Sunday, October 23, 2016

സമാധാനസേന

കുറവൻ മലയുടെ താഴ്വാരത്തിൽ നിന്ന് നേതാവ് ഗർജ്ജിച്ചു.
"കൂട്ടരേ.. എല്ലാം മനസ്സിലായല്ലോ..?"
"മനസ്സിലായേ "
"ആരാണ് നമ്മൾ ?"
"നമ്മൾ ശാന്തിസേന ... സമാധാന സേന..."
"എന്താണ് നമ്മുടെ ദൗത്യം?"
"താഴ്വാരത്തിൽ സമാധാനം സ്ഥാപിക്കൽ "
"അതിനു നമ്മൾ എന്ത് ചെയ്യും?"
"എന്തും ചെയ്യും ...."

നേതാവ് ചിരിച്ചു. ആ ചിരി കുറവൻമലയുടെ അങ്ങേയറ്റം വരെ പരന്നുകിടന്നു.

"നിങ്ങളുടെ തോക്കുകൾ തയ്യാറാണോ?"
"തയ്യാറാണ് "
"നിങ്ങളുടെ വടിവാളുകൾ മൂർച്ചകൂട്ടിയാതാണോ?"
"അതേ "
"കുറുവടികൾ??.."
"ആവശ്യത്തിനുണ്ട് "
"നല്ലത്... താഴ്വാരത്തിൽ  സമാധാനം സംസ്ഥാപിക്കാൻ ഇതെല്ലം അത്യാവശ്യമാണെന്നറിയാമല്ലോ?"
"അറിയാമേ..."
"കൊള്ളാം... ചുണക്കുട്ടികളേ, നിണത്തിന്റെ ചൂരുംചൂടും നിങ്ങളെ പിന്തിരിപ്പിക്കുമോ?"
"ഇല്ലേയില്ല "
"നല്ലത്. യോദ്ധാക്കൾ ചോരപ്പുഴകണ്ട് പതറുവാൻ പാടില്ല..."

"ശരി പുറപ്പെടാൻ സമയമായി. നിരനിരയായി നിൽക്കുവിൻ. എല്ലാവരിലും ആയുധം ഉണ്ടെന്ന് ഉറപ്പുവരുത്തുക. വിജയം നമ്മുടേതാണ്.. സമാധാനവും.."
"വിജയം നമ്മുടേതാണ് സമാധാനവും" സേന ആർത്തുവിളിച്ചു.

"ധീരന്മാരെ പോയിവരൂ... വീരന്മാരെ  ജയിച്ചുവരൂ... താഴ്വരയിൽ ശാന്തി വിതക്കൂ...സമാധാനം സ്ഥാപിക്കൂ..."

കുറവന്മലയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ശാന്തിസേന മുന്നോട്ടു നീങ്ങി.

അവരുടെ ലക്ഷ്യം സമാധാനം.
അവരുടെ ആശയം താഴ്‌വരയിൽ ഐശ്വര്യം.

ആശീർവാദം നൽകി നേതാവ് കുറവൻ മലയിലെ പൊത്തിലേക്കെവിടേക്കോ തിരിഞ്ഞു നടന്നു. അവിടെ അയാളെ കാത്ത് മദ്യചഷകങ്ങളും, കാമിനിമാരും, മുന്തിയതരം ഭക്ഷണപാനീയങ്ങളും നിരന്നു.

അപ്പോൾ സൂര്യകിരണത്തിന് താപം കുറവായിരുന്നു, പക്ഷേ  ചോരചുവപ്പായിരുന്നു. ആ ചുവന്ന കിരണം കുറത്തിമലയുടെ ഇടിവുവീഴാതെ ആകാശത്തേക്കുയർന്നുനിൽക്കുന്ന കറുത്തമുലകളിൽ തട്ടി തെളിഞ്ഞു നിന്നു.

Wednesday, October 12, 2016

ഒരു ഇന്ത്യൻ പൈങ്കിളിക്കഥ

വായനയുടെ പശ്ചാത്തലം 
ആറ് ബെസ്ററ് സെല്ലറുകളുടെ എഴുത്തുകാരൻ. ഇന്ത്യാചരിത്രത്തിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ബുക്കുകളുടെ രചയിതാവ്. ഒട്ടുമിക്കവാറും എല്ലാ ബുക്കുകളും സിനിമയാക്കപ്പെട്ടുകഴിഞ്ഞു. ലോകത്ത് മറ്റുള്ളവരിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന 100 വ്യക്തിത്വങ്ങളിൽ ഒരാൾ. ചേതൻ ഭഗത്തിന്റെ ഏതു ബുക്ക് എടുത്താലും ആദ്യപേജിൽ മുഴച്ചു നിൽക്കുന്ന വചനങ്ങൾ ആണിത്. 'വൺ ഇന്ത്യൻ ഗേൾ' - ജെ.കെ റൗളിങ്ങിന്റെ പുതിയ പുസ്തകമായ 'ഹാരിപോട്ടർ ആൻഡ് ദി കഴ്സ്ഡ് ചൈൽഡ്' ൻറെ റെക്കോർഡ്പോലും ആമസോൺ പോർട്ടൽവഴി പ്രീ-പബ്ലിക്കേഷനായി തിരുത്തിക്കുറിച്ച കൃതി! പോരെ പൂരം! ഇതിൽ കൂടുതൽ വായനക്കാർക്ക് എന്ത് വേണം?

ചേതൻറെ 'ഫൈവ് പോയിൻറ് സം വൺ' , 'ടു സ്റ്റേറ്റ് ' ഇവയൊക്കെ വായിച്ച് ആസ്വദിച്ച ഒരു മൂഡിൽ ആണെന്ന് തോന്നുന്നു വായനക്കാർ ഇപ്പോളും 'ഹാഫ് ഗേൾഫ്രണ്ടും' 'വൺ ഇന്ത്യൻ ഗേളും' ഒക്കെ വായിക്കുന്നത്. അതേ  ആവേശംകൊണ്ടുതന്നെയാണ് പ്രസിദ്ധീകരിച്ച് ഉടൻ തന്നെ എൻറെ കൈവശവും 'ഒരു ഇന്ത്യൻ പെൺകുട്ടി' എത്തപ്പെട്ടത്. എന്നാൽ കാത്ത്, കാത്തിരുന്നു കിട്ടിയ കുഞ്ഞ് ചാപിള്ളയായിപോയപോലെ ആണ് വായന കഴിഞ്ഞപ്പോൾ അനുഭവപ്പെട്ടത്.

കഥ / കഥാപാത്രങ്ങൾ 
കഥയെപ്പറ്റി പുസ്തകത്തിൻറെ പുറംചട്ടയിൽ തന്നെ പറയുന്നുണ്ട് "ഞാൻ രാധിക,കല്യാണം കഴിക്കാൻ പോകുന്നു. ഒരു ഇൻവെസ്റ്മെന്റ് ബാങ്കിൽ ജോലി ചെയ്യുന്നു. ചിലപ്പോൾ നിങ്ങൾ എൻറെ കഥ ഇഷ്ടപ്പെട്ടേക്കില്ല. ഞാൻ ഒത്തിരി പണം ഉണ്ടാക്കുന്നുണ്ട്. എനിക്ക് എന്റേതായ അഭിപ്രായം എല്ലാത്തിലും ഉണ്ട്. എനിക്ക് മുമ്പ് രണ്ടു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു (എന്നാൽ അകംപേജിൽ -പേജ്  07 - രാധിക പറയുന്നു എനിക്ക് വിവാഹേതര ലൈംഗിക ബന്ധം ഉണ്ടായിരുന്നു ; അത് പുറംചട്ടയിൽ ഒഴിവാക്കിയത് മനഃപൂർവ്വം ആയിരിക്കണം)'

ഗോവയിൽ തുടങ്ങി, ന്യുയോർക്കിലും, ഹോങ്കോങ്ങിലും, ഫിലിപ്പീൻസിലും തിരികെ ഗോവയിൽ നാടകീയ രംഗങ്ങളുമായും, പിന്നെ പെറുവിലൂടെ സാൻഫ്രാൻസിസ്കോയിൽ ഫേസ്‌ബുക്ക് ക്യാമ്പസിനു പുറത്ത് കഥ അവസാനിക്കുന്ന 272 പേജുകൾ ആണ് നോവലിനുള്ളത്.

ഗോവയിൽ ഒരു കല്യാണഒരുക്കത്തിന്റെ സെറ്റിലേക്കാണ് (ഹോട്ടൽ മാരിയോട്ട് എന്നും പറയാം) ചേതൻ തുടക്കത്തിൽ നമ്മളെ കൊണ്ടുപോകുന്നത്. അവിടെ പെൺകൂട്ടർ കല്യാണ ചെറുക്കന്റെ വീട്ടുകാരെ സ്വീകരിക്കാൻ ഉള്ള തിരക്കാണ്. 200-ൽ പരം ആൾക്കാർ ആഴ്ചയോളം വന്ന് വിവിധ പരിപാടികളോടെ നടക്കാൻ പോകുന്ന കല്യാണം. ചെറുക്കനും വീട്ടുകാരും വരുന്നു, രാധികയും പ്രതിസുതവരൻ ബ്രിജേഷും തമ്മിൽ കുശലം പറയുന്നു. മംഗളകരമായി നടക്കാൻ പോകുന്ന ചടങ്ങുകൾ. എന്നാൽ രാധികയ്ക് യു എസിൽ നിന്നും വരുന്ന ദേബഷീഷിന്റെ ഫോൺവിളി കഥയുടെ ഗതി മാറ്റി മറിക്കുന്നു. വർഷങ്ങൾക്ക് മുമ്പ്  രാധിക ന്യൂയോർക്കിൽ ജോലിക്ക് പോകുന്ന സീനിലേക്ക് ഫ്‌ളാഷ്ബാക്ക്. അവിടെ നിന്ന് വീണ്ടും സീൻ  ഗോവയിൽ തിരിച്ചെത്തുമ്പോൾ രാധികയ്ക്ക്  അടുത്ത ഒരു മെസേജ് ശ്രീലങ്കയിൽ നിന്നെന്നെത്തുന്നു-നീൽ. കല്യാണ ചെറുക്കൻ ബ്രിജേഷ്, രണ്ട് പഴയ ബോയ്ഫ്രണ്ടുകൾ. അവരുടെ ഇടയിൽ അന്തിച്ചു നിൽക്കുന്ന നായിക. തികച്ചും നാടകീയ രംഗങ്ങൾ.

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ: ചേതൻറെ മറ്റെല്ലാ ബുക്കുകൾ പോലെ ഒരെണ്ണം കൂടി. മറ്റെല്ലാത്തിലും ആണുങ്ങൾ കഥ പറയുന്നു, ഇവിടെ ഒരു പെണ്ണ് പറയുന്നു. ഒരു പെണ്ണിൻറെ പുറകെ രണ്ട് ബോയ്ഫ്രണ്ട് ഒരു പ്രതിശുതവരൻ. കാരണം ലോകത്തിലേക്കും ഏറ്റവും പെർഫെക്ട് ആയ പെണ്ണാണ് അവർക്ക് രാധിക.  അതാണ് സോ കാൾഡ് 'ഒരു ഇന്ത്യൻ പെൺകുട്ടി' രാധിക.

മാതാപിതാക്കൾ, അതിഥി (സഹോദരി), ബിജേഷ് (പ്രതിസുതവരൻ), ദേബഷീഷ് (ആദ്യ കാമുകൻ), നീൽ (രണ്ടാമത്തെ കാമുകൾ) ഇവരൊക്കെയാണ് മുഖ്യകഥാപാത്രങ്ങൾ.

നോവലിൽ അധ്യായങ്ങളേക്കാൾ സീനുകൾ ആണ് പ്രധാനം. അതുകൊണ്ടായിരിക്കും പ്രസിദ്ധീകരിക്കും മുമ്പ് വായിച്ചിട്ട് സിനിമാ നടി കങ്കണ റൗത് ഇതിലെ നായിക ആകാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞത്. സിനിമയ്ക്ക് വേണ്ടി തട്ടിക്കൂട്ടിയ മാതിരി ആണ് ചേതൻറെ കഴിഞ്ഞ കുറെ ബുക്കുകൾ.  ഒന്നുകിൽ ചേതൻ സിനിമയ്ക്ക് തിരക്കഥ എഴുതണം, അല്ലെങ്കിൽ നോവൽ എഴുതണം. അല്ലാതെ കുറെ നാടകീയ മുഹൂർത്തങ്ങൾ എഴുതിപിടിപ്പിച്ച്,  ഒരുമാതിരി രണ്ടു വള്ളത്തിൽ കാലുവച്ച് വായനക്കാരെ കടലിൻറെ നടുക്ക് തള്ളിയിടുന്ന  ഏർപ്പാട് നല്ലതല്ല.

ഗോവയിലെ ഒരു  ക്‌ളൈമാക്‌സ് രംഗത്തിൽ അതിരാവിലെ പഴയ രണ്ടു കാമുകന്മാരുമായി രാധിക കോഫി കുടിച്ച് ജീവിതത്തിലെ സുപ്രധാനമായ തീരുമാനം അറിയിക്കുന്നുണ്ട്. അത് സീരിയസ്സ് ആണോ തമാശയാണോ എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

ഫെമിനിസം
നോവൽ വായിച്ച് കഴിക്കുമ്പോൾ ഫെമിനിസം എന്നാൽ വിവാഹത്തിന് മുമ്പ് മൂന്ന് നാല് ബോയ്ഫ്രണ്ട്ആയി കറങ്ങുക, വീട് വിട്ട് വലിയ നഗരത്തിൽ ഏതേലും ഒരുവൻറെകൂടെ കയറിതാമസിക്കുക, വലിയ ശമ്പളത്തിൽ ജോലി ചെയ്യുക, ബ്രെസീലിയൻ വാക്സ് ചെയ്യുക (വാക്സ് ചെയ്തത്  ബോയ്ഫ്രണ്ടിനെ കാണിക്കാനായി ഹൃദയം തുടിക്കുക), സമയം കിട്ടുമ്പോൾ ഒക്കെ നന്നായി മദ്യപിക്കുക  ഇതൊക്കെ ആണെന്ന് നമ്മൾ വായനക്കാർ തെറ്റിദ്ധരിച്ചുപോകും. കഥ തുടങ്ങും മുമ്പ്, ചേതൻ താൻ പരിചയപ്പെട്ടതും, തൻറെ ജീവിതത്തിൽ കൂടി കടന്നുപോയതുമായ പല പെൺകുട്ടികൾ ഈ 'ഇന്ത്യൻ പെൺകുട്ടി'യുടെ രചനയിൽ സഹായകമായിട്ടുണ്ട് എന്ന് പറയുമ്പോൾ, അയ്യേ... ഇയാൾ കണ്ടതെല്ലാം ഇത്തരം പെൺകുട്ടികളെ മാത്രം ആണോ എന്ന് വായനക്കാർ മൂക്കത്ത് വിരൽവച്ചാൽ അത്ഭുതപ്പെടാനില്ല.

രാധികയുടെ ഭാഷയിൽ "സ്ത്രീകൾക്ക് രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, വ്യക്തിപരമായ, സാമൂഹികമായ തുല്യത  അന്വേഷിക്കുകയും നിർവചിക്കുകയും അത് നേടുകയും, സ്ഥാപിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് ഫെമിനിസം. അതിൽ വിശ്വസിക്കുന്ന ആൾ ഫെമിനിസ്റ്റും"  ഈ നിർവചനം മാത്രം ബാക്കിനിർത്തി ഒരുമാതിരി ചീറ്റിപ്പോയ ഫെമിനിസം ആണ് കഥയിൽ കാണുന്നത്.

നായിക വലിയ ഫെമിനിസ്റ്റ് ഒക്കെ ആണെങ്കിലും ഇടക്കിടെ ഒക്കെ വികാരപരമായി സംസാരിക്കുകയും, കരയുകയും, മിഴികൾ തുടക്കുകയും ചെയ്യുന്നുണ്ട് എന്നൊരു ആശ്വാസം വായനക്കാർക്ക് ഇല്ലാതില്ല. എന്താണ് കഥാകാരൻ ഫെമിനിസം എന്നത് കൊണ്ട് ഈ കഥയിൽ ഉദ്ദേശിക്കുന്നത് എന്ന് വായനക്കാർക്ക് തുടക്കത്തിൽ ഉണ്ടാകുന്ന സംശയം കഥകഴിഞ്ഞാലും ബാക്കിനിൽക്കും.

അശ്ലീലം
പക്കാ അശ്ലീലം കൊണ്ട് 'സമ്പന്ന'മാണ് ചില അദ്ധ്യായങ്ങൾ. അദ്ധ്യായം ആറിൽ ബ്രെസീലിയൻ വാക്സ് എന്താണെന്നും, അത് എങ്ങിനെ ചെയ്യണം എന്നും നല്ല രീതിയിൽ വർണ്ണിക്കുന്നുണ്ട്.  എട്ടാമത്തെ അദ്ധ്യായത്തിൽ ആകട്ടെ നായിക ആദ്യമായി  ബോയ്‌ഫ്രണ്ടിന്റെ കൂടെ കിടപ്പറ പങ്കിടുന്നത് നല്ല രീതിയിൽ വിവരിച്ച് ചേതൻ വായനക്കരെ ഇക്കിളിപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അതുപോലെ ഫിലിപ്പിയൻ പെൻഗാലുസിയാൻ ദീപിൽ (ഇരുപത്തിയാറാമത്തെ അദ്ധ്യായത്തിൽ) അടുത്തൊരു സീൻ. സിനിമയ്ക്കിടെ ബിറ്റിടുന്നപോലെ!

