Saturday, July 13, 2019

പ്രേമിക്കാത്തവൻറെ പ്രേമലേഖനം

പ്രേമിക്കാത്തവൻറെ പ്രേമലേഖനം
------------------------------------------------

എലിപ്പാഷാണം വാങ്ങാൻ പാങ്ങില്ലാത്ത ഒരു അവധിദിനം  ഈയുള്ളവൻ എലിവിഷത്തേക്കാൾ മാരകമായ ഒരു സാധനം വീട്ടിലെ അലമാരയിൽ നിന്നും കണ്ടെടുത്തു. അതും എൻറെ സഹധർമ്മിണി സൂസൂവിന്റെ ബാഗിൽ നിന്നും.

കേട്ടപ്പോൾ മനസ്സിലായിക്കാണുമല്ലോ ഇത് ഒരു നടയ്ക്ക് പോകുന്ന കേസുകെട്ടല്ലെന്ന്.

അന്നൊരു തിങ്കളാഴ്ച. തിങ്കളാഴ്ച്ച നല്ല ദിവസം എന്നൊക്കെ പറയാനും വായിക്കാനും നല്ല ചേലാണ്. പക്ഷേ പ്രാക്ടിക്കൽ ഇമ്മിണി മുറ്റാ. തിങ്കളാഴ്ച്ച ദിവസം ജോലിയും കൂലിയും ഒന്നുമില്ലാതെ ഈച്ചയാട്ടി വീട്ടിൽ ഇരുന്ന ഞാൻ, നാളത്തേക്കുള്ള വട്ടചിലവിന് ഒരു തുട്ടുമില്ലാതെ വസന്ത പിടിച്ച കോഴിയെപ്പോലെ നടക്കുകയായിരുന്നു. ശമ്പളം കിട്ടാൻ ഇനിയും ദിവസങ്ങൾ എണ്ണണം.  എല്ലാവരെയും പോലെ ഈ ഹതഭാഗ്യനും മാസത്തിൽ ഒരിക്കലേ ശമ്പളം കിട്ടുകയുള്ളല്ലോ. കിട്ടിയാൽ ചിട്ടി, പാട്ടം, പാൽ, പത്രം, പലചരക്ക് എന്നുവേണ്ട പല  പേരുകളിൽ പണം മൊത്തം നാട്ടുകാർ കൈക്കലാക്കും. പിന്നെ പള്ളി, കല്യാണം, ഇരുപത്തെട്ട്, പതിനാറടിയന്തിരം, നാട്ടിലെ ലലനാമണികളുടെ പേറും പെറപ്പും  ഇമ്മാതിരി  നമ്മളുടെ കൺട്രോളിൽ  അല്ലാത്ത കാര്യങ്ങളുടെ ചിലവുകൾ എന്നൊക്കെ പറഞ്ഞ് സുസു ബാക്കി പിടുങ്ങും. എല്ലാം കഴിയുമ്പോൾ പേഴ്‌സ് കാലിയായി ചൊറിയും കുത്തി ഈയുള്ളവൻ ഇമ്മാതിരി ഇരിപ്പ് ഇരുന്നുപോകും.

അങ്ങനെയുള്ള തിങ്കളാഴ്‌ച. ഒതുക്കത്തിൽ ഗാന്ധിമുക്കിന് ചെന്ന് പിള്ളേച്ചൻ നീട്ടിയടിക്കുന്ന ഒരു കാലിച്ചായ കുടിക്കാൻ പോലും പെണ്ണുമ്പുള്ളയോട് കൈ നീട്ടണം എന്നൊരവസ്ഥ നിങ്ങൾ ഒന്നാലോചിച്ച് നോക്കിയാട്ടെ. സൂസൂവിന്റെ കൂട്ടത്തിലോ കുലയിലോ ഉള്ളോ ഏതോ കൊച്ചിന്റെ ഇരുപത്തെട്ടിന് സ്വർണ്ണവള കൊടുത്തകാരണം ഈ മാസം ആകെ ഗതികേടായി. എൻറെ കുടുംബത്തിൽ ഏതേലും കോതകൾ പെറ്റാൽ ഒന്നും കൊടുത്തില്ലേലും സുസു ക്ഷമിക്കും.  എന്നാൽ അവളുടെ കൂട്ടത്തിൽ ഉള്ളവർക്ക്  കൊടുത്തില്ലേൽ എനിക്കാ കൊറച്ചില് എന്നാണവൾ പറയുന്നത്. എൻറെ മഹിമ ഉയർത്തുവാൻ അവൾ പാടുപെടുന്നത് കാണുമ്പോൾ സത്യം പറയാവല്ലോ, കണ്ണ് നിറഞ്ഞുപോവും.

