Saturday, July 13, 2019

അവാർഡ് കഥയുടെ ഗതി

അവാർഡ് കഥയുടെ ഗതി
---------------------------------------

"സുസു?"

"ങ് ഹും"

"നീ ഒറങ്ങിയോ"

"പിന്നേ, കെടക്കുമ്പോ തന്നെ ഒറങ്ങാൻ ഞാനെന്താ പോത്തോ?"

വീടിന് പുറത്ത്, പന്നി, മരപ്പട്ടി, കണ്ടൻപൂച്ച, ഞറു തുടങ്ങിയ ക്ഷുദ്രജീവികളും, വീടിനകത്ത് മേൽപറഞ്ഞ ക്ഷുദ്രജീവികളെ ഭയപ്പെടുന്ന ഈ ഞാൻ, സുസു എന്നീ ക്ഷുദ്രജീവികളും, ഈ പറഞ്ഞ ഒരു ഭീകരപ്രസ്ഥാനത്തേയും ഭയമോ ശങ്കയോ കൂടാതെ ലാലാ പാടി നടക്കുന്ന ഞങ്ങളുടെ അരുമ സന്താനവും സന്ധ്യാപ്രാർത്ഥനയും, കഞ്ഞികുടിയും കഴിഞ്ഞ്  അന്നത്തേടം കഴിച്ചുകൂട്ടാൻ ഇടതന്ന തമ്പുരാനോട് ഇത്തിരി നന്ദിയൊക്കെ പ്രകാശിപ്പിച്ച് കട്ടിലിൽ കേറി നെടുമ്പാളെ കിടന്ന നേരത്താണ് ഞാൻ ആ ചോദ്യം എടുത്തിട്ടത്. അതിന് അവൾ പറഞ്ഞ മറുപടി 'പോത്തുപോലെ വളർന്നെങ്കിലും ഹേ ആര്യപുത്രാ, ഞാൻ പോത്തല്ല പിന്നെയോ മനുഷ്യജീവി തന്നെയെന്ന്  അങ്ങ് അറിയുന്നില്ലേ' എന്നും.

"സുസു നീ പോത്തോ പോർക്കോ അല്ലെന്ന് എനിക്കറിയാം. കൂരാപ്പിന് ഒരു ചോദ്യം ചോദിയ്ക്കാൻ പാടില്ലേ?"

വീട്ടിൽ എനിക്കുള്ള സ്വാതന്ത്ര്യം കുറഞ്ഞുവരുന്നുണ്ടോ എന്നൊരു സന്ദേഹം നാളുകളായി മനസ്സിൽ കെട്ടിയിട്ട പട്ടിയെപ്പോലെ കിടന്ന് കുരയ്ക്കുന്നുണ്ട്. യേശുവിനെ കുരിശിൽ തറച്ചപ്പോൾ വലവും ഇടവും രണ്ട് കള്ളന്മാരോടൊപ്പമാണ് കിടന്നത്. അതുപോലെ ഉറക്കറയിൽ എൻറെ രണ്ടുവശത്തും കിടക്കുന്ന ഈ മുതലുകൾ ആണ് എൻറെ സ്വാതന്ത്ര്യത്തിൻറെ കടയ്ക്കൽ കത്തിവച്ച് നിൽക്കുന്നത് എന്നൊരു തോന്നൽ കലശലാണ്. സന്താനം മൂന്നാം ക്ലാസിൽ എത്തിയിട്ടേ ഉള്ളുവെങ്കിലും മുപ്പത് വയസ്സായവരുടെ വായാണ്. ഭാര്യ മുപ്പത് വയസ്സ് കഴിഞ്ഞെങ്കിലും മൂന്നാം ക്ലാസുകാരിയുടെ ചിന്തയും. അങ്ങനെ ജീവിതത്തിൻറെ 'ഫിൽ ഇൻ ദ ബ്ളാങ്ക്സ് വിത്ത് സ്യൂട്ടബിൾ വേർഡ്‌സ്'   പൂരിപ്പിച്ചുകൊണ്ട് ഈ വീടാകുന്ന പരീക്ഷാഹാളിലാണല്ലോ ഞാൻ മരുവുന്നത്.

"ഇതിപ്പോ എന്നതാ കാര്യം?" ഞാൻ ചിന്തയിൽ കേറി മേഞ്ഞപ്പോൾ അവൾ തിരികെ ചോദിച്ചു.

"ഓ... ഒന്നൂല്ല... ഇന്ന് രാവിലെ നിനക്ക് ഞാൻ ഒരു കഥ വായിക്കാൻ തന്നിരുന്നില്ലേ? അത് വായിച്ചോ?"

