കത്തിക്കിടക്കുന്ന എക്സ്റ്റൻഷൻ ബോർഡ്!!  ഭാര്യയുടെ നെഞ്ചിടിപ്പ് കൂടി. അതിലെങ്ങാനം മകൾപോയി തൊട്ടാൽ??!

സമയം- 9.18 
മനസ്സിന്റെ പിരിമുറുക്കം ഉയർന്നുപൊങ്ങി. ഞാൻ എൻറെ കസിനെ വിളിച്ചു. ആൾ കാറുമായി എത്തി. ഉടനെ തന്നെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിൽ നിന്നും ടയോട്ട കൊറോള അൽ യാർ മുക്ക് ലക്ഷമാക്കി കുതിച്ചു.

എൻറെ ഫോണിന് വിശ്രമം ഇല്ലാത്ത മിനിറ്റുകൾ.  ആരെ സഹായത്തിന് വിളിക്കും?  താമസം മാറിയിട്ട് മാസങ്ങൾ ആകുന്നതേയുള്ളു. ആകെ പരിചയം  ഫ്‌ളാറ്റിന് തൊട്ടടുത്തുള്ള മലയാളി ഗ്രോസറിക്കാരനെയാണ് ഞാൻ അയാളുടെ നമ്പറിലേക്ക് വിളിച്ചു.

കാര്യം മനസ്സിലാക്കിയ ഗ്രോസറിക്കാരൻ എൻറെ ഫ്‌ളാറ്റിലേക്ക് ഓടിയെത്തി.   ജനൽ വഴി എങ്ങനെയെങ്കിലും അകത്തേക്ക് കയറാൻ പറ്റുമോ എന്ന് നോക്കാൻ ഞാൻ ചോദിച്ചു.  പക്ഷേ അത്ര ഉയരത്തിലെത്താനുള്ള വഴിയില്ല എന്നയാൾ പറഞ്ഞു.

അണ്ഡ റൗണ്ട് എബൗട്ടിൽ നിന്നും രക്ഷപെട്ട്, പണിനടന്നുകൊണ്ടിരിക്കുന്ന മോട്ടോർ സിറ്റിയും കടന്ന് പായുമ്പോൾ നിർത്താതെ ചിലക്കുന്ന ഫോൺ ശബ്ദത്തിനിടയിൽ ഞാൻ തലയിൽ കൈകൊടുത്തു.  ഇനി എന്ത് ചെയ്യും? ഫയർഫോഴ്സിനെ വിളിക്കണോ?

"ഒരു വഴിയുണ്ട്..."

അതുകേട്ട് ഞാൻ കേസിന്റെ മുഖത്തേക്ക് അമ്പരപ്പോടെ നോക്കി.

"ഒരു കാർപ്പന്ററുടെ നമ്പർ ഗ്രോസറിക്കാരൻറെ കയ്യിൽ ഉണ്ട്. അയാളെ വിളിച്ചു വരുത്തി പൂട്ട് പൊളിക്കണം.."

വണ്ടി നാഷണൽ പെയിൻറ് ലക്ഷ്യമാക്കി പാഞ്ഞുകൊണ്ടിരുന്നപ്പോൾ ഞാൻ ഫോണെടുത്ത് ഗ്രോസറിക്കാരനെ വീണ്ടും വിളിച്ചു.

സമയം- 10 .10 
ഞങ്ങൾ ഷാർജ നാഷണൽ പെയിൻ്റിലെത്തി.  ട്രാഫിക്കിൽ കാർ ഇഴയാൻ തുടങ്ങിയിട്ട് ഏറെനേരമായി.  എന്നത്തേയുംകാൾ അന്ന് ട്രാഫിക്കിനെ കൂടുതൽ ശപിച്ചു.  ബിൻ ലാദിൻ റൗണ്ട് എബൗട്ടിൽ നിന്നും കാർ വലതുവശത്തേക്ക് തിരിഞ്ഞു.  കസിന്റെ കാൽ ആക്‌സിലേറ്ററിൽ ആഞ്ഞമരുന്ന ശബ്ദം എനിക്ക് കേൾക്കാം.

ഫോൺ പാട്ടുപാടി തിളങ്ങി. ഗ്രോസറിക്കാരൻറെ  നമ്പർ.