പാവം പെണ്ണുങ്ങൾ.. ലലനാമണികൾ.

സുസു അടുക്കളയിൽ പാത്രങ്ങളുമായി മല്ലയുദ്ധത്തിലാണ്. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുന്ന വൃത്തിയാണ് ആശാട്ടിക്ക്. ഞാൻ ഒതുക്കത്തിൽ ഒന്ന് ഒളികണ്ണിട്ട് നോക്കി. ഉടനെയെങ്ങും കിടക്കമുറിയിലേക്ക് വരില്ല, കട്ടായം. എൻറെ കയ്യിൽ നിന്നും കീറ്റുകണക്ക് പറഞ്ഞ് അടിച്ചുമാറ്റി ഇവൾ പൈസ വച്ചിട്ടുണ്ടാകും എന്ന് ഇന്നല്ല കുറെ നാളുകളായി തമിശയം ഉണ്ട്. എൻറെ പേഴ്‌സിൽ നിന്നും നോട്ടുകൾ അപ്രത്യക്ഷ്യമാകുന്നുണ്ടോ എന്നും ഡൗട്ട് ഇല്ലാതില്ല. ഞാനാണേൽ പൊട്ടൻ, എന്നുംകുന്നും പേഴ്‌സ് നോക്കി അതിലെ തുട്ടുകൾ തിട്ടപ്പെടുത്താൻ ശങ്കയുള്ളവൻ.

കിരുകിരാ ശബ്ദം ഉണ്ടാക്കാതെ ഞാൻ മെല്ലെ അലമാര തുറന്നു. ഒടുക്കത്തെ ഘ്രാണശക്തിയാണ് ലലനാമണികൾക്ക്. ഇവളുടെ പേഴ്‌സും, ബാഗും ഒക്കെ വച്ചിരിക്കുന്നത് ഏത് പോട്ടിലാ? പെണ്ണുങ്ങൾ ഭയങ്കര സൂത്രശാലികൾ ആകുന്നു. ഭർത്താക്കന്മാരുടെ നോട്ടം നേരെയെത്തുന്ന ഭൂമികയിലൊന്നും അവരുടെ പ്രോപ്പർടീസ് വയ്ക്കുകയില്ല.

അധികം തപ്പേണ്ടി വന്നില്ല. എൻറെ പുന്നാര സുസു ആള് പാവമാണ്. അലമാരി തുറന്നപ്പോൾ അണ്ടടാ ഫ്രണ്ടിൽ തന്നെ മുട്ടൻ ബാഗും, അതിൻറെ കുഞ്ഞിനെപ്പോലെ പേഴ്‌സും! ഒന്നുകൂടി അടുക്കളയിലേക്ക് നോക്കി തൃപ്തിവരുത്തി, മെല്ലെ പേഴ്‌സ് പൊക്കിയെടുത്തു. അതിൻറെ അറകളിൽ എല്ലാം പരതി. ചുരുട്ടികൂട്ടിയ  ഒരു തുവ്വാല, ബസ്സ് ടിക്കറ്റുകൾ, സേഫ്റ്റിപിൻ, മുടിയിൽ ഇടുന്ന ബാൻഡുകൾ, മരുന്നിൻറെ കുറിപ്പടി, ഏതൊക്കെയോ രസീതുകൾ, വേളാങ്കണ്ണി മാതാവിൻറെ മാഹാത്മ്യം എന്നിങ്ങനെ കാക്കിരി കൂക്കിരി സാധങ്ങൾ അല്ലാതെ വിലപിടിപ്പുള്ള ഒരു കുന്തവും ഇല്ല. ഇനി അകത്തേങ്ങാനം വല്ല 'ബി' നിലവറയും ഉണ്ടോ എന്ന് നോക്കി. ഉണ്ട്! ഒരു ചെറിയ അറ! ഞാൻ അതൊന്ന് തുറന്ന് നോക്കി. എന്തോ ഒരു പേപ്പർ ഒതുക്കത്തിൽ മടക്കി വച്ചിരിക്കുന്നു. ഞാൻ അതൊന്ന് വലിച്ചെടുത്ത് നിവർത്തി നോക്കി.