അല്ലെങ്കിൽതന്നെ ഇതിനു മുമ്പുള്ള  എല്ലാ കൃതികളിലും പുട്ടിനിടക്ക് തേങ്ങ വിതറുംപോലേ  വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം ചേതൻ ഭഗത് കുത്തിത്തിരുകിയിട്ടുണ്ട്. തൻറെ കൃതികൾക്ക് അതില്ലെങ്കിൽ എന്തോ വലിയ കുറവ് ഉണ്ട് എന്ന് അദ്ദേഹത്തിന് തോന്നുന്നുണ്ടാകും. ആണും, പെണ്ണും, ലൈഗിംകതയും ഒക്കെ എത്രയോ എഴുത്തുകാർ മനോഹരമായി, അറപ്പുളവാകാത്ത രീതിയിൽ  എഴുതിയിരിക്കുന്നു. എന്നാൽ ഇവിടെ എഴുത്തുകാരൻറെ സംതൃപ്തിക്കുവേണ്ടിമാത്രം ന്യൂജനറേഷൻ രീതിയിൽ  കുത്തിത്തിരുകിയിരിക്കുന്ന അശ്ലീല രംഗങ്ങൾ വല്ലാത്ത വെറുപ്പ് ഉണ്ടാക്കുന്നുണ്ട് (നിങ്ങൾ ഞരമ്പ് രോഗി അല്ലെങ്കിൽ).

കൺസ്യൂമർ 
'ഇന്ത്യൻ പെണ്ണിൻറെ' മുഖവില 176 രൂപയാണ്. എന്നാൽ ഒരു ഒരു ഉപഭോക്താവ് എന്ന നിലയിൽ ഒരു 'മ ' പ്രസിദ്ധീകരണത്തിന് നമ്മൾ കൊടുക്കുന്ന വിലയിൽ കൂടുതൽ ഇടാൻ ഒരിക്കലും കഴിയില്ല. തൻറെ ആദ്യകാല കൃതികളുടെ പച്ചയിൽ ആണ് ചേതൻറെ അടുത്ത കാലത്തിറങ്ങിയ ബുക്കുകൾ ഒക്കെ വിറ്റുപോയിട്ടുള്ളത് എന്നതാണ് സത്യം.

അവസാന വാക്ക്
വെറുതെ വായിച്ച് സമയം തള്ളിനീക്കാൻ പറ്റുന്ന ഒരു പക്കാ മസാലനോവൽ മാർക്കെറ്റിങ്ങിലൂടെ എങ്ങിനെ ബെസ്ററ് സെല്ലർ ആക്കാം എന്നതിന് ഉദാഹരണമാണ് ഈ ബുക്ക്. എഴുപത് എൺപതുകളിലെ സിനിമാസ്റ്റൈൽ (നായകൻ, നായിക, കാബറെഡാൻസ്, വില്ലൻ, ബലാത്സംഗം... ക്ളൈമാക്സ്) പോലെ ഒരു സാധനം, ഇപ്പോൾ ഇറങ്ങുന്ന സിനിമകളുടെ ചുവടു പിടിച്ചുള്ള  മാർക്കറിങ്ങ് തന്ത്രം. അതിൽ ചേതനും പ്രസാധകർ രൂപാ പബിക്കേഷൻസും നന്നായി വിജയിച്ചിരിക്കുന്നു.

അവസാനമായി രണ്ട് ഉപദേശം മാത്രം:
01) ചേതൻ തൻറെ ആദ്യ ജോലിയായിരുന്ന ഹോങ്കോങ്ങിലെ ഗോൾഡ്മാൻ ബാങ്കിൽ തന്നെ തിരികെ കയറാൻ നോക്കണം
02) അല്ലെങ്കിൽ നല്ല ഒരു ഇടവേള എടുത്ത് നല്ല ഒരു നോവൽ  എഴുതുക (സിനിമകൾക്കുള്ള സീനുകൾ അല്ല). അതല്ലെങ്കിൽ  "വല്ല വാർക്ക പണിക്കും പോയ്കൂടെടോ" എന്ന് വായനക്കാരൻ നിലവിളിക്കേണ്ടി വരും.



Monday, September 26, 2016

ഷെമി-മലയാള സാഹിത്യത്തിലെ ആൻഫ്രാങ്ക്

വായനയുടെ പശ്ചാത്തലം
2015-ൽ ഒരു ബുക്ക്ഫെസ്റ്റിവലിൽ വച്ചാണ് ഷെമിയുടെ 'നടവഴിയിലെ  നേരുകൾ' കാണുന്നത്. ബെസ്റ്റ്സെല്ലർ പട്ടികയിൽ, മുൻനിരയിൽ വച്ചിരിക്കുന്ന ബുക്ക് ഒന്നെടുത്തുനോക്കി. കറുത്ത വസ്ത്രം ധരിച്ച്, തലയിൽ തട്ടവുമിട്ട്, കറുത്ത ഫ്രേമുള്ള കണ്ണടയിലൂടെ മൊണാലിസയുടെ നോട്ടം പോലെ ചിരിയുംചിന്തയും ഒളിപ്പിച്ച്, വായനക്കാരന് നോട്ടം തരാതെ അകലങ്ങളിലേക്ക് മിഴിപായിച്ച് നിൽക്കുന്ന  മെല്ലിച്ച ഒരു പെണ്ണ് ! ഇതാണോ പുതുമുഖം ഷെമി? ബുക്ക് തിരികെവച്ച് പുറത്തിറങ്ങുമ്പോൾ ഒരുപാട് ചോദ്യങ്ങൾ വേട്ടയാടുന്നുണ്ടായിരുന്നു. പിന്നീട് ഷെമിയുടെ ഈ പുസ്തകത്തെപ്പറ്റിയുള്ള നിരൂപണം, ആസ്വാദനം ഒക്കെ ഒരുപാട് പരതി. അവസാനം തീരുമാനിച്ചു വായിച്ചിട്ടു തന്നെ കാര്യം!

നോവൽ എന്ന നോവൽ
സാധാരണ നോവലുകളിൽ കാണുന്നതിൽ നിന്നും വ്യത്യസ്തമായി അധ്യായങ്ങൾ ഇല്ലാതെ, മൊത്തം ആറുഭാഗങ്ങൾ ആയി തിരിച്ച് ഒന്നിനൊന്ന് ബന്ധപ്പെട്ടു കിടക്കുന്ന ഒരുപാട് ചെറുകഥകളുടെ സമാഹാരമാണിത്. ഓരോ കഥയ്ക്കും ഓരോ താളമുണ്ട്, ലയമുണ്ട് പിന്നെ ചിരിയും ചിന്തയുമുണ്ട്.

തൻറെ ജീവിത്തത്തിൽ ഒന്നൊന്നായി നായിക നേരിടേണ്ടിവരുന്ന അഗ്നിപരീക്ഷണങ്ങൾ ഏറെ ചങ്കിടിപ്പോടും, കൺകോണുകളിൽ ഉതിർന്നുവരുന്ന ആർദ്രതയോടുമല്ലാതെ വായനക്കാരന് 'നടവഴികൾ' വായിച്ചുതീർക്കാനാകില്ല. മലയാള അക്ഷരങ്ങൾ അടുക്കോടും ചിട്ടയോടും കൂടി എടുത്ത് ആകർഷണീയമായി എങ്ങനെ എഴുതാം എന്ന് ഷെമി ഇവിടെ കാണിച്ചു തരുന്നു. ജീവിതത്തിൽ ഒരു പെൺകുട്ടി ഇത്രമാത്രം പരീക്ഷണങ്ങൾ എങ്ങനെ അതിജീവിക്കും എന്ന് നമ്മൾ അതിശയിച്ചു പോകും. മനുഷ്യൻറെ ബേസിക് ആവശ്യങ്ങളായ ഭക്ഷണത്തിനും, പാർപ്പിടത്തിനും വേണ്ടി അമ്മയുടെയും, അപ്പൻറെയും കൂടെ അലയുന്ന ഒരു ബാല്യം.  അതിനിടയിൽ മൂത്തആങ്ങളമാരുടെ വില്ലന്മാരെപ്പോലെയുള്ള  ശല്യപ്പെടുത്തലും, സഹോദരിമാരോടുള്ള ദയാവായ്‌പും, അനുജനോടുള്ള കരുതലും മനസ്സിൽ നിറച്ച നായികയുടെ ജീവിതം ഏറെ നോവുളവാക്കുന്നതാണ്. എത്ര കഴുകിക്കളഞ്ഞാലും മനസ്സിൽനിന്നും മായാത്ത കറപോലെ അതങ്ങനെ തെളിഞ്ഞു നിൽക്കുന്നു.

തുടക്കം മുതൽ ഒടുക്കം വരെ ആകാംഷയുടെ രസച്ചരട് പൊട്ടിപ്പോകാതെ വായനക്കാരെ നടത്തിക്കൊണ്ടുപോകാൻ ഷെമിക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ, പേജുകൾ മറിയുന്നത് നമ്മൾ അറിയുകയില്ല. കുപ്പയിൽ കിടക്കുന്ന മാണിക്യങ്ങളെ പെറുക്കിയെടുത്ത് വായനക്കാരൻറെ വീഥികളിൽ വിതറിയിരിക്കുകയാണ് ഷെമി എന്നു പറയാം. വിധിയുടെ ക്രൂരതയിലും നമ്മുടെ ചുണ്ടുകളിൽ ചിരിയും ചിന്തയും  പടർത്താനും, താൻ ജീവിതത്തിൽ എന്തനുഭവിച്ചോ, അതെല്ലാം അതേ തുടിപ്പോടെ വായനക്കാരിൽ എത്തിക്കാനുമുള്ള  എഴുത്തുകാരിയുടെ ശ്രമം ശ്‌ളാഘനീയമാണ്.

കഥാപാത്രങ്ങൾ
ഉപ്പ, ഉമ്മ, മൂത്ത സഹോദരന്മാർ, സഹോദരിമാർ, അനിയൻ ഇവരുടെ ഇടയിലുള്ള നായികയുടെ ബാല്യകാലത്തിലാണ് കഥ തുടങ്ങുന്നത്. ഓരോ കഥാപാത്രങ്ങൾക്കും ഓരോ കഥയുണ്ട്.  അമ്മിഞ്ഞപ്പാലുപോലും നിഷേധിക്കപ്പെട്ട് പിൽക്കാലത്ത് കൊടുംപട്ടിണിയെ പുണരേണ്ടിവന്ന അമ്മ കുഞ്ഞാമിന. നെഞ്ചും തടവി, കഫവും ചോരയും തുപ്പി തൻറെ കുടുംബമാകുന്ന ഹതഭാഗ്യരുടെ മുന്നിൽ തളർന്നു നിൽക്കുന്ന ഉപ്പ. കഥയുടെ തുടക്കം മുതൽ ഏതാണ്ട് അവസാനം വരേയോളം ദുസ്വപ്നം പോലെ നമ്മെ  പിടിവിടാതെ ഇടയ്ക്കിടെ കയറിവരുന്ന മൂത്ത ആങ്ങളമാരായ മുനീറും, തൗസറും,  അവരവരുടേതായ ലോകത്ത് ജീവിക്കുന്ന മൂത്തസഹോദരിമാർ,   കോഴിയേയും, ആടിനെയും പോലെയുള്ള ജീവികളുടെ ലോകത്ത് ജീവിക്കുന്ന അനിയൻ റാഫി. ലോകത്തിൻറെ ഏതു കോണിൽ പോയാലും എൻറെ ജീവിതാന്ത്യത്തോളം ഞാൻ നിന്നോടൊപ്പം ഉണ്ടാകും പെണ്ണേ എന്ന് പറയുന്ന ആർസൽ. അയ്മുട്ടിക്ക, അഹംഭാവം മുറ്റിനിൽക്കുന്ന കെ.റ്റി.ഡി അനാഥാലയത്തിന്റെ സെക്രെട്ടറി, അനാഥാലയം തേടിയിറങ്ങി പോലീസ് സ്റ്റേഷനിൽ എത്തുമ്പോൾ ദയയോടെ പെരുമാറുന്ന പോലീസ്..... ഒക്കെയൊക്കെ  മാഞ്ഞുപോകാതെ നിൽക്കുന്ന കഥാപാത്രങ്ങൾ ആണ്.

കുഷ്ഠരോഗികൾക്ക് വേണ്ടി പിരിവിനായി സ്‌കൂളിൽ കൊടുക്കുന്ന കാർഡ്  നിറക്കാൻ വിശന്ന് പൊരിഞ്ഞിട്ടും തൻറെ  ഒരുനേരത്തെ ഭക്ഷണത്തിനുള്ള പണംകൊണ്ട് അവസാന കോളവും വെട്ടി  കൂട്ടിവച്ച  പൈസയ്ക്കുണ്ടാകുന്ന ദുർഗതി, അതുമൂലം ഉണ്ടായ നഷ്ടങ്ങൾ, സഹോദരിമാർ എല്ലാം കൂടി 'കഷ്ടപ്പെട്ട്' ഉണ്ടാക്കുന്ന പണം കൊണ്ട് ടൂർ പോകുമ്പോൾ രാത്രിയിൽ നാഗം പോലെ ദേഹത്തേക്ക് ഇഴഞ്ഞുകയറുന്ന കരങ്ങൾ, അനാഥാലയത്തിൽ വളർച്ച മുരടിച്ച, ഭക്ഷണം എത്ര കഴിച്ചാലും മതിവരാത്ത നൂറുദ്ദീൻ ഒരിക്കൽ ഛർദ്ദി വാരിക്കഴിക്കുന്നത് കണ്ട് നായിക ഹൃദയം നുറുങ്ങിയോടുന്ന രംഗം. റാഫിയുടെ ആട്  അമ്മിണിയുടെയും കോഴികുഞ്ഞുങ്ങളുടെയും ദുരന്താന്ത്യം, ദിവസങ്ങളോളം വെള്ളം കിട്ടാതെ കുളിക്കാൻ കഴിയാതെ സഹപാഠി സജ്നയുടെ വീട്ടിലെ കുളിമുറിയിൽ ജലകണങ്ങൾ ദേഹത്തേക്ക് ഉതിർന്നു വീഴുമ്പോൾ നായികയ്ക്കുണ്ടാകുന്ന നിർവൃതി,  സ്തനാർബുദ 'ചികിത്സ' നടത്തുന്ന ഡോക്ടർ, ആർസലുമായി ജീവിതം അവസാനിപ്പിക്കാനായി ഒരുങ്ങുന്ന രംഗം, പ്രസവം അടുക്കാറാകുമ്പോൾ ഒരു സ്ത്രീക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ, ഒരു കുഞ്ഞിന് ജന്മംനൽകാൻ ആശുപത്രിക്കിടക്കയിൽ കിടക്കുമ്പോൾ ഉള്ള അവസ്ഥ, ആശുപത്രി ജീവനക്കാരുടെ കുത്തുവാക്കുകൾ, ഇവയൊക്കെ ഇതിലും പച്ചയായി എന്നാൽ മാന്യമായി വേറെ എങ്ങും വായിച്ചിട്ടില്ല.

വായന ഏറെ മുന്നോട്ടുപോയപ്പോൾ സ്വയം ചോദിച്ചു....  ഇതേ നെഞ്ചിടിപ്പോടെ, ഇതേ വികാരത്തോടെ ഇതിനു മുമ്പ് ഞാൻ ഏതോ ബുക്ക് വായിച്ചിട്ടുണ്ട്. ഏതാണത്? റിവേഴ്‌സ് ഗിയറിൽ മനസ്സ് കുറെ പാഞ്ഞപ്പോൾ ഉത്തരം കിട്ടി! ഹോളോകോസ്റ്റിന്റെ ഇരയായിത്തീർന്ന്, പതിനഞ്ചാമത്തെ വയസ്സിൽ നാസിജർമനിയിലെ കോണ്സെന്ട്രേഷൻ ക്യാംപിൽ 1945-ൽ  വീണുടഞ്ഞ സുന്ദര പുഷ്പം! ആൻഫ്രാങ്ക്! 'എ ഡയറി ഓഫ് യങ് ഗേൾ' ! ചുരുക്കിപ്പറഞ്ഞാൽ ഷെമിയുടെ ഈ രചനയെ ഇങ്ങനെ ഉപമിക്കാം 'ഷെമി-മലയാളസാഹിത്യത്തിലെ ആൻഫ്രാങ്ക്'

കുറ്റവും, കുറവും 
നോവലിൻറെ ആദ്യവും അവസാനവും എന്തിനാണെന്ന് വായനക്കാരന് ഒരു സംശയം തോന്നാം. അവസാനം നമ്മൾ പ്രേതീക്ഷിക്കുന്ന ഒരന്ത്യമല്ല നോവലിൽ. (ഒരു പക്ഷെ അതായിരിക്കും എഴുത്തുകാരിയുടെ പ്രേത്യേകതയും). അവസാന ചില പേജുകളിൽ കൃത്രിമത്വം കുത്തി നിറച്ചപോലെ തോന്നിപ്പോയി. ഇതല്ലാതെ ഇനി ഒരു കുറ്റം കൂടി കണ്ടുപിടിക്കണമെങ്കിൽ നിങ്ങൾ വലിയ പരിശ്രമം തന്നെ നടത്തേണ്ടിവരും!