"എന്തായി ചേട്ടാ..?!"

"കാർപെന്ററെ കിട്ടി. ഉടനെയെത്തും... കതക് പൊളിച്ച് അകത്തുകയറുകയേ രക്ഷയുള്ളൂ.."

കാറിലെ ഏസിയിൽ  എൻറെ വിയർക്കാത്ത നെറ്റി വിയർത്തു.  ഞാൻ ഭാര്യയെ വിളിച്ചു. അപ്പോൾ കടക്കാരനും, സഹായിയും എല്ലാം എൻറെ ബെഡ്‌റൂമിന്റെ മുന്നിൽ നിസായവസ്ഥയിൽ നിൽക്കുന്ന ചിത്രം മുന്നിൽ തെളിഞ്ഞുവന്നു.

സമയം- 10 .15  
മകൾ കളി മതിയാക്കി കട്ടിലിൽ നിന്നും എണീറ്റു. കതകിനടുത്ത് വന്ന് വീണ്ടും ഹാൻഡിലിൽ പിടിക്കാൻ തുടങ്ങി. സാധാരണ താൻ പിടിക്കുമ്പോൾ തുറക്കുന്ന കതക് തുറക്കാത്തതിൽ ശുണ്ഠി തോന്നി. പിന്നെ പേടിതോന്നിയപോലെ  "അമ്മാ.. അമ്മാ.. ." എന്ന് വിളിച്ച് കരയാൻ തുടങ്ങി. അതുകേട്ട് കണ്ണൂനീർ പൊടിഞ്ഞത് മുറിക്ക് പുറത്ത്‌നിൽക്കുന്ന അമ്മയുടെ കണ്ണിലാണ്.  മകൾ ഉറക്കെയുറക്കെ വിളിക്കാൻ തുടങ്ങി. കരച്ചിൽ ഉച്ചത്തിൽ ഉയരാൻ തുടങ്ങി.

പുറത്ത് നിന്നവർ താക്കോൽ പഴുതിലൂടെ ആ രംഗമെല്ലാം കാണുന്നുണ്ടായിരുന്നു.  പുറത്തെ ആൾകൂട്ടത്തിന്റെ ഒച്ച ഒരുപക്ഷേ കുഞ്ഞിനെ കൂടുതൽ പേടിപ്പെടുത്തിയിട്ടുണ്ടാകും.

"അമ്മാ.. അമ്മാ..." അവൾ നിർത്താതെ കരയുന്നു.  ഒപ്പം കതകിൽ കൈയ്യിട്ടടിക്കുകയും ഹാൻഡിലിൽ പിടിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.

"മോളേ ... എൻറെ മോളേ ...." പുറത്തുനിന്നും അമ്മയുടെ ശബ്ദം കേട്ട് മകൾ കൂടുതൽ ഉച്ചത്തതിൽ കരയാൻ തുടങ്ങി.

തൻറെ കരച്ചിലിന് പ്രതികരണം കിട്ടുന്നില്ലെന്ന് മനസ്സിലാക്കിയോ എന്തോ മകൾ തിരിഞ്ഞു നിന്നു. ഒരുനിമിഷം അവളുടെ കണ്ണിൽ ലാപ്ടോപ്പിലേക്ക് പോകുന്ന ചുവന്ന വെളിച്ചം വിതറുന്ന ഇലക്ട്രിക് എക്സ്റ്റൻഷൻ ബോർഡ് കണ്ടു. കിനിഞ്ഞിറങ്ങുന്ന കണ്ണുനീർ തുടച്ച നനഞ്ഞകയ്യോടെ അവൾ അതിനടുത്തേക്ക് നടന്നു.

"അയ്യോ... മോളേ ...." പുറത്തുനിന്ന് അതുകണ്ട അമ്മ ഉച്ചത്തിൽ നിലവിളിച്ചു. നിലവിളിയുടെ വീചികൾ അകത്തേക്ക് ചെന്ന് കുഞ്ഞിൻറെ കാതിലെത്തിയോ എന്തോ; അവൾ ഒന്ന് അമാന്തിച്ചു നിന്നു.

പുറത്തുനിന്നവരുടെ ഉള്ളിൽ ഭീതിയുടെ പെരുമ്പറ മുഴങ്ങി. ഒന്നല്ല ഒരുപാടുവട്ടം.