"വായിച്ചു"

അമ്പടി കേമി! വായിച്ചിട്ട് മിണ്ടാതിരിക്കുന്നത് കണ്ടോ? മലയാളത്തിലെ പ്രമുഖ വാരികയിൽ കൊടുക്കാൻ എഴുതിയ കഥ സുസുവിന് വായിക്കാൻ കൊടുത്തത്  അവളുടെ വിലയേറിയ അഭിപ്രായം അറിഞ്ഞ ശേഷം അയക്കാം എന്ന ചിന്തയിലാണ്.  നാളെ ലോകം മുഴുവൻ ഈ കഥാകാരനെ കൊട്ടിഘോഷിക്കുകയാണെങ്കിൽ 'ഈ കഥ ഞാൻ എൻറെ ഭാര്യക്കാണ് ആദ്യം വായിക്കാൻ കൊടുത്തത്. അവളുടെ അഭിപ്രായത്തോളം വലുതല്ലല്ലോ മറ്റൊന്നും' എന്നൊരു കാച്ചങ്ങ് കാച്ചാം എന്ന് തീരുമാനിച്ചതിന്റെ പ്രതിഫലനം. പക്ഷേ ഈ പോത്തല്ലാത്തവൾ ഇമ്മാതിരി മിണ്ടാട്ടമില്ലാതിരുന്നാൽ  എന്നെപ്പോലെയുള്ള കഥാകാരന്മാർ എന്ത് ചെയ്യും?

അല്ലേൽ തന്നെ ഞാൻ എന്തേലും എഴുതുന്നത് ഇവൾക്ക് ഏനക്കേടാണ്. 'ചുമ്മാ വായിച്ചും കുത്തിക്കുറിച്ചും എന്തിനാ സമയം കളയുന്നെ?' എന്നൊരു ലൈൻ, ഏത്?

"പിന്നെ ഞാൻ വേറെ എന്തോ ചെയ്യണം സുസു?" എന്ന് ചോദിച്ചാൽ. "ഞാനും കൊച്ചും ഇവിടെ തേരാപ്പാരാ നടപ്പുണ്ടെന്ന് വല്ല വിചാരോം ഒണ്ടോ? ആ പേനയും കുത്തിപ്പിടിച്ച് ഉറക്കം തൂങ്ങി ഇരിക്കുന്ന സമയത്ത് എന്നേം കൊച്ചിനേം ഇച്ചിരി സ്നേഹിച്ചാൽ എന്നാ പറ്റും? ആകാശം ഇടിഞ്ഞുവീഴുമോ?"

എൻറെ സ്നേഹം എന്ന മധുരനാരങ്ങ പിഴിഞ് പിഴിഞ്ഞ് ഉള്ള ചാറെല്ലാം ഊറ്റി ഉന്മത്തയായി നിൽക്കുന്ന സൂസൂമോളേ, അവളുടെ മോളേ, എന്നോട് തന്നെ ഈ വേണ്ടാതീനം പറഞ്ഞോണം. അല്ലേൽതന്നെ പെറ്റതള്ളക്കും, കാർന്നോർക്കും, കൂടപ്പറപ്പുകൾ എന്ന ഉറുത്താപുഴുക്കൾക്കും ഞാൻ നിന്നെ തറവാട്ടിലോട്ട് കെട്ടി എഴുന്നള്ളിച്ചു കൊണ്ടുവന്ന അന്നുമുതൽ അനർഗ്ഗളം ഒഴുകുന്ന സംശയമാണ് അവരെക്കാൾ ഞാൻ നിന്നെ ആഞ്ഞുകുത്തി സ്നേഹിക്കുന്നുണ്ടോ എന്നുള്ളത്. 'യൂ ടൂ ബ്രൂട്ടസ്' എന്നവർ പറയാതെ പറയുകയല്ലേ?