കൺസ്യൂമർ 
മലയാളത്തിൽ അടുത്തകാലത്ത് ഇറങ്ങിയ ഏറ്റവും പേജുകളും (640 പേജ്) വിലയും (495 രൂപ) ഉള്ള നോവലാണ് 'നടവഴിയിലെ നേരുകൾ'.  2015-ൽ  പ്രസിദ്ധീകരിച്ച്‌ കേവലം ഏഴുമാസംകൊണ്ട് ഇറങ്ങിയ അഞ്ചാമത്തെ പതിപ്പാണ് ഞാൻ വായിച്ചത്. വില കണ്ട് നെറ്റിചുളിക്കുന്നതിനുമുമ്പ് നിങ്ങൾ അകത്ത് അഞ്ചാമത്തെ പേജിൽ ഷെമി സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുന്നത് വായിക്കുമ്പോൾ 'പേജിന് ഒരു രൂപ വിലയിട്ടാലും വാങ്ങിക്കാം' എന്ന് പറഞ്ഞുപോകും. ഒരു വായനക്കാരൻ എന്ന നിലയിൽ മുടക്കുമുതലിന് തൃപ്തിനൽകുന്ന ഉത്പന്നം കൂടിയാണിത്.

അവസാനവാക്ക് 
കഴിയുമെങ്കിൽ വായന അന്യംനിന്നുപോയ നമ്മുടെ പുതിയ തലമുറയെ ഈ കൃതി ഒന്ന് വായിപ്പിക്കണം. വിശപ്പിൻറെ വിലയറിയാത്ത, പണത്തിൻറെ മൂല്യമറിയാത്ത, കരുണയും ബഹുമാനവും സഹിഷ്ണുതയും എന്തെന്നറിയാത്ത, ഒരു തലമുറ നമുക്കുമുന്നിൽ വളർന്നുവരുന്നുണ്ട്. അവരിൽ  മുട്ടത്തോടും, ഉച്ചിഷ്ടവും ഒക്കെ കഴിച്ച് ജീവിക്കുന്ന ഒരു കൂട്ടം ആൾക്കാർ ഇന്നും നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നുന്നുള്ള ബോധം ഉണ്ടാക്കാനായാൽ അതിൽപരം ഒരു ഉപദേശം വേറെ കൊടുക്കാനില്ല.

ജീവിതമാകുന്ന ഉലയിൽ സ്പുടംചെയ്തെടുത്ത തിളക്കമാർന്ന ആഖ്യാന ശൈലി. മലയാള സാഹിത്യത്തിൽ വലതുകാൽ വച്ച് ഷെമി കയറുകയാണ്. സാഹിത്യത്തിൻറെ വസന്തവും സുഗന്ധവും വായനക്കാരൻറെ മനോതലങ്ങളിൽ മങ്ങാതെ നിറഞ്ഞുനിൽക്കുന്ന കാൽവയ്പ്. ഓരോ എഴുത്തുകാർക്കും ഓരോ കൈയ്യൊപ്പുണ്ട്. ഒ വി വിജയൻ -ഖസാക്ക്, എം. മുകുന്ദൻ-മയ്യഴിപ്പുഴ, തകഴി-ചെമീൻ, ബെന്യാമീൻ-ആടുജീവിതം, മീര-ആരാച്ചാർ. ഇവിടെ ഷെമി-നടവഴികൾ.

ഷെമിയെ ഞാൻ കണ്ടിട്ടില്ല. പക്ഷേ എന്നെങ്കിലും, എവിടെവച്ചെങ്കിലും കാണുകയാണെങ്കിൽ മുത്തുകൾ പെറുക്കിക്കൂട്ടി വായനയുടെ നടവഴികളിൽ പാകിത്തന്ന ആ കയ്യിൽ ഒരു ഹസ്തദാനം നടത്തണം. എന്നിട്ട് പറയും "വെൽഡൺ , നിങ്ങൾ നന്നായി എഴുതിയിരിക്കുന്നു"

Friday, September 16, 2016

പ്രവാസത്തിന്റെ തിരുശേഷിപ്പുകൾ

ആകാശത്ത് നക്ഷത്രങ്ങൾ ഒന്നല്ല ഒരായിരങ്ങൾ ഉണ്ട്. അവയിൽ കുറെയെണ്ണത്തിന്റെയെങ്കിലും സ്ഥാനം എനിക്ക് കൃത്യവുമാണ്.  ഏകാന്തതയെ പുണരാൻ  ഇഷ്ടപ്പെടുമ്പോൾ, എന്റേതായ ഒരു ലോകം മാത്രം ആഗ്രഹിക്കുമ്പോൾ  ഇലപൊഴിയാത്ത ഈ മരച്ചോട്ടിൽ ഇരുന്ന് അവയൊക്കെ ഞാൻ എണ്ണും. ചന്ദ്രഗോളം ചെറുതാകുന്നതും വലുതാകുന്നതും എനിക്ക് കാണാപ്പാഠമാണ്.  ഏകാന്തത മേയുന്ന രാവുകളിൽ,  ഈ മരച്ചോട്ടിലിരുന്ന് മരുഭൂവിലെ മണ്ണിന്റെ ഗന്ധം കണ്ണുകൾക്കളക്കാവുന്ന ദൂരത്തിനപ്പുറത്തുള്ള ഖബറിസ്ഥാനും പിന്നിട്ട് എൻറെ നാസാരന്ധ്രങ്ങളിലേക്ക് ചേക്കേറും.  പകൽസൂര്യനിൽ പൊടിയുന്ന ആയിരങ്ങളുടെ വിയർപ്പിന്റെ ചൂരും, അനശ്വരതയിലേക്ക് ചേക്കേറിയ ആയിരങ്ങളുടെ നിശ്വാസവും അതിൽ ഇഴകലർന്നിട്ടുണ്ടാകും.

ഇതെൻറെ ലേബർക്യാമ്പ്.  ഇലപൊഴിയാത്ത എൻറെ പ്രിയപ്പെട്ട  മരച്ചുവട്.  ജീവസ്പന്ദനം പോലെ എൻറെ കൈവെള്ളയിൽ അമർന്നിരിക്കുന്ന എൻറെ കിങ്ങിണി. ചന്ദ്രൻറെ പാൽനിലാവിൽ  എത്രകണ്ടാലും മതിവരാത്ത കാഴ്ചകൾ തേടി ഞാൻ ആകാശക്കോണുകളിലേക്ക് നോക്കിനോക്കിയിരിക്കും.

നാട്ടിൽനിന്നും അവധി കഴിഞ്ഞ് വന്നിട്ട് മൂന്ന് ദിവസമായി.  പാസ്സ്‌പോർട്ട് ക്യാമ്പ്ബോസ്സിന്റെ കൈവശം കൊടുത്തെങ്കിലും ഇതുവരെ ജോലിക്ക് കയറാൻ അനുമതിയായിട്ടില്ല. നാളെയോ മറ്റെന്നാളോ സൈറ്റ് അലോക്കേഷൻ വരും. അതുവരെ ക്ഷമയോടെ കാത്തിരിക്കുക.

ഞാൻ കിങ്ങിണിയുടെ  ബട്ടൺ അമർത്തി വെള്ളയോ ഇളംമഞ്ഞയോ ഇടകലർന്ന വെളിച്ചത്തിൽ സമയം നോക്കി. കിങ്ങിണി എന്ന എൻറെ നോക്കിയ 1100 മൊബൈൽ ഫോണിൻറെ ഡിസ്‌പ്ലെയ്ക്കും അങ്ങ് ദൂരെക്കാണുന്ന മസ്ജിദിന്റെ മിനാരത്തിൽ നിന്നും ഇരുട്ടിലേക്ക് ചിതറിത്തെറിക്കുന്ന  വെളിച്ചത്തിനും ഒരേ നിറം.  കിങ്ങിണി സമയം അറിയിച്ചു, രാത്രി രണ്ട് പത്ത്.

ഞാൻ അവളെ ചെവിയോടടുപ്പിച്ച് നമ്പർ ഡയൽ ചെയ്തു.  ഒന്ന്.. രണ്ട് ....മൂന്ന്.  മറുതലക്കൽ ഉറക്കത്തിൻറെ ആലസ്യം നിറഞ്ഞ ഒരു 'ഹലോ'

"നിങ്ങൾ ഒറങ്ങീല്ലേ...?"
'ഇല്ല.  ഓരോന്ന് ഓർത്തോർത്തിരിക്കുവാരുന്നു.."
"ഈ വയസ്സാംകാലത്ത് ഇനി എന്തോന്ന് ഓർക്കാൻ ചന്ദ്രേട്ടാ..?"
അതിനൊപ്പം ചിലമ്പിൻ താളം പോലെ അവളുടെ ചിരിയും.

"ഈ അവധിക്ക് വന്ന്  രണ്ടുമാസം നിന്നപ്പോൾ നിനക്കെങ്ങനെ തോന്നിയോ രാധേ?"

മൗനം. രാധ ആലോചനയിൽ ആയിരിക്കും. കഴിഞ്ഞ അറുപത് ദിവസങ്ങളിൽ അവളുടെ തനുവും മനവും നിയന്ത്രിച്ചിരുന്നത് എൻറെ വികാരങ്ങളും, കരചലനങ്ങളും ആയിരുന്നല്ലോ.  ഏതു പാതിരാത്രിയിലും, അന്ധകാരത്തിലും, അതിൻറെ  അർത്ഥവ്യാപ്തി അവൾക്ക് ഹൃദിസ്ഥം.  പിന്നെ അവൾ എന്നിലേക്ക് ചായും.  അവളുടെ വിരൽത്തുമ്പുകൾ എൻറെ നെഞ്ചിൽ മൃദുവായ് നൃത്തം വയ്ക്കും.  എൻറെ കരവലയത്തിനുള്ളിൽ  അവൾ  കളിപ്പാവയാവും.

"അവൻറെ റിസൾട്ട് വരുന്നതെന്നാണെന്നറിഞ്ഞോ രാധേ?"
"അടുത്ത മാസം എന്ന് പറയുന്നു"
"അവനെന്തു പറയുന്നു?"
"എന്ത് പറയാൻ?  ചന്ദ്രേട്ടനോട് പറഞ്ഞത് തന്നെ ..."
"ഉം .... ശരി എന്നാൽ നീ ഉറങ്ങിക്കോ"
"ഒറങ്ങാനോ?.... അതെന്താ ഏട്ടാ നിങ്ങൾ വിളിച്ചുണർത്തിയിട്ട് അത്താഴം ഇല്ലെന്ന് പറയും പോലെ?"

എന്ത് പറയാൻ? രാവും പകലും ഇവിടെഎരിഞ്ഞടങ്ങുന്നു.  അത് പങ്കുവയ്ക്കാൻ രാധാപോലും ഇഷ്ടപെടുന്നുണ്ടാകില്ല.  പ്രേത്യേകിച്ച് അവധികഴിഞ്ഞു കണ്ണുകളിലും മനസ്സുകളിലും ഈറനണിയിച്ച് വീടിൻറെ പടി തിരികെയിറങ്ങിവരുമ്പോൾ ദേഹമാസകലം പടരുന്ന നഷ്ടബോധം. തിരികെ ഇവിടെ എത്തിയാൽ വേട്ടപ്പട്ടികളെ പോലെ പിന്തുടരുന്ന അശാന്തിയുടെ രാവും പകലും.

ഞാൻ ഊറിച്ചിരിച്ചു.  എൻറെ വിരലുകൾ കിങ്ങിണിയെ തലോടിക്കൊണ്ടിരുന്നു.  പെട്ടെന്ന് മൊബൈലിലെ ബാലൻസ് തീർന്ന് ലൈൻകട്ടായി.  മറുതലയ്ക്കൽ ശാപവാക്കുകൾ ഉരുവിട്ടുകൊണ്ട് അവൾ തിരിഞ്ഞു കിടന്നിട്ടുണ്ടാകും.

കിങ്ങിണിയെ മുറുകെപ്പിടിച്ചുകൊണ്ട് ഞാൻ തിരിഞ്ഞു നടന്നു.

കിങ്ങിണിയെ ഞാൻ വാങ്ങിയത് തന്നെ ഒരു കഥയാണ്.  വാശിയുടെ കഥ.

ക്യാമ്പിലെ ഫോൺ ബൂത്തിൽ നിന്നുമായിരുന്നു വെള്ളിയാഴ്ചകളിൽ നാട്ടിലേക്കുള്ള എന്റെ ഫോൺ വിളികൾ. വെള്ളിയാഴ്ച അതിരാവിലെ തന്നെ അതിനു മുന്നിൽ നീണ്ട ക്യൂ തുടങ്ങും. അതിൽ കയറിപ്പറ്റണം. വീട്ടിൽ ഫോണില്ലാത്തതിനാൽ രാധാമണിയെ വിളിക്കാൻ അയൽപത്തെ വീട്ടിൽ വിളിക്കും.  അവർ ചെന്ന് അവളെ വിളിച്ച് കൊണ്ടുവരും. അപ്പോളേക്കും വീണ്ടും ഞാൻ പുതുതായി ക്യൂവിൽ കയറേണ്ടി വരും. ചിലദിവസം അടുത്ത ഊഴം വരാൻ ഞാൻ മണിക്കൂറുകളോളം വെയിലത്ത് നിൽക്കേണ്ടതായും, അവൾ അയൽപക്കത്ത് ഇരിക്കേണ്ടതായും വരും.  എങ്കിലും തമ്മിൽ സംസാരിക്കുമ്പോൾ ആ മടുപ്പ് എല്ലാം മാറിപ്പോകുമായിരുന്നു.  അന്നൊരു വെള്ളിയാഴ്ച പതിവുപോലെ രാധാമണിയെ വിളിക്കാൻ ശ്രമിക്കുകയായിരുന്നു. ലൈൻ കിട്ടുന്നില്ല.  എൻറെ പിന്നിൽ നിൽക്കുന്ന ബംഗാളി ഒച്ചപ്പാടുണ്ടാക്കി. അത് വഴക്കിലേക്കും, ഉന്തിലുംതള്ളിലേക്കും നീണ്ടു. അവസാനം ക്യാമ്പ്ബോസ്സ് വന്നാണ് പിടിച്ചുമാറ്റിയത്.

"നിനക്ക് സ്വന്തായി ഒരു ഫോൺ വാങ്ങിക്കൂടെ ചന്ത്രാ ?!! ..... വെറുതെ കെടന്ന് ഇതുങ്ങളുമായി വക്കാണം ഉണ്ടാക്കാതെ?"

ക്യാമ്പ്ബോസ്സിന്റെ വാക്കുകൾ കൂടി കേട്ടപ്പോൾ വിഷമം തോന്നി. ഇതിനേക്കാൾ ഒക്കെ വേവലാതിപ്പെടുത്തിയത് രാധാമണി അയല്പക്കത്ത് എൻറെ വിളിക്കായി കാത്തിരിക്കുന്നതാണ്. പ്രതീക്ഷ  നഷ്ടപ്പെട്ടോ, പരാജയഭാവത്തോടെയോ അന്നവൾ അവിടെ നിന്ന് ഇറങ്ങിപ്പോകുന്ന ചിത്രം മനസ്സിനെ ഒത്തിരി മഥിച്ചു.  പുതിയ ഒരു മൊബൈൽ വാങ്ങണം. അന്നുമുതൽ അടുത്ത ശമ്പളം കിട്ടുന്ന ദിവസം കാത്തിരിപ്പായി.

ഒരു കോഴിയെ പത്തായികീറി വിൽക്കുന്ന ബംഗാളി, നസ്വാറിൻറെ   മടുപ്പിക്കുന്ന ഗന്ധമുയരുന്ന പഠാണി, രാത്രിയിൽ പ്ലാസ്റ്റിക് ബോട്ടിലുകളിൽ മൂത്രശങ്കതീർത്ത്, ക്യാമ്പ്ബോസ്സിന്റെ ക്യാബിനു കീഴേക്കൊണ്ടിടുന്ന ഫിലിപ്പീനി, ഗോവയുടെയും, മണിക് ചന്ദിന്റെയും കറനിറഞ്ഞ പല്ലുകളുള്ള രാജസ്ഥാനി, തമ്പാക്കും ചുണ്ണാമ്പും പ്രേത്യേക അനുപാതത്തിൽ കൂട്ടിയിണക്കിയ മിശ്രിതം ഉരുട്ടി ചുണ്ടിനടിയിൽ തിരുകുന്ന ബോംബെക്കാരൻ ..... വേണ്ട, ഈ ക്യൂവിൽ ഇനി നിൽക്കണ്ട.

ഇന്നലെപോലെ ഓർക്കുന്നു. 2004 ലെ ഒരു തണുത്ത പ്രഭാതം.  മുനിസിപ്പാലിറ്റി ബസ്സിൽ കയറി, നഗരത്തിലെ ടാക്സി സ്റ്റേഷനിൽ ഇറങ്ങി, ഒരു വിളിപ്പാടകലെ ദൂരത്തിൽ ഒരു ചരിത്ര സ്മാരകം പോലെ തോന്നിച്ച, ടെലിഫോൺ കമ്പനിയുടെ ഓഫീസിനകത്തെത്തി.  ക്യൂവിൽ നിന്ന്,  ഫോറം നിറച്ച്, പാസ്സ്പോർട്ട് കോപ്പിയും വച്ച് 200 ദിർഹത്തിന്റെ നോട്ട് നൽകി.  അതുവാങ്ങി അറബി 15 ദിർഹം ബാക്കിയും ഒരു കവറും തന്നു.  ആകാംഷയുടെ പാരമ്യത്തിൽ ആ കവർ തുറന്ന് പച്ചനിറത്തിലുള്ള കാർഡ് തിരിച്ചും, മറിച്ചും നോക്കി.  എൻറെ പുതിയ സിം കാർഡ്!  അതുനുമേൽ വലിയ അക്ഷരത്തിൽ എനിക്കുള്ള മൊബൈൽ നമ്പർ. ഈ മരുഭൂമിയിൽ സ്വന്തമായി ഒരു വ്യക്തിത്വം എനിക്ക് ജന്മം കൊണ്ട ദിവസമായിരുന്നു അന്ന്.