ദൈവമേ പ്രേമലേഖനം! അതും എൻറെ സുസുവിന് ഏതോ സാമദ്രോഹി കൊടുത്തത്!

'എൻറെ ചക്കരേ, നിന്നെ കാണാതെ എനിക്ക് ഇരിക്കപ്പൊറുതിയില്ല. ഓരോ ദിവസവും എണ്ണിയെണ്ണി എൻറെ മനസ്സ് തളരുന്നു. ഇനി എത്രനാൾ കാത്തിരിക്കണം, പ്രിയപ്പെട്ടവളെ?"

ഒന്നാന്തരം ഇലവൻ കെ. വി ലൈൻ ദേഹത്ത് അടിച്ചപോലെ ഞാൻ ഒന്ന് നിന്നുപോയി.  ഈശോ മറിയം കർത്താവേ, അരുമക്കൊരുമയായി പൊന്നോ പൊടിയോ പോലെ കൊണ്ടുനടക്കുന്ന എൻറെ സുസുവിന് ഏതോ സാമദ്രോഹി കൊടുത്ത കത്ത്!  പേരില്ല. തീയതിയില്ല. വിയർപ്പ് പറ്റി അവിടേം ഇവിടേം മഷി പടർന്നിട്ടുണ്ട്. പുരാവസ്‌തു ഗവേഷണം നടത്തിയാൽ പോലും കാലപ്പഴക്കം ഗണിക്കാൻ ആവതില്ല.

പേഴ്‌സ് തിരികെ വച്ച്, കത്ത് പോക്കറ്റിൽ തിരുകി ഞാൻ അലമാര അടച്ചു.  എടീ വേന്ദ്രീ! വാരിക്കോരി തേനും പാലും ഒലിപ്പിച്ച് തറയിൽ വച്ചാൽ ഉറുമ്പരിക്കുമോ തട്ടിപ്പുറത്ത് വച്ചാൽ എലി കരളുമോ എന്ന് വിചാരിച്ച് കൈവെള്ളയിൽ കൊണ്ട് നടന്നിട്ട്? പെറ്റതള്ള പൊറുക്കുമോ? അല്ലേലും എന്നും പിള്ളേച്ചന്റെ കടയിലെ ചായകുടി നേരത്തെ പ്രധാന ഡിസ്കഷൻ ഈ വഞ്ചകികളായ നാരികളെപ്പറ്റി ആയിരുന്നു. അന്നേരമൊക്കെ നഖശിഖാന്തം എതിർത്ത ഞാൻ വേലി തന്നെ വിളവ് തിന്നുന്നത് കണ്ടുപിടിച്ചില്ലല്ലോ പുണ്യവാളച്ചാ!

അടുക്കളയിൽ പത്രം കഴുകലിൻറെ കൊട്ടിക്കലാശം. നീ കഴുകെടി മൂധേവി. എന്നെ പറ്റിച്ച  നയവഞ്ചകീ. ഇതാണ് പണ്ട് മനു പറഞ്ഞത് 'നഃ സ്ത്രീ സ്വാതന്ത്ര്യം അർഹതി' എന്ന്. വിരൽ പിടിക്കാൻ കൊടുത്താൽ കൈ പിടിക്കും. ഒട്ടകത്തിന് ഇടം കൊടുത്തപോലെ. ആണുങ്ങൾക്ക് ആപ്പടിക്കാൻ ഇവളുമ്മാർ കേമികൾ.  ഇന്നിവളെ ഒരു പാഠം പഠിപ്പിച്ചിട്ട് തന്നെ കാര്യം. എടായെടാ! ഓടിച്ചെന്ന് കരണകുറ്റി നോക്കി രണ്ടെണ്ണം പൂശണ്ട സമയം കഴിഞ്ഞു. പെണ്ണുകെട്ടിയിട്ട് പതിറ്റാണ്ടായി, സ്‌കൂളിൽ പഠിക്കുന്ന കൊച്ചൊരണം ഉണ്ട്. അണ്ടമുണ്ടത്തടി പോലെ ആണൊരുത്തൻ ഇതാ ഇവിടെ നിൽക്കുന്നു. അപ്പോളാ അവടെ അമ്മൂമ്മേടെ പ്രേമലേഖനം!