പള്ളിയിൽ മിന്നുകെട്ടുകഴിഞ്ഞ് തോമാകത്തനാർ എന്റേയും സുസുവിന്റെയും കൈ ചേർത്തൊരു പിടിപ്പീരങ്ങ് പിടിപ്പിച്ചു. ഒള്ളത് പറഞ്ഞാൽ അമ്മയാണേ  ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്ര ശക്തമായി ഒരു വളയിട്ട കൈയ്യിൽ പിടിക്കുന്നത്. ആ പിടുത്തത്തിനിടയിൽ കത്തനാർ സത്യവേദപുസ്തകത്തിലെ ഒരു വാക്കെടുത്ത് വാക്കത്തിപോലെ പ്രയോഗിച്ചു. "നീ ഉണ്ടില്ലേലും അവളെ ഊട്ടണം...". ആ പ്രതിജ്ഞാ ചെയ്‌ത ഞാൻ പിന്നീടാണ് അവൾ എന്നെ പിടിച്ച പിടുത്തം ഉടുമ്പിൻറെ പിടുത്തമാണെന്ന് അറിഞ്ഞത്. തോമാകത്തനാരുടെ മുന്നിൽ നടത്തിയ പ്രതിജ്ഞ കണ്ടും കേട്ടും നിന്നവരാണെങ്കിലും ഞാനെൻറെ സുസുവിനോട് ഇമ്മിണി ഒലിപ്പിക്കുന്നത് കാണുമ്പോൾ വീട്ടുകാർക്ക് ഏനക്കേട് ഉണ്ടാകേണ്ട വല്ല കാര്യവും ഉണ്ടോ?

'എൻറെ സ്നേഹം എല്ലാം നീ ഞെക്കിപ്പിഴിഞ്ഞെടുത്തില്ലേ  പെണ്ണെ. ഇനി എന്തോ കുന്തം എടുത്തുവച്ച് തരാനാ?' എന്നെങ്ങാനം ഞാൻ പറഞ്ഞുപോയാൽ പിന്നെ ഇടവപ്പാതിയും കള്ളകർക്കിടവും എല്ലാം നമ്മുടെ കുപ്പപ്പാട്ടിൽ നടക്കും. അല്ലെങ്കിൽ തന്നെ മൗനം ഭർത്താവിന് ഭൂഷണം എന്നാണല്ലോ അലിഖിത നിയമം. പെങ്കൊച്ച് മുട്ടുകാലിൽ എണീറ്റ് നടക്കാൻ തുടങ്ങിയപ്പോൾ മുതൽ അതും തള്ളയുടെ സൈഡാ. ഈ വീട്ടിൽ ഞാൻ ഒരേയൊരു ആൺതരി ഏകനായ പോരാളിയാണെന്ന് എത്രപേർക്കറിയാം?

അങ്ങനെയുള്ള ഈ ഞാൻ എഴുത്തിലേക്കോ വായനിയിലേക്കോ ഒന്നെത്തിനോക്കിയാൽ വായനക്കാരായ ഭർത്താക്കന്മാരെ, അതിൽ നിങ്ങൾക്ക് കുഴപ്പം പറയാനൊക്കുമോ? ഒന്നുമല്ലേൽ നമ്മളെല്ലാം ഇക്കാര്യത്തിൽ ഒരേ ട്രേഡ് യൂണിയൻ അംഗങ്ങളല്ലേ?

"കഥ വായിച്ചിട്ട് എൻറെ പൊന്നെ, നിനക്ക് എന്ത് തോന്നി?" ഞാൻ തുടർന്നു.

നിശബ്ദം. ശാന്തം. തലയ്ക്ക് മീതെ സർക്കാരോഫീസിലെ ഫാനിനോട് കിടപിടിക്കുന്ന പങ്കയുടെ ഒച്ചമാത്രം. അല്ലെങ്കിലും നാഴികയ്ക്ക് നാല്പതുവട്ടം കൂത്തയുടെ വായിൽ കോലിട്ടപോലെ കിടന്നലയ്ക്കുന്ന എൻറെ സുസു ഉൾപ്പെടുന്ന പെൺവർഗ്ഗം മുഴുവൻ കണവന്മാർ എന്തെങ്കിലും പ്രശ്നശതങ്ങളിൽ അകപ്പെടുമ്പോൾ കമാ എന്നൊരക്ഷം മിണ്ടില്ലല്ലോ. അത് മാത്രമോ? സ്‌കൂളിലെ പൊന്നമ്മ സാറിനെപ്പോലെ സിംപിൾ കണക്കുകൾ എല്ലാം ക്ലാസിൽ ചെയ്യിച്ചിട്ട് കടുകട്ടി ഐറ്റംസ് ഒക്കെ ഹോം വർക്കെന്ന പേരിൽ വീട്ടിലോട്ട് പായ്ക്ക് ചെയ്‌ത്‌ വിടും. അയൽപക്കകാരന്റെ അയ്യത്തോട്ട് ചപ്പ് ചവർ വാരികളയുന്ന ടിപ്പിക്കൽ മലയാളി മഹത്വം  പോലെ ഒരു എടപാട്.  എവിടുന്നെങ്കിലും ഇവളുമ്മാർ പോയി മുട്ടൻ പണി വാങ്ങിയിട്ട് സോൾവ് ചെയ്യാൻ നമ്മൾ വേണം. എന്തൊരു ഗതികേടാണെന്ന് നോക്കണേ?  അന്ന് ഉടുമ്പിൻറെ പിടുത്തം പിടിച്ചതിൻറെ ഗതികേട്.