നേരെ കോംടെല്ലിന്റെ ഷോപ്പിലേക്ക് നടന്നു. പല മോഡലുകളിൽ ഫോണുകൾ നിരത്തി വച്ചിരിക്കുന്നു.  കൂട്ടത്തിൽ മാർക്കറ്റിൽ പുതുതായി വന്ന നോക്കിയാ 1100 എന്ന മോഡൽ സെയിൽസ്മാൻ കാണിച്ചു തന്നു.  ഫ്‌ളാഷ് ലൈറ്റ്, അലാറം,  സ്റ്റോപ്പ് വാച്ച്, കാൽക്കുലേറ്റർ, അമ്പത് മെസേജ് സ്റ്റോറേജ്..... അവസാനം അത് തന്നെ തിരഞ്ഞെടുത്തു. സെയിൽസ്മാൻ സിംകാർഡ് അപ്പോൾ തന്നെ ഫോണിൽ  ഇട്ടു തന്നു.  ഒപ്പം പാന്റിൽ തൂക്കിയിടാൻ പാകത്തിൽ ക്ലിപ്പുള്ള ഒരു കുട്ടിക്കുപ്പായവും ഫോണിന് ഇടുവിച്ചു. തിരികെ മുറിയിൽ എത്തി മൊബൈലിനെ തലോടി ഞാൻ വിളിച്ചു  "കിങ്ങിണി"

സ്വന്തം ഫോണിലൂടെ ആവേശത്തിമിർപ്പോടെ അവളെ വിളിച്ചത് ഓർക്കുമ്പോൾ ഇന്നും കുളിരുകോരും. ഞങ്ങൾ എല്ലാ വെള്ളിയാഴ്ചയും ഒരു സമയം തീരുമാനിച്ചു. ആ സമയത്ത്  അവൾ അയല്പക്കത്തെ വീട്ടിൽ വന്നിരിക്കും.  വീട്ടിലെ ചേട്ടത്തി ഇത്തിരി സ്പൈ വർക്കിന്റെ ആളാണോ എന്ന് രാധക്ക് ഒരു സംശയം ഇല്ലാതില്ല. അവരുടെ മുന്നിൽ ജയിൽ സൂപ്രണ്ടിന്റെ മുന്നിൽ  തടവുപുള്ളി ഫോൺ വിളിക്കും പോലെ എന്നോട് സംസാരിക്കും.  എൻറെ വാക്കുകൾ അതിർവരമ്പ് കടക്കുകയാണെങ്കിൽ അവൾ ചിരിക്കുകയോ, വെറുതെ മൂളുകയോ മാത്രം ചെയ്യും. ഉള്ളിൽ ചിരിപൊട്ടി അവളെ എത്ര തവണഅങ്ങനെ വിഷമസ്ഥിതിയിൽ നിർത്തിയിട്ടുണ്ട് !!

എൻറെ കിങ്ങിണീ ... ഒരുകാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റിരുന്ന നോക്കിയായുടെ ഇലക്ട്രോണിക് ഉപകരണമായിരുന്നു നീ.  നീയെനിക്ക് വെറുമൊരു ഫോൺ അല്ല.  എന്നിലെ ഒരവയവം തന്നെയാണ്. എൻറെ ഇണയെപ്പോലെ കിടക്കയിൽ നീയെന്നെ പറ്റിച്ചുചേർന്നു കിടക്കുന്നു.  എത്രയോ ഫോണുകൾ മാർക്കറ്റിൽ മാറിമാറി  വന്നു. എങ്കിലും നിന്നെ വിട്ട് ഞാൻ എങ്ങും പോയിട്ടില്ല.  ഇവിടെ നീയെനിക്ക് എല്ലാമെല്ലാമാണ്.  എൻറെ രാധാമണിക്കുള്ള ചുംബനങ്ങൾ ഏറ്റുവാങ്ങി നൽകിയത് നീയാണ്.  ഞങ്ങൾ തമ്മിലുള്ള പരസ്യവും രഹസ്യവുമായ എല്ലാ ഇടപാടുകളും നിന്നിൽകൂടെയായിരുന്നു.  രാധയെക്കാൾ കൂടുതൽ നിന്നോടൊപ്പമാണ് ഞാൻ ജീവിതം കഴിച്ചുകൂട്ടിയത്.   മക്കൾ പരീക്ഷകൾ ജയിച്ചു കയറിയപ്പോളും,  പ്രധാന ജീവിത മുഹൂർത്തങ്ങൾ പിന്നിട്ടപ്പോഴും നീ മാത്രമേ എന്നോടൊപ്പം ഉണ്ടായിരുന്നുള്ളു. എൻറെ കണ്ണീരും, കിനാവും, സന്തോഷവും എല്ലാം നീ ചാരെയിരുന്ന് കണ്ടു.  ഇന്ന് കീപാഡുകൾ ഒക്കെ തേഞ്ഞ് അക്ഷരങ്ങൾ എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. എങ്കിലും നീയില്ലെങ്കിൽ എൻറെ രാവും പകലും അപൂർണ്ണമായിപ്പോകുന്നു.

പഴയ ക്യാമ്പ്ബോസ്സ് പ്രവാസ ജീവിതം മതിയാക്കിപോകവെ  ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഇനിയെങ്കിലും തൻറെ രണ്ടാം ഭാര്യയെ ഉപേക്ഷിക്കെൻറെ ചന്ത്രാ.. നാട്ടിൽ പോയി ആദ്യ ഭാര്യയുടെ ഒപ്പം കെടക്ക്.."

ഒരു ദിവസം ഇലപൊഴിയാ മരത്തിൻറെ ചുവട്ടിൽ ആകാശത്തേക്ക് നോക്കിയിരിക്കുമ്പോൾ ഞാൻ രാധാമണിയോട് പറഞ്ഞു.

"മടുത്തു രാധേ....ഞാൻ തിരികെ വരികയാ..."  ഞാൻ പതിവിലും സീരിയസ്സ് ആണെന്ന് അവൾക്ക് മനസ്സിലായി.

"ചെക്കന്റെ പഠിത്തം...?? അവൻ ഒരു കരയെത്താതെ എങ്ങിനെയാ ചന്ദ്രേട്ടാ..?"

ആ ചോദ്യത്തിന് ഞാൻ ഉത്തരം പറഞ്ഞില്ല. പക്ഷെ അതെന്റെ മനസ്സിൽ പൊന്തിയ ആശയുടെ മുകുളം നശിപ്പിച്ചുകളഞ്ഞിരുന്നു.

അതിരാവിലെ എണീറ്റ് ബാത്‌റൂമിലേക്ക് ഓടി, തിരികെ വന്ന് നീല കവറോളും ഇട്ട്, റിഫ്ലെക്‌ടർ ജാക്കറ്റും, ഹെൽമെറ്റും ധരിച്ച് വരിവരിയായി തമ്പാക്കിന്റെയും, മുഴിഞ്ഞ വസ്ത്രത്തിന്റെയും, വിലകുറഞ്ഞ മദ്യത്തിന്റെയും ഗന്ധം പരത്തുന്ന, എസിയോ, ഫാനോ ഇല്ലാത്ത 83 സീറ്റർ ബസ്സിലേക്ക്. ഒരു കൺസ്ട്രക്ഷൻസൈറ്റിൽ നിന്നും അടുത്ത സൈറ്റിലേക്ക്. തിരികെ, വൈകുന്നേരം വരിവരിയായി നിന്ന് സൈഡ്സീറ്റിനുവേണ്ടി ഇടികൂടുന്നവർക്കിടയിലൂടെ വിയർപ്പിന്റെ ഒട്ടലും ഏറ്റ് മടക്കയാത്ര. രാധാമണിയുടെ ആ ചോദ്യം ഇതിലേക്കെല്ലാംഉള്ള തിരിച്ചുപോക്കായിരുന്നു.

"ചന്ദ്രേട്ടാ.... ഇങ്ങനെ കിടന്ന് കുടുമ്പത്തെ സേവിക്കാതെ വല്ലപ്പോഴും ഇച്ചിരി വാട്ടീസൊക്കെ അടി... ഞങ്ങളെ നോക്ക്!  ഇടക്കൊക്കെ സൂക്കിൽ ഒക്കെ ഒന്ന് കറങ്ങാൻ വാ..."

ഉപദേശിക്കുന്നത് എൻറെ മകൻറെ പ്രായമുള്ള സാബുവാണ്. അപ്പോൾ ചിരിച്ച് കൊണ്ട് ഞാൻ പറയും.

"ഇഷ്ടമില്ലാത്തത് ചെയ്‌താൽ സന്തോഷം കിട്ടുവോ എൻറെ സാബുവേ ?"
"നിങ്ങളോട് തർക്കിച്ച് ജയിക്കാനാവില്ലപ്പാ.."  അതും പറഞ്ഞ് സാബു ചുരുണ്ടു കൂടും.  അവനെപ്പോലെ ഇനി നാലുപേർ കൂടിയുണ്ട് റൂമിൽ.  അവധി ദിവസങ്ങളിൽ അവർ സൂഖിൽ പോകും, ക്യാമ്പിന്റെ അതിർത്തിക്കപ്പുറത്ത് ചിക്കൻഫ്രൈയും, മുട്ടപുഴുങ്ങി വിൽക്കുന്നവരെയും കടന്ന് മണൽ കൂനകൾക്കപ്പുറത്തേക്ക്.  രാത്രിയുടെ യാമത്തിൽ എപ്പഴോ ഉറയ്ക്കാത്തകാലുകളും, നിലയ്ക്കാത്ത ജല്പനങ്ങളുമായി തിരികെവന്ന് കിടക്കയിൽ വീഴും.

ഇവിടെ ക്യാമ്പിലെ ഓരോമുറിയും പ്രവാസത്തിൻറെ പ്രീതിരൂപങ്ങൾ ആണ്. അവയ്ക്കിടയിൽ ഒരു അപൂർവ്വജീവിയെപ്പോലെ ഞാനും.

അടുത്ത മാസം വലിയൊരു അത്താണിയായി മകൻറെ എഞ്ചിനീറിങ് റിസൾട്ട് വരും.  ജോലിസ്ഥലത്ത് എഞ്ചിനീർമാരെ കണ്ടു തുടങ്ങിയ നാൾ മുതൽ  കൊതി തോന്നിയാണ് അവനെ ഇതിനു വിട്ടത്.  ഞാൻ ചിന്തിയ ഒരുപാട് വിയർപ്പുതുള്ളികൾ അവൻറെ പഠനത്തിന് വേണ്ടി യായിരുന്നു. എൻറെ ആഗ്രഹ പൂർത്തീകരണം എന്ന് പറയുന്നതാകും ശരി.  ഓരോ ചില്ലിക്കാശും ഞാൻ കരുതി വച്ചു.   ചൂടിൻറെ കാഠിന്യത്തിൽ ക്യാമ്പിലെ മെസ്സിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കേടാവുമ്പോൾ കൂട്ടുകാർ നീട്ടുന്ന കുബ്ബൂസോ,  കറിയോ, തൈരോ കഴിക്കാതെ എസിയുടെ കറുത്ത  ഇൻസുലേഷൻ ടേപ്പ് കൊണ്ട് മൂടിയ പെപ്സിയുടെ വലിയ കുപ്പിയിലെ വെള്ളം ചുണ്ടോടടുപ്പിക്കും. അപ്പോൾ മനസ്സ് പറയും 'ഞാൻ സേവ് ചെയ്യുന്ന ഓരോ നാണയവും എൻറെ കുടുംബത്തിൻറെ വിധി നിർണ്ണയിക്കാനുള്ളതാണ്'.

മരുഭൂവിലെ ജീവിതത്തിന് മുപ്പത്തിരണ്ട് വർഷം ആകുന്നു. കൂടെ വന്നവരും, ജീവിച്ചവരും ഒന്നൊന്നായി നാട്ടിൽ പോയി ചേക്കേറി. ചിലർ പ്രമോഷൻ കിട്ടി സൂപ്പർവൈസറായി,  എൻജിനീയറായി, മാനേജരായി.  എന്നാൽ ഞാൻ ഇന്നും ഗ്രേഡ് വൺ ടെക്‌നീഷ്യൻ ആയി തുടരുന്നു.  എങ്കിലും ഞാൻ ഭാഗ്യവാനാണ്.  ഈ മുപ്പതു വർഷത്തിൽ ഒരിക്കലും ജോലിയില്ലാതോ, ശമ്പളം ഇല്ലാതോ കഴിയേണ്ടി വന്നിട്ടില്ലാത്ത ഭാഗ്യവാൻ!!

പുറത്ത്  ആകാശക്കോണിൽ നക്ഷത്രങ്ങൾ എന്നെ നോക്കി ചിരിക്കുകയാണോ?  ഇങ്ങനെ രാവേറെച്ചെല്ലുന്ന നേരത്ത് കിങ്ങിണിയെയും തലോടി, ചന്ദ്രബിംബവും നോക്കി, നക്ഷത്രങ്ങളെയും എണ്ണി  ഇനി എത്രനാൾ?  താടിയും മുടിയും നരച്ചു. തൊലിയുടെ നിറം മങ്ങി ചുളിവുകൾ നിറയുന്നു.  ശ്വാസം വലിച്ചെടുക്കാൻ മുമ്പത്തേക്കാൾ പ്രയാസം തോന്നുന്നു.  ഷുഗർ ലെവൽ കൂടുതലാണ്.  കൊളസ്‌ട്രോൾ ബോർഡറിൽ നിൽക്കുന്നു.  പ്രഷർ ആവശ്യത്തിൽ അധികം.....  എൻറെ ശരീരം മെല്ലെമെല്ലെ ജീർണ്ണിച്ചുതുടങ്ങുകയായി.

ഞാൻ ഇലകൊഴിയാത്ത മരച്ചുവട്ടിൽ നിന്ന് എഴുന്നേറ്റു.  കിടക്കയിൽ പോയി കിടക്കുമ്പോൾ മനസ്സിൽ പറഞ്ഞു. നാളെ സൈറ്റ് അലോക്കേഷൻ വരും.  രാവിലെ ക്യാമ്പ്ബോസ്സിൻന്റെ വിളി വരും. കയ്യെത്തും ദൂരത്ത് കിങ്ങിണിയെ കിടത്തി ചിന്തകൾക്ക് വിടനൽകി ഞാൻ കണ്ണുകൾ അടച്ചു.

ഡോറിൽ തുടരെത്തുടരെയുള്ള കൊട്ട് കേട്ടാണ് ഉണർന്നത്.  നേരം വെളുത്തിരുന്നു. കതക് തുറക്കുന്നതിനും മുമ്പ് ക്യാമ്പ് ബോസ്സിന്റെ അസിസ്റ്റന്റ് ബീഹാറി അകത്തേക്ക് ഇരച്ചു കയറി.

"ചന്ദ്ര ബായി....ജൽദി ആയിയെ.... ആപ്കോ ക്യാമ്പ് ബോസ്സ് ബുലാരഹാഹൂം "

അങ്ങിനെ നാലാംദിവസം അലോക്കേഷൻ വന്നിരിക്കുന്നു! ഞാൻ നടന്നു. എൻറെ മുമ്പിൽ ആയുധം ഏന്തിയ ഭടനെപ്പോലെ നെഞ്ചുവിരിച്ച് അവനും.

ക്യാമ്പ്ബോസ്സ് കുളിച്ച് കുറിതൊട്ട് സീറ്റിലിരിക്കുന്നു.  എന്നെ കണ്ടതും ചിരിച്ചുകൊണ്ട് അകത്തേക്ക് ക്ഷണിച്ചു.  പക്ഷെ ആ ചിരിക്ക് സത്യസന്ധതയുടെ കനംകുറവായിരുന്നപോലെ.

"ചന്ദ്രേട്ടാ... ഇപ്പോളാണ്  എച്ച്. ആർ ഡിപ്പാർട്ടുമെന്റിൽ നിന്നും ഇൻഫർമേഷൻ വന്നത്"
"ഉം" ഞാൻ മൂളി.
"പുതിയ മാനേജ്‌മെന്റ് തീരുമാനമാണ്... നിങ്ങൾ മാത്രമല്ല, അമ്പത്തഞ്ചുവയസ്സ് കഴിഞ്ഞ ആരുടേയും വിസ പുതുക്കുന്നില്ല !!"

ഞാൻ ക്യാമ്പ്ബോസ്സിന്റെ മുഖത്തേക്ക് അവിശ്വസനീയതയോടെ നോക്കി. കയ്യിൽ ഇരിക്കുന്ന പേപ്പറിൽ നിന്നും മിഴിയെടുക്കാതെ അയാൾ പറയുകയാണ്.