അവളെയും അവളുടെ കുടുംബത്തിനെയും പ്രത്യേകിച്ച് നേർചൊല്ലി വളർത്താത്ത അപ്പനെയും അമ്മയെയും എല്ലാം കുത്തിയിരുന്ന് ഞാൻ പ്രാകി. ഈ ലോകത്ത് ഒറ്റ ലലനാമണിയേയും കണ്ണുംപൂട്ടി വിശ്വസിക്കരുത്. ഇന്നേവരെ ഒരൊറ്റ പെണ്ണുങ്ങൾക്കും ലൗ ലെറ്റർ ഈയുള്ളവൻ കൈമാറിയിട്ടില്ല. അത് എൻറെ കുടുംബ മഹിമ. ഒരുത്തിയുടെ പിന്നാലെയും കല്യാണത്തിന് മുമ്പ്  ഒലിപ്പിച്ച് പോയിട്ടില്ല. അത് എൻറെ തറവാടിത്തം. എന്നാൽ ഇതെങ്ങനെയാണോ? ചോദിച്ചിട്ട് തന്നെ കാര്യം. ഇതങ്ങനെ വിട്ടാൽ പറ്റില്ലലോ. ഇക്കണക്കിന് ഇവളും ഇവടെ വീട്ടുകാരും എന്നെ കിലോയ്ക്ക് തൂക്കി വിൽക്കും കട്ടായം.

നല്ല ഫോമിക് ആസിഡ് ഇട്ട് പുളിപ്പിച്ച രണ്ട് തെറി പറയുന്നതിന് മുമ്പ് പോക്കറ്റിൽ ഇരിക്കുന്ന കത്ത് ഒന്നുകൂടി നോക്കി തൃപ്‌തി വരുത്തിയാലോ? ഞാൻ നാലുപാടും ഒളികണ്ണിട്ടു. അവൾ ഏതുനേരവും അടുക്കളയാകുന്ന കലാപഭൂമികയിൽ നിന്ന് വരാം.  സൂത്രത്തിൽ ബാത്റൂമിലേക്ക് ചാടിക്കേറി. എന്നിട്ട് ആഞ്ഞുവലിച്ച് ഒരു ദീർഘനിശ്വാസം വിട്ടു.  ദൈവം കർത്താവേ, എന്നാലും ഇവൾ എന്തൊരു വിശ്വാസവഞ്ചനയാണ് എന്നോട് കാട്ടിയത്?  എൻറെ സുസു.. നീ കുമ്പസാരികുകേം, കുബ്ബാന കൈകൊള്ളുകേം ചെയ്യന്ന ഒരു നസ്രാണിയല്ലിയോടീ??

ഞാൻ ഒന്ന് കൂടി ഒടിച്ചുമടക്കി വച്ച ആ പ്രേമലേഖനം തുറന്നു. 'എൻറെ ചക്കരേ, നിന്നെ കാണാതെ എനിക്ക് ഇരിക്കപ്പൊറുതിയില്ല....'

എൻറെ പൊന്നോ! ഇനി എനിക്ക് വായിക്കാൻ ത്രാണിയില്ല. ഇത് അത് തന്നെ. അവൾക്ക് ഏതോ അലവലാതി കൊടുത്തതാണ്. സത്യം, സത്യം, സത്യം. എനിക്ക് ദേഷ്യവും കരച്ചിലും എല്ലാം കൂടി വന്ന് ആകെ പരുവക്കേടായി.

"നിങ്ങൾ അകത്ത് എന്തോ എടുക്കുവാ, ഇങ്ങോട്ട് ഇറങ്ങിയേ"

അവളാണ്. അടുക്കള പണിയൊക്ക കഴിഞ്ഞ് ദേഹശുദ്ധി വരുത്താനുള്ള പുറപ്പാടിലാണ്.