ഒന്നമാന്തിച്ച് മകൾ വീണ്ടും കരഞ്ഞുകൊണ്ട് കതകിനടുത്തേക്ക് വന്നു.

സമയം- 10 .30
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും വിളിച്ചു.

"എന്തായി.. കാർപെന്റെർ വന്നോ?"

"എത്തിയില്ല ...."  അവളുടെ മറുപടിയോടൊപ്പം കോളിംഗ് ബെല്ലിന്റെ ശബ്ദം മുഴങ്ങി.

".... കാർപെന്റർ !"  തുടർച്ചയെന്നോണം അതുപറഞ്ഞ് അവൾ ഫോൺ കാട്ടുചെയ്തു.

ഗോൾഡ്എ സൂക്കിന്റെ ഭാഗത്തേക്ക് വണ്ടി തിരിച്ച് മുന്നോട്ടുപോകുമ്പോൾ ഞാൻ പറഞ്ഞു

"കാർപെന്റർ വന്നു..."

സമയം- 10 .35 
ആദ്യത്തെ അവലോകനത്തിൽ തന്നെ യു.പിക്കാരൻ കാർപെന്റർക്ക് കതകിന്റെ ലോക്കും ഹാൻഡിലും ഇരിക്കുന്ന ഭാഗം പൊളിക്കണം എന്ന് മനസ്സിലായി.

അയാൾ ചെറിയ ഉളി സഞ്ചിയിൽ നിന്നും പുറത്തെടുത്തു. ശക്തമായി അടിച്ച് ഹാന്ഡിലിന്റെ ഭാഗം പൊളിക്കാൻ ശ്രമംതുടങ്ങി.  ഫ്‌ളാറ്റിനുള്ളിലെങ്ങും ശബ്ദം മുഴങ്ങി ഒരു ഭീകരാന്തരീക്ഷം സംജാതമായി.

താൻ പിടിച്ചുനിൽക്കുന്ന കതകിൽ നിന്നും ശക്തമായ അടിയും ശബ്ദവും ഉയർന്നതുകേട്ട് മകൾ ഞെട്ടിത്തരിച്ചു. പേടിയോടെ അവൾ ഓടിച്ചെന്ന് കട്ടിലിലേക്ക് വലിഞ്ഞു കയറി. തലയിണയെടുത്ത് അതിൽകെട്ടിപ്പിടിച്ച് അലറിക്കരയാൻ തുടങ്ങി.  അവസാന രക്ഷയെന്നവണ്ണം മടക്കിവച്ചിരുന്ന പുതപ്പ് വലിച്ചെടുത്ത് അതിനകത്തേക്ക് വലിഞ്ഞു കയറി. എന്നിട്ട് തല പുറത്തിട്ട് പേടിയോടെ ആ ഭീകര ശബ്ദത്തിൻറെ പ്രഭവസ്ഥാനത്തേക്ക് നോക്കിക്കൊണ്ടിരുന്നു.  അവളുടെ കുഞ്ഞുശരീരം ഓരോ അടിക്കും ഞെട്ടുന്നുണ്ടായിരുന്നു.

"അമ്മാ... അമ്മാ..."  കാതുകളെ തുളയ്ക്കുന്ന നിലവിളി കാർപെന്ററുടെ ചുറ്റിയയുടെ അടിയോടൊപ്പം ലയിച്ചുചേർന്നു.  അമ്മ എന്തൊക്കെയോ ആശ്വസവചനങ്ങൾ പറയുന്നുണ്ട്. പക്ഷേ ആ കുഞ്ഞുമനസ്സിൽ നിറഞ്ഞു നിൽക്കുന്നഭീതിയെ അകറ്റാൻ അതൊന്നും പ്രാപ്തമായിരുന്നില്ല.

ഓരോ ചുറ്റികയടിക്കും അവൾ ഞെട്ടിക്കൊണ്ടേയിരുന്നു....
നിലവിളിച്ചുകൊണ്ടേയിരുന്നു.....
അതുകേട്ട് അമ്മയുടെ ഹൃദയം നുറുങ്ങിക്കൊണ്ടിരുന്നു....