"റീടെൻഡൻസി ....ചന്ദ്രേട്ടന് മനസ്സിലാകുന്നുണ്ടല്ലോ.. അല്ലേ ? കമ്പനിക്ക് പുതിയ പ്രോജക്ടുകൾ ഒന്നുമില്ല. ആദ്യമായി 55 കഴിഞ്ഞവരെ ടെർമിനേറ്റ് ചെയ്യുകയാണ്.  ഈ സ്ഥിതി തുടരുകയാണെങ്കിൽ മറ്റുള്ളവർക്കും ഇതേ ഗതി വരും... എനിക്കും"

പെരുവിരലിൽ ഒരു പെരുപ്പ്ബാധിച്ച് മുകളിലേക്ക് കയറി.  ജീവൻ വിട്ടകന്നപോലെ ഞാൻ നിന്നുപോയി.

"ചന്ദ്രേട്ടനിനി എന്ത് നോക്കാനാ? മകളെ കെട്ടിച്ചു വിട്ടു. മകൻ എൻജിനീയർ ആകാൻ പോകുന്നു... ഞങ്ങളുടെ ഒക്കെ കാര്യം അതോപോലെയാണോ?"

സത്യം. ഇനി എനിക്ക് എന്താണ് നേടാനുള്ളത്? ഞാൻ ചിരിച്ചു. ചിരിമായാതെ എൻറെ പ്രവാസത്തിൻറെ വേരുകൾ പിഴുതെറിയുന്ന രേഖയിൽ ഞാൻ ഒപ്പിട്ടു. ആ ചിരിയിലും സത്യസന്ധതയുടെ കനം കുറവായിരുന്നു.

അന്നുരാത്രി വീണ്ടും ഇലപൊഴിയാത്ത മരച്ചുവട്ടിൽ ഞാൻ ഇരുന്നു. കണ്ണിമവെട്ടി പ്രിയതാരകങ്ങൾ എന്നോട് കുശലം ചോദിച്ചു.  വൃത്താകൃതി പൂർത്തിയാകുന്നതിന്റെ പൊങ്ങച്ചം അമ്പിളിക്കുണ്ടോ?  എൻറെ വിരലുകൾ കിങ്ങിണിയെ മൃദുവായി തലോടി, അങ്ങ് ദൂരെ രാധാമണി ഫോൺ എടുത്തു.

"എന്താ ചന്ദ്രേട്ടാ...?"
"ഒന്നൂല്ല... നിന്നോട് ഒത്തിരി ഇഷ്ടം തോന്നുന്നു"
അവൾക്ക് നാണം വന്നോ? അവളെ പുണരാൻ എന്നോണം എൻറെ കരങ്ങൾ വായുവിൽ നീണ്ടു. അവളുടെ മാറ് എൻറെ നെഞ്ചിൽ ആശ്വാസം കണ്ടെത്തുകയും, അവളുടെ വദനം എൻറെ തോളിൽ നിശ്വാസം ഉതിർക്കുകയും ചെയ്യുകയാണോ?

"ചന്ദ്രേട്ടാ... നിങ്ങൾ ഇങ്ങനെ ഓരോന്ന് പറഞ്ഞെന്നെ കുഴപ്പിക്കരുത്.... ഇനി രണ്ടു വർഷം കഴിഞ്ഞല്ലേ നിങ്ങൾ വരൂ.."

അപ്പോളും ചിരിച്ചു. അത് പക്ഷെ ഞാൻ അല്ല എന്നിലെ പ്രവാസിയായിരുന്നു എന്നുമാത്രം. ഒപ്പം നീയും ചിരിക്കുന്നുണ്ടോ കിങ്ങിണി??!!

എയർപോർട്ട്. പുതിയ ടെർമിനൽ.

"ഇൻഷാ  അള്ളാ ...." കമ്പനിഡ്രൈവർ പാസ്സ്‌പോർട്ട് കൊണ്ടുതന്നു.  എൻറെ വിസാപേജിൽ 'ക്യാൻസൽഡ്' എന്ന നീലനിറത്തിലുള്ള  സീൽ തെളിഞ്ഞുനിന്നു.

സാബുവും കൂട്ടരും എന്നോടൊപ്പം ഉണ്ട്. അവരെ അവസാനമായി കൈ വീശിക്കാണിച്ചിട്ട് പ്രേവാസത്തിന്റെ അവസാന ശേഷിപ്പുപോലെ ട്രോളിയും ഉന്തി ഞാൻ നടന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് ഞാൻ കടന്നുവന്ന പ്രവാസത്തിൻറെ വാതിൽ എൻറെമുന്നിൽ ഒരിക്കൽക്കൂടി തുറന്നുവന്നു. ഒരേയൊരു ടെർമിനൽ.  തിക്കും തിരക്കും ഇല്ലാത്ത എയർപോർട്ട്. അംബരചുംബികൾ അല്ലാത്ത കെട്ടിടങ്ങൾ. ചതുപ്പുനിലങ്ങളും, കണ്ണെത്താദൂരത്ത് നീണ്ടുനിവർന്നു കിടക്കുന്ന മണൽപ്പരപ്പുകളും. ഇന്ന് അവയുടെ ഒക്കെസ്ഥാനത്ത് കൂറ്റൻ കെട്ടിടങ്ങളും, നെടുനീളൻപാതകളും, തിരക്കും മാത്രം.

മനസ്സിൻറെഫ്രേമുകളിൽ മൂന്നുപതിറ്റാണ്ടുകൾ ഒന്നൊന്നായി മാറി മറിഞ്ഞുകൊണ്ടിരുന്നു,  ലേബർക്യാമ്പ്, കുടുംബ പ്രാരാബ്ധങ്ങൾ, പ്രണയം, വിവാഹം അഥവാ വിരഹം,  അതിൽ പുഷ്പിച്ച മക്കൾ, അവരുടെ ചിരി- കളി-വളർച്ച.

ഏതോ അതുഭുതലോകത്ത് നിന്നും തിരികെ പോകുന്ന പോലെ ട്രോളി ഉന്തി ഞാൻ നടന്നു.  എൻറെ കൺതടങ്ങൾ അപ്പോൾ തുടിച്ചു കൊണ്ടിരുന്നു.

രാത്രിയാവുന്നു. ലോഞ്ചിലിരുന്ന് പുറത്തേക്ക് നോക്കാൻ ഞാൻ ഒരു വിഫലശ്രമം നടത്തി.  ഇലകൊഴിയാത്ത മരവും, പൂർത്തിയായ ചന്ദ്രബിംബവും, കണ്ണുചിമ്മുന്ന നക്ഷത്രകുട്ടന്മാരും ഇല്ലാത്ത രാത്രി. അപ്പോൾ കൺതടങ്ങളിൽ എവിടെയോ ഉറവപൊടിയുന്നുണ്ടായിരുന്നു.

അപ്പോഴും പൂർത്തിയാകാത്ത പ്രവാസത്തിൻറെ ബാക്കിപത്രം പോലെ എൻറെ വലതുകൈകുമ്പിളിൽ നോക്കിയ 1100 എന്ന കിങ്ങിണി ഉണ്ടായിരുന്നു. അവൾക്ക് എൻറെ ഹൃദയമിടിപ്പിൻറെ വേഗത അളക്കാം. കൈകളുടെ വിറയൽ ഗ്രഹിക്കാം.

അനൗൺസ്‌മെന്റ് മുഴങ്ങി.  ഒരിക്കലും തിരിഞ്ഞു നോക്കാതെ. ഒരിക്കലും തിരികെ വരാതെ ഞാൻ മുന്നോട്ടു മാത്രം നടന്നു.

Saturday, August 6, 2016

ബർത്ഡേ ഗിഫ്റ്റ്

ദുബായ്മാളിൻറെ ആട്രിയത്തനു നടുക്ക് ഞാൻ നിന്നു.  എങ്ങും തിരക്ക്.  അഞ്ചുലക്ഷത്തിൽ പരം ചതുരശ്രമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ലോകത്തെ ഏറ്റവും വലിയ മാളുകളിൽ ഒന്ന്.  ഇവിടെ ആട്രിയത്തിൽ നിന്നാൽ ലോകം മുന്നിലൂടെ തെന്നി നീങ്ങുന്ന പ്രതീതി തോന്നും. വിവിധ ഭാഷക്കാർ, രാജ്യാക്കാർ, ടൂറിസ്റ്റുകൾ എന്നുവേണ്ട മാൾ തിരക്കിൻറെ പാരമ്യത്തിലാണ്.

നീണ്ടു നിവർന്നു കിടക്കുന്ന 1200-ൽ പരം ഷോപ്പുകൾക്കിടയിൽ നിന്ന് എനിക്ക് പോകേണ്ട സ്ഥലം കണ്ടുപിടിക്കുക ആയാസമാണ്.  മുന്നിൽ നീഗ്രോയെപ്പോലെ തോന്നിക്കുന്ന, ബോഡിബിൽഡറുടെ ആകാരമുള്ള  സെക്ക്യൂരിറ്റിയിൽ എൻറെ കണ്ണുകൾ ഉടക്കി.  തന്നെയാണ് ശ്രെദ്ധിക്കുന്നതു എന്ന് മനസ്സിലായ ആറടിയിൽ കൂടുതൽ ഉയരമുള്ള ആ അതികായൻ എൻറെ അടുത്തേക്ക് വന്നു.

" Yes Sir..."
" Could you please help me to find Book World?""
" You mean Kunokiniya?"
"Yes.. of course"
" Use the Escalator... Level Two"

അയാൾ എസ്‌കലേറ്റർ ചൂണ്ടിക്കൊണ്ട് പറഞ്ഞു. ഒരു ചിരി സമ്മാനിച്ച് ആ അതികായൻ എന്നിൽ നിന്നും നടന്നകന്നു.

ലെവൽ ടു' ഞാൻ മനസ്സിൽ പറഞ്ഞു.

കിനോകുനിയാ ബുക്ക്സ്റ്റോർ ഓഫ് സിംഗപ്പൂർ.  ബുക്ക് വേൾഡിന്റെ കവാടത്തിനു മീതെ എഴുതിയിരിക്കുന്നത് വായിച്ച് കൊണ്ട് ഞാൻ അകത്തേക്ക് കയറി. പുതുപുസ്തകങ്ങളുടെ ഗന്ധം എന്നെ എതിരേറ്റു.  ദുബായ് എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീഷോപ്പിൽ എത്തിയ പോലെ ഒരു പ്രെതീതി.  ശരിക്കും പുസ്തക ലോകം തന്നെ.  അറുപത്തെണ്ണായിരം ചതുരശ്ര അടി വലുപ്പം ഉള്ള ബുക്ക്ഷോപ്പ്.  പ്രേവേശനകവാടത്തിനടുത്തതായി പുതുതായി പബ്ലിഷ് ചെയ്ത  ചെയ്ത ബുക്കുകളുടെ നീണ്ട നിര.  വലത് വശത്തതായി ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തും രചിച്ച രണ്ടു ബുക്കുകൾ ഭംഗിയുള്ള പുറംചട്ടയിൽ കണ്ടു. ' Flashes of Thought',  ' Poems from Desert'. അതിനു ശേഷം അറബിക് ബുക്കുകളും കടന്നു ഞാൻ നടന്നു. ഈ ബുക്കുകളുടെ കൂമ്പാരത്തിൽ നിന്നും എനിക്ക് വേണ്ടത് ചികഞ്ഞെടുക്കുക്ക വലിയ ജോലിതന്നെയാണ്. ഞാൻ സെയിൽസ് കൗണ്ടറിലേക്ക് നടന്നു.  ഇന്ത്യാക്കാരി എന്ന് തോന്നുന്ന കൗണ്ടർ സ്റ്റാഫ് പുഞ്ചിരിയുമായി വരവേറ്റു.

"I need box set of Khaled Hosseini"

പെൺകുട്ടി കമ്പ്യൂട്ടറിൽ മോണിറ്ററിൽ നോക്കി അതിവേഗത്തിൽ കീബോർഡിൽ ടൈപ്പ് ചെയ്യുന്നു.  അവസാനം ഒരു ചെറിയ സ്ലിപ് എടുത്ത് അതിൽ ബുക്ക്, ഏരിയ, റാക്ക്നമ്പർ ഒക്കെ എഴുതി എനിക്ക് നീട്ടി. ഔപചാരികമായ നന്ദിവാക്ക് നൽകി ഞാൻ ഖാലിദ് ഹൊസൈനിയുടെ ലോകത്തേക്ക് നടന്നു.

എലീന കുമാരപ്രായത്തിലേക്ക് കടക്കുകയാണ്. എൻറെ മകളും അവളും ഒരേ പ്രായം.  അവളുടെ ഈ ജന്മദിനത്തൽ വ്യത്യസ്തമായ എന്തെങ്കിലും സമ്മാനമായി നൽകണം എന്ന് ഞാൻ ചിന്തിച്ചു.  അതിനാൽതന്നെ ഭാര്യയുടെ വാക്ക് അവഗണിച്ച് ഞാൻ ഈ ബുക്കുകളിലേക്ക് തിരിഞ്ഞത്.  ചെറുപ്പത്തിൽ എൻറെ മകൾക്കൊപ്പം ട്വിങ്കിലും, അമർചിത്ര കഥകളും അവൾ വായിക്കുന്നത് എൻറെ മനസ്സിൽ പതിഞ്ഞു കിടപ്പുണ്ട്.  ചോക്കലേറ്റിന്റെയും കളിപ്പാട്ടത്തിന്റെയും ലോകത്ത് നിന്ന് അവൾ പുറത്ത് കടന്നിട്ടുണ്ടാകണം.

പ്രേത്യേകം ഗിഫ്റ്റ്റാപ്പിംഗ് ചെയ്ത് ആ സമ്മാനപൊതിയുമായി ഞാൻ തിരിഞ്ഞു.  പുത്തൻബുക്കുകളുടെയും, അച്ചടി മഷിയുടെയും മാസ്മരിക ഗന്ധത്തിൽ നിന്നും പുറത്തിറങ്ങി.  വന്ന വഴി തന്നെ നടന്നു.  എസ്‌കലേറ്റർ, ആട്രിയം, റീൽ സിനിമാ പാർക്കിങ്.

എൻറെ വണ്ടി പുറത്തേക്ക്  നീങ്ങി.  പുറകിൽ രണ്ടായിരത്തി എണ്ണൂറോളം അടി ഉയരത്തിൽ തലയെടുത്ത് നിൽക്കുന്ന ബുർജ് ഖലീഫ യിൽ ഏവിയേഷൻ ലെറ്റുകൾ മിന്നി തിളങ്ങുന്നു.   ദുബായ് ഫൗണ്ടനിൽ നിന്നും ഏതോ അറബി സംഗീതം പൊഴിഞ്ഞു വീഴുന്നണ്ട്.  ആ താളത്തിനൊത്ത് ജലധാര നൃത്തം വയ്ക്കുന്നുണ്ടാകണം.  വാഹനത്തിൻറെ മുന്നോട്ടുള്ള കുതിപ്പിൽ ചെവിയിൽ നിന്നും ആ ശബ്ദം അകന്നകന്ന് പോയി.

എൻറെ വണ്ടി നേരെ ചെന്നുനിന്നത് അൽ ഖിസൈസിലാണ്.  ഗ്രാൻഡ് ഹോട്ടലിൻറെ പുറകിൽ ഉള്ള സിറിയക്കിന്റെ ഫ്‌ളാറ്റിനടുത്തുള്ള പാർക്കിങ്ങിൽ വണ്ടിയിട്ട്  ഞാൻ പുറത്തിറങ്ങി.  ഖിസൈസ് സുന്ദരമായിരിക്കുന്നു.  റസിഡൻഷ്യൽ ഏരിയായായ ഇവിടെങ്ങും സ്ട്രീറ്റ് ലൈറ്റുകൾ പകൽ തീർക്കുന്നു.  ഇത്തരി ദൂരെ ചെറിയ റൗണ്ട്എബൗട്ടിനടുത്ത് തലാൽ സൂപ്പർ മാർക്കററ്റിന്റെ ചുവപ്പും പച്ചയും നിറത്തിലുള്ള സൈൻബോർഡ് തിളങ്ങുകയാണ്. ഞാൻ ലിഫ്റ്റിലേക്ക് നടന്നു.

മനോഹരമായ ബർത്ത്ഡേ സന്ധ്യ.  നന്നായി അലങ്കരിച്ചിരിക്കുന്ന ഹാൾ. വിവിധ വർണ്ണങ്ങളിൽ മിഴിചിമ്മുന്ന വിളക്കുകൾ ക്രിസ്മസ് ന്യൂ ഇയർ ഫീലിംഗ് മനസ്സിലിലേക്ക് വലിച്ചിട്ടു.  വളരെ കുറച്ച് അതിഥികൾ മാത്രം. കേക്ക് മുറിച്ചു, സമ്മാനപ്പൊതി ഞാൻ എലീനക്ക് നീട്ടി.

"എന്താണ് അങ്കിൾ ഇത്?" അവൾ കൗതുകത്തോടെ ചോദിച്ചു.
"തുറന്നു നോക്കൂ.."  ഞാൻ ചിരിച്ചു.
"Welcome to Teenage ..... Welcome to serious Reading.." എൻറെ കൈപ്പടയിൽ എഴുതിയ ലേബൽ അവൾ ഉറക്കെ വായിച്ചു.

"Thank you very much uncle..."