"ഡീ നിൻറെ ചെവിയിൽ എന്നതാ ആ പ്പടിച്ച് വച്ചേക്കുവാന്നോ?"

അവസാനം എന്നിലെ ഭർത്താവ് രണ്ടും കൽപ്പിച്ച് ചോദിച്ചു. ദിവസങ്ങൾ കുത്തിയിരുന്ന് എഴുതിയ കഥ. നാളെ ഞാനെന്ന എഴുത്തുകാരനെ ലോകം അറിയാൻ പോകുന്ന കാതനാകുറ്റി. അത് വായിച്ചിട്ട് ഒരു അഭിപ്രായം ഇല്ലാത്ത ഇവളെയൊക്കെ സാഹിത്യകാരന്റെ പെണ്ണുമ്പുള്ള എന്ന് എങ്ങനെ വിളിക്കും? നാളെ അക്കാദമി അവാർഡ് ഒക്കെ കിട്ടുമ്പോൾ പളപളാ സാരിയൊക്കയൊക്കെ വാരിവലിച്ചുടുത്ത് സ്റ്റേജിന്റെ മുൻപന്തിയിൽ വന്നിരിക്കേണ്ടവൾ ആണ്.

"കഥ വായിച്ചു. ഒള്ളത് പറയാവല്ലോ. സംഭവം സൂപ്പർ. ഇത്രേം നല്ല കഥ ഞാൻ അടുത്ത കാലത്തെങ്ങും വായിച്ചിട്ടില്ല"

ദൈവമേ! ആകാശത്തുനിന്ന് മഞ്ഞും മഴയും സയാമീസ് ഇരട്ടകളെപ്പോലെ താഴേക്ക് വന്ന് എൻറെ അന്തരംഗത്തിൽ പെയ്‌ത പ്രതീതി. അവസാനം കുരുത്തം കെട്ടവൾ സമ്മതിച്ചു. കെട്ടിപ്പിടിച്ച് ഒരു ചുടുചുംബനം അങ്ങ് അർപ്പിച്ചാലോ? അല്ലേ വേണ്ട. അരുമ സന്താനം കണ്ണടച്ച് കിടപ്പുണ്ടെങ്കിലും ഇക്കാലത്ത് കൊച്ചുപുള്ളാരെ വിശ്വസിച്ചുകൂടാ. വേണ്ടതും വേണ്ടാത്തതും എല്ലാം കണ്ടുപിടിച്ച് കളയും. അത് മാത്രമോ പറ്റുകയാണെങ്കിൽ സ്‌കൂളിലെ ടീച്ചറോട് ഒറ്റികൊടുക്കുകയും ചെയ്യും.

"സത്യമാണോ സുസു? നിനക്ക് സത്യമായിട്ടും ബോധിച്ചോ"

"പിന്നേ. കഥയൊക്കെ എഴുതുവാണേൽ ഇങ്ങനെ എഴുതണം"

ദൈവമേ ഇത് കേട്ടോ? ഇവൾ ഒരു കഥ വായിച്ചിട്ട് പറയുന്നത്? അതും കെട്ടിയവൻറെ തൂലികയിൽ നിന്നും പിറവിയെടുത്ത മരതകമുത്ത് കണ്ടിട്ട്!  ഇനിയിപ്പോ പോയി ചത്താലും വെണ്ടൂല്ല. ആദ്യ അവാർഡ് ഭവതിയുടെ കയ്യിൽനിന്നും തന്നെ ലഭിച്ചല്ലോ. സുസു, സത്യം സത്യമായി ഞാൻ നിന്നോട് അരുളിച്ചെയ്യുന്നു; നീയാണ് ഉത്തമയായ ഭാര്യ. സ്ത്രീകൾക്ക് മകുടം ചാർത്തിയവൾ. വീടിൻറെ അലങ്കാരം. അവാർഡ് മേടിക്കുമ്പോൾ മുൻനിരയിൽ തന്നെ ഇരിക്കേണ്ടവൾ.