സമയം- 10 .40 
കാർ അൽ യാർ മുക്കിലെത്തി.  നാട്ടിലെ റോഡിനോട് സാമ്യമുള്ള റോഡിലേക്ക് പൊടിപറത്തിക്കൊണ്ട് ഞങ്ങൾ എത്തുമ്പോൾ. മനസ്സ് നിറയെ ആകാംഷ, ഭയം... പറഞ്ഞറിയിക്കാനാകാത്ത വികാരങ്ങൾ മുട്ടിനിന്നു.  മുറിക്കുള്ളിലെ ഇലക്ട്രിക് എക്സ്റ്റൻഷൻ ബോർഡിനെക്കുറിച്ചോർത്തപ്പോൾ മനസ്സിലെ സമാധാനമെല്ലാം എങ്ങൊപറന്നുപോയിരുന്നു.  താമസിക്കുന്ന ഫ്‌ളാറ്റ് അവലിയൊരു പ്രുകൃതിദുരന്തഭൂമിയുടെ പ്രതീതി എന്നിലുണ്ടാക്കിയിരുന്നു.

നിമിഷങ്ങൾ.. ഭീതിയുടെ നിമിഷങ്ങൾ...

കസിന്റെ കാൽ ബ്രേക്കിലമർന്നു.

കാർ നിർത്തിയതും ഞാൻ ഇറങ്ങിയോടുകയായിരുന്നു.

സമയം- 10 .41 ഫ്‌ളാറ്റ് 
പൂട്ടിന്റെ അവസാന ബന്ധനവും പൊളിച്ച് ലോഹങ്ങൾ തമ്മിലുള്ള അവസാന ശബ്ദവും നിലച്ചു.  ഭ്രാന്തിയെപ്പോലെ അകത്തേക്കിരച്ചുകയറിയ  അമ്മ പേടിച്ചലറിക്കരയുന്ന മകളെ വാരിയെടുത്ത് തുരുതുരെ ചുംബിക്കാൻ തുടങ്ങി.  അമ്മയുടെ നെഞ്ചത്തെ സുരക്ഷിതത്വത്തിനുവേണ്ടി നിലവിളിച്ചുകൊണ്ടിരുന്ന കുഞ്ഞ് അതുകിട്ടിയപ്പോൾ സന്തോഷമോ സന്താപമോ എന്തെന്നറിയാത്ത ഒരു മുഖഭാവത്തോടെ അമ്മയെ ഇറുക്കിപ്പിടിച്ച് എന്തൊക്കെയോ പറയാൻ തുടങ്ങി.  താൻ അനുഭവിച്ച മാനസിക-ശാരീരിക വ്യഥ അമ്മയോട് അവൾക്കറിയാവുന്ന ഭാഷയിൽവിവരിക്കുക്കുകയാണ്.. അപ്പോഴും അവളുടെ വിറയലും ഞെട്ടലും മാറിയിരുന്നില്ല.

കതക്‌തുറന്ന് അകത്തേക്ക് കയറിയ ഞാൻ കണ്ടത് ഒരമ്മയുടെയും മകളുടെയും ആശ്ലേഷത്തിന്റെ ആ രംഗമാണ്.  അതിശയിപ്പിക്കുന്ന പറഞ്ഞറിയിക്കാനാകാത്ത ഒരു അമൂല്യബന്ധം ഞാൻ കൺമുന്നിൽ കണ്ടു.   അച്ഛനും അമ്മയും തമ്മിലുള്ള വ്യത്യാസം ഞാൻ മനസ്സിലാക്കി. അമ്മയെപറ്റിപ്പിടിച്ച് കിടന്ന് ലോകത്തോടുമൊത്തം ഞാൻ സുരക്ഷിതയാണെന്ന് വിളിച്ചുപറയുന്ന കുഞ്ഞിനുഭാവത്തിനുമുന്നിൽ എൻറെ സ്നേഹഭവങ്ങൾ പുതിയൊരു അർത്ഥം തേടി.