സന്തോഷം ഉദ്ധീപിച്ച മുഖത്തോടെ അവൾ പറഞ്ഞു.  ഞാൻ ചിരിക്കുകമാത്രം ചെയ്തു.  സിറിയക്കും ഭാര്യയും ആ സന്തോഷത്തിൽ പങ്കാളികളായി.

ഭക്ഷണവും നീണ്ടു നിന്ന സംഭാഷണവും കഴിഞ്ഞ് ഞാൻ യാത്ര പറഞ്ഞു.  സിറിയക്കിനോട് ഔപചാരികതയുടെ ആവശ്യം ഒന്നുമില്ല. സ്‌കൂൾതലം മുതൽ ഞങ്ങൾ ഒന്നിച്ചു പഠിച്ചതാണ്. കുടുംബ സുഹൃത്താണ്. തമ്മിൽ അഭ്യുദയ കാംഷികളാണ്.

"അങ്കിൾ ഞാൻ ഖാലിദ് ഹോസിനിയെ പറ്റി ഒത്തിരി കേട്ടിട്ടുണ്ട്. പ്രേത്യേകിച്ച് ഈ കൈറ്റ് റണ്ണർ ..... ഒത്തിരി താങ്ക്സ് അങ്കിൾ"

ഒന്നുകൂടി ചിരിച്ച് ഞാൻ എലീനായുടെ തോളത്ത് ഒന്ന് തട്ടി.  പിന്നെ പുറത്തിറങ്ങി.

തീപ്പെട്ടി അടുക്കിവച്ചിരിക്കുന്ന പോലെ പലപല അക്കങ്ങളിൽ ഷെയ്ഖ് കോളനി കെട്ടിടങ്ങൾ.  തറനിരപ്പിൽ നിന്നും ഉയരത്തിൽ നിൽക്കുന്ന ഷോപ്പുകൾ,  സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ.  ഞാൻ വണ്ടി മുന്നോട്ടെടുത്തു.  വലതു വശത്ത് മിലൻ വെജിറ്റേറിയൻ ഹോട്ടൽ,  ഖിസൈസിൻറെ തിരക്കിലേക്ക് വായ തുറന്നിരിക്കുന്ന ദുബായ് എയർപോർട് ഫ്രീസോൺ മെട്രോയുടെ കവാടവും,  ഒരു ചരിത്ര സ്മാരകം പോലെ പുരാതനത്വം തോന്നിക്കുന്ന എമിറേറ്സ് എൻ ബി ഡി യുടെ എടിഎമ്മും കടന്ന് എൻറെ വണ്ടി നീങ്ങി. ഞാൻ പ്രധാന പാതയിലേക്ക് കടന്നു.  നല്ല ക്ഷീണം. നന്നായി ഒന്നുറങ്ങണം. ആക്സിലേറ്ററിലേക്ക് കാല് ആഞ്ഞു ചവിട്ടുമ്പോൾ ഞാൻ എന്നോട് തന്നെ പറഞ്ഞു.

ഒരു നാല് ദിവസം കഴിഞ്ഞിട്ടുണ്ടാകണം. വീണ്ടു ഖിസൈസ്. സൂര്യൻ സായന്തനത്തിലേക്ക് ചാഞ്ഞു തുടങ്ങിയ സമയം.

ഓഫീസിലേക്ക് അത്യാവശ്യം ചില ഫയലുകൾ വാങ്ങണം.  ഞാൻ റാംസീസ് സ്റ്റേഷനറി & ബുക്ക് ഷോപ്പിലേക്ക് കയറി.  ഖിസൈസിലെ സ്‌കൂൾകുട്ടികളുടെ ആശാകേന്ദ്രം പോലെയാണ് ഈ ഷോപ്പ്.  എപ്പോളും കുട്ടികളും മാതാപിതാക്കളും തിക്കിതിരക്ക് കൂട്ടുന്ന കടയ്ക്കകത്തേക്ക് ഞാൻ കയറിയപ്പോൾ സെയിൽസ്മാൻ നേപ്പാളി ചിരിച്ചു, കുശലം ചോദിച്ചു.

ഞാൻ വേണ്ട ഫയൽ എടുത്തു.  ഇടതു വശത്തെ ബുക്ക് ഷെൽഫുകളിലേക്ക് നോക്കി. ഒരേ സമയം ചെറിയ ഒരു ലൈബ്രറിയും, സെക്കൻഡ് ഹാൻഡ് ബുക്കുകളുടെ വിൽപ്പനയും ഉണ്ട്. പുതിയ ഏതെങ്കിലും മലയാളം ബുക്കുകൾ വന്നിട്ടുണ്ടോ? എൻറെ കണ്ണുകൾ ബുക്ക്റാക്കുകളിൽ ഉടക്കി നിന്നു.

പെട്ടന്നാണ്  പുതുതായി വന്ന കുറെ ഇംഗ്ലീഷ് ബുക്കുകൾ കണ്ണിൽ പെട്ടത്.  ആർ കെ നാരായണൻ, അഗതാ ക്രിസ്റ്റി... എൻറെ കൈകൾ ഓരോന്നിലായി പരാതി. അതിനപ്പുറത്തായി കണ്ട മൂന്നു ബുക്കുകൾ കണ്ട് ഒരു വൈദ്യുതി പ്രെവാഹം എന്നിലേക്ക്‌ പാഞ്ഞു കയറി!  കണ്ണുകൾ ചിമ്മിയടഞ്ഞു. ഞാൻ കണ്ണ് തുറന്ന് നോക്കി.

ഖാലിദ് ഹോസിനി ...!!? ഞാൻ പിറുപിറുത്തു.  എൻറെ കരങ്ങൾ ആ ബുക്കുകളിൽ തൊട്ടു.  ഞാനതെടുത്ത് തിരിച്ചും മറിച്ചും നോക്കി.  പുതുമണം ഒട്ടും മാറാത്ത എൻറെ കൈപ്പട പതിഞ്ഞ ലേബൽ പോലും ഇളകാതെ ആ ബോക്സ് സെറ്റ്!!  കിനോകുനിയായിലെ സ്റ്റിക്കറിൽ എൻറെ വിരലുകൾ മൃദുവായ് തൊട്ടു.

"ബാബു... ഈ ബുക്ക് എവിടുന്നാ?"

എൻറെ ചോദ്യം ഒരുനിമിഷം നേപ്പാളി സെയിൽസ്മാനെ ചിന്താധീനനാക്കി. തലയിൽ കൈ വച്ച് അയാൾ ആലോചിച്ചു. പെട്ടന്ന് ഞെട്ടിത്തിരിഞ്ഞ പോലെ പറഞ്ഞു.

"ഇത് ഇവിടെ അടുത്തുള്ള ഒരു പെൺകുട്ടി സെക്കൻഡ് ഹാൻഡ് ബുക്ക് കൊണ്ട് വിറ്റതാണ്.... എന്താണ് ഭായി?"

"എന്നാണ് ഇത് അവൾ കൊണ്ടിവിടെ തന്നത്?"
"രണ്ടു ദിവസം മുമ്പ്"
"എന്ത് പറഞ്ഞാണ് അവൾ കൊണ്ട് തന്നത്?"
"Unwanted Gift.."

ഞാൻ മുഖം ഉയർത്താതെ ആ ബുക്കുകളിലേക്ക് നോക്കികൊണ്ട്‌ തന്നെ നിന്നു.

"ഒന്നുമില്ല... ഈ ബുക്കുകൾ കുറെ നാളുകളായി ഞാൻ തപ്പി നടക്കുകയായിരുന്നു.... എന്താണിതിനു വില?"

"എന്തെങ്കിലും താ ഭായി.... അങ്ങയോട് ഞാൻ വില പേശുന്നതെങ്ങനെയാ?"

ഞാൻ ഒരു അൻപത് ദിർഹത്തിന്റെ നോട്ട് എടുത്ത് നീട്ടി. ഇരുപത് ദിർഹം ബാക്കി തിരികെതന്ന് നേപ്പാളി ക്യാഷ് ട്രേ അടച്ചു.

പുറത്തിറങ്ങുമ്പോൾ മനസ്സിലാകെ ഒരു വിങ്ങൽ ആയിരുന്നു.  നിരാശയായിരുന്നു.  തകർച്ചയായിരുന്നു.

ഖിസൈസ് സുന്ദരമാണ്. തിരക്കിലുമാണ്. ഇടതടവില്ലാതെ പാഞ്ഞു പോകുന്ന വാഹനങ്ങൾ.  ജോലിഭാരം കഴിഞ്ഞ് തിരികെ കൂടണയുന്നവർ നിരനിരയായി പോകുന്നു.  ജാതിയില്ല, മതമില്ല, വർണ്ണമില്ല... എല്ലാവരും മനുഷ്യർ മാത്രം.

ഞാൻ മൊബൈലെടുത്ത്  സിറിയക്കിന്റെ വീട്ടിലെ ലാൻഡ് ലൈനിലേക്ക് വിളിച്ചു.  ഫോണെടുത്തത് എലീനയാണ്.

"Hi uncle... how are you?"
"Fine Elena..... മോളെ നീ ഖാലിദ് ഹോസിനി വായിച്ച് തുടങ്ങിയോ?"
"ഉവ്വ് അങ്കിൾ.... കൈറ്റ് റണ്ണർ...."
"How is it?"
"Awesome.... Superb..."
"നല്ലത്....  ഒന്നറിയാൻ വിളിച്ചു എന്നേ ഉള്ളൂ... ബൈ.."
"ബൈ അങ്കിൾ..."

ഞാൻ മൊബൈൽ പോക്കറ്റിലേക്കിട്ടു.  കൈവെള്ളയിലെ വിയർപ്പുകണങ്ങൾ എൻറെതന്നെ കൈപ്പടയിൽ എഴുതിയ വാക്കുകളിലേക്ക് പടർന്നിറങ്ങി. Welcome to Teenage ..... Welcome to serious Reading.

ഞാൻ വണ്ടിയെടുത്തു.  ജോസഫ് ക്ലിനിക്കും കടന്ന് എൻറെ കറുത്തകാർ പ്രധാന പാത ലക്ഷ്യമാക്കി നിരങ്ങി നീങ്ങി.

സ്ട്രീറ്റ് ലൈറ്റുകളുടെ വെട്ടത്തിൽ  ഖിസൈസ് അപ്പോഴും സുന്ദരമായിരുന്നു. തിരക്കിലുമായിരുന്നു.

Friday, August 5, 2016

നഷ്ടപ്പെടലുകൾ

അന്നും ഒരു കറുത്ത രാത്രി ആയിരുന്നു.  അസാധാരണമായ ഒന്നും ഞാൻ പ്രതീക്ഷിക്കാത്ത രാതി. എന്നാൽ സാധാരണ ദിവസങ്ങളിൽ തന്നെയാണല്ലോ അസാധാരണമായതും സംഭവിക്കുന്നത്.

സെന്റ് ജൂഡ് പള്ളിയുടെ സെമിത്തേരി വിജനമായും, നിശബ്ധമായും ഇരുട്ടിന്റെ മൂടുപടം പുതച്ചും തന്നെ കിടന്നു.  യക്ഷിക്കാവിലെ നൂറ്റാണ്ടുകളുടെ കഥ പറയുന്ന പൊത്തുകൾനിറഞ്ഞ  മരച്ചില്ലകളിൽ വാവലുകൾ പ്രേദക്ഷിണ മത്സരം മുറുക്കി.  എൻറെ കാതിൽ ചീവീടുകളുടെ ശബ്ദം മാത്രം ബാക്കിയാക്കിയ രാത്രി.

ഞാൻ കൊച്ചേച്ചിയുടെ കരവലയത്തിൽ  പറ്റിപ്പിടിച്ചു കിടന്നു.  എൻറെ കയറുകട്ടിലിനു മേലെ, പുതപ്പിനുള്ളിൽ ആ സുരക്ഷിതത്വത്തിൽ കിടന്നുറങ്ങുന്നതിൽ കൂടുതൽ ഒന്നും ഈ അന്ധകാരത്തൽ എനിക്കില്ലതന്നെ.  അമ്മയെപ്പോലെയുമുള്ള ആ ലാളനത്തിൽ, ശാസനത്തിൽ കിടന്ന് ഞാനറിയാതെ എപ്പോഴൊക്കെയോ ഞാൻ ഉറങ്ങിപ്പോകും.

കൊച്ചേച്ചി ധൈര്യശാലിയാണ്.  രാത്രിയെ പേടി ഇല്ലാത്തവൾ ആണ്.  ഞാനോ? പേടിത്തൂറി. രാത്രി വീണു കഴിഞ്ഞാൽ മൂത്രമൊഴിക്കാൻ പോലും അകമ്പടി വേണം.  മുറ്റത്ത് സങ്കീർണ്ണമായ മൂത്രമൊഴി പ്രക്രിയക്കിടെ എപ്പോഴെങ്കിലും ഒരു കരിയില വീണ ശബ്ദം കേട്ടാൽ ഞാൻ സഡൻ ബ്രെക്കിട്ടു  വീട്ടിനക്കത്തേക്ക് ഓടിക്കേറും.  എന്നിട്ടു കൊച്ചേച്ചിയെ കെട്ടിപ്പിടിച്ചുകിടന്നുറങ്ങും.

"ഡാ.... നീ ഉറങ്ങിയോ?......" കൊച്ചേച്ചി ചോദിച്ചു.
"ഇല്ല... എന്നതാ?"
"നാളെ അവർ വരും "
"ആര്?..!!"
"അവർ.."
'അവരോ..? അതാരാ ചേച്ചീ...?"
"അപ്പൊ നീ ഇന്ന് ഇവിടെ നടന്നതൊന്നും അറിഞ്ഞില്ലേ?"
"ഇല്ല... ഞാൻ സ്‌കൂളിൽനിന്നു വന്നപാടെ പശുവിനു പുല്ലുപറിക്കാനും, പന്തുകളിക്കാനും പോയില്ലേ..? എന്താ പറ..?"
"ഉം... പറയാം.."

കൊച്ചേച്ചി എന്നെ വരിഞ്ഞു മുറുക്കി. എൻറെ മുടിനീക്കി നെറ്റിയിൽ ഒരു മുത്തം തന്നു.  ഞാനാകട്ടെ കാലെടുത്ത് കൊച്ചേച്ചിയുടെ മേലെ വച്ചു . കഥകേൾക്കുമ്പോൾ ഒക്കെ ഞാൻ അങ്ങിനെയാണ്. കാല് പുറത്ത് കേറ്റി വച്ചില്ലേൽ ഒരു സുമാറില്ല .

"ഉം... പറ.." ഞാൻ മുരണ്ടു.
"നാളെ അവർ വരും. കൊച്ചീന്ന്. എന്നെ പെണ്ണു കാണാൻ...."
"വന്നിട്ട്?" എന്നിൽ ആകാംഷ നിറഞ്ഞു.
"ഇഷ്ടപെട്ടാൽ അവർ എന്നെ കെട്ടിക്കൊണ്ടു പോകുമെടാ..."
"നാളെ ത്തന്നെയോ?!!"
"ഹ.. ഹ..ഹ..... അത് കൊള്ളാം. അതിനൊക്കെ സമയം ഉണ്ട് ചെക്കാ.. ആലോചന, നിശ്ചയം, കല്യാണം..അങ്ങനെ, അങ്ങനെ.."
"അപ്പൊ... അപ്പൊ അവർ കൊച്ചേച്ചിയെ കൊണ്ടുപോകുമോ?  അപ്പോൾ പിന്നെ എനിക്കരാ??  ഞാൻ ആരുടെകൂടെ കിടക്കും? എനിക്കാര് കഥപറഞ്ഞു തരും?"

നിശബ്ദത.....

എൻറെ ആകാംഷയും, ഉത്കണ്ഠയും, അത്‌ഭുതവും  എവിടെയോ വേദനയായി മാറി.  അത് കണ്ണീർ തുള്ളികളായി തുളുമ്പി നിന്നു.   കൊച്ചേച്ചി ഇല്ലാത്ത ഒരു രാതി?!  ആ ചൂട്, ആ കരുതൽ... എൻറെ നെഞ്ചിടിപ്പ് കൂടി. രാത്രി കറുത്തതാണെന്നും,  യക്ഷികളും ഭൂതങ്ങളും സ്വൊര്യവിഹാരം നടത്തുന്നതാണെന്നും  എനിക്കറിയാം.

കൊച്ചേച്ചി ഇല്ലാത്ത എൻറെ രാതി..!!!  ഉള്ളിൽ തീയാളി..

"ഞാൻ ഉടനെയൊന്നും നിന്നെ വിട്ടു പോകില്ലെടാ.. അവർ ഒത്തിരി ദൂരത്ത് നിന്നാ വരുന്നേ. എനിക്കറിയാം, അപ്പനും അമ്മയും എന്നെ അത്ര ദൂരത്തേക്ക് അയക്കില്ലെന്ന്.  അവർ വരട്ടെ. കാണട്ടെ.... പോകട്ടെ. അതാണ് അപ്പൻ ഇന്ന് പറഞ്ഞത്.  നിൻറെ കൂടെ ഞാൻ ഉണ്ടാകും... പേടിക്കേണ്ട."

എത്രനാൾ?  എന്നെ താളം തട്ടിയുറക്കി കൊച്ചേച്ചി കിടന്നെങ്കിലും അതൊരു ചോദ്യമായി എന്നിൽ അവശേഷിച്ചു. ഒരിക്കൽ ഞാൻ ഏകനായി ഈ കിടക്കയിൽ കിടക്കേണ്ടി വരുന്നതിന്റെ ചോദ്യം.