ഞാൻ കതക് തുറന്നതും ഉളി ചാണ്ടുന്നപോലെ ആണ്ടടാ പെമ്പറന്നോര് അകത്തേക്ക് ചാടിക്കയറി. ഞാൻ കിടക്കയിലേക്ക് ചെന്ന് കിടന്നു. പെങ്കൊച്ചും ഹോംവർക്ക് എന്ന ഹെർക്കുലിയൻ ടാസ്‌ക് തീർത്ത് അപ്പോൾ വന്നു കിടന്നു. കൊച്ച് അടുത്തുണ്ട്. ഇപ്പോൾ തുള്ളപ്പനി ബാധിച്ചപോലെ ഉറഞ്ഞാടാൻ പാടില്ല. പിള്ളേരുടെ മുന്നിൽ അവതരിപ്പിക്കാനുള്ളതല്ല പ്രേമലേഖനം എന്ന വിഷയം. അതും പെണ്ണുമ്പുള്ളയുടെ പേഴ്‌സിൽ നിന്നും തപ്പിയെടുത്ത്.

ഞാൻ പൊട്ടനെപ്പോലെ കട്ടിലിൽ കിടന്നു. പെങ്കൊച്ച് അട്ടചുരുളുന്നതുപോലെ പുതപ്പും പുതച്ച് ഉറക്കമായപ്പോൾ ഭവതി കുളിയും തേവാരവും കഴിഞ്ഞ് തിരികെ വന്നു. ഹും.., എന്റെ പട്ടി നോക്കും ഈ സാധനത്തിനെ ഇനി. ഞാൻ തിരിഞ്ഞു കിടന്നു. ഇച്ചിരികൂടി കഴിഞ്ഞോട്ടെ, എണ്ണിയെണ്ണി ചോദിക്കും.  കയ്യോടെ പിടിച്ചത് പറയും. ഇനി എൻറെ തോളേൽ ഓരോന്ന് പറഞ്ഞ് കേറാൻ വരട്ടെ. കൂടുതൽ മൂപ്പിക്കുവാന്നേൽ പെട്ടയ്ക്കിട്ടു രണ്ടെണ്ണം പൊട്ടിക്കണം. പ്രേമലേഖനം എഴുതാനും സ്വീകരിക്കാനും പറ്റിയ പ്രായം. ഫൂ!

രാത്രി. കട്ട രാത്രി. എന്നെ ഒറ്റിക്കൊടുത്ത പെൺയൂദാസ് ഉറക്കം ആയിട്ടുണ്ടോ?

"സുസു?"

"ഉം"

ഇല്ല, അവൾ ഉറങ്ങിയിട്ടില്ല. ആർക്കറിയാം കള്ളകാമുകനെ ഓർത്തോണ്ട് കിടക്കുവാണോന്ന്! അപശകുനം കെട്ടവൾ. പറ്റിക്കലിൽ ബിരുദാനന്തര ബിരുദം നേടിയവൾ.  ഞാൻ ഇങ്ങനെ ഉരുവിട്ടു.

"എൻറെ ചക്കരേ, നിന്നെ കാണാതെ എനിക്ക് ഇരിക്കപ്പൊറുതിയില്ല. ഓരോ ദിവസവും എണ്ണിയെണ്ണി എൻറെ മനസ്സ് തളരുന്നു.."

അത് കേട്ട് സുസു പുതപ്പിൽനിന്നും തല ആമയെപ്പോലെ പുറത്തേക്കിട്ടു.

"നിങ്ങൾ എന്തവാ പറഞ്ഞേ? ഒന്നൂടെ പറഞ്ഞെ?"

എടീ വേന്ദ്രീ.. നിന്നെ കൊള്ളാമല്ലോ. നിൻറെ മറ്റവൻ എഴുതിയ വരികൾ സ്വന്തം ഭര്ത്താവിന്റെ വായിൽ നിന്നും തന്നെ കേൾക്കണം. എന്നാൽ നീ കേട്ടോ. ഇതോടെ നിൻറെ അന്ത്യമാ. നാളെത്തന്നെ നിൻറെ തന്തയെ എനിക്കൊന്ന് കാണണം. മോളെ ഇതാണോ പഠിപ്പിച്ച് വിട്ടേക്കുന്നെ എന്നറിയണം. വേണ്ടിവന്നാൽ കുടുംബകോടതി വരെ ഞാൻ കേറുമെടീ സുസു, നീ നോക്കിക്കോ. ഇങ്ങനെ കരുതി ഞാൻ ആ വരികൾ ഒന്നുകൂടി പറഞ്ഞു.