അമ്മയും കുഞ്ഞും. അമൂല്യഭാവങ്ങൾ. പൊക്കിൾകൊടിയിലൂടെ ഒമ്പതുമാസം പകർന്നുനൽകിയതൊന്നും പൊക്കിൾക്കൊടിബന്ധം വിട്ടാലും അവസാനിക്കുന്നില്ല. സ്വന്തം രക്തത്തിൻറെ രക്തവും, മാംസത്തിൻറെ മാംസവുമായി ഗര്ഭപാത്രത്തിന്റെ സുരക്ഷിതത്വത്തിൽ അവളെ മനുഷ്യരൂപമാക്കിമാറ്റി ലോകത്തിലേക്കു മാലാഖകുഞ്ഞുങ്ങൾക്ക് പിറവികൊടുക്കുന്ന അമ്മയെന്ന അതുല്യ ശക്തി.  അത് അന്നുഞാൻ എൻറെ കണ്മുന്നിൽ കണ്ടു.

എന്നെ കണ്ടതും അമ്മയുടെ തോളിൽക്കിടന്ന് അവൾ എന്നോട് തൻറെ ഭാഷയിൽ സംസാരിക്കാൻ തുടങ്ങി.  അതെന്താണെന്ന് എനിക്ക് വ്യക്തമായിരുന്നു.

ഞാൻ അമ്മയിൽ നിന്നും അവളെ വേർപെടുത്തി  എന്നിലേക്കടുപ്പിച്ചു.  ഞാൻ ചോദിക്കാതെ എൻറെ മകൾ എന്നെ കെട്ടിപ്പിടിച്ച് അന്നെനിക്ക് ഒത്തിരി ഉമ്മ തന്നു.  അവളുടെ കണ്ണീരിൻറെ ഉപ്പിൽക്കുതിർന്ന ശിശുഗന്ധവും മൃദുസ്പർശവും ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരുന്നു. 

സമയം- വൈകിട്ട് 6.10
മകളെ കുളിപ്പിച്ച് സുന്ദരിക്കുട്ടിയാക്കി ചേർത്തുപിടിച്ചപ്പോൾ ഞാൻ ഭാര്യയുടെ നെറ്റിയിൽ ഒരു ചുംബനം നൽകികൊണ്ട് ചോദിച്ചു.

"അപ്പോൾ വീക്കെൻഡ്? മെഗാമാളിൽ പോവുകയല്ലേ ??"

എൻറെ കൈത്തണ്ടയിൽ ഒരു ചൂട്‌സ്പർശനം നൽകികൊണ്ടവൾ പറഞ്ഞു.

"വേണ്ട...  നമുക്കെങ്ങും പോകണ്ട.  ഇന്ന് നമുക്കൊന്നിച്ചിരിക്കാം.... മോളെകെട്ടിപ്പിടിച്ച് .."

ഞാൻ ചിരിച്ചു. ചിരിക്കുകമാത്രം ചെയ്തു.

Monday, July 24, 2017

ഇനിഷ്യേറ്റീവ്

ഞങ്ങൾ മൂന്നുപേർ ഉണ്ടായിരുന്നു.

ഈദിന്റെ അവധി വരുന്നു. രണ്ടു ദിവസം അവധി. എന്നൊലൊന്ന് ആഘോഷിച്ചാലോ എന്ന് ഞങ്ങൾ ആലോചിച്ചു. ഞാനെന്നേൽ അന്നൊക്കെ ഇച്ചിരി പെഴച്ചുനടക്കുന്ന സമയവുമാ.

ഒകെ. ഫുജൈറ പോകാം. കോർഫൊക്കാൻ ബീച്ച് കണ്ടിട്ട് ഒത്തിരിനാളായി.

ഒകെ. ഡൺ.

അങ്ങിനെ അവധി ദിവസം വന്നെത്തി. എല്ലാ തയ്യാറെടുപ്പുകളുമായി ഞങ്ങൾ യാത്ര തിരിച്ചു. ഇന്ന് അടിച്ചുപൊളിച്ച് തകർത്തിട്ടു തന്നെ കാര്യം.

പോകുന്ന വഴിയെല്ലാം മനോഹരമായിരിക്കും. പുറത്ത് ചൂടാണെങ്കിലും കാറിനകത്തെ ഏസിയിൽ ഞങ്ങൾ ഉല്ലസിക്കാം. അവധി ആഘോഷിക്കാം. ഞങ്ങൾ പരസ്‌പരം സ്വപ്നം കണ്ടു .  ഫുജൈറേ... എൻറെ ഫുജൈറേ .....  ഞങ്ങൾ ഉൾപുളകത്തോടെ ചിരിച്ചു.