നേരം വെളുത്തു. അവധി ദിവസം ആയതിനാൽ ഞങ്ങൾ കുട്ടികൾ പറമ്പിൽ നിന്നും മുറ്റത്തേക്ക് ചാഞ്ഞുനിൽക്കുന്ന വരിക്കപ്ലാവിന്റെ ചുവട്ടിൽ അയൽപക്കത്ത് നിന്ന് കടം വാങ്ങിയ 'പൂമ്പാറ്റ' യിൽ മുഴുകി ഇരിക്കുകയാണ്. കൊച്ചേച്ചിയാണ് വായിച്ച് തരുന്നത്.  'കലുലു വിന്റെ കൗശലങ്ങൾ'  കലുലു എന്ന മുയലിന്റെ കൂർമ്മ ബുദ്ധിയിൽ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത് കൗതുകത്തോടെ കേട്ടിരുന്നു.

പെട്ടെന്ന് സെന്റ് ജൂഡ് പള്ളിയുടെ മുറ്റത്ത് ഒരു  കാറിൻറെ ഹോണടി ഉയർന്നു വന്നു.  ഞങ്ങളുടെ പഞ്ചായത്തു റോഡിൽ അംബാസിഡർ കാർ അപൂർവ്വജീവി ആയതിനാൽ ഞങ്ങൾ എഴുന്നേറ്റു നോക്കി.  കപ്പച്ചെടികൾക്കിടയിലൂടെ വെളുത്ത അംബാസിഡർകാർ കാണാം.  കാറിൻറെ എഞ്ചിന്റെ ശബ്ദം നിലച്ചു.  മൂന്നു നാല് ആൾക്കാർ പുറത്തിറങ്ങി.  അയൽപക്കത്തുള്ള ആരെങ്കിലും ഗൾഫിൽ നിന്നോ ബോംബയിൽ നിന്നോ വന്നോ?  എന്നാൽ കാറിൽ നിന്നിറങ്ങിയ വെളുത്ത വസ്ത്രധാരികൾ കപ്പച്ചെടികൾക്കിടയിലൂടെ എൻറെ വീട്ടിലേക്ക് നടക്കുന്നത് കണ്ടപ്പോൾ തലേന്ന് രാത്രി കൊച്ചേച്ചി പറഞ്ഞത് ഒരു മിന്നായം പോലെ എന്റെ ഉള്ളിലൂടെ പാഞ്ഞു !  കൊച്ചീക്കാർ... ചേച്ചിയെ പെണ്ണ്കാണാൻ വരുന്നവർ !!

"നിങ്ങൾ ഇവിടിരുന്നു വായിക്ക്... ഞാനിപ്പോൾ വരാം..."  ഇതും പറഞ്ഞിട്ട് പാവാടയിൽ പൊടിയും തട്ടി കൊച്ചേച്ചി വീടിന്റെ അടുക്കള ഭാഗത്തേക്കോടി.   ഞാൻ അമ്പരപ്പ് മാറാതെ നോക്കിനിന്നു.

"കൊച്ചേച്ചിക്ക് എന്താ  പറ്റിയെ ??" അനുജന് കാര്യം മനസ്സിലായില്ല.
"അവർ പെണ്ണുകാണാൻ വന്നതാടാ... അവർക്കിഷ്ടപെട്ടാൽ നമ്മുടെ കൊച്ചേച്ചിയെ അവർ കൊണ്ട് പോകും...കൊച്ചീക്ക്"

ഞാൻ പറഞ്ഞത് അവന് മനസ്സിലായില്ല എന്ന് തോന്നുന്നു.  ഇവിടെ കലുലു കെണിയിൽ പെട്ട് കിടക്കുമ്പോളാ കൊച്ചീക്കാര്..!  പിള്ളേർ വീണ്ടും പൂമ്പാറ്റയിലേക്ക് തിരിഞ്ഞു.  അവർ കലുലുവിൻറെ ആകാംഷയിലാണ്.

എന്നാൽ എൻറെ ആകാംഷ വേറെയായിരുന്നു. പറമ്പിലെവിടെയോ ബട്ടൺ നഷ്ടപ്പെട്ട എൻറെ നിക്കറും വലിച്ചു കേറ്റി ഉടുത്ത് ഞാൻ മെല്ലെ അടുക്കള ഭാഗത്തേക്ക് നടന്നു.

അടുക്കളയിൽ നല്ല തിരക്കാണ്.  പലപല പാത്രങ്ങളിൽ പലഹാരങ്ങൾ നിരന്നിരുന്നു.  അമ്മ ഇതൊക്കെ ഞങ്ങളുടെ കണ്ണുകളും കൈകളും കാണാതെ എവിടെ ഒളിപ്പിച്ചിരുന്നു എന്ന് അത്ഭുതം തോന്നാതിരുന്നില്ല. എല്ലാ മുഖങ്ങളിലും ചിരി, ആഹ്ലാദം.  എൻറെ മുഖത്തൊഴിച്ച്.

ആരും എന്നെ ശ്രെദ്ധിക്കുന്നേയില്ല. ഞാൻ അടുക്കളയും, ഊണുമുറിയും കടന്ന് തിണ്ണയിലേക്ക് എത്തി.  കർട്ടൺവിടവിലൂടെ  സാകൂതം നോക്കി.  ചായ കുടി, സൊറപറച്ചിൽ, ചിരികൾ.  കൊച്ചീക്കാർ...! ആദ്യമായിട്ട് കൊച്ചീക്കാരെ കാണുകയാണ്!  കൊച്ചേച്ചി അവർക്ക് ചായ കൊടുക്കുന്നു.  അതിൽ തലനരച്ച ഒരാൾ കൊച്ചേച്ചിയോട് എന്തോ ചോദിക്കുന്നു.  ആ ചോദ്യം ചോദിച്ച ആളുടെ അടുത്ത് പുഞ്ചിരിയോടെ ചായ മൊത്തിക്കുടിക്കുന്ന തുടുത്ത കവിൾ ഉള്ള ആളായിരിക്കണം ആ കശ്മലൻ!!  കൊച്ചേച്ചിയെ പിടിച്ചോണ്ട് പോകാൻ വന്നവൻ !  എൻറെ കാലിൻ തുമ്പത്തു നിന്ന് ഒരു പെരുപ്പ് കേറി വന്നു.  ദേഷ്യമോ, സങ്കടമോ എന്താണെന്ന് എനിക്ക് തിട്ടമില്ല.

ആരും എന്നെ ശ്രെദ്ധിക്കുന്നില്ല. എല്ലാരും കൊച്ചീക്കാരുടെ പുറകെയാണ്. ഞാൻ മെല്ലെ പുറത്തിറങ്ങി.  മുറ്റം കടന്നു, രാത്രിയിൽ വിടർന്ന മുല്ലചെടിയും, പകൽ പൂത്ത ചെമ്പരത്തിചെടിയും കടന്ന് തൊഴുത്തിനടുത്തെത്തി. തൊഴിത്തിന്റെ മണം എനിക്ക് പ്രിയപ്പെട്ടതാണ്.  തുള്ളിച്ചാടുന്ന ആട്ടിൻ കുട്ടികളും, മൂരിക്കുട്ടനും അവരുടെ അമ്മമാരും.  ആ കുഞ്ഞുങ്ങൾക്കുള്ള അമൃതാണല്ലോ അമ്മ പിഴിഞ്ഞെടുത്ത് നാട്ടുകാർക്ക് വിറ്റ് വീട്ടുകാര്യം നടത്തുന്നത്. പാവങ്ങൾ. തള്ളയുടെ മുല ഒന്ന് മണപ്പിച്ചിട്ട് മാറ്റി നിർത്തും. എല്ലാം പിഴിഞ്ഞെടുത്ത് വാവലു ചപ്പിയ കശുമാങ്ങാ പോലെയായ  മുല പാവങ്ങൾക്ക് വിട്ടു കൊടുക്കും.  എന്നും രാവിലെയും വൈകിട്ടും ഈ പാതകത്തിന് ഞാനും സാക്ഷിയാണ്. എൻറെ സാമീപ്യം അറിഞ്ഞ പശു മുരണ്ടു.  ഞാൻ കെട്ടി വച്ചിരുന്ന പുല്ല് ഇത്തിരി അവൾക്ക് ഇട്ടു കൊടുത്ത് അവിടിരുന്നു.  എന്നെ നോക്കി അവൾ നന്ദിയോടെ തലയിളക്കി.  പകലും രാവും വിശ്രമം ഇല്ലാതെ ചുഴറ്റിക്കൊണ്ടിരുന്ന അവളുടെ വാലുപോലെ എൻറെ ചിന്തകളും പാഞ്ഞുകൊണ്ടേയിരുന്നു.

വീണ്ടും രാത്രി.

"ച്ചേച്ചീ..."
"ഉം "
"അവർക്ക് ചേച്ചിയെ ഇഷ്ടായോ?"
"ആ..." അലസത നിറഞ്ഞ ആ മറുപടി എനിക്ക് ഉത്തരമല്ലല്ലോ.
"കൊച്ചേച്ചി എന്നെ വിട്ടു പോവോ?...."
"അറിയില്ലെടാ.... ഇത്ര ദൂരെ എന്നെ പറഞ്ഞു വിടാൻ ആർക്കും ഇഷ്ടമില്ല എന്ന് തോന്നുന്നു."
"എനിക്കും..."

ഞാൻ ഒന്ന് കൂടി പറ്റിച്ചുചേർന്നു. എൻറെ ശ്വസോഛ്വാസത്തിന്റെ താളം ക്രമത്തിലല്ലായിരുന്നു. കൊച്ചേച്ചിയുടെയും.

"എന്നെ വിട്ടിട്ടു പോല്ലേ കൊച്ചേച്ചീ..... എനിക്ക് പേടിയാ... ഞാൻ ഒറ്റക്ക് കിടന്നാൽ പേടിച്ച് കിടന്നുപെടുക്കും"
"അല്ലേൽ നീ കിടന്നു പെടുക്കാറില്ലേ...?

ആ ചോദ്യം എന്നെ നിശ്ശബ്ദനാക്കി കളഞ്ഞു.  എൻറെ കൂട്ടുകാരെപ്പോലെ ഞാനും രാത്രികാലങ്ങളിൽ കിടക്കയിൽ മുള്ളും.  അത് രാത്രിയിൽ കാണുന്ന സ്വപ്നങ്ങൾ കാരണമാ.  സ്വപ്നത്തിൽ ഞങ്ങൾ കൂട്ടുകാർ പള്ളിപ്പറമ്പിലോ, സ്‌കൂൾ പരിസരത്തോ, മൈതാനത്തോ ഒക്കെ കളിക്കുകയായിരിക്കും. അപ്പോൾ ഏതെങ്കിലും ഒരുത്തൻ മുള്ളാൻ പോകും. കൂടെ എല്ലാവരും വരിവരിയായി നിന്ന് കാറ്റുംകൊണ്ട്  കാര്യം സാധിക്കും.  ഞാൻ മൂത്രം കൊണ്ട് എബിസിഡി വരയ്ക്കും.  മനോജ് സ്വരാക്ഷരങ്ങളിലും,  അജീഷ് വ്യഞ്ജനാക്ഷരങ്ങളിലും ആണ് കേമന്മാർ.  കൊച്ചേച്ചിയുടെ നുള്ള് ചന്തിക്ക് അരിച്ച് കേറുമ്പോൾ ആയിരിക്കും മൈതാനത്തോ, സ്‌കൂൾ പറമ്പിലോ അല്ല കയറുകട്ടിലിൽ ആണ് മുള്ളിയത് എന്ന ബോധം വരുന്നത്.  അത് പറഞ്ഞാണ് ഇപ്പോൾ എന്നെ ചേച്ചി നിശ്ശബ്ദനാക്കിയിരിക്കുന്നത്.

"അവർക്കിഷ്ടമായി എന്ന് തോന്നുന്നു..."

ഏറെ നേരത്തെ നിശ്ശബ്ദതക്ക് ശേഷം കൊച്ചേച്ചി പറഞ്ഞത് ഞാൻ കേട്ടു. എന്നാൽ കേട്ടതായി നടിച്ചില്ല. അതൊരു സ്വപ്നം മാത്രം  ആണെന്ന് കരുതാൻ ഞാൻ ആഗ്രഹിച്ചു. എന്നിൽ പേടി മാത്രം നിറഞ്ഞു നിന്നു.

ഒന്നും കുട്ടികളുടെ നിയന്ത്രണത്തിൽ അല്ല. മുതിർന്നവർ തീരുമാനിക്കുന്നു.  എല്ലാവരും അനുസരിക്കുന്നു.  കൊച്ചേച്ചിയും വിഭിന്നയല്ല. കവിൾ തുടുത്ത, ചുരുണ്ട മുടിയുള്ള, ഫോറിൻമണം പൂശിയ, വടിവൊത്ത പാന്റും, ഷർട്ടും ഇട്ട ആ കൊച്ചീക്കാരന് കൊച്ചേച്ചിയെ പിടിച്ചിരിക്കുന്നു!  അങ്ങോട്ടും ഇങ്ങോട്ടും വരവ്പോക്കുകൾ നടന്നു. കല്യാണ നിശ്ചയവും നടന്നു. ഞങ്ങൾ കുട്ടികൾ, അബലവിഭാഗം, എല്ലാം കണ്ടു... എല്ലാം കേട്ടു. അത്ര മാത്രം.

അന്നൊരുദിവസം അതിരാവിലെ പള്ളിമുറ്റത്ത് അജന്തടൂറിസ്റ്റ് ബസ്സ് നിറഞ്ഞു.  ബസ്സ് മുരണ്ട്‌, മുരണ്ട്‌ മുന്നോട്ട് നീങ്ങി.  കുട്ടികൾ എല്ലാം ടൂറിന് പോകുന്ന പ്രതീതിയിൽ ആണ്.  ബസ്സിൽ ഇരിക്കുന്ന അപൂർവ്വം ചിലർ ഒഴികെ ആരും കൊച്ചി കണ്ടിട്ടില്ല.  ഞങ്ങൾ കുട്ടികളിൽ  ടൂറിസ്റ്റുബസ്സിൽ കയറിയവരും ചുരുക്കം.  ബസ്സിനുള്ളിൽ ഉത്സവം പോലെ.

"ഐ ആം എ ഡിസ്ക്കോ ഡാൻസർ..... സിന്ധുഗീ മേരാ ഗാന..."

മുകളിൽ നിന്നെവിടുന്നോ പളപള തിളങ്ങുന്ന വസ്ത്രവുമായി, തലയിൽ കൊമ്പ് മുളച്ച പോലെ ഒരു കിരീടവും വച്ച് മിഥുൻ ചക്രവർത്തി  പറന്നിറങ്ങി പാട്ടും ഡാൻസും തുടങ്ങി.  എല്ലാവരുടെയും ആകർഷണം അജന്ത ബസ്സിലെ കളർ ടിവിയിൽ ആയി.  കുട്ടികൾ കൈകൊട്ടി ചിരിച്ചു,  കൈകൊണ്ട്  വിസിലടിച്ചു.  എങ്ങും മേളം.  എന്നാൽ ഞാൻ പുറത്ത് ഓടിയകന്നുപോകുന്ന മരങ്ങളെയും, വീടുകളെയും, പാടശേഖരങ്ങളെയും നോക്കിയങ്ങനെയിരുന്നു.

കൊച്ചേച്ചിയെ എനിക്ക് നഷ്ടപ്പെടാൻ പോകുന്നു!!  ഇന്ന് ! ഈ ദിവസം !

കൊച്ചി!!
തോപ്പുംപടി... രവിപുരം... എം.ജി റോഡ്... മഹാരാജാസ് കോളേജ് ... സുബാഷ് പാർക്ക്... ബോർഡുകൾ ഒന്നൊന്നായി ഞാൻ വായിച്ചുകൊണ്ടേയിരുന്നു . അവസാനം ബോട്ടുജെട്ടി എന്ന സ്ഥലത്തെത്തിയപ്പോൾ വണ്ടി നിന്നു. എല്ലാവരും പുറത്തിറങ്ങി.

'സെന്റ് മേരിസ് ചർച്ച്, എറണാകുളം'. ഞാൻ ബോർഡ് നോക്കിനിന്നു. എല്ലാവരും പള്ളിയാങ്കണത്തിലേക്ക് നടക്കുകയാണ്. പിന്നാലെ വന്ന അംബാസിഡർ കാറിൽ നിന്ന് ഛർദിച്ച് അവശയായ കൊച്ചേച്ചി ഇറങ്ങി.  ഇളം ചന്ദന നിറത്തിലുള്ള സാരി. തലയിൽ മുത്ത് പതിപ്പിച്ച കിരീടം. ശരിക്കും ഒരു ദേവതയെപോലെ.

