Saturday, July 13, 2019

ബിന്ദു തിയേറ്റർ

മഞ്ഞിലും മനസ്സിലും ചേക്കേറും ഗാനം
----------------------------------------

രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് നാട്ടിലെ (കലഞ്ഞൂർ) ബിന്ദു തിയേറ്ററിലെ ഏറ്റവും മുന്നിലെ സീറ്റിൽ ഇരുന്ന് ഉല്ലാസത്തോടെ 'രക്തം' എന്ന സിനിമ കണ്ടത്. പെങ്ങളെ കെട്ടിച്ചയച്ച വീട്ടിൽ പോയപ്പോൾ അവിടുന്ന് കിട്ടിയ സൽക്കാരങ്ങളിൽ ഒന്നായിരുന്നു അത്. രാത്രിയിലെ ഫാസ്റ്റ് ഷോ കാണൽ വീട്ടിൽ അനുവദിനീയം അല്ലാതിരുന്ന കാലത്ത് അളിയന്റെ അനിയന്റെ കൈപിടിച്ചാണ് ബിന്ദു തിയേറ്ററിലെ ഒരു കൈ മാത്രം കടത്താൻ പറ്റുന്ന ടിക്കറ്റ് കൗണ്ടറിലെ ദ്വാരത്തിനു മുന്നിൽ ഏറെനേരം വരിവരിയായി നല്ല പട്ടച്ചാരായതിന്റെ മണമുള്ള ചേട്ടായിമാരുടെ കൂടെ നിന്ന് ടിക്കെറ്റെടുത്ത് കയറിയത്.

ആ സിനിമയിലെ രണ്ട് പാട്ടുകൾ ഏറെക്കാലം ഞാൻ മനസ്സിലും ചുണ്ടിലും മൂളി നടന്നു. ജോൺസൺ മാഷ് ഈണം നൽകി ദാസേട്ടനും വാണിജയറാമും പാടിയ 'അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു..',  'മഞ്ഞിൽ ചേക്കേറും മകര പെൺപക്ഷി'  എന്നിവയായിരുന്നു ആ ഗാനങ്ങൾ.

പെങ്ങളുടെ വീട്ടിൽ ഇടയ്ക്കിടെ പോകുന്നത് ഈ സിനിമാ പ്രാന്ത് മൂത്തിട്ട് തന്നെയായിരുന്നു. പെങ്ങളും അളിയനും എന്നും കുന്നും ഒന്ന് തന്നെ. പക്ഷേ ബിന്ദു തിയേറ്ററിലെ സിനിമാ മാറി മാറി വരും.  അവരുടെ വീട്ടിൽ ഇരുന്നാൽ തിയേറ്ററിലെ റിക്കോഡ്‌ കേൾക്കാം. അത് കേൾക്കുമ്പോൾ ഞാൻ ചുമ്മാതെ അറിയാതെ മട്ടിൽ ചോദിക്കും. "അതെവിടുന്നാ പാട്ട് കേൾക്കുന്നേ?" അപ്പോൾ പാവം അളിയൻ പറയും "ഡാ അത് സിലിമാ കൊട്ടകയിൽ നിന്നാ,  എന്താ നിനക്ക് സിനിമക്ക് പോണോ?" ഞാൻ പോകണമെന്നോ പോകണ്ടാന്നോ പറയില്ല (പെങ്ങളുടെ പിച്ച്, ഞൊണ്ടൽ ഒക്കെ  പേടിച്ച്). അപ്പോൾ അളിയൻ പുള്ളിയുടെ ഇളയ സഹോദരൻ ജോണ്സന്റെ കയ്യിൽ പൈസ കൊടുത്തിട്ട് പറയും. "ഡാ ഇവനെ കൊണ്ട് സിനിമാ കാണിക്ക്". സഹോദരനും, എനിക്കും സന്തോഷം. പിന്നീടും പെങ്ങളുടെ വീട്ടിൽ ചെല്ലുമ്പോൾ ഇതേ ചോദ്യം ഞാൻ ചോദിക്കും "അളിയാ, ആ പാട്ട് എവിടുന്നാ..". അത് കേൾക്കുമ്പോൾ തന്നെ അളിയൻ സിനിമക്ക് എന്നെ പറഞ്ഞുവിടും. പിന്നീട് ചോദിക്കാതെയും. അങ്ങനെ അളിയനെ ഓസി രക്തം, ചമ്പൽക്കാട്, പൗർണമിരാത്രി (ത്രി ഡി) എന്നിങ്ങനെ എത്രയെത്ര സിനിമകൾ. ഒരു പക്ഷേ അളിയൻ പോലും ഇത് മറന്നു കാണും. പാവം.

ഇന്ന് മുപ്പത്തെട്ട് വർഷങ്ങൾക്ക് ശേഷം ഇഷ്ടപെട്ട ആ ഗാനം ചുണ്ടിൽ നൃത്തം വയ്ക്കുമ്പോൾ പോയ കാലം അറിയാതെ ഒരു ഫ്ലാഷ്ബാക്ക് പോലെ ബിന്ദു തിയേറ്റർ മനസ്സിന്റെ സ്‌ക്രീനിൽ തെളിയുന്നു. മുളയും പനമ്പും കൊണ്ട് പണിത ഭിത്തികളും, ഓലമേഞ്ഞ മേൽക്കൂരയും, കറുത്ത വലിയ തൂണുകളും സ്‌ക്രീനിനുമുന്നിൽ 'ഫയർ' എന്നെഴുതി മണൽ നിറച്ച തൊട്ടികളും,  കത്തിയും കത്താതെയും കറുത്ത കർട്ടൻ ഇട്ട വാതിലിനു മുകളിലെ 'വഴി' എന്ന ചുവന്ന വെട്ടവും, മൂന്നര പാട്ട് കഴിഞ്ഞ് നാട്ടുകാരുടെ കൂക്കുവിളിക്ക് ശേഷം കേന്ദ്രഗവണ്മന്റിന്റെ പരുപരുത്ത ന്യൂസ് റീലുകൾക്ക് ശേഷം പൊട്ടലിലും ചീറ്റലിലും ഓടിത്തുടങ്ങുന്ന ഇടയ്ക്ക് ഫിലിം പൊട്ടുമ്പോൾ തെറിവിളി മുഴക്കത്തിന് ശേഷം വീണ്ടും തുടരുന്ന കളർ മലയാള സിനിമ.  കടലയും, സോഡയും, കപ്പലണ്ടി മിഠായിയും തിയേറ്ററിൽ വിൽക്കുന്ന ഇടവേളകൾ.

ബിന്ദു തിയേറ്റർ ഒക്കെ എന്നേ പൂട്ടി. തുരുമ്പിച്ച ഗേറ്റും അസ്ഥികൂടം പോലെ പഴയ ടിക്കറ്റ് കൗണ്ടറിന്റെ ഭാഗവും ബാക്കി. എങ്കിലും മനസ്സിൽ തുരുമ്പിക്കാതെ, ഗേറ്റടയ്ക്കാതെ, പൊട്ടിപ്പൊളിഞ്ഞ് പോകാതെ ആ ഗാനം ചുണ്ടിൽ നിലനിൽക്കുന്നു.....ഇന്നും.

No comments:

Post a Comment