വണ്ടിയിൽ കയറിയതും സ്ഥിരമുള്ള ഉറക്കം ഞാനെങ്ങ് ഉറങ്ങിപ്പോയി.  അവിടെ ചെന്ന ശേഷം ഉണർന്നാൽ മതിയല്ലോ?

അവസാനം എത്തിചേർന്നു. ഇതോ ഫുജൈറ? ഇതോ കോർഫക്കാൻ?ഞാൻ കണ്ണിമചിമ്മിത്തുറന്നു. അടുത്തുകണ്ട കെട്ടിടങ്ങളും ബോർഡുകളും എന്നോട് ചോദ്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങി.

"എടാ.. ഇതെവിടാ..? " ഞാൻ ഒന്നാമത്തെ കൂട്ടുകാരനോട് ചോദിച്ചു.

"ആ..." അവൻ കോട്ടുവായിട്ടു.

"എടാ ഇതെവിടാ...?" ഞാൻ രണ്ടാമത്തെ കൂട്ടുകാരനോടും ചോദിച്ചു.

"ഫാ.. @#$@@@ .. ഫുജൈറയാണെന്ന് പറഞ്ഞു നീ എവിടാടാ കൊണ്ടുവന്നേ ?"  അവൻ ഉച്ചത്തിൽ എന്നോട് ചിലയ്ക്കാൻ തുടങ്ങി.

"ഇത് ഫുജൈറ അല്ലേ ...? " ഞാൻ വീണ്ടും അത്ഭുതം പൂണ്ടു.

"ഫുജൈറ... എഡോ ഇത്  റാസൽഖൈമയാ... റാസൽഖൈമ..!!. താൻ എന്തോ നോക്കിയാ ഈ ട്രിപ്പ്  പ്ലാൻ ചെയ്തേ??

ഒന്നാമനും എൻറെ മേൽ കയറാൻ തുടങ്ങി.

"എടാ.. എടാ.... താനല്ലിയോ വണ്ടി ഓടിച്ചെ... എവിടെ നോക്കികൊണ്ടാ ഓടിച്ചത്? നിൻറെ വണ്ടിയേൽ ജി.പി.എസ് ഒക്കെയുള്ളതല്ലേ.."  വിട്ടുകൊടുക്കാൻ തയ്യാറാകാതെ ഞാൻ ഒന്നാമനോട് ചോദിച്ചു.

"ജി.പി.എസ് .. കോപ്പ്... നിന്നെയൊക്കെ വിശ്വസിച്ച് വണ്ടിയോടിച്ച എന്നെ തല്ലണം..."

ലുലു ... മാന്നാർ മാൾ.. നക്കീൽ ഹോട്ടൽ... റാസൽഖൈമ ഇൻഷുറൻസ്... റാക് ബാങ്ക്... ഇത് റാസൽഖൈമ തന്നെ. പണ്ട് മോഹൻലാലും ശ്രീനിവാസനും ദുബായിയെന്ന് പറഞ്ഞ് മദ്രാസിൽ ചെന്നിറങ്ങിയ രംഗം ഓർമ്മവന്നു.

ഞങ്ങൾ തിരികെപോന്നു.

തിരിച്ച് വരുന്നവഴി മുഴുവൻ ഞാൻ രണ്ടുപുണ്യവാന്മാരുടെ വായിൽനിന്നും വന്ന ചീത്തയെല്ലാം സ്വീകരിച്ചുകൊണ്ടേയിരുന്നു.

ഞാനാണല്ലോ യാത്ര പ്ലാൻ ചെയ്തത്. ഞാനാണല്ലോ കോർഫൊക്കാൻ എന്ന് വിളിച്ചുകൂവി തുടക്കമിട്ടത്.  ഉത്തരവാദി ആരാ.. ഞാൻ.  രണ്ടുപേർക്കെതിരെ ഞാൻ ഒരാൾ... വിദ്വാന്  എന്ത് ഭൂഷണമോ അത് ഞാൻ ചെയ്തു.

ചെറിയ പാഠം: 
വലിയ ഇനിഷ്യേറ്റീവ് ഒന്നുമെടുക്കാതെ ഇങ്ങനെയൊക്കെ അങ്ങ് കഴിഞ്ഞുകൂടിയാൽ പോരെ ചങ്ങായീ..??!!