പള്ളി നിറയെ ആൾക്കൂട്ടം. കോട്ടും, സ്യൂട്ടും ധരിച്ചവരെ കണ്ട് എനിക്ക് ചിരിവന്നു.  അവരുടെ പൊതിഞ്ഞുകെട്ടലുകൾക്കുള്ളിൽ നിന്നും വമിക്കുന്ന വിദേശ സുഗന്ധം എൻറെ മൂക്കിന് താങ്ങാവുന്നതല്ല. ചുവന്ന മന്ത്രകോടി, കല്യാണമോതിരം, മാല.... എൻറെ കണ്ണുകൾ മൊത്തം പള്ളിക്കകം കയറിയിറങ്ങി.  എനിക്കും ഓക്കാനം വന്നു.  ഞാൻ ആൾക്കൂട്ടത്തിനിടയിലൂടെ പള്ളിക്ക് പുറത്തേക്ക് നടന്നു. ഫോറിൻ സ്പ്രേയുടെ ദുർഗന്ധത്തിൽ നിന്ന് പുറത്തെ ശുദ്ധവായു അല്പം ശ്വസിക്കാമല്ലോ.  പുറത്തിത്തിറങ്ങിയപ്പോൾ അതിലും കഷ്ടം.. ഓടയുടെ മണം. എങ്കിലും ഇത് തന്നെ ഭേദം എന്ന് കരുതി ഞാൻ മുറ്റത്ത് ചുറ്റിക്കറങ്ങി.

കല്യാണം കഴിഞ്ഞു. സദ്യമേളം കഴിഞ്ഞു. ചടങ്ങുകൾ ഒക്കെ കഴിഞ്ഞു.  അജന്താ ബസ്സ് തിരികെ യാത്രയായി.  വണ്ടിയുടെ ക്ളീനർ ഏതോ മലയാളം സിനിമയുടെ വിഡിയോ കാസറ്റ് ഇട്ടു.  വെട്ടി, വെട്ടി അത് കളിയ്ക്കാൻ തുടങ്ങി.  ഞാൻ കണ്ണടച്ചിരുന്നു. ആ ഇരുപ്പ് ഉണർന്നത് വീടിനു പടിക്കൽ വണ്ടി നിർത്തിയപ്പോൾ ആണ്.

വീണ്ടും രാത്രി.
ഉത്സവം കഴിഞ്ഞ പറമ്പുപോലെ ബന്ധുക്കൾ ഒക്കെ യാത്രപറഞ്ഞു പോയി.  ഒരേയൊരാൾ മാത്രം അധികമായി വീട്ടിൽ ഉണ്ടായിരുന്നു.  അതാ കൊച്ചീക്കാരൻ ആയിരുന്നു. കൊച്ചേച്ചിയെ കല്യാണം കഴിച്ച ആ തുടുത്ത കവിളുകൾ ഉള്ള, ചുരുണ്ട മുടിക്കാരൻ. എൻറെ അളിയൻ.  ഞാൻ അയാളിൽ നിന്ന് മാറി, മാറി നടന്നു.  എനിക്ക് ആരെയും കാണണ്ട.  എൻറെ മനസ്സ് നിറയെ അയാളോട് വെറുപ്പായിരുന്നു.

എന്നാൽ വീട്ടിൽ എല്ലാവരും എന്നെപ്പോലെ ആയിരുന്നില്ല. വീട്ടുകാർ എല്ലാം അയാളെ മഞ്ചലിൽ ഏറ്റി നടക്കുകയാണ്. കാണാത്തതും കേൾക്കാത്തതും ആയ വിഭവങ്ങൾ അയാൾക്ക് വേണ്ടി തീന്മേശയിൽ നിരന്നു.  ഞാൻ കൊച്ചേച്ചിയെ സൂക്ഷമായി നിരീക്ഷിച്ചു.  ഇന്നലെ വരെ എൻറെ കൂടെയുണ്ടായിരുന്ന ആളല്ല ഇപ്പോൾ അവർ. എല്ലാത്തിനും കാര്യഗൗരവം.  പരകായപ്രേവേശം  നടത്തിയപോലെ.

അന്ന് രാത്രി എൻറെ മുറിയിൽ നിന്ന് കൊച്ചേച്ചിയുടെ സ്ഥാപരജംഗമ വസ്തുക്കൾ എല്ലാം മാറ്റപ്പെട്ടു, കയറുകട്ടിലും, പായും, തലയിണയും, എൻറെ പുതപ്പും ഞാനും മാത്രം ബാക്കിയായി.

"നിനക്ക് കിടക്കാൻ പേടിയുണ്ടോ?..."  അമ്മയാണ്.  ഞാൻ ഒന്നും മിണ്ടിയില്ല. തല കുമ്പിട്ടു നിന്നു.
"നിനക്കെന്താ? സുഖമില്ലേ?..... പോയി കിടക്ക്.  രാതി കട്ടിലിൽ കിടന്നു പെടുത്തേക്കരുത്,  പറഞ്ഞേക്കാം"

രാത്രി.  വീണ്ടും രാത്രി. ഞാൻ ഒറ്റയ്ക്കായ രാത്രി.  ഞാൻ തലയിണ അമർത്തി പിടിച്ച് കിടന്നു.  കൊച്ചേച്ചിയുടെ കൂട്ടില്ലാതെ, കാച്ചെണ്ണ ചാർത്തിയ തലമുടിയുടെ ഗന്ധം ഇല്ലാതെ,  കഥകൾ ഇല്ലാതെ .... പിന്നെ ആ കരവാലയത്തിനുള്ളിലെ സുരക്ഷയില്ലാതെ.

ഉറക്കം വരുന്നില്ല.  ജനൽ തുറന്നിട്ടാൽ നല്ല കാറ്റ് പുറത്ത് നിന്ന് വരും. വേണ്ട. പുറത്ത് അലഞ്ഞു നടക്കുന്ന ഭൂതവും പ്രേതവും അകത്ത് കേറി വരും.

ഞാൻ വിതുമ്പി. "കൊച്ചേച്ചീ..." എൻറെ വായിൽ നിന്ന് അറിയാതെ വാക്കുകൾ പുറത്ത് ചാടി. തലയിണ നനഞ്ഞു. അതിലെ പഞ്ഞിക്കെട്ട് എൻറെ കണ്ണീർ ഒപ്പിയെടുത്തു.  എന്നെ വിറക്കാൻ തുടങ്ങി, എവിടെയോ ഷോക്കടിച്ചപോലെ. എൻറെ കണ്ണിൽ ചൂട് നിറഞ്ഞു. ഞാൻ പുതപ്പ് വാരിപ്പുതച്ചു.  മൂക്കിലൂടെ ജലകണങ്ങൾ ഊർന്നിറങ്ങാൻ തുടങ്ങി.  ഞാൻ വിതുമ്പി. നഷ്ടപ്പെടലിന്റെ ആഴം എത്രയാണെന്ന് ഞാൻ അന്നറിഞ്ഞു. സെന്റ് ജൂഡ് പള്ളിയിലെ സെമിത്തേരിയിൽ കഴിഞ്ഞ ആഴ്ചയിൽ അകാലചരമം  പ്രാപിച്ച മൃദദേഹത്തിനു മുമ്പിൽ ആൾക്കാർ അലമുറയിട്ടു നിലവിളിച്ചപോലെ കരയാൻ എനിക്ക് തോന്നിപ്പോയി.  ഞാൻ മുഖം തലയിണയിൽ അമർത്തി എനിക്കുപോലും മനസ്സിലാകാത്ത ഏതോ ഭാഷയിൽ വിതുമ്പിക്കൊണ്ടിരുന്നു.

നഷ്ടപെട്ടത് എനിക്കാണ്. എനിക്ക് മാത്രം. ഒരിക്കലും തിരിച്ചു കിട്ടാത്തനഷ്ടപ്പെടൽ.  യുദ്ധം തുടങ്ങും മുമ്പ് തോറ്റുപോയ പോരാളിയായിപ്പോയി ഞാൻ.

വീണ്ടും നേരം വെളുത്തു.  പക്ഷെ അത് എനിക്ക് വേണ്ടിയായിരുന്നില്ല.  അത് ആ കൊച്ചീക്കാരന് വേണ്ടി മാത്രമായിരുന്നു.

അന്ന് കൊച്ചേച്ചിയെ തൊഴുത്തിനടുത്ത് വച്ച് ഒറ്റയ്ക്ക് കിട്ടിയപ്പോൾഞാൻ ചോദിച്ചു.

"എന്നെ വിട്ടു പോകുന്നതിൽ കൊച്ചേച്ചിക്ക് ഒട്ടും വിഷമം ഇല്ലേ?"
കൊച്ചേച്ചി ഒന്നും മിണ്ടാതെ കുറേനേരം നിന്നു.  മുറ്റത്ത് ചാട്ടമത്സരം നടത്തുന്ന അണ്ണാറക്കണ്ണൻമാരിലോ, അങ്ങ് ദൂരെ പാടത്ത് മേയുന്ന കാലിക്കൂട്ടങ്ങളിലോ അല്ല ആ നോട്ടം എന്ന് എനിക്കറിയാം.

"ഇനിയൊരിക്കലും എനിക്ക് കൊച്ചേച്ചിയുടെ കൂടെ കിടക്കാൻ പറ്റൂല്ല അല്ലേ ??"

ആ കണ്ണുകൾ ഈറനണിയുന്നത് ഞാൻ കണ്ടു.  അതിനുത്തരം എന്നെ വാരിപ്പുണർന്നുള്ള ഒരു വിതുമ്പൽ മാത്രമായിരുന്നു. ആ ചൂട്, ആ ഗന്ധം, ആ സ്പർശം എൻറെ ഏങ്ങലടി കൂട്ടി.

പള്ളിമുറ്റത്ത് അംബാസിഡർ കാർ വന്നു നിന്നു.  ചിലർ ചിരിക്കുന്നു. ചില മുഖങ്ങളിൽ  വിഷാദം തളംകെട്ടി നിൽക്കുന്നു. കൊച്ചേച്ചിയുടെ  ഭർത്തവ്, എൻറെ അളിയൻ എല്ലാവരോടും കുശലം പറഞ്ഞും, ചിരിച്ചും നടക്കുന്നു.  അയാൾക്ക് ചിരിക്കാം. എൻറെ നഷ്ടം അയാൾക്ക്‌ നേട്ടം ആണല്ലോ.  അയാളുടെ ഫോറിൻ സ്പ്രേയുടെ മണം എനിക്ക് വെറുപ്പായിരുന്നു.  എന്നെ എപ്പോ കണ്ടാലും പിടിച്ചു കൂടെ നിർത്തും. എന്തൊക്കെയോ ചോദ്യങ്ങൾ ചോദിക്കും. പക്ഷെ ഒരു വാക്കിലോ, നിശ്ശബ്ദതയോ ഒക്കെ മറുപടി കൊടുത്ത് ഞാൻ ഒഴിഞ്ഞു മാറി നിന്നു.

ഓ .. ഒരു കൊച്ചീക്കാരൻ !.  അയാളുടെ ഫോറിൻസ്പ്രെയേക്കാൾ എന്ത് നല്ലതാണ് ഞങ്ങളുടെ തൊഴുത്തിലെ മണം!

എന്തൊക്കെയോ ചടങ്ങുകൾ കാർന്നവന്മാരുടെ കാർമ്മിത്വത്തിൽ നടന്നു. ചേച്ചിമാർ വിതുമ്പുന്നു.  കൊച്ചേച്ചി നിലവിളിക്കുന്നു. ആരും ഒന്നും പറയുന്നില്ല.  ആരും എതിർത്തില്ല.  അവസാനം ആ കശ്മലൻ കൊച്ചീക്കാരൻ എൻറെ കൊച്ചേച്ചിയെ അംബാസിഡർ കാറിൽ കയറ്റിക്കൊണ്ടങ്ങു പോയി !!

പള്ളിമുറ്റത്ത് നിന്ന് നിരാശയോ നഷ്ടബോധമോ തലയ്‌ക്കെടുത്തുവച്ച് ഞങ്ങൾ തിരികെ നടന്നു.  പക്ഷെ എല്ലാവരുടെയും നഷ്ടബോധം നൈമിഷികം ആയിരുന്നു.  വീട്ടിലെ അവസാന പെൺകുട്ടിയെയും വിവാഹം കഴിച്ച് അയച്ചതിന്റെ സന്തോഷം അപ്പന്റെയും അമ്മയുടെയും മുഖത്ത് ഞാൻ കണ്ടു.

നഷ്ടം എനിക്ക് മാത്രം ആയിരുന്നല്ലോ.  എൻറെ കയറുകട്ടിലിനായിരുന്നല്ലോ. എൻറെ തലയിണക്കും പുതപ്പിനും മാത്രം ആയിരുന്നല്ലോ. ഞങ്ങൾക്ക് നഷ്ടമായത് ഒന്നല്ല, ഒരായിരങ്ങൾ ആയിരുന്നു.

ഞാൻ ഉറങ്ങാനായി അന്നും കണ്ണുകൾ അടച്ചു,   ഉറക്കം വരില്ല. ഞാൻ ചിരിക്കനായ് ചുണ്ടുകൾ വിടർത്തി, എന്നാൽ കരച്ചിൽ അതനുവദിച്ചില്ല.  മറക്കാനായി ഞാൻ ശ്രെമിച്ചു ഓർമ്മകൾ അതനുവദിച്ചതുമില്ല.

എന്റെ തലയിണയിലെ ഉപ്പു രസത്തിന്റെ കടുപ്പം കൂടിക്കൊണ്ടേയിരുന്നു. അപ്പോളും ഞാൻ എന്തൊക്കെയോ, എങ്ങനെയൊക്കെയോ ആഗ്രഹിച്ചു പോയി.

കൊച്ചേച്ചിയുടെ കരച്ചിൽ നിന്നേക്കാം.  എൻറെ വിതുമ്പലും നിലച്ചേക്കാം. ഇനിയൊരു പകൽ തെളിമാനം പോലെ ഞാനും ചിരിച്ചേക്കാം. എന്നാലും ... എന്നാലും... നഷ്‌ടപ്പെടലുകൾ എന്നും നഷ്ടപെടലുകൾ തന്നെയാണ്.

Monday, June 27, 2016

Book Review : ‘My Letters ….M K Gandhi’

‘My Letters ….M K Gandhi’
Edited by Prof. Shrikant Prasoon
Publisher : Cedar Books / Pustak Mahal

The Book
‘My Letters’ is a collection of M K Gandhi’s letter to Motilal & Jawaharlal Nehru, Vallabhai Patel, M A Ali Jinnah, Lord Mountbatten,  Lord Wavell, Lord Irwin, Mira Ben, SC Bose, G D Birla, Tagore, Kasturba, Hitler and many more.

This book covers not only M K Gandhi’s objects and attitude towards different personalities but also his view on Ahimsa, Division, and Satyagraha etc. His letter writing method will guide you how to write an effective and modest letter to your hard critics and opponents.  All his letters are filtered and edited deliberately with the aroma of vocabulary as well.  If you go through these 240 pages, I bet you it will be worth than going for a political and social letter writing course.

The Content
Begins with the re-introduction of M K Gandhi, readers may be in awe to think about any introduction about Gandhiji’s life, his messages and his propaganda. But I vow you; it will give an apparent effect while you are going through this introduction and it will lead you to the splendid style of narration and discussion about the contemporary issues in his era.

You can see the pain of a freedom fighter in his letters to Vallabhai Patel, Mohammad Ali Jinnah. Sometimes it takes you to a different point of feeling. See his words to Mohammad Ali Jinnah “This is again not for publication but for your eyes. It is the cry of a friend, not of an opponent”  

Even though he is the seer of Truth, Non-violence & Ahimsa, his letters will illustrate how to tackle critics without hurting and deviating from the mainstream and ideology.


One of the interesting things noted in Gandhiji’s letters is his salutation to the addressee. He uses ‘Dear’, ‘Chi’, ‘Dear Friend’, ‘My Dear Friend’, ‘Bhai’, My Dear Sister’ etc.  When he writes to Viceroy, he used ‘Dear Friend’ and he also narrates the reason for his salutation in his first letters as well. The method of correspondence and techniques used are quite interesting. Gandhiji’s words are humble, strong and clear guide for modern politicians indeed. In a letter to Lord Irwin he has given the fact and matrix about the foreign (British) administration in India which is most expensive in the world by writing, “……Thus, you are getting (salary) much over five thousand times India’s average income.  The British Prime Minister is getting (salary) only ninety times Britain’s average income.  On bended knees I ask you to ponder over this phenomenon”

When you are pondering over the last pages, you can see how Gandhiji deals with his spouse Kasturba.  It is a mixed feeling of pain of separation and philosophies.  He wrote to her, “Gods ways are beyond our understanding.  He erased difference between birth and death in a matter of minutes.  Who was born and who is dead?  Whether human being s are born or die, His plays goes on”

In short, this collection of letters proves that letters are a strongest tool and it is still relevant in the epoch of internet, Smartphone and Social Medias. I recommend this collection of letters to school libraries because our little readers can benefit from this book.

The Criticism
It will be blasphemy if I attempt to criticize Gandhiji’s letters.  If I do, it will be sour grapes.  All these letters are properly melted, purified and shaped.

But, after reading ‘My Letter…’, I am bit interested to see the handwriting and photos of real letters. It could be a great feeling if publisher can include couple of his letter’s copy in this book and add photos of the personalities to whom Gandhiji has addressed. Shortly, couple of photos can make an imperative and candid feeling to readers so far.

In one point, my view is clashing with Gandhi’s philosophy on his letter to Jayaprakash Narayan (dated November 21, 1930 from Yervada Jail). JP’s wife Prabhadevi had stayed in Gandhiji’s Ashram during his studies. Even though I am obscure about the personal life of JP and Prabhadevi, I cannot digest Gandhiji’s advice to JP to observe Brahmacharya or find another wife.

The Consumer

The price of this book is INR 250/- which means it costs almost INR 1/- per page. As a consumer, I feel its worth to spent Rupees One per page of this hardcover version. Since we can use this as reference book, I do hope readers cannot repent on this spend.