"എൻറെ ചക്കരേ, നിന്നെ കാണാതെ എനിക്ക് ഇരിക്കപ്പൊറുതിയില്ല. ഓരോ ദിവസവും എണ്ണിയെണ്ണി എൻറെ മനസ്സ് തളരുന്നു. ഇനി എത്രനാൾ കാത്തിരിക്കണം പ്രിയപ്പെട്ടവളെ?"

അവൾ ശരിക്കും ഞെട്ടിയോ? ഞെട്ടിതരിച്ചോ? തല ഉയർത്തി നോക്കി. അപ്പോൾ ആണ്ടാടാ സുസു കുലുങ്ങി കുലുങ്ങി ചിരിക്കുന്നു. എൻറെ പരുമല തിരുമേനി..! ഇവൾക്ക് ഇതെന്നാ പറ്റി? ആരോ അവൾക്ക് കൊടുത്ത പ്രേമലേഖനം ഈയുള്ളവൻ വായിച്ച് കേൾപ്പിച്ചപ്പോൾ പല്ലിളിച്ച് കാണിക്കുന്നോ? എന്നിട്ട് എന്നോട് മറിച്ച് ഒരു ചോദ്യം.

"ഇത് ആരെഴുതിയതാ?"

"ആരെഴുതാൻ? ഏതോ കള്ളകാമുകൻ, അല്ലാതാര്" എനിക്ക് തറവാനം മറിച്ചുവന്നു.

"കള്ളകാമുകനോ? എനിക്കോ? ദാണ്ടേ ഒരുമാതിരി പന്നവർത്തമാനം പറയല്ലേ"

എടായെടാ, ഇപ്പോൾ വാദി പ്രതിയായോ? അവളുടെ പേഴ്‌സിൽ നിന്നും ഞാൻ കയ്യോടെ പിടികൂടിയ കത്ത് ആരുടേയെന്ന് ചോദിക്കുമ്പോൾ തിരിച്ച് തറുതല പറയുന്നോ?"

"പിന്നെ ഏതു കോത്താഴത്തുകാരനാടീ ഈ എഴുത്ത് എഴുതി നിൻറെ പേഴ്‌സിൽ വച്ചത്? പറ"

എൻറെ മൂപ്പീര് കണ്ട് അവൾ ഒന്ന് തണുത്തു. ഇപ്പോൾ അവൾ മാപ്പ് ചോദിക്കും, ഇപ്പോൾ അവൾ കരയും, എന്നെ ഉപേക്ഷിക്കല്ലേ എന്നപേക്ഷിക്കും എന്ന പ്രതീക്ഷയിൽ ഞാൻകിടന്നപ്പോൾ, ആ തണുത്ത വലതുകൈ എൻറെ നെഞ്ചിലോട്ട് വച്ചിട്ട് ഒറ്റ പറച്ചിൽ.

"ഈ കോത്താഴത്തുകാരൻ!?"

ഞാനോ! ഞാൻ പ്രേമലേഖനം എഴുതുകയോ? എന്ന്? എവിടെ വച്ച്? ജീവിതത്തിൽ ഒരു നാരീമണികളെയും പ്രേമിച്ചിട്ടില്ലാത്ത ഈ എന്നോടാണോ കളി?

"ഞാനോ? നിനക്കോ? എപ്പോളാടി കുന്തമേ ഈ കത്ത് തന്നത്?" ഇരുട്ടെങ്കിലും പോക്കറ്റിൽ നിന്നും മടക്കിവച്ചിരുന്ന കത്തെടുത്ത് അവൾക്ക് നേരെ നീട്ടി. അവൾക്കുണ്ടോ കൂസൽ! ചിരിയോട് ചിരി. എൻറെ കൈയിൽ നിന്നും ആ കത്ത് കത്ത് തട്ടിപ്പറിച്ച് അവൾ ഇങ്ങനെ ഉരചെയ്‌തു.

"കല്യാണ നിശ്ചയം കഴിഞ്ഞ് കല്യാണം വരെ ഒരു മാസം ഗ്യാപ്പിൽ നിങ്ങൾ എന്നെ ഫോൺ വിളിച്ച് കൊഞ്ചിയത് ഒക്കെ മറന്നുപോയി അല്ലേ? അന്ന് കല്യാണ പ്രോക്കറിന്റെ കയ്യിൽ കൊടുത്തുവിട്ട ഈ കത്ത് നിങ്ങളല്ലാതെ വേറെ ഏത് കോന്തൻ ആണെഴുതിയത്. ഈ തറ ലാംഗ്വേജ് കണ്ടിട്ടും, ഹാൻഡ് റൈറ്റിംഗ് കണ്ടിട്ടുപോലും അത് മനസ്സിലായില്ലിയോ തമ്പുരാനെ?"