ഇങ്ങനെ പേർത്തും പേർത്തും ആലോചിച്ച് സന്തോഷാശ്രു കണ്ണുകളിൽ നിറഞ്ഞു വരുമ്പോളാണ് തോളത്ത് തട്ടികൊണ്ട് അവളുടെ ഒരു ചോദ്യം.

"അല്ല ഞാൻ ഒരു കാര്യം പറഞ്ഞാൽ നിങ്ങൾ സത്യം പറയുമോ?"

അത് കേട്ട് ഞാനൊന്ന് ഞെട്ടി. ദൈവമേ ഈ പറഞ്ഞതിൻറെ വ്യംഗ്യാർത്ഥം ഞാൻ വാ പൊളിച്ചാൽ പൊളിപറയുന്ന പൂത്തക്കോടൻ ആണന്നല്ലേ?

"എൻറെ പൊന്നു സുസു. നീ എന്തോ വർത്തമാനമാ പറയുന്നേ? ഞാൻ നിന്നോട് ഇന്നുവരെ എന്തെങ്കിലും കള്ളത്തരം പറഞ്ഞിട്ടുണ്ടോ?"

"അപ്പോ നിങ്ങൾ നാട്ടുകാരോടൊക്കെ കള്ളമാണോ പറയുന്നെ?"

അയ്യടി മനമേ! ഇതാണ് പെണ്ണുങ്ങളുടെ വേറൊരു കൊണം. എന്തോ പറഞ്ഞാലും അതിൻറെ പുറകിൽ പിടിച്ച് കേറിവന്ന് ചൊറിയണത്തിന്റെ ഇല കൊണ്ട് തേച്ചുകളയും.

"നീയൊന്ന് പോകുന്നുണ്ടോ? നീ എന്തവാ ചോദിക്കാൻ വന്നതെന്ന് തെളിച്ചു പറ കുന്തമേ" വീണ്ടും എന്നിലെ ഭർത്താവ് രണ്ടും കൽപിച്ച് സടകുടഞ്ഞെണീറ്റു. ആരാണേലും എണീറ്റ് പോകും, അതല്ലേ അവസ്ഥ. എഴുതിയ കഥ കിടിലോൽക്കിടിലം എന്ന് പറഞ്ഞിട്ട് കുനഷ്ട് ചോദ്യം ചോദിച്ചാൽ?

"അല്ല എനിക്ക് സംശയം തോന്നിയൊണ്ട് ചോദിക്കുവാ"

"സുസു... ഗീവറുഗീസ് പുണ്യവാളനെ ഓർത്ത് നീ ചുമ്മാ സസ്പെൻസ് ഇട്ട് കളിക്കാതെ ചോദ്യം ചോദിച്ച് തൊലയ്ക്ക്"

അവൾ തലയിണ ഒന്നുയർത്തി വച്ചു. എന്നിട്ട്  അട്ടയെപ്പിടിച്ച് മെത്തയിൽ ഇട്ടാൽ കിടക്കുകേല എന്ന മട്ടിൽ പുതപ്പിനകത്തുനിന്ന് തല വെളിയിലേക്കിട്ടു. എൻറെ താടിക്ക് ഒരു പിടുത്തം. എന്നിട്ട് കവിളത്ത് ഒരു തട്ടൽ, തലോടൽ"

"സത്യം പറ. എനിക്ക് വായിക്കാൻ തന്ന കഥ നിങ്ങൾ എവിടുന്ന് കോപ്പിയടിച്ചതാ?!"

ദാണ്ടടാ കിടക്കുന്നു എൻറെ അവാർഡ്!   മച്ചിൽ തൂങ്ങിക്കിടന്ന സർക്കാർ മോഡൽ ഫാൻ കെട്ടുപൊട്ടി നെഞ്ചിലേക്ക് വീണപോലെ ഞാനൊരു കിടപ്പങ്ങ് കിടന്നു.

ഇളിഭ്യൻ, ഇതികർത്തവ്യമൂഢൻ, നത്തുളുക്കി എന്നീ സുന്ദര പദങ്ങളുടെ അർഥം അന്ന് ആ കിടക്കയിൽ രണ്ട് കൊള്ളക്കാരുടെ ഇടയിൽ കിടന്ന യേശുതമ്പുരാനെപ്പോലെ രണ്ട് പെൺവർഗ്ഗത്തിന്റെ ഇടയിൽ കട്ടിലിൽ കിടന്ന ഞാൻ മനസ്സിലാക്കി. ഒപ്പം കന്നിനെ കയം കാണിക്കരുത് എന്ന പഴമൊഴിയുടെ ശുദ്ധതയും.

No comments:

Post a Comment