എൻറെ മനസ്സ് പത്ത് പന്ത്രണ്ട് വർഷം പുറകോട്ട് പാഞ്ഞു. സംഭവം ശരിയാണ്. അന്ന് ഏതാണ്ട് കുന്ത്രാണ്ടം കുറിച്ച് കൊടുത്തിരുന്നു. അതൊക്കെ അന്നേ മറന്നുപോയ കേസ്.  ഇത്രകാലം കഴിഞ്ഞിട്ടും ഫോസിൽ സൂക്ഷിച്ച് വയ്ക്കുന്നപോലെ ഇവൾ ഇത്??

"മൂത്ത് നരച്ചിരിക്കുമ്പോളാ ഇനി പ്രേമലേഖനം. നിങ്ങൾ ഒന്ന് പോയേ"

ഇതും പറഞ്ഞ് സുസു തിരിഞ്ഞ് ഒറ്റക്കിടപ്പ്. ഞാൻ മിഴുകസ്യ മലർന്നുകിടന്ന് മച്ചിൽ തൂങ്ങിച്ചാവാൻ കിടക്കുന്ന സർക്കാർ ഫാൻ നോക്കി. സംഭവം ശരിയാണ്. എനിക്ക് ഇപ്പോൾ പണ്ടത്തെപ്പോലെ ഓർമ്മ നിൽക്കുന്നില്ല. പലതും മറന്നുപോകുന്നു. ഈ സുസുവിനാണേൽ ഒടുക്കത്തെ ഓർമ്മയും. പാപഭാരവും പശ്ചാത്താപവും കൊണ്ട് വിവശനായി ഞാൻ അവളെ ഒന്ന് തോണ്ടി വിളിച്ചു.

"സുസു"

"ഉം"

"എന്നോട് കേറുവാണോ"

"ആ... എന്നെ സംശയിച്ചില്ലേ?"

"ഓ.. അതിപ്പോ എൻറെ പേഴ്‌സിൽ നിന്ന് നീ ഇങ്ങനെ ഒരു കുണ്ടാമണ്ടി തപ്പിയെടുത്താലും സംശയിക്കില്ലേ"

"പിന്നേ, പ്രേമലേഖനം. അതും നിങ്ങൾക്ക്? എന്നെ ചിരിപ്പിക്കാതെ പോ"

"എന്നാലും സുസു ഇത്ര നാൾ ഇതൊക്കെ നീ എങ്ങനെ സൂക്ഷിച്ച് വച്ചെടി? താലിമാലപോലും മാസത്തിൽ രണ്ടു വട്ടം കൊണ്ടുകളയുന്ന നീ..?

ഇതുകേട്ട സുസു കൈവശമിരുന്ന പ്രേമലേഖനം അവളുടെ തലയിണ കീഴിൽ പൂഴ്ത്തിവച്ചു. എന്നിട്ട്  പറഞ്ഞു.

"എനിക്കേ, ഇത് ആദ്യമായും അവസാനമായും കിട്ടിയ പ്രേമലേഖനമാ. അതാ പൊന്നോപൊടിയോ പോലെ കൊണ്ട് നടക്കുന്നെ. പിന്നെ ഒരുകാര്യം, മേലാൽ ഇമ്മാതിരി കള്ളത്തരം കൊണ്ട് വന്നേക്കരുത്. അല്ല അറിയാൻ മേലാഞ്ഞ് ചോദിക്കുവാ, നിങ്ങൾ എന്തിനാ എൻറെ പേഴ്‌സ് തപ്പിയേ"

"ഓ.. ചുമ്മാ.. നീ കിടന്ന് ഉറങ്ങാൻ നോക്ക്"

ഞാൻ തലയ്ക്ക് മീതെ പുതപ്പെടുത്തിട്ടു. അപ്പോളും എനിക്ക് കേൾക്കാമായിരുന്നു പുതപ്പിനകത്ത് സുസുവിന്റെ ചിരിയോടെയുള്ള പ്രതിവചനം.

"കള്ളൻ...വീട്ടുകള്ളൻ"

No comments:

Post